2023, ഏപ്രിൽ 30, ഞായറാഴ്‌ച

അസമത്വങ്ങളെ ജനാധിപത്യംകൊണ്ട് പൊരുതി തോല്‍പ്പിച്ചവന്റെ കഥ

-സന്തോഷ് പല്ലശ്ശന

 ജനാധിപത്യത്തിന്റെ മുന്നണിപ്പോരാളിയായ ഡോ. ബി. ആര്‍. അംബേദ്ക്കറെക്കുറിച്ച് നിരവധി ജീവചരിത്രങ്ങള്‍ ലഭ്യമാണെങ്കിലും ധനഞ്ജയ് കീറിന്റെ 'Dr. Ambedkar: Life and Mission' എന്ന ഗ്രന്ഥത്തിന് മറ്റേതൊരു ജീവചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നും വേറിട്ട ഒരുപാട് സവിശേഷതകളുണ്ട്. അംബേദ്ക്കറിന്റെ രാഷ്ട്രീയ ജീവിതത്തേയും കീഴാളരുടെ സാമൂഹികാംഗീകാരത്തിനും പുരോഗതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളേയും വളരെ വസ്തുതാപരമായി അടയാളപ്പെടുത്തിയിരിക്കുന്ന ഒരു പുസ്തകമാണിത്. അംബേദ്ക്കറുടെ മഹദ് സത്യാഗ്രഹ കാലഘട്ടത്തെക്കുറിച്ച്; സമ്മേളന കാലഘട്ടത്തിലെ ഓരോ ദിവസങ്ങളിലേയും അംബേദ്ക്കറുടെ പ്രഭാഷണങ്ങളെക്കുറിച്ചും കീഴാള ജനതയെ അണിനിരത്തിക്കൊണ്ട് ചരിത്രത്തിലാദ്യമായി നടത്തിയ സമൂഹിക സമ്മേളനത്തിനെതിരെ ജാതി ഹിന്ദുക്കളില്‍ നിന്ന് നേരിടേണ്ടി വന്ന എതിര്‍പ്പുകളോട് അംബേദ്ക്കര്‍ നടത്തിയ പ്രതിരോധങ്ങളെക്കുറിച്ചും ധനഞ്ജയ് കീര്‍ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് ഈ പുസ്തകത്തില്‍. മഹാഡ് മുനിസിപ്പാലിറ്റിയുടെ കീഴില്‍ പൊതു ഉടമസ്ഥതയിലുള്ള ചൗദാര്‍ വാട്ടര്‍ ടാങ്കില്‍ നിന്ന് അസ്പര്‍ശ്യര്‍ക്കുമാത്രം വെള്ളമെടുക്കാന്‍ അവകാശമില്ലായിരുന്നു. മഹദ് സത്യാഗ്രഹത്തിന്റെ ഭാഗമായി വാട്ടര്‍ ടാങ്കിനും ചുറ്റും അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ തടിച്ചുകൂടിയ കീഴാള ജനത ടാങ്കില്‍ നിന്ന് വെള്ളംകോരിക്കുടിച്ചുകൊണ്ട് ജാതി ഹിന്ദുക്കള്‍ക്ക് ഒരു ഗംഭീര താക്കീതു നല്‍കുന്നുണ്ട്. എന്നാല്‍, ചൗദാര്‍ ടാങ്കിലെ വെള്ളം കീഴാളനായ അംബേദ്കറും കൂട്ടരും സ്പര്‍ശിച്ച് അശുദ്ധമാക്കി എന്നാരോപിച്ചുകൊണ്ട് സവര്‍ണ്ണ ജാതി ഹിന്ദുക്കള്‍ ടാങ്ക് ശുദ്ധീകരിക്കാനായി ഗോമുത്രവും ചാണകവും കലക്കി, പിന്നീട് ടാങ്ക് പരിപൂര്‍ണ്ണമായി ഉപയോഗ ശൂന്യമാക്കിയതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അന്ന് അംബേദ്കര്‍ ജാതി-ഹിന്ദുക്കളുടെ ഭരണഘടനയായ മനുസ്മൃതിക്ക് പരസ്യമായി കൊടുത്ത അഗ്‌നി പിന്നീട് ഒരുപാടു വര്‍ഷം ആളിക്കത്തി എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ധനഞ്ജയ് കീര്‍

ഗാന്ധിയുമായി അംബേദ്കറിനുണ്ടായിരുന്ന ആശയപരമായ വിയോജിപ്പുകളുടെ കാര്യകാരണങ്ങളും, ഗാന്ധിയുമായി അംബേദ്കര്‍ നടത്തിയ സംവാദങ്ങളുമെല്ലാം വളരെ കൃത്യമായിത്തന്നെ ധനഞ്ജയ് കീര്‍ രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിന് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1931 ആഗസ്റ്റ് മാസം 14 ന് ബോംബെയിലെ മണിഭവനില്‍ വെച്ചാണ് അംബേദ്കറും ഗാന്ധിയും ആദ്യമായി കൂടിക്കാഴ്ച നടത്തുന്നത്. അന്ന് അംബേദ്കറിന് 106 ഡിഗ്രി പനിയുണ്ടായിരുന്നു. എന്നാല്‍ അംബദേക്കറിന്റെ വാക്കുകള്‍ക്ക് അതിനുമപ്പുറം ഒരഗ്‌നിപര്‍വതത്തിന്റെ തിളനിലയായിരുന്നു എന്നുതന്നെ പറയേണ്ടിവരും. 

'അസ്പര്‍ശ്യരുടെ ഉന്നമനത്തിനുവേണ്ടി കോണ്‍ഗ്രസ്സ് ഇരുപതു ലക്ഷം രൂപയോളം ചിലവിട്ടു' എന്നുപറഞ്ഞുകൊണ്ടാണ് ഗാന്ധി സംഭാഷണം ആരംഭിക്കുന്നതെങ്കിലും അംബേദ്ക്കറിന്റെ അതി നിശിതമായ വിമര്‍ശന ശരങ്ങള്‍ക്കുമുന്‍പില്‍ ഗാന്ധി നിഷ്പ്രഭാനാവുകതന്നെ ചെയ്യുന്നുണ്ട്. 

'നിങ്ങള്‍ ധാരാളം ധനം അസ്പര്‍ശ്യരുടെ ജീവിതത്തെ ഉയര്‍ത്തുന്നതിനായി ചിലവാക്കിയിരിക്കാം. പക്ഷെ മി. ഗാന്ധി, ആ പണമെല്ലാം പാഴായിപ്പോയി' എന്നുപറഞ്ഞുകൊണ്ടാണ് അംബേദ്കര്‍ ഗാന്ധിയുടെ ഹരിജന പ്രേമത്തിന്റെ മുനയോടിച്ചുതുടങ്ങുന്നത്. ഒരു സവര്‍ണ്ണ ജാതി-ഹിന്ദുവായ ഗാന്ധിയുടെ ഹരിജന പ്രേമത്തിന് ഒരു സാധാരണ ചാരിറ്റി പ്രവര്‍ത്തനത്തില്‍ കവിഞ്ഞ പ്രധാന്യം അംബേദ്കര്‍ നല്‍കുന്നില്ല. പട്ടിയ്ക്കും പൂച്ചയ്ക്കും പോലും കിട്ടുന്ന വില അസ്പര്‍ശ്യന് ഹിന്ദു സമൂഹം നല്‍കുന്നില്ല - അയിത്താചരണം നിയമംമൂലം നിരോധിച്ചുകൊണ്ടല്ലാതെ അസ്പര്‍ശ്യരുടെ ജീവിതത്തില്‍ ഒരു മാറ്റം സാധ്യമല്ല എന്നുതന്നെ അസന്നിഗ്ധമായി അംബേദ്കര്‍ പ്രസ്ഥാവിക്കുന്നു. ഒരു ദേശംതന്നെയില്ലാത്ത കീഴാള ജനത എന്തിനുവേണ്ടിയാണ് ദേശീയ സമരത്തിനിറങ്ങേണ്ടത് എന്ന് അംബേദ്കര്‍ ഈ അവസരത്തില്‍ ഗാന്ധിയോട് ചോദിക്കുന്നുണ്ട്.

എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും തന്റെ ജനതയെ ചതിക്കാന്‍ താന്‍ തയ്യാറല്ല; എന്നുമാത്രമല്ല അവരുടെ പുരോഗതിക്കുവേണ്ടി ബ്രിട്ടുഷുകാരുമായി സന്ധിചെയ്യണമെന്നുണ്ടെങ്കില്‍ അതിനും താനൊരുക്കമാണ് എന്നുതന്നെയാണ് അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്. വൈസ്റോയിയുടെ ലേബര്‍ കൗണ്‍സിലില്‍ അംഗമാകുന്നതും, കോണ്‍ഗ്രസ്സിന്റെ ഏതിര്‍പ്പുകളെ പുല്ലുപോലെ തള്ളിക്കളഞ്ഞ് ലണ്ടനില്‍ വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതും ഇന്ത്യയ്ക്ക് ഡൊമിനിയന്‍ ഭരണഘടന പദവി നല്‍കാനുള്ള ബ്രീട്ടീഷ് തീരുമാനങ്ങള്‍ക്ക് തന്റെ അറിവും അധ്വാനവും നല്‍കി വെള്ളക്കാരുടെ കൂട്ടത്തിലൊരുവനായി അവരെ പ്രതിനിധീകരിച്ചതും തന്റെ ജനതയ്ക്കുവേണ്ടിത്തന്നെയാണ്.

കീഴാള ജനതയ്ക്കുവേണ്ടിയുള്ള പ്രത്യേക ഇലക്ടോറല്‍ എന്ന അവകാശത്തിനുവേണ്ടിയുള്ള അംബേദ്ക്കറിന്റെ പോരാട്ടങ്ങള്‍ ഗാന്ധിയുടെ പിടിവാശിക്കുമുന്‍പില്‍ ഒരേയൊരു ഘട്ടത്തില്‍ തോറ്റുകൊടുക്കേണ്ടിവന്നതിനെക്കുറിച്ച് വിശദമായി ധനഞ്ജയ് കീര്‍ ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. വിഭജനത്തെക്കുറിച്ച് അംബേദ്കറിനുണ്ടായിരുന്ന നിലപാടും, പിന്നീട് സംഭവിച്ച വ്യതിയാനങ്ങളും ഏതൊരു വായനക്കാരേയും വിസ്മയിപ്പിക്കുന്നതായിരുന്നു. ഇതേ വ്യതിയാനങ്ങള്‍ അദ്ദേഹത്തിന്റെ മതേതര ഇന്ത്യയെക്കുറിച്ചും ഉണ്ടായിട്ടുണ്ട്. പക്ഷെ മാനവികതയോടൊപ്പം നില്‍ക്കുന്ന ആത്യന്തിക ശരിയിലേയ്ക്ക് വളരെ വേഗംതന്നെ അംബേദ്കര്‍ എന്ന ധിഷണശാലിയായ മനുഷ്യന്‍ അതിവേഗം എത്തിച്ചേരുന്നുമുണ്ട്. കാശ്മീര്‍ വിഷയത്തില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളേയും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളേയും വിഭജിച്ച് ഈ വിഷയത്തിന് ഒരു പരിഹാരം കാണുക എന്നുപോലും അംബേദ്കര്‍ പറയുന്നുണ്ട്. 

എന്നാല്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ഇതില്‍ നിന്നൊക്കെ വേറിട്ടൊരു ജനാധിപത്യ പോരാളിയെ അംബേദ്കറില്‍ കാണാന്‍ കഴിയുന്നതാണ്. 

ഇന്ത്യന്‍ ജനതയെ സാംസ്‌കാരികമായി ഏകീകരിക്കാന്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ എന്തുകൊണ്ടൊ അംബേദ്കര്‍ ആഗ്രഹിച്ചിരുന്നു. ഒരുപക്ഷെ കുറച്ചുകാലം കൂടി ജീവിച്ചിരുന്നുവേങ്കില്‍ അംബേദ്കറിന്റെ ഈ നിലപാടില്‍, ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്ധ്യത്തിന് ഉതകുന്നരീതിയിലുള്ള ഒരു വ്യതിയാനം ഉണ്ടാകുമായിരുന്നു എന്നു കരുതാവുന്നതാണ്. 

ഹിന്ദുകോഡ് ബില്ലിനുവേണ്ടി തിളച്ചുമറിഞ്ഞ അംബേദ്കര്‍, ആ ബില്ല് നിയമമാക്കുന്നതിന് യാതൊരു ഇച്ഛാശക്തിയുമില്ലാത്ത വിധം ദുര്‍ബലനായി കാണപ്പെട്ട നെഹ്റുവടക്കമുള്ള പാര്‍ലമെന്റേറിയന്‍മാരുടെ മുഖത്തേയ്ക്ക് തന്റെ കാബിനറ്റ് മന്ത്രിപദവി വലിച്ചെറിഞ്ഞ് പുറത്തു വരുന്ന അംബേദ്കറിനേയും നമുക്കു കാണാന്‍ കഴിഞ്ഞു. 

നൈതികബോധത്തിന്റെ ആധിക്യത്തില്‍ പിടിനിലയില്ലാത്ത ക്ഷോഭത്തില്‍ സ്വയം നഷ്ടപ്പെട്ട അംബേദ്കറെ മറ്റു പലരേയുമെന്നപോലെ ധനഞ്ജയ് കീറും വരച്ചു വെച്ചിട്ടുണ്ട്. ഒരിക്കല്‍ ദാദറിലെ സമ്മേളനത്തില്‍ തന്റെ സ്വന്തം പ്രവര്‍ത്തകരോട് 'ബില്‍ഡിങ്ങ് ഫണ്ടിന്റെ കണക്ക് തനിക്ക് ഇപ്പോള്‍ കാണണം' എന്ന് പ്രസംഗവേദിയില്‍ നിന്നുകൊണ്ട് പരസ്യമായി പറയുന്നുണ്ട് മുതിര്‍ന്ന, പാവപ്പെട്ടവരുടെ മിശിഹയായ ഇതേ അംബേദ്കര്‍. ഇതേ ക്ഷോഭംതന്നെയാണ് ഒരു ഘട്ടത്തില്‍ താനെഴുതിയ ഭരണഘടന കത്തിയ്ക്കാന്‍ താന്‍തന്നെ മുന്‍പിലുണ്ടാകുമെന്നു പ്രസ്ഥാവിച്ചതും. 

ധനഞ്ജയ് കീര്‍ അംബേദ്കര്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹവുമായി നേരിട്ട് സംവദിച്ചിട്ടുള്ള ഒരു എഴുത്തുകാരന്‍ കൂടിയാണ്. അംബേദ്കറന്റെ ജീവചരിത്രം കൂടാതെ സവര്‍ക്കറിന്റെയും ലോകമാന്യ തിലകന്റെയും ഷാഹു മാഹാരാജിന്റെയും ജീവിചരിത്രങ്ങള്‍ ധനഞ്ജയ് കീര്‍ എഴുതിയിട്ടുണ്ട്. സവര്‍ക്കര്‍ എന്ന നിരിശ്വരവാദിയെ ഹിന്ദുമത പരിഷ്‌ക്കരണ വാദിയായി ചിലയിടങ്ങളിലെങ്കിലും ഈ പുസ്തകത്തില്‍ കാണാം. അംബേദ്കറുമായി സവര്‍ക്കര്‍ക്കുണ്ടായിരുന്ന ബന്ധം കേട്ടുകേള്‍വിയല്ല. ഒരു തികഞ്ഞ ഹിന്ദുത്വവാദിയായിരുന്ന സവര്‍ക്കര്‍ ഒരു മനുവാദിയായിരുന്നില്ല എന്നതുകൊണ്ടായിരിക്കാം അംബേദ്കറും സവര്‍ക്കറും ഏറെക്കുറെ തരക്കേടില്ലാത്ത ബന്ധത്തിലായിരുന്നു എന്നു മനസ്സിലാക്കാം. ഒരു സമ്മേളവുമായി ബന്ധപ്പെട്ട രത്നഗിരിയില്‍ലെത്തിയ അംബേദ്കര്‍ സവര്‍ക്കറുമായി കൂടിക്കഴ്ച നടത്തിയതിന്റെ ചില സൂചകളും പുസ്തകത്തില്‍ കാണാം. 

അംബേദ്കര്‍ മരിക്കുന്നതിന് ഏതാനം ദിവസങ്ങള്‍ക്കു മുന്‍പ് ബുദ്ധമതത്തിലേയ്ക്കുള്ള മഹാപരിവര്‍ത്തനത്തെ സവര്‍ക്കര്‍ നിശിതമായി വിമര്‍ശിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. 

കീഴാളന് മനുഷ്യനെന്ന പരിഗണന ലഭിക്കാനും അവന്റെ ജീവിത നിലവാരം ഉയര്‍ത്താനുമായി, മനുസ്മൃതിയുടെ മാലിന്യങ്ങള്‍ തലയില്‍ പേറിനടക്കുന്ന ജാതി-ഹിന്ദുക്കളെ പൊരുതി തോല്‍പ്പിക്കാനും, ജനാധിപത്യമെന്ന ഏറ്റവും ആധുനികമായ മാനവിക മൂല്യത്തെ ഇന്ത്യയില്‍ നട്ടുവളര്‍ത്താനും ശ്രമിച്ച-അതിനുവേണ്ടി പോരാടിയ വിജ്ഞാനദാഹിയായ ഒരു ദളിത് ആക്ടിവിസ്റ്റ് എന്ന് അംബേദകറുടെ ജീവിതത്തെ വിലയിരുത്താമെന്നു തോന്നുന്നു. അംബേദകര്‍ക്ക് എല്ലാ മനുഷ്യരേയും പോലെ ജീവിതത്തില്‍ ഒരുപാട് ശരികള്‍ക്കൊപ്പം ചെറിയ ചില തെറ്റുകള്‍ പല ഘട്ടങ്ങളിലായി സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ വിജ്ഞാന തൃഷ്ണയുടെ ചെങ്കനലില്‍ നിന്ന് നീതിയെന്ന സുവര്‍ണ്ണ ലോഹത്തിന്റെ മാറ്റ് അദ്ദേഹം കൂടുതല്‍ പത്തരമാറ്റുള്ളതാക്കിമാറ്റിക്കൊണ്ടുമിരുന്നു. ഗാന്ധിയിലും ഈ ഗുണം കാണാമെന്നു തോന്നുന്നു. യംങ്ങ് ഇന്ത്യയില്‍ ആദ്യകാലത്ത് ഗാന്ധി എഴുതിയിരുന്ന പല പിന്‍തിരിപ്പന്‍ ലേഖനങ്ങളിലെ അഭിപ്രായങ്ങളും പിന്നീട് അദ്ദേഹത്തിന്റെ അന്ത്യ നാളുകളില്‍ അദ്ദേഹം മാറ്റിയതായി കാണപ്പെട്ടിട്ടുണ്ട്.


വിഭജനത്തെ അനുകൂലിച്ച സമയത്ത് അംബേദ്കര്‍ വിചാരിച്ചിരുന്നത്, പരസ്പരം പോരടിക്കുന്ന രണ്ടു സമുദായങ്ങള്‍ ഒരു രാജ്യത്തെ സമാധാനത്തിലും സമൃദ്ധിയിലും പുരോഗതിയിലും എത്തിക്കാന്‍ മത സ്പര്‍ദ്ധകള്‍ ഒരു വിലങ്ങുതടിയാകുമെന്നാണ്. എന്നാല്‍ ഈ നിലപാടില്‍ കാതലായ മാറ്റം അദ്ദേഹം അദ്ദേഹത്തിന്റെ വിപുലമായിക്കൊണ്ടിരുന്ന അറിവിന്റെയും ധൈഷണിക ശക്തിയുടേയും ബലത്തില്‍ പിന്നീട് തിരുത്തി. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒരു ന്യൂനപക്ഷ വികാരങ്ങള്‍ക്ക് ഒരു രാജ്യത്ത് എക്കാലവും നിലനില്‍ക്കുക അസാധ്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ജനാധിപത്യമെന്ന സങ്കല്‍പം പ്രവര്‍ത്തിക്കുന്നത് ഭൂരിപക്ഷ ഹിതത്തിനുസരിച്ചല്ല. വിവിദ്ധ്യത്തെ ഉള്‍ക്കൊള്ളുന്ന ഒരു ഇന്‍ക്ലൂസീവ്‌നസ്സിലാണ് അതിന്റെ മഹത്വമിരിക്കുന്നത്. ഇന്ത്യയ്ക്ക് ഒരു ഭരണഘടന രചിക്കുന്നതിലൂടെ ആ വലിയ ജീവിതം അതിന്റെ പരമോന്നതവും ശാശ്വതവുമായ ഒരു തലത്തിലേയ്ക്ക് ഉയരുകയായിരുന്നു എന്ന് ധനഞ്ജയ് കീര്‍ രേഖപ്പെടുത്തുന്നു. 

വായിക്കാനും സൂക്ഷിച്ചു വയ്ക്കാനും ഏതുകാലത്തും റഫറന്‍സായും ഉപയോഗിക്കാവുന്ന ഒരു ജീവചരിത്ര ഗ്രന്ധമാണ് ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ഈ പുസ്തകം

പുസ്തകം: Dr. Ambedkar: Life and Mission

ഗ്രന്ഥകര്‍ത്താവ്: ധനഞ്ജയ് കീര്‍

പ്രസാധകര്‍: പോപ്പുലര്‍ പ്രകാശന്‍, മുംബൈ

പേജുകള്‍: 532

പുതിയ പതിപ്പിന്റെ വില: 424 ക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.