(കുറച്ച് പഴയ ഒരു സബ്ജക്ടാണിത്. നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ മൂന്നുമാസം മുമ്പുണ്ടായ മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ ഒരു മുംബൈ പ്രസിദ്ധീകരണത്തിനുവേണ്ടി എഴുതിയ ലേഖനം ഇവടെ ശേഖരിച്ചു വയ്ക്കുന്നു)
നുരയുന്ന കള്ളിന്റെ മണവും ലഹരിയുമുണ്ട് പാലക്കാടന്‍ കാറ്റിന്. തമിഴ്‌നാട് അതിര്‍ത്തിയിലെ ചിറ്റൂര്‍ താലൂക്കും അതിനു തൊട്ടുകിടക്കുന്ന ആലത്തൂര്‍ താലൂക്കും, പാലക്കാടുമൊക്കെ കള്ളിന്റേയും പേരെടുത്ത കുടിയന്മാരുടേയും നാടാണ്. എന്റെ നാടായ പല്ലശ്ശനയില്‍ മൂവന്തിനേരത്ത് പനയില്‍ നിന്നിറക്കി കിട്ടുന്ന ഒന്നാന്തരം അന്തിക്കള്ളിന്റെ വീര്യം ലിക്കര്‍ഭീമന്‍ വിജയ് മല്യയുടെ മദ്യക്കമ്പനിയായ യൂബി ഗ്രൂപ്പിനു പോലും അസാധ്യം. ഞങ്ങളുടെ നാട്ടിലെ കുടിയന്മാര്‍ തലയെടുപ്പുള്ള യക്ഷിപ്പനങ്കൂട്ടങ്ങളെ ''പനങ്കാവ്'' എന്നാണ് വിളിക്കാറ്, ലഹരി ചുരത്തുന്ന പനകളോടുള്ള നന്ദിയും അടങ്ങാത്ത ഭക്തിയുമാണ് ഇവരെ ഇങ്ങിനെ വിളിപ്പിക്കുന്നത്. ഇരുളുപരക്കുമ്പൊ കാജാ ബീഡിയും ഒരു ചെറുമുട്ടിയില്‍ നിന്ന് രണ്ടു മോന്ത് കള്ളും, കുറേ നാട്ടുവര്‍ത്തമാനവും, ഇതാണ് പാലക്കാട്ടിലെ നമ്മുടെ ഏട്ടന്മാരുടെ ശാന്തസുന്ദരമായ മൂവന്തികള്‍. പല്ലശ്ശന തച്ചങ്കോട്ടില്‍ കാക്കൂര്‍ റോഡരുകില്‍ പാടത്തേക്ക് ഒതുങ്ങിമാറി നില്‍ക്കുന്ന മദാലസയായ ഒരു ഷാപ്പുണ്ട് അതിനെ പല്ലശ്ശനയിലെ കുടിയന്മാര്‍ വിളിക്കുന്ന പേര് ''പൂങ്കാവനം'' എന്നാണ്; ചെറുശ്ശേരിക്കവിതകളില്‍ ആവര്‍ത്തിക്കാറുള്ള ഒരു വാക്കാണ് പൂങ്കാവനം, നമ്മുടെ പുരാണത്തിലെ രാധാകൃഷ്ണ പ്രണയത്തിന്റെ മെയിന്‍ ലൊക്കേഷന്‍. പല്ലശ്ശനക്കാര്‍ക്ക് പൂങ്കാവനം എന്നു കേള്‍ക്കുന്നതുതന്നെ കുളിരുകേറുന്ന ഒരു ലഹരിയാണ്.
പാടത്തും പറമ്പത്തും പണിയെടുക്കുന്ന ആണും പെണ്ണുമടക്കമുള്ള കൂലിപ്പണിക്കാര്‍ മുതല്‍ ചെറുമുതലാളിമാര്‍ വരെ കുടിച്ചു തിമിര്‍ക്കുന്ന സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും അഭയസ്ഥാനം, അതാണ് പൂങ്കാവനം. രാത്രി ഷാപ്പ് അടയ്ക്കുമ്പോള്‍ ഷാപ്പിന്റെ വാതില്‍പ്പൂട്ടില്‍ കുടിയന്മാരെല്ലാ ഒരുമിച്ച് തൊട്ടുഴിഞ്ഞ് കുമ്പിട്ടുതൊഴുത് വിടചൊല്ലുന്ന ഒരാചാരം! വര്‍ഷങ്ങളായി ഇവിടെ നടക്കുന്നു. നാളെ വരാം മദ്യപ്പരദേവതകളെ എന്ന് മനമുരുകി താണുവണങ്ങിയാണ് ഓരോ കുടിയന്മാരും രംഗമൊഴിയുന്നത്. മുംബൈയ് പോലുള്ള വന്‍നഗരങ്ങളിലെ മദ്യവും മദിരാക്ഷിയും വില്‍ക്കുന്ന പബുകളും ബിയര്‍ പാര്‍ലറുകളും ഇതിന്റെ ഏഴയലത്തുപോലും വരില്ല.
പാലക്കാടന്‍ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് കള്ള്. കല്യാണം മുതല്‍ ചാവടിയന്തിരത്തിനും ശ്രാദ്ധമൂട്ടിനും വരെ കള്ള് ഇവിടുത്തകാര്‍ക്ക് നിര്‍ബന്ധമാണ്. പണ്ട് ഈഴവന്റെ പാടവും അവന്റെ കരിങ്കന്നുകളേയും കാക്കുന്ന നാട്ടുദൈവങ്ങളായ ''മുണ്ടിയനും'', ''മല്ലനും'' ആണ്ടിലൊരിക്കല്‍ വച്ചുകൊടുക്കുന്ന ദിവസം പൂജാ ദ്രവ്യങ്ങള്‍ക്കൊപ്പം കള്ള് കൂടി വച്ച് പൂജിച്ചിരുന്നു. കാരണമ്മാര്‍ക്കും (പിതൃക്കള്‍) കുലദൈവങ്ങള്‍ക്കും കള്ള് പ്രിയപ്പെട്ടതാണ്. പൂജയുടെ അന്ന് കുടുംബങ്ങള്‍ ഒത്തുകൂടി കുടിച്ചു മദിക്കും. ഒര്‍മ്മയുടെ വേരുകളില്‍ പുളിച്ച കള്ളിന്റെ മദം പൊട്ടുന്ന ലഹരി അരിച്ചു കയറുന്നു. . . .
ചാരായം നിരോധിച്ചതിന്റന്ന് എന്റെ നാട്ടിലെ തലമൂത്ത കൊണ്‍ഗ്രസ്സുകാര്‍ വരെ മുന്‍ മുഖ്യന്‍ അന്തോണിച്ചേട്ടനെ തെറിവിളിച്ചു. അത് അന്തക്കാലം ഇപ്പോള്‍ ചാരായം നിരോധിച്ചതിന് ആന്റണിച്ചേട്ടന് നന്ദിപറയുകയാണ് ചിറ്റൂരിലേയും നല്ലേപ്പിള്ളിയിലേയും ചെറുപ്പക്കാര്‍. കാരണം ഇന്ന് അവിടുത്തെ യുവതുര്‍ക്കികളില്‍ പലരും ചെറുകിട മദ്യരാജാക്കന്മാരാണ്. ചെറുപ്പക്കാരുടെ ഒരു സൈഡ് ബിസിനസ്സാണ് ചാരായം കടത്ത്. തമിഴ്‌നാടിന്റെ അതിര്‍ത്തി കുറിക്കുന്ന ചിറ്റൂര്‍ ഗോപാലപുരം വഴിക്കൊടുന്ന ഇരുപതോളം റൂട്ട് ബസ്സുകള്‍ വഴി അരയ്ക്കുചുറ്റും ചാരായക്കുപ്പി തിരുകി വെച്ച് അവര്‍ ചാരായ നിരോധനത്തെ അതിജീവിക്കുന്നു. റൂട്ട് ബസ്സില്‍ അധികം ചെക്കിങ്ങ് ഉണ്ടാവില്ല എന്നത് ഇവര്‍ക്ക് തുണയാവുകയാണ്. പിടിച്ചാല്‍ എമാന്മാര്‍ക്ക് ഫിഫ്ട്ടി ഫിഫ്ട്ടി കൊടുത്ത് പയ്യന്‍സ് തടിയൂരും. ഗോപാലപുരത്തു കിട്ടുന്ന ''ഗുണ്ട്'', ''മുട്ടന്‍'' എന്ന വിളിപ്പേരിലറിയപ്പെടുന്ന ചാരായക്കുപ്പികള്‍ ചുളുവിലയ്ക്ക് വാങ്ങി അവര്‍ ചിറ്റൂരും പരിസരത്തും ജീവിക്കുന്ന കൊട്ടുവടിയാശാന്മാരായ ചാരായ സ്‌നേഹികള്‍ക്ക് കൂടിയ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നു. വട്ടച്ചെലവിനുള്ള പണവും വൈകുന്നേരം കമ്പനിയടിക്കാനുള്ള വകുപ്പും ഈ തൊഴില്‍ വഴി ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് കിട്ടുന്നുണ്ട്. വലിയ മുതല്‍മുടക്കില്ല, ഏമാന്മാരും വലുതായി ശല്യം ചെയ്യില്ല ആണ്ടിലൊ സംക്രന്തിക്കൊ വല്ലോം കൊടുത്താല്‍ മതി.
കള്ളുകുടി ഒരു പാപമാണ് എന്ന് പറയാനാവില്ല. പക്ഷെ നല്‍കുന്ന കാശിന് നല്ല കള്ള് വില്‍ക്കുന്നതിനുപകരം കണ്ണും കരളും അടിച്ചുപോകുന്ന തരത്തിലുള്ള വിഷം വില്‍ക്കുന്നത് കൊലച്ചതിയാണ് അനീതിയാണ്. സര്‍ക്കാരിന്റേയും എക്‌സൈസിന്റേയും മൂക്കിനു താഴെയാണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. പാലക്കാട് കിണാശ്ശേരിലെ ഒരു ചെറിയ മിനുങ്ങു വീരനായ ശെല്‍വേട്ടന്‍ പറയുന്നു ''ഇവിടുത്തെ ചെത്തുകാര്‍ ചെത്തുന്ന മരനീരല്ല ഷാപ്പുകളില്‍ വില്‍ക്കുന്നത്. നാട്ടില്‍ കുടിയന്മാര്‍ കൂടിക്കൂടി വരുന്നു, അതിനുമാത്രമുള്ള കള്ള് ഇവിടെ ചെത്തുന്നുമില്ല. അപ്പൊ വ്യാജനുണ്ടാക്കാതെ തരമില്ല''. അപ്പൊ എല്ലാം അറിഞ്ഞുകൊണ്ടാണ് ഡെയ്‌ലി ശെല്‍വേട്ടന്‍ മിനുങ്ങുന്നത്. ബെസ്റ്റ്!!
കൃത്രിമ കള്ളുത്്പാദനം തടയുന്നതിനാണ് ഇരുപതോളം കള്ളുഷാപ്പുകള്‍ മുന്‍ ഗവണ്‍മെന്റെ് നിര്‍ത്തലാക്കിയത് എന്നാല്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റെ ഈ ഷാപ്പുകളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് മദ്യപാനികളോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു. കുടിയന്മാരെല്ലാം വളരെ സന്തോഷിച്ചു ഒരിക്കലും തുറക്കുകയില്ല എന്നു കരുതിയ പലഷാപ്പുകളും തുറന്നു. വര്‍ദ്ധിച്ചു വരുന്ന കുടിയന്മാര്‍ക്കുവേണ്ടി ചില രാഷ്ട്രിയ ദുര്‍മ്മേദസ്സുകളുടെ ഒത്താശയോടെ വണ്ടിത്താവളത്തെയും കൊഴിഞ്ഞാമ്പാറയിലേയും രഹസ്യത്താവളങ്ങളില്‍ മെത്തനോളും ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത സകലമാന മയക്കുവിദ്യയും ലയിപ്പിച്ച് കൃതൃമകള്ള് ഒരുങ്ങുന്നു. ഇതിന്റെയൊക്കെ ബാക്കിപത്രമാണ് ഇപ്പോള്‍ മലപ്പുറം ജില്ലയിലുണ്ടായിരിക്കുന്ന മദ്യദുരന്തം. എട്ടൊന്‍പതു വര്‍ഷം മുന്‍പ് ഒരു ഒക്‌ടോബര്‍മാസത്തില്‍ പള്ളിവാതുക്കലില്‍ ഉണ്ടായ ദുരന്തത്തിന്റെ പുനരാവര്‍ത്തനമാണ് ഈ ദുരന്തവും.
മദ്യദുരന്തത്തിനുശേഷം പരസ്പരം കുറ്റം ചാര്‍ത്തിയും പഴിപറഞ്ഞും കുംമ്പസരിച്ചും കേരള രാഷ്ട്രിയം വിഴുപ്പലക്കുകയാണ്. കള്ളുകടത്തു വീരനായ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നിയമസഭാ സാമാജികന് മാനസ്സാന്തരമുണ്ടാവാന്‍ മുപ്പതിലധികം ആള്‍ക്കാരുടെ ജീവനെ കാലപൂരിക്കയക്കേണ്ടി വന്നു കഷ്ടം!!!. ഇത്രയും കാലം ഈ വിദ്വാന്‍ കള്ളുകച്ചവടം പാല്‍ക്കച്ചവടത്തെക്കാള്‍ ഉദാത്തമായി കണ്ടയാളാണ്. ഏതൊരു വേദിയിലും തന്റെ കുടുംബത്തിന്റെ കള്ളുവില്‍പനയിലെ പാരമ്പര്യശുദ്ധിയെ ഉദ്‌ഘോഷിച്ചയാളാണ്.
മറ്റുജില്ലകളിലേക്കുള്ള കള്ളൊഴുക്കിന്റെ മഹാധമനികളായ തത്തമംഗലത്തെ പള്ളിമുക്കിലും അണിക്കോട്ടും ഡി. വൈ. എഫ്. ഐ., യൂത്ത്‌കൊണ്‍ഗ്രസ്സ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണിപ്പോള്‍. ജനം ഭീതിയിലാണ് എപ്പോഴും എന്തും സംഭവിക്കാം എന്ന അവസ്ഥ. കേരളത്തെ നടുക്കിയ ദുരന്തം നടന്നത് മലപ്പുറം ജില്ലയിലായിരുന്നെങ്കിലും ചിറ്റൂരില്‍ നിന്നെത്തിയ കള്ളാണ് അവിടെ വിതരണം ചെയ്യപ്പെട്ടിരുന്നത് എന്ന ഒറ്റക്കാരണം കൊണ്ട് പാലക്കാട്ടിലെ കള്ളു വ്യവസായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ഭരണപക്ഷം.
പല്ലശ്ശനയിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ചെത്തുതൊഴിലാളി പറയുന്നു ''ഇവിടുത്തെ ഷാപ്പുകളില്‍ വില്‍ക്കപ്പെടുന്ന ''പടയപ്പ'' ''ആനമയക്കി'' എന്നൊക്കെയുള്ള ഓമനപ്പേരിലറിയപ്പെടുന്ന കൃതൃമകള്ളിന് അടിമയാണ് പനകയറ്റക്കാരനായ ഞാന്‍ പോലും. സ്വയം ചെത്തിയ കള്ള് ഷാപ്പുകാരന്റെ കളക്ഷന്‍ ഏജന്റിന് കൊടുത്ത് കാശുവാങ്ങിച്ച് ആ കാശു കൊടുത്ത് ഞാന്‍ ഷാപ്പുകാരന്റെ ഈ ആനമയക്കി വാങ്ങികുടിക്കുന്നു. ഇതു കുടിച്ചില്ലെങ്കില്‍ അന്തിയാവുമ്പോ കയ്യിനും കാലിനും ഒരു വെറയല്‍ വരും''. സര്‍ക്കാര്‍ നടത്തുന്ന ലക്കുകെട്ട മദ്യവ്യവസായത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ പല്ലശ്ശനക്കാരന്‍. ഇതുപോലെ അനേകംപേര്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുണ്ട്്. കള്ളുഷാപ്പുകളില്‍ വില്‍ക്കുന്ന വ്യജനെ കണ്ടാല്‍ കള്ളുചുരത്തുന്ന തെങ്ങുകള്‍ തലതല്ലിക്കരയും അമ്മാതിരി അധര്‍മ്മമാണ് നാട്ടില്‍ നടക്കുന്നത്. ''പടയപ്പ'' എന്നുപേരുള്ള രജനികാന്ത് ചിത്രത്തില്‍ കാറുമായി കഥാനായകന്‍ ആകാശ യുദ്ധം ചെയ്യുന്ന രംഗങ്ങള്‍ ഉണ്ട് ഇതിന്റെ ഊറ്റം ഉള്‍ക്കൊണ്ടുകൊണ്ടാണ് പാലക്കാടന്‍ വ്യാജകള്ളിന് പടയപ്പ എന്ന പേരു വന്നത്. പിന്നെയുമുണ്ട് ഒരുപാട് പേരുകള്‍. തൃശ്ശൂരിലും അതിര്‍ത്തിപ്രദേശങ്ങളിലും ഈ വ്യാജന്‍ അറിയപ്പെടുന്നത് ''മണവാട്ടി'' എന്ന പേരിലാണ് കാരണം എവന്‍ അകത്തു ചെന്നാല്‍ കുടിയന്റെ ശിരസ്സ് പുതുമണവാട്ടിയെപ്പോലെ നാണിച്ച് തലതൂങ്ങികിടക്കും. പിന്നെ ഒരു പേരുള്ളത് ''പുല്ലുപറിയന്‍'' എന്നാണ് കുടികഴിഞ്ഞാല്‍ ടിയാന്‍ നിലത്തു കമഴ്ന്നുകിടന്ന് പുല്ലു കടിച്ചു പറിക്കാന്‍ സാദ്ധ്യതയുണ്ട് അതുകൊണ്ടാണ് പുല്ലുപറിയന്‍ എന്നപേരില്‍ ഈ വ്യാജന്‍ അറിയപ്പെട്ടത്. കൂടാതെ ''ആപ്പ്'', ''വാണം'', തുടങ്ങി ദേശവ്യത്യാസങ്ങള്‍ക്കനുസരിച്ച് പേരുകള്‍ അനവധി. ഇതൊന്നും കൂടാതെയാണ് കുത്തന്നൂരിലും മുപ്പുഴിയിലും ചിതലിയിലെ മലയപ്പോതി മലയുടെ സമീപ പ്രദേശങ്ങളിലും രഹസ്യമായി വാറ്റുന്ന ''കൊട്ടുവടി'' എന്നറിയപ്പെടുന്ന അസ്സല്‍ നാടന്റെ വിലസ്സല്‍. നാട്ടില്‍ നിന്ന് ഇപ്പോള്‍ കിട്ടിയ വിവരം ചില വാറ്റുകാരെ മാസപ്പടിയുടെ നന്ദി മറന്ന് എക്‌സൈസുകാര്‍ പൊക്കി എന്നാണ്. നാലഞ്ചു കന്നാസുകളോടെ പേരിന് ചിലരെ പിടിച്ചകത്തിട്ടിട്ടുണ്ടെന്ന് കേള്‍ക്കുന്നു.
നാടന്‍ വാറ്റൊക്കെ പണ്ട്; ഇപ്പോ ആര്‍ക്കാ വാറ്റാനും വഴറ്റാനുമൊക്കെ നേരം. ചിറ്റൂരും കൊഴിഞ്ഞാമ്പാറയിലുമുള്ള കലക്കു വിദ്വന്മാരുടെ റസിപ്പി പ്രകാരം ഊറ്റിയെടുക്കുന്ന ''കണ്ണമ്പി'' (കുടിച്ചാല്‍ കണ്ണുപോകുന്ന) ഉണ്ടാക്കുന്നതിലാണ് വാറ്റുകാര്‍ക്ക് താല്‍പര്യം ഈ ഐറ്റം കൂടുതല്‍ ലാഭകരമാണ് ഇവര്‍ക്ക്.
''മൂലവെട്ടിയും'', ''ധോണീവാക്കറും'' (ഒലവക്കോട് ധോണിഭാഗത്തുണ്ടാക്കുന്ന നാടന്‍ വാറ്റ്) മദ്യസ്‌നേഹികളുടെ കുടുംബം വാഴുമ്പോള്‍ കല്ലുവാതിക്കലും, വണ്ടൂര്‍ ദുരന്തങ്ങളും തുടര്‍ക്കഥയാവുകയാണ്. ഇപ്പോഴത്തെ ഈ ബഹളങ്ങളൊക്കെ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഒത്താശയോടെ കേരളത്തിലെ കള്ളുഷാപ്പുകളും ബീവറേജു കൊര്‍പ്പറേഷനും വീണ്ടും സജീവമാകും. അന്തിയോളം അധ്വാനിച്ചു കിട്ടുന്ന വേതനത്തിലെ ഒരംശമെടുത്ത് ഒന്നു മദ്യപിച്ച് വല്ലിടത്തും ഒന്നുമയങ്ങാം എന്ന് മോഹിച്ചു വരുന്ന നിരപരാധികളുടെ ജീവനെടുക്കുന്ന ''കലക്കല്‍'' വിദഗ്ദന്മാരുടെ കൈയ്യബദ്ധം ഇനിയും ഇവിടെ ആവര്‍ത്തിക്കും. ഓരോ ദുരന്തങ്ങള്‍ക്കു ശേഷവും പത്രങ്ങള്‍ക്ക് ആഘോഷിക്കാന്‍ മണിച്ചന്മാരുടേയും ദ്രവ്യന്മാരുടെയും സസ്‌പെന്‍സ് പിന്നാമ്പുറക്കഥകള്‍ ഉണ്ടാവും. അടുത്ത മദ്യ ദുരന്തം ഉണ്ടാകും വരെ നമുക്ക് വല്ല നേരംമ്പോക്കും വേണ്ടേ!!
പോസ്റ്റാന്‍ വൈകിയെന്നറിയാം എന്നാലും ഇതിവിടെ ശേഖരിച്ചു വയ്ക്കുക എന്നൊരു ഉദ്ദേശ്യമേയുള്ളു
മറുപടിഇല്ലാതാക്കൂഇപ്പോള് കുടിയന്മാരൊക്കെ രാവിലെയാവുംപോഴേക്കും ബിവരെജസിന്റെ ക്യൂവില്‍ കാണാമല്ലോ.
മറുപടിഇല്ലാതാക്കൂഷാപ്പില് മിക്കവാറും ആനമയക്കിയെ കിട്ടുകയുള്ളൂ.
പാലക്കാട്ട് ജില്ലയില്‍ ചെത്തിയെടുക്കുന്ന കള്ള് ഒരു മായവും ചേര്‍ക്കാതെ ജില്ലയിലെ എല്ലാ ഷാപ്പിലും സുലഭമായി വില്‍ക്കാന്‍ പറ്റും.
പക്ഷെ, മറ്റ് ജില്ലകളില്‍ കൊണ്ടുപോകുന്നതിനായി, അതില്‍ പലവിധ മായം ചേര്‍ത്ത് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ ദുരന്തങ്ങള്‍ സംഭവിക്കുന്നത്. ഒരു ദിവസം ചിറ്റൂര്‍ മേഖലയില്‍ നിന്നും എത്ര കള്ളു വണ്ടികളാണ് മറ്റിടങ്ങളിലേക്ക് പറക്കുന്നത്.