ഒരുവന് മറ്റൊരു വ്യക്തിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചോദ്യചെയ്യാന്‍ ജനാധിപത്യ രാജ്യത്ത് സാധ്യമല്ല. ആ വ്യക്തിയുടെ കലയുടെ മെറിറ്റിനെ ചോദ്യചെയ്യുന്നതിനൊ വിമര്‍ശിക്കുന്നതിനൊ പക്ഷെ ഈ രാജ്യത്ത് യാതൊരു തടസവുമില്ല. കേരള സ്റ്റോറി എന്ന പ്രൊപഗണ്ട സിനിമയുടെ മെറിറ്റിനെ, അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ, അതു വിനിമയം ചെയ്യുന്ന വെറുപ്പിനെ, അത് അപനിര്‍മ്മിക്കുന്ന ചരിത്രത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും ശക്തമായി എതിര്‍ക്കാനും ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യമുണ്ട്. സിനിമ നിരോധിക്കണമെന്ന് ആര്‍ക്കും ഇവിടെ ആവശ്യപ്പെടാനാകില്ല. അത് ജനാധിപത്യ മര്യാദയ്ക്ക് യോജിച്ചതുമല്ല. പക്ഷെ ഈ സിനിമ ശുദ്ധ അസംബന്ധമാണെന്ന് പറയാന്‍ ഇവിടെ ആരുടേയും അനുവാദത്തിന് കാത്തുനില്‍ക്കേണ്ടതില്ല.
സിനിമയിലെവിടേയും 32000 യുവതികളെ കേരളത്തില്‍ നിന്ന് മതംമാറ്റി സിറിയയില്‍ കൊണ്ടുപോയി എന്ന് പറയുന്നില്ലത്രെ. പക്ഷെ ഇന്നിറങ്ങിയ സിനിമയെക്കുറിച്ച് ലഭിക്കുന്ന സാധാരണക്കാരില്‍ നിന്നുള്ള റിപ്പോര്‍ട്ട് കണ്ടാല്‍ സഹതാപം തോന്നും. 'നമ്മുടെ ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന ഒരു യാഥാര്‍ത്ഥ്യത്തെയാണ് സിനിമയില്‍ കാണിക്കുന്നത്' എന്നൊക്കെ വളരെ വൈകാരികമായി ആക്രോശിക്കുന്ന ലോല ഹൃദയരായ ചില സിനിമ ആസ്വാദകരുടെ ചില വീഡിയൊകള്‍ സോഷ്യല്‍മീഡിയയില്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഈ സിനിമയില്‍ കാണിച്ചിരിക്കുന്ന സംഭവങ്ങള്‍ സാര്‍വ്വത്രികമായി കേരളത്തില്‍ നടക്കുന്നതാണ് എന്ന രീതിയിലാണ് സാധാരണക്കാര്‍ ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ ധരിക്കുന്നത്. അതുതന്നെയാണ് ഈ സിനിമ സമൂഹത്തില്‍ ചെയ്യുന്ന പ്രധാന ദൂഷ്യവും.
കേരള സ്‌റ്റോറി എന്നു പേരിട്ടുകൊണ്ട് ഒരു വലിയ വിവാദം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വെച്ചിരുന്നു. 32000 ത്തിന്റെ കണക്ക് ടീസറിനൊപ്പം അവതരിപ്പിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. രണ്ടും അവര്‍ പ്രതീക്ഷിച്ചതിലുമപ്പുറത്തെ വിജയം കണ്ടിരിക്കുന്നു. വലിയ താരങ്ങളൊ മറ്റ് പകിട്ടൊ ഒന്നുമില്ലാത്ത ഒരു സാധാരണ സിനിമയ്ക്ക് അത് അര്‍ഹിക്കുന്നതിലുമപ്പുറത്തെ ഹൈപ്പ് ഉണ്ടാക്കാനുള്ള അവരുടെ തന്ത്രങ്ങള്‍ വിജയം കണ്ടിരിക്കുന്നു. ഈ സിനിമ ലോല ഹൃദയരായ തീവ്ര മത ഭക്തന്മാരില്‍ വലിയ ചലനങ്ങളുണ്ടാക്കും (അല്‍പം വിവരവും വിദ്യാഭ്യാസവുമുള്ളവരെ ഈ സിനിമ ലക്ഷ്യം വയ്ക്കുന്നില്ല). അവര്‍ ഇതര മതത്തോട് കൂടുതല്‍ വെറുപ്പുള്ളവരായി തീരും. സിനിമയില്‍ കാണുന്ന കഥാപാത്രങ്ങളുടെ സഹനങ്ങള്‍ കേരളത്തിലെ വലിയൊരു സമൂഹം ഹിന്ദു സോഹോദരിമാര്‍ നേരിടുന്ന എന്തോ വലിയൊരു ദുരന്തമാണെന്ന് അവര്‍ വിശ്വസിക്കാന്‍ ആരംഭിക്കും. ഇതുതന്നെയാണ് അവര്‍ ആത്യന്തികമായി ലക്ഷ്യം വെച്ചിരുന്നത്.
കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഉത്തരേന്ത്യക്കാര്‍ ചെയ്യാറുള്ളതുപോലെ തീയേറ്ററടിച്ചു പൊട്ടിക്കാനൊ തെരുവില്‍ തീ കത്തിച്ച് പ്രക്ഷോഭം നടത്താനൊ തയ്യാറായില്ല എന്നത് ആശ്വാസം തരുന്നു. അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ സുദീപ്‌തൊ സെന്‍ എന്ന് പ്രൊപഗണ്ട സിനിമക്കാരന് കിട്ടുമായിരുന്ന മൈലേജ് ഇതിലും വലുതാകുമായിരുന്നു.
ഓരോ വര്‍ഷവും ഭാരതത്തിലൊട്ടാകെ 7 ലക്ഷത്തിലധികം ആളുകളെ കാണാതാകുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ 3 മതം മാറ്റക്കേസുകളും, ഇന്ത്യയൊട്ടാകെയുള്ള 100 ല്‍ താഴെ മാത്രം വരുന്ന നിര്‍ബന്ധിത മതം മാറ്റവും സിറിയയിലേയ്ക്ക് കടത്തിയതിന്റെ കണക്കുകളും വളരെ നിസ്സാരമാണ്. പക്ഷെ മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടുകൊണ്ട് ഉണ്ടാക്കിവിടുന്ന ഇത്തരം സിനിമകള്‍ക്ക് സമൂഹത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെ പ്രശ്‌നവല്‍ക്കരിക്കാന്‍ യാതൊരു താല്‍പര്യമുണ്ടാകില്ല.
ഇത്തരം സിനിമകളെ എതിര്‍ക്കുന്നതിനു പകരം ഈ സിനിമ പറയുന്ന, ചെറുതായിക്കോട്ടെ.... ഇതിന്റെ പ്രമേയത്തിലെ യാഥാര്‍ത്ഥ്യങ്ങളെ ഒരു മുന്നറിയിപ്പായി എടുത്തുകൂടെ.... എന്നു ചോദിക്കുന്നവരും നമുക്കിടയിലുണ്ട്. സ്‌നേഹിച്ച് കല്യാണം കഴിക്കുന്നതും നിര്‍ബന്ധിച്ച് മതം മാറ്റുന്നതും മറ്റൊരു രാജ്യത്തേയ്ക്ക് കൊണ്ടുപോയി തീവ്രവാദ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. ഒരു സങ്കല്‍പ കഥ എന്നുള്ള നിലയ്ക്കാണെങ്കിലും, ചെറുതെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങളുമായി ഈ സിനിമയ്ക്ക് ഒരു ബന്ധമുണ്ട് എന്നതുകൊണ്ടുമാത്രം ഈ സിനിമയ്ക്ക് അതിന്റെതായ ഒരിടമുണ്ട് എന്ന വാദത്തെ അംഗീകരിക്കാന്‍ സാധിക്കുമൊ? ഏതൊരു കലാസൃഷ്ടിക്കുമുള്ള ഇടമേ ഈ സിനിമയ്ക്കുമുള്ളു. അതിലുമപ്പുറത്തെ ഒരു പ്രാധാന്യം ഇത് അവകാശപ്പെടാനാകില്ല. അങ്ങിനെ അവകാശപ്പെട്ടാല്‍ അത് അനുവദിച്ചുകൊടുക്കേണ്ട കാര്യം നമുക്കില്ല. പക്ഷെ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പച്ചക്കള്ളങ്ങളിലൂടെ നമ്മുടെ രാജ്യത്തിന്റെ സെക്യുലര്‍ ഫാബ്രിക്കിന് എല്‍പ്പിക്കാനിടയുള്ള പരിക്ക് വളരെ വലുതായിരിക്കും എന്നത് പറയാതിരിക്കാനാവില്ല.
ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു യുവതിയെ സ്‌നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും പിന്നീട് മതം മാറുന്നതുമൊന്നും പത്തിരുപതു വര്‍ഷം മുന്‍പുവരെ കേരള സമൂഹത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായിരുന്നിട്ടില്ല. കേരളത്തില്‍ വളരെ പ്രമാദമായി നടന്ന - മൂന്ന് പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകുകയും സിറിയയിലേയ്ക്ക് കയറ്റിക്കൊണ്ടുപോവുകയും ചെയ്ത സംഭവം നമുക്കിടയില്‍ അതുകൊണ്ടുതന്നെ വലിയ വാര്‍ത്തയായതുമാണ്. എന്നാല്‍ സിനിമയില്‍ കാണിക്കുന്നതുപോലെയുള്ള ക്രൂരതകള്‍ നടക്കുന്ന ഒരു സ്ഥലമാണ് എന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ ചിത്രീകരിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണ്. അത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്.
പൊതു നിരത്തില്‍ നിസ്‌കരിച്ചു എന്നതിന്റെ പേരില്‍ പോലീസ് നടപടിയെടുത്തു എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്ന് നമ്മള്‍ വായിച്ചിട്ടുണ്ട്. പൊതുവിടത്തില്‍ ഒരു യാഥാസ്ഥിതിക മുസല്‍മാന്‍ അല്‍പം സമയം നിസ്‌കരിക്കുന്നതിനെ എന്തോ വലിയ അപരാധമായി വര്‍ഗ്ഗീയമായി വിഘടിച്ചുനില്‍ക്കുന്ന ഹിന്ദു മതസ്ഥരായ ആളുകള്‍ ചിത്രീകരിക്കുന്നു. എന്നാല്‍ മുംബൈ പോലെയുള്ള നഗരങ്ങളില്‍ പൊതു നിരത്തും ജലശ്രോതസ്സുമൊക്കെ ഗണപതി ഘോഷയാത്രകളും പൊട്ടിയ ഗണപതി വിഗ്രഹങ്ങളും കൊണ്ടുനിറയ്ക്കുന്നതില്‍ ഒരു തെറ്റും ഇത്തരക്കാര്‍ കാണുന്നില്ല. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ഹിന്ദു ഗ്രൂപ്പുകള്‍ നടത്തന്ന ഭജനയെ ചോദ്യചെയ്യാന്‍ ഇവിടെ ആര്‍ക്കും ധൈര്യമില്ല. പക്ഷെ ഒരു മുസല്‍മാന്‍ പൊതുനിരത്തില്‍ അല്‍പനേരം നിസ്‌കരിച്ചാല്‍ പത്രത്തില്‍ വലിയ വാര്‍ത്തയാകുന്നു. പെരുനാളിന് പള്ളിമുറികള്‍ നിറഞ്ഞ് ആള്‍ക്കൂട്ടം പൊതുനിരത്തില്‍ നിന്ന് നിസ്‌കരിച്ചതിന്റെ വീഡിയൊ ഇവിടെ വയറലാണ്. ഇസ്ലാമോഫോബിയയുടെ അതി ഭീകരമായ വെര്‍ഷനുകളാണ് നമ്മുടെ രാജ്യത്ത് നിരന്തരമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 2014 ന്റെ തിരഞ്ഞെടുപ്പിനു മുന്‍പും ശേഷവും വലിയരീതിയിലുള്ള വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിക്കുന്നതിന് സംഘപരിവാര്‍ ശ്രമിച്ചു വരികയാണ്.
മുസല്‍മാന്‍ എന്നാല്‍ മതം മാറ്റുന്നവനും തീവ്രവാദിയുമാണെന്നും, ഈ രാജ്യത്തെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാന്‍ കച്ചകെട്ടിയിറങ്ങിയവരാണെന്നുമുള്ള ഒരു പൊതുബോധം സൃഷ്ടിക്കുക എന്നതിലപ്പുറം ഇത്തരം സംഘപരിവാര്‍ പടപ്പുകളായ ഇമ്മാതിരി സിനിമകള്‍ക്ക് ഒരു ലക്ഷ്യവുമില്ല. സിനിമയെന്നാല്‍ ഇവര്‍ക്ക് പ്രൊപ്പഗണ്ട മാത്രമാണ്.