2021, മേയ് 17, തിങ്കളാഴ്‌ച

മതവിമര്‍ശനം എന്തുകൊണ്ട് അസാധ്യമാകുന്നു?

 -സന്തോഷ് പല്ലശ്ശന

ഇന്ത്യ ഒരു മതരാഷ്ട്രമാണ് എന്നുപറയാന്‍ സാധിക്കില്ല. പക്ഷെ ഇതൊരു മതരാഷ്ട്രമായിക്കൊണ്ടിരിക്കുന്ന രാജ്യമാണ് എന്ന സത്യം ഇപ്പോള്‍ സമ്മതിക്കാതെ തരമില്ലാതായിരിക്കുന്നു. കാക്കത്തൊള്ളായിരം കോടതിവിധികളുണ്ട്, ഭരണഘടനാപരമായ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ലേബലില്‍ നിരപരാധികളെ, ജനാധിപത്യ മതേതര വിശ്വാസികളെ, എഴുത്തുകാരെ, മതരഹിതരെ, യുക്തിവാദികളെ ജയിലടപ്പിച്ച കോടതി വിധികള്‍! ആവിഷ്‌ക്കാരത്തിന്റെ പേരില്‍ ആരെന്തു കളികളിച്ചാലും മതത്തില്‍ മാത്രം ആരും തൊട്ടുകളിക്കരുത് എന്ന് താക്കീതു കൊടുക്കുന്ന വിധികള്‍. ഈ കോടതി വിധികളുടെയൊക്കെ പൊതുസ്വഭാവമെന്താണ്? മതവിശ്വാസികളുടെ വികാരമെന്നത് പരിപാവനമാണെന്നുതന്നെയാണ് ഇന്ത്യന്‍ നീതിപീഠം വിശ്വസിക്കുന്നത്. ചിന്തകള്‍ സ്വയം രൂപീകരിക്കാനും അത് പങ്കുവെക്കാനും ഭരണഘടനാപരമായ നൈതികരീതിയില്‍ എന്തിനേയും വിമര്‍ശിക്കാനുമുള്ള അധികാരം ആര്‍ട്ടിക്കിള്‍ 19 നല്‍കുമ്പോള്‍ത്തന്നെ മതങ്ങളെ വിമര്‍ശിക്കുമ്പോള്‍ മാത്രം കോടതിക്ക് പൊള്ളുന്നത് എന്തുകൊണ്ടാവാം? 


വിശ്വാസികള്‍ക്കുമാത്രം ജീവിച്ചാല്‍ മതിയോ?

ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 295 എ പറയുന്നത് മനഃപൂര്‍വമോ ദുരുദ്ദേശ്യപരവുമായോ മതവികാരത്തെ വൃണപ്പെടുത്തുന്നതിനെക്കുറിച്ചാണ്. അതെ... അതാരു ചെയ്താലും തെറ്റുതന്നെ എന്നു സമ്മതിക്കാം. ഈ നാട്ടില്‍ ആരുടേയും മതവികാരം വ്രണപ്പെടരുത്, എല്ലാ മതസ്ഥരും ഏകോദര സഹോദരങ്ങളായി അവരവരുടെ വിശ്വാസങ്ങളും, ആചാരങ്ങളും മുറുകെപ്പിടിച്ചു ജീവിക്കാനുള്ള അവകാശമുണ്ട്. പക്ഷെ അതൊരിക്കലും മറ്റൊരാളിന്റെ വ്യക്തിസ്വാതന്ത്ര്യത്തെയൊ സമത്വാധിഷ്ഠിതമായ നീതിയുടെ വിതരണത്തെയോ ബാധിക്കരുത്. ആധുനിക ഇന്ത്യയുടെ ശാസ്ത്രവബോധത്തിനും യുക്തിചിന്തയ്ക്കും നിരക്കാത്ത ആചാരങ്ങളോ അനുഷ്ഠാനങ്ങളോ നൈതികത അവകാശപ്പെടാനില്ലാത്ത ദൈവങ്ങളുടെ പുണ്യപുരാണ കഥാസന്ദര്‍ഭങ്ങളോ, ഒക്കെ കാണുമ്പോള്‍ ചിന്തിക്കുന്ന, ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ആരും പല രീതിയില്‍ വിമര്‍ശിക്കാം. ചിലര്‍ എഴുത്തിലൂടെയാണ് പ്രതികരിക്കുക, മറ്റു ചിലര്‍ സിനികളിലൂടെയോ നാടകങ്ങളിലൂടെയോ ചെയ്യാം. മറ്റു ചിലര്‍ ബോഡി പൊളിറ്റിക്സിന്റെ സാധ്യതകള്‍ തേടാം. ഇതൊക്കെ എങ്ങനെയായണ് മതനിന്ദയാകുന്നത്?

ഇന്ത്യയില്‍ എല്ലാവരും മതവിശ്വാസികളാണോ... അല്ലല്ലോ.. സമൂഹത്തിന്റെ താഴെത്തട്ടില്‍ കിടക്കുന്ന ദളിതരും, യുക്തിവാദികളും, ഒരു മതത്തിനുള്ളില്‍ അതിനെ എതിര്‍ക്കാതെയോ പുല്‍കാതെയോ കഴിയുന്നവരും കൂടി ചേരുന്നതാണല്ലോ രാഷ്ട്രം. സംഘടിത മതത്തിന്റെ ഭാഗമല്ലാത്തവരുടെ മതം പുരോഗമന ചിന്തയുടെ മതമാണ്. ശാസ്ത്രസത്യങ്ങളുടേയും യാഥാര്‍ത്ഥ്യബോധത്തിന്റെയും മാര്‍ഗമാണ്. അതിന്റെ സ്വതന്ത്രമായ ഇടപെടലുകളെ ചോദ്യം ചെയ്യുമ്പോള്‍ ഇക്കൂട്ടര്‍ക്കും ആഴത്തില്‍ മുറിവേല്‍ക്കാം. അവരുടെ വികാരങ്ങളും വികാരങ്ങളാണ്. കല്‍ബുര്‍ഗിയും, പന്‍സാരെയും, ഗൗരി ലങ്കേഷുമൊക്കെ രക്തസാക്ഷിത്വം വരിച്ചത് അവരുടെ ഈ ധൈഷണിക പാതയില്‍ സുധീരം മുന്നോട്ടു പോയിക്കൊണ്ടിരുന്ന വേളയിലാണ്.

മതരഹിതരുടെ ശാസ്ത്രബോധത്തിലൂന്നിയ പ്രബോധനങ്ങളെ വിലകുറച്ചു കാണുന്നതും അവഹേളിക്കുന്നതും മതമേലാളന്മാരുടെ വിനോദമാണ്. അപ്പോള്‍ ഈ മതരഹിതരായ മാനവ സ്നേഹികള്‍ക്കുണ്ടാകുന്ന അവഹേളനം ഇതുവരെ ഏതുകോടതിയാണ് ഗൗരവമായി പരിഗണിച്ചിട്ടുള്ളത്?

മതരഹിതരായ പുരോഗമന വാദികളുടെ വികാരങ്ങളെക്കുറിച്ച് നമ്മുടെ നിതിന്യായ വ്യവസ്ഥ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മതവിശ്വാസമില്ലാത്തവര്‍ക്ക് 'വികാരം' ഇല്ല എന്നാണോ രാജ്യത്തെ ന്യായാധിപന്മാര്‍ കരുതുന്നത്?  അവനവന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചു ജീവിക്കണമെന്നുള്ളവര്‍ക്ക് അങ്ങനെയാകാം. പക്ഷെ സമൂഹത്തിലെ യുക്തിരാഹിത്യത്തെ വിമര്‍ശിക്കുന്നവനെ മതനിന്ദകന്റെ ചാപ്പകുത്തി നാട്ടിലെ പുരോഗമന ചിന്താഗതിക്കാരെ ജയിലിലടയ്ക്കുന്നതിന്റെ കോണ്‍സ്റ്റിറ്റിയൂഷണാലിറ്റിയെന്താണ്, അതില്‍ എന്തു നൈതികതയാണുള്ളത്? മതവിശ്വാസികള്‍ക്കുമാത്രം ജീവിക്കാന്‍ കൊള്ളുന്ന ഒരു നാടാക്കി ഇന്ത്യ എന്ന വിശാല ചിന്തയെ പരിമിതപ്പെടുത്തുന്നതിനെതിരെ ഇന്ത്യയിലെ വിശാല പുരോഗമന പക്ഷം ഒന്നിച്ചു നില്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മതമെന്നാല്‍ മാര്‍ഗം എന്നാണര്‍ത്ഥം. ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള ഒരു പാത മാത്രമാണ് മതം. ചുരുക്കിപ്പറഞ്ഞാല്‍ കുറെ റൂള്‍സിന്റെയും റെഗുലേഷന്‍സിന്റെയും ആചാരങ്ങളുടെയും ആകത്തുക മാത്രമാണ് മതം. ദൈവത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍കൂടിയാണ് മതം. ആത്യന്തികമായി അതൊരു ചിന്തയും മാര്‍ഗരേഖയും മാത്രമാണ്. ഒരു ജനാധിപത്യ നൈതികബോധത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഒരിക്കലും അത് വിമര്‍ശനാതീതമല്ല എന്നുമാത്രമല്ല, അതിനെ ഒരു വലിയ വൈകാരിക സംഞ്ജയായി കാണേണ്ട കാര്യവുമില്ല. അങ്ങനെ ആരെങ്കിലുമൊക്കെ കാണുന്നുണ്ടെങ്കില്‍ത്തന്നെ അത് ജനാധിപത്യ നീതിന്യായവ്യവസ്ഥയെ സംബന്ധിച്ച് സാധാരണ നിലക്ക് ഗൗരവതരമായ ഒരു കാര്യവുമല്ല.


മതനിന്ദയും രഹ്‌ന ഫാത്തിമയും


ക്രിക്കറ്റുകളിക്കാരന്‍ ധോണിയുടെതായി വിഷ്ണുരൂപം ധരിച്ചുകൊണ്ടുള്ള ഒരു ചിത്രം ഒരു ബിസിനസ്സ് മാഗസിന്റെ പുറംചട്ടയില്‍ വന്നതുമായി ബന്ധപ്പെട്ട ഒരു കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ വരികയുണ്ടായി. അതില്‍ പറഞ്ഞത് മനഃപൂര്‍വമല്ലാത്ത 'ഇന്‍സള്‍ട്ട്' ആണുണ്ടായിരിക്കുന്നത്, അതുകൊണ്ടുതന്നെ ഇത് 295 എ യുടെ പരിധിയില്‍ പെടുത്തേണ്ട കാര്യമില്ല എന്നാണ്. ഇത്തരം സംഭവങ്ങളെ പ്രശ്നവല്‍ക്കരിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിയമവ്യവസ്ഥയുടെ ദുരൂപയോഗമാണെന്നാണ് 2017 ല്‍ കോടതി പരാമര്‍ശം നടത്തിയത്. എന്നാല്‍ 2018 ല്‍ ശബരിമല സ്ത്രീപ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിച്ച സ്വാമിനിയുടെ രൂപമണിഞ്ഞ ഒരു ചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് രഹ്‌ന ഫാത്തിമ എന്ന ആക്ടിവിസ്റ്റിനെ കുറച്ചുകാലം ജാമ്യം കൊടുക്കാതെ തടവില്‍ പാര്‍പ്പിക്കുയുണ്ടായി. ഈ കോടതി നടപടിയെ എങ്ങനെ വിലയിരുത്താം? എന്താണ് കേസില്‍ കോടതി കണ്ട മതനിന്ദ? ധോണി മനഃപൂര്‍വല്ലാതെയാണ് വിഷ്ണുവേഷം ധരിച്ചതെന്നാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം അന്നു കണ്ടെത്തിയത്. ചിത്രം ഇന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ആറു കരങ്ങളില്‍ ലേയ്സും കോളയും ബൂസ്റ്റും മൊബൈല്‍ ഫോണുമായി നില്‍ക്കുന്ന ചിത്രം മനഃപൂര്‍വമല്ലാത്ത ഇന്‍സള്‍ട്ടാണെന്നാണ് കോടതി പറഞ്ഞത്. മനഃപൂര്‍വമല്ലാതെ ഇങ്ങനെയൊരു ചിത്രം പ്രസിദ്ധീകരിക്കാന്‍ കഴിയുമോ? ഇനിയത് മനഃപൂര്‍വമാണെങ്കില്‍ത്തന്നെ അതില്‍ മതനിന്ദയെന്ത് എന്ന ചോദ്യം ബാക്കി. കാല്‍മുട്ടുകള്‍ പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ കോടതി നടപടി ഏറ്റുവാങ്ങേണ്ടി വന്ന രഹ്‌ന ഫാത്തിമയുടെ കേസിന് ധോണിയുടെ കേസുമായി താരതമ്യങ്ങളില്ല എന്നുവേണം കരുതാന്‍. എന്നാല്‍ ധോണിയുടെ കേസില്‍ അറസ്‌റ്റോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ ധോണിക്ക് അനുഭവിക്കേണ്ടി വന്നില്ല. എഫ്.എം.സി.ജി. സാധനങ്ങള്‍ കൈയ്യിലേത്തിയ വിഷ്ണുരൂപത്തെക്കാള്‍ മാപ്പുകൊടുക്കാന്‍ കഴിയാത്ത എന്തു തെറ്റാണ് രഹ്‌ന ഫാത്തിമ എന്ന യുവതിയുടെ കാല്‍മുട്ടുകളുടെ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. മുറിപ്പെടുന്ന വികാരങ്ങളുടെ തോത് ഈ രണ്ടു ചിത്രങ്ങള്‍ കാണുന്നതിലൂടെ ഒരു വിശ്വാസിയില്‍ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ആദ്യത്തെ ചിത്രത്തെക്കാള്‍ രണ്ടാമത്തെ ചിത്രത്തില്‍ എന്താണ് മനഃപൂര്‍വമായി ഒരു മതത്തെ വ്രണപ്പെടുത്തുന്നതായ ഘടകം? ആദ്യത്തെ ചിത്രത്തില്‍ ഇന്ത്യയുടെ ക്രിക്കറ്റ് പ്രേമികളുടെ ആരാധനാ പാത്രമായ ധോണിയാണ്. രണ്ടാമത്തെ ചിത്രത്തില്‍, മോഡലും അഭിനേത്രിയുമൊക്കെയാണെങ്കിലും എവിടെയുമെത്താതെ പോയ ഒരു സാധാരണക്കാരിയാണ് കുറ്റക്കാരി. ഇത് ഇരട്ടനീതിയല്ലേ...?


ഈ ചിത്രത്തില്‍ ഇവര്‍ ചെയ്ത കുറ്റമെന്താണെന്നുമാത്രം ആരും ചോദിക്കരുത്. അതിന് കോടതിക്ക് ഉത്തരമില്ല. പ്രത്യേക്ഷത്തില്‍ ഇതൊരു മതനിന്ദയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ പ്രതിയെ കോടതി റിമാന്റില്‍ വെച്ചത്. രണ്ടു ചിത്രങ്ങളും മനഃപൂര്‍വമായ ഒരു പ്രവൃത്തിയാണ്. മനഃപൂര്‍വമല്ലാതെ രണ്ടുകൂട്ടര്‍ക്കും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാന്‍ സാധ്യമല്ല എന്നതാണ് സത്യം. ഒരു യുവതിയുടെ കാല്‍മുട്ടുകണ്ടാല്‍ മതവികാരം വ്രണപ്പെടുന്നതെങ്ങനെ എന്ന ചോദ്യം കേരളത്തില്‍ സാധാരണക്കാരന്റെ സാമാന്യയുക്തി നെഞ്ചില്‍ക്കിടന്ന് ചക്രശ്വാസം വലിക്കുമ്പോള്‍, നീതിന്യായസംവിധാനം ശബരിമല വിശ്വാസികളുടെ വികാരതരംഗത്തിന് വഴിപ്പെട്ട് 'അഹങ്കാരി'യായ ഈ യുവതിയെ ഒരു പാഠം പഠിപ്പിക്കാന്‍ ഒരല്‍പം പഴയകാലത്തെ രാജാവിന്റെ നീതിബോധത്തിലേക്ക് മടങ്ങിപ്പോയി എന്ന് പരസ്യമായി പറയാന്‍, വാദിക്കാന്‍ ഒരാളും ധൈര്യപ്പെട്ടില്ല. പ്രശസ്തി ലക്ഷ്യമിട്ട് ശബരിമലയില്‍ പോയി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന പേരില്‍ ഭരണ കക്ഷിയും, വിശ്വാസികളെ വെല്ലുവിളിച്ചതിന്റെ പകയില്‍ വലതു-പ്രതിപക്ഷ ശക്തികളും ഈ അനീതിയോട് നിശബ്ദത പാലിച്ചു. മതവിശ്വാസികളുടെ വ്രണപ്പെടാന്‍ വെമ്പിനില്‍ക്കുന്ന മൃദുല വികാരങ്ങളുടെ പേരില്‍ ഒരു ഇവിടെ ഒരു സാധാരണ പൗരന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. 295 എ എത്രമാത്രം കാട്ടുനീതിയാണെന്നോ, അതിന്റെ ജനാധിപത്യ വിരുദ്ധത എത്രത്തോളമുണ്ടെന്നതോ എവിടെയും ഒരു ചര്‍ച്ചയായില്ല. കോടതിയലക്ഷ്യം പേടിച്ച് ആരും അതൊരു ചര്‍ച്ചാവിഷയമാക്കിയിരിക്കില്ല. മലയാള സിനിമയിലെ സര്‍വാദരണീയനായ ഒരു നടന്റേതായി, കറുത്ത മുണ്ട് തുടയ്ക്കു മുകളില്‍ വലിച്ചുടുത്ത് ജീപ്പിന്റെ ബോണറ്റില്‍ കയറിയിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ കോടതിക്കെതിരെ ട്രോളായി പലരും ഷെയര്‍ ചെയ്തു. ആണുങ്ങള്‍ കറുപ്പു വസ്ത്രമുടുത്ത് തുടകാണിച്ചാല്‍ പ്രശ്നമില്ല. സ്ത്രീകള്‍ കാല്‍മുട്ടുകാണിച്ചാല്‍ മാത്രം വൃണപ്പെടുന്ന മതവികാരത്തിന് എന്തോ കുഴമുണ്ടല്ലൊ എന്ന് കോടതിക്ക് തോന്നിയതുമില്ല. 


മതത്തിനാകാം, മനുഷ്യന് പാടില്ല

മതത്തിന് മനുഷ്യനിന്ദ എത്രവേണമെങ്കിലുമാകാം. പക്ഷെ മനുഷ്യന് മതനിന്ദ പാടില്ല.

മതത്തിന് മനുഷ്യനെ അവഹേളിക്കാം. ലിംഗ സമത്വത്തെ നിഷേധിക്കാം. മനുഷ്യരെ പലതരം ശ്രേണി വ്യവസ്ഥകളില്‍ വേര്‍തിരിച്ച് പീഡിപ്പിക്കാം. ദൈവത്തിന്റെ പേരില്‍, വിശ്വാസങ്ങളുടെ പേരില്‍, ആചാരങ്ങളുടെ പേരില്‍ എത്രവേണമെങ്കിലും മനുഷ്യരെ വഴിതെറ്റിക്കാം, മതരഹിതരെയും യുക്തിവാദികളേയും പുലയാട്ടുവിളിക്കാം, കൊന്നുതള്ളാം... ആര്‍ക്കും ഒരു പരാതിയുമില്ല. നിയമങ്ങളുണ്ട്, പക്ഷെ എല്ലാത്തിനുമില്ല. മതരഹിതരുടെ ജീവിതമതം (പാത) ശാസ്ത്ര ചിന്തയും യുക്തിചിന്തയുമാണ്. അത് സ്വതന്ത്രമായി പറയാനും പങ്കുവയ്ക്കാനുമുള്ള അവകാശത്തിന്റെ നിഷേധമായിട്ടാണ് പലപ്പോഴും 295 എ വന്നു നില്‍ക്കാറ്.

ആര്‍ത്തവം അയിത്തമായിക്കണ്ട് യുവതികള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെ ഒരു നിന്ദയായിക്കണ്ട് കോടതി സ്വമധേയാ കേസെടുക്കേണ്ടതല്ലേ. വിശ്വാസത്തിന്റെ ലേബലില്‍ ഈ ഹീനമായ മനുഷ്യാവകാശലംഘനത്തിനെതിരെ കോടതി കണ്ണടയ്ക്കുന്നുണ്ടെങ്കില്‍ ഈ മതബോധത്തിനകത്താണ് നീതിബോധം പ്രവര്‍ത്തിക്കുന്നത് എന്നുവേണ്ടേ കരുതാന്‍? ഈ മനുഷ്യാവകാശ ധ്വംസനത്തെ ചോദ്യം ചെയ്യുന്നതോ പരിഹസിക്കുന്നതോ പലപ്പോഴും മതനിന്ദയായി വ്യാഖ്യാനിക്കാറുമുണ്ട്.

ഈ അടുത്തിടെ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റീലീസ് ചെയ്ത 'താണ്ടവ്' എന്ന വെബ്സീരിസില്‍ ഹിന്ദു ദൈവങ്ങളെ വികലമായി അവതരിപ്പിക്കുന്നു എന്ന പരാതിയില്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ഈ കുറിപ്പെഴുതുന്നതുവരെ താണ്ടവിനെതിരെയുള്ള എഫ്.ഐ.ആര്‍. കോടതി റദ്ദു ചെയ്തിട്ടില്ല. ദൈവങ്ങള്‍ വിമര്‍ശനത്തിന് അതീതരാണോ? ഒരു വലിയ സമൂഹത്തിന്റെ ആരാധനാമൂര്‍ത്തിയാണ് എന്നതുകൊണ്ടുമാത്രം പുരാണ കഥാപ്രത്രങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഒരു ജനാധിപത്യ വ്യവസ്ഥയില്‍ നിന്നുകൊണ്ട് പറയാന്‍ കഴിയന്നതെങ്ങനെയാണ്.


നിന്ദയും വിമര്‍ശനവും

എന്താണ് 'നിന്ദ', എന്താണ് വിമര്‍ശനം എന്നതിന്റെ അതിരുകളെ കൃത്യമായി അടയാളപ്പെടുത്താന്‍ നമുക്കു കഴിയാതെ പോകുന്നതാണ് ഇവിടെ പ്രശ്നം. സമൂഹത്തെ മുന്നോട്ടു നയിക്കാനുതകുന്ന, തെറ്റുതിരുത്തി മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്ന പുരോഗമന ചിന്തയെ ഉല്‍പാദിപ്പിക്കുന്നതിന്റെ ഭാഗമായി ലോകത്ത് എന്തിനെക്കുറിച്ചും സദുദ്ദേശ്യപരമായി പുനരാവിഷ്‌ക്കാരിക്കാനോ, ആക്ഷേപ ഹാസ്യരൂപത്തിലോ, മറ്റേതെങ്കിലും രൂപത്തിലോ ആര്‍ക്കും, ദൈവങ്ങളെ എന്നല്ല- ഈ ലോകത്തിലെ എന്തിനേയും നമുക്ക് ഉപയോഗിക്കാം എന്നതാണ് യഥാര്‍ത്ഥ ജനാധിപത്യ നീതി. എന്നാല്‍ സമൂഹത്തെയോ വ്യക്തികളെയൊ ദുരുദ്ദേശ്യപരമായി ഇകഴ്ത്തിക്കാട്ടുന്ന, യാതൊരു സാമൂഹ്യനന്മയും അവകാശപ്പെടാനില്ലാത്ത, സമൂഹത്തെ പിന്നോട്ടു വലിക്കുന്ന കലാരൂപങ്ങള്‍ - അതില്‍ ദൈവങ്ങളെയെന്നല്ല, ഏതൊന്നിനെയും ഇകഴ്ത്തിക്കാട്ടാനുള്ള അവകാശം ഈ ജനാധിപത്യ സമൂഹത്തില്‍ ആര്‍ക്കുമില്ല എന്നുകൂടി പറഞ്ഞുവയ്ക്കുമ്പോഴേ ആദ്യം പങ്കുവെച്ച ആശയത്തിന് പൂര്‍ണത കൈവരൂ. ആ നിലക്കു നോക്കുമ്പോള്‍ താണ്ടവ് എന്ന വെബ്സീരിസില്‍ യാതൊരു തെറ്റും കാണാന്‍ കഴിയില്ല. ഹിന്ദു ദൈവങ്ങളെ മാത്രം വിമര്‍ശിക്കുന്നു, എന്തുകൊണ്ട് മറ്റു മതങ്ങളിലെ ദൈവങ്ങളെ വിമര്‍ശിക്കുന്നില്ല, തുടങ്ങിയ വാദങ്ങള്‍ക്ക് പ്രസക്തിയില്ല. അല്ലാഹുവും ജീസസും എന്നല്ല ലോകത്തിലെ ഒന്നും വിമര്‍ശനത്തിന് അതീതമല്ല. ഹിന്ദുക്കള്‍ ഒരുപാട് കാലംകൊണ്ട് സഹിക്കുന്നു, ഇനിയിത് സാധ്യമല്ല, മറ്റു മതങ്ങളില്‍ ഇത്തരം സര്‍ക്കാസങ്ങള്‍ കൊണ്ടുവന്നാല്‍ ഇവിടെ കലാപമുണ്ടാകും തുടങ്ങിയ വാദങ്ങള്‍ക്കൊന്നും ജനാധിപത്യ സംവാദങ്ങളില്‍ പ്രസക്തിയില്ല. സമൂഹത്തില്‍ പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ വളരെ പൗരാണികവും പിന്തിരിപ്പനുമായ മൂല്യങ്ങളെ വിശിഷ്ടവത്ക്കരിക്കുന്ന ദൈവങ്ങള്‍, അതേതു മതത്തിലെതായാലും വിമര്‍ശിക്കപ്പെടുകതന്നെ ചെയ്യും. അതിന്റെ പേരില്‍, പൊട്ടിയൊലിക്കുന്ന മതവികാരങ്ങളുടെ പേരില്‍ ജനാധിപത്യ നീതിയില്‍ നഞ്ചുകലക്കുന്നത് അങ്ങേയറ്റം അപലപനീയമാണ് എന്നുമാത്രമെ പറയാനുള്ളു.


അവിശ്വാസികള്‍ക്ക് അമ്പലത്തിലെന്തുകാര്യം?


ശബരിമല യുവതി പ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പലരും ചോദിച്ച ഒരു ചോദ്യം 'അവിശ്വാസികള്‍ക്ക് ശബരിമലയില്‍ എന്താണ് കാര്യം?'. എന്നാല്‍ മനസ്സിലാക്കുക; അവിശ്വാസികള്‍ക്കാണ് സത്യത്തില്‍ ശബരിമലയില്‍ കാര്യമുള്ളത്. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പാതകളില്‍ ബാരിക്കേഡുകള്‍ കെട്ടി സവര്‍ണഗുണ്ടകള്‍ വടിവാളുമായി കാവല്‍ നിന്നപ്പോള്‍ അവര്‍ക്കെതിരെ സമരം നയിച്ചത് ഒരു നിരീശ്വരവാദിയായിരുന്നു; പെരിയോര്‍ എന്ന് തമിഴ് ജനത വിളിക്കുന്ന ഇ. വി. രാമസ്വാമി. അദ്ദേഹത്തിന് വൈക്കം ക്ഷേത്രത്തില്‍ കയറിയിട്ടെന്തുകാര്യം? മതരഹിതരുടെ വിശ്വാസം എന്നുപറയുന്നത് പ്രധാനമായും മാനവികതയും മതേതരത്വവും സമത്വവും ജനാധിപത്യ നീതിയുമൊക്കെയാണ്. യുക്തിവാദി ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും, ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പൊതുദേവാലയത്തില്‍ കയറിച്ചെല്ലാനും ആരാധിക്കാനുമുള്ള ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യുന്ന ഏതൊരിടത്തും വിശ്വാസികള്‍ക്കു ചുറ്റും ശക്തമായ പ്രതിരോധം തീര്‍ത്ത് യുക്തിവാദികള്‍ ഉണ്ടാകും-ഉണ്ടാകണം.

രഹ്നഫാത്തിമ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നത് ഒരു ചര്‍ച്ചാവിഷയമേയല്ല എന്നിരിക്കെയാണ് കേരളം അവരുടെ വിശ്വാസത്തെക്കുറിച്ചുമാത്രം ദിവസങ്ങളോളം ചാനലുകളില്‍ അന്തിച്ചര്‍ച്ച നടത്തിയത് എന്നോര്‍ക്കണം. വിശ്വാസം എന്നതുതന്നെ ആപേക്ഷികമാണ്. അമ്പലത്തില്‍ വരുന്നവരുടെയെല്ലാം വിശ്വാസത്തിന്റെ ആഴം പരിശോധിക്കാന്‍ യാതൊരു വിശ്വാസമാപിനികളും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അവിശ്വാസികള്‍ക്ക് പ്രവേശനമില്ല എന്ന് നമ്മള്‍ പറയുന്നത്. അമ്പലങ്ങള്‍ വിശ്വാസികളുടേതാണ് എന്നുപറയുമ്പോള്‍ വിശ്വാസം എന്നത് എല്ലാകാലത്തും ഒരുപോലെ നില്‍ക്കുന്ന ഒന്നല്ല. ഞാന്‍ വിശ്വാസിയാണെന്ന് അവകാശപ്പെടുകയും, എന്നെപ്പോലെതന്നെ അവകാശപ്പെടുന്ന മറ്റുചിലരുടേയും ഒരു കൂട്ടായ്മയാണ് വിശ്വാസി സമൂഹം എന്നുപറയുന്നത്. എന്റെ വിശ്വാസം ഞാന്‍ അവകാശപ്പെടുന്നതാണ്. എന്റെ വിശ്വാസം എന്നത് അളക്കാന്‍ യാതൊരു അംഗീകൃത മാനന്ദണ്ഡവുമില്ല എന്നിരിക്കെ എന്റെ അവകാശപ്പെടല്‍ മാത്രമാണ് 'ഞാനൊരു വിശ്വാസിയാണ്' എന്നത്. അങ്ങിനെ ഒരുപാട് സ്വയം അവരോധിക്കപ്പെട്ട വിശ്വാസികള്‍ ചിലര്‍ക്കെതിരെ കലാപത്തിനിറങ്ങിത്തിരിക്കുന്നതിന്റെ ജനാധിപത്യ വിരുദ്ധത എത്രമാത്രമുണ്ടെന്ന് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഉള്‍ക്കൊള്ളണം.


വിശ്വാസവും തോന്ന്യാസവും

എന്താണ് വിശ്വാസം എന്ന് നമ്മള്‍ നേരത്തെ ചര്‍ച്ച ചെയ്തു. ഇനി ഒരാളിന്റെ വിശ്വാസത്തെ നമ്മള്‍ മുഖവിലയ്ക്കെടുത്താലും ഒരാളിന്റെ വിശ്വാസത്തിന്റെ അതേ രൂപവും ഭാവവുമായിരിക്കുമോ മറ്റൊരാളിന്റെ വിശ്വാസത്തിനുണ്ടായിരിക്കുക. ഉദാഹരണത്തിന് എന്റെ മനസ്സിലെ ദൈവം നീതിമാനാണ്. എന്റെ മനസ്സിലെ ദൈവം, അമ്പലത്തിലെ ഹുണ്ടികയിലിടുന്ന വഴിപാടു പണത്തിന്റെ വലുപ്പത്തിനനുസരിച്ച് ഭക്തന് രക്ഷയനുവദിക്കുന്ന ഒരു കൈക്കൂലിക്കാരനല്ല. മറിച്ച് പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും കാരണഭൂതനായ ഒരു വലിയ പ്രതിഭാസമാണ്. അതിനെ കേവലമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും നൂലുകൊണ്ട് ബന്ധിക്കുന്നത് അങ്ങേയറ്റം അസംബന്ധമായാണ് എനിക്കു തോന്നുന്നത്. ആ നിലക്ക് മറ്റൊരാളിന്റെ വിശ്വാസം എനിക്ക് തികച്ചും സങ്കുചിതമായ ഒന്നായി അനുഭവപ്പെടാം.

എന്നാല്‍ മറ്റൊരു വിശ്വാസിയെ പരിശോധിക്കുമ്പോള്‍ അയാളിന്റെയുള്ളില്‍ ദൈവം ഞാന്‍ ആരാധിക്കുന്ന ദൈവത്തില്‍ നിന്ന് തുലോം വ്യത്യസ്തമായിരിക്കാം. അവിടെ ദൈവം തികഞ്ഞ ആചാരഭ്രാന്തനും, ലിംഗപരമായ അയിത്തം കൊണ്ടുനടക്കുന്നവനും കൈക്കൂലിക്കാരനും ആഭിചാരക്കാരനുമായ ഒരു നികൃഷ്ടജീവിയുമായിരിക്കാം. ഇതറിയുന്ന എനിക്ക് അപരനോട് അങ്ങേയറ്റത്തെ വിരോധമുണ്ടാകാം. ചുരുക്കിപ്പറഞ്ഞാല്‍ വിശ്വാസത്തിന് ഏകരൂപമല്ല, അത് ഓരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. അപ്പോള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ക്കൊരിക്കലും ഒരു തീരുമാനത്തിലെത്താന്‍ കഴിയില്ല എന്നു ചുരുക്കം.

മതങ്ങള്‍ ദൈവത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളാണെന്ന് നേരത്തെ സൂചിപ്പിച്ചു. അതില്‍ പലതും സങ്കുചിതമായ ദൈവ സങ്കല്‍പങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ഒരു നല്ല വിശ്വാസി അവന്റെ മൗലികമായ ദൈവ സങ്കല്‍പത്തെ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വളരെ വിശാലമായ ഒരു പ്രപഞ്ച നിരീക്ഷണത്തിലൂടെ ആത്മീയ ശക്തിവിശേഷത്തിലൂടെ മതങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കുമപ്പുറം തനതായ ഒരു ദൈവ സങ്കല്‍പത്തില്‍ എത്തിച്ചേരുന്നു. ഒരു നല്ല സത്യവിശ്വാസിയെ സംബന്ധിച്ച് ജീവിതം തന്നെ ഒരു വലിയ സത്യന്വേഷണമാണ്. ജനനം മുതല്‍ മരണംവരെ അവന്‍ സത്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. മരണത്തോടെ പരമമായ സത്യത്തില്‍ അവന്‍ വിലയം പ്രാപിക്കുന്നു. സത്യാന്വേഷണത്തിനിടക്ക് അവന്‍ താണ്ടിയ വഴികളിലെ അനുഭപരതയാണ് അവനെ സംബന്ധിച്ചിടത്തോളം ജീവിതം.

ദൈവസങ്കല്‍പം എന്നുപറയുന്നത് അങ്ങേയറ്റം വിശാലമായ ഒരു ചിന്താപദ്ധതിയാണ്, ജീവിതമൂല്യമാണ് എന്ന് അടയാളപ്പെടുത്തുന്നതിനു പകരം അത് കേവലം ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് എന്ന് സങ്കുചിതമാക്കി അവതരിപ്പിക്കുന്ന മതങ്ങളുടെ പൊട്ടിയൊലിക്കുന്ന വികാരങ്ങളുടെ അഗ്‌നിയില്‍ ഈ രാജ്യത്തെ ജനാധിപത്യ നീതിയെ, മൂല്യങ്ങളെ ബലികൊടുക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.

വിശ്വാസവും തോന്ന്യാസവും തമ്മില്‍ അജഗജം വ്യത്യാസമുണ്ട്. അങ്ങേയറ്റം വൈയ്യക്തികവും വിശാലവുമായ ദൈവവിശ്വാസവും, ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിന്നാലെ പോകുന്ന തോന്ന്യാസവും തമ്മിലുള്ള വ്യത്യാസം സ്വതന്ത്രമായി ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.