2012, മേയ് 21, തിങ്കളാഴ്‌ച

രാഷ്ട്രീയ കുലംകുത്തികളും, നെയ്യാറ്റിന്‍കരയും...


മലയാളിക്ക് വളരെ കാല്പനികമായ ഒരു കമ്മ്യൂണിസ്റ്റ് ജീവിതമുണ്ടായിരുന്നു. യാഥാസ്ഥിതികവും സര്‍ഗ്ഗാത്മകവുമായ കമ്മ്യൂണിസ്റ്റു ചിന്തകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ പതിവായിരുന്നു. ആശയസഘട്ടനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ആത്യന്തികമായി എന്തിനുവേണ്ടി നമ്മള്‍ നിലകൊള്ളുന്നു എന്നതിനെക്കുറിച്ച് ഒരു പോതുബോധം നിലനിന്നിരുന്നു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒരു പ്രത്യയശാസ്ത്ര സമരങ്ങളുടെ മുഖ്യധാരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. ചൂഷണ ശക്തികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന ചൂഷിതരുടെ സമരബോധത്തിന് സ്‌ഫോടനാത്മകതയുണ്ടായിരുന്നു. അക്രമങ്ങള്‍ക്ക് അതിന്റേതായ ന്യായീകരണമുണ്ടായിരുന്നു. നെക്‌സലിസ്റ്റു പ്രസ്ഥാനങ്ങള്‍ അത് സഞ്ചരിച്ച മാര്‍ഗ്ഗത്തെക്കുറിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും തലശ്ശേരിയിലേയും പുല്‍പ്പള്ളിയിലേയും നെക്‌സല്‍ ഓപ്പറേഷനുകളെക്കുറിച്ച് എഴുതപ്പെട്ട ഓര്‍മ്മക്കുറിപ്പുകള്‍ വീണ്ടും വീണ്ടും നമ്മള്‍ വായിച്ചു. വര്‍ഗ്ഗീസിനെപ്പോലെയുള്ള ധീര സഖാക്കളെ നമ്മള്‍ ആദരിച്ചു. ഇരയ്ക്കുനേരെ ആഞ്ഞുപതിക്കുന്ന ഏതൊരായുധത്തിനും പ്രത്യയ ശാസ്ത്രത്തിന്റെ നീതീകരണമുണ്ടായിരുന്നു. ഒരു നിയോഗം പോലെ ഒരു കാലഘട്ടത്തിന്റെ തീക്കുണ്ഡത്തിലേക്ക് സ്വയം എടുത്തെറിയപ്പെട്ട എഴുപതുകളുടെ യുവതയുടെ ധൈഷണികവും രാഷ്ട്രീയവുമായ ജീവിതത്തെ ഇന്നും നമ്മള്‍ ആദരവോടെ വായിക്കുന്നു.

ലോകത്തിന് ആകെ മാതൃകയായിരുന്ന കേരള മോഡലിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പറയേണ്ടിവരുമ്പോള്‍ സത്യസന്ധനായ ഒരു എഴുത്തുകാരനെ ഭരിക്കുന്നത് ഒരു തരത്തിലുമുള്ള പ്രത്യയശാസ്ത്രബോധമല്ല. മറിച്ച് ഹൃദയത്തില്‍ നിന്ന് ഉയരുന്നത് ഒരു രോദനമാണ് 'ദയവായി നിര്‍ത്തു... ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ ഈ കൊന്നുതള്ളുന്നത്' ഏത് അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാനാണ്..., ഏതു വാഗ്ദത്ത ഭൂമിക്കുവേണ്ടി..., ഏതു നരകത്തെ തോല്പ്പിക്കാനാണ് നിങ്ങള്‍ ഇവ്വിദം ഈ നാടിനെ ബാര്‍ബേറിയന്‍മാരുടെ തുരുത്താക്കി അധപതിപ്പിക്കുന്നത്...?
ശവങ്ങള്‍ സംസാരിക്കില്ല ഏതിര്‍ത്തൊരുവാക്കുപോലും ഉരിയാടില്ല എന്ന് പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നു. ശവങ്ങളെപോലെ അനങ്ങാതെ കിടക്കുന്ന അണികള്‍ക്കുവേണ്ടി അക്രമ രാഷ്ട്രീയം കൊണ്ട് ഒരു വലിയ പ്രസ്ഥാനത്തെ ശവവല്‍ക്കരിക്കുന്നു. ക്രിമിനലുകളായ ഒരുകൂട്ടം വിഡ്ഡികള്‍ നയിക്കുന്ന ഒരു പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റു പ്രസ്ഥാനം അധപതിക്കുന്നതില്‍ ഒരോ കമ്മ്യൂണിസ്റ്റുകാരനും വേദനിക്കുന്നു.

ഈ പ്രസ്ഥാനം എങ്ങിനെ ഒരു കൂട്ടം ക്രിമിനലുകളുടെ കൈയ്യിലെത്തി എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പിണറായി വിജയന്‍ സ്വയം തീര്‍ത്ത ബാരിക്കേഡിനകത്താണ്. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ പല സഖാക്കള്‍ക്കും എറിഞ്ഞുകൊടുത്ത് രൂപപ്പെടുത്തിയ ബാരിക്കേഡിനകത്ത് സ്വയം സുരക്ഷിതനാണ് താന്‍ എന്ന് അദ്ദേഹം സ്വയം വിശ്വസിക്കുന്നു. താഴെത്തട്ടിലുള്ള സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ തനിക്ക് സ്വാധീനമില്ലെങ്കിലും സംഘടയിലെ സവിശേഷ സാഹചര്യം മുതലാക്കി തന്റെ സ്വേച്ഛാധിപത്യപരമായി അധികാര രതി ആഘോഷിക്കാനുള്ള സംവിധാനം അദ്ദേഹം സ്വയം ഒരുക്കിയിരിക്കുന്നു. പണ്ട് ഹസ്രത്ത് ബാലിലും കണ്ഡഹാറിലുമൊക്കെ കുടുങ്ങിപ്പോയ ഭീകരര്‍ സ്വയരക്ഷക്ക് സാധാരണക്കരെ മറയാക്കി ഒളിച്ചിരുന്നതുപോലെ പിണറായി കുറെ അപ്പക്കഷ്ണങ്ങള്‍ കൊടുത്ത് ഒരു കാലത്ത് നല്ലൊരു രാഷ്ട്രീയ പാരമ്പര്യമുണ്ടായിരുന്ന സഖാക്കന്മാരെ മനുഷ്യബാരിക്കേഡാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. ഈ ബാരിക്കേടു തകര്‍ന്നുവീഴുന്നതോടെ കേരള കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ പിണറായി ഭീകരത അവസാനിക്കും.

പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തെ കൊണ്ടെത്തിച്ച ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ വി.ഏസ്. അച്യുതാന്ദന്‍ എന്ന കടലാസ് പുലിയെ കരുവാക്കുന്നവര്‍ ഉണ്ട്. അതാണ് ഇന്ന് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അപചയം എന്നു ഞാന്‍ പറയും. വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ സത്യസന്ധത മുമ്പും നമ്മള്‍ മലയാളികള്‍ കണ്ടതാണ്. സത്യസന്ധനായ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നെങ്കില്‍ വളരെ പണ്ടുതന്നെ പാര്‍ട്ടിയോട് തന്റെ വിയോജിപ്പുകള്‍ രേഖപ്പെടുത്തി പുറത്തുപോവുമായിരുന്നു. വി. എസിന് പിണറായി വിജയനോട് പ്രത്യയ ശാസ്ത്രപരമൊ സംഘടനാപരമൊ ഉള്ള വിയോജിപ്പുകള്‍ക്കുമപ്പുറം വൃത്തികെട്ട വ്യക്തി വിദ്വേഷമാണുള്ളത് എന്ന് നമ്മള്‍ മനസ്സിലാക്കണം. അതിന്റെ പരസ്യമായ തെരുവുയുദ്ധമാണ് ഇനി നടക്കാന്‍ പോകുന്നത്. അതിനെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കുള്ളിലെ നവോദ്ധാനത്തിനുള്ള പടയൊരുക്കമായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അവരുടെ ധൈഷണികാരോഗ്യം ക്ഷയിച്ചുതുടങ്ങി എന്നേ എനിക്കു പറയാനാവൂ.

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ പിണറായി വിജയന്‍ കൊണ്ടെത്തിച്ച ഇത്രയും ഭീകരമായ പ്രതിസന്ധിഘട്ടത്തില്‍ മുഖം മിനുക്കാന്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനി നടത്തുന്ന അഭ്യാസം കാണുമ്പോള്‍ ദയനീയത തോന്നുന്നു. എന്തായാലും പി.എം. മനോജിനെപോലുള്ള സഖാക്കളെ അഭിനന്ദിക്കാതെ തരമില്ല. ടി. പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട പ്രസ്ഥാനത്തെ രക്ഷിക്കുന്നതിന് വേണ്ടി പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന പല കൊലപാതകക്കേസ്സുകളേയും ശവക്കുഴിതോണ്ടിക്കൊണ്ട് കോണ്‍ഗ്രസ്സുകാരുടെ നരഭോജി രാഷ്ട്രീയത്തെ പ്രഖ്യാപിക്കുകയുണ്ടായി. പാര്‍ട്ടി ചാനലും ഇത്തരത്തില്‍ ശ്വാസം മുട്ടുന്നുണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോഴാണ് പാര്‍ട്ടി അടുത്തകാലത്തൊന്നും ഇതുപോലൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിട്ടില്ല എന്ന് തോന്നിപോകുന്നത്. ആടിനെ പട്ടിയാക്കുന്ന നേതാക്കളുടെ പ്രസ്ഥാവനകളാണ് ഇതിനെക്കാളൊക്കെ ഭീകരമായിട്ടുള്ളത്. ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ ആദ്യംതന്നെ പാര്‍ട്ടിയുടെ പങ്ക് നിഷേധിച്ച നേതാക്കള്‍ പിന്നീട് പ്രതികളാണെന്ന് തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല എന്ന് പറഞ്ഞു. പിണറയി വിജയന്‍ അടക്കം അദ്ദേഹത്തിന് മനുഷ്യ ബാരിക്കേട് തീര്‍ത്തിരിക്കുന്ന ഔദ്യോഗിക ശിങ്കിടികള്‍ തിരുത്തേണ്ട ഒരു കാര്യം, കേരളീയര്‍ മൊത്തം ദേശാഭിമാനിയും കൈരളി ചാനലും മാത്രം കാണുന്നവരാണ് എന്ന തെറ്റീദ്ധാരണയാണ്. പി. എം. മനോജും ദക്ഷിണാമൂര്‍ത്തിയുമടങ്ങുന്ന ഗീബല്‍സീയന്‍ തത്വചിന്തകര്‍ക്ക് കേരളത്തിന്റെ സാമൂഹ്യ മനസ്സാക്ഷിയെ സ്വാധീനിക്കാനുള്ള ശേഷിയില്ല.

ടി. പി. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തെപ്പറ്റി പിണറായി വിജയന്റെ കുലംകുത്തി പ്രയോഗത്തില്‍ വലിയ പുതുമയൊന്നും ഇല്ല. സ്വന്തം ധൈഷണിക ശക്തികൊണ്ട് ഒരു തലമുറയെ മുന്നോട്ട് നയിച്ച സഖാവ് എം.എന്‍. വിജയന്‍ മാഷ് മരിച്ചപ്പോള്‍ പിണറായി വിജയന്‍ നടത്തിയ അനുശോചന സന്ദേശം ഓരോ മലയാളിയേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇതിനെയൊക്കെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ സത്യസന്ധമായ പ്രതികരണമായി വ്യാഖ്യാനിക്കാന്‍ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ പി.എം. മനോജ് അധ്വാനിക്കുന്നതുകണ്ടു. കമ്മ്യൂണിസ്റ്റുകാരനാവുക എന്നാല്‍ ആതിന്റെ അര്‍ത്ഥം നല്ലൊരു മനുഷ്യനാവുക എന്നതാണ്. വിജയന്റെ ഈ പ്രസ്ഥാവനകള്‍ മനുഷ്യ സ്‌നേഹിയായ ഒരു കമ്മ്യൂണിസ്റ്റുകാരനെയല്ല കാണിക്കുന്നത്. മറിച്ച് അദ്ദേഹത്തിന്റെ വ്യക്തി ശുദ്ധിയില്ലായ്മയേയാണ്. ശത്രുവാണെങ്കിലും ഒരാള്‍ മരിച്ചുകഴിയുമ്പോള്‍ ആര്‍ക്കും നികത്തപ്പെടാന്‍ കഴിയാത്ത പലതുമുണ്ട്, ഒരു മനുഷ്യന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് അത് വാക്കുകള്‍ക്ക് അതീതമാണ്. അതുകൊണ്ടാണ് മരണത്തിന് മുന്‍പില്‍ രാഷ്ട്രീയവും സാമൂഹികവുമായി നീതികള്‍ വളരെ ആപേക്ഷികമാവുന്നത്. ടി. പി. ചന്ദ്രശേഖരന്‍ കുലം കുത്തിയാണൊ അല്ലയൊ എന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കറിയാം. സത്യസന്ധനായ ഒരോ കമ്മ്യൂണിസ്റ്റുകാരനുമറിയാം അരാണ് കുലംകുത്തുന്നതെന്ന്. ഒരു പ്രസ്ഥാനത്തിനകത്ത് പാവം സഖാക്കള്‍ക്ക് ചെല്ലിനും ചെലവിനുംകൊടുത്ത് വശത്താക്കി മദനിമാര്‍ക്കും പാതിരിമാര്‍ക്കും പാര്‍ട്ടിയെ വിറ്റുകാശാക്കുന്ന പിണറായിയേയും, പ്രത്യേയ ശാസ്ത്ര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെ സുരക്ഷിതമായ സമയവും സന്ദര്‍ഭവും നോക്കിമാത്രം അടവുപയറ്റുന്ന വി. എസ്. അച്യുതാന്ദനേയും ജനം തിരിച്ചറിയും. അറിഞ്ഞില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കാന്‍ ഇനി ഇന്ദ്രന്റെ അപ്പന്‍ മു്ത്തുപ്പട്ടരുവന്നാലും നടക്കില്ല.

നെയ്യാറ്റിന്‍ കര വൃത്തികെട്ട കേരള രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താവും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കുടെ നിന്ന് കുലക്കുത്തിയ ശെല്‍വരാജനും ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം പ്രതിസ്ഥാനത്തു നില്‍ക്കുന്ന പിണറായി വിജയന്റെ ക്വട്ടേഷന്‍ സംഘവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഈ തെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ വിധിയെഴുത്തായല്ല... കേരളം കണ്ടിട്ടുള്ളതില്‍ വേച്ചേറ്റവും വലിയ രാഷ്ട്രീയ ദുരന്തമായാണ് കാണേണ്ടത്. നെയ്യാറ്റിന്‍ കരയിലെ നല്ലവരായ സഖാക്കളെ നിങ്ങള്‍ നിങ്ങളുടെ വിധിയെപ്പഴിച്ച് വാവിട്ടു നിലവിളിക്കുവിന്‍. നിങ്ങള്‍ ഇത് അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്...

5 അഭിപ്രായങ്ങൾ:

  1. സത്യസന്ധമായ നിരീക്ഷണം. അഭിനന്ദനങ്ങള്‍. പാര്ടിക്കകത്തു നില്‍ക്കുക എന്ന ആഗ്രഹം ആണ് വി എസ്സിന്റെ ഒരു പരിമിതി. അപ്പോള്‍ നാം പുറത്തു നില്‍ക്കുന്നവര്‍ ആഗ്രഹിക്കുന്ന സമയത്തും, നമ്മള്‍ നിശ്ചയിക്കുന്ന വിഷയത്തിലും അദ്ദേഹത്തിന് പ്രതികരിക്കാന്‍ കഴിയില്ല. എങ്കിലും അദ്ദേഹത്തിന് ആവുന്ന വിധത്തിലും ശക്തിയിലും പയറ്റട്ടെ. അതിനെ ദുര്‍ബലപെടുത്താന്‍ പാടില്ല. ഇതുപോലുള്ള നല്ല, നീതിപൂര്‍വങ്ങള്‍ ആയ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമല്ലോ ?

    മറുപടിഇല്ലാതാക്കൂ
  2. ഈയൊരു രാഷ്ട്രീയ സാഹചര്യം ബി ജെ പിക്ക് തുണയാകുമോ?

    മറുപടിഇല്ലാതാക്കൂ
  3. ഇത് ഇവിടുത്തെ മാത്രം പ്രശ്നമല്ല.ഒരു ശുദ്ധീകരണം ഈ പ്രസ്ഥാനം ആവശ്യപ്പെടുന്നുണ്ട്.അതിനു തടസം എല്ലൈപ്പോഴും നേതൃത്തം തന്നെയാണ്.റഷ്യയില്‍ സ്റ്റാലിനും ചൈനയില്‍ മാവോയും ഇവിടെ പിണറായും.ഇതാണ് ചരിത്രം,ഇതാണ് സത്യം.
    പ്രേസ്ഥനത്തിന്റ്റെ തുടക്കത്തില്‍ തൊഴിലാളികളും പട്ടിണിയും കലയും നവോധാനവും.ഈ ഒരു തലമുറയ്ക്ക് ശേഷം,ജനങ്ങള്‍ നല്‍കിയ വിശ്വാസത്തെ വിറ്റു മുതലാളിത്തതിന്റ്റെ സുഖ ലോലുപതയില്‍ ഉറങ്ങുന്ന അടുത്ത തലമുറയും.ഇവിടെ പ്രേതിസന്ധിയിലകുന്നത് നമ്മള്‍ നെഞ്ചോടു ചേര്‍ത്ത പ്രത്യാ യാ ശാസ്ത്രമാണ് .
    ഈ സന്ദര്‍ഭത്തിലാണ് ഒരു ശുദ്ധികലശം വേണ്ടിയത്,ഒരു ഓര്‍മ്മപ്പെടുത്തല്‍ ,അതിനു ഇവരെ വളര്‍ത്തിയ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണം.നമ്മുടെ പ്രേസ്ഥനത്തിന്റ്റെ അടുത്ത തലമുറയുടെ നിലനില്പിനായി മുന്നിട്ടു ഇറങ്ങാം . ഉറങ്ങാതെ ഉണരാം

    മറുപടിഇല്ലാതാക്കൂ
  4. മുഖവിലയ്ക്കെടുക്കേണ്ട വീക്ഷണം !

    മറുപടിഇല്ലാതാക്കൂ
  5. കുടെ നിന്ന് കുലക്കുത്തിയ ശെല്‍വരാജനും ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം പ്രതിസ്ഥാനത്തു നില്‍ക്കുന്ന പിണറായി വിജയന്റെ ക്വട്ടേഷന്‍ സംഘവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഈ തെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ വിധിയെഴുത്തായല്ല... കേരളം കണ്ടിട്ടുള്ളതില്‍ വേച്ചേറ്റവും വലിയ രാഷ്ട്രീയ ദുരന്തമായാണ് കാണേണ്ടത്.


    well said

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.