-സന്തോഷ് പല്ലശ്ശന
വിലപ്പേശലുകളുടെ ഒച്ചകള്‍കൊണ്ട് മുഖരിതമാകുന്ന ഒരു കമ്പോളത്തില്‍ ഇരുന്നുകൊണ്ട് അവിടെ വിനിമയം ചെയ്യപ്പെടുന്ന തേഞ്ഞുപൊട്ടിയ ഭാഷയുടെ വൈരൂപ്യത്തെക്കറിച്ചോര്‍ത്ത് നിങ്ങള്‍ എപ്പോഴെങ്കിലും വ്യാകുലപെട്ടിട്ടുണ്ടൊ?
എപ്പോഴാണ്, നമ്മുടെ ഭാഷ ഇത്രമേല്‍ മധുരമോ.... ഇത്ര മനോഹരമോ... എന്നു നിങ്ങള്‍ ചിന്തിക്കാറുള്ളത്. നമ്മുടെ ചുറ്റും ജീവിക്കുന്നവരുടെ കഥകള്‍ വളരെ മനോഹരമായ ഭാഷയില്‍ നമ്മുടെ എഴുത്തുകാര്‍ നമ്മുക്കു പറഞ്ഞുതരുമ്പോഴല്ലേ....
മലയാള സാഹിത്യത്തിലെ സമുന്നതരായ ചില എഴുത്തുകാരുടെ രചനകള്‍ നമ്മുടെ 'ചന്ത' ജീവിതത്തില്‍ നിന്ന് നമ്മളെ അല്‍പം സമയത്തേക്കെങ്കിലും മോചിപ്പിക്കുന്നുണ്ട്. എന്റെ ഭാഷ ഇത്രമേല്‍ മനോഹരവും സുഗന്ധപൂരിതവുമാണല്ലൊ എന്നൊക്കെ ഒരു വായനക്കാരനെ ചിന്തിപ്പിക്കുന്ന എഴുത്തുകളാണ് ഒ.വി. വിജയനും, എന്‍. പി. മുഹമ്മദും, എന്‍. മോഹനനും, മാധവിക്കുട്ടിയുമൊക്കെ നമുക്കു തന്നു കടന്നുപോയിട്ടുള്ളത്. കെ. പി. അപ്പന്റെ ലേഖനങ്ങളില്‍ ഭാഷയുടെ ആത്മസൗന്ദര്യം നമ്മള്‍ ദര്‍ശിച്ചിട്ടുണ്ട്.
പച്ച വിരിച്ച നിശബ്ദതയുടെ മലയടിവാരത്തിലൂടെ ആടുകളെയും തെളിച്ചുകൊണ്ട് പോകുന്ന ഇടയന്റെ കാഴ്ചപോലെ, പോക്കുവെയിലില്‍ കായല്‍പ്പരപ്പില്‍ പാറിപ്പാറി തത്തുന്ന ഒറ്റത്തോണിപോലെ, കാടിന്റെ നെറുകയിലേയ്ക്ക് കൊക്കില്‍ നിന്നടത്തിയിടുന്ന, മലമുഴക്കി വേഴാമ്പലിന്റെ ഒരു കൂവല്‍പോലെ കാഴ്ചയുടെ മൗന-മുഗ്ധമായ സൗന്ദര്യം ഭാഷയിലേയ്ക്ക് ആവാഹിക്കാന്‍ കഴിയുന്ന അപൂര്‍വ്വം എഴുത്തുകാരെങ്കിലും നമ്മുടെ മലയാള ഭാഷയിലും ഉണ്ടായിട്ടുണ്ട്.
ഒരു നോവല്‍ രചനയില്‍ വായനക്കാരനെ ആമഗ്നനാക്കുന്നതിനു പിന്നില്‍ അതിന്റെ ഭാഷാ സുഗന്ധത്തിനാണ് പ്രധാനമായ പങ്കുള്ളത്. 'സാഹിത്യം മനോവ്യാപാരങ്ങളുടെ കലയാണ്' എന്നാണ് നമ്മള്‍ പൊതുവെ പറയാറുള്ളത്. ഒരു കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളുടെ ജൈവതാളത്തെ ആവിഷ്‌ക്കരിക്കാന്‍ പത്തരമാറ്റിന്റെ വിശുദ്ധിയുള്ള ഭാഷ അനിവാര്യമാണ്. യു. കെ. കുമാരന്റെ രചനകളെ വായിപ്പിക്കുന്നതില്‍ മര്‍മ്മമായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ആഖ്യാന വിശുദ്ധിയാണ്. മനുഷ്യ മനസ്സിന്റെ ചിന്തകളുടെ താളവും റിഥവും പിടിച്ചെടുക്കാനുള്ള മാന്ത്രിക സിദ്ധി യു. കെ. കുമാരനുണ്ട്. 'തക്ഷന്‍ കുന്നു സ്വരൂപം' എന്ന നോവലില്‍ അത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ആ നോവലിനെക്കാള്‍ ആഖ്യാനപരമായി ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഒരു രചനയാണ് അദ്ദേഹത്തിന്റെ 'കണ്ടുകണ്ടിരിക്കെ' എന്ന ഏറ്റവും പുതിയ നോവല്‍.
രണ്ടു പതിറ്റാണ്ടിലധികം നീണ്ടുപോയ തന്റെ ദീര്‍ഘമായ പത്രപ്രവര്‍ത്തന ജീവിതത്തില്‍ കടന്നുപോകേണ്ടി വന്നിട്ടുള്ള വൈകാരികവും സന്നിഗ്ദവുമായ ജീവിത ഘട്ടങ്ങളേയും, സുഹൃത്തുക്കളുടെ ജീവിതത്തിലേയ്ക്കുള്ള ഇടപെടലുകളുമൊക്കെയാണ് നോവലിലെ പ്രതിപാദ്യ വിഷയം. സാഹിത്യവും-പത്രപ്രവര്‍ത്തനവുമെന്ന, ഭാഷയിലുള്ള രണ്ടു കര്‍മ്മ മേഖലകള്‍ തമ്മിലുള്ള വൈരുദ്ധ്യവും സംഘാതങ്ങളുമൊക്കെ യു. കെ. കുമാരന്‍ വളരെ മനോഹരമായി പറഞ്ഞു പോകുന്നത്.
അക്ഷരങ്ങള്‍ ഒരു സംസ്‌കാരത്തിന്റെ മഹത്തായ വിനിമയോപാധികളാണ്. ചിന്തിക്കുന്ന മനുഷ്യന്റെ ധൈഷണികവും സൗന്ദര്യപരവുമായ വിശപ്പുകളെ അടക്കി നിര്‍ത്തുന്നതും അതിലൂടെ മാനവികതയുടെ സ്വത്വം നിലനിര്‍ത്തുകയും ചെയ്യുന്ന ലിറ്റററി ജേര്‍ണ്ണലിസത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ദേവദാസ് എന്ന മനുഷ്യന്റെ ജീവിതത്തിലൂടെയാണ് ആത്മസ്വരകൊണ്ടുള്ള ആഖ്യാന സൗന്ദര്യത്തിന്റെ വിശുദ്ധിയോടെ ഈ നോവല്‍ അതിന്റെ യാത്ര പുറപ്പെടുന്നത്. ദേവദാസ് എന്ന ദരിദ്രനായ ഒരു സാധാരണ ലെറ്റര്‍പ്രസ്സ് ഉടമയുടെ, ഒരു സാഹിത്യ മാസിക തുടങ്ങുക എന്ന സ്വപ്‌നത്തിനൊപ്പം സഞ്ചരിക്കാനുള്ള നോവലിസ്റ്റിന്റെ തീരുമാനത്തെ ഒരു വായനക്കാരന് ആദരവോടെയല്ലാതെ കാണാന്‍ സാധിക്കില്ല. നോവലിസ്റ്റിന്റെ ആന്തരിക വിശുദ്ധിയും അതേ വിശുദ്ധിയുടെ ശാന്തമായി ഒഴുകുന്ന ആഖ്യാന കലയുമാണ് നോവലിന്റെ അവസാനം വരെ വായനക്കാരനെ കൈപിടിക്കുന്നത്.
ജെയിസും, ശ്രീദേവിയും ചിത്രലേഖയും ബെറ്റിയുമൊക്കെ 'ഞാന്‍' എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്നു. നോവല്‍ മുഴുവന്‍ വായിച്ചു തീര്‍ന്നിട്ടും വായനക്കാരന്റെ സ്‌നേഹവും പാശവുമൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്നത്, ഒരു സാഹിത്യ മാസിക നടത്തിക്കൊണ്ടുപോകവെ ഇടവഴിയില്‍ ജീവന്‍ വെടിഞ്ഞ ദേവദാസില്‍ തന്നെയാണ്. കടം കേറി മുടിയാറായിട്ടും മനസ്സുകളിലെ അക്ഷരവിശപ്പകറ്റാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച ഒരു സാഹിത്യ മാസികയുടെ എഡിറ്ററെയാണ് യു. കെ. കുമാരന്‍ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് ഇറക്കി നിര്‍ത്തുന്നത്.
ജീവിതത്തോടും സമൂഹത്തോടുമുള്ള സത്യസന്ധമായ ഇടപെടലാണ് ദേവദാസ് എന്ന എഡിറ്ററില്‍ കാണാന്‍ സാധിക്കുന്നത്. സാംസ്‌കാരിക സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അക്ഷര ദീപം പിടിച്ചു മുന്നേ നടക്കാന്‍ ആഗ്രഹിച്ച ദേവദാസ് കടക്കെണിയില്‍പ്പെട്ട്, വിതരണത്തിനായി തന്റെ സൈക്കിളിന്റെ കാര്യറില്‍ കെട്ടിവച്ച മാസികകളുമായി റോഡില്‍ അജ്ഞാത വാഹനമിടിച്ചു മരിക്കുകയാണ്. സത്യത്തില്‍ നോവലിന്റെ വൈകാരികവും, ആകസ്മികവുമായ ഒരു അവസാനം അവിടെ സംഭവിച്ചു കഴിഞ്ഞിരുന്നു. പിന്നീട് ജെയിംസും ശ്രീദേവിയുമൊക്കെ അല്‍പം സ്റ്റീരിയൊ ടൈപ്പ് പ്രണയത്തിന്റെ അനുഭവത്തിലേയ്ക്ക് കൊണ്ടുപോകുന്നു. അതോടൊപ്പം കേരളത്തിലെ മലയാളം പത്രപ്രവര്‍ത്തന രംഗത്തെ സംഘര്‍ഷങ്ങളുമൊക്കെ നോവലിനെ പിന്നെയും കുറച്ചധികം ദൂരം മുന്നോട്ടു നയിക്കുന്നു. ദേവദാസിന്റെ തിരോധാനത്തോടെ വായനയില്‍ അതുവരെയുണ്ടായിരുന്ന ഒരു വൈകാരിക തീവ്രത ചാരമാകുന്നു എന്നതാണ് സത്യം. പിന്നീട് നോവലില്‍ കടന്നുവരുന്ന ജീവിത സംഘര്‍ഷങ്ങളൊന്നും കാര്യമായി വായനക്കാരനെ സ്പര്‍ശിക്കുന്നതല്ല. ജെയിംസ് എന്ന പ്രതിഭാ ധനനായ നോവലിസ്‌റ്റോ അയാളുടെ കുത്തഴിഞ്ഞ ജീവിതം പിന്നീടു നടത്തുന്ന വേട്ടയാടലുകളോ അത്ര തീവ്രമായി ഒരു വിദ്യുത് തരംഗമായി വായനക്കാരനെ ആശ്ലേഷിക്കുന്നില്ല. യു. കെ. കുമാരന്റെ ആഖ്യാന വിശുദ്ധിയുടെ മാന്ത്രികതയൊന്നുകൊണ്ടുമാത്രമാണ് പിന്നീട് ഈ നോവല്‍ വായന മുന്നോട്ടു കൊണ്ടുപോകുന്നത്.
കേരള രാഷ്ട്രീയത്തിലെ മൂല്യ വ്യതിയാനങ്ങളും പത്രപ്രവര്‍ത്തന രംഗത്തെ ധാര്‍മ്മിക ച്യുതികളുമൊക്കെ ആഴത്തില്‍ അടയാളപ്പെടുത്താന്‍ ഈ നോവലിലെ പ്രധാന കഥാപാത്രത്തിന്റെ അനുഭവ തീവ്രതയുടെ അഭാവം വലിയൊരു തടസമാകുന്നു. ഇടയ്ക്ക് ഒരു ശ്രുതിഭംഗം പോലെ കോവിഡ് മഹാമാരിയോട് സാമ്യം തോന്നുന്ന തരത്തില്‍ ലോകം നേരിട്ട പുതിയ വെല്ലുവിളികളെക്കുറിച്ചുള്ള ചില സൂചനകള്‍ കടന്നു വരുന്നുണ്ടെങ്കിലും 21 ാം നൂറ്റാണ്ടിലെ മനുഷ്യന്റെ രാഷ്ട്രീയ സാമൂഹിക പരിസരങ്ങളെ അടയാളപ്പെടുത്താനുള്ള യാതൊരു ശ്രമവും നടത്തുന്നില്ല.
പെണ്‍വാണിഭവും മത രാഷ്ട്രീയവും, രാഷ്ട്രീയ കൊലപാതകങ്ങളുമൊക്കെ ഈ നോവലില്‍ കടന്നുവരുന്നുണ്ടെങ്കിലും അതിനെ ഒരു പരിധയില്‍ കവിഞ്ഞ് ഒരു അസ്വസ്ഥ ജനകമായ സംവാദത്തിലേയ്ക്ക് വായനക്കാരനെ കൊണ്ടുപോകുന്നില്ല.
മുന്‍പ് പ്രസ്ഥാവിച്ചപോലെ തക്ഷന്‍ കുന്നു സ്വരൂപത്തിന്റേതിനേക്കാള്‍ ആഖ്യാനപരമായി മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും, തക്ഷന്‍കുന്നിലെ നൂറോളം കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന കാലത്തിന്റെ ഭാവഭേദങ്ങള്‍ ഈ നോവലില്‍ പ്രകടമല്ല. പേജറുകളില്‍ നിന്ന് സെല്ലുലാര്‍ ഫോണിലേയ്ക്ക് മാറുന്ന കാലഭേദങ്ങള്‍ അത്ര നിസ്സാരമായ ഒന്നല്ല.
കര്‍മ്മ ശ്രേഷ്ഠനായ, അക്കാദമിക് ആയ, സാഹിത്യാഭിരുചിയുള്ള, ഒരു പത്രപ്രവര്‍ത്തകന്റെ ജീവിത രേഖയായി ഈ നോവല്‍ ഇനിയും വായിക്കപ്പെടുകതന്നെ ചെയ്യും. ഒരു നല്ല നോവല്‍ വായിക്കുമ്പോള്‍ ഭാഷാപരമായും ദര്‍ശനത്തിലും സൗന്ദര്യ ബോധത്തിലുമൊക്കെ വലിയ രീതിയില്‍ വായനക്കാരനെ സ്വാധീനിച്ചെന്നിരിക്കും. യു. കെ. കുമാരന്റെ 'കണ്ടുകണ്ടിരിക്കെ' ഈ നിലയിലൊക്കെ അര്‍ത്ഥവത്തായ ഒരു കൃതിതന്നെയാണ്. നമ്മുടെ ഭാഷ എത്ര സുന്ദരമാണ് എന്ന് പേര്‍ത്തും പേര്‍ത്തും ഓര്‍മ്മപ്പെടുത്തുന്ന ഒരു ആഖ്യാന സുഖംതന്നെയാണ് യു. കെ. കുമാരന്റെ എഴുത്തുകളോട് ഒരു വായനക്കാരനെ ആഭിമുഖ്യമുള്ളവനാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ നോവലിനെ വായനയ്ക്കു ശേഷവും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാന്‍ തോന്നിയത്.
പുസ്തകം: കണ്ടുകണ്ടിരിക്കെ (നോവല്‍)
യു. കെ. കുമാരന്‍
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്
പേജുകള്‍: 327
വില: 375 ക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ