പുസ്തകങ്ങള്‍ ഊര്‍ജ്ജ ശ്രോതസ്സുകളാണെന്നാണ് എം.എന്‍.വിജയന്‍ അഭിപ്രായപ്പെട്ടത്. ഒരു പുസ്തകത്തിന്റെ മുഴുവന്‍ ഊര്‍ജ്ജത്തെയും സ്വാംശീകരിക്കാനാണ് വായനക്കാരന്‍ ഒരു കൃതിയെ സമീപിക്കുന്നത്. എന്നാല്‍ നിരൂപകന്റേത് ഊര്‍ജ്ജം സ്വാംശീകരിക്കല്‍ മാത്രമല്ല, ഒരു കൃതിയില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തെ സ്വാംശീകരിക്കുന്നതോടൊപ്പം അതിന്റെ ഊര്‍ജ്ജരേണുക്കളില്‍ ഒരു ചെയിന്‍ റിയാക്ഷനിലൂടെ സര്‍ഗ്ഗാത്മക സൗന്ദര്യത്തിന്റേതായ ഒരു വന്‍സ്‌ഫോടനമുണ്ടാക്കുകകൂടി ചെയ്യുന്നു. നിരൂപകന്‍ പുതിയൊരു സൗന്ദര്യത്തെ സൃഷ്ടിക്കുന്നു. എഴുത്തിനെക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഒരു സംവേദനത്തിന്റെ സര്‍ഗ്ഗാത്മക സൗന്ദര്യത്തെ ലോകത്തിനുമുന്‍പില്‍ അവതരിപ്പിക്കുന്നു. ഒരോ വായനയിലും ഒരോ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ഇടിമുഴക്കങ്ങളുടെ രക്തശോഭയില്‍ മുങ്ങിക്കുളിച്ചുവേണം ഓരോ എഴുത്തുകാരന്റേയും ജീവിതപ്പുലരികള്‍. കെ. പി. അപ്പന്റേയും. വിജയന്റേയും കാലത്തിനുശേഷം നിരൂപണം എന്ന സാഹിത്യശാഖയുടെ കഥകഴിഞ്ഞു എന്ന തോന്നലാണ് നമുക്കുണ്ടാകുന്നത്. ഒരിക്കല്‍ എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലത്തില്‍ അദ്ദേഹം ഗുപ്തന്‍നായരെ വിമര്‍ശിച്ചത് ഇപ്പോള്‍ ഓര്‍ക്കുന്നു. ഒരു സാഹിത്യകൃതിയുടെ മുഴുവന്‍ സത്തയെ ഊറ്റിയെടുക്കാനുള്ള കഴിവാണ് നിരൂപകന് പ്രഥമമായി വേണ്ടത്. വരിയുടച്ച കാള തന്റെ ഇണയുടെ മുന്‍പില്‍ നിന്ന് ങ്ഹൂ.. ങ്ഹൂ... എന്നുപറയുന്നതുപോലെയാണ് ഗുപ്തന്‍നായര്‍ കൃതികളെ സമീപിക്കുന്നതെന്ന് എം. കൃഷ്ണന്‍ നായര്‍ ഒരിക്കല്‍ സാഹിത്യവാരഫലത്തില്‍ എഴുതിയത്. ഗുപ്തനായരെ ഇവിടെ വിട്ടുകളയുന്നു. അദ്ദേഹം മഹാനായ ഒരു എഴുത്തുകാരനാണെന്നതില്‍ എനിക്ക് സംശമില്ല. പക്ഷെ ഇന്നത്തെ സ്‌പോണ്‍സേഡ് നിരൂപണമെഴുതുന്ന ആണ്‍വേശ്യകളെ എന്തിനോടാണ് ഉപമിക്കേണ്ടത്. ആണ്‍വേശ്യകള്‍ കൃതിയെ നക്കിത്തുവര്‍ത്തുന്നു, അവരുടെ കൈത്തുടയില്‍ കൃതിയുടേയും കര്‍ത്താവിന്റേയും പേര് 'ടാറ്റു'കള്‍ വരച്ചുപിടിപ്പിച്ചിരിക്കും. ഇവരുടേത് നിരൂപണമല്ല, മലയാള നിരൂപണ സാഹിത്യത്തിന്റെ ഇന്നത്തെ അവസ്ഥയോര്‍ത്ത് സങ്കടം തോന്നുന്നു. സമകാലിക ഭാവുകത്വപരിസരങ്ങെളേയും ദാര്‍ശനിക സമസ്യകളെയും കണ്ടെത്താനും അവലോകനം ചെയ്യാനും നല്ല നിരൂപകര്‍ നമുക്കില്ലേ....? എം. കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലത്തിനുശേഷം കലാകൗമുദിയില്‍ വന്നുകൊണ്ടിരുന്ന അക്ഷരജാലകം ഇപ്പോള്‍ കാണാനില്ല. ജാലകങ്ങളില്ലാത്ത കലാകൗമുദിയില്‍ രചനകള്‍ ഇനി ശ്വാസംമുട്ടിമരിക്കും.
സമകാലിക ഭാവുകത്വത്തെക്കുറിച്ച്, നിലവിലെ ലാവണ്യശാസ്ത്രങ്ങളെക്കുറിച്ച് ഒക്കെ സന്ദേഹങ്ങളുണ്ടാവുമ്പോള്‍, സംവേദനത്വത്തെ നവീകരിക്കാനും സജീവമായി നിലനിര്‍ത്താനും ഞാനെപ്പോഴും വായിക്കാനെടുക്കുന്നത് കെ. പി. അപ്പനേയും എം.എന്‍.വിജയനേയുമൊക്കെയാണ്. ബുദ്ധിയേയും നമ്മുടെ സംവേദന ശീലങ്ങളേയും കിളച്ചുമറിക്കാന്‍ അവര്‍ക്ക് കഴിയും. അതുകൂടാതെ ജി. മധുസൂദനന്റെ 'ഭാവുകത്വം 21ാം നൂറ്റാണ്ടില്‍' എന്നൊരു പുസ്തകം ഒരുപാട് പുനര്‍വായനകള്‍ക്ക് വയ്ക്കാറുണ്ട്. അത് വായിച്ച് തിരിച്ച് വയ്ക്കുമ്പോഴൊക്കെ ആകുലപ്പെടാറുള്ളത് സമകാലിക നിരൂപണ സാഹിത്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചോര്‍ത്താണ്. 2006 ല്‍ ജി. മധുസൂദനന്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചതിനുശേഷം പുതിയൊരു പുസ്തകം അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം സജീവ സാഹിത്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായ ഒരു അനുഭവം, വല്ലാത്ത ഒരു നഷ്ടബോധം എന്നിലൂണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം പൂനയില്‍വെച്ച് നടന്ന സാഹിത്യഅക്കാദമിയുടെ ഒരു ശില്‍പാശാലയില്‍ വെച്ച് ജി. മധുസൂദനനെ ഞാന്‍ കണ്ടു. നിരൂപണ രംഗത്തെ ശൂന്യതയെ കുറിച്ച് ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. ഒരു സൗഹൃദ സംഭാഷണമായിരുന്നു അത്. അദ്ദേഹം എന്റെ അഭിപ്രായത്തെ ശരിവെച്ചു. മാത്രമല്ല സജീവമായ എഴുത്തിലേക്കു വരാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നിലെ വായനക്കാരനെ അത് ഏറെ സന്തോഷിപ്പിക്കുന്നു.
അടിവസ്ത്രങ്ങളുടെ വൈവിധ്യം
വിഷ്ണുപ്രസാദിന്റെ ലിംഗവിശപ്പ് എന്ന കവിതയെക്കുറിച്ച് ഫേസ്ബുക്കിലും ബ്ലോഗിലും ലഭ്യമായ എല്ലാ ചര്‍ച്ചകളും വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നിയ ഒരു ആശയമാണ്; കേരളത്തിലെ എല്ലാ മുന്‍നിര കവികളുടേയും അടിവസ്ത്രങ്ങളുടെ ഒരു പ്രദര്‍ശനം കേരളത്തിലെ ഏതെങ്കിലുമൊരു സാംസ്‌കാരിക നഗരത്തില്‍ സംഘടിപ്പിക്കണം. അവരുടെ കവിതകളുടെ പൊതുഭാവാത്മകതപോലെ ഇവരുടെ അടിവസ്ത്രങ്ങളിലും പൊതുവായ ചിലത് കാണാനായേക്കും. ചെമ്മനം ചാക്കോ എന്ന തലമുതിര്‍ന്ന കവിയെ ഇതില്‍ നിന്ന് നമ്മുക്ക് ഒഴിവാക്കാം.
സ്വന്തം വൈയ്യക്തികതയിലേക്ക് കൂടുതല്‍ ചൂഴ്ന്നു ചൂഴ്ന്നുപോകുന്ന ഒരവസ്ഥയാണ് സാഹിത്യാസ്വാദനത്തിലെ ഒരു പ്രധാനഘടകം. എഴുത്തില്‍ വായിച്ചെടുക്കുന്ന കാമവും കലാപവുമൊക്കെ നടക്കുന്നത് യഥാര്‍ത്ഥത്തില്‍ വായനക്കാരന്റെ ഉള്ളിലാണ്. വിഷ്ണുവിന്റെ ലിംഗവിശപ്പ് വായനക്കാരന്റേതുകൂടിയാവുന്നിടത്താണ് ആ കവിതയുടെ വിജയം. എന്നാല്‍ തന്റെ ലിംഗത്തിന്റെ വിശപ്പിനെ സ്വയം അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറില്ലാത്ത ചിലരുണ്ട് അവര്‍ക്കായി മേല്‍പ്പറഞ്ഞ പ്രദര്‍ശനം നമുക്ക് സമര്‍പ്പിക്കാം...
വളര്‍ത്തുപട്ടികള്‍
പണ്ടൊക്കെ വളര്‍ത്തുപട്ടികളെ പട്ടിപിടുത്തക്കാര്‍ തിരിച്ചറിഞ്ഞിരുന്നത് പട്ടിയുടെ ഉടമകള്‍ പട്ടിയുടെ കഴുത്തിലിടുന്ന ബെല്‍റ്റ് നോക്കിയാണ്. പഞ്ചായത്തൊ മുനിസിപ്പാലിറ്റിയൊ ആണ് ഈ ബെല്‍റ്റ് ഉടമകള്‍ക്ക് കൊടുക്കുന്നത്. അതോടെ ഇവറ്റങ്ങളെ പട്ടിപ്പിടുത്തക്കാര്‍ വിട്ടുകളയുന്നു. കഴുത്തില്‍ ബെല്‍റ്റില്ലാത്ത പട്ടികളെ ഇവര്‍ നിഷ്‌ക്കരുണം കുണുക്കിട്ട് പിടിക്കുന്നു. സമകാലിക സാഹിത്യ മാധ്യമങ്ങളില്‍ നിന്ന് ഇത്തരം ബെല്‍റ്റുകള്‍ കിട്ടും (എല്ലാവര്‍ക്കുമല്ല. അതുകിട്ടാന്‍ ഇത്തിരി വേലത്തരങ്ങളൊക്കെ അറിയണം). ഈ ബെല്‍ട്ടില്ലാത്ത സൃഷ്ടികളെ നിഷ്‌ക്കരുണം കുണുക്കിട്ട് കൊന്ന് ചവറ്റുകുട്ടയില്‍ തള്ളുന്നത് ഒരു പതിവ് കാഴ്ചയാണ്. കഴുത്തില്‍ ബെല്‍റ്റില്ലാത്ത തെരുവുപട്ടികള്‍ സൈബര്‍ലോകത്ത് വംശനാശം നേരിടുകയാണ്. രണ്ടുവര്‍ഷം മുന്‍പുവരെ ബ്ലോഗില്‍ നിറഞ്ഞ് നിന്നിരുന്ന ഈ ജീവികളെ ഇന്ന് അധികം കാണാനില്ല. ആനുകാലികങ്ങളിലെ എഡിറ്റര്‍മാരുടെ കുണുക്കുകളില്‍ പലരും ശ്വാസമുട്ടി മരിച്ചുപോയിരിക്കാം.
കവിതയുടെ റെസിപ്പി
തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ഉണ്ടാക്കുന്ന സാമ്പാറിന്റെ രുചിയില്‍ വ്യത്യാസമുണ്ട്. നല്ല സാമ്പാറേതെന്ന് തിരഞ്ഞെടുത്ത് അതിന്റെ റെസിപ്പി നോക്കി വീണ്ടും വീണ്ടും സാമ്പാറുകള്‍ പുനസൃഷ്ടിക്കുന്നതും കൈമാറുന്നതുമൊക്കെയാണ് പാചകത്തിലെ സംമ്പ്രദായം. സാഹിത്യത്തിലും അങ്ങിനെ ചില റെസിപ്പികള്‍ കിട്ടാനുണ്ട് എന്നുവേണം അനുമാനിക്കാന്‍. ചില നിരൂപകരെങ്കിലും അറിഞ്ഞൊ അറിയാതെയൊ കവിതയുടേയും കഥയുടേയും രുചിക്കൂട്ടുണ്ടാക്കുന്നവരായി മാറുന്നുണ്ട്. പാചകം ചെയ്യുകയും തിന്നുകയും ചെയ്യുന്നപോലെയല്ല സര്‍ഗ്ഗാത്മകത എന്ന് ഇവരൊക്കെ ഓര്‍ത്താല്‍ നന്ന്. സാഹിത്യത്തിന് പുതിയ രുചിക്കൂട്ടുണ്ടാക്കുന്നത് ഒരു സര്‍ഗ്ഗാത്മക നിരൂപകന്റെ വഴിയല്ല. ഉണ്ടാക്കുകയും ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്നതല്ല സാഹിത്യം. എഴുത്തുമാത്രമല്ല വായനയും ഒരു ഉത്പാദനമാണ്. വായന ഒരു 'ഉപ-ഭോഗമല്ല'. ഭോഗം' വായനയല്ല... ഭോഗിക്കുന്നവന്‍ ഒന്നും വായിക്കുന്നില്ല. വായന ഒരു സര്‍ഗ്ഗാത്മക സാഹിത്യപ്രവര്‍ത്തനമാണ്. എഴുത്തിനെക്കാള്‍ മഹത്തരമാണത്. റെസിപ്പി സാഹിത്യം എല്ലാകാലത്തും ഒരു ശാപംപോലെ മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടുണ്ട്. കാലത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ വൈവിധ്യവുമായാണ് വായനക്കാരന്റെ രസനയില്‍ കൃതികള്‍ വന്നു നിറയുന്നത്. അതിന് നിയതമായ പാചകവിധികളില്ല. വേറിട്ട കാഴ്ച്ചകളില്ലാത്ത, ഉപരിപ്ലവമായ കാഴ്ച്ചപ്പുറത്ത് പാറിക്കിടക്കുന്ന കവിതകളുടെ രുചികള്‍ ഒന്നായിത്തീരുന്ന ഒരു അനുഭവം ഉണ്ടാകുന്നു. ഈ റെസിപ്പി ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ദൃശ്യങ്ങളുടെ പെരുമഴയില്‍ ഒരു തുള്ളി സിനിമ
K. U. Mohanan |
മുംബൈയിലെ അറിയപ്പെടുന്ന സിനിമാ നിരൂപകന്‍ പി. കെ. സുരേന്ദ്രന്‍ പ്രശസ്ത സിനിമാടോഗ്രാഫര്‍ കെ.യു. മോഹനനുമായി നടത്തിയ മാധ്യമത്തില്‍ പ്രസിദ്ധികരിച്ച അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ കഴിഞ്ഞു. ഒരു സിനിമാടോഗ്രാഫറുടെ ആത്മവ്യഥകളും, സാങ്കേതികവിദ്യയില്‍ വന്നിട്ടുള്ള വിപ്ലവങ്ങള്‍ക്കനുസരിച്ച് സ്വയം പാകപ്പെടന്ന മികവുറ്റ ഒരു കലാകാരനെ കെ.യു.മോഹനനില്‍ കണ്ടു. ബോളിബുഡിലെ തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിക്കേണ്ടിവരുമ്പോഴും മണികൗളിനെപോലുള്ള മഹാനായ സിനിമാക്കാരനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച ചലചിത്ര അനുഭവത്തെ സുകൃതംപോലെ മനസ്സില്‍ സൂക്ഷിക്കുകയാണ് ഈ സിനിമാക്കാരന്‍. ഒരു ചലചിത്ര വിദ്യാര്‍ത്ഥി നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു അഭിമുഖമാണിത്.
'എല്ലാവരുടെ കൈയ്യിലും ക്യാമറയുണ്ട് പക്ഷെ നല്ല ചലചിത്രങ്ങള്‍ ഉണ്ടാകുന്നില്ല. എല്ലാവരുടെ കൈയ്യിലും പേനയും പെന്‍സിലുമുണ്ട് പക്ഷെ നല്ല സാഹിത്യമുണ്ടാക്കാന്‍ പറ്റുന്നില്ല. സിനിമയിലെ നിഗൂഢത ഇന്ന് നിലനില്‍ക്കുന്നില്ല. അതിന്റെ സാങ്കേതികവശങ്ങള്‍ ഇന്ന് രഹസ്യമല്ല. എന്നിട്ടും നല്ല ചലചിത്രങ്ങള്‍ ഉണ്ടാകുന്നില്ല' മോഹനന്‍ അഭിപ്രായപ്പെടുന്നു. ഇവിടെയാണ് എന്താണ് പ്രതിഭ എന്ന തിരിച്ചറിവു നമുക്കുണ്ടാവുന്നത്. 'പെര്‍ഫെക്ഷന്‍ എന്നു പറയുമ്പോള്‍ നാം കമലഹാസന്റെ വിശ്വരൂപമൊ അല്ലെങ്കില്‍ അതുപോലുള്ള ഹോളിവുഡ് സിനികളൊ ആണ് ഉദ്ദേശിക്കുന്നത്. സിനിമയുണ്ടാക്കാന്‍ ഇത്തരം വന്‍ സന്നാഹങ്ങളൊന്നും തന്നെ ആവശ്യമില്ല' മോഹനന്‍ പറയുന്നു..
ദൃശ്യങ്ങളുടെ കാലിടോസ്‌കോപ്പിലൂടെ ഉരുത്തിരിഞ്ഞുവരുന്ന വിസ്മയങ്ങളല്ല ചലചിത്രം അത് ചലചിത്രകാരന്റെ ആത്മാവില്‍ നിന്ന് വരുന്നതാണ്. മുഖ്യധാര ചലചിത്രങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്ന ഒരു പ്രയോഗമുണ്ട് 'മനം മയക്കുന്ന ക്യാമറ'. കാഴ്ച്ചക്കാരന്റെ മനം മയക്കാന്‍ ദൃശ്യങ്ങളെ ടെക്‌നോളജിയുടെ കാലിഡോസ്‌കോപ്പിലിട്ട് ഒന്ന് കുലുക്കിയെടുത്താല്‍ മയങ്ങാത്ത ഏതൊരാളും മയങ്ങും. എന്നാല്‍ അതല്ല ഒരു ചായാഗ്രാഹകന്റെ കടമ എന്ന് മോഹന്‍ പറഞ്ഞുതരുന്നു. കെ.യു. മോഹനനുമായി നടത്തിയ ഈ പ്രൗഢമായ അഭിമുഖത്തിന് പി.കെ. സുരേന്ദ്രന്‍ അഭിനന്ദനമര്‍ഹിക്കുന്നു.
ഏറ്റവും നല്ല അമ്മമാത്രം പോര, അച്ഛനും വേണം.
എന്റെ ചെറുപ്പകാലത്താണ് ഒരോണപ്പതിപ്പില്‍ നിന്ന് അക്ബര്‍ കക്കട്ടിലിന്റെ 'സ്‌ത്രൈണം' എന്ന ലഘു നോവല്‍ ഞാന്‍ വായിക്കുന്നത്. എന്നെ ഏറെ ആകര്‍ഷിച്ച ഒരു നോവലായിരുന്നു അത്. ഒരേ ജന്മത്തില്‍തന്നെ സ്ത്രീയുടേയും പുരുഷന്റേയും ജീവിതം ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു രാജാവിന്റെ കഥപറയുന്ന നോവല്‍. സ്ത്രീ ശരീരത്തെ അതിന്റെ അനുഭൂതി സമൃദ്ധമായ ജൈവപരതയെ മഹത്വവത്ക്കരിക്കുന്ന ഈ നോവല്‍ ഇന്നത്തെ സ്ത്രീപക്ഷവായനയില്‍ ഒരു പക്ഷെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയേക്കാം. കാരണം അതില്‍ ഒരേ സമയം നായകനും നായികയുമാകുന്ന ഭംഗാസുന രാജാവ് (പേര് അതുതന്നെയൊ എന്ന് നിശ്ചയമില്ല) സ്ത്രീയേയും പുരുഷനേയും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ തനിക്ക് ഒരു പെണ്ണിന്റെ ജീവിതമാണ് അഭികാമ്യമായിട്ടുള്ളത് എന്ന് പറയുന്നു. ലൈംഗികബന്ധത്തില്‍ പുരുഷനേക്കാള്‍ സ്ത്രിയൂടെ ധാരമുറിയാത്ത ഒരു അനുഭൂതിമണ്ഡലത്തിന്റെ ജൈവസാന്നിധ്യത്തെ തണുവു വറ്റാത്ത മഴനിഴല്‍പ്രദേശങ്ങളെ ലോകത്തിനുമുന്‍പില്‍ തുറന്നുവയ്ക്കുന്നുണ്ട് ആ നോവല്‍. അച്ഛനാവുന്നതിനുമുപ്പുറം ഒരു അമ്മയാവുന്നതിന്റെ അനുഭൂതിയെ മഹത്തരമെന്ന് പറയുന്നു ആ നോവലിലെ സ്ത്രീ കഥാപാത്രം!. കാലിക്കറ്റ് സര്‍വ്വകലാശാല ഏറ്റവും നല്ല ഒരു അമ്മയ്ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ സ്ത്രീ സമത്വവാദികള്‍ രോക്ഷം കൊള്ളുന്നതുകണ്ടു. തസ്ലീമ നസ്‌റീന്റെ പ്രതികരണമായിരുന്നു പല പ്രതികരണത്തിന്റേയും ആണിക്കല്ല് എന്ന് കരുതുന്നു. മാതൃത്വത്തെ മഹത്വവത്ക്കരിക്കുന്നതിലൂടെ സ്ത്രീയുടെ വിദ്യഭ്യാസപരവും സാമൂഹികവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യത്തെ അപനിര്‍മ്മിക്കുകയാണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. സ്ത്രീതന്നെ തന്റെ സ്വത്വബോധത്തെ അപനിര്‍മ്മിക്കപ്പെടുന്ന കാഴ്ചയാണ് എനിക്കിതില്‍ കാണാനാവുന്നത്. അതല്ലെങ്കില്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കപ്പെടുന്ന സ്ത്രീസമത്വവാദങ്ങളുടെ പൊള്ളയായ ഒരു പരിച്ഛേദമാണിത്. മാതൃത്വത്തെ അടിച്ചേല്‍പ്പിക്കുകയും അതാണ് മഹത്തരം എന്ന ബോധ്യം സ്ത്രീയില്‍ ഉണ്ടാകുന്നതോടെ അവളുടെ സ്വാതന്ത്ര്യബോധത്തില്‍ പ്രതിലോമകരമായ മാറ്റങ്ങള്‍ ഉണ്ടായിപ്പോകുന്നു എന്ന കണ്ടുപിടുത്തം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഢിത്തങ്ങളിലൊന്നായി ഞാന്‍ കാണുന്നു. മാതൃത്വം ജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു അവസ്ഥയാണ്. പക്ഷെ അത് വളരെ അനിവാര്യമായ ഒന്നാണെന്നൊ അടിച്ചേല്‍പ്പിക്കപ്പെടേണ്ട ഒന്നാണെന്നൊ അര്‍ത്ഥമാക്കേണ്ടതില്ല. ഒരു ലൈംഗിക ബന്ധത്തിനുശേഷം ഉണ്ടാകുന്ന ഒരവസ്ഥയാണ്. മാതൃത്വം ആടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല. കുടുംബവ്യവസ്ഥയില്‍ അത് ഒരു അനിവാര്യതയാണെന്ന് രീതിയിലാണ് കാര്യങ്ങെളെങ്കില്‍പോലും. പണ്ടൊരിക്കല്‍ പള്ളുരുത്തി ബാങ്ക് കവര്‍ച്ചക്കേസില്‍ തെറ്റുകാരനായ മകനെ സമൂഹത്തിന് മുന്നില്‍കൊണ്ട് നിര്‍ത്തിയ ഒരമ്മയെ ഓര്‍ത്തുപോകുന്നു. മൂല്യവത്തായ ഒരു സമൂഹനിര്‍മ്മിതിയില്‍ ഒരു അമ്മയുടെ പങ്കിനെ (ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അച്ഛന്റേതും, ഒരു അദ്ധ്യാപകന്റേതുമൊക്കെ സ്ഥാനം മഹത്തരമാണ്) അതിന്റെ മാഹത്വത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ ഒരു വലിയ സന്ദേശം സമൂഹത്തിന് ലഭിക്കുന്നുണ്ട്. തീര്‍ച്ചയും ഒരു നല്ല അമ്മയ്ക്ക് മാത്രം പുരസ്‌കാരം കൊടുത്താല്‍ പോരെ ഒരു നല്ല അച്ഛനേയും നല്ലൊരു അദ്ധ്യാപകനേയും ഇതോടു ബന്ധപ്പെട്ട് തിരഞ്ഞെടുത്ത് ആദരിക്കണം. ഇതിലൊന്നും സ്ത്രീപുരുഷ സ്ഥിതിസമത്വത്തിന് എതിരായി ഒന്നുമില്ല. നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു സര്‍വ്വകലാശാല ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തതില്‍ ഒരു അനൗചിത്യവുമില്ല. അമ്മയ്ക്ക് അവാര്ഡ്‌കൊടുത്താല്‍ സ്ത്രീയുടെ സ്ഥിതിസമത്വം ഇടിഞ്ഞുവീഴുമെങ്കില്‍ നല്ല അച്ഛനെ തിരഞ്ഞെടുത്താല്‍ നാളെ പുരുഷകേസരികളുടെ സ്വാതന്ത്ര്യബോധം പൊയ്‌പോകുമോ..? ലിംഗപരമായ പ്രത്യേയശാസ്ത്രവബോധങ്ങളും ആവിഷ്‌ക്കരണത്വരയും ഒരു പരിധിവിടുമ്പോള്‍ എത്ര വികലമായ വീക്ഷണങ്ങളേയാണ് ഉത്പാദിപ്പിക്കുന്നത് എന്നതിന്റെ ഒരു നേര്‍സാക്ഷ്യമാണ്
മിനി സുകുമാരന്‍ എഴുതിയ മാതൃഭൂമി ലേഖനം. ലിംഗപരതയുള്ള ഒരു സംഭവത്തെ കിട്ടാന്‍ ജാഗരൂകരായിരിക്കുകയാണ് സ്ത്രീ സമത്വവാദികള്‍, സ്ത്രീയുടെ സ്വാതന്ത്യബോധത്തെ കൊട്ടിഘോഷിക്കാനെന്നപേരില്‍ 'വിടുവായ്' ലേഖനങ്ങളെഴുതാന്‍.
ആഷാമേനോന്‍
ടി.ഡി. രാമകൃഷ്ണന്റെ ഇട്ടിക്കോര ഓരോ തവണ വായിക്കാനെടുക്കുമ്പോഴും കഥയുടെ ഒന്നാംപേജിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരാന്‍ ഒരു വ്യഗ്രതയാണ്. ആഷാമേനോന്റെ അതി കഠിനമായ അവതാരിക കടന്നുവേണം ടി.ഡി.ആറിന്റെ ലളിതവും ഭ്രമാത്മകവുമായ ഇട്ടിക്കോരയിലെത്താന്‍. ഉരുക്കുപോലുള്ള അവതാരികയില്‍ മുട്ടിടിച്ചുവീഴാതെ എത്രപേര്‍ ഇട്ടിക്കോരയിലെത്തിയെന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത്ര ലളിതമായ, വച്ചുകെട്ടുകളൊ ഭാഷാ ഗിമ്മിക്കൊ ഇല്ലാത്തൊരു നോവലിന് സത്യസന്ധമല്ലാത്ത വേണ്ടതിലുംകൂടുതല്‍ അക്കാദമിക് ജാഢയുമായി ഒരു അവതാരിക ആ പുസ്തകത്തിന് ഒട്ടും അനുയോജ്യമല്ല. ഒരു കൃതിയെ അവതരിപ്പിക്കല്‍ മാത്രമാണ് അവതാരകന്റെ ജോലി അതിലപ്പുറത്തുള്ള ഏതൊരു കൈക്രിയയും അസ്ഥാനത്തുള്ളതാണ്.
സന്തോഷ് എച്ചിക്കാനം
സന്തോഷിന്റെ പുതിയ കഥ 'കലാതിലകം' മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വായിച്ചു. അതിലെ തൂപ്പുകാരി സതി യെന്ന എക്‌സ്ട്രാ ഓര്‍ഡിനറി കഥാപാത്രത്തെ ചോദ്യചെയ്യാന്‍ ഒരു വായനക്കാരനും കഴിയില്ല. ഇത്തരം കഥാപാത്രങ്ങളെ കാണാനും പരിചയപ്പെടാനും കഴിയുന്നത് തന്നെ ഭാഗ്യം. അതോടൊപ്പം പാത്രസൃഷ്ടിയിലും അഖ്യാനത്തിലും സന്തോഷ് പ്രദര്‍ശിപ്പിക്കുന്ന കയ്യടക്കവും മിതത്വവും മറ്റു കഥാകൃത്തുക്കള്‍ കണ്ടുപഠിക്കേണ്ടതാണ്. പക്ഷെ ഷര്‍മ്മിള എന്ന സ്റ്റീരിയോടൈപ്പിനെ രക്ഷിക്കാന്‍ സന്തോഷിന് സാധിച്ചില്ല. കഥാപാത്രങ്ങളായി രണ്ടു ഫെമിനിസ്റ്റുകളുണ്ടെങ്കിലും ഇതൊരു ഫെമിനിസ്റ്റ് കഥയല്ല. ഷര്‍മ്മിളയുടെ തിളങ്ങിനില്‍ക്കുന്ന സിന്ദൂരരേഖപോലെ കഥയുടെ സാമ്പ്രദായിക സംവേദനത്തില്‍ നിന്ന് വേറിട്ടൊരു കഥയനുഭവമാക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നില്ല
ജുഹുവില്‍ ഒരു രാത്രി
അഞ്ചാം തരത്തിലൊ ആറിലൊ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു മലയാള പാഠപുസ്തകത്തില്‍ എസ്.കെ. പൊറ്റക്കാടിന്റെ ജുഹുവിലെ ഒരു രാത്രിയെക്കുറിച്ച് ഒരു പാഠമുണ്ട്. മുംബൈയിലെ പ്രശസ്തമായ ബീച്ചാണ് ജുഹു. പഞ്ചനക്ഷത്രഹോട്ടലുകളും സുഖവാസ കേന്ദ്രങ്ങളുമുള്ള മുംബൈയുടെ ജുഹുവിനെക്കുറിച്ച്, അവിടുത്തെ പഞ്ചാരമണലിനെക്കുറിച്ച്, മലര്‍ന്ന് കിടക്കുന്ന വിദേശികളെക്കുറിച്ചൊക്കെ അതില്‍ എസ്.കെ. പൊറ്റക്കാട് പറയുന്നതോര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവാസിയായതിനുശേഷം ഒരു സായാഹ്നം ചിലവിടാന്‍ ജുഹുവിലേക്ക് തിരിക്കുമ്പോള്‍ പൊറ്റക്കാടിന്റെ ജുഹുരാത്രിയാണ് ഓര്‍ത്തത്. പക്ഷെ എന്നെ കാത്തിരുന്നത് പൊറ്റക്കാടിനവേണ്ടി കടല്‍വിരിച്ച പഞ്ചാരമണലായിരുന്നില്ല. കടല്‍ കറുപ്പിനേക്കാള്‍ കറുത്തുപോയിരിക്കുന്നു. ഓരോ തിരിയിലും ഒരു നൂറ്റാണ്ടിന്റെ മാലിന്യവുമായി തിരകള്‍ വന്നുംപോയുമിരുന്നു. തിരയില്‍ കാല്‍പദം വയ്ക്കാന്‍ പോലും ഞാനറച്ചുപോയി.... കടല്‍തീണ്ടിയ കാറ്റിനുപോലും വഴുവഴുപ്പുള്ളതുപോലെ തോന്നി. ദേഹംമാസകലം ചളിമൂടിയതുപോലെ ഒരു പ്രതീതി. പൊറ്റക്കാട് മരിച്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറം അദ്ദേഹം തൊട്ടുകടന്നുപോയ ഹരിതാഭമായിരുന്ന ഒരോ ഭൂഖണ്ഡങ്ങളുടേയും അവസ്ഥ ഇതായിരിക്കുമൊ? എന്നോര്‍ത്ത് ഞാന്‍ വ്യസനിച്ചു.
ഗൌരവമായ വായനയ്ക്ക് ഒരിടം. കൂടുതല്‍ വായനക്കാരെത്തട്ടെ എന്ന് ആശംസിക്കുന്നു.
മറുപടിഇല്ലാതാക്കൂഒരു പാങ്ങും ഇല്ലല്ലോ... :) അത്രയ്ക്കും...
മറുപടിഇല്ലാതാക്കൂനല്ല വായന ...നന്നായി എഴുതി ...ആശംസകൾ ...
മറുപടിഇല്ലാതാക്കൂഇതാണ് എന്റെ ബ്ലോഗ് സ്വാഗതം ...
http://www.vithakkaran.blogspot.in/
ഒറ്റ വായനയില്‍ തീരാത്ത നിരീക്ഷണങ്ങള്‍ . കൊള്ളാം ട്ടോ .
മറുപടിഇല്ലാതാക്കൂനന്ദി ഈ നല്ല വിശകലനത്തിനു
മറുപടിഇല്ലാതാക്കൂഈ തുറന്നു പറച്ചിലിനു നന്ദി..
മറുപടിഇല്ലാതാക്കൂഎനിക്കിഷ്ടപെട്ടു ഈ എഴുത്ത് ....നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍ സുഹൃത്തേ ...
മറുപടിഇല്ലാതാക്കൂസംഭവം തന്നെ//
മറുപടിഇല്ലാതാക്കൂഈ ആഴ്ച്ച കൂടുതൽ നന്നായി .... വളരെ സന്തോഷം
മറുപടിഇല്ലാതാക്കൂകൃഷ്ണന് നായര്‍ മരിച്ചിട്ടില്ല അല്ലെ ?
മറുപടിഇല്ലാതാക്കൂനന്നായി ...
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനിരൂപണം വല്ലാത്ത മേഖലയാണ് പല നിരൂപണത്തിന്റെയും കാതലായ പ്രശ്നം കൃതിയോടൊപ്പം അതിന്റെ കർത്താവും നിരൂപണ വിധേയമാകും എന്നുള്ളതാണ്. നിരൂപകൻ കുടിച്ച കാപ്പിയുടെ കുഴപ്പം പോലും കൃതിയുടെ തലയിൽ വീഴുന്നതും കാണാറുണ്ട്. അതൊന്നും ഇല്ലാതെ ഇങ്ങനെ ഒരു സംരംഭം മുന്നോട്ടു പോകട്ടെ. ഇത് ഒരു അവലോകനത്തിന്റെ തലത്തിൽ എഴുതുന്നതായത് കൊണ്ട് വായനക്ക് ആസ്വാദ്യത ഏറെ ഉണ്ട്
മറുപടിഇല്ലാതാക്കൂഎഴുത്തിനെക്കാള് മഹത്തരമാണ് വായന.സത്യം.
മറുപടിഇല്ലാതാക്കൂഎഴുതാന് ഇപ്പൊ ആളുകള്‍ ഏറെ...വായിക്കാനാണ് ആളുകള്‍ കുറവ്...വായന എന്നും പ്രോല്സാഹിക്കപ്പെടട്ടെ..വായന ഇല്ലാതെ എന്ത് നിരൂപണം?
മറുപടിഇല്ലാതാക്കൂഉപരിപ്ലവമായി പറഞ്ഞുപോവാതെ ആഴത്തിൽ പഠിച്ചുള്ള നിരീക്ഷണങ്ങൾ കൊണ്ട് സമ്പന്നമായ ബ്ലോഗ്. ഗൗരവമുള്ള വായനക്ക് ഒരിടം....
മറുപടിഇല്ലാതാക്കൂഓര്മ്മയില് വരുന്നത്, ഇന്നാര്‍ക്കൊക്കെ 'കൊട്ടുകിട്ടും' എന്ന ആകാംക്ഷയോടെ വായിക്കുന്ന എം.കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലമാണ്........
മറുപടിഇല്ലാതാക്കൂഗൌരവമേറിയ വായനയ്ക്ക് നല്ലൊരിടം!
ആശംസകള്‍
Good post, :-) thankyou :-)
മറുപടിഇല്ലാതാക്കൂഒരു പാങ്ങുമില്ല!! :) എഴുത്തിനേക്കാള്‍ വായന തന്നെ പഥ്യം! :) നന്ദി
മറുപടിഇല്ലാതാക്കൂഎം കൃഷ്ണന്‍ നായരുടെ സാഹിത്യവാര ഫലം മുടങ്ങാതെ വായിച്ചിരുന്നു പണ്ട്.
മറുപടിഇല്ലാതാക്കൂഇത് ഗൌരവത്തോടെ വായിച്ചു വീണ്ടും വായിച്ചു.
നിരൂപണം എഴുതുകയെന്നത് അനായസകരമല്ല .വളരെ സൂക്ഷ്മമായി രചന വായിക്കുകയും ആ രചനയുടെ മേന്മയും പോരായ്മകളും വിശകലനം ചെയ്യപെടുകയും ചെയ്തിരിക്കുന്നു ആശംസകള്‍
മറുപടിഇല്ലാതാക്കൂ