2023, ഏപ്രിൽ 30, ഞായറാഴ്‌ച

സാദത്ത് ഹസന്‍ മന്‍ടോയുടെ കഥകള്‍: വിഭജനകാലത്തെ വിലാപരേഖകള്‍

 -സന്തോഷ് പല്ലശ്ശന


ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തെക്കുറിച്ചുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ ചരിത്ര രേഖകള്‍ക്കും ചുരുക്കം ചില സാക്ഷ്യങ്ങള്‍ക്കുമപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ മാരകമായ മുഖം കാണണമെങ്കില്‍ സാദത്ത് ഹസന്‍ മന്‍ടോയുടെ ചെറുകഥകളിലൂടെത്തന്നെ സഞ്ചരിക്കണം. വിഭജനത്തിന്റെ മുറിവുകളത്രയും സ്വന്തം ഹൃദയത്തിലേറ്റുവാങ്ങിക്കൊണ്ട് മാനസിക നിലതെറ്റിയ, മതനിഷേധിയുടെ, ഒരുന്മാദിയുടെ പരിഹാസ തീക്ഷ്ണമായ നിലവിളിയും വാക്കുകളുടെ കലാപവും പ്രതിഷേധവുമാണ് സാദത്ത് ഹസന്‍ മന്‍ടോയുടെ കഥകള്‍. ചെറുകഥയുടെ ഏതുകാലത്തെ ഭാവുകത്വങ്ങളോടും കിടപിടിക്കുന്ന, എല്ലാ കാലത്തും സംഗതമായ, കാലത്തെ അതിജീവിക്കുന്ന കഥകള്‍ എന്നുതന്നെ സാദത്ത് ഹസന്‍ മന്‍ടോയുടെ കഥകളെ വിശേഷിപ്പിക്കേണ്ടിവരും. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ തകര്‍ന്നുപോയത്, ഉറുദു ഭാഷയില്‍ അന്നു വികസിച്ചു വന്നിരുന്ന പുരോഗമനാശയങ്ങളുടെ പരീക്ഷണ ശാലയാണ്. ഇന്ത്യയെ ഏറെ സ്നേഹിച്ച മന്‍ടൊയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയൊരു ദുരന്തമായിരുന്നു ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനം, നിവൃത്തികേടുകൊണ്ടുമാത്രം അദ്ദേഹത്തിനു പാക്കിസ്ഥാനിലേക്കു മടങ്ങേണ്ടി വന്നു. അവിടെ വിഷാദ രോഗത്തിനടിമപ്പെടുകയും 1955 ജനുവരിയില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുകയും ചെയ്തു.

അന്നത്തെ പുരോഗമന സാഹിത്യ സംഘത്തില്‍ നിലനിന്നിരുന്ന ഇടതുപക്ഷ പ്രമേയങ്ങളില്‍, അതായത് ചൂഷിതവര്‍ഗ്ഗം എന്ന കള്ളിയില്‍പെടുന്ന തൊഴിലാളികളെക്കുറിച്ചുമാത്രം, ഇടതുപക്ഷ പ്രത്യേയ ശാസ്ത്രത്തിനുവേണ്ടി മാത്രകളൊപ്പിച്ചെഴുതുന്ന എഴുത്തുരീതികളല്ല മന്‍ടൊ തന്റെ എഴുത്തില്‍ പിന്‍തുടര്‍ന്നത്. നഗരത്തിലെ സാധാരണക്കാരായ വേശ്യകളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും ടോംഗവലിക്കുന്നവരുടേയും, പൗരോഹിത്യത്തിന്റെ അടിമച്ചങ്ങലിയില്‍ ജീവിതം ഹോമിക്കപ്പെട്ട മതജീവികളുടേയും, വിഭജനം ഉണ്ടാക്കിയ സാമൂഹിക അസ്വസ്ഥകളോട് പടവെട്ടി മരിക്കേണ്ടി വന്ന ഇതര സമുദായത്തിലെ മനുഷ്യരെക്കുറിച്ചുമൊക്കെ യാതൊരു പ്രത്യയ ശാസ്ത്ര ബാധ്യതകളുമില്ലാതെ മന്‍ടൊ സാബ് എഴുതിക്കൊണ്ടേയിരുന്നു. വിഭജനത്തിന്റെ നോവും നൊമ്പരവും ദുരന്തങ്ങളും മന്‍ടൊയുടെ പല കഥകളിലും പ്രധാന പ്രമേയമായി. വിഭജനത്തിന്റെ ആഴവും പരപ്പും മുറിവുകളിലെ വേദനയുമറിയണമെങ്കില്‍ സാദത്ത് ഹസന്‍ മന്‍ടൊയുടെ കഥകള്‍ വായിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്.

ഉറുദു ഭാഷയില്‍ നിന്ന് മന്‍ടോയുടെ കഥകള്‍ മലയാളത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത് അന്‍സര്‍ അലിയാണ്. ചിന്ത പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 'സാദത്ത് ഹസന്‍ മന്‍ടോയുടെ തിരഞ്ഞെടുത്ത കഥകള്‍' മലയാള സാഹിത്യത്തിന് തികച്ചും ഒരു മുതല്‍ക്കൂട്ടാണ്. 


അരികു ജീവിതങ്ങളുടെ ഇതിഹാസങ്ങള്‍


വിഭജനത്തിന്റെ കഥകള്‍ എന്നുമാത്രം പറഞ്ഞുകൊണ്ട് സാദത്ത് ഹസന്‍ മന്‍ടൊയുടെ കഥകളെ ടാഗു ചെയ്യുന്നത് ഒരു വലിയ തെറ്റായിരിക്കും. വ്യവസ്ഥാപിത മൂല്യങ്ങളെ ശക്തമായി ചോദ്യം ചെയ്തുകൊണ്ടാണ് സ്വതന്ത്ര്യപൂര്‍വ്വ ഇന്ത്യന്‍ സാഹിത്യരംഗത്ത് മന്‍ടോയുടെ കഥകളുടെ കലാപം ആരംഭിക്കുന്നത്. ഭൂരിഭാഗം കഥകളുടേയും അന്തരീക്ഷത്തില്‍ ഹിന്ദു-മുസ്ലീം വിഭാഗീയതകള്‍ കൊടികുത്തിവാണ ഒരു രാഷ്ട്രീയ സാഹചര്യം കാണാം. മന്‍ടോയുടെ കഥകള്‍ അശ്ലീലതയും മതവിരുദ്ധതയും ആരോപിക്കപ്പെട്ട് പലതവണ കോടതികയറിയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഈ സമാഹാരത്തിലെ ശ്രദ്ധേയമായ കഥയാണ് 'ലൈസന്‍സ്'. മതമൂല്യങ്ങള്‍ക്ക് ഉന്നതസ്ഥാനം കൊടുക്കുന്ന സമൂഹത്തില്‍ വിധവയായ ഒരു സ്ത്രീയ്ക്ക് സ്വന്തം ഉദരപൂരണത്തിന് ടോംഗയോടിച്ച് ജീവിക്കണമെങ്കില്‍, അതിനു സാധിക്കാത്ത സാഹചര്യം അന്നു നിലനിന്നിരുന്നു. സ്ത്രീ പുരുഷന്മാരെപോലെ ടോംഗയോടിക്കുകയൊ....? സമൂഹം അവളെ അതില്‍ നിന്നു ശക്തമായി വിലക്കുകയാണ്. എന്നാല്‍ അതേ സ്ത്രീയെ വേശ്യയായി ജീവിക്കാന്‍ ഒരു തടസവും കൂടാതെ നഗരസഭ ലൈസന്‍സ് അനുവദിക്കുകയും ചെയ്യുന്നു. മന്‍ടൊയുടെ 'ലൈസന്‍സ്' എന്ന കഥയിലെ നെയ്തി എന്ന വിധവയായ സ്ത്രീയെ അന്നത്തെ വ്യവസ്ഥാപിത സമൂഹം എങ്ങിനെയാണ് സ്വീകരിച്ചിരിക്കുക എന്ന് ഇപ്പോള്‍ സങ്കല്‍പ്പിച്ചുനോക്കുക വിസ്മയകരമാണ്.

പൗരോഹിത്യ വര്‍ഗ്ഗം ഒരു സമൂഹത്തിന്റെ പുരോഗമനപരമായ ഒഴുക്കിനെ എത്രമാത്രം തടസപ്പെടുത്തുന്നു എന്ന് മന്‍ടോയുടെ പല കഥകളും ചര്‍ച്ച ചെയ്യുന്നു. ഷാദൗളയുടെ മൂഷിക വൃന്ദം, ദിവ്യന്‍ തുടങ്ങിയ കഥകള്‍ നമുക്കു തരുന്ന സര്‍ഗ്ഗാത്മക കലാപമൂല്യത്തിന് ഒരു കാലത്തും ഇടിവുണ്ടാകുന്നില്ല. 

വേശ്യാവൃത്തിയുടെ കഥകള്‍ പറയുമ്പോള്‍ മന്‍ടൊയുടെ കഥകള്‍ വേറിട്ടൊരു ഭാവുകത്വത്തിലേയ്ക്ക് മാറുന്നു. മുളങ്കാടിന്റെ മറവില്‍, സുഗന്ധി, കറുത്ത സല്‍വാര്‍ തുടങ്ങിയ മനോഹരമായ കഥകള്‍ മന്‍ടൊയുടെ മുംബൈയിലെ ചുവന്ന തെരുവിനടുത്തുള്ള നാഗ്പാടയിലെ ജീവിത കാലത്തെ അടയാളപ്പെടുത്തുന്നു.


വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍

എല്ലാ മനുഷ്യനും, കുന്നോളം ദുരന്തങ്ങളും ജീവഭയവും ചുമന്നു നടന്ന കാലമാണ് ഇന്ത്യയുടെ നാല്‍പതുകളുടെ അന്ത്യം. പക്ഷെ, വിഭജനത്തിന്റെ നോവും നെരിപ്പോടും ആവിഷ്‌ക്കരിക്കുന്ന, സാധാരണക്കാരുടെ വ്യഥകള്‍ പറയുന്ന എഴുത്തുകള്‍ അധികമില്ല എന്നതാണ് എന്റെ പരിമിതമായ അറിവ്. സാദത്ത് ഹസന്‍ മന്‍ടൊ എന്ന എഴുത്തുകാരന്റെ ഹൃദയത്തില്‍ വിഭജനം ഏല്‍പ്പിച്ച മാരകമായ മുറിവ് അതിശക്തമായിരുന്നു എന്ന് അദ്ദേഹത്തിന്റെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. സഹായ് എന്ന കഥയില്‍ മുംതാസ് പറയുന്നു 

''ഒരു ലക്ഷം ഹിന്ദുക്കളും ഒരു ലക്ഷം മുസ്ലീംങ്ങളും കൊല്ലപ്പെട്ടുവെന്ന് പറയരുത്. രണ്ടു ലക്ഷം മനുഷ്യര്‍ മരിച്ചുവെന്നാണ് പറയേണ്ടത്. ഒരു ലക്ഷം ഹിന്ദുക്കളെ തൂത്തെറിഞ്ഞാല്‍ ഹിന്ദുമതം നാമാവശേഷമാകുമെന്ന് മുസ്ലീംങ്ങളും ഒരു ലക്ഷം മുഹമ്മദീയരെ ഉന്മൂലനം ചെയ്താല്‍ ഇസ്ലാം തീര്‍ന്നുവെന്ന് ഹിന്ദുക്കളും കരുതുന്നത് ഭോഷത്തമാണ്. യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. മതങ്ങള്‍ക്ക് ഒരു പോറല്‍പോലും എല്‍ക്കുന്നില്ല.''

മനുഷ്യന്‍ കരയുമ്പോള്‍ മതങ്ങള്‍ ചിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് മുംതാസ് എന്ന കഥാപാത്രം ആ കഥയില്‍ പറയുന്നത്. മതങ്ങള്‍ക്കുമപ്പുറം മനുഷ്യത്വത്തെ ഉദ്ഘോഷിച്ച, മതത്തിന്റെ നിരര്‍ത്ഥതയെ തുറന്നുകാണിച്ച കഥകള്‍ എന്നുകൂടി മന്‍ടൊയുടെ കഥകളെ വിശേഷിപ്പിക്കാം.

തണുത്തു മരവിച്ച മാംസം എന്ന കഥയില്‍ ഈശര്‍ സിംങ് കലാപത്തെക്കുറിച്ചും ബലാത്സംഗത്തെക്കുറിച്ചും എത്ര ലാഘവത്തോടെയാണ് തന്റെ പ്രിയതമയോടുതന്നെ പറയുന്നത് എന്നു നോക്കുക. മുസ്ലീംങ്ങളെ ആക്രമിക്കുക, അവരുടെ സ്വത്തുക്കള്‍ ആവുന്നത്ര കൊള്ളയടിക്കുക, കണ്ടുകിട്ടുന്ന മുസ്ലീം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുക എന്നതാണ് അന്നത്തെ കലാപ സാഹചര്യത്തില്‍ ജീവിച്ച ഒരു കൂട്ടം സിക്ക് മതസ്ഥരുടെ പൊതുബോധം. മുസ്ലീം വീടുകള്‍ കൊള്ളയടിച്ചുകിട്ടിയ ആഭരണങ്ങള്‍ തന്റെ പ്രിയതമയ്ക്ക് സമ്മാനിക്കുന്ന ഈശര്‍ സിംങിനോട് കുല്‍വന്ത് കൗര്‍ പ്രണയത്തിന്റെ പാരമ്യത്തില്‍ പ്രിയതമനെ ചേര്‍ത്തണയ്ക്കുന്നു. അവരുടെ ദാമ്പത്യത്തിന്റെ പ്രണയ സാന്ദ്രതയില്‍ നില്‍ക്കെ ഈശര്‍ സിംങ് താന്‍ നടത്തിയ ഒരു ബലാത്സംഗത്തെക്കുറിച്ചു പറയുമ്പോള്‍ ഭാര്യയില്‍ അത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല! ഇതര മതസ്ഥരെ ആക്രമിക്കുകയും സ്വത്തു തട്ടിപ്പറിക്കുകയും അവരുടെ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നത് മതപരമായ ഒരു വലിയ ദൗത്യമായി കാണുന്ന ഒരു പൊതുബോധം മതത്തിന്റെ മൂല്യബോധം ശിരസ്സില്‍പേറുന്ന പലരും അന്നു കൊണ്ടുനടന്നിരുന്നു എന്നതാണ് ഈ കഥ തരുന്ന ചിത്രം. വിദ്വേഷ ഭരിതമായ മതമൂല്യബോധം അങ്ങേയറ്റം രാക്ഷസീയമായിരുന്നു എന്നു വായിച്ചെടുക്കാന്‍ സാധിക്കുന്ന ഒരു ഡസനിലധികം കഥകള്‍ മന്‍ടോയുടെതായി ഉണ്ട്.

വായനക്കാരനെ മലര്‍ത്തിയടിക്കുന്ന കഥകളാണ് 'അഴിച്ചുമാറ്റ്' എന്ന കഥ. വിഭജനകാലത്ത് സാര്‍വത്രികമായ ഒന്നായിരുന്നു ബലാത്സംഗവും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റതിക്രമങ്ങളും എന്ന് ഈ കഥ വളരെ സ്ഫോടകാത്മകമായ രീതിയില്‍ പറയന്നു. കലാപഭൂമിയില്‍ മരിച്ചുപോയി എന്നു കരുതിയ മകളുടെ ജഡം അച്ഛന്‍ ആശുപത്രിയിലെത്തിക്കുന്നു, ഡോക്ടറുടെ മുന്‍പില്‍ മേശമേല്‍ കിടത്തിയിരിക്കുകയാണ്. പെണ്‍കുട്ടി മരിച്ചുവൊ എന്ന് ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ അല്‍പം വെളിച്ചം മുറിയില്‍ ലഭിക്കുന്നതിനുവേണ്ടി ജനലിലെ കര്‍ട്ടന്‍ നോക്കി ''അഴിച്ചുമാറ്റ്'' എന്ന് ഡോക്ടര്‍ പറയുന്നു. ഇതു പറഞ്ഞയുടനെ മരിച്ചുവെന്നു കരുതിയ പെണ്‍കുട്ടി തികച്ചും യാന്ത്രികമായി തന്റെ ഉടുപ്പ് കാലിനു മേലേകൂടി പൊക്കി പൊക്കിള്‍വരെ ഉയര്‍ത്തുന്നു. മകള്‍ മരിച്ചിട്ടില്ലെന്ന് ആശ്വസിക്കുന്ന അച്ഛന്റെ ആഹ്ലാദത്തില്‍ കഥ തീരുന്നു. പക്ഷെ വായനക്കാരന്റെ മനസ്സില്‍ ആ കഥ തീരുന്നില്ല. ആ കഥയും, കഥ നടന്ന കാലവും വായനക്കാരനിലേല്‍പ്പിക്കുന്ന മുറിവ് ജീവിതകാലം ഉണങ്ങുകയേയില്ല.

ടോബൊ ടേക് സിംങ്, ഗുരുമുഖ് സിംങിന്റെ മരണപത്രം, യസീദ് എന്നിങ്ങനെ ഒരുപാട് മികച്ച കഥകള്‍ വിഭജനത്തിന്റെ നോവും നെരിപ്പോടും വായനക്കാര്‍ക്കു നല്‍കുന്നു. പുസ്തകത്തില്‍ ആനുബന്ധമായി ചേര്‍ത്ത മന്‍ടൊയുടെ ഏറെക്കുറെ സമകാലികനായിരുന്ന ഗുല്‍സാറുമായുള്ള ഒരഭിമുഖം ഏറെ ശ്രദ്ധേയമാണ്. അതില്‍ ഗുല്‍സാര്‍ പറയുന്നത് ''വിഷയ പ്രതിപാദനത്തിന്റെ കാര്യത്തില്‍ മോപ്പസാങ്ങിന്റെ മികവ് നാം അംഗീകരിക്കുന്നു. സാമൂഹ്യ ചിത്രീകരണത്തിലാണ് ചെഖോവിന്റെ വൈശിഷ്ട്യം. നാടകീയ മുഹൂര്‍ത്തങ്ങളുടെ കാര്യത്തില്‍ ഒ. ഹെന്‍ട്രിയെ വെല്ലാന്‍ ആരുമില്ല. മൂന്നും ഒരേയളവില്‍ സമ്മേളിക്കുന്നിടത്താണ് മന്‍ടൊ കഥകളുടെ വിജയം''

ഉറുദു ഭാഷയില്‍ നിന്ന് മലയാളത്തിലേക്കുള്ള അന്‍സര്‍ അലിയുടെ മനോഹരമായ തര്‍ജ്ജമ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. മന്‍ടൊയുടെ കഥകളുടെ ആത്മാവും ആവിഷ്‌കാരത്തിലെ ശക്തിയും തീക്ഷ്ണതയും ഒട്ടും ചോര്‍ന്നുപോകാത്ത രീതിയില്‍ അന്‍സര്‍ അലി ഇതില്‍ മൊഴിമാറ്റം നിര്‍വ്വഹിച്ചിരിക്കുന്നു. ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ബ്ലര്‍ബില്‍ സച്ചിദാനന്ദന്‍ എഴുതിയിരിക്കുന്നു. ''ഇന്ത്യ വിഭജനം എന്ന, ഇന്നും ചോരയുണങ്ങിയിട്ടില്ലാത്ത, നരകീയ ദുരന്തത്തിന്റെയും കാലത്തെ ഇത്രയും സങ്കീര്‍ണ്ണതയിലും ആഴത്തിലും ഭാവപരമായ തീക്ഷ്ണതയിലും രൂപപരമായ പൂര്‍ണ്ണതയിലും ആവിഷ്‌ക്കരിച്ചവര്‍ മന്‍ടോയെപ്പോലെ വേറെ അധികമില്ല. ഈ കഥകളുടെ സുന്ദരമായ പരിഭാഷയിലൂടെ മലയാള സാഹിത്യം ഒന്നുകൂടി സമ്പന്നമായിരിക്കുന്നു''.


പുസ്തകം: സാദത്ത് ഹസന്‍ മന്‍ടൊയുടെ തിരഞ്ഞെടുത്ത കഥകള്‍

മൊഴിമാറ്റം: അന്‍സര്‍ അലി

പ്രസാധകര്‍: ചിന്ത പബ്ലിക്കേഷന്‍, തിരുവനന്തപുരം

പേജ്: 320

വില: 340 ക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.