ഡോ. എം. വി. പൈലിയുടെ റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും എന്ന പുസ്തകത്തിന്റെ വായനയും, പ്രതിവാദങ്ങളും.
1956 ല്‍ സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20 ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ രഹസ്യ സെഷനില്‍ പ്രസിഡണ്ട് നികിത ക്രൂഷ്‌ചേവ് നടത്തിയ പ്രസംഗം ലോക കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ വാഗ്ദത്ത സ്വപ്‌നങ്ങളുടെ മേല്‍ പതിക്കാനിരുന്ന തീമഴയുടെ ആദ്യ ഗഡുവായിരുന്നു. 50000 വാക്കുകളുള്ള, രണ്ടുദിവസം നീണ്ടുനിന്ന അതിദീര്‍ഘമായ, ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു പ്രഭാഷണമായിരുന്നു അത്. സ്റ്റാലിന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതിയെക്കുറിച്ച് ചരിത്രത്തിലാദ്യമായി പാര്‍ട്ടിയിലെ ഒരു വ്യക്തി അദ്ദേഹത്തിന്റെ മരണശേഷമാണെങ്കില്‍കൂടി ഇത്ര തുറന്നടിച്ച് സംസാരിക്കാന്‍ ധൈര്യപ്പെട്ടത് ചരിത്രസംഭവമായിരുന്നു. സദസ്സിലിരുന്ന ഒരാള്‍ എഴുന്നേറ്റുനിന്നു ചോദിച്ചുവത്രെ 'എന്തുകൊണ് ഇത് സ്റ്റാലിന്‍ ജീവിച്ചിരുന്ന കാലത്ത് പറഞ്ഞില്ല'. 'അന്ന് ഞാന്‍ സ്റ്റാലിനെക്കുറിച്ചു പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോഴെങ്കിലും ഇതുപറയാന്‍ ഞാന്‍ ജീവനോടെ കാണുമായിരുന്നില്ല' എന്നാണ് നികിത ക്രൂഷ്‌ചേവ് പ്രതിവചിച്ചത്. ഈ പ്രസംഗത്തിന്റെ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ പലര്‍ക്കും ഹൃദയസ്തംഭനമുണ്ടായി ചിലര്‍ നിരാശമൂലം ആത്മഹത്യചെയ്തുവത്രെ. സ്റ്റാലിന്‍ ഒരു സ്വേച്ഛാധിപതിയും, കൊലപാതകിയും, ചൂഷകനുമായിരുന്നുവെന്നാണ് പാര്‍ട്ടി അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ക്രൂഷ്‌ചേവ് പ്രസംഗിച്ചത്. സ്റ്റാലിന്റെ ജന്മനാടായ ജോര്‍ജ്ജിയയിലെ ജനങ്ങള്‍ക്കിത് ഉള്‍ക്കൊള്ളാനായില്ല. ജനമിളകി, ചെറു കലാപങ്ങളുണ്ടായി, പലരും തെരുവില്‍ കൊല്ലപ്പെട്ടു. അന്ന് മീറ്റിങ്ങിലുണ്ടായിരുന്ന റോയിട്ടേഴ്‌സിന്റെ ലേഖകന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് ഗാര്‍ഡിയനില്‍ ഈയിടെ ഒരു ലേഖനം പുനഃപ്രസിദ്ധീകരിച്ചിരുന്നത് വായിച്ചു. പഴയതൊക്കെ വീണ്ടും അയവിറക്കാനുള്ള കാരണം പക്ഷെ ഈ ഗാര്‍ഡിയന്‍ ലേഖനമായിരുന്നില്ല, റഷ്യയെക്കുറിച്ച് ഒരു പുസ്തകം വായിച്ചതാണ് കാരണം, ഡോ. എം.വി. പൈലിയുടെ 'റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും'. ആ പുസ്തകത്തില്‍ ക്രൂഷ്‌ചേവിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ നേരിട്ടു പങ്കെടുക്കാന്‍ പുസ്തകത്തിന്റെ രചയിതാവിന് ഭാഗ്യമുണ്ടായതിനെക്കുറിച്ചൊക്കെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ജോര്‍ജ്ജിയക്കാരുടെ ഹീറോ ആയ സ്റ്റാലിനെ അദ്ദേഹത്തിന്റെ മരണാനന്തരം ലോകജനതയ്ക്കുമുന്‍പില്‍ ഇകഴ്ത്തിക്കാണിച്ചതിന്റെ ശിക്ഷയായി, ക്രൂഷ്‌ചേവിന്റെ കല്ലറ കുത്തിത്തുറന്ന് മൃതശരീരം പുറത്തെടുത്ത്, ശ്മശാനത്തിന്റെ ഒരു മൂലയില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതായി പൈലിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. ഈ കഥയ്ക്ക് സ്ഥിതീകരണമില്ല; ഒരുപക്ഷെ കെട്ടുകഥയായിക്കൂടായ്കയില്ല. ക്രൂഷ്‌ചേവിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം സ്റ്റാലിന്റെ കല്ലറയും കുത്തിത്തുറക്കപ്പെട്ടുവെന്നും മറ്റുമുള്ള കഥകള്‍ പ്രചരിച്ചിരുന്നു. അതിന്റെ പ്രതികരാമായിട്ടായിരിക്കാം ഒരുപക്ഷെ ക്രൂഷ്‌ചേവിനോട് ഇത്തരത്തിലൊരു അനാദരവ് ജോര്‍ജ്ജിയക്കാര്‍ പ്രകടിപ്പിച്ചിരിക്കുക. രണ്ടാം ലോക മഹായുദ്ധത്തിനു മുന്‍പുവരെ റഷ്യ രഹസ്യങ്ങളുടെ ഉരുക്കുകോട്ടയായിരുന്നുവെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞിരുന്നത്. പിന്നീട് നാസികളെ തുരത്താനായി സ്റ്റാലിനുമായി സഹകരിക്കേണ്ടിവന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്് സ്റ്റാലിനെക്കുറിച്ചുള്ള അഭിപ്രായത്തില്‍ മാറ്റം വന്നു. നികിത ക്രൂഷ്‌ചേവിന്റെ പ്രഭാഷണം സ്റ്റാലിനെ മനപ്പൂര്‍വ്വം കരിവാരിത്തേയ്ക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമായിരുന്നു എന്ന് സ്ഥാപിക്കാനായി അമേരിക്കന്‍ ചരിത്രാകാരനായ ഗ്രോവര്‍ ഫൂര്‍ ഒരു വലിയ പുസ്തകംതന്നെ എഴുതി. പക്ഷെ ഗ്രോവര്‍ ഫൂര്‍ ഒരു റിവിഷനിസ്റ്റ് ഹിസ്‌റ്റോറിയനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റാലിനെ വെളുപ്പിച്ചെടുത്തിട്ട് ആര്‍ക്കെന്തുകിട്ടാനാണ്. സ്റ്റാലിന്റെ കാലത്ത് റഷ്യയില്‍ അരങ്ങേറിയ ക്രൂരതകളെക്കുറിച്ച് ഒരുപാട് പുസ്തകങ്ങളും ചരിത്ര രേഖകളും നമുക്കു മുന്‍പിലുണ്ട്. റഷ്യയെക്കുറിച്ച് മലയാളികള്‍ക്ക് ചിരപരിചിതമായ ഒരു പുസ്തകം ഡൊമിനിക് ലാപിയറിന്റെ 'അന്നൊരിക്കല്‍ സോവിയറ്റ് യൂണിയനില്‍' എന്ന യാത്രാവിവരണ ഗ്രന്ഥമാണ്. റഷ്യയുടെ ജീവിതത്തെ തൊട്ടറിഞ്ഞ ഒരു പുസ്തകമായിരുന്നു അത്. ഡോ. എം.വി.പൈലിയുടെ പുസ്തകത്തില്‍ റഷ്യയുടെ അനുഭവങ്ങള്‍ ആരംഭിക്കുന്നത് 1971 മുതല്‍ ഏതാണ്ട് 1980 വരെയുള്ള ഒരു പതിറ്റാണ്ടിനടുത്തുള്ള കാലഘട്ടമാണ്. അതായത് ബ്രഷ്‌നേവിന്റെ കാലഘട്ടത്തിന്റെ അന്ത്യംകുറിക്കുന്ന കാലംവരെ.
റഷ്യയില്‍ വലിയ മാറ്റങ്ങളുടെ ഘോഷയാത്രതന്നെ ആരംഭിക്കുന്നത് ഗോര്‍ബച്ചേവിന്റെ കാലം മുതലാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ ആദ്യപതിപ്പില്‍ ഉള്‍പ്പെടുത്താതിരുന്ന, ഗോര്‍ബച്ചേവിന്റെ ഏറ്റവും വലിയ ഭരണപരിഷ്‌ക്കാരമായ ഗ്ലാസ്സ്‌നോസ്റ്റിനെക്കുറിച്ചും പെരിസ്‌ട്രോയിക്കയെക്കുറിച്ചും പിന്നീട് അദ്ദേഹം പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തുകയാണുണ്ടായത്. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്ററി മൂല്യങ്ങളിലേയ്ക്ക് ചുവടുമാറിയതിനു ശേഷമുള്ള റഷ്യയുടെ ജീവിതമല്ല ത്വത്വത്തില്‍ ഈ പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം. എന്നിരുന്നാല്‍കൂടിയും റഷ്യയെക്കുറിച്ചും, പൊതുവെ റഷ്യന്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് പൊതുവെ പ്രചരിക്കുന്ന അബദ്ധധാരണകളെക്കുറിച്ചുമൊക്കെ ശരിയായ ബോധ്യമുണ്ടാകാന്‍ ഈ പുസ്തകം ഉപകരിച്ചു. 7 ലക്ഷം മനുഷ്യരെ കൊലയ്ക്കുകൊടുത്ത സ്റ്റാലിന്‍ എങ്ങിനെ രണ്ടുപതിറ്റാണ്ടിലധികം റഷ്യഭരിച്ചു എന്നതും, തന്റെ സ്വേച്ഛാധിപത്യ-കിരാത ഭരണംകൊണ്ടുണ്ടായ മോശം പ്രതിച്ഛായയെ രണ്ടാം ലോകമഹായുദ്ധത്തിലെ പ്രകടനംകൊണ്ട് അതിജീവിച്ചതുമൊക്കെ ഈ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്. റഷ്യ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ ഒരു പരീക്ഷണ ശാലയായിരുന്നു. മാര്‍ക്‌സിന്റെ വാഗ്ദത്ത സ്വപ്‌നത്തിന്റെ ആധാരശില സത്യത്തില്‍ മാനവികതയായിരുന്നു. അതിന്റെ സര്‍ഗ്ഗാത്മക ആവിഷ്‌ക്കാരമാണ്, ആയിരിക്കണം റഷ്യ സത്യത്തില്‍ അര്‍ഹിച്ചിരുന്നത്. സമ്പത്തിന്റെ ഉത്തുംഗ ശ്രൃംഗങ്ങള്‍ കീഴടക്കുമ്പോഴും മാനവികതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വിഷയത്തില്‍ സ്റ്റാലിന്റെ റഷ്യ വളരെ താഴെ പോയ കാഴ്ചയാണ് 1928 മുതല്‍ 1953 വരെയുള്ള 25 വര്‍ഷങ്ങളില്‍ കണ്ടത്. 4 റൂബിളിന് മെട്രോ ട്രെയിനില്‍ റഷ്യമൊത്തം കറങ്ങാന്‍ കഴിഞ്ഞിരുന്ന നല്ല കഥകള്‍ കേള്‍ക്കുമ്പോഴും, മനുഷ്യന്റെ സ്വാതന്ത്ര്യം, ഭരണകൂടത്തിന്റെ കാലടികള്‍ക്കടിയില്‍ ചതഞ്ഞരഞ്ഞ കഥകള്‍ പലതും ലോകത്തിന്റെ മുമ്പില്‍ നിന്ന് മൂടിവയ്ക്കപ്പെട്ടിരുന്നു. എഴുത്തുകാര്‍ തന്റെ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനു കീഴിലെ പബ്ലിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതി കാത്തുകിടന്ന കാലം, ഭരണകൂടത്തിനെതിരെ പ്രതികരിച്ചാല്‍ ഏതു പാതിരാത്രിയും പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊന്നിരുന്ന രക്തപങ്കിലമായ കഥകള്‍,
വിമതരാഷ്ട്രീയക്കാരെയും എഴുത്തുകാരെയും ഇരുചെവിചറിയാതെ കൊന്നുതള്ളിയ കഥകള്‍ പുറംലോകമറിയാന്‍ പിന്നെയും പതിറ്റാണ്ടുകളെടുത്തു. പൈലിയുടെ പുസ്തകത്തിലെ ഒരു വാചകം കടമെടുത്താല്‍ സ്റ്റാലിന്റെ കാലത്ത് റഷ്യയില്‍ ഇറങ്ങിയിരുന്നത് പത്രങ്ങളായിരുന്നില്ല, ഗസറ്റ് പേപ്പറുകളായിരുന്നു. അങ്ങിനെയൊരു കാലത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ റഷ്യന്‍ പരീക്ഷണ ശാല, കാലത്തിന്റെ അനിവാര്യമായ ഒരു തിരുത്തല്‍ നടത്തുകയായിരുന്നു. ഗ്ലാസ്സ്‌നോസ്റ്റിന്റെയും പെരിസ്‌ട്രോയിക്കയുടെയും യുഗത്തിലേയ്ക്ക് പരിണമിക്കപ്പെട്ട ഗോര്‍ബച്ചേവ് യുഗത്തെ കേരളത്തിലെയടക്കം യാഥാസ്ഥിതിക കമ്മ്യൂണിസ്റ്റ് ചിന്തകന്മാര്‍ തള്ളിപ്പറയുകയുണ്ടായി. എന്നാല്‍ ഇന്ന് ജനാധിപത്യ-മാനവികതയെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നുതന്നെ കരുതാം. പക്ഷെ ജനാധിപത്യത്തിന്റെ പ്രയോഗത്തിലും ഉപയോഗത്തിലുമുള്ള പ്രശ്‌നങ്ങളാണ് ഇന്ത്യയടക്കം ലോകത്തിലെ എല്ലാ ജനാധിപത്യ റിപ്പബ്ലിക്കുകളും നേരിടുന്ന വലിയ പ്രശ്‌നം. അധികാരത്തിന്റെ കുറുക്കുവഴികളായി മതവും, വര്‍ണ്ണ വിവേചനവും മാറുന്ന കെട്ടകാലത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ നോക്കുകുത്തികളായി മാറുന്നു. പറഞ്ഞുവന്നത് റഷ്യയിലെ കാഴ്ചകളേയും അനുഭവങ്ങളേയും കുറിച്ചുള്ള ഡോ. പൈലിയുടെ പുസ്തകത്തെക്കുറിച്ചാണ്. 1980 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം റഷ്യയുടെ ഏറ്റവും പുതിയ സ്പന്ദനങ്ങള്‍ അടയാളപ്പെടുത്തുന്നില്ല എന്ന മൗഢ്യമാണ് ആ പുസ്തകം കൈയ്യിലെടുത്തപ്പോള്‍ എന്നെ ബാധിച്ചിരുന്നത്. പക്ഷെ പുതിയ പതിപ്പില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയ, സി. അച്യുതമേനോനുമായി നടത്തിയ സംവാദവും ഗോര്‍ബച്ചേവിന്റെ കാലത്തെക്കുറിച്ചുള്ള വിവരങ്ങളും ചേരുന്നതോടെ റഷ്യയെക്കുറിച്ച് ഒരു ഏകദേശ ധാരണ വായനക്കാരന് കിട്ടുന്നുണ്ട്. മോസ്‌കോ, ലെനിന്‍ഗ്രാഡ്, കീവ് എന്നീ നഗരങ്ങളുടെ വര്‍ണ്ണശബളവും കുലീനവുമായ എഴുപതുകളിലെ കാഴ്ച്ചകള്‍ തീര്‍ച്ചയായും ഗൗരവമായ വായനയ്ക്കര്‍ഹമാണ്. ലെനിന്‍, സ്റ്റാലിന്‍, ക്രൂഷ്‌ചേവ്, ബ്രഷ്‌നേവ്, ഒരു പരിധിവരെ ഗോര്‍ബച്ചേവ് തുടങ്ങിയവരുടെ കാലത്തെക്കുറിച്ച് ഗ്രന്ഥകാരന്റെതായ കാഴ്ച്ചപ്പാടുകളിലൂടെ വിവരിക്കപ്പെടുന്നുണ്ട്. ക്രൂഷ്‌ച്ചേവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ അനുഭവത്തെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. റഷ്യയിലെ വ്യവസായങ്ങളെക്കുറിച്ചും, സര്‍വ്വകലാശാലകളെക്കുറിച്ചും, കണ്ടതും കേട്ടതും അനുഭവിച്ചതുമായ വിശേഷങ്ങളുടെ പ്രതിപാദനമാണ് ഈ പുസ്തകം. ചായക്കട ചര്‍ച്ചകളില്‍ പൊതുവെ പറയാറുണ്ട് 'കമ്മ്യൂണിസം പാടെ തകര്‍ന്നു തരിപ്പണമായി' ലോകത്തെവിടെയും അതിപ്പൊ മരുന്നിനുപോലുമില്ല എന്നൊക്കെ. കാലം കുറെ കഴിഞ്ഞപ്പോള്‍ ആളുകള്‍ റഷ്യയെക്കുറിച്ചുള്ള പരദൂഷണം വിട്ടു. ഇപ്പോള്‍ ചൈനയേയും ബംഗാളിനേയും ത്രിപുരയേയുമൊക്കെയാണ് കഥാപാത്രങ്ങളാക്കിയിരിക്കുന്നത് എന്നൊരു വ്യത്യാസമുണ്ട്. റഷ്യയുടെ ചരിത്രം പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് ഒരു പ്രത്യയ ശാസ്ത്രം അതിന്റെ പരീക്ഷശാലയില്‍ തകര്‍ന്നു തരിപ്പണമായി എന്നല്ല. റൂള്‍സും റെഗുലേഷന്‍സും എഴുതി, തുന്നിക്കൂട്ടിയ ഒരു പുസ്തകമല്ല കമ്മ്യൂണിസം. അതൊരു മാനവിക മൂല്യമാണ്. അതൊരു സഹജീവിതത്തെക്കുറിച്ചുള്ള സജഹാവബോധത്തെക്കുറിച്ചുള്ള, മനുഷ്യത്വത്തെക്കുറിച്ചുള്ള മൂല്യവത്തായ ചിന്തയാണ്. അതിന്റെ പരീക്ഷണ ശാലമാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ റഷ്യ. ആ പരീക്ഷണ ശാലയില്‍ പലതരം ജയങ്ങളും തോല്‍വികളും ഉണ്ടായിട്ടുണ്ട്. ആത്യന്തികമായി ആധുനിക മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അടിസ്ഥാന അവകാശങ്ങളെയും ബലികൊടുത്തുകൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തിനും നിലനില്‍ക്കുക അസാധ്യമാണ് എന്ന തിരിച്ചറിവിലാണ് നമ്മള്‍ എത്തിച്ചേര്‍ന്നത്. ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ജനാധിപത്യ മൂല്യബോധത്തില്‍ നിന്നുകൊണ്ടുള്ള സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അതാണ് കാലത്തിന്റെ കാവ്യനീതി. 80 വര്‍ഷങ്ങള്‍ക്കുമുന്‍പ് റഷ്യയില്‍ വിദ്യാഭ്യാസം എന്നുപറയുന്നത് കുലീനന്മാര്‍ക്കുമാത്രമായിരുന്നു. യൂറോപ്പിലൊഴികെ മറ്റെവിടെയാണെങ്കിലും ഏതാണ്ട് അങ്ങിനെതന്നെയായിരുന്നു. ഒരിക്കല്‍ റഷ്യന്‍ രാജ്ഞി കാതറിന ഒരു സ്‌കൂള്‍ ഇന്‍സ്‌പെക്ടറോട് പറയുകയുണ്ടായി 'നമ്മള്‍ ഇവിടെ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത് എല്ലാ കുട്ടികള്‍ക്കും പഠിക്കുന്നതിനു വേണ്ടിയല്ല. പാശ്ചാത്യന്മാര്‍ നമ്മെ കാടന്മാര്‍ എന്ന് വിളിക്കാതിരിക്കാന്‍ വേണ്ടിയാണ്. റഷ്യയിലെ എല്ലാ കുട്ടികളും സ്‌കൂളില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ എനിക്കും നിങ്ങള്‍ക്കും തല്‍സ്ഥാനത്ത് തുടരാന്‍ കഴിയില്ല'. വിപ്ലവം അതിന്റെ ധര്‍മ്മം ഏറ്റെടുത്തത് ഇങ്ങിനെയൊരു സാമൂഹിക സാഹചര്യത്തിലാണ് എന്ന് വ്യക്തമായല്ലൊ. എല്ലാവര്‍ക്കും സാമൂഹിക നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം നേടുവാന്‍ വേണ്ടിയായിരുന്നു ലോകത്തിലെ എല്ലാ വിപ്ലവ സമരങ്ങളും പിറവിയെടുത്തത്. ഒരു ചായക്കടക്കാരനെ പ്രധാനമന്ത്രിയാക്കുന്നതും, രാജ്യത്തിന്റെ ഉന്നതസ്ഥാനിയനായ സ്വേച്ഛാധിപതിയെ നിയമത്തിന്റെ വിലങ്ങുവയ്പ്പിക്കുന്നതും വിപ്ലവമാണ്. പാര്‍ലമെന്ററി മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ട് ഇനിയുള്ളകാലം കമ്മ്യൂണിസത്തിന് മുന്നോട്ടുപോകാനാകണം. മതവും വംശവെറിയുമൊക്കെ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ അധികാരത്തെ തൂത്തെറിയാനും, മതേതര-ജനാധിപത്യത്തെ മുന്നോട്ടു കൈപിടിക്കാനും അവര്‍ക്കാകേണ്ടതാണ്. ലെനിന്‍ എന്ന രാഷ്ട്രീയ നേതാവ് റഷ്യയുടെ ആരായിരുന്നുവെന്നത് മോസ്‌കൊ നഗരത്തിന്റെ ഏതൊരു ദിക്കില്‍ നോക്കിയാലും നഗരം വിളിച്ചു പറയും. ലോകത്ത് ഒരു നേതാവിന്റെ പേരിലും ഇത്രയധികം നിര്‍മ്മിതികളുണ്ടാകില്ലെന്ന് ഡോ. എം.വി. പൈലി സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സ്റ്റാലിന്‍ എന്ന നേതാവിനെ കമ്മ്യൂണിസ്റ്റുകാര്‍പോലും തള്ളിപ്പറഞ്ഞു. ഒരുപക്ഷെ റഷ്യയെ വലിയ സാമ്പത്തിക ശക്തിയാക്കിമാറ്റിയത് സ്റ്റാലിനായിരുന്നിരിക്കാം. പക്ഷെ റഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യാഭിലാഷങ്ങളെ കൂച്ചുവിലങ്ങിട്ടു നിര്‍ത്തിയ സ്വേച്ഛാധിപതിയായ സ്റ്റാലിനെ ജനം വെറുത്തു. സ്റ്റാലിന്റെ രാഷ്ട്രീയ പ്രതിച്ഛായ അല്‍പമെങ്കിലും മെച്ചപ്പെട്ടത് രണ്ടാം ലോകമഹായുദ്ധത്തിലെ ധീരമായ ചെറുത്തുനില്‍പ്പിലൂടെയാണ്. യുദ്ധം നല്‍കിയ കെടുതികളെ അതിജീവിക്കാന്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റഷ്യയ്ക്കു കഴിഞ്ഞു എന്നത് പ്രത്യേകം പ്രസ്ഥാവ്യമാണ്. അതിപ്പോള്‍ ഹിറ്റ്‌ലറിന്റെ കാലത്ത് ജര്‍മ്മനിയും, ഗദ്ദാഫിയുടെ കാലത്ത് ലിബിയയുമൊക്കെ സാമ്പത്തികമായി വലിയ അവസ്ഥയിലായിരുന്നല്ലൊ. സമ്പത്തല്ല, സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ അടിസ്ഥാന ശില. ആ നിലയ്ക്ക് റഷ്യ സ്റ്റാലിന്റെ കാലത്ത് അങ്ങേയറ്റം അധപതിച്ചു എന്നു പറയേണ്ടിവരും. വംശീയ വിഭജനവും യുദ്ധവും ദേശിയ ഭ്രാന്തന്മാരുമില്ലാതെ ലോകത്തൊരു ഫാസിസ്റ്റിനും പിടിച്ചുനില്‍ക്കുക അസാധ്യമാണ്. സ്വാതന്ത്ര്യത്തിന് വ്യക്തമായ നിര്‍വ്വചനമില്ല. അവനവന്റെ മനസ്സിലുള്ളത് ആവിഷ്‌ക്കാരിക്കാനും, കഴിവിനനുസരിച്ച് പുതിയ പലതും നിര്‍മ്മിക്കാനും, വിറ്റഴിക്കാനുമുള്ള സ്വാതന്ത്ര്യം; ഏതൊരുല്‍പ്പന്നവും വാങ്ങിക്കാനും ഉപഭോഗം ചെയ്യാനും വിലയിരുത്താനുമുള്ള സ്വാതന്ത്ര്യം, ഇതാണ് സ്വാതന്ത്ര്യത്തിന് പരക്കെ നല്‍കുന്ന ഒരു രാഷ്ട്രീയ നിര്‍വ്വചനം. ചിന്തിക്കാനും, തന്റെ ചിന്തകളെ ആവിഷ്‌ക്കരിക്കാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരവസ്ഥ ഒരിക്കലും ജനാധിപത്യ സംവിധാനത്തിനുള്ളില്‍ പാടില്ല. ഗ്ലാസ്സ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയും പെട്ടൊന്നൊരു ദിവസം കൂടുതുറന്ന് പുറത്തുവരുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ അന്ന് റഷ്യയില്‍ ഗോര്‍ബച്ചേവിന്റെ കാലത്തുണ്ടായുള്ളു. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ ഒരുപാട് പ്രിവിലേജുകള്‍ അനുഭവിച്ചിരുന്നു. സാധാരണക്കാരന് അപ്രാപ്യമായ സുഖഭോഗങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാത്രമായി ലഭിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ക്കുമാത്രമായി സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി അംഗത്വമെടുക്കാനും ഉയര്‍ന്ന സ്ഥാനത്തെത്താനും സാധാരണക്കരനായ ഒരു റഷ്യക്കാരന് അസാധ്യമാകുമ്പോള്‍ കമ്മ്യൂണിസ്റ്റ് എന്ന മാനവിക പ്രത്യയ ശാസ്ത്രത്തിന് വളരാന്‍ കഴിയില്ല. കാട്ടിലെ സിംഹരാജാവ് ദിവസവും ഓരോ മൃഗങ്ങളെവെച്ച് ഭക്ഷിക്കുന്ന ഭരണ വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രീയ നീതി ഏതു നിമിഷവും അട്ടിമറിക്കപ്പെടാം. അത് ജനാധിപത്യം വാഴുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയിലായാലും... ഗോര്‍ബച്ചേവ് ഏറെ തെറ്റീദ്ധരിക്കപ്പെട്ട ഒരു നേതാവാണ്. രാജ്യത്തെ ഒരു തുറന്ന കമ്പോളമാക്കുമ്പോള്‍, അതിനെ ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയിലേയക്കുള്ള പരിവര്‍ത്തനമായി പലരും പരക്കെ വ്യാഖ്യാനിച്ചിരുന്നു. ഗോര്‍ബച്ചേവിന്റെ കമ്പോള സങ്കല്‍പം സ്വാതന്ത്ര്യബോധത്തില്‍ നിന്ന് പിറവിയെടുത്തതാണ്. അതൊരിക്കലും കുത്തകമുതലാളിമാരുടെ ലാഭക്കൊതിയുടേതായിരുന്നില്ല. ഗോര്‍ബച്ചേവിന്റെ കാഴ്ച്ചപ്പാടില്‍ സര്‍ക്കാര്‍ രാജ്യത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളുടെ ശക്തനായ രക്ഷിതാവാണ്. ലോകത്തൊരു സര്‍ക്കാരും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മറന്നുകൊണ്ടുള്ള നിയമനിര്‍മ്മാണം ഒരിക്കലും നടത്തരുത്. പക്ഷെ ഇന്ത്യയില്‍ ഫാസിസ്റ്റുകള്‍ പ്രയോഗിക്കുന്ന സ്യൂഡോ-ഡെമോക്രസിയുടെ കാഴ്ചകള്‍ വളരെ വിചിത്രമാണ്. ഇവിടെ കമ്പോളത്തെ ഭരണകൂടത്തിന്റെ ഒത്താശയോടെ നാള്‍ക്കുനാള്‍ കുത്തകവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന കാഴചകള്‍ കാണാം. ഭരണകൂട മെഷിനറി അംബാനിയുടേയും അദാനിയുടേയും താളത്തിനൊത്തു പ്രവര്‍ത്തിക്കുന്നു. കുന്നും മലകളും നദികളും കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതികൊടുക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. രാജ്യത്തെ കുത്തക മുതലാളിമാര്‍ക്ക് എഴുതിക്കൊടുക്കുന്ന തരത്തില്‍ അധപതിക്കുന്നതിനെ വിളിക്കുന്ന പേരാണ് ക്രോണി ക്യാപിറ്റലിസം. ഇന്ത്യയില്‍ ഇന്നു നടക്കുന്ന രാഷ്ട്രീയ കാലാവസ്ഥ ക്രോണി ക്യാപിറ്റലിസത്തിന്റെയാണ്. കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും, കേരളമടക്കം മിക്ക സംസ്ഥാനങ്ങളും ക്രോണി കാപ്പിറ്റലിസമാണ് നടപ്പിലാക്കുന്നത്. റഷ്യയില്‍ സോവ്യറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് പരമാധികാരം 1991 ല്‍ അവസാനിക്കുകയും ഒരു ഫെഡറല്‍ ജനാധിപത്യ സംവിധാനത്തിലേയ്ക്ക് പരിവര്‍ത്തനപ്പെടുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണഘടനാപരമായ പ്രതിസന്ധികള്‍ അവര്‍ ഘട്ടം ഘട്ടമായി അതിജീവിച്ചു. പക്ഷെ ഇപ്പോഴും റഷ്യയില്‍ വളരെ വികലമായ ഒരു ജനാധിപത്യമാണുള്ളത് എന്ന സത്യം അംഗീകരിക്കുന്നു. ചരിത്രം പഠിക്കുന്നവര്‍ റഷ്യയുടെ തകര്‍ച്ചയെ നോക്കിക്കാണുന്നത് തീര്‍ത്തും വ്യത്യസ്ഥമായ കാഴ്ചപ്പാടിലൂടെയാണ്. സ്റ്റാലിനിസത്തിനേറ്റ-ഫാസിസത്തിനേറ്റ കാലത്തിന്റെ അനിവാര്യമായ തിരിച്ചടിയാണ് നമ്മള്‍ റഷ്യയില്‍ കണ്ടത്. സാമ്രാജ്യത്വ രാജ്യങ്ങളുടെ പുറത്തുനിന്നുള്ള കുത്തിത്തിരിപ്പുകൂടിയായപ്പോള്‍ റഷ്യയുടെ വീഴ്ച്ച കുറച്ചുകൂടി ദയനീയമായി എന്നുമാത്രം. ലോകത്തിന് ജനാധിപത്യം സമ്മാനിച്ച സ്വപ്‌നങ്ങളും പ്രത്യാശകളും ഏതാണ്ടസ്തമിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ഇസ്രായേലിലെ യുവ ചരിത്രകാരനായ യുവാന്‍ ഹരാരിയുടെ പുസ്തകത്തില്‍ പറയുന്നത്. സാപ്പിയന്‍സ് എന്ന പ്രശസ്തമായ പുസ്തകമെഴുതിയ ഹരാരിയുടെ പുതിയ പുസ്‌കമാണ് '21 ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍'. മനുഷ്യനെ നോക്കുകുത്തിയാക്കിക്കൊണ്ട് അല്‍ഗോരിതങ്ങള്‍ ലോകത്തിന്റെ അഭിരുചികളെ വിലയിരുത്തുമെന്ന് ഹരാരി പറയുന്നു. മനുഷ്യന്‍ എന്തു തിന്നണം, എന്തു ചെയ്യണം എന്നൊക്കെ കമ്പ്യൂട്ടറുകളിലെ അല്‍ഗോരിതങ്ങള്‍ നിശ്ചയിക്കുന്ന, പുതിയൊരു ലോക ക്രമത്തിലേയ്ക്ക് സമൂഹം മാറുന്നതിനെക്കുറിച്ച് ഈ പുസ്തകം പറയുന്നു. നിശ്ചയമായും യുവാന്‍ ഹരാരിയുടെ വാദങ്ങളില്‍ അതിശയോക്തികള്‍ ഉണ്ടായിരിക്കാം. മനുഷ്യനുപകരം അല്‍ഗോരിതങ്ങള്‍ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന കാലം വരാം വരാതിരിക്കാം. അല്‍ഗോരിതങ്ങള്‍ നമ്മളെ നിയന്ത്രിക്കുന്ന കാലത്തും മാനവികതയെക്കുറിച്ച് പറയാന്‍, ജനാധിപത്യമൂല്യങ്ങളെക്കുറിച്ചുപറയാന്‍, മതേതരത്വത്തെക്കുറിച്ചു പറയാന്‍, സോഷ്യലിസത്തെക്കുറിച്ചും, താഴെത്തട്ടിലുള്ള ആര്‍ക്കും പ്രാപ്യമാകേണ്ടതായ സ്വാഭാവിക നീതിയെക്കുറിച്ചും സമത്വത്തെക്കുറിച്ചും നിരന്തരം പറഞ്ഞുകൊണ്ടിരിക്കാന്‍ ഇവിടെ മനുഷ്യരുണ്ടാവുകതന്നെ ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ