2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച
മേഘശിലയിലെ ചില കാവ്യ ചിത്രങ്ങള്‍
പ്രവാസ ജീവിതത്തിന്‍റെ നോവും നിലവിളികളും, കൊച്ചു വര്‍ത്തമാനങ്ങളുടെ ശീലുകളും വാക്കുകളില്‍ വിതറി കവിതയെ ഒന്നു മൂപ്പിച്ചെടുക്കുകയാണ് പല ബ്ളോഗ്ഗു കവികളുടേയും ഒരു രീതി. ഒരുപാടുതവണ പറഞ്ഞു പറഞ്ഞ് അരഞ്ഞു തീര്‍ന്ന് പല്ലിടുക്കില്‍ പറ്റിപ്പിടിച്ച വാക്കുകളെ സ്വന്തം നാവുകൊണ്ട് തോണ്ടി സ്വന്തം ആമാശയത്തില്‍ കബറടക്കി അവര്‍ അവരുടെ സര്‍ഗ്ഗാത്മക വിശപ്പ് ശമിപ്പിക്കുന്നു. ജോലിക്കാരിയായ നഗരത്തിലെ ഒരു വിട്ടമ്മ തന്‍റെ കുഞ്ഞിനെ അടുത്തുള്ള ബേബി കെയര്‍ സെന്‍ററില്‍ കൊണ്ടിട്ട് ഒമ്പതു മണിയുടെ ബസ്സുപിടിക്കാനോടുന്നതുപോലെ ബ്ളോഗ്ഗുകളില്‍ കവികള്‍ സമയാസമയങ്ങളില്‍ കവിതകള്‍ പോസ്റ്റുന്നു. പോസ്റ്റു ചെയ്തതിനു പിന്നാലെ മധുര മൊഴികളായി വരുന്ന കപടവായനകളാണ് വീണ്ടും എഴുതാനുള്ള ഇവരുടെ ഇന്ധനം. ഇത്തരം കമന്‍റുകളുടെ പെരുമഴയില്‍ നിന്ന് കുറച്ചു നല്ല പൊടിപ്പുകളെ - മലയാളത്തിന് ഒരു മുതല്‍ക്കൂട്ടായേക്കാവുന്ന കുറച്ചു നല്ല പ്രതിഭകളെ തിരഞ്ഞെടുത്ത് അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഇവിടെ നടത്തുന്നത്.
മലയാള കവിതയെ കടുത്ത പാരമ്പര്യ നിഷേധത്തിന്‍റെ പാതയില്‍ കൊണ്ടെത്തിച്ച പലകവികളും രംഗം വിട്ടുകൊണ്ടിരിക്കുന്നു. ഈയടുത്തകാലത്ത് സമകാലിക മലയാളം വാരികയില്‍ രാജേന്ദ്രന്‍ എടത്തുംകര ഇങ്ങിനെ എഴുതിക്കണ്ടു "കാഷായക്കുറിപ്പടിപോലെ ആശയങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കുത്തി നിറച്ച്, അവ തമ്മില്‍ കഴിഞ്ഞ ജന്‍മത്തില്‍പോലും ഒരു ബന്ധമുണ്ടായിരുന്നില്ല എന്ന മട്ടില്‍ വായില്‍ തോന്നിയത് എഴുതിവച്ച് ഏതെങ്കിലും ഒന്നോ രണ്ടോ പ്രതീകം വിശ്വേത്തര കാവ്യതേജസ്സാണെന്ന മട്ടില്‍ അവതരിപ്പിക്കുന്ന പൊട്ടക്കവിതകളാണ് ഇന്ന് മലയാളത്തില്‍ എഴുതുന്നവരില്‍ തൊണ്ണൂറ് ശതമാനവുമെന്ന് തിരിച്ചറിഞ്ഞ് ചങ്കുപൊട്ടി നില്‍ക്കുകയാണ്"
മുന്‍വിധികളും ഒരിക്കലും മാറാത്ത സംവേദന ശീലങ്ങളുടേയും പരിസരത്തുനിന്നും വരുന്ന ഒരാളുടെ ജല്‍പനങ്ങള്‍ എന്നു പറഞ്ഞ് പുതുകവികള്‍ക്ക് ഈ പ്രതിഷേധ വാക്കുകളെ തള്ളിക്കളയാനാവുമായിരിക്കാം. പക്ഷെ മലയാള കാവ്യലോകത്ത് ഉത്തരാധൂനികതയുടെ പേരില്‍ സ്ഥിരമായി ഉല്‍പാദിപ്പിക്കപ്പെടുന്ന കാവ്യമാലിന്യങ്ങളെ നമ്മള്‍ എവിടെക്കൊണ്ട് സംസ്ക്കരിക്കും. ഇന്ന് വിരലിലെണ്ണാവുന്ന മുന്‍നിരക്കവികളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ കവികളും സ്വീകരിക്കുന്നത് ആഖ്യാനത്തിന്‍റെ ചില പൊതു മാതൃകകളാണ്. എവിടെയൊക്കെയോ വരികളില്‍ ഒളിപ്പിച്ച ചില "സര്‍പ്രൈസ് ഇമേജു"കള്‍ ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍..കഴിഞ്ഞു...
പുതുകവിതയുടെ ആഖ്യാന പരിസരങ്ങള്‍
പുതുകവിതയുടെ നിദാനം മറ്റേതൊരു കലാസൃഷ്ടിയും പോലെ ജീവിതം തന്നെയാണ്. കവിത ജീവിതത്തിന്‍റെ സത്യസന്ധമായ ആവിഷ്ക്കാരമാണ് തികഞ്ഞ സത്യസന്ധതയാണ് പുതുകവിതയുടെ ആഖ്യാനതന്ത്രം. വാക്കുകളെ വളരെ സത്യസന്ധവും വച്ചുകെട്ടുകളും ആടയാഭരണങ്ങളുമില്ലാതെ ആവിഷ്ക്കരിക്കുക എന്നതിലാണ് പുതുകവികളുടെ ശ്രദ്ധ. പുതുകവിതയെ വായിക്കുന്ന വായനക്കാരനും അവന്‍റെ ധൈഷണിക ജീവിതത്തോട് തികഞ്ഞ സത്യസന്ധത ആവശ്യമാണ്. പുതുകവിത വായനക്കാരനെ കാത്തിരിക്കുന്നത് ഷുഗര്‍കോട്ടു ചെയ്ത വൈറ്റമിന്‍ ഗുളികകളുമായല്ല മറിച്ച് അശാന്തി നിറഞ്ഞ ഈ ലോകത്തിന്‍റെ നിസംഗമായ വൈകാരിക വിരക്തികളും പ്രചണ്ഡമായ വേഗവും തീര്‍ക്കുന്ന നിലവിളികളുമായാണ്. നഗരത്തിലെ ചേരികളില്‍ തകരപ്പാട്ടയും, പ്ളാസ്റ്റിക്ഷീറ്റുമുപയോഗിച്ച് കെട്ടുന്ന "ചോപ്പടകള്‍" (കുടിലുകള്‍) പോലെ ഉപയോഗിച്ച് തേഞ്ഞ വക്കുപൊട്ടിയ വാക്കുകള്‍ കൊണ്ട് അവന്‍ അവന്‍റെ കവിത നിര്‍മ്മിക്കുന്നു. അതുകൊണ്ട് തന്നെ പുതുകവിത ജീവിതത്തോടുള്ള വളരെ സ്വാഭാവികമായ പ്രതികരണമാണ്. മലയാളിക്കും മലയാള ഭാഷയ്ക്കാകമാനവും സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം പുതുകവിതയ്ക്കും സംഭവിക്കുന്നത് ഇതുകൊണ്ടു കൂടിയാണ്. ഈ കാലഘട്ടത്തിന്‍റെ ഉല്‍പന്നമാവാതെ ഒരു കാലഘട്ടത്തെ രൂപപ്പെടുത്തിയെടുക്കാനുള്ള മേധാ ശക്തി പുതുകവികള്‍ക്ക് ഇന്ന് അത്യാവശ്യമാണ്. പുതുകവികള്‍ ഈ കാലത്തിന്‍റെ ഇരകളാണ്. കവിതയില്‍ വൃത്താധിപത്യവും മണിപ്രവാളത്തിന്‍റെ പൊട്ടും പൊടിയും വിതറി കിടന്നിരുന്ന ഒരു കാലഘട്ടമല്ല ഇന്നുള്ളത്. മാത്രമല്ല ചരിത്രബോധം ഒരു പൊതു ബോധമായി ഇന്നത്തെ എഴുത്തുകാരില്‍ കാണാനാവില്ല. ചരിത്രം ഇന്നത്തെ തലമുറയ്ക്ക് ഉറങ്ങിക്കിടക്കുന്ന ഡാറ്റാബാങ്കാണ്. പുതു തലമുറ ഇന്ന് ചരിത്രത്തെ വായിക്കുന്നത് കാലത്തിന്‍റെ പാദമുദ്രകളായല്ല സെര്‍ച്ച് ബാറില്‍ കൊടുക്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന "ഇന്‍ഫര്‍മേഷന്‍സ്" (വിവരങ്ങള്‍) ആയാണ്. ഈ ഉത്തരാധൂനിക ജീവിതത്തിന്‍റെ ജീവിത പരിസരത്തെ ഡോ. രാധിക സി. നായര്‍ "സമകാലിക സാഹിത്യ സിദ്ധാന്തം ഒരു പാഠപുസ്തകം" എന്ന് അവരുടെ കൃതിയില്‍ ഇങ്ങിനെ നിര്‍വ്വചിക്കുന്നു "വസ്തുക്കള്‍ക്കും ദൃശ്യങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വളരെയേറെ പ്രാധാന്യം കൈവന്നിട്ടുള്ളതാണ് ഇപ്പോഴത്തെ ജീവിതം. സിനിമ, ടി. വി., പത്രമാസികാദികള്‍, പോസ്റ്ററുകള്‍, ആകര്‍ഷകമായ പായ്ക്കറ്റുകള്‍, ടെലിവിഷന്‍ പരസ്യങ്ങള്‍, കൂറ്റന്‍ വഴിപ്പരസ്യങ്ങള്‍, ടീ ഷര്‍ട്ടുകള്‍, കമ്പ്യൂട്ടറുകള്‍, വീഡീയോ ഗെയ്മുകള്‍, ഇന്‍റര്‍നെറ്റ്.. അങ്ങിനെ നീളുന്നു ഈ കാഴ്ച്ചവട്ടം. പലര്‍ക്കും സ്വന്തം ക്യാമറകളുണ്ട്. സമ്പന്നരായ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ടെലിവിഷനില്‍ ഘടിപ്പിക്കാവുന്ന വീഡിയോ ഗെയിമുകള്‍ സമ്മാനിക്കുന്നു. സാങ്കേതിക രംഗത്താവട്ടെ ഗര്‍ഭസ്ഥ ശിശുവിനെ കാണാവുന്ന, ആണ്‍പെണ്‍ വ്യതാസം തിരിച്ചറിയാവുന്ന സമ്പ്രദായങ്ങളുണ്ട്. ശിശുവിന്‍റെ ജനനാന്തരച്ചടങ്ങുകളും മുതിര്‍ന്നവരുടെ മരണാനന്തര ചടങ്ങുകളുമെല്ലാം ക്യാമറയില്‍ പകര്‍ത്തുന്നതും പതിവായിക്കഴിഞ്ഞു. പരസ്യങ്ങളുടെ ഭാഷ നിത്യ ജീവിതത്തിലെ പ്രയോഗങ്ങളിലും സാഹിത്യത്തിലും സിനിമയിലുമൊക്കെ പ്രവേശിച്ചു കഴിഞ്ഞു. മാധ്യമങ്ങളുടെ പ്രാധാന്യം അത്രയേറെയാണ് ഇന്ന് നമ്മുടെ ജീവിതത്തില്‍"
പാരമ്പര്യത്തിന്‍റെ ഏതു നേര്‍നൂലാണ് ഈ ജീവിത പരിതോവസ്ഥയെ കെട്ടുപിണഞ്ഞു കിടക്കുന്നത്..!!?? ജീവിതത്തിന്‍റെ ഈ മായക്കാഴ്ച്ചയില്‍ പുതുകവി അവന്‍റെ ഹൃദയത്തിന്‍റെ സത്യസന്ധതയെ, പവിത്രത നശിക്കാത്ത വാക്കിനെ - കവിതയെ, മുങ്ങിയെടുത്ത് വായനക്കാരന് മുലപ്പാലുപോലെ ചുരത്തികൊടുക്കുകയാണ്. "മലരണിക്കാടുകള്‍..." തിങ്ങിവിങ്ങിയ വായനയുടെ കാല്‍പനിക ലോകത്തെ വളരെ ദൂരെ എറിഞ്ഞുകൊണ്ട് വേണം ഒരു വായനക്കാരന്‍ പുതുകവിതയെ സമീപിക്കാന്‍. ഒരു കുഞ്ഞിന്‍റെ ഉടലിന്‍റെ നഗ്നത പോലെ ചുണ്ടില്‍ പാല്‍മണം മാറാത്ത കവിതയെ വായനക്കാരന്‍ തേടിപ്പിടിച്ചു കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണം. പല മുന്‍നിര കവികളുടെ പൊട്ടും പൊടിയും കവര്‍ന്ന് കവിതാ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന കള്ള നാണയങ്ങളെ ഗാലറിയുടെ പിന്നോട്ട് ഓടിക്കണം. അവര്‍ കവിത എന്താണെന്ന് ആദ്യം പടിക്കട്ടെ. മണ്ണിന്‍റെ ഉഷ്ണത്തില്‍ നിന്ന് ഉയിരെടുക്കുന്ന നീരാവി ഖനീഭവിച്ച് മേഘങ്ങളാവുകയും വീണ്ടും ഘനീഭവിച്ച് മഴയാവുകയും ചെയ്യുന്നതുപോലെ തികച്ചും ജൈവീകമായ, സത്യസന്ധമായ ഒരു പ്രതിഭാസമാണ് സര്‍ഗ്ഗത്മകത എന്ന സത്യം ഈ കാവ്യ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന കപട കവിതാ ഫാക്ടറികളുടെ ഉടമകള്‍ മനസ്സിലാക്കട്ടെ...
തിരഞ്ഞെടുത്ത മൂന്നു കവിതാ ബ്ളോഗ്ഗുകള്‍
ആത്മാവിന്‍റെ പ്രകാശം വിതറുന്ന ബ്ളോഗ്ഗുകളില്‍ നിന്ന് മൂന്നു ബ്ളോഗ്ഗുകളെ തിരഞ്ഞെടുത്തത് തികച്ചും അനായാസമായിത്തന്നെയാണ്. കവിതയെഴുത്തില്‍ രണ്ടുതരം വിഭജനങ്ങള്‍ മാത്രമെ ഇപ്പോള്‍ തല്‍ക്കാലം ബൂലോകത്ത് നിലവിലുള്ളൂ. ഒന്ന് നിലവാരമുള്ള കവിതകളും നിലവാരം കുറഞ്ഞ കവിതകളും. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട മൂന്നു കവികളില്‍ ബ്ളോഗ്ഗ് കവിതാലോകം ഒതുങ്ങിപോകുന്നു എന്ന് ദയവുചെയ്ത് ആരും വിചാരിക്കരുത്. സമയവും സ്ഥലപരിമികളും കൊണ്ട് ഈ മൂന്നു പേരുടെ കവിതകളുമായി മാത്രം സംവദിക്കാന്‍ ഇവിടെ ശ്രമിക്കുന്നു എന്നു മാത്രം. ഇവര്‍ സ്വന്തമായി ഒരിടം കവിതയില്‍ സൃഷ്ടിക്കുകയും അതില്‍ ഒതുങ്ങി കൂടുകയും ചെയ്യുന്നവരാണ്. ഈ മൂന്നു പേരില്‍ ചിലര്‍ തന്‍റെ പ്രതിഭയുടെ ശക്തിയെ, ഊര്‍ജ്ജത്തെ തന്‍റേടത്തോടെ വലിച്ചു പുറത്തിടുന്നതിനു പകരം ബ്ളോഗ്ഗെഴുത്തിലെ നിലവാരം കുറഞ്ഞ കമന്‍റു സംസ്കാരത്തിന്‍റെ ഇരകളായി വെറും യുണീകോഡ് അക്ഷരപ്പെയ്ത്തുകള്‍ നടത്തി അമര്‍ത്തി പഴുപ്പിച്ച് കവിതയുടെ ഞാറ്റുവേല ആഘോഷിക്കുന്നവരാണ്. ബ്ളോഗ്ഗിലെ കവിതകളെക്കുറിച്ച് ആഴത്തിലൊരു പഠനമാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത് നിര്‍ഭാഗ്യവശാല്‍ കൈയ്യിലെടുക്കുമ്പോഴേക്കും പൊടിഞ്ഞുപോകുന്ന ഇതിലെ പലകവിതകളും എന്നെ ഇതൊരു വലിയ അത്യാഹിതമാകുമെന്ന് ഓര്‍മ്മിപ്പിച്ചു. മേഘങ്ങളില്‍ നട്ട മഴച്ചെടികള്‍ പെയ്തു തെളിയുന്നപോലെ... ചിലപ്പോള്‍ നീര്‍ക്കുമിളകള്‍ പോലെ.... ശരത്കാലത്തിലെ മാറിക്കൊണ്ടിരിക്കുന്ന മേഘശില്‍പങ്ങള്‍ പോലെ... ചെറിയ ചെറിയ വിസ്മയങ്ങള്‍.. ചെറിയ ചെറിയ അനുഭൂതികള്‍ .. ചിലപ്പോള്‍ ഒറ്റ മൌസ്ക്ളിക്കില്‍ പൂട്ടി വെയ്ക്കാനാവാത്ത വേദനയുടെ, നിസംഗതയുടെ വായനാനുഭവങ്ങള്‍ ഈ കവിതകള്‍ സമ്മാനിച്ചു. ഇതിലെ ചില കവിതകളില്‍ വലിയ കനം തോന്നിയില്ലെങ്കിലും കനമുള്ള കവിതകളുടെ മുഴുവന്‍ ഊര്‍ജ്ജവും ഊറ്റിയെടുക്കാന്‍ കഴിയാതെ പോയ ചില സന്ദര്‍ഭങ്ങള്‍ ഇവിടെ ഈ കവിതകള്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായി. അത് എന്‍റെ ഒരു പരിമിതിയായി ഞാന്‍ മനസ്സിലാക്കുന്നു. താഴെ പറയുന്ന മൂന്നു കവികളെയാണ് ഞാന്‍ പഠിക്കാന്‍ ശ്രമിച്ചത്.
ഒന്ന്: ഒപ്പരം, രചയിതാവ്: റഫീക്ക്, ലിങ്ക്: www.umbachy.blogspot.com/
രണ്ട്: പച്ച, രചയിതാവ്: സെറീന, ലിങ്ക്: www.herberium.blogspot.com/
മൂന്ന്: രാപ്പനി, ടി. പി. അനില്‍ കുമാര്‍, ലിങ്ക്: www.raappani.blogspot.com/
ഒപ്പരം - ഉമ്പാച്ചി
സമകാലീന സാഹിത്യ ജീവിതത്തിന് ഒപ്പം നടക്കുന്നവയാണ് ഒപ്പരം എന്ന റഫീക്കിന്‍റെ ബ്ളോഗ്ഗിലെ കവിതകള്‍. അസാധാരണവും സത്യസന്ധവുമായ ഒരു ഭാഷയാണ് റഫീക്കിന്‍റെ കൈമുതല്‍. ആത്മാവിന്‍റെ ആര്‍ദ്രസ്വരങ്ങളെ വരികളില്‍ വളരെ തന്‍മയത്തോടെ സന്നിവേശിപ്പിക്കാന്‍ റഫീക്കിന്‍റെ ആഖ്യാനത്തിനു കഴിയുന്നു. അതുകൊണ്ടുതന്നെ സമകാലീന മലയാളം കവിത ബ്ളോഗ്ഗുകളില്‍ നിന്ന് റഫീക്കിന്‍റെ ബ്ളോഗ്ഗിന് വേറിട്ട ഒരു ഇടം കാത്തു സൂക്ഷിക്കാനാകുന്നു. താന്‍ ജീവിക്കുന്ന തനി നാടന്‍ ഗ്രാമപ്രദേശത്തിന്‍റെ, മുറ്റത്ത് ഓടി നടക്കുന്ന വെയിലിന്‍റെ ആഖ്യാനം സ്വന്തം കവിതകളില്‍ അതി വിദഗ്ദമായി പുനഃസൃഷ്ടിക്കുന്നു.
ഇപ്പോഴും
നിരത്തിലിറങ്ങി
അടുത്ത ബസ്സിന്
പോയാലോ എന്നു നില്‍പാണ്
അങ്ങാടി,
അടിപിടിയുണ്ടാക്കിയും
തീവച്ചും
നോക്കിയതാണ്
എന്നിട്ടും
എങ്ങും
പോയിട്ടില്ല
ഇതു വരെ...
___________തിരുവള്ളൂര്
തികച്ചും സാധാരണമായ ജീവിത പരിസരങ്ങളില്‍ നിന്നും കണ്ടെടുക്കുന്ന ബിംബങ്ങളിലൂടെ വിരിയിച്ചെടുക്കുന്ന ആഖ്യാന ശില്‍പം ഏറെ പരീക്ഷിക്കപ്പെട്ടതും കൊണ്ടാടപ്പെടുന്നതുമായ ഒന്നാണ്. പക്ഷെ റഫീക്കിനെ വേര്‍തിരിച്ചു നിര്‍ത്തുന്നത് കവിതയുടെ പ്രമേയ സാധ്യതകളെ ചൂഷണം ചെയ്യുന്ന വൈഭവം കൊണ്ടാണ്. ചുരുക്കം ചില കവിതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍. വെറും വിസ്മയങ്ങള്‍ ജനിപ്പിക്കുന്ന ഒറ്റ ബിംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരിമുറിക്കവിതകളെഴുതുന്ന ചില പുതുരീതികള്‍ റഫീക്കിന്‍റെ വഴിയേ അല്ല എന്നു അദ്ദേഹത്തെ ആഴത്തില്‍ വായിക്കുമ്പോള്‍ മനസ്സിലാകും "മരങ്ങളിലെ വെളുത്ത ദളിതന്‍", "501", എന്നീകവിതകള്‍ റഫീക്കിന്‍റെ പതിഭയുടെ സാക്ഷ്യ പത്രങ്ങളാണ്. ചെറിയ ആശയത്തെ ആഖ്യാന തന്ത്രം കൊണ്ട് ത്രിമാനങ്ങള്‍ സൃഷ്ടിക്കുന്ന കാവ്യ വൈഭവം റഫീക്കിനുണ്ട് "സ്വപ്ന വാങ്മൂലം", "കുമരനല്ലൂരിലെ കുളങ്ങള്‍" എന്നീ കവിതകളില്‍ കാണാം.
ഉത്തരാധൂനിക ഹാങ്ങോവറില്‍ വീഴാതെ തന്നെ ഈ കവിതകള്‍ നല്ലൊരു പാരായണത്തിനിണങ്ങുന്നവയാണ്. "ആദ്യത്തെ ബസിനു തന്നെ പോകാനുള്ള കാരണം", "വരികള്‍", അസ്തമയം, ഹെയര്‍ ബെന്‍റ്, തുടങ്ങി തനി ബ്ളോഗ്ഗുകവിതകളും റഫീക് എഴുതിയിട്ടുണ്ട്. അസാധാരണമായ കൈയ്യൊതുക്കവും ആവിഷ്ക്കാരത്തിലെ മനോഹരമായ നാടന്‍ ശീലും റഫീക്കിന് കൈമുതലായുണ്ടെങ്കിലും അദൃശ്യമായ ഒരു ചട്ടക്കൂട് വിട്ട് റഫീക്കിന്‍റെ കവിതകള്‍ സ്വാതന്ത്യം പ്രാപിക്കുന്നത് കാണാനാവുന്നില്ല.
പച്ച - സെറീന
പുതു കവിതയുടെ യൌവനതീക്ഷണമായ ഭാവമാണ് സെറീനയുടെ കവിതാബ്ളോഗ്ഗില്‍ ചെന്നാല്‍ കാണാനാവുക. അപ്രതീക്ഷിതമായ വിസ്മയങ്ങള്‍ വരികളില്‍ വായനക്കാരനെ കാത്തുകിടക്കുന്നു. ഒരു പുനര്‍വായനയ്ക്ക് പ്രേരിപ്പിക്കുന്ന രചനാ സാമര്‍ത്ഥ്യം സെറീനയുടെ കവിതകള്‍ക്കുണ്ട്. ഞാറ്റുവേലകളെ നീര്‍ത്തിയിട്ട പച്ചയെന്ന ബ്ളോഗ്ഗില്‍ ചില കവിതകള്‍ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച പെണ്‍ വാഴ്‌വിന്‍റെ അസ്വസ്ഥതകള്‍ അമിട്ടുകള്‍ പോലെ ആഞ്ഞുപൊട്ടുന്നു.
“എന്നും അടുപ്പുകല്ലുകള്‍ക്കിടയില്‍
കൂട്ടി വെച്ച് മണ്ണെണ്ണ പകരുമ്പോള്‍
എനിക്ക് കേള്‍ക്കാവുന്ന സ്വരത്തില്‍
ചിരട്ടകള്‍ക്ക് ഒരാത്മാഗതമുണ്ട്,
ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
ഏറ്റവും നല്ല കനലാകാന്‍?”
___________________ തീപ്പെടാന്‍
ഓര്‍ക്കാപ്പുറത്താണ് സെറീനയുടെ കവിത വഴിവിട്ടു പായുന്നത്.... മഴയും, പച്ചയും, പൂവും, പക്ഷിയും ഒക്കെ സെറീനയുടെ കയ്യില്‍ മന്ത്ര മധുരമായ ബിംബങ്ങളായി പുനര്‍ജ്ജനിക്കുന്നു.
തെരുവിലേയ്ക്ക് തുറക്കുന്ന
ഒറ്റ ജാലകത്തിലൂടെ
കാറ്റിനെ കെട്ടിപ്പിടിച്ചു കേറി വരും
കരഞ്ഞു തളര്‍ന്നൊരു മഴ.
അറവുശാലയിലെ ചോരയും
നഗരവും വീണു പുഴുക്കുന്ന
ഓടകളിലേയ്ക്ക് തകര്‍ന്നു വീഴുന്നു
അതിന്‍റെ പളുങ്ക് കൊട്ടാരം
-----_______________________രണ്ടു മഴകള്‍
പുതുകവിതയുടെ എല്ലാ ആസ്വാധ്യതയും നിലനിര്‍ത്തിക്കൊണ്ട് തനതായ ഒരു മൌലികത സെറീനയുടെ കവിതകളില്‍ ദര്‍ശിക്കാനാകും. പക്ഷെ പൊതുവെ പുതുകവിതകളില്‍ കണ്ടു വരുന്ന ഒരു തരം നിസ്സാരവല്‍ക്കരണം സെറിനയുടെ കവിതകളില്‍ അറിഞ്ഞോ അറിയാതെയോ നടക്കുന്നുണ്ട്. ബ്ളോഗ്ഗുകവിതകളില്‍ പൊതുവെ ദര്‍ശിക്കാവുന്ന വിസ്മയിപ്പിക്കുന്ന ഒറ്റ ബിംബങ്ങള്‍, അവസാന വരിയിലെ ട്വിസ്റ്റിങ്ങുകള്‍.. എന്നിവ സെറിനയുടെ കവിതകളിലും കാണാം. ഒരു കവിതയില്‍ നിന്ന് മറ്റൊരു കവിതയുടെ ഈണം പിടിച്ചു കേറി കവിതകളില്‍ ഒരേ രീതിയിലുള്ള ആഖ്യാനശീലക്കേടുകള്‍ കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരനുഭവം സെറീനയുടെ കവിതകളില്‍ ഞാന്‍ കാണുന്നു. ഒറ്റ നോട്ടത്തിലല്ല ആഴത്തില്‍ പഠിക്കാനെടുക്കുമ്പോള്‍ ശീലം തെറ്റിയ മഴപോലെ വായനക്കാരനെ കബളിപ്പിക്കുന്നു. സെറീനക്കവിതകള്‍ ഒരു നല്ല വായനക്കാരനില്‍ നിറയ്ക്കുന്ന വേദന ഇതായിരിക്കും 'ഒരേ ബിംബത്തെ പൊളിച്ചടുക്കി പൊളിച്ചടുക്കി ഇവള്‍ സ്വന്തം നിഴലില്‍ ഒളിച്ചു കളിക്കാതിരുന്നെങ്കില്‍... '
രാപ്പനി - ടി. പി. അനില്‍കുമാര്‍
ഉത്തരാധുനിക കവിതയുടെ ചൂടും ചൂരും തികഞ്ഞ മൌലിക ബിംബകല്‍പനകളിലൂടെ അസാധാരണ അഖ്യാന മികവോടെ അനില്‍ തന്‍റെ രാപ്പനി എന്ന ബ്ളോഗ്ഗിലൂടെ നല്ലൊരു കാവ്യ ആസ്വാദനം വായനക്കാരനു നല്‍കുന്നു. ബ്ളോഗ്ഗിലെ പതിവ് ട്രെന്‍ഡുകളില്‍ നിന്ന് മാറി നില്‍ക്കുന്നവയാണ് അനിലിന്‍റെ കവിതകളും. വായനക്കരന്‍റെ മനസ്സില്‍ അസ്വസ്ഥതകള്‍ അതിവിദഗ്ദമായി വാരിവിതറുന്ന അനിലിന്‍റെ രചനയുടെ രസതന്ത്രം ബൂലോകത്തിന് പുതിയൊരു വായനാനുഭവം സമ്മാനിക്കുന്നു. ഏറെ പഴയതെന്ന് ഒറ്റ വായനയില്‍ തോന്നുന്ന ചില പ്രമേയങ്ങള്‍ക്ക് അനിലിന്‍റെ ആവിഷ്ക്കാര മികവില്‍ ഒരു ഫ്രഷ്നസ്സ് കൈവരുന്നു.
പെണ്ണു പിന്നെയും പെറ്റു
പെണ്ണിനെത്തന്നെ
ബേന്‍ ചൂത്ത്!
എന്തുചെയ്യുമതിനെ
അഞ്ചാമതും പിറന്നത്
പിശാചിന്റെ സന്തതി
വെടിവച്ചു കൊല്ലണം
___________അച്ഛന്‍
സമകാലികതയ്ക്കൊപ്പം നടക്കുന്ന ഈ കവിയുടെ കവിതകള്‍ എല്ലാം തന്നെ ഒരു പുനര്‍വായനയ്ക്ക് പ്രേരിപ്പിക്കുന്നവയാണ്. മറ്റു ബ്ളോഗ്ഗുകവികള്‍ സൃഷ്ടിക്കുന്നതു പോലെ ഞെട്ടിപ്പിക്കുന്ന ബിംബങ്ങളല്ല അനിലിന്‍റെ കവിതയുടെ പ്രത്യേകത. ആഖ്യാനത്തില്‍ ആദ്യം മുതല്‍ അവസാനം വരെ ഈ കവി കാത്തു സൂക്ഷിക്കുന്ന ജാഗ്രത്ത് - ട്രീറ്റ്മെന്‍റ് ആണ് വായനക്കാരനെ ഈ കവിതകളോടടുപ്പിക്കുന്നത്. "അമ്പത് ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍" എന്ന കവിത ഇതിനുദാഹരണമാണ്. കറുത്തവന്‍റെ സംഗീതവും വിനോദങ്ങളേയും ആഘോഷങ്ങളേയും പട്ടിണിക്കിടയിലും അവന്‍ ശമിപ്പിക്കുന്ന ലഹരിയുടെ തൃഷ്ണകളെ ഏറെ മികവോടെ അനില്‍ അവതരിപ്പിക്കുന്നു.
ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത
ഒരു പാട്ടുകാരന്‍
പാടുവാന്‍ തുടങ്ങുമ്പോള്‍
ഇല്ലായ്മകളുടെ രൂപകംപോല്‍
മുന്‍വരിയിലെ പല്ലില്ലായ്മ
തുറിച്ചു നോക്കുന്നു
അവന്റെ, പാട്ടിനൊക്കും
വിലാപത്തില്‍
ഉണങ്ങിയ ആമാശയവുമായ്
ഒരു നാട്, അവിടെ
കരിന്തൊലിയാല്‍ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങള്‍
കരിഞ്ഞ പുല്‍മേടുകള്‍
പാട്ടിനൊപ്പമുള്ള
ഓരോ ചുവടിലും
ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍
___________അമ്പത് ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍
ഭാവാത്മകമായ ഈ കവിതകളില്‍ പുതു കവിതയില്‍ പൊതുവെ കണ്ടുവരുന്ന നാട്ടുവര്‍ത്തമാനത്തിന്‍റെ ശീലുകള്‍ അനില്‍ ഉപയോഗിക്കുന്നതായി എവിടേയും കാണുന്നില്ല. സത്യത്തില്‍ ഇതൊരു ആശ്വാസമാണ്.
ഒള്ളതോണ്ടോണണ്ടാക്കാം
എന്റെ കുട്ടമോനൊന്ന് വന്നാ മതി
പൂത്തറ ചെതല് തട്ടി വയ്ക്കാം
പറമ്പില് തുമ്പപ്പൂവൊന്നുണ്ടാവില്ല
മുറ്റത്തെ ചെത്തി പൂക്കണില്ല
ഞങ്ങളൊന്നും പൂച്ചെടികളല്ലാന്നാ
നന്ത്യാറ്വട്ടോം ചെമ്പരത്തീം
__________________സ്മൈലി
ആഖ്യാനത്തിന്‍റെ അനില്‍ ടെക്നിക്ക് കൂടുതല്‍ വെളിവാകുന്ന കവിതയാണ് "കയിലുകുത്ത്" എന്ന കവിത. പ്രമേയ സ്വീകരണത്തിലെ അനില്‍ ടെച്ച് കവിതയുടെ അവസാന വരി വരെ സുരക്ഷിതമായി മുന്നോട്ടു പോകുന്ന കാഴ്ച്ച ഈ കവിതയില്‍ കാണാവുന്നതാണ്.
വിഷു വരുന്നു
ഉപയോഗിക്കാനാളില്ലാതെ
വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചുവന്നിട്ടുണ്ട് അടുക്കളകളില്‍
വെറുതെയെന്തിനാ കുഞ്ഞേ
ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്
കയിലും കുത്തി നടക്കണ്!
______________കയിലുകുത്ത്
"മഷിയുണങ്ങുന്ന വെയില്‍" എന്ന കവിത എഴുത്തിന്‍റെ പുതിയ പ്രതിസന്ധികളേയും ആവിഷ്ക്കാരത്തിന്‍റെ സത്യസന്ധയേയും പല്ലു ഞെരിക്കുന്ന ഹാസ്യത്തോടെ വലിച്ചു പുറത്തിടുന്നു.
ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണ്
ടെലിവിഷന്
അഭിമുഖത്തിനായിരിക്കുമ്പോള്‍
അവളുടെ മുലയിലായിരുന്നു
എന്റെ കണ്ണ്
എന്ന് പറയുന്നതിനു പകരം,
ചലച്ചിത്രോല്‍സവത്തിന്റെ
ഉത്സാഹികള്‍ക്കിടയില്‍നിന്ന്,
വെയില്‍തിന്ന പക്ഷി,
"കാറപകടത്തില്‍പെട്ടു മരിച്ച വഴിയാത്രക്കാരന്റെ
ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍നിന്നും പറന്ന
അഞ്ചുരൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ്" ***
എന്ന് പറയുന്നതു കണ്ടു.
__________________മഷിയുണക്കുന്ന വെയില്‍
പുതുകവിതയിലെ സാമുഹികവും സൌന്ദര്യപരവുമായ നടപ്പു രീതികളെക്കുറിച്ചുള്ള വിമര്‍ശങ്ങളെ മറികടക്കേണ്ടിവരികയാണെങ്കില്‍ ടി. പി. അനിലിന്‍റെ ഇപ്പോഴത്തെ രചനാശൈലി എങ്ങനെ പുതിയൊരു സങ്കേതത്തിലേക്ക് കൂടുമാറും എന്നറിയാന്‍ കൌതുകമുണ്ട്.
________________________________________________________________________________________
ഒരു പ്രമുഖ ബൂലോക പത്രത്തിനുവേണ്ടി തയ്യാറാക്കിയ ഈ കുറിപ്പ് ജോലിത്തിരക്കുകള്‍ മൂലം പൂര്‍ത്തിയാക്കാന്‍ കാലം താമസം ഉണ്ടായി അതുകൊണ്ട് ഇവിടെ പഠിക്കാനെടുത്ത ബ്ളോഗ്ഗുകളിലെ പുതിയ പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല സന്തോഷ് എച്ച്. കെ., സുനില്‍ പണിക്കര്‍, തുടങ്ങിയവരുടെ ബ്ളോഗ്ഗുകളില്‍ നടന്ന കവിതാ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന പൊതു ധാരയെ സമന്വയിപ്പിക്കണമെന്ന എന്‍റെ ആഗ്രഹവും ഇവിടെ നിറവേറാതെ പോയി. ഇനികാത്തു നില്‍ക്കുന്നത് പന്തിയല്ലെന്നതു കൊണ്ട് ഞാനിതിവിടെ പോസ്റ്റുന്നു... (ഇവിടെ പരാമശിക്കപ്പെട്ട കവികളോട് ഒരുഭ്യര്‍ത്ഥന; നിങ്ങളുടെ വരികളോട് ഒരു സാധാരണക്കരനില്‍ സാധാരണക്കാരനായ വായനക്കാരന്‍റെ ഭാഗത്തു നിന്നുള്ള ഒരു സമീപനമായി ഇതിനെ കണ്ടാല്‍ മതി. സമയക്കുറവുകൊണ്ട് ഇത്രയുമൊക്കെയെ ചെയ്യാന്‍ കഴിഞ്ഞുള്ളു ക്ഷമിക്കുക)
Labels: സംവാദം
ലേഖനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
ജനപ്രിയ പോസ്റ്റുകള്‍
© കോപ്പിയടി നിയമം
ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.