ആഴ്ച്ചപ്പാങ്ങ്-7
തീരദേശങ്ങളിലെ എല്‍.പി. സ്‌കൂളില്‍ നിന്ന് മുക്കുവക്കുട്ടികളുടെ കൊഴിഞ്ഞുപോക്കുപോലെ വാക്കുകള്‍ ഭാഷയില്‍നിന്ന് കൊഴിഞ്ഞുപോകുന്നു. ഈ തിരോഭവിക്കപ്പെടുന്ന വാക്കുകള്‍ക്ക് പിന്നീട് എന്തുസംഭവിക്കുന്നു എന്ന് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. വാക്കുകള്‍ക്ക് വരുന്ന തേയ്മാനങ്ങളെക്കുറിച്ച്, മാറുന്ന തലയിലെഴുത്തിനെക്കുറിച്ച്, യേശു യൂദാസായിമാറുന്നതിനെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നതേയില്ല. ഓരോ വാക്കും കൊഴിഞ്ഞുപോകുമ്പോള്‍ കൊഴിഞ്ഞുപോകുന്നത് ഒരു ജീവിതം തന്നെയാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സഞ്ചിപോലെയാവുന്നു ചിലവാക്കുകള്‍. ചില വാക്കുകളെ നമ്മള്‍ മാറി മാറി വ്യഭിചരിക്കുന്നു.
തീരദേശങ്ങളിലെ എല്‍.പി. സ്‌കൂളില്‍ നിന്ന് മുക്കുവക്കുട്ടികളുടെ കൊഴിഞ്ഞുപോക്കുപോലെ വാക്കുകള്‍ ഭാഷയില്‍നിന്ന് കൊഴിഞ്ഞുപോകുന്നു. ഈ തിരോഭവിക്കപ്പെടുന്ന വാക്കുകള്‍ക്ക് പിന്നീട് എന്തുസംഭവിക്കുന്നു എന്ന് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. വാക്കുകള്‍ക്ക് വരുന്ന തേയ്മാനങ്ങളെക്കുറിച്ച്, മാറുന്ന തലയിലെഴുത്തിനെക്കുറിച്ച്, യേശു യൂദാസായിമാറുന്നതിനെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നതേയില്ല. ഓരോ വാക്കും കൊഴിഞ്ഞുപോകുമ്പോള്‍ കൊഴിഞ്ഞുപോകുന്നത് ഒരു ജീവിതം തന്നെയാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സഞ്ചിപോലെയാവുന്നു ചിലവാക്കുകള്‍. ചില വാക്കുകളെ നമ്മള്‍ മാറി മാറി വ്യഭിചരിക്കുന്നു.
ഒരു ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് 'ഓണം' എന്നു പറഞ്ഞാല്‍ എന്റെ മനസ്സില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുമായിരുന്നു. ഒരുപാട് തൂക്കമുള്ള ഒരു പദമായിരുന്നു എനിക്കത്. ഓണത്തിന്റന്ന് കൂട്ടുകാരുമൊത്ത് 'പൂവേപൊലി പൂവേ...' എന്ന് വിളിച്ച് പൂക്കളിറുത്ത് - പൂക്കളമൊരുക്കി. കളിമണ്ണ് ശേഖരിച്ചുകൊണ്ടുവന്ന് കുഴച്ച് മാവേലിയുണ്ടാക്കി. അന്ന് കൊയ്ത്തും മെതിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്നതൊന്നുമില്ല; പക്ഷെ ഈ കാലത്ത് 'ഓണം' എന്ന അതേ വാക്ക് നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ട്; പഴയ കനമില്ല, സൗന്ദര്യമില്ല. ഇന്നെനിക്ക് ഓണമെന്നാല്‍ ടി.വി.യിലെ സ്‌പെഷ്യല്‍ പ്രോഗ്രാമാണ്, ഹോട്ടലിലെ ഇന്‍സ്റ്റന്റ് ഓണ സദ്യയാണ്, പുതിയ സിനിമകളുടെ റിലീസിങ്ങ് കാലമാണ്. നോക്കൂ, വെറും ഇരുപതുവര്‍ഷങ്ങള്‍കൊണ്ട് 'ഓണം' എന്ന പദത്തിന് വന്ന മൂല്യശോഷണം. ഓണം ഇന്നൊരോണമേയല്ലാതായിരിക്കുന്നു. വാക്കുകള്‍ നമ്മുടെ കണ്‍മുന്നില്‍ നിന്ന് തിരോഭവിക്കുന്നു, അംഗംഭംഗം സംഭവിക്കുന്നു, കാലത്തിന്റെ മണ്ണൊലിപ്പില്‍ ജീവിതത്തിന്റെ വേരുകള്‍ അനാവൃതമാക്കപ്പെടുന്നു. മൂല്യശോഷണം വന്ന ഉറുപ്പികയായി പലതും വിനിമയം ചെയ്യപ്പെടാതെ ഓരോ ഭാഷയുടേയും പുറംമ്പോക്കുകളില്‍ വെറുതെ കിടക്കുന്നു.
രാഷ്ട്രത്തെ സംമ്പന്ധിക്കുന്നത് എന്നര്‍ത്ഥം വരുന്ന രാഷ്ട്രീയം എന്ന പദത്തെ നോക്കുക. ഇന്ന് ഏത് സാമൂഹ്യവിരുദ്ധനും പറയുന്നു ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന്! മാഫിയകള്‍ നാട് ഭരിക്കുന്നു. അവര്‍ പറയുന്നു ഞങ്ങള്‍ രാഷ്്ട്രീയം 'കളിക്കുകയാണ്' എന്ന്. ചിലര്‍ പറയുന്നു ഞാങ്ങള്‍ രാഷ്ട്രീയത്തില്‍ 'ഇറങ്ങാന്‍' പോവുകയാണെന്ന്. അങ്ങനെ രാഷ്ട്രീയം ഇറക്കത്തില്‍ ഉള്ള 'കുറഞ്ഞ' ഒരിടമായി മാറുന്നു. ചിലര്‍ ചോദിക്കുന്നു 'നിങ്ങള്‍ക്ക് രാഷ്ട്രീയമറിയാമോ? കുതികാല്‍വെട്ട്, കുതിരക്കച്ചവടം, ഇതൊക്കെ അറിഞ്ഞാലെ രാഷ്ട്രീയത്തില്‍ നിലനില്‍പ്പുള്ളു! രാഷ്ട്രീയം' എന്ന പദത്തില്‍ നിന്ന് അതിന്റെ ആത്മാവ് പടിയിറങ്ങിപ്പോയി.
'അഹിംസ' എന്നൊരു വാക്കിനെ ആരെങ്കിലും എവിടെയെങ്കിലുംവച്ചു കാണാറുണ്ടൊ? അതല്ലെ ആറുപതിറ്റാണ്ടുമുന്‍പ് വെടിയേറ്റുമരിച്ചത്... 'സത്യം' കോടതിഗുമസ്തനായതുകൊണ്ട് അല്ലലില്ലാതെ ജീവിച്ചുപോകുന്നു. മമ്മിമാരുടെ വരവോടെ അമ്മമാരെ നടതള്ളി, ഇപ്പോള്‍ വൃദ്ധസദനങ്ങളിലായി ജീവിതം. 'പ്രണയം' വാണിഭങ്ങളിലെ തുരുപ്പ് ശീട്ടാണ്. അതുകൊണ്ടിപ്പോള്‍ വിലയില്ലെങ്കിലും വിറ്റുപോകുന്ന ഒരു ചരക്കാണ്. വയല്‍, വിത, കൊയ്ത്ത്, മഴ, ഞാറ്റുവേല....... എനിക്കു വയ്യ.. വാക്കുകള്‍ തിരോഭവിച്ചുകൊണ്ടേയിരിക്കുന്നു... വാക്കുകളുടെ 'ലാപത്താ'
ഇലകളെല്ലാം കൊഴിഞ്ഞുപോയി, ഒരസ്തികൂടമായി കൈകള്‍ മേലോട്ടുയര്‍ത്തി ഒരു മരം 'എന്നെ നീയൊന്നുകൊണ്ടുപോകണേ ദൈവമേ'യെന്ന് പ്രാര്‍ത്ഥിക്കുംമ്പോലെ എന്റെ ഭാഷ എന്റെ സ്വപ്‌നങ്ങളില്‍, എന്റെ എഴുത്തുമുറികളില്‍, ഒരു നിലവിളിയായി നിറയുന്നു. നമ്മള്‍ നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠ പദവി വായ്ക്കരിയായി നാഴികള്‍നിറച്ചുവയ്ക്കുന്നു, വിളക്കുകള്‍ തേച്ചുമിനുക്കി വയ്ക്കുന്നു.
വാക്കുകള്‍ കായ്ക്കുന്നിടം
വാക്കുകള്‍ ഉണ്ടായത് ജീവിതത്തില്‍ നിന്നാണ്. ജീവിതത്തില്‍ നിന്ന് മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ വാക്കുകള്‍ തിരോഭവിക്കുന്നു. കൊയ്ത്തും മെതിയുമില്ലാത്ത കാലത്തെ പുതിയ തലമുറയ്ക്ക് ഇനിയെന്ത് ഓണം. 'മുത്തിയും ചോഴിയും' എന്നൊരു ഓഎന്‍വി കവിതയുണ്ട്. ഒരു മുത്തി തിരുവാതിര കുളിച്ച്, ഓണസദ്യയൊരുക്കി, വിഷുക്കണിയൊരുക്കി കര്‍മ്മനിരതമാകുന്നു. ചോഴി മരണ ദൂതനാണ്. ചോഴി വന്നു വിളിക്കുമ്പോള്‍ മുത്തി, നില്‍ക്കു ചോഴി, ഈ മുറുക്കാനൊന്നു ഇടിച്ചോട്ടെ, നില്‍ക്കൂ ചോഴീ, ഇതൊന്നു വായിലിട്ടു ചവയ്ക്കട്ടെ എന്ന് ചോഴിയെ തിരിച്ചയക്കുന്നു.
'മക്കളേ'യെന്നു വിളിക്കുമ്പോള്‍
അക്കരള്‍ വാത്സല്യപ്പാലാഴി
'മക്കളേ' യാവിളി കേള്‍ക്കെ, ചോഴിയും
ഒക്കെ മറന്നു പിന്‍വാങ്ങുന്നു.
മുത്തി തന്റെ ജീവിതത്തെ സജീവമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചു. ചോഴിയും ആ കര്‍മ്മ നിരതമായ ജീവിതത്തെ കണ്ട് അസൂയപ്പെടുന്നു. ഒരു മുത്തി മരിക്കുമ്പോള്‍ വാക്കുകള്‍, ഉത്സവങ്ങള്‍, ഒറ്റമൂലികള്‍ എന്നിവയടുങ്ങുന്ന ഒരു മഹദ്ഗ്രന്ഥത്തെ കാലം കൊത്തിപ്പറിക്കുന്നു. ഒരു ജീവിതം മാഞ്ഞുപോകുന്നു. കാലാന്തരം നടതള്ളപ്പെട്ട ഒരു ഭാഷയായില്‍ മുത്തി ഒരോര്‍മ്മപോലുമല്ലാതാവുന്നു.
ഭാഷയും ജീവിതവും
ഭാഷ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ട് ഭാഷയെമാത്രമാക്കി നമ്മള്‍ക്ക് ശ്രേഷ്ഠമാക്കിയെടുക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ മൂല്യം ക്ഷയിക്കുന്നതോടെ ഭാഷയും ക്ഷയിക്കും.
തോണിപ്പാട്ട് ഉണ്ടാക്കിയത് രാമപുരത്ത് വാര്യരല്ല; തോണിക്കാരനാണ്. പങ്കായവും പുഴയുടെ ഒഴുക്കും മനുഷ്യന്റെ അധ്വാനവും അവന്റെ സംഗീത ബോധവും വിയര്‍പ്പും കൂടിക്കലര്‍ന്ന് രൂപം കൊണ്ട ഒരു ജൈവസംഗീതമാണ് തോണിപ്പാട്ട്. പുഴയുടെ ഓളങ്ങളില്‍ ഉരഞ്ഞതിന്റെ മിനുസമാണ് ആ സംഗീതത്തിനുള്ളത്. എല്ലാ നാടന്‍പാട്ടുകളും ഉണ്ടാക്കിയത് ഏതെങ്കിലും വരേണ്യ കവിപുംഗവനല്ല. അത് പാടത്തും പറമ്പത്തും പണിയെടുത്തിരുന്ന പണിയാളരാണ്. മനുഷ്യനും പ്രകൃതിയും ചേര്‍ന്നുള്ള ജൈവീകമായ കര്‍മ്മ നൈരന്തര്യത്തില്‍ നിന്നാണ് വാക്കുകള്‍ ഉണ്ടായതും അത് നിലനിന്നതും. എന്നാല്‍ ഇന്ന് ഭാഷ നേരിടുന്ന വെല്ലുവിളിയും ഈ ജൈവനൈരന്തര്യത്തിന്റെ തകര്‍ച്ചയാണ്. മനുഷ്യന്റെ പരിധിയില്ലാത്ത ഭൗതികാവശ്യങ്ങളും, കാമനകളും, വിപണിവത്കൃതമായ മൂല്യബോധവും ഭാഷയെ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അധിനിവേശങ്ങളും, അര്‍ത്ഥരഹിതമായ-ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാസങ്ങളും ഭാഷയെ ഒരു വെങ്കലഭാഷയാക്കി മാറ്റി.
ഭാഷയെ മാത്രമായി സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. സംസാരിക്കാന്‍ ആളുകളുണ്ടായില്ലെങ്കില്‍ ഷെല്‍ഫിലെ ഭാഷാ നിഘണ്ടുക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. വാക്കുകളുടെ തിരോധാനത്തെ തടയിടാന്‍ ഓര്‍ഡിനന്‍സുകള്‍ക്ക് കഴിയില്ല. ഭാഷ, പ്രകൃതിയും മനുഷ്യനും ഇടകലര്‍ന്ന ജൈവവ്യവസ്ഥയില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ഒന്നാണ്. വിപണിയില്‍ സാധനങ്ങള്‍ക്ക് വിലപേശാന്‍ മാത്രമാണ് നമ്മുക്ക് ഇപ്പോള്‍ ഭാഷ ആവശ്യമായിട്ടുള്ളത്. സ്വയം വില്‍പനച്ചരക്കായി മാറുന്നവര്‍ക്കിടയില്‍, അറവിന് തെളിക്കപ്പെടുന്ന രണ്ട് അറവുമാടുകള്‍ക്കിടയില്‍, സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു കാപ്പിപ്പൊടിപാക്കറ്റുകള്‍ക്കിടയില്‍ എന്ത് ആശയവിനിമായമാണ്.... ഭാരിച്ച എന്ത് പങ്കുവയ്ക്കാനാണ്. ഒരു ഭാഷയുടെ ആവശ്യകതയെന്താണ്.
ഭാഷ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു പകരം മലയാളിയുടെ ജീവിതത്തെ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വത്വത്തെ, സംസ്‌കാരത്തെ തിരിച്ചുപിടിക്കുക. വിതയേയും കൊയ്ത്തിനേയും തിരിച്ചുപിടിക്കുക. നമ്മുടെ വിപുലമായ ഒരു കാര്‍ഷിക സംസ്‌കാരിത്തില്‍ നിന്ന് പറിവികൊണ്ടതാണിതുകള്‍. ചാനല്‍ സംസ്‌ക്കാരം ഇവിടെ ഒന്നും സൃഷ്ടിച്ചില്ല; കുറച്ച് മാലിന്യങ്ങളല്ലാതെ. ലക്ഷ്യബോധവും ദിശാബോധവും മൂല്യബോധവുമുണ്ടാകുമ്പോള്‍ ഭാഷാബോധവും ഒരു മലയാളിയുടേതായ ആത്മബോധവും താനെ വന്നുചേരും. വയലും നീര്‍ത്തടങ്ങളും ജൈവവൈവിധ്യങ്ങളും മണ്ണിട്ടുമൂടി നിരപ്പാക്കി വിമാനങ്ങളെ വിരുന്നിനു വിളിക്കുകയാണ് സര്‍ക്കാര്‍. നിയോ കോളൊണിയലിസത്തിന്റെ വേറൊരു സങ്കേതമാണ് ടൂറിസം. ഭാഷയിന്മേലുള്ള അധിനിവേശങ്ങള്‍ ഇനിയുണ്ടാകുന്നത് ഇതുപോലുള്ള രൂപങ്ങളിലാണ്. നമ്മുടെ വിരുന്നുകാര്‍ നമ്മുടെ മനസ്സറിയുന്നവരാണ്, നമ്മുടെ വീടറിയുന്നവരാണ്. നമ്മള്‍ അവര്‍ക്ക് കൊടുക്കുകമാത്രമാണ്. അവരില്‍ നിന്ന് ഒന്നും സ്വീകരിക്കുന്നില്ല, സ്‌നേഹമസൃണമായ മധുരങ്ങളല്ലാതെ.
മധുരപ്പത്തിരി ചുട്ട്, വെറ്റയടയ്ക്ക ഇടിച്ചുവെച്ച്് മനസ്സില്‍ പ്രണയവുമായി വിരുന്നുവിളിച്ച മലയാളിപ്പെണ്‍കൊടി നമ്മുക്കുണ്ടായിരുന്നു. നമ്മള്‍ കൊതിക്കുന്നത് അധിനിവേശങ്ങളല്ല സഹവര്‍ത്തിത്വമാണ്. നമ്മളെ നയിക്കുന്നത് സഹജാവബോധമാണ്.
* * * * * * * * * * * * * * * * *
ഒരു പേരിലെന്തിനിരിക്കുന്നു
സര്‍വ്വരുടേയും ക്ഷേമം പരിപാലിക്കപ്പെടന്ന ഒരു സമൂഹം 'സര്‍വ്വോദയ സമൂഹം' അത് സാക്ഷാത്ക്കരിക്കുക എന്നത് ഗാന്ധിജി ആഗ്രഹിച്ചിരുന്നു. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ രൂപമാണ് 'സര്‍വ്വോദയ സമൂഹം'. ഭൗതികാഗ്രഹങ്ങള്‍ പരിമിതപ്പെടുത്തി, സാമ്പത്തിക സമത്ത്വത്തെയും രാഷ്ട്രീയസാമ്പത്തിക വികേന്ദ്രീകരണത്തേയും ആധാരമാക്കി നിലവിലുള്ള സമൂഹത്തെ പുനസംഘടിപ്പിച്ചാല്‍ 'സര്‍വ്വോദയ' സമൂഹം കൈവരിക്കാമെന്ന് ഗാന്ധിജി ഉദ്‌ഭോദിപ്പിച്ചു. അതുകൊണ്ടിപ്പോള്‍ എവിടേയും 'സര്‍വ്വോദയ' എന്ന പേരുകേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഗാന്ധിയെ ഓര്‍മ്മവരും. ഞാന്‍ താമസിക്കുന്ന മുംബൈ നഗരത്തിലെ കല്യാണ്‍ നഗരിയില്‍ ഒരു വലിയ ഷോപ്പിങ്ങ് മാളിന്റെ പേര് 'സര്‍വ്വോദയ മാള്‍' എന്നാണ്!. ഭൗതികാഗ്രഹങ്ങളെ പരിമിതപ്പെടുത്തി സാമ്പത്തിക സമത്വം സൃഷ്ടിക്കാന്‍ പ്രയത്‌നിച്ച ഗാന്ധിയുടെ ഒരു സ്വപ്‌നത്തിന്റെ പേരായിരുന്ന 'സര്‍വ്വോദയ'ഇവിടെ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങല്‍ വില്‍ക്കുന്ന റീട്ടെയില്‍ ചെയിനിന്റെ പേരാണ്. എന്റെ സുഹൃത്തും കഥാകൃത്തുമായ ശ്രീ സുരേഷ് വര്‍മ്മയുടെ 'ഗാന്ധി ചിക്കന്‍സ്' എന്ന കഥയും ഇതോടൊപ്പം ഓര്‍ത്തുപോകുന്നു. അഹിംസാവദിയും സസ്യസ്യഭുക്കുമായ ഗാന്ധിയെ, മാംസ്യവിപണയില്‍ വില്‍ക്കുന്ന കഥയാണത്.
കേരളത്തിലെ മദ്യശാലകള്ക്ക് ദൈവപ്പേരുകള്‍ ഉപയോഗിച്ചു കണ്ടിട്ടില്ല. “കൊടുങ്ങല്ലൂര്‍ ഭഗവതി ബാര്‍” എന്നൊക്കെ ആരെങ്കിലും മദ്യശാലക്ക് പേരുവച്ചാല്‍ നമ്മുടെ മതവികാരം വ്രണപ്പെട്ടുപോകും. എന്നാല്‍ അടുത്ത കാലത്ത് ഗോവ സന്ദര്‍ശിച്ചപ്പോള്‍ അവിടെ ബാറുകള്‍ക്ക് 'വേളാങ്കണ്ണിമാതാവ്, ജീസസ് ക്രൈസ്റ്റ്, ക്രിസ്തുരാജ്, എന്നൊക്കെയുള്ള ദൈവപ്പേരുകളിട്ടുകണ്ടു. ടൂറിസ്റ്റുകളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു സംസ്ഥാനമാണ് ഗോവ. ടൂറിസ്റ്റുകളാണ് അവരുടെ അന്നം മാത്രവുമല്ല ഒരു പോര്‍ച്ചുഗീസ് പാരമ്പര്യം ഇപ്പോഴും അവരെ വിട്ടുപോയിട്ടില്ല. മദ്യഷാപ്പിന് മുന്‍പില്‍ ആരെങ്കിലും വന്ന് സത്യാഗ്രഹമിരിക്കുമെന്ന് അവര്‍ സ്വപ്‌നത്തില്‍പോലും കരുതുന്നില്ല. നാഴികയ്ക്ക് നാല്‍പതുവട്ടം വ്രണപ്പെടുന്ന വികാരവുമായി കേരളത്തിലും മറ്റ് സംസ്ഥാങ്ങളിലും ജീവിക്കുന്ന ഇന്ത്യക്കാര്‍ ജീസസ്സ് ക്രൈസ്റ്റിന്റെ ബാറില്‍പോയി മദ്യപിക്കുന്നു. ഇതിനെയാണ് 'നിന്റെ രാജ്യം വരേണമേ' എന്നുപറയുന്നത്. അല്ലേ....
ഭൂപടത്തിലില്ലാത്തത്
ലൂയിസ് പീറ്റര്‍ |
മലയാള കവിതയില്‍ ലൂയിസ് പീറ്റര്‍ എന്നൊരു പേര് ഞാനിതിനു മുന്‍പ് കേട്ടിട്ടില്ല. മലയാള കവിതയെ അറിയാനും പഠിക്കാനും ശ്രമിക്കുന്ന സാഹിത്യവിദ്യാര്‍ത്ഥിയാണെന്നൊക്കെ വിനയം പൊതിഞ്ഞ വീമ്പുപറയുമെങ്കിലും എന്റെ വായനയുടെ വെളിമ്പുറത്തുപോലും എത്തിപ്പെട്ടിട്ടില്ലാത്ത ഒരു പേരാണ് ലൂയിസ് പീറ്റര്‍. ഒരു നിമിത്തം പോലെ എന്റെ നിരൂപക ജാഢയിലേക്ക്, കവിയെന്ന ഒട്ടക്കാലണയായ ആത്മബോധത്തിലേക്ക് ഒരേറുപടക്കംപോലെ ലൂയിസിന്റെ വരികള്‍ വന്നുപതിക്കുന്നു.
'ഭൂപടം
ഒരു നുണയാണ്.
എന്റെ കണ്ണൂനീര്‍പ്പുഴകളോ,
കരളെരിഞ്ഞു തീര്‍ന്ന കനല്‍വഴികളോ,
അതിലില്ല.
ഉച്ച സൂര്യന്‍ തിന്നു പോയ
എന്റെ നിഴലോ,
വ്യഥ കടലായിരമ്പിയ
എന്റെ പ്രിയസഖിയോ,
ഇല്ല.
ഭൂമി ഒരു സത്യമായിരിക്കേ
ഭൂപടം മാത്രമെന്തിനാണിങ്ങനെ
നുണയായ് പോകുന്നത്?
ഇന്നലെ വന്നിരുന്നു
ഓര്‍മക്കുറിപ്പുകളുടെ ഓര്‍മ്മയില്‍ പോലുമില്ലാത്തെരാള്‍
നിസ്വത കൊണ്ടു ഭാണ്ഡം നിറച്ചവന്‍
എങ്കിലും ഏതിളങ്കാറ്റിനേക്കാളും
സുഗന്ധ വാഹി.
എന്നോടു ചോദിച്ചതൊന്നും ഞാന്‍ നല്‍കിയില്ല
ഒഴിഞ്ഞൊരു ചഷകം പോലവന്‍ ഇറങ്ങി പ്പോയ്
ഞാനൊരു കാത്തുവയ്പ്പാണ്.
ഇനിയൊരു നാള്‍ അവനെന്നില്‍ വരുമ്പോള്‍
കവര്‍ന്നു പോകേണ്ടൊരു ഭണ്ഡാരം'
-ലൂയിസ് പീറ്റര്‍
(എന്റെ പക്കലുള്ളതില്‍ ചിലത്)
ഭൂപടത്തിലൊതുങ്ങാത്തതാണ് ഈ കവിയുടെ സങ്കടം. ഒരു ഭൗമശാസ്ത്രഞ്ജനും കാണാനാവാതെ പോകുന്നതാണ് ഇതുപോലുള്ള പുറംമ്പോക്കില്‍ വളരുന്ന കീഴാര്‍നെല്ലികള്‍. ആരൊക്കെയൊ കുത്തിവരയ്ക്കുന്ന ഭൂമിയുടെ ജാതകത്തിലെ രാശികള്‍ക്കുമപ്പുറം മനുഷ്യത്വകൊണ്ടുമാത്രം കണ്ടെത്താവുന്ന ജീവിത വ്യഥയായി, കാവ്യഭൂപടത്തിന് വെളിയില്‍ ഓരവല്‍ക്കരിക്കപ്പെട്ടൊരു ഉച്ചവെയിലായി, മലയാള കവിതയില്‍ മരിക്കാത്ത അയ്യപ്പന്റെ അനാഥത്വത്തിന്റെ യാതഭാഗങ്ങളായി, വാര്‍ന്നുപോയിട്ടില്ലാത്ത അമ്പേറ്റകണ്ണിലെ കാവ്യരക്തമായി.... ലൂയിസ്....
'ചിതയിലിരുന്ന് അഗ്‌നി ഭക്ഷിക്കുക
പുഴകളില്‍ ചിതാഭസ്മമായ് മുങ്ങുക
കടലുകള്‍ താണ്ടിയക്കരെച്ചെന്ന്
ഈ കരയുടെ പച്ചകള്‍ കാണുക
ഒരു ജീവവൃക്ഷബീജം കൊത്തി
ഇക്കരെയ്ക്കു തിരികെ പറക്കുക
നട്ടു നനച്ചു വളര്‍ത്തി
താഴ്ന്ന ചില്ലയില്‍ കൂടൊന്നു വയ്ക്കുക
മുട്ടയിട്ടു കുലം പൊലിപ്പിച്ച്
ഉണ്ണികള്‍ക്കാകാശമേകുക
കൂടഴിച്ചു ചിതയായടുക്കി
ചിതയിലിരുന്നഗ്‌നി ഭക്ഷിക്കുക'
-ലൂയിസ് പീറ്റര്‍
ജഠരേ ശയനം
സോഷ്യല്‍ മീഡിയ ചെയ്തുതരുന്ന നന്മകളിലൊന്നാണ് ലൂയിസ് പീറ്ററെപ്പോലെയുള്ള കുപ്പയിലെ മാണിക്യം. ഇസങ്ങളും പ്രസ്ഥാനങ്ങളും മാറിയപ്പോള്‍ കവിതയുടെ അലകും പിടിയും മാറി. ജീവിതം മാറിയപ്പോള്‍ എഴുത്തില്‍ പുതിയ ജന്മിത്വത്തിന് ആരംഭമായി. ഉച്ചവെയിലത്ത് വന്നുകേറുന്നവന്റെ പെടലിക്ക് തല്ലുന്ന ധാര്‍ഷ്ട്യം കവികുല നന്മയായി. ലൂയിസിനെ കവിതയുടെ നടുമുറ്റത്തിട്ട് ഒരു ജന്മിക്കവി തല്ലിയവാര്‍ത്ത കേട്ടപ്പോള്‍ സങ്കടം തോന്നി. ഇസങ്ങള്‍ മാറിയിരിക്കാം പക്ഷെ മനുഷ്യപക്ഷത്തുള്ള കവിതയുടെ ഇസത്തിന് മാറ്റമൊന്നുമില്ല. ഈ ഇസത്തെ പണ്ടെ തിരസ്‌ക്കരിച്ചവരുടെ വെളുത്ത വസ്ത്രത്തില്‍ ഇനിയും കറുത്ത കാക്കകള്‍ കാഷ്ടിക്കും. ഈ കാക്കകളെ വെടിവെയ്ക്കാന്‍ ഇവര്‍ കൈയ്യില്‍ ഒരു തോക്ക് കരുതേണ്ടിവരും. അനാഥനെപ്പോലെ ജീവിച്ച് അനാഥനായി മരിച്ചുപോയ അയ്യപ്പന്റെ അതേ യാതനദിയില്‍, കവിതയുടെ കൈത്തോണിയില്‍ തുഴഞ്ഞുപോകുന്ന ലൂയിസ് പീറ്ററിനെ കാണുമ്പോള്‍ നിങ്ങള്‍ എ. അയ്യപ്പന്റെ ഉള്ളംകൈയ്യില്‍ കൊടുക്കാന്‍ വിട്ടുപോയ മുത്തം ലൂയിസിന് കൊടുക്കണം. ഈ കവിയെ കണ്ടെടുത്ത കവി സതീഷ് എടക്കുടിക്കും, കഥാ കൃത്ത് ഗണേഷ് പന്നിയത്തിനും എന്റെ നല്ല നമസ്‌ക്കാരം.
സി. എന്‍. കരുണാകരന്‍
വരയും വര്‍ണ്ണങ്ങളും സംസ്‌കാരത്തിന്റെ കൊടിയടയാളമാകുന്നത് അതിശയകരമാണ്. ഇതിഹാസങ്ങളുമായുള്ള സഹവര്‍ത്തിത്വവും, സാഹിതീയമായ ജീവിതവും, ഗന്ധര്‍വ്വതുല്യമായ താളബോധവും ഉണ്ടാകുമ്പോഴാണ് ഒരു ചിത്രകാരന്‍ ജനതയുടെ സാംസ്‌കാരിക പൈതൃകത്തില്‍ കണ്ണിചേര്‍ക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച്ച അന്തരിച്ച സി. എന്‍. കരുണാകരന്‍ പാരമ്പര്യത്തിന്റെ ഊര്‍ജ്ജവും ഓജസ്സും കൈമുതലാക്കിയ വര്‍ണ്ണങ്ങളുടെ രാജാവായിരുന്നു. ഇഴചേര്‍ത്തുകെട്ടിയ അദ്ദേഹത്തിന്റെ പുരാണ കഥാപാത്രങ്ങളെ കാലം കൈയ്യില്‍ കൊണ്ടുനടക്കും. സി.എന്‍. കരുണാകരന്റെ വിയോഗത്തോടെ വര്‍ണ്ണങ്ങളുടെ ക്ലാസിക് ശൈനിന്യസങ്ങള്‍ നിലയ്ച്ചുപോവുകയാണ്. ഒരു തീരാനഷ്ടം. സി. എന്‍. കരുണാകരന് ആത്മാവിന് നിത്യശാന്തിനേരുന്നു.
മഞ്ജു വാര്യര്‍
മഞ്ജു മനസ്സില്‍ മറഞ്ഞുപോയ വയല്‍മൂടിയ ഒരു ഗ്രാമമാണ്. മണ്ണിട്ടുമൂടിയ ഒരു കൈത്തോടാണ്, തിരോഭവിച്ച പുലരി മഞ്ഞില്‍ കുളിച്ച തൊട്ടാവാടിയും കറുകയും നിറഞ്ഞൊരു വഴിവരമ്പാണ്. അതിലൂടെ കാലുതണുത്ത് അമ്പലത്തിലേക്കു നടന്നുപോയൊരോര്‍മ്മയാണ്. കോളജില്‍ നിന്ന് വീട്ടിലേക്കും തിരിച്ചുമുള്ള വണ്ടിക്കൂലിയായി കൈയ്യില്‍ മുപ്പതും മുപ്പതും അറുപതു പൈസ മാത്രമെയുള്ളുവെങ്കിലും അത് സൂക്ഷിച്ച വലിയ മണിപ്പേഴ്‌സില്‍, യുവജനോത്സവ വേദിയില്‍ ചിലങ്കയിട്ടു നില്‍ക്കുന്ന നിറം മങ്ങിയ അവളുടെ പഴയൊരു ന്യൂസ് പേപ്പര്‍ കട്ടിങ്ങാണ്. നഗ്മയും ശരത്കൂമാറും, രംഭയും കാര്‍ത്തികും നിറഞ്ഞോടുന്ന തിയറ്ററുകളില്‍ തറടിക്കറ്റില്‍ പടം കാണുമ്പോഴും കാമനകളിലേക്ക് വഴുതിപ്പോകാതെ നല്ല മുഖ്യധാര മലയാള സിനിമയുമായി എന്നെ കൂട്ടിപ്പിടിച്ച ദേവതയാണ്. പാതി കടന്നപ്പോഴേക്കും കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തില്‍ വറ്റിപ്പോയ ഒരു പുഴയാണ്.
ഇപ്പോള്‍ കട്ടിക്കണ്ണവെച്ച് ചലചിത്രോത്സവങ്ങളില്‍ 'ബു.ജി.'കള്‍ക്കൊപ്പം നില്‍ക്കുമ്പോഴും, ഷീടാക്‌സിയുടെ അംമ്പാസിഡറായി പത്രങ്ങളില്‍ നിറയുമ്പോഴും, കല്യാണ്‍ ജ്വല്ലറിയിലെ വയറ്റുക്കാരി മോഡലാകുമ്പോഴും, ചക്കുളത്തമ്മയുടെ കാവിലെ ദേവിയാകുമ്പോഴും എന്റെ മനസ്സില്‍ നിന്ന് തിരോഭവിച്ച എന്റെ ആ ഗ്രാമത്തെ എനിക്ക് തിരിച്ചുപിടിക്കാന്‍ ആവുന്നില്ല.
മഞ്ജു ഇപ്പോള്‍ എനിക്കാരാണ്. എന്റെ ക്ലാസ്സ്മുറിയിലെ പെണ്‍പിള്ളാരിക്കുന്ന വശത്തെ മൂന്നാംബെഞ്ചിലെ ബീനാ കെ.യായിരുന്നു?. അവളുടെ കല്യാണം കഴിഞ്ഞു. എത്രയെങ്കിലും പെറ്റിട്ടുണ്ടാകും. എനിക്കു... വയ്യ എനിക്കു കരച്ചില്‍ വരുന്നു… ഞാന്‍ നിര്‍ത്തുന്നു....
കാവ്യമേള, ചൈനീസ് എംമ്പസി
നല്ലകഥയില്‍ എഴുത്തുകാരന്‍ തന്നെ ചിലപ്പോള്‍ ചില മാലിന്യങ്ങള്‍ നിക്ഷേപിക്കും. പുതുമയ്ക്ക് വേണ്ടിയാകുമ്പോള്‍ മാലിന്യങ്ങളെ വിവേചിച്ചറിയാനുള്ള എഴുത്തുകാരന്റെ കഴിവ് നഷ്ടപ്പെടും. എന്നിരുന്നാലും എസ്. ഹരീഷിന്റെ കഥ (മാതൃഭൂമി ആഴ്ച്ചപതിപ്പ്, ഡിസം. 15) കാവ്യമേള വായിക്കപ്പെടേണ്ട ഒരു കഥയാണ്. അതില്‍ അന്ധനായ സുര്‍ദാസ് പറയുന്നു 'അവളെ ഞാനാണ് വിട്ടത്. ഒന്ന് വൃത്തികെട്ട ഒരു വിയര്‍പ്പുമണം. രണ്ട്. എനിക്ക് ചെയ്തുതരുന്നതിനൊക്കെ അവള്‍ കണക്കുസൂക്ഷിക്കുന്നുണ്ട്. കര്‍ത്താവിനെ കാണിക്കാന്‍. യേശുവും ബൈബിളുമില്ലാതിരുന്നെങ്കില്‍ അവള്‍ ആര്‍ക്കും ഒരുപകാരോം ചെയ്യില്ലായിരുന്നു'.
ഹരീഷിന്റെ കൈയ്യില്‍ നിന്ന് നല്ല കഥകള്‍ തീര്‍ച്ചയായും നമ്മുക്ക് പ്രതീക്ഷിക്കാം. കഥയുടെ മര്‍മ്മമറിയാവുന്ന ഒരു കഥാകൃത്ത്.
ഷാനവാസ് കോനാത്ത് മാധ്യമത്തില്‍ എഴുതിയ 'ചൈനീസ് എംമ്പസി' എന്ന കഥ പ്രവാസത്തെ, അപ്രതീക്ഷിതമായി വന്നുചേരുന്ന ചില പ്രതിരോധങ്ങളെ, രസകരമായ ഭാഷയില്‍ എഴുതുന്നു. കേരളത്തിന്റെ ദുരിതപൂര്‍ണ്ണമെങ്കിലും കാല്‍പനികമായ ജീവിതം നയിക്കുന്ന ഒരാള്‍ പ്രവാസ ജീവിതത്തില്‍ എത്ര വിധേയത്വമുണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ മാലിന്യങ്ങളെ ഏറ്റുവാങ്ങുന്നില്ല. മലപ്പുറത്തിന്റെ നര്‍മ്മം തുളുമ്പുന്ന ഭാഷയില്‍. ചെറുകഥയുടെ വേറൊരു ജനുസ്സ്.
ചോദ്യം ഉത്തരം:
എത്രവേണമെങ്കിലും പണം മുടക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമുണ്ടാക്കാന്‍ കഴിയുമൊ?
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം നിര്‍വ്വഹിച്ച 'ഗോലിയോം കീ രാസ്‌ലീല രാം-ലീല' എന്ന കാശുവാരിപ്പടം കണ്ടു. ഓലക്കൊട്ടകകളില്‍ നന്ന് ഇന്ത്യന്‍ സിനിമ മള്‍ട്ടിപ്ലസ്സുകളിലേക്ക് ചേക്കേറിയപ്പോള്‍ സിനിമയുടെ രുചിക്കൂട്ടുകല്‍ വീണ്ടും മാറി. കാശ് വാരിക്കോരി ചെലവിടാന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. മുടക്കാന്‍ പണമുണ്ടായതുകൊണ്ട് കാര്യമില്ല. അത് എങ്ങിനെ മുടക്കണമെന്നറിയണം. പക്ഷെ മലയാളത്തിലെ ബിഗ്ബഡ്ജറ്റ് പടംപിടുത്തക്കാര്‍ക്ക് അറിയാത്തൊരു കാര്യവും ഇതാണ്. വര്‍ണ്ണവിസ്മയങ്ങളില്‍, സ്ത്രീപുരുഷന്മാരുടെ ശരീരാഘോഷങ്ങളുടെ വശ്യമനോഹാരിതയില്‍, സംഗീതത്തില്‍, പുതിയ പ്രേക്ഷകര്‍ക്കുവേണ്ടി പൊലിപ്പിച്ചെടുത്ത ഒരു തട്ടുപൊളിപ്പന്‍ സിനിമ അതാണ് രാം-ലീല. ദ്വയാര്‍ത്ഥപദങ്ങളുടെ ഒരു ഘോഷയാത്രതന്നെയുണ്ട് ഈ ചിത്രത്തില്‍. സ്പൂണറിസമൊക്കെ ഉപരിവര്‍ഗ്ഗകുടുംബത്തിന്റെ തീന്‍മേശക്കരുകിലെ നേരംമ്പോക്കുകളായി മാറിയതോടെ മുഖ്യധാര സിനിമയിലും ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ എത്രവേണമെങ്കിലും ആകാമെന്നായി. ഈ ചിത്രത്തിലെ കലാസംവിധാനവും ചായാഗ്രഹണവും ഏറെ മികച്ചതാണ്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും സഞ്ജയ് ലീലാ ബന്‍സാലിയാണ്. ശ്രേയ ഘോഷാലും അദിതി പോളും പാടിയ രണ്ട് പട്ടുകള്‍ നല്ലതാണ്. ദീപിക പദുകോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും അഭിനയം എടുത്തുപറയേണ്ടതുതന്നെ. ഹിന്ദിസിനമയിലെ കാലവും കോലവും ഇങ്ങിനെ ആയിപ്പോയതില്‍ ആരെ കുറ്റം പറയാന്‍. നമ്മള്‍ മലയാളികളും മോശക്കാരല്ലല്ലൊ... തെറിവിളിയും ശരീരാഘോഷവും ന്യൂജനറേഷന്‍ ലേബലൊട്ടിച്ചുവരുന്നുവെന്നുമാത്രം.
നിങ്ങള്‍ക്ക് ശത്രുക്കളാരെങ്കിലുമുണ്ടൊ?
ചോട്ടാ ഭീം എന്നൊരുത്തന്‍ എന്റെ ശത്രുവാണിപ്പോള്‍. അവന്‍ കാരണം എന്റെ മൂന്നുവയസ്സുകാരന്‍ മകന്‍ ലഡ്ഡുതിന്നുന്നപോലെ ആംഗ്യകാണിച്ച് എന്റെ പുറത്തും മറ്റ് മര്‍മ്മപ്രദേശങ്ങളിലും കൈമടക്കി ഇടിക്കുന്നു. സാരോപദേശ കഥകള്‍ കേട്ടും കണ്ടും വളരേണ്ട ഈ പ്രായത്തില്‍ ചോട്ടഭീമിനെപ്പോലെ ഒരു വയലന്റ് ആനിമേഷന്‍ കഥാപാത്രം സ്വാധീനച്ചതോടെ അവനില്‍ വന്ന മാറ്റം അസഹനീയമാണ്. കുട്ടികളില്‍ അക്രമവാസനയുണ്ടാക്കുന്ന ഇത്തരം ആനിമേഷന്‍ വൃത്തികേടുകള്‍ നിരോധിക്കണം. എന്റെ വീട്ടില്‍ മാത്രം നിരോധിച്ചാല്‍ ഇല്ലാതായിപ്പോകുന്നതല്ല ചിലകാര്യങ്ങള്‍ അതുകൊണ്ട് പറഞ്ഞുപോയതാണ്…
ഇത്തവണത്തെ അഴ്ച്ചപാങ്ങു വല്ലാതെ ഇഷ്ടപ്പെട്ടു ലൂയിസ് പീറ്റർ മാത്രം മതി കുറച്ചു കാലത്തേക്ക് ലോപിച്ച് പോയ ഭാഷയെ വിട്ടു ഭാവന ഊതി പെരുക്കി ഒരു ബലൂണ്‍ പോലെ കൊണ്ട് നടന്നു കളിക്കുവാൻ പിന്നെ കളഞ്ഞു പോയേക്കാം മലയാളി ആണല്ലോ നമ്മൾ എല്ലാവരും പക്ഷെ ഈ കവിതകൾ മനോഹരം
മറുപടിഇല്ലാതാക്കൂലൂയിസ് പീറ്റര്‍ എന്ന കവിയെ അറിയാനായി ആഴ്ച്ചപ്പാങ്ങിലൂടെ...
മറുപടിഇല്ലാതാക്കൂഇതുവരെയുള്ള ആഴ്ചപ്പാങ്ങുകളില്‍ മികച്ചത്...
മറുപടിഇല്ലാതാക്കൂലൂയിസ് പീറ്ററെ അറിയില്ലായിരുന്നു... നന്ദി..
ചാനല്‍ സംസ്‌ക്കാരം ഇവിടെ ഒന്നും സൃഷ്ടിച്ചില്ല; കുറച്ച് മാലിന്യങ്ങളല്ലാതെ>>>>
മറുപടിഇല്ലാതാക്കൂകുറച്ചല്ല മാലിന്യങ്ങള്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ അവ എല്ലാറ്റിനേയും മലിനപ്പെടുത്തിയിരിക്കുന്നു.
പ്രശസ്ത നോവലിസ്റ്റ ബാലകൃഷ്ണന്‍ സാറിന്റെ ഈ മെയില്‍>>
മറുപടിഇല്ലാതാക്കൂപ്രിയപ്പെട്ട സന്തോഷ് ,
ആഴ്ച്ചപ്പാങ്ങ് വളരെ നന്നായിരിക്കുന്നു. തെളിഞ്ഞ ചിന്തയുടേയും ഗാഢമായ ആലോചനയുടേയും സ്ഫുരണങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു .സൂക്ഷ്മഗ്രാഹിത്വം എനിക്കില്ല എന്നു തന്നെ പറയാം. മനസ്സിനെ വലയ്ക്കുന്ന ലേഖനങ്ങൾ, കവിതകൾ,കഥകൾ െഎന്നിവയൊന്നും വായിക്കാറില്ല ഈയിടെ. അതു കൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് കാണാറേയില്ല.താങ്കൾ ആനന്ദിനേയും രാജീവനേയും കുറിച്ച് പറഞ്ഞ അഭിപ്രായങ്ങൾക്ക് ഞാൻ അടിവരയിടുന്നു.കവിത്വസിദ്ധിയുള്ള താങ്കളുടെ ലേഖനങ്ങൾ എന്നെ അളവറ്റ് സന്തോഷിപ്പിച്ചിരിക്കുന്നു എന്ന് പറയാൻ അതിയായ സന്തോഷമുണ്ട്.
ഞാൻ ഒരു മാസം മകളുടേയും കുടുംബത്തിൻറേയും കൂടെ ദുബായിലാണ്.ഇവിടുന്ന് നാട്ടിലേക്ക് . ഫെബ്രുവരിയിലേ മുംബയിലെത്തൂ.
താങ്കൾക്കും ശ്രീമതിക്കും മകനും സുഖവും സന്തോഷവും നിറഞ്ഞ നവവത്സരം നേരുന്നു.
സസ്നേഹം
ബാലകൃഷ്ണൻ
നന്ദി ശ്രീ ബൈജു മണിയങ്കാല
മറുപടിഇല്ലാതാക്കൂശ്രീ മുബി
ശ്രീ മനോജ് കുമാര്‍ ഏം.
ശ്രീ അജിത് ജീ
ഹൃദയം നിറഞ്ഞ നന്ദി
എല്ലാവര്‍ക്കും നന്മനിറഞ്ഞ ക്രസ്തുമസ്സ്, പുതുവത്സരാശംസകള്‍.
നന്മകള്‍ നേരുന്നു
ഞാന്‍ വായിക്കാന്‍ വൈകിപ്പോയി.. ലൂയിസ് പീറ്ററിന്‍റെ വരികളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം..
മറുപടിഇല്ലാതാക്കൂഎന്റേം ഒരുപാട് വൈകിപ്പോയ ക്രിസ്തുമസ്സ് പുതുവല്‍സരാശംസകള്‍