പത്തു ഫര്‍ലോങ്ങുനടന്നാല്‍ വായനശാല, അരഫര്‍ലോങ്ങു നടന്നാല്‍ അമ്പലം, പോസ്റ്റോഫീസ്, വല്ലപ്പോഴുമൊരിക്കല്‍ ദൂരെ എവിടെനിന്നൊ, ഗ്രാമത്തിലോടുന്ന ഏക മിനിബസ്സിന്റെ ഹോണടി-ഇരമ്പല്‍. ദൂരെ പാടത്തിനുമക്കരെ കാവല്‍പനകളുടെ സന്ധ്യാപഥങ്ങള്‍. ആകാശത്തെവിടെയൊ ഒരു കൂവലടര്‍ത്തിയിട്ടു പോകുന്ന ഒരു വേഴാമ്പല്‍, വട്ടമിട്ടു പറക്കുന്ന ഒരു പരുന്തിന്‍ കരച്ചില്‍... ഇന്നും എത്ര കാല്‍പനികമാണ് ഈ സന്ധ്യകള്‍ എന്ന് കഴിഞ്ഞ അവധിക്കാലത്ത് ഒരു പാലക്കാടന്‍ വൈകുന്നേരത്തില്‍ അതിരുകളില്‍ കാവല്‍പ്പനവരമ്പിന്റെ ചോട്ടില്‍ നിന്ന് നിറങ്ങള്‍ കൊഴിയുന്ന പകലറുതിയില്‍ എന്റെ നാടുകണ്ടപ്പോള്‍ ഞാനിങ്ങനെ ഓര്‍ത്തുപോയി.
നാട്ടിന്‍പുറത്തിനുമാത്രമല്ല നഗരത്തിനുമുണ്ട് കാല്‍പനികമായ ഭംഗികള്‍ എന്ന് കുറെക്കാലം ഈ നഗരത്തില്‍ ജീവിച്ചതിനുശേഷമാണ് എനിക്കു മനസ്സിലായത്. കാക്കയും കുയിലും കരയുന്ന പുലരികളൊ പരന്ന പാടങ്ങളൊ, പച്ചപുതച്ച പുല്‍വരമ്പുകളൊ ഇല്ലെങ്കിലും ഈ നഗരം നാടുപോലെതന്നെ കാല്‍പ്പനികമാണ്. നഗരത്തിന്റെ കാല്‍പ്പനികത മുഴുവന്‍ പണ്ടുമതുലെ ഇവിടെ താമസിച്ചുവരുന്ന 60 കഴിഞ്ഞ മലയാളികളുടെ മുഖത്താണെന്ന് ചിലപ്പോഴൊക്കെ തോന്നും. എഴുപതുകളില്‍ ഈനഗരത്തില്‍ ചേക്കേറിയ പലര്‍ക്കും വീടായി കാറായി, മക്കളൊക്കെ നല്ല നിലയിലായി;
'പെണ്‍മക്കളെ നഗരത്തിലെ തന്നെ മലയാളി ചെറുക്കന്മാര്‍ക്ക് കെട്ടിച്ചുവിട്ടു, മോനിപ്പൊ പഠിക്കുന്നു... ബി.ഈ കഴിഞ്ഞു എംബി.എ ചെയ്യാ' ഇതൊക്കെ പറയുമ്പോള്‍ അവരുടെ മുഖത്ത് ഒരു വല്ലാത്ത ചാരിതാര്‍ത്ഥ്യം വന്നു നിറയാറുണ്ട്. ചില പഴയ മലയാളികളുടെ മുഖത്ത് കാല്‍പനികമായ ഒരു ജീവിതം നയിക്കുന്നതിന്റെ ഒരു സംതൃപ്തി കാണാം. ഒരാള്‍ പറഞ്ഞു 'മക്കളൊക്കെ കൊത്താനും പെറുക്കാനുമായി.... ആകെമൊത്തം സെറ്റില്‍ടായി, ഇനി ഇത്തിരി സാഹിത്യം, കുറച്ചു സാമൂഹികം, സമയമുണ്ടെങ്കില്‍ സാംസ്‌കാരികം, ഫണ്ടു തരപ്പെടുകയാണെങ്കില്‍ ജീവകാരുണ്യം'. കാല്‍പ്പനികത വഴിഞ്ഞൊഴുകുന്ന ആ മുഖങ്ങള്‍ കാണുമ്പോള്‍, അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ എന്നെപ്പോലുള്ള ദരിദ്രവാസികള്‍ക്ക്, നാളിതുവരെയായി നഗരത്തില്‍ വേരുപിടിക്കാനാകാത്തവര്‍ക്ക്, എപ്പോഴും വീട്ടോര്‍മ്മയുമായി നരകിക്കുന്നവര്‍ക്ക് വിസ്മയം, ആശ്വാസം.
മുംബൈ സാംസ്‌കാരിക സന്ധ്യകളുടെ ഒരു നഗരമാണ്. എല്ലാ ഞായറാഴ്ച്ചകളിലും എന്തെങ്കിലുമൊക്കെ സാഹിത്യ പരിപാടികള്‍ കാണും. അവിടെയെല്ലാം ഞാന്‍ മേല്‍പ്പറഞ്ഞ നമ്മുടെ കാല്‍പനിക ബുദ്ധിജീവികളെ കാണാം. എഴുപതുകളില്‍ ആസ്വദിച്ച യൗവ്വനത്തിന്റെ സര്‍ഗ്ഗാത്മകയും വായനയുമൊക്കെ വച്ചുവിളമ്പാനും ആഘോഷിക്കാനുമൊക്കെ ഇന്നും നീക്കിയിരുപ്പായി ഒരുപാടു സാഹിത്യ സദസ്സുകള്‍ മുംബൈയിലുണ്ടാകുന്നു. അതിലൊക്കെ ആദ്യംപറഞ്ഞ ചരിതാര്‍ത്ഥ്യരായ വാര്‍ദ്ധക്യംത്തിലേക്കു കടന്ന പഴയ ആ ക്ഷുഭിത യൗവ്വനത്തിന്റെ ഉടമകള്‍ വിഹരിക്കുന്നു. അവരാണ് പുതിയ തലമുറയുടെ സര്‍ഗ്ഗാത്മകതയുടെ മൂല്യത്തെ അളക്കുന്നവര്‍. അവര്‍ കവിതയുടെ റസീപ്പി കുറിച്ച് മൂന്നാം തലമുറയ്ക്കു കൊടുത്തുകൊണ്ടു പറയുന്നു 'കവിതാ ച്ചാല്‍ ഇങ്ങിനെ വേണം', 'കഥയാവണം ച്ചാല്‍.... ദാ ദിങ്ങിനെ എഴുതണം.....' ക്ഷുഭിത യൗവ്വനത്തിന്റെ കാമ്പസ്സ് ഓര്‍മ്മകളില്‍ ജീവിക്കുന്ന അവര്‍ തന്റെ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍, സ്‌കൂള്‍ ബസ്സില്‍ അയച്ച് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനെ സൗകര്യപൂര്‍വ്വം മറക്കുന്നു. പക്ഷെ സാഹിത്യ സായാഹ്നങ്ങളില്‍മാത്രം അവര്‍ 'പുല്‍പ്പള്ളിയും', 'തലശ്ശേരി'യുമൊക്കെ അയവിറക്കുന്നു.
വേരുപിടിക്കാത്തവര്‍ അനവധിയാണ്, മൂന്നാം തലമുറയില്‍ പലരും നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ നാടുവിട്ടവര്‍. പന്ത്രണ്ടു മണിക്കൂറിലധികം തൊഴില്‍ശാലയില്‍ കഴിയുന്നവര്‍. തിരക്കുപിടിച്ച ലോക്കലില്‍ ചാരിനില്‍ക്കാന്‍ ഇത്തിരി സൗകര്യം കിട്ടിയാല്‍ ആഴ്ച്ചപതിപ്പും, ഇരിക്കാന്‍ ഇടംകിട്ടിയാല്‍ വിസ്തരിച്ചൊരു നോവലും വായിക്കാമല്ലൊ എന്ന് തന്റെ ജീവിതത്തിലെ ഒഴിയാബാധയായ സര്‍ഗ്ഗാത്മക ജീവിതത്തിന് അമൃതേത്തു നടത്തുന്നവര്‍. ഇവര്‍ക്ക് കവിതയെന്നാല്‍ തന്റെ സ്വത്വത്തെ തകര്‍ക്കാതെ നിലനിര്‍ത്താനുള്ള ഒരു തുള്ളിമരുന്നാണ്. വായനയെന്നാല്‍ ശുഷ്‌കിച്ചുകൊണ്ടിരിക്കുന്ന, മരണശയ്യയിലായ തന്റെ ആന്തരിക ജീവിതത്തെ നിലനിര്‍ത്താനുള്ള അരിഷ്ടമാണ്. ഇവിടുത്തെ സാഹിത്യ സാംസ്‌കാരിക സന്ധ്യകളില്‍ അവര്‍ പോകുന്നത് അവനവനെത്തന്നെ തിരഞ്ഞുകൊണ്ടാണ്. ഈയ്യിടെയായി ഇത്തരക്കാര്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്നു എന്നുപറയാന്‍കൂടിയാണ് ഇത്രയുമൊക്കെ പറഞ്ഞത്. മുംബൈ ഇന്നവരെ ഭ്രമിപ്പിക്കുന്നില്ല. ഉയര്‍ന്നുകൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് വിലയും 'ബാച്ചി' വീടുകളുടെ (ബാച്ചിലര്‍മാരുടെ വീടുകള്‍) ദൗര്‍ലഭ്യവുമൊക്കെ അവരെ വല്ലാത്ത അരക്ഷിതാവസ്ഥയിലെത്തിക്കുന്നു. അതോടെ പഴയതുപോലെ ബാച്ചികള്‍ നഗരത്തില്‍ വരുന്നില്ല. പണ്ടൊക്കെ ഒരു കെട്ടിടത്തില്‍ ചുരുങ്ങിയത് മൂന്നു ബാച്ചി ഫ്‌ലാറ്റുകളെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ പണ്ടത്തെ ബാച്ചികളായിരുന്ന വിവാഹിതര്‍ക്ക് കേരളത്തില്‍ നിന്നെത്തിയ ഇന്നത്തെ ബാച്ചീസിനെ കണ്ടുകൂടാ... വീട്ടില്‍ കേറ്റാന്‍ കൊള്ളാത്തവരെന്നാണ് ചിലരെങ്കിലും അവരെക്കുറിച്ചു അപവാദം പറയുന്നത് !
രണ്ടു തലമുറ പിന്നിലുള്ളവര്‍ക്ക് ഈ ഇരമ്പുന്ന നഗരം ഒരു 'കാല്‍പനിക കേരളമാണ്' എന്നാല്‍ തൊണ്ണൂറുകളില്‍ വായിച്ചും എഴുതിയും രണ്ടായിരിത്തി പതിനഞ്ചില്‍ ഈ നഗരത്തിന്റെ പ്രചണ്ഡമായ ജീവിതവേഗങ്ങളില്‍ ഇതിന്റെ പല്‍ചക്രങ്ങളില്‍ കുടുങ്ങിപ്പോയ പിന്‍തലമുറകള്‍ക്ക് എഴുത്ത് ഒരു ബാധയാണ് - ചിലപ്പോഴൊക്കെ വല്ലാത്ത ശാപവും.
പെരുമാള്‍ മുരുകന്‍
ചരിത്രവും ഫിക്ഷനേയും സമന്വയിപ്പിച്ചുകൊണ്ട് പുതിയ ഒരു ഭൂമിക സൃഷ്ടിക്കുന്ന നോവലുകള്‍ മലയാളത്തില്‍ ധാരാളമായി ഉണ്ടാകുന്നു. സേതുവിന്റെ 'മറുപിറവി', എന്‍. എസ്. മാധവന്റെ 'ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍', ടി.ഡി. രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'. ഹിസ്‌റ്റോറിസിസത്തിന്റെ ഹിസ്‌റ്റോറിക് ഫിക്ഷന്റെ അനന്ത സാധ്യതകളില്‍ ആവോളം അഭിരമിക്കുന്ന എഴുത്തുകാര്‍ പുതിയ ഒരു ഭാവുകത്വം സൃഷ്ടിക്കുന്നുണ്ട് മലയാളത്തില്‍. എന്നാല്‍ അതൊന്നും സമകാലിക ജീവിതത്തിന്റെ കാതലായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടൊ എന്ന ചോദ്യം ബാക്കിയാകുന്നു.
പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ (മാതോരുപാകന്‍) എന്ന നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഈ ചോദ്യം പ്രബലമാകുന്നു. എഴുപതു വര്‍ഷം മുന്‍പ് തിരുച്ചെന്തൂരിലെ ഒരു അര്‍ദ്ധാനാരീശ്വര ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ആചാരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു നോവലാണ് ഇത്. സമകാലിക കുടുംബജീവിതത്തിന്റെ അടിത്തറകളെ വരെ ചോദ്യം ചെയ്യുന്നപ്രശ്‌നവല്‍ക്കരിക്കുന്ന ഒരു ശക്തമായ നോവല്‍. വ്യവസ്ഥാപിത കുടുംബ സമൂഹത്തില്‍ കുട്ടികളില്ലാത്ത കാളി-പൊന്ന ദമ്പതികളുടെ ദാമ്പത്യത്തില്‍ നേരിടേണ്ടി വരുന്ന അപമാനങ്ങളെ അതി ശക്തമായി പെരുമാള്‍ മുരുകന്‍ വരയ്ക്കുന്നു. വ്യവസ്ഥാപിത തമിഴ് ജീവിതത്തില്‍ വന്ധ്യത ഒരു വലിയ ദുരന്തമായി തീരുന്നതിനെ അവതരിപ്പിക്കുന്നുണ്ട് ഈ നോവലില്‍. വൈയ്യക്തിക ജീവിതത്തിലെ പരസ്പര വിശ്വാസത്തേയും സ്‌നേഹത്തേയും വരെ തച്ചുതകര്‍ക്കുന്ന അതി ദാരുണമായ ഘട്ടത്തിലേക്ക് വന്ധ്യത വളര്‍ന്നു വരുന്നു. പക്ഷെ ഈ ദമ്പതികള്‍ അവരുടെ കൈകൊണ്ട് അവരുടെ മണ്ണില്‍ നട്ടുവയ്ക്കുന്ന വിത്തുകള്‍ ഊര്‍ജ്ജിത ശേഷിയോടെ വളരുന്നുണ്ട്. ഒരു കൃഷീവലന്‍ എന്നുള്ള നിലയ്ക്ക് കാളി ഒരു വേറിട്ട വ്യക്തിയാണ്. പക്ഷെ സ്വന്തം ഭാര്യയ്ക്ക് ഒരു കുഞ്ഞിനെ നല്‍കുന്നതില്‍ കാളി പരാജയപ്പെടുന്നു. അവരുടെ ജീവിതത്തിന്റെ പ്രണയത്തെ സ്വരലയത്തെ വ്യവസ്ഥാപിത കുടുംബ നീതികള്‍ പലതരത്തില്‍ കുത്തി നോവിക്കുന്നു. നോവലിന്റെ കേന്ദ്ര പേമേയമായി നിലനില്‍ക്കുന്നത് ഈ വ്യവസ്ഥാപിത കുടുംബമെന്ന സ്ഥാപനത്തിലെ ഈ അനീതികളാണ്. തിരുച്ചെങ്ങോടിലെ ക്ഷേത്രത്തിന്റെ ഉത്സവത്തിലെ പതിനാലാം നാള്‍ രാത്രിയില്‍ കുട്ടികളില്ലാത്ത സ്ത്രീകളെ മലകയറ്റിവിടുന്ന ഒരു ആചാരമുണ്ടായിരുന്നു. അന്ന് രാത്രി ഈ സ്ത്രീകള്‍ക്ക് ഉത്സവത്തിനെത്തുന്ന ഏതു പുരുഷനെ വേണമെങ്കിലും പ്രാപിക്കാനുള്ള അവകാശം, മതവും വ്യവസ്ഥാപിത കുടുംബ സംവിധാനങ്ങളും പൂര്‍ണ്ണമനസ്സോടെ അനുവദിച്ചു കൊടുക്കുന്നു!. അവിടെ അന്നുരാത്രിയെത്തുന്ന ഏതു പുരുഷനും ഈ സ്ത്രീകള്‍ക്ക് ദൈവങ്ങളാണ്. അങ്ങിനെ പതിവ്രതകള്‍ 'ദൈവക്കുഴന്ത'കള്‍ക്ക് ജന്മംകൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.
പൊന്ന കാളിയുടെ സമ്മതമുണ്ടെന്ന തെറ്റീദ്ധാരണയുടെ പുറത്താണെങ്കിലും പാതിവ്രത്യത്തെ മുറിച്ചുകടന്ന് തിരുച്ചെന്തൂരിലെ അര്‍ദ്ധനാരീക്ഷേത്രത്തിലെ പതിനാലാം രാവില്‍ മറ്റൊരു പുരുഷനെ തേടിപ്പോകുന്ന ഘട്ടത്തില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റേയും പൂര്‍ണ്ണാനുവാദത്തോടെ 'വ്യഭിചാരം' ആചാരമാകുന്നു. അത്മാര്‍ത്ഥമായി പ്രണയിക്കുകയും സത്യസന്ധമായ ഒരു കുടുംബജീവിതം നയിക്കുകയും ചെയ്ത കാളിയുടെ ജീവിതം വലിയൊരു ചോദ്യച്ചിഹ്നമായി മാറുന്നു.
വ്യഭിചാരംപോലും ഒരു ആചാരമായിരുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് സത്യസന്ധമായി എഴുതിയതിന്റെ പേരില്‍ സാംസ്‌കാരിക ഫാസിസ്റ്റുകളും, വര്‍ഗ്ഗീയ ഫാസിസ്റ്റുകളും പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരനെ വേട്ടയാടി, വെട്ടി വീഴ്ത്തി. ഒടുവില്‍ എഴുത്തില്‍നിന്നുതന്നെ പെരുമാള്‍ മുരുകന് ആത്മഹത്യ ചെയ്യേണ്ടി വന്നു.
ചരിത്രത്തില്‍ കാല്‍പനികമായ ബാന്ധവങ്ങളിലൂടെ അല്ലലില്ലാതെ മലയാളി നോവലിസ്റ്റുകള്‍ ചോദ്യങ്ങള്‍ ചോദിക്കാതെ ജീവിക്കുന്നു. പെരുമാള്‍ മുരുകനെ നോക്കി അവര്‍ സഹതപിക്കുന്നുണ്ടാകും. ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ നാട്ടിലെ എഴുത്തുകാരെ കൊല്ലുന്നു, പലരും വധഭീഷണികളെ അഭിമുഖീകരിക്കുന്നു. ലോക സാഹിത്യചരിത്രത്തില്‍ പെരുമാള്‍ മുരുകന്‍ ഒരു വലിയ രക്തസാക്ഷിയാണ്. എന്നാല്‍ നമ്മള്‍ മലയാളി ബുദ്ധി ജീവികള്‍ക്ക് തമിഴ്‌നാട്ടുകാരെ പുച്ഛമാണ്. ആത്മഹത്യ പാപമാണ് എന്ന് വിശ്വസിക്കാനാണ് നമ്മള്‍ മലയാളി എഴുത്തുകാര്‍ക്ക് ഇഷ്ടം. അവര്‍ ചരിത്രവും ഭാവനയും കൂട്ടിക്കലര്‍ത്തിയ കാല്‍പ്പനികതയുടെ പുതിയൊരു ഭാവുകത്വത്തില്‍ തന്നെത്തന്നെ അനുകരിച്ചുകൊണ്ട് സ്വയം ഭോഗിക്കുന്നു.
ടി.ഡി. രാമകൃഷ്ണന്റെ ഇനിയെന്തു ചെയ്യും
മലയാള നോവല്‍ സാഹിത്യത്തിന് പുതിയൊരു ഭാവുകത്വം പകര്‍ന്നു നല്‍കിയ ഒരു നോവലാണ് ടി.ഡി രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'. കാലത്തെ മുറിച്ചുകടക്കുന്ന നോവല്‍!. വര്‍ത്തമാനകാല ജീവിതത്തിലെ തിന്മകള്‍ളുടെ അഞ്ചുപതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള അവസ്ഥയെക്കുറിച്ച് ഈ നോവല്‍ ഭീകരമായി ഭാവനചെയ്യുന്നു. കൊന്നും, വ്യഭിചരിച്ചും, ക്രൂരമായി ബലാത്സഗം ചെയ്തും നമ്മള്‍ പരസ്പരം കൊന്നുതിന്നുന്ന, നരമാംസ്യഭോജനമെന്ന അതിഭീകരമായ അവസ്ഥയിലേക്ക് മനുഷ്യന്റെ ക്രൂരത എത്തിച്ചേരുന്നതിനെക്കുറിച്ച് ടി.ഡി.ആര്‍. ഭാവന ചെയ്യുന്നുണ്ട്. അതുകൊണ്ടുമാത്രമല്ല ഈ നോവല്‍ മലയാള നോവല്‍ സാഹിത്യത്തിന് ഒരു ദിശാബോധം നല്‍കുന്നു എന്നു ഞാന്‍ പറയുന്നത്. 'എഴുപതുകളുടെ ചോറു തിന്നു വീര്‍ക്കുന്ന നോവല്‍' എന്ന് ഒരിക്കല്‍ സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനെക്കുറിച്ച് ഇതേ പക്തിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. സുഭാഷിന്റെ നോവലിന്റെ കാലവും ഭാഷയും എഴുപതുകളുടെ കാല്‍പനികമായ സാഹചര്യത്തെ അതിന്റെ ഭാഷയെ, ഭാവുകത്വത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്റെ അഭിപ്രായത്തില്‍ ഇട്ടിക്കോരയാണ് വര്‍ത്തമാനകാലത്തോട് നീതി പുലര്‍ത്തുന്ന നോവല്‍. പറഞ്ഞുവരുന്നത് വേറൊരു കാര്യമാണ് ടി.ഡി. രാമകൃഷ്ണന്‍ ഇട്ടിക്കോരയ്ക്കു ശേഷം പുതിയൊരു നോവല്‍ എഴുതിയിട്ടുണ്ട് 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി'. സംഭവം വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ഹൃദയവേദനയാണ് അനുഭവപ്പെട്ടത്. അവനവനെ അനുകരിക്കുന്നതിന്റെ അപകടം!. ഇട്ടിക്കോരയുടെ അതേ പാറ്റേണില്‍ മറ്റൊരു നോവല്‍!. പതിവുപോലെ സെക്‌സും വയലന്‍സുമൊക്കെ കുത്തിനിറച്ചുകൊണ്ടൊരു നോവല്‍. ഈ നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഉയര്‍ന്ന ഒരു സംശയമാണ് 'ടി.ഡി. രാകൃഷ്ണന്‍ ഇനിയെന്തെഴുതും' എന്ന്.
ഒരു എഴുത്തുകാരന്‍ അവനവനെത്തന്നെ അനുകരിക്കുന്ന ഒരു കാലം വരും. അത് എത്ര നീട്ടിക്കൊണ്ടുപോകാമൊ അത്രയും നീട്ടിക്കൊണ്ടുപോകണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാവും. ടി.ഡി. രാമകൃഷ്ണന്റെ മനസ്സില്‍ നിന്ന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലെ ഭാഷയെ, സങ്കേതത്തെ, ഭാവുകത്വത്തെ ഇടിച്ചുപൊളിച്ചു കളയാന്‍ കഴിയാതെ വന്നതുകൊണ്ടാണ് അതേ പാറ്റേണില്‍ ഒരു സുഗന്ധി എന്ന ആണ്ടാല്‍ ദേവനായകി ഉണ്ടാകുന്നത്. ഇത് വിവേകിയായ വനയനക്കാര്‍ക്ക് മനസ്സിലാകും. കുറഞ്ഞപക്ഷം ടി.ഡി. രാമകൃഷ്ണനെങ്കിലും തിരിച്ചറിഞ്ഞാല്‍ മതി. എങ്കില്‍ ഏറെ കാലം കഴിഞ്ഞിട്ടായാലും അദ്ദേഹം കുഴിച്ച കുഴിയില്‍ നിന്ന് സ്വയം കയറി വരും. വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്
മുംബൈ രാത്രികളിലെ മഞ്ഞവെളിച്ചത്തെക്കുറിച്ച് മുന്‍പ് ഞാനൊരുപാട് എഴുതിയിട്ടുണ്ട്. നഗരത്തിലെ രാത്രിയിലെ ഈ മഞ്ഞവെളിച്ചമാണ് ഈ നഗരത്തിന്റെ സൗന്ദര്യവും അശ്ലീലവും. തല്ലിയാട്ടിയിട്ടും പോകാതെ ഈ നഗരത്തില്‍ ഇരുട്ട് മഞ്ഞച്ച ബള്‍ബുകളുടെ പ്രകാശകൂടാരത്തിനുമേല്‍ ഭാരമായി വീണുകിടക്കും. എത്ര വഴിവിളക്കുകളില്‍ ഒന്നിച്ചു തെളിച്ചാലും ഈ നഗരത്തിന്റെ ചില ഒതുക്കുകളില്‍ ഇരുട്ടു കൂടുകൂട്ടി നില്‍ക്കുന്നത് എനിക്കൊരു ദുരൂഹതയായി തുടരുന്നു. അങ്ങിനെയൊരു ഒതുക്കില്‍വെച്ചാണ് ഒരിക്കല്‍ ഞാനൊരു ബാര്‍ നര്‍ത്തകിയെ പരിചയപ്പെടുന്നത്. നരിമാന്‍ പോയിന്റിലെ സിമന്റ് കൈവരി തീരുന്നയിടത്തെ തിരകള്‍ക്കെതിരെ ഏങ്കോണിച്ചുനില്‍ക്കുന്ന സിമന്റു കല്ലുകളിലൊന്നിലിരുന്നാണ് ഞങ്ങള്‍ ജീവിതം പറഞ്ഞത്. അതിന്റെ ഓര്‍മ്മയ്ക്കാണ് എന്റെ സമാഹരത്തിലെ 'ഉപ്പ്' എന്ന കവിത. വികലാംഗനായ അച്ഛനും അമ്മയും കെട്ടിടങ്ങളിലെ ചവറുകള്‍ അടിച്ചുവാരി വരുമാനമുണ്ടാക്കുന്നു. 5 മക്കളില്‍ രണ്ടാമത്തവള്‍, ചേച്ചി വളരെ വര്‍ഷമായി മുംബൈയുടെ രാത്രി ജീവിതത്തെ സജീവമാക്കുന്നു. പക്ഷെ കുടുംബത്തിലെ പട്ടിണിക്കും പരിവട്ടത്തിനും അതുകൊണ്ട് അറുതിയായില്ല. 'മക്കളില്‍ സുന്ദരിയായ ഞാന്‍ ചേച്ചിയുടെ വഴിയെ നടക്കാന്‍ വിധിക്കപ്പെടുന്നു'. മൂന്നാമത്തേത് ഒരു സഹോദരന്‍, 10 വയസ്സ്. രാവിലെ സ്‌കൂളില്‍പോയതാണ്, രണ്ടുമാസമായി ഒരു വിവരവുമില്ല. പിന്നെയുള്ളത് ഇരട്ടകളായ മൂന്നു വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍. രണ്ടുപേര്‍ക്കും ബുദ്ധിവളര്‍ച്ചയില്ല. ഇപ്പോള്‍ അച്ഛനും അമ്മയുമടക്കം ആറു വയറുകള്‍ കഴിയണം. ജീവിക്കാന്‍ ഇതിലും നല്ല വഴി വേറെയുണ്ടായിരുന്നില്ല.
ഞങ്ങള്‍ കുറെ സംസാരിച്ചു. ചിലപ്പോഴൊക്കെ അവള്‍ കുനിഞ്ഞിരുന്ന മുഖം മറച്ച് ദീര്‍ഘമായി കരഞ്ഞു. എന്റെയുള്ളിലെ കപട സദചാരി പറഞ്ഞതൊക്കെ പോളിഷായ മറ്റൊരു ജീവിതത്തെക്കുറിച്ചായിരുന്നു. എന്നിട്ടും അവളെന്നെ വെറുത്തില്ല. അവളെന്നെ പ്രണിയിച്ചു തുടങ്ങിയൊ എന്ന് ഞാന്‍ ന്യായമായും സംശയിച്ചു. ഒരഭയംപോലെ അവളെന്നെ മുട്ടിയുരുമ്മിയിരുന്നു. നേരമിരുട്ടുന്നു. അന്ന് അവളെക്കാത്തുനിന്ന, ബാറിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന വെളുത്ത ടാറ്റാ സുമൊയെ അവള്‍ തിരസ്‌ക്കരിച്ചു. 'ആജ് മേ നഹി ജാപ്പായേഗാ'. ഞാന്‍തന്നെ കാരണം..... ഒരു പക്ഷെ എന്റെ സദാചാര പ്രസംഗമായിരിക്കാം അവളുടെ മാനസ്സാന്തരത്തിനു കാരണം. അഭയമഭ്യര്‍ത്ഥിക്കുന്ന അവളുടെ കണ്ണുകള്‍ക്കുമുന്‍പില്‍ ഒരു നിമിഷം ഞാന്‍ ഭയന്നുപോയി. പതിവുപോലെ ഞാന്‍ 'വല്യട്ടന്‍' ചമഞ്ഞു. പ്രണയത്തോടടുക്കുമ്പോള്‍ സ്ഥിരം ചെയ്യാറുള്ളപോലെ. എന്നിലെ ഭീരു 'നീയെന്റെ അനുജത്തിയാണെ'ന്ന ശരീരഭാഷ കാണിച്ചു. എന്നിട്ടും അവളുടെ കണ്ണീരില്‍ ഞാനും അവളും ഒരുമിച്ചൊഴുകി. അവളെ കാത്തുനിന്ന ജീപ്പ് വാഹനത്തിരക്കില്‍ ഒഴുകിപ്പോയി. അവളുടെ അന്നംമുടക്കാനല്ലാതെ അവള്‍ക്കൊരു ആശ്വാസമാകാന്‍ എന്റെയീ സദാചാര പ്രസംഗംകൊണ്ടു കഴിഞ്ഞുവൊ?. എനിക്ക് എന്നോടുതന്നെ അവജ്ഞ തോന്നി. ഈ നഗരത്തിന്റെ രാത്രിജീവിതത്തെ സജീവമാക്കുന്നതിന്റെ ഒരു കണ്ണിയാണവള്‍. അവളുടെ ഒരുദിവസത്തെ അപ്പംമുടക്കിയ എന്റെ കപടസദാചാരവും ഇസ്തിരിയിട്ടവാക്കുകളേയും ഞാന്‍ വെറുത്തു. അവള്‍ ഒരു സ്വര്‍ണ്ണമീന്‍ കുഞ്ഞാണ്, ലഹരിയുടെ അക്വേറിയത്തിലെ സ്വര്‍ണ്ണമീന്‍ കുഞ്ഞ്. അവരെ നോക്കി നൊട്ടിനുണഞ്ഞ് നഗരം രാത്രിജീവിതത്തെ സജീവമാക്കുന്നു. അവള്‍ക്ക് ഇന്ന് അതിനു കഴിയില്ല. അതൊരുപക്ഷെ എന്നോടുള്ള പ്രണയമായിരിക്കാം. 'എന്നും വരാറുണ്ടോ ഇവിടെ' എന്ന അവളുടെ ചോദ്യത്തിനുമുന്‍പില്‍ നിന്ന് ഞാന്‍ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറി. ഇനിയൊരിക്കല്‍കൂടി കണ്ടുമുട്ടാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. കാരണം ഒരിക്കലും ഞാനൊരഭയമാകില്ല, അവള്‍ക്കുമാത്രമല്ല ഞാന്‍ എനിക്കുപോലും.....
ഈ നഗരത്തിലെ ഇരുട്ടുമായികലങ്ങിയൊഴുകുന്ന ഈ മഞ്ഞവെളിച്ചം കാണുമ്പോള്‍ ഞാനിന്നും അവളെ ഓര്‍ക്കാറുണ്ട്. അന്ന് ഞങ്ങള്‍ പിരിയുമ്പോള്‍ അവള്‍ കുറച്ച് അകന്നാണ് നടന്നത്. വിടചൊല്ലുമ്പോള്‍ അവള്‍ ദീര്‍ഘമായ ഒരു ഹസ്തദാനം ചെയ്തു. ഒരു ജന്മത്തിന്റെ പ്രണയം മുഴുവന്‍ ആ മെല്ലിച്ച കൈവിരലുകളിലേയ്ക്കു കുതുപ്പിച്ച് എന്റെ കൈവിരലുകളെ ആലിംഗനം ചെയ്യുകയായിരുന്നു അവള്‍. അവളുടെ സിരകളിലൂടെ ഒരല്‍പനേരേേത്തക്കെങ്കിലും അവളുടെ പ്രണയത്തോടെ മിടിക്കുന്ന ഹൃദയത്തിന്റെ നെറുകയില്‍നിന്നൊഴുകന്ന സ്‌നേഹഗംഗയെ ഞാന്‍ ദൂരെ നിന്നു കണ്ടു.... പിന്നീടിതുവരെ അവളെ ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടില്ല. കാരണം ഞാനൊരു ഭീരുവാണ്....
ചോദ്യോന്മീലനം
വാലും മൂടുമില്ലാതെ എന്തിനിങ്ങനെ കോളമെഴുതുന്നു?
വാലും മൂടുമില്ലാതെ ശിഥിലമായ ചിന്തകളെ എവിടെയെങ്കിലും തേച്ചു വയ്ക്കണമെന്ന തോന്നലിലാണ് ഈ 'ഉന്മാദോന്മീലനം' ഉണ്ടാകുന്നത്. ഒരു മാസം വായിച്ച പുസ്തകങ്ങള്‍, ചെറുകഥകള്‍, കവിതകള്‍, സിനിമകള്‍, പിന്നെ പത്രമാധ്യമങ്ങള്‍ വായിക്കുമ്പോള്‍ ഭരണകൂടത്തോടു തോന്നുന്ന നീരസങ്ങള്‍ ഇതൊക്കെ പങ്കുവയ്ക്കാന്‍ ഒരിടം. അതു ചിലപ്പോള്‍ സാമ്പാര്‍ പരുവത്തില്‍ ഒരു സംഭവമായെന്നിരിക്കും. ഇതൊന്നും ഞാനായിട്ട് എഴുതുന്നതല്ല. എന്റെ ഉന്മാദം എന്നെക്കൊണ്ട് എഴുതിക്കുന്നതാണ്.
എന്താണ് 'ഉന്മാദോന്മീലനം' പലരും ചോദിക്കുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം?
ഒരു നട്ടപ്രാന്തിന്റെ 'ഇളക്കം' എന്നു മനസ്സിലാക്കിയാല്‍ മതി. മനസ്സില്‍ തോന്നുന്നത് വിളിച്ചുപറയുന്നു. ഉന്മാദം (ഭ്രാന്ത്), ഉന്മീലനം (മിഴിതുറക്കല്‍).
ബാബു കുഴിമറ്റം വലിയ എഴുത്തുകാരനാണൊ?
അദ്ദേഹത്തിന്റെ 'ചത്തവന്റെ സുവിശേഷം' വായിക്കുന്നത് തൊണ്ണൂറുകളിലാണ്. ഏറെ ആഘോഷിക്കപ്പെട്ട കഥകളാണതില്‍. പിന്നീട് ഒന്നരപതിറ്റാണ്ടിനിപ്പുറം അദ്ദേഹത്തെ അടുത്ത കാലത്താണ് കാണുന്നത്. എഴുത്തു നിര്‍ത്തിയതിന്റെ നാല്‍പ്പതാംവാര്‍ഷികം പ്രവാസികളെക്കൊണ്ട് ആഘോഷിപ്പിക്കുന്നു!!
അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നതിനെപറ്റി?
വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ ഒരു എഴുത്തുകാരന്‍ പ്രതിഷേധിക്കുന്നത് അവാര്‍ഡ് തിരിച്ചേല്‍പ്പിച്ചുകൊണ്ട് പ്രതിഷേധിക്കുന്നത് ഒരു സമര രീതിയാണ്. അങ്ങിനെ ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങിനെയാകാം. അത് ശക്തമായ ഒരു സമരമുറയായിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴുള്ള കോലാഹലം. മറ്റു രീതിയില്‍ പ്രതിഷേധിക്കണമെന്നുള്ളവര്‍ക്ക് അങ്ങിനേയുമാകാം. അതൊരു തെറ്റാണ് എന്നരീതിയിലുള്ള അധരവ്യായാമങ്ങളോട് സഹതപിക്കുന്നു.
മുംബൈയിലെ മൈക്കാസുരന്മാരെ നിലയ്ക്കു നിര്‍ത്താന്‍ എന്തുചെയ്യണം?
നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കുട്ടിസഖാക്കന്മാരായി ജീവിക്കേണ്ട ഈ മൈക്കാസുരന്മാര്‍ വിധിവശാല്‍ പ്രവാസിയായി ജീവിക്കേണ്ടി വരുന്നു. മുംബൈയിലെ സാഹിത്യ സായാഹ്നങ്ങളില്‍ മൈക്കുകാണുമ്പോള്‍ അവരുടെ കണ്‍ട്രോളു പോകുന്നു. ഒരു പുസ്തകം പോലും മുഴുവന്‍ വായിച്ചിട്ടില്ലാത്ത മൈക്കാസുരന്മാര്‍ സാഹിത്യത്തിന്റെ കുടല്‍മാല പറിക്കുന്നു. സാഹിത്യ സായാഹ്നങ്ങളെ പ്രസംഗപരിശീല ക്ലബ്ബുകളാക്കി ഇവര്‍ മാറ്റിക്കൊണ്ടിരിക്കുന്നു.
ജീ. മധുസൂധനന്റെ പുതിയ പുസ്തകം ഭാവനയുടെ ജലസ്ഥലികള്‍ ഈ മാസം അവസാനം ഇറങ്ങുന്നു. അദ്ദേഹത്തെ കുറിച്ച്?
ഭാവുകത്വം 21ാം നൂറ്റാണ്ട് എന്ന പുസ്തകം മലയാള വിമര്‍ശന സാഹിത്യത്തിലെ ഒരു നാഴികകല്ലാണ്. പിന്നീട് ഒരു ദീര്‍ഘമൗനത്തിന്റെ കാലഘട്ടമായിരുന്നു. അദ്ദേഹത്തെ ഒന്നു നേരില്‍ കാണാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൂനയില്‍ ഒരു പരിപാടിയില്‍ വെച്ച് ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു. വീണ്ടും എഴുതാം എന്നദ്ദേഹം സമ്മതിച്ചു. ഞങ്ങള്‍ വായനക്കാരുടെ പ്രാര്‍ത്ഥനയുടെകൂടി ഫലമാണ് ഇറങ്ങാന്‍ പോകുന്ന 'ഭാവനയുടെ ജലസ്ഥലികള്‍' എന്ന പുസ്തകം എന്ന ഞാന്‍ വിശ്വസിക്കുന്നു. നവംബര്‍ 26 ന് സാറ ടീച്ചര്‍ തൃശ്ശൂരില്‍ പ്രകാശനം നിര്‍വ്വഹിക്കും.
മുംബൈ വൈറ്റ്‌ലൈന്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചു വന്നത്