2013, നവംബർ 11, തിങ്കളാഴ്‌ച

നിങ്ങളെന്നെ വീണ്ടും “അണ്‍പാര്‍ലമെന്ററിയാക്കി”

ഈ അടുത്ത കാലത്താണ് ജനാധിപത്യം എന്നുവച്ചാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നത് !. ഇത്രകാലം ഈ ജനാധിപത്യ ഇന്ത്യയില്‍ ജീവിച്ചിട്ടും ഒരാളും എന്നെ പറഞ്ഞു പഠിപ്പിച്ചിട്ടില്ലാത്ത ഒരു കാര്യം, ഞാന്‍ സ്വയമേവ കണ്ടെത്തി എന്നതില്‍ ഇന്ന് ഞാന്‍ അഭിമാനിക്കുന്നു. ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ജീയോട് എനിക്കിപ്പോള്‍ സഹതാപം തോന്നുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അസ്ഥിവാരവും തൂണും വാര്‍പ്പും കെട്ടി അപ്പനായി മാറിയ അദ്ദേഹത്തോട് ഇക്കണ്ടകാലവും ഞാന്‍ ചെയ്തത്, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത ചെയ്തുകൊണ്ടിരിക്കുന്നത് എന്തൊരു മഹാപരാധമാണ് എന്ന് ഞാന്‍ ചിന്തിച്ചുപോകുന്നു. ഈയിടെ നഗരത്തിലെ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കവെ ഒരു അനുഭവമുണ്ടായി. യാത്രക്കാര്‍ നിറഞ്ഞ് കവിഞ്ഞ ട്രെയിന്‍ പായുകയാണ്. വണ്ടിയുടെ വാതില്‍ക്കലെ തിരക്കില്‍ ശകടം എന്നെ പുറത്തേക്ക് വിരേചനം ചെയ്തു കളയുമൊ എന്ന് ഭയന്ന് വല്ലപാടും വാതില്‍ക്കല്‍ നിന്ന് അകത്തേയ്ക്ക് കയറിപ്പാറ്റാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. ലോക്കല്‍ ട്രയിനിലെ ഉന്തും തള്ളുമേല്‍ക്കുമ്പോഴാണ് ഇന്ത്യയെന്ന ഈ മൂന്നാം ലോക രാജ്യത്ത് ജനിച്ചു പോയതിന്റെ നിര്‍ഭാഗ്യമോര്‍ത്ത് ഞാന്‍ കരഞ്ഞുപോകുന്നത്! അപ്പോഴൊക്കെ നമ്മുടെ പ്രധാന്‍മന്ത്രി ശ്രീ മന്‍മോഹന്‍ സിങ് ജിയേയും പെണ്‍പ്രധാനമന്ത്രി സോണിയാ ഗന്ധിജിയേയും തന്തയ്ക്ക് വിളിക്കുന്നത് എന്റെ ഒരു ശീലമായിരുന്നു. കാല്‍പാദത്തിലേല്‍ക്കുന്ന സഹയാത്രികരുടെ ഓരോ ചവിട്ടിലും “അണ്‍പാര്‍ലമെന്ററി” പദങ്ങള്‍ എന്റെ വായിലും മനസ്സിലും വന്ന് പൊലിക്കും. കോമണ്‍വെല്‍ത്ത്, ടൂജി, കല്‍ക്കരി കുംഭകോണം തുടങ്ങിയ കാക്കത്തൊള്ളായിരം കുംഭകോണങ്ങള്‍ വഴി രാജ്യത്തിന്റെ കോടികള്‍ കട്ടുമുടിച്ച നരാധമന്മാരെ ഞാന്‍ ശപിക്കും. ആവശ്യത്തിന് ട്രെയിനുകളില്ല, ട്രാക്കുകളില്ല ഖജനാവില്‍ പൈസയില്ല..... മന്‍മോഹന്‍ സിങ്ങിനേയും സോണിയാമ്മായിയേയും ലോക്കല്‍ ട്രെയിനിന്റെ തിരക്കില്‍ ഒരു മൂലക്കിട്ട് ചവിട്ടിക്കൂട്ടാന്‍ തോന്നിപ്പോകും. വായില്‍ നേരത്തെ പറഞ്ഞതുപോലുള്ള അണ്‍പാര്‍ലമെന്ററി തെറികള്‍ വന്ന് നിറയും.
വാതില്‍ക്കല്‍ ഒരു മറാത്തിപ്പയ്യന്‍ സാംസങ്ങിന്റെ പുതിയ മോഡല്‍ ഫോണുകളെക്കുറിച്ച് സഹയാത്രികരായ സ്ഥിരം യാത്രസുഹൃത്തുക്കളോട് വാചാലരാകുന്നു. പറയുന്നത് മൊബൈലിനെക്കുറിച്ചാണെങ്കിലും സ്ഥാനത്തും അസ്ഥാനത്തും അമ്മപെങ്ങന്മാരെക്കുറിച്ചുള്ള തെറിപദങ്ങള്‍ ഒഴുകി നിറയുന്നു. സത്യത്തില്‍ ഇവന്‍ ആരെയാണ് തെറിപറയുന്നത്? “അരെ... ക്യാ... മൊബൈല്‍ ഹേ... ബെഹന്‍ ചോദ്, ബാപ് രേ.... ക്യാ.. ക്യാ ഫങ്ങ്ഷന്‍സ് ഹേ.... ബോഹന്‍ ചോദ്.... ക്യാമറാ ദേഖോ..... ഉസ്‌കി മാ..കാ..” അങ്ങിനെ പോകുന്നു. ഒരു മിനുട്ടിനുള്ളില്‍ അവന്‍ പറയുന്ന തെറികളുടെ എണ്ണമെടുക്കാന്‍ ഞാന്‍ ഒരു വൃഥാ ശ്രമം നടത്തി. ഇതിനിടയ്ക്ക് “കോന്‍ മുജേ ധക്കാ ദിയാരേ....? തേരി മാ..കി” എന്നൊരുത്തന്‍ ആര്‍ക്കോ നേരെ ആക്രോശിക്കുന്നതുകേട്ടു.
ആഹാ... ഹാ... എന്തൊരു ജനാധിപത്യ ഇന്ത്യാ... “അണ്‍പാര്‍ലമെന്ററി” പദങ്ങളുടെ പൊടിപൂരം. ഒരുത്തനെ ഉന്താതെ തള്ളാതെ തല്ലുകൂടാതെ ഒരു പബ്ലിക് വെഹിക്കിളില്‍ യാത്രചെയ്യാന്‍ ആവില്ല. നന്ന്... വളരെ നന്ന്... ഇത്തരം ഒരായിരം അനുഭവങ്ങളുടെ നടുവില്‍ ഞാന്‍ സ്വയം ഒരു ജനാധിപത്യവിരുന്ധനായി ഇങ്ങിനെ ഈ മഹാനഗരത്തില്‍ ജീവിക്കുമ്പോഴാണ് എനിക്ക് ഈ കുറിപ്പില്‍ ആദ്യം സൂചിപ്പിച്ചതുപോലുള്ള ഒരു ജനാധിപത്യആത്മബോധം ഉണ്ടായത്...!
ജനാധിപത്യം എന്നാല്‍ പൊതുതിരഞ്ഞെടുപ്പൊ അഞ്ചുവര്‍ഷത്തേക്ക് അടിമത്തത്തിന്റെ തീറെഴുതിക്കൊടുക്കലൊ ഗാന്ധിക്കുടുംബത്തിന്റെ പ്രത്യുല്‍പാദനശേഷി നശിക്കുംവരെ നട്ടെല്ല് തിരിച്ച് യാഥാസ്ഥാനത്ത് ഉറപ്പിച്ചുവയ്ക്കാന്‍ അനുവാദമില്ലാത്ത കോണ്‍ഗ്രസ്സുകാരുടെ ബനാന സംസ്‌കാരത്തിന്റെയൊ പേരല്ല. ജനാധിപത്യത്തിന് ഒരു ജനകീയ ഭരണക്രമം മാത്രമല്ല ആ ഭരണക്രമത്തിനു കീഴില്‍ അചഞ്ചലമായിരിക്കേണ്ട ഒരു ജനാധിപത്യ പൗരബോധം എന്നൊന്നുണ്ട്. ആ പൗരബോധം ജനങ്ങളില്‍ ഉണ്ടാകണമെങ്കില്‍ നമ്മുടെ പൊതുവിടങ്ങള്‍ അതായത് നമ്മുടെ പാതകള്‍, പൊതു വാഹനങ്ങള്‍ മറ്റ് പൊതു സേവന സംവിധാനങ്ങള്‍ ജാനാധിപത്യരാജ്യത്തിന് ഉതകുന്നതാക്കേണ്ടതുണ്ട്. റോഡ് എന്റെ തറവാട്ടുസ്വത്തല്ല എന്ന ബോധം വാഹനമോടിക്കുന്ന ഒരാള്‍ക്ക് വേണം... അതേ വേണം... ഒരു ജനാധിപത്യ ക്രമത്തില്‍ ഒരു പൊതുവഴിയിലൂടെ എങ്ങിനെ വാഹനമോടിക്കണം എന്ന് ഒരു പൗരന്‍ അറിഞ്ഞിരിക്കണം. ഒരു പൊതുവാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ സഹയാത്രികരോട് എങ്ങിനെ പെരുമാറണം; എല്ലാത്തിനും ചില മര്യാദാപാഠങ്ങള്‍ ഉണ്ട്; ഉണ്ടാകണം. ഈ ഒരു ആത്മബോധത്തോടുകൂടി, ജനാധിപത്യപൗരബോധത്തോടുകൂടി ഒരിക്കല്‍ നഗരത്തിലെ ഏറ്റവും തിരക്കുകൂടിയ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ എന്നെ തകിടം മറിച്ചുകൊണ്ട് “മനുഷ്യപ്പുറ്റ്*” മായി ഒരു ലോക്കല്‍ ട്രെയിന്‍ വന്നുനില്‍ക്കുന്നു. ഈ വണ്ടിപിടിച്ച് സഹയാത്രികരെ ഉന്തിത്തള്ളി സഹയാത്രികരുടെ കാലിലൊക്കെ ചവിട്ടി എന്റെ വിയര്‍പ്പ് അവര്‍ക്ക് കൊടുത്ത് അവരുടെ വിയര്‍പ്പ് ഞാനേറ്റുവാങ്ങി, സയാത്രികര്‍ ഇനി വല്ല ന്യൂ ജനറേഷന്‍ മുംബൈ മാണൂസ് വല്ലോമാണെങ്കില്‍ അവന്റെ വായിലെ “മാ...ബാപ് കീ” എന്ന അണ്‍പാര്‍ലമെന്ററി തെറിവിളികള്‍കേട്ട് ഈ ട്രെയിന്‍ യാത്ര ചെയ്യുന്നത് അത്ര ജനാധിപത്യപരമാവില്ല എന്നതുകൊണ്ട് ആദ്യം വന്ന ട്രെയിന്‍ പണ്ടെന്നത്തെയും എന്നതുപോലെ ഇടിച്ചുകയറാന്‍ ഞാന്‍ ഒരുങ്ങിയതേയില്ല.  തിരക്കില്‍ “ഇടിച്ച്” കേറുന്നത് അങ്ങേയറ്റത്തെ അണ്‍പാര്‍ലമെന്ററിയാണ് (ജനാധിപത്യവിരുദ്ധം എന്ന് തനിമലയാളം പറയുമ്പോള്‍ ഒരു സുഖം കിട്ടുന്നില്ല അതുകൊണ്ടാണ് അടിയ്ക്കടി ഇങ്ങിനെ അണ്‍പാര്‍ലമെന്ററി പ്രയോഗം നടത്തുന്നത്). അടുത്ത വണ്ടി വന്നു അത് മനുഷ്യപ്പുറ്റൊ അതൊ അറവുവണ്ടിയോ..... വണ്ടികള്‍ മനുഷ്യപുറ്റുകളുമായി പലതുവന്നുപോയി. നേരം വൈകിയാള്‍ വീട്ടിലെ കെട്ടിയോള്‍ അണ്‍പാര്‍ലമെന്ററിയായി ഇനി വല്ലതും പറഞ്ഞാല്‍ കേള്‍ക്കേണ്ടി വരും. വീട്ടില്‍ ചെന്ന് ചെയ്തു തീര്‍ക്കാന്‍ ഓഫീസിലെ ചില അസൈന്‍മെന്റുകള്‍ ഉണ്ട്. പ്രൊജക്ട് സമയത്തിന് തീര്‍ത്തിലെങ്കില്‍ ബോസും സഹപ്രവര്‍ത്തകരും തനി അണ്‍പാര്‍ലമെന്ററിയാകും. സമയം വൈകിക്കൊണ്ടിരിക്കുന്നു. തിരക്കൊഴിയുന്നുമില്ല. ഇതാ വീണ്ടും മനുഷ്യരെ കുത്തിനിറച്ചൊരു വണ്ടി വന്ന് സ്റ്റേഷനില്‍ വന്ന് വിരേചിക്കുന്നു. ഒരു തൃശ്ശൂര്‍പൂരത്തിനുള്ള ആളുകള്‍ കേറാനായി ഉന്തും തള്ളും. ടൂജി... കോമണ്‍വെല്‍ത്ത്....കല്‍ക്കരി....മന്‍മോഹന്‍സിങ്ങ് സോണിയാഗാന്ധി.... എല്ലാവര്‍ക്കും ചെര്‍ത്തി ഒരു അണ്‍പാര്‍ലമെന്ററി സ്‌തോത്രം ചൊല്ലി ജനക്കൂട്ടത്തെ തള്ളിമാറ്റി ട്രെയിനിന്റെ വാതില്‍ക്കലേക്ക് ഒറ്റപാച്ചില്‍..
“കോന്‍ രസ്താമേ കടാഹേ രേ.... തേരി മാ....കീ.......”
ശേഷം എന്നത്തേയും പോലെ ഞാനൊരു മൂന്നാംലോക ഇന്ത്യന്‍-മുംബൈ നഗരവാസിയായി. പതിവുപോലെ ഇന്ദ്രപ്രസ്തത്തിലുള്ളവര്‍ക്ക് എന്റെ സ്‌പെഷല്‍ ആണ്‍പാര്‍ലമെന്ററി സ്‌ത്രോത്രം പാടി. എനിക്കിതൊക്കെയല്ലെ ചെയ്യാന്‍ പറ്റൂ...

*പുതുകവിതയിലെ ശ്രദ്ധേയനായ യുവകവി ശ്രീ ടി.എ. ശശിയുടെ ഒരു കവിതയില്‍ മുംബൈ ലോക്കലിലെ മനുഷ്യത്തിരക്കിനെ മനുഷ്യപ്പുറ്റുകള്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

5 അഭിപ്രായങ്ങൾ:

  1. സാമ്പത്തികമായ അസ്വസ്ഥതകൾക്കിടയിൽ ജനം പെരുത്തുകയ്യറുമ്പോൾ സംഭവിക്കുന്നത്. ജനാധിപത്യത്തെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം ? എന്തും പറയാനുള്ള അവകാശമെങ്കിലും ജനാഥിപത്യം നൽകുന്നു. പിന്നെ അഴിമതി, അതൊരു ആൽമരമല്ലേ ?

    മറുപടിഇല്ലാതാക്കൂ
  2. ജനാധിപത്യത്തെ കുറ്റം പറയുകയല്ല. ജനാധിപത്യം ഒരു ഭരണസംവിധാനം മാത്രമല്ല ഒരു ജീവിത രീതികൂടിയാണ്്്. ഒരു ജനാധിപത്യക്രമത്തില്‍ എങ്ങിനെ ജീവിക്കണം എന്നത് വളരെ ചെറുപ്പം മുതലെ പഠിപ്പിക്കണം. ഭരണഘടനയെക്കുറിച്ച് നമ്മള്‍ പഠിക്കുന്നുണ്ടെങ്കിലും; തനതായ ഒരു ജീവതക്രമത്തെ ഡിസൈന്‍ ചെയ്‌തെടുക്കുകയും പഠിപ്പിക്കുകയും വേണം. ഇന്ത്യയില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെടണം. ഇന്ത്യയിലുള്ളത് ജനാധിപത്യമല്ല പണാധിപത്യമാണ്.


    പെരുകിക്കൊണ്ടിരിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ജനസംഖ്യ ശരിതന്നെ. പൗരന്റെ ആരോഗ്യം വിദ്യാഭ്യാസം യാത്രാ സംവിധാനങ്ങള്‍ എന്നിവയെ ഫലപ്രാപ്തിയിലെത്തിക്കാന്‍ ഈ ജനാധിപത്യ സര്‍ക്കാരിന് കഴിയാത്തത് ജനസംഖ്യയിലെ ആധിക്യം കൊണ്ടാണെന്ന് പറയാനാവുമൊ. ജനാധിപത്യത്തെ ഗ്രസിച്ചുകഴിഞ്ഞ അസമത്വങ്ങളെ ഇല്ലായ്മചെയ്യുകയും ശരിയായ ജനാധിപത്യത്തെ പുനസ്ഥാപിക്കുകയും ചെയ്താല്‍തന്നെ ഞാന്‍ ആദ്യമെ സൂചിപ്പിച്ച ഒരു പൗരന്റെ ന്യായാമായ അവകാശങ്ങള്‍അനുവദിച്ചു നല്‍കാന്‍ ഭരണ സംവിധാനങ്ങള്‍ക്ക് കഴിയും. ഇന്ത്യ ഒരു ദരിദ്രരാഷ്ട്രമല്ല. നാം ദാരിദ്ര്യത്തെ വിലക്കുവാങ്ങുന്ന രാജ്യമാണ്.

    മറുപടിഇല്ലാതാക്കൂ
  3. എല്ലാരും അണ്‍പാര്‍ലമെന്ററി ആകുന്നു

    മറുപടിഇല്ലാതാക്കൂ
  4. കൈ' വിട്ട പോക്ക് തന്നെ എവിടെയും

    മറുപടിഇല്ലാതാക്കൂ
  5. സത്യമാണ് എഴുതിയത്... എത്രയോ വട്ടം ട്രെയിനില്‍ കഷ്ടപ്പെടുമ്പോള്‍... പിന്നെ പെണ്ണായിപ്പിറന്നതുകൊണ്ട് പല കൈപ്പാങ്ങുകളേയും കൂടി പേടിച്ച് ദൂരെ വരാലിനെപ്പോലെ വഴുക്കി വഴുക്കി... ഓരോ യാത്രയും ഓരോ സമരമാണ്... പല്ലില്‍ ഒതുക്കിപ്പിടിക്കുന്ന ഒരുപാട് അണ്പാര്‍ലമന്‍ററികളാകുന്നു... ഈ ജീവിതം...

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.