2013, ഡിസംബർ 31, ചൊവ്വാഴ്ച

ദൈവത്തിന്റെ കവിത


 ആഴ്ച്ചപ്പാങ്ങ്-8


  
വാക്കുകള്‍ തീരെ ആവശ്യമില്ലാത്ത ഒരു കാവ്യ വ്യവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടൊ?  പകരം വയ്ക്കാനാകാത്ത
ഒരനുഭൂതിയായി കവിതയെ മാറ്റുന്ന ഒരു ലാവണ്യശാസ്ത്രം; അതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം. ഒരു കാഴ്ചപോലെ ലളിതമാണത്. ഒരു പൂവുവിരിയുന്നതുപോലെ വളരെ നിശ്ശബ്ദമാണത്. ആകാശത്ത് ഒരു മഴവില്ലു വിരിയുന്നതും പിന്നീടത് ഉടഞ്ഞുപോകുന്നതും നമ്മള്‍ കാണാറില്ലേ... എത്ര നിശ്ശബ്ദമായാണത് സംഭവിക്കുന്നത് അതുപോലൊരു കാവ്യാനുഭുതിയെ നമ്മുക്ക് പുനസൃഷ്ടിക്കാന്‍ ആവണം.


മലയുടെ മസ്തകങ്ങളില്‍ നിന്ന് മഴയുടെ അനേകം നീര്‍ച്ചാലുകള്‍ കൈത്തോടുകളാകുകയും കൈത്തോടുകള്‍ സംഗമിച്ച് മഹാനദിയായി മാറുകയും ചെയ്യുമ്പോള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു ജൈവ ചക്രമുണ്ടല്ലൊ കവിതയും അതുപോലുള്ള ഒരു ജൈവചക്രമാണ്. ജലം നീരാവിയായി ആകാശത്ത് പോവുകയും ഘനിഭവിച്ച് മേഖങ്ങളാവുകയും, വീണ്ടും ഘനീഭവിച്ച് മഴയായി തിരികെ ഭൂമിയിലേക്കുതന്നെ പതിക്കുകയും ചെയ്യുന്നതുപോലെ സമൂഹത്തില്‍ നിന്ന് കവിതയുടെ ബോധരൂപങ്ങള്‍ കവിയുടെ മനസ്സിലേക്കും, പിന്നീടത് കവിതയായി സമൂഹത്തിലേക്കും നിപതിക്കുന്നു. മഴയെ ബ്രഹ്മാണ്ഡത്തിന്റെ അറിവ് എന്നാണ് ഋഷികള്‍ പറഞ്ഞത്. കവിതയും മറ്റൊന്നല്ലതന്നെ.


ദൈവത്തിന്റെ കവിത.
ശബ്ദമില്ലാതെ വിരിഞ്ഞ് സൗന്ദര്യപൂരിതമാക്കുന്ന പൂവിന്റെ ഭാഷ, സഹ്രസ്രാബ്ദങ്ങളുടെ ധ്യാനം മുഴുവന്‍ മനസ്സിലൊളിപ്പിച്ചിട്ടും വീര്‍പ്പുമുട്ടാതെ നില്‍ക്കുന്ന പര്‍വ്വത സമാനമായ പക്വത, ഒരു ചെറിയ മര്‍ദ്ധത്തിനെ വന്‍തിരയായി നെയ്‌തെടുക്കുന്ന കടലിന്റെ മുഴക്കം, അതിനൊക്കെയപ്പുറം കൈവഴികള്‍ ചേര്‍ന്ന് കൈത്തോടുകള്‍ ചേര്‍ന്ന് പരന്നൊഴുകന്ന ഒരു നദിയുടെ നൈരന്തര്യം ഇത് സാധിക്കുന്ന ഒരു കവിതയുണ്ടൊ... അതിലേക്കാവട്ടെ നമ്മുടെ യാത്ര....


അജീര്‍ണ്ണം
വായന തലക്കുപിടിച്ചു നടന്നിരുന്ന കാലത്ത് വിലാസിനിയുടെ 'അവകാശികള്‍'  എന്ന നോവല്‍ വായിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബൃഹത്തായ ഒരു നോവലായിരുന്നല്ലൊ അത്. അദ്യത്തെ വോള്യം പകുതി ആകുമ്പോഴേക്കും കഥാപാത്രങ്ങളും സംഭവങ്ങളുമായി എന്റെ മനസ്സ് ഒരു ചക്കപ്പരുവത്തിലായി. ഇത്രയും വലിയൊരു കൃതിയുടെ ആത്മാവിനെ വരിക്കാനുള്ള മാനസിക വലുപ്പം അന്നെനിക്കുണ്ടായിരുന്നില്ല. വിലാസിനി എന്ന ഇതിഹാസ തുല്യനായ എഴുത്തുകാരന്റെ ലോകത്തെ ഒരു മണല്‍ത്തരിപോലുമാകാനുള്ള യോഗ്യതയില്ലെന്ന തിരിച്ചറവ് എന്നെ വീണ്ടും വീണ്ടും വിനീതനാക്കുന്നു.


കഥാനുഗതിയേയും കഥാപാത്രങ്ങളേയും വരച്ചുകൊണ്ട് മുന്നേറുന്ന ഒരു ക്ലാസിക് ഭാഷ വിലാസിനിയുടെ പ്രത്യേകതയാണ്. എന്നാല്‍ പുതിയ കഥാകൃത്തുക്കള്‍ ആ ടെക്‌നിക് കടം കൊണ്ട് എഴുതി നിറയ്ക്കുന്ന തടിച്ച നോവലുകള്‍ കാണുമ്പോള്‍ ഓക്കാനം വരും. എഴുപതുകളുടെ ചോറ് തിന്ന് തടിച്ചുകൊഴുക്കുന്ന നോവലുകള്‍! ശക്തിയില്ലാതെ വെറുതെ തടിച്ചുകൊഴുക്കുകമാത്രം ചെയ്യപ്പെടുന്ന നോവലുകള്‍! ഇത് അജീര്‍ണ്ണമായി വായനക്കാരന് തോന്നിയാല്‍ കുറ്റം എഴുത്തുകാരന്റേതുമാത്രമാണ്. സുഷ്‌മേഷ് ചന്ദ്രോത്തിന്റ '9' എന്ന നോവലും, സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരാമുഖം' എന്ന നോവലും വായിച്ചപ്പോള്‍ എനിക്ക് ഈ അജീര്‍ണ്ണം നന്നായി ബോധ്യപ്പെട്ടു.


കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന ആഖ്യാനത്തിന്റെ അത്ഭുതമാന്ത്രികതയാണ് വിലാസിനിയുടെ നോവലുകളിലേത്. അതിനുശേഷം വന്ന മറ്റൊലികൃതികള്‍ക്ക് ആ സിദ്ധി അവകാശപ്പെടാനാവില്ല. അവനവന്‍ കടന്നുപോകുന്ന കാലത്തിന്റെ ലാവണ്യത്തെ പകര്‍ത്തിവയ്ക്കാന്‍ സ്വന്തമായൊരു ആഖ്യാനവൈഭവമില്ലാത്തവരാണ് വിലാസിനിയിലേക്ക് മടങ്ങിപ്പോകുന്നത്. ഇവരെയൊക്കെ പൊക്കിപ്പിടിച്ചു നടക്കാന്‍ വിധിക്കപ്പെട്ട വായനക്കാര്‍ വായനാ ദാരിദ്ര്യം ബാധിച്ചവരാണ്.


പാവം മുരാകാമി
ഒരുപാട് കാലത്തിന് ശേഷമാണ് രവിയുടെ ഒരു കഥവായിക്കുന്നത്. അദ്ദേഹത്തിന്റെ 'കുതിരാന്‍' എന്ന ചെറുകഥാ സമാഹാരത്തിലെ കഥകളുമായി മല്ലടിച്ചൊരു ഓര്‍മ്മവെച്ചാണ് 'പാവം മുരാകാമി' (മാതൃഭൂമി ഡിംസ. 22) വായിച്ചത്. വായിച്ചുകഴിഞ്ഞപ്പോള്‍ രവി എന്ന എഴുത്തുകാരന്‍ മനസ്സില്‍ നിന്ന് മഞ്ഞുപോലെ ഉരുകിപ്പോയി. ആദ്യമായിട്ടാണ് രവിയുടെ ഒരു കഥ തലപ്പെരുക്കമില്ലാതെ വായിക്കാന്‍ കഴിഞ്ഞത്; ലളിതമാണ് ഈ കഥ. എന്നിട്ടും പഴയ രവിയുടെ ഓര്‍മ്മയില്‍ പുതിയ രവിയുടെ കഥ എന്റെ മുന്നില്‍ ഒന്നുമില്ലായ്മയായി.


നിലവിളിച്ചുഴി
പുതിയ കഥകള്‍, പുതുമയുള്ള കഥകള്‍ എഴുതുന്ന എ.എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ ഇരുപതുവര്‍ഷം പഴക്കമുള്ള നിലവിളിച്ചുഴി (മാതൃഭൂമി ഡിസം. 22) വായിച്ചു. മടക്കിവയ്ക്കുന്നതോടെ മറന്നുപോകുന്ന കഥകള്‍ ഹാഫിസ് മുഹമ്മദ് എഴുതാറില്ല. ഈ കഥയും അതുപോലെതന്നെ. കാല്‍പനികതയില്‍ മുക്കിയ ഒരു കാമുകന്റെ വഞ്ചനയെ ഇത്ര മധുരമായി പറയാതെ പറയുന്ന കഥ. പക്ഷെ ഈ കഥ ഈ കലത്തിന്റേതല്ല. ഒരുപാട് പഴക്കമുണ്ടിതിന്റെ ഭാഷയ്ക്കും ആവിഷ്‌ക്കാരത്തിനും. ആ കുറവ് വിട്ടുകളഞ്ഞാല്‍ കഥ അതിമനോഹരം എന്നുതന്നെ പറയണം.

ഞാനുമെന്റെവാക്കുമീസന്ധ്യയും

നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍
മനുഷ്യപക്ഷത്തുനില്‍ക്കുന്ന ഭാവഗീതങ്ങളെ കവികള്‍ സമൂഹത്തിന് കേള്‍പ്പിച്ചുകൊണ്ടേയിരിക്കണം. പാരമ്പര്യത്തിന്റെ ഏതോ വെണ്‍മേഘത്തിലിരുന്ന് തോരാതെ പെയ്യുകയാണ് നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍. അദ്ദേഹത്തിന്റെ കവിതളുടെ ഭാവാത്മകതയില്‍ അദ്ദേഹത്തിന്റെ ആത്മസൗന്ദര്യകൂടി അടയിരിക്കുന്നു. അങ്ങേയറ്റം ആകര്‍ഷകമാണത്.


ചരിതാര്‍ത്ഥമെന്‍ വാഴ്‌വെ-
ന്നഭിമാനിക്കാന്‍ ജീവ-
ചരിത്രപ്പുറങ്ങളില്‍
ഞാന്‍ വാക്കു കടയുന്നു!


ഒന്നുമില്ലെങ്കില്‍ക്കൂടി
വിശ്വാസ പ്രമാണങ്ങള്‍-
ക്കൊന്നിനും നിറം ചോരാ-
തിരിക്കാന്‍ വിയര്‍ത്തോന്‍ ഞാന്‍!


നിസ്സാരമല്ലക്കാര്യ
മെന്നല്ലോ കായല്‍ക്കാറ്റിന്‍-
നിശ്വാസ സൗരഭ്യം! ഞാനീവരി കുറിക്കുമ്പോള്‍
-നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (കലാകൗമുദി ഡിസ. 22)


ഒരു കവിയുടെ ബാക്കിപത്രങ്ങളെ വിനീതമായ അത്മബോധംകൊണ്ട് തുടച്ചുമിനുക്കുകയാണ് കവി. ഇത്ര നിശ്ശബ്ദമായി ഇത്ര ഭാവാത്മകമായി വാക്കുകളുടെ തുള്ളിക്കളിയില്ലാതെ പരിപക്വമായി എഴുതുന്ന ഒരാള്‍. വായിക്കപ്പടേണ്ടതാണ് അദ്ദേഹമെഴുതുന്ന കവിതകള്‍. ആദരിക്കപ്പെടേണ്ടതാണതിലെ ആത്മസൗന്ദര്യം.


ഗോള്‍ഡ് ലോണ്‍
മോഹന്‍ലാലും ഇന്നസെന്റും കാവ്യാമാധവനുമൊക്കെ ജനകീയ നടിനടന്മാരാണ്. 'നിങ്ങളുടെ സ്വര്‍ണ്ണപ്പണ്ടത്തിന്റെ പണയത്തിനുമേല്‍ പലിശയ്ക്ക് പണം തരാ'മെന്ന് ഇവര്‍ ചാനലിലൂടെ പ്രേക്ഷകരോട് പറയുന്നതോടെ എന്റെ മനസ്സില്‍ ഇവര്‍ തികഞ്ഞ അശ്ലീല കോലങ്ങളാകുന്നു. മനസ്സില്‍ ഒരു വഞ്ചനയുടെ വെള്ളിവാള്‍ മിന്നുന്നു. ഞങ്ങളുടെ ദാരിദ്രത്തില്‍ വന്നൊരു വട്ടിപ്പലിശക്കാരന്‍ വന്ന് കുത്തിയാലും വിരോധമില്ല. നിങ്ങളെയൊക്കെ ഞങ്ങളങ്ങനെയല്ലല്ലൊ കണ്ടിട്ടുള്ളത്. എന്നാലും ഇതുവേണ്ടായിരുന്നു എന്ന് ഇവരോട് നേരിട്ട് ചെന്ന് പറയാന്‍ തോന്നുന്നു.


മധുര മിഠായി
മധുരമുള്ള മിഠായി വായിലിട്ടു നുണയുന്ന ഒരാള്‍ക്ക് അത് അലിഞ്ഞു തീരുന്നതിനുമുന്‍പെ അതിനെ കടിച്ചു പൊട്ടിയ്ക്കാന്‍ തോന്നും. മധുരമുള്ള ഒന്നിനെ അധികനേരം നാവിന് ലാളിച്ചുകൊണ്ടിരിക്കാന്‍ അവില്ല. അപ്പോഴേക്കും പല്ലുകള്‍ അതിനെ ചവച്ചരയ്ക്കും. മധുരമുള്ള, മനോഹരമായ എല്ലാത്തിന്റേയും ഗതി ഇതുതന്നെയാണ്. ഓരോ സൗന്ദര്യത്തിനും മധുരത്തിനും പിന്നില്‍ അതിനെ ചവച്ചരയ്ക്കാനുള്ള പല്ലുകള്‍ കാത്തുനില്‍പ്പുണ്ട്.
നാവ് നുണഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കിട്ടുന്നരുചിയല്ല അതേ മിഠായി ചവയ്ച്ചരയ്ക്കുമ്പോള്‍ കിട്ടുന്ന രുചി.
ഈ മിഠായികളുടെ ഒരു കാര്യം....


സരിതായനം
സരിതാ നായര്‍ മന്ദസ്മിതം തൂകുന്നു. അവളുടെ സീമന്ദരേഖയില്‍ നിന്ന് കേരളം പൊട്ടിയൊലിക്കുന്നു. ഈ ഹരിതകേരളത്തിന് അവളോളം ശരീരവടിവില്ല! അവള്‍ പെണ്‍ വിജയത്തിന്റെ കൊടിയടയാളമാണ്. ഇവിടെ നോക്കൂ... ബിജു രാധാകൃഷ്ണന്‍ എന്നൊരു പേക്കോലം. താടിവടിക്കാതെ മൂടിചീകാതെ, പരാജിതന്റെ, അവഗണിക്കപ്പെട്ടവന്റെ പ്രതീകമായി, കൊതിയടക്കിയവന്റെ പാതി താഴ്്ത്തിക്കെട്ടിയ കൊടിപോലെ ഒരു ക്രിമിനല്‍. രണ്ടു ക്രിമിനലുകളെ കേരളം കൊണ്ടുനാടക്കുന്ന രീതികള്‍ കാണൂ...


ബിജു രാധാകൃഷ്ണാ.. നീയൊരു ക്രിമിനലാണ്, സ്വന്തം ഭാര്യയെ കൊന്നവനാണ്.... തട്ടിപ്പുകാരനാണ്. നിന്റെയൊക്കെ കാലുതല്ലിയൊടിക്കപ്പെടേണ്ടതാണ്. എങ്കിലും നീയിങ്ങനെ അവഗണിക്കപ്പെടുന്നവനായി നില്‍ക്കുമ്പോള്‍, നിന്റെ മുന്നില്‍ ഡിസൈന്‍ സാരിയണിഞ്ഞ് ഒരു സുന്ദരിപിശാചിങ്ങനെ മിന്നുന്നതുകാണുമ്പോള്‍... എന്റെയുള്ളിലെ പുരുഷന് സഹിക്കുന്നില്ല. ഇപ്പോള്‍ ഫെമിനിസം പറഞ്ഞോണ്ട് എന്റെ മുന്നില്‍ വരുന്നവളുമാരെ എനിക്ക് കേറിപ്പിടിക്കാന്‍ തോന്നും... എന്നിലെ പുരുഷന്‍ ഒരു മൃഗമാകുന്നു.. എനിക്ക് എന്നോടുതന്നെ വെറുപ്പു തോന്നുന്നു... സരിതേ നിന്റെ കിടപ്പറകഥകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഞാന്‍ ഗൂഢമായി സന്തോഷിക്കുന്നു.... ബിജു രാധാകൃഷ്ണാ നീ നിന്ന നില്‍പില്‍ ഇറയത്തു കേറിത്തൂങ്ങിയാല്‍ നിന്നെ കുറ്റം പറയാന്‍ പറ്റില്ല... നീയൊക്കെ അത്രയ്ക്ക് അനുഭവിക്കുന്നുണ്ട്..... ആണായി പിറന്നാല്‍ ഒരിക്കലും ഒരു പെണ്ണിനൊപ്പം വേണ്ടാതീനം ചെയ്യരുത്. ഇല്ലെങ്കില്‍ ഇങ്ങിനെയൊക്കെയാകും...


ഫേസ്ബുക്ക് കവികളും ബിജു രാധാകൃഷ്ണന്‍മാരെപോലെയാണ്. ഇന്നലെ എഴുതിത്തുടങ്ങിയ സരിതാ നായരുമാര്‍ ലൈക്കുകളുടെ ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടയുമ്പോള്‍.... ബിജു രാധാകൃഷ്ണന്മാരുടെ ഷേവ് ചെയ്യാത്ത കവിതകള്‍ സൈബര്‍കാറ്റിലെ അപ്പൂപ്പന്‍ താടികളാകുന്നു.


കിടപ്പറ
ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതിന്റെ പിന്നിലെ സാമൂഹിക മനശാസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. ആധുനിക മനുഷ്യന്റെ ആത്മീയ ദാരിദ്ര്യം അധികരിക്കുന്നതോടെ വിപണികളില്‍ ഏതെടുത്താലും പത്തുരൂപ നിരക്കില്‍ ആള്‍ദൈവങ്ങള്‍ സുലഭമായി. തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും പ്രശസ്തനായിരുന്ന നിത്യാനന്ദ എന്ന കള്ള സന്യാസി ഇന്നത്തെ പ്രത്യേക സാമൂഹിക സാഹചര്യങ്ങളുടെ ഉത്പന്നമാണ്. അദ്ദേഹം കള്ളനൊ കൊള്ളക്കാരനൊ അഭിചാരം ചെയ്യുന്നവനൊ ആരുമായിക്കോട്ടെ. അദ്ദേഹം ചെയ്യുന്ന തിന്മകള്‍ക്ക് തക്കതായ ശിക്ഷകൊടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ നിത്യാനന്ദ എന്ന യുവാവും, ചലചിത്ര നടിയും ശിഷ്യയുമായ രഞ്ജിതയും ഏറെയും വേട്ടയാടപ്പെട്ടത് ലൈംഗീകതയുടെ പേരിലാണ്. നിത്യാനന്ദയും രഞ്ജിതയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റാണൊ?


നിത്യാനന്ദ എന്ന യുവാവ് രഞ്ജിത എന്ന യുവതിയില്‍ ആകൃഷ്ടനാവുകയും ബ്രഹ്മചര്യം വെടിഞ്ഞ് അവര്‍ പരസ്പരം ഭോഗിക്കുകയൊ, അനുരാഗ ബദ്ധരാകുകയൊ ചെയ്യുന്നതില്‍ കുറ്റകരമായി ഞാന്‍ ഒന്നും തന്നെ കാണുന്നില്ല. എന്നാല്‍ അവരുടെ സ്വാകാരതയില്‍ ഒളിക്യാമറ കൊണ്ടുവയ്ക്കുകയും ജനകീയ മാധ്യമങ്ങളിലൂടെ ഈ വ്യക്തികളുടെ കിടപ്പറയിലെ സ്വകാര്യതയെ പൊതു സമൂഹത്തിനു മുന്നില്‍ തുറന്നുവയ്ക്കുകയും ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അവരുടെ കിടപ്പറ രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച സണ്‍ ടി.വി എന്ന നാലാംകിട അശ്ലീല ചാനല്‍ നിരോധിക്കപ്പെടേണ്ടതാണ്. നിത്യാനന്ദ സ്വാമി “സ്വാമിയൊ” 'ആശാമിയൊ' കൊള്ളക്കാരനൊ ആയിക്കൊട്ടെ അത് വേറേ വിഷയം. പക്ഷെ അദ്ദേഹത്തിന് രഞ്ജിത എന്ന യുവതിയുമായുള്ള ആനുരാഗത്തെ ഏറെ പരിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഗുരുവില്‍ നിന്ന് ദീക്ഷ സ്വീകരിച്ച് സന്യാസിനിയായി മാറിയ രഞ്ജിത എന്റെ മനസ്സില്‍ സമര്‍പ്പണത്തിന്റെ സ്വര്‍ണ്ണമകുടമാണ്. കൈക്കുടന്ന നിലാവ് എന്ന മലയാള ചിത്രമടക്കം ജൈഹിന്ദ്, എന്‍ ആസൈ മച്ചാന്‍, അമൈതിപടൈ... അങ്ങിനെ ഒരുപാട് ചിത്രങ്ങള്‍..ആ നടിയെ എനിക്ക് മറക്കാന്‍ പറ്റില്ല. കേരളത്തില്‍ ലൈംഗിക വിവാദങ്ങളില്ലാത്ത 60 കഴിഞ്ഞ സ്വാമിനിമാര്‍ ഉണ്ട് അവരുമൊക്കെ ചെയ്യുന്നത് മണി ലോണ്ടറിങ്ങ് (MONEY LAUNDERING) തന്നെ. അവരുടെ കച്ചോടം പൊട്ടിക്കാന്‍ ഒളികാമറ ആരും വയ്ക്കില്ല. അവരൊന്നും നിത്യാനന്ദയെപോലെ രഞ്ജിതയെപ്പോലെ ഗ്ലാമറുള്ളവരല്ല. ലൈംഗികതയുടെ മേമ്പൊടിയില്ലെങ്കില്‍ വാര്‍ത്ത വിറ്റുപോകില്ലല്ലൊ ല്ലേ....


ചോദ്യം ഉത്തരം
ആഴ്ച്ചപ്പാങ്ങ് ചിലപ്പോഴൊക്കെ സാഹിത്യബാഹ്യമായിപ്പോകുന്നുണ്ടല്ലോ?
സാഹിത്യം എന്ന് പറയുന്നത് താലിബാനൊ വല്ലോം ആണോ. അത് സാര്‍വ്വലൗകികമായ ഒന്നല്ലേ.... നിരൂപണം സാഹിത്യത്തില്‍മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് നീരീക്ഷണങ്ങളുടെ, കണ്ടെത്തലുകളുടെ, വെളിപാടുകളുടെ ആവിഷ്‌ക്കരണമാണ്. മാര്‍ക്കറ്റിലെത്തുന്നതിനുമുന്‍പേതന്നെ ചില സാഹിത്യ ഫ്‌ളേവറുകള്‍ നിരൂപകന്റെ കൈയ്യിലെത്തും. ഒറിജിനലും ഡ്യൂപ്ലിക്കറ്റും ഒരു നിരൂപകന് കണ്ടാല്‍ തിരിച്ചറിയും. അതു സാഹിത്യത്തിലായാലും മറ്റേത് മേഖലയിലായാലും.


നിങ്ങള്‍ ഒറിജിനലാണൊ?
ഞാന്‍ ഡ്യൂപഌക്കേറ്റാണ്. ഈ ആഴ്ച്ചപ്പാങ്ങിന്റെ രൂപവും ഭാവവും ഡ്യൂപ്‌ലിക്കേറ്റാണ്‌. പക്ഷെ ഇതിലെ നിരീക്ഷണങ്ങള്‍ ഒറിജിനല്‍ ആണ്. ഞാന്‍ എന്ന ജൈവഘടനയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില ജൈവ നിരീക്ഷണങ്ങള്‍. അത് എത്രത്തോളം മെച്ചമുള്ളതാണ്, വേറിട്ടതാണൊ.. അതൊ നേരംമ്പോക്കാണൊ എന്നൊക്കെ പറയേണ്ടത് നിങ്ങള്‍ വായനക്കാരല്ലേ....

ആഴ്ച്ചപ്പാങ്ങ് വായിക്കുന്നവര്‍ക്കും വായിക്കാത്തവര്‍ക്കം എന്റെ പുതുവത്സാരാശംസകള്‍...
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.