2015, ഏപ്രിൽ 19, ഞായറാഴ്‌ച

പൊരിവെയില്‍പ്പെയ്ത്തില്‍.... ഉഷ്ണയാമങ്ങളില്‍... ചില തോന്ന്യോന്മീലനങ്ങള്‍....

ഉന്മാദോന്മീലനം - 1


എന്റെ രക്തവും മാംസ്യവും എന്റെതല്ല. അത് ഈ നഗരത്തിനും അപ്പുറത്തുള്ള പച്ചപുതച്ച പാടങ്ങളുടേതാണ്. എന്റെ നഗ്നത മറയ്ക്കുന്ന ഈ വസ്ത്രങ്ങള്‍ എന്റെതല്ല അത് ഉത്തരേന്ത്യയിലെ പരുത്തി വയലുകളിലേതിന്റെയൊ സ്വന്തമാണ്. എന്റെ ഭാഷ, ഓര്‍മ്മകള്‍, അനുഭവങ്ങള്‍ ഒന്നുമെന്റെതല്ല അത് ഈ കാലത്തിന്റെയാണ്, അതിന്റെ വംശപരമ്പരകളുടെതാണ്, മാനവ സമുദായത്തിന്റെ മൊത്തം സ്വന്തമാണ്. ഞാന്‍ ഈ ലോകത്തിന്റെ വലിയ തുടര്‍ച്ചയുടെ ഒരു ചെറിയ തന്മാത്രമാത്രമാണ്. ഞാന്‍ സംസാരിക്കുന്ന ഭാഷ, സര്‍ഗ്ഗാത്മകത, ചിന്തകള്‍ ഒന്നും എന്റെതല്ല. ഞാന്‍ ഈ ദേശമെന്ന, ഭാഷ നദിയെന്ന, ആവാസവ്യവസ്ഥയുടെ കാല സഞ്ചരണത്തിലെ ഒരു തുടര്‍ച്ച മാത്രമാണ് (Existance). ഞാന്‍ സംസാരിക്കുന്ന ഭാഷ ഞാന്‍ ഉണ്ടാക്കിയതല്ല. ഞാന്‍ സംസാരിച്ചു തുടങ്ങുന്നതിനുമുന്‍പ് ഇതേ ഭാഷ ഒരുപാടുപേര്‍ സംസാരിച്ചിരുന്നു. എനിക്കും എന്റെ ഈ തലമുറയ്ക്കും ശേഷം എന്റെ കൈയ്യിലെ പന്തങ്ങള്‍ ഇനി വരുന്ന തലമുറ ഏറ്റുവാങ്ങും. അവരിലൂടെ കാലവും ദേശവും ഭാഷയും സംസ്‌കാരവും അതുകളുടെ പ്രയാണവും തുടര്‍ന്നുകൊണ്ടേയിരിക്കും.

കെ. ആര്‍. മീരയെഴുതിയ ആരാച്ചാര്‍ എന്ന നോവല്‍ ജോഷി ജോസഫിന്റെ വണ്‍ ഡേ ഫ്രം എ ഹാങ്ങ്മാന്‍സ് ലൈഫ് (One Day from a Hangman's Life) എന്ന സിനിമയുടെ നിഴലാണ് എന്ന് പി.എം. ഷുക്കൂര്‍ എഴുതിക്കണ്ടു. ആ സിനിമ മാത്രമല്ല മറ്റു പല കൃതികളേയും ആരാച്ചാര്‍ എന്ന നോവലിനോടു ബന്ധപ്പെടുത്തി അദ്ദേഹം പറയുന്നുണ്ട്. ആരാച്ചാര്‍ ഒരു മോഷണ കൃതിയാണെന്ന ഒരു പൊതുബോധം സൃഷ്ടിക്കുന്ന തരത്തില്‍ വാദങ്ങളും പ്രതിവാദങ്ങളും നടക്കുന്നതായി അടുത്ത കാലത്ത് സോഷ്യല്‍മീഡിയയിലും മറ്റുചില ചെറു പ്രസിദ്ധീകരണങ്ങളിലും കാണാനിടയായി. പലതും ജോഷി ജോസഫിന്റെ ചലച്ചിത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. എന്നാല്‍ ജോഷി ജോസഫ് എന്ന ചലച്ചിത്രകാരന്‍ എവിടേയും പറഞ്ഞുകണ്ടില്ല തന്റെ സിനിമയുടെ കോപ്പിയാണ് കെ. ആര്‍. മീരയുടെ ആരാച്ചാര്‍ എന്ന്. മറിച്ച് ജോഷി ജോസഫിന്റെ സിനിമ അവസാനിക്കുന്നിടത്ത് അടൂരിന്റെ നിഴല്‍ക്കൂത്ത് എന്ന ചലച്ചിത്രത്തോടൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സ്വാധീനമാണ് ഈ ചലച്ചിത്ര ശ്രമത്തിനു പിന്നിലെന്ന് സ്മരിക്കുന്നുണ്ട്. ഒരു പക്ഷെ ഈ ഒരു സംസ്‌കാരം മാത്രമാണ് ആരാച്ചാര്‍ എന്ന നോവല്‍ വായനക്കാര്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുമ്പോള്‍ കെ. ആര്‍. മീര ചെയ്യാതിരുന്നത്. ജോഷി ജോസഫിന്റെ സിനിമയിലെ യഥാര്‍ത്ഥ ആരാച്ചാരും അദ്ദേഹത്തിന്റെ മാനറിസങ്ങളും തന്റെ നോവലിലെ ഫോണിഭൂഷണ്‍ ഗൃഥാ മല്ലിക് എന്ന കഥാപാത്രത്തില്‍ അടങ്ങിയിരിക്കുന്നു എന്ന ഒരു ചെറിയ സൂചന-അടിക്കുറിപ്പ് നോവലില്‍ എവിടെയും കാണാനാകില്ല. അതുകൊണ്ടുമാത്രം ഈ നോവല്‍ ഒരു മോഷണ കൃതിയാണെന്ന് പി.എം.ഷുക്കൂര്‍ പറയുന്നതിനെ വെള്ളംതൊടാതെ വിഴുങ്ങാനാവില്ല. അടിക്കുറിപ്പുകളോടെയാണ് പ്രസ്തുത നോവല്‍ പ്രസാധകരായ ഡി.സി. ക്ക് കൊടുത്തത് എന്ന് മീര പറയുന്നു. അവര്‍ ആ അടിക്കുറിപ്പുകള്‍ നിരാകരിക്കുകയായിരുന്നു എന്ന് മീര. അതോടെ ആ വിവാദവും തീരുന്നു.

ഭരണകൂട ഭീകരതയും പുരുഷകേന്ദ്രീകൃതമായ കുടുംബ സംവിധാനങ്ങളേയുമൊക്കെ തൂക്കിലേറ്റുന്ന ചേതന ഗൃതാ മല്ലിക് എന്ന അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നോവലാണ് ആരാച്ചാര്‍. നിരൂപണത്തിന്റെ വീറും മുനയും അസ്തമിക്കുമ്പോള്‍ പി.എം.ഷുക്കൂറിനെപ്പോലെ ചിലര്‍ ആത്മകാമം തീര്‍ക്കുന്നത് മേല്‍പ്പറഞ്ഞതുപോലുള്ള ചില അധരവ്യായാമങ്ങളിലൂടെയാണ്. പണ്ടൊരു നമ്പൂതിരി ആദ്യമായി ഒരു ട്രെയ്‌നുകണ്ടപ്പോള്‍ പഞ്ഞുത്രെ 'വെറുമൊരു യന്ത്രം കൊണ്ടോടുന്ന വണ്ടിയാ'. ആരാച്ചാര്‍ എന്ന കൃതിയിലെ ചേതനയും ഫോണി ഭൂഷണും മീരയുടെ കൈയ്യൊപ്പുള്ള കഥാപാത്രങ്ങളാണ്. അത് ഏതു മണ്ണില്‍ ആരൊഴിച്ച വെള്ളത്തില്‍ വളര്‍ന്നുവെന്നതിനെക്കാള്‍ ഒരു ചരിത്രദൗത്യപോലെ പടര്‍ന്നു പന്തലിച്ചു എന്നുള്ളതിലാണ് കാര്യം. കുടുംബ ചരിത്രത്തിന്റെ വെള്ളപ്പൊക്കത്തില്‍ ചേതന കുറച്ചൊക്കെ വായനക്കാരനെ വെള്ളംകുടിപ്പിക്കുന്നുണ്ടെങ്കിലും സ്വന്തം പ്രണയത്തെ, പുരുഷാധിപത്യത്തെ, ഭരണകൂട ഭീകരതയെ ഇതുപോലെ തൂക്കിലെറ്റുന്ന ഒരു സ്ത്രീകഥാപാത്രം മലയാളം സാഹിത്യത്തില്‍ ഇന്നോളം പിറന്നിട്ടില്ല.

കടലാസെന്ന കടല്‍ത്തീരത്ത്
പൂര്‍വ്വനിശ്ചിതമായ ഒരെഴുത്താവില്ല പലപ്പോഴുമെന്റേത്. എഴുതി വരുമ്പോള്‍ അനാവരണം ചെയ്യപ്പെടുന്ന, പൂരിപ്പിക്കപ്പെടുന്ന ഒരുപാടു സമസ്യകളുണ്ട്. എഴുത്തില്‍ ആകസ്മികമായി കടന്നുവരുന്ന സ്‌ഫോടനങ്ങളുണ്ട്. ചിന്തിച്ചുറപ്പിച്ച് എഴുതുന്നതിലുമപ്പുറം എഴുത്തും ചിന്തയും ഒരുമിച്ചുനടക്കുമ്പോള്‍ കിട്ടുന്ന അനുഭൂതി ഏറെ വിചിത്രമാണ്. എന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. എല്ലാവരും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. പലരും മനസ്സ് ശൂന്യമാകുമ്പോള്‍ എഴുത്തുമുറിയിലേക്കുതന്നെ തിരിഞ്ഞുനോക്കാറില്ല. പക്ഷെ ഞാനങ്ങിനെയല്ല. മുമ്പിലുള്ള ശൂന്യതയെ മറികടക്കാന്‍ എഴുത്ത് എനിക്കൊരു മാധ്യമമാകാറുണ്ട്. എഴുതിവരുമ്പോഴാണ് എനിക്കു പല ആശയങ്ങളുടേയും മുകുളങ്ങള്‍ ഇതള്‍ വിരിക്കുന്നത്. മനസ്സു ശൂന്യമാകുമ്പോള്‍ കടല്‍ക്കരയില്‍ ഇരുന്നു കാറ്റുകൊള്ളുന്നതുപോലെ, ഏകാന്തതയില്‍ ഇത്തിരി നേരം പാര്‍ക്കിലൊ പകല്‍ച്ചെരുവിലൊ ചെന്നിരിക്കുന്നതുപോലെ പേനയെടുത്ത് ചിന്തകളുടെ ആകസ്മികമായ ഇതള്‍നീര്‍ത്തലുകളെ ഞാന്‍ പ്രണയിക്കുന്നു, ആസ്വദിക്കുന്നു.
പലരും എഴുത്തില്‍ നിന്ന് അകന്നുപോകാനുള്ള ഒരു കാരണം 'മനസ്സ് ശൂന്യമാണ്' എന്ന ആത്മബോധം നിമിത്തമാണ്. അത് ഒരു ഭീതിയായി നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കും. ശൂന്യതാബോധം വെളുത്ത കടലാസിനു മുന്‍പില്‍ ഒരു പേനയുമായി എഴുതാനിരിക്കുമ്പോള്‍ നമ്മുടെ ആത്മവിശ്വാസത്തെ പിടിച്ചുലയ്ക്കും. എന്നാല്‍ എന്റെ കാര്യത്തില്‍, ഒരു ലക്ഷ്യവുമില്ലാത്ത ഒരു ധൈഷണിക പ്രക്രിയയാണ് എഴുത്ത്!!! ഇന്നതെഴുതണം എന്ന പൂര്‍വ്വ നിശ്ചിതമായ ഒരു ചിന്താബലത്തില്‍ ഞാന്‍ കടലാസിനുമുന്‍പില്‍ ഇരിക്കാറില്ല (കവിതയുടെ കാര്യത്തില്‍ അങ്ങിനെയല്ല). ഒരു കടല്‍ക്കരയില്‍ ഇരുന്ന് നമ്മള്‍ ചിലതൊക്കെ ചിന്തിച്ചു കൂട്ടുന്നു എന്നിരിക്കട്ടെ. നമ്മള്‍ ചിന്തിക്കുന്നത് ഒരു പക്ഷെ ജീവിതത്തിന്റെ അപാരതയെക്കുറിച്ചാവും. ഓരോ തിരകളും നമ്മോടു പറയുന്നത് ഗതകാലത്തിന്റെ ജീവിതമുഹൂര്‍ത്തങ്ങളെക്കുറിച്ചാവും. തിരകള്‍ ഓര്‍മ്മകളുടെ മായ്ക്കുന്ന മണ്ണെഴുത്തുകളില്‍, വരച്ചും മായ്ച്ചും മണലില്‍ തീര്‍ക്കുന്ന തീരശ്ശീലകളില്‍ നമ്മള്‍ പുതിയ ചില ജീവിതോന്മേഷങ്ങള്‍ കണ്ടെത്തിയെന്നിരിക്കും. വെളുത്ത കടലാസും ഒരു കടല്‍പോലെയാണ്. അതില്‍ തിരകളും കടല്‍ക്കാറ്റുമുണ്ട്. അത് ആത്മസംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നു, ശൂന്യതകളെ അതിലംഘിക്കാന്‍ നമ്മളെ പ്രാപ്തരാക്കുന്നു.

ഒരു കത്തുപോലും എഴുതാത്ത മലയാളികള്‍ ഇന്നും സ്വയം പ്രവാസി എന്നു വിളിക്കുന്നു. പേനയെടുത്ത് ഒരു വരിപോലും സ്വന്തം അമ്മലയ്‌ക്കൊ കൂട്ടുകാര്‍ക്കൊ എഴുതിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. നാലു ജനലുകളുള്ള നീല ഇന്‍ലന്റുകള്‍ ഇന്ന് ഓര്‍മ്മയായി. തപാല്‍ക്കാരനിലൂടെ കൈമാറിയിരുന്ന സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ആത്മബന്ധങ്ങളുടെ ഓര്‍മ്മകള്‍പോലും അസ്ഥമിച്ചിരിക്കുന്നു. പഴയൊരു ഫയലില്‍ സൂക്ഷിച്ചുവെച്ച അമ്മയുടെ കത്തുകള്‍ എന്റെ എഴുത്തിന്റെ ഇന്ദ്രിയങ്ങളെ അസ്വസ്ഥമാക്കുന്നു.

നിയമസഭയുടെ പരിപാവനതയും വേശ്യയുടെ ചാരിത്രപ്രസംഗവും
സി.പി.എം. ഒരു കേഡര്‍ പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ കോഴമാണി നിയമസഭയില്‍ ബജറ്റവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം അഴിഞ്ഞാടിയതില്‍ ഒരു തെറ്റുമില്ലെന്ന് ഞാന്‍ കരുതുന്നു. കാലങ്ങളായി കേരള ബജറ്റു തൂക്കിവിറ്റ് തടിച്ചുകൊഴുക്കുന്ന ഒരു മന്ത്രിക്കെതിരെ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ സി.പി.എം. എന്ന പാര്‍ട്ടിയെ പിന്നെന്തിനു കൊള്ളാം. ബജറ്റു പ്രസംഗം തടയാന്‍ ശ്രമിച്ച പ്രതിപക്ഷത്തിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം നിയമസഭയുടെ പരിപാവനതയെ നശിപ്പിച്ചു, അന്തസ്സു നശിപ്പിച്ചു എന്നിവയൊക്കെയാണ്. സരിതമാരുടേയും റുക്‌സാനമാരുടേയും അടിയുടുപ്പലക്കുന്ന വലതുപക്ഷ രാഷ്ട്രീയക്കാര്‍ കേരളം ഭരിച്ചുതുടങ്ങിയതോടെ നിയമസഭയുടെ അന്തസ്സിനും പരിപാവനതയ്ക്കും എന്നേ കളങ്കം സംഭവിച്ചു കഴിഞ്ഞു. അച്ചുമ്മാമയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'മാണിയെന്തോ പുലമ്പി' അതിനുശേഷം ഭരണപക്ഷം ഒന്നിച്ച് ഉണ്ട തിന്നു. അത് ജയിലിലെ പഴയ ഗോതമ്പുണ്ടയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പ്രതീകാത്മക തീറ്റയായിരുന്നു. മാണി ബജറ്റവതരിപ്പിക്കുമ്പോള്‍ ജനം തോല്‍ക്കുകയായിരുന്നു എന്നു മനസ്സിലാക്കാന്‍ നമ്മുടെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. അവര്‍ നിയമസഭയുടെ പരിപാവനതയെക്കുറിച്ചു പ്രസംഗിക്കുന്നു. ഈ അനുഷ്ഠാനപരതയെക്കുറിച്ച് പ്രസംഗിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. വേശ്യ ചാരിത്ര്യത്തെക്കുറിച്ചു പ്രസംഗിക്കുന്നതുപോലെ, 'അയ്യോ...നിയമസഭ മ്മ്‌ടെ അമ്പലമല്ലെ... അതിനെ അശുദ്ധാക്കിയില്ലേ.... ഇനിയെന്തു ചെയ്യും ന്റെ ബദരീങ്ങളെ...' എന്നൊക്കെ ചില മാധ്യമ വേശ്യകള്‍ വിളിച്ചു കൂവുന്നതുകാണുമ്പോള്‍ തുപ്പാന്‍ തോന്നുന്നു. ഒരു കളങ്കിതനായ മന്ത്രിയെ മറച്ചുപിടിക്കാന്‍വേണ്ടിയാണ് കേരളത്തിലെ 'മുക്കിയ' ധാര മാധ്യമങ്ങള്‍ നിയമസഭയുടെ പരിപാവനതയെ ഉദ്‌ഘോഷിക്കുന്നതെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. 'അഴിമതി ഞങ്ങളുടെ ജന്മാവകാശമാണ്, അതിന്റെ പേരില്‍ ഞങ്ങളുടെ മന്ത്രി മാണിയെ തടയുന്നത് തെറ്റാണ്' എന്ന സന്ദേശമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കു നല്‍കുന്നത്. ബജറ്റ് അവതരണം ഗവര്‍ണ്ണര്‍ അംഗീകരിച്ചതോടെ കോഴമാണി ജയിച്ചു, ജനം തോറ്റു.

സമരങ്ങള്‍ വിറ്റ് പാര്‍ട്ടി കസേരയുറപ്പിക്കുന്ന വിദ്യ അഭ്യസിച്ചു തുടങ്ങിയതില്‍പ്പിന്നെ സിപിഎമ്മില്‍ നിന്ന് നല്ലൊരു സമരം കേരള ജനത കണ്ടിട്ടില്ല. ഉണ്ടായതു മുഴുവന്‍ സമരാഭാസങ്ങളായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് നിയമ സഭയെ ഇളക്കിമറിച്ച് ഉന്തുതള്ളും 'കടിയും' വലിയുമുണ്ടായത്. അനഭിമതരെ വെട്ടിനിരത്തി രക്തസാക്ഷികളുണ്ടാക്കുന്നവര്‍ എന്ന പേരുദോഷം ഇത്തരം ധര്‍മ്മ സമരങ്ങളിലൂടെ ഇടതുപക്ഷം മാറ്റിയെടുക്കുമൊ എന്നറിയില്ല. ഒടുവില്‍, മാണി അഴിമതിക്കാരനാണെന്നു മനസ്സിലാക്കാന്‍ ബിജു രമേശെന്ന കള്ളുകച്ചവടക്കാരന്‍ വേണ്ടിവന്നു എന്നതോര്‍ത്തുവേണമെങ്കില്‍ ഇനി സിപിഎമ്മിന് നാണിക്കാം. മാണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നല്ലൊ ഇതേ പാര്‍ട്ടിയിലെ ചിലര്‍ പണ്ട് ചരടുവലി നടത്തിയത്.

ജമീല പ്രകാശത്തെയടക്കം പല വനിതാ എം.എല്‍.എ മാരേയും ലൈംഗിക ഉദ്ദേശ്യത്തോടെ ഭരണപക്ഷം എതിരിട്ടത് എന്നൊരു ആരോപണം പ്രതിപക്ഷം നടത്തുന്നതിനോട് ഈയുള്ളവന് യോജിക്കാന്‍ കഴിഞ്ഞില്ല. തങ്ങള്‍ നടത്തുന്നത് ഒരു ധര്‍മ്മ സമരമാണ്. നിയമസഭ കോഴമാണിമാരുടെ കറപിടിച്ച അടിയുടുപ്പുകള്‍ അലക്കാനുള്ള ഇടമല്ല എന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് എതിര്‍ക്കുന്നവരെ കടിച്ചുകുടയാനുള്ള ആര്‍ജ്ജവമാണ് പ്രതിപക്ഷം കാണിക്കേണ്ടത്. അതാണ് ഇടതുപക്ഷത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. സസ്‌പെന്‍ഷനല്ല, തൂക്കുകയര്‍ കിട്ടിയാലും ഉപേക്ഷിക്കരുതാത്ത സമരവീര്യം; അതിനാണ് ജനം സിപിഎമ്മിനെ ഉറ്റുനോക്കുന്നത്. അല്ലാതെ തടിതപ്പാന്‍ വേണ്ടി വനിതാ എമ്മല്ലെമാരുടെ സ്ത്രീത്വത്തെ ആയുധമാക്കുന്നത് ഒരു വിപ്ലവപാര്‍ട്ടിക്ക് ഭൂഷണമല്ല.

എരുമച്ചിരി
നല്ല ചെറുകഥകള്‍ക്ക് ക്ഷാമമുണ്ടൊ എന്ന് തോന്നിപ്പോകും കലാകൗമുദിയില്‍ അടിച്ചുവരുന്ന കഥകള്‍ വായിച്ചാല്‍. അശ്വതി ശശികുമാറിന്റെ 'എരുമച്ചിരി' (മാര്‍ച്ച് 01, ലക്കം 2060) വായിച്ചപ്പോള്‍ കഥയുടെ കാലന്റെ പോത്തിന്‍ കുളമ്പടി കേട്ടു. ഒരു പശ്ചാത്തലമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ബാക്കിയൊക്കെ പേനതന്നെയെഴുതിക്കോളും എന്ന മൂഢ വിശ്വാസമാണ് കഥാകരിയെ ഭരിക്കുന്നത് എന്നു തോന്നുന്നു.  ആ കഥയില്‍ അവതരിപ്പിക്കപ്പെടുന്ന പാല്‍ക്കാരിയായ ശാന്തയെ ഈ എഴുത്തുകാരി വഴിയാധാരമാക്കിയതിന് ആ പാവപിടിച്ച ശാന്തയുടെ വെകിളിപിടിച്ച എരുമകള്‍ കുത്തിക്കൊന്ന് കണക്കുതീര്‍ക്കട്ടെ എന്ന് ആശിക്കുന്നു. കലാകൗമുദിയുടെ കഥാ സെക്ഷന് ആദരാഞ്ജലികള്‍.

തുപ്പല്‍പ്പൊട്ട്
പ്രമോദ് രാമന്റെ കഥകളുടെ ആഖ്യാനം വായനക്ഷമതയുള്ളതാണ്. അതുകൊണ്ടുതന്നെ പ്രമോദിന്റെ 'തുപ്പല്‍പ്പൊട്ട്' (മാതൃഭൂമി ലക്കം 50) മുഴുവനും വായിച്ചു. ഉള്ളിതൊലിച്ച പോലെ ആയിപ്പോയി കഥ തീര്‍ന്നപ്പോള്‍. എന്നാലും ആ് കഥയിലെ പ്രധാന കഥാപാത്രമായ പത്മാസനന്‍ നായര്‍ വായനക്കാനെ അനുഭവിപ്പിക്കുന്നതില്‍ വിജയിച്ചു. അതുകൊണ്ടുമാത്രം ആയില്ലല്ലോ.... ഈ കഥയിലെ രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കാതെ പോയതുകൊണ്ടാണ് ഈ കഥ പരാജയപ്പെടുന്നത്. സംഘികളുടെ മനശാസ്ത്രവും ഒരു പാവം നായരുടെ മനപ്രായസവും ഒരുപോലെ സന്നിവേശിക്കുന്ന ജീവിത ചിത്രം പ്രമോദ് രാമന്‍ ലളിതമായി തുപ്പല്‍പൊട്ടനിലൂടെ അവതരിപ്പിക്കുന്നു.

മനോജ് മേനോന്‍
ഉത്തരാധുനികമെന്നൊ അത്യന്താധൂനികമന്നൊ ഉള്ള വര്‍ഗ്ഗീകരണങ്ങള്‍ക്ക് അപ്പുറത്തു നില്‍ക്കുന്ന കവിതകളാണ് മനോജ് മേനോന്റേത്. പുതിയ ലക്കം കാക്ക ത്രൈമാസികയിലെ മനോജ് മേനോന്റെ 'ചോപ്പന്‍' എന്ന കവിത ലളിതവും എന്നാല്‍ അതിന്റെ രാഷ്ട്രീയം കൊണ്ട് തീവ്രവുമായ ഒരു കവിതയാണ്. അര്‍ത്ഥം വെച്ചുള്ള മധുരതരമായ, പറച്ചിലുകളാണ് പുതുകവിത എന്നൊരു പൊതുബോധത്തിലേക്ക് ഒരു ഇടക്കാലത്തേക്കെങ്കിലും നമ്മുടെ കാവ്യബോധങ്ങള്‍ ചുരുങ്ങിപ്പോയിരുന്നു. അതിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ പോലും മനോജ് തന്റെ ലളിതമായ ക്രാഫ്റ്റിലൂടെ ഗഹനമായ പ്രമേയങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികള്‍, മരിച്ചവര്‍ കൊണ്ടുപോകുന്നത്, മരവിധി എന്നീ കവിതകള്‍ ഉദാഹരണം. അതുകൊണ്ടുതന്നെ രാഷ്ട്രീയം കൊണ്ട് അദ്ദേഹത്തിന്റെ ഒരു പറ്റം കവിതകള്‍ പുതു കവിതകളുട പൊതു ധാരയില്‍ നിന്ന് വേറിട്ടു നിന്നിരുന്നു. ബിംബങ്ങളിലും ക്രാഫ്റ്റിലുമൊക്കെ ചിലപ്പോള്‍ ക്ലീഷെകള്‍ സംഭവിക്കുമെങ്കിലും ചെറിയ ഇടവേളകളില്‍ രാഷ്ട്രീയമായി സംവേദിക്കുന്ന കവിതകള്‍കൊണ്ട് മനോജ് മലയാള കവിതയില്‍ തന്റെ സ്വന്തം ഇടം അടയാളപ്പെടുത്തുന്നു. മനോജിന്റെ 'ചോപ്പന്' അഭിവാദ്യങ്ങള്‍.

കണക്കൂര്‍ സുരേഷ് കുമാര്‍
കണക്കൂര്‍ സുരേഷ് കുമാറിന്റെ 'എഗ്ഗിറ്റേറിയന്‍' (സൈകതം ബുക്‌സ്) നോവല്‍ വായിച്ചു. സുരേഷിന്റെ ശൈലീഗുണം കൊണ്ടാവണം ഒറ്റയിരുപ്പിന് 80 പേജുകള്‍ വായിച്ചു തീര്‍ത്തു. ഉപരിപ്ലവമായ ചില ചിന്തകളുടെ വാലില്‍ തൂങ്ങിക്കിടക്കുന്ന ഈ നോവല്‍ ഗൗരവമുള്ള ഒരു വായന സാധ്യമാക്കുന്നില്ല. അദ്ദേഹത്തിന്റെ ചെറുകഥളില്‍ കാണാറുള്ള കൈയ്യൊതുക്കം ഈ നോവലില്‍ കാണാനാവില്ല. രുചികളിലൂടെ വിരിയുന്ന ആത്മബന്ധങ്ങളേയും റിയാലിറ്റി ഷോകളുടെ അര്‍ത്ഥശൂന്യതയുമൊക്കെ പറയുന്ന നോവല്‍ ഒരു ടീവി സീരിയല്‍പോലെ അനുഭവപ്പെടുന്നു. നോവല്‍ എന്ന മാധ്യമത്തിന്റെ ശക്തിയെ, അത് നിര്‍വ്വഹിക്കേണ്ടുന്ന ചരിത്ര ദൗത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് കുറച്ചുകൂടി ഗൗരവമായ ഇടപെടലാവട്ടെ അദ്ദേഹത്തിന്റെ അടുത്ത നോവല്‍ എന്ന് ആശംസിക്കുന്നു.

ബോട്ട് പീപ്പ്
പ്രേമന്‍ ഇല്ലത്തിന് സ്വന്തമായ ഒരു ഭാഷയും ആഖ്യാനപാഠവവുമുണ്ട്. മുംബൈയിലെ മുഖ്യധാരയില്‍ സ്വയം അവരോധിക്കപ്പെട്ട പല കഥാ കൃത്തുക്കള്‍ക്കും ഇല്ലാത്ത ഒരു ഗുണമാണിത്. മ്യാന്‍മറില്‍ നിന്ന് പുതിയ അഭയകേന്ദ്രങ്ങള്‍ തേടി കടല്‍ യാത്രകള്‍ നടത്തി ഒടുവില്‍ എവിടേയും എത്തിപ്പെടാനാകാതെ കടലിന്റെ തന്നെ ഭാഗമാകേണ്ടി വരുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കഥപറയുന്ന പ്രേമന്‍ ഇല്ലത്തിന്റെ 'ബോട്ട് പീപ്പ്' എന്ന ചെറുകഥ കാക്ക ത്രൈമാസികയുടെ പുതിയ ലക്കത്തില്‍ വായിച്ചു. സമകാലിക ദുരന്തങ്ങളിലേക്ക് അനുവാചക ശ്രദ്ധ പതിപ്പിക്കുന്ന ഇക്കഥ അതിന്റെ ചരിത്ര ദൗത്യം പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുന്നു.

...ചോദ്യോന്മീലനം....

റിവ്യു എഴുതിയാല്‍ നിരൂപണമാകുമോ?
വിമര്‍ശന കലയെ കുറിച്ച് എന്‍. കെ. ദാമോദരന്റെ അഭിപ്രായത്തെ കെ. പി. അപ്പന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട് അതിങ്ങിനെയാണ് 'കലാസൃഷ്ടിയുടെ അനുഭവങ്ങളിലേക്ക് പോയി വീഴുന്ന അഗാധമായ ഒരു സംവേദനതലം വിമര്‍ശകന് ഉണ്ടായിരിക്കണം. അതില്ലാത്തവര്‍ നിരൂപണത്തിന് ഇറങ്ങിയാല്‍ നിരൂപണം ഉടല്‍കൊല്ലി വൈദ്യന്റെ പെട്ടിക്കടയാകും. ചെരിപ്പ് തലയില്‍ വെച്ചാല്‍ തൊപ്പിയാകത്തതുപോലെ സിദ്ധാന്തം പറഞ്ഞുകൊണ്ടിരുന്നാല്‍ വിമര്‍ശനം ഉണ്ടാകുകയില്ല. അത്തരം കൊസ്രാക്കൊള്ളികള്‍ കുറച്ചുകാലം വെറുതേ ചാടിക്കളിച്ചതിനുശേഷം സ്ഥലമൊഴിയും. അവിടെ സിന്ദൂരവും പൂക്കളും പ്രത്യക്ഷപ്പെടും. അങ്ങനെ തെരുവിന്റെ ചരിത്രം വിമര്‍ശനത്തിന്റെ ചരിത്രത്തിനു രൂപമാകും'.
ആ നിലയ്ക്ക്‌നോക്കുമ്പോള്‍ സമകാലിക മലയാള സാഹിത്യത്തില്‍ ഒരു നിരൂപകനെയില്ല. സ്വന്തം ചെരിപ്പെടുത്ത് തലയില്‍ വെച്ച് കിരീടമെന്ന നാട്യത്തിലിരിക്കുന്ന സ്‌പോണ്‍സേഡ് നിരൂപകരാണ് ഇവിടെയെങ്ങുമുള്ളത്. എം.എന്‍. വിജയനും, കെ.പി. അപ്പനും മലയാളസാഹിത്യത്തില്‍ കൊണ്ടുന്നവന്ന ഒരു സംവേദന സംസ്‌കാരം നമ്മുക്കു കൈമോശം വന്നിരിക്കുന്നു. പകരം കുറെ സ്‌പോണ്‍സേഡ് പുസ്തക നിരൂപണങ്ങളാണ്. കൂലിയെഴുത്തിന്റെ പരിധിയില്‍പെടുന്ന ഈ കൈക്രിയയെ നിരൂപണം എന്നു വിളിക്കാനാവില്ല. മലയാളത്തിലെ പല പ്രമുഖ നിരൂപകരും റിവ്യൂ എഴുത്തില്‍മാത്രമായി ഒതുങ്ങിപോകുന്നതുകണ്ടപ്പോള്‍ വീണ്ടും അപ്പന്‍ സാര്‍ പറഞ്ഞതുതന്നെ ഓര്‍മ്മ വരുന്നു 'സ്ഥിരമായി റിവ്യു എഴുതുന്നവന്‍ ചെറുപ്പത്തിലെ മരിക്കുന്നു. അവര്‍ സാഹിത്യത്തില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്നില്ല. അതിനാല്‍ ഗ്രന്ഥനിരൂപകര്‍ പെട്ടെന്നു മരിക്കുന്നു'. അപ്പന്‍ സാറിന്റെ 'ഗ്രന്ഥ നിരൂപകന്‍ പെട്ടെന്നു മരിക്കുന്നു' എന്ന ലേഖനം അതിനെക്കുറിച്ചാണ്.

നല്ല സാഹിത്യകൃതികള്‍ ഉണ്ടാകാത്ത കാലത്ത് നിരൂപണത്തിന് എന്തു പ്രസക്തി? നിരൂപണം രണ്ടാമതല്ലെ വരൂ?
കൃതികളെ മാത്രം പഠിച്ചെഴുതുന്നതല്ല നിരൂപണം. ലോകത്ത് ഒരു വരിപോലും ആരും എഴുതാതിരുന്നാലും ക്വിന്റല്‍കണക്കിന് നിരൂപണ സാഹിത്യം സൃഷ്ടിക്കാന്‍ ഒരു പ്രയാസവുമില്ല. കാരണം, നിരൂപണം സാഹിത്യത്തിലെ ഉപോത്പന്നമല്ല. നിരൂപണത്തിന് സ്വതന്ത്രമായ ഒരു സ്വത്വമുണ്ട്. നിരൂപണം സര്‍ഗ്ഗാത്മകമായ ദര്‍ശനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. രൂപരഹിതമായ സര്‍ഗ്ഗാത്മകതയുടെ രാസത്വരകങ്ങളെ, ബോധരൂപങ്ങളെ കണ്ടെത്തുന്നു.  നിരൂപണത്തിന് സ്വന്ത്രമായ ഒരു നിലനില്‍പ്പുണ്ട്. അതുകൊണ്ടുതന്നെ നിങ്ങള്‍ കരുതുംപോലെ അത് എഴുത്തുകാര്‍ സൃഷ്ടിക്കുന്ന ഭാവുകത്വങ്ങളിലെ കുടികിടപ്പുകാരല്ല. ഒരു നിരൂപകന്‍ സൃഷ്ടിക്കുന്ന സൗന്ദര്യം ദര്‍ശനത്തിന്റെ സൗന്ദര്യമാണ്. ദൈവത്തിന്റെ മരണം രേഖപ്പെടുത്തുന്നതും, ചിതറിപ്പോകുന്ന കാഴ്ച്ചകളെക്കുറിച്ചു വറയുന്നതും, കണ്ണടകള്‍ മാറ്റിഘടിപ്പിക്കുന്നതും ഇവരാണ്.

കൗമാരം എങ്ങിനെയായിരുന്നു?
ആന്തരിക ചോദകളില്‍, ലൈംഗീക സമസ്യകളില്‍, പ്രേമപ്പനിയില്‍, പകല്‍സ്വപ്‌നങ്ങളില്‍, അപകര്‍ഷതാബോധത്തില്‍, പാപബോധങ്ങളില്‍ സ്വയമൊഴുകിപ്പോയ ഒരു കുഞ്ഞു ഓടയായിരുന്നു കൗമാരം. കുഴിഞ്ഞ കണ്ണും മെല്ലിച്ച തോളെല്ലുമായി പഴയ ചിത്രങ്ങളിലിരുന്ന് അതെന്നെ ഇപ്പോഴും ഭയപ്പെടുത്തുന്നു.

അപ്പോള്‍ യൗവ്വനമൊ?
കൗമാരത്തില്‍ വിട്ടുപോയത് പൂരിപ്പിക്കുവാനുള്ള ഉത്തരങ്ങളുണ്ട് കൈയ്യില്‍. പക്ഷെ.... പരീക്ഷ കഴിഞ്ഞു. ലൈംഗീക ദാരിദ്ര്യം തീര്‍ന്നു. പകരം വേറെ ചില ദാരിദ്ര്യം വന്നു.

3 അഭിപ്രായങ്ങൾ:

  1. ഞാന്‍ വളരെ താല്പര്യത്തോടെ നോക്കുന്ന ഒരു ബ്ലോഗാണ് സന്തോഷിന്റേത്. ഈ ലക്കവും കനമേറിയത് തന്നെ

    മറുപടിഇല്ലാതാക്കൂ
  2. മികച്ച ചിന്തകളും ശക്തമായ ഭാഷയും നിറഞ്ഞ എഴുത്ത്. നിരൂപണത്തിന്റെ പ്രസക്തിയെ കുറിച്ച് ഞാൻ ആദ്യമായാണ്‌ വായിക്കുന്നത്. പുതിയ അറിവുകൾക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. ഗൗരവമുള്ള എഴുത്ത്. അതേ ഗൌരവത്തോടെ വായിക്കുന്നു. ആരാച്ചാര്‍ വാങ്ങി. വായിച്ചില്ല. അല്ലെങ്കില്‍ എന്തെങ്കിലുമൊക്കെ പറയാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.