നിരൂപണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിരൂപണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020 മാർച്ച് 15, ഞായറാഴ്‌ച

മാമ ആഫ്രിക്ക: നീതിയുടെ അതീത യാഥാര്‍ത്ഥ്യങ്ങള്.

ആദിമ മനുഷ്യന്റെ വീട് ആഫ്രിക്കയാണെന്ന് നരവംശ ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ആധുനിക മനുഷ്യന്റെ മുതു-മുത്തശ്ശനായ ഹോമോ സാപ്പിയന്‍സ് ജന്മമെടുക്കുന്നത് 2 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ചാള്‍സ് ഡാര്‍വിന്റെ നീരീക്ഷണങ്ങള്‍ പ്രകാരം മാമ്മലുകളെന്ന ജീവി സഞ്ജയവുമായി മനുഷ്യനുണ്ടെന്നു കരുതുന്ന പൊതു സാദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ വാദങ്ങളെ ദൃഢപ്പെടുത്തുന്നു. നരവംശം ആരംഭിക്കുന്നത് ആഫ്രിക്കന്‍ മണ്ണില്‍ നിന്നാണെന്നത് ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ വൈകാരികമായ ഒരു കാര്യമല്ല. ആഫ്രിക്ക എന്ന രാജ്യത്തെ ഒരു വൈകാരികമായ ഇടമായി അടയാളപ്പെടുത്താന്‍ നമ്മള്‍ തയ്യാറായിട്ടുമില്ല. ആഫ്രിക്ക നമുക്ക് വന്യജീവികളുടെ നാടാണ്. പ്രാകൃതരായ മനുഷ്യരുടെ നാടാണ്. ഇപ്പോഴും ഉണ്ടെന്നു കരുതുന്ന നരഭോജികളുടെ നാടാണ്. അതിലപ്പുറം ആഫ്രിക്ക എന്നത് ആധുനിക രാഷ്ട്രങ്ങളെ സമ്പന്ധിച്ചിടത്തോളം ഇനിയും ഖനനം ചെയ്യപ്പെട്ടിട്ടില്ലാത്ത അളവില്ലാത്ത ഖനിജങ്ങളുടെ നാടാണ്. ഹിംസാത്മകമായ നീതിയെ കറുത്തവന്റെ സ്വത്വമായി ഉദ്‌ഘോഷിക്കപ്പെടുന്ന ഗോത്ര സംസ്‌കാരത്തിന്റെ നാടാണ്. മാനവികതയ്ക്ക് വളരാന്‍ ഇനിയും പാകപ്പെട്ടിട്ടില്ലാത്ത - പുരോഗമനാശയങ്ങള്‍ക്ക്, ഒരു സാമൂഹികരൂപികരണത്തിന് അവസരംകൊടുക്കാത്ത ഹിംസാത്മകമായ, വളരെ പാര്‍ട്രീയാര്‍ക്കലായ വ്യവസ്ഥിതിയുടെ നാടാണ്. സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ അപരിഷ്‌കൃതരായ ഗോത്രജനതയെ ഒറ്റുകൊടുത്തുകൊണ്ട് തങ്ങളുടെ മണ്ണിനടയിലെ അളവില്ലാത്ത ഖനിജങ്ങളെ പാശ്ചാത്യര്‍ക്ക് വിറ്റുവീര്‍ക്കുന്ന 'ചതി' അധികാര നീതിയാക്കിയവരുടെ നാട്. ഈദി അമീന്‍, റോബട്ട് മുഗാബെ, ഗദ്ദാഫി തുടങ്ങിയ ഫാസിസ്റ്റ് ഭരണാധികാരികളുടെ നാട്.
ടി.ഡി. രാമകൃഷ്ണന്‍ 'മാമ ആഫ്രിക്ക' എന്ന നോവലിലൂടെ പറയാന്‍ ശ്രമിക്കുന്ന കഥ ആഫ്രിക്കന്‍ ഗോത്രനീതിയും പുരോഗമന പ്രത്യയ ശാസ്ത്രങ്ങളും പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഉപാപചയങ്ങളുടെ കഥയാണ്. മാനവികതയും നീതിബോധവും ഹിംസാത്മകവുമായ ഒരു ജനതയുമായി എതിരിടുമ്പോള്‍ ഉണ്ടാകുന്ന ആശയസംഘര്‍ഷങ്ങളുടെ കഥയാണ്. വിക്ടോറിയന്‍ സദാചാര ബോധത്തെയും ഇന്ത്യപോലെയുള്ള സനാതന സാംസ്‌കാരിക ബോധത്തെയും ഉടച്ചുകളഞ്ഞുകൊണ്ട്, ചാരിത്ര്യമെന്ന പുരുഷകന്ദ്രീകൃതമായ ആശയത്തെ അവഗണിക്കുന്നതിലൂടെ അതീജീവനത്തിന്റെ വിപ്ലാവാത്കമായ ഒരു പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അസാധാരണക്കാരിയായ താര വിശ്വനാഥന്‍ എന്ന കഥാപാത്രത്തെ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ടി.ഡി. രാമകൃഷ്ണന്‍ മാമ ആഫ്രിക്കയിലൂടെ.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാഥത്തില്‍ ബ്രീട്ടീഷ് ഈസ്റ്റ് ആഫ്രിക്ക കമ്പനി യുഗാണ്ടയുടെ മൊംബസ മുതല്‍ വിക്ടോറിയ തടാകം വരെ വലിയൊരു റയില്‍വെ ലൈന്‍ നിര്‍മ്മിക്കുന്നു. റയില്‍വെയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യുഗാണ്ടയിലേയ്ക്ക് കുടിയേറി പാര്‍ക്കുകയും ക്രമേണ അതില്‍ പലരും അവിടെതന്നെ സെറ്റില്‍ ചെയ്യുകയുമുണ്ടായി. കെനിയന്‍ റയില്‍വെയുടെ നിര്‍മ്മാണത്തിനു വേണ്ടി രാജ്യത്തു കുടിയേറിയ കമ്രേഡ് മി. പണിക്കരുടെ കൊച്ചുമകളാണ് പിന്നീട് ഇന്തൊ ആഫ്രിക്കന്‍ എഴുത്തുകാരിയായി അറിയപ്പെട്ട താരാ വിശ്വനാഥന്‍. 1971 ല്‍ പ്രസിഡണ്ട് മില്‍ട്ടണ്‍ ഒബോട്ടയെ ഒരു പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ച് ഈദി അമീന്‍ എന്ന സ്വേച്ഛാധിപതിയായ ഭരണാധികാരിയുടെ കാലത്ത് ഇന്ത്യന്‍ ന്യൂനപക്ഷ സമൂഹത്തെ നിരന്തരമായി വേട്ടയാടുകയും പലരെയും യുഗാണ്ട വിട്ട് മറ്റു പല രാജ്യങ്ങളിലേയ്ക്ക് നാടുകടത്തുകയുമൊക്കെയുണ്ടായി. പക്ഷെ ദുരൂഹമായ ചിലകാരണങ്ങള്‍കൊണ്ടോ, രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടൊ താരയുടെ അച്ഛനായ കൊമ്രേഡ് വിശ്വനാഥനെ യുഗാണ്ടയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള തന്റെ അച്ഛന്‍ സ്ഥാപിച്ച, പാന്‍ ആഫ്രിക്ക എന്ന ആശയത്തിനുവേണ്ടി രൂപം കൊടുത്ത ആഫ്രിക്കന്‍ 'ഉഹ്‌റു' എന്ന പ്രസ്ഥാനത്തിനുവേണ്ടി പിന്നീട് കമ്രേഡ് വിശ്വനാഥന് തന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തുന്നു. പരപ്പനങ്ങാടിയില്‍ നിന്ന് ആഫ്രിക്കയിലെ ഹിംസാത്മകമായ ഗോത്രസംസ്‌കൃതിയുടെ മണ്ണില്‍ ജീവിക്കേണ്ടി വന്നപ്പോഴും മലയാളവും അതിന്റെ സംസ്‌കാരവും പരിപൂര്‍ണ്ണായി പിന്‍തുടര്‍ന്നുവന്നിരുന്ന കൊമ്രേഡ് വിശ്വനാഥപണിക്കര്‍ തന്റെ മകള്‍ താരയേയും ഒരു തനി മലയാളിയായി വളര്‍ത്തിക്കൊണ്ടുവന്നു. രാമായണവും ലളിതാ സഹസ്രനാമവും മനഃപാഠമാക്കിയ, തന്റെ മകള്‍ താരയ്്ക്ക് ആത്മീയതയും മാനവികതയും സന്നിവേശിപ്പിച്ചുകൊണ്ടുള്ള മഹത്തായ ഒരു പുരോഗമന പാതയാണ് വിശ്വനാഥന്‍ കാണിച്ചുകൊടുത്തത്. ലോകത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന അപചയങ്ങളുടെ മൂലകാരണം അത് ആത്മീയമായ മനുഷ്യപുരോഗതിയെ യാതൊരു വീണ്ടുവിചാരവുമില്ലാതെ നിരാകരിച്ചു എന്നതാണ് എന്നാണ് കൊമ്രേഡ് വിശ്വനാഥന്‍ കരുതുന്നത്. എന്നാല്‍, തന്റെ മകള്‍ താരാ വിശ്വനാഥിന് അഭിമുഖീകരിക്കേണ്ടി വന്നത് തന്റെ ഭാരതീയ നൈതിക ബോധവും, കറുത്തവന്റെ ഹിംസാത്മക നീതിബോധവും തമ്മിലുള്ള വലിയൊരു സംഘട്ടനം നിറഞ്ഞ ജീവിതാവസ്ഥകളാണ്. ശരീരത്തിന്റെ പരിശുദ്ധിക്ക് വലിയ വിലകൊടുക്കുന്ന ഭാരതീയ സങ്കല്‍പങ്ങളെ, തകര്‍ത്തെറിയേണ്ട ജീവിത സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന താര വിശ്വനാഥന്റെ എഴുത്തും ജീവിതവും സംഘര്‍ഷങ്ങളുമാണ് ഈ നോവലിന്റെ കാതല്‍. അതോടൊപ്പം ആഫ്രിക്കയെന്ന ഗോത്രസംസ്‌കൃതിയെ, അതിന്റെ നൈതികതയെ, പ്രശ്‌നവത്ക്കരിക്കുകയും ചെയ്യുന്നുണ്ട് ഈ നോവല്‍.

ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ നാളിതുവരെ കണ്ടിട്ടുള്ള രചനകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു നോവലാണ് മാമ ആഫ്രിക്ക എന്ന് തീര്‍ച്ചയായും നമുക്കു പറയാന്‍ കഴിയും. സംഘര്‍ഷങ്ങളും, ലൈംഗീകതയും, ചരിത്രവും, മിത്തും ഇടകലര്‍ന്നുകൊണ്ടുള്ള ഭ്രമാത്മക തലം ടി.ഡി.രാമകൃഷ്ണന്‍ മറ്റെല്ലാ നോവലുകളിലുമെന്നപോലെ ഈ നോവലിലും കാണാമെങ്കിലും ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന വളരെ വിശാലമായ രാഷ്ട്രീയചിന്ത വളരെ ചലനാത്മകമായ ഒന്നാണ്. ആത്മീയവും ഭൗതികവും പ്രത്യയശാസ്ത്രപരവുമായ മാനവിക പുരോഗമനാശയങ്ങളുടെ വലിയ ചിന്താപദ്ധതികളെ വായനക്കാനില്‍ ചലനാത്മകമാക്കാന്‍ ഈ നോവലിനു കഴിയുന്നുണ്ട്. അതിലൊന്നാണ് കറുത്തവന്റെയും വെളുത്തവന്റെയും രാഷ്ട്രീയ വീക്ഷണങ്ങളെകുറിച്ചുള്ള വ്യവസ്ഥാപിത സങ്കല്‍പനങ്ങള്‍. ഈദി അമീന്‍ എന്ന സ്വേച്ഛാധിപതിയായ പട്ടാള ഭരണാധികാരിയുടെതടക്കം മറ്റു പലരുടെയും ലൈംഗീക അതിക്രമങ്ങള്‍ക്ക് താര വിശ്വനാഥ് ഇരയാകുന്നുണ്ട്. ആഫ്രിക്കയുടെ നൈതികബോധവും താരയുടെ ഭാരതീയമായ നൈതികബോധവും തമ്മില്‍ വലിയൊരു സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് ഈ നോവലില്‍. ആഫ്രിക്കയെന്ന ഗോത്ര സംസ്‌കൃതിയില്‍ കമ്മ്യൂണിസത്തിന് സംഭവിക്കുന്ന അപചയങ്ങളുടെ യഥാര്‍ത്ഥ കാര്യകാരണങ്ങളും, ഈ ജനത വംശീയമായി വിഭജിക്കപ്പെട്ട് തുടരുന്നതിന്റെയും, പാശ്ചാത്യരുടെ മനോഭാവങ്ങളുടെയും ബഹുമുഖമായ പ്രശ്‌നങ്ങളും ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു.

താരയുടെ മനസ്സില്‍ രൂപപ്പെടുന്ന ഒരു ദൈവസങ്കല്‍പമാണ് 'മാമാ ആഫ്രിക്ക'. ഓരോ മനുഷ്യനിലും ഇതുപോലുള്ള ചില ദൈവസങ്കല്‍പങ്ങളുമായി നിരന്തരമായ ആത്മസംവാദങ്ങള്‍ നടക്കുന്നുണ്ടാവാം. ഉള്ളിലെ ഈ ആത്മീയ അനുഭൂതിയുടെ വെള്ളിവെളിച്ചത്തില്‍ രൂപപ്പെടുന്ന നൈതിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ മുന്നോട്ടു നടക്കുന്നത്. പക്ഷെ താരയുടെ ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍, താരയുടെ മനസ്സില്‍ നിന്ന് മാമാ ആഫ്രിക്ക അപ്രത്യക്ഷമാകുന്നു. നിയതിയുടെ നൈതികബോധത്തെ വലിയൊരു ചോദ്യചിഹ്നമാക്കുന്ന ജീവിത സന്ദര്‍ഭങ്ങള്‍ താരയുടെ ജീവിതത്തില്‍ വന്നുചേരുകയും ചെയ്യുന്നു. തന്റെ ചാരിത്ര്യവും ശരീരത്തിന്റെ വിശുദ്ധി എന്ന മിഥ്യാബോധവും അതിജീവനത്തിനുവേണ്ടി നഷ്ടപ്പെടുത്തേണ്ടിവന്നപ്പോള്‍ താരാ വിശ്വനാഥ് എന്ന ഇന്തോ-ആഫ്രിക്കന്‍ യുവതിയുടെ ജീവിതം കൂടുതല്‍ വിപ്ലവാത്മകവും സംഘര്‍ഷഭരിതവുമായിത്തീരുന്നു. ഒരുപക്ഷെ ജീവിതത്തിന്റെ ഏതൊക്കെയൊ ഘട്ടത്തില്‍ വിക്ടോറിയന്‍ സാദാചാര ബോധത്തിലൂന്നിയുള്ള നേരിട്ടുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടവളായി മാറേണ്ടിയിരുന്ന താരയാണ് അഹിംസയും സ്‌നേഹവും ആഗ്രഹിച്ചുകൊണ്ട് ബഹുദൂരം മുന്നോട്ടുതന്നെ പോകുകയും, പിന്നീട് ലോകമറിയുന്ന വലിയൊരു എഴുത്തുകാരിയായി മാറുകയും ചെയ്യുന്നത്! ശരീരത്തിന്റെ വിശുദ്ധിയെക്കാള്‍ അഹിംസയ്ക്കുവേണ്ടിയുള്ള സ്വാത്മ സമര്‍പ്പണമായിരുന്നു താരയുടെ ജീവിതം.

ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവുമാണ് ഈ നോവല്‍. താരാ വിശ്വനാഥിന്റെ സമാഹരിക്കപ്പെട്ട ഏതാനും രചനകളിലൂടെ ഇതല്‍വിരിയുന്നതാണ് ഈ നോവലിലെ സംഭവങ്ങള്‍. അപരമായ കാഴ്ചച്ചപ്പാടുകളിലൂടെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഊന്നിയ വ്യത്യസ്തവും സ്‌ഫോടനാത്മകവുമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ താരാവിശ്വനാഥ് എന്ന കഥാപാത്രത്തിലൂടെ കഴിയുന്നുണ്ട്. അത് അങ്ങേയറ്റം കണ്‍വിന്‍സിങ്ങായി അവതരിപ്പിക്കുന്നു എ്ന്നതിലാണ് ടി.ഡി. രാമകൃഷ്ണന്‍ എ്ന്ന അതുല്യ എഴുത്തുകാരന്റെ മാന്ത്രികത! താരയുടെ ബിറ്റ്വീന്‍ ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ആത്മകഥയെ ആധാരമാക്കി ഒളീവിയ നാക്കിമേര, താരയുമായി നടത്തുന്ന ഇന്റര്‍വ്യു വായനക്കാരനെ ഭാവനയുടെ അതീത യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നയിക്കുന്നു.

അപാരമായ വായനാക്ഷമതയാണ് ഈ നോവലിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ടി.ഡി. രാമകൃഷ്ണന്റെ മറ്റേതൊരു നോവലിനെക്കാളും റീഡബിലിറ്റി ഈ നോവലില്‍ വളരെ അപാരമാണ്. 432 പേജുള്ള ഈ നോവല്‍ വായിച്ചു കഴിയുമ്പോള്‍ ഓരോ വായനക്കാരനും ആശയങ്ങളുടെ, ചിന്തകളുടെ, വൈകാരികതയുടെ വളരെ സംഘര്‍ഷഭരിതമായ ലോകംചുറ്റി തിരിച്ചെത്തുകയാണ് ചെയ്യുന്നത്.

മലായള നോവല്‍ സാഹിത്യത്തില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത പുതുവഴികളിലൂടെതന്നെയാണ് ടി.ഡി. രാമകൃഷ്ണന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ടി.ഡി. രാമകൃഷ്ണന്‍ ഓരോ നോവല്‍ എഴുതിക്കഴിയുമ്പോഴും അടുത്ത നോവലില്‍ ഇയ്യാള്‍ എന്തത്ഭുതമായിരിക്കും കാണിക്കാന്‍ പോകുന്നത്.... ഇതോടെ ഈ മാജിക്ക് അവസാനിക്കുമൊ? എന്ന് കരുതുമ്പോഴാണ് മറ്റൊരു വെടിക്കെട്ട് നോവലുമായി ടി.ഡി. രാമകൃഷ്ണന്‍ നമ്മളെ വിസ്മയിപ്പിക്കുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കും ആണ്ടാള്‍ ദേവനായകിക്കും ശേഷം ടി.ഡി. രാമകൃഷ്ണന്‍ വായനക്കാരനെ വീണ്ടും വിസ്മയിപ്പിക്കുകയാണ്. പുതിയ എന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാലഘട്ടത്തില്‍ ചരിത്രവും, വിജ്ഞാനവും, മിത്തുകളുമൊക്കെ ആര്‍ക്കും പ്രാപ്യമായ സംഗതിയാണ്. നമ്മുടെ കൈയ്യിലെ ഇന്റര്‍നെറ്റുതന്നെയാണ് ടി.ഡി. രാമകൃഷ്ണന്റെ കമ്പ്യൂട്ടറിലുമുള്ളത്. നമ്മള്‍ മനസ്സിലാക്കിയ ചരിത്രവും വര്‍ത്തമാനവും തന്നെയാണ് ടി.ഡി. രാമകൃഷ്ണനും മനസ്സിലാക്കി വെച്ചിരിക്കുന്നത്. പക്ഷെ ടി.ഡി. രാമകൃഷ്ണന്‍ ചരിത്രത്തെയും വര്‍ത്തമാനത്തെയും മിത്തുകളെയും പുനരാവിഷ്‌ക്കരിക്കുമ്പോള്‍ മലയാളം നാളിതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വെറിട്ടൊരു വായനയ്ക്കുള്ള വിഭവമായി മാറുന്നു. എഴുപതുകളുടെ ചോറുതിന്നു വീര്‍ക്കുന്ന കാല്‍പ്പനിക നോവല്‍ സങ്കല്‍പ്പനങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് ആര്‍ക്കും അത്ര എളുപ്പത്തില്‍ നടക്കാന്‍ സാധിക്കാത്ത വളരെ മാരകമായ ഒരു സര്‍ഗ്ഗാത്മക നോവലെഴുത്തിന്റെ ദിശാസൂചിയായി മാറുന്നു, ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ എഴുത്തിന്റെ വഴി.


മാമ ആഫ്രിക്ക
ടി.ഡി. രാമകൃഷ്ണന്‍
ഡി.സി. ബുക്‌സ്, കോട്ടയം
432 പേജ്
430 ക.

2013 നവംബർ 18, തിങ്കളാഴ്‌ച

ഓര്‍മ്മയുടെ ഷെല്‍ഫില്‍ മെഴുകുപുരണ്ട ഭാവുകത്വങ്ങള്‍....

ഭാവുകത്വം എന്ന പദം ആദ്യമായി ഞാന്‍ പരിചയപ്പെടുന്നത് മലയാള സിനിമയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ഞാന്‍ ജീവിക്കുന്ന ജീവിത്തെ അതിന്റെ ഞാന്‍പോലുമറിയാത്ത സാന്ദ്രതകളെ, സാധ്യതകളെ എനിക്കു കഴിയുന്നതിലുമധികം സര്‍ഗ്ഗാത്മകമായി തിരശ്ശീലയിലൂടെ ഞാന്‍ ഏറ്റുവാങ്ങുന്നു. അതിനെ ഞാന്‍ ജീവിതത്തിലേക്ക് അനുകരിക്കുന്നു. ആ സിനിമയിലെ പാട്ടുകളും സംഭാഷണങ്ങളും എന്റെ ജീവിതത്തിന്റെതന്നെ ഭാഗമാകുന്നു. അതിലെ നടന്റെ അവസ്തകളും എന്റേതും പലകാലങ്ങളില്‍ ഒന്നാകുന്നു. അവന്‍ പറയുന്ന തമാശകളും ചിരിയും കരച്ചിലും ഏന്റേതുകൂടിയാകുന്നു. ഭരതനും പത്മരാജനും ലോഹിതദാസും ആവിഷ്‌ക്കരിച്ച ഭാവുകത്വത്തില്‍ യേശുദാസും ചിത്രയും രവീന്ദ്രനും പൂരിപ്പിച്ച സംഗീതത്തില്‍, ആകാശവാണിയുടെ ഗാനതരംഗിണിയും, യുവവാണിയും, വയലുംവീടും പരിപാടികളും സമയാസമയങ്ങളില്‍ അനുഭവിപ്പിച്ച ശബ്ദസംസ്‌കാരത്തില്‍ ജീവസ്സാര്‍ന്ന ഒരു ഭാവുകത്വത്തെ ഞാന്‍ അനുഭവിച്ച് ആസ്വദിച്ച് വളര്‍ന്നു വന്നു.

മുണ്ടകന്‍ കൊയ്‌തൊഴിഞ്ഞ പാലക്കാടന്‍ വയലേലയില്‍ ഒരു പൊങ്കല്‍ദിനരാത്രിയില്‍ ദൂരെ മൈക്ക് സെറ്റില്‍ നിന്ന് ഒഴുകി വരുന്ന 'വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു'എന്ന പാട്ടുകേട്ട് രാത്രി വയല്‍വരമ്പത്ത് മലര്‍ന്നുകിടന്ന് പൊട്ടിക്കരഞ്ഞുപോയ ഒരു പതിനാറുകാരന്‍ ചെക്കനെ ഞാനിന്ന് ഓര്‍ത്തെടുക്കുന്നു. വീട്ടില്‍ നിന്ന് എന്തിനൊ അച്ഛന്റെ കൈയ്യില്‍ നിന്ന് പതിവിലും കൂടുതല്‍ കിട്ടിയതിന്റെ സങ്കടത്തോടെ കിടക്കുമ്പോഴാണ് ശ്രീ കെ. ജെ. യേശുദാസിന്റെ ഗാനവൈഭവം എന്നെ വികാരനൗകയിലേറ്റിയത്. ഇപ്പോഴും ആ ഗാനം കേള്‍ക്കുമ്പോള്‍ അന്നത്തെ പൊങ്കല്‍രാത്രി എനിക്കോര്‍മ്മവരും കരച്ചില്‍ വരും.... പലപ്പോഴും കരഞ്ഞുപോകും..... അമരം എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ ഭാവുത്വത്തില്‍ അതിന്റെ ശോകമധുരമായ വിലാപ സ്വരത്തില്‍ എന്നിലെ പതിനാറുകാരന്‍ ഇപ്പോഴും ജീവിക്കുന്നു. ഇതാണ് ഭാവുകത്വത്തിന്റെ ശക്തി. ഒരു പക്ഷെ ജീവിതവുമായി ഒത്തുപോകുന്ന അതിന്റെ അവിസ്മരണീയമായ ഏടുകളെ വരുകാലജീവിതത്തിലേക്ക് പിന്‍ചെയ്ത് തരുന്ന ഒരു ഭാവുകത്വ സിദ്ധി പിന്നീട് അധികം ഉണ്ടായില്ല.


സിനിമ കഴിഞ്ഞാല്‍ ചെറുകഥകളും കവിതകളും കുത്തിക്കെട്ടി വരുന്ന ഓണപ്പതിപ്പുകള്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. അതൊക്കെ തകര്‍ക്കപ്പെടുകയും ഒരു ഭാവുകത്വരാഹിത്യത്തിന്റേതായ ഒരു അലക്ഷ്യവും അരുചികരവുമായ ഒരു സാഹിതീയ ജീവിതം പലപ്പോഴും ഒരു നിര്‍വ്വേദാവസ്ഥയെ പ്രദാനം ചെയ്യുകയും ചെയ്തു.



സര്‍വ്വത്ര-സര്‍വ്വതന്ത്ര-പൊതുഭാവുകതോന്മുഖ കവിതകള്‍....

പുതുകവിത പ്രതിനിധാനം ചെയ്യുന്നത് ഒരു പൊതുഭാവുകത്വത്തെയാണ്. ആര്‍ക്കും പെട്ടെന്ന് ഒരു കവിത തട്ടിക്കൂട്ടാന്‍ പരുവത്തില്‍ ആര്‍ക്കും കൈയ്യേറാന്‍ പാകത്തില്‍ കവിതയില്‍ ഒരു പൊതു സങ്കേതം നിലനില്‍ക്കുന്നുണ്ട്. വിസ്മയത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍, ബാല്യകൗതുകത്തിനും പരിപക്വതയ്ക്കുമിടയില്‍, ഭാഷയുടെ വരമൊഴിപ്രകൃതികളെ പാടെ അട്ടിമറിച്ചുകൊണ്ട് വായ് വര്‍ത്തമാനങ്ങളുടെ ശീലില്‍ പ്രയോഗിക്കപ്പെടുന്ന നിഷ്‌ക്കളങ്കമെന്ന് തോന്നിക്കുന്ന  ഫലിതം നിറച്ച വരിമുറികളില്‍.......
ഈ കവിതകളില്‍ മൗലികമായ കാവ്യാംശങ്ങളെ അന്വേഷിക്കുന്നത് പാഴ് വേലയാണ്. ഇതിന്റെ അപ്പനാരാണെന്ന് അന്വേഷിക്കാതിരിക്കുന്നതാവും താങ്കള്‍ക്ക് നല്ലത്. റെയില്‍വേ സ്റ്റേഷന്‍പോലെ, ബസ്സ്റ്റാന്റുപോലെ ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന ഒരു പൊതുസ്ഥലംപോലെ ഇതൊരു പൊതു ഭാവുകത്വത്തിന്റെ ഉത്പന്നമാണ്. എല്ലാകാലത്തും ഇങ്ങിനെയൊരു പൊതുഭാവുകത്വം നിലനിന്നിരുന്നു. പദകേളി നടത്തിയ കവിതയുടെ വൃത്തബന്തിതമായ ഒരു കാലംപോലെ, വെടിവെട്ടങ്ങള്‍ക്കുവേണ്ടി കൊഴുപ്പിച്ചെഴുതിയ ചന്ദ്രോത്സവ കവിതകള്‍പോലെ ഏതൊരു പുതുകവിയ്ക്കും ആദ്യംകേറി (വേണമെങ്കില്‍ ജീവിതകാലം മുഴുവന്‍) നിരങ്ങാവുന്ന ഒരു പൊതുഭാവുകത്വം ഇതാണ്... ഇതാവണോ പുതുകവിത എന്നറിയപ്പെടുന്ന ഏറെ പുതിയതല്ലത്ത പുതുകവിതയുടെ ഭാവുകത്വം.


ലിംഗവിശപ്പും കവിതയും

ഭൗതിക സുഖങ്ങളുടെ, നൈമിഷികമായ ക്രീഢാരസങ്ങളുടെ, അര്‍ത്ഥശൂന്യതയെ ജീവിതംകൊണ്ട് തിരിച്ചറിഞ്ഞ ഭര്‍തൃഹരി എല്ലാവിധ സുഖഭോഗങ്ങളില്‍ നിന്നും വിടുതല്‍നേടി “വൈരാഗ്യവസ്ഥ” എന്നറിയപ്പെടുന്ന ദൈവത്തിന് ഏറ്റവും സമീപസ്ഥമെന്ന് അദ്ദേഹം കരുതുന്ന ആത്മീയ അനുഭൂതിയെക്കുറിച്ച് ''വൈരാഗ്യശതകം'' എന്നൊരു കൃതി രചിച്ചിട്ടുണ്ട്. ഞാനിവിടെ പറയാന്‍ ശ്രമിക്കുന്നത് ഭര്‍തൃഹരി പരാമര്‍ശിക്കുന്ന 'വൈരാഗ്യം' എന്ന ആത്മീയതയുടെ പരമമായ അവസ്ഥയെക്കുറിച്ചല്ല. ധനസുഖം അധികാരസുഖം ലൈഗിക സുഖം എന്നിവ ഒരു മനുഷ്യന്റെ പരമമായ ആനന്ദത്തിനെ എങ്ങിനെ നശിപ്പിക്കുന്ന എന്ന് അദ്ദേഹം വൈരാഗ്യശതകത്തില്‍ പറയുന്നു. കൊട്ടാരങ്ങളില്‍ അന്തിയുറങ്ങി ദേവദാസികളുടെ ശരീരവര്‍ണ്ണനം നടത്തുന്ന കവിപുംഗവന്‍മാരെകുറിച്ച് വൈരാഗ്യശതകത്തില്‍ പറയുന്നുണ്ട്.


സ്തനൗ മാംസഗ്രന്ഥീ കനകകലശാവിത്യുപമിതൗ
മുഖം ശ്ലേഷ്മാഗാരം തദപി ച ശശാങ്കേന തുലിതം
സ്രവന്‍മൂത്രക്ലിന്നം കരിവരശിരസ്പര്‍ദ്ധി ജഘനം
മുഹൂര്‍നിന്ദ്യം രൂപം കവിജനവിശേഷൈര്‍ഗുരുകൃതം


ഈ ശ്ലോകത്തിന് എം. ആര്‍. നാരായണപ്പിള്ള നല്‍കിയിരിക്കുന്ന വ്യാഖ്യാമിങ്ങിനെ:
മാംസംകൊണ്ടു നിറയപ്പെട്ടിരിക്കുന്ന മുലകള്‍ സ്വര്‍ണ്ണക്കുടങ്ങളോടും, കഫം, ഉമിനീര്‍ മുതലായ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്ന മുഖം ചന്ദ്രനോടും ഒഴുകിക്കൊണ്ടിരിക്കുന്ന മൂത്രത്താല്‍ നിറയപ്പെട്ടിരിക്കുന്ന പൃഷ്ഠഭാഗം ഗജശ്രേഷ്ഠന്റെ മസ്തകങ്ങളോടുമാണ് ഉപമിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഉപമകളെക്കൊണ്ട് കവികള്‍ വളരെയധികം പ്രശംസിച്ചിട്ടുള്ള സ്ത്രീരൂപം എത്രയും നിന്ദ്യമായിട്ടുള്ളതാകുന്നു.

കേവല സൗന്ദര്യത്തേയും കവിതയില്‍ പ്രയോഗിക്കപ്പെടുന്ന കാവ്യസൗന്ദര്യയുക്തിയേയും ഒറ്റനോട്ടത്തില്‍ ഭര്‍തൃഹരി അട്ടിമറിക്കപ്പെടുന്നതായി അനുഭവപ്പെടുന്നു. പക്ഷെ ഈ സൗന്ദര്യത്തേയും കാമനകളേയും നിരാകരിക്കപ്പെടുന്നിടത്തെ വൈരാഗ്യവസ്ഥ സര്‍ഗ്ഗാത്മകല്ലെന്ന് പറഞ്ഞുകൊണ്ട് നമുക്ക് ഭര്‍തൃഹരിയെ നിരാകരിക്കാം. എന്നാല്‍ എന്ത് യുക്തിയുപയോഗിച്ചാലും അടുത്തകാലത്ത് നവ മാധ്യമമായ ഫേസ്ബുക്കിലൂടെ സഹൃദയ ശ്രദ്ധയാകര്‍ഷിച്ച വിഷ്ണുപ്രസാദിന്റെ 'ലിംഗവിശപ്പ്' എന്ന കവിതയെ തമസ്‌ക്കരിക്കാന്‍ അവില്ല. ഈ കവിത മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലൊന്നായ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലിംഗത്തിന്റെ വിശപ്പിനോളം ഇതുവരെ ഒരു വിശപ്പും ഉണ്ടായിട്ടില്ലെന്ന് സത്യസന്ധമായ ഒരു സ്റ്റേറ്റ്‌മെന്റ് കാവ്യാത്മകുന്നതിനു പിന്നിലെ ജൈവസത്യം തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. അതുകൊണ്ടാവണം ചെമ്മനം ചാക്കൊയെപ്പോലുള്ള തലമുതിര്‍ന്ന കവികള്‍ വിഷ്ണുപ്രസാദിനെ പുലഭ്യം പറഞ്ഞത്. “എന്ത് എഴുതപ്പെടണം എന്ത് എഴുതപ്പെടരുത് എന്നിങ്ങനെയുള്ള ഒരു സാമാന്യരീതിയും കവിതയുടെ സര്‍ഗ്ഗാത്മകലോകത്ത് നിലവിലില്ല” എന്ന് വാദിക്കപ്പെടുന്നിടത്താണ് 'ലിംഗവിശപ്പ' എന്ന കവിത ജീവിക്കുന്നത്. ആത്മാവിന്റെ നഗ്നതയാണ് പലപ്പോഴും കവിതയുടെ പരമമായ സത്യം. ഏറ്റവും ചുരുങ്ങിയ വാക്കുകളിലൂടെ ആത്മാവ് ഉടലഴിച്ചിടുന്ന സര്‍ഗ്ഗമാന്ത്രികത മലയാളിക്ക് പരിചയപ്പെടുത്തിയത് മാധവിക്കുട്ടിയാണ്. വിഷ്ണുപ്രസാദിന്റെ കവിതയുടെ ചര്‍ച്ചയില്‍ പലരും മാധവിക്കുട്ടിയെ വലിച്ചിഴക്കുന്നതും കണ്ടു. ആ കവിതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കവയത്രി കവിതാബാലകൃഷ്ണന്‍മാത്രമാണ് സത്യസന്ധമായ ഒരു പ്രതികരണം എഴുതിക്കണ്ടത്. ലിംഗത്തിന്റെ വിശപ്പിനെക്കുറിച്ചുള്ള തുറന്നെഴുത്ത് എന്നതിലുപരി അതിന്റെ പൂരുഷകേന്ദ്രീകതമായ, മനുഷ്യത്വരഹിതമായ വൈകൃത ഭാവത്തെ സത്യസന്ധമായ ഒരു ആസ്വാദനത്തിന്റെ തലത്തില്‍ നിന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. നഗ്നതയാണ് സത്യം വസ്ത്രം കാപഠ്യമാണെന്ന പ്രത്യയശാസ്ത്രബോധം പുതുകവിത വായിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്. ഹാസ്യത്തിന്റെ ഉപരിപ്ലവമായ ലോകത്ത് വാക്കുകളുടെ അച്ചുനിരത്തിക്കളിക്കുന്ന ചെമ്മന്നം ചാക്കോയെപ്പോലുള്ളവരുടെ വിമര്‍ശ്ശനങ്ങളെക്കാള്‍ കവിതാ ബാലകൃഷ്ണന്റെതുപോലെയുള്ള സത്യസന്ധമായ നരീക്ഷണത്തിന് പുതുകവിതയുടെ ലോകത്ത് ഏറെ പ്രസക്തിയുണ്ട്.


ഭര്‍തൃഹരിയുടെ 'വൈരാഗ്യവും ചെമ്മനം ചാക്കോയുടെ കപട സദാചാരവും വിഷ്ണുപ്രസാദിന്റെ ആത്മാവിന്റെ സത്യസന്ധയും കവിതയുടെ പോക്കിലെ വിവിധ ഘട്ടങ്ങളാണ്. പക്ഷെ കവിതാ ബാലകൃഷ്ണന്റെ നിരീക്ഷണത്തിലാണ് എഴുത്തിന്റെ ശരിയായ ആത്മാവ് കുടികൊള്ളുന്നത്. ഹിജടയുടെ നഗ്നതയും സുന്ദരിയായ ഒരു പെണ്ണിന്റേയും നഗ്നതയും തമ്മില്‍ എന്ത് അന്തരമാണുള്ളത്. സത്യസന്ധമായി പറഞ്ഞാല്‍ രണ്ടും നഗ്നതതന്നെ.... ഉടലിനെ തുളച്ച് പുറത്ത് ചാടുന്ന ആത്മാവിന്റെ നഗ്നതയാണ് വായനക്കാരന്റെ രസനയില്‍ അമൃതേത്താകുന്നത്. ഒരു ബലാത്സംഗിയുടെ ആത്മഗതത്തെ വിഷ്ണുപ്രസാദ് തുറന്നുപറയുമ്പോഴുള്ള അമ്പരപ്പാണ്  ആ കവിതവായിക്കുമ്പോള്‍ എന്നെ ഭരിച്ചത്. ഉള്ളിലെ മൃഗത്തെ കണ്ടെത്തിയതുകൊണ്ടൊ അത് എഴുതി അത്മാവിനു പുറത്ത് തൂക്കിയിട്ടതുകൊണ്ടൊ ആ കവിത ഉത്പാദിപ്പിക്കുന്ന മനുഷ്യത്വരാഹിത്യത്തെ, പുരുഷകേന്ദ്രീകൃതമായ അധകൃത സ്വഭാവത്തെ വിമര്‍ശിക്കാതിരിക്കാനാവില്ല. പക്ഷെ കവിത എന്ന നിലയില്‍ അത് നിലനിര്‍ത്തുന്ന സ്വത്വത്തെ, അതിന്റെ സാധ്യതകളെ ചോദ്യചെയ്തുകൊണ്ടുള്ള ഏതൊരു വിമര്‍ശനത്തേയും തികഞ്ഞ് അശ്ലീലമെന്നെ ഞാന്‍ വിളിക്കൂ.ലിംഗവിശപ്പ് എന്ന കവിതയിലും എത്രയൊ മനോഹരമാണ് വിഷ്ണുവിന്റെതന്നെ 'ലിംഗരാജ്' എന്ന കവിത. ഉടല്‍ അടിമറിച്ചിടുന്നതാണ് ലിംഗവിശപ്പെങ്കില്‍, അലക്കിതേച്ച് ഇസ്തിരിയിട്ട സമൂഹമത്തിന്റെ അരക്കെട്ടിലെ കുടഞ്ഞെഴെന്നേല്‍ക്കുന്ന മൃഗകാമനകളെ ലിംഗരാജ് വരയ്ക്കുന്നു. ഒരേ സമയം കവിയുടെ വൈയ്യക്തികതയെ തികഞ്ഞ സാമൂഹ്യബോധത്തോടെ പുനരുല്‍പ്പാദിപ്പിച്ചതാണ് ലിംഗരാജ് എന്ന കവിതയ്ക്ക് ബഹുമുഖത്വം പ്രധാനം ചെയ്യുന്നത്. പുതുകവിത തേടുന്ന, തുറന്നുവയ്ക്കുന്ന സത്യസന്ധതയുടെ,  രണ്ടറ്റങ്ങളാണ് 'ലിംഗ വിശപ്പും' 'ലിംഗരാജ്' ഉം.


ഹിമാലയ രാഗങ്ങള്‍

ആത്മാവും പ്രകൃതിയും ഒന്നായ് ഒഴുകിച്ചേരുന്നിടത്താണ് ഒരു തീര്‍ത്ഥാടനം വേറിട്ടൊരു അനുഭുതിയാവുന്നത്. അലൗകികമായ, ആത്മീയ അനുഭൂതിയുടെ പരകോടിയിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന ഒരു സാഹിത്യ സൃഷ്ടിയാണ് എം.ജി. രാധാകൃഷ്ണന്റെ 'ഹിമാലയ രാഗങ്ങള്‍' എന്ന പുസ്തകം. കൈലാസത്തിന്റെ ഹിമകുണ്ഡങ്ങളില്‍ നിന്ന് സുഫുടചെയ്‌തെടുത്ത വാക്കുകളിലൂടെ ഹിമശൈലങ്ങളിലെ പുരന്തരയാത്രകളിലൂടെ മിനുസംവന്ന ആഖ്യാനമിഴിവോടെ ആത്മീയ വെളിച്ചത്തോടെ എഴുതപ്പെട്ട ഒരു സര്‍ഗ്ഗസൃഷ്ടി. വായിക്കുന്നത് നാസ്തികനാണെങ്കിലും മനസ്സ് കേദാരനാഥന്റെ മണ്ണിലെ മഞ്ഞിന്റെ പ്രാര്‍ത്ഥനകളെ ഹൃദയത്തില്‍ ജ്വലിപ്പിക്കും. ഗ്രീന്‍ ബുക്‌സ്. 103 പേജ് വില: 90 രൂപ.


പദ്മനാഭന്‍
പ്ദ്മനാഭന്‍ ഇനിയും കഥകളെഴുതണം. സമകാലിക ജീവിതത്തേയും അതിന്റെ ഭാവുകത്വത്തെയും കണ്ടെത്തി ആവിഷ്‌ക്കരിക്കണം. തന്റെ ആത്മസൗന്ദര്യ തിരികെടാതെ സദാ സൗന്ദര്യപ്രകാശ പുരിതമാകുന്നുവെന്ന് ലോകത്തെ അറിയിക്കണം.
പഴയകാല കഥകള്‍ വായിച്ച് എന്നിലെ വായനക്കാരന്‍ തൊട്ടറിഞ്ഞ പദ്മനാഭന്‍ എന്ന കഥാകൃത്തിന്റെ ആത്മസൗന്ദര്യത്തിന്റെ സ്‌നാപ്പുകള്‍ പഴയ കഥകളോടൊപ്പംതന്നെ ഞാന്‍ പിന്‍ചെയ്തുവച്ചിരിക്കുകയാണ്. എന്നാല്‍ യേശു യുദാസായതുപോലെ പദ്മനാഭന്‍ എന്ന വലിയ കഥാകൃത്ത് 'ഞാനാണ് ഏറ്റവും വലിയ കഥാകൃത്തെന്ന്' ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടെയിരിക്കുമ്പോള്‍ പദ്മനാഭന്‍ തന്നെ എഴുതി സംസ്‌ക്കരിച്ചെടുത്ത വായനക്കാരന്റെ മനസ്സിനുമുന്നില്‍ മാനസികച്ചുരുക്കംവന്ന വമ്പുപറച്ചിലുകാരന്‍ വെറുമൊരു പപ്പേട്ടനായി പദ്മനാഭന്‍ എന്ന മഹാനായ ചെറുകഥാകൃത്ത് ചുരുങ്ങിപ്പോകുന്നു.


കോമഡി
ഏഷ്യനെറ്റ് തുറന്നാല്‍ ഇപ്പോള്‍ കോമഡി എന്നപേരില്‍ നടക്കുന്ന വളിപ്പുകളാണ്. ജഗദീഷും, റിമിടോമിയും, ബാബുരാജും, എം.ജി ശ്രീകുമാറും വളിപ്പുകളുടെ ബ്രാന്‍ഡ് അംമ്പാസിഡര്‍മാരായി അവരോധിക്കപ്പെട്ടിരിക്കുന്നു. പ്രൈമ് ടൈമിന്റെ അന്‍പതുശതമാനവും ഇപ്പോള്‍ കോമഡിഷോ ആണ്. കൈകൊട്ടാന്‍ ഒരു പത്തുമുപ്പതെണ്ണത്തെക്കൂടി ഗാലറിയില്‍ വിളിച്ചുവരുത്തി ഇരുത്തിയിരിക്കുന്നതുകാണാം. വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന ഏല്ലാ വളുപ്പുകള്‍ക്കും കീകൊടുത്ത യന്ത്രപ്പാവകണക്കെ ഇവറ്റകള്‍ കൈയ്യടിക്കുന്നു. ഇനി സീരിയലിനും വേണം കണ്ണീര്‍ത്തൊഴിലാളികള്‍.... നായികയുടെ കൂടെക്കരയാന്‍.

കരയണൊ ചിരിക്കണൊ എന്നറിയാതെ പ്രേക്ഷകന്‍....

2013 ഏപ്രിൽ 15, തിങ്കളാഴ്‌ച

'ഇസ്രായേലിലെ വീഥികളില്‍ കൊഴിഞ്ഞുവീണ ചുവന്ന പൂക്കളും, ഇടപ്പള്ളിയിലെ വീഥികളില്‍ കൊഴിഞ്ഞുവീണ മഞ്ഞപ്പൂക്കളും' - സിത്തി




പ്രണയനഷ്ടവും സ്‌നേഹനഷ്ടവുമാണ് ലോകത്തിലെ വലിയൊരളവോളം ദുഖങ്ങള്‍ക്കുള്ള കാരണം. 'സ്‌നേഹമേ പരം സൗഖ്യം സ്‌നേഹഭംഗലമെ ദുഖം' എന്നാണ് മഹാകവി ജീ പാടിയിരിക്കുന്നത്. യഥാര്‍ത്ഥ പ്രണയത്തിന് ജാതിഭേദമില്ല, ഗോത്രവ്യത്യാസങ്ങളില്ല. ഇണക്കുനേരെ കുതറിത്തെറിക്കുന്ന മൃഗകാമകളെ പ്രണയമെന്ന് തെറ്റീദ്ധരിപ്പിച്ചുകൊണ്ട് പൈങ്കിളിവത്ക്കരിക്കപ്പെട്ടുകൊണ്ടുള്ള ഒരുപാട് സാഹിത്യ സൃഷ്ടികള്‍ കാണാറുണ്ട്. സിനിമയും സീരിയലുകളുമൊക്കെ ഇതേ പൈങ്കിളി വത്ക്കരണത്തിന്റെ വിവിധ സങ്കേതങ്ങളാണ്. ഇതിലൊക്കെ മുഖ്യ വിഷയം പ്രണയമാണ്. പ്രണയത്തെ ഒരതീത സങ്കല്‍പമായി അവതരിപ്പിക്കാനൊ അതിനെ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കിക്കൊണ്ട് പ്രപഞ്ചത്തിന്റെ ഇഴകളെ കൂടുതല്‍ പ്രണയബന്ധിതമാക്കാനൊ കഴിയാത്ത സൃഷ്ടികള്‍ നിരാകരിക്കപ്പെടേണ്ടതാണ്. പ്രണയത്തെ കേവലം കാമനകളുടെ ഉദ്ദീപനവും സാമൂഹ്യ കെട്ടുപാടുകളുമായി, അത് ചെയ്യുന്ന നിരന്തരമായ യുദ്ധങ്ങളെ അതേപടിതന്നെ ചിത്രീകരിക്കുന്ന ഒരുപാട് കഥകള്‍ക്കിടയില്‍ നിന്ന് സിത്തിയുടെ 'ഇസ്രയേലിലെ വീഥികളില്‍ കൊഴിഞ്ഞുവീണ് ചുവന്ന പൂക്കളും, ഇടപ്പള്ളിയിലെ വീഥികളില്‍ കൊഴിഞ്ഞുവീണ മഞ്ഞപ്പൂക്കളും' എന്ന നോവല്‍ വേറിട്ടു നില്‍ക്കുന്നു.

വര്‍ണ്ണവ്യവസ്ഥകളും ഗോത്ര വ്യത്യാസങ്ങളും ചെറിയതോതില്‍ സ്പര്‍ദ്ധയും  നിലനില്‍ക്കുന്നുണ്ടെങ്കിലും മറ്റ് നാടുകളെ അപേക്ഷിച്ച് കേരളത്തിലെ ജീവിതം ഏറെക്കുറെ കാല്‍പനികമാണ്. അത് മറ്റുരാജ്യങ്ങളിലേതുപോലെ സ്‌ഫോടനാത്മകമായ സാഹചര്യത്തിലേക്ക് മാറിയിട്ടില്ല. എന്നിട്ടുപോലും ജാത്യാതീതമായ ചെറിയ ചില വിട്ടുവീഴ്ച്ചകള്‍ക്കുപോലും നമ്മള്‍ അശക്തരാകുന്നു. ഇസ്രയേലില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടിയേറിപ്പാര്‍ത്ത ഒരു ജൂത കുടുംബത്തിലെ ഇഫ്രാത്ത് എന്ന പെണ്‍കുട്ടിയും പുലയ സമൂദായത്തില്‍പ്പെട്ട വാസു എന്ന യുവാവുമായുള്ള അഗാധ പ്രണയത്തിന്റെ കഥയാണ് നോവലിലെ പ്രമേയം. അതോടൊപ്പം വംശവെറിയും മത സ്പര്‍ദ്ധയും മൂലം സ്‌ഫോടനാത്മകമായ സാഹചര്യത്തിലേക്ക് തിരിഞ്ഞ ഇസ്രയേലിലെ ജീവിതങ്ങളേയും, കേരളത്തിലെ കാല്‍പ്പനികമായ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന പ്രദേശികമായ അയിത്തത്തേയും നോവലിസ്റ്റ് തുലനം ചെയ്യുന്നു. ചുവന്ന രക്തപുഷ്പങ്ങള്‍ പൊഴിച്ചിടുന്ന ഇസ്രായേല്‍ കേരളത്തിനുള്ള ഒരു മുന്നറിയിപ്പായാണ് നോവലിസ്റ്റ് ഇവിടെ അവതരിപ്പിക്കുന്നത്. പുലയനായതുകൊണ്ടുമാത്രം പ്രണയനഷ്ടം അനുഭവിക്കേണ്ടി വരികയും ജീവനു തുല്യം സ്‌നേഹിക്കുന്ന പ്രണയിനിയെ സ്വമനസ്സാലെ കൈയ്യൊഴിയേണ്ടി വരികയും, നീറി നീറി മരിക്കേണ്ടി വരികയും ചെയ്ത വാസു. അവനുവേണ്ടി ജീവന്റെ ഓരോ കണികയും സമര്‍പ്പിച്ച ഇഫ്രാത്ത് എന്ന ജൂതപെണ്‍കുട്ടി. യാഥാസ്ഥിതികമായ സാമൂഹ്യ നിലപാടുകളേയും ധാരണകളേയും മറികടക്കാനാവാതെ പോകുന്ന ജൂത കുടുംബാംഗങ്ങള്‍. ഒറ്റനോട്ടത്തില്‍ ഒരു ജനപ്രിയ സിനിമയുടെ എല്ലാ ഘടകങ്ങളുമുള്ള ഒരു നോവല്‍ എന്നേ തോന്നു. പക്ഷെ മനുഷ്യന്റെ വേരുകളേയും, അസ്തിത്വത്തേയും, വംശവെറികളേയുമൊക്കെ ഒരുദൃശ്യമായ അശാന്തിയായി നോവലിസ്റ്റ് നോവലിലുടനീളം നിലനിര്‍ത്തുന്നു. വാസുവിന്റെ വേര്‍പാടില്‍ മാനസിക നില തെറ്റിയ ഇഫ്രാത്ത് പിന്നീട് ഒരു ജൂതനെ വിവാഹം കഴിച്ച് രക്തമുണങ്ങാത്ത ഇസ്രയേലിലേക്ക് പോകാന്‍ വിധിക്കപ്പെടുന്നു. അവിടെ നിന്നാണ് ഇഫ്രാത്തിന്റെ ഓര്‍മ്മകളിലൂടെ ഇടപ്പള്ളിയില്‍ കൊഴിഞ്ഞു വീഴുന്ന മഞ്ഞപ്പൂക്കളെക്കുറിച്ച നോവലിസ്റ്റ് പറയുന്നത്. രണ്ടു ഭൂഖണ്ഡങ്ങളുടെ സമകാലികാവസ്ഥകളെ തുലനം ചെയ്യുക മാത്രമല്ല ഒരാത്മീയ പ്രണയത്തെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കുന്നതിലും നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.

നോവലിലുടനീളം പ്രദര്‍ശിപ്പിക്കുന്ന ദൃശ്യപരതയെ അഭിനന്ദിക്കുമ്പോള്‍തന്നെ ചിലയിടങ്ങളിലെങ്കിലും ക്ലീഷെ ആയിപ്പോകുന്ന ഒരനുഭവം ഉണ്ടാകുന്നുണ്ട്. പ്രായത്തിന് യോജിക്കാത്ത യുക്തിഭദ്രമല്ലാത്തതുമായ സംഭാഷണങ്ങളും സിനിമാറ്റിക് രംഗങ്ങളും ചിലയിടത്തെങ്കിലും വയനക്കാരനെ തെല്ല് ചെടിപ്പിക്കുന്നു. പ്രണയത്തിന്റേയും വംശഭീകരതയുടേയും ഇഴകളെ നോവലിന്റെ അവസാനം വരെ പൊട്ടാതെ നിലനിര്‍ത്തുന്നതുകൊണ്ട് വായനക്കാരനെ ഒട്ടും ബോറടിപ്പിക്കാതെ വായിപ്പിക്കുന്നുണ്ട് ഈ നോവല്‍.

മലയാള നോവല്‍ സാഹിത്യത്തില്‍ ഈ അടുത്ത കാലങ്ങളില്‍ ഉണ്ടായ നവഭാവുകത്വങ്ങളുമായി ഇതിനെകൂട്ടിക്കെട്ടാന്‍ ആവുകയില്ലെങ്കിലും നിലച്ചുപോയ വായനയെ തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ള ഒരു നോവല്‍. ഒരുപാടൊന്നും തരുന്നില്ലെങ്കിലും നമ്മില്‍ നിന്ന് നല്ലതൊന്നും ഒഴുക്കിക്കളയാതെ അനശ്വര പ്രണയത്തിന്റെ പ്രതീകമായി വാസുവിനേയും ഇഫ്രാത്തിനേയും അനുവാചക ഹൃദയങ്ങളില്‍ കൊത്തിവയ്ക്കാന്‍ സിത്തി എന്ന ഈ പുതിയ എഴുത്തുകാരിക്കും കഴിഞ്ഞിരിക്കുന്നു.


'ഇസ്രായേലിലെ വീഥികളില്‍ കൊഴിഞ്ഞുവീണ ചുവന്ന പൂക്കളും,
ഇടപ്പള്ളിയിലെ വീഥികളില്‍ കൊഴിഞ്ഞുവീണ് മഞ്ഞപ്പൂക്കളും'

- സിത്തി
ഡി.സി. ബുക്‌സ്, കോട്ടയം
വില: 75 രൂപ
128 പേജ്

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച

ഇന്ത്യയില്‍ മൂല്യബോധമുള്ള ബൂര്‍ഷ്വാസികള്‍ പിറന്നിട്ടില്ല; പിറക്കുകയുമില്ല.


ഹൈന്റിച്ച് ഗൈംകോവ് എഴുതിയ ''കാള്‍ മാര്‍ക്‌സ്-ജീവചരിത്രം'' എന്ന ഗ്രന്ഥം ഉണര്‍ത്തിയ ചില ചിന്തകള്‍
ഭൗതിക വികാസങ്ങളാണ് ലോകത്തിന്റെ സാമ്പത്തിക ചരിത്രത്തെ രൂപപ്പെടുത്തുന്നത്. ലോകത്തിന്റെ സാമ്പത്തിക ചരിത്രം പഠിക്കുമ്പോള്‍ ശാസ്ത്രരംഗത്തെ പുത്തന്‍ കണ്ടുപിടുത്തങ്ങളും അത് സൃഷ്ടിച്ചെടുത്ത വ്യാവസായിക വിപ്ലവങ്ങളും പൗരാണികമായ സാമ്പത്തിക കേന്ദ്രങ്ങളെ തകര്‍ക്കുകയും ഒരു പുതിയ സാമ്പത്തിക അനുക്രമം ലോകത്ത് സൃഷ്ടിക്കുകയും ചെയ്തതായി നാം മനസ്സിലാക്കുന്നു. യൂറോപ്പില്‍ സാമ്പത്തിക അനുക്രമങ്ങള്‍ക്ക് ഒരു കൃത്യതയുണ്ട് ഒരു ജൈവ സ്വഭാവമുണ്ട്. വിശദമായി പറഞ്ഞാല്‍, ഫ്രാന്‍സിലും, ജര്‍മ്മനിയിലുമുണ്ടായിരുന്ന രാജവാഴ്ച-നാടുവാഴി-ഫ്യൂഡല്‍ ദുഷ്പ്രഭുത്വത്തിന്റെ കാലഘട്ടത്തിനുശേഷം സാമൂഹ്യമണ്ഡലത്തില്‍ വ്യാവസായിക വിപ്ലവം സമൂലമായ ഒരു മാറ്റം സൃഷ്ടിച്ചു. അതിന്റെ ഉല്‍പന്നമാണ് യൂറോപ്പില്‍ വളര്‍ന്ന് വന്ന ബൂര്‍ഷ്വാസികള്‍. സ്വതന്ത്രമായ വ്യാവസായികോത്പാദനത്തിനും, വിപണനത്തിനും സഹായകമായ ഒരു ജനാധിപത്യക്രമത്തിന് വേണ്ടി അവര്‍ ഫ്യൂഡല്‍-നാടുവാഴി യാഥാസ്ഥിതിക അസമത്വങ്ങള്‍ക്കെതിരെ പുതിയ ആശയ സമരങ്ങള്‍ ആരംഭിച്ചു. അതിനുശേഷമാണ് മാര്‍ക്‌സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ലീഗ് പല രാജ്യങ്ങളേയും ഒരു സാംസ്‌കാരിക സാമ്പത്തിക വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. ഞാന്‍ ആദ്യമെ സൂചിപ്പിച്ച ''സാമ്പത്തിക അനുക്രമം'' യൂറോപ്യന്‍ രാജ്യങ്ങളില്‍ ജൈവീകമായി സംഭവിച്ചു. അതുകൊണ്ടുതന്നെയാണ് മാര്‍ക്‌സിനും അദ്ദേഹത്തിന്റെ വിപ്ലകാരികള്‍ക്കും ഒരു സോഷ്യലിസ്റ്റ് സങ്കല്‍പത്തെ ലോകത്തിനു മുന്നില്‍ വയ്ക്കാനായത്. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തെ ചികഞ്ഞുനോക്കുമ്പോള്‍ ഈ ഒരു ''അനുക്രമം'' കാണാന്‍ കഴിയില്ല. ഹൈന്റിച്ച് ഗൈംകോവ് എഴുതിയ ''കാള്‍ മാര്‍ക്‌സ് -ജീവചരിത്രം'' എന്ന ഗ്രന്ഥം വായിക്കുമ്പോഴാണ് എന്റെ ഈ സംശയം ബലപ്പെട്ടത്. ജര്‍മ്മനിയിലും ഫ്രാന്‍സിലും ബ്രസ്സല്‍സ്സിലുമായി വ്യാപിച്ചുകിടക്കുന്ന മാര്‍ക്‌സിന്റെ വിപ്ലവസമരബഹുലമായ ജീവിതത്തെ വായിച്ചെടുക്കുമ്പോള്‍ മാര്‍ക്‌സ് എന്ന മനുഷ്യന്റെ ജീവിതം കടുന്നുപോയ സാമ്പത്തിക അനുക്രമങ്ങള്‍ ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തെ അനിവാര്യമാക്കുകയും മാര്‍ക്‌സിനെപോലെ ഇച്ഛാശക്തിയുള്ള ഒരു വലിയ വിപ്ലവകാരി ഒരു നിയോഗംപോലെ സോഷ്യലിസ്റ്റ് ചിന്തകളെ കൂടുതള്‍ ബലപ്പെടുത്തി. പക്ഷെ ഇന്ത്യയില്‍ അന്ന് ജര്‍മ്മനിയിലും ഫ്രാന്‍സിലുമുണ്ടായിരുന്നതുപോലെത്തെ സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ രാജവാഴ്ച-നാടുവാഴി-ഫ്യൂഡല്‍ കാലഘട്ടത്തിനുശേഷം പുതിയ ഒരു ആശയ സമരങ്ങളുമായി ഒരു ബൂര്‍ഷ്വാസംസ്‌ക്കാരത്തിലേക്ക് ഇന്ത്യന്‍ സാഹചര്യങ്ങള്‍ വഴിപിരിഞ്ഞിട്ടില്ല. അതിനുമാത്രമുള്ള വ്യാവസായിക വിപ്ലവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ലാത്തതാവാം ഇതിനു കാരണം. ലോകത്തിന്റെ ശാസ്ത്രീയ നേട്ടങ്ങളെ ആര്‍ജ്ജിക്കാനും ഒരു ബൂര്‍ഷ്വാ ജനാധിപത്യ മൂല്യചിന്തനം രൂപപ്പെടുത്തിയെടുക്കാന്‍ മാത്രമുള്ള സാവകാശം ഇന്ത്യക്ക് ലഭിച്ചിരുന്നുമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഫോയര്‍ബാഹിയന്മാരും ഹെഗലിയന്മാരും ഉണ്ടായതേയില്ല. രണ്ട് പതിറ്റാണ്ടുകാലം യൂറോപ്യന്‍ അധിനിവേശത്തിലമര്‍ന്നുപോയ ഇന്ത്യ, ഈ സാമ്പത്തിക അനുക്രമങ്ങള്‍ക്ക് പുറത്താണ് നിലകൊണ്ടത്. അതുകൊണ്ട് ഇന്ത്യക്ക് സംഭവിച്ചതെന്താണ്?. ഫ്യൂഡല്‍ കാലഘട്ടത്തിന്റെ വ്യവസ്ഥാപിത കാഴ്ച്ചപ്പാടുകള്‍ക്ക് ശേഷം ഇവിടെ ഒരു ബൂര്‍ഷ്വാ സംസ്‌ക്കാരം വേരുപിടിച്ചില്ല. ഇതുമൂലം ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ വലിയൊരു തൊഴിലാളി-സാംസ്‌ക്കാരിക വിപ്ലവം ഉണ്ടാകാനുള്ള സാധ്യത ഇല്ലാതെപോയി. എന്റെ അഭിപ്രായത്തില്‍ ഫ്യൂഡലിസത്തിനുശേഷം യൂറോപ്പിലും മറ്റുമുണ്ടായതുപോലെ ഒരു സ്വതന്ത്ര ബൂര്‍ഷ്വാ മുല്യബോധം ഇവിടെ ഉണ്ടാവണമായിരുന്നു. പക്ഷെ അതിനുപകമായി ഇന്ത്യയില്‍ അതുവരെ നിലനിന്നിരുന്ന ഫ്യൂഡലിസത്തിന്റെ തന്നെ മറ്റൊരു പകര്‍പ്പുപോലെ ഒരു Adopted Burshuaism  ഇവിടെ ഉണ്ടായി. ഈ വ്യവസ്ഥിതിയിലെ ബൂര്‍ഷ്വാസിക്ക് ജര്‍മ്മനിയിലും മറ്റും അന്നുണ്ടായിരുന്ന ബൂര്‍ഷ്വാസിയെപോലെ ഒരു മൂല്യബോധമുണ്ടായിരുന്നില്ല. അത് ഫലത്തില്‍ പഴയ ഫ്യൂഡലിസം തന്നെയായിരുന്നു. ഇന്ത്യന്‍ മനസ്സില്‍ ആഴത്തില്‍ വേരോടിയിരുന്ന ഫ്യൂഡല്‍ ചിഹ്നങ്ങളെ വേറൊരു രൂപത്തില്‍ അടിയാളരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും അടക്കിഭരിക്കാനുമുള്ള ഒരുപാധിയായി മൂലധനത്തേയും ഉത്പാദന ശക്തികളേയും ഇന്ത്യന്‍ ജന്മികള്‍ ഉപയോഗിച്ചു. അതുകൊണ്ടുതന്നെ ഇവിടെ ഒരു ഹെഗലിയന്‍, ഫോയര്‍ബാഹിയന്‍ ചിന്തകളുടെ വേരോട്ടമൊ അതുമായി തൊഴിലാളി വര്‍ഗ്ഗബോധത്തിന്റെ ഉരസ്സലുകളൊ ഉണ്ടായിട്ടില്ല. സ്വാകാര്യസ്വത്തിനെക്കുറിച്ച് ആഴത്തിലുള്ള യുക്തിചിന്തകള്‍ക്കപ്പുറം തൊഴിലാളി ഒരു ജന്മി-ബൂര്‍ഷ്വാ സംസ്‌ക്കാരവുമായി ചെറിയ ചില ആശസമരങ്ങളും പ്രത്യയശാസ്ത്ര ചിന്തകളുമായി വിപ്ലവത്തിന്റേതെന്ന് തോന്നിക്കുന്ന ചില പരികല്‍പ്പനകള്‍ മാത്രമെ ഇവിടെ നിലനിന്നിരുന്നുള്ളു. അതുകൊണ്ടാണ് ഇന്ത്യന്‍മണ്ണില്‍ കമ്മ്യൂണിസം വേരോടാതെ പോയത്. നിയോ കോളോണിയല്‍ കാലഘട്ടത്തിന്റെ അധിനിവേശത്തെ തിരിച്ചറിയാന്‍പോലും കൂട്ടാക്കാത്ത നിതാന്തമായ നിദ്രയിലേക്ക് ഇന്ത്യയുടെ പ്രത്യയശാസ്ത്രബോധങ്ങള്‍ ഇന്ന് നിപതിച്ചുകഴിഞ്ഞിരിക്കുന്നു.

മാര്‍ക്‌സിയന്‍ ജീവചരിത്രവും യൂറോപ്പിലെ സാമ്പത്തിക ''അനുക്രമവും''
പ്രഷ്യയില്‍ തന്റെ ''റൈനിഷ് സൈതുങ്'' എന്ന പത്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നതിനുശേഷം ഫ്രാന്‍സിലേക്ക് പാലായനം ചെയ്ത മാര്‍ക്‌സ് അതുവരെ തന്റെ ചിന്തകളും വിപ്ലവ പ്രവര്‍ത്തനങ്ങളും യാഥാസ്ഥിതിക നാടുവാഴി ദുഷ്പ്രഭുത്വത്തിനെതിരെയായിരുന്നു തിരിച്ചുവിട്ടിരുന്നത്. ഒരു യുവ ഹെഗലിയനായിരുന്ന മാര്‍ക്‌സ് തന്റെ മനസ്സില്‍ സ്വകാര്യസ്വത്തിനെക്കുറിച്ചും അധ്വാനത്തിന്റെ  ജൈവസത്തയെക്കുറിച്ചും ദ്രവ്യത്തിലധിഷ്ഠിതമായ-യുക്തിഭദ്രമായ വൈരുദ്ധ്യാത്മക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുമൊക്കെ വലിയ ചിന്താവ്യതിയാനങ്ങളുണ്ടാക്കുന്നത് ഫ്രാന്‍സില്‍ വച്ചാണ്. അതുവരെ മാര്‍ക്‌സ് ഒരു ബൂര്‍ഷ്വാ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ബൂര്‍ഷ്വാ ജനാധിപത്യം വന്നതിനുശേഷവും ഇഗ്ലണ്ടിലും മറ്റും തൊഴിലാളിയുടെ ജീവിതത്തില്‍ പറയത്തക്ക ഒരു മാറ്റവും ഉണ്ടായില്ല. മാത്രവുമല്ല പഴയതിലും പരിതാപകരമായ സ്ഥിതിയിലേക്ക് ബൂര്‍ഷ്വാ വ്യവസ്ഥതിയില്‍ തൊഴിലാളികള്‍ കൂടുതല്‍ പീഢനങ്ങള്‍ ഏറ്റുവാങ്ങുന്ന ദയനീയ സ്ഥിതിയെ ഇഗ്ലണ്ടിലും മറ്റും പോയി മാര്‍ക്‌സ് നേരിട്ട് വിലയിരുത്തി. അതിനുശേഷമാണ് ലോകത്ത് മാര്‍ക്‌സിന്റെ നേതൃത്വത്തില്‍ ഒരു തൊഴിലാളി സര്‍വ്വാധിപത്യ സോഷ്യലിസ്റ്റ് ചിന്ത ഉരുവം കൊള്ളുന്നത്.
ജര്‍മ്മനിയിലും, ഫ്രാന്‍സിലും, ഇഗ്ലണ്ടിലുമൊക്കെ ഉണ്ടായതുപോലുള്ള ഒരു സാമ്പത്തിക അനുക്രമം ഇന്ത്യയില്‍ ആസാധ്യമായിരുന്നു. ഇന്ത്യയില്‍ ഒരു സാമ്പത്തിക പരിവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ല എന്നുതന്നെ പറയാന്‍ ഞാനിഷ്ടപ്പെടുന്നു. ഒരു ആശയാടിത്തറയുമില്ലാത്ത ലാഭക്കൊതിയന്മാരായ പുതിയൊരു ബൂര്‍ഷ്വാ സമൂഹത്തെ മാറ്റിനിര്‍ത്തിയാല്‍ ഇവിടെ വളര്‍ന്നുവന്ന എല്ലാ ബൂര്‍ഷ്വാസികളും പഴയ നാടുവാഴികളുടെ മറ്റൊരു പതിപ്പായിരുന്നു. അവരോട് ഇവിടുത്തെ തൊഴിലാളികള്‍ പുലര്‍ത്തുന്ന വിധേയത്വം പഴയ ഫ്യൂഡല്‍ മാതൃകയിലുള്ള ഒന്നാണ്. വലിയ വിപ്ലവ സമരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുള്ള കേരളത്തിലും ബംഗാളിലുമൊക്കെ ബൂര്‍ഷ്വാസിയോട് തൊഴിലാളി വര്‍ഗ്ഗം പിന്‍തുടരുന്നത് ഒരു അടിയാള സംസ്‌ക്കാരമാണ്. ഒരു നിയോ ബൂര്‍ഷ്വായിസം ഇവിടെ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. അത് യൂറോപ്പിലെ ബൂര്‍ഷ്വായിസത്തില്‍ നിന്ന് തുലോം വ്യത്യസ്ഥമാണ്. തൊഴിലാളിയുടെ വര്‍ഗ്ഗബോധത്തെ ഇല്ലായ്മചെയ്യുന്നരീതിയില്‍ ഒരു അടിയാള-മധ്യവര്‍ഗ്ഗ-തൊഴിലാളി സംസ്‌ക്കാരം ഇവിടുത്തെ മുതലാളി വര്‍ഗ്ഗം രൂപപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളിതന്നെയാണ് മുതലാളി എന്ന് ഓരോ തൊഴിലാളിയേയും തോന്നിപ്പിക്കുന്ന രീതിയില്‍ അവന്റെ വര്‍ഗ്ഗബോധത്തെ തിരിച്ചറിയാതെ ഒരു മോഹാലസ്യത്തിനകത്തേക്ക് ചുരുക്കിക്കൊണ്ടുവരാന്‍ ഇവിടുത്തെ നിയോ ബൂര്‍ഷ്വാ സംസ്‌ക്കാരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി employee stock ownership plan (ESOP) പോലെയുള്ള ചില ചെപ്പടിവിദ്യകളിലൂടെ തൊഴിലാളിയുടെ വര്‍ഗ്ഗബോധത്തിന്റെ പത്തി തല്ലിക്കെടുത്താന്‍ ഇവിടുത്തെ മുതലാളിമാര്‍ക്ക് കഴിഞ്ഞു. സാങ്കേതിക തൊഴില്‍മേഖലയിലുള്ള ഒരു കൂട്ടം തൊഴിലാളികള്‍ക്ക് ശമ്പളമായി അഞ്ചക്ക ശമ്പളം വാരിക്കോരിക്കൊടുക്കുകയും പിന്നീട് ഇതേ മുതലാളിമാര്‍ തന്നെ വിഭാവനം ചെയ്ത ഒരു ജീവിത ശൈലി (life style) തൊഴിലാളികളില്‍ അടിച്ചേല്‍പ്പിക്കുകയും അവന്റെ ഉപഭോഗ ചാപല്യങ്ങളെ ചൂഷണംചെയ്തുകൊണ്ട് ചിലവായ പണത്തെ അതേപടി തിരിച്ചു പിടിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ ഇവിടെ ഇന്ന് നടക്കുന്നുണ്ട്. അതുകൊണ്ടാണ് ലോകത്തെവിടെയെങ്കിലും ചെറിയൊരു സാമ്പത്തിക മാന്ദ്യം വരുമ്പോഴേക്കും ഐ.ടി. മേഖലയിലെ തൊഴിലാളികള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തകള്‍ നമുക്ക് വായിക്കേണ്ടിവരുന്നത്. വാരിക്കോരി കൊടുക്കുകയും ത്രന്ത്രപൂര്‍വ്വം തിരിച്ചുപിടിക്കുകയും ചെയ്തുകൊണ്ട് അഭ്യസ്ഥവിദ്യരായ ഒരു തൊഴിലാളി സമൂഹത്തെ വെറും ഉപഭോഗ ചപലന്മാരാക്കി മുതലാളിമാര്‍ നിലനിര്‍ത്തുന്നു. ഈ അസംഘടിത തൊഴിലാളികള്‍ക്ക് ഒരുകാലത്തും വര്‍ഗ്ഗബോധമുണ്ടാകാന്‍ പോകുന്നില്ല.

ഇന്ത്യയുടെ സാമ്പത്തിക ക്രമം കമ്മ്യൂണിസത്തിന് അനുകൂലമായിരുന്നില്ല
ഹൈന്റിച്ചിന്റെ മാര്‍ക്‌സ് ജീവചരിത്രത്തില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു ''എല്ലാവിധ ചൂഷണത്തില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നും കഷ്ടപ്പാടുകളനുഭവിക്കുന്ന സ്വജനങ്ങള്‍ക്ക് എത്രയും വേഗം മോചനം കിട്ടണം എന്നതായിരുന്നു മാര്‍ക്‌സിന്റെ ഒരേയൊരാഗ്രഹം. എന്നാല്‍ സ്വാഭിലാഷസ്വപ്നങ്ങളുടെ പ്രലോഭനത്തിനു വഴങ്ങാന്‍ അദ്ദേഹം ഒട്ടും തയ്യാറില്ലായിരുന്നു. വരാന്‍ പോകുന്ന വിപ്ലവം, സാരാംശത്തില്‍, ആദ്യം ഒരു ബൂര്‍ഷ്വാജനാധിപത്യവിപ്ലവമാകാനേ തരമുള്ളു എന്ന് അദ്ദേഹം കണ്ടു. അന്ന് ജര്‍മ്മനിയില്‍ നാടുവാഴികളില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ ശേഷിയുള്ള ഒരൊറ്റ വര്‍ഗ്ഗമെ ഉണ്ടായിരുന്നുള്ളു-ബൂര്‍ഷ്വാസി. എന്നാല്‍ ബൂര്‍ഷ്വാജനാധിപത്യ വിപ്ലവത്തിന്റെ പിന്നാലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവം വരുന്നുണ്ടെന്ന് അദ്ദേഹം അന്നേ മനസ്സിലാക്കി''.

മാര്‍ക്‌സ് സ്വപ്നം കണ്ടിരുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവം സാധ്യമാകുന്നതിന് റഷ്യയിലും മറ്റും ചില ജൈവ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. അതി ശക്തനും അവനവനു ചേരുംപടി ചേര്‍ന്ന ഒരു മൂല്യബോധവുമുള്ള ബൂര്‍ഷ്വാസിയുടെ ശക്തമായ ജനാധിപത്യത്വര തൊഴിലാളി വിപ്ലവത്തെ അനായാസമാക്കി. അതുകൊണ്ടാണ് ഒരു തെഴിലാളി വിപ്ലവം ആദ്യം പൊട്ടിപ്പുറപ്പെടാനുള്ള എല്ലാ സാധ്യതയും ഇഗ്ലണ്ടിലുണ്ടെന്ന് മാര്‍ക്‌സ് വിലയിരുത്തി. കാരണം ഇഗ്ലണ്ടിലെ ബൂര്‍ഷ്വാസിയുടെ ജനാധിപത്യ ത്വര അത്രയ്ക്കുണ്ടായിരുന്നു. ഇത്രയ്ക്ക് ശക്തമായ ഒരു ബൂര്‍ഷ്വാസംസ്‌ക്കാരം ഇന്ത്യയില്‍ രൂപം കൊണ്ടിട്ടില്ല. ഇവിടുത്തെ മൂലധന-ഉത്പാദന സംവിധാനങ്ങളെ എക്കാലവും കൈവശം വച്ചനുഭവിച്ചുപോന്നത് ഇവിടെ പല രൂപത്തില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ പ്രഭുക്കന്മാരായിരുന്നു എന്നത് ഒരു സത്യമാണ്. ഇന്ന് ഇന്ത്യയില്‍ പിന്നീട് രൂപപ്പെട്ട ജനാധിപത്യത്തെ പിടിച്ചടക്കാനും അടക്കി ഭരിക്കാനും ഫ്യൂഡലിസ്റ്റുകള്‍ക്ക് ഒരു ബൂര്‍ഷ്വാ മുഖം അത്യാവശ്യമായിരുന്നു. ഈ രൂപമാറ്റം വന്ന ഫ്യൂഡല്‍-ബൂര്‍ഷ്വാസികളാണ് ഇന്ന് ഇന്ത്യഭരിക്കുന്നത്. ഈ ഫ്യൂഡല്‍ വിധേയത്വമാണ് ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതിയെ തകടം മറിക്കുന്നത്. അടുത്തകാലത്ത് കേരളത്തിലെ മുക്കുവന്മാരെ വധിച്ച ഇറ്റാലിയന്‍ കൊലയാളി നാവികരെ ക്രിസ്സ്മസ്സ് ആഘോഷിക്കാനും വോട്ടുചെയ്യാനും ഇഷ്ടപോലെ അവരുടെ സ്വദേശത്തേക്ക് തിരിച്ചയക്കുകയും തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദങ്ങളുമുണ്ടായി. വലിയ വീട്ടിലെ പയ്യന്മാര്‍ക്ക് കര്‍ശനമായ ശിക്ഷാവിധികളിലൂടെ വല്ലാതെ കഷ്ടപ്പെടുത്തുന്നത് ഇന്ത്യക്കാര്‍ സഹിക്കുന്നില്ല.
ദേശദ്രോഹികളില്‍ നിന്ന് ആയുധം കൈപ്പറ്റിയ സഞ്ജയ് ദത്തിന് വെറും മൂന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഇന്ത്യയിലെ സാധാരണ ജനമടക്കം എല്ലാവരും സഞ്ജയ് ദത്തിനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ലക്ഷ്വറി ജയിലുകളും, അഴിമതിക്കാരായ രാഷ്ട്രീയ മേലാളന്മാക്ക് ഉണ്ണുന്നിടത്തും മുള്ളുന്നിടത്തും പോലീസ് കാവലും, ജയില്‍ ശിക്ഷയനുഭവിക്കുന്ന അഴിമതിക്കാര്‍ക്ക് മാസാമാസം നല്‍കുന്ന പരോളുകളുമൊക്കെ നമ്മുടെ നീതി സമത്വത്തിനുള്ളിലെ അഴുകിയ മുറിവുകളായി നമ്മളാരും ഉള്‍ക്കൊള്ളുന്നതേയില്ല. ഇരകളെക്കാള്‍ വേട്ടക്കാരോട് സഹതാപമുള്ള ഭരണാധികാരികള്‍ നമ്മുക്കുണ്ടാകുന്നത് ഇവിടുത്തെ നിയോ ബൂര്‍ഷ്വായിസത്തിന്റെ അനന്തര ഫലമാണ്. അറുപതോളം രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട എന്‍ഡൊ സള്‍ഫാന്‍ എന്ന കൊടിയ വിഷംമൂലം ഒരു ഒരു ഗ്രാമംമുഴുവന്‍ ദുരിതമനുഭവിക്കുമ്പോള്‍, നിരോധനം മൂലം കീടനാശിനി വ്യവസായത്തിന് വന്നേക്കാവുന്ന കോടികളുടെ നഷ്ടത്തെക്കുറിച്ച് സഹതാപം പൂണ്ട് ലോകരാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ വേട്ടക്കാര്‍ക്ക് വേണ്ടി വാദിക്കുന്ന ഒരു ഭരണസംവിധാനം പരിണാമം സംഭിക്കാത്ത ഒരു സാമ്പത്തിക ക്രമത്തിന്റെ ഉദാഹരണമാണ്. ''തമ്പ്രാനെന്ന് വിളിപ്പിക്കും, പാളയില്‍ കഞ്ഞികുടുപ്പിക്കും'' എന്ന മേലാളന്‍ ഫ്യൂഡല്‍ മനോഭാവംതന്നെയാണ് ഇവിടുത്തെ ബൂര്‍ഷ്വാസികളിരിക്കുന്ന ഭരണകൂടത്തിന്. ഒരു സാമ്പത്തിക സാമൂഹിക വിപ്ലവവും ഇവിടെ ഉണ്ടായിട്ടില്ല എന്നതിന്റെ നേര്‍ സാക്ഷ്യമാണിത്. ഒരു ഭൂപരിഷ്‌ക്കരണംകൊണ്ടൊ ഒരു വിദ്യാഭ്യാസ ബില്ലുകൊണ്ടൊ ഇവിടുത്തെ സാമ്പത്തിക ക്രമങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ നമ്മുക്കായില്ല എന്നതിന്റെ തെളിവാണ് തഴച്ചുവളരുന്ന ഇവിടുത്തെ ഭൂമാഫിയകളും വിദ്യാഭ്യാസ കച്ചവടക്കാരും.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും സാമ്പത്തിക അനുക്രമവും
ഇന്ത്യയില്‍ വേറിട്ടുനില്‍ക്കുന്ന മൂല്യാധിഷ്ഠിതമായ ഒരു സാമ്പത്തിക ക്രമം ഇല്ലാതെപോയത് തിരിച്ചറിയാന്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. വൈദേശിക അധിനിവേശത്തിന് ശേഷം ഇന്ത്യ ജനാധിപത്യവത്ക്കരിക്കപ്പെട്ടപ്പോള്‍ ഇവിടുത്തെ മുലധനവും ഉത്പാദനശക്തികളും ആരാണ് കൈപ്പിടിയല്‍ ഒതുക്കാന്‍ പോകുന്നത്?, ഇവിടെ സ്ഥാപിക്കപ്പെട്ട ജനാധിപത്യവ്യവസ്ഥിതിയില്‍ പഴയ ഫ്യൂഡല്‍ പ്രഭുക്കള്‍ ഇടപെടുക ഏതു രൂപത്തിലായിരിക്കും? എന്നത് തിരിച്ചറിയാന്‍ കമ്മ്യൂണിസ്റ്റുകാരന്‍ ശ്രമിച്ചില്ല. അതിനു പകരം പാര്‍ട്ടിയെ പാര്‍ലമെന്റിസവുമായി കൂട്ടിക്കെട്ടാനുള്ള അധികാര ചാപല്യമായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കാള്‍ക്ക് ഉണ്ടായിരുന്നത്. പിന്നീട് പാര്‍ട്ടി ഈ ജനാധിപത്യ ജീര്‍ണ്ണതകളുടെ ഭാഗമായി മാറുന്നത് നമ്മള്‍ കണ്ടു. കെ.ജി. ഗ്യാസ് ബേസിന്‍ പ്രശ്‌നത്തില്‍ റിലയന്‍സ് സഹോദരന്മാര്‍ തമ്മിലടിച്ചപ്പോഴും, കോള്‍പ്പാടങ്ങള്‍ പരമ്പരാഗത ബൂര്‍ഷ്വാ കമ്പനികള്‍ തീറെഴുതി എടുത്തപ്പോഴും, ടൂജി കുംഭകോണങ്ങളില്‍ ഇന്ത്യ മുങ്ങിപ്പോയപ്പോഴും നല്ലൊരു സമരായുധമില്ലാതെ, മൂര്‍ച്ചയില്ലാത്ത ജനാധിപത്യ സമരായുധങ്ങള്‍പോലും ശരിക്ക് പ്രയോഗിക്കാന്‍ പഠിക്കാതെ കമ്മ്യൂണിസ്റ്റുകള്‍ ചുണകെട്ടമരുന്ന ദയനീയമായ കാഴ്ച നമ്മള്‍ കണ്ടു. ഫ്യൂഡലിസ്റ്റുകള്‍ തന്നെ ജനാധിപത്യത്തെ വ്യഭിചരിക്കുന്ന പുതിയ ബൂര്‍ഷ്വാസികളായി പുനരവതരിച്ചപ്പോള്‍ നമ്മുടെ ജൈവീകമായ സാമ്പത്തികം ക്രമം തകര്‍ന്നടിഞ്ഞു. മൂലധനത്തേയും ഉത്പാദന ശക്തികളേയും തിരിച്ചുപിടിക്കുകയും ഒരു തൊഴിലാളി വര്‍ഗ്ഗബോധത്തെ ഉണര്‍ത്തിക്കൊണ്ടുവരികയും ചെയ്യണമെങ്കില്‍ ഇന്തയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍  ആദ്യം അതിന്റെ ജനാധിപത്യ ജീര്‍ണ്ണതകളില്‍ നിന്ന് പുറത്തുകടക്കണം. മഹാരാഷ്ട്രയിലും യൂപിയിലും വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നത് വോട്ടര്‍മാര്‍ക്ക് മദ്യവും പണവും നല്‍കിയാണ്. ഇതേ രാഷ്ട്രീയപാര്‍ട്ടികളുമായി ഇടുതുപാര്‍ട്ടികള്‍ ബാന്ധവമുണ്ടാക്കുന്നതും നാം കണ്ടു. കൂടംകുളത്തും ജയ്താപൂരിലും തദ്ദേശിയര്‍ ജീവന്മരണ സമരത്തിലേര്‍പ്പെടുമ്പോള്‍ അവനവന്‍ തന്നെ സൃഷ്ടിച്ച ജീര്‍ണ്ണതകളുടെ കമ്പോസ്റ്റുകുഴിയിലെ മണ്ണിരകളായി കമ്മ്യൂണിസ്റ്റുകാര്‍ അഴുകുന്ന കാഴ്ച അതിദയനീയമാണ്. ഇന്ത്യയുടെ ന്യൂക്ലിയര്‍ ഗവേഷണങ്ങളെ തുരങ്കം വയ്ക്കുന്നതിന്റെ പേരില്‍ അമേരിക്കയുമായുള്ള ന്യൂക്ലിയര്‍ കരാറിനെ എതിര്‍ത്ത ഇടതുപക്ഷം ഒരു ജനതയുടെ അവകാശസമരങ്ങള്‍ക്കു നേരേയും ജൈവ സമത്വങ്ങള്‍ക്കായുള്ള മുറവിളികള്‍ക്കുനേരേയും കണ്ണടയ്ക്കുന്നു. ഈ ജനാധിപത്യപ്രക്രിയയില്‍ എന്തിനൊപ്പം നിലകൊള്ളണം, എന്തിനുവേണ്ടി നിലകൊള്ളണം എന്ന ആശയക്കുഴപ്പം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ പറവിമുതലെ ഉണ്ടായിരുന്നു. ഒരു ഇ.എം.എസ്സിനൊ ജ്യോതിബസുവിനൊ ഇന്ത്യന്‍മണ്ണില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന ഫ്യൂഡല്‍-ബൂര്‍ഷ്വാ-ജനാധിപത്യവ്യവസ്ഥിതിയ്‌ക്കെതിരെ ഒരു ചുക്കും ചെയ്യാനായിട്ടില്ല.

പുസ്തകം:
കാള്‍ മാര്‍ക്‌സ്-ജീവചരിത്രം
ഹൈന്റിച്ച് ഗൈംകോവ്
മൂന്നാം പതിപ്പ്‌
ചിന്താ പബ്ലിഷേഴ്‌സ്‌
392 പേജ്
വില 250 രൂപ

2010 മേയ് 22, ശനിയാഴ്‌ച

ഫ്രാന്‍സിസ്‌ ഇട്ടിക്കോര

-->
-->
-->
നിലവിലുള്ള സങ്കേതങ്ങളുമായി ഐക്യം പ്രാപിക്കുകയും കാലം തുറന്നു തരുന്ന വെളിച്ചങ്ങള്‍ നിര്‍ണ്ണയിക്കുന്ന ദിശാബോധത്തിനൊപ്പം മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സര്‍ഗ്ഗാത്മക രീതികള്‍ ഇനി തകര്‍ക്കപ്പെടുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സമകാലിക പരിതോവസ്ഥകളോടുള്ള പൊരുത്തപ്പെടലുകളെ ഇത്തിരി അശ്ളീലച്ചുവയോടെ പറഞ്ഞാല്‍ സര്‍ഗ്ഗാത്മക ശയനം എന്നു വിളിക്കാം. സൌന്ദര്യത്തെ രൂപപ്പെടുത്തുന്നതിനു പകരം നിലവിലുള്ള സൌന്ദര്യത്തോടൊപ്പം ശയിക്കുന്ന സര്‍ഗ്ഗാത്മക കാമനകളെ മറികടന്നാണ്‌ ടി. ഡി. രാമകൃഷ്ണന്‍റെ "ഫ്രാന്‍സിസ്‌ ഇട്ടിക്കോര" എന്ന നോവല്‍ വായനക്കാരന്‍റെ കൈയ്യില്‍ എത്തുന്നത്‌. Historical Fiction ന്‍റെ അനന്ത സാധ്യതകളിലേക്ക്‌ സഞ്ചരിക്കുന്ന നോവലാണ്‌ "ഫ്രാന്‍സിസ്‌ ഇട്ടിക്കോര". ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്‌. ചരിത്രത്തിന്‍റെ തീരെ അപ്രസക്തമായ ചില ഏടുകളെ സമകാലിക സംഭവങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട്‌ ടി.ഡി. രാമകൃഷ്ണന്‍ അനുവാചകനെ വിസ്മയിപ്പിക്കുന്നു. രേഖീയമല്ലാത്ത ചരിത്രത്തിന്‍റെ അബോധതലങ്ങളിലെ അവ്യക്തമായ ചില ഇടങ്ങളില്‍ നിന്നുകൊണ്ട്‌ ഈ നോവല്‍ പുതിയ ചില ആഖ്യാനമാതൃകകള്‍ നല്‍കുന്നു. ഇതിന്‍റെ സങ്കേതങ്ങള്‍ Science Fiction നെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്‌. കൃതൃമ ജീവകോശങ്ങള്‍ വംശാഭിവൃദ്ധി നടത്തുകയും അത്‌ ഭീമാകാരമായി മനുഷ്യനു നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള Science Fiction സിനിമകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്‌. ശാസ്ത്രം മനുഷ്യനെ ഒരു പരിധിയില്‍ കവിഞ്ഞ്‌ ആവേശിക്കുമ്പോള്‍ സ്വാഭാവികമായി ഉടലെടുക്കുന്ന സങ്കല്‍പങ്ങളാണ്‌ ഇത്തരം സിനിമകളുടെ ആധാരം. വലിയ ഉറുമ്പും, ഓന്തും, സഹസ്രബ്ദങ്ങള്‍ക്കു മുന്‍പ്‌ ഭൂമുഖത്തുണ്ടായിരുന്ന ദിനോസോറുകളും പുതിയ രീതില്‍ പുനസൃഷ്ടിക്കുന്നു. ഇത്തരം Science Fiction സിനിമകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ പലപ്പോഴും ഏകമാനങ്ങളായിരിക്കും. കാഴ്ചയുടെ സാധ്യതകളെ ചൂഷണം ചെയ്യുക എന്നതില്‍ കവിഞ്ഞ്‌ വലിയ ഉദ്ദേശ്യങ്ങളൊന്നും ഇത്തരം സൃഷ്ടികളില്‍ കാണാനാവില്ല. മലയാളത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള Historical Fiction കളില്‍ നിന്ന്‌ മൌലികതകൊണ്ട്‌ ഈ നോവല്‍ വേറിട്ടു നില്‍ക്കുന്നു.
കേരളത്തിലെ കൊച്ചി നഗരത്തിലെ വളരെ ആധൂനികമായ ഒരു നക്ഷത്ര വേശ്യാലയം നടത്തുന്ന മൂന്ന്‌ ചെറുപ്പക്കാരികളുടെ ജീവിതത്തിലൂടെയാണ്‌ ഈ നോവല്‍ സമകാലിക മലയാള ജീവിതവുമായി ചരിത്രത്തെ ബന്ധിപ്പിച്ചു തുടങ്ങുന്നത്‌. കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരുടെ കുലദൈവമായ കുരുമുളകു കച്ചവടക്കാരനായിരുന്ന ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ഫ്ളോറന്‍സിലുള്ള കൈവഴിയിലെ കോരക്കുടുംബത്തിലെ പുതിയ അംഗമായ സേവ്യര്‍ ഫെര്‍ണാണ്ടോ ഇട്ടിക്കോര പാപത്തിന്‍റെ ഉത്താരാധുനിക മുഖമായി അവതരിപ്പിക്കപ്പെടുന്നു. നരമാംസ്യ ഭോജനത്തിലൂടെ പാപത്തിന്‍റെ പുതിയ സങ്കേതങ്ങളെ അനുവാചകന്‍ തിരിച്ചറിയുന്നത്‌ ഈ മനുഷ്യനിലൂടെയാണ്‌. എന്തിനേയും കുറഞ്ഞ വിലയ്ക്ക്‌ വാങ്ങി കൂടുതല്‍ വിലയ്ക്ക്‌ വില്‍ക്കുക എന്ന ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ വിശുദ്ധ ശാസനകളുടെ ആധൂനിക മുഖം ഈയാളിലൂടെ ഏറെ ഭീകരമാകുന്നു. എത്ര വേണമെങ്കിലും പാപങ്ങള്‍ ചെയ്തു കൂട്ടാം മാന്യതയുടെ ഒരു മറ വേണമെന്നു മാത്രം. മത്സ്യം മത്സ്യത്തെ തന്നെ ഭുജിക്കുന്നതുപോലെ മാന്യനായ മനുഷ്യന്‍ നരമാംസ്യഭോജനം നടത്തുന്നതിന്‌ വന്നു ചേരുന്ന മാന്യതയുടെ മുഖം ഏറെ ഭീമത്സമായി ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. ഇറാക്ക്‌ എന്ന രാജ്യത്തെ നശിപ്പിക്കാന്‍ അമേരിക്ക കൈക്കൊണ്ട "സാല്‍വദോര്‍ ഒപ്ഷന്‍" (Salvadore Option) എന്ന അതി ക്രൂരമായ യുദ്ധനീതിയുടെ ! കാലത്ത്‌ അമേരിക്കന്‍ പട്ടാളത്തിലെ ഒരംഗമായിരുന്നു സേവ്യര്‍ ഇട്ടിക്കോര. ഇറാക്കിലെ ഫലൂജയില്‍ വച്ച്‌ ഒരു സാധു ഇറാക്കി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലചെയ്യുന്നു. ആ സംഭവത്തോടെ ഇട്ടിക്കോരയുടെ മനസ്സില്‍ എവിടെയോ ഒളിഞ്ഞിരിപ്പുള്ള മനുഷ്യത്വം കോരയുടെ ലൈഗികാസക്തികളെ മരവിപ്പിക്കുകയാണ്‌. ലോകത്തെ എന്തും വില്‍ക്കുക വിറ്റ്‌ ലാഭമുണ്ടാക്കുക സ്വന്തം സുഖത്തിന്‌ ഉപഭോഗം ചെയ്യപ്പെടുക എന്ന "നവ കോര" സിദ്ധാന്തം അയാളെ എത്തിച്ചത്‌ നരമാംസ ഭോജനത്തിലാണ്‌. ഹിംസയുടെ ലോകത്തേക്കു തന്നത്താന്‍ പ്രതിസ്ഥാപിക്കുകയാണ്‌ കോരയുടെ ലക്ഷ്യം. കോരയുടെ പിന്‍മുറക്കാരായ കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാര്‍ നോവലില്‍ ഇടപെടുന്നത്‌ തിന്‍മയുടെ നന്‍മയായ പുതിയ വിശുദ്ധ സുവിശേഷങ്ങളെ പിന്‍തുടര്‍ന്നുകൊണ്ടാണ്‌. അവര്‍ വിശ്വസിക്കുന്ന കോരപ്പാപ്പന്‍റെ സുവിശേഷമിങ്ങനെ.
"പതിനെട്ടാം കൂറ്റുകാരുടെ തൊഴിലും ജീവിതവും കച്ചവടമാണ്‌. ജീവിക്കാന്‍ വേണ്ടി നമ്മള്‍ കച്ചവടം ചെയ്യുന്നു. എന്നു പറയുന്നതിനേക്കാള്‍ കച്ചവടം ചെയ്യാന്‍ വേണ്ടി ജീവിക്കുന്നു എന്നു പറയുന്നതാണ്‌ ശരി. കച്ചവടത്തിന്‍റെ നീതിയാണ്‌ നമമുടെ നീതി നേരിട്ട്‌ അധ്വാനിക്കേണ്ടി വരുന്ന മറ്റ്‌ ജോലികളിലേര്‍പ്പെട്ട്‌ ഒരിക്കലും സമയം പാഴാക്കരുത്‌. മറ്റുള്ളവരുടെ അധ്വാനഫലത്തെ ബുദ്ധി ഉപയോഗിച്ച്‌ സ്വന്തമാക്കാന്‍ ശ്രമിക്കുക. എന്തും വില കുറച്ച്‌ വാങ്ങി കൂടിയ വിലയ്ക്ക്‌ വില്‍ക്കുക. അതില്‍ കിട്ടുന്ന ലാഭത്തില്‍ മാത്രമായിരിക്കുണം നമ്മുടെ നോട്ടം. മുളകും പൊന്നും പെണ്ണുമെല്ലാം വാങ്ങാനും വില്‍ക്കാനുമുള്ള ചരക്കുകള്‍ തന്നെയാണ്‌. കച്ചവടത്തില്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി പ്രയോഗിക്കുന്ന തന്ത്രങ്ങളെല്ലാം നമ്മുക്ക്‌ ശരിയാണ്‌. പ്രലോഭിപ്പിക്കുകയോ നുണ പറയുകയോ ചതിക്കുകയോ കൊല്ലുകയോ എന്തു വേണമെങ്കിലും ചെയ്യാം.
-ഫ്രാന്‍സിസ്‌ ഇട്ടിക്കോര, പേജ്‌ 244
കോരപ്പണം പോലെതന്നെ പ്രധാനപ്പെട്ടതാണ്‌ കോരപ്പെണ്ണും. ഒരു പതിനെട്ടാം കൂറ്റുകാരി വയസ്സറിയിച്ചാല്‍ അടുത്ത ക്രിസ്മസ്‌ രാത്രി അവളെ എനിക്ക്‌ സമര്‍പ്പിച്ച്‌ കോരപ്പെണ്ണാക്കണം. അതിന്‌ ഹൈപേഷ്യയെ ക്രൂശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ചില ചടങ്ങുകള്‍ ഉണ്ട്‌. രാത്രി നിലവറയിലാക്കി അടച്ച്‌ കഴിഞ്ഞാല്‍ പുലരും വരെ നിലവറ തുറക്കരുത്‌. അകത്ത്‌ എന്തൊക്കെയാണ്‌ നടന്നതെന്ന്‌ ചോദിക്കാനോ പറയാനോ പാടില്ല. പതിനെട്ടാം കൂറ്റുകാരിയല്ലാത്ത പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടു വന്നാല്‍ ഇതേ ചടങ്ങുകള്‍ കഴിച്ച്‌ അവളെ പതിനെട്ടാ കൂറ്റുകാരിയാക്കണം.
-ഫ്രാന്‍സിസ്‌ ഇട്ടിക്കോര, പേജ്‌ 245
ഹൈപ്പേഷ്യ അറിവിന്‍റെ തീക്ഷ്ണ സൌന്ദര്യംയൌവനം
അലക്സാന്‍ട്രിയയില്‍ എ.ഡി. 350 നും 370 നും ഇടയക്കുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അതി സുന്ദരിയും സ്വതന്ത്ര ചിന്തകയുമായിരുന്ന ഒരു ഗണിതാധ്യാപികയായിരുന്നു ഹൈപ്പേഷ്യ. സ്ത്രീ സ്വാതന്ത്യ്രത്തിന്‍റെ ഏറ്റവും പൌരാണികമായ മുഖം എന്ന്‌ വിശേഷിപ്പിക്കാവുന്ന ഹൈപ്പേഷ്യ നോവലില്‍ ഏറ്റവും സൌന്തര്യമുള്ള ഏടാണ്‌. ഏറെയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഹൈപ്പേഷ്യയുടെ വിശുദ്ധ ചരിത്രത്തെ ടി. ഡി. രാമകൃഷ്ണന്‍ ഈ നോവലില്‍ അതി സമര്‍ത്ഥമായി ഉപയോഗിച്ചു കാണുന്നു. ആരെയും മുട്ടുകുത്തിക്കുന്ന ലൈഗികതയും ശരീരത്തിന്‍റെ ദിവ്യനുപാതവുമുള്ള ഹൈപ്പേഷ്യ പ്രണയത്തിന്‍റെ ഉത്തരാധൂനിക സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. നന്‍മയുടേയും യുക്തിയുടേയും വിശുദ്ധി കൂടിയാണ്‌ ഹൈപ്പേഷ്യ.
ലോകമാനവ ചരിത്രത്തില്‍ ക്രൈസ്തവമത സ്വാധീനത്തേയും, ചരിത്രത്തിലെ ക്രിസ്തീയ മതത്തിന്‍റെ ആധികാരികതയേയും ടി. ഡി. രാമകൃഷ്ണന്‍ ഹൈപ്പേഷ്യയെ അവതരിപ്പിച്ചുകൊണ്ട്‌ തകര്‍ക്കുകയാണ്‌. മാനവന്‍റെ ചരിത്രം രൂപ്പെടുത്തിയത്‌ മതങ്ങളല്ല മറിച്ച്‌ ലോകത്ത്‌ ന്യൂനപക്ഷമായിരുന്ന ക്രൈസ്തവ സമൂഹം അറിവും യുക്തിയും പകര്‍ന്നു തരുന്ന ബൌദ്ധിക വികാസങ്ങള്‍ക്കനുസരിച്ച്‌ പുരോഗമിച്ചിരുന്ന കാലത്തെ തകര്‍ക്കുകയും ബുദ്ധിജീവി വര്‍ഗ്ഗത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു എന്ന്‌ അനുമാനിക്കുന്നു. എ.ഡി. 410 ഹൈപ്പേഷ്യയുടെ അവസാന കാലഘട്ടത്തെ ഒരേടില്‍ പറയുന്നതിങ്ങനെ.
"അക്കാലത്ത്‌ ദുഖവെള്ളിയാഴ്ച അലക്സാട്രിയയില്‍ ഒഴിവു ദിവസമല്ല. ക്രിസ്തുമത വിശ്വാസികള്‍ സമൂഹത്തില്‍ ശക്തരായിരുന്നെങ്കിലും ഭൂരിപക്ഷമായിരുന്നില്ല. മാത്രമല്ല ഹൈപ്പേഷ്യയെ പോലുള്ള ചിന്തകരും ശാസ്ത്രജ്ഞരുമടങ്ങിയ സര്‍വ്വകലാശാലയിലെ ബുദ്ധിജീവികളെ അവിശ്വാസികളും പാഗനുകളുമായി (അക്രൈസ്തവ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍) ചിത്രീകരിച്ച്‌ അവര്‍ നടത്തുന്ന ശാസ്ത്ര പരീക്ഷണങ്ങള്‍ ദൈവ നിഷേധവും ചെകുത്താന്‍ സേവയുമാണെന്ന്‌ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സര്‍വ്വകലാശാലയുടെ പ്രശസ്തിയെയോ ഹൈപ്പേഷ്യയെയോ ബാധിച്ചില്ല. എല്ലാ വര്‍ഷവും വിദേശ വിദ്യാര്‍ത്ഥികള്‍ അലക്സാന്‍ട്രിയയില്‍ എത്തി.
- The true story of hypatia, Iebella Swan, Page 79
വളരെ വലിയ സമയ മുദ്രയായ ഒരു ബൃഹദ്‌ ചരിത്രത്തിലെ കണ്ണെത്താ ദൂരത്ത്‌ നിന്ന്‌ ഹൈപ്പേഷ്യയെ കൊണ്ടു വരുമ്പോള്‍ ഇവിടെ കാലം കീഴ്മേല്‍ മറിയുന്ന ഒരു അനുഭവമുണ്ടാകുന്നു. ഇന്നും ഇന്നലേകളും കുഴഞ്ഞു മറിയുകയാണ്‌. ചരിത്രത്തിലെ കുഴമറിഞ്ഞു കിടക്കുന്ന ഫാസിസ്റ്റ്‌ ആഖ്യാനങ്ങളെ പിന്‍തള്ളിക്കൊണ്ട്‌ ഹൈപ്പേഷ്യയെ പോലുള്ള ശക്തി സൌന്ദര്യങ്ങളെ എടുത്ത്‌ ഇന്ന്‌ ഭാവനചെയ്യുന്നതില്‍ ചെറുതല്ലാത്ത ഒരു സുഖമുണ്ട്‌. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ഹൈപ്പേഷ്യ മരണമടയുന്നത്‌ മതഭ്രാന്തന്‍മാരുടെ നഗ്നമായ അക്രമണത്തിലാണ്‌. അതി ദയനീയമായ രീതിയില്‍ ഹൈപ്പേഷ്യ കൊലചെയ്യപ്പെടുകയായിരുന്നു.
നോവലിന്‍റെ പിന്നീട്‌ കടന്നു വരുന്നു ശിഷ്യ പരമ്പര നീങ്ങുന്നത്‌ വിശുദ്ധ! അപഥ സഞ്ചാരങ്ങളിലേക്കാണ്‌. ഗണിത ശാസ്ത്ര ഗവേഷക ഹഷിമോട്ടോ മൊറിഗാമി ഹൈപ്പേഷ്യന്‍ ജീവിതത്തെ അനുധാവനം ചെയ്യുന്നവളെങ്കിലും കഥാന്ത്യത്തില്‍ സേവ്യര്‍ ഇട്ടിക്കോരയ്ക്കൊപ്പം നരമാംസ്യാസ്വാദനം നടത്തുന്നു. കാലത്തിന്‍റെ, അറിവിന്‍റെ, നന്‍മയുടെ ഈ മലക്കം മറിച്ചിലിനെ നാം കാണാതിരുന്നുകൂടാ. വരും കാലത്തിന്‍റെ കൈയ്യില്‍ തിന്നുകയും സ്വയം തിന്നപ്പെടുകയും ചെയ്യാവുന്ന ദുരന്തങ്ങളേയും മൂല്യച്യതികളേയും ആദര്‍ശവല്‍ക്കരിക്കപ്പെട്ടേക്കാം. ചക്രവര്‍ത്തിയും കാമുഖനുമായ ഒറേസ്റ്റസ്സിനൊപ്പം മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയെ ചുട്ടുകൊല്ലുകയായിരുന്നു. ഒരു പ്രതിരോധത്തിനു പോലും ത്രാണിയില്ലാതെ ഹൈപ്പേഷ്യക്ക്‌ ചെയ്യാത്ത കുറ്റം ഏറ്റു പറയേണ്ടി വന്നു. "പരിശുദ്ധനായ കര്‍ത്താവേ കരുണമയനായ യേശുവേ, അലക്സാന്‍ട്രിയയിലെ പൌരന്‍മാരെ, നിങ്ങള്‍ക്കു മുന്നില്‍ എന്‍റെ കുറ്റങ്ങള്‍ സമ്മതിക്കുന്നു. ഞാന്‍ വേശ്യയാണ്‌, ദുര്‍മന്ത്രവാദിയാണ്‌. പാപിയാണ്‌. ഈ തെറ്റുകള്‍ പൊറുത്ത്‌ എന്‍റെ ശിഷ്ടജീവിതമെനിക്ക്‌ തിരിച്ചു തരേണമേ. . . . "
മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയുടെ അഷ്ടഭുജ ഭവനമായ ജ്യോമട്രിക്കയും, അവരുടെ അമൂല്യമായ ഗണിത ശാസ്ത്ര കുറിപ്പുകളും ("പാപ്പിറസ്‌" ചുരുളുകള്‍) കത്തിച്ചു കളഞ്ഞു. ഈ ഒരു രേഖീയമായ ഹൈപ്പേഷ്യന്‍ ചരിത്ര സൂചനകളില്‍ നിന്ന്‌ നോവലിസ്റ്റ്‌ ടി. ഡി. രാമകൃഷ്ണന്‍ വായനക്കാരന്‌ ചരിത്രത്തില്‍ രമിക്കാന്‍ പുതിയ ചില ഇടങ്ങള്‍ ഉണ്ടാക്കുകയാണ്‌.
സമകാലിക മലയാള ജീവിതം
ഒളിഞ്ഞു നോട്ടങ്ങളുടേയും അടക്കിപ്പിടിച്ച രതിയുടേയും, പെണ്‍വാണിഭങ്ങളുടേയും സമകാലിക സാഹചര്യത്തെ അതിന്‍റെ വരുംകാല പരിണിതികളെ ഭാവനചെയ്യുന്നത്‌ The School എന്ന നക്ഷത്ര വേശ്യാലയത്തിലൂടെയാണ്‌. സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ലൈഗികത നടത്തുന്ന പുതുപുത്തന്‍ വ്യവഹാരങ്ങളെ യാഥാര്‍ത്ഥമായി ആവിഷ്ക്കരിച്ചിട്ടുണ്ട്‌ ഈ നോവലില്‍. വേശ്യാലയങ്ങള്‍ അയല്‍പക്കത്ത്‌ നിലനില്‍ക്കുമ്പോഴും തകര്‍ക്കപ്പെടുമ്പോഴും കേരള സമൂഹം ആഘോഷിക്കുകയാണ്‌. മലയാളിയുടെ അമര്‍ത്തിവച്ച കാമനകളുടെ ഇന്ധനം മാത്രമാണ്‌ ഇത്തരം The School -ന്‍റെ നിലനില്‍പ്പും തകര്‍ച്ചയും. മലയാളി രണ്ടും ആഘോഷിക്കുന്നു. മുറിക്കുള്ളില്‍ രഹസ്യമായും ഒരു സെക്സ്‌ റാക്കറ്റ്‌ തകര്‍ക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ പരസ്യമായും മലയാളി രതിക്രീഡ ചെയ്യുന്നു. ദ സ്കൂളിലെ അന്തേവാസികളായ രേഖ, രശ്മി, ബന്ദു എന്നീ യുവതികള്‍ നരഭോജിയായ കോര കൂടുംബാഗം ഇട്ടിക്കോരയെ കൊച്ചിയലേക്ക്‌ ക്ഷണിക്കുന്നു. തന്‍റെ പിതാമഹനായ ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ജന്‍മനാട്‌ കാണാനും തനിക്ക്‌ നഷ്ടപ്പെട്ട ലൈഗികശേഷി വീണ്ടെടുക്കാനുമാണ്‌ കോര കൊച്ചിയിലേക്ക്‌ വരുന്നത്‌. കോരയെ പോലെയുള്ള അതിസമ്പന്നനായ അഥിതിയെ തൃപ്തിപ്പെടുത്താന്‍ ഈ മൂന്നു പേരും വളരെ പ്രൊഫഷണലായി കോരകുടുംബത്തെക്കുറിച്ചും പ്രധാനമായി കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നു. വേശ്യാ വൃത്തിയുടെ വരും കാല പരിണിതികളായല്ല; സമകാലിക മലയാള ജീവിതത്തിന്‍റെ തന്നെ പരിച്ഛേദമല്ലേ ഇവര്‍ മൂന്നുപേരും എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. എഴുത്തുകാരനും, രാഷ്ട്രീയക്കാരനും, സമൂഹത്തിലെ ഉയര്‍ന്ന വ്യക്തികളും അടങ്ങുന്ന ഇവരുടെ ലൈഗിക ചേരി ഈ നോവലിന്‍റെ നായക സ്ഥാനത്ത്‌ നില്‍ക്കുന്നു. ഇതേ വേശ്യാലയം തകര്‍ക്കപ്പെടുമ്പോള്‍ ഇതിലെ രേഖ എന്ന യുവതിയെ കേരള ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യ ഭോഗം ചെയ്യുന്നു. ഹൈപ്പേഷ്യയുടെ ശിഷ്യ പരമ്പരയിലെ അംഗമായ വിദേശ യുവതി മൊറിഗാമി സെക്സിനെപ്പറ്റി പറയുന്നതിങ്ങനെ. "Sex is having a magnificient effect in the formation of one’s political and philosophical attitudes”
ഈ നോവലിന്‍റെ അവതാരികയില്‍ ആഷാ മേനോന്‍ പറയുന്നത്‌,
"ധര്‍മ്മ പുരാണത്തിനു ശേഷം ഇത്രയും ഭീകരമായി നരമാംസ്യാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തതവരെ ചെല്ലുന്ന ഗണിത സൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യ ചേതന ഇവ്വിധം നിര്‍ദയമായ രസ കേളികളില്‍ ഏര്‍പ്പെടുന്നത്‌ വെറും വൈരുധ്യത്തിന്‍റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്‍റെ ദുസ്സൂചനകൂടിയാണത്‌"
ഫാസിസത്തിനെതിരെ തന്‍റെ വിമര്‍ശനത്തില്‍ ജുഗുപ്സയും മനുഷ്യ മലത്തിന്‍റെ ദുര്‍ഗന്ധത്തേയും സ്വാശീകരിച്ചെടുത്ത്‌ പുതിയ കലാപം നടത്തുകയായിരുന്നു ഒ. വി. വിജയന്‍ ചെയ്തത്‌. മനുഷ്യന്‍റെ അടങ്ങാത്ത കാമനകളുടെ, തൃഷ്ണകളുടെ, ആധുനികലോകത്ത്‌ മാന്യതയുടെ മൂഖംമൂടിക്കു പിന്നില്‍ നിന്ന്‌ നരമാംസ്യഭോജനം നടത്തുന്നതിന്‍റെ, ലോകത്തിന്‍റെ സ്പന്ദനങ്ങളില്‍ നിന്നകന്ന്‌ ഗണിതം സമ്പത്ത്‌ കൈയ്യാളുന്നവന്‍റെ അടിമയാകുന്നതിനെ, ഇതുവരെ വിഭാവനം ചെയതിട്ടില്ലാത്ത തിന്‍മയുടെ രൂപമാറ്റങ്ങളെ ടി. ഡി. രാമകൃഷണന്‍ ഈ നോവലിലൂടെ അവതരിപ്പിക്കുന്നു.
ഒ. വി. വിജയന്‍റെ രചന വൈശിഷ്ട്യമായ ക്ളാസ്സിക്കല്‍ ശൈലിയും പഴയ ഗ്രാമ്യതയുടെ വായ്‌വര്‍ത്തമാനങ്ങളുടെ ആത്മാവും നമ്മള്‍ വായനക്കാര്‍ തൊട്ടറിഞ്ഞതാണ്‌. ടി. ഡി. രാമകൃഷ്ണന്‍റെ നോവലിലെ മുഖ്യ പോരായ്മ ഭാഷയുടെ ഭൂമിശാസ്ത്രവ്യത്യാസങ്ങളെ അറിയാതെപോയതാണ്‌. കോരയ്ക്കും ഇയ്യാലെ കോതയ്ക്കും ഒരേ ഭാഷാ ശൈലിയാണ്‌ രാമകൃഷ്ണന്‍ ആവിഷ്ക്കരിക്കുന്നത്‌. ഭാഷയുടെ യുക്തി ഭദ്രത ഒ. വി. വിജയന്‍ എന്നും വളരെ ഭംഗിയായി കാത്തു സൂക്ഷിച്ചിരുന്നു.
മാര്‍ക്യൂസിന്‍റെ നോവലുകളുടെ തര്‍ജ്ജമ വായിക്കുന്ന ഒരു സുഖവും ഉദ്വോഗഭരിതമായ ഒരന്തരീക്ഷവും ഈ നോവലില്‍ കാണാം. ഏറേക്കാലത്തിനു ശേഷം മലയാള നോവല്‍ വീണ്ടും പഴയ കലാപം പുനരാരംഭിക്കുകയാണ്‌. ഏറെ പ്രതീക്ഷയോടെ നമ്മുക്ക്‌ കാത്തിരിക്കാം.

2009 ഡിസംബർ 8, ചൊവ്വാഴ്ച

വേരാഴമുള്ള ഒരു "എരകപ്പുല്ല്


(മലയാളം ബ്ളോഗ്ഗില്‍ വേറിട്ട ഒരു വഴിയിലൂടെ നടക്കുന്ന ശ്രീ ടി. എ. ശശിയുടെ കവിതകളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ്‌ ഈ പോസ്റ്റ്‌. ശശിയുടെ ബ്ളോഗ്ഗ്‌
ലിങ്ക്‌ : http://www.sasiayyappan.blogspot.com/
കുടാതെ
ഹരിതകം, പുതുകവിത, മഞ്ഞ, ബൂലോക കവിത തുടങ്ങിയ ബ്ളോഗ്ഗുകളിലും ആദ്ദേഹത്തെ വായിക്കാവുന്നതാണ്‌)


ഒരു പിടി ജലത്തില്‍ മേഘത്തേയും മഴയേയും കണ്ടുവോ എന്നു ചോദിക്കുന്ന ഒരു കവി - അതാണ്‌ ടി. എ. ശശി.
"എരകപ്പുല്ല്‌" എന്ന ബ്ളോഗ്ഗിലൂടെ കവിതയില്‍ നിശബ്ദവിപ്ളവത്തിന്‍റെ ലഘുലേഖകള്‍ വിതറുന്ന ശ്രീ ടി. എ. ശശി മലായാളം "ബ്ളോഗ്ഗോസ്ഫിയറിലെ" ഒരു ഒറ്റയാനാണ്‌. നിലവിലുള്ള സങ്കേതങ്ങള്‍ക്കൊത്ത്‌ കാവ്യമിമിക്രികള്‍ ഉല്‍പാദിപ്പിക്കുന്നത്‌ അദ്ദേഹത്തിന്‍റെ വഴിയേയല്ല. ഓരോ വരികളിലും വായനക്കാരനെ കുടിയിരുത്തുന്ന അവന്‍റെ സര്‍ഗ്ഗാത്മക വായനയ്ക്ക്‌ പുതിയ ആകാശങ്ങള്‍ നല്‍കുന്ന ഒരു നിശബ്ദവിപ്ളവം ശശിയുടെ പ്രത്യേകതയാണ്‌.

കഴിഞ്ഞ കുറെ മാസങ്ങളായി നിരന്തരമായ സംഭാഷണങ്ങളിലൂടേയും ആശയ സംവേദനങ്ങളിലൂടേയും ആ കവിയേയും അദ്ദേഹത്തിന്‍റെ കവിത സ്ഘലിപ്പിക്കുന്ന ഹോര്‍മ്മോണുകളേയും തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കാഴ്ച്ചയുടെ കലയാണ്‌ - അതിന്‍റെ ഏറ്റവും ബാല്യകൌതുകം കലര്‍ന്ന നിഷ്ക്കളങ്കമായ മാതൃകകളാണ്‌ - എരകപ്പുല്ലിലെ കവിതകളില്‍ പലതും. ഭൌതികമായ ഒരു നോട്ടത്തിന്‍റെ സാധാരണത്വത്തില്‍ നിന്ന് പെട്ടെന്ന് വിസ്മയിപ്പിക്കുന്ന ട്വിസ്റ്റുകളിലേക്ക്‌ ശശി വായനക്കാരനെ കൊണ്ടെത്തിക്കുന്നു. തികച്ചും മൌലികമായ ഒരു രചനാസിദ്ധിയിലൂടെയാണ്‌ ശ്രി ടി. എ. ശശി ഇത്‌ സാധിച്ചെടുക്കുന്നത്‌. "ശിഷ്ടം" എന്ന കവിത തുടങ്ങുന്നതു തന്നെ ഒരു ഒരു സര്‍ഗ്ഗാത്മക നോട്ടത്തിലൂടെയാണ്‌..

"കാറ്റില്ലാത്ത നേരം
നടന്നു പോകുമ്പോള്‍
കാറ്റിനെക്കുറിച്ചോര്‍ത്തു"

വീശിയ കാറ്റുകള്‍
വിശാനിരിക്കുന്നവ
വീശാതെ ഒടുങ്ങിയവ"
- ശിഷ്ടം

പുതുകവിതയുടെ സ്വതസിദ്ധമായ രീതി എന്നു പറയുന്നത്‌ ഒരേ വരിയില്‍ പലവായനകളെ ഉല്‍പാദിപ്പിക്കുക എന്നതാണ്‌. ഒരു സര്‍ഗ്ഗാത്മകവായനയ്ക്ക്‌ സ്വതന്ത്രമായി പരിലസിക്കാനുള്ള ഇടം എരകപ്പുല്ലിലെ കവിതകള്‍ക്കുണ്ട്‌. ഇതിന്‍റെ ചെറിയ ഒരു ഉദാഹരണമാണ്‌ "ശിഷ്ടം" എന്ന കവിത. നിഴലുകളെ വെയിലത്ത്‌ ഈറനുണക്കാനിടുന്ന കാവ്യ വൈഭവമാണ്‌ ഈ കവിതയില്‍ പ്രകടമാവുന്നത്‌. ഊതിയൂതി ഒരു കാറ്റ്‌ മരണം വരിച്ച ഇടം ഏെതായിരിക്കും ?
മണലില്‍ ശ്വാസം മുട്ടി ഊതിയൂതി മരിക്കുമ്പോള്‍ ശരീരത്തില്‍ അകത്തോട്ടും പുറത്തോട്ടും സഞ്ചരിച്ച്‌ ഈ കാറ്റ്‌ എവിടെ പോകുന്നു. ഉയിരറ്റ ഒരു ശവശരീരത്തെ പോലെ നിശ്ചലമായി, നിശബ്ദമായി കാറ്റിന്‍റെ ശിഷ്ടത്തെ അന്വേഷിക്കുന്ന കാഴ്ച്ചയുടെ ആത്മീയ തീര്‍ത്ഥാടനങ്ങള്‍ എന്നെപ്പോലെയുള്ള സാധാരണ വായനക്കാരനെ അമ്പരപ്പിക്കുന്നു.

മലയാളത്തിലെ സമകാലിക കവികളുടെ സംഗമസ്ഥലമായ ഹരിതകത്തിലും പുതുകവിതയിലും ബൂലോക കവിതയിലുമായി പ്രസിദ്ധീകരിക്കപ്പെട്ട ടി. എ. ശശിയുടെ കവിതകള്‍ കവിതയുടെ സാമ്പ്രദായിയകരീതികളില്‍ നിന്ന്‌ കുതറിമാറിനടക്കുന്ന വായനക്കാര്‍ക്കുവേണ്ടി മാത്രമാണ്‌ എഴുതപ്പെട്ടിട്ടുള്ളത്‌ എന്ന്‌ തോന്നുന്നു. “ശവത്തോല്‍, “ശിഷ്ടം”, “ഒന്നിനെത്തന്നെ”, “ഒരാള്‍ക്ക്‌ എത്ര ജഢങ്ങളാണ്”‌, “ഡിജിറ്റല്‍ ബോഡി”, “തിങ്ങി തിങ്ങി”, “ശവങ്ങള്‍ പറയുന്നത്‌” തുടങ്ങിയ കവിതകള്‍ ഒരു പുനര്‍വായനയ്ക്ക്‌ പ്രേരിപ്പിക്കുന്നതും വായനക്ഷമതയുള്ളവയുമാണ്‌. ഉത്തരാധുനികമായ ജീവിതത്തിന്‍റെ - അതിന്‍റെ വിലയിടിഞ്ഞ ഉടലുകളുടെ ശവപ്പറമ്പുകളെ ശശി അവതരിപ്പിക്കുന്നത്‌ ഇതേവരെ അവതരിപ്പിക്കപ്പെട്ട ആവിഷ്ക്കരണ രീതികളില്‍ നിന്നും മാറി നിന്നുകൊണ്ടാണ്‌. ശവത്തെ കുത്തിനിറച്ച്‌ സിപ്പിട്ട്‌ വയ്ക്കപ്പെട്ട ശവശ്മശാനമായി ശവത്തോല്‍ എന്ന കവിതയില്‍ മനുഷ്യജീവിതത്തെ ചിത്രീകരിച്ചിരിക്കുന്നു. ഒരു ശവത്തിന്‍റെ സാമൂഹ്യ ബന്ധത്തെ അടയാളപ്പെടുത്തുന്നതിങ്ങനെ...

ഏറെ കണ്ടതും
അറിഞ്ഞതും
എന്‍റെയീ ശവത്തെ
നീയല്ലൊ.
നീതന്നെ തീവച്ചതും.
- ശവത്തോല്‍

സര്‍ഗ്ഗാത്മകതയില്‍ സ്വന്തം വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ നമ്മുക്കുണ്ട്‌. അവര്‍ പാരമ്പര്യനിഷേധം നടത്തുന്നവരോ പാരമ്പര്യത്തിന്‍റെ നേര്‍ന്നൂലില്‍ പിടിച്ച്‌ വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുന്നവരൊ അല്ല. സാമ്പ്രദായിക വായനയുടെ രുചിഭേദങ്ങള്‍ക്ക്‌ മുന്‍പില്‍ വെന്തുകിടക്കുന്ന മസാല പുരട്ടിയ ഭക്ഷ്യവസ്തുവും അല്ല. അവര്‍ ഒറ്റയ്ക്കു തന്നെ ഒരാള്‍ക്കൂട്ടവും ഏകാന്തതയുടെ വേറിട്ട ഒരു ജനുസ്സുമാണ്‌. അതുകൊണ്ട്‌‌ വായനയുടെ സാമ്പ്രദായിക രീതികളും മുന്‍ധാരണകളുമായി കവിതയെ സമീപിക്കുന്നവര്‍ക്ക്‌ "ഏരകപ്പുല്ലിലെ" കവിതകള്‍ ദഹിച്ചെന്നു വരില്ല.

അതെ ദേഹം
ഒരേ നേരം
ചൂടാര്‍ന്നും
തണുത്തും
ആള്‍പ്പരപ്പിനെ,
മൃഗപ്പരപ്പിനെ,
ജലപ്പലകവച്ച്‌
ദൈവം ആണിയടിക്കും നാള്‍....
- ജാക്സണ്‍ സീ

സ്വന്തം കവിതയ്ക്ക്‌ പുതിയ വാക്കുകള്‍കൊണ്ട്‌ (മൃഗപ്പരപ്പ്‌, ജലപ്പലക!!) ഭാഷയുടെ ഉപപാഠങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ടാണ്‌ മലയാളം ബ്ളോഗ്ഗോസ്ഫിയറില്‍ നിന്ന്‌ ഈ കവി വേറിട്ടു നില്‍ക്കുന്നു എന്നു ഞാന്‍ പറയുന്നത്‌. ഒറ്റതിരിഞ്ഞു നില്‍ക്കുന്ന ഈ കവിതകളെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്‌ വളരെ യാദൃശ്ചികമായാണ്‌. ഹരിതകത്തില്‍ നിന്നാണ്‌ ഞാന്‍ ഈ കവിയെ കണ്ടെത്തുന്നത്‌. തിങ്ങി തിങ്ങി, കാര്‍മേഘങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ കവിതകള്‍ വായിക്കുകയും അതിലൂടെ ഏരകപ്പുല്ല്‌ എന്ന ആദ്ദേഹത്തിന്‍റെ സ്വന്തം ബ്ളോഗ്ഗില്‍ എത്തപ്പെടുകയുമായിരുന്നു.

ഒരു വായനക്കരന്‍ എന്നുള്ള നിലയ്ക്ക്‌ ഞാന്‍ ടി. എ. ശശിയുടെ കവിതകളോട്‌ കലഹിച്ചു തുടങ്ങിയിട്ടുമുണ്ട്‌. അദ്ദേഹത്തിന്‍റെ ശിഷ്ടം, ചോദ്യം, ഒന്നിനെ തന്നെ , ശവത്തോല്‍ എന്നീ കവിതകള്‍ ഉല്‍പാദിപ്പിക്കുന്ന കാവ്യാനുഭവം ഒരേ രീതിയിലുള്ളതാണ്‌. സംവേദിക്കുന്ന ആശയങ്ങള്‍ വ്യത്യസ്തമെങ്കിലും തന്‍റെ ആഖ്യാന സൌന്ദര്യത്തില്‍ ഈ കവിയും അഭിരമിക്കുകയും സ്വയം അനുകരിക്കുകയും ചെയ്യുന്നില്ലേ... എന്നു ഞാന്‍ സംശയിക്കുന്നു. അയ്യപ്പണിക്കര്‍ എന്ന കവി സമകാലിക ജീവിതത്തിലൂടെ നടത്തിയ കാവ്യ സപര്യയുടെ ഓരോ ദശകങ്ങളിലേയും പുതിയ പാഠങ്ങള്‍ ശശിയും ഞാനുമടക്കം എല്ലാവരും സസൂക്ഷം പഠിക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു. സ്വന്തം വഴി കവിതയില്‍ വെട്ടിത്തുറക്കുമ്പോഴും അദ്ദേഹത്തിന്‍രെ കവിത പുതിയ ആകാശങ്ങളിലേക്ക്‌ സഞ്ചരിച്ചു കൊണ്ടിരുന്നു. കാലത്തെ കവച്ചു വയ്ക്കാനുള്ള അദ്ദേഹത്തിന്‍രെ സര്‍ഗ്ഗാത്മക വ്യഗ്രതയെ ആഴത്തില്‍ പഠിക്കേണ്ടതത്യാവശ്യമാണ്‌. സ്വന്തം ആഖ്യാന സൌന്ദര്യത്തിന്‍റെ ചട്ടക്കൂടുകളില്‍ ഒതുങ്ങുന്നത്‌ തീര്‍ച്ചയായും ഒരു തെറ്റാണെന്ന് പറയാനാവില്ല. പക്ഷെ സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചരിത്രത്തിന്‍റെ ഒരു ദാശാസന്ധിയില്‍ മാത്രമായി ശശിയുടെ സൃഷ്ടികളെ പിന്‍ചെയ്തു വയ്ക്കപ്പെട്ടേക്കാം; അത്‌ ഒഴിവാക്കപ്പെടെണ്ടതുണ്ട്‌.. ഉത്തരാധുനിക ജീവിതത്തിന്‍റെ സമകാലിക ദുരന്തങ്ങളെ സ്വന്തം ശൈലിയില്‍ ആവിഷ്ക്കരിക്കുന്ന ശ്രീ ടി. എ. ശശി സ്വന്തം ഭാഷാലാവണ്യങ്ങളില്‍ ഒതുങ്ങാതെ പുതിയ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കണം എന്നാണെന്‍റെ അഭിപ്രായം.

വാല്‍ക്കഷ്ണം:പുതിയ വഴികള്‍ വെട്ടിയതു കൊണ്ടായില്ല വരും തലമുറയെ ആ വഴിയിലൂടെനിരന്തരം നയിക്കപ്പെടുമ്പോള്‍ മാത്രമേ ആ വഴികളില്‍ പുല്ലുമൂടാതിരിക്കുകയുള്ളൂ.


ടി. എ ശശിയുടെ കവിതകള്‍ ഇവിടെ.

തിങ്ങി തിങ്ങി
ശവങ്ങള്‍ പറയുന്നത്
കാര്‍മേഘങ്ങള്‍ ഉണ്ടാകുന്നത്



ബൂലോക പത്രമായ ബ്ളോത്രത്തില്‍ പ്രസിദ്ദീകരിച്ചത്‌
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.