2013, നവംബർ 9, ശനിയാഴ്‌ച

എനിക്കിനി എല്ലാ തിങ്കളാഴ്ചയും “ആഴ്ച്ചപാങ്ങ്”


തൊണ്ണുറുകള്‍ നല്ലൊരു കാലമായിരുന്നു. എഴുതാന്‍ പഠിപ്പിച്ചതും, പഠിച്ചതൊന്നും ഒന്നുമല്ല എന്ന് വീണ്ടും വീണ്ടും എന്നെ തിരുത്തിയും വിരല്‍ തന്ന് നടക്കാന്‍ പഠിപ്പിച്ചത് തൊണ്ണൂറുകള്‍ ആയിരുന്നു. അത് പരിചയപ്പെടുത്തിയ ഭാവുകത്വത്തിനോളം നല്ലത് പിന്നീടധികം കാണാനായിട്ടില്ല.
ഓര്‍ക്കാന്‍ സുഖമുള്ള ഗൃഹാതുരതകളുമായി തൊണ്ണൂറുകള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എല്ലാ അഴ്ചയും വായിച്ചുതീര്‍ത്ത ഒരു കെട്ട് പുസ്തകങ്ങളുമായി കൊല്ലങ്കോട് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക
ലൈബ്രറിയിലേക്കുള്ള അന്നത്തെ 16 കാരന്റെ സൈക്കിള്‍ യാത്ര ഇന്ന് ഓര്‍മ്മയിലെ പൂക്കാലമാണ്, ഉഴുതുമറിച്ച മണ്ണിന്റെ വെകിളിയില്‍ വേരുറച്ച ഞാറ്റടികളുടെ ഇളംപച്ചപോലെ ചെറുകാറ്റിലും ജീവന്‍ തിരയടി
ക്കുമായിരുന്നു. കാമനകളുടെ കൂടാരമായിരുന്നു മനസ്സ്. ഭോഗാസ്‌കത്മായിരുന്നു അത്്. സ്ഖലിക്കുന്ന കാമനകളില്‍ നിന്ന് പ്രണയത്തെ വേറിട്ട് അടയാളപ്പെടുത്തുന്ന കര്‍മ്മം ഏറെ ദുഷ്‌ക്കരമായിരുന്നു. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ, വൈകാരിക സമസ്യകളെ ഉള്‍ക്കൊള്ളാനാവാതെ 'മ' പ്രസിദ്ധീകരത്തില്‍ വന്നിരുന്ന മാത്യു വെല്ലൂരിന്റെ ലൈംഗികപംക്തി പാഠപുസ്തകത്തില്‍ ഒളിച്ചുവെച്ചു വായിച്ചൊരു കാലം. ശാന്തയും കാട്ടാളനും നാവിലും ഞരമ്പിലും ചേക്കേറിയ കാലം, നെല്ലിന്‍തണ്ടുമണക്കുന്ന വഴികളില്‍ കവിതയുടെ പുല്‍നാമ്പുതേടി നടന്ന കാലം.

പ്രവാസവും ജീവിത പ്രാരാബ്ദങ്ങളും എഴുത്തിനേയും വായനയേയും ശുഷ്‌കമാക്കി. 'ആനമെലിഞ്ഞാല്‍...' എന്ന് സ്വയം അഹംങ്കരിച്ച് ഈ മഹാനഗരത്തിലെ പല സര്‍വ്വാണി സദ്യകള്‍ക്കും പോകാറുണ്ടായിരുന്നില്ല. പക്ഷെ താന്‍ മെലിഞ്ഞുകൊണ്ടിരിക്കുന്നു എന്ന സ്വയം ബോധ്യം എന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞു. എങ്കിലും ധാരാളം വായിക്കുകയും കുറച്ചുമാത്രം എഴുതുകയും ചെയ്തുകൊണ്ട് ചെറുതെങ്കിലും ഒരു സാഹിതീയ ജീവിതം അനുഷ്ടിക്കാന്‍ പലപ്പോഴും എനിക്കു കഴിഞ്ഞു. രണ്ടു വര്‍ഷം മുന്‍പുവരെ നിലനിന്നിരുന്ന ബ്ലോഗ്ഗുകളുടെ ഒരു വസന്തകാലമുണ്ടായിരുന്നല്ലൊ അപ്പോഴായിരുന്നു അത്. ജീവതം, പ്രാരാബ്ദങ്ങള്‍, കുട്ടികുടുംബ പാരാധീനതകള്‍ വീണ്ടും എന്റെ വായനയെ വീണ്ടും പിന്നോട്ട് വലിച്ചു. എന്നാലിപ്പോള്‍ വീണ്ടും പുസ്തകങ്ങളുടെ ലോകത്തേക്ക് വീണ്ടും ഞാന്‍ തിരിച്ചെത്തുകയാണ്. ഹൃദയത്തിന്റെ സത്യസന്ധതകൊണ്ടാണ് കുറെക്കാലമായി 'തിരമൊഴികള്‍' എന്ന എന്റെ ഈ ബ്ലോഗ്ഗില്‍ ഞാന്‍ എഴുതാതിരുന്നത്. എന്തുകൊണ്ടൊ ഒന്നും എഴുതാന്‍ തോന്നിയില്ല. പുസ്തകങ്ങളില്‍ നിന്ന് അകന്നുപോയത്, ഒന്നും എഴുതാതിരുന്നതിന് ഒരു കാരണമാകാം. മനസ്സ് വേറെയേതൊ ലോകത്തായിരുന്നു കുറേക്കാലം. മാസം ഇ.സി.എസ്. വഴി കട്ടുചെയ്തുപോകുന്ന ഭവനവായ്പയിലെ നാലക്കമുള്ള ഇ.എം.ഐ. എന്ന കമ്പിപ്പാരകൊണ്ടുള്ള അടിയും, യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വീട്ടുചിലവുകളും, രോഗങ്ങളും, ഉഴക്കേറിയതിന്റെ കൊച്ചുകൊച്ചു വീട്ടു വഴക്കുകളും എന്നെ വേറെയേതൊ ഒരു ലോകത്തേക്ക് എടുത്തെറിയുകയായിരുന്നു എന്നതാണ് സത്യം.

എഴുത്ത് ഒരു ആത്മസംവാദമാണ് എന്ന് ഞാന്‍ കരുതുന്നു. കേവലം അറിവിന്റെ പ്രകാശനമല്ല അത് ആത്മാവിന്റെ, ചിന്തയുടെ, മനസ്സിന്റെ പ്രസാദാത്മകതയുടെ സൗമ്യമായ പ്രക്ഷേപണംകൂടിയാണ്. അത് അവനവനെത്തന്നെയുള്ള വീണ്ടെടുക്കലാണ്. ഈ ചിന്തയാണ് വീണ്ടും എന്നെ ബ്ലോഗ്ഗെഴുത്തിലേക്ക് നയിക്കുന്നത്. ഈ അത്മസംവാദം എന്ന് പറയുമ്പോള്‍ തീര്‍ത്തും ഒരു ഡയറിക്കുറിപ്പുപോലെ ഏറെ സ്വകാര്യമാകേണ്ടതാണ് എന്ന് കരുതുന്നതില്‍ തെറ്റില്ല. പക്ഷെ ഇവിടെ ഞാനിനി എഴുതാന്‍ പോകുന്ന കുറിപ്പുകള്‍ എന്റെ തന്നെ സാര്‍ഗ്ഗാത്മക ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമത്തിന്റെ ഭാഗമായുള്ളതാണ് എന്ന് വരുമ്പോള്‍ തീര്‍ച്ചയായും അത് സ്വകാര്യമല്ല. അതുകൊണ്ടാണ് “തിരമൊഴികള്‍” എന്ന എന്റെ ഈ ബ്ലോഗ്ഗിലൂടെ ഞാന്‍ സ്വയം വെളിച്ചപ്പെടാന്‍ ആഗ്രഹിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും “ആഴ്ച്ചപാങ്ങ്” എന്നപേരില്‍ ഇനി എന്റെ കുറിപ്പുകള്‍ കണ്ടുതുടങ്ങും. ഇവിടെ പ്രസിദ്ധീകരിക്കുന്ന കുറിപ്പുകള്‍ എന്റെ ആത്മസംതൃപ്തിക്കായി എഴുതുന്ന ഒരു “കൈക്രിയ”യാണ്. ഒട്ടും ആത്മകാമങ്ങളില്ലാതെ എഴുതുന്നതാണെന്ന് എന്റെ ചങ്ങ് തുറന്ന് കാണിച്ചുകൊണ്ട് ഞാന്‍ പറയുന്നു. അഭിനവ നിരൂപകനൊ എഴുത്തിനെ കവച്ചുവയ്ക്കുന്ന എഴുത്താളനൊ ആകാന്‍ ഞാന്‍ സത്യമായും ശ്രമിക്കുന്നതല്ല. പത്രംവായിച്ച് വാര്‍ത്താ വിശകലനം ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ല. ലോകത്തെ മാറ്റിമറിക്കാന്‍ ആരുടേയും ക്വട്ടേഷന്‍ ഞാന്‍ എടുത്തിട്ടില്ല. സത്യത്തില്‍ അതിനുള്ള കഴിവ് എനിക്കില്ല. 
സമകാലിക സംഭവങ്ങളെ വിലയിരുത്തുന്നതൊ സാഹിത്യ ഗീര്‍വാണങ്ങളൊ ഒന്നും ഞാന്‍ എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. മനസ്സ് അടുക്കും ചിട്ടയുമായി വയ്ക്കാനും ചിതറിപ്പോകുന്ന കാഴ്ചകള്‍ക്ക് അടുക്കും ചിട്ടയുമുണ്ടാക്കുവാനുമായി ഞാന്‍ സ്വയം പരിശീലിക്കുന്ന ഒരു “സര്‍ഗ്ഗാത്മക യോഗാഭ്യാസം” അത്രയെ ഉള്ളു.
ആത്മഹത്യാ മുനമ്പില്‍ നിന്ന് ഞാനെന്റെ ജീവിതത്തെ സ്വയം തിരികെനടത്തുന്നത് ഇങ്ങിനെ ചില മെയ്യഭ്യാസങ്ങളിലൂടെയാണ്.
''ആഴ്ചപാങ്ങ്'' വായിക്കുക... യാതൊരു ഗുണവും അതുകൊണ്ട് നിങ്ങള്‍ക്കുണ്ടാവാന്‍ പോകുന്നില്ല.... പക്ഷെ എനിക്ക് എഴുതിയെ പറ്റൂ.... വായിച്ച് എന്തെങ്കിലും അഭിപ്രായം എഴുതണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ല. ഇനി എന്തെങ്കിലും പറയാന്‍ തോന്നുന്നുണ്ടെങ്കില്‍ പറഞ്ഞോളു നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ...

''ആഴ്ചപ്പാങ്ങ്'' ഇനി എല്ലാ തിങ്കളാഴ്ചയും...

9 അഭിപ്രായങ്ങൾ:

  1. വളരെ സന്തോഷം, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. തിരിച്ചു വരവില്‍ ഏറെ സന്തോഷിക്കുന്നു, പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ആശംസകൾ എഴുത്തിന്റെ വായനയുടെ ആഴ്ച്ചവട്ടങ്ങൾക്ക്

    മറുപടിഇല്ലാതാക്കൂ
  4. പുറകോട്ട് വായിച്ച് ഞാനിവിടെ എത്തിയിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  5. ആഴ്ച പാങ്ങിലേക്ക് എല്ലാ ആഴ്ചയും എത്താം കേട്ടോ ?

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.