2013, ഡിസംബർ 3, ചൊവ്വാഴ്ച

ആഴ്ച്ചപ്പാങ്ങ്-4: തടവില്‍ കിടന്ന് ലോകംചുറ്റിയ മരങ്ങള്‍

ഒരു ഭരണകൂടത്തിനും ഒരു സര്‍ഗ്ഗാത്മകമായ മനസ്സിനെ, എഴുത്തുകാരനെ തടവിലിടാന്‍ കഴിയില്ല. വിശ്വാസാഹിത്യകാരനായ നമ്മുടെ സ്വന്തം ബഷീറിന്റെ ജയില്‍വാസ കാലം. മിണ്ടാനും പറയാനും, ഒന്ന് മനസ്സ് തുറന്ന് പ്രേമിക്കാനും പാങ്ങില്ലാത്ത ജയിലില്‍ ബഷീര്‍ തളംകെട്ടിക്കിടക്കുന്ന കാലത്തെ തുറന്നുവിടുന്നു. സര്‍ഗ്ഗാത്മകതയുടെ ഋതുഭേദങ്ങള്‍ സൃഷ്ടിക്കുന്നു. ഏകാന്തതയുടെ ഉച്ചവെയില്‍ മയക്കങ്ങളില്‍ തടവറകള്‍ നിന്ന് ഉറക്കം തൂങ്ങുമ്പോള്‍ മതില്‍ക്കെട്ടിനപ്പുറത്തെ നാരായണിയെന്ന തടവില്‍കഴിയുന്ന സ്ത്രീരത്‌നത്തെ പ്രണയിക്കുന്നു. ജയിലിന്റെ ഇത്തിരിമുറ്റത്ത് ബഷീര്‍ പനിനീര്‍പൂക്കള്‍ വെച്ചുപിടിപ്പിക്കുന്നു. വേരുകള്‍ക്ക് ജലവും ലവണങ്ങളും പകരുന്നു. സ്വാന്ത്ര്യത്തിന്റെ, സര്‍ഗ്ഗാത്മകതയുടെ, ഒരു മതിലിനും വേര്‍തിരിച്ചു നിര്‍ത്താനാവാത്ത അഗാഥ പ്രണയത്തിന്റെ ചിറകുകളില്‍ ബഷീര്‍ പറന്നുകൊണ്ടേയിരുന്നു. ഉണങ്ങിയ ചുള്ളിക്കമ്പുകള്‍മുകളിലേക്കെറിഞ്ഞ് കന്മതിലുകളെ തകര്‍ത്തുകൊണ്ട് പ്രണയത്തിന്റെ മാസ്മരികമായ സംവേദനങ്ങളെ തുറന്നുവിടുന്നു. അധികാരത്തിന്റെ ഇരുമ്പുദണ്ഡുമായി ഉലാത്തുന്നവരുടെ മുന്നില്‍ ബഷീറിന്റെ പനിനീര്‍പ്പൂക്കള്‍ സര്‍ഗ്ഗാത്മകയുടെ, സ്വാന്ത്ര്യത്തിന്റെ ചുവന്ന സൂര്യനെ കാണിച്ചുകൊടുക്കുന്നു. രാത്രി തടവറകളിലേക്ക് വിരുന്നെത്തുന്ന കാറ്റില്‍ പനിനീര്‍പ്പൂവിന്റെ സുഗന്ധമുണ്ടായിരുന്നു.


നെല്‍സന്‍ മണ്ടേലയെന്ന കറുത്ത വര്‍ഗ്ഗക്കാരുടെ സമുന്നത നേതാവിനെ വര്‍ഷങ്ങളോളം ഒരു ദ്വീപില്‍ തടവിലിട്ടു. രണ്ടുപതിറ്റാണ്ടിലധികം, പലപ്പോഴും ഒരുവരിപോലും വായിക്കാനൊ എഴുതാനൊ അനുവദിക്കാപ്പെടാതെയുള്ള ഏകാന്ത തടവില്‍ കഴിയേണ്ടി വന്നു. എന്നിട്ടും അദ്ദേഹം ജയില്‍മോചിതനാകുമ്പോള്‍ അങ്ങേയറ്റത്തെ ആത്മീയ ശക്തിയുടെ ഉടമയായിരുന്നു. സൂര്യപ്രകാശം പോലുമേല്‍ക്കാതെ ഇരുട്ടുമുറിയില്‍ കഴിഞ്ഞതിനാല്‍ അത് മണ്ടേലയുടെ കണ്ണിന്റെ കാഴ്ച്ചശക്തിയെത്തന്നെ ബാധിച്ചതായി പറയപ്പെടുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ അകക്കണ്ണ് കൂടുതല്‍ പ്രകാശപൂരിതമായി. എന്നാല്‍ സഹതടവുകാര്‍ പലരും പ്രാകൃതരായാണ് പുറത്ത് വന്നത്. വൈവിധ്യങ്ങളായ അനുഭവമേഖലകളിലൂടെ നമ്മള്‍ നമ്മുടെ ജീവിതത്തെ ബോധപൂര്‍വ്വം കടത്തിവിടാന്‍ ശ്രമിക്കാറുണ്ട്. അനുഭവരാഹിത്യത്തെ വലിയൊരു പോരായ്മയായി സര്‍ഗ്ഗാത്മതയിലും ആത്മീയതയിലും നമ്മള്‍ കാണുന്നു. തടവില്‍ കഴിഞ്ഞ ബഷീറും നെല്‍സണ്‍ മണ്ടേലയും ഈ ചിന്തയെ തകര്‍ക്കുന്നു. ഭൗതികമായി തടവറയില്‍ കഴിയേണ്ടിവരുമ്പോഴും ആന്തരികമായി സര്‍ഗ്ഗാത്മക മനസ്സ് ഒഴുകിക്കൊണ്ടേയിരിക്കുന്നു. അതിന് തടയിടാന്‍ ഒരു അധികാര കേന്ദ്രങ്ങള്‍ക്കും സാധിക്കുന്നില്ല. എഴുത്തുകാരന്റെ അല്ലെങ്കില്‍ ഒരു ദാര്‍ശനികന്റെ സത്യസന്ധനായ ഒരു ആത്മീയ ജീവിയുടെ ശരീരത്തെ തടവിലിട്ടാലും അവരുടെ ആന്തരിക ജീവിതം സമയപ്രവാഹം പോലെ തന്റെ ചരിത്രദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഏതൊരു അധിനിവേശങ്ങളേയും, അധികാര ദണ്ഡുകളേയും, ഭൗതിക കടന്നുകയറ്റങ്ങളേയും ഒരോ എഴുത്തുകാരനും ചെറുത്തുതോല്‍പ്പിക്കേണ്ടത് ഇവ്വിധമാണ്.


സംഭോഗത്തിന്റെ സൗന്ദര്യം
പഠിക്കുന്ന കാലത്താണ് ഡി.എച്ച്. ലോറന്‍സിന്റെ 'ചാറ്റര്‍ലി പ്രഭ്വിയുടെ കാമുകന്‍' എന്ന നോവല്‍ വായിക്കുന്നത്. ഒരു വിലക്കപ്പെട്ട കനി തിന്നുന്നതുപോലെ വീട്ടില്‍ ആരും കാണൊത്തൊരു മൂലയ്ക്ക് ചെന്നിരുന്ന് മറ്റൊരു പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചു വയ്ച്ചാണ് ആ നോവല്‍ ഞാന്‍ വായിച്ചു തുടങ്ങിയത്. ഏതാനും ദൂരം ചെന്നപ്പോള്‍ മറയ്ക്കാതെ പുസ്തകം പിടിക്കാനുള്ള ധൈര്യം എനിക്കുണ്ടായി. ലൈംഗികതയെ ഇതിലും മാന്യമായി, ഇതിലും സര്‍ഗ്ഗാത്മകമായി മുന്‍പ് ഞാന്‍ വായിച്ചിരുന്നില്ല. ആ നോവല്‍ എന്റെ ലൈംഗിക സമസ്യകളെ, സന്ദേഹങ്ങളെ പൂരിപ്പിച്ചു, ദൂരീകരിച്ചു. ലൈംഗികതയുടെ അടിസ്ഥാനം സത്യസന്ധതയും നിസ്വാര്‍ത്ഥതയുമാണെന്ന് ആ നോവല്‍ നമുക്ക് കാണിച്ചു തരുന്നു. സി.വി. ബാലകൃഷ്ണന്റെ 'കാമമോഹിത'വും കാക്കനാടന്റെ കോളോസസുമൊക്കെയാണ് അതിന് തൊട്ടുതൊട്ടുവയിച്ച നോവലുകള്‍. പക്ഷെ ആ നോവലുകള്‍ എന്നിലൂണ്ടാക്കിയ ലൈംഗിക സമസ്യകളെ പൂരിപ്പിച്ചത് ഡി.എച്ച്. ലോറന്‍സാണ്. പ്രണയവും ലൈംഗികതയും ഒരുപോലെ ഒന്നുചേരുന്ന, പ്രണയത്തേയും ലൈംഗികതയേയും പരസ്പര പൂരകങ്ങളായി കാണിക്കുന്ന നോവലുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ 'ചാറ്റര്‍ലി പ്രഭ്വിയുടെ കാമുകന്‍' എന്ന നോവല്‍ പ്രണയത്തെയല്ല സംഭോഗത്തെ ആവിഷ്‌ക്കരിക്കുന്നു. 'സംഭോഗം' എന്ന രാസക്രീഢയെ, അതിന്റെ ആവിഷ്‌ക്കാരത്തെ, അതിലെ നിസ്വാര്‍ത്ഥതയെ, ആണ്‍പെണ്‍ വ്യത്യാസങ്ങളെ, കൊടുക്കല്‍ വാങ്ങലുകളെ ആഴത്തില്‍ പരിശോധിക്കുന്നു. പ്രണയത്തിന്റെ പേരില്‍ അടക്കിവെച്ച കാമനകളെ തുറന്നുവിടുന്ന ഒരു കഥപറയുകയല്ല ആ നോവലിലൂടെ ഡി.എച്ച്.ലോറന്‍സ് ചെയ്യുന്നത്. ചാറ്റര്‍ലി പ്രഭ്വിയുടെ കാമുകന്‍ നിസ്വാര്‍ത്ഥമായി ഇണയുടെ അനുഭൂതിക്കുവേണ്ടി താനുമായുള്ള സംഭോഗത്തെ സമര്‍പ്പിക്കുന്നു. ഇണയുടെ സുഖത്തെ തന്റെ സുഖമായി, സുഖത്തെ പ്രതിധ്വനിപ്പിക്കുന്നു. സംഭോഗാനന്തരം പിന്നെയും പുണരുന്ന കാമുകനെ ചാറ്റര്‍ലി പ്രഭ്വി പ്രണയത്തിലുമപ്പുറം സത്യസന്ധതയുടെ സമര്‍പ്പണത്തിന്റെ ലോകനായകനായി മനസ്സില്‍ കരുതുന്നു. രതി പരസ്പര ബഹുമാനത്തില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്ന വലിയൊരു പാഠംകൂടി ഈ നോവല്‍ നമ്മുക്ക നല്‍കുന്നുണ്ട്. സ്ത്രീപരുഷന്മാര്‍തമ്മിലുള്ള പരസ്പരബഹുമാനമില്ലായ്മയില്‍ നിന്നാണ് ലോകത്തിലെ എല്ലാ ലൈംഗികാതിക്രമണങ്ങളും നടക്കുന്നത്. ഇന്ത്യയുടെ പുരുഷകേന്ദ്രീകതമായ കുടുംബാന്തരീക്ഷത്തില്‍ 90 ശതമാനവും നടക്കുന്നത് ബലാത്സംഗങ്ങളാണ്. സംഭോഗത്തില്‍ സ്ത്രീയ്ക്കാണ് മുന്‍തുക്കം പക്ഷെ ഇന്ത്യയിലെ എല്ലാവരും പതിവ്രതകളാണല്ലൊ... പുരുഷനുവേണ്ടി കെട്ടെയെഴുന്നളളി അവനാവശ്യപ്പെടുമ്പോള്‍ കിടന്നുകൊടുക്കുന്ന പതിവ്രതകള്‍. സ്വന്തം സുഖത്തിനുവേണ്ടി സംഭോഗിക്കുന്ന ഓരോ പുരുഷനും സ്വന്തം വീടിനെ ഒരു വേശ്യാലയമാക്കുന്നു. ഒരു പുരുഷ പക്ഷ കാഴ്ച്ചപ്പാടില്‍ പറയുകയാണെങ്കില്‍; ഇണയെ ബഹുമാനമില്ലാതെ തന്റെ ലൈംഗിക തൃപ്തിക്കുവേണ്ടി ഒരു സ്ത്രീയെ ഉപയോഗിക്കുകയാണെങ്കില്‍, സംഭോഗത്തിന്റെ ഓരോഘട്ടത്തിലും തന്റെ സുഖത്തിന് മാത്രം പ്രാമുഖ്യം കൊടുക്കുകയാണെങ്കില്‍, അത് ഒരു ഉഭയസമ്മതപ്രകാരമുള്ള സംഭോഗമാണെങ്കില്‍പ്പോലും അത് ഒരു ബലാത്സംഗമാണ്. പുരുഷന്‍ തന്റെ എല്ലാം സമര്‍പ്പിക്കുന്നവനാണ്. ലൈംഗികതയില്‍ നിസ്വാര്‍ത്ഥനായി, പരസ്പര ബഹുമാനത്തോടെ, സ്ത്രീയുടെ അനുഭൂതിയില്‍ തന്റെ വിജയം കാണുന്നവനാണ് ഡി.എച്ച്.ലോറന്‍ അവതരിപ്പിക്കുന്ന 'കാമുകന്‍'. ഈ കാഴ്ച്ചപ്പാടില്‍ നോക്കുമ്പോള്‍ ഭാരതിയ രതിശാസ്ത്രങ്ങള്‍ അങ്ങേയറ്റത്തെ അശ്ലീലമാണെന്ന് എനിക്ക് പറയേണ്ടിവരും.




ഫേസ്ബുക്ക് കവിതകള്‍
എഴുതുക; പിന്നെ കാലത്തിന്റെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുക എന്ന സ്വയം ഹത്യയാണ് ഫേസ്ബുക്കില്‍ 'കവിത' നേരിടുന്നത്. ലൈക്കും കമന്റുകളും കൊണ്ട് മുകളില്‍ത്തന്നെ തന്റെ കവിതയെ് അല്പംകാലമെങ്കിലും നിലനിര്‍ത്തിന്നതിന് അസാധരണമായ മിടുക്കും, ടെക്‌നിക്കും വേണം.

മൂല്യബോധങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ ചവിട്ടിത്താഴ്ത്തുകയും വശ്യവും അധാര്‍മ്മികവുമായതിനെ എന്നും സമൂഹത്തിന്റെ ഉപരിതലത്തില്‍ത്തന്നെ സജീവമായി നിലനിര്‍ത്തുന്ന നവ കൊളോണിയല്‍കാലത്തെ ജീര്‍ണ്ണതതന്നെയാണ് ഫേസ്ബുക്കും ഏറ്റെടുക്കുന്നത്. എല്ലാ മൂല്യങ്ങളേയും മറവിയിലേക്ക് ചവിട്ടിത്താഴ്ത്തുക.


കവിത നേരിടുന്ന ഭാവുകത്വ പ്രതിസന്ധിയെക്കാള്‍ തന്റെ കവിത (അത് പ്രതിനിധാനം ചെയ്യുന്ന മൗലികത എന്തുതന്നെയായാലും) എങ്ങനെ സമൂഹത്തിന്റെ ഉപരിതലത്തില്‍ തന്നെ സജീവമായി നിലനിര്‍ത്താം എന്നതിനുള്ള ശ്രമമാണ് ഓരോ കവിയും നടത്തുന്നത്. കവിതയെക്കുറിച്ച് ഗൗരവമായ ചര്‍ച്ച എവിടേയും ഉണ്ടാകുന്നില്ല. അഥവാ ഉണ്ടായാലും അതിന്റെ ആയുസ്സ് ഒന്നോ രണ്ടോ ദിവസമാണ്. ഈ ജഢങ്ങളാണോ നാളെയുടെ നമ്മുടെ സര്‍ഗ്ഗാത്മക കലാപങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പോകുന്നത്..?


കാന്തപുരം എ.പി. അബുബക്കര്‍ മുസ്‌ല്യാര്‍
മാതൃഭൂമിയില്‍ എ.കെ. അബ്ദുള്‍ ഹക്കിം കാന്തപുരവുമായി നടത്തിയ സംഭാഷണം വായിച്ചു. പെണ്ണിന്റെ മേല്‍ പുരുഷന് ആധിപത്യമുണ്ട് എന്ന് കാന്തപുരം പറയുന്നത് ഒരു സാധാരണക്കാരനായ ഒരു മുസ്ലീം മതവിശ്വാസിയുടെ തലത്തില്‍ നിന്നുകൊണ്ടാണ്. ഒരു സാധാരണക്കാരനായ നാട്ടിപുറത്തെ പെണ്‍മക്കളുടെ ഒരു അച്ഛനെപ്പോലെ തോന്നി കാന്തപുരത്തിന്റെ അഭിമുഖം വായിച്ചപ്പോള്‍. അദ്ദേഹത്തിന് അതേ ചിന്തിക്കാന്‍ കഴിയൂ. അതിലപ്പുറമുള്ള പ്രതീക്ഷയൊക്കെ അസ്ഥാനത്താണ്. അഭിമുഖകാരനൊ ലോകനീതിയൊ ചിന്തിക്കുന്നതുപോലെയൊ, സ്വാന്ത്ര്യഭിവാഞ്ജയുള്ള ആധുനിക സ്ത്രീ ചിന്തിക്കുന്നതുപോലെയൊ കാന്തപുരം ചിന്തിക്കണമെന്ന് നമ്മള്‍ വ്യാമോഹിക്കരുത്. പുരുഷകേന്ദ്രീകൃതമായ-അടിസ്ഥാനപരമായ നീതിബോധങ്ങള്‍-അതിനുമുകളില്‍ കെട്ടിപ്പടുത്ത ആചാരങ്ങള്‍ അതിലൂടെ ബഹുദൂരം പിന്നിട്ട ചരിത്രവഴികള്‍, ഇവിടെ മാറ്റം അസാധ്യമാണ്. നമ്മുക്ക് മുന്നിലുള്ള വഴി കാന്തപുരത്തെ അംഗീകരിക്കുക എന്നതുമാത്രമാണ്. അദ്ദേഹം ഏറെ വിട്ടുവീഴ്ച്ചകള്‍ ചെയ്യാന്‍ മനസ്ഥിതിയുള്ള ഒരു മനുഷ്യനാണ്. കര്‍ക്കശ്ശക്കാരനായ ഒരു മതപണ്ഡിതനല്ല. ഇത്രകാലം മതം പഠിപ്പിച്ച മൂല്യങ്ങള്‍ വെച്ചുകൊണ്ടാണ് അദ്ദേഹം ഒരു വലിയ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. അതില്‍ നിന്ന് മാറി ചിന്തിക്കാന്‍ അദ്ദേഹത്തിന് കഴിയാതിരിക്കുമ്പോഴും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മുസ്ലീം സമൂഹത്തെ അടര്‍ന്നുപോകാതെ സംരക്ഷിക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് അദ്ദേഹം സ്വയം വിശ്വസിക്കുന്നു. നല്ലതുതന്നെ... ഇച്ഛാശക്തിയുള്ള മുസ്ലീം യുവതിയുവാക്കളെ പടച്ചോന്‍ കാക്കും..

സുഗതകുമാരി ടീച്ചര്‍
പേനകൊണ്ട് ഒരു ഗ്രാമത്തെ, ഇവിടുത്തെ തോടുകളെ, നദികളെ, പുല്‍മേടുകളെ, ജൈവവൈവിധ്യങ്ങളെ, ഇവിടുത്തെ നിഷ്‌ക്കളങ്കരായ മനുഷ്യവര്‍ഗ്ഗത്തെ എന്തിന് ഒരുനാടിനെത്തന്നെ നെഞ്ചോട് കൂട്ടിപ്പിടിക്കുന്ന വൈകാരികാനുഭവമാണ് സുഗതകുമാരിടീച്ചറിന്റെ മാതൃഭൂമി പത്രത്തിലെ എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനം. കോര്‍പ്പറേറ്റ് ലോബികളേയും അവരുടെ പണപ്പെട്ടി സൂക്ഷിപ്പുകാരായ രാഷ്ട്രീയ ലോബികളേയും സുഗതകുമാരി ടീച്ചര്‍ പേനത്തുമ്പില്‍ വിറപ്പിച്ചു നിര്‍ത്തുന്ന കാഴ്ച്ച. ആറന്മുള വിമാനത്താവളം പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റേയും ഭരണപക്ഷത്തിന്റേയും കള്ളിവെളിച്ചത്താക്കുന്നതോടൊപ്പം; വസ്തുതകളെ ഒന്നുപോലും വീട്ടുകളയാതെ പേനയെ ചൂരലാക്കി അധികാരികളുടെ ചന്തിക്കു പെടയ്ക്കുന്ന ലേഖനം. ജീവിതത്തെ കര്‍മ്മനിരതമായ-അതിതീക്ഷ്ണമായ കവിതയാക്കി മാറ്റിയ സുഗതകുമാരിടീച്ചര്‍ക്കുമുന്‍പില്‍ ഫേസ്ബുക്ക് കവികളും കവയത്രിമാരും പ്രണമിക്കണം.



നിയോകൊളോണിയല്‍കാലത്തെ ചരിത്രവനിതകള്‍
യാഥാര്‍ത്ഥ്യങ്ങളെ പ്രതീതി വല്‍ക്കരിക്കുകയും ഒട്ടും പ്രാധാന്യമില്ലാത്ത കാര്യങ്ങളെ വലുതാക്കിയും, പ്രാധാന്യമുള്ള കാര്യങ്ങളെ തമസ്‌ക്കരിച്ചും നവ സാമ്പത്തിക സാഹചര്യങ്ങളുടെ ഉത്പന്നങ്ങളായ മാധ്യമ സമൂഹം നമ്മളെ അസ്ഥപ്രജ്ഞരാക്കുന്നു. ചരിത്രത്തെ അപനിര്‍മ്മിക്കുകയും പകരം ചില പ്രതീതി യാഥാര്‍ത്ഥ്യങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. അവതാരപുരുഷന്മാര്‍ക്കൊപ്പം പുതിയ മാധ്യമസംസ്‌ക്കാരത്തിന്റെ ഖില്‍ട്ടുപതിച്ച പാവകളെ കൊണ്ടുവന്നു നിര്‍ത്തുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് സാമ്രാജ്യത്വ മാധ്യമ പടകള്‍ ശ്രീമതി ശില്‍പാഷെട്ടിയെ വംശവെറിക്കെതിരെ പോരാടിയ ധീരവനിതയായി ചിത്രീകരിച്ചത്. ബിഗ്‌ബോസ് എന്ന റിയാലിറ്റിഷോയില്‍ ശില്‍പയ്ക്ക് ഏല്‍ക്കേണ്ടിവന്ന അനുഭവവും പ്രതിരോധവുമാണ് ലോകമാധ്യമശ്രദ്ധയാകര്‍ഷിച്ചത്. ചലചിത്രമേളയുടെ റെഡ്കാര്‍പ്പറ്റില്‍ ഐശ്വര്യാറായി എന്ന ഇന്ത്യന്‍ സുന്ദരി തന്റെ മകളെ ഒക്കത്ത് പിടിച്ചതോടെ ശ്രീമതി ഐശ്വര്യാ ബച്ചന്‍ ഉത്തരാധൂനിക ലോകത്തിലെ മാതൃത്വത്തിന്റെ പ്രതീകമായി മാറി. കേരള സംസ്ഥാന ചലചിത്രവേദിയില്‍ ശ്വേതാമേനോന്‍ എന്ന നടി സ്വന്തം കുഞ്ഞിനെയെടുത്ത് സ്‌റ്റേജില്‍ കയറി അവാര്‍ഡ് വാങ്ങിച്ചപ്പോള്‍ പക്ഷെ അത് മാത്രം വിവാദമായി. ബാലവേലയുടെ മറ്റൊരു വെര്‍ഷനായി നമ്മള്‍ അതിനെ കണക്കാക്കി. എന്തായാലും മാറിയകാലത്തിന്റെ മാധ്യമപ്പാപ്പരാസിത്തരമായാലും നവ കോളോണിയലിസമായാലും കേരളത്തിന് മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സ്വന്തമായി ഒരു വെര്‍ഷനുണ്ട്. അഞ്ജലിന ജോളി സ്വന്തം മക്കളെ ഒക്കത്തുവെച്ച് ഫാഷന്‍ഷോയില്‍  പങ്കെടുക്കുമ്പോള്‍ അത് മഹത്തരമാകും. സ്വന്തം കുഞ്ഞിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയ ശ്വേതാമേനോന്‍ പക്ഷെ നമുക്ക് ബാലപീഠകയാണ്. അഞ്ജലിന ജോളി നമ്മുടെ അയല്‍ക്കാരിപ്പെണ്ണല്ല അതുകൊണ്ട് നമുക്കവളെ അംഗീകരിക്കാം... ഐശ്വര്യയേയും നമ്മള്‍ അംഗീകരിച്ചേക്കും പക്ഷെ ശ്വേതാമേനോന്‍ അവളങ്ങനെ വലിയ ആളുചമയുന്നത് അംഗീകരിക്കാമോ...അവള്‍ നമ്മുടെ അയല്‍വീട്ടിലെ പെണ്ണല്ലെ...


എഴുത്തുഫാക്ടറികള്‍
നിത്യജീവിതത്തില്‍ നാം കാണുന്ന പരസ്യങ്ങളും സിനിമകളുമൊക്കെ ഒരുപാട് റെഡിമെയ്ഡ് ഇമേജുകള്‍ മനസ്സില്‍ കുത്തിനിറയ്ക്കുന്നു. ഈ ഇമേജറികളെ നിരത്തിവച്ചുകൊണ്ട് ഒരു സാഹിത്യ സൃഷ്ടി നടത്തുക എന്നത് തികച്ചും അനായാസമായ ഒരു പക്രിയയാണ്. രണ്ടുതരം മദ്യത്തെ ഒരു കുപ്പിയില്‍ ലയിപ്പിച്ച് പുതിയ ഒരു മദ്യം ഉണ്ടാക്കുന്നതുപോലെ എളുപ്പം സാധിക്കുന്ന ഇത്തരം കണ്‍കെട്ടു വിദ്യകള്‍ സമകാലിക സാഹിത്യത്തില്‍ എത്രവേണമെങ്കിലും കാണാവുന്നതാണ്. കൈ നനയാതെ മീന്‍പിടിക്കുന്ന ഈ തന്ത്രം പയറ്റുന്ന ഒരുപാട് പുതിയ എഴുത്തുകാര്‍ നമ്മുക്കുണ്ട്.


ചോദ്യം ഉത്തരം:

നല്ല സാഹിത്യകൃതികള്‍ ഉണ്ടാകാത്ത കാലത്ത് നിരൂപണത്തിന് എന്തു പ്രസക്തി? നിരൂപണം രണ്ടാമതല്ലെ വരൂ?
കൃതികളെ മാത്രം പഠിച്ചെഴുതുന്നതല്ല നിരൂപണം. ലോകത്ത് ഒരു വരിപോലും ആരും എഴുതാതിരുന്നാലും ക്വിന്റല്‍കണക്കിന് നിരൂപണ സാഹിത്യം സൃഷ്ടിക്കാന്‍ ഒരു പ്രയാസവുമില്ല. കാരണം, നിരൂപണം സാഹിത്യത്തിലെ ഉപോത്പന്നമല്ല. നിരൂപണത്തിന് സ്വതന്ത്രമായ ഒരു സ്വത്വമുണ്ട്. നിരൂപണം സര്‍ഗ്ഗാത്മകമായ ദര്‍ശനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. രൂപരഹിതമായ സര്‍ഗ്ഗാത്മകതയുടെ രാസത്വരകങ്ങളെ, ബോധരൂപങ്ങളെ കണ്ടെത്തുന്നു.  നിരൂപണത്തിന് സ്വന്ത്രമായ ഒരു നിലനില്‍പ്പുണ്ട്. അതുകൊണ്ടുതന്നെ നിങ്ങള്‍ കരുതുംപോലെ അത് എഴുത്തുകാര്‍ സൃഷ്ടിക്കുന്ന ഭാവുകത്വങ്ങളിലെ കുടികിടപ്പുകാരല്ല. ഒരു നിരൂപകന്‍ സൃഷ്ടിക്കുന്ന സൗന്ദര്യം ദര്‍ശനത്തിന്റെ സൗന്ദര്യമാണ്. ദൈവത്തിന്റെ മരണം രേഖപ്പെടുത്തുന്നതും, ചിതറിപ്പോകുന്ന കാഴ്ച്ചകളെക്കുറിച്ചു വറയുന്നതും, കണ്ണടകള്‍ മാറ്റിഘടിപ്പിക്കുന്നതും ഇവരാണ്.


നിങ്ങളെന്താണ് എം.കൃഷ്ണന്‍നായരാണെന്നാണോ വിചാരിക്കുന്നത്? അതോ അതിനുശേഷം ആ പരമ്പരയില്‍ വന്ന എം.കെ.ഹരികുമാറിന് പഠിക്കുകയാണോ...അവരുടെ ഫോര്‍മാറ്റില്‍ ബ്ലോഗ്ഗ് സാഹിത്യമെഴുതാന്‍ നിങ്ങള്‍ക്ക് നാണമില്ലേ...?
ഈ ചോദ്യമാണ് ഞാന്‍ ഈ കോളം തുടങ്ങുന്നതിനുമുന്‍പ് ആദ്യം എന്നില്‍ത്തന്നെ ഉരുവംകൊണ്ടത്. അതിനുള്ള ഉത്തരമാണ് ഈ ആഴ്ച്ചപ്പാങ്ങ്. എത്രപഠിച്ചാലും എം.കൃഷ്ണന്‍നായരൊ എം.കെ.ഹിരികുമാറൊ ഞാന്‍ അവില്ല. അത് എന്റെ വഴിയുമല്ല. വായനയെ, അതിലൂടെ തുറക്കുന്ന ചിന്താജാലകങ്ങലെ അതിലെ ഇത്തിരി വെളിച്ചത്തെ അടയാളപ്പെടുത്തി വയ്ക്കുക അതിലപ്പുറം ഒരു ആത്മകാമവും എനിക്കില്ല. കോളത്തിന്റെ ആകെമൊത്തമുള്ള ശൈലി എന്റെ പൂര്‍വ്വസൂരികളില്‍ നിന്ന് കടംകൊണ്ടതാണ് എന്ന് പറയുന്നതില്‍ എനിക്ക് ലവലേശംപോലും ലജ്ജയില്ല. നല്ലത് ലോകം അംഗീകരിക്കും... അത്യാവശ്യമെങ്കില്‍ അനുകരിക്കും. എത്ര അനുകരിച്ചാലും ഈ കോളത്തിലൂടെ അവതരിപ്പിക്കുന്നത് എന്റെ അപക്വ ചിന്തകളാണ്. അത് മുഴച്ചുതന്നെ നില്‍ക്കും. എന്നാലും എനിക്ക് നാണമില്ല.

എന്തിനാണ് ഇതിങ്ങിനെ എഴുതുന്നത് ?
എഴുത്ത് ഒരു ആത്മസംവാദം കൂടിയാണ്. വായിച്ചതിനേയും ചിന്തിച്ചതിനേയും ഒന്നുകൂടി മനസ്സില്‍ ഉറപ്പിക്കുകയാണ് ഇതെഴുതുന്നതിലൂടെ ഞാന്‍ ചെയ്യുന്നത്. എഴുത്ത് ഒരു സര്‍ഗ്ഗാത്മകപ്രക്രിയമാത്രമല്ല. നല്ലൊരു ആത്മീയ വ്യായാമം കൂടിയാണ്. മനസ്സില്‍ വരുന്ന ആശയങ്ങളെ ഒരു റൈറ്റിങ്ങ് പാഡില്‍ കുറിച്ചുവയ്ക്കാനും ക്രോഡീകരിക്കാനും അതിനെ വികസിപ്പിക്കാനും കുറെ മിനക്കെടാനും ഞാന്‍ തീരുമാനിച്ചു. എന്നെക്കൊണ്ട് കഴിയന്നത്രത്തോളം കാലം ഞാനിതു തുടരും.


വായനക്കാര്‍ തിരസ്‌ക്കരിച്ചാലും ഈ കോളം തുടരുമൊ...?
തുടരും... വായനക്കാര്‍ക്കുവേണ്ടി മാത്രമല്ലല്ലൊ ഞാന്‍ എഴുതുന്നത്. എനിക്കുവേണ്ടിക്കൂടിയല്ലേ....ഇത് ഒരു തരം യോഗാഭ്യാസമാണ്. യോഗയില്ലെങ്കില്‍ ഞാന്‍ മെലിയും. ഞാന്‍ മെലിഞ്ഞാലും ഇല്ലെങ്കിലും വായനക്കാര്‍ക്ക് ഒന്നുമില്ല. എനിക്ക് അങ്ങിനെയല്ല. എനിക്ക് എന്നോട് ഒരു വല്ലാത്ത സ്‌നേഹമുണ്ട്.


“There is nothing to writing. All you do is sit down at a typewriter and bleed.”
― Ernest Hemingway

10 അഭിപ്രായങ്ങൾ:

  1. ഈ സത്യസന്ധതയ്ക്ക് ഒരു സല്യൂട്ട്..ഒന്നിച്ച് ഒരുപാട് സത്യം പറഞ്ഞു...

    മറുപടിഇല്ലാതാക്കൂ
  2. എഴുതുക, വായിക്കാന്‍ ഞങ്ങളുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. താങ്കള്‍ എഴുതൂ... ഞങ്ങള്‍ അംഗീകരിക്കുന്നുണ്ട്.. മടുക്കുന്നത് വരെ അത് തുടരും.. :)

    മറുപടിഇല്ലാതാക്കൂ
  4. തുടര്‍ന്നും ഈ എഴുത്ത് പ്രതീക്ഷിക്കുന്നു... :)

    മറുപടിഇല്ലാതാക്കൂ
  5. എന്റെ ആഗ്രഹം ഈ ബ്ലോഗ് വളെരെയേറെപ്പേര്‍ വായിക്കണമെന്നാണ്. ഈ ആഴ്ച്ചത്തെ പാങ്ങില്‍ വിയോജിക്കാന്‍ ഒന്നും കണ്ടില്ല! (പാങ്ങ് എന്നാല്‍ എന്താണര്‍ത്ഥം?)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്ത് ജി
      വായനക്ക് നന്ദി
      പാങ്ങ് എന്ന് വേറിട്ട് വായിക്കുമ്പോള്‍ അര്‍ത്ഥവ്യത്യാസം വരും 'പാങ്ങില്ല'= പറ്റില്ല എന്നൊക്കെ പ്രയോഗിക്കും.
      നാട്ടിന്‍പുറത്ത് ആഴ്ച്ചപ്പാങ്ങ് എന്നുവച്ചാല്‍ മത്സ്യമാംസ്യാദികള്‍ തൊട്ടുകൂട്ടാന്‍ പാടില്ലാത്ത വ്രതമുള്ള ദിസങ്ങളെയാണ്.
      ജീവിത നിഷ്ടയുള്ളവരെ ആഴ്ച്ചപ്പാങ്ങ് നോക്കുന്നവര്‍ എന്ന് പറയാറുണ്ട്. മണ്ഡലകാലത്ത് എല്ലാവരും ആഴ്ച്ചപ്പാങ്ങ് നോക്കുന്നവരാണ്. ആഴ്ച്ചയില്‍ രണ്ടുദിവസമെങ്കിലും വ്രതം നോല്‍ക്കുന്നവരാണ് ഭൂരിപക്ഷവും.

      എന്നെസംബന്ധിച്ചിടത്തോളം 'എഴുത്ത് വായന എന്നിവയെ ഒരുജീവിതം വ്രതമാക്കുക' എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്...

      ഈ പ്രോത്സാഹനത്തിന് ഒരിക്കല്‍കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

      ഇല്ലാതാക്കൂ
  6. എന്നെ വായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.