2009, ഡിസംബർ 8, ചൊവ്വാഴ്ച

വേരാഴമുള്ള ഒരു "എരകപ്പുല്ല്


(മലയാളം ബ്ളോഗ്ഗില്‍ വേറിട്ട ഒരു വഴിയിലൂടെ നടക്കുന്ന ശ്രീ ടി. എ. ശശിയുടെ കവിതകളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ്‌ ഈ പോസ്റ്റ്‌. ശശിയുടെ ബ്ളോഗ്ഗ്‌
ലിങ്ക്‌ : http://www.sasiayyappan.blogspot.com/
കുടാതെ
ഹരിതകം, പുതുകവിത, മഞ്ഞ, ബൂലോക കവിത തുടങ്ങിയ ബ്ളോഗ്ഗുകളിലും ആദ്ദേഹത്തെ വായിക്കാവുന്നതാണ്‌)


ഒരു പിടി ജലത്തില്‍ മേഘത്തേയും മഴയേയും കണ്ടുവോ എന്നു ചോദിക്കുന്ന ഒരു കവി - അതാണ്‌ ടി. എ. ശശി.
"എരകപ്പുല്ല്‌" എന്ന ബ്ളോഗ്ഗിലൂടെ കവിതയില്‍ നിശബ്ദവിപ്ളവത്തിന്‍റെ ലഘുലേഖകള്‍ വിതറുന്ന ശ്രീ ടി. എ. ശശി മലായാളം "ബ്ളോഗ്ഗോസ്ഫിയറിലെ" ഒരു ഒറ്റയാനാണ്‌. നിലവിലുള്ള സങ്കേതങ്ങള്‍ക്കൊത്ത്‌ കാവ്യമിമിക്രികള്‍ ഉല്‍പാദിപ്പിക്കുന്നത്‌ അദ്ദേഹത്തിന്‍റെ വഴിയേയല്ല. ഓരോ വരികളിലും വായനക്കാരനെ കുടിയിരുത്തുന്ന അവന്‍റെ സര്‍ഗ്ഗാത്മക വായനയ്ക്ക്‌ പുതിയ ആകാശങ്ങള്‍ നല്‍കുന്ന ഒരു നിശബ്ദവിപ്ളവം ശശിയുടെ പ്രത്യേകതയാണ്‌.

കഴിഞ്ഞ കുറെ മാസങ്ങളായി നിരന്തരമായ സംഭാഷണങ്ങളിലൂടേയും ആശയ സംവേദനങ്ങളിലൂടേയും ആ കവിയേയും അദ്ദേഹത്തിന്‍റെ കവിത സ്ഘലിപ്പിക്കുന്ന ഹോര്‍മ്മോണുകളേയും തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കാഴ്ച്ചയുടെ കലയാണ്‌ - അതിന്‍റെ ഏറ്റവും ബാല്യകൌതുകം കലര്‍ന്ന നിഷ്ക്കളങ്കമായ മാതൃകകളാണ്‌ - എരകപ്പുല്ലിലെ കവിതകളില്‍ പലതും. ഭൌതികമായ ഒരു നോട്ടത്തിന്‍റെ സാധാരണത്വത്തില്‍ നിന്ന് പെട്ടെന്ന് വിസ്മയിപ്പിക്കുന്ന ട്വിസ്റ്റുകളിലേക്ക്‌ ശശി വായനക്കാരനെ കൊണ്ടെത്തിക്കുന്നു. തികച്ചും മൌലികമായ ഒരു രചനാസിദ്ധിയിലൂടെയാണ്‌ ശ്രി ടി. എ. ശശി ഇത്‌ സാധിച്ചെടുക്കുന്നത്‌. "ശിഷ്ടം" എന്ന കവിത തുടങ്ങുന്നതു തന്നെ ഒരു ഒരു സര്‍ഗ്ഗാത്മക നോട്ടത്തിലൂടെയാണ്‌..

"കാറ്റില്ലാത്ത നേരം
നടന്നു പോകുമ്പോള്‍
കാറ്റിനെക്കുറിച്ചോര്‍ത്തു"

വീശിയ കാറ്റുകള്‍
വിശാനിരിക്കുന്നവ
വീശാതെ ഒടുങ്ങിയവ"
- ശിഷ്ടം

പുതുകവിതയുടെ സ്വതസിദ്ധമായ രീതി എന്നു പറയുന്നത്‌ ഒരേ വരിയില്‍ പലവായനകളെ ഉല്‍പാദിപ്പിക്കുക എന്നതാണ്‌. ഒരു സര്‍ഗ്ഗാത്മകവായനയ്ക്ക്‌ സ്വതന്ത്രമായി പരിലസിക്കാനുള്ള ഇടം എരകപ്പുല്ലിലെ കവിതകള്‍ക്കുണ്ട്‌. ഇതിന്‍റെ ചെറിയ ഒരു ഉദാഹരണമാണ്‌ "ശിഷ്ടം" എന്ന കവിത. നിഴലുകളെ വെയിലത്ത്‌ ഈറനുണക്കാനിടുന്ന കാവ്യ വൈഭവമാണ്‌ ഈ കവിതയില്‍ പ്രകടമാവുന്നത്‌. ഊതിയൂതി ഒരു കാറ്റ്‌ മരണം വരിച്ച ഇടം ഏെതായിരിക്കും ?
മണലില്‍ ശ്വാസം മുട്ടി ഊതിയൂതി മരിക്കുമ്പോള്‍ ശരീരത്തില്‍ അകത്തോട്ടും പുറത്തോട്ടും സഞ്ചരിച്ച്‌ ഈ കാറ്റ്‌ എവിടെ പോകുന്നു. ഉയിരറ്റ ഒരു ശവശരീരത്തെ പോലെ നിശ്ചലമായി, നിശബ്ദമായി കാറ്റിന്‍റെ ശിഷ്ടത്തെ അന്വേഷിക്കുന്ന കാഴ്ച്ചയുടെ ആത്മീയ തീര്‍ത്ഥാടനങ്ങള്‍ എന്നെപ്പോലെയുള്ള സാധാരണ വായനക്കാരനെ അമ്പരപ്പിക്കുന്നു.

മലയാളത്തിലെ സമകാലിക കവികളുടെ സംഗമസ്ഥലമായ ഹരിതകത്തിലും പുതുകവിതയിലും ബൂലോക കവിതയിലുമായി പ്രസിദ്ധീകരിക്കപ്പെട്ട ടി. എ. ശശിയുടെ കവിതകള്‍ കവിതയുടെ സാമ്പ്രദായിയകരീതികളില്‍ നിന്ന്‌ കുതറിമാറിനടക്കുന്ന വായനക്കാര്‍ക്കുവേണ്ടി മാത്രമാണ്‌ എഴുതപ്പെട്ടിട്ടുള്ളത്‌ എന്ന്‌ തോന്നുന്നു. “ശവത്തോല്‍, “ശിഷ്ടം”, “ഒന്നിനെത്തന്നെ”, “ഒരാള്‍ക്ക്‌ എത്ര ജഢങ്ങളാണ്”‌, “ഡിജിറ്റല്‍ ബോഡി”, “തിങ്ങി തിങ്ങി”, “ശവങ്ങള്‍ പറയുന്നത്‌” തുടങ്ങിയ കവിതകള്‍ ഒരു പുനര്‍വായനയ്ക്ക്‌ പ്രേരിപ്പിക്കുന്നതും വായനക്ഷമതയുള്ളവയുമാണ്‌. ഉത്തരാധുനികമായ ജീവിതത്തിന്‍റെ - അതിന്‍റെ വിലയിടിഞ്ഞ ഉടലുകളുടെ ശവപ്പറമ്പുകളെ ശശി അവതരിപ്പിക്കുന്നത്‌ ഇതേവരെ അവതരിപ്പിക്കപ്പെട്ട ആവിഷ്ക്കരണ രീതികളില്‍ നിന്നും മാറി നിന്നുകൊണ്ടാണ്‌. ശവത്തെ കുത്തിനിറച്ച്‌ സിപ്പിട്ട്‌ വയ്ക്കപ്പെട്ട ശവശ്മശാനമായി ശവത്തോല്‍ എന്ന കവിതയില്‍ മനുഷ്യജീവിതത്തെ ചിത്രീകരിച്ചിരിക്കുന്നു. ഒരു ശവത്തിന്‍റെ സാമൂഹ്യ ബന്ധത്തെ അടയാളപ്പെടുത്തുന്നതിങ്ങനെ...

ഏറെ കണ്ടതും
അറിഞ്ഞതും
എന്‍റെയീ ശവത്തെ
നീയല്ലൊ.
നീതന്നെ തീവച്ചതും.
- ശവത്തോല്‍

സര്‍ഗ്ഗാത്മകതയില്‍ സ്വന്തം വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ നമ്മുക്കുണ്ട്‌. അവര്‍ പാരമ്പര്യനിഷേധം നടത്തുന്നവരോ പാരമ്പര്യത്തിന്‍റെ നേര്‍ന്നൂലില്‍ പിടിച്ച്‌ വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുന്നവരൊ അല്ല. സാമ്പ്രദായിക വായനയുടെ രുചിഭേദങ്ങള്‍ക്ക്‌ മുന്‍പില്‍ വെന്തുകിടക്കുന്ന മസാല പുരട്ടിയ ഭക്ഷ്യവസ്തുവും അല്ല. അവര്‍ ഒറ്റയ്ക്കു തന്നെ ഒരാള്‍ക്കൂട്ടവും ഏകാന്തതയുടെ വേറിട്ട ഒരു ജനുസ്സുമാണ്‌. അതുകൊണ്ട്‌‌ വായനയുടെ സാമ്പ്രദായിക രീതികളും മുന്‍ധാരണകളുമായി കവിതയെ സമീപിക്കുന്നവര്‍ക്ക്‌ "ഏരകപ്പുല്ലിലെ" കവിതകള്‍ ദഹിച്ചെന്നു വരില്ല.

അതെ ദേഹം
ഒരേ നേരം
ചൂടാര്‍ന്നും
തണുത്തും
ആള്‍പ്പരപ്പിനെ,
മൃഗപ്പരപ്പിനെ,
ജലപ്പലകവച്ച്‌
ദൈവം ആണിയടിക്കും നാള്‍....
- ജാക്സണ്‍ സീ

സ്വന്തം കവിതയ്ക്ക്‌ പുതിയ വാക്കുകള്‍കൊണ്ട്‌ (മൃഗപ്പരപ്പ്‌, ജലപ്പലക!!) ഭാഷയുടെ ഉപപാഠങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ടാണ്‌ മലയാളം ബ്ളോഗ്ഗോസ്ഫിയറില്‍ നിന്ന്‌ ഈ കവി വേറിട്ടു നില്‍ക്കുന്നു എന്നു ഞാന്‍ പറയുന്നത്‌. ഒറ്റതിരിഞ്ഞു നില്‍ക്കുന്ന ഈ കവിതകളെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്‌ വളരെ യാദൃശ്ചികമായാണ്‌. ഹരിതകത്തില്‍ നിന്നാണ്‌ ഞാന്‍ ഈ കവിയെ കണ്ടെത്തുന്നത്‌. തിങ്ങി തിങ്ങി, കാര്‍മേഘങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ കവിതകള്‍ വായിക്കുകയും അതിലൂടെ ഏരകപ്പുല്ല്‌ എന്ന ആദ്ദേഹത്തിന്‍റെ സ്വന്തം ബ്ളോഗ്ഗില്‍ എത്തപ്പെടുകയുമായിരുന്നു.

ഒരു വായനക്കരന്‍ എന്നുള്ള നിലയ്ക്ക്‌ ഞാന്‍ ടി. എ. ശശിയുടെ കവിതകളോട്‌ കലഹിച്ചു തുടങ്ങിയിട്ടുമുണ്ട്‌. അദ്ദേഹത്തിന്‍റെ ശിഷ്ടം, ചോദ്യം, ഒന്നിനെ തന്നെ , ശവത്തോല്‍ എന്നീ കവിതകള്‍ ഉല്‍പാദിപ്പിക്കുന്ന കാവ്യാനുഭവം ഒരേ രീതിയിലുള്ളതാണ്‌. സംവേദിക്കുന്ന ആശയങ്ങള്‍ വ്യത്യസ്തമെങ്കിലും തന്‍റെ ആഖ്യാന സൌന്ദര്യത്തില്‍ ഈ കവിയും അഭിരമിക്കുകയും സ്വയം അനുകരിക്കുകയും ചെയ്യുന്നില്ലേ... എന്നു ഞാന്‍ സംശയിക്കുന്നു. അയ്യപ്പണിക്കര്‍ എന്ന കവി സമകാലിക ജീവിതത്തിലൂടെ നടത്തിയ കാവ്യ സപര്യയുടെ ഓരോ ദശകങ്ങളിലേയും പുതിയ പാഠങ്ങള്‍ ശശിയും ഞാനുമടക്കം എല്ലാവരും സസൂക്ഷം പഠിക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു. സ്വന്തം വഴി കവിതയില്‍ വെട്ടിത്തുറക്കുമ്പോഴും അദ്ദേഹത്തിന്‍രെ കവിത പുതിയ ആകാശങ്ങളിലേക്ക്‌ സഞ്ചരിച്ചു കൊണ്ടിരുന്നു. കാലത്തെ കവച്ചു വയ്ക്കാനുള്ള അദ്ദേഹത്തിന്‍രെ സര്‍ഗ്ഗാത്മക വ്യഗ്രതയെ ആഴത്തില്‍ പഠിക്കേണ്ടതത്യാവശ്യമാണ്‌. സ്വന്തം ആഖ്യാന സൌന്ദര്യത്തിന്‍റെ ചട്ടക്കൂടുകളില്‍ ഒതുങ്ങുന്നത്‌ തീര്‍ച്ചയായും ഒരു തെറ്റാണെന്ന് പറയാനാവില്ല. പക്ഷെ സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചരിത്രത്തിന്‍റെ ഒരു ദാശാസന്ധിയില്‍ മാത്രമായി ശശിയുടെ സൃഷ്ടികളെ പിന്‍ചെയ്തു വയ്ക്കപ്പെട്ടേക്കാം; അത്‌ ഒഴിവാക്കപ്പെടെണ്ടതുണ്ട്‌.. ഉത്തരാധുനിക ജീവിതത്തിന്‍റെ സമകാലിക ദുരന്തങ്ങളെ സ്വന്തം ശൈലിയില്‍ ആവിഷ്ക്കരിക്കുന്ന ശ്രീ ടി. എ. ശശി സ്വന്തം ഭാഷാലാവണ്യങ്ങളില്‍ ഒതുങ്ങാതെ പുതിയ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കണം എന്നാണെന്‍റെ അഭിപ്രായം.

വാല്‍ക്കഷ്ണം:പുതിയ വഴികള്‍ വെട്ടിയതു കൊണ്ടായില്ല വരും തലമുറയെ ആ വഴിയിലൂടെനിരന്തരം നയിക്കപ്പെടുമ്പോള്‍ മാത്രമേ ആ വഴികളില്‍ പുല്ലുമൂടാതിരിക്കുകയുള്ളൂ.


ടി. എ ശശിയുടെ കവിതകള്‍ ഇവിടെ.

തിങ്ങി തിങ്ങി
ശവങ്ങള്‍ പറയുന്നത്
കാര്‍മേഘങ്ങള്‍ ഉണ്ടാകുന്നത്



ബൂലോക പത്രമായ ബ്ളോത്രത്തില്‍ പ്രസിദ്ദീകരിച്ചത്‌

2009, നവംബർ 20, വെള്ളിയാഴ്‌ച

എന്‍റെ നിലപാടുകളും പ്രതിഷേധങ്ങളും

(കഴിഞ്ഞ മാസം മുംബൈയില്‍ മധുസൂദനന്‍ നായര്‍ പങ്കെടുത്ത "കവിയും കവിതയും" എന്ന പരിപാടിയുടെ ചോദ്യോത്തര വേദിയില്‍ ഞാന്‍ ചോദിച്ച ഒരു ചോദ്യത്തെ മുംബൈയിലെ ഒരു പ്രസിദ്ധീകരണമായ വൈറ്റ്ലൈന്‍ വാര്‍ത്ത വിവാദമാക്കിയ സാഹചര്യത്തില്‍ അവര്‍ക്ക്‌ ഞാന്‍ "എന്‍റെ നിലാപാടുകളും പ്രതിഷേധങ്ങളും" എന്ന ഒരു കുറിപ്പ്‌ അയച്ചു കൊടുത്തിരുന്നു. അതിന്‍റെ പൂര്‍ണ്ണരൂപമാണ്‌ ഈ പോസ്റ്റ്‌. സ്വന്തം നിലപാടുകളെ തുറന്നവതരിപ്പിക്കുന്നതിന്‌ ബ്ളോഗ്ഗുകള്‍ നല്‍കുന്ന ഈ സ്വാതന്ത്യ്രം ഇവിടെ എന്നെപോലെയുള്ള ഒരു ചെറിയ എഴുത്തുകാരന്‌ അത്താണിയാവുകയാണ്‌. എന്‍റെ പ്രതികരണത്തെ സ്ഥലപരിമിതിയുടെ പേരില്‍ കത്തിവയ്ക്കാന്‍ ഒരു എഡിറ്ററും ഇവിടെയില്ല എന്നത്‌ വലിയ ഒരു ആശ്വാസം ആണ്‌. എല്ലാ മുബൈ നഗരവാസികള്‍ക്കും, സഹൃദയര്‍ക്കും, ബൂലോകത്തെ കവിതാ ആസ്വാദകര്‍ക്കും വേണ്ടി ഞാനീ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.)


ഓരോ സൃഷ്ടിയും ഓരോ നിലപാടുകള്‍ ആണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. നിലവിലുള്ള സൈദ്ധാന്തിക പരിസരങ്ങളോട്‌, ജീവതാവസ്ഥകളോട്‌ അനുകൂലിച്ചുകൊണ്ടോ പ്രതികൂലിച്ചുകൊണ്ടോ ഉള്ള ഒരു മുദ്രാവാക്യം - ഒരു കലാപം - കാലത്തിലേക്ക്‌ സര്‍ഗ്ഗാത്മകമായ ഒരിടപെടല്‍ ഇതാണ്‌ ഒരു രചനകൊണ്ട്‌ ഒരു എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നത്‌ എന്ന് വളരെ ഉപരിപ്ളവമായി ഒരു അഭിപ്രായം പറയാനാകും. എഴുത്ത്‌ സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഒരു നിഷ്കാമ കര്‍മ്മമാണ്‌. എഴുത്തിനെ കവച്ചു വയ്ക്കുന്ന എഴുത്താളന്‍മാരെ സാഹിത്യത്തിന്‌ ആവശ്യമില്ല. എഴുത്തിന്‍റെ ആദ്യ ദശകളില്‍ സ്വീകരിക്കുന്ന നിലപാടുതറകളെ തികഞ്ഞ അവസരവാദത്തിനൊത്ത്‌ മാറ്റുകയും ആത്മരതിയുടെ അനന്ത വിഹായസ്സില്‍ പരിലസിക്കുകയും ചെയ്യുന്നവര്‍ മലയാള സാഹിത്യത്തില്‍ ഒരുപാടുണ്ട്‌. മലയാളത്തിന്‌ കരുത്തുറ്റ രചനകള്‍ സംഭാവന ചെയ്ത മുകുന്ദനും, പലപ്പോഴായി ഒ. വി. വിജയനും തന്‍റെ ആന്തരിക ജീവിതത്തിലും സര്‍ഗ്ഗാത്മക ജീവിതത്തിലും വന്നു ചേര്‍ന്ന പ്രതിസന്ധികളില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. ലബ്ദപ്രതിഷ്ടരായ എഴുത്തുകാരെ വിഗ്രഹവല്‍ക്കരിക്കാന്‍ വിവേകിയായ വായനക്കാര്‍ തയ്യാറല്ല എന്നു വേണം കരുതാന്‍. ഓരോ സൃഷ്ടിയിലും ഒരു പുതിയ വായന തന്‍റെ അവകാശമായി കരുതുന്നവനാണ്‌ വിവേകിയായ വായനക്കാരന്‍. സ്വയം വിഗ്രഹവല്‍ക്കരിച്ചുകൊണ്ട്‌ സ്വന്തം ആത്മ സൌന്ദര്യത്തിന്‍റെ തടവുകാരായി അവനവന്‍റെ ആഖ്യാനകലയുടെ ലാവണ്യങ്ങളില്‍ അഭിരമിക്കുന്ന എഴുത്തുകാര്‍ക്കെതിരെ നിറയൊഴിക്കാന്‍ വിവേകിയായ ഒരു വായനക്കാരന്‍ തയ്യാറാകും. സാഹിത്യ ലോകത്ത്‌ സിനിമാ/ഫാഷന്‍ വ്യവസായത്തിലേതുപോലെ വിഗ്രഹങ്ങള്‍ ഉണ്ടാക്കപ്പെടുന്നതില്‍പരം വലിയ അശ്ളീലം വേറെയില്ല. വിഗ്രഹങ്ങള്‍ ഭക്തരെ സൃഷ്ടിക്കുന്നു. ഭക്തര്‍ ഭക്തിമൂത്ത്‌ അന്ധരായി തീരുന്നു.

ആധുനികതയുടെ കാലത്ത്‌; പ്രധാനമായും എഴുപതുകളിലും എണ്‍പതുകളിലും മലയാള കവിതയ്ക്ക്‌ ജനകീയവും പുതിയതുമായ ഒരു കാവ്യ ഭാവുകത്വം പകര്‍ന്നവരില്‍ അഗ്രഗണ്യരാണ്‌ കടമ്മനിട്ട, ഒ. എന്‍. വി., മധുസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവര്‍. മലയാള സാഹിത്യത്തില്‍ വൈകിയെത്തിയ ഉത്തരാധുനികതയുടെ പുതിയ "പൊടിപ്പുകള്‍" മലയാളത്തില്‍ കണ്ടു തുടങ്ങുന്നതു വരെ ഈ കവികള്‍ അവരുടെ അപ്രമാദിത്വം മലയാള കവിതയെ കരുത്തുറ്റതാക്കി. കാവ്യത്തെ വരേണ്യമായ ഭാഷാ പരിസരങ്ങളില്‍ നിന്നും അതിന്‍റെ ഏറ്റവും പുരാതനമായ നാടോടി - ദ്രാവിഡിയന്‍ ശീലുകളിലേക്ക്‌ തിരിച്ചു കൊണ്ടുവരാനായതിലും അതിനെ സാധാരണക്കാരന്‍റെ ചുണ്ടുകളിലേക്ക്‌ കോര്‍ത്തെടുക്കാനായതിലും ശബ്ദ സൌന്തര്യം കൊണ്ടാടിയ കവികളുടെ പങ്ക്‌ വളരെ വലുതാണ്‌.

ഒരു സാഹിത്യ വിദ്യാര്‍ത്ഥി കവിതയുടെ വികാസ പരിണാമങ്ങളെ പഠിക്കേണ്ടത്‌ തികച്ചും ഏകപക്ഷീയമായ ആസ്വാദന ജഠിലതകള്‍ വച്ചു കൊണ്ടാവരുത്‌. നാടോടികളുടെ വായില്‍ നിന്നും പിറവിയെടുത്ത കവിത കൊട്ടാരങ്ങളില്‍ അന്തിയുറങ്ങി, മൂരിശൃഗാരങ്ങള്‍ക്കും സന്ദേശകാവ്യങ്ങള്‍ക്കും, ചന്ദ്രോത്സവങ്ങളുക്കും ശേഷം വീണ്ടും സാധാരണക്കാരന്‍റെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയ ഈ ചരിത്ര സഞ്ചാരത്തെ ആഴത്തില്‍ പഠിക്കുകയാണ്‌ ഒരു സാഹിത്യ വിദ്യാര്‍ത്ഥി ചെയ്യേണ്ടത്‌. കാലത്തിന്‍റെ മാറിയ മുഖങ്ങളെ അതിനു ചേരുന്ന ആഖ്യാന പരിസരങ്ങളില്‍ നിന്നുകൊണ്ട്‌ കവിതയിലൂടെ അതിശക്തമായി അവതരിപ്പിച്ച സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, അയ്യപ്പപണിക്കര്‍, ആറ്റൂര്‍ തുടങ്ങിയ കവികളെ എന്‍റെയുള്ളിലെ സാഹിത്യ വിദ്യാര്‍ത്ഥി ഇഷ്ടപ്പെടുന്നത്‌ അവര്‍ ആത്മകാമങ്ങളുടെ അധിനിവേശങ്ങളില്‍ സ്വയം തകര്‍ന്നടിഞ്ഞവരല്ല എന്നതുകൊണ്ടാണ്‌. അവരുടെ ഓരോ കൃതിയും ഓരോ പുതിയ വായനാനുഭവങ്ങള്‍ പകര്‍ന്നു തരുന്നു. പുതു തലമുറയിലെ എഴുത്തുകാര്‍ക്ക്‌ ഒരു ദിശാസൂചിയായി അവര്‍ നിലനില്‍ക്കുന്നു. സ്വയം അനുകരിച്ച്‌ തന്നെ തന്നെ വിഗ്രഹവല്‍ക്കരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല എന്നത്‌ എന്നെ അവരുടെ വായനക്കാരനാക്കി നിലനിര്‍ത്തുന്നു. എന്‍റെ ധിഷണോര്‍ജ്ജം, എന്‍റെ ആന്തരിക ജീവിതത്തിനുള്ള മുലപ്പാല്‌ എനിക്ക്‌ അവരുടെ കൃതികളില്‍ നിന്നും കിട്ടുന്നുണ്ട്‌.

എഴുപതുകളുടെ ജനകീയ കവിതകളില്‍ നിന്ന്‌ തൊണ്ണൂറുകളില്‍ എത്തിയപ്പോള്‍ തികച്ചും വേറിട്ടൊരു ആഖ്യാന രീതിയിലേക്ക്‌ കവിത പറിച്ചു നടപ്പെടുകയായിരുന്നു. കവിതയുടെ പുതുവഴികളിലൂടെ ബഹുദൂരം സഞ്ചരിക്കുകയും പുതുകവിതയ്ക്ക്‌ സ്വയം ഒരു ദിശാസൂചിയായി മാറുകയും ചെയ്ത കവികളാണ്‌ പി. പി. രാമചന്ദ്രന്‍, അന്‍വര്‍ അലി, എസ്‌. ജോസഫ്‌, മോഹനകൃഷ്ണന്‍ കാലടി, റഫീക്‌ അഹമ്മദ്‌, ടോണി തുടങ്ങി ഇപ്പോള്‍ നമ്മള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതു നിരയിലെ വിഷ്‌ണുപ്രസാദ്‌, സുനില്‍ കുമാര്‍, അജീഷ്‌ ദാസന്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഈ പുതുകവിതയുടെ ജീവസ്സുറ്റ നിര നീണ്ടു കിടക്കുന്നു. കവിതയുടെ ഈ മാറ്റത്തെ പഠിക്കുന്നവര്‍ - ഈ മാറ്റത്തെ ഉള്‍ക്കൊള്ളുന്നവര്‍ മാറ്റത്തിന്‍റെ ലാവണ്യ ശാസ്ത്രങ്ങളെ, അതിന്‍റെ അനിവാര്യമായ പ്രപഞ്ച സത്യത്തെ അംഗീക്കുന്നവരാണ്‌.

കവിത ഒരേ സമയം അകത്തോട്ടും പുറത്തോട്ടും സഞ്ചരിക്കുന്ന ഊര്‍ജ്ജമാണ്‌. അതിന്‌ ശബ്ദവും ആത്മാവുമുണ്ട്‌ അതുകൊണ്ടാണ്‌ അകത്തോട്ടും പുറത്തോട്ടും സഞ്ചരിക്കുന്ന ഊര്‍ജ്ജമാണ്‌ കവിത എന്നു പറയുന്നത്‌. ക്രമ ബദ്ധമായ ശബ്ദത്തെ സംഗീതമെന്നും ക്രമബദ്ധമല്ലാത്ത ശബ്ദത്തെ "ഒച്ച" എന്നും ശാസ്ത്രീയമായി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നു. മലയാള ഭാഷാപദങ്ങള്‍ക്ക്‌ ജീവിതത്തിന്‍റെ ഉലയില്‍ നിന്ന്‌ മൂപ്പിച്ചെടുത്ത ഭാവാത്മകതയുണ്ട്‌. ദ്രാവിഡീയന്‍ ജീവിതത്തിന്‍റേയും നാടോടി പാരമ്പര്യത്തിന്‍റേയും ശീലുകള്‍ ഉണ്ട്‌. ഇതില്‍ ശബ്ദത്തെ സന്നിവേശിപ്പിച്ച്‌ നടത്തുന്ന കണ്ഠവിക്ഷോഭങ്ങള്‌ എണ്‍പതുകളില്‍ അനുരണനകവികള്‍ സൃഷ്ടിച്ചു വന്നിരുന്നു. കടമ്മനിട്ട, ഒ. എന്‍. വി., മധൂസൂദനന്‍ നായര്‍ തുടങ്ങിയവര്‍ ഉണ്ടാക്കിയ ജനകീയ കവിതകളില്‍ നിന്നും ഉടലെടുത്ത ഈ ശബ്ദകവികള്‍ മലയാള കവിതയെ ശബ്ദമാലിന്യങ്ങള്‍ കൊണ്ട്‌ നിറച്ചവര്‍ ആയിരുന്നു. മലയാളത്തിലെ അതിശക്തമായ പദസമ്പത്തിനെ ഒരു കൂട്ടം "കാവ്യ മിമിക്രിക്കാര്‍" അനാധമാക്കുകയായിരുന്നു. ഇത്തരം കവികള്‍ കൂട്ടം കൂട്ടമായി ജൂനിയര്‍ മധുസൂദനന്‍ നായര്‍ ചമയുകയും പുതുകവികള്‍ക്കു നേരെ അക്രോശിക്കുകയും ചെയ്യുന്ന സാഹിത്യ വിനോദങ്ങള്‍ക്ക്‌ ഞാന്‍ സാക്ഷിയായിട്ടുണ്ട്‌. കവിത കണ്ഠവിക്ഷോഭങ്ങള്‍ അല്ല എന്നും അറുപതുകള്‍ തൊട്ട്‌ ഇന്നും മലയാളത്തിന്‌ പ്രിയങ്കരരായ ഒ. എന്‍. വി., കടമ്മനിട്ട, മധൂസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവര്‍ കണ്ഠവിക്ഷോഭങ്ങള്‍ കൊണ്ടല്ല ജനകീയ കവികളായത്‌ എന്നും ഞാന്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു.

എഴുപതുകളിലും എണ്‍പതുകളിലും കൊണ്ടാടപ്പെട്ട കവിതകള്‍ക്ക്‌ ഇന്നും ആസ്വാധകരുണ്ട്‌ എന്ന സത്യത്തെ എനിക്ക്‌ നിഷേധിക്കാനാവില്ല. സാധാരണക്കാരന്‍റെ കവിതാസ്വാദനത്തെ പരിപോഷിപ്പിക്കുകയും അതോടൊപ്പം കാവ്യലോകത്ത്‌ സ്വന്തം വഴി വെട്ടുകയും ചെയ്ത ജനകീയ കവികള്‍ എന്നും വായിക്കപ്പെടും സംശയമില്ല. കഴിഞ്ഞ മാസം മധുസൂദനന്‍ നായര്‍ "കവിയും കവിതയും" എന്ന സാംസ്കാരിക പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ട രണ്ടു കവിതകളെ മുന്‍നിര്‍ത്തി ഞാന്‍ രണ്ടു ചോദ്യങ്ങള്‍ അദ്ദേഹത്തോട്‌ ചോദിക്കുകയുണ്ടായി. എന്‍റെ ഒരു ചോദ്യം

“കവിയരങ്ങുകളിലൂടെ ഉയര്‍ന്നുവന്ന താങ്കളുടെ കവിതകളില്‍ ദ്രാവിഡിയന്‍ പദ സ്വാധീനം ഏറെയായിരുന്നു. അവിടെ നിന്നും സംസ്കൃത പദങ്ങളുടേയും ഹൈന്ദവ ബിംബങ്ങളുടേയും അതിപ്രസരത്തോടെ ഇന്ന്‌ അവതരിപ്പിക്കപ്പെട്ട താങ്കളുടെ പുതിയ കവിതയിലെ ഈ ആഖ്യാനപരമായ മാറ്റത്തെ എങ്ങിനെ സ്വയം നോക്കികാണുന്നു” എന്നായിരുന്നു.

ഒരു ജനകീയ കവിയോട്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടക്കകാരനായ ഒരുവന്‌ എങ്ങിനെ ധൈര്യം വന്നു എന്ന ഫാസിസ്റ്റ്‌ മനോഭാവം മുംബൈയിലെ സാഹിത്യ മാധ്യമരംഗത്ത്‌ ഉണ്ടാവും എന്ന്‌ ആ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ കരുതിയിരുന്നില്ല. മറ്റൊരു ചോദ്യം 'ഏറെ വിവാദമുണ്ടാക്കിയ ശബ്ദമലിനീകരണത്തെ കുറിച്ചുള്ളതായിരുന്നു.

"പുതുകവിത ഏറെ നിശബ്ദമായ ആഖ്യാന പരിസരങ്ങളെ ആവിഷ്ക്കരിക്കുമ്പോള്‍ അതായത്‌, ഒരു പൂവ്‌ വിടര്‍ന്ന്‌ കൊഴിഞ്ഞുപോകുന്ന, ഒരു മഴവില്ല്‌ വന്ന്‌ ഉടഞ്ഞുപോകുന്ന കാഴ്ച്ചയുടെ യഥാര്‍ത്ഥമായ ആഖ്യാനത്തെ കവിതയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. പലപ്പോഴും ശബ്ദത്തിന്‍റെ സൌകുമാര്യമുള്ള താങ്കളുടെ കവിതകളിലെ ശബ്ദം പരിധികള്‍ ഭേദിച്ച്‌ അത്‌ മുഖരിതമാക്കുന്ന ഒരു അനുഭവം ഉണ്ട്‌. അറിഞ്ഞോ അറിയാതെയോ കവിതയെ അപ്രസക്തമാക്കുന്ന - നിസ്സാരവ്ല്‍ക്കരിക്കുന്ന ഒരു തലത്തിലേക്ക്‌ ഈ ശബ്ദാനുഭവം എത്തിച്ചേരുന്നില്ലേ ' എന്നു ചോദിക്കുകയുണ്ടായി.

വിഗ്രഹങ്ങള്‍ ഉണ്ടാക്കി ആരാധിക്കാനും ആരാധിച്ചാരധിച്ച്‌ ആന്ധ്യം ബാധിച്ച ഒരു മനസ്സില്‍ നിന്ന്‌ ഇങ്ങിനെ ഒരു ചോദ്യം വരികയില്ല എന്ന്‌ ഞാന്‍ അഭിമാനത്തോടെ തിരിച്ചറിയുന്നു. ഇതിലെ ഒരു പ്രധാനകാര്യം ഈ ആരോപണം എല്ലാ ജനകീയകവികളും നേരിടേണ്ടിവന്നിട്ടുണ്ട്‌ എന്നതാണ്‌. പുതുകവിതയിലെ പുതിയ ആഖ്യാന പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്‌ ഈ ഒരു ചോദ്യവും അതുണ്ടാക്കിയ അന്വേഷണ ത്വരയും മൂലമായിരുന്നു. കവിത തികച്ചു സത്യസന്ധമായിരിക്കുക - വെച്ചുകെട്ടും ആടയാഭരണങ്ങളുമില്ലാതെ എഴുതുക എന്ന ഒരു ആവിഷ്ക്കരണരീതി വളര്‍ന്നു വന്നു. ഉറക്കെ ചൊല്ലപ്പെട്ടില്ലെങ്കിലും പെരുവഴിയില്‍ കിടന്നാലും വരികള്‍ ഒറ്റവായനയില്‍ തന്നെ കരിമരുന്നുപോലെ, ഏെറുപടക്കം പോലെ, മനസ്സിലേക്കു കയറിപറ്റുന്ന ഭാവാത്മകത പുതുകവിതയില്‍ പിന്നീട്‌ ആവിഷ്ക്കരിക്കപ്പെട്ടു തുടങ്ങി. ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ സച്ചിദാനന്ദന്‍ എഴുതിയ "സാക്ഷ്യങ്ങള്‍" എന്ന കവിത ഒരു ചെറിയ ഉദാഹരണമാണ്‌.

കവിത എഴുതിയാല്‍ മാത്രം പോരാ അത്‌ കവി ട്യൂണ്‍ ചെയ്ത്‌ റിക്കോര്‍ഡ്‌ ചെയ്തു വിടുകയും വേണം എന്ന അത്യന്താധുനിക പരിപ്രേക്ഷ്യം കവിതയ്ക്ക്‌ ഭൂഷണമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. മധുസൂദനന്‍ നായരുടെ കവിതകള്‍ അദ്ദേഹത്തിന്‍റെ ആലാപന ശ്രുതികൊണ്ടുമാത്രമല്ല അതിന്‍റെ കാവ്യഗുണം കോണ്ടുകൂടി മുന്നിട്ടു നില്‍ക്കുന്നവയാണ്‌ എന്ന് മറ്റാരേയും പോലെ ഞാനും വിശ്വസിക്കുന്നുണ്ട്‌. പക്ഷെ അദ്ദേഹത്തിന്‍റെ അനുരണനകവികള്‍ മലയാള കവിതാ സാഹിത്യത്തില്‍ സൃഷ്ടിക്കുന്ന ശബ്ദമാലിന്യം വിലക്ഷണമായ കാവ്യമാതൃകകളാണ്‌ എന്ന് അഭിപ്രായപ്പെടാന്‍ ആരെ ഭയക്കണം. ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, ബാലചന്ദ്രന്‍ വടക്കേടത്ത്‌, എം. അച്ച്യുതന്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, ആത്മാരാമന്‍, പി. ടി. നരേന്ദ്രമേനോന്‍, തുടങ്ങി അന്‍പതോളം സാഹിത്യാകാരന്‍മാര്‍ പങ്കെടുത്ത ഒരു സാഹിത്യ ക്യാമ്പില്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്ത ഒരു ഓര്‍മ്മയുടെ ആഘോഷമായിരുന്നു ഞാന്‍ മധുസൂദനന്‍ നായരോടും നടത്തിയത്‌. ആ വലിയ കവിയോട്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒ. എന്‍. വി. കുറുപ്പിനെ ഇറക്കുമതി ചെയ്യേണ്ടിവരും എന്ന യുക്തിയോട്‌ എനിക്ക്‌ യോജിക്കാനാവില്ല. എന്‍റെ ചോദ്യത്തിന്‌ ഏറെ നീണ്ട ഒരു ഉത്തരം തന്‍റെ കയ്യിലുണ്ടെന്നും വചനത്തിന്‍റെ ശക്തി സാന്ദ്രതയെക്കുറിച്ച്‌ നീണ്ട ഒരു പ്രഭാഷണത്തിന്‌ ഇവിടെ സമയം പോരാത്തതുകൊണ്ട്‌ പരിപാടിക്കുശേഷം നേരിട്ടു സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി അവസാനിച്ചതിനു ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ട്‌ സംസാരിച്ചു. തിരുവനന്തപുരത്തേക്ക്‌ എപ്പോള്‍ വന്നാലും തന്നെ വിളിക്കണമെന്നും ദീര്‍ഘമായി സംസാരിക്കാമെന്നും പിതൃവാത്സല്യത്തോടെ എന്നോട്‌ പറഞ്ഞു. ആ വാക്കുകളാണ്‌ എന്നെപ്പോലുള്ള ഒരു സാഹിത്യ വിദ്യാര്‍ത്ഥിയുടെ ഊര്‍ജ്ജം - സാന്ത്വനം. അടുത്ത കാലത്തായി ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടു സാറിനോട്‌ നെറ്റിലൂടെ ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഒരു പരിധിവിടുന്ന ആത്മകാമത്തിന്‍റെ അനന്തര ഫലമായി കവിതയില്‍ നടക്കുന്ന നിസ്സാരവല്‍ക്കരണത്തെ കുറിച്ച്‌ എന്നോട്‌ പറയുകയും എന്‍റെ അഭിപ്രായങ്ങളോട്‌ യോജിപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കവിതയെ ജനകീയവല്‍ക്കരിക്കുന്നതില്‍ ഒരു വലിയ പങ്ക്‌ അദ്ദേഹത്തിനും ഉണ്ടായിരുന്നല്ലൊ.

ശബ്ദബാഹുല്യങ്ങള്‍ക്കിടയില്‍ തന്‍റെ സ്വന്തം സ്വരത്തെ സമൂഹത്തില്‍ വേറിട്ട്‌ ആലേഖനം ചെയ്യപ്പെടണം എന്ന മോഹം അദമ്യമായ അതിമോഹമാകുമ്പോഴാണ്‌ എഴുത്തുകാര്‍ അതിസാങ്കേതികതയില്‍ ചാലിച്ച കൃതികള്‍ സമൂഹത്തില്‍ അവതരിപ്പിക്കുന്നത്‌. ഇതുപോലുള്ള സാഹിത്യമാലിന്യങ്ങള്‍ സമൂഹത്തില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്‌. സംസ്കൃത പദങ്ങളുടെ ആധിക്യംകൊണ്ട്‌ മണിപ്രവാളകാലത്തും സൌന്ദര്യപദങ്ങളുടെ ആധിക്യം കൊണ്ട്‌ വൃത്താധിപത്യം കവിതയില്‍ നിലനിന്ന കാലത്തും കാവ്യമാലിന്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരുന്നിരുന്നു. ഉത്തരാധൂനികകാലത്ത്‌ സാഹിത്യത്തില്‍ മാലിന്യങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും കൃതഹസ്തരായ മുന്‍നിരകവികളുടെ കരുത്തുറ്റ രചനകള്‍കൊണ്ട്‌ പുതുകവിത അതിന്‍റെ യഥാര്‍ത്ഥ ധാര ഇടമുറിയാതെ കാക്കുന്നു. ശബ്ദമുഖരിതമല്ലെങ്കിലും പുതുകവിത അതിന്‍റെ ഇടം മലയാളത്തിലും സമൂഹമനസ്സിലും കാത്തുസൂക്ഷിക്കുന്നുണ്ട്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു.

കവിത എഴുതപ്പെടേണ്ടതും പാടപ്പെടേണ്ടതും മാത്രമല്ല ആകാശത്ത്‌ ഒരു മഴയൊരുങ്ങുമ്പോള്‍, പാടം പച്ചപുതയ്ക്കുമ്പോള്‍, പര്‍വ്വതങ്ങളുടെ മസ്തകത്തില്‍ നിന്ന് ഒരു നദി പിറവിയെടുക്കുമ്പോള്‍ ഒരു കവിത അവിടെ സംഭവിക്കുന്നുണ്ട്‌. പ്രകൃതിയുടെ ഈ ആഖ്യാനത്തെയാണ്‌ പി കുഞ്ഞിരാമന്‍ നായരും, നെരൂദയും, കീറ്റ്സും ഒക്കെ സ്വാംശീകരിക്കാന്‍ ശ്രമിച്ചത്‌. നിശബ്ദതയില്‍ നിന്ന് ശബ്ദായമാനമായ ഒരു അവസ്ഥയിലേക്കും, "ശബ്ദങ്ങളുടെ രാജരഥ്യകള്‍ പിന്നിട്ട്‌ ഞാനെത്തി. ഇന്നിവിടെയെന്‍ ചിന്തകള്‍ ചേക്കേറുന്നു" എന്ന് ഒ. എന്‍. വി പാടിയതുപോലെ ശബ്ദത്തില്‍ നിന്നും ആത്മാവിന്‍റെ നിശംബ്ദ സംഗീതത്തിലേക്കും കവിത സഞ്ചരിക്കുന്നു. കവിതയെ വിശാലമായ ഒരര്‍ത്ഥത്തില്‍ സമീപിക്കാനാവാത്ത ഒരു ജനക്കൂട്ടമാണ്‌ "ജനകീയം" എന്നു തെറ്റീധരിക്കപ്പെടുന്ന ഭക്തിയുടെ ആന്ധ്യം ബാധിച്ചവര്‍ എന്നെപോലുള്ളവരുടെ ചോദ്യങ്ങളെ കൂവിയിരുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞ ലക്കം വൈറ്റ്‌ ലൈനില്‍ എനിക്കെതിരെ ഒളിയമ്പെയ്ത വിനയനോട്‌ പറയാനുള്ളത്‌ ചോദ്യങ്ങള്‍ ഉണ്ടാക്കപ്പെടുകയല്ല. ഓരോ ഉത്തരങ്ങള്‍ക്കും മുന്നെ ആദ്യം ഉരുവപ്പെടുന്നത്‌ ചോദ്യങ്ങളാണ്‌ എന്നും അത്‌ ഞാന്‍ ചോദിച്ചില്ലെങ്കില്‍ വരും തലമുറ ആ ചോദ്യങ്ങള്‍ ഏെറ്റുപിടിക്കും എന്നുമാണ്‌. ചിന്തയുടേയും വായനയുടേയും പാപ്പരത്തവുമാണ്‌ വിനയനെ ഇതുപോലുള്ള നിലവാരം കുറഞ്ഞ റിപ്പോര്‍ട്ടുകള്‍ എഴുതിക്കുന്നത്‌.

മുംബൈ ആനുകാലികങ്ങളില്‍ സജീവ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ്‌ ശ്രീ മേഘനാദന്‍. മുംബൈ ജീവിതത്തിലെ തിരക്കുകളില്‍ നിന്നുകൊണ്ട്‌ മുടങ്ങാതെ സാമാന്യം ദീര്‍ഘമായ കോളങ്ങള്‍ എഴുതുന്ന മേഘനാദനെ ആദരവോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാറുണ്ട്‌. പക്ഷെ എഴുത്തില്‍ അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചു കാണുന്ന നിലപാടുകളോട്‌ എനിക്ക്‌ പലപ്പോഴും വിയോജിപ്പുകള്‍ ഉണ്ടാവാറുണ്ട്‌. എം. വി. ദേവന്‍, എം. ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ക്കിടയിലുണ്ടായ സൌന്ദര്യപ്പിണക്കത്തെ ഒരിക്കല്‍ മേഘനാദന്‍ വിശേഷിപ്പിച്ചത്‌ എം. വി. ദേവന്‍ എം. ടിയെ കടിക്കുന്നു എന്നാണ്‌. ഒരു പക്ഷെ ആദ്യമായി ഞാന്‍ വായിച്ച മേഘനാദന്‍റെ ലേഖനവും അതാണെന്നാണ്‌ ഓര്‍മ്മ. മുബൈ സാഹിത്യം ചവറുകളെ ഉല്‍പാദിപ്പിക്കുന്നു എന്ന്‌ അടുത്തിടെ കഥാകാരി മാനസി അഭിപ്രായപ്പെടുകയുണ്ടായി. മേഘനാദന്‍റെ വൈറ്റ്‌ ലൈന്‍ ലേഖനവുമായി ഈ അഭിപ്രായത്തെ കൂട്ടിവായിക്കാവുന്നതാണ്‌. എഴുപതുകളില്‍ മലയാള സാഹിത്യത്തിലെ ഡല്‍ഹി സാന്നിധ്യത്തെ ഉപരിപ്ളവമായ പ്രസ്ഥാവനകളിലൂടെ നിസ്സാരവല്‍ക്കരിക്കാനാവില്ല. മുബൈയില്‍ ഇനിയും നല്ലൊരു സാഹിതീയ ജീവിത സാഹചര്യം രൂപപ്പെട്ടിട്ടില്ല. ഫ്യൂഡലിസത്തിന്‍റെ കാലത്ത്‌ മുംബൈയിലേക്ക്‌ കുടിയേറിപാര്‍ത്ത സാഹിത്യ സ്നേഹികളുടെ മനസ്സില്‍ ഇപ്പോഴും പഴയ ഫ്യൂഡല്‍ സ്വഭാവവും കാല്‍പനികതയും കവിതാസാഹിത്യത്തിലെ വൃത്തവാദവും ഒളിമങ്ങാതെ നിലനില്‍ക്കുന്നു. അതിന്‍റെ ഉദാഹരണമാണ്‌ കഴിഞ്ഞ മാസം നവി മുംബയ്‌ കേരളീയസമാജത്തിന്‍റെ "കവിയും കവിതയും" എന്ന മധൂസൂദനന്‍ നായര്‍ പങ്കെടുത്ത പരിപാടിക്കു ശേഷം കണ്ടത്‌. പരസ്പരം പുറം ചൊറിഞ്ഞ്‌ മുംബൈ സാഹിത്യത്തെ വളര്‍ത്താനാവില്ല എന്നാണ്‌ എന്‍റെ വിനീതമായ അഭിപ്രായം. മുംബൈയിലെ ആനുകാലികങ്ങളില്‍ സ്ഥിരമായി കോളമെഴുതുന്ന ആള്‍ എന്ന നിലയ്ക്ക്‌ ശക്തമായ നിരൂപണ പ്രക്രിയയിലൂടെ മുബൈ സാഹിത്യത്തെ വളര്‍ത്തിക്കൊണ്ടുവരാവുന്നതേയുള്ളു. നാല്‍പത്തിമൂന്നു വര്‍ഷമായി നടന്നു വരുന്ന മുംബൈ സാഹിത്യ വേദിയെക്കുറിച്ച്‌ ഇപ്പോള്‍ മേഘനാദനും മുന്‍പ്‌ പലരും നടത്തിക്കണ്ട അഭിപ്രായപ്രകടനത്തെ നിര്‍ഭാഗ്യകരമെന്നെ പറയാനാവൂ. മുബൈ സാഹിത്യവേദി ആര്‍ക്കും ഒരു ഊന്നുവടിയോ എസ്റ്റാബ്ളിഷ്മെന്‍റിനുള്ള ഇടമോ അല്ല. സ്വന്തം സാഹിത്യ കൃതിയെ ഒരു പൊതു സമൂഹത്തിന്‌ മുന്‍പില്‍ കൊണ്ട്‌ വന്ന്‌ വായിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഒരു സൌഹൃദവേദിമാത്രമാണ്‌ സാഹിത്യവേദി അതിനെ ഒരു പ്രസ്ഥാനമായി കാണുന്നതുകൊണ്ടുള്ള കുഴപ്പമാണ്‌ മേഘനാദന്‍റെ സാഹിത്യവേദിയെക്കുറിച്ചുള്ള പരാമര്‍ശം. റിയാലിറ്റി ഷോകള്‍ കണ്ട്‌ ശീലിച്ചവരുടെ മാധ്യമചൊരുക്കാണ്‌ കെ. ഹരിദാസിനെ പോലെയുള്ള ഒരു ധിഷണാ ശാലിയെക്കുറിച്ച്‌ വിനയന്‍ എഴുതിയ ലേഖനം. പാടാനറിയാത്തവന്‍ കവിത ചൊല്ലരുത്‌ എന്ന്‌ പറയുന്ന മൂന്നാംകിട ഫാസിസം അല്ലെങ്കില്‍ മധുസൂദനന്‍ നായരുടെ ആലപനഗരിമയില്‍ അതിന്‍റെ ആസ്വാദനപരമായ അന്യവല്‍ക്കരണങ്ങളില്‍ നിന്നും കവിതയേയും ഈണത്തേയും വേറിട്ട്‌ മനസ്സിലാക്കാനാവാതെ പോയവന്‍റെ മോഹാലസ്യം.

*ഈ ലേഖനത്തില്‍ വന്ന ചില തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തന്ന ശ്രീ കണ്ണന്‍ തട്ടയിലിനോട്‌ എന്‍റെ കടപ്പാട്‌ അറിയിക്കുന്നു.

2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

മേഘശിലയിലെ ചില കാവ്യ ചിത്രങ്ങള്‍


പ്രവാസ ജീവിതത്തിന്‍റെ നോവും നിലവിളികളും, കൊച്ചു വര്‍ത്തമാനങ്ങളുടെ ശീലുകളും വാക്കുകളില്‍ വിതറി കവിതയെ ഒന്നു മൂപ്പിച്ചെടുക്കുകയാണ്‌ പല ബ്ളോഗ്ഗു കവികളുടേയും ഒരു രീതി. ഒരുപാടുതവണ പറഞ്ഞു പറഞ്ഞ്‌ അരഞ്ഞു തീര്‍ന്ന് പല്ലിടുക്കില്‍ പറ്റിപ്പിടിച്ച വാക്കുകളെ സ്വന്തം നാവുകൊണ്ട്‌ തോണ്ടി സ്വന്തം ആമാശയത്തില്‍ കബറടക്കി അവര്‍ അവരുടെ സര്‍ഗ്ഗാത്മക വിശപ്പ്‌ ശമിപ്പിക്കുന്നു. ജോലിക്കാരിയായ നഗരത്തിലെ ഒരു വിട്ടമ്മ തന്‍റെ കുഞ്ഞിനെ അടുത്തുള്ള ബേബി കെയര്‍ സെന്‍ററില്‍ കൊണ്ടിട്ട്‌ ഒമ്പതു മണിയുടെ ബസ്സുപിടിക്കാനോടുന്നതുപോലെ ബ്ളോഗ്ഗുകളില്‍ കവികള്‍ സമയാസമയങ്ങളില്‍ കവിതകള്‍ പോസ്റ്റുന്നു. പോസ്റ്റു ചെയ്തതിനു പിന്നാലെ മധുര മൊഴികളായി വരുന്ന കപടവായനകളാണ്‌ വീണ്ടും എഴുതാനുള്ള ഇവരുടെ ഇന്ധനം. ഇത്തരം കമന്‍റുകളുടെ പെരുമഴയില്‍ നിന്ന് കുറച്ചു നല്ല പൊടിപ്പുകളെ - മലയാളത്തിന്‌ ഒരു മുതല്‍ക്കൂട്ടായേക്കാവുന്ന കുറച്ചു നല്ല പ്രതിഭകളെ തിരഞ്ഞെടുത്ത്‌ അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമാണ്‌ ഇവിടെ നടത്തുന്നത്‌.

മലയാള കവിതയെ കടുത്ത പാരമ്പര്യ നിഷേധത്തിന്‍റെ പാതയില്‍ കൊണ്ടെത്തിച്ച പലകവികളും രംഗം വിട്ടുകൊണ്ടിരിക്കുന്നു. ഈയടുത്തകാലത്ത്‌ സമകാലിക മലയാളം വാരികയില്‍ രാജേന്ദ്രന്‍ എടത്തുംകര ഇങ്ങിനെ എഴുതിക്കണ്ടു "കാഷായക്കുറിപ്പടിപോലെ ആശയങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കുത്തി നിറച്ച്‌, അവ തമ്മില്‍ കഴിഞ്ഞ ജന്‍മത്തില്‍പോലും ഒരു ബന്ധമുണ്ടായിരുന്നില്ല എന്ന മട്ടില്‍ വായില്‍ തോന്നിയത്‌ എഴുതിവച്ച്‌ ഏതെങ്കിലും ഒന്നോ രണ്ടോ പ്രതീകം വിശ്വേത്തര കാവ്യതേജസ്സാണെന്ന മട്ടില്‍ അവതരിപ്പിക്കുന്ന പൊട്ടക്കവിതകളാണ്‌ ഇന്ന്‌ മലയാളത്തില്‍ എഴുതുന്നവരില്‍ തൊണ്ണൂറ്‌ ശതമാനവുമെന്ന്‌ തിരിച്ചറിഞ്ഞ്‌ ചങ്കുപൊട്ടി നില്‍ക്കുകയാണ്‌"

മുന്‍വിധികളും ഒരിക്കലും മാറാത്ത സംവേദന ശീലങ്ങളുടേയും പരിസരത്തുനിന്നും വരുന്ന ഒരാളുടെ ജല്‍പനങ്ങള്‍ എന്നു പറഞ്ഞ്‌ പുതുകവികള്‍ക്ക്‌ ഈ പ്രതിഷേധ വാക്കുകളെ തള്ളിക്കളയാനാവുമായിരിക്കാം. പക്ഷെ മലയാള കാവ്യലോകത്ത്‌ ഉത്തരാധൂനികതയുടെ പേരില്‍ സ്ഥിരമായി ഉല്‍പാദിപ്പിക്കപ്പെടുന്ന കാവ്യമാലിന്യങ്ങളെ നമ്മള്‍ എവിടെക്കൊണ്ട്‌ സംസ്ക്കരിക്കും. ഇന്ന്‌ വിരലിലെണ്ണാവുന്ന മുന്‍നിരക്കവികളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ കവികളും സ്വീകരിക്കുന്നത്‌ ആഖ്യാനത്തിന്‍റെ ചില പൊതു മാതൃകകളാണ്‌. എവിടെയൊക്കെയോ വരികളില്‍ ഒളിപ്പിച്ച ചില "സര്‍പ്രൈസ്‌ ഇമേജു"കള്‍ ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍..കഴിഞ്ഞു...

പുതുകവിതയുടെ ആഖ്യാന പരിസരങ്ങള്‍

പുതുകവിതയുടെ നിദാനം മറ്റേതൊരു കലാസൃഷ്ടിയും പോലെ ജീവിതം തന്നെയാണ്‌. കവിത ജീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്ക്കാരമാണ്‌ തികഞ്ഞ സത്യസന്ധതയാണ്‌ പുതുകവിതയുടെ ആഖ്യാനതന്ത്രം. വാക്കുകളെ വളരെ സത്യസന്ധവും വച്ചുകെട്ടുകളും ആടയാഭരണങ്ങളുമില്ലാതെ ആവിഷ്ക്കരിക്കുക എന്നതിലാണ്‌ പുതുകവികളുടെ ശ്രദ്ധ. പുതുകവിതയെ വായിക്കുന്ന വായനക്കാരനും അവന്‍റെ ധൈഷണിക ജീവിതത്തോട്‌ തികഞ്ഞ സത്യസന്ധത ആവശ്യമാണ്‌. പുതുകവിത വായനക്കാരനെ കാത്തിരിക്കുന്നത്‌ ഷുഗര്‍കോട്ടു ചെയ്ത വൈറ്റമിന്‍ ഗുളികകളുമായല്ല മറിച്ച്‌ അശാന്തി നിറഞ്ഞ ഈ ലോകത്തിന്‍റെ നിസംഗമായ വൈകാരിക വിരക്തികളും പ്രചണ്ഡമായ വേഗവും തീര്‍ക്കുന്ന നിലവിളികളുമായാണ്‌. നഗരത്തിലെ ചേരികളില്‍ തകരപ്പാട്ടയും, പ്ളാസ്റ്റിക്ഷീറ്റുമുപയോഗിച്ച്‌ കെട്ടുന്ന "ചോപ്പടകള്‍" (കുടിലുകള്‍) പോലെ ഉപയോഗിച്ച്‌ തേഞ്ഞ വക്കുപൊട്ടിയ വാക്കുകള്‍ കൊണ്ട്‌ അവന്‍ അവന്‍റെ കവിത നിര്‍മ്മിക്കുന്നു. അതുകൊണ്ട്‌ തന്നെ പുതുകവിത ജീവിതത്തോടുള്ള വളരെ സ്വാഭാവികമായ പ്രതികരണമാണ്‌. മലയാളിക്കും മലയാള ഭാഷയ്ക്കാകമാനവും സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം പുതുകവിതയ്ക്കും സംഭവിക്കുന്നത്‌ ഇതുകൊണ്ടു കൂടിയാണ്‌. ഈ കാലഘട്ടത്തിന്‍റെ ഉല്‍പന്നമാവാതെ ഒരു കാലഘട്ടത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള മേധാ ശക്തി പുതുകവികള്‍ക്ക്‌ ഇന്ന്‌ അത്യാവശ്യമാണ്‌. പുതുകവികള്‍ ഈ കാലത്തിന്‍റെ ഇരകളാണ്‌. കവിതയില്‍ വൃത്താധിപത്യവും മണിപ്രവാളത്തിന്‍റെ പൊട്ടും പൊടിയും വിതറി കിടന്നിരുന്ന ഒരു കാലഘട്ടമല്ല ഇന്നുള്ളത്‌. മാത്രമല്ല ചരിത്രബോധം ഒരു പൊതു ബോധമായി ഇന്നത്തെ എഴുത്തുകാരില്‍ കാണാനാവില്ല. ചരിത്രം ഇന്നത്തെ തലമുറയ്ക്ക്‌ ഉറങ്ങിക്കിടക്കുന്ന ഡാറ്റാബാങ്കാണ്‌. പുതു തലമുറ ഇന്ന്‌ ചരിത്രത്തെ വായിക്കുന്നത്‌ കാലത്തിന്‍റെ പാദമുദ്രകളായല്ല സെര്‍ച്ച്‌ ബാറില്‍ കൊടുക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച്‌ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന "ഇന്‍ഫര്‍മേഷന്‍സ്‌" (വിവരങ്ങള്‍) ആയാണ്‌. ഈ ഉത്തരാധൂനിക ജീവിതത്തിന്‍റെ ജീവിത പരിസരത്തെ ഡോ. രാധിക സി. നായര്‍ "സമകാലിക സാഹിത്യ സിദ്ധാന്തം ഒരു പാഠപുസ്തകം" എന്ന്‌ അവരുടെ കൃതിയില്‍ ഇങ്ങിനെ നിര്‍വ്വചിക്കുന്നു "വസ്തുക്കള്‍ക്കും ദൃശ്യങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വളരെയേറെ പ്രാധാന്യം കൈവന്നിട്ടുള്ളതാണ്‌ ഇപ്പോഴത്തെ ജീവിതം. സിനിമ, ടി. വി., പത്രമാസികാദികള്‍, പോസ്റ്ററുകള്‍, ആകര്‍ഷകമായ പായ്ക്കറ്റുകള്‍, ടെലിവിഷന്‍ പരസ്യങ്ങള്‍, കൂറ്റന്‍ വഴിപ്പരസ്യങ്ങള്‍, ടീ ഷര്‍ട്ടുകള്‍, കമ്പ്യൂട്ടറുകള്‍, വീഡീയോ ഗെയ്മുകള്‍, ഇന്‍റര്‍നെറ്റ്‌.. അങ്ങിനെ നീളുന്നു ഈ കാഴ്ച്ചവട്ടം. പലര്‍ക്കും സ്വന്തം ക്യാമറകളുണ്ട്‌. സമ്പന്നരായ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക്‌ ടെലിവിഷനില്‍ ഘടിപ്പിക്കാവുന്ന വീഡിയോ ഗെയിമുകള്‍ സമ്മാനിക്കുന്നു. സാങ്കേതിക രംഗത്താവട്ടെ ഗര്‍ഭസ്ഥ ശിശുവിനെ കാണാവുന്ന, ആണ്‍പെണ്‍ വ്യതാസം തിരിച്ചറിയാവുന്ന സമ്പ്രദായങ്ങളുണ്ട്‌. ശിശുവിന്‍റെ ജനനാന്തരച്ചടങ്ങുകളും മുതിര്‍ന്നവരുടെ മരണാനന്തര ചടങ്ങുകളുമെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നതും പതിവായിക്കഴിഞ്ഞു. പരസ്യങ്ങളുടെ ഭാഷ നിത്യ ജീവിതത്തിലെ പ്രയോഗങ്ങളിലും സാഹിത്യത്തിലും സിനിമയിലുമൊക്കെ പ്രവേശിച്ചു കഴിഞ്ഞു. മാധ്യമങ്ങളുടെ പ്രാധാന്യം അത്രയേറെയാണ്‌ ഇന്ന്‌ നമ്മുടെ ജീവിതത്തില്‍"

പാരമ്പര്യത്തിന്‍റെ ഏതു നേര്‍നൂലാണ്‌ ഈ ജീവിത പരിതോവസ്ഥയെ കെട്ടുപിണഞ്ഞു കിടക്കുന്നത്‌..!!?? ജീവിതത്തിന്‍റെ ഈ മായക്കാഴ്ച്ചയില്‍ പുതുകവി അവന്‍റെ ഹൃദയത്തിന്‍റെ സത്യസന്ധതയെ, പവിത്രത നശിക്കാത്ത വാക്കിനെ - കവിതയെ, മുങ്ങിയെടുത്ത്‌ വായനക്കാരന്‌ മുലപ്പാലുപോലെ ചുരത്തികൊടുക്കുകയാണ്‌. "മലരണിക്കാടുകള്‍..." തിങ്ങിവിങ്ങിയ വായനയുടെ കാല്‍പനിക ലോകത്തെ വളരെ ദൂരെ എറിഞ്ഞുകൊണ്ട്‌ വേണം ഒരു വായനക്കാരന്‍ പുതുകവിതയെ സമീപിക്കാന്‍. ഒരു കുഞ്ഞിന്‍റെ ഉടലിന്‍റെ നഗ്നത പോലെ ചുണ്ടില്‍ പാല്‍മണം മാറാത്ത കവിതയെ വായനക്കാരന്‍ തേടിപ്പിടിച്ചു കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണം. പല മുന്‍നിര കവികളുടെ പൊട്ടും പൊടിയും കവര്‍ന്ന്‌ കവിതാ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന കള്ള നാണയങ്ങളെ ഗാലറിയുടെ പിന്നോട്ട്‌ ഓടിക്കണം. അവര്‍ കവിത എന്താണെന്ന്‌ ആദ്യം പടിക്കട്ടെ. മണ്ണിന്‍റെ ഉഷ്ണത്തില്‍ നിന്ന്‌ ഉയിരെടുക്കുന്ന നീരാവി ഖനീഭവിച്ച്‌ മേഘങ്ങളാവുകയും വീണ്ടും ഘനീഭവിച്ച്‌ മഴയാവുകയും ചെയ്യുന്നതുപോലെ തികച്ചും ജൈവീകമായ, സത്യസന്ധമായ ഒരു പ്രതിഭാസമാണ്‌ സര്‍ഗ്ഗത്മകത എന്ന സത്യം ഈ കാവ്യ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന കപട കവിതാ ഫാക്ടറികളുടെ ഉടമകള്‍ മനസ്സിലാക്കട്ടെ...

തിരഞ്ഞെടുത്ത മൂന്നു കവിതാ ബ്ളോഗ്ഗുകള്‍

ആത്മാവിന്‍റെ പ്രകാശം വിതറുന്ന ബ്ളോഗ്ഗുകളില്‍ നിന്ന്‌ മൂന്നു ബ്ളോഗ്ഗുകളെ തിരഞ്ഞെടുത്തത്‌ തികച്ചും അനായാസമായിത്തന്നെയാണ്‌. കവിതയെഴുത്തില്‍ രണ്ടുതരം വിഭജനങ്ങള്‍ മാത്രമെ ഇപ്പോള്‍ തല്‍ക്കാലം ബൂലോകത്ത്‌ നിലവിലുള്ളൂ. ഒന്ന്‌ നിലവാരമുള്ള കവിതകളും നിലവാരം കുറഞ്ഞ കവിതകളും. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട മൂന്നു കവികളില്‍ ബ്ളോഗ്ഗ്‌ കവിതാലോകം ഒതുങ്ങിപോകുന്നു എന്ന്‌ ദയവുചെയ്ത്‌ ആരും വിചാരിക്കരുത്‌. സമയവും സ്ഥലപരിമികളും കൊണ്ട്‌ ഈ മൂന്നു പേരുടെ കവിതകളുമായി മാത്രം സംവദിക്കാന്‍ ഇവിടെ ശ്രമിക്കുന്നു എന്നു മാത്രം. ഇവര്‍ സ്വന്തമായി ഒരിടം കവിതയില്‍ സൃഷ്ടിക്കുകയും അതില്‍ ഒതുങ്ങി കൂടുകയും ചെയ്യുന്നവരാണ്‌. ഈ മൂന്നു പേരില്‍ ചിലര്‍ തന്‍റെ പ്രതിഭയുടെ ശക്തിയെ, ഊര്‍ജ്ജത്തെ തന്‍റേടത്തോടെ വലിച്ചു പുറത്തിടുന്നതിനു പകരം ബ്ളോഗ്ഗെഴുത്തിലെ നിലവാരം കുറഞ്ഞ കമന്‍റു സംസ്കാരത്തിന്‍റെ ഇരകളായി വെറും യുണീകോഡ്‌ അക്ഷരപ്പെയ്ത്തുകള്‍ നടത്തി അമര്‍ത്തി പഴുപ്പിച്ച്‌ കവിതയുടെ ഞാറ്റുവേല ആഘോഷിക്കുന്നവരാണ്‌. ബ്ളോഗ്ഗിലെ കവിതകളെക്കുറിച്ച്‌ ആഴത്തിലൊരു പഠനമാണ്‌ ഞാന്‍ ഉദ്ദേശിച്ചിരുന്നത്‌ നിര്‍ഭാഗ്യവശാല്‍ കൈയ്യിലെടുക്കുമ്പോഴേക്കും പൊടിഞ്ഞുപോകുന്ന ഇതിലെ പലകവിതകളും എന്നെ ഇതൊരു വലിയ അത്യാഹിതമാകുമെന്ന്‌ ഓര്‍മ്മിപ്പിച്ചു. മേഘങ്ങളില്‍ നട്ട മഴച്ചെടികള്‍ പെയ്തു തെളിയുന്നപോലെ... ചിലപ്പോള്‍ നീര്‍ക്കുമിളകള്‍ പോലെ.... ശരത്കാലത്തിലെ മാറിക്കൊണ്ടിരിക്കുന്ന മേഘശില്‍പങ്ങള്‍ പോലെ... ചെറിയ ചെറിയ വിസ്മയങ്ങള്‍.. ചെറിയ ചെറിയ അനുഭൂതികള്‍ .. ചിലപ്പോള്‍ ഒറ്റ മൌസ്ക്ളിക്കില്‍ പൂട്ടി വെയ്ക്കാനാവാത്ത വേദനയുടെ, നിസംഗതയുടെ വായനാനുഭവങ്ങള്‍ ഈ കവിതകള്‍ സമ്മാനിച്ചു. ഇതിലെ ചില കവിതകളില്‍ വലിയ കനം തോന്നിയില്ലെങ്കിലും കനമുള്ള കവിതകളുടെ മുഴുവന്‍ ഊര്‍ജ്ജവും ഊറ്റിയെടുക്കാന്‍ കഴിയാതെ പോയ ചില സന്ദര്‍ഭങ്ങള്‍ ഇവിടെ ഈ കവിതകള്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായി. അത്‌ എന്‍റെ ഒരു പരിമിതിയായി ഞാന്‍ മനസ്സിലാക്കുന്നു. താഴെ പറയുന്ന മൂന്നു കവികളെയാണ്‌ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചത്‌.

ഒന്ന്: ഒപ്പരം, രചയിതാവ്‌: റഫീക്ക്‌, ലിങ്ക്‌: www.umbachy.blogspot.com/
രണ്ട്‌: പച്ച, രചയിതാവ്‌: സെറീന, ലിങ്ക്‌: www.herberium.blogspot.com/
മൂന്ന്: രാപ്പനി, ടി. പി. അനില്‍ കുമാര്‍, ലിങ്ക്‌: www.raappani.blogspot.com/

ഒപ്പരം - ഉമ്പാച്ചി

സമകാലീന സാഹിത്യ ജീവിതത്തിന്‌ ഒപ്പം നടക്കുന്നവയാണ്‌ ഒപ്പരം എന്ന റഫീക്കിന്‍റെ ബ്ളോഗ്ഗിലെ കവിതകള്‍. അസാധാരണവും സത്യസന്ധവുമായ ഒരു ഭാഷയാണ്‌ റഫീക്കിന്‍റെ കൈമുതല്‍. ആത്മാവിന്‍റെ ആര്‍ദ്രസ്വരങ്ങളെ വരികളില്‍ വളരെ തന്‍മയത്തോടെ സന്നിവേശിപ്പിക്കാന്‍ റഫീക്കിന്‍റെ ആഖ്യാനത്തിനു കഴിയുന്നു. അതുകൊണ്ടുതന്നെ സമകാലീന മലയാളം കവിത ബ്ളോഗ്ഗുകളില്‍ നിന്ന് റഫീക്കിന്‍റെ ബ്ളോഗ്ഗിന്‌ വേറിട്ട ഒരു ഇടം കാത്തു സൂക്ഷിക്കാനാകുന്നു. താന്‍ ജീവിക്കുന്ന തനി നാടന്‍ ഗ്രാമപ്രദേശത്തിന്‍റെ, മുറ്റത്ത്‌ ഓടി നടക്കുന്ന വെയിലിന്‍റെ ആഖ്യാനം സ്വന്തം കവിതകളില്‍ അതി വിദഗ്ദമായി പുനഃസൃഷ്ടിക്കുന്നു.

ഇപ്പോഴും
നിരത്തിലിറങ്ങി
അടുത്ത ബസ്സിന്‌
പോയാലോ എന്നു നില്‍പാണ്‌
അങ്ങാടി,

അടിപിടിയുണ്ടാക്കിയും
തീവച്ചും
നോക്കിയതാണ്‌
എന്നിട്ടും
എങ്ങും
പോയിട്ടില്ല
ഇതു വരെ...
___________തിരുവള്ളൂര്‌

തികച്ചും സാധാരണമായ ജീവിത പരിസരങ്ങളില്‍ നിന്നും കണ്ടെടുക്കുന്ന ബിംബങ്ങളിലൂടെ വിരിയിച്ചെടുക്കുന്ന ആഖ്യാന ശില്‍പം ഏറെ പരീക്ഷിക്കപ്പെട്ടതും കൊണ്ടാടപ്പെടുന്നതുമായ ഒന്നാണ്‌. പക്ഷെ റഫീക്കിനെ വേര്‍തിരിച്ചു നിര്‍ത്തുന്നത്‌ കവിതയുടെ പ്രമേയ സാധ്യതകളെ ചൂഷണം ചെയ്യുന്ന വൈഭവം കൊണ്ടാണ്‌. ചുരുക്കം ചില കവിതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍. വെറും വിസ്മയങ്ങള്‍ ജനിപ്പിക്കുന്ന ഒറ്റ ബിംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരിമുറിക്കവിതകളെഴുതുന്ന ചില പുതുരീതികള്‍ റഫീക്കിന്‍റെ വഴിയേ അല്ല എന്നു അദ്ദേഹത്തെ ആഴത്തില്‍ വായിക്കുമ്പോള്‍ മനസ്സിലാകും "മരങ്ങളിലെ വെളുത്ത ദളിതന്‍", "501", എന്നീകവിതകള്‍ റഫീക്കിന്‍റെ പതിഭയുടെ സാക്ഷ്യ പത്രങ്ങളാണ്‌. ചെറിയ ആശയത്തെ ആഖ്യാന തന്ത്രം കൊണ്ട്‌ ത്രിമാനങ്ങള്‍ സൃഷ്ടിക്കുന്ന കാവ്യ വൈഭവം റഫീക്കിനുണ്ട്‌ "സ്വപ്ന വാങ്മൂലം", "കുമരനല്ലൂരിലെ കുളങ്ങള്‍" എന്നീ കവിതകളില്‍ കാണാം.

ഉത്തരാധൂനിക ഹാങ്ങോവറില്‍ വീഴാതെ തന്നെ ഈ കവിതകള്‍ നല്ലൊരു പാരായണത്തിനിണങ്ങുന്നവയാണ്‌. "ആദ്യത്തെ ബസിനു തന്നെ പോകാനുള്ള കാരണം", "വരികള്‍", അസ്തമയം, ഹെയര്‍ ബെന്‍റ്‌, തുടങ്ങി തനി ബ്ളോഗ്ഗുകവിതകളും റഫീക്‌ എഴുതിയിട്ടുണ്ട്‌. അസാധാരണമായ കൈയ്യൊതുക്കവും ആവിഷ്ക്കാരത്തിലെ മനോഹരമായ നാടന്‍ ശീലും റഫീക്കിന്‌ കൈമുതലായുണ്ടെങ്കിലും അദൃശ്യമായ ഒരു ചട്ടക്കൂട്‌ വിട്ട്‌ റഫീക്കിന്‍റെ കവിതകള്‍ സ്വാതന്ത്യം പ്രാപിക്കുന്നത്‌ കാണാനാവുന്നില്ല.

പച്ച - സെറീന

പുതു കവിതയുടെ യൌവനതീക്ഷണമായ ഭാവമാണ്‌ സെറീനയുടെ കവിതാബ്ളോഗ്ഗില്‍ ചെന്നാല്‍ കാണാനാവുക. അപ്രതീക്ഷിതമായ വിസ്മയങ്ങള്‍ വരികളില്‍ വായനക്കാരനെ കാത്തുകിടക്കുന്നു. ഒരു പുനര്‍വായനയ്ക്ക്‌ പ്രേരിപ്പിക്കുന്ന രചനാ സാമര്‍ത്ഥ്യം സെറീനയുടെ കവിതകള്‍ക്കുണ്ട്‌. ഞാറ്റുവേലകളെ നീര്‍ത്തിയിട്ട പച്ചയെന്ന ബ്ളോഗ്ഗില്‍ ചില കവിതകള്‍ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച പെണ്‍ വാഴ്‌വിന്‍റെ അസ്വസ്ഥതകള്‍ അമിട്ടുകള്‍ പോലെ ആഞ്ഞുപൊട്ടുന്നു.

“എന്നും അടുപ്പുകല്ലുകള്‍ക്കിടയില്‍
കൂട്ടി വെച്ച് മണ്ണെണ്ണ പകരുമ്പോള്‍
എനിക്ക് കേള്‍ക്കാവുന്ന സ്വരത്തില്‍
ചിരട്ടകള്‍ക്ക് ഒരാത്മാഗതമുണ്ട്,

ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
ഏറ്റവും നല്ല കനലാകാന്‍?”
___________________ തീപ്പെടാന്‍

ഓര്‍ക്കാപ്പുറത്താണ്‌ സെറീനയുടെ കവിത വഴിവിട്ടു പായുന്നത്‌.... മഴയും, പച്ചയും, പൂവും, പക്ഷിയും ഒക്കെ സെറീനയുടെ കയ്യില്‍ മന്ത്ര മധുരമായ ബിംബങ്ങളായി പുനര്‍ജ്ജനിക്കുന്നു.

തെരുവിലേയ്ക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ചു കേറി വരും
കരഞ്ഞു തളര്‍ന്നൊരു മഴ.
അറവുശാലയിലെ ചോരയും
നഗരവും വീണു പുഴുക്കുന്ന
ഓടകളിലേയ്ക്ക് തകര്‍ന്നു വീഴുന്നു
അതിന്‍റെ പളുങ്ക് കൊട്ടാരം
-----_______________________രണ്ടു മഴകള്‍

പുതുകവിതയുടെ എല്ലാ ആസ്വാധ്യതയും നിലനിര്‍ത്തിക്കൊണ്ട്‌ തനതായ ഒരു മൌലികത സെറീനയുടെ കവിതകളില്‍ ദര്‍ശിക്കാനാകും. പക്ഷെ പൊതുവെ പുതുകവിതകളില്‍ കണ്ടു വരുന്ന ഒരു തരം നിസ്സാരവല്‍ക്കരണം സെറിനയുടെ കവിതകളില്‍ അറിഞ്ഞോ അറിയാതെയോ നടക്കുന്നുണ്ട്‌. ബ്ളോഗ്ഗുകവിതകളില്‍ പൊതുവെ ദര്‍ശിക്കാവുന്ന വിസ്മയിപ്പിക്കുന്ന ഒറ്റ ബിംബങ്ങള്‍, അവസാന വരിയിലെ ട്വിസ്റ്റിങ്ങുകള്‍.. എന്നിവ സെറിനയുടെ കവിതകളിലും കാണാം. ഒരു കവിതയില്‍ നിന്ന്‌ മറ്റൊരു കവിതയുടെ ഈണം പിടിച്ചു കേറി കവിതകളില്‍ ഒരേ രീതിയിലുള്ള ആഖ്യാനശീലക്കേടുകള്‍ കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരനുഭവം സെറീനയുടെ കവിതകളില്‍ ഞാന്‍ കാണുന്നു. ഒറ്റ നോട്ടത്തിലല്ല ആഴത്തില്‍ പഠിക്കാനെടുക്കുമ്പോള്‍ ശീലം തെറ്റിയ മഴപോലെ വായനക്കാരനെ കബളിപ്പിക്കുന്നു. സെറീനക്കവിതകള്‍ ഒരു നല്ല വായനക്കാരനില്‍ നിറയ്ക്കുന്ന വേദന ഇതായിരിക്കും 'ഒരേ ബിംബത്തെ പൊളിച്ചടുക്കി പൊളിച്ചടുക്കി ഇവള്‍ സ്വന്തം നിഴലില്‍ ഒളിച്ചു കളിക്കാതിരുന്നെങ്കില്‍... '

രാപ്പനി - ടി. പി. അനില്‍കുമാര്‍

ഉത്തരാധുനിക കവിതയുടെ ചൂടും ചൂരും തികഞ്ഞ മൌലിക ബിംബകല്‍പനകളിലൂടെ അസാധാരണ അഖ്യാന മികവോടെ അനില്‍ തന്‍റെ രാപ്പനി എന്ന ബ്ളോഗ്ഗിലൂടെ നല്ലൊരു കാവ്യ ആസ്വാദനം വായനക്കാരനു നല്‍കുന്നു. ബ്ളോഗ്ഗിലെ പതിവ്‌ ട്രെന്‍ഡുകളില്‍ നിന്ന്‌ മാറി നില്‍ക്കുന്നവയാണ്‌ അനിലിന്‍റെ കവിതകളും. വായനക്കരന്‍റെ മനസ്സില്‍ അസ്വസ്ഥതകള്‍ അതിവിദഗ്ദമായി വാരിവിതറുന്ന അനിലിന്‍റെ രചനയുടെ രസതന്ത്രം ബൂലോകത്തിന്‌ പുതിയൊരു വായനാനുഭവം സമ്മാനിക്കുന്നു. ഏറെ പഴയതെന്ന്‌ ഒറ്റ വായനയില്‍ തോന്നുന്ന ചില പ്രമേയങ്ങള്‍ക്ക്‌ അനിലിന്‍റെ ആവിഷ്ക്കാര മികവില്‍ ഒരു ഫ്രഷ്നസ്സ്‌ കൈവരുന്നു.

പെണ്ണു പിന്നെയും പെറ്റു
പെണ്ണിനെത്തന്നെ
ബേന്‍ ചൂത്ത്‌!
എന്തുചെയ്യുമതിനെ
അഞ്ചാമതും പിറന്നത്‌
പിശാചിന്റെ സന്തതി
വെടിവച്ചു കൊല്ലണം
___________അച്ഛന്‍

സമകാലികതയ്ക്കൊപ്പം നടക്കുന്ന‌ ഈ കവിയുടെ കവിതകള്‍ എല്ലാം തന്നെ ഒരു പുനര്‍വായനയ്ക്ക്‌ പ്രേരിപ്പിക്കുന്നവയാണ്‌. മറ്റു ബ്ളോഗ്ഗുകവികള്‍ സൃഷ്ടിക്കുന്നതു പോലെ ഞെട്ടിപ്പിക്കുന്ന ബിംബങ്ങളല്ല അനിലിന്‍റെ കവിതയുടെ പ്രത്യേകത. ആഖ്യാനത്തില്‍ ആദ്യം മുതല്‍ അവസാനം വരെ ഈ കവി കാത്തു സൂക്ഷിക്കുന്ന ജാഗ്രത്ത്‌ - ട്രീറ്റ്മെന്‍റ്‌ ആണ്‌ വായനക്കാരനെ ഈ കവിതകളോടടുപ്പിക്കുന്നത്‌. "അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്‍റെ ഏഴാം നാള്‍" എന്ന കവിത ഇതിനുദാഹരണമാണ്‌. കറുത്തവന്‍റെ സംഗീതവും വിനോദങ്ങളേയും ആഘോഷങ്ങളേയും പട്ടിണിക്കിടയിലും അവന്‍ ശമിപ്പിക്കുന്ന ലഹരിയുടെ തൃഷ്ണകളെ ഏറെ മികവോടെ അനില്‍ അവതരിപ്പിക്കുന്നു.

ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത
ഒരു പാട്ടുകാരന്‍
പാടുവാന്‍ തുടങ്ങുമ്പോള്‍
ഇല്ലായ്മകളുടെ രൂപകംപോല്‍
മുന്‍‌വരിയിലെ പല്ലില്ലായ്മ
തുറിച്ചു നോക്കുന്നു

അവന്റെ, പാട്ടിനൊക്കും
വിലാപത്തില്‍
ഉണങ്ങിയ ആമാശയവുമായ്‌
ഒരു നാട്‌, അവിടെ
കരിന്തൊലിയാല്‍ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങള്‍
കരിഞ്ഞ പുല്‍മേടുകള്‍
പാട്ടിനൊപ്പമുള്ള
ഓരോ ചുവടിലും
ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍
___________അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍

ഭാവാത്മകമായ ഈ കവിതകളില്‍ പുതു കവിതയില്‍ പൊതുവെ കണ്ടുവരുന്ന നാട്ടുവര്‍ത്തമാനത്തിന്‍റെ ശീലുകള്‍ അനില്‍ ഉപയോഗിക്കുന്നതായി എവിടേയും കാണുന്നില്ല. സത്യത്തില്‍ ഇതൊരു ആശ്വാസമാണ്‌.

ഒള്ളതോണ്ടോണണ്ടാക്കാം
എന്റെ കുട്ടമോനൊന്ന് വന്നാ മതി
പൂത്തറ ചെതല്‌ തട്ടി വയ്ക്കാം
പറമ്പില്‌ തുമ്പപ്പൂവൊന്നുണ്ടാവില്ല
മുറ്റത്തെ ചെത്തി പൂക്കണില്ല
ഞങ്ങളൊന്നും പൂച്ചെടികളല്ലാന്നാ
നന്ത്യാറ്വട്ടോം ചെമ്പരത്തീം
__________________സ്മൈലി

ആഖ്യാനത്തിന്‍റെ അനില്‍ ടെക്നിക്ക്‌ കൂടുതല്‍ വെളിവാകുന്ന കവിതയാണ്‌ "കയിലുകുത്ത്‌" എന്ന കവിത. പ്രമേയ സ്വീകരണത്തിലെ അനില്‍ ടെച്ച്‌ കവിതയുടെ അവസാന വരി വരെ സുരക്ഷിതമായി മുന്നോട്ടു പോകുന്ന കാഴ്ച്ച ഈ കവിതയില്‍ കാണാവുന്നതാണ്‌.

വിഷു വരുന്നു
ഉപയോഗിക്കാനാളില്ലാതെ
വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍
‍വെറുതെയെന്തിനാ കുഞ്ഞേ
ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്‌
കയിലും കുത്തി നടക്കണ്‌!
______________കയിലുകുത്ത്‌

"മഷിയുണങ്ങുന്ന വെയില്‍" എന്ന കവിത എഴുത്തിന്‍റെ പുതിയ പ്രതിസന്ധികളേയും ആവിഷ്ക്കാരത്തിന്‍റെ സത്യസന്ധയേയും പല്ലു ഞെരിക്കുന്ന ഹാസ്യത്തോടെ വലിച്ചു പുറത്തിടുന്നു.

ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണ്
ടെലിവിഷന്‌
അഭിമുഖത്തിനായിരിക്കുമ്പോള്‍
അവളുടെ മുലയിലായിരുന്നു
എന്റെ കണ്ണ്
എന്ന് പറയുന്നതിനു പകരം,
ചലച്ചിത്രോല്‍സവത്തിന്റെ
ഉത്സാഹികള്‍ക്കിടയില്‍നിന്ന്,
വെയില്‍തിന്ന പക്ഷി,
"കാറപകടത്തില്‍പെട്ടു മരിച്ച വഴിയാത്രക്കാരന്റെ
ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍നിന്നും പറന്ന
അഞ്ചുരൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ്" ***
എന്ന് പറയുന്നതു കണ്ടു.
__________________മഷിയുണക്കുന്ന വെയില്‍

പുതുകവിതയിലെ സാമുഹികവും സൌന്ദര്യപരവുമായ നടപ്പു രീതികളെക്കുറിച്ചുള്ള വിമര്‍ശങ്ങളെ മറികടക്കേണ്ടിവരികയാണെങ്കില്‍ ടി. പി. അനിലിന്‍റെ ഇപ്പോഴത്തെ രചനാശൈലി എങ്ങനെ പുതിയൊരു സങ്കേതത്തിലേക്ക്‌ കൂടുമാറും എന്നറിയാന്‍ കൌതുകമുണ്ട്‌.
________________________________________________________________________________________

ഒരു പ്രമുഖ ബൂലോക പത്രത്തിനുവേണ്ടി തയ്യാറാക്കിയ ഈ കുറിപ്പ്‌ ജോലിത്തിരക്കുകള്‍ മൂലം പൂര്‍ത്തിയാക്കാന്‍ കാലം താമസം ഉണ്ടായി അതുകൊണ്ട്‌ ഇവിടെ പഠിക്കാനെടുത്ത ബ്ളോഗ്ഗുകളിലെ പുതിയ പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല സന്തോഷ്‌ എച്ച്‌. കെ., സുനില്‍ പണിക്കര്‍, തുടങ്ങിയവരുടെ ബ്ളോഗ്ഗുകളില്‍ നടന്ന കവിതാ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന പൊതു ധാരയെ സമന്വയിപ്പിക്കണമെന്ന എന്‍റെ ആഗ്രഹവും ഇവിടെ നിറവേറാതെ പോയി. ഇനികാത്തു നില്‍ക്കുന്നത്‌ പന്തിയല്ലെന്നതു കൊണ്ട്‌ ഞാനിതിവിടെ പോസ്റ്റുന്നു... (ഇവിടെ പരാമശിക്കപ്പെട്ട കവികളോട്‌ ഒരുഭ്യര്‍ത്ഥന; നിങ്ങളുടെ വരികളോട്‌ ഒരു സാധാരണക്കരനില്‍ സാധാരണക്കാരനായ വായനക്കാരന്‍റെ ഭാഗത്തു നിന്നുള്ള ഒരു സമീപനമായി ഇതിനെ കണ്ടാല്‍ മതി. സമയക്കുറവുകൊണ്ട്‌ ഇത്രയുമൊക്കെയെ ചെയ്യാന്‍ കഴിഞ്ഞുള്ളു ക്ഷമിക്കുക)

2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

കവിതയുടെ സ്പെഷ്യല്‍ വാര്‍ഡ്‌



വായിക്കുംതോറും കൈയ്യില്‍ നിന്ന്‌ കവിത അലിഞ്ഞലിഞ്ഞ്‌ ഇല്ലാതെയാകുന്ന ഒരു അവസ്ഥ അജീഷ്‌ ദാസന്‍റെ "കാന്‍സര്‍ വാര്‍ഡ്‌" എന്ന കവിത സമാഹാരം വായിക്കുമ്പോള്‍ ഉണ്ടാകുന്നു. പഴകിയ പ്രമേയത്തിന്‍റേയും വെട്ടിപരിക്കേല്‍പ്പിക്കപ്പെട്ട കൃതൃമമായ ആഖ്യാനത്തിന്‍റേയും ഉത്തരാധൂനിക ഭാരങ്ങളില്ലാതെ അജിത്‌ ദാസന്‍റെ കവിതകള്‍ വായനക്കാരനെ കടന്നു പോകുന്നു. ആദ്യ വായനയില്‍ തന്നെ ഒരു വായനക്കാരന്‌ അജീഷിന്‍റെ കവിതകളില്‍ നിന്നുളവാകുന്ന ഒരു പ്രധാന അനുഭവം പുതുകവിതയുടെ ഇതുവരെ പരിചയിച്ച ആഖ്യാന പരിസരങ്ങളില്‍ നിന്നു മാറി പുതിയ ഒരു ലോകത്ത്‌ നിന്നുകൊണ്ട്‌ കവിതകള്‍ വായിക്കാനാവുന്നു എന്നതാണ്‌. പുതു കവിതയുടെ സങ്കേതങ്ങളെക്കുറിച്ച പി. പി. രാമചന്ദ്രന്‍ വി. മോഹനകൃഷ്ണന്‍റെ "വയനാട്ടിലെ മഴ" എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ ഇങ്ങിനെ പറയുകയുണ്ടായി.

"അര്‍ത്ഥംവെച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളായി ചുരുങ്ങുമൊ നമ്മുടെ കവിതയിലെ പുതുമകള്‍....? ചരിത്രം രാഷ്ട്രീയം സംസ്കാരം എന്നിവയെ ചൊല്ലിയുള്ള ഉത്കണ്ഠകള്‍ അവ്യക്തമാവാത്ത കേവലം ഭാഷാ നിര്‍മ്മിതികളായി പരിണമിക്കുമൊ അത്‌..."

വി. മോഹനകൃഷ്ണന്‍റെ കവിതാ പുസ്തകത്തിന്‍റെ അവതാരികയിലായതിനാലാവാം ഇതൊരു വലിയ ആശങ്കയായി പി. പി. രാമചന്ദ്രന്‍ അവതരിപ്പിച്ചു കണ്ടില്ല. എന്നാല്‍ പുതിയ കാലത്തില്‍ ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കവിതാ രചന നടത്തുന്ന എല്ലാവരിലും രാമചന്ദ്രന്‍ മാഷിന്‍റെ ഈ വാക്കുകള്‍ തെല്ലൊരു ആശങ്ക നിറക്കുന്നുണ്ട്‌ എന്നത്‌ സത്യമാണ്‌.

ഡീ.സി. ബുക്സ്സ്‌ പ്രസിദ്ധീകരിച്ച മുപ്പത്തിനാലു കവിതകളടങ്ങുന്ന "കാന്‍സര്‍ വാര്‍ഡ്‌" എന്ന അജീഷ്‌ ദാസന്‍റെ കൊച്ചു കവിതാസമാഹാരം നവ കവിതാ സാഹിത്യത്തില്‍ വേറിട്ട വ്യക്തിപരമായ ഒരു സ്വത്വം കാത്തു സൂക്ഷിക്കുന്നു. പി.പി. രാമചന്ദ്രന്‍റെ അഭിപ്രായത്തില്‍ "അര്‍ത്ഥം വെച്ചുകൊണ്ടുള്ള കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക്‌..." അപ്പുറം നില്‍ക്കുന്ന ലളിതവും ഓജസ്സുറ്റതുമായ ഒരു സങ്കേതം അജീഷ്‌ ദാസന്‍ അദ്ദേഹത്തിന്‍റെ കവിതകളില്‍ വികസിപ്പിച്ചിരിക്കുന്നു.

പുതു കവികളില്‍ പ്രശസ്തരായ എസ്‌. ജോസഫ്‌, മോഹനകൃഷ്ണന്‍ കാലടി തുടങ്ങി പ്രമുഖരായ പല കവികളേയും വായിക്കുമ്പോള്‍ ചില പൊതുവായ സാദൃശ്യങ്ങള്‍ കാണാനാവും വളര്‍ന്നു വരുന്ന യുവ കവികള്‍ക്ക്‌ അനുകരക്കാനാവുന്ന ഒരു ഭാഷാ സങ്കേതം നവകവിതയില്‍ ഇന്ന്‌ സാര്‍വ്വത്രികമാണ്‌. എന്നാല്‍ അജീഷ്‌ ദാസന്‍റെ കവിത ഈ സാര്‍വ്വത്രികമായ ഭാഷാ സങ്കേതങ്ങളുമായി ഒരിക്കലും കൂട്ടികെട്ടാനാവാത്ത തരത്തില്‍ തികച്ചും വൈയ്യക്തികമെന്നു വിശേഷിപ്പിക്കാവുന്ന വളരെ ലളിതമായ ഒരു ആഖ്യാന തന്ത്രം കൈക്കൊണ്ടിരിക്കുന്നു.

"ഒരു മഴത്തുള്ളി
മറ്റേത്തുള്ളിയോടു ചെയ്യുന്നതു കണ്ടാല്‍
സഹിക്കുകേല ദൈവമേ....

ഇന്നലെ സന്ധ്യയ്ക്ക്‌
റബ്ബര്‍ത്തോട്ടത്തിലൂടെ
വീട്ടിലേക്കു വരുമ്പോള്‍
ഹൊ!
റബ്ബര്‍ മരത്തോടു ചേര്‍ത്തു നിര്‍ത്തി
ഒരു തുള്ളി
മറ്റേതിനെ ആഞ്ഞുമ്മവെക്കുന്നു.
പാവം മറ്റേത്തുള്ളി,
തള്ളി മറിച്ചിട്ട്‌
കുതറിയോടുന്നതിനിടയില്‍
പുല്ലില്‍ വീണൂപോയിട്ടും
വിട്ടില്ല.
പുല്ലില്‍ മറിച്ചിട്ട്‌
തുടകള്‍ കവച്ചു കിടത്തി
ആഞ്ഞാഞ്ഞുമ്മവെക്കുന്നു.
എന്‍റെ ദൈവമേആഞ്ഞാഞ്ഞാഞ്ഞുമ്മ വെക്കുന്നു.

ഇതെല്ലാം കണ്ടുകൊണ്ടുള്ള
റബ്ബര്‍ മരത്തിന്‍റെ
ആ നില്‍പ്പു കണ്ടാല്‍
ഒട്ടും സഹിക്കുകേല, ദൈവമേ....
--- രണ്ടു തുള്ളികള്‍

വായ്‌വര്‍ത്തമാനത്തിന്‍റെ രീതി ശാസ്ത്രങ്ങള്‍ക്കും അതീതമായി ഒരു അദൃശ്യമായ ഊര്‍ജ്ജം ഈ വരികളില്‍ വമ്മുക്ക്‌ വായിച്ചെടുക്കാനാവും. കാവിതാ വായനയുടെ യാതൊരു ജാഢകളും മുന്‍വിധികളുമില്ലാതെ വേണം ഈ കവിതകള്‍ വായിച്ചു പോകാന്‍. ഈ സമാഹാരത്തിലെ മിക്ക കവിതകളും അജീഷിന്‍റെ കൈയ്യൊപ്പുള്ള നവ കവിതയ്ക്ക്‌ തികച്ചും അപരിചിതമായ ഒരു ആഖ്യാന ലോകമാണ്‌.

തീരത്ത്‌ അഴുകിയ
ഒരു ശവം.

പൊടുന്നനേ,

ആളുകളെ വകഞ്ഞു മാറ്റി
അവന്‍റെ തലക്കല്‍ പിടിച്ച്‌
കുട്ടികള്‍:
"അച്ഛാ... !"

പൊടുന്നനെ,

മണലു വകഞ്ഞുമാറ്റി
അവന്‍റെ കാല്‍ക്കല്‍ പിടിച്ച്‌
തിരകള്‍:
"മകനേ.... !"
____ പ്രിയപ്പെട്ട ഇരേ...



ചുമ്മാ മണിയടിച്ച്‌
ഓറങ്ങിക്കെടന്നവരെ മുഴുവന്‍
വിളിച്ചെണീപ്പിച്ചിട്ട്‌
അച്ചനിവിടിരുന്ന്കരയുവാന്നോ.
ഇതെന്നാ എടപാടാ എന്‍റച്ചോ ?
ദെണ്ണം കോണ്ടാന്നേല്‍
രണ്ടെണ്ണം വീശിയേച്ച്‌
എവിടെയെങ്കിലും
മാറിക്കെടന്ന് ഒറങ്ങാനുള്ളതിന്‌
ചുമ്മാ....

__________ദുഃഖവെള്ളിയാഴ്ച

ലളിത പദങ്ങളിലൂടെ അസാധാരണമായ രീതിയില്‍ ഭിംബങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ട്‌ മരണത്തിന്‍റേയും രോഗത്തിന്‍റേയും മനുഷ്യാവസ്ഥകളിലെ വിറങ്കലിച്ച നിമിഷങ്ങളെ അയത്ന ലളിതമായി അജീഷ്‌ "കാന്‍സര്‍ വാര്‍ഡ്‌" എന്ന കവിതയില്‍ വരച്ചു വയ്ക്കുന്നു.

കട്ടിലില്‍ പിടയുന്ന ആ-
അമ്മയെ കാണാന്‍ വയ്യാഞ്ഞാവാം
ഒരു മകന്‍
ജനാലയ്ക്കരികില്‍ വന്ന്
പുറത്തേക്കു നോക്കി
കണ്ണുകളടച്ച്‌
വിതുമ്പുന്നത്‌.

_______കാന്‍സര്‍ വാര്‍ഡ്‌

അജീഷ്‌ വായനക്കാരനെ സ്വന്തം സല്‍ക്കാരമുറിയിലേക്ക്‌ കൊണ്ടുപോയി കുശലം പറഞ്ഞ്‌ വിട്ടയക്കുന്നതുപോലെ ഒരനുഭവം ഈ പുസ്തകത്തില്‍ നിന്ന്‌ ഉണ്ടാകുന്നു. ഈ പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോള്‍ എന്നെ പുതിയൊരു ചിന്താ കുഴപ്പത്തിലേക്ക്‌ ചില കാര്യങ്ങള്‍ നയിക്കുകയുണ്ടായി. ഇതുവരെ പരിചയിച്ചിട്ടില്ലാത്ത കാവ്യ പരിസ്ഥിതിയില്‍ നിന്ന്‌ പുസ്തകം അടച്ചു വയ്ക്കുമ്പോള്‍ ഒരു സംശയം ബാക്കിനില്‍ക്കുന്നു. പുസ്ത്കത്തിന്‍റെ ചട്ടയിലെ പിന്‍കുറിയില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ

"വൈകാരിക പാരമ്യത്തിന്‍റേയും ഭാവലയങ്ങളുടേയും ദര്‍ശന ഗരിമകളുടേയും അതുല്യാവിഷ്ക്കാരമായി കവിതയെ കാണുന്നില്ല ഇവിടെ. ലക്ഷണമൊത്തവെയെന്ന്‌ സാമാന്യ ലോകം വ്യവഹരിക്കുന്നതിനെയെല്ലാം വിലക്ഷണമാക്കി നിര്‍മ്മിക്കുകയാണ്‌ ഇവിടെ ഓരോ കവിതയും. അതില്‍ ആത്മ പരിഹാസവും പരപരിഹാസവും കാവ്യ പരിഹാസവുമുണ്ട്‌. പുതിയ കവിതയ്ക്ക്‌ ഒരു ദിശാ സൂചി കൂടി".

പുതിയ കവിതയ്ക്ക്‌ ഒരു ദിശാ സൂചി കൂടി....?? അജീഷിന്‍റെ വ്യക്തി സത്തയോട്‌ - ആദ്ദേഹത്തിന്‍റെ വാമൊഴി വഴക്കത്തിന്‍റെ ശൈലിന്യാസങ്ങളോട്‌, ചേര്‍ന്നു നില്‍ക്കുന്ന ഈ കവിതകളെ ആര്‍ക്കാണ്‌ ഒരു ദിശാസൂചിയായി കണക്കാക്കാനാവുക. ഈ കവിതകള്‍ നവ കവിതയുടെ ദിശാ സൂചിയല്ല മറിച്ച്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു കാവ്യ പ്രതിഭാസമാണ്‌. ഒരനുകരണത്തിനും വഴങ്ങിക്കൊടുക്കാത്ത വായ്മൊഴി വഴക്കത്തിന്‍റെ - ആത്മാവിന്‍റെ ശബ്ദങ്ങള്‍ നാട്ടു ഭാഷയിലെഴുതി വച്ച ഒരാളുടെ വായ വര്‍ത്തമാനങ്ങളാണ്‌ ഈ പുസ്തകത്തിലെ കവിതകള്‍

2009, ജൂലൈ 23, വ്യാഴാഴ്‌ച

അധിനിവേശകാലത്തെ സര്‍ഗ്ഗാത്മകതയും പ്രാദേശിക സാംസ്കാരിക മുദ്രകളും

ആധുനിക ഉത്തരാധൂനിക സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കുശേഷം എഴുത്തുകാര്‍ മടങ്ങിയത്‌ സ്വന്തം തടവറകളിലേക്കാണ്‌. പുത്തന്‍ അധിനിവേശം രുപപ്പെടുത്തിയ ജീവിതത്തിലെ ഭീഷണികളെ ഒറ്റയ്ക്കൊറ്റയ്ക്ക്‌ നേരിടുന്നതാണ്‌ ഇന്നത്തെ ഒരു സര്‍ഗ്ഗാത്മക രീതി. അവര്‍ ആത്മാവിന്‍റെ അടച്ചിട്ട മുറികളില്‍ ഇരുന്ന്‌ സ്വന്തം കൃതികളില്‍ രുപപരമായ പരീക്ഷണങ്ങള്‍ നടത്തുന്നു. ഈ പരീക്ഷണങ്ങള്‍ ഒരു പ്രസ്ഥാനത്തിന്‍റെയും പിന്‍തുടര്‍ച്ചയല്ല എന്ന്‌ ചിലകൃതികള്‍ നമ്മെ വിസ്മയിപ്പിക്കും. കാല്‍പ്പനികതയ്ക്കും ആധുനിക ഉത്തരാധുനിക, പുരോഗമന കലാ സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കും ശേഷം സമകാലീന സര്‍ഗ്ഗാത്മക ജീവിതം വിശ്ളദമായ ഒരു അവസ്ഥയിലേക്കു മാറിയിട്ടുണ്ടെന്ന്‌ നാം ഇന്നു തിരിച്ചറിയുന്നു. വരും തലമുറ ഈ കാലഘട്ടത്തെ വിലയിരുത്തുക പോസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ കാലം എന്നായിരിക്കും. അനുനിമിഷം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്ര പരിതസ്ഥിതികളാണ്‌ എന്നെ ഇങ്ങനെ തോന്നിപ്പിച്ചത്‌. സമൂഹത്തിന്‌ സ്വന്തമായി ഒരു ചിന്താപദ്ധതിയും പ്രത്യയ ശാസ്ത്ര പരിതസ്ഥിതിയും നഷ്ടപ്പെടുന്നിടത്ത്‌ എഴുത്തുകാരന്‍ എഴുതുന്ന സാഹിത്യം എങ്ങിനെയുള്ളതായിരിക്കും. അവന്‍ അവണ്റ്റെ തടവറകളില്‍ നിന്ന്‌ സമൂഹത്തോട്‌ സംവദിക്കുന്നത്‌ എന്താണ്‌.

പഴയ പ്രാദേശിക സാംസ്കാരിക മുദ്രകള്‍ ദിനം പ്രതി മണ്‍ മറഞ്ഞു കൊണ്ടിരിക്കുന്നു. ലോകം പുതിയ ഒരു ജീവിത ക്രമത്തിലേക്ക്‌ സംക്രമിച്ചു കഴിഞ്ഞു. നമ്മുടെ സംസാരഭാഷയില്‍ ഉണ്ടായിരുന്ന ചില നാട്ടുശൈലികള്‍; ഉദാഹരണത്തിന്‌ ഇന്ന്‌ തൃശ്ശൂരും കോഴിക്കോടും തിരുവനന്തപുരവും സംസാരിക്കുന്ന പ്രദേശിക ഭാഷാ രീതികള്‍ ഏറെക്കുറെ വിലക്ഷണമായ ചില പുതു മാതൃകകള്‍ തേടുന്നതുകാണാം. ദൂരദര്‍ശനും കേബിള്‍ ടിവിയും പ്രചരിപ്പിക്കുന്ന അധിനിവേശത്തിന്‍റെ പുത്തന്‍ ഭാഷ - അതിലൂടെ നമ്മിലേക്ക്‌ നിറയുന്ന 'പരസ്യ' സംസ്കാരം - പുതിയ ജീവിത രീതികള്‍ ഇവയൊക്കെ അറിഞ്ഞൊ അറിയാതെയൊ നമ്മുടെ ചിന്താ പദ്ധതികളെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്‌.

പോസ്റ്റ്‌ കൊളോണിയലിസം എന്നു പറയുന്നതുപോലെ പോസ്റ്റു മാര്‍ക്സിസം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ ചരിത്ര പുസ്തകത്തിലെ ഇനിയൊരു ലാണ്റ്റ്‌ മാര്‍ക്ക്‌ ആയിരിക്കും. മാനവികതാ വാദത്തിലൂടെ നാം ഉണ്ടാക്കിയ വിപ്ളവ പ്രസ്ഥാനങ്ങള്‍ വൈദേശികാധിപത്യത്തിന്‍റെ അടിച്ചു തളിക്കാരായി മാറിയിരിക്കുന്ന ഈ അവസ്ഥയില്‍. അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന ജന സമൂഹത്തെ നിയന്ത്രിക്കാന്‍ പുതിയ യന്ത്രങ്ങള്‍ ഘടിപ്പിക്കേണ്ടതായി വന്നു. ജൈവീകമായ മനുഷ്യധ്വാനത്തിലധിഷ്ടിതമായ ജീവിതക്രമങ്ങള്‍ പലതും അപ്രത്യക്ഷമായി. കടത്തുതോണിക്കാരനും, കാളവണ്ടിക്കാരനും, കളിമണ്‍പാത്രക്കാരനും പഴയ കാലത്തിണ്റ്റെ മങ്ങിയ മുദ്രകളാണ്‌. മാനവികതാനിഷേധത്തിന്‍റെതെങ്കിലും പുതിയ യാന്ത്രിക ജീവിതത്തെ നമ്മളെല്ലാവരും സത്യത്തില്‍ വളരെ ഇഷ്ടപ്പെടുന്നു. സമയലാഭവും പുതിയ ജീവിതവേഗങ്ങളും നമ്മള്‍ അവശ്യപ്പെടുന്നു, അതിനൊത്ത സാങ്കേതിക വികാസങ്ങള്‍ക്കായി ദാഹിക്കുന്നു. ഇതോടൊപ്പം സമകാലിക ജീവിതത്തില്‍ കൂടിക്കൂടിവരുന്ന അരക്ഷിതാവസ്തയുടെ ഫലമായി നാം നമ്മുടെ തുരുത്തുകളില്‍ ഒതുങ്ങിക്കൂടി. ഞാന്‍, എന്‍റെ വീട്‌, ഭാര്യ, ടിവി, എന്‍റെ കുട്ടി, അവന്‍റെ പ്രോഗ്രസ്സ്‌ കാര്‍ഡ്‌; ഇതിനുമപ്പുറം ഒരു ചിന്തയ്ക്കും നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ലാതായി.

ആധുനികതാ പ്രസ്ഥാനമാണ്‌ പ്രദേശികമായ ജീവിതത്തിണ്റ്റെ പച്ചപ്പും തനതു മുദ്രകളും കൂടുതലായി കൃതികളില്‍ പ്രദര്‍ശിപ്പിച്ചത്‌. ഖസാക്കിന്‍റെ ഇതിഹാസവും, ബഷീര്‍, എന്‍. പി., മാധവിക്കുട്ടി, എം. ടി. തുടങ്ങിയവരുടെ കഥകളില്‍ ഇതു വായിച്ചെടുക്കാവുന്നതാണ്‌. സി. രാധാകൃഷ്ണനും, ആനന്ദുമാണ്‌ ഇതില്‍ നിന്ന്‌ കുറച്ചു വേറിട്ട ചില മുദ്രകളെ ആവിഷ്ക്കരിച്ചത്‌. എങ്കിലും മാനവികമൂല്യങ്ങളുടെ സമ്പന്നതകൊണ്ടും വൈകാരിക ജീവിത മഹൂര്‍ത്തങ്ങള്‍ കൊണ്ടും അവരുടെ കൃതികള്‍ മികച്ചു നിന്നു. പ്രത്യേകിച്ച്‌ സി. രാധാകൃഷ്ണന്‍റെ നോവലുകള്‍ കലുഷമായ ജീവിത പരിതോവസ്തകളെ ഗംഭീരമായി വരച്ചുകാട്ടി. ആനന്ദിന്‍റെ ഓരൊ വാക്കുകള്‍ക്കും അളവറ്റ തൂക്കം ഉണ്ടായിരുന്നു. എന്‍റെ അറിവു ശരിയാണെങ്കില്‍ ആനന്ദ്‌ ആധുനികതാ പ്രത്ഥാനത്തിന്‍റെ അവസാന പകുതിയലൊ മറ്റൊ ആണ്‌ അറിയപ്പെട്ടുതുടങ്ങിയത്‌.

വളരെ പ്രാദേശികമായ ഒരു ജീവിത പരിചയമൊ ഗോത്ര സാംസ്കാരിക മുദ്രകളൊ പുതിയ എഴുത്തുകാര്‍ക്ക്‌ ഇന്ന്‌ തികച്ചും അന്യമാണ്‌. പ്രത്യേയ ശാസ്ത്ര പരിസരങ്ങളും സാഹിത്യ പ്രസ്ഥാനങ്ങളും തകര്‍ന്നടിഞ്ഞ ഈ വര്‍ത്തമാനത്തില്‍ അധിനിവേശ മൂലധനത്തിന്‍റെ അടിവേരുകള്‍ ചികയുന്നത്‌ പഴയ തലമുറയില്‍പ്പെട്ട ഇടതുപക്ഷതീവ്രവാദ എഴുത്തുകാരുടെ ജോലിയാണ്‌ എന്ന്‌ പുതു തലമുറയിലെ എഴുത്തുകാര്‍ വിശ്വസിക്കുന്നു. എന്‍റെ അഭിപ്രായത്തില്‍ എം. എന്‍. വിജയന്‍ ആണ്‌ ഈ പഴയ തലമുറയിലെ അവസാനത്തെ കണ്ണി. പുതിയ സാമ്രജ്യത്വ മൂലധനത്തിന്‍റെ പ്രസരണശേഷിയും നമ്മുടെ സാസ്കാരിക ജീവിതപരിസരങ്ങളില്‍ അതു നിറയ്ക്കുന്ന മാലിന്യങ്ങളേയും വിജയന്‍മാഷ്‌ കാണിച്ചു തന്നു. സാംസ്കാരികപരമായ അധിനിവേഷശത്തിനെതിരെ മലയാള മനസ്സിനെ ജാഗരൂകമാക്കുക എന്നതായിരുു വിജയന്‍ മാഷിന്‍റെ ചിന്താ പദ്ധതിയുടെ ലക്ഷ്യം.

എങ്ങിനെയാണ്‌ നമ്മുടെ ദ്രാവിഡീയന്‍ ഗോത്ര സംസ്ക്കാരത്തിലെ സാംസ്കാരിക മുദ്രകള്‍ നമ്മുക്ക്‌ നഷ്ടപ്പെട്ടത്‌ എതിനെക്കുറിച്ചുള്ള അന്വേഷണം മുന്‍പു പലരും നടത്തിയിട്ടുള്ളതാണ്‌. വലതു പക്ഷ ചിന്തകള്‍ ഈ ച്യുതികളെ ഒരനിവാര്യതയായി കാണുന്നു. കടുത്ത മാനവികതാ വാദത്തിലൂന്നിയ യാന്ത്രിക നിര്‍വ്യാപന സമരങ്ങളെ അവര്‍ തികഞ്ഞ പിന്‍തിരിപ്പന്‍മാരുടെ സമരമായി മുദ്ര കുത്തുന്നു. പുതിയ ഇടതു പക്ഷ ചിന്തകള്‍ ഈ പ്രശ്നത്തിനുമേല്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചതായി ഈയിടെ കണ്ടിരുന്നു. സാങ്കേതിക പുരോഗതികളെ തടയിടാതെ തന്നെ അതിനിവേശത്തിണ്റ്റെ പുതിയ ചൂഷണ രീതികളെ തിരഞ്ഞു പിടിച്ച്‌ അക്രമിക്കുന്നു അവര്‍. മനുഷ്യനെ തികച്ചും അപ്രസക്തനാക്കുന്ന വൈറ്റ്‌ കോളര്‍ മേഖലയിലെ ചൂഷണ രീതികള്‍ക്കുനേരെ പുതിയ ഇടതുപക്ഷ ചിന്തകള്‍ നിരന്തര സംഘട്ടനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്‌.

മതാചാരങ്ങളുടേയും ക്ഷേത്രകലകളുടേയും കാല്‍പനിക പരിസരങ്ങള്‍ വിട്ട്‌ സിനിമാറ്റിക്‌ ഡാന്‍സിന്‍റെയും റിയാലിറ്റിഷോകളുടേയും ലോകത്തില്‍ നിന്നുകൊണ്ടുള്ള സര്‍ഗ്ഗാത്മക ജീവിതത്തില്‍ നാം രൂപപ്പെടുത്തുന്ന സാഹിത്യം തികച്ചും വേറിട്ടു നില്‍ക്കുന്നതൊ ഒരു സാഹിത്യ പ്രസ്ഥാനത്തിന്‍റേയും പിന്‍തുടര്‍ച്ചക്കാരല്ലാതാവുകയൊ ചെയ്യുന്നത്‌ സ്വാഭാവികമാണ്‌. പുതിയ ജീവിത പരിതസ്ഥിതികളുടെ അര്‍ത്ഥ രാഹിത്യത്തേയും മൂല്യച്യുതികളേയും കുറിച്ചുള്ള നിശബ്ദ നിലവിളികളാണ്‌ പുതിയ എഴുത്തുകള്‍. സക്കറിയ, എന്‍. എസ്‌. മാധവന്‍, സന്തോഷ്‌ എച്ചിക്കാനം, സുഷ്മേഷ്‌ ചന്ദ്രോത്ത്‌, തുടങ്ങി പലരും അറ്റുപോയ പ്രാദേശിക സംസ്കാരത്തിന്‍റെ കണ്ണികളേയും നിലവിലുള്ള സംസ്കാര രാഹിത്യത്തേയും തന്‍റെ കൃതികളിലൂടെ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. കെ. ജി. ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, പുതുനിരയിലെ പി. പി. രാമചന്ദ്രന്‍, എസ്‌. ജോസഫ്‌, മോഹന കൃഷ്ണന്‍ കാലടി, വീരാന്‍കുട്ടി, സെബാസ്റ്റ്യന്‍, ടി. കെ. സന്തോഷ്‌ കുമാര്‍, ടി. പി. വിനോദ്‌, പി. കെ. പ്രമോദ്‌, ശ്രീഹരി, കൂഴൂറ്‍ വില്‍സണന്‍ തുടങ്ങിയ കവികളും തികച്ചും പ്രദേശികമായ ഇത്തരം സംര്‍ഗ്ഗത്മക പരിസരത്ത്‌ ജീവിക്കുന്നവരാണ്‌.

വൈദേശിക മൂലധന അധിനിവേശത്തിന്‍റെ ഫലമായി നമ്മുടെ പ്രദേശികമായ സാംസ്ക്കാരിക മുദ്രകള്‍ നമ്മുടെ സമകാലിക ജീവിതത്തില്‍ നിന്നും സര്‍ഗ്ഗാത്മകതയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നു പറഞ്ഞുവല്ലൊ എന്തിനു വേണ്ടിയാണ്‌ ഈ പ്രാദേശിക മുദ്രകള്‍ നാം സംരക്ഷിക്കേണ്ടത്‌. നാട്ടുഭാഷയും തികച്ചും ഗ്രാമ്യമായ തിരുശേഷിപ്പുകളും എന്തിനുവേണ്ടി സംരക്ഷിക്കപ്പെടണം. കാലത്തിണ്റ്റെ ഗതാനുഗിതികളെ സൂക്ഷമമായി വിലയിരുത്തുമ്പോള്‍ ചരിത്രത്തില്‍ നമ്മുടെ തനതായ പല ചിഹ്നങ്ങളേയും വലിച്ചെറിഞ്ഞുതന്നെയാണ്‌ നാമിവിടെ എത്തിയിട്ടുള്ളത്‌ എന്ന്‌ മനസ്സിലാവും.

കാലം പലതും നമ്മില്‍ നിന്ന്‌ ഒഴുക്കിക്കളയുന്നു എന്ന സത്യം മനസ്സിലാക്കുമ്പോള്‍ത്തന്നെ വരും തലമുറക്ക്‌ നാം ജീവിക്കുന്ന സമകാലികതയെ അടയാളപ്പെടുത്താന്‍ എന്തു സാംസ്കാരിക മുദ്രയാണ്‌ നമ്മുടെ കൈവശമുള്ളത്‌. ഗജമേളയും കഥകളിയും കളിച്ച്‌ ഒരു ചാണ്‍വയറിന്‌ വിദേശ ടൂറിസ്റ്റുകളുടെ മുന്‍പില്‍ കൈ നീട്ടുന്ന നമ്മള്‍ ഒരര്‍ത്ഥത്തില്‍ ഒരു കലാശക്കൊട്ടുതന്നെയാണ്‌ നടത്തുന്നത്‌. ചരിത്ര വിദ്യാര്‍ത്ഥി ചരിത്രം പഠിക്കുമ്പോള്‍ ഒരു ഉയര്‍ന്ന വിതാനത്തിലായിരിക്കും നില്‍ക്കുക പുകമൂടിയ കാഴ്ചകളില്‍ ഉയര്‍ന്നു കാണുന്ന പഴയ സ്മാരകങ്ങള്‍ കണ്ടെടുക്കാന്‍ അവര്‍ക്ക്‌ പ്രയാസം കണ്ടേക്കില്ല. കാലത്തെ അടയാളപ്പെടുത്താന്‍ അവര്‍ ഇതിഹാസങ്ങളും പുരാണങ്ങളും വിഖ്യാതമായ വാസ്തുകലകളും, വിപ്ളവങ്ങളും, ചോരവീണ വിപ്ളവസമരങ്ങളും ഉപയോഗിക്കുന്നു. പക്ഷെ ഇന്നത്തെ സമകാലീന ജീവിതത്തെ ഇതിണ്റ്റെ മുന്നും പിന്നുമടങ്ങുന്ന കാലത്തിണ്റ്റെ ഈ ചീളിനെ ഇതിന്‍റെ വിലകെട്ട ഉപഭോഗജീവിതത്തെ വരും തലമുറ എങ്ങിനെ അടയാളപ്പെടുത്തും. ചിലപ്പോള്‍ അവര്‍ ഈ കാലത്തെ അടയാളപ്പെടുത്തുക സമീപ ഭാവിയില്‍ വീണ്ടും ഉണ്ടായേക്കാവുന്ന ആണവദുരന്തങ്ങളെക്കൊണ്ടൊ ഇപ്പോള്‍ നടക്കുന്ന ഭീകരാക്രമങ്ങളോ കൊണ്ടായിരിക്കും, പാരമ്പര്യത്തിന്‍റെ എല്ലാ സത്തകളും ധൂര്‍ത്തടിച്ച ഒരു ജനത എന്ന്‌ അവര്‍ നമ്മെ വിലയിരുത്തുമായിരിക്കും.

പ്രദേശികവും ദേശീയവുമായ സാംസ്കാരികമുദ്രകള്‍ മനുഷ്യന്‍റെ ജൈവീകമായ കൂട്ടായ്മകളില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. കൊയ്ത്തൊഴിഞ്ഞ പാടത്ത്‌ കൊച്ചു പന്തല്‍ കെട്ടിയുണ്ടാക്കി കീഴാളര്‍ പൊറാട്ടു നാടകവും, കരകാട്ടവും നടത്തി വിനോദിക്കുമായിരുന്നു. ചെറുമനും, ചക്കിലിയനും, തമ്പിരാനും കഥാപാത്രമായ പാലക്കാടന്‍ പുറട്ടുനാടകം അന്നത്തെ കൂട്ടായ്മയുടെ ജൈവപ്രതിഭാസമായിരുന്നു എന്ന്‌ എന്‍റെ പാലക്കാടന്‍ ജീവിതാനുഭവം പറഞ്ഞു തിരുന്നു. പുത്തന്‍ അധിനിവേശത്തിന്‍റെ ഈ അശാന്ത വര്‍ത്തമാനത്തില്‍ നാം ഒറ്റയ്ക്കൊറ്റയ്ക്കാണ്‌, നമ്മള്‍ നമ്മുടെ തുരുത്തുകളില്‍ ഒറ്റയ്ക്കൊറ്റയ്ക്കിരുന്നു പ്രതികരിക്കുന്നു. പ്രദേശിക മുദ്രകളെന്നല്ല ഒരു മുദ്രകളുമില്ലാതെ രൂപപരമായ പരീക്ഷണങ്ങളില്‍ നിന്നുകൊണ്ട്‌ നാം നമ്മുടെ സര്‍ഗ്ഗാത്മകതയില്‍ പുതിയ 'ഗിമ്മിക്ക്‌' സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുക്ക്‌ ഒരു പ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും സ്വാധീനിക്കേണ്ട കാര്യമില്ല. അരാഷ്ട്രിയ വാദം ഒരു ഫാഷനായി കൂടെക്കൊണ്ടു നടക്കുന്നു പലരും.

വിജയന്‍മാഷ്‌ തുടങ്ങിവച്ച യുദ്ധം നമ്മുക്ക്‌ തുടരണം. എം. ടി. യുടേയും മാധവിക്കുട്ടിയുടേയും ഭാഷാ സുഗന്ധം നമ്മുടെ വാക്കുകളിലും നിറച്ചു വയ്ക്കണം. സാഹിത്യത്തില്‍ പ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും ശക്തിപ്പെടണം. അടച്ചുപൂട്ടിയ മുറികളില്‍ നിന്നും പുറത്തു കടക്കണം. അധിനിവേശത്തിണ്റ്റെ പരസ്യകോലങ്ങള്‍ ആവരുത്‌ നമ്മള്‍. നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള ദുഖമല്ല ഈ അശാന്ത വര്‍ത്തമാനത്തില്‍ അതിജീവനത്തിനൊപ്പം വീണ്ടെടുക്കലിനായുള്ള പോരാട്ടമാണ്‌ ആവശ്യം.



കെ. എസ്‌. രവികുമാറിന്‍റെ പുസ്തകത്തോടും ("ആഖ്യനത്തിന്‍റേ അടരുകള്‍") എം. എന്‍. വിജയന്‍റെ ലേഖനങ്ങളോടും കടപ്പാട്‌


2009, ജൂൺ 30, ചൊവ്വാഴ്ച

സമകാലീന ബ്ളോഗ്ഗെഴുത്തും ചില ചിന്തകളും

എഴുത്ത്‌ ചിലര്‍ക്ക്‌ അവനവനെത്തന്നെയുള്ള പകര്‍ത്തിവയ്ക്കലാണ്‌. സ്വന്തം ആന്തരിക വിചാരങ്ങളെ, വിഹ്വലതകളെ മറയില്ലാതെയുള്ള പകര്‍ത്തി വയ്ക്കല്‍. മറ്റു ചിലര്‍ക്ക്‌ അന്വേഷണങ്ങളാണ്‌ എഴുത്ത്‌ - സ്വന്തം ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സങ്കീര്‍ണ്ണതകളുടെ പൊരുളുതേടി സംവാദാത്മകമായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ സ്വന്തം ധൈഷണികതയുടെ ചുഴലികളിലും മലരികളിലും അവര്‍ അഭിരമിക്കുന്നു.

ബ്ളോഗ്ഗെഴുത്തിലെ നന്‍മതിന്‍മകളെ നിഷ്പക്ഷമായി വിലയിരുത്തുന്ന ഒരു സംവേദന ലോകം നമ്മള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്‌. എഴുത്തിനെ ഉത്തേജിപ്പിക്കുന്ന വായനയും, വായനയെ ഉത്തേജിപ്പിക്കുന്ന എഴുത്തും നിരന്തരമായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ വിധേയപ്പെടുന്നത്‌ കാണാം. അതി പുരാതനമായ ഈ കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍ഭാഗ്യവശാല്‍ സമകാലീന മലയാള ബ്ളോഗ്ഗെഴുത്തില്‍ കാണാന്‍ പ്രയാസമായിരിക്കും. ബ്ളോഗ്ഗെഴുത്തിണ്റ്റെ ജന്‍മസിദ്ധമായ പരമിതികളാണ്‌ ഇതിന്‍റെ പ്രധാനമായ ഒരു കാരണം. തിരമൊഴികളില്‍ വായിക്കാനുള്ള ബുദ്ധിമുട്ട്‌ അതിദീര്‍ഘമായ ഒരു ആസ്വാദനത്തിന്‌ വിലങ്ങാകുന്നു. ബൂലോകത്തിലെ ഏതോകോണില്‍ യഥാര്‍ത്ഥ ഊരോ, പേരോ വെളിപ്പെടുത്താതെ ആവിഷ്ക്കരിക്കപ്പെടുന്ന കുറിമാനങ്ങളും മിന്നാമിന്നിക്കവിതകളും കഥകളും ജല കുമിളകള്‍ പോലെ ഹ്രസ്വവാഴ്‌വിന്നുടമകളായി മാറുന്നു. വ്യക്തിഹത്യയും അശ്ളീല പ്രചരണങ്ങളും ഒട്ടും വിരളമല്ലാതെ മലയാള ബ്ളോഗെഴുത്തിണ്റ്റെ കൂടെത്തന്നെയുണ്ട്‌.

സമകാലീന മലയാള ബ്ളോഗ്ഗെഴുത്ത്‌

മലയാള ബ്ളോഗെഴുത്ത്‌ അതിന്‍റെ ശൈശവദശ ഇനിയും പിന്നിട്ടിട്ടില്ല എന്നുതന്നെ പറയാം, ബ്ളോഗ്ഗെന്ന മാധ്യമത്തിന്‍റെ ശക്തിയേയും അതിന്‍റെ പ്രസരണ ശേഷിയേയും ചുഷണം ചെയ്തുകൊണ്ട്‌ ബ്ളോഗ്ഗിനെ പുതിയൊരു സര്‍ഗ്ഗാത്മകോപാധിയാക്കി ഇനിയും മാറ്റിയിട്ടില്ല എന്നു തന്നെയാണ്‌ എനിക്കു തോന്നുന്നത്‌. അതല്ലെങ്കില്‍ ശബ്ദ ബാഹുല്യങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ സ്വത്വം നഷ്ടപ്പെട്ട്‌ പൊട്ടിപ്പൊളിഞ്ഞ ചില യുണീക്കോട്‌ അക്ഷരപ്പെയ്ത്തുകളായി ബ്ളോഗ്ഗെഴുത്ത്‌ മാറുന്നു. ചിരി വിതറുന്ന കുറിപ്പുകള്‍ പോസ്റ്റു ചെയ്തുകൊണ്ട്‌ വിശാലമനസ്കന്‍ (സജീഷ്‌ എടത്താടന്‍) ശ്രദ്ധിക്കപ്പെട്ടതോടെയാണ്‌ മലയാളം ബ്ളോഗ്ഗെഴുത്തിനെ ജനം ശ്രദ്ധിച്ചു തുടങ്ങിയത്‌.

പുസ്തക രൂപത്തിലിറങ്ങിയ കൊടകര പുരാണത്തിനുശേഷമാണ്‌ സമകാലീന മലയാള മാധ്യമങ്ങള്‍ ബ്ളോഗ്ഗെഴുത്തിണ്റ്റെ അനന്ത സാധ്യതകളെക്കുറച്ച്‌ ചര്‍ച്ച ചെയ്തു തുടങ്ങിയത്‌. സമകാലീന മലയാളം ബ്ളോഗ്ഗെഴുത്ത്‌ മലയാള ഭാഷയുടെ സാഹിത്യ ലോകത്തിന്‌ ഇനിയും സ്വന്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഓന്നാണ്‌. അതിനു പ്രധാന കാരണം ബ്ളോഗ്ഗെന്ന മാധ്യമത്തിണ്റ്റെ പരമിതികളെ മറികടക്കാന്‍ നമ്മുക്കിനിയും കഴിയാതെ പോയതുകൊണ്ടാണ്‌. രാഷ്ട്രീയവും, മതവും കൈകാര്യം ചെയ്യപ്പെടുന്ന ബ്ളോഗ്ഗുകളില്‍ നടക്കുന്ന ദുഷ്പ്രചരണങ്ങളും വ്യക്തിഹത്യകളും ചെളിവാരിയെറിയലും ഒഴിച്ചു നിര്‍ത്തിയാല്‍ ബ്ളോഗ്ഗെഴുത്ത്‌ ഏറെക്കുറെ ശാന്തമാണ്‌. ഗൌരവതരമായ ബ്ളോഗ്ഗുവായന നടക്കുന്നില്ല എന്നു തന്നെ പറയാം. പരസ്പരം മുഖസ്തുതികള്‍കൊണ്ട്‌ കാലം കഴിക്കുന്ന ബ്ളോഗ്ഗു വായനയില്‍ നട്ടെല്ലുള്ള ഒരു സംവേദനത്വവും വിമര്‍ശന പ്രതിവിമര്‍ശന സംസ്കാരവും വളര്‍ന്നു വരേണ്ടതുണ്ട്‌. ഏറെ സന്തോഷകരമായ ഒരു കാര്യം ഇവിടെ രൂപപ്പെടു ഹൃദ്യമായ കൂട്ടായ്മകളാണ്‌. അടുത്തകാലത്ത്‌ തൊടുപുഴയിലും, യു. എ. യി. യിലും നടന്ന കൂട്ടായ്മകള്‍ ഉദാഹരണം. ഇത്തരം കൂട്ടായ്മകള്‍ക്ക്‌ ഗൌരവതരമായ ഒരുപാടു ലക്ഷ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. ബ്ളോഗ്ഗെഴുത്തിണ്റ്റെ ഭുമിശാസ്ത്രത്തിനും അപ്പുറത്തുനില്‍ക്കു ഈ കൂടിക്കാഴ്ച്ചകളും പങ്കുവയ്ക്കലുകളും ബ്ളോഗ്ഗെഴുത്തിന്‍റെ സാങ്കേതിക പരിമിതികളെ മറികടക്കേണ്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചാവേദിയാക്കി മാറ്റണം. ഈ മീറ്റുകളില്‍ രുപപ്പെടുന്ന സൌഹൃദങ്ങള്‍ ഒരിക്കലും ബ്ളോഗ്ഗു വായനയെ സ്വാധീനിക്കരുത്‌. നല്ലത്‌ നന്നെന്നും നിലവാരമില്ലാത്ത രചനകളെ അതിണ്റ്റെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നടത്താനും സൌഹൃദങ്ങള്‍ വിലങ്ങുതടിയാകരുത്‌. സമകാലിക മലയാളം ബ്ളോഗ്ഗെഴുത്ത്‌ കമണ്റ്റുബോര്‍ഡിലെ പുറം ചൊറിയലാണെന്നുള്ള ദുഷ്പ്രചരണങ്ങളില്‍ നിന്നും നമ്മുക്ക്‌ നമ്മുടെ ബ്ളോഗ്ഗെഴുത്തിനെ മോചിപ്പിക്കേണ്ടതുണ്ട്‌.

ചെറായി മീറ്റ്‌, ചില ചിന്തകള്‍

മലയാളത്തിണ്റ്റെ സമകാലീനതയെ അടയാളപ്പെടുത്തുമ്പോള്‍ നാം മുഖ്യമായി എടുക്കുന്നത്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളും മറ്റു പത്രമാദ്ധ്യമങ്ങളുമാണ്‌. സമകാലീനതയെക്കുറിച്ചുള്ള പഠന സാമഗ്രികളില്‍ മലയാളം ബ്ളോഗ്ഗെഴുത്തിനും അര്‍ഹമായ സ്ഥാനം ലഭിക്കേണ്ടതുണ്ട്‌. മതഭ്രാന്തന്‍മാരുടേയും കക്ഷിരാഷ്ട്രീയക്കാരുടേയും വ്യക്തിഹത്യക്കും ചെളിവാരിയെറിയലിനുമുള്ള ഒരു ഇടമായി മലയാള ബ്ളോഗ്ഗെഴുത്തിനെ തെറ്റീധരിക്കപ്പെടുതിനു മുന്‍പെ മലയാളം ബ്ളോഗ്ഗെഴുത്തിനെ ഭാഷയുടെ സുഗന്ധം പരത്തുന്ന സര്‍ഗ്ഗാത്മക എഴുത്താക്കി തിരിച്ചു പിടിക്കേണ്ടതുണ്ട്‌. ഈ വരുന്ന ചെറായി മീറ്റില്‍ നാം പ്രധാനമായി ചര്‍ച്ച ചെയ്യേണ്ട വിഷയം ബ്ളോഗ്ഗെഴുത്തിലെ സാങ്കേതിക പരാധീനത പരിഹരിക്കപ്പെടേണ്ടതിനെക്കുറിച്ചും സമകാലിക ബ്ളോഗ്ഗെഴുത്തില്‍ നമ്മള്‍ പാലിക്കേണ്ടുന്ന നിലവാരത്തേയും വളര്‍ത്തിയെടുക്കേണ്ടതായ നട്ടെല്ലുള്ള ഒരു വിമര്‍ശന സംസ്കാരത്തെക്കുറിച്ചുമായാല്‍ നന്നെന്നാണ്‌ എണ്റ്റെ അഭിപ്രായം.

നമ്മള്‍ ഭാഗ്യവാന്‍മാരാണ്‌ ചെറായി മീറ്റിണ്റ്റെ അണിയറക്കാരെപ്പോലുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരുണ്ട്‌ നമ്മുക്ക്‌. ഒത്തുചേരാനുള്ള മനസ്സും സ്നേഹവും വേണ്ടുവോളമുണ്ട്‌ - കാത്തുസൂക്ഷിക്കുക ഈ ആവേശം അവസരങ്ങള്‍ ഇനിയും ഉണ്ടാകും. കൂടൂതല്‍ സത്യസന്ധമായി വിമര്‍ശിച്ചും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയും നാം എഴുതുക. ശക്തമായ സമകാലീന മലയാള ജീവിതത്തില്‍ ബ്ളോഗ്ഗെഴുത്ത്‌ സമയകാലങ്ങളുടെ അതി ശക്തമായ സര്‍ഗ്ഗത്മക മുദ്രകളായി ചരിത്രം നമ്മെ വായിക്കപ്പെടുമാറാകട്ടെ. എല്ലാ ബ്ളോഗ്ഗെഴുത്തുകാര്‍ക്കും നന്‍മവരുവാന്‍ ആഗ്രഹിച്ചു കൊണ്ട്‌. . . . വിട.


സംവാദം തുടരുക

2009, ജൂൺ 1, തിങ്കളാഴ്‌ച

നീര്‍മാതളത്തിണ്റ്റെ കൂട്ടുകാരി ഒര്‍മ്മയായി....

നൃത്തത്തിനൊടുവില്‍ ചിലങ്കകള്‍ ആര്‍ക്കോ വലിച്ചെറിഞ്ഞുകൊടുത്ത്‌ പൊടുന്നനെ മൌനത്തിലേക്കും പിന്നെ മരണത്തിണ്റ്റെ നിതാന്തമായ ഇരുട്ടിലേക്കും മറയുകയായിരുന്നു മലയാളത്തിണ്റ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാ സുരയ്യ. നൃത്തവേദിയില്‍ ഇരുളൂ പടരുകയാണ്‌....കൂരാകൂരിരുട്ട്‌....

എഴുത്ത്‌ മുലപ്പാലുപോലെ വായനക്കാരന്‌ ചുരന്നു കൊടുക്കുംബോള്‍ മാത്രമെ ഒരു എഴുത്തുകാരന്‍ യഥാര്‍ത്ഥ എഴുത്തുകാരനാകൂ എന്ന്‌ മാധവിക്കുട്ടി ഒരു തലമുറയെ പഠിപ്പിച്ചു. സര്‍ഗ്ഗാത്മകതയില്‍ തണ്റ്റെ ജീവിതത്തെ അങ്ങേയറ്റത്തെ സത്യസന്ധതയോടെ സന്നിവേശിപ്പിച്ചിരുന്നു അവര്‍. മാധവിക്കുട്ടി തണ്റ്റെ എഴുത്തു തുടങ്ങുന്നത്‌ സ്വന്തം പെണ്ണുടലിണ്റ്റെ ജൈവചോദനകളുടെ സങ്കീര്‍ണ്ണതകളുടെ പൊരുളുതേടിക്കോണ്ടാണ്‌. ഉടല്‍ വെറും ജൈവഘടനമത്രമായിരുന്നില്ല മാധവിക്കുട്ടിക്ക്‌ മറിച്ച്‌ ഒടുങ്ങാത്ത പ്രണയത്തിണ്റ്റേയും കാമനകളുടേയും സ്ഫോടനങ്ങളുടെ ഒളിയിടമായിരുന്നു. എഴുത്തിലൂടെ സ്വന്തം വൈയക്തികതകളെ അതിശക്തമായി സാമൂഹ്യവല്‍ക്ക്ക്കരിച്ചു.





ഉടലില്‍ രണ്ടു മതങ്ങളെ പുതപ്പിച്ച്‌ മതങ്ങളൂടെ നന്‍മതിന്‍മകളെ നിഷ്കളങ്കമായി വിളിച്ചു പറഞ്ഞു. രജാവ്‌ നഗ്നനാണ്‌ എന്നുവിളിച്ചു പറഞ്ഞ ഒരു കൊച്ചുകുട്ടിയുടെ മനസ്സായിരുന്നു മാധവിക്കുട്ടിക്ക്‌ അപ്പോള്‍.
നല്ല എഴുത്തുകാര്‍ വെറും വായനക്കാരെ സൃഷ്ടിക്കുന്നവരല്ല മറിച്ച്‌ എഴുത്തുകാരായ ഒരു യുവതയെ വാര്‍ത്തെടുക്കുന്നവരാണ്‌. മാധവിക്കുട്ടി ഒരു തലമുറയെ പേനപിടിക്കാന്‍ പഠിപ്പിച്ചു. സ്വന്തം ഹൃദയത്തിണ്റ്റെയും മനസ്സിണ്റ്റെയും ബുദ്ധിയുടേയും സത്യസന്ധമായ ആവിഷ്ക്കാരമണ്‌ യഥാര്‍ത്ഥമായ എഴുത്ത്‌ എന്ന്‌ ഞങ്ങളെ പോലുള്ള പുതുതലമുറയിലുള്ളവര്‍ക്ക്‌ സ്വന്തം അമ്മയുടെ സ്ഥാനത്തു നിന്നു പറഞ്ഞു തന്നു.

കരഞ്ഞും കലഹിച്ചും പ്രണയിച്ചും കൊതിതീരാതെ മലയാളസാഹിത്യത്തിണ്റ്റെ നൃത്തവേദിയെ അനാദമാക്കി തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു നില്‍ക്കുംബോള്‍ മാധവിക്കുട്ടിയുടെ ചിലബുകളണിഞ്ഞവര്‍ നൃത്തം തിമിര്‍ക്കുകയാണ്‌.
നമ്മുടെ മലയാളത്തിന്‌ മുലപ്പലിണ്റ്റെ രുചിയറിച്ച കെ. പി. അപ്പനും ഒ. വി. വിജയനും ശേഷം ഇപ്പോള്‍ നമ്മുടെ മാധവിക്കുട്ടിയും കാലയവനികയില്‍ മറയുംബോല്‍ നമ്മള്‍ വീണ്ടും വീണ്ടും അനാദരാക്കപ്പെടുകയാണ്‌....
അമ്മേ പ്രണാമം....


മാധവിക്കുട്ടിയുടെ ഭൌതിക ശരീരം മുംബൈ കേരളാ ഹൌസിലേക്കു കൊണ്ടുവന്നപ്പോള്‍.....






2009, മേയ് 13, ബുധനാഴ്‌ച

എസ്‌. ജോസഫിണ്റ്റെ കവിതകള്‍ക്കെന്തിനു പേരുകള്‍ കവിതകളെന്നല്ലാതെ. . . .

നവകവിതയെക്കുറിച്ചുള്ള ആശയ്ക്കും അഭിലാക്ഷങ്ങള്‍ക്കും പുതിയ ഭാവുകങ്ങള്‍ പകര്‍ന്നു നല്‍കുന്ന സര്‍ഗ്ഗാത്മകതയുടെ രുദ്ര യൌവനമാണ്‌ എസ്‌. ജോസഫിണ്റ്റെ കവിതകള്‍. ആ കവിതകളെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം ആ കവിയുടെ കാവ്യ ഭാഷയിലെ സുന്ദരമെങ്കിലും അദ്ദേഹം പിന്‍തുടരുന്ന ഏകതാനതയെ വിമര്‍ശിച്ചുകൊണ്ടുവേണം പുതുകവിതയെ പഠിക്കാന്‍. ലളിത ഭാഷകൊണ്ട്‌ അതി സുന്ദരവും ഭ്രമാത്മകവുമായ ഭിംഭകല്‍പനകള്‍ നടത്തുന്ന ഈ കവി അതേ ഭിംഭ മാതൃകകള്‍ പുതു കവിതയ്ക്കു നല്‍കുക വഴി സ്വന്തം ശരികള്‍ക്കുള്ളിലെ ഒരു വലിയ തെറ്റുകൂടിയാവുന്നത്‌ കണ്ടുനില്‍ക്കാന്‍ ആവുന്നില്ല. എസ്‌. ജോസഫിണ്റ്റെ ഓരോ വരിയിലും ഋതുക്കള്‍ കാലം തെറ്റിച്ചു പൂക്കുന്നു -

"എസ്‌. ജോസഫിണ്റ്റെ കവിതകള്‍ക്കെന്തിനു പേരുകള്‍ കവിതകളെന്നല്ലാതെ. . . . "

എസ്‌. ജോസഫ്‌ എന്ന മായാജാലക്കാരണ്റ്റെ ഭിംഭമാതൃകകളെ പിന്‍തുടരുന്ന കവികളെ കണ്ടിട്ടുണ്ട്‌ അവരുടെ കവിതകള്‍ വായിക്കുമ്പോഴാണ്‌ എസ്‌. ജോസഫിണ്റ്റെ ശരികള്‍ക്കിടയില്‍ ഒളിഞ്ഞുകിടക്കുന്ന തെറ്റിനെ ഒട്ടും സ്നേഹക്കുറവില്ലാതെ വലിച്ചു പുറത്തിടാന്‍ ആഗ്രഹിക്കുന്നത്‌. വായ്‌ വര്‍ത്തമാനത്തിണ്റ്റെ ഭാഷകൊണ്ട്‌ ഒറ്റക്കല്‍ പ്രതിമപോലെ അദ്ദേഹം മിഴിവുറ്റ ഭിംഭങ്ങള്‍ സൃഷ്ടിക്കുന്നു.

" കാട്ടില്‍ തീ പടരുമ്പോള്‍ കണ്ടുനിന്നൊരു കരിം-
മ്പുലിതന്‍ കണ്ണിലുണ്ട്‌ നിഷ്കളങ്കതയിപ്പോള്‍"
----------------------------------------------നിഷ്കളങ്കത

കവിത അനുഭവിപ്പിക്കുകയാണ്‌ ഈ വരികളിലൂടെ. . . പക്ഷെ ഒരു സമഗ്ര പഠനത്തിനു ശ്രമിക്കുമ്പോള്‍ പാസ്പോര്‍ട്ട്‌ സൈസിലുള്ള ജലച്ചായചിത്രങ്ങള്‍ പോലെ - അലിഞ്ഞില്ലാതെ പോകുന്ന ഐസുകട്ടകള്‍ പോലെ ആയിത്തിരുന്നു ചിലപ്പോള്‍ പുതിയ കവിത. അങ്ങിനെ ആവരുത്‌ എന്ന്‌ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കവിത ജലം തന്നെ അതിന്‌ നിയതമായ രൂപമില്ല നവ കവിതയ്ക്കും നിയതമായ രൂപം കല്‍പ്പിക്കാനാവില്ല. ചലനാത്മകതയിലാണ്‌ അതിണ്റ്റെ സ്വത്വം. ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിപോലെ . . . ഐസുകട്ട ജലത്തിണ്റ്റെ ഒരു താത്കാലിക സ്വരൂപം മാത്രമാണ്‌ അന്തരീക്ഷ താപത്തിനനുസരിച്ച്‌ രൂപഭ്രംശം സംഭവിക്കുന്ന ഈ ഐസുകട്ടകള്‍ കുറച്ചുനേരത്തെക്കു നമ്മളെ മരവിപ്പിച്ചുനിര്‍ത്തുന്നു. എസ്‌. ജോസഫിണ്റ്റെ ശീതികരിച്ച ഭാഷാ സൌന്തര്യത്തില്‍ അദ്ദേഹത്തിണ്റ്റെ കവിതകള്‍ വായനക്കാരനെ അല്‍പനേരം മരവിപ്പിച്ചു നിര്‍ത്തുന്നു. ചിലപ്പോഴൊക്കെ ആ ഐസുകട്ടകളില്‍ ഒളിപ്പിച്ചിരിക്കുന്ന മുള്ളുകള്‍കൊണ്ട്‌ വായനക്കാരനെ കോറിവലിക്കുന്നു. എസ്‌. ജോസഫിണ്റ്റെ ഈ മായാലോകത്തെ ഇഷ്ടപ്പെടുന്നതോടൊപ്പം തന്നെ പുതുകവിതയ്ക്കു്‌ അറിഞ്ഞൊ അറിയാതെയൊ സംഭവിക്കുന്ന അപചയത്തെ കാണാതിരിക്കാനാവുന്നില്ല. ഉത്തരാധുനിക കവിതയില്‍ അറിഞ്ഞൊ അറിയാതെയൊ ഒരു തരം നിസ്സാരവല്‍ക്കരണം നടക്കുന്നു. ചിലരെങ്കിലും എസ്‌. ജോസഫിനെതന്നെ സമഗ്രമായ വായന നടത്താതെ സ്വന്തം രചനകളില്‍ അദ്ദേഹത്തിണ്റ്റെ ഭിംഭമാതൃകകളെ പിന്‍തുടരാന്‍ ശ്രമിക്കുന്നതു കാണാം. ഉറുമ്പിനു തിന്നാന്‍ കൂടി തികയാത്ത പഞ്ചസാരത്തരികള്‍ ചിതറിക്കിടക്കുന്നതുപോലെ ഒരനുഭവം പുതു കവിതകളെ ഒന്നിച്ചു കയ്യിലെടുക്കുമ്പോള്‍ ഉണ്ടാവും. ജോസഫിനെ മാത്രം കുറ്റപ്പെടുത്തുകയല്ല എസ്‌. ജോസഫ്‌ ഒരു നീണ്ട ചങ്ങലയുടെ ഒരു സുപ്രധാന കണ്ണിമാത്രം. എന്നെപോലെയുള്ളവരുടെ വായനാവബോധത്തില്‍ വിഹരിക്കുന്ന പ്രതിഭാധനനായ കാട്ടാളന്‍.

എന്തുകൊണ്ടാണ്‌ കവിത ഇങ്ങിനെ തിളങ്ങുന്ന വെറും നക്ഷത്രത്തരികളായി മാറുന്നത്‌. വാഗ്മയങ്ങള്‍കൊണ്ട്‌ ഒരു ചെറിയ കാര്‍ട്ടൂണൊ എണ്ണച്ചായമൊ തീര്‍ത്ത്‌ കവികള്‍ തിരശ്ശീലയ്ക്കു പിന്നില്‍ മറയുകയാണ്‌. ഇതിനും അപ്പുറത്തേക്ക്‌ സംക്രമിക്കുന്ന നിരന്തരമായ അസ്വസ്തതകളായി കാലത്തിന്‍മേല്‍, മൂല്യച്യുതികള്‍ക്കുമേല്‍ ഇടമൂറിയാത്ത നിലവിളിയും ആവലാതിയുമായി പുതു കവിതകള്‍ മാറേണ്ടതുണ്ട്‌.

നവ കവിതയെ സ്നേഹക്കാനും സമകാലികതയില്‍ അതിണ്റ്റെ വേരുകള്‍ ആഴിന്നിറങ്ങാനും കേവലം ഭാഷാലീലകള്‍ക്കപ്പുറം അതിണ്റ്റെ സങ്കേതങ്ങള്‍ ശക്തിപ്പെടണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതു കൊണ്ടാണ്‌ ഇവിടെ എസ്‌. ജോസഫിനെ മുഖ്യമായി വിമര്‍ശിക്കുന്നത്‌ കാരണം അദ്ദേഹം ഉത്തരാധുനിക കവിതയുടെ പ്രതീക്ഷയും പ്രത്യാശയുമാണ്‌.

സംവാദം തുടരുക .......

2009, ഏപ്രിൽ 11, ശനിയാഴ്‌ച

പൊട്ടിപ്പൊളിഞ്ഞ തിരമൊഴികള്‍


ഒരു ജനതയുടെ സാങ്കേതിക ആതിപത്യം അവരുടെ ഭാഷയുടെ നിലനില്‍പിന്‌ ആധാരമാകുന്ന ഒരു സ്ഥിതിവിശേഷം ഇന്നു കാണാം. വാമൊഴിയില്‍ നിന്നും വരമൊഴിയിലേക്കും വരമൊഴിയില്‍ നിന്ന്‌ ഡിജിറ്റല്‍ യുഗത്തിലേക്കും സംക്രമിക്കുമ്പോള്‍ തൊണ്ടയടച്ചുപോകുന്നത്‌ മലയാളം പോലെയുള്ളകൊച്ചു പ്രദേശികഭാഷകള്‍ക്കാണ്‌. കാരണം കമ്പ്യൂട്ടര്‍ യുഗത്തില്‍ നമ്മള്‍ മലയാളികള്‍ മറ്റുദേശരാഷ്ട്രങ്ങളുടെ കൂലിവേലക്കാരാണ്‌. ആരുടെയൊ മണ്ണില്‍ മറ്റാരുടെയൊ ഭാഷയെ ഡിജിറ്റല്‍ രുപത്തിലേക്കുമാറ്റുമ്പോള്‍ നമ്മുടെ ഈ കൊച്ചു പ്രദേശികഭാഷയായ മലയാളം പൊട്ടിയ ചില്ലുകളണിഞ്ഞ ഒരു തകര്‍ന്ന പ്രേതഭവനം പോലെ ആയിത്തിരുകയാണ്‌. പ്രാദേശകഭാഷകള്‍ യൂണികോട്‌ സങ്കേതിക വിദ്യയിലേക്ക്‌ മാറിയതുകൊണ്ടാണ്‌ ഈയുള്ളവനും ഈ ചിന്ത പങ്കുവയ്ക്കാന്‍ കഴിഞ്ഞത്‌ എന്നു മറക്കുന്നില്ല. പക്ഷെ സാങ്കേതിക തികവോടെ നമ്മുടെ ഭാഷയെ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക്‌ മാറ്റാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നത്‌ ദുഖകരം തന്നെ. സ്വന്തം ആശയങ്ങള്‍ ആരുടേയും ഓശാരത്തിനു നില്‍ക്കാതെ സ്വന്തം ബ്ളോാഗിലൂടെ അവതരിപ്പിക്കുമ്പോള്‍ അവാച്യമായ ഒരു രചനാ സ്വാതന്ത്യമാണ്‌ നാം അനുഭവിക്കുത്‌. സാങ്കേതിക വിദ്യയില്‍ നമ്മുടെ അക്ഷരങ്ങള്‍ ചിന്നി ചോരയൊലിപ്പിച്ചു നില്‍ക്കുത്‌ ഇനിയും എത്രനാള്‍ കാണേണ്ടിവരും ?. ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരം നമ്മുടെ ഭാഷയെ കുറച്ചൊന്നുമല്ല ബാധിച്ചത്‌. ഭാഷ പ്രയോഗത്തിലും ഉച്ചാരണത്തിലും അതിണ്റ്റെ തനിമ ഇട്ടെറിഞ്ഞ്‌ വീട്ടിലെ സ്വകാര്യമുറിയില്‍ തുണിയുടുക്കാത്തവളായി പ്രൈമ്‌ ടൈമില്‍ വ്യഭിചരിക്കപ്പെടുമ്പോള്‍ നമ്മുക്ക്‌ ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ല പാഞ്ചാലിക്കു ഉടുതുണി കനിഞ്ഞ ശ്രീകൃഷ്ണനെ പോലെ നമ്മുടെ ഭാഷാ കമ്പ്യൂട്ടിങ്ങ്‌ വിദഗ്ദര്‍ എത്രയും വേഗം എല്ലാം തികഞ്ഞ ഒരു സാങ്കേതികത ഉരുത്തിരിച്ചെടുക്കണം. ഇണ്റ്റര്‍നെറ്റില്‍ ലോകം നമ്മുടെ ഭാഷയെ തലകീഴായി വായിക്കാതിരിക്കണ്ടെ. . . . സംവാദം തുടരുക . . .
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.