ഓരോ മനുഷ്യനും ഓരോ ഇതിഹാസങ്ങളാണ് എന്ന് ഒരിക്കലൊരിടത്ത് ഒഎന്വി എഴുതിയിട്ടുണ്ട്. എനിക്കും പലപ്പോഴും അങ്ങിനെ തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. സഹജനെ ആഴത്തിലറിയുമ്പോള് ഒരു വന്കടലിന് നടുവില് പെട്ട് ആടിയുലയുഞ്ഞ അനുഭവങ്ങള് ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാ ഇതിഹാസങ്ങളും സമൂഹത്തിന്റെ വഴിവിളക്കാകുന്നുമില്ല. പല ഐതിഹാസികതകളും ആരാലുമറിയപ്പെടാതെ ആറടി മണ്ണില് അലിഞ്ഞു ചേരുകയാണല്ലൊ ചെയ്യുക.
എനിക്ക് പ്രൊഫ. ടി.ജെ. ജോസഫ് ആരായിരുന്നു? അദ്ദേഹത്തിന്റെ പുസ്തകത്തില് പ്രതിപാതിച്ച ആക്‌സമികതകള് നടന്നില്ലായിരുന്നുവെങ്കില് അദ്ദേഹത്തെ ഞാന് അറിയുകപോലുമില്ലായിരുന്നു. ഇനി പരിചയക്കാരനാണെങ്കില്ത്തന്നെ ആരാകുമായിരുന്നു എനിക്ക് ടി.ജെ. ജോസഫ്? ഒരു സാധാരണ കോളജ് വാദ്ധ്യാര്, ആമിയുടെയും മിഥുന്റെയും അപ്പച്ചന്, സലോമിയുടെ ഗൗരവക്കാരനായ ഭര്ത്താവ്, എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയില് പോകുന്ന ഒരു സത്യക്രിസ്ത്യാനി. ഇതിനപ്പുറം ഈ ഇതിഹാസത്തെ ഈ മലയാള മണ്ണ് അറിയുമായിരുന്നൊ...?
2010 മാര്ച്ച് 19 ന് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ബികോം ഒന്നാം വര്ഷ വിദ്യാര്ത്ഥികളുടെ രണ്ടാം സെമസ്റ്റര് മലയാളം പരീക്ഷയ്ക്ക് ചിഹ്നകത്തെ സമ്പന്ധിക്കുന്ന ഒരു ചോദ്യം തയ്യാറാക്കുമ്പോള് ഈ മനുഷ്യന്, ഭ്രാന്തിന്റെ കൊമ്പില് തൂങ്ങിയാടുന്ന-താന് ജീവിക്കുന്ന സമൂഹമെന്ന വൈതാളിക രൂപത്തെ തെല്ലും സംശയിച്ചിരുന്നില്ല? ശരിയായിരിക്കാം; സാഹിത്യത്തില് പിശാചും പരുഷ വാക്കുകളും, വൈരുദ്ധ്യങ്ങളും ജുഗുപ്‌സയുമൊക്കെ കഥാപാത്രമാകുക സ്വാഭാവികമാണ്. അതുകൊണ്ടാണ് അദ്ദേഹം തയ്യാറാക്കിയ ചോദ്യഭാഗത്തിലെ ഭ്രാന്തന് എന്ന കഥാപാത്രത്തിന് ഒരു പേരുനല്കണമെന്നു തോന്നിയതും അത് താന് പകര്ത്തിയ ചോദ്യഭാഗമെഴുതിയ പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'മുഹമ്മദ്' എന്ന പേര് സ്വീകരിച്ചതും. അടുത്തവീട്ടിലെ ശവനെ നമ്മള് പട്ടിശവന് എന്ന് വിളിക്കാറുണ്ടല്ലൊ ചെറ്റത്തരം കാണിക്കുന്ന രാമനെ ചെറ്റ രാമന് എന്നും വിളിച്ചാല് തെറ്റില്ല. കാര്യമൊക്കെ ശരിതന്നെ പക്ഷെ പലപ്പോഴും അതി മാരകമായ രീതിയില് ഒരു യുക്തിയുമില്ലാതെ തിരിഞ്ഞു കടിക്കാന് സാധ്യതയുള്ള ഒരു ക്രൂര ജന്തുവാണ് സമൂഹമെന്ന് പ്രൊഫ. ടി.ജെ. ജോസഫ് ചിന്തിച്ചില്ല...!! ഈ പ്രബുദ്ധ സമൂഹത്തെ ജോസഫ് മാഷ് കണ്ണടച്ചു വിശ്വസിച്ചു?! ജീന്സിട്ടതിന്റെ പേരില്, തലയിലെ തട്ടം അല്പമൊന്നു മാറിപ്പോയതിന്റെ പേരില്, ആര്ത്തവത്തിന്റെ പേരില്, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കാലഹരണപ്പെട്ട ആചാരങ്ങളുടെ പേരില് നിരന്തരം കൊല്ലും കൊലപാതകങ്ങളും നടത്തുന്ന ഈ സമൂഹത്തിന്റെ പ്രബുദ്ധതയെകുറിച്ച് ജോസഫ് മാഷ് തെല്ലും സംശയിച്ചില്ല?!
തയ്യാറാക്കിയ ഈ ചോദ്യം 32 വിദ്യാര്ത്ഥികളടങ്ങുന്ന ഒരു ചെറു സമൂഹത്തിന് സമര്പ്പിക്കപ്പെട്ടതോടെ ടി.ജെ. ജോസഫ് എന്ന മനുഷ്യന് തന്റെ ജീവിതേതിഹാസത്തെ താനറിയാതെ ഒരു വലിയ സമൂഹത്തിനു മുന്പിലേയ്ക്ക് കയറൂരിവിടുകയായിരുന്നു.
ഭ്രാന്തന് എന്ന കഥാപാത്രത്തിന് 'മുഹമ്മദ്' എന്ന നാമകരണം ചെയ്തതിന്റെ പേരില്, ജീവിതത്തില് നാളിതുവരെ ഒരു സഹജീവിയെപോലും നോവിക്കാതെ ജീവിച്ചു വന്ന മനുഷ്യന് ഇരുട്ടില് പാത്തും പതുങ്ങിയും ജീവിക്കേണ്ടി വന്നു. ഒളിവില് കഴിഞ്ഞു. ജയിലില് കിടന്നു. പോലീസിന്റെയും സമൂഹത്തിന്റെ ആട്ടും തുപ്പുമേറ്റു.... നമ്മളെല്ലാമടങ്ങുന്ന ഈ സമൂഹം പ്രൊഫ. ടി. ജെ. ജോസഫിനെ 'മണ്ടന്' എന്ന് വിളിച്ചു പരിഹസിച്ചു. 'ഇദ്ദേഹത്തനറിയില്ല... ഭ്രാന്തനെ നിങ്ങള് മുഹമ്മദാക്കിയിട്ടുണ്ടെങ്കില് ഈ മുഹമ്മദിനെ പ്രവാചനകാക്കാനുള്ള ഭാവന ഈ സമൂഹത്തിനുണ്ട്. അതിന്റെ പേരില് താങ്കളെ വെട്ടി തുണ്ടമാക്കാനുള്ള കാട്ടാള ബുദ്ധിയും!'
2010 ജൂലൈ നാലിന് ഈ സാധാരണക്കാരനായ പ്രൊഫ. ടി. ജെ. ജോസഫിനെ നമ്മുടെ സമൂഹം തിരഞ്ഞെടുത്തു. കൈകാലുകള് വെട്ടി തുണ്ടം മാക്കി. പക്ഷെ ജോസഫ് മാഷ് പൊരുതി.... അതി മാരകമായ ഈ സമൂഹത്തോട് ഇഞ്ചിഞ്ചോടിഞ്ച് പൊരുതി... മുഹമ്മദിനെയും ജീസസ്സിനെയും പോക്കറ്റിലിട്ടു നടക്കുന്ന മതമേധാവിത്വത്തോടുപൊരുതി. അത് പ്രത്യക്ഷ സമരങ്ങളായിരുന്നില്ല. മറിച്ച് നീതിമാനായ ഒരു മനുഷ്യന്റെ ജീവിതസമരമായിരുന്നു. തന്റെ ജീവിതത്തിലെ ആകസ്മികതകള് തന്റെ ജീവിതത്തിലെ സാധാരണക്കാരന്റെ ഉള്ളടക്കത്തെ അസാധാരണമാക്കുകയും അതിനെ വലിയൊരു ജീവിതേതിഹാസമാക്കി സമൂഹത്തിന് തിരിച്ചുകൊടുക്കുകയും ചെയ്യാനുള്ള ഒരു ചരിത്ര ദൗത്യം പിന്നീട് പ്രൊഫ. ടി.ജെ. ജോസഫിന് ചെയ്യാനുണ്ടായിരുന്നു. ആ ഇതിഹാസമാണ് അദ്ദേഹം എഴുതിയ ആത്മകഥ 'അറ്റുപോകാത്ത ഓര്മ്മകള്'.
തന്റെ രാണാങ്കണത്തില് തന്നൊടൊപ്പം തോളോടു തോള് ചേര്ന്നു പൊരുതിയ പ്രിയ പത്‌നി സലോമിയെ ജോസഫ് മാഷിന് നഷ്ടപ്പെട്ടു. അദ്ദേഹം വിശ്വസിച്ച തിരുസഭ അവരെ കൊന്നു. തന്റെ കാല്പനികമായ ജീവിതം നഷ്ടപ്പെട്ടു, വിദ്യാര്ത്ഥികളും കലാലയവും നഷ്ടപ്പെട്ടു, തൊഴില് നഷ്ടപ്പെട്ടു, അംഗംഭംഗം വന്നു.... പക്ഷെ അദ്ദേഹം പൊരുതി... പൊരുതിക്കൊണ്ടിരിക്കുന്നു. പ്രൊഫ. ടി.ജെ. ജോസഫ് എന്ന മനുഷ്യനെ മലയാള സാഹിത്യം ഏറ്റെടുത്തിരിക്കുന്നു.
അറ്റുപോകാത്ത ഓര്മ്മകള് എന്ന പുസ്തകം നാളിതുവരെ ഉണ്ടായിട്ടുള്ള ആത്മകഥകളുടെ ഗണത്തില് നിന്ന് വളരെ വ്യതിരിക്തമായി നില്ക്കുന്ന ഒന്നാണ്. അമ്പരപ്പോടെ അതിലധികം വിലാപത്തോടെ, വിയര്ത്തുകുളിച്ചുകൊണ്ടല്ലാതെ, ഭീതിപൂണ്ട്-വിറച്ചുകൊണ്ടല്ലാതെ... ഒടുവിലിത്തിരി സമാശ്വാസത്തിന്റെ ആനന്ദാനുഭൂതിയോടെയല്ലാതെ വായിച്ചവസാനിപ്പിക്കാനാവില്ല ഈ പുസ്തകം. ഈ പുസ്തകം തരുന്ന ആത്മീയ വെളിച്ചത്തിന് ഒരു വലിയ ജീവിതത്തിന്റെ കനം ഉണ്ട്.
ആരാണ് പ്രൊഫ. ടി.ജെ. ജോശഫിനെ ആക്രമിച്ചത്? പ്രവാചക നിന്ദ ആരോപിച്ചുകൊണ്ട് ആരോ എവിടെയൊ ഇരുന്ന് കല്പ്പിച്ചതനുസരിച്ച് ഇറങ്ങിപ്പുറപ്പെട്ട ചിന്താ ശേഷയില്ലാത്ത കുറെ മൃഗങ്ങളാണോ? സലോമിയെ വിഷാദ രോഗിയാക്കി കൊന്നുതള്ളിയ കോതമംഗലം രൂപതയും, സഹപ്രവര്ത്തകനെ തള്ളിപ്പറഞ്ഞ് അദ്ധ്യാപക സമൂഹവും, ചാട്ടുളിപോലുള്ള വാക്കുകള് കൊണ്ട് നിരവധി അവസരങ്ങളില് കുത്തി നോവിച്ച സര്ക്കാരും, നീതി പാലകരും, ന്യായാധിപന്മാരും, മതസംഘടനകളും, ഈ സമൂഹത്തിന്റെ പരിച്ഛേദമല്ല. മറിച്ച് ഒരു സമൂഹംതന്നെയാണ് - ഈ സമൂഹം മുഴുവനും കുറ്റക്കാരാണ്.
'ഒരു മീന് മുറിച്ചാല് എത്ര കഷ്ണം?' എന്ന് ചോദിച്ച ഭ്രാന്തന് മുഹമ്മദിന്റെ ചോദ്യത്തിനുള്ള പടച്ചോന്റെ മറുപടി മൂന്നു മുറിയാണെടാ നായിന്റെ മോനെ എന്നായിരുന്നല്ലൊ. ഈ സമൂഹം ഭ്രാന്തിന്റെ മൂന്നല്ല-മൂന്നൂറു മുറിയാണ്.... ഭ്രാന്തിന്റെ, ക്രൂരതയുടെ, നിര്ദ്ദയമായ കഷ്ണങ്ങളാണ് എന്ന തിരിച്ചറിവിന്റെ വേദനയോടെയാണ് നമ്മള് വായനക്കാര് ഈ പുസ്തകം വായിച്ചു മടക്കിവെയ്ക്കുക.
പ്രൊഫ. ടി. ജെ. ജോസഫ് എന്ന അദ്ധ്യാപകന്റെ രക്തവും മാംസ്യവും മാത്രമല്ല ഈ പുസ്തകം. ഒരു മനുഷ്യന് എന്തായിരിക്കണമെന്നതിന്റെ യഥാര്ത്ഥ ദൃഷ്ടാന്തമാണ് ഈ ജീവിത പുസ്തകം. ഒരിക്കല് തൊടുപുഴയിലേയ്ക്കുള്ള യാത്രയില്, ബസില് ഡ്രൈവറിനടുത്തുള്ള മുന്സീറ്റിലിരുന്ന സഹയാത്രികയായ ഒരമ്മച്ചി ഛര്ദ്ദിക്കാന് മുട്ടി ഓടി പിന് സീറ്റിലിരുന്ന ജോസഫ് മാഷിന്റെ അടുത്തേക്കു വന്നു പുറത്തേക്ക് തലിയിട്ട് ഛര്ദ്ദിക്കാനുള്ള ശ്രമത്തില് മാഷിന്റെ മേല് ഛര്ദ്ദിയഭിഷേകം നടത്തുന്നു. മാഷ് ആ ഛര്ദ്ദിയഭിഷേകമത്രയും ക്ഷമയോടെ ഏറ്റുവാങ്ങി. ഇത്രയധികം യാത്രക്കാരുണ്ടായിട്ടും ഈ ഛര്ദ്ദില് വന്നുവീണത് തന്റെ മാത്രം ദേഹത്താണ്. ഇന്നത്തെ താരം-ഭാഗ്യവാന് താനാണെന്ന് മാഷിന്റെ നര്മ്മ മധുരമായ ബുദ്ധി ചിന്തിക്കുന്നു! ആകസ്മികതകളെ ധീരമായി എതിരേറ്റവനാണ് ജോസഫ് മാഷ്. കൊക്കിന്റെ വായിലകപ്പെട്ട തവളയായി മാറുമ്പോഴും 'Don't Ever Give Up' എന്ന മനോഭാവത്തോടെ ജീവിതത്തെ നേരിട്ട ജോസഫ് മാഷ് സ്വന്തം ജീവിതത്തിന്റെ ഇതിഹാസകാരനാണ്. തന്റെ വിധികള്ക്ക് സ്വയമെറിഞ്ഞുകൊടുത്തുകൊണ്ട് തന്റെ ജീവിതേതിഹാസം സൃഷ്ടിച്ച മനുഷ്യന്-യോദ്ധാവ്.
പ്രൊഫ. ടി. ജെ. ജോസഫിന്റെ അറ്റുപോകാത്ത ഓര്മ്മകളെ ആര്ക്കും അറുത്തുമാറ്റാന് സാധിക്കില്ല. ഈ ജീവിതേതിഹാസത്തെ മലയാള സാഹിത്യം ഏറ്റെടുത്തു കഴിഞ്ഞു. ഈ പുസ്തകം ഉയര്ത്തുന്ന സൗമ്യമായ കൊടുങ്ങാറ്റിനു മുന്പില്, ഉയര്ത്തുന്ന ചോദ്യങ്ങള്ക്കു മുന്പില് സമൂഹം കൂച്ചുവിലങ്ങിട്ടു നില്ക്കുന്നു.
വായിച്ചു തീരുമ്പോള് ഈ പുസ്തകത്തെ, എന്നിലെ വായനക്കാരന് ഹൃദയത്തോടു ചേര്ത്തു വയ്ക്കുന്നു. വായനക്കിടയില് പലപ്പോഴും കരഞ്ഞു, ഭയന്നു, സ്വപ്‌നങ്ങളില്പോലും ഇതിലെ അക്ഷരങ്ങള് കടന്നുവന്നു... വേട്ടയാടിക്കൊണ്ടിരുന്നു...
ഇത് അക്ഷരങ്ങളുടെ വിജയമാണ്. നീതിയുടെ വിജയമാണ്. ഇത്തരം ചില വിജയങ്ങള് ഭൂമുഖത്ത് സംഭവിക്കുന്നതുകൊണ്ടാണ് ഈ ഭൂമി ഈ നിലയ്‌ക്കെങ്കിലും അതിന്റെ അചുതണ്ടില് തിരിഞ്ഞുകൊണ്ടിരിക്കുന്നത്.
പുസ്തകം: അറ്റുപോകാത്ത ഓര്മ്മകള് (ആത്മകഥ)
പ്രൊഫ. ടി. ജെ. ജോസഫ്
ഡി. സി. ബുക്‌സ്
വില 450 ക.
"2019 മാര്ച്ച് 19 ന് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ബികോം ഒന്നാം വര്ഷ വിദ്യാര്ത്ഥികളുടെ രണ്ടാം സെമസ്റ്റര് മലയാളം"
മറുപടിഇല്ലാതാക്കൂMarch 19 2010 is the year and not 2019
ടൈപ്പ് ചെയ്തപ്പോള്‍ പറ്റിപ്പോയതാണ്.
മറുപടിഇല്ലാതാക്കൂക്ഷമിക്കണം