-->
-->
നിലവിലുള്ള സങ്കേതങ്ങളുമായി ഐക്യം പ്രാപിക്കുകയും കാലം തുറന്നു തരുന്ന വെളിച്ചങ്ങള്‍ നിര്‍ണ്ണയിക്കുന്ന ദിശാബോധത്തിനൊപ്പം മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സര്‍ഗ്ഗാത്മക രീതികള്‍ ഇനി തകര്‍ക്കപ്പെടുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമകാലിക പരിതോവസ്ഥകളോടുള്ള പൊരുത്തപ്പെടലുകളെ ഇത്തിരി അശ്ളീലച്ചുവയോടെ പറഞ്ഞാല്‍ സര്‍ഗ്ഗാത്മക ശയനം എന്നു വിളിക്കാം. സൌന്ദര്യത്തെ രൂപപ്പെടുത്തുന്നതിനു പകരം നിലവിലുള്ള സൌന്ദര്യത്തോടൊപ്പം ശയിക്കുന്ന സര്‍ഗ്ഗാത്മക കാമനകളെ മറികടന്നാണ് ടി. ഡി. രാമകൃഷ്ണന്‍റെ "ഫ്രാന്‍സിസ് ഇട്ടിക്കോര" എന്ന നോവല്‍ വായനക്കാരന്‍റെ കൈയ്യില്‍ എത്തുന്നത്. Historical Fiction ന്‍റെ അനന്ത സാധ്യതകളിലേക്ക് സഞ്ചരിക്കുന്ന നോവലാണ് "ഫ്രാന്‍സിസ് ഇട്ടിക്കോര". ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്. ചരിത്രത്തിന്‍റെ തീരെ അപ്രസക്തമായ ചില ഏടുകളെ സമകാലിക സംഭവങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് ടി.ഡി. രാമകൃഷ്ണന്‍ അനുവാചകനെ വിസ്മയിപ്പിക്കുന്നു. രേഖീയമല്ലാത്ത ചരിത്രത്തിന്‍റെ അബോധതലങ്ങളിലെ അവ്യക്തമായ ചില ഇടങ്ങളില്‍ നിന്നുകൊണ്ട് ഈ നോവല്‍ പുതിയ ചില ആഖ്യാനമാതൃകകള്‍ നല്‍കുന്നു. ഇതിന്‍റെ സങ്കേതങ്ങള്‍ Science Fiction നെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. കൃതൃമ ജീവകോശങ്ങള്‍ വംശാഭിവൃദ്ധി നടത്തുകയും അത് ഭീമാകാരമായി മനുഷ്യനു നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള Science Fiction സിനിമകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. ശാസ്ത്രം മനുഷ്യനെ ഒരു പരിധിയില്‍ കവിഞ്ഞ് ആവേശിക്കുമ്പോള്‍ സ്വാഭാവികമായി ഉടലെടുക്കുന്ന സങ്കല്‍പങ്ങളാണ് ഇത്തരം സിനിമകളുടെ ആധാരം. വലിയ ഉറുമ്പും, ഓന്തും, സഹസ്രബ്ദങ്ങള്‍ക്കു മുന്‍പ് ഭൂമുഖത്തുണ്ടായിരുന്ന ദിനോസോറുകളും പുതിയ രീതില്‍ പുനസൃഷ്ടിക്കുന്നു. ഇത്തരം Science Fiction സിനിമകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ പലപ്പോഴും ഏകമാനങ്ങളായിരിക്കും. കാഴ്ചയുടെ സാധ്യതകളെ ചൂഷണം ചെയ്യുക എന്നതില്‍ കവിഞ്ഞ് വലിയ ഉദ്ദേശ്യങ്ങളൊന്നും ഇത്തരം സൃഷ്ടികളില്‍ കാണാനാവില്ല. മലയാളത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള Historical Fiction കളില്‍ നിന്ന് മൌലികതകൊണ്ട് ഈ നോവല്‍ വേറിട്ടു നില്‍ക്കുന്നു.
കേരളത്തിലെ കൊച്ചി നഗരത്തിലെ വളരെ ആധൂനികമായ ഒരു നക്ഷത്ര വേശ്യാലയം നടത്തുന്ന മൂന്ന് ചെറുപ്പക്കാരികളുടെ ജീവിതത്തിലൂടെയാണ് ഈ നോവല്‍ സമകാലിക മലയാള ജീവിതവുമായി ചരിത്രത്തെ ബന്ധിപ്പിച്ചു തുടങ്ങുന്നത്. കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരുടെ കുലദൈവമായ കുരുമുളകു കച്ചവടക്കാരനായിരുന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ഫ്ളോറന്‍സിലുള്ള കൈവഴിയിലെ കോരക്കുടുംബത്തിലെ പുതിയ അംഗമായ സേവ്യര്‍ ഫെര്‍ണാണ്ടോ ഇട്ടിക്കോര പാപത്തിന്‍റെ ഉത്താരാധുനിക മുഖമായി അവതരിപ്പിക്കപ്പെടുന്നു. നരമാംസ്യ ഭോജനത്തിലൂടെ പാപത്തിന്‍റെ പുതിയ സങ്കേതങ്ങളെ അനുവാചകന്‍ തിരിച്ചറിയുന്നത് ഈ മനുഷ്യനിലൂടെയാണ്. എന്തിനേയും കുറഞ്ഞ വിലയ്ക്ക് വാങ്ങി കൂടുതല്‍ വിലയ്ക്ക് വില്‍ക്കുക എന്ന ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ വിശുദ്ധ ശാസനകളുടെ ആധൂനിക മുഖം ഈയാളിലൂടെ ഏറെ ഭീകരമാകുന്നു. എത്ര വേണമെങ്കിലും പാപങ്ങള്‍ ചെയ്തു കൂട്ടാം മാന്യതയുടെ ഒരു മറ വേണമെന്നു മാത്രം. മത്സ്യം മത്സ്യത്തെ തന്നെ ഭുജിക്കുന്നതുപോലെ മാന്യനായ മനുഷ്യന്‍ നരമാംസ്യഭോജനം നടത്തുന്നതിന് വന്നു ചേരുന്ന മാന്യതയുടെ മുഖം ഏറെ ഭീമത്സമായി ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. ഇറാക്ക് എന്ന രാജ്യത്തെ നശിപ്പിക്കാന്‍ അമേരിക്ക കൈക്കൊണ്ട "സാല്‍വദോര്‍ ഒപ്ഷന്‍" (Salvadore Option) എന്ന അതി ക്രൂരമായ യുദ്ധനീതിയുടെ ! കാലത്ത് അമേരിക്കന്‍ പട്ടാളത്തിലെ ഒരംഗമായിരുന്നു സേവ്യര്‍ ഇട്ടിക്കോര. ഇറാക്കിലെ ഫലൂജയില്‍ വച്ച് ഒരു സാധു ഇറാക്കി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലചെയ്യുന്നു. ആ സംഭവത്തോടെ ഇട്ടിക്കോരയുടെ മനസ്സില്‍ എവിടെയോ ഒളിഞ്ഞിരിപ്പുള്ള മനുഷ്യത്വം കോരയുടെ ലൈഗികാസക്തികളെ മരവിപ്പിക്കുകയാണ്. ലോകത്തെ എന്തും വില്‍ക്കുക വിറ്റ് ലാഭമുണ്ടാക്കുക സ്വന്തം സുഖത്തിന് ഉപഭോഗം ചെയ്യപ്പെടുക എന്ന "നവ കോര" സിദ്ധാന്തം അയാളെ എത്തിച്ചത് നരമാംസ ഭോജനത്തിലാണ്. ഹിംസയുടെ ലോകത്തേക്കു തന്നത്താന്‍ പ്രതിസ്ഥാപിക്കുകയാണ് കോരയുടെ ലക്ഷ്യം. കോരയുടെ പിന്‍മുറക്കാരായ കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാര്‍ നോവലില്‍ ഇടപെടുന്നത് തിന്‍മയുടെ നന്‍മയായ പുതിയ വിശുദ്ധ സുവിശേഷങ്ങളെ പിന്‍തുടര്‍ന്നുകൊണ്ടാണ്. അവര്‍ വിശ്വസിക്കുന്ന കോരപ്പാപ്പന്‍റെ സുവിശേഷമിങ്ങനെ.
"പതിനെട്ടാം കൂറ്റുകാരുടെ തൊഴിലും ജീവിതവും കച്ചവടമാണ്. ജീവിക്കാന്‍ വേണ്ടി നമ്മള്‍ കച്ചവടം ചെയ്യുന്നു. എന്നു പറയുന്നതിനേക്കാള്‍ കച്ചവടം ചെയ്യാന്‍ വേണ്ടി ജീവിക്കുന്നു എന്നു പറയുന്നതാണ് ശരി. കച്ചവടത്തിന്‍റെ നീതിയാണ് നമമുടെ നീതി നേരിട്ട് അധ്വാനിക്കേണ്ടി വരുന്ന മറ്റ് ജോലികളിലേര്‍പ്പെട്ട് ഒരിക്കലും സമയം പാഴാക്കരുത്. മറ്റുള്ളവരുടെ അധ്വാനഫലത്തെ ബുദ്ധി ഉപയോഗിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുക. എന്തും വില കുറച്ച് വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുക. അതില്‍ കിട്ടുന്ന ലാഭത്തില്‍ മാത്രമായിരിക്കുണം നമ്മുടെ നോട്ടം. മുളകും പൊന്നും പെണ്ണുമെല്ലാം വാങ്ങാനും വില്‍ക്കാനുമുള്ള ചരക്കുകള്‍ തന്നെയാണ്. കച്ചവടത്തില്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി പ്രയോഗിക്കുന്ന തന്ത്രങ്ങളെല്ലാം നമ്മുക്ക് ശരിയാണ്. പ്രലോഭിപ്പിക്കുകയോ നുണ പറയുകയോ ചതിക്കുകയോ കൊല്ലുകയോ എന്തു വേണമെങ്കിലും ചെയ്യാം.
-ഫ്രാന്‍സിസ് ഇട്ടിക്കോര, പേജ് 244
കോരപ്പണം പോലെതന്നെ പ്രധാനപ്പെട്ടതാണ് കോരപ്പെണ്ണും. ഒരു പതിനെട്ടാം കൂറ്റുകാരി വയസ്സറിയിച്ചാല്‍ അടുത്ത ക്രിസ്മസ് രാത്രി അവളെ എനിക്ക് സമര്‍പ്പിച്ച് കോരപ്പെണ്ണാക്കണം. അതിന് ഹൈപേഷ്യയെ ക്രൂശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ചില ചടങ്ങുകള്‍ ഉണ്ട്. രാത്രി നിലവറയിലാക്കി അടച്ച് കഴിഞ്ഞാല്‍ പുലരും വരെ നിലവറ തുറക്കരുത്. അകത്ത് എന്തൊക്കെയാണ് നടന്നതെന്ന് ചോദിക്കാനോ പറയാനോ പാടില്ല. പതിനെട്ടാം കൂറ്റുകാരിയല്ലാത്ത പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടു വന്നാല്‍ ഇതേ ചടങ്ങുകള്‍ കഴിച്ച് അവളെ പതിനെട്ടാ കൂറ്റുകാരിയാക്കണം.
-ഫ്രാന്‍സിസ് ഇട്ടിക്കോര, പേജ് 245
ഹൈപ്പേഷ്യ അറിവിന്‍റെ തീക്ഷ്ണ സൌന്ദര്യംയൌവനം
അലക്സാന്‍ട്രിയയില്‍ എ.ഡി. 350 നും 370 നും ഇടയക്കുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അതി സുന്ദരിയും സ്വതന്ത്ര ചിന്തകയുമായിരുന്ന ഒരു ഗണിതാധ്യാപികയായിരുന്നു ഹൈപ്പേഷ്യ. സ്ത്രീ സ്വാതന്ത്യ്രത്തിന്‍റെ ഏറ്റവും പൌരാണികമായ മുഖം എന്ന് വിശേഷിപ്പിക്കാവുന്ന ഹൈപ്പേഷ്യ നോവലില്‍ ഏറ്റവും സൌന്തര്യമുള്ള ഏടാണ്. ഏറെയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഹൈപ്പേഷ്യയുടെ വിശുദ്ധ ചരിത്രത്തെ ടി. ഡി. രാമകൃഷ്ണന്‍ ഈ നോവലില്‍ അതി സമര്‍ത്ഥമായി ഉപയോഗിച്ചു കാണുന്നു. ആരെയും മുട്ടുകുത്തിക്കുന്ന ലൈഗികതയും ശരീരത്തിന്‍റെ ദിവ്യനുപാതവുമുള്ള ഹൈപ്പേഷ്യ പ്രണയത്തിന്‍റെ ഉത്തരാധൂനിക സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. നന്‍മയുടേയും യുക്തിയുടേയും വിശുദ്ധി കൂടിയാണ് ഹൈപ്പേഷ്യ.
ലോകമാനവ ചരിത്രത്തില്‍ ക്രൈസ്തവമത സ്വാധീനത്തേയും, ചരിത്രത്തിലെ ക്രിസ്തീയ മതത്തിന്‍റെ ആധികാരികതയേയും ടി. ഡി. രാമകൃഷ്ണന്‍ ഹൈപ്പേഷ്യയെ അവതരിപ്പിച്ചുകൊണ്ട് തകര്‍ക്കുകയാണ്. മാനവന്‍റെ ചരിത്രം രൂപ്പെടുത്തിയത് മതങ്ങളല്ല മറിച്ച് ലോകത്ത് ന്യൂനപക്ഷമായിരുന്ന ക്രൈസ്തവ സമൂഹം അറിവും യുക്തിയും പകര്‍ന്നു തരുന്ന ബൌദ്ധിക വികാസങ്ങള്‍ക്കനുസരിച്ച് പുരോഗമിച്ചിരുന്ന കാലത്തെ തകര്‍ക്കുകയും ബുദ്ധിജീവി വര്‍ഗ്ഗത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു എന്ന് അനുമാനിക്കുന്നു. എ.ഡി. 410 ഹൈപ്പേഷ്യയുടെ അവസാന കാലഘട്ടത്തെ ഒരേടില്‍ പറയുന്നതിങ്ങനെ.
"അക്കാലത്ത് ദുഖവെള്ളിയാഴ്ച അലക്സാട്രിയയില്‍ ഒഴിവു ദിവസമല്ല. ക്രിസ്തുമത വിശ്വാസികള്‍ സമൂഹത്തില്‍ ശക്തരായിരുന്നെങ്കിലും ഭൂരിപക്ഷമായിരുന്നില്ല. മാത്രമല്ല ഹൈപ്പേഷ്യയെ പോലുള്ള ചിന്തകരും ശാസ്ത്രജ്ഞരുമടങ്ങിയ സര്‍വ്വകലാശാലയിലെ ബുദ്ധിജീവികളെ അവിശ്വാസികളും പാഗനുകളുമായി (അക്രൈസ്തവ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍) ചിത്രീകരിച്ച് അവര്‍ നടത്തുന്ന ശാസ്ത്ര പരീക്ഷണങ്ങള്‍ ദൈവ നിഷേധവും ചെകുത്താന്‍ സേവയുമാണെന്ന് പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സര്‍വ്വകലാശാലയുടെ പ്രശസ്തിയെയോ ഹൈപ്പേഷ്യയെയോ ബാധിച്ചില്ല. എല്ലാ വര്‍ഷവും വിദേശ വിദ്യാര്‍ത്ഥികള്‍ അലക്സാന്‍ട്രിയയില്‍ എത്തി.
- The true story of hypatia, Iebella Swan, Page 79
വളരെ വലിയ സമയ മുദ്രയായ ഒരു ബൃഹദ് ചരിത്രത്തിലെ കണ്ണെത്താ ദൂരത്ത് നിന്ന് ഹൈപ്പേഷ്യയെ കൊണ്ടു വരുമ്പോള്‍ ഇവിടെ കാലം കീഴ്മേല്‍ മറിയുന്ന ഒരു അനുഭവമുണ്ടാകുന്നു. ഇന്നും ഇന്നലേകളും കുഴഞ്ഞു മറിയുകയാണ്. ചരിത്രത്തിലെ കുഴമറിഞ്ഞു കിടക്കുന്ന ഫാസിസ്റ്റ് ആഖ്യാനങ്ങളെ പിന്‍തള്ളിക്കൊണ്ട് ഹൈപ്പേഷ്യയെ പോലുള്ള ശക്തി സൌന്ദര്യങ്ങളെ എടുത്ത് ഇന്ന് ഭാവനചെയ്യുന്നതില്‍ ചെറുതല്ലാത്ത ഒരു സുഖമുണ്ട്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ഹൈപ്പേഷ്യ മരണമടയുന്നത് മതഭ്രാന്തന്‍മാരുടെ നഗ്നമായ അക്രമണത്തിലാണ്. അതി ദയനീയമായ രീതിയില്‍ ഹൈപ്പേഷ്യ കൊലചെയ്യപ്പെടുകയായിരുന്നു.
നോവലിന്‍റെ പിന്നീട് കടന്നു വരുന്നു ശിഷ്യ പരമ്പര നീങ്ങുന്നത് വിശുദ്ധ! അപഥ സഞ്ചാരങ്ങളിലേക്കാണ്. ഗണിത ശാസ്ത്ര ഗവേഷക ഹഷിമോട്ടോ മൊറിഗാമി ഹൈപ്പേഷ്യന്‍ ജീവിതത്തെ അനുധാവനം ചെയ്യുന്നവളെങ്കിലും കഥാന്ത്യത്തില്‍ സേവ്യര്‍ ഇട്ടിക്കോരയ്ക്കൊപ്പം നരമാംസ്യാസ്വാദനം നടത്തുന്നു. കാലത്തിന്‍റെ, അറിവിന്‍റെ, നന്‍മയുടെ ഈ മലക്കം മറിച്ചിലിനെ നാം കാണാതിരുന്നുകൂടാ. വരും കാലത്തിന്‍റെ കൈയ്യില്‍ തിന്നുകയും സ്വയം തിന്നപ്പെടുകയും ചെയ്യാവുന്ന ദുരന്തങ്ങളേയും മൂല്യച്യതികളേയും ആദര്‍ശവല്‍ക്കരിക്കപ്പെട്ടേക്കാം. ചക്രവര്‍ത്തിയും കാമുഖനുമായ ഒറേസ്റ്റസ്സിനൊപ്പം മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയെ ചുട്ടുകൊല്ലുകയായിരുന്നു. ഒരു പ്രതിരോധത്തിനു പോലും ത്രാണിയില്ലാതെ ഹൈപ്പേഷ്യക്ക് ചെയ്യാത്ത കുറ്റം ഏറ്റു പറയേണ്ടി വന്നു. "പരിശുദ്ധനായ കര്‍ത്താവേ കരുണമയനായ യേശുവേ, അലക്സാന്‍ട്രിയയിലെ പൌരന്‍മാരെ, നിങ്ങള്‍ക്കു മുന്നില്‍ എന്‍റെ കുറ്റങ്ങള്‍ സമ്മതിക്കുന്നു. ഞാന്‍ വേശ്യയാണ്, ദുര്‍മന്ത്രവാദിയാണ്. പാപിയാണ്. ഈ തെറ്റുകള്‍ പൊറുത്ത് എന്‍റെ ശിഷ്ടജീവിതമെനിക്ക് തിരിച്ചു തരേണമേ. . . . "
മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയുടെ അഷ്ടഭുജ ഭവനമായ ജ്യോമട്രിക്കയും, അവരുടെ അമൂല്യമായ ഗണിത ശാസ്ത്ര കുറിപ്പുകളും ("പാപ്പിറസ്" ചുരുളുകള്‍) കത്തിച്ചു കളഞ്ഞു. ഈ ഒരു രേഖീയമായ ഹൈപ്പേഷ്യന്‍ ചരിത്ര സൂചനകളില്‍ നിന്ന് നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്‍ വായനക്കാരന് ചരിത്രത്തില്‍ രമിക്കാന്‍ പുതിയ ചില ഇടങ്ങള്‍ ഉണ്ടാക്കുകയാണ്.
സമകാലിക മലയാള ജീവിതം
ഒളിഞ്ഞു നോട്ടങ്ങളുടേയും അടക്കിപ്പിടിച്ച രതിയുടേയും, പെണ്‍വാണിഭങ്ങളുടേയും സമകാലിക സാഹചര്യത്തെ അതിന്‍റെ വരുംകാല പരിണിതികളെ ഭാവനചെയ്യുന്നത് The School എന്ന നക്ഷത്ര വേശ്യാലയത്തിലൂടെയാണ്. സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ലൈഗികത നടത്തുന്ന പുതുപുത്തന്‍ വ്യവഹാരങ്ങളെ യാഥാര്‍ത്ഥമായി ആവിഷ്ക്കരിച്ചിട്ടുണ്ട് ഈ നോവലില്‍. വേശ്യാലയങ്ങള്‍ അയല്‍പക്കത്ത് നിലനില്‍ക്കുമ്പോഴും തകര്‍ക്കപ്പെടുമ്പോഴും കേരള സമൂഹം ആഘോഷിക്കുകയാണ്. മലയാളിയുടെ അമര്‍ത്തിവച്ച കാമനകളുടെ ഇന്ധനം മാത്രമാണ് ഇത്തരം The School -ന്‍റെ നിലനില്‍പ്പും തകര്‍ച്ചയും. മലയാളി രണ്ടും ആഘോഷിക്കുന്നു. മുറിക്കുള്ളില്‍ രഹസ്യമായും ഒരു സെക്സ് റാക്കറ്റ് തകര്‍ക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ പരസ്യമായും മലയാളി രതിക്രീഡ ചെയ്യുന്നു. ദ സ്കൂളിലെ അന്തേവാസികളായ രേഖ, രശ്മി, ബന്ദു എന്നീ യുവതികള്‍ നരഭോജിയായ കോര കൂടുംബാഗം ഇട്ടിക്കോരയെ കൊച്ചിയലേക്ക് ക്ഷണിക്കുന്നു. തന്‍റെ പിതാമഹനായ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ജന്‍മനാട് കാണാനും തനിക്ക് നഷ്ടപ്പെട്ട ലൈഗികശേഷി വീണ്ടെടുക്കാനുമാണ് കോര കൊച്ചിയിലേക്ക് വരുന്നത്. കോരയെ പോലെയുള്ള അതിസമ്പന്നനായ അഥിതിയെ തൃപ്തിപ്പെടുത്താന്‍ ഈ മൂന്നു പേരും വളരെ പ്രൊഫഷണലായി കോരകുടുംബത്തെക്കുറിച്ചും പ്രധാനമായി കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നു. വേശ്യാ വൃത്തിയുടെ വരും കാല പരിണിതികളായല്ല; സമകാലിക മലയാള ജീവിതത്തിന്‍റെ തന്നെ പരിച്ഛേദമല്ലേ ഇവര്‍ മൂന്നുപേരും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എഴുത്തുകാരനും, രാഷ്ട്രീയക്കാരനും, സമൂഹത്തിലെ ഉയര്‍ന്ന വ്യക്തികളും അടങ്ങുന്ന ഇവരുടെ ലൈഗിക ചേരി ഈ നോവലിന്‍റെ നായക സ്ഥാനത്ത് നില്‍ക്കുന്നു. ഇതേ വേശ്യാലയം തകര്‍ക്കപ്പെടുമ്പോള്‍ ഇതിലെ രേഖ എന്ന യുവതിയെ കേരള ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യ ഭോഗം ചെയ്യുന്നു. ഹൈപ്പേഷ്യയുടെ ശിഷ്യ പരമ്പരയിലെ അംഗമായ വിദേശ യുവതി മൊറിഗാമി സെക്സിനെപ്പറ്റി പറയുന്നതിങ്ങനെ. "Sex is having a magnificient effect in the formation of one’s political and philosophical attitudes”
ഈ നോവലിന്‍റെ അവതാരികയില്‍ ആഷാ മേനോന്‍ പറയുന്നത്,
"ധര്‍മ്മ പുരാണത്തിനു ശേഷം ഇത്രയും ഭീകരമായി നരമാംസ്യാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തതവരെ ചെല്ലുന്ന ഗണിത സൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യ ചേതന ഇവ്വിധം നിര്‍ദയമായ രസ കേളികളില്‍ ഏര്‍പ്പെടുന്നത് വെറും വൈരുധ്യത്തിന്‍റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്‍റെ ദുസ്സൂചനകൂടിയാണത്"
ഫാസിസത്തിനെതിരെ തന്‍റെ വിമര്‍ശനത്തില്‍ ജുഗുപ്സയും മനുഷ്യ മലത്തിന്‍റെ ദുര്‍ഗന്ധത്തേയും സ്വാശീകരിച്ചെടുത്ത് പുതിയ കലാപം നടത്തുകയായിരുന്നു ഒ. വി. വിജയന്‍ ചെയ്തത്. മനുഷ്യന്‍റെ അടങ്ങാത്ത കാമനകളുടെ, തൃഷ്ണകളുടെ, ആധുനികലോകത്ത് മാന്യതയുടെ മൂഖംമൂടിക്കു പിന്നില്‍ നിന്ന് നരമാംസ്യഭോജനം നടത്തുന്നതിന്‍റെ, ലോകത്തിന്‍റെ സ്പന്ദനങ്ങളില്‍ നിന്നകന്ന് ഗണിതം സമ്പത്ത് കൈയ്യാളുന്നവന്‍റെ അടിമയാകുന്നതിനെ, ഇതുവരെ വിഭാവനം ചെയതിട്ടില്ലാത്ത തിന്‍മയുടെ രൂപമാറ്റങ്ങളെ ടി. ഡി. രാമകൃഷണന്‍ ഈ നോവലിലൂടെ അവതരിപ്പിക്കുന്നു.
ഒ. വി. വിജയന്‍റെ രചന വൈശിഷ്ട്യമായ ക്ളാസ്സിക്കല്‍ ശൈലിയും പഴയ ഗ്രാമ്യതയുടെ വായ്‌വര്‍ത്തമാനങ്ങളുടെ ആത്മാവും നമ്മള്‍ വായനക്കാര്‍ തൊട്ടറിഞ്ഞതാണ്. ടി. ഡി. രാമകൃഷ്ണന്‍റെ നോവലിലെ മുഖ്യ പോരായ്മ ഭാഷയുടെ ഭൂമിശാസ്ത്രവ്യത്യാസങ്ങളെ അറിയാതെപോയതാണ്. കോരയ്ക്കും ഇയ്യാലെ കോതയ്ക്കും ഒരേ ഭാഷാ ശൈലിയാണ് രാമകൃഷ്ണന്‍ ആവിഷ്ക്കരിക്കുന്നത്. ഭാഷയുടെ യുക്തി ഭദ്രത ഒ. വി. വിജയന്‍ എന്നും വളരെ ഭംഗിയായി കാത്തു സൂക്ഷിച്ചിരുന്നു.
മാര്‍ക്യൂസിന്‍റെ നോവലുകളുടെ തര്‍ജ്ജമ വായിക്കുന്ന ഒരു സുഖവും ഉദ്വോഗഭരിതമായ ഒരന്തരീക്ഷവും ഈ നോവലില്‍ കാണാം. ഏറേക്കാലത്തിനു ശേഷം മലയാള നോവല്‍ വീണ്ടും പഴയ കലാപം പുനരാരംഭിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ നമ്മുക്ക് കാത്തിരിക്കാം.
സന്തോഷ്,
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
ഒരു നല്ല നിരുപണം. അഭിനന്ദങ്ങള്‍
മറുപടിഇല്ലാതാക്കൂനല്ല ഒരു ശ്രമം..
മറുപടിഇല്ലാതാക്കൂഒരു പാടു അസ്വാദനശ്രമങ്ങളില്‍ ഒന്നുകൂടി...
നേരത്തെ പ്രമോദ് എഴുതിയ നിരീക്ഷണങ്ങളുമായി ചെര്‍ത്തു വെയ്ക്കുന്നു; വായിക്കുന്നു.
ഞാന് വായിച്ചതാ ഇത്
മറുപടിഇല്ലാതാക്കൂനന്നായി സന്തോഷ് ഈ പരിചയപ്പെടുത്തല്‍...
മറുപടിഇല്ലാതാക്കൂസന്തോഷ്:
മറുപടിഇല്ലാതാക്കൂനല്ല അവലോകനം. മലയാളത്തിൽ പുതുതാണ് ഈ നോവലിന്റെ അവതരണരീതിയും പ്രമേയവും. സമൂഹത്തിന്റെ അപചയത്തെ പ്രതീകവൽക്കരിക്കാൻ cannibalism നെ അവലംബിച്ചതു തന്നെ വേറിട്ടൊരു കാഴ്ച്ചപ്പാടിന്റെ ദൃഷ്ടാന്തം. കെ. എം. പ്രമോദ് ചൂണ്ടിക്കാട്ടിയപോലെ ആ വിക്കിപ്പീഡിയ അബദ്ധങ്ങൾ ഒഴിവായിരുന്നെങ്കിൽ എന്നൊരു നിരാശ ബാക്കി കിടക്കുന്നു.
ഇട്ടിക്കോര വായിച്ചില്ല, നിരൂപണങ്ങൾ കണ്ടു. ഇതും..നന്ദി മാഷേ
മറുപടിഇല്ലാതാക്കൂഇതിനേപ്പറ്റി പലയിടത്തും വായിച്ചു. പുസ്തകം വായിച്ചിട്ടില്ല. വായിക്കണം.
മറുപടിഇല്ലാതാക്കൂആ നോവല് ഇനി എന്റെ കയ്യില്‍ വന്നു പെട്ടാല്‍ തീര്‍ച്ചയായും വായിക്കും...നന്ദി സന്തോഷേട്ടാ
മറുപടിഇല്ലാതാക്കൂഫ്രാന്സിസ് ഇട്ടിക്കോര വായിക്കാതെ ഇനി ഒരടി മുന്നോട്ടു വയ്ക്കാന്‍ കഴിയില്ല എന്നതാണ് മലയാള സാഹിത്യത്തിലെ സ്ഥിതി. നന്നായി എഴുതിയിട്ടുണ്ട്. കൈയില്‍ നോവലുണ്ട്. ഞാന്‍ വായിച്ചില്ല. മാധ്യമത്തില്‍ വന്നപ്പോഴും. ഇനി ശ്രമിച്ചു നോക്കാം.
മറുപടിഇല്ലാതാക്കൂമലയാളികള് വായിക്കേണ്ട ഒരു നോവലുണ്ട്. പാതിരാവന്‍കര. കെ.രഘുനാഥന്‍ എഴുതിയത്.
സന്തോഷ് വായിച്ചു കാണുമല്ലോ അല്ലേ?
Atha azhutha oru nalakaryam Sathosh paranju,vayichu..athaayalum valare prasakthamaya oru vishaythinte ulladakamulla oru novel aayirikyum anu vaktamakunu alaadhe santhosh abiprayam azhudhukayilyalo,Avonathum vegham pusthakam kantttethanum vayikyanum sramikyam
മറുപടിഇല്ലാതാക്കൂBalraj kollara 9969508715...
historical fiction എന്നു പറഞ്ഞാല്‍ എന്താണ്? ഇതു historical fiction ആവണമെങ്കില്‍ ഇതിലെ കേന്ദ്രകഥാപാത്രം ഇട്ടിക്കോര ചരിത്രത്തിലുള്ള (ശരിക്കും ജീവിച്ച) ആളാവണം. അങ്ങനെയാണോ?
മറുപടിഇല്ലാതാക്കൂThe true story of hypatia, Iebella Swan, Page 79
ഇങ്ങനെയൊക്കെയാണ് ഇതിലെ ഹിസ്റ്ററി. അതായത് ഇല്ലാത്ത ഒരു എഴുത്തുകാരിയുടെ എഴുതാത്ത പുസ്തകത്തിലെ ഇല്ലാത്ത ഏടില്‍നിന്നുള്ള ഉദ്ധരണി നിരൂപകന്‍ എടുത്തു വായനക്കാരുടെ മുഖത്തിടുകയാണ്. എഴുത്തുകാരനില്‍നിന്ന് വിശ്വസിക്കാന്‍ വെമ്പുന്ന നിരൂപകനിലുടെ കൈമാറി വായനക്കാര്‍ക്കു കിട്ടുന്നത് കേമമായ പാണ്ഡിത്യം തന്നെ.
പ്രിയപ്പെട്ട കാലിക്കോസെന്‍ട്രിക്,
മറുപടിഇല്ലാതാക്കൂസയന്സ് ഫിക്ഷനില്‍ എവിടെയാണ് സയന്‍സ് ഉള്ളത് അതുപോലെ തന്നെയാണ് ഹിസ്റ്റോറിക്കല്‍ ഫിക്ഷനും. ഹിസ്റ്ററിയെ അതിജീവിച്ച് എഴുതപ്പെടുന്ന ഒന്ന്. ഭാവനതന്നെയാണ് അതിന്‍റെ കേന്ദ്രം. ഇതൊരു സംഭവകഥയൊ ചരിത്രത്തിന്‍റെ - അല്ലെങ്കില്‍ എവിടെയൊ ഖനീഭൂതമായ ഏതൊക്കെയൊ സംഭവ കഥയേയൊ അതിജീവിച്ച് എഴുതപ്പെട്ട ഒന്ന്.
ഇട്ടിക്കോര ഒരു സങ്കല്‍പം തന്നെ ആയിക്കോട്ടെ അതൊന്നും നോവലിനെ ബാധിക്കുന്നില്ല കാരണം ഇതൊരു നോവല്‍ ആണെന്നതുകൊണ്ടുതന്നെ.... പച്ചവെള്ളമൊഴിച്ച് കാറുകള്‍ ഓടിക്കുന്നതിനെക്കുറിച്ച് നമ്മള്‍ ഭാവനചെയ്യാറില്ലെ. അങ്ങിനെ ഒരു കാറ് കണ്ടുപിടിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടില്ലെ... അതുതന്നെയാണ് ചരിത്രത്തില്‍ നിന്ന് ഹൈപേഷ്യയെ പുനരാഖ്യാനം ചെയ്യുന്നതിന്‍റേയും യുക്തി. ഇതുപോലെ സ്വതന്ത്രമായി ചിന്തിക്കുകയും തനിക്കു തോന്നുമ്പോലെ ജീവിക്കുകയും ചെയ്തിരുന്ന ഒരു പെണ്ണ് അന്നുണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കുമ്പോള്‍ തന്നെ ഒരു രസം ഉണ്ട്.
ചരിത്രത്തിന്‍റെ മാതാധിപത്യവും ഫാസിസ്റ്റ് ആഖ്യാന രീതികളും ഇതുപോലെ ഒരുപാട് ഹൈപ്പേഷ്യമാരെ കുഴിച്ചുമൂടിയിരിക്കാം എന്ന ഒരു നീരസം മാത്രം മതി ഇതുപോലുള്ള നോവലിലൂടെ ഈ കഥാപാത്രങ്ങളെ അതിഭാവന ചെയ്യാന്‍. ചരിത്രത്തിന്‍റെ മണ്ണും വെള്ളവും കുഴച്ച് ഒരു കോരയെ പരുവപ്പെടുത്തിയെടുത്ത ടി.ഡി. രാമകൃഷ്ണന്‍ എന്തുകൊണ്ടും പ്രശംസ അര്‍ഹിക്കുന്നു. പക്ഷെ എഴുത്തില്‍ പുതിയ കാലാപങ്ങള്‍ തുടങ്ങിവച്ച ധര്‍മ്മപുരാണത്തെ പോലുള്ള ഒരു നോവലുമായി ഇതിനെ കൂട്ടിക്കെട്ടാനുള്ള ആഷാമേനോന്‍റെ വ്യഗ്രതെയെ അപലപിക്കാതെ തരമില്ല.
ലളിതവും വായനക്ഷമതയുമുള്ള ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് ഒട്ടും വായനാക്ഷമതയൊ സത്യസന്ധതയോ ഇല്ലാത്ത അവതാരിക ഇത്തിരി കടന്നകൈയ്യായിപ്പോയൊ എന്നൊരു സംശയം (ഇങ്ങിനെ പറയുന്നത് ഒരഹങ്കാരമായി കാണരുത് അഷാമേനോനെ നന്നായി വായിച്ചിട്ടുള്ള ഒരാളാണ് ഞാന്‍.
ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ എല്ലാഭാഷകളിലും ഉണ്ടാവുന്നുണ്ട്. ഡാവിഞ്ചി കോടുപോലെ ഈയടുത്തകാലത്ത് മലയാളത്തിലെ തന്നെ പല നോവലുകളും ഉദാഹരണത്തിന് മുകുന്ദന്‍ അടുത്തിടെ എഴുതിയ പുലയപ്പാട്ട് എന്നിവ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്ന ഒന്നാണ്. എന്തായാലും നന്ദി കാലിക്കോസെന്‍ട്രികിനും ഇവിടെ അഭിപ്രായങ്ങള്‍ അറിയിച്ച മറ്റെല്ലാ സുഹൃത്തുക്കള്‍ക്കും
സസ്നേഹം
സന്തോഷ് പല്ലശ്ശന
ലേശം ചരിത്രം ഇടയിലെവിടെയോ തിരുകിയതുകൊണ്ട് ചരിത്രാഖ്യായികയാവില്ല. genre യൊക്കെ ഉണ്ടാക്കിയത് സൌകര്യത്തിനാണ്. ഇത്തരം നോവലുകള്‍ക്ക് സൌകര്യമനുസരിച്ച് വേറെ genre ഉണ്ട്. അതിന്റെ പേരറിയാത്തതുകൊണ്ട് ഇതിനെ historical fiction എന്നു വിളിച്ച് പിന്നെ അതിനെ ന്യായീകരിക്കാന്‍ വേണ്ടി നിര്‍വ്വചനത്തെ വലിച്ചുനീട്ടുന്നതില്‍ അര്‍ത്ഥമില്ല. അനക്കമില്ലാത്ത rules ഉണ്ട് എന്നല്ല. ഡ്രാക്കുളയെ ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ എന്നു പറയാറില്ല. ഫുക്കോസ് പെന്‍ഡുലത്തെയും പറയാറില്ല. വായിച്ചിട്ടില്ലെങ്കിലും ഡാ വിഞ്ചി കോഡിനെയും പറയാറില്ലെന്നാണ് കാണുന്നത്. "ഇട്ടിക്കോര ഒരു സങ്കല്‍പം തന്നെ ആയിക്കോട്ടെ" എന്നു പറഞ്ഞാലെന്താണ്? സംവാദത്തിലെ ഉദാരതയ്ക്ക് അങ്ങനെ അനുവദിക്കുകയാണോ?
മറുപടിഇല്ലാതാക്കൂഇട്ടിക്കോരയിലെവിടെയാണു സുഹൃത്തേ ചരിത്രം? ഹൈപ്പേഷ്യയുടെ കഥ ചരിത്രബോധമില്ലാതെ പറഞ്ഞതുകൊണ്ടോ? വാസ്കോ ഡ ഗാമയെപ്പറ്റി പരാമര്‍ശിക്കുന്നതുകൊണ്ടോ?
പിന്നെ, ഞാന്‍ ഈ കാര്യം സൂചിപ്പിച്ചതെന്തിനാണെന്നു മനസ്സിലായോ? ഇതിനെക്കുറിച്ച് നിരൂപിച്ച ഒരു വിധം വിവരദോഷികളൊക്കെ (പുസ്തകത്തില്‍ പഠനമെഴുതിയ മേനോന്‍ തൊട്ട്) ഇട്ടിക്കൊര ചരിത്രപുരുഷനാണെന്നു വിശ്വസിക്കുകയും അങ്ങനെ എഴുതുകയും ചെയ്തിട്ടുണ്ട്. അത്രയ്ക്കാണ് ഇവരുടെയൊക്കെ ചരിത്രബോധം. പുസ്തകത്തിന്റെ മുമ്പില്‍ നുണക്കഥ എന്നു പറഞ്ഞ അതേ രാമകൃഷ്ണന്‍ തന്നെ ഈ misunderstanding യാതൊരു ലജ്ജയുമില്ലാതെ പ്രോത്സാഹിപ്പിക്കുന്നത് കാണാം സാഹിത്യജാലകം യൂറ്റ്യൂബ് വീഡിയോവില്‍.
'ലളിതവും വായനാക്ഷമതയുള്ള'തുമായ ഇട്ടിക്കോരയെപ്പറ്റി പറയുമ്പോള്‍ പുസ്തകമായി ഇറങ്ങാന്‍ പോലും യോഗമില്ലാത്ത കമ്പിസാഹിത്യമാസികകളിലെ രതിവര്‍ണ്ണനയെക്കാള്‍ ഒട്ടും മെച്ചമല്ല കോരയിലേതെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഞാന്‍ ശരിവെയ്ക്കുന്നു.
"...എന്നു പറഞ്ഞ് അവളെ തന്റെ കൈകളില് കോരിയെടുത്ത് ഒന്ന് വട്ടംകറക്കി താഴെ നിറുത്തി കെട്ടിപ്പിടിച്ചു. അവന്റെ കരുത്തിലവള് ഞെരിഞ്ഞമര്ന്നു."
വളരെ ലളിതം തന്നെ. വായനാക്ഷമത, പക്ഷേ ആളുകളെ ആശ്രയിച്ചിരിക്കും. എന്റെയൊക്കെ സെന്സിബിലിറ്റിക്ക് ഇത് ഉദ്ധാരണമല്ല disgust ആണ് ഉളവാക്കുക.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഇതൊരു ചരിത്ര നോവലാണെന്ന് ടി.ഡി. രാമകൃഷ്ണന് എവിടേയും അവകാശപ്പെട്ടുകാണാന് ഇടയില്ല. ആത്യന്തികമായി ഇതൊരു നോവല് മാത്രമാണ്. വളരെ വേറിട്ട ഒരു സങ്കേതം ഉപയോഗിച്ച് എഴുതപ്പെട്ട ഒരു നോവല്. പിന്നെ പോസ്റ്റില്‍ പറഞ്ഞത് പോലെ തിന്മയുടെ - സദാചാരത്തിന്റെ വരുകാലത്തെ കൂടി ഭാവനചെയ്യുന്നു. അങ്ങിനെ നോക്കുമ്പോള് നിലവിലുള്ള രചനാ സങ്കേതങ്ങളെ പാടെ പൊളിച്ചെരിയുക കൂടി ചെയ്യുന്നുണ്ട്. ഒരു തരത്തില് ഒരു കലാപം തന്നെയാണിത് അതിന്റെ തുടര്ച്ചയായാണ് കലിക്കൊ സെന്ട്രിക് ഇങ്ങിനെയൊരു പ്രതിലോമ വായന ഉന്നയിച്ചിട്ടുള്ളത്. കാരണം ഇത്തരം നോവലുകള്ക്ക് ഇങ്ങിനെയുള്ള നെഗറ്റീവ് വായനകള് സ്വാഭാവികമായി ഉണ്ടാകും. ഇതിന്റെ രചനാ സങ്കേതത്തെ അംഗീകരിക്കപ്പെട്ടേക്കാവുന്നത് ഈ കാലത്തിലാവില്ല ചിലപ്പോള് അതുകൊണ്ടാണ് അങ്ങിനെ വരുന്നത്.
മറുപടിഇല്ലാതാക്കൂ"...എന്നു പറഞ്ഞ് അവളെ തന്റെ കൈകളില് കോരിയെടുത്ത് ഒന്ന് വട്ടംകറക്കി താഴെ നിറുത്തി കെട്ടിപ്പിടിച്ചു. അവന്റെ കരുത്തിലവള് ഞെരിഞ്ഞമര്ന്നു."
വളരെ ലളിതം തന്നെ. വായനാക്ഷമത, പക്ഷേ ആളുകളെ ആശ്രയിച്ചിരിക്കും. എന്റെയൊക്കെ സെന്സിബിലിറ്റിക്ക് ഇത് ഉദ്ധാരണമല്ല disgust ആണ് ഉളവാക്കുക."
ഈ തുറന്നു പറച്ചില് എനിക്കിഷ്ടായി പക്ഷെ ഇതിന് ഈ നോവലുമായി ഒരു ബന്ധവുമില്ല. പൈങ്കിളി വായിക്കാനാണെങ്കില് വേറെ ഒരുപാട് ചവറു പ്രസിദ്ധീകരണങ്ങളും ഇന്റര്നെറ്റും നമ്മുക്കുണ്ട്. ലൈഗികതയോ പൈങ്കിളിയൊ അല്ല ഇട്ടിക്കോര എന്ന നോവലിന് ഇത്ര വായനക്കാരെ ഉണ്ടാക്കിയത്; ഉത്തരാധുനിക ജീവിതത്തിന്റെ വരുംകാല ച്യുതികളെ നരമാസ്യഭോജനത്തിന്റെ ഭീകരമായ ഭിംബങ്ങളിലൂടെ ടി.ഡി.ആറ് അടയാളപ്പെടുത്തുന്നത് അനുവാചകരില് പുതിയ വെളിപാടുണ്ടാക്കുന്നു. ഇതൊരു ഉദാത്തമായനോവല് ആണെന്ന് ഞാന് പറയുന്നില്ല... പക്ഷെ പൈങ്കിളി എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നതിനു പിന്നില് എന്തോ ദുരുദ്ദേശമുണ്ട് (കാലിക്കൊസെന്ട്രികിനോടല്ല ഇതു പറയുന്നത്. ഈയടുത്തകാലത്ത് ഈ നോവലിനു നേരെ അനാവശ്യ കടന്നാക്രമണങ്ങള് ഉണ്ടായത് കണ്ടപ്പോള് തോന്നിയതാണ്)
നന്ദി
സന്തോഷ് പല്ലശ്ശന
ഇതൊരു ചരിത്രനോവലാണെന്നു പറഞ്ഞ പോസ്റ്റിനാണ് ഞാന്‍ കമന്റ് എഴുതിയത്.
മറുപടിഇല്ലാതാക്കൂകാലിക്കോ സെന്‍ട്രിക്കിന് തെറ്റുപറ്റിയിട്ടില്ല ഞാന്‍ ഈ നോവലിനെക്കുറിച്ച് ഈ പോസ്റ്റില്‍ ഇങ്ങിനെ എഴുതിയിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ" Historical Fiction ന്‍റെ അനന്ത സാധ്യതകളിലേക്ക് സഞ്ചരിക്കുന്ന നോവലാണ് "ഫ്രാന്‍സിസ് ഇട്ടിക്കോര". ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്."
ഇവിടെയാണ് കാലികൊസെന്‍ട്രികിന് പിഴച്ചത്...
ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്.
നന്നായി സന്തോഷ്.ഈ ലേഖനം
മറുപടിഇല്ലാതാക്കൂഇതുപോലെ എന്റെ കുഞ്ഞുകതകളെ പറ്റി പറയോ?
മറുപടിഇല്ലാതാക്കൂഈ പുസ്തകത്തെ കുറിച്ച് ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു എന്റെ അഭിപ്രായങ്ങൾ. പോസ്റ്റിലേക്ക് ഇതിലേ വരാം. ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകം സുരേഷ് മാഷ് പറഞ്ഞത് പോലെ വായിക്കാതെ ഇനി ഒരടി മുന്നോട്ട് പോകാൻ പറ്റില്ല എന്ന അവസ്ഥയിലേക്ക് മലയാളി എത്തിച്ചേർന്നു. അതാണ് ഈ പുസ്തകത്തിന്റെ വിജയവും.
മറുപടിഇല്ലാതാക്കൂഈ കൃതി പരിചയപ്പെടുത്തിയതിന് നന്ദി! തീർച്ചയായും താങ്കളുടെ ഈ പരിചയപ്പെടുത്തൽ ആ പുസ്തകം വായിക്കാൻ പ്രചോദനമായി. നന്ദി.
മറുപടിഇല്ലാതാക്കൂനന്നായി :-)
മറുപടിഇല്ലാതാക്കൂഎന്റെ ബ്ലോഗ് നോക്കാമോ
http://tkjithinraj.blogspot.com/
പുസ്തകം വായിച്ചിരുന്നു. ആശാ മേനോന്റെ അവതാരികയ്ക്ക് പകരം ഇതുപോലെ വല്ലോം എഴുതി ചേര്‍ത്തിരുന്നെങ്കില്‍ അന്ന് അത് വായിക്കാന്‍ മിനക്കെടുകയും വായന വേറിട്ടൊരു തലത്തില്‍ എത്തിച്ചേരുകയും ചെയ്തേനെ.....സമയം പോലെ ഒന്നുകൂടി വായിക്കാന്‍ ഈ കുറിപ്പ് ഒരു പ്രേരണയാകുന്നു
മറുപടിഇല്ലാതാക്കൂ