(മുംബൈ പ്രസിദ്ധീകരണമായ വൈറ്റ്‌ലൈന്‍ വാര്‍ത്തയ്ക്ക് വേണ്ടി എഴുതിയ ആഴ്ച വിചാരത്തില്‍ നിന്ന്)
''കേരളത്തിന്റെ മാറുന്ന മുഖം''
നവിമുംബൈ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ''കേരളത്തിന്റെ മാറുന്ന മുഖം'' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. കേരളത്തില്‍ നിന്ന് രാഷ്ട്രീയ നിരൂപകനായ ഹമീദ് ചേന്ദമംഗലൂര്‍ പങ്കെടുത്തു. അടുത്തകാലത്ത് മുംബൈയില്‍ അരങ്ങേറിയ പരിപാടികളിലെ വളരെ കാമ്പുള്ള പരിപാടികളില്‍ ഒന്നായിരുന്നു ഈ സെമിനാര്‍. ബുദ്ധിയുടേയും ദര്‍ശനത്തിന്റെയും മാസ്മരിക സൗന്ദര്യമാണ് ഹമീദ് ചേന്ദമംഗലൂര്‍ എന്ന എഴുത്തുകാരനില്‍ കാണാനായത്. തീവ്രവാദത്തിനെതിരായ കക്ഷിരാഷ്ട്രീയാതീതമായ ചിന്തകള്‍ മുംബൈയുടെ രാഷ്ട്രീയ ബോധത്തിന് പുതിയോരു ധിഷണോര്‍ജ്ജം പകര്‍ന്നു തരുന്നതായിരുന്നു.
കേരളത്തിന്റെ കാല്പനികമായ ജീവിതോവസ്ഥകളെ തകിടം മറിക്കുന്ന തീവ്രവാദത്തിന്റേയും മത ഫാസിസത്തിന്റെയും അടിവേരുകളെ വളരെ സമര്‍ത്ഥമായി അന്വഷിക്കുന്നതോടൊപ്പം പുരോഗമന പ്രസ്ഥാനങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തെ ഹമീദ് വളരെ ശക്തമായി വിമര്‍ശിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വളരെക്കാലമായി നമ്മള്‍ കാത്തുസൂക്ഷിച്ചിരുന്ന മതേതര ഇടം കുറഞ്ഞുവരുന്നതിന്റെ വ്യക്തമായ സൂചനകളെ ഹമീദ് ചേന്ദമംഗലൂര്‍ കാണിച്ചുതന്നു.
മതതീവ്രദത്തിനെതിരെയുള്ള ഹമീദ് ചേന്ദമംഗലൂരിന്റെ പോരാട്ടത്തിന് ഏറെ പഴക്കമുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഈയിടെ കേരളത്തില്‍ നടന്ന മദനി സംഭവത്തെക്കുറിച്ച് അതിശക്തമായി പ്രതികരിച്ചയാളാണ് ഹമീദ് ചേന്ദമംഗലൂര്‍. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ പാര്‍ട്ടിഭക്തിയിലധിഷ്ടിതമായ ചതുരത്തിലൂടെയല്ല ഹമീദ് ചേന്ദമംഗലൂര്‍ തീവ്രവാദത്തെ നോക്കിക്കാണുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളുടേയും പരോക്ഷമെങ്കിലും ഓട്ടുബാങ്കിന്റെ ഉറവകളേയും മുന്നില്‍ കണ്ടുകൊണ്ടാണ് പുരോഗമന വാദികള്‍ മതതീവ്രവാദത്തെ എതിര്‍ക്കുന്നത്. അതുകൊണ്ടാണ് മദനിയെപ്പോലെയുള്ളവര്‍ക്കായി ഇടതുപാര്‍ട്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. ഹമീദ് പറയുന്നു ''കാസര്‍ഗോട്ടില്‍ റയാന എന്ന എയ്‌റോനോട്ടിക്കല്‍ എജിനിയറിംഗിനു പഠിക്കുന്ന വിദ്യാസംമ്പന്നയായ ഒരു യുവതി പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ നിരന്തരമായ വധഭീഷണി നേരിടുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരിക്കുകയും എന്നാല്‍ മദനിയുടെ അറസ്റ്റുണ്ടായപ്പോള്‍ അതിനെ മനുഷ്യാവകാശ ലംഘനമായിക്കണ്ട് ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നതിനു പിന്നില്‍ ഇവിടുത്തെ ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങളുടെ അവസരവാദമാണ് കാണിക്കുന്നത്. കാരണം റയാന എന്ന പാവം പെണ്‍കുട്ടിക്ക് സ്വന്തമായി വോട്ടുബാങ്കില്ല. എന്നാല്‍ മദനിക്ക് അതുണ്ട്. മണിപ്പൂരില്‍ ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമന്നാവശ്യപ്പെട്ട് പത്തുവര്‍ഷമായി നിരാഹാര സമരം നടത്തുന്ന ചാനു ശര്‍മ്മിളയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നവര്‍ കേരളത്തിലെ റയാനയെപ്പോലെയുള്ളവര്‍ക്കുന്നേരെ യാഥാസ്ഥിതക മതസമൂഹം നടത്തുന്ന മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത് ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഇരട്ടാത്താപ്പാണ് കാണിക്കുന്നത്'' ഹമീദ് പറഞ്ഞു.
മതതീവ്രവാദത്തേയും യാഥാസ്ഥിതിക വാദത്തേയും എതിര്‍ക്കുന്നതില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്നു. ഇടതു പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രപരമായ ഇച്ഛാശക്തി ചോര്‍ന്നുപോയി എന്നതിന്റെ തെളിവാണ് എഴാം ക്ലാസ്സ് പാഠപുസ്തക വിവാദത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയ സംഭവം. സംഘടിത മതങ്ങളുടേയും ജാതി സംഘടനകളുടേയും വെല്ലുവിളിയില്‍ മുട്ടുമടക്കിയ സര്‍ക്കാര്‍ കേരളത്തിലെ മതതീവ്രവാദത്തിന് കൂടുതല്‍ വളം വയ്ച്ചുകൊടുക്കുകയായിരുന്നു. മതം എന്നാല്‍ ഏതൊരു വ്യക്തിയുടേയും സ്വകാര്യതയാണ്. ഏതൊരു മതത്തിനും അതിന്റേതായ ഒരു അചാര വ്യവസ്ഥയും രാഷ്ട്രിയ വ്യവസ്ഥയും ഉണ്ട്. ഹിന്ദു ആയാല്‍ പോരാ ഹിന്ദുയിസത്തെ വളര്‍ത്തണം എന്നത് ഹിന്ദുമതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ സ്ഥാപിക്കാനുള്ള ശ്രമമാണ്. ഹിന്ദു മതം എന്ന ഏറെ വ്യക്തിസ്വകാര്യമായ ആചാര വ്യവസ്ഥ പിന്‍തുടര്‍ന്നാല്‍ പോര മറിച്ച് ഹിന്ദുയിസം എന്ന രാഷ്ട്രീയ വ്യവസ്ഥയെ കുടി സ്ഥാപിച്ചെടുക്കാന്‍ ഓരോ ഹന്ദുവും ഉണരണം എന്ന് പ്രവീണ്‍ തൊഗാഡിയയെപോലുള്ളവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഇസ്ലാം എന്ന അചാര വ്യവസ്ഥയുടെ രാഷ്ട്രിയ വ്യവസ്ഥയുടെ പേരാണ് ഇസ്ലാമിസം. സ്വയം ഒരു ഇസ്ലാമായി ജീവിച്ചതുകൊണ്ടുമാത്രം ഒരാള്‍ യാഥാര്‍ത്ഥ മുസ്ലീം ആകുന്നില്ല മറിച്ച് അയാള്‍ ഇസ്ലാമിസം എന്ന രാഷ്ട്രീയ വ്യവസ്ഥയെ സ്ഥാപിച്ചെയുക്കാന്‍ കൂടി പരിശ്രമിക്കുമ്പോഴേ യഥാര്‍ത്ഥ മുസ്‌ളീം ആകുകയുള്ളു. മതത്തിന്റെ രാഷ്ട്രീയ അജണ്ടകളില്‍ നിന്നാണ് തീവ്രവാദം ഉടലെടുക്കുന്നത് എന്ന് ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ കണ്ടെത്തുന്നു. സോവിയറ്റ് യുണിയന്‍ എന്ന ഒരു കാലത്തെ അതി പ്രധാന ശക്തിയെ തകര്‍ക്കാന്‍ വേണ്ടി അമേരിക്ക പ്രത്സാഹിപ്പിച്ച മത തീവ്രവാദമാണ് ഇന്ന് ലോകം മൊത്തം അനുഭവിക്കുന്ന ഇസ്ലാമിക തീവ്രവാദം എന്ന് ഹമീദ് സമര്‍ത്ഥിച്ചു.
വിവരം കെട്ടുപോയ ഒരു സമൂഹം
'ഞങ്ങളെ വിമര്‍ശിക്കരുത് അങ്ങിനെ ചെയ്താല്‍ ഏത് അവയവം ഉപയോഗിച്ചാണോ നിങ്ങള്‍ ഞങ്ങളോട് പ്രതികരിക്കുന്നത് ആ അവയവം ഞങ്ങള്‍ വെട്ടി ദൂരെ എറിയും' എന്ന താക്കീതാണ് തൊടുപുഴ ന്യൂമന്‍ കോളേജിലെ പ്രഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയതിലൂടെ മതതീവ്രവാദികള്‍ ചെയ്തത്. ചരിത്രത്തിലെ ചെറിയ ചില വര്‍ഗ്ഗീയ കലാപങ്ങളെ മാറ്റിനിര്‍ത്തിയാല്‍ നമ്മള്‍ കേരളീയര്‍ ഏറെ സുരക്ഷിതരാണെന്ന് അഹങ്കരിച്ചിരുന്നു. ഈ കൈവെട്ടു സംഭവത്തിലൂടെ മതതീവ്രവാദം അതിന്റെ പരസ്യമായ പൊതുജീവിതത്തിന്റെ പ്രഖ്യാപനമാണ് നടത്തിയത്. മതേതരമായ ഇടങ്ങള്‍ കേരളത്തിന്റെ സമകാലിക ജീവിതത്തില്‍ നിന്ന് ചുരൂങ്ങി ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെ കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മദനിയെപ്പോലെയുള്ളവരുടെ ഓട്ടുബാങ്കില്‍ കണ്ണുവച്ച് അയാളുടെ വീട്ടുപടിക്കല്‍ കാവല്‍ കിടക്കുന്നു. മദനി അറസ്റ്റുചെയ്തപ്പോള്‍ മദനിയുടെ ഫോണിലേക്ക് നിന്തരമായി ഫോള്‍ ചെയ്ത കേരളത്തിലെ ബഹുമാനപ്പെട്ട ഒരു മന്ത്രിയെക്കുറിച്ച് കര്‍ണ്ണാടക പോലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതാരാണെന്ന് വെളിപ്പെടുത്തുകയുണ്ടായില്ല. അതാരാണെന്ന് രാഷ്ട്രീയ ബോധമുള്ള കേരളത്തിലെ ഓരോ മലയാളിക്കും നന്നായി അറിയാം.
തൊടുപുഴ ന്യൂമാന്‍ കോളജ് സംഭവത്തോട് അനുബന്ധിച്ച് കേരള നിയമസഭയില്‍ ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ സി. പി. മുഹമ്മദ് ഉയര്‍ത്തിയ വാദങ്ങള്‍ക്ക് അധികം മാധ്യമ ശ്രദ്ധ കിട്ടാതെ പോയി. അദ്ദേഹം നിയമസഭയില്‍ ചോദിച്ചു 'കര്‍ത്താവിനെന്തിനാ പൊന്‍കുരിശ്, മരക്കുരിശ് പോരേ എന്ന് പൊന്‍കുരിശ് തോമയെക്കൊണ്ട് ചോദിപ്പിച്ച കഥയുടെ കര്‍ത്താവായ വൈക്കം മുഹമ്മദ് ബഷിറന് ഇന്ന് ഇങ്ങിനെ ഒരു കഥയെഴുതാനാവുമായിരുന്നോ, അന്ന് ഇതെഴുതിയതിന്റെ പേരില്‍ ഒരു ക്രിസ്ത്യാനിയും മുസ്ലീമായ ബഷീറിനെ ആക്രമിച്ചില്ല. നിര്‍മ്മാല്യം എന്ന സിനിമയുടെ അവസാന ഭാഗം കണ്ടിട്ട് ആരും ആ സിനിമ എടുത്ത എം.ടിയെയോ ആ രംഗം അഭിനയിച്ച പി.ജെ ആന്റെണിയെയോ ആക്രമിച്ചില്ല. ഇന്ന് അങ്ങിനെ ഒരു സിനിമ എടുക്കാന്‍ കഴിയുമോ? നാടകമെഴുതിയതിന്റെ പേരില്‍ ആരും ചെന്ന് കെ.ടി. മുഹമ്മദിന്റെ കൈവെട്ടിയില്ല. "ഗുരുവായുരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും ഗോപുര വാതില്‍ തുറക്കും ഞാന്‍, ഗോപകുമാരനെ കാണും" എന്ന് യേശുദാസ് പാടിയപ്പോള്‍ ഒരു ക്രസ്ത്യനിയാണോ ഇത് പാടിയതെന്ന് ആരും നോക്കിയില്ല. അമ്പലമുറ്റത്ത് കലാമണ്ഡലം ഹൈദരാലിയുടെ കഥകളി സംഗീതം കേട്ട് ഇത് മുസ്ലീമാണെന്ന് പറഞ്ഞ് ആരും കലിതുള്ളിയുമില്ല. മുപ്പത്തിയഞ്ച്, നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ക്കുണ്ടായിരുന്ന വിവേകത്തിന്റെ നാലയലത്ത് എത്താന്‍ ഇന്നത്തെ മലയാളികള്‍ക്ക് കഴിയുന്നില്ല". മദ്യത്തിന്റെ മയക്കത്തില്‍ മലയാളി പെട്ടുപോയതുപോലെ മതതീവ്രവാദത്തിലും നാം അകപ്പെട്ടിരിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയുണ്ടായിരുന്ന മലയാള ഭൂമിയെ കലാപഭൂമിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്''. എക്‌സൈസ്, സ്റ്റേഷനറി എന്നീ വകുപ്പുകളിന്മേലുള്ള ബഡ്ജറ്റ് ചര്‍ച്ചാവേളയിലാണ് ശ്രീ സി. പി. മുഹമ്മദ് എന്ന കോണ്‍ഗ്രസ്സ് നിയമസഭാ സമാജികന്‍ ഇത്രയും പറഞ്ഞത്.
വഴിതെറ്റിപോകുന്ന ചര്‍ച്ചകള്‍
ഹമീദ് ചേന്ദമംഗലൂര്‍ അവതരിപ്പിച്ച സെമിനാറിനുശേഷം അദ്ദേഹം അവതരിപ്പിച്ച വിഷയത്തില്‍ ചര്‍ച്ച നടന്നു. കേരളപ്പിറവിക്കു ശേഷം 54 വര്‍ഷം കഴിഞ്ഞ് നില്‍ക്കുന്ന ഈ ദശാസന്ധിയില്‍ കേരളത്തിന്റെ മുഖം പഴയതില്‍ നിന്ന് കൂടുതല്‍ സുന്ദരമായോ അതോ വികൃതമായൊ എന്ന് അന്വേഷിക്കകയാണ് ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ എന്ന് കവി ശ്രീ കെ ഹരിദാസ് ചര്‍ച്ച ഉദ്ഘാടനം ചെയ്യവെ പറഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ നമ്മള്‍ മുംബൈയിലെ ബുദ്ധിജീവികള്‍ പ്രതീക്ഷ തെറ്റിച്ചില്ല. മുംബൈയിലെ പരക്കെ കണ്ടുവരുന്ന ''പ്രസംഗരോഗത്തിന്റെ'' തുമ്മലും ചീറ്റലും അറുപതുകളില്‍ കേരളം വിട്ടവരുടെ ഫ്യൂഡല്‍ ജീവിതത്തിന്റെ ഒര്‍മ്മയും കൊണ്ട് മുംബൈയിലെ ബുദ്ധിജീവികള്‍ ഹമീദ് ചേന്ദമംഗലൂരിനെ വധിക്കുന്നതുകണ്ടു. കേരളത്തിന്റെ മാറുന്ന മുഖം എന്നാല്‍ നാമമാത്രമായ തീവ്രവാദമൊ നിസ്സാരമായി തള്ളിക്കളയാവുന്ന കൈവെട്ടൊ ഒന്നുമല്ല കാളവണ്ടിയില്‍ നിന്ന് ഫെരാരി കാറിലേക്ക് മാറിയ നമ്മുടെ സാങ്കേതിക സാമ്പത്തിക വളര്‍ച്ചയാണ്! എന്ന് ചില കാല്പനിക ബുദ്ധിജീവികള്‍ സമര്‍ത്ഥിച്ചു!!. സ്വന്തം അയല്‍വീട്ടില്‍ വരെ എത്തിനില്‍ക്കുന്ന തടിയന്റെ വിടന്‍മാരുടെ സാന്നിധ്യത്തെ ഇവരൊന്നും അറിയാതെ പോയതാണോ, അതൊ കണ്ടില്ലെന്നു നടിക്കുന്നതൊ അതൊ ഇവരുടെ ബുദ്ധി മരവിച്ചോ. . . ?
മുംബൈ സാഹിത്യവേദി പ്രതിമാസ ചര്‍ച്ച
ഒരെഴുത്തുകാരന്‍ ഒരു സര്‍ഗ്ഗാത്മക സൃഷ്ടി നടത്തുന്നതിലൂടെ അയാളുടെ വ്യക്തിജീവിതത്തെ പൊതുജീവിതവുമായി കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ എഴുത്തുകാരനും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം എന്നാല്‍ 'രാഷ്ട്രത്തെ സംബന്ധിക്കുന്നത്' എന്ന യഥാര്‍ത്ഥ അര്‍ത്ഥത്തിലാണ് ഞാന്‍ ഇവിടെ പ്രയോഗിക്കുന്നത്. രാഷ്ട്രീയം എന്ന വാക്കിന്റെ സമകാലിക ജീവിതത്തിലെ വ്യവഹാരങ്ങള്‍ ഇന്ന് പലതാണ്. ഒരു എഴുത്തുകാരന്റെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല; ആയിക്കൂടായ്കയുമില്ല. കണ്ണൂരിലെ കക്ഷിരാഷ്ട്രീയ സംഘട്ടനങ്ങളിലൂടെ, രക്തം മരവിപ്പിക്കുന്ന അക്രമ സംഭവങ്ങളിലൂടെ സ്വന്തം മകന്‍ നഷ്ടപ്പെടുമ്പോള്‍ ഒരമ്മയുടെ നെഞ്ചിലെ വേദനയുടെ രാഷ്ട്രിയമുണ്ടല്ലൊ, നീതികരിക്കാനാവാത്ത രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ വയറ്റിലെ വിശപ്പിന്റെ രാഷ്ട്രീയമുണ്ടല്ലൊ, അതാണ് എഴുത്തുകാരന്റെ രാഷ്ട്രീയം. അത് അണികളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി പപ്പോഴും കൊലപാതകികളാക്കി മാറ്റുന്ന കക്ഷിരാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയമല്ല.
കഴിഞ്ഞ നവംബര്‍ 7ന് മുംബൈ സാഹിത്യവേദി ചര്‍ച്ചയില്‍ എഴുത്തുകാരന്റെ രാഷ്ട്രീയത്തെക്കുറിച്ച് കാമ്പില്ലാത്തതെങ്കിലും ചിരിക്കാന്‍ വകയുള്ള പല വാദങ്ങളും അരങ്ങേറുകയുണ്ടായി. വേദിയില്‍ കവിത അവതരിപ്പിച്ച ആശിഷ് എബ്രഹാം ഒരു ഇടതുപക്ഷ സഹയാത്രികനാണ് എന്ന് ഞാന്‍ വേദിയുടെ ബ്ലോഗ്ഗിലെഴുതിയത് പലര്‍ക്കും അത്ര പിടിച്ചില്ല. ഇടതുപക്ഷം എന്നാല്‍ ഒരു ചിന്താപദ്ധതിയാണ്. ഒരു ഇടതുപക്ഷ സാഹയാത്രികനാണ് എന്ന് പറയാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ ആവശ്യമില്ല. ഒരു കമ്മ്യൂണിസ്റ്റുകാരനാവുക എന്നാല്‍ ഒരു മനുഷ്യനാവുക എന്നതാണ് അര്‍ത്ഥം. ആത്മീയവും ഭൗതികവുമായ വ്യത്യസ്ത അടിത്തറയുള്ള പ്രത്യേയശാസ്ത്രാവബോധവും, രാഷ്ട്രീയാവബോധവുമാണ് ഒരു എഴുത്തുകാരനെ എന്നും എഴുത്തുകാരനാക്കി നിലനിര്‍ത്തുന്നത്. വിവിധരാഷ്ട്രീയ നൈതികതകള്‍ തമ്മില്‍ ആരോഗ്യകരമായ ഏറ്റുമുട്ടലുകള്‍ അനിവാര്യമാണ്. വേദിയില്‍ നിന്ന് വേദിക്കു വെളിയിലേക്കു നീണ്ട രസകരവും നിര്‍ഭാഗ്യകരവുമായ ചര്‍ച്ച സത്യത്തില്‍ ചിലരെയൊര്‍ത്ത് സഹതപിക്കേണ്ട ഗതികേടിലെത്തിച്ചു. എന്തിലും ഏതിലും രാഷ്ട്രീയത്തെ സന്നിവേശിപ്പിക്കുന്നതെന്തിന് എന്ന് പലരും രോക്ഷം കൊള്ളുന്നതു കണ്ടു. ''രാഷ്ട്രീയമെന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ കക്ഷിരാഷ്ട്രീയമല്ല. ഓരോ എഴുത്തുകാരനും അവന്റേതായ രാഷ്ട്രീയം വേണം എന്ന് പത്രപ്രവര്‍ത്തകനും കവിയുമായ ജയന്‍ തനിമയും സഹൃദയനായ വില്‍സന്‍ കുര്യാക്കോസും സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതൊക്കെ വനരോദനമായി മാറുന്നതുംകണ്ടു.
പുതിയ കാവ്യഭാഷയേയും പുതുകവിതയുടെ സങ്കേതങ്ങളേയും സ്വന്തം കവിതകളിലേക്ക് സ്വാംശീകരിക്കാനുള്ള ഒരു ശ്രമം ആശിഷ് എബ്രഹാം കഴിഞ്ഞ സാഹിത്യവേദിയില്‍ അവതരിപ്പിച്ച കവിതകളില്‍ കാണാനായി. പക്ഷെ വേറിട്ട ഒരു ശില്പമികവൊ തനതു ബിംബ മാതൃകകളോ ആശയങ്ങളൊ ആശിഷിന്റെ കവിത പ്രകടിപ്പിക്കുന്നില്ല. എങ്കിലും പ്രതിഭയുടെ പുത്തന്‍ പൊടിപ്പുകള്‍ ആശിഷിന്റെ പലകവിതകളിലും സുവ്യക്തമാണ്. പലകവിതകളും വല്ലാത്തൊരു മരണാഭിമുഖ്യം പ്രകടിപ്പിക്കുന്നതായി വേദി പൊതുവേ വിലയിരുത്തി. പുതുനിരയില്‍നിന്ന് മുമ്പ് പലരും സാഹിത്യവേദിയില്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാഹിത്യവേദിയില്‍ വരുന്നതിനു മുന്‍പും പിന്‍പും അവരുടെ സര്‍ഗ്ഗാത്മകതയില്‍ വന്നിട്ടുള്ള പ്രകടമായ മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മുംബൈ സാഹിത്യവേദിയുടെ മൂല്യത്തെ നമ്മള്‍ തിരിച്ചറിയുന്നു. ആശിഷിന്റെ കവിതാവതരണം കൊണ്ട് വേദിയെക്കാള്‍ ആശിഷ് എന്ന വളര്‍ന്നു വരുന്ന കവിക്കാണ് ഗുണമുണ്ടായിരിക്കുന്നത്. വേദിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത ഏതാണ്ടെല്ലാവരും കവിതയുടെ നന്മതിന്മകളെ ഭംഗിയായി വിലയിരുത്തി. ആശിഷിലെ കവിക്ക് പുതിയൊരു ദിശാബോധം നല്‍കാന്‍ ഈ ചര്‍ച്ച ഉതകിയിരിക്കുമെന്ന് വിശ്വസിക്കുന്നു.
സാഹിത്യവേദിയുടെ ചര്‍ച്ചകളിലും മുംബൈയുടെ സാംസ്‌കാരിക ജീവിതത്തിലാകമാനവും സജീവ സാന്നിധ്യമായിരുന്ന ചേപ്പാട് സോമനാഥന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ് നാട്ടിലേക്കു മടങ്ങിയതിനു ശേഷം അദ്ദേഹം ഇല്ലാത്ത ഒരു വേദിയായിരുന്നു കഴിഞ്ഞത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍കൊണ്ട് നാട്ടില്‍ ചികിത്സയിലായിരുന്നതിനാലാണ് വേദിയില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. വേദിയില്‍ ചര്‍ച്ച നടക്കുമ്പോള്‍ നാട്ടില്‍ നിന്ന് ചേപ്പാടിന്റെ ഫോണ്‍ വന്നു. ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുത്തു എന്തൊക്കെ പറഞ്ഞു. . . . അങ്ങിനെ പലതും അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചറിഞ്ഞു. മനസ്സ് വേദിക്കൊപ്പവും ശരീരം നാട്ടിലുമായി അദ്ദേഹം നാട്ടിലെ വിരസമായ ദിവസങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാവാം. നാട്ടിലേക്ക് ഹാര്‍ദ്ദവമായ ഒരു യാത്രയയപ്പുനടത്താനും അദ്ദേഹത്തോടുള്ള ആദരവു പ്രകടിപ്പിക്കാനും സുഹൃത്തുക്കള്‍ മുമ്പോട്ടു വന്നപ്പോള്‍ അദ്ദേഹം അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. ''എനിക്ക് യാത്രയയപ്പ് തന്ന് മുംബൈയില്‍ നിന്ന് അകറ്റാന്‍ ധൃതിയായല്ലേ.. . .'' ബാലേട്ടന്‍ സ്റ്റൈലില്‍ അദ്ദേഹം പറയുന്നു ''ഞാനിവിടെയൊക്കെത്തന്നെ കാണും. ഇപ്പോള്‍ നടക്കുന്ന ചികിത്സകളൊക്കെ ഫലപ്രാപ്തിയിലെത്തിയാലുടന്‍ ഞാന്‍ മുംബൈയില്‍ തിരിച്ചെത്തും''. ചേപ്പാടിന്റെ അസുഖങ്ങളൊക്കെ എത്രയും പെട്ടെന്നുതന്നെ ഭേദമായി മുംബൈയിലേക്ക് തിരിച്ചെത്തട്ടെ എന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
വൈയ്യക്തികതയുടെ രാഷ്ട്രീയം.
വൈയ്യക്തികതയ്ക്കുപോലും അതിന്റേതായ ഒരു രാഷ്ട്രീയതലം ഉണ്ട്. പല ഡയറിക്കുറിപ്പുകളും അമൂര്‍ത്തമായ ഒരു സാമൂഹികബോധത്തില്‍ നിന്നാണ് ഉടലെടുക്കുന്നത.് ഈ ഡയറിക്കുറിപ്പുകള്‍ ആരെങ്കിലും എന്നെങ്കിലും കണ്ടെടുക്കപ്പെടും എന്ന് ഏതൊരു സ്വകാര്യ ഡയറിയെഴുത്തുകാരനും ആഗ്രഹിക്കുന്നുണ്ടാവണം. അങ്ങിനെയല്ലെങ്കില്‍ സ്വന്തം വൈയ്യക്തികമായ എഴുത്തുകളിലൂടെ, സ്വയം സംവദിക്കുന്നതിലൂടെ പലരും നടത്തുന്നത് സ്വന്തം ദര്‍ശനങ്ങളുടേയും സര്‍ഗ്ഗാത്മകതയുടേയും വിരേചന പ്രക്രിയയാണ്. നല്ലൊരു എഴുത്തുകാരനിലേക്ക് വളരാനുള്ള ആഗ്രഹത്തിന്റേയും നിരാശയുടേയും ഫലമായൊക്കെ ഡയറികളില്‍ മഷിപുരളാം.
അന്തരിച്ച നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരുടെ മകള്‍ കനകശ്രീ നല്ലൊരു കവിയത്രിയായിരുന്നു എന്ന് തിരിച്ചറിയുന്നത് അവര്‍ അകാലത്തില്‍ മരിച്ച് കുറച്ചുനാളുകള്‍ക്ക് ശേഷമാണ്. സ്വന്തം മകളുടെ മനസ്സിലെ സര്‍ഗ്ഗാത്മക ശക്തിയുടെ ആഴം അച്ഛനായ താന്‍ അറിയുമ്പോഴേക്കും സ്വന്തം മകള്‍ തന്നെവിട്ടുപോയിരുന്നു എന്ന് തിക്കുറിശ്ശി പുറത്തിറക്കിയ കനകശ്രീയുടെ കവിതകളുടെ സമാഹാരത്തിന്റെ ആമുഖത്തില്‍ പരിതപിക്കുന്നുണ്ട്. കാലാകാരനായ അച്ഛനും പ്രിയതമനും, ബന്ധുക്കളുമറിയാതെ ഒളിപ്പിച്ചുവച്ച കനകശ്രീയിലെ കവിയത്രിയെ മലയാളം കണ്ടെത്തുമ്പോഴേക്കും അവര്‍ ഈ ലോകത്തോടുതന്നെ വിടപറഞ്ഞിരുന്നു. സ്വന്തം വൈയ്യക്തികജീവിതത്തിനോടുള്ള സത്യസന്ധമായ പ്രതികരണമായിരുന്നു കനകശ്രീയുടെ കവിതകള്‍. ഭര്‍ത്താവിനേയും തന്റെ ഉടലില്‍ പിറവിയെടുത്ത തന്റെ പൊന്നോമനകളേയും കലാകാരനും പ്രതാപിയുമായ തന്റെ പ്രിയ പിതാവിനേയും കനകശ്രീ അതിശയിപ്പിക്കുന്ന കാവ്യഭംഗിയോടെ ആവിഷ്‌ക്കരിച്ചു. അന്നത്തെ സമകാലിക സാഹിചര്യത്തിലെ ഒരു സാധാരണ വീട്ടമ്മയേയും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളെ അവര്‍ സ്വയം ഉദാത്തവല്‍ക്കരിക്കുന്നതിന്റേയും, ആഘോഷിക്കുന്നതിന്റേയും ഒരു ചിത്രം ആ കവിതകളില്‍ നിന്ന് നമ്മുക്ക് കിട്ടുന്നുണ്ട്. തൊണ്ണൂറുകളില്‍ നന്ദിതയുടെ
കവിതകളേയും മലയാളം കണ്ടെടുക്കുന്നത് ഇതിലും വേദനാജനകമായ ഒരു സാഹചര്യത്തിലാണ്. ഇവരുടെ കവിതകള്‍ സമകാലിക കവിതകളോട് ചേര്‍ത്തുവയ്ക്കാവുന്നവയെന്നൊ അതല്ലെങ്കില്‍ ഇവയൊക്കെ ഉദാത്തമായിരുന്നു എന്നൊ അല്ല ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. വലിയൊരു കാലയളവോളം കണ്ടെടുക്കപ്പെടാതെ പുറംലോകമറിയാതെ വൈയ്യക്തികമായി അനുഷ്ടിച്ചിരുന്ന ഒരു സര്‍ഗ്ഗാത്മക ജീവിതത്തെ സമൂഹം എങ്ങിനെ ഏറ്റുവാങ്ങുന്നു എന്നു കൗതുകത്തോടെ നോക്കിക്കാണുകയാണ്. മരിച്ചവന്റെ മുറിയില്‍ നിന്ന് അവന്‍ ജീവിച്ചതിന്റെ അടയാളങ്ങളെ ആദരവോടെയും വേദനയോടെയും നോക്കിക്കാണുന്ന ഒരു മാനസികാവസ്ഥമാത്രമല്ല ഇത്തരം സാഹിത്യ സൃഷ്ടികള്‍ കൊണ്ടാടപ്പെടുന്നതിന്റെ അടിസ്ഥാനം. മറിച്ച് കഴിവുണ്ടായിട്ടും എന്തുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവര്‍ എത്തിയില്ല എന്ന് വേദനപ്പെടുകയാണ് ഇതിലൂടെ സമൂഹം ചെയ്യുന്നത്.
മതതീവ്രവാദത്തേയും യാഥാസ്ഥിതിക വാദത്തേയും എതിര്‍ക്കുന്നതില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്നു. ഇടതു പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രപരമായ ഇച്ഛാശക്തി ചോര്‍ന്നുപോയി എന്നതിന്റെ തെളിവാണ് എഴാം ക്ലാസ്സ് പാഠപുസ്തക വിവാദത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയ സംഭവം. സംഘടിത മതങ്ങളുടേയും ജാതി സംഘടനകളുടേയും വെല്ലുവിളിയില്‍ മുട്ടുമടക്കിയ സര്‍ക്കാര്‍ കേരളത്തിലെ മതതീവ്രവാദത്തിന് കൂടുതല്‍ വളം വയ്ച്ചുകൊടുക്കുകയായിരുന്നു.
മറുപടിഇല്ലാതാക്കൂഹമീദിന്റെ വാക്കുകളിൽ മയങ്ങി ഇടതുപക്ഷത്തെ വിമർശിക്കണ്ട.ഹമീദ് ചേന്ദമംഗലൂർ ഇന്നു വരെ സംഘപരിവാറിന്റെ തീവ്രവാദത്തിനെതിരെ പേന ഉന്തുകയോ വാ തുറക്കുകയോ ചെയ്തിട്ടില്ല.മാതൃഭൂമിയുടെ താളുകൾ പാട്ടത്തിനെടുത്തെഴുതുന്ന ഹമീദിനു അതൊരിക്കലും കഴിയുകയുമില്ല.
മറുപടിഇല്ലാതാക്കൂഭൂരിപക്ഷ,ന്യൂനപക്ഷ വർഗ്ഗീയതയെ ജനമധ്യത്തിൽ ഒരുപോലെ തുറന്നുകാട്ടാൻ ഇടതുപക്ഷ പാർട്ടികൾ എന്നും തയ്യാറായിട്ടുണ്ട്.നാളെ എന്നെങ്കിലും ഈ ഹമീദ് സംഘപരിവാറിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ചാൽ പോലും അത്ഭുതപ്പെടാനില്ല.
മൊയ്ദീനൊട് വിയോജിക്കുന്നു... ഇടതുപക്ഷത്തിന്റെ സമകാലിക അപചയം എന്നുപറയുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് സ്വീകരിക്കുന്ന അതേ നിലപാട് ന്യൂനപക്ഷ വര്‍ഗ്ഗീയതയോട് കാണിക്കുന്നില്ല എന്നതാണ്. അടുത്തകാലത്ത് നടന്ന മദനി സംഭവം അതിന്റെ വളരെ പ്രത്യക്ഷമായ തെളിവാണ്. കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമകാലിക കേരള ജീവിതത്തില്‍ നിന്ന് പൊതുവായ മതേതരത്വം ഇടം ചുരുങ്ങിപോകുന്നതിനെ
മറുപടിഇല്ലാതാക്കൂക്കുറ്ച്ച് ആധിപ്പെടുകയാണ് ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ ചെയ്യുന്നത്. വര്‍ഗ്ഗീയതയോട് പടവെട്ടേണ്ടിയിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും മറ്റു പുരോഗമന പ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയ ഇച്ഛാശക്തി ചോര്‍ന്നുകൊണ്ടിരിക്കുന്നതിനെ വിമര്‍ശിക്കുകയാണ് ശ്രീ ഹമീദ് ചെയ്യുന്നത്. പരോക്ഷമായി ഇടതുപക്ഷം പോലുള്ള പുരോഗമന പ്രസ്ഥാനങ്ങളോട് ഹമീദ് ആഭിമുഖ്യം പുലര്‍ത്തുന്നതായ ഒരനുഭവമാണ് എനിക്കുള്ളത്. അതുകൊണ്ടാണ് അദ്ദേഹം ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത്.
ഇടതു പക്ഷത്തിന്റെ അപചയമാണ് മതതീവ്രവാദവും, ആത്മീയക്കച്ചവടവും ഇവിടെ തഴച്ചു വളരാന്‍ കാരണം. ഇടതു പക്ഷ/പുരോഗമന പ്രസ്താനങ്ങളിലര്‍പ്പിച്ചിരുന്ന പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒരു ജനതയുടെ അത്മഹത്യയായി നമുക്കിതിനെ കാണാം.
മറുപടിഇല്ലാതാക്കൂകൈവെട്ട് സംഭവത്തിൽ... രാഷ്ട്രീയ ലൈനിൽ പോസ്റ്റും ബസ്സും കമന്റും ഇടുന്ന ഇടതുവലത് രാഷ്ട്രീയക്കാരിൽ ഭൂരിഭാഗവും മുങ്ങിയിരുന്നു... ഇത് എന്റെ ഒരു നിരീക്ഷണമാണ്...
മറുപടിഇല്ലാതാക്കൂകൈപ്പത്തി വെട്ടിയപ്പോൾ ചിത്രകാരനും ജബ്ബാറുമൊക്കെയിട്ട പോസ്റ്റുകളാണ് താഴെ... അതിൽ ചിത്രകാരന്റെ പോസ്റ്റിൽ കുറെ ലിങ്കുകളുമുണ്ട്... ഒന്ന് പോയി നോക്കിയിട്ട് വാ...
കൈവെട്ടിനെ തുടർന്ന് വിമർശിച്ചും ന്യായികരിച്ചും വെള്ളപൂശിയും ബ്ലോഗിൽ പോസ്റ്റുകളും കമന്റുകളും നിറഞ്ഞിരുന്നു... പക്ഷെ ബൂലോക രാഷ്ട്രീയ പുലികളെ കാക്കര “അധികം” കണ്ടിരുന്നില്ല... ഒന്നുമുണ്ടായില്ല എന്ന അർഥമാക്കേണ്ട... പക്ഷെ മുന്നിൽ നിന്ന് നയിക്കേണ്ടവർ വന വാസത്തിലായിരുന്നു എന്ന് തന്നെ കരുതുന്നു... ഈ വനവാസത്തിൽ ഇടത് വലത് വിത്യാസവുമുണ്ടായില്ല...
http://chithrakarans.blogspot.com/2010/07/blog-post_04.html
http://sargasamvadam.blogspot.com/2010/07/blog-post_03.htm
"വിവരം കെട്ടുപോയ ഒരു സമൂഹം"
മറുപടിഇല്ലാതാക്കൂ"ഞങ്ങളെ വിമര്‍ശിക്കരുത് അങ്ങിനെ ചെയ്താല്‍ ഏത് അവയവം ഉപയോഗിച്ചാണോ നിങ്ങള്‍ ഞങ്ങളോട് പ്രതികരിക്കുന്നത് ആ അവയവം ഞങ്ങള്‍ വെട്ടി ദൂരെ എറിയും' എന്ന താക്കീതാണ് തൊടുപുഴ ന്യൂമന്‍ കോളേജിലെ പ്രഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയതിലൂടെ മതതീവ്രവാദികള്‍ ചെയ്തത്."
ഈ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുനു...
വിവരം കെട്ടുപോയ ഒരു സമൂഹം അല്ല !
മറുപടിഇല്ലാതാക്കൂവിവരം കെട്ടുപോയികൊണ്ടിരിക്കുന്ന ഒരു സമൂഹം !!!
മതവും വര്‍ഗീയതയും രാഷ്ട്രീയത്തിനായി ഉപയോഗിക്കപെടുമ്പോള്‍ ഇത്തരം ആതിക്രമനങ്ങള്‍ ന്യയീകരിക്കപെടുന്നു ! പ്രോത്സാഹിക്കപെടുന്നു ! സാക്ഷരകേരളത്തിന്റെ മുഖം മാറുന്നു !
പൂര്‍ണമായും നശിക്കുന്നതിനു മുന്നേ നല്ല ബുദ്ധി തോന്നട്ടെ എന്ന് പ്രാര്‍ത്ഥിക്കാം !
ഒരു കാര്യത്തോട് വിയോജിപ്പുണ്ട്."സോവിയറ്റ് യുണിയന്‍ എന്ന ഒരു കാലത്തെ അതി പ്രധാന ശക്തിയെ തകര്‍ക്കാന്‍ വേണ്ടി അമേരിക്ക പ്രത്സാഹിപ്പിച്ച മത തീവ്രവാദമാണ് ഇന്ന് ലോകം മൊത്തം അനുഭവിക്കുന്ന ഇസ്ലാമിക തീവ്രവാദം ".അല്ല . 1991-ൽ സോവിയറ്റ് യൂണിയൻ വിഘടിക്കും മുന്‍പേ ഇസ്ലാമിക തീവ്രവാദം മുളപോട്ടിയിരുന്നു.ഇന്നത്തെ റഷ്യയില്‍ എത്തും മുന്‍പേ 17-ആം നുറ്റണ്ടിന്റ്റെ അവസാനം യുരോപ്പിലാണ് തീവ്രവാദം കുരുത്തത്. ഇപ്പോഴത് എങ്ങും സക്ത്തിപ്രപിച്ചിരുന്നു എന്ന് മാത്രം.തീവ്രവാദത്തെ ഈസ്ലമെന്നോ ഹിന്ദുവെന്നോ മറ്റോ കാണാതെ മതമൌലിക തീവ്രവാദം എന്നാ ഒരു പക്ഷമായി മാത്രം കണ്ടുകൊണ്ടു എതിര്‍ക്കണം.യഥാര്‍ത്ഥ മുസ്ലിങ്ങളെയും ഹിന്ദുക്കളെയും ഈതിനുള്ളിലേക്ക് വലിച്ചിഴക്കരുത്,മാത്രമല്ല തീവ്രവാദത്തെ മതധിഷ്ട്ടിതമായ് പറയുമ്പോള്‍ യഥാര്‍ത്ഥ തെവ്രവധികള്‍ക്ക് വഴി വിരിക്കുന്നതുപോലെയാണ്. ഇടതുപക്ഷവും ,ഏതു പക്ഷവും വിമര്‍ശനം നേരിടണം .നന്നാകാന്‍ വേണ്ടിയുള്ള വിമര്‍ശനമാണിത്.ആരോ പറഞ്ഞതുപോലെ"ഇടതുപക്ഷത്തിനു മരികണമെങ്കില്‍ വലതുപക്ഷം മരിക്കുന്ന അതെ വഴി തിരഞ്ഞെടുക്കണോ ?"
മറുപടിഇല്ലാതാക്കൂ