സംവാദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സംവാദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 ഏപ്രിൽ 16, ഞായറാഴ്‌ച

മനുഷ്യന്റെ രണ്ടു ഭൂപടങ്ങള്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു നട്ടുച്ചയില്‍ ഫിസിക്‌സ് ക്ലാസ്സില്‍ ഉറക്കത്തിലേക്ക് പുതുക്കെ വഴുതിവീണുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ബോധമനസ്സിലേക്ക് രജമ്മ ടീച്ചര്‍ പറഞ്ഞ ചിലവാക്കുകള്‍ ചേക്കേറിയത്. ശബ്ദത്തെക്കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്സ്. എന്താണ് ശബ്ദം? കമ്പനം എന്നാലെന്ത്, എങ്ങിനെയാണ് ശബ്ദം സഞ്ചരിക്കുന്നത്? അങ്ങിനെ ഒട്ടേറെ ചോദ്യങ്ങള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ടീച്ചര്‍ ഇറക്കിവിടുന്നു. വലിയ കൗതുകമൊന്നും തോന്നിയില്ലെങ്കിലും, എന്താണ് സംഗീതവും ഒച്ചയും തമ്മിലുള്ള വ്യത്യാസം? എന്നൊരു ചോദ്യംകൂടി ടീച്ചര്‍ എടുത്തു പുറത്തിട്ടു. എന്തുകൊണ്ടെന്നറിയില്ല എന്റെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ പതുക്കെ ടീച്ചറിന്റെ വാക്കുകളിലേക്ക് കണ്‍തുറന്നു. ടീച്ചര്‍ പതുക്കെ ഒരു പാട്ടു മൂളി.... അതിനുശേഷം ബാക്ക് ബെഞ്ചിലിരിക്കുന്ന എന്റെ പേരു വിളിച്ച് അലറി...... എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാന്‍ പകച്ചു നില്‍ക്കവെ ടീച്ചര്‍ പറഞ്ഞു 'ഇപ്പോ മനസ്സിലായോടാ ഉറക്കം തൂങ്ങി ചെറുക്കാ... ശബ്ദവും ഒച്ചയും തമ്മിലുള്ള വ്യത്യാസം?'.
ടീച്ചര്‍ പറഞ്ഞു 'ക്രമമായി ഒഴുകുന്ന ശബ്ദമാണ് സംഗീതം. എന്നാല്‍ ക്രമരഹിതമായി വരുന്ന ശബ്ദമാണ് 'ഒച്ച' '. ഒരുപക്ഷെ ആ വര്‍ഷത്തെ ഫിസിക്‌സ് പരീക്ഷയില്‍ ഞാന്‍ തോറ്റുപോയൊ ഇല്ലയൊ എന്ന് ഞാനോര്‍ക്കുന്നില്ല. എന്നാല്‍ അന്നത്തെ ക്ലാസ്സില്‍ ടീച്ചര്‍ പറഞ്ഞ സംഗീതത്തെക്കുറിച്ചുള്ള, മേല്‍പ്പറഞ്ഞ പ്രസ്ഥാവനയെ ഞാന്‍ പല രീതിയില്‍ ജീവിതവുമായി തട്ടിച്ചു നോക്കുകയുണ്ടായി. ശബ്ദത്തിലെ ക്രമവും ക്രമരാഹിത്യം രണ്ട് വ്യത്യസ്ത മാനങ്ങള്‍ സൃഷ്ടിക്കുന്നത് എന്നെ ഏറെ സ്വാധീനിച്ചു എന്നു പറയാതിരിക്കാനാവില്ല. സംഗീതം മനുഷ്യനെ ആകര്‍ഷിക്കുന്നു. ക്രമരഹിതമായ 'ഒച്ച' മനുഷ്യനെ വികര്‍ഷിക്കുന്നു. ഈ അവസ്ഥയെ ജീവിതത്തിന്റെ പല മാനങ്ങളില്‍ നിന്നു നോക്കുമ്പോള്‍ അതിന് പല അര്‍ത്ഥങ്ങളുണ്ട്. രജമ്മ ടീച്ചര്‍ പറഞ്ഞ ശബ്ദത്തിന്റെ നിര്‍വ്വചനം 'ശബ്ദത്തെ' മാത്രം സംബന്ധിക്കുന്ന ഒന്നല്ല അത് ജീവിതത്തിന്റെ സമസ്ഥമേഖലയേയും സംബന്ധിക്കുന്ന ഒന്നാണ് എന്ന് എനിക്ക് അന്ന് വെറുതെ തോന്നി.
കൗമാരക്കാലമായിരുന്നു അത്. മനസ്സില്‍ പുതിയ ചിന്തകള്‍ ഉടലെടുക്കുന്ന കാലം. ദിവാസ്വപ്‌നങ്ങളിങ്ങനെ ഒന്നിനുപിറകെ ഒന്നായി തലയില്‍ കൂടുകൂട്ടിയ കാലം. ഏകാന്തതയോട് ഭ്രാന്തമായ അഭിനിവേശം തോന്നിത്തുടങ്ങിയ കാലം. ദിവാസ്വപ്‌നങ്ങള്‍ മാത്രമായിരുന്നില്ലത്. ചെറിയ ചില ചിന്തകള്‍ ലോകത്തിന്റെ പരമ കാഷ്ടകളിലൂടെ സഞ്ചരിക്കുമായിരുന്നു. ഉള്ളിലെന്നുമൊരാള്‍ സംസാരിച്ചുകൊണ്ടിരുന്നു. അത് ഞാനാരാധിക്കുന്ന ദൈവമാണെന്ന് ഞാന്‍ വിശ്വസിച്ചു.
അമ്മ പറയുമായിരുന്നു 'ഈ ചെക്കന് ഒന്നിനും ഒരു ശ്രദ്ധയുമില്ല. ഇതിങ്ങിനെതന്നെ ആകുമോ എന്റെപ്പാ...'
മനസ്സില്‍ കനപ്പെട്ട ചിന്തകള്‍ ഇങ്ങിനെ ചുനകുത്തുന്നത് അമ്മയ്ക്കറിയില്ലല്ലൊ.

സംഗീതവും ഒച്ചയും
ജീവിതത്തിന്റെ ക്രമത്തേയും ക്രമരാഹിത്യത്തേയും കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ജലം നീരാവിയായി-ഘനീഭവിച്ച് മേഘങ്ങളായി വീണ്ടും ഘനീഭവിച്ച് മഴയായി അത് മലയുടെ മസ്തകത്തില്‍ പെയ്തിറങ്ങി-അരുവികളും കൈത്തോടുകളും ചേര്‍ന്ന് വന്‍നദിയായി.... ഒഴുകുന്നതിന്റെ സങ്കീര്‍ണ്ണമായ-ക്രമത്തിന്റെ, സംഗീതത്തിന്റെ അനാദിയായ ജൈവസ്വരമാധുരിയെക്കുറിച്ച് ഞാനൊരുപാട് ചിന്തിച്ചു. അതോടൊപ്പം ലോകത്തിലെ ക്രമരാഹിത്യങ്ങളെ 'ഒച്ച'യെക്കുറിച്ച് ഒരുപാട് ആധിപ്പെട്ടു. ശ്രീലങ്കയില്‍ മനുഷ്യക്കുരുതികള്‍ നടക്കുന്ന ഒരു കാഘട്ടമായിരുന്നു അത്. കാട്ടുകള്ളന്‍ വീരപ്പനെ തേടി ദൗത്യസംഘം കാടടക്കി വെടിവെക്കുന്ന കാലം. ടീവിയില്‍ രാമാനന്ദ് സാഗറിന്റെ രാമായണം മെഗാ പരമ്പര കഴിഞ്ഞതിനു ശേഷം മഹാഭാരതം തുടങ്ങിയിരുന്നു. വിശ്വാമിത്രന്‍, സിഗ്മ, സൂപ്പര്‍ സിക്‌സ് അങ്ങിനെ ഞായറാഴ്ച്ച ഉച്ചവരെ പ്രോഗ്രാമുകളാണ്. വീട്ടില്‍ ടീവി ഇല്ലാത്തതുകൊണ്ട് അടുത്തവീട്ടിലാണ് ടീവി കാണല്‍. അന്നത്തെ ഞായാറാഴ്ച്ച ഞാന്‍ ലോകത്തിന്റെ ക്രമത്തേയും ക്രമരാഹിത്യത്തേയും കുറിച്ച് കുലങ്കഷമായ ചിന്തയില്‍ മുഴുകി.
ലോകം മൊത്തം വലിയൊരു ക്രമത്തിലങ്ങിനെ ഒഴുകുകയാണെന്നൊന്നും ഞാന്‍ വിശ്വസിച്ചില്ല. ലോകം ക്രമക്കേടുകളുടേതും കൂടിയാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ചിന്തിച്ചത് പ്രധാനമായും ലോകത്തിന്റെ ക്രമത്തെക്കുറിച്ചും ക്രമരാഹിത്യത്തെക്കുറുച്ചും മാത്രമായിരുന്നില്ല. അങ്ങിനെ ചിന്തിച്ചാല്‍ എവിടെയും എത്തില്ല എന്ന ബോധം എന്നെ മറ്റൊരു വഴിയിലേയ്ക്ക് തിരിച്ചുവിട്ടു. പ്രധാനമായും മനസ്സിലുണ്ടായിരുന്ന ചോദ്യമിതായിരുന്നു 'എങ്ങിനെ ജീവിതത്തിന്റെ ക്രമമുണ്ടാക്കാം? ആരാണ് ജീവിതത്തില്‍ സംഗീതം സൃഷ്ടിക്കുന്നത്? സംഗീതം വെറും ശബ്ദത്തെ സംബന്ധിക്കുന്നതല്ല. അത് ഒരു മനുഷ്യന്റെ ഉള്ളിലെ താളബോധമാണ്. ഒരു കവിയുടെ ഉള്ളില്‍ ഒരു കലാകാരന്റെ ഉള്ളില്‍ അവന്റെ ക്രമരഹിതമായ ബോധരൂപങ്ങളെ ക്രമപ്പെടുത്തുന്ന ഒരു വലിയ ആന്തരിക ശക്തിയുണ്ട്.
നല്ലരീതിയില്‍ ജീവിച്ചുവരുന്ന ഒരു സാധാരണ കുടുംബസ്ഥനെ സങ്കല്‍പ്പിക്കുക-നല്ല ജീവിത ക്രമം പിന്‍തുടര്‍ന്നു വന്നിരുന്ന ആയാളുടെ ജീവിതത്തില്‍ ചില ആകസ്മികതകള്‍ ഉണ്ടാകുന്നു എന്നിരിക്കട്ടെ. അയാള്‍ക്ക് പിന്നീട് എന്തു സംഭവിക്കും? സമ്മര്‍ദ്ദങ്ങള്‍ വന്നുകൂടുന്നതിനനുസരിച്ച് അയാളുടെ ജീവിതക്രമം തെറ്റിപ്പോകാം... അയാള്‍ക്ക് ഭ്രാന്തുതന്നെ പിടിച്ചെന്നുവരാം. ആരാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന സംഗീതത്തിനെ വലിയൊരു ഒച്ചയാക്കി മാറ്റിയത്. ഇനിയെങ്ങിനെ അയാള്‍ സ്വന്തം ജീവിതത്തില്‍ വന്നുചേര്‍ന്ന-അലങ്കോലപ്പെട്ട സ്വജീവിതത്തെ ക്രമപ്പെടുത്തും. അത് അനായാസം സാധിക്കുന്നതാണോ? ജീവിതത്തിന്റെ ഒച്ചയെ സംഗീതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുമൊ? അതിന് അനുസന്ധാനമായി എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവരുന്നത്. ആരാണ് അതിന് അദ്ദേഹത്തെ സഹായിക്കുന്നത്?

ഒന്നും ചെയ്യാനില്ലാത്ത സമയത്ത് മനസ്സ് കൊതിക്കും ഇന്ന് കുറച്ചു പാട്ടുകള്‍ കേള്‍ക്കാം. പാട്ടുകള്‍ കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സ് കൂടുതള്‍ താളബദ്ധമാകുന്നു, അപ്പോള്‍ തോന്നും ഇന്ന് എഴുതാന്‍ നല്ല മൂഡ് ഉണ്ട് വല്ലതും എഴുതാം.... അങ്ങിനെ അറിയാതെ മറ്റൊരു തലത്തിലേക്ക് പോകുകയായി. അപ്പോഴാണ് നാട്ടില്‍ നിന്ന് അമ്മയൊ ബന്ധുക്കളൊ വിളിച്ച് തികച്ചും അപ്രതീക്ഷിതമായ ചില വാര്‍ത്തകള്‍ തരുന്നത്. പിന്നീടങ്ങോട്ട് അസ്വസ്ഥതകളായി. എഴുത്തുപോയി, അതുവരെ മനസ്സില്‍ തളംകെട്ടി നിന്ന സംഗീതം പോയി... അന്നത്തെ ദിവസം വലിയ 'ഒച്ച'യായി.

മുംബൈ മഹാനഗരം വലിയൊരു ശബ്ദസംസ്‌കാരത്തെ കൊണ്ടുനടക്കുന്ന നഗരമാണ്. അര്‍ദ്ധരാത്രിയായാലും തെരുവുകളില്‍ വലിയ വലിയ ഡോളുകള്‍ കൊട്ടിക്കൊണ്ട് ശബ്ദമുണ്ടാക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന മാറാത്ത ജനത. ഇവിടെ മുംബൈ നഗരത്തിന്റെ അടിസ്ഥാന ജനതയായ കോളികളുടെ സംഗീതത്തെ അടുത്തറിയുമ്പോള്‍ നമ്മുടെ സംഗീതത്തെക്കുറിച്ചുള്ള ചിരകാല വിശ്വാസങ്ങള്‍ തകര്‍ന്നുപോകുന്നു. ഭീകരമായ ശബ്ദത്തിലാണ് ഇവരുടെ എല്ലാ ആഘോഷങ്ങളും. ആഘോഷമെന്നാല്‍ ഇവര്‍ക്ക് ഒച്ചയാണ്. സ്വച്ഛസുന്ദരമായ കേരളത്തില്‍ നിന്നുവന്നവര്‍ക്ക് അവരുടെ സംഗീതം ഒരുപക്ഷെ ഒച്ചയായി അനുഭവപ്പെടാം. പക്ഷെ അഞ്ചൂറ് ഡെസിബലില്‍ അവരുടെ വലിയ പാട്ടുപെട്ടികള്‍ നിലവിളിക്കുന്നു അതിനു ചാരെ നിന്ന് അവര്‍ ആഹ്ലാദ നൃത്തം ചവിട്ടുന്നു! ഇവര്‍ക്ക് ഇതെങ്ങിനെ സാധിക്കുന്നു. ഇവര്‍ സംഗീതബോധമില്ലാത്തവരാണെന്നു കരുതണമൊ?
സംഗീതത്തിന്റെ നിര്‍വ്വചനങ്ങള്‍ തെറ്റിപ്പോകുന്നത് ഇവിടെയാണ്. മുംബയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ പലപ്പോഴും ഞാന്‍ രാജമ്മ ടീച്ചറിനേയും അന്നത്തെ ഫിസിക്‌സ് ക്ലാസ്സും ഓര്‍ക്കാറുണ്ട്. ക്രമരഹിതമായ ശബ്ദം ഇവിടെ സംഗീതമാകുന്നു. ജീവിതത്തിന്റെ ക്രമങ്ങളില്‍ നിന്ന് ക്രമരാഹിത്യങ്ങളിലേക്ക് സ്വയം എടുത്തുചാടുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹം. ഇതേ നഗരത്തില്‍തന്നെയാണ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലങ്കുഴല്‍ വാദനംകേട്ടുകൊണ്ട് ജീവിതക്രമങ്ങളിലേക്ക് കണ്‍തുറക്കുന്ന സംഗീതപ്രേമികളുമുള്ളത്. ഈ വൈരുദ്ധ്യം എന്നെ സംബന്ധിച്ചിടത്തോളം സംഗീതത്തെ മാത്രം സംബന്ധിക്കുന്ന ഒന്നല്ല. പതിവുപോലെ ഇത് ജീവിതത്തിന്റെ സമസ്ഥഭാവങ്ങളേയും സംബന്ധിക്കുന്നതാണെന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. മുംബൈയിലെ കോളി ജനതയുടെ ശബ്ദസംസ്‌കാരവും, മൗനത്തിന്റെ അനാദിയായ അണുവില്‍ നിന്ന് ഉത്ഭവിച്ചതാണ് 'സംഗീതം' എന്നു വിശ്വസിക്കുന്ന വരിഷ്ടജനത എന്ന് സ്വയം അഭിമാനിക്കുന്നവരും മുംബൈയില്‍ ഒരുമിച്ചു ജീവിക്കുന്നു. മനുഷ്യന്റെ രണ്ടു ഭൂപടങ്ങളാണ് ഇവര്‍.
ഞാന്‍ താമസിക്കുന്ന മുംബൈയിലെ ഉപനഗരത്തിലെ തെരുവിലൂടെ ഒരു വിവാഹപ്പാര്‍ട്ടി നടന്നുനീങ്ങുന്നു. വലിയ ഡോളുകള്‍ അടിച്ച് ശബ്ദമുഖരിതമായിരുന്നു തെരുവ്. വധൂവരന്മാരുടെ തൊട്ടുമുന്‍പില്‍ കുറച്ചു സ്ത്രീകള്‍ നൃത്തം വയ്ക്കുന്നു. ഒരു കേരളീയനെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂര്‍വ്വകാഴ്ചയാണ്. സ്ത്രീകള്‍ ഏതൊരാഘോഷത്തിന്റെ പേരിലാണെങ്കിലും പൊതുനിരത്തില്‍ നൃത്തം ചെയ്തുകണ്ടിരുന്നില്ല. നൃത്തം ചെയ്യുന്നവര്‍ക്കിടയില്‍ ഞങ്ങളുടെ അയല്‍പക്കത്ത് വീട്ടുജോലികള്‍ക്കെത്തുന്ന ഒരു പാവം മൗശിയുമുണ്ടായിരുന്നു. മൂന്ന് പെണ്‍മക്കളുള്ള, നല്ലപ്രായത്തില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു സാധു സ്ത്രീ. കാഴ്ചയില്‍ ഒരു നാണം കുണുങ്ങി. അവര്‍ ആ വിവാഹ സംഘത്തില്‍ ഗംഭീരമായി നൃത്തം ചെയ്യുന്നതുകണ്ടു. ഒരു നാണമൊന്നുമില്ല... അല്ലെങ്കില്‍ത്തന്നെ ഇതില്‍ നാണക്കാനെന്തിരിക്കുന്നു! നമ്മള്‍ മലയാളികളുടെ കോംപ്ലക്‌സുകളൊക്കെ ഒരല്‍പസമയം ഉള്‍വലിഞ്ഞുപോകും. എപ്പോഴും ജീവിതത്തിന്റെ ദുരിതങ്ങളെക്കുറിച്ച് പറയുകയും കരയുകയും ചെയ്തിരുന്ന മൗശി. ഇപ്പോള്‍ കരയും എന്നൊരു പ്രതീതി അവര്‍ സംസാരിക്കുമ്പോള്‍ അതു കേള്‍ക്കുന്നവര്‍ക്കു തോന്നും. കണ്ണീരിന്റെ ചെറിയൊരു കാര്‍മേഘം അവരുടെ കണ്ണുകളില്‍ എപ്പോഴും വിങ്ങിനിന്നിരുന്നു. എത്രപെട്ടെന്നാണ് അവര്‍ മറ്റൊരു അവസ്ഥയിലേക്ക് രൂപം മാറിയത്. നല്ലതുതന്നെ... അങ്ങിനെ വേണം മനുഷ്യരായാല്‍. ഇങ്ങിനെ മാറാനുള്ള കഴിവ് എല്ലാ സമൂഹത്തിലേയും സ്ത്രീകള്‍ക്ക് ഉണ്ടെന്നു കരുതുക വയ്യ.
കേരളത്തില്‍ ഭര്‍ത്താവ് മരിച്ച ചിലസ്ത്രീകള്‍ എല്ലാത്തില്‍നിന്നും സ്വാമധേയ ഉള്‍വലിഞ്ഞു ജീവിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു ആഘോഷവേളയില്‍ അല്‍പസമയമെങ്കിലും ഇതുപോലുള്ള ഡോളുകളുടെ സംഗീതത്തില്‍ മതിമറന്ന് അവര്‍ നൃത്തം വയ്ക്കാത്തതെന്തുകൊണ്ടാണ്. എന്തുകൊണ്ടാണ് നമുക്കു തൊട്ടുമുന്‍പിലുള്ള ജീവിതത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളെ നമ്മള്‍ നിര്‍ന്നിമേഷമായി അവഗണിക്കുന്നത്. ഇത് നമ്മുടെ സംഗീതബോധത്തിന്റെ പ്രശ്‌നമാണോ?. നമ്മുടെ സംസ്്കാരത്തിന്റെ പ്രശ്‌നമാണൊ?. സാമൂഹത്തിലെ ചില ദുര്‍നീതികള്‍ നമ്മളെ ഇങ്ങിനെ ആക്കിയതാണൊ?. ഒരുപക്ഷെ 'കുലസ്ത്രീ' കോംപ്ലക്‌സുകള്‍ ഒരു കാരണമാകാം. നമ്മുടെ സംഗീതവും ആഹ്ലാദങ്ങളും ഒരു പ്രത്യേക രീതിയില്‍ മാത്രമുള്ളതാണെന്നൊരു പൊതുബോധം നമ്മളെ ഭരിക്കുന്നുണ്ട്. ഇതിന്റെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ. ഒച്ചയും ബഹളവും ഇഷ്ടമില്ലാത്തതുകൊണ്ടും 'ഫൈന്‍ ആര്‍ട്ട്‌സ്' മാത്രമെ നമുക്കു ബോധിക്കൂ എന്നതുകൊണ്ടുമാണ് എന്ന് കരുതാന്‍ വയ്യ. നമ്മുടെ സാമൂഹ്യ രീതി നമ്മളെ ഫ്‌ലക്‌സിബില്‍ (Flexible) ആക്കുന്നില്ല എന്നതാണ് സത്യം. നമ്മള്‍ ആഹ്ലാദങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. പക്ഷെ അതിനെ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല. നമ്മുടെ സംഗീതവും നൃത്തവുമൊക്കെ വെള്ളിത്തിരയില്‍ മാത്രം കണ്ട് ശാന്തിയടയുന്നു. പക്ഷെ പുതുതലമുറ ഭൂരിപക്ഷവും അങ്ങിനെയല്ല. യുവതി യുവാക്കള്‍ കുറെകൂടി സോഷ്യല്‍ ആണ്. അവര്‍ ആഹ്ലാദംവരുമ്പോള്‍ നൃത്തം ചെയ്യുന്നു. ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുന്നു. കരച്ചില്‍ വരുമ്പോള്‍ ഉള്ളിലുള്ളതെല്ലാം ഒഴുക്കിക്കളയുന്നു.

ഒച്ച സംഗീതവും, സംഗീതം ഒച്ചയുമാകുന്ന നിമിഷങ്ങളില്‍, ക്രമരഹിതമാകുന്ന സാമൂഹ്യാവസ്ഥകളില്‍, കലാപത്തിന്റെ നാളുകളില്‍, എല്ലാത്തിനും മുകളില്‍ മൗനത്തിന്റെ കാതടപ്പിക്കുന്ന ഏകാന്തതയില്‍ രാജമ്മടീച്ചര്‍ വീണ്ടും കടന്നുവരുന്നു. 'എടാ ബാക്ക് ബഞ്ചിലിരുന്ന് ഉറക്കം തൂങ്ങാതെടാ... ജീവിതമേ നീയെന്ത്?... ഉത്തരം കിട്ടിയൊ.....?' എന്ന് ടീച്ചര്‍ വിളിച്ചു ചോദിക്കുന്നു. കാതടപ്പിക്കുന്ന പെരുമ്പറകളുടെ ഒച്ചയില്‍ എന്റെ കാതുകള്‍ പ്രകമ്പനം കൊള്ളുന്നു.

വാല്‍ക്കഷ്ണം: മുംബൈയിലെ ഡോളുകളുടെ 500 ഡെസിബല്‍ ഒച്ചയില്‍ ആളുകള്‍ നൃത്തം ചെയ്യുന്നതു കാണുമ്പോള്‍ എന്റെ ഉള്ളിലെ ടിപ്പിക്കല്‍ മലയാളിക്ക് ഇപ്പോഴും ദഹിക്കുന്നില്ല. അപ്പോള്‍ ബിസ്മില്ലാ ഖാനെക്കുറിച്ചും ഹരിപ്രസാദ് ചൗരസ്യക്കുറിച്ചുമൊക്കെ പറഞ്ഞ് തര്‍ക്കിക്കും. നിങ്ങള്‍ മഹാരാഷ്ട്രക്കാര്‍ക്ക് സംഗീതബോധമില്ലെന്ന് തര്‍ക്കിച്ചു ജയിക്കാനാണ് ശ്രമം. അതിനു ശേഷം 'പ്രമമെന്നാല്‍ എന്താണുപെണ്ണെ...' എന്ന പാട്ടുവെച്ച് മുറിയടച്ചിരുന്ന് നൃത്തം ചെയ്യും. ഉള്ളില്‍ ഒച്ചയും പുറത്ത് സംഗീതത്തിന്റെ മേമ്പൊടിയുമായി നമ്മളിങ്ങനെ ജീവിതത്തിന്റെ ആഹ്ലാദങ്ങളെ കൊന്നുകളയുന്നു. നമ്മള്‍ ടിപ്പിക്കല്‍ മലയാളികള്‍തന്നെ....

2016 ഫെബ്രുവരി 8, തിങ്കളാഴ്‌ച

കാമനകളുടെ വീട്ടില്‍ പുസ്തകങ്ങള്‍ വിരുന്നുവന്ന കാലം

 മുബൈ വൈറ്റ്‌ലൈന്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്‌

വായന ഒരു ജീവിത ചര്യതന്നെയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. തൊണ്ണൂറുകളിലായിരുന്നു അത്. കൊല്ലങ്കോടു പി. സ്മാരക ലൈബ്രറിയിലേയ്ക്ക് എല്ലാ ഞായറാഴ്ച്ചയും സൈക്കിള്‍ചവിട്ടി ചുരക്കാറ്റിലൊഴുകിയ കാലം. ഗായത്രി പുഴപ്പാലത്തിന്റെ കൈവരിയിലിത്തിരിയിരുന്ന് പുഴക്കവിത കുറിച്ച കാലം. തെമ്മല കടന്നുവരുന്ന കാറ്റിന്റെ സുകൃതമുണ്ടങ്ങനെ 'തെമ്മലപ്പുറമാണ് അച്ചോ എന്റെ നാട്... കെട്ടിക്കൊണ്ട് വന്നതാണ് പല്ലശ്ശനയില്... ' എന്നൊരു പൊറാട്ടു നാടകപ്പാട്ട് മൂളിയ കാലം. മുനിയപ്പന്‍കാവിനെ തൊട്ടുതുഴുത്, പെണ്ണുകെട്ടി മാറിത്താമസിക്കുന്ന ചാമിമലച്ചേട്ടന്റെ ചെത്തുകള്ളു മോന്തിയ കാലം. പാല്‍ക്കതിരിട്ട പാടത്തിന്റെ നേര്‍ത്താരയായ വഴിവരമ്പിലൂടെ പുല്‍ത്തിട്ടയിലിടിക്കാതെ നേര്‍വഴി സൈക്കിളോടിച്ച അഭ്യാസക്കാലം. പഴയ പെയിന്റടര്‍ന്നു തുടങ്ങിയ അറ്റ്‌ലസ് സൈക്കിളില്‍ പുസ്തകങ്ങള്‍ക്കുവേണ്ടി തുഴഞ്ഞു, മെലിഞ്ഞ, പഴയ കൗമാരക്കാരനെ ഇപ്പോഴും ചിലപ്പോഴൊക്കെ ഓര്‍ക്കും. എല്ലാ കൗമാരക്കാരനേയുംപ്പോലെ ഞാനും അന്ന് ഒരുപാടു സമസ്യകളുടെ നടുവിലായിരുന്നു. ഭോഗത്തിന്റെയും ആസക്തിയുടേയും പ്രണയത്തിന്റെയും വലിയൊരു സമസ്യയില്‍ ശരീരമെന്ന ജൈവഘടന പലതവണ തകര്‍ന്നുപോയിരുന്നു. സിനിമയുടെ വാള്‍പോസ്റ്ററുകളിലെ ആടു തിന്നതിന്റെ ബാക്കിയായ ഇത്തിരി ഉടലുപോരും; അതില്‍ കിന്നരികള്‍ തുന്നിപ്പിടിപ്പിച്ച്് ദേവകന്യകളാക്കി എന്റെ ആസക്തികള്‍ക്ക് പുതപ്പാക്കിയ കാലം. തകര്‍ന്നുപോകുന്ന പ്രണയത്തിന്റെ, കീറിപ്പോയ ഈരിഴത്തോര്‍ത്തുകൊണ്ട് വീണ്ടും വീണ്ടും വരിഞ്ഞുകെട്ടിയകാലം. ശിരസ്സിലും ഹൃദയത്തിലും രവീന്ദ്രന്റെ സംഗീതം അലയടിച്ച കാലം. 'എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്മരമായേനെ....' എന്ന് നീട്ടിനീട്ടി പാടിയിട്ടും പല പ്രണയിനികള്‍ പലര്‍ക്കായി കഴുത്തുനീട്ടുന്നത് നിസ്സഹായനായി നോക്കിനിന്ന കാലം. അന്നൊരു ദിവസം ഞാന്‍ പറഞ്ഞു 'ഇനിയിങ്ങനെ കല്യാണത്തിന് ബന്ധുപ്പണമെത്തിക്കാന്‍ എന്നെ അയക്കരുത്, എനിക്കു വയ്യ'. ഉള്ളില്‍ കരഞ്ഞുകൊണ്ട് പ്രണയിച്ചവളുടെ കല്യാണത്തിന് പപ്പടവും പായസവും വിളമ്പുന്ന ഈ വൃത്തികെട്ട പണിയുണ്ടല്ലൊ അതിനിനി എന്നെക്കിട്ടില്ല.... കല്യാണത്തിനു പോകുന്ന ജോലി ഞാന്‍ നിര്‍ത്തി.
അങ്ങിനെയൊരു പ്രണയകാലത്തിലാണ്, അങ്ങിനെയൊരു ഭോഗ കാലത്താണ്, അങ്ങിനെയൊരു രതിയുടെ പനിക്കാലത്തിലാണ് ഞാന്‍ ഡി.എച്. ലോറന്‍സിന്റെ ചാറ്റര്‍ലി പ്രഭ്വിയുടെ കാമുകന്‍ വായിക്കുന്നത്. പ്രണയത്തെക്കുറിച്ച്, രതിയെക്കുറിച്ച്, ഒരു ജൈവഘടനയായ എന്റെ തന്നെ കൗമാരത്തിലെത്തിയിരിക്കുന്ന ഈ ശരീരത്തെക്കുറിച്ച് ഒരുള്‍ക്കാഴ്ച്ച പകരുന്നുതന്ന കൃതി. ഭോഗത്തെ ഇത്ര സത്യസന്ധമായി അവതരിപ്പിച്ച ഒരു കൃതി പിന്നീട് ഞാന്‍ വായിച്ചിട്ടില്ല. ഉണക്കിലകള്‍ വകഞ്ഞുമാറ്റി  കാമുഖന്‍ പ്രണയ ധാമമായ ചാറ്റര്‍ലി പ്രഭ്വിയെ പതുക്കെ നിലത്തു കിടത്തി, കറകളഞ്ഞ കാമത്തോടെ അവരുടെ കാമുകന്‍ ഭോഗിക്കുന്ന ഒരു രംഗമുണ്ട് ആ കൃതിയില്‍. വായിച്ചതിനു ശേഷം പുസ്തകം മടക്കിവയ്ക്കുമ്പോള്‍ ഒരോ വായനക്കാരന്റേയും ലൈംഗിക സമസ്യകളെ ഡി.എച്. ലോറന്‍സ് അലക്കി വെളുപ്പിക്കുന്നുണ്ട് ആ നോവലിലൂടെ. അതുകൊണ്ടുതന്നെ ആ കൃതി എന്റെ ബാല്യത്തിലെ വലിയൊരു വായനാനുഭവമായി, ഇന്നും ഓര്‍മ്മയില്‍ നിറയുന്നു...
പുസ്തകങ്ങള്‍ ഓരോ കാലത്തും നമുക്കൊപ്പം കൂട്ടുവരുന്നു. എം.ടി.യുടെ 'നാലുകെട്ടില്‍' മച്ചിന്‍പുറത്ത് കിടന്നുറങ്ങുന്ന അപ്പുവിനുണ്ടാകുന്ന രതിയുടെ ഉദാത്തമായ ചില അനുഭൂതികളെ എംടി എഴുതിയിട്ടുണ്ട്. സ്വന്തം ശരീരത്തിലുണരുന്ന കാമനകളെ ആദരിക്കാന്‍ പഠിപ്പിച്ചത് എം.ടി.യും കാക്കനാടനും, മാധവിക്കുട്ടിയുമൊക്കെയാണ്. എന്നിട്ടുമെപ്പോഴൊക്കെയൊ കൂമന്‍കാവില്‍ വണ്ടിയിറങ്ങിയ രവിയുടെ മനസ്സിനെ വേട്ടയാടുന്ന രതിയുടെ നാഗഫണങ്ങള്‍, പാപബോധങ്ങള്‍ അതിലൊക്കെയപ്പുറം ഖസാക്കിന്റെ ഗ്രഹണകാലങ്ങളില്‍ മൂത്തുസ്ഖലിക്കുന്ന മഴച്ചൂരില്‍ ഒലിച്ചിറങ്ങുന്ന പ്രകൃതിയുടെ ജൈവചോദനകള്‍, സനാതന ബോധങ്ങളെ അട്ടിമറിക്കുന്ന ആസക്തമായ ഉച്ചവെയില്‍ മൗനങ്ങള്‍.... എന്റെ വായനാലോകത്തെ ഇറയത്തെ കെട്ടുവരിയന്‍ പാമ്പായി ഇഴഞ്ഞുകൊണ്ടിരുന്നു.

ക്ഷരമില്ലാത്ത ഓര്‍മ്മകള്‍, അക്ഷപ്പിച്ചകള്‍
കൊല്ലങ്കോട് മഹാകവി കുഞ്ഞിരാമന്‍ നായര്‍ സ്മാരക ലൈബ്രറിയില്‍ ഇപ്പോഴും സേതുവേട്ടനാണ് ലൈബ്രേറിയന്‍. പുസ്തകങ്ങള്‍ കേടുവരാതെ തിരിച്ചേല്‍പ്പിക്കണമെന്നതിലും വരിസംഖ്യ തെറ്റാതെ ഈടാക്കുന്നതിലും കണിശക്കാരന്‍. അങ്ങിനെയൊക്കെയാണെങ്കിലും ചില ടൈറ്റിലുകള്‍ ''പ്ലീസ്....എനിക്കുവേണ്ടി ഒന്ന് അണ്ടര്‍ഗ്രൗണ്ടില്‍ സൂക്ഷിക്കണം' എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അദ്ദേഹം ചെയ്യും.
പെണ്ണഴുത്തിന്റെ ആഘോഷക്കാലമായിരുന്നു അത്. സാറാ ജോസഫിന്റെ 'നിലാവറിയുന്നു' എന്ന പുസ്തകത്തിലെ 'അശോക'യും 'ആന്‍മേരിയുടെ കല്യാണ'വുമൊക്കെ ഒരുപാടു ചര്‍ച്ചചെയ്ത കാലം. പി. ഗീതയുടെ 'ദേവദൂതികള്‍ മാഞ്ഞുപോവത്', സാറാ തോമസിന്റെ 'നാര്‍മടിപ്പുടവ', 'പെണ്‍മനസ്സുകള്‍', ഗ്രേസി ടീച്ചറിന്റെ 'രണ്ടു സ്വപ്‌നദര്‍ശികള്‍' എല്ലാ പുസ്തകങ്ങള്‍ക്കും വലിയ ഡിമാന്റായിരുന്നു. പ്രത്യേകിച്ച് പെണ്ണെഴുത്തെന്ന ലേബലില്‍ ഒരുപാടു കഥകള്‍ ഇറങ്ങിയ കാലം. പെണ്ണെഴുത്തെന്നാല്‍ മലയാള സാഹിത്യത്തില്‍ പെണ്ണിനായി ഒരു മുറി പണിയുകയാണ്, അവിടെ അവള്‍ക്കു മാത്രം എഴുതാനും പങ്കുവയ്ക്കാനും കഴിയുന്ന ചിലതുണ്ടത്രെ. ഒരു പുരുഷനും വിശദീകരിക്കാനാകാത്ത പെണ്ണിനുമാത്രം സ്വന്തമായ ചില മേഖലകള്‍ പെണ്ണിനുണ്ടെന്ന് വാദം ശക്തിപ്പെട്ടിരുന്നു. മനോരമ വാരികയില്‍ മാധവിക്കുട്ടിയുടെ 'ഒറ്റയിടപ്പാത' എന്ന പംക്തി അവസാനിച്ചിട്ടേയുണ്ടായിരുന്നുള്ളു. പെണ്ണെഴുത്ത് എന്ന ലേബലിലിറങ്ങുന്ന കഥകള്‍ക്കെതിരെ ഒരു പ്രതിരോധമായി ഞങ്ങളെന്നും ഉപയോഗിച്ചത് മാധവിക്കുട്ടിയുടെ എഴുത്തിനെയാണ്. കൊട്ടിഘോഷിക്കപ്പെട്ട പെണ്ണെഴുത്തിനുമപ്പുറം പെണ്ണിനെ അറിഞ്ഞ കഥകള്‍ എഴുതിയത് മാധവിക്കുട്ടിതന്നെയാണ് എന്ന വാദത്തിനുമുന്‍പില്‍ പലരും സന്ധിയാകുന്നത് ഒരു രസകരമായ കാഴ്ചയായിരുന്നു.
ഏതാണ്ടിതേകാലത്താണ് മനോരമയുടെ ഓണപ്പതിപ്പില്‍ മാനസിയുടെ കഥ ഞാനാദ്യമായി വായിക്കുന്നത്. അന്നുമുതല്‍തന്നെ മാനസി എന്ന എഴുത്തുകാരിയുടെ ഭാഷയും രചനാ രീതിയും എന്ന വല്ലാതെ ആകര്‍ഷിച്ചിരുന്നു. സ്ത്രീപുരഷ ബന്ധങ്ങളുടെ രസതന്ത്രങ്ങളെക്കുറിച്ച്, പ്രണയത്തെക്കുറിച്ചും സ്ത്രീയുടെ ആന്തരിക സമസ്യകളെക്കുറിച്ചുമൊക്കെ ഏറെ സാന്ദ്രമായ ഭാഷയില്‍ അവര്‍ അവതരിപ്പിച്ചിരുന്നു. ഏതാണ്ട് അതേ കാലത്താണ് കെ. ഗോവിന്ദന്‍ എന്നൊരു കഥാകൃത്ത് എം.ടി. വാസുദേവന്‍ നായരുടെ മുഖക്കുറിപ്പോടെ അദ്ദേഹത്തിന്റെ ആദ്യ കഥാ സമാഹാരം പുറത്തിറങ്ങുന്നതും സഹൃദയ ശ്രദ്ധ ആകര്‍ഷിക്കുന്നതും. മുലപ്പാലിന്റെ മധുരംപോലെയുള്ള ഭാഷാ ഗുണങ്ങളാണ് ഇവരുടെ കഥകളിലൊക്കെ ഞാന്‍ കണ്ടത്. 'വാക്ക്' അതെങ്ങിനെ പ്രയോഗിക്കണം. എങ്ങിനെ ചുരുങ്ങിയ ചില വാക്കുകളിലൂടെ കഥാപാത്രങ്ങളുടെ ആന്തരിക വ്യാപരങ്ങളെ ആവിഷ്‌ക്കരിക്കണം എന്നൊക്കെയുള്ള സാങ്കേതിക പാഠങ്ങള്‍ പഠിക്കുന്നത് തൊണ്ണൂറുകളിലെ ഈ പെണ്‍കഥകളിലൂടെയാണ്. സാറ ടീച്ചറിന്റെ 'സ്‌കൂട്ടര്‍' പോലുള്ള ചെറുകഥകള്‍ ഇന്നും വായിക്കാന്‍ കൊതിക്കുന്നവയാണ്.
രണ്ടായിരത്തിന്റെ ആദ്യ ദശകം മുതലിങ്ങോട്ടാണ് സന്തോഷ് എച്ചിക്കാനം, സുസ്‌മേഷ് ചന്ദ്രോത്ത്, സുഭാഷ് ചന്ദ്രന്‍, വത്സലന്‍ വാതുശ്ശേരി, അര്‍ഷാദ് ബത്തേരി, അഷിത തുടങ്ങിയവരുടെ കഥകള്‍ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
ഭാഷാപോഷിണിയിലൊ മാതൃഭൂമിയിലൊ വരുന്ന ഒരു കഥ ആഴ്ചകളോളം അന്തരീക്ഷത്തില്‍ ചില ഒാളങ്ങള്‍ സൃഷ്ടിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.  അഷിതയുടെ 'ഇതാലൊ കാല്‍വിനൊ തൃശ്ശൂര്‍ ബസില്‍' എന്ന കഥ അതിന്റെ ഭാവുകത്വപരമായ സവിശേഷത സാങ്കേതിക പുതുമ, അതിനൊപ്പം വയ്ക്കാവുന്ന കഥകള്‍ക്ക് പിന്നെയും ഏറെക്കാലം വേണ്ടിവന്നു.
സന്തോഷ് എച്ചിക്കാനത്തിന്റെ ദിനോസോറിന്റെ മുട്ട, പന്തിഭോജനം പോലുള്ള കഥകളും മറ്റും ആഘോഷിക്കുന്നത് മുംബൈയില്‍ എത്തിയതിനു ശേഷമാണ്.
മുംബൈ പക്ഷെ വായന അനാഥമാക്കി കുറച്ചു കാലത്തേക്കെങ്കിലും. പുസ്തകങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനും ഒരു ചെറിയ കൂരയില്ലാത്ത മുംബൈയിലെ ഏതൊരു 'ബാച്ചി'യും അനുഭവിക്കുന്ന വേദനയും അപമാനവും എന്നെയും വലിയൊരളവില്‍ ബാധിച്ചിരുന്നു. ഇപ്പോള്‍ പുസ്തകങ്ങളുടെ സുകൃതമുണ്ണുമ്പോഴും പഴയ പനിക്കാലം ഓര്‍ക്കാതിരിക്കാനാവില്ല.

വിക്ടര്‍ ലീനസ്

ഞാന്‍ എന്നത് ഒരു ഏകകമാണ്. അതിലിരുന്നുകൊണ്ട് അവനവനെത്തന്നെ കേള്‍പ്പിച്ചുകൊണ്ടിരുന്ന ആത്മഭാഷണത്തിന്റെ കവിഞ്ഞൊഴുകലായി അപ്പൂപ്പന്‍താടിപോലെ ഭാരമില്ലാതെ അലച്ചിലുകളായി, എഴുപതുകളുടെ യുവതയുടെ വീര്‍പ്പുമുട്ടലായി ആധുനികതയെ വായിക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. വിക്ടര്‍ ലീനസ് എന്ന എഴുത്തുകാരന്റെ 12 കഥകളടങ്ങുന്ന 'വിക്ടര്‍ ലീനസിന്റെ കഥകള്‍' (സമ്പൂര്‍ണ്ണം) വായിക്കുമ്പോള്‍ നമ്മള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ ഇടിച്ചു തകരുന്നു.

'നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം' എന്ന കഥയില്‍ വിക്ടര്‍ നമ്മുടെ കണ്ണില്‍ കളങ്കിതയായ കൂട്ടുകാരിയോടു പറയുന്നു 'ജീവിതം നമ്മുടെ മേല്‍ തേച്ചുവിടുന്നതൊന്നും കറയും കളങ്കവുമായി എനിക്കു തോന്നിയിട്ടില്ല'.
രണ്ടു മൂന്നൊ കഥകളില്‍ നിരന്തരം കടന്നുവരുന്ന ലീല എന്ന ലൈംഗികതൊഴിലാളി വിക്ടറിന്റെയും വായനക്കാരന്റെയും ആത്മസുഹൃത്താകുന്നത് ഈ കാഴ്ച്ചപ്പാടിലാണ്. '53ലൊരു പകല്‍', 'നീണ്ട നിശബ്ദതയ്ക്കു ശേഷം', 'യാത്രാമൊഴി', 'വിട' വായിച്ചു മടക്കിവച്ചാലും കൂടെ പോരുന്ന കഥകള്‍...

മാതൃഭൂമി കഥകളുടെ വിധിനിര്‍ണ്ണയിച്ചിരുന്ന ഒരു കാലത്ത് വിക്ടര്‍ ലീനസ്സിന്റെ ആദ്യ കഥ 'മഴമേഘങ്ങളുടെ നിഴലില്‍' പ്രസിദ്ധീകരിച്ചുകണ്ട് വിക്ടര്‍ നിര്‍വൃതിയടയുമ്പോഴേക്കും ജീവിതം വിക്ടറിനെ ഏറെക്കുറെ കൈവിട്ടു കഴിഞ്ഞിരുന്നു. വായനയോടുള്ള അടങ്ങാത്ത ആസക്തിയില്‍, സ്വന്തം സര്‍ഗ്ഗാത്മകതയെ വിക്ടര്‍ എവിടെയൊ സ്വയം പാര്‍ശ്വവത്ക്കരിക്കുകയായിരുന്നു എന്നു തോന്നുന്നു. 1991ല്‍ ആകസ്മികമായി മരണമടഞ്ഞതിനു ശേഷമാണ് അദ്ദേഹത്തിന്റെ 'യാത്രമൊഴി' എന്ന അറംപറ്റിപ്പോയ കഥ മാതൃഭൂമി പ്രസിദ്ധീകരിക്കുന്നത്. വേദനയോടെയല്ലാതെ ആ പുസ്തകത്തെ മടക്കിവയ്ക്കാന്‍ ഒരു വായനക്കാരനുമാകില്ല.

വിക്ടര്‍ ലീനസ്സിന്റെ ജീവിതവും കഥകളും ഒരോ അക്ഷരസ്‌നേഹിയുടേയും മനസ്സില്‍ ഉണങ്ങാത്ത മുറിവാണ്. അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ മലയാള ചെറുകഥയുടെ രൂപവും ഭാവവും മാറ്റിമറിക്കുന്ന കഥകള്‍ പിന്നെയും എഴുതിയേനെ...

വിക്ടറിന്റെ കഥയേയും ജീവിതത്തേയും വിലയിരുത്താന്‍ ഞാന്‍ അശക്തനാണ്.

ഇന്നത്തെ അഥിതി അതീത ശക്തി

ഒരു നോവലിനെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളുമായി ഒത്തുപോകുന്ന ഒരു കൃതിയല്ല കെ.പി. നിര്‍മ്മല്‍ കുമാറിന്റെ 'ഇന്നത്തെ അഥിതി അതീത ശക്തി'. മഹാഭാരതത്തെ സമകാലിക രാഷ്ട്രീയ ജീവിതത്തിന്റെ ഭാവുകത്വങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്ന ഒരു നോവല്‍. ഭാരത കഥാപാത്രങ്ങളിലൂടെ ഉദ്‌ഘോഷിക്കപ്പെടുന്ന സനാതന ധര്‍മ്മബോധവും, ലൈംഗിക ജീവിതവുംമൊക്കെ കെ.പി. നിര്‍മ്മല്‍ കുമാറിന്റെ കൃതഹസ്തതയില്‍ പുനഃസൃഷ്ടിക്കപ്പെടുമ്പോള്‍ അതിനൊരു പുതിയ മാനം കൈവരുന്നു.
സ്വത്തും അധികാരവും ഭോഗവും കേന്ദ്രസ്ഥാനത്തുനില്‍ക്കുന്ന സമകാലിക രാഷ്ട്രീയവും അതിന്റെ അരമനയിലും അടുക്കളയിലും വിടുവേല ചെയ്യുന്ന മാധ്യപ്രവര്‍ത്തനത്തെയും വായനക്കാരനെക്കൊണ്ട് വിചാരണ ചെയ്യിക്കാന്‍ പോന്ന ഒരു അതീത ശക്തിയായി ഈ നോവല്‍ നിറയുന്നു.
മഹാഭാരതത്തിന്റെ എല്ലാ പുനഃരാവിഷ്‌ക്കാരങ്ങളിലുമെന്ന പോലെ കൗരവരുടേയും പാണ്ഡവരുടേയും ധര്‍മ്മാധര്‍മ്മങ്ങള്‍ നേരിട്ടല്ലെങ്കിലും ഇവിടെയും വിചാരണ ചെയ്യപ്പെടുന്നുണ്ട്.
സാധാരണ നിലയ്ക്ക് വി.കെ.എന്‍. ഫലിതങ്ങളിലൂടെ ഇതള്‍വിരിയേണ്ട ഒരു ഭാവ പശ്ചാത്തലത്തെ നിര്‍മ്മല്‍കുമാര്‍ തന്റെ മൗലിക സിദ്ധിയിലൂടെ വേറിട്ടൊരു വായനാനുഭവം തന്നെ പകര്‍ന്നുകൊടുക്കുന്നുണ്ട് വായനക്കാരന്. എടുത്തു പറയേണ്ടത് അതിന്റെ ഭാഷയാണ്. അത് ഒരു കഥാപാത്രങ്ങളേയും ബോധപൂര്‍വ്വം ആക്രമിക്കുന്നില്ല. മറിച്ച് ഓരോ കഥാപാത്രങ്ങളേയും ആവിഷ്‌ക്കരിക്കുന്നത് അതിന്റെ നിര്‍മ്മമമായ സ്വാഭാവികതയിലൂടെയാണ്. ധര്‍മ്മവും നീതിയും വെള്ളയും മഞ്ഞയുപോലെ വേറിട്ടു കിടക്കുന്നില്ല എന്ന ആത്മബോധം ഇതിഹാസത്തെക്കുറിച്ചുള്ള എല്ലാ അവബോധങ്ങളേയും ഒന്നുകൂടെ തകര്‍ത്തെറിയുന്നു.
ഭാരത കഥാപാത്രങ്ങളുടെ ലൈംഗിക അരാജകത്വത്തിലേക്കും വ്യവസ്ഥാപിതമെന്നു നമ്മള്‍ കരുതുന്ന അവ്യവസ്ഥതികളിലേക്കും വെളിച്ച വീശുന്ന നോവലിലെ കാലം ഇരുപത്തൊന്നാം നൂറ്റാണ്ടായിട്ടും കഥാപാത്രങ്ങലുടെ മനശ്ശാസ്ത്ര പരിസരങ്ങളിലും, ലൈംഗികതയിലും പറയത്തക്ക ഒരു വ്യത്യാസവുമില്ലായെന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. ഒരു പക്ഷെ ഈ കണ്ടെത്തലാണ് ഈ നോവലിന്റെ മര്‍മ്മം എന്ന് എനിക്കു തോന്നുന്നു.

ജനിതകങ്ങളില്‍
അച്ഛന്‍ ചന്തയില്‍ നിന്ന് പച്ചക്കറിയും ഉപ്പും മുളകും പരിപ്പും നാളികേരവുമൊക്കെ വാങ്ങിക്കൊണ്ടുവന്ന് അമ്മയെ ഏല്‍പ്പിക്കുന്നു. അമ്മ പച്ചക്കറികള്‍ ചെറുതായി നുറുക്കി പരിപ്പു വേവിച്ച് തേങ്ങയരച്ച് പാരമ്പര്യത്തിന്റെ സുകൃതരസമന്ത്രങ്ങളുരുക്കഴിച്ച് കറിയുണ്ടാക്കി അതിന് സാമ്പാര്‍ എന്നൊരു പേരു കൊടുക്കുന്നു. അച്ചന്‍ വാങ്ങിയ പച്ചക്കറിയും മറ്റുസാധനങ്ങളുമുപയോഗിച്ച് അമ്മ സ്വാദിഷ്ടമായ ഒരു അഴകൊഴമ്പന്‍ സാമ്പാറുണ്ടാക്കുന്നു!. അമ്മയുടെ സാമ്പാര്‍ ഒരാവിഷ്‌ക്കാരമാണ്. വെറുതെ കുറെ പച്ചക്കറി വെള്ളത്തില്‍ മുറിച്ചിട്ടാല്‍ സാമ്പാറാവില്ല. അതിന്റെ രുചിപാകങ്ങളറിഞ്ഞുവേണം സാമ്പാറുണ്ടാക്കാന്‍. ഒരു ധ്യാനംപോലെ അമ്മ അതു ചെയ്യുന്നു.
സി. പി. കൃഷ്ണകുമാറിന്റെ ''ജനിതകങ്ങളില്‍' എന്ന നോവല്‍ വായിച്ചു തീരുമ്പോള്‍ മേല്‍പ്പറഞ്ഞ അമ്മയുടെ കരവിരുത് നമ്മുക്ക് അനുഭവപ്പെടുന്നില്ല. കഥപറയാന്‍ മാത്രമാണ് അദ്ദേഹത്തിന് ഭാഷ. അതിനപ്പുറം ശില്‍പപരമായ നിര്‍മ്മാണ പടുത്വം അദ്ദേഹത്തിന്റെ നോവലുകളില്‍ കാണുക അസാധ്യമാണ്. ഭേദപ്പെട്ട കഥകള്‍ എഴുതിയിട്ടുള്ള കൃഷ്ണകുമാറിന്റെ 'ജനിതകങ്ങളില്‍' എന്ന നോവല്‍ എന്നെ നിരാശപ്പെടുത്തുന്നു. മുന്‍ നോവലുകളില്‍ നിന്ന് പുതിയ നോവലിന് നല്ല റീഡബിലിറ്റിയുണ്ട് എന്ന നന്മ കാണാതിരിക്കുന്നില്ല.

സൈക്കിള്‍
ഒരു സൈക്കിള്‍ കടയില്‍ നമ്മള്‍ നില്‍ക്കുകയാണ്. ചുമരില്‍ ചക്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. ബെല്‍ ബ്രേക്ക്, മല്‍ഗാര്‍ഡ് എല്ലാ വേറെ വേറെയായി കൂട്ടിയിട്ടിരിക്കുന്നു. സൈക്കിള്‍ മെക്കാനിക്ക് പണിയായുധങ്ങളെടുത്ത് എല്ലാം യധാവിഥി ഘടിപ്പിച്ചു തുടങ്ങുന്നു. ഒരു മണിക്കുറിനുള്ളില്‍ കണ്‍മുന്‍പില്‍ പ്രവര്‍ത്തന സാധ്യമായ ഒരു സൈക്കിള്‍ ഇതള്‍ വിരിയുന്നു!. ഒരു മണിക്കൂര്‍ മുന്‍പ് ഇതേ സൈക്കളിള്‍ മറ്റു പലതായി ഇവിടെത്തന്നെയുണ്ടായിരുന്നു. ഇപ്പോഴാണ് അത് സൈക്കിളായത്. സൈക്കിള്‍ ഒരു യന്ത്രമായി പരിണമിച്ചിരിക്കുന്നു. ഇപ്പോള്‍ അതിനൊരു അസ്തിത്വമുണ്ട്. ഇപ്പോള്‍ സൈക്കിള്‍ ഉപോയഗിച്ച് നമുക്ക് സഞ്ചരിക്കാവുന്നതാണ്.
ഒരു സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള സങ്കേതങ്ങള്‍ ഇവിടെത്തന്നെയുണ്ട്. അതിനെ യഥാവിഥി ഘടിപ്പിക്കുക മാത്രമാണ് ഒരു കലാകാരന്‍ ചെയ്യുന്നത്. ഒരാള്‍ നടക്കുന്നതിലും വേഗത്തില്‍ ഒരു സൈക്കിളില്‍ നീങ്ങുന്നു. ഇവിടെ സൈക്കിളിന്റെ സ്ഥാനത്ത് ഒരു സമൂഹത്തെ ചലനാത്മകമാക്കുന്നത് കലയും സാഹിത്യവുമാണ്. മുംബൈയില്‍ വലിയ വലിയ നാടക കൂട്ടായ്മകള്‍ വേണം. അത് സമൂഹത്തെ ചലനാത്മകമാക്കുന്നു. മുംബൈയുടെ ആന്തരിക ജീവിതത്തെ ചലനാത്മകമായി നിലനിര്‍ത്തിയ കലാകാരനായിരുന്നു ശ്രീ വിളപ്പില്‍ മധു. അദ്ദേഹത്തിന്റെ ചിതയിലെ തീകൊണ്ട് ഇവിടെ ഇനിയും ഒരുപാട് നല്ല നാടകങ്ങളുടെ തിരി തെളിയണം. അതാണ് അദ്ദേഹത്തോട് ചെയ്യാനുള്ള ഏറ്റവും വലിയ ആദരവ്.

ചോദ്യം ഉത്തരം

ചിരിയും ഇളിയും തമ്മിലുള്ള വ്യത്യാസമെന്ത്?
ഈ വിഷയത്തില്‍ പി. പി. രാമചന്ദ്രന്റെ ഒരു കവിതതന്നെയുണ്ട്. സിനിമാ നടന്‍ ജദീഷിന്റെ കോമഡി സ്റ്റാര്‍ കാണുമ്പോഴാണ് ചിരി ഇളിയാകുന്നതിനെക്കുറിച്ച് ഓര്‍മ്മ വരുന്നത്. മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഈ ഹാസ്യ നടന്‍ വളിപ്പുകള്‍ക്ക് തോറ്റംപാടുന്നതു കാണുമ്പോള്‍ ചിരി ഇളിയാകുന്ന ഭീകര കാഴ്ച്ച മലയാളികള്‍ കാണുന്നു. എന്തുകണ്ടാലും ഇളിക്കാനും കൈയ്യടിക്കാനും കുലിക്ക് കുറച്ച് കാണികളേയും കൊണ്ടിരുത്തിയിരിക്കും.

നല്ല എഴുത്തുകാര്‍ നല്ല പ്രാസംഗികരായിരിക്കണമെന്നില്ല എന്തുപറയുന്നു?

എം.എന്‍.വിജയന്റെ എഴുത്തും പ്രസംഗവും ഒരുപോലെയായിരുന്നു. അഴീക്കോട് മാഷ് വാക്കുകള്‍കൊണ്ട് ചില മാജിക്കൊക്കെ കാണിക്കും പക്ഷെ അത് പകര്‍ത്തിയെഴുതുമ്പോള്‍ അതേ ശക്തി കിട്ടില്ല. എഴുത്തും പ്രസംഗവും ഒരുപോലെ ചെയ്യുന്ന പ്രതിഭകള്‍ വളരെ ചുരുക്കം മാത്രമെയുള്ളു. സുനില്‍ പി. ഇളയിടത്തിന്റെയും, ചുള്ളിക്കാട്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ രണ്ടിടത്തും തിളങ്ങുന്നവരാണ്. ഒരു കാലത്ത് സീരിയല്‍ നോവലുകളിലൂടെ എന്റെ ഹൃദയം കവര്‍ന്ന സി. രാധാകൃഷ്ണനെ നേരില്‍ കാണാന്‍ മോഹിച്ചിരുന്നു. മുംബൈയില്‍ ഒരു സാഹിത്യ സായാഹ്നത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടപ്പോള്‍ അമ്പരന്നുപോയി. അദ്ദേഹത്തിന്റെ എഴുത്തുപോലെയല്ല..! ഒരു സാധു മനുഷ്യന്‍. എത്ര മന്ത്രസ്ഥായിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്യാവസാനം വരെ അങ്ങിനെതന്നെ. എന്നാലും അദ്ദേഹത്തെ ഇഷ്ടം. ആദരവ്

നല്ല എഴുത്തുകാരൊക്കെ നല്ല പ്രാസംഗികരാകണെന്ന് ഒരു നിര്‍ബന്ധവുമില്ല. ശരിയല്ലേ?
എം.ജി. രാധാകൃഷ്ണന്‍ എന്ന നമ്മുടെ പ്രിയപ്പെട്ട എംജി ആശാന്‍ നല്ലൊരു എഴുത്തുകാരനാണ് എന്നാല്‍ അദ്ദേഹം എപ്പോഴും പൊതുവേദികളില്‍ നിന്ന് ദൂരെ മാറി നിന്നു. മുംബൈക്കാരുടെ സ്വന്തം എഴുത്തുകാരനായ നോവലിസ്റ്റു ബാലകൃഷ്ണനും സൗമ്യമായി സംസാരിക്കുന്നയാളാണ്. നല്ല കവിതകളെഴുതുന്ന പി.ബി. ഋഷികേശനും, ടി.കെ. മുരളീധരനും, മണിരാജും വേദികളില്‍ നിന്ന് ഒരുപാടകന്നു നില്‍ക്കുന്നു. എന്നാല്‍ പേന കൈകൊണ്ടു തൊടാത്ത ചിലരെങ്കിലും ബോംബേയിലുണ്ട്. പ്രസംഗമാണ് അവരുടെ സാഹിത്യ ജീവിതം. മുംബൈയില്‍ സാഹിത്യ സായാഹ്നങ്ങളില്ലാതാവുന്ന കാലത്ത് അവര്‍ക്കു വംശനാശം വരും.

നല്ല എഴുത്തുകള്‍ ഉണ്ടാകാന്‍ എന്തുചെയ്യണം. മുംബൈയില്‍ സാധാരണ നടക്കാറുള്ള സാഹിത്യ ചര്‍ച്ചകള്‍ക്ക് ഒരു ബദല്‍ നിര്‍ദ്ദേശിക്കാമൊ?
എഴുതുന്നവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വായനയേയും ആസ്വാദനത്തേയും സംബന്ധിക്കുന്ന കളരികള്‍ വേണം. ഭാഷയിലെ ഉത്തമ കൃതികളെക്കുറിച്ചുള്ള സര്‍ഗ്ഗാത്മക സംവാദങ്ങള്‍ നടക്കണം. ഭാഷയുടെ നന്മകള്‍ സ്വന്തം രചനയിലേക്ക് സംക്രമിപ്പിക്കുന്നതിലേക്കു നയിക്കുന്ന ശില്‍പശാലകളാണ് നമുക്കാവശ്യം.

2015 ഡിസംബർ 12, ശനിയാഴ്‌ച

നഗരത്തിലെ കാല്‍പ്പനിക ജീവിതം


പത്തു ഫര്‍ലോങ്ങുനടന്നാല്‍ വായനശാല, അരഫര്‍ലോങ്ങു നടന്നാല്‍ അമ്പലം, പോസ്റ്റോഫീസ്, വല്ലപ്പോഴുമൊരിക്കല്‍ ദൂരെ എവിടെനിന്നൊ, ഗ്രാമത്തിലോടുന്ന ഏക മിനിബസ്സിന്റെ ഹോണടി-ഇരമ്പല്‍. ദൂരെ പാടത്തിനുമക്കരെ കാവല്‍പനകളുടെ സന്ധ്യാപഥങ്ങള്‍. ആകാശത്തെവിടെയൊ ഒരു കൂവലടര്‍ത്തിയിട്ടു പോകുന്ന ഒരു വേഴാമ്പല്‍, വട്ടമിട്ടു പറക്കുന്ന ഒരു പരുന്തിന്‍ കരച്ചില്‍... ഇന്നും എത്ര കാല്‍പനികമാണ് ഈ സന്ധ്യകള്‍ എന്ന് കഴിഞ്ഞ അവധിക്കാലത്ത് ഒരു പാലക്കാടന്‍ വൈകുന്നേരത്തില്‍ അതിരുകളില്‍ കാവല്‍പ്പനവരമ്പിന്റെ ചോട്ടില്‍ നിന്ന് നിറങ്ങള്‍ കൊഴിയുന്ന പകലറുതിയില്‍ എന്റെ നാടുകണ്ടപ്പോള്‍ ഞാനിങ്ങനെ ഓര്‍ത്തുപോയി.

നാട്ടിന്‍പുറത്തിനുമാത്രമല്ല നഗരത്തിനുമുണ്ട് കാല്‍പനികമായ ഭംഗികള്‍ എന്ന് കുറെക്കാലം ഈ നഗരത്തില്‍ ജീവിച്ചതിനുശേഷമാണ് എനിക്കു മനസ്സിലായത്. കാക്കയും കുയിലും കരയുന്ന പുലരികളൊ പരന്ന പാടങ്ങളൊ, പച്ചപുതച്ച പുല്‍വരമ്പുകളൊ ഇല്ലെങ്കിലും ഈ നഗരം നാടുപോലെതന്നെ കാല്‍പ്പനികമാണ്. നഗരത്തിന്റെ കാല്‍പ്പനികത മുഴുവന്‍ പണ്ടുമതുലെ ഇവിടെ താമസിച്ചുവരുന്ന 60 കഴിഞ്ഞ മലയാളികളുടെ മുഖത്താണെന്ന് ചിലപ്പോഴൊക്കെ തോന്നും. എഴുപതുകളില്‍ ഈനഗരത്തില്‍ ചേക്കേറിയ പലര്‍ക്കും വീടായി കാറായി, മക്കളൊക്കെ നല്ല നിലയിലായി;
'പെണ്‍മക്കളെ നഗരത്തിലെ തന്നെ മലയാളി ചെറുക്കന്മാര്‍ക്ക് കെട്ടിച്ചുവിട്ടു,  മോനിപ്പൊ പഠിക്കുന്നു... ബി.ഈ കഴിഞ്ഞു എംബി.എ ചെയ്യാ' ഇതൊക്കെ പറയുമ്പോള്‍ അവരുടെ മുഖത്ത് ഒരു വല്ലാത്ത ചാരിതാര്‍ത്ഥ്യം വന്നു നിറയാറുണ്ട്. ചില പഴയ മലയാളികളുടെ മുഖത്ത് കാല്‍പനികമായ ഒരു ജീവിതം നയിക്കുന്നതിന്റെ ഒരു സംതൃപ്തി കാണാം. ഒരാള്‍ പറഞ്ഞു 'മക്കളൊക്കെ കൊത്താനും പെറുക്കാനുമായി.... ആകെമൊത്തം സെറ്റില്‍ടായി, ഇനി ഇത്തിരി സാഹിത്യം, കുറച്ചു സാമൂഹികം, സമയമുണ്ടെങ്കില്‍ സാംസ്‌കാരികം, ഫണ്ടു തരപ്പെടുകയാണെങ്കില്‍ ജീവകാരുണ്യം'. കാല്‍പ്പനികത വഴിഞ്ഞൊഴുകുന്ന ആ മുഖങ്ങള്‍ കാണുമ്പോള്‍, അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ എന്നെപ്പോലുള്ള ദരിദ്രവാസികള്‍ക്ക്, നാളിതുവരെയായി നഗരത്തില്‍ വേരുപിടിക്കാനാകാത്തവര്‍ക്ക്, എപ്പോഴും വീട്ടോര്‍മ്മയുമായി നരകിക്കുന്നവര്‍ക്ക് വിസ്മയം, ആശ്വാസം.

മുംബൈ സാംസ്‌കാരിക സന്ധ്യകളുടെ ഒരു നഗരമാണ്. എല്ലാ ഞായറാഴ്ച്ചകളിലും എന്തെങ്കിലുമൊക്കെ സാഹിത്യ പരിപാടികള്‍ കാണും. അവിടെയെല്ലാം ഞാന്‍ മേല്‍പ്പറഞ്ഞ നമ്മുടെ കാല്‍പനിക ബുദ്ധിജീവികളെ കാണാം. എഴുപതുകളില്‍ ആസ്വദിച്ച യൗവ്വനത്തിന്റെ സര്‍ഗ്ഗാത്മകയും വായനയുമൊക്കെ വച്ചുവിളമ്പാനും ആഘോഷിക്കാനുമൊക്കെ ഇന്നും നീക്കിയിരുപ്പായി ഒരുപാടു സാഹിത്യ സദസ്സുകള്‍ മുംബൈയിലുണ്ടാകുന്നു. അതിലൊക്കെ ആദ്യംപറഞ്ഞ ചരിതാര്‍ത്ഥ്യരായ വാര്‍ദ്ധക്യംത്തിലേക്കു കടന്ന പഴയ ആ ക്ഷുഭിത യൗവ്വനത്തിന്റെ ഉടമകള്‍ വിഹരിക്കുന്നു. അവരാണ് പുതിയ തലമുറയുടെ സര്‍ഗ്ഗാത്മകതയുടെ മൂല്യത്തെ അളക്കുന്നവര്‍. അവര്‍ കവിതയുടെ റസീപ്പി കുറിച്ച് മൂന്നാം തലമുറയ്ക്കു കൊടുത്തുകൊണ്ടു പറയുന്നു 'കവിതാ ച്ചാല്‍ ഇങ്ങിനെ വേണം', 'കഥയാവണം ച്ചാല്‍.... ദാ ദിങ്ങിനെ എഴുതണം.....' ക്ഷുഭിത യൗവ്വനത്തിന്റെ കാമ്പസ്സ് ഓര്‍മ്മകളില്‍ ജീവിക്കുന്ന അവര്‍ തന്റെ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍, സ്‌കൂള്‍ ബസ്സില്‍ അയച്ച് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനെ സൗകര്യപൂര്‍വ്വം മറക്കുന്നു. പക്ഷെ സാഹിത്യ സായാഹ്നങ്ങളില്‍മാത്രം അവര്‍ 'പുല്‍പ്പള്ളിയും', 'തലശ്ശേരി'യുമൊക്കെ അയവിറക്കുന്നു.

വേരുപിടിക്കാത്തവര്‍ അനവധിയാണ്, മൂന്നാം തലമുറയില്‍ പലരും നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ നാടുവിട്ടവര്‍. പന്ത്രണ്ടു മണിക്കൂറിലധികം തൊഴില്‍ശാലയില്‍ കഴിയുന്നവര്‍. തിരക്കുപിടിച്ച ലോക്കലില്‍ ചാരിനില്‍ക്കാന്‍ ഇത്തിരി സൗകര്യം കിട്ടിയാല്‍ ആഴ്ച്ചപതിപ്പും, ഇരിക്കാന്‍ ഇടംകിട്ടിയാല്‍ വിസ്തരിച്ചൊരു നോവലും വായിക്കാമല്ലൊ എന്ന് തന്റെ ജീവിതത്തിലെ ഒഴിയാബാധയായ സര്‍ഗ്ഗാത്മക ജീവിതത്തിന് അമൃതേത്തു നടത്തുന്നവര്‍. ഇവര്‍ക്ക് കവിതയെന്നാല്‍ തന്റെ സ്വത്വത്തെ തകര്‍ക്കാതെ നിലനിര്‍ത്താനുള്ള ഒരു തുള്ളിമരുന്നാണ്. വായനയെന്നാല്‍ ശുഷ്‌കിച്ചുകൊണ്ടിരിക്കുന്ന, മരണശയ്യയിലായ തന്റെ ആന്തരിക ജീവിതത്തെ നിലനിര്‍ത്താനുള്ള അരിഷ്ടമാണ്. ഇവിടുത്തെ സാഹിത്യ സാംസ്‌കാരിക സന്ധ്യകളില്‍ അവര്‍ പോകുന്നത് അവനവനെത്തന്നെ തിരഞ്ഞുകൊണ്ടാണ്. ഈയ്യിടെയായി ഇത്തരക്കാര്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്നു എന്നുപറയാന്‍കൂടിയാണ് ഇത്രയുമൊക്കെ പറഞ്ഞത്. മുംബൈ ഇന്നവരെ ഭ്രമിപ്പിക്കുന്നില്ല. ഉയര്‍ന്നുകൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് വിലയും 'ബാച്ചി' വീടുകളുടെ (ബാച്ചിലര്‍മാരുടെ വീടുകള്‍) ദൗര്‍ലഭ്യവുമൊക്കെ അവരെ വല്ലാത്ത അരക്ഷിതാവസ്ഥയിലെത്തിക്കുന്നു. അതോടെ പഴയതുപോലെ ബാച്ചികള്‍ നഗരത്തില്‍ വരുന്നില്ല. പണ്ടൊക്കെ ഒരു കെട്ടിടത്തില്‍ ചുരുങ്ങിയത് മൂന്നു ബാച്ചി ഫ്‌ലാറ്റുകളെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ പണ്ടത്തെ ബാച്ചികളായിരുന്ന വിവാഹിതര്‍ക്ക് കേരളത്തില്‍ നിന്നെത്തിയ ഇന്നത്തെ ബാച്ചീസിനെ കണ്ടുകൂടാ... വീട്ടില്‍ കേറ്റാന്‍ കൊള്ളാത്തവരെന്നാണ് ചിലരെങ്കിലും അവരെക്കുറിച്ചു അപവാദം പറയുന്നത് !

രണ്ടു തലമുറ പിന്നിലുള്ളവര്‍ക്ക് ഈ ഇരമ്പുന്ന നഗരം ഒരു 'കാല്‍പനിക കേരളമാണ്' എന്നാല്‍ തൊണ്ണൂറുകളില്‍ വായിച്ചും എഴുതിയും രണ്ടായിരിത്തി പതിനഞ്ചില്‍ ഈ നഗരത്തിന്റെ പ്രചണ്ഡമായ ജീവിതവേഗങ്ങളില്‍ ഇതിന്റെ പല്‍ചക്രങ്ങളില്‍ കുടുങ്ങിപ്പോയ പിന്‍തലമുറകള്‍ക്ക് എഴുത്ത് ഒരു ബാധയാണ് - ചിലപ്പോഴൊക്കെ വല്ലാത്ത ശാപവും.

പെരുമാള്‍ മുരുകന്‍
ചരിത്രവും ഫിക്ഷനേയും സമന്വയിപ്പിച്ചുകൊണ്ട് പുതിയ ഒരു ഭൂമിക സൃഷ്ടിക്കുന്ന നോവലുകള്‍ മലയാളത്തില്‍ ധാരാളമായി ഉണ്ടാകുന്നു. സേതുവിന്റെ 'മറുപിറവി', എന്‍. എസ്. മാധവന്റെ 'ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍', ടി.ഡി. രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'. ഹിസ്‌റ്റോറിസിസത്തിന്റെ  ഹിസ്‌റ്റോറിക് ഫിക്ഷന്റെ അനന്ത സാധ്യതകളില്‍ ആവോളം അഭിരമിക്കുന്ന എഴുത്തുകാര്‍ പുതിയ ഒരു ഭാവുകത്വം സൃഷ്ടിക്കുന്നുണ്ട് മലയാളത്തില്‍. എന്നാല്‍ അതൊന്നും സമകാലിക ജീവിതത്തിന്റെ കാതലായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടൊ എന്ന ചോദ്യം ബാക്കിയാകുന്നു.

പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ (മാതോരുപാകന്‍) എന്ന നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഈ ചോദ്യം പ്രബലമാകുന്നു. എഴുപതു വര്‍ഷം മുന്‍പ് തിരുച്ചെന്തൂരിലെ ഒരു അര്‍ദ്ധാനാരീശ്വര ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ആചാരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു നോവലാണ് ഇത്. സമകാലിക കുടുംബജീവിതത്തിന്റെ അടിത്തറകളെ വരെ ചോദ്യം ചെയ്യുന്നപ്രശ്‌നവല്‍ക്കരിക്കുന്ന ഒരു ശക്തമായ നോവല്‍. വ്യവസ്ഥാപിത കുടുംബ സമൂഹത്തില്‍ കുട്ടികളില്ലാത്ത കാളി-പൊന്ന ദമ്പതികളുടെ ദാമ്പത്യത്തില്‍ നേരിടേണ്ടി വരുന്ന അപമാനങ്ങളെ അതി ശക്തമായി പെരുമാള്‍ മുരുകന്‍ വരയ്ക്കുന്നു. വ്യവസ്ഥാപിത തമിഴ് ജീവിതത്തില്‍ വന്ധ്യത ഒരു വലിയ ദുരന്തമായി തീരുന്നതിനെ അവതരിപ്പിക്കുന്നുണ്ട് ഈ നോവലില്‍. വൈയ്യക്തിക ജീവിതത്തിലെ പരസ്പര വിശ്വാസത്തേയും സ്‌നേഹത്തേയും വരെ തച്ചുതകര്‍ക്കുന്ന അതി ദാരുണമായ ഘട്ടത്തിലേക്ക് വന്ധ്യത വളര്‍ന്നു വരുന്നു. പക്ഷെ ഈ ദമ്പതികള്‍ അവരുടെ കൈകൊണ്ട് അവരുടെ മണ്ണില്‍ നട്ടുവയ്ക്കുന്ന വിത്തുകള്‍ ഊര്‍ജ്ജിത ശേഷിയോടെ വളരുന്നുണ്ട്. ഒരു കൃഷീവലന്‍ എന്നുള്ള നിലയ്ക്ക് കാളി ഒരു വേറിട്ട വ്യക്തിയാണ്. പക്ഷെ സ്വന്തം ഭാര്യയ്ക്ക് ഒരു കുഞ്ഞിനെ നല്‍കുന്നതില്‍ കാളി പരാജയപ്പെടുന്നു. അവരുടെ ജീവിതത്തിന്റെ പ്രണയത്തെ സ്വരലയത്തെ വ്യവസ്ഥാപിത കുടുംബ നീതികള്‍ പലതരത്തില്‍ കുത്തി നോവിക്കുന്നു. നോവലിന്റെ കേന്ദ്ര പേമേയമായി നിലനില്‍ക്കുന്നത് ഈ വ്യവസ്ഥാപിത കുടുംബമെന്ന സ്ഥാപനത്തിലെ ഈ അനീതികളാണ്. തിരുച്ചെങ്ങോടിലെ ക്ഷേത്രത്തിന്റെ ഉത്സവത്തിലെ പതിനാലാം നാള്‍ രാത്രിയില്‍ കുട്ടികളില്ലാത്ത സ്ത്രീകളെ മലകയറ്റിവിടുന്ന ഒരു ആചാരമുണ്ടായിരുന്നു. അന്ന് രാത്രി ഈ സ്ത്രീകള്‍ക്ക് ഉത്സവത്തിനെത്തുന്ന ഏതു പുരുഷനെ വേണമെങ്കിലും പ്രാപിക്കാനുള്ള അവകാശം, മതവും വ്യവസ്ഥാപിത കുടുംബ സംവിധാനങ്ങളും പൂര്‍ണ്ണമനസ്സോടെ അനുവദിച്ചു കൊടുക്കുന്നു!. അവിടെ അന്നുരാത്രിയെത്തുന്ന ഏതു പുരുഷനും ഈ സ്ത്രീകള്‍ക്ക് ദൈവങ്ങളാണ്. അങ്ങിനെ പതിവ്രതകള്‍ 'ദൈവക്കുഴന്ത'കള്‍ക്ക് ജന്മംകൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.

പൊന്ന കാളിയുടെ സമ്മതമുണ്ടെന്ന തെറ്റീദ്ധാരണയുടെ പുറത്താണെങ്കിലും പാതിവ്രത്യത്തെ മുറിച്ചുകടന്ന് തിരുച്ചെന്തൂരിലെ അര്‍ദ്ധനാരീക്ഷേത്രത്തിലെ പതിനാലാം രാവില്‍ മറ്റൊരു പുരുഷനെ തേടിപ്പോകുന്ന ഘട്ടത്തില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റേയും പൂര്‍ണ്ണാനുവാദത്തോടെ 'വ്യഭിചാരം' ആചാരമാകുന്നു. അത്മാര്‍ത്ഥമായി പ്രണയിക്കുകയും സത്യസന്ധമായ ഒരു കുടുംബജീവിതം നയിക്കുകയും ചെയ്ത കാളിയുടെ ജീവിതം വലിയൊരു ചോദ്യച്ചിഹ്നമായി മാറുന്നു.

വ്യഭിചാരംപോലും ഒരു ആചാരമായിരുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് സത്യസന്ധമായി എഴുതിയതിന്റെ പേരില്‍ സാംസ്‌കാരിക ഫാസിസ്റ്റുകളും, വര്‍ഗ്ഗീയ ഫാസിസ്റ്റുകളും പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരനെ വേട്ടയാടി, വെട്ടി വീഴ്ത്തി. ഒടുവില്‍ എഴുത്തില്‍നിന്നുതന്നെ പെരുമാള്‍ മുരുകന് ആത്മഹത്യ ചെയ്യേണ്ടി വന്നു.

ചരിത്രത്തില്‍ കാല്‍പനികമായ ബാന്ധവങ്ങളിലൂടെ അല്ലലില്ലാതെ മലയാളി നോവലിസ്റ്റുകള്‍ ചോദ്യങ്ങള്‍ ചോദിക്കാതെ ജീവിക്കുന്നു. പെരുമാള്‍ മുരുകനെ നോക്കി അവര്‍ സഹതപിക്കുന്നുണ്ടാകും. ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ നാട്ടിലെ എഴുത്തുകാരെ കൊല്ലുന്നു, പലരും വധഭീഷണികളെ അഭിമുഖീകരിക്കുന്നു. ലോക സാഹിത്യചരിത്രത്തില്‍ പെരുമാള്‍ മുരുകന്‍ ഒരു വലിയ രക്തസാക്ഷിയാണ്. എന്നാല്‍ നമ്മള്‍ മലയാളി ബുദ്ധി ജീവികള്‍ക്ക് തമിഴ്‌നാട്ടുകാരെ പുച്ഛമാണ്. ആത്മഹത്യ പാപമാണ് എന്ന് വിശ്വസിക്കാനാണ് നമ്മള്‍ മലയാളി എഴുത്തുകാര്‍ക്ക് ഇഷ്ടം. അവര്‍ ചരിത്രവും ഭാവനയും കൂട്ടിക്കലര്‍ത്തിയ കാല്‍പ്പനികതയുടെ പുതിയൊരു ഭാവുകത്വത്തില്‍ തന്നെത്തന്നെ അനുകരിച്ചുകൊണ്ട് സ്വയം ഭോഗിക്കുന്നു.

ടി.ഡി. രാമകൃഷ്ണന്റെ ഇനിയെന്തു ചെയ്യും
മലയാള നോവല്‍ സാഹിത്യത്തിന് പുതിയൊരു ഭാവുകത്വം പകര്‍ന്നു നല്‍കിയ ഒരു നോവലാണ് ടി.ഡി രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'. കാലത്തെ മുറിച്ചുകടക്കുന്ന നോവല്‍!. വര്‍ത്തമാനകാല ജീവിതത്തിലെ തിന്മകള്‍ളുടെ അഞ്ചുപതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള അവസ്ഥയെക്കുറിച്ച് ഈ നോവല്‍ ഭീകരമായി ഭാവനചെയ്യുന്നു. കൊന്നും, വ്യഭിചരിച്ചും, ക്രൂരമായി ബലാത്സഗം ചെയ്തും നമ്മള്‍ പരസ്പരം കൊന്നുതിന്നുന്ന, നരമാംസ്യഭോജനമെന്ന അതിഭീകരമായ അവസ്ഥയിലേക്ക് മനുഷ്യന്റെ ക്രൂരത എത്തിച്ചേരുന്നതിനെക്കുറിച്ച് ടി.ഡി.ആര്‍. ഭാവന ചെയ്യുന്നുണ്ട്. അതുകൊണ്ടുമാത്രമല്ല ഈ നോവല്‍ മലയാള നോവല്‍ സാഹിത്യത്തിന് ഒരു ദിശാബോധം നല്‍കുന്നു എന്നു ഞാന്‍ പറയുന്നത്. 'എഴുപതുകളുടെ ചോറു തിന്നു വീര്‍ക്കുന്ന നോവല്‍' എന്ന് ഒരിക്കല്‍ സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനെക്കുറിച്ച് ഇതേ പക്തിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. സുഭാഷിന്റെ നോവലിന്റെ കാലവും ഭാഷയും എഴുപതുകളുടെ കാല്‍പനികമായ സാഹചര്യത്തെ അതിന്റെ ഭാഷയെ, ഭാവുകത്വത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്റെ അഭിപ്രായത്തില്‍ ഇട്ടിക്കോരയാണ് വര്‍ത്തമാനകാലത്തോട് നീതി പുലര്‍ത്തുന്ന നോവല്‍. പറഞ്ഞുവരുന്നത് വേറൊരു കാര്യമാണ് ടി.ഡി. രാമകൃഷ്ണന്‍ ഇട്ടിക്കോരയ്ക്കു ശേഷം പുതിയൊരു നോവല്‍ എഴുതിയിട്ടുണ്ട് 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി'. സംഭവം വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ഹൃദയവേദനയാണ് അനുഭവപ്പെട്ടത്. അവനവനെ അനുകരിക്കുന്നതിന്റെ അപകടം!. ഇട്ടിക്കോരയുടെ അതേ പാറ്റേണില്‍ മറ്റൊരു നോവല്‍!. പതിവുപോലെ സെക്‌സും വയലന്‍സുമൊക്കെ കുത്തിനിറച്ചുകൊണ്ടൊരു നോവല്‍. ഈ നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഉയര്‍ന്ന ഒരു സംശയമാണ് 'ടി.ഡി. രാകൃഷ്ണന്‍ ഇനിയെന്തെഴുതും' എന്ന്.
ഒരു എഴുത്തുകാരന്‍ അവനവനെത്തന്നെ അനുകരിക്കുന്ന ഒരു കാലം വരും. അത് എത്ര നീട്ടിക്കൊണ്ടുപോകാമൊ അത്രയും നീട്ടിക്കൊണ്ടുപോകണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാവും. ടി.ഡി. രാമകൃഷ്ണന്റെ മനസ്സില്‍ നിന്ന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലെ ഭാഷയെ, സങ്കേതത്തെ, ഭാവുകത്വത്തെ ഇടിച്ചുപൊളിച്ചു കളയാന്‍ കഴിയാതെ വന്നതുകൊണ്ടാണ് അതേ പാറ്റേണില്‍ ഒരു സുഗന്ധി എന്ന ആണ്ടാല്‍ ദേവനായകി ഉണ്ടാകുന്നത്. ഇത് വിവേകിയായ വനയനക്കാര്‍ക്ക് മനസ്സിലാകും. കുറഞ്ഞപക്ഷം ടി.ഡി. രാമകൃഷ്ണനെങ്കിലും തിരിച്ചറിഞ്ഞാല്‍ മതി. എങ്കില്‍ ഏറെ കാലം കഴിഞ്ഞിട്ടായാലും അദ്ദേഹം കുഴിച്ച കുഴിയില്‍ നിന്ന് സ്വയം കയറി വരും. വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്
മുംബൈ രാത്രികളിലെ മഞ്ഞവെളിച്ചത്തെക്കുറിച്ച് മുന്‍പ് ഞാനൊരുപാട് എഴുതിയിട്ടുണ്ട്. നഗരത്തിലെ രാത്രിയിലെ ഈ മഞ്ഞവെളിച്ചമാണ് ഈ നഗരത്തിന്റെ സൗന്ദര്യവും അശ്ലീലവും. തല്ലിയാട്ടിയിട്ടും പോകാതെ ഈ നഗരത്തില്‍ ഇരുട്ട് മഞ്ഞച്ച ബള്‍ബുകളുടെ പ്രകാശകൂടാരത്തിനുമേല്‍ ഭാരമായി വീണുകിടക്കും. എത്ര വഴിവിളക്കുകളില്‍ ഒന്നിച്ചു തെളിച്ചാലും ഈ നഗരത്തിന്റെ ചില ഒതുക്കുകളില്‍ ഇരുട്ടു കൂടുകൂട്ടി നില്‍ക്കുന്നത് എനിക്കൊരു ദുരൂഹതയായി തുടരുന്നു. അങ്ങിനെയൊരു ഒതുക്കില്‍വെച്ചാണ് ഒരിക്കല്‍ ഞാനൊരു ബാര്‍ നര്‍ത്തകിയെ പരിചയപ്പെടുന്നത്. നരിമാന്‍ പോയിന്റിലെ സിമന്റ് കൈവരി തീരുന്നയിടത്തെ തിരകള്‍ക്കെതിരെ ഏങ്കോണിച്ചുനില്‍ക്കുന്ന സിമന്റു കല്ലുകളിലൊന്നിലിരുന്നാണ് ഞങ്ങള്‍ ജീവിതം പറഞ്ഞത്. അതിന്റെ ഓര്‍മ്മയ്ക്കാണ് എന്റെ സമാഹരത്തിലെ 'ഉപ്പ്' എന്ന കവിത. വികലാംഗനായ അച്ഛനും അമ്മയും കെട്ടിടങ്ങളിലെ ചവറുകള്‍ അടിച്ചുവാരി വരുമാനമുണ്ടാക്കുന്നു. 5 മക്കളില്‍ രണ്ടാമത്തവള്‍, ചേച്ചി വളരെ വര്‍ഷമായി മുംബൈയുടെ രാത്രി ജീവിതത്തെ സജീവമാക്കുന്നു. പക്ഷെ കുടുംബത്തിലെ പട്ടിണിക്കും പരിവട്ടത്തിനും അതുകൊണ്ട് അറുതിയായില്ല. 'മക്കളില്‍ സുന്ദരിയായ ഞാന്‍ ചേച്ചിയുടെ വഴിയെ നടക്കാന്‍ വിധിക്കപ്പെടുന്നു'. മൂന്നാമത്തേത് ഒരു സഹോദരന്‍, 10 വയസ്സ്. രാവിലെ സ്‌കൂളില്‍പോയതാണ്, രണ്ടുമാസമായി ഒരു വിവരവുമില്ല. പിന്നെയുള്ളത് ഇരട്ടകളായ മൂന്നു വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍. രണ്ടുപേര്‍ക്കും ബുദ്ധിവളര്‍ച്ചയില്ല. ഇപ്പോള്‍ അച്ഛനും അമ്മയുമടക്കം ആറു വയറുകള്‍ കഴിയണം. ജീവിക്കാന്‍ ഇതിലും നല്ല വഴി വേറെയുണ്ടായിരുന്നില്ല.

ഞങ്ങള്‍ കുറെ സംസാരിച്ചു. ചിലപ്പോഴൊക്കെ അവള്‍ കുനിഞ്ഞിരുന്ന മുഖം മറച്ച് ദീര്‍ഘമായി കരഞ്ഞു. എന്റെയുള്ളിലെ കപട സദചാരി പറഞ്ഞതൊക്കെ പോളിഷായ മറ്റൊരു ജീവിതത്തെക്കുറിച്ചായിരുന്നു. എന്നിട്ടും അവളെന്നെ വെറുത്തില്ല. അവളെന്നെ പ്രണിയിച്ചു തുടങ്ങിയൊ എന്ന് ഞാന്‍ ന്യായമായും സംശയിച്ചു. ഒരഭയംപോലെ അവളെന്നെ മുട്ടിയുരുമ്മിയിരുന്നു. നേരമിരുട്ടുന്നു. അന്ന് അവളെക്കാത്തുനിന്ന, ബാറിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന വെളുത്ത ടാറ്റാ സുമൊയെ അവള്‍ തിരസ്‌ക്കരിച്ചു. 'ആജ് മേ നഹി ജാപ്പായേഗാ'. ഞാന്‍തന്നെ കാരണം..... ഒരു പക്ഷെ എന്റെ സദാചാര പ്രസംഗമായിരിക്കാം അവളുടെ മാനസ്സാന്തരത്തിനു കാരണം. അഭയമഭ്യര്‍ത്ഥിക്കുന്ന അവളുടെ കണ്ണുകള്‍ക്കുമുന്‍പില്‍ ഒരു നിമിഷം ഞാന്‍ ഭയന്നുപോയി. പതിവുപോലെ ഞാന്‍ 'വല്യട്ടന്‍' ചമഞ്ഞു. പ്രണയത്തോടടുക്കുമ്പോള്‍ സ്ഥിരം ചെയ്യാറുള്ളപോലെ. എന്നിലെ ഭീരു 'നീയെന്റെ അനുജത്തിയാണെ'ന്ന ശരീരഭാഷ കാണിച്ചു. എന്നിട്ടും അവളുടെ കണ്ണീരില്‍ ഞാനും അവളും ഒരുമിച്ചൊഴുകി. അവളെ കാത്തുനിന്ന ജീപ്പ് വാഹനത്തിരക്കില്‍ ഒഴുകിപ്പോയി. അവളുടെ അന്നംമുടക്കാനല്ലാതെ അവള്‍ക്കൊരു ആശ്വാസമാകാന്‍ എന്റെയീ സദാചാര പ്രസംഗംകൊണ്ടു കഴിഞ്ഞുവൊ?. എനിക്ക് എന്നോടുതന്നെ അവജ്ഞ തോന്നി. ഈ നഗരത്തിന്റെ രാത്രിജീവിതത്തെ സജീവമാക്കുന്നതിന്റെ ഒരു കണ്ണിയാണവള്‍. അവളുടെ ഒരുദിവസത്തെ അപ്പംമുടക്കിയ എന്റെ കപടസദാചാരവും ഇസ്തിരിയിട്ടവാക്കുകളേയും ഞാന്‍ വെറുത്തു. അവള്‍ ഒരു സ്വര്‍ണ്ണമീന്‍ കുഞ്ഞാണ്, ലഹരിയുടെ അക്വേറിയത്തിലെ സ്വര്‍ണ്ണമീന്‍ കുഞ്ഞ്. അവരെ നോക്കി നൊട്ടിനുണഞ്ഞ് നഗരം രാത്രിജീവിതത്തെ സജീവമാക്കുന്നു. അവള്‍ക്ക് ഇന്ന് അതിനു കഴിയില്ല. അതൊരുപക്ഷെ എന്നോടുള്ള പ്രണയമായിരിക്കാം. 'എന്നും വരാറുണ്ടോ ഇവിടെ' എന്ന അവളുടെ ചോദ്യത്തിനുമുന്‍പില്‍ നിന്ന് ഞാന്‍ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറി. ഇനിയൊരിക്കല്‍കൂടി കണ്ടുമുട്ടാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. കാരണം ഒരിക്കലും ഞാനൊരഭയമാകില്ല, അവള്‍ക്കുമാത്രമല്ല ഞാന്‍ എനിക്കുപോലും.....
ഈ നഗരത്തിലെ ഇരുട്ടുമായികലങ്ങിയൊഴുകുന്ന ഈ മഞ്ഞവെളിച്ചം കാണുമ്പോള്‍ ഞാനിന്നും അവളെ ഓര്‍ക്കാറുണ്ട്. അന്ന് ഞങ്ങള്‍ പിരിയുമ്പോള്‍ അവള്‍ കുറച്ച് അകന്നാണ് നടന്നത്. വിടചൊല്ലുമ്പോള്‍ അവള്‍ ദീര്‍ഘമായ ഒരു ഹസ്തദാനം ചെയ്തു. ഒരു ജന്മത്തിന്റെ പ്രണയം മുഴുവന്‍ ആ മെല്ലിച്ച കൈവിരലുകളിലേയ്ക്കു കുതുപ്പിച്ച് എന്റെ കൈവിരലുകളെ ആലിംഗനം ചെയ്യുകയായിരുന്നു അവള്‍. അവളുടെ സിരകളിലൂടെ ഒരല്‍പനേരേേത്തക്കെങ്കിലും അവളുടെ പ്രണയത്തോടെ മിടിക്കുന്ന ഹൃദയത്തിന്റെ നെറുകയില്‍നിന്നൊഴുകന്ന സ്‌നേഹഗംഗയെ ഞാന്‍ ദൂരെ നിന്നു കണ്ടു.... പിന്നീടിതുവരെ അവളെ ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടില്ല. കാരണം ഞാനൊരു ഭീരുവാണ്....

ചോദ്യോന്മീലനം
വാലും മൂടുമില്ലാതെ എന്തിനിങ്ങനെ കോളമെഴുതുന്നു?
വാലും മൂടുമില്ലാതെ ശിഥിലമായ ചിന്തകളെ എവിടെയെങ്കിലും തേച്ചു വയ്ക്കണമെന്ന തോന്നലിലാണ് ഈ 'ഉന്മാദോന്മീലനം' ഉണ്ടാകുന്നത്. ഒരു മാസം വായിച്ച പുസ്തകങ്ങള്‍, ചെറുകഥകള്‍, കവിതകള്‍, സിനിമകള്‍, പിന്നെ പത്രമാധ്യമങ്ങള്‍ വായിക്കുമ്പോള്‍ ഭരണകൂടത്തോടു തോന്നുന്ന നീരസങ്ങള്‍ ഇതൊക്കെ പങ്കുവയ്ക്കാന്‍ ഒരിടം. അതു ചിലപ്പോള്‍ സാമ്പാര്‍ പരുവത്തില്‍ ഒരു സംഭവമായെന്നിരിക്കും. ഇതൊന്നും ഞാനായിട്ട് എഴുതുന്നതല്ല. എന്റെ ഉന്മാദം എന്നെക്കൊണ്ട് എഴുതിക്കുന്നതാണ്.

എന്താണ് 'ഉന്മാദോന്മീലനം' പലരും ചോദിക്കുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം?

ഒരു നട്ടപ്രാന്തിന്റെ 'ഇളക്കം' എന്നു മനസ്സിലാക്കിയാല്‍ മതി. മനസ്സില്‍ തോന്നുന്നത് വിളിച്ചുപറയുന്നു. ഉന്മാദം (ഭ്രാന്ത്), ഉന്മീലനം (മിഴിതുറക്കല്‍).

ബാബു കുഴിമറ്റം വലിയ എഴുത്തുകാരനാണൊ?
അദ്ദേഹത്തിന്റെ 'ചത്തവന്റെ സുവിശേഷം' വായിക്കുന്നത് തൊണ്ണൂറുകളിലാണ്. ഏറെ ആഘോഷിക്കപ്പെട്ട കഥകളാണതില്‍. പിന്നീട് ഒന്നരപതിറ്റാണ്ടിനിപ്പുറം അദ്ദേഹത്തെ അടുത്ത കാലത്താണ് കാണുന്നത്. എഴുത്തു നിര്‍ത്തിയതിന്റെ നാല്‍പ്പതാംവാര്‍ഷികം പ്രവാസികളെക്കൊണ്ട് ആഘോഷിപ്പിക്കുന്നു!!

അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നതിനെപറ്റി?
വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ ഒരു എഴുത്തുകാരന്‍ പ്രതിഷേധിക്കുന്നത് അവാര്‍ഡ് തിരിച്ചേല്‍പ്പിച്ചുകൊണ്ട് പ്രതിഷേധിക്കുന്നത് ഒരു സമര രീതിയാണ്. അങ്ങിനെ ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങിനെയാകാം. അത് ശക്തമായ ഒരു സമരമുറയായിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴുള്ള കോലാഹലം. മറ്റു രീതിയില്‍ പ്രതിഷേധിക്കണമെന്നുള്ളവര്‍ക്ക് അങ്ങിനേയുമാകാം. അതൊരു തെറ്റാണ് എന്നരീതിയിലുള്ള അധരവ്യായാമങ്ങളോട് സഹതപിക്കുന്നു.

മുംബൈയിലെ മൈക്കാസുരന്മാരെ നിലയ്ക്കു നിര്‍ത്താന്‍ എന്തുചെയ്യണം?
നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കുട്ടിസഖാക്കന്മാരായി ജീവിക്കേണ്ട ഈ മൈക്കാസുരന്മാര്‍ വിധിവശാല്‍ പ്രവാസിയായി ജീവിക്കേണ്ടി വരുന്നു. മുംബൈയിലെ സാഹിത്യ സായാഹ്നങ്ങളില്‍ മൈക്കുകാണുമ്പോള്‍ അവരുടെ കണ്‍ട്രോളു പോകുന്നു. ഒരു പുസ്തകം പോലും മുഴുവന്‍ വായിച്ചിട്ടില്ലാത്ത മൈക്കാസുരന്മാര്‍ സാഹിത്യത്തിന്റെ കുടല്‍മാല പറിക്കുന്നു. സാഹിത്യ സായാഹ്നങ്ങളെ പ്രസംഗപരിശീല ക്ലബ്ബുകളാക്കി ഇവര്‍ മാറ്റിക്കൊണ്ടിരിക്കുന്നു.

ജീ. മധുസൂധനന്റെ പുതിയ പുസ്തകം ഭാവനയുടെ ജലസ്ഥലികള്‍ ഈ മാസം അവസാനം ഇറങ്ങുന്നു. അദ്ദേഹത്തെ കുറിച്ച്?
ഭാവുകത്വം 21ാം നൂറ്റാണ്ട് എന്ന പുസ്തകം മലയാള വിമര്‍ശന സാഹിത്യത്തിലെ ഒരു നാഴികകല്ലാണ്. പിന്നീട് ഒരു ദീര്‍ഘമൗനത്തിന്റെ കാലഘട്ടമായിരുന്നു. അദ്ദേഹത്തെ ഒന്നു നേരില്‍ കാണാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൂനയില്‍ ഒരു പരിപാടിയില്‍ വെച്ച് ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു. വീണ്ടും എഴുതാം എന്നദ്ദേഹം സമ്മതിച്ചു. ഞങ്ങള്‍ വായനക്കാരുടെ പ്രാര്‍ത്ഥനയുടെകൂടി ഫലമാണ് ഇറങ്ങാന്‍ പോകുന്ന 'ഭാവനയുടെ ജലസ്ഥലികള്‍' എന്ന പുസ്തകം എന്ന ഞാന്‍ വിശ്വസിക്കുന്നു. നവംബര്‍ 26 ന് സാറ ടീച്ചര്‍ തൃശ്ശൂരില്‍ പ്രകാശനം നിര്‍വ്വഹിക്കും.

മുംബൈ വൈറ്റ്‌ലൈന്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചു വന്നത്‌

2009 മേയ് 13, ബുധനാഴ്‌ച

എസ്‌. ജോസഫിണ്റ്റെ കവിതകള്‍ക്കെന്തിനു പേരുകള്‍ കവിതകളെന്നല്ലാതെ. . . .

നവകവിതയെക്കുറിച്ചുള്ള ആശയ്ക്കും അഭിലാക്ഷങ്ങള്‍ക്കും പുതിയ ഭാവുകങ്ങള്‍ പകര്‍ന്നു നല്‍കുന്ന സര്‍ഗ്ഗാത്മകതയുടെ രുദ്ര യൌവനമാണ്‌ എസ്‌. ജോസഫിണ്റ്റെ കവിതകള്‍. ആ കവിതകളെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം ആ കവിയുടെ കാവ്യ ഭാഷയിലെ സുന്ദരമെങ്കിലും അദ്ദേഹം പിന്‍തുടരുന്ന ഏകതാനതയെ വിമര്‍ശിച്ചുകൊണ്ടുവേണം പുതുകവിതയെ പഠിക്കാന്‍. ലളിത ഭാഷകൊണ്ട്‌ അതി സുന്ദരവും ഭ്രമാത്മകവുമായ ഭിംഭകല്‍പനകള്‍ നടത്തുന്ന ഈ കവി അതേ ഭിംഭ മാതൃകകള്‍ പുതു കവിതയ്ക്കു നല്‍കുക വഴി സ്വന്തം ശരികള്‍ക്കുള്ളിലെ ഒരു വലിയ തെറ്റുകൂടിയാവുന്നത്‌ കണ്ടുനില്‍ക്കാന്‍ ആവുന്നില്ല. എസ്‌. ജോസഫിണ്റ്റെ ഓരോ വരിയിലും ഋതുക്കള്‍ കാലം തെറ്റിച്ചു പൂക്കുന്നു -

"എസ്‌. ജോസഫിണ്റ്റെ കവിതകള്‍ക്കെന്തിനു പേരുകള്‍ കവിതകളെന്നല്ലാതെ. . . . "

എസ്‌. ജോസഫ്‌ എന്ന മായാജാലക്കാരണ്റ്റെ ഭിംഭമാതൃകകളെ പിന്‍തുടരുന്ന കവികളെ കണ്ടിട്ടുണ്ട്‌ അവരുടെ കവിതകള്‍ വായിക്കുമ്പോഴാണ്‌ എസ്‌. ജോസഫിണ്റ്റെ ശരികള്‍ക്കിടയില്‍ ഒളിഞ്ഞുകിടക്കുന്ന തെറ്റിനെ ഒട്ടും സ്നേഹക്കുറവില്ലാതെ വലിച്ചു പുറത്തിടാന്‍ ആഗ്രഹിക്കുന്നത്‌. വായ്‌ വര്‍ത്തമാനത്തിണ്റ്റെ ഭാഷകൊണ്ട്‌ ഒറ്റക്കല്‍ പ്രതിമപോലെ അദ്ദേഹം മിഴിവുറ്റ ഭിംഭങ്ങള്‍ സൃഷ്ടിക്കുന്നു.

" കാട്ടില്‍ തീ പടരുമ്പോള്‍ കണ്ടുനിന്നൊരു കരിം-
മ്പുലിതന്‍ കണ്ണിലുണ്ട്‌ നിഷ്കളങ്കതയിപ്പോള്‍"
----------------------------------------------നിഷ്കളങ്കത

കവിത അനുഭവിപ്പിക്കുകയാണ്‌ ഈ വരികളിലൂടെ. . . പക്ഷെ ഒരു സമഗ്ര പഠനത്തിനു ശ്രമിക്കുമ്പോള്‍ പാസ്പോര്‍ട്ട്‌ സൈസിലുള്ള ജലച്ചായചിത്രങ്ങള്‍ പോലെ - അലിഞ്ഞില്ലാതെ പോകുന്ന ഐസുകട്ടകള്‍ പോലെ ആയിത്തിരുന്നു ചിലപ്പോള്‍ പുതിയ കവിത. അങ്ങിനെ ആവരുത്‌ എന്ന്‌ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കവിത ജലം തന്നെ അതിന്‌ നിയതമായ രൂപമില്ല നവ കവിതയ്ക്കും നിയതമായ രൂപം കല്‍പ്പിക്കാനാവില്ല. ചലനാത്മകതയിലാണ്‌ അതിണ്റ്റെ സ്വത്വം. ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിപോലെ . . . ഐസുകട്ട ജലത്തിണ്റ്റെ ഒരു താത്കാലിക സ്വരൂപം മാത്രമാണ്‌ അന്തരീക്ഷ താപത്തിനനുസരിച്ച്‌ രൂപഭ്രംശം സംഭവിക്കുന്ന ഈ ഐസുകട്ടകള്‍ കുറച്ചുനേരത്തെക്കു നമ്മളെ മരവിപ്പിച്ചുനിര്‍ത്തുന്നു. എസ്‌. ജോസഫിണ്റ്റെ ശീതികരിച്ച ഭാഷാ സൌന്തര്യത്തില്‍ അദ്ദേഹത്തിണ്റ്റെ കവിതകള്‍ വായനക്കാരനെ അല്‍പനേരം മരവിപ്പിച്ചു നിര്‍ത്തുന്നു. ചിലപ്പോഴൊക്കെ ആ ഐസുകട്ടകളില്‍ ഒളിപ്പിച്ചിരിക്കുന്ന മുള്ളുകള്‍കൊണ്ട്‌ വായനക്കാരനെ കോറിവലിക്കുന്നു. എസ്‌. ജോസഫിണ്റ്റെ ഈ മായാലോകത്തെ ഇഷ്ടപ്പെടുന്നതോടൊപ്പം തന്നെ പുതുകവിതയ്ക്കു്‌ അറിഞ്ഞൊ അറിയാതെയൊ സംഭവിക്കുന്ന അപചയത്തെ കാണാതിരിക്കാനാവുന്നില്ല. ഉത്തരാധുനിക കവിതയില്‍ അറിഞ്ഞൊ അറിയാതെയൊ ഒരു തരം നിസ്സാരവല്‍ക്കരണം നടക്കുന്നു. ചിലരെങ്കിലും എസ്‌. ജോസഫിനെതന്നെ സമഗ്രമായ വായന നടത്താതെ സ്വന്തം രചനകളില്‍ അദ്ദേഹത്തിണ്റ്റെ ഭിംഭമാതൃകകളെ പിന്‍തുടരാന്‍ ശ്രമിക്കുന്നതു കാണാം. ഉറുമ്പിനു തിന്നാന്‍ കൂടി തികയാത്ത പഞ്ചസാരത്തരികള്‍ ചിതറിക്കിടക്കുന്നതുപോലെ ഒരനുഭവം പുതു കവിതകളെ ഒന്നിച്ചു കയ്യിലെടുക്കുമ്പോള്‍ ഉണ്ടാവും. ജോസഫിനെ മാത്രം കുറ്റപ്പെടുത്തുകയല്ല എസ്‌. ജോസഫ്‌ ഒരു നീണ്ട ചങ്ങലയുടെ ഒരു സുപ്രധാന കണ്ണിമാത്രം. എന്നെപോലെയുള്ളവരുടെ വായനാവബോധത്തില്‍ വിഹരിക്കുന്ന പ്രതിഭാധനനായ കാട്ടാളന്‍.

എന്തുകൊണ്ടാണ്‌ കവിത ഇങ്ങിനെ തിളങ്ങുന്ന വെറും നക്ഷത്രത്തരികളായി മാറുന്നത്‌. വാഗ്മയങ്ങള്‍കൊണ്ട്‌ ഒരു ചെറിയ കാര്‍ട്ടൂണൊ എണ്ണച്ചായമൊ തീര്‍ത്ത്‌ കവികള്‍ തിരശ്ശീലയ്ക്കു പിന്നില്‍ മറയുകയാണ്‌. ഇതിനും അപ്പുറത്തേക്ക്‌ സംക്രമിക്കുന്ന നിരന്തരമായ അസ്വസ്തതകളായി കാലത്തിന്‍മേല്‍, മൂല്യച്യുതികള്‍ക്കുമേല്‍ ഇടമൂറിയാത്ത നിലവിളിയും ആവലാതിയുമായി പുതു കവിതകള്‍ മാറേണ്ടതുണ്ട്‌.

നവ കവിതയെ സ്നേഹക്കാനും സമകാലികതയില്‍ അതിണ്റ്റെ വേരുകള്‍ ആഴിന്നിറങ്ങാനും കേവലം ഭാഷാലീലകള്‍ക്കപ്പുറം അതിണ്റ്റെ സങ്കേതങ്ങള്‍ ശക്തിപ്പെടണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതു കൊണ്ടാണ്‌ ഇവിടെ എസ്‌. ജോസഫിനെ മുഖ്യമായി വിമര്‍ശിക്കുന്നത്‌ കാരണം അദ്ദേഹം ഉത്തരാധുനിക കവിതയുടെ പ്രതീക്ഷയും പ്രത്യാശയുമാണ്‌.

സംവാദം തുടരുക .......
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.