അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017 ഏപ്രിൽ 16, ഞായറാഴ്‌ച

മനുഷ്യന്റെ രണ്ടു ഭൂപടങ്ങള്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു നട്ടുച്ചയില്‍ ഫിസിക്‌സ് ക്ലാസ്സില്‍ ഉറക്കത്തിലേക്ക് പുതുക്കെ വഴുതിവീണുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ബോധമനസ്സിലേക്ക് രജമ്മ ടീച്ചര്‍ പറഞ്ഞ ചിലവാക്കുകള്‍ ചേക്കേറിയത്. ശബ്ദത്തെക്കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്സ്. എന്താണ് ശബ്ദം? കമ്പനം എന്നാലെന്ത്, എങ്ങിനെയാണ് ശബ്ദം സഞ്ചരിക്കുന്നത്? അങ്ങിനെ ഒട്ടേറെ ചോദ്യങ്ങള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ടീച്ചര്‍ ഇറക്കിവിടുന്നു. വലിയ കൗതുകമൊന്നും തോന്നിയില്ലെങ്കിലും, എന്താണ് സംഗീതവും ഒച്ചയും തമ്മിലുള്ള വ്യത്യാസം? എന്നൊരു ചോദ്യംകൂടി ടീച്ചര്‍ എടുത്തു പുറത്തിട്ടു. എന്തുകൊണ്ടെന്നറിയില്ല എന്റെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ പതുക്കെ ടീച്ചറിന്റെ വാക്കുകളിലേക്ക് കണ്‍തുറന്നു. ടീച്ചര്‍ പതുക്കെ ഒരു പാട്ടു മൂളി.... അതിനുശേഷം ബാക്ക് ബെഞ്ചിലിരിക്കുന്ന എന്റെ പേരു വിളിച്ച് അലറി...... എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാന്‍ പകച്ചു നില്‍ക്കവെ ടീച്ചര്‍ പറഞ്ഞു 'ഇപ്പോ മനസ്സിലായോടാ ഉറക്കം തൂങ്ങി ചെറുക്കാ... ശബ്ദവും ഒച്ചയും തമ്മിലുള്ള വ്യത്യാസം?'.
ടീച്ചര്‍ പറഞ്ഞു 'ക്രമമായി ഒഴുകുന്ന ശബ്ദമാണ് സംഗീതം. എന്നാല്‍ ക്രമരഹിതമായി വരുന്ന ശബ്ദമാണ് 'ഒച്ച' '. ഒരുപക്ഷെ ആ വര്‍ഷത്തെ ഫിസിക്‌സ് പരീക്ഷയില്‍ ഞാന്‍ തോറ്റുപോയൊ ഇല്ലയൊ എന്ന് ഞാനോര്‍ക്കുന്നില്ല. എന്നാല്‍ അന്നത്തെ ക്ലാസ്സില്‍ ടീച്ചര്‍ പറഞ്ഞ സംഗീതത്തെക്കുറിച്ചുള്ള, മേല്‍പ്പറഞ്ഞ പ്രസ്ഥാവനയെ ഞാന്‍ പല രീതിയില്‍ ജീവിതവുമായി തട്ടിച്ചു നോക്കുകയുണ്ടായി. ശബ്ദത്തിലെ ക്രമവും ക്രമരാഹിത്യം രണ്ട് വ്യത്യസ്ത മാനങ്ങള്‍ സൃഷ്ടിക്കുന്നത് എന്നെ ഏറെ സ്വാധീനിച്ചു എന്നു പറയാതിരിക്കാനാവില്ല. സംഗീതം മനുഷ്യനെ ആകര്‍ഷിക്കുന്നു. ക്രമരഹിതമായ 'ഒച്ച' മനുഷ്യനെ വികര്‍ഷിക്കുന്നു. ഈ അവസ്ഥയെ ജീവിതത്തിന്റെ പല മാനങ്ങളില്‍ നിന്നു നോക്കുമ്പോള്‍ അതിന് പല അര്‍ത്ഥങ്ങളുണ്ട്. രജമ്മ ടീച്ചര്‍ പറഞ്ഞ ശബ്ദത്തിന്റെ നിര്‍വ്വചനം 'ശബ്ദത്തെ' മാത്രം സംബന്ധിക്കുന്ന ഒന്നല്ല അത് ജീവിതത്തിന്റെ സമസ്ഥമേഖലയേയും സംബന്ധിക്കുന്ന ഒന്നാണ് എന്ന് എനിക്ക് അന്ന് വെറുതെ തോന്നി.
കൗമാരക്കാലമായിരുന്നു അത്. മനസ്സില്‍ പുതിയ ചിന്തകള്‍ ഉടലെടുക്കുന്ന കാലം. ദിവാസ്വപ്‌നങ്ങളിങ്ങനെ ഒന്നിനുപിറകെ ഒന്നായി തലയില്‍ കൂടുകൂട്ടിയ കാലം. ഏകാന്തതയോട് ഭ്രാന്തമായ അഭിനിവേശം തോന്നിത്തുടങ്ങിയ കാലം. ദിവാസ്വപ്‌നങ്ങള്‍ മാത്രമായിരുന്നില്ലത്. ചെറിയ ചില ചിന്തകള്‍ ലോകത്തിന്റെ പരമ കാഷ്ടകളിലൂടെ സഞ്ചരിക്കുമായിരുന്നു. ഉള്ളിലെന്നുമൊരാള്‍ സംസാരിച്ചുകൊണ്ടിരുന്നു. അത് ഞാനാരാധിക്കുന്ന ദൈവമാണെന്ന് ഞാന്‍ വിശ്വസിച്ചു.
അമ്മ പറയുമായിരുന്നു 'ഈ ചെക്കന് ഒന്നിനും ഒരു ശ്രദ്ധയുമില്ല. ഇതിങ്ങിനെതന്നെ ആകുമോ എന്റെപ്പാ...'
മനസ്സില്‍ കനപ്പെട്ട ചിന്തകള്‍ ഇങ്ങിനെ ചുനകുത്തുന്നത് അമ്മയ്ക്കറിയില്ലല്ലൊ.

സംഗീതവും ഒച്ചയും
ജീവിതത്തിന്റെ ക്രമത്തേയും ക്രമരാഹിത്യത്തേയും കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ജലം നീരാവിയായി-ഘനീഭവിച്ച് മേഘങ്ങളായി വീണ്ടും ഘനീഭവിച്ച് മഴയായി അത് മലയുടെ മസ്തകത്തില്‍ പെയ്തിറങ്ങി-അരുവികളും കൈത്തോടുകളും ചേര്‍ന്ന് വന്‍നദിയായി.... ഒഴുകുന്നതിന്റെ സങ്കീര്‍ണ്ണമായ-ക്രമത്തിന്റെ, സംഗീതത്തിന്റെ അനാദിയായ ജൈവസ്വരമാധുരിയെക്കുറിച്ച് ഞാനൊരുപാട് ചിന്തിച്ചു. അതോടൊപ്പം ലോകത്തിലെ ക്രമരാഹിത്യങ്ങളെ 'ഒച്ച'യെക്കുറിച്ച് ഒരുപാട് ആധിപ്പെട്ടു. ശ്രീലങ്കയില്‍ മനുഷ്യക്കുരുതികള്‍ നടക്കുന്ന ഒരു കാഘട്ടമായിരുന്നു അത്. കാട്ടുകള്ളന്‍ വീരപ്പനെ തേടി ദൗത്യസംഘം കാടടക്കി വെടിവെക്കുന്ന കാലം. ടീവിയില്‍ രാമാനന്ദ് സാഗറിന്റെ രാമായണം മെഗാ പരമ്പര കഴിഞ്ഞതിനു ശേഷം മഹാഭാരതം തുടങ്ങിയിരുന്നു. വിശ്വാമിത്രന്‍, സിഗ്മ, സൂപ്പര്‍ സിക്‌സ് അങ്ങിനെ ഞായറാഴ്ച്ച ഉച്ചവരെ പ്രോഗ്രാമുകളാണ്. വീട്ടില്‍ ടീവി ഇല്ലാത്തതുകൊണ്ട് അടുത്തവീട്ടിലാണ് ടീവി കാണല്‍. അന്നത്തെ ഞായാറാഴ്ച്ച ഞാന്‍ ലോകത്തിന്റെ ക്രമത്തേയും ക്രമരാഹിത്യത്തേയും കുറിച്ച് കുലങ്കഷമായ ചിന്തയില്‍ മുഴുകി.
ലോകം മൊത്തം വലിയൊരു ക്രമത്തിലങ്ങിനെ ഒഴുകുകയാണെന്നൊന്നും ഞാന്‍ വിശ്വസിച്ചില്ല. ലോകം ക്രമക്കേടുകളുടേതും കൂടിയാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ചിന്തിച്ചത് പ്രധാനമായും ലോകത്തിന്റെ ക്രമത്തെക്കുറിച്ചും ക്രമരാഹിത്യത്തെക്കുറുച്ചും മാത്രമായിരുന്നില്ല. അങ്ങിനെ ചിന്തിച്ചാല്‍ എവിടെയും എത്തില്ല എന്ന ബോധം എന്നെ മറ്റൊരു വഴിയിലേയ്ക്ക് തിരിച്ചുവിട്ടു. പ്രധാനമായും മനസ്സിലുണ്ടായിരുന്ന ചോദ്യമിതായിരുന്നു 'എങ്ങിനെ ജീവിതത്തിന്റെ ക്രമമുണ്ടാക്കാം? ആരാണ് ജീവിതത്തില്‍ സംഗീതം സൃഷ്ടിക്കുന്നത്? സംഗീതം വെറും ശബ്ദത്തെ സംബന്ധിക്കുന്നതല്ല. അത് ഒരു മനുഷ്യന്റെ ഉള്ളിലെ താളബോധമാണ്. ഒരു കവിയുടെ ഉള്ളില്‍ ഒരു കലാകാരന്റെ ഉള്ളില്‍ അവന്റെ ക്രമരഹിതമായ ബോധരൂപങ്ങളെ ക്രമപ്പെടുത്തുന്ന ഒരു വലിയ ആന്തരിക ശക്തിയുണ്ട്.
നല്ലരീതിയില്‍ ജീവിച്ചുവരുന്ന ഒരു സാധാരണ കുടുംബസ്ഥനെ സങ്കല്‍പ്പിക്കുക-നല്ല ജീവിത ക്രമം പിന്‍തുടര്‍ന്നു വന്നിരുന്ന ആയാളുടെ ജീവിതത്തില്‍ ചില ആകസ്മികതകള്‍ ഉണ്ടാകുന്നു എന്നിരിക്കട്ടെ. അയാള്‍ക്ക് പിന്നീട് എന്തു സംഭവിക്കും? സമ്മര്‍ദ്ദങ്ങള്‍ വന്നുകൂടുന്നതിനനുസരിച്ച് അയാളുടെ ജീവിതക്രമം തെറ്റിപ്പോകാം... അയാള്‍ക്ക് ഭ്രാന്തുതന്നെ പിടിച്ചെന്നുവരാം. ആരാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന സംഗീതത്തിനെ വലിയൊരു ഒച്ചയാക്കി മാറ്റിയത്. ഇനിയെങ്ങിനെ അയാള്‍ സ്വന്തം ജീവിതത്തില്‍ വന്നുചേര്‍ന്ന-അലങ്കോലപ്പെട്ട സ്വജീവിതത്തെ ക്രമപ്പെടുത്തും. അത് അനായാസം സാധിക്കുന്നതാണോ? ജീവിതത്തിന്റെ ഒച്ചയെ സംഗീതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുമൊ? അതിന് അനുസന്ധാനമായി എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവരുന്നത്. ആരാണ് അതിന് അദ്ദേഹത്തെ സഹായിക്കുന്നത്?

ഒന്നും ചെയ്യാനില്ലാത്ത സമയത്ത് മനസ്സ് കൊതിക്കും ഇന്ന് കുറച്ചു പാട്ടുകള്‍ കേള്‍ക്കാം. പാട്ടുകള്‍ കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സ് കൂടുതള്‍ താളബദ്ധമാകുന്നു, അപ്പോള്‍ തോന്നും ഇന്ന് എഴുതാന്‍ നല്ല മൂഡ് ഉണ്ട് വല്ലതും എഴുതാം.... അങ്ങിനെ അറിയാതെ മറ്റൊരു തലത്തിലേക്ക് പോകുകയായി. അപ്പോഴാണ് നാട്ടില്‍ നിന്ന് അമ്മയൊ ബന്ധുക്കളൊ വിളിച്ച് തികച്ചും അപ്രതീക്ഷിതമായ ചില വാര്‍ത്തകള്‍ തരുന്നത്. പിന്നീടങ്ങോട്ട് അസ്വസ്ഥതകളായി. എഴുത്തുപോയി, അതുവരെ മനസ്സില്‍ തളംകെട്ടി നിന്ന സംഗീതം പോയി... അന്നത്തെ ദിവസം വലിയ 'ഒച്ച'യായി.

മുംബൈ മഹാനഗരം വലിയൊരു ശബ്ദസംസ്‌കാരത്തെ കൊണ്ടുനടക്കുന്ന നഗരമാണ്. അര്‍ദ്ധരാത്രിയായാലും തെരുവുകളില്‍ വലിയ വലിയ ഡോളുകള്‍ കൊട്ടിക്കൊണ്ട് ശബ്ദമുണ്ടാക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന മാറാത്ത ജനത. ഇവിടെ മുംബൈ നഗരത്തിന്റെ അടിസ്ഥാന ജനതയായ കോളികളുടെ സംഗീതത്തെ അടുത്തറിയുമ്പോള്‍ നമ്മുടെ സംഗീതത്തെക്കുറിച്ചുള്ള ചിരകാല വിശ്വാസങ്ങള്‍ തകര്‍ന്നുപോകുന്നു. ഭീകരമായ ശബ്ദത്തിലാണ് ഇവരുടെ എല്ലാ ആഘോഷങ്ങളും. ആഘോഷമെന്നാല്‍ ഇവര്‍ക്ക് ഒച്ചയാണ്. സ്വച്ഛസുന്ദരമായ കേരളത്തില്‍ നിന്നുവന്നവര്‍ക്ക് അവരുടെ സംഗീതം ഒരുപക്ഷെ ഒച്ചയായി അനുഭവപ്പെടാം. പക്ഷെ അഞ്ചൂറ് ഡെസിബലില്‍ അവരുടെ വലിയ പാട്ടുപെട്ടികള്‍ നിലവിളിക്കുന്നു അതിനു ചാരെ നിന്ന് അവര്‍ ആഹ്ലാദ നൃത്തം ചവിട്ടുന്നു! ഇവര്‍ക്ക് ഇതെങ്ങിനെ സാധിക്കുന്നു. ഇവര്‍ സംഗീതബോധമില്ലാത്തവരാണെന്നു കരുതണമൊ?
സംഗീതത്തിന്റെ നിര്‍വ്വചനങ്ങള്‍ തെറ്റിപ്പോകുന്നത് ഇവിടെയാണ്. മുംബയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ പലപ്പോഴും ഞാന്‍ രാജമ്മ ടീച്ചറിനേയും അന്നത്തെ ഫിസിക്‌സ് ക്ലാസ്സും ഓര്‍ക്കാറുണ്ട്. ക്രമരഹിതമായ ശബ്ദം ഇവിടെ സംഗീതമാകുന്നു. ജീവിതത്തിന്റെ ക്രമങ്ങളില്‍ നിന്ന് ക്രമരാഹിത്യങ്ങളിലേക്ക് സ്വയം എടുത്തുചാടുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹം. ഇതേ നഗരത്തില്‍തന്നെയാണ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലങ്കുഴല്‍ വാദനംകേട്ടുകൊണ്ട് ജീവിതക്രമങ്ങളിലേക്ക് കണ്‍തുറക്കുന്ന സംഗീതപ്രേമികളുമുള്ളത്. ഈ വൈരുദ്ധ്യം എന്നെ സംബന്ധിച്ചിടത്തോളം സംഗീതത്തെ മാത്രം സംബന്ധിക്കുന്ന ഒന്നല്ല. പതിവുപോലെ ഇത് ജീവിതത്തിന്റെ സമസ്ഥഭാവങ്ങളേയും സംബന്ധിക്കുന്നതാണെന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. മുംബൈയിലെ കോളി ജനതയുടെ ശബ്ദസംസ്‌കാരവും, മൗനത്തിന്റെ അനാദിയായ അണുവില്‍ നിന്ന് ഉത്ഭവിച്ചതാണ് 'സംഗീതം' എന്നു വിശ്വസിക്കുന്ന വരിഷ്ടജനത എന്ന് സ്വയം അഭിമാനിക്കുന്നവരും മുംബൈയില്‍ ഒരുമിച്ചു ജീവിക്കുന്നു. മനുഷ്യന്റെ രണ്ടു ഭൂപടങ്ങളാണ് ഇവര്‍.
ഞാന്‍ താമസിക്കുന്ന മുംബൈയിലെ ഉപനഗരത്തിലെ തെരുവിലൂടെ ഒരു വിവാഹപ്പാര്‍ട്ടി നടന്നുനീങ്ങുന്നു. വലിയ ഡോളുകള്‍ അടിച്ച് ശബ്ദമുഖരിതമായിരുന്നു തെരുവ്. വധൂവരന്മാരുടെ തൊട്ടുമുന്‍പില്‍ കുറച്ചു സ്ത്രീകള്‍ നൃത്തം വയ്ക്കുന്നു. ഒരു കേരളീയനെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂര്‍വ്വകാഴ്ചയാണ്. സ്ത്രീകള്‍ ഏതൊരാഘോഷത്തിന്റെ പേരിലാണെങ്കിലും പൊതുനിരത്തില്‍ നൃത്തം ചെയ്തുകണ്ടിരുന്നില്ല. നൃത്തം ചെയ്യുന്നവര്‍ക്കിടയില്‍ ഞങ്ങളുടെ അയല്‍പക്കത്ത് വീട്ടുജോലികള്‍ക്കെത്തുന്ന ഒരു പാവം മൗശിയുമുണ്ടായിരുന്നു. മൂന്ന് പെണ്‍മക്കളുള്ള, നല്ലപ്രായത്തില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു സാധു സ്ത്രീ. കാഴ്ചയില്‍ ഒരു നാണം കുണുങ്ങി. അവര്‍ ആ വിവാഹ സംഘത്തില്‍ ഗംഭീരമായി നൃത്തം ചെയ്യുന്നതുകണ്ടു. ഒരു നാണമൊന്നുമില്ല... അല്ലെങ്കില്‍ത്തന്നെ ഇതില്‍ നാണക്കാനെന്തിരിക്കുന്നു! നമ്മള്‍ മലയാളികളുടെ കോംപ്ലക്‌സുകളൊക്കെ ഒരല്‍പസമയം ഉള്‍വലിഞ്ഞുപോകും. എപ്പോഴും ജീവിതത്തിന്റെ ദുരിതങ്ങളെക്കുറിച്ച് പറയുകയും കരയുകയും ചെയ്തിരുന്ന മൗശി. ഇപ്പോള്‍ കരയും എന്നൊരു പ്രതീതി അവര്‍ സംസാരിക്കുമ്പോള്‍ അതു കേള്‍ക്കുന്നവര്‍ക്കു തോന്നും. കണ്ണീരിന്റെ ചെറിയൊരു കാര്‍മേഘം അവരുടെ കണ്ണുകളില്‍ എപ്പോഴും വിങ്ങിനിന്നിരുന്നു. എത്രപെട്ടെന്നാണ് അവര്‍ മറ്റൊരു അവസ്ഥയിലേക്ക് രൂപം മാറിയത്. നല്ലതുതന്നെ... അങ്ങിനെ വേണം മനുഷ്യരായാല്‍. ഇങ്ങിനെ മാറാനുള്ള കഴിവ് എല്ലാ സമൂഹത്തിലേയും സ്ത്രീകള്‍ക്ക് ഉണ്ടെന്നു കരുതുക വയ്യ.
കേരളത്തില്‍ ഭര്‍ത്താവ് മരിച്ച ചിലസ്ത്രീകള്‍ എല്ലാത്തില്‍നിന്നും സ്വാമധേയ ഉള്‍വലിഞ്ഞു ജീവിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു ആഘോഷവേളയില്‍ അല്‍പസമയമെങ്കിലും ഇതുപോലുള്ള ഡോളുകളുടെ സംഗീതത്തില്‍ മതിമറന്ന് അവര്‍ നൃത്തം വയ്ക്കാത്തതെന്തുകൊണ്ടാണ്. എന്തുകൊണ്ടാണ് നമുക്കു തൊട്ടുമുന്‍പിലുള്ള ജീവിതത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളെ നമ്മള്‍ നിര്‍ന്നിമേഷമായി അവഗണിക്കുന്നത്. ഇത് നമ്മുടെ സംഗീതബോധത്തിന്റെ പ്രശ്‌നമാണോ?. നമ്മുടെ സംസ്്കാരത്തിന്റെ പ്രശ്‌നമാണൊ?. സാമൂഹത്തിലെ ചില ദുര്‍നീതികള്‍ നമ്മളെ ഇങ്ങിനെ ആക്കിയതാണൊ?. ഒരുപക്ഷെ 'കുലസ്ത്രീ' കോംപ്ലക്‌സുകള്‍ ഒരു കാരണമാകാം. നമ്മുടെ സംഗീതവും ആഹ്ലാദങ്ങളും ഒരു പ്രത്യേക രീതിയില്‍ മാത്രമുള്ളതാണെന്നൊരു പൊതുബോധം നമ്മളെ ഭരിക്കുന്നുണ്ട്. ഇതിന്റെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ. ഒച്ചയും ബഹളവും ഇഷ്ടമില്ലാത്തതുകൊണ്ടും 'ഫൈന്‍ ആര്‍ട്ട്‌സ്' മാത്രമെ നമുക്കു ബോധിക്കൂ എന്നതുകൊണ്ടുമാണ് എന്ന് കരുതാന്‍ വയ്യ. നമ്മുടെ സാമൂഹ്യ രീതി നമ്മളെ ഫ്‌ലക്‌സിബില്‍ (Flexible) ആക്കുന്നില്ല എന്നതാണ് സത്യം. നമ്മള്‍ ആഹ്ലാദങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. പക്ഷെ അതിനെ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല. നമ്മുടെ സംഗീതവും നൃത്തവുമൊക്കെ വെള്ളിത്തിരയില്‍ മാത്രം കണ്ട് ശാന്തിയടയുന്നു. പക്ഷെ പുതുതലമുറ ഭൂരിപക്ഷവും അങ്ങിനെയല്ല. യുവതി യുവാക്കള്‍ കുറെകൂടി സോഷ്യല്‍ ആണ്. അവര്‍ ആഹ്ലാദംവരുമ്പോള്‍ നൃത്തം ചെയ്യുന്നു. ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുന്നു. കരച്ചില്‍ വരുമ്പോള്‍ ഉള്ളിലുള്ളതെല്ലാം ഒഴുക്കിക്കളയുന്നു.

ഒച്ച സംഗീതവും, സംഗീതം ഒച്ചയുമാകുന്ന നിമിഷങ്ങളില്‍, ക്രമരഹിതമാകുന്ന സാമൂഹ്യാവസ്ഥകളില്‍, കലാപത്തിന്റെ നാളുകളില്‍, എല്ലാത്തിനും മുകളില്‍ മൗനത്തിന്റെ കാതടപ്പിക്കുന്ന ഏകാന്തതയില്‍ രാജമ്മടീച്ചര്‍ വീണ്ടും കടന്നുവരുന്നു. 'എടാ ബാക്ക് ബഞ്ചിലിരുന്ന് ഉറക്കം തൂങ്ങാതെടാ... ജീവിതമേ നീയെന്ത്?... ഉത്തരം കിട്ടിയൊ.....?' എന്ന് ടീച്ചര്‍ വിളിച്ചു ചോദിക്കുന്നു. കാതടപ്പിക്കുന്ന പെരുമ്പറകളുടെ ഒച്ചയില്‍ എന്റെ കാതുകള്‍ പ്രകമ്പനം കൊള്ളുന്നു.

വാല്‍ക്കഷ്ണം: മുംബൈയിലെ ഡോളുകളുടെ 500 ഡെസിബല്‍ ഒച്ചയില്‍ ആളുകള്‍ നൃത്തം ചെയ്യുന്നതു കാണുമ്പോള്‍ എന്റെ ഉള്ളിലെ ടിപ്പിക്കല്‍ മലയാളിക്ക് ഇപ്പോഴും ദഹിക്കുന്നില്ല. അപ്പോള്‍ ബിസ്മില്ലാ ഖാനെക്കുറിച്ചും ഹരിപ്രസാദ് ചൗരസ്യക്കുറിച്ചുമൊക്കെ പറഞ്ഞ് തര്‍ക്കിക്കും. നിങ്ങള്‍ മഹാരാഷ്ട്രക്കാര്‍ക്ക് സംഗീതബോധമില്ലെന്ന് തര്‍ക്കിച്ചു ജയിക്കാനാണ് ശ്രമം. അതിനു ശേഷം 'പ്രമമെന്നാല്‍ എന്താണുപെണ്ണെ...' എന്ന പാട്ടുവെച്ച് മുറിയടച്ചിരുന്ന് നൃത്തം ചെയ്യും. ഉള്ളില്‍ ഒച്ചയും പുറത്ത് സംഗീതത്തിന്റെ മേമ്പൊടിയുമായി നമ്മളിങ്ങനെ ജീവിതത്തിന്റെ ആഹ്ലാദങ്ങളെ കൊന്നുകളയുന്നു. നമ്മള്‍ ടിപ്പിക്കല്‍ മലയാളികള്‍തന്നെ....

2012 ഡിസംബർ 28, വെള്ളിയാഴ്‌ച

ജീവിതത്തെക്കുറിച്ച് മരണം മനസ്സുതുറക്കുന്നു

ഓര്‍മ്മകളുടെ പച്ചകളഴിച്ച് ആത്മാവ് ഒരുസ്തികൂടം പോലെ ശൂന്യമായിപ്പോകുന്നരവസ്തയിലേക്ക് ഞാന്‍ നടന്നടുക്കുകയാണൊ.  മനസ്സില്‍ നിന്ന്‌
മാഞ്ഞുപോകുന്നത് അധികവും സമീപകാല അനുഭവങ്ങളാണ്. ബാല്യകാലത്തെ അനുഭവങ്ങള്‍ക്ക് നല്ല തെളിമയുണ്ട് - നല്ല ദൂരക്കാഴ്ച്ച.

'അമിതമായി ബാല്യകാലത്തിലെ ഓര്‍മ്മകള്‍ തികട്ടി വരുന്നുവെങ്കില്‍ സൂക്ഷിക്കണം. അല്‍ഷീമേഴ്‌സിന്റെ ലക്ഷണമാണ്' എന്റെ നാട്ടിലെ സുഹൃത്ത് വിളിച്ചപ്പോള്‍ ഒരു തമാശ പറഞ്ഞു.

വര്‍ത്തമാനാവസ്ഥകളില്‍ നിന്നുള്ള ഒരു പടിയിറങ്ങിപ്പോക്ക്. മൂന്നു പതിറ്റാണ്ട് മുന്‍പത്തെ മണ്ണപ്പത്തിലേക്ക്, ഓടിത്തൊട്ട് കളികളിലേയ്ക്ക്, പുസ്തക സഞ്ചികളിലേയ്ക്ക്, താറിടാത്ത കല്ലുപാതകളിലേയ്ക്ക് ഒരു തിരിച്ചുപോക്ക്. സ്മൃതി നാശ രോഗം ബാധിച്ചൊരാള്‍ക്ക് ഭൂതകാലത്തില്‍ നിന്ന് പിന്നെ ഒരു തിരിച്ചുവരവുണ്ടാവുന്നില്ല. പിന്നെയെപ്പോഴൊ ഓര്‍മ്മയുടെ അവസാന കണികയും വറ്റി രോഗി മരിച്ചുപോകുന്നു. ഓര്‍മ്മകളുടെ ഊടുവഴികളില്‍ നടന്ന് തളര്‍ന്ന് വീഴുമ്പോള്‍ ആരും ഒറ്റയ്ക്കായി പോകും. ഒരു തുള്ളി വെള്ളത്തിനായി വിളിച്ചാല്‍  േആരും ഓടിയെത്താത്തത്ര ദൂരെയായിപ്പോകും രോഗി. ജീവിതത്തിനുപോലും അന്വഷിച്ചെത്താനാവത്തത്ര ദൂരെയെത്തുമ്പോള്‍ മരണം വന്ന് കൈപിടിക്കുന്നു.

ബാല്യകാലത്തിലെഓര്‍മ്മകളിലാണ്‌ ഞാനിപ്പോള്‍. അന്നൊരിക്കല്‍ എന്റെ ഏട്ടാമത്തെ വയസ്സില്‍ ഒരു വൃശ്ചികമാസത്തെ അസ്തി മരവിപ്പിക്കുന്ന തണുപ്പില്‍ വീടിനടുത്തള്ള മലമ്പുഴക്കനാലില്‍ കൂട്ടുകാരുമൊത്ത് തിമിര്‍ത്തുകുളിക്കുമ്പോഴാണ് ഒരിക്കല്‍ ഞാന്‍ മരണത്തെ കണ്ടത്. കനാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. പുതിയതായി പണിത കോണ്‍ക്രീറ്റ് കടവില്‍ പിടിച്ച് ഒഴുക്കിലേക്ക് കാലുകളടിച്ച് രസിക്കുകയായിരുന്നു. സന്തത സഹചാരിയായ ബാലി എന്ന വിളിപ്പേരുള്ള ബാലകൃഷ്ണനുണ്ട് കൂടെ. കുറച്ചപ്പുറത്ത് വടക്കുഭാഗത്തെ ചെറുകുട്ടി മാഷിന്റെ മരുമകന്‍ ശിവദാസ് എന്ന ശിവേട്ടന്‍ കുളിക്കുന്നു. ശബരിമല സീസണായതുകൊണ്ട് ശരണം വിളികള്‍ ഉയരുന്നു. ജലോപരിതലത്തില്‍ നിന്ന് തണുപ്പുകൊണ്ട് വരിഞ്ഞുകെട്ടിയ ഒരു കെട്ട് ശബ്ദം മുകളിലേയ്ക്കുയര്‍ന്ന് മഞ്ഞില്‍ വിലയം പ്രാപിക്കും.. സ്വാമിയേ......യ്.

കനാലില്‍ വെള്ളം തുറന്നുവിട്ടിട്ട് ഇന്നേയ്ക്ക് രണ്ടു ദിവസമെ ആയിട്ടുള്ളു അതുകൊണ്ട് നല്ല ഒഴുക്കുണ്ട്. വെള്ളത്തില്‍ തിമിര്‍ത്തുകൊണ്ടിരിക്കുന്നതിനിടയ്ക്കാണ് എനിക്കൊരു ഉള്‍വിളിയുണ്ടായത് 'ഒരു പൊങ്ങുതടി പോലെ ഈ ഒഴുക്കില്‍ മലര്‍ന്ന് കിടന്ന് ഒഴുകി നടക്കണം'. നേരം വെളുത്തു തുടങ്ങിയതെയുണ്ടായിരുന്നുള്ളു ആകാശത്ത് നക്ഷത്രങ്ങള്‍ വിടപറഞ്ഞിട്ടില്ല പക്ഷെ നേര്‍ത്ത മഞ്ഞ് എവിടേയും വെള്ള പൂശിയിരിക്കുന്നു.

ഞാന്‍ കൈകള്‍ പടവില്‍ നിന്ന് പിന്‍വലിച്ച് രക്തം മരവിക്കുന്ന കനാല്‍ വെള്ളത്തിന്റെ ഒഴുക്കിലേക്ക് എന്നെ സ്വയം ഒഴുക്കിവിട്ടു. മലര്‍ന്ന് കിടക്കാന്‍ ശ്രമിക്കവെ ഓളങ്ങള്‍ക്ക് കീഴ്‌പ്പെട്ടു, കൈകാലിട്ടടിച്ചു. മൂക്കിലൂടെ വായിലൂടെ ജലത്തെ ആവാഹിച്ചു. കണ്ണുകളില്‍ ഇരുട്ടുകേറി. ഒരിറ്റു ശ്വാസത്തിനായി കൈയ്യും തലയും ആഞ്ഞു കുടഞ്ഞു. തലകുടയുമ്പോള്‍ ചെവികളില്‍ ചെമ്പുകിലുങ്ങുന്നതുപോലെ നേര്‍ത്തൊരൊച്ച. മുകള്‍പ്പരപ്പിലേക്ക് ഒരിത്തിരി എന്തുമ്പോഴെക്കും ഒഴുക്ക് വീണ്ടും ആഴങ്ങളിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി. പെട്ടെന്നാണ് കുറച്ചപ്പുറത്ത് കുളിക്കുന്ന ശിവേട്ടന്റെ കൈകള്‍ എന്റെ മുടിയിലേക്ക് വന്നു വീണത്. ചെറിയ മുടിയാണെങ്കിലും മുറുക്കിപ്പിടിച്ച് ആഞ്ഞുവലിച്ച് സിമന്റു കടവിന് കുറച്ച് വാരകള്‍ക്കപ്പുറത്തെ പുല്‍ത്തകിടിയിലേക്ക് എന്നെ വലിച്ചു കയറ്റി.

 കണ്ണുകളില്‍ ചോര കല്ലിച്ചിരുന്നു. കേള്‍വി പൂര്‍ണ്ണമായും നിലച്ചുപോയി. ചുറ്റും കൂട്ടുകാരുടെ നിഴല്‍രൂപങ്ങള്‍ എന്നെ ഉറ്റുനോക്കുന്നു. ഇപ്പോള്‍ എന്റെ അരികില്‍ ഇരിക്കുന്നത് മരണമാണ്. അദ്ദേഹം എന്റെ നെറുകയില്‍ തലോടി. നെറ്റിയില്‍ തുണുത്തൊരുമ്മ തന്നു.
''ഒഴുക്കില്‍ നിന്ന് തരിച്ചു കയറാന്‍പറ്റിയല്ലെ... മിടുക്കന്‍...''
''എന്തിനാണ് നീ ഈ ഒഴുക്കിലേക്ക് ഇറങ്ങിനടക്കാനുള്ള ഒരുള്‍വിളി എന്നിലുണ്ടാക്കിയത്....'' ഞാന്‍ ചോദിച്ചു.. എനിക്ക് നല്ല കുറ്റബോധമുണ്ടായിരുന്നു.
''ഉണ്ണി മനുഷ്യന്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ മരണമെന്ന എന്നെ തൊട്ടു നമിക്കുന്നുണ്ട്. അത് ഏതെങ്കിലും ഉള്‍വിളിയൊ ഉള്‍പ്രേരണകൊണ്ടൊ മാത്രമാവണമെന്നില്ല. ഓരോ ഉറക്കത്തിലും ഓരോ ഉണര്‍ച്ചിയിലും മനുഷ്യന്‍ എന്നെ തൊട്ടുനമിക്കുന്നു. ജീവിതത്തെ ഒരു നമിഷമെങ്കിലും മറന്നുപോകുന്ന സന്ദര്‍ഭങ്ങളുണ്ടാവില്ലേ....''
''മനുഷ്യന്‍ ജീവിതത്തില്‍ നിന്ന് മരണത്തിലേക്കും, മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തരിച്ചും സഞ്ചരിക്കുന്നുണ്ടെന്നോ....''
''അതെ'' മരണം പ്രതിവചിച്ചു.
''നീ നിന്റെ ഇന്ദ്രിയങ്ങളെ ജലംകൊണ്ട് കൊട്ടിയടച്ച് എന്റെ വീടിന്റെ പൂമുഖംവരെ വന്ന് മടങ്ങിപ്പോയി. ക്ഷണിക്കാതെ വന്നുകയറിയ നിന്നോട് എനിക്ക് വാത്സല്യമാണ് കുട്ടി...''
''ഇനിയും ഞാന്‍ നിങ്ങളെ കണ്ടുമുട്ടുമൊ''
''നമ്മള്‍ നിശ്ചയമായും ഇനിയും കണ്ടുമുട്ടും''
''എന്തിന്...?''
''എന്തിനെന്ന് ഉണ്ണിക്ക് സ്വയം ചോദിക്കാം. അത് തിരിച്ചറിയുന്ന നിമിഷം എന്നെ നീയൊരിക്കലും ഭയക്കുകയില്ല. ഇപ്പോള്‍ നിനക്കു ഭയമൊന്നുമില്ലല്ലൊ അല്ലേ...''
''മരിക്കുമ്പോള്‍ വേദനിക്കില്ലേ... നോവനുഭവിച്ചുകൊണ്ടു വേണ്ടെ മരിക്കാന്‍.... നോവാതെ മരിക്കുന്നത് അങ്ങേയറ്റത്തെ സുകൃതികള്‍ക്കു മാത്രമെ കഴിയൂ എന്ന് ഒരിക്കല്‍ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്'' ഞാന്‍ പറഞ്ഞു.
''വേദനയും വേദനയില്ലായ്മയുമൊക്കെ ജീവിതത്തിന്റെ അപേക്ഷികതയല്ലെ കുട്ടി... മരണത്തിന് ഒരു വേദനയുമായും ബന്ധമില്ല. മരണം വേദനകളില്ലാത്ത ഒരു ലോകമാണ്''
''മനുഷ്യന്‍ എന്തിനാണ് ഇങ്ങിനെ വേദനയും ദുരിതങ്ങളുമൊക്കെ ജീവിതത്തില്‍ ഏറ്റുവാങ്ങുന്നത്. അവര്‍ക്ക് വേദനകളും ദുരിതങ്ങളുമൊന്നുമില്ലാത്ത മരണമെന്ന നിങ്ങളുടെ വീട്ടിലേയ്ക്ക് പൊയ്ക്കൂടെ. നിങ്ങള്‍ എന്നെ എന്തിനാണ് ജീവിതത്തിലേയക്ക് തിരിച്ചുകൊണ്ടുവന്ന് ഈ പുല്‍ത്തകിടിയില്‍ കിടത്തിയിരിക്കുന്നത്'' എനിക്ക് കരച്ചില്‍ വന്നു.
''ശിവേട്ടന്‍ എന്തിനാണ് എന്നെ രക്ഷിച്ചത്'' എനിക്ക് മരണത്തിലേക്കുതന്നെ പോകാന്‍ ധൃതിയായി. എനിക്കറിയാമായിരുന്നു ഈ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണ്. എവിടേയും ദുരിതങ്ങള്‍, രോഗങ്ങള്‍, വാര്‍ദ്ധക്യം, അവശതകള്‍... മരണത്തിന്റെ ശാന്തതയിലേയ്ക്ക്.... നിത്യതയിലേയ്ക്ക്.. ഈ മനുഷ്യര്‍ക്ക് ഒരുമിച്ചു യാത്രപൊയ്ക്കൂടെ.
''ഉണ്ണി.... നിന്റെ മനസ്സില്‍ ചോദ്യങ്ങള്‍ കുമിയുന്നത് ഞാന്‍ കാണുന്നു. ഇതിനൊക്കെയുള്ള ഉത്തരം നിന്റെ ജീവിതത്തില്‍തന്നെയുണ്ട്. മരണത്തിന്റെ നിത്യതയിലേയ്ക്ക് മനുഷ്യന്‍ നടന്നുടക്കാതെ ദുരിതങ്ങള്‍ക്കും വേദനകള്‍ക്കും, രോഗങ്ങള്‍ക്കുമൊന്നും തോല്‍പ്പിക്കാനാകാത്ത ജീവിതാസക്തി അവനില്‍ വന്നുനിറയുന്നത് എന്തുകൊണ്ടാണെന്ന് കുട്ടി ചന്തിച്ചിട്ടുണ്ടൊ''
''എനിക്കറിയേണ്ടത്. എന്തിനാണ് മനുഷ്യന്‍ മരണത്തെ പേടിക്കുന്നത്''
''അത് നീ ജീവിതംകൊണ്ട് മനസ്സിലാക്കേണ്ടതാണ്. മനുഷ്യന്‍ എന്തിന് എന്നെ ഭയക്കുന്നു എന്നതിന്റെ ഉത്തരം ജീവിതം തന്നെ നിനക്കു കാണിച്ചുതരും''
ജീവിതത്തെ വിട്ടെറിഞ്ഞ് മനുഷ്യന്‍ ആത്മഹത്യ ചെയ്യുന്നുണ്ടല്ലൊ. ഞാന്‍ പറഞ്ഞു ''തുവ്വാങ്കോട്ടിലെ പുലയത്തിയായ കറുത്തിരുണ്ട രാധചേച്ചി മഞ്ഞരളിക്കായതിന്ന് മരിച്ചുപോയില്ലെ. മരിക്കുമ്പോള്‍ അവര്‍ ഗര്‍ഭിണിയായിരുന്നത്രെ. എന്തിനാണ് അവര്‍ മരണത്തിലേയ്ക്ക് സ്വയം നടന്നുപോയത്. മരിക്കുമ്പോള്‍ അവര്‍ ഒരുപാട് വേദിനിച്ചുകാണില്ലേ.... വേദിനിക്കാതെ മരണമെന്ന നിങ്ങളുടെ വീട്ടിലെത്താന്‍ ഒരു മാര്‍ഗ്ഗവുമില്ലേ...? ഇപ്പോള്‍ രാധേടത്തി ജീവിതത്തിന്റെ ഒരു അല്ലലുകളുമലട്ടാതെ സുഖമായി, ശാന്തമായി ഉറങ്ങുകയായിരിക്കുമല്ലെ''
''അതെ.. അവര്‍ ഉറങ്ങുകയാണ്. ഇനി അവര്‍ക്ക് ഒരു ഉണര്‍ച്ചയുണ്ടാവുന്നതേയില്ല. രാധയെപ്പോലെ പലരും ആത്മഹത്യയിലൂടെ എന്റെ വീട്ടിലേക്കു വരുന്നു. ചിലര്‍ ആഗ്രഹിക്കാതെ എന്റെ വീട്ടിലേയ്ക്ക് എടുത്തെറിയപ്പെടുന്നു. മറ്റു ചിലര്‍ സായന്തനങ്ങളില്‍ ജീവിതത്തെ മടക്കി വെച്ച് പതുക്കെ എന്റെ വീട്ടിന്റെ ഇടവഴികടന്ന് പടിതുറന്ന് എല്ലാ പഠിപ്പും കഴിഞ്ഞ് വിജയപീഠം കടറിയ ഒരു പണ്ഡിത ശ്രേഷ്ഠനെപ്പോലെ വരുന്നു. എല്ലാവരും ഇവിടത്തെ ശൂന്യതയില്‍ വിലയം പ്രാപിക്കുന്നു..''.
''മരണമേ.. നിങ്ങള്‍ എന്നില്‍ ജീവിതാസക്തിയെക്കാള്‍ മരണാഭിമുഖ്യം നിറയ്ക്കുന്നു... എനിക്കെന്തൊ ശരികേട് തോന്നുന്നു...''
''ഉവ്വോ ?''
''അതേ''
'ഇങ്ങിനെ യാതൊരു അര്‍ത്ഥവുമില്ലാതെ ഒരു നിത്യതയില്‍ അഭയം പ്രാപിച്ചിട്ട് ആര്‍ക്ക് എന്തുകിട്ടാനാണ് മാഷേ... ' ്യൂഞാന്‍ എന്റെ സംശയം മറച്ചു വച്ചില്ല.
''അതേ...''
''അതേ....?''
''ഈ ചോദ്യം ചോദിച്ചത് നിന്റെ ജീവിതമാണ്; നിന്റെ മനസ്സിലിരുന്നുകൊണ്ട്'' മരണം തണുത്തൊരു ചിരിചിരിച്ചു.
''നീ നിന്റെ ജീവിതത്തെ കാണുന്നുണ്ടൊ. ദാ ഇവിടെത്തന്നെയുണ്ട്, നിന്റെ അടുത്ത് എന്നെത്തന്നെ അവിശ്വാസത്തോടെ ഉറ്റുനോക്കുകയാണ് നിന്റെ ജീവിതം. ഞാന്‍ നിന്നെ തട്ടിപ്പറിച്ചുകൊണ്ടുപോകുമൊ എന്ന് ഭയക്കുന്നുണ്ടത്. അതിന്റെ ജാഗ്രത്ത് വേറൊന്നിനുമില്ല. ഈ ജീവിതത്തിന്റെ മാറിലേയ്ക്കാണ് നീ ശിവേട്ടന്റെ കൈപിടിച്ച് എന്റെ വീട്ടില്‍ നിന്ന് തിരിച്ച് നടന്നു കയറിയത്''
''ആരും തരിച്ചറിയപ്പെടാതെ മരണത്തിന്റെ നിതാന്ത നിത്യതയില്‍ അടിഞ്ഞുകിടക്കുന്നതില്‍ എന്തര്‍ത്ഥം അല്ലേ...?'' ഇപ്പോള്‍ ഞാന്‍ ശരിക്കുമൊന്ന് ആശ്വസിച്ചു. ഇതു പറഞ്ഞുകഴിഞ്ഞപ്പോഴേക്കും എന്റെ ചെവി ചെറുതായൊന്നു തുറന്നതായി അനുഭവപ്പെട്ടു.
ബാലകൃഷ്ണന്‍ എന്നെ കുലുക്കി വിളിക്കാന്‍ ശ്രമിക്കുന്നു
'ചന്തൂ.... യ്യോ.. ചന്തു....'' എനിക്ക് അവനോട് ഒന്നും പറയാനുണ്ടായിരുന്നില്ല... മരണത്തെ അത്രപെട്ടെന്ന് ഇവിടെനിന്ന് പറഞ്ഞവിടാന്‍ ഒരുക്കമുണ്ടായിരുന്നില്ല. എനിക്ക് ചിലതെല്ലാം അറിയാനുണ്ടായിരുന്നു.

മരണം പറഞ്ഞു ''ഒരു അര്‍ത്ഥവുമില്ല എന്നേ ഞാന്‍ പറയൂ... പക്ഷെ അറിഞ്ഞൊ അറിയാതെയൊ പലരും വിലാസമില്ലാത്ത ശൂന്യതയിലേയ്ക്ക് അലിഞ്ഞില്ലാതെയാകുന്നു. മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരെക്കുറിച്ച് ആധികളില്ല അവര്‍ നിശ്ശൂന്യരാണ്. മരണത്തിന്റെ ശൂന്യത എന്നാല്‍.... നോക്കു ഉണ്ണി ഈ മരണത്തിലും അര്‍ത്ഥശൂന്യമായി വെറൊന്നില്ല''
''മരിച്ചവരെപോലും അവശേഷിക്കുന്ന മറ്റുജീവിതങ്ങള്‍ ഒര്‍മ്മകളില്‍ നിലനിര്‍ത്തുന്നു. പക്ഷെ മരണത്തിന് അങ്ങിനെയൊരു സാമാന്യനീതിയില്ല'' മരണം പറഞ്ഞു. ''മരണം ഓര്‍മ്മകളുടെ കൂടി മരണമാണ്... ഓര്‍മ്മകള്‍ സ്വയമൊ ഓര്‍ക്കുന്നവരെ തിരിച്ചറിയാനൊ ആകാതിരിക്കുന്നിടത്ത് മരണം പൂര്‍ണ്ണമാകുന്നു...''
''അതെ... അര്‍ത്ഥശൂന്യമായത്. അഴമൊ പരപ്പൊ ഇല്ലാത്ത ശൂന്യത'' ഞാന്‍ ആത്മഗതം പറഞ്ഞു.
''അപ്പോള്‍ ഞാന്‍ ഈ ജലശൈയ്യാകാരത്തിനടിയില്‍ കേട്ട ചെമ്പുകിലുക്കം എന്തിന്റെയായിരുന്നു. അത് മരണത്തിന്റെയല്ലായിരുന്നോ...?''
''ഉണ്ണി.... '' മരണത്തിന്റെ ശബ്ദം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുംപോലെ തോന്നി.
''അത് ജീവിതത്തിന്റെതായിരുന്നു നീ കേട്ട ചെമ്പുകിലുക്കം. അത് നിന്നെ ജീവിതത്തിലേക്ക് തന്നെ മടക്കിവിളിച്ചുകൊണ്ട് ജീവിതം ഈ ജലശൈയ്യയിലേയ്ക്ക് കടന്ന് വന്ന് നിന്നെയുണര്‍ത്താന്‍ ഒച്ചവെച്ചതാണ്. നിന്നെ നഷ്ടപ്പെടാന്‍ ജീവിതത്തിന് കഴിയുമായിരുന്നില്ല. നീ തലകുടഞ്ഞത് ശ്വാസത്തിനുവേണ്ടിയായിരുന്നു. ജലം ഒരു മര്‍ദ്ധം മുകളിലേയ്ക്ക് പ്രയോഗിക്കുമെന്ന് നീ സയന്‍സ് ക്ലാസ്സില്‍ പഠിച്ചിട്ടില്ലെ. നിനക്ക് വേണ്ടി ജീവിതം കരുതിവെച്ചതാണ് ഈ മര്‍ദ്ധം'' മരണം ജീവിതത്തെക്കുറിച്ച് ഇതു പറയുമ്പോള്‍ കൂടുതല്‍ ആര്‍ദ്രമായി.

''ഉണ്ണി.., ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ വേദന അനുഭവിക്കുന്നത് അവിടെ ജീവിതമുള്ളതുകൊണ്ടാണ്. ജീവിതം ആ മനുഷ്യനെ ജീവിതത്തിലേക്കുതന്നെ വലിച്ചടുപ്പിക്കുന്നതിന്റെ ഒച്ചയാണ് വേദന. ആ വേദനയെ തരിസ്‌ക്കരിക്കരുത്. ആ വേദനയില്‍ പിടിച്ചുവേണം ജീവിതത്തിലേയ്ക്ക് തിരിച്ചുകയറാന്‍. വേദനിക്കാതെ മരിക്കുന്നവന്‍ ജീവിതത്തെ കബളിപ്പിക്കുന്നവനാണ്''  മരണം തുടര്‍ന്നു.
'' മരണം ജീവിതത്തെപ്പോലെ പ്രണയാതുരമല്ല. മരണം പദാര്‍ഥങ്ങളില്‍ നിന്ന് പദവും അര്‍ത്ഥവും എടുത്തുമാറ്റുന്നു. ആദിയും അന്തവുമില്ലാത്ത ശൂന്യതയാണ് മരണം'' മരണം ഇതുപറയുമ്പോള്‍ പുലരിയുടെ നേര്‍ത്ത വെയില്‍ പുല്‍ത്തകിടിയുടെ ഇറനുണക്കുകയായിരുന്നു.
''ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ ബന്ധുക്കളുടെ മനസ്സില്‍ അയാളുണ്ടാക്കുന്ന ശൂന്യതയ്ക്ക് അര്‍ത്ഥമുണ്ട്. ആ ശൂന്യത അനുഭവവേദ്യമാണ്. അനുഭവിക്കാന്‍ കഴിയുന്ന ശൂന്യത എങ്ങിനെയാണ് ശൂന്യതയാകുന്നത്'' മരണം പറഞ്ഞു. ''മരണത്തിന്റെ ശൂന്യത ജീവിതത്തിന്റെ ശൂന്യതപോലെയല്ല... അത് ഒരു നശ്ശൂലംപിടിച്ച  ശൂന്യതയാണ്'' ഇത്തവണ മരണം ചെറുതായൊന്ന് പുഞ്ചിരിച്ചു.

വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ഒരുപാട് വഴക്കുപറഞ്ഞു. ''നീന്തലറിയാത്ത നീയെന്തിനാണ് കനാല്‍ വെള്ളത്തില്‍ കുളിക്കാന്‍ പോയത്....''. അമ്മ എന്റെ ചുവന്ന തുടത്ത കണ്ണുകളിലേയ്ക്ക് നോക്കിയപാടെ ഭയന്നുപോയി. ഞാന്‍ മനസ്സില്‍ പറഞ്ഞു 'മരണത്തെ കണ്ടുതുടത്ത കണ്ണുകള്‍'.

കനാല്‍ വെള്ളത്തിലെ ഒഴുക്കില്‍ വെച്ച് ഞാനൊരാളെ കണ്ടു അമ്മേ..... '' കൂടുതല്‍ പറയുന്നതിനുമുന്‍പെ അമ്മ എന്നെ പിടിച്ചുവലിച്ച് സാരിത്തുമ്പെടുത്ത് വീണ്ടും വീണ്ടും തല അമര്‍ത്തി തോര്‍ത്തി... നിന്തലറിയാത്ത ഉണ്ണി അങ്ങിനെ ഒന്നും ആലോചിക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടില്ല. ''ഇതേതൊ ജലപിശാചിന്റെ പണിയാണ്'' മുത്തശ്ശി അന്നുതന്നെ എന്റെ അരയില്‍ ഒരു ചരട് ജപിച്ചുകെട്ടി.

അപ്പാപ്പന്റെ കൂടെ അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീണ്ടും ഞാന്‍ മരണത്തെക്കുറിച്ച് ഓര്‍ത്തു. പെട്ടെന്ന് എടുത്താല്‍ പൊന്താത്ത തണുപ്പുമായി ഒരു വൃശ്ചികക്കാറ്റ് വരാന്തകഴിഞ്ഞ് ഞാനും അപ്പാപ്പനും കിടന്നുറങ്ങിന്ന അഴിയിട്ട ഇടനാഴിയിലേക്ക് വന്ന് ഞങ്ങളെ തണുപ്പിച്ചു. തണപ്പ് സഹിക്കാന്‍ വയ്യാതെ അപ്പാപ്പന്‍ എന്നെ കെട്ടിപ്പിടിച്ചു.
''എന്നെ പൂട്ടിക്കെടക്കടാ ജലപിശാശെ...''. അപ്പാപ്പന്റെ ശരീരത്തില്‍ നിന്ന് വീണ്ടും ജീവിതത്തിന്റെ ചൂട് എന്നിലേക്ക് അരിച്ചുകയറി.

2011 മേയ് 29, ഞായറാഴ്‌ച

അന്നൊരു മഴക്കാലത്ത് യൂദാശ്ലീഹാ എന്നെ പറ്റിച്ചു

ഇരുണ്ടുകൂടിയ കരിമേഘങ്ങള്‍ക്കിടയില്‍ ഒരിടിവാളിന്റെ വേരുകള്‍ മിന്നിമാഞ്ഞതും ഞാന്‍ പാടത്തെ നിറഞ്ഞൊഴുകുന്ന കൈത്തോടിലേക്ക് എടുത്തുചാടി. അതിന്റെ പച്ചമണ്ണുകലര്‍ന്ന് തെയിലനിറംപുണ്ട വെള്ളത്തിലേക്ക് ഞാന്‍ ഊളിയിട്ടു. ഹാ....യ്.... മഴയുടെ ഗന്ധം.... മഴ... മഴ... നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഞാറ്റുപാടത്ത് മഴയുടെ സഞ്ചിതതാളം മുറുകി. ചെവികളില്‍ ശിര്‍ര്‍ര്‍...ന്ന് ഒരു ചെത്തം മാത്രം... ഒഴുക്കില്‍
 മലന്ന് കിടക്കുമ്പൊ അടിക്കാറ് വെളുത്ത് മഴ തിമിര്‍ക്കുകയാണ്. അതെ ഇന്നു മുഴുവന്‍ പെയ്യും ഈ മിഥുനമഴ...

മഴയെ പ്രണയിച്ചിരുന്നു, പ്രണയം മഴയായിരുന്നു, പിന്നെയെപ്പോഴൊ മുഖത്ത് പേരറിയാത്ത വികാരങ്ങളുടെ എണ്ണകിനിഞ്ഞുകൊണ്ടേയിരുന്ന കൗമാരത്തിന്റെ, അപകര്‍ഷതാബോധത്തിന്റെ, അടക്കിപ്പിടിച്ച രതിയുടെ, അര്‍ത്ഥമറിയാതെ തോലോലിച്ച കാമനകളുടെ പെയ്ത് തോരാത്ത വികാരമായി മഴ മാറി. മാറ്റിയും മറിച്ചുമിടാന്‍ രണ്ടു നിക്കറും രണ്ടുകുപ്പായവും മാത്രമുള്ളവന്റെ നനയിലിന്, മഴത്തുള്ളിക്ക്, പിന്നീട് കണ്ണീരിന്റെ സ്വാദായി. മഴേ നീ പെയ്യരുതേ എന്ന് പ്രാര്‍ത്ഥിച്ചുപോയി ഒരിക്കല്‍ .
“ഹേയ്... എനിക്ക് കുടയില്ലാതെയല്ല കുട എടുക്കാന്‍ ഒരു മടി... ഇങ്ങിനെ നനയാനാണ് ഇഷ്ടം” എന്നൊക്കെ പുളുപറഞ്ഞ് കവലയിലെ ചേറും ചളിയും പുരണ്ട പുതുനഗരത്തെ പോക്കരുടെ ചെരുപ്പുകടയുടെ കോലായയിലേക്ക് മഴനനയാതിരിക്കാന്‍ കേറിനില്‍ക്കും. മഴക്കാലത്ത് കച്ചോടം കുറഞ്ഞതിന്റേയും പിള്ളേര് ചവുട്ടി കോലായ കേടുവരുത്തുന്നതിന്റേയും അരിശംപൂണ്ട് അയാള്‍ പറയും “നായ്ക്കള്..... കൊടേം വടിംമൊന്നുമില്ലാണ്ടാണോടാ പൊരെന്നറ്ങ്ങ്ണ്”.

മഴേ നിയൊന്നടങ്ങ്..... അരക്കിലോമീറ്റര്‍ നടക്കണം അതും കുട പിടിച്ച് നടന്നുനീങ്ങുന്ന ഒരുകൂട്ടം സഹപാഠികള്‍ക്കിടയിലൂടെ ഈ മഴയും നനഞ്ഞുകൊണ്ട്‌.
വയ്യ..എന്നും കുടമറന്നുവെന്ന് കള്ളംപറയുന്ന എന്റെ പുറംപൂച്ചിനെ കൂട്ടുകാര്‍ പരസ്യമായി കളിയാക്കിത്തുടങ്ങിയിരുന്നു. എന്റെ ദാരിദ്ര്യം അവരറിയണ്ട, എങ്ങിനെയെങ്കിലും ഒരു കുടവേണം. ചോരുന്നതായാലും കുഴപ്പമില്ല... ഇവര്‍ക്കിടയില്‍ മനസ്സിടിയാതെ നടക്കണം...

അന്നൊരു ഞായാറാഴ്ച്ചപത്രത്തിന്റെ ക്ലാസ്സിഫൈഡ് കോളത്തില്‍ ഒരു ചെറു പരസ്യം കണ്ടു. വിശിഷ്ട യുദാശ്ലീഹായ്ക്കുള്ള പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹങ്ങള്‍ സഫലമായ ഒരു വിശ്വാസി നന്ദിപ്രകടിപ്പിച്ചുകൊണ്ട് പ്രാര്‍ത്ഥനമൊത്തമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ദിവസവും ഈ പ്രാര്‍ത്ഥന ഒന്‍പതുപ്രാവശ്യം ചൊല്ലണം. പ്രാര്‍ത്ഥനയുടെകൂടെ അവസാന വാചകത്തിന് തൊട്ടുമുന്‍പ് നമ്മുടെ ആവശ്യങ്ങള്‍ എന്താണൊ അതു ചൊല്ലുക. ദിവസവും രാവിലേയും വൈകീട്ടും പ്രാര്‍ത്ഥിക്കുക ആഗ്രഹങ്ങള്‍ സഫലമാകും. പരസ്യം കണ്ടതോടെ മനസ്സ് വളരെ ആഹ്ലാദിച്ചു. എനിക്ക് ഒരുപാട് ആവശ്യങ്ങളുണ്ട്. വള്ളിപൊട്ടിയ ചെരുപ്പില്‍ സേഫിറ്റിപിന്‍ കുത്തി നിര്‍ത്തിയിരിക്കുകയാണ്. ഇറക്കം കുറഞ്ഞ പാന്റിന്റെ കാലറ്റത്തെ തുന്നല്‍ അഴിച്ചുവിട്ട് കണംങ്കാലു കാണാതെ അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്. രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഒരു മഴവന്നാല്‍ പിടിക്കാന്‍ ഒരു കുടയില്ല. ഇട്ട തുണിനനഞ്ഞാല്‍ ഈ മഴക്കാലത്ത് വെടിക്കില്ല. മാറിയിടാന്‍ പുതിയ നിക്കറൊ പാന്റൊ കുപ്പായമൊ ഇല്ല... ഇതൊക്കെ വാങ്ങിത്തരാന്‍ അച്ഛന്റെ കൈയ്യില്‍ പൈസയില്ല. അച്ഛനോട് ഇപ്പോള്‍ എന്റെ ഒരാവശ്യവും പറയാറില്ല. എന്നാല്‍ ഇതാ ഒരു വഴി തുറന്നുകിട്ടിയിരിക്കുന്നു. ഈ വിശുദ്ധയുദാശ്ലീഹ എനിക്കെന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. ഈ പ്രാര്‍ത്ഥന ദിവസവും രാവിലേയും വൈകുന്നേരവും ഒന്‍പതുപ്രവശ്യം വീതം ചൊല്ലിയാല്‍ മതി. മനസ്സ് വളരെ സന്തോഷിച്ചു... സന്തോഷം കൊണ്ട് എനിക്കു
കരച്ചില്‍ വന്നു. ദൈവം എനിക്കൊരു വഴിതുറന്നുതന്നിരിക്കുന്നു. ഇപ്പോള്‍ അത്യാവശ്യമുള്ളതെന്തൊക്കെ...? മലയാളം നോട്ടുപുസ്തകത്തില്‍ നിന്ന് ഒരു കാലിപ്പേജ് കീറിയെടുത്ത് എഴുതിത്തുടങ്ങി.
ഒന്ന് ഒരു വി.കെ.സി. ചപ്പല്‍,
ഒരു സിറ്റിമാന്‍ ഷര്‍ട്ട്,
ഒരു പാന്റ്,
ഒരു ഹീറോ പേന (ചൈന മേഡ്),
ഒരു കുളംമ്പൊ കുട അത് കുത്തിമടക്കുന്നതാവണം എന്നൊന്നുമില്ല സാദാ വലുപ്പത്തിലുള്ളതായാലും മതി കാരണം വലിയ മോഹങ്ങളൊന്നുമില്ല മാത്രമല്ല പെട്ടെന്നൊരു ദിവസം വലിയ പത്രാസുകാരനായാല്‍ കൂട്ടുകാര്‍ സംശയിക്കില്ലെ...
പിന്നെ പത്രത്തില്‍ വന്ന വിശുദ്ധയുദാശ്ലീഹായുടെ പ്രാര്‍ത്ഥന അവരും കാണാനിടയുണ്ട് അത് മനസ്സില്‍ പുതിയ ഒരു ടെന്‍ഷനായി. അവര്‍ കാണരുത്... ദൈവമേ..... 

ഈ നാശം പിടിച്ച മഴ സ്‌കൂളുവിടുന്ന നേരം നോക്കി വന്നോളും. ആരെ കാണാനാണാവൊ ഈ വരവ്. മഴയത്ത് ഒരോട്ടമാണ് പിള്ളേര് കാണുന്നതിനുമുന്‍പ് വീട്ടിലെത്തും. പിന്നെയുള്ളത് വഴിയിലും കവലയിലുമുള്ള കുറച്ച്‌ ആളുകളാണ്. 'പറമ്പില്‍ വീട്ടിലെ' രാജപ്പേട്ടന്റെ മകന്‍ മഴയത്ത് നനഞ്ഞൊലിച്ചുകൊണ്ട് ഓടുന്നത് നാട്ടുകാര്‍ കാണുന്നുണ്ട് എന്ന അറിവ് എന്റെ മനസ്സിനെ പൊള്ളിക്കുന്നുണ്ടായിരുന്നു. പാരമ്പര്യമായിത്തന്നെ പാടവും പറമ്പുമൊക്കെയുണ്ടായിട്ടും മര്യാദയ്ക്ക് സ്വന്തം കുട്ടിയെ സ്‌കൂളിലേക്ക് വിടാന്‍ അങ്ങേര്‍ക്ക് കഴിയുന്നില്ലേ...
ഒരു കുടപോലും വാങ്ങിക്കൊടുത്തിട്ടില്ല ദാ... കണ്ടില്ലെ നനഞ്ഞുകൊണ്ടോടുന്നത്... എന്നൊക്കെ അച്ഛനെ നാട്ടുകാര്‍ ദൂഷിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷെ എന്തുചെയ്യാം... ഏതു വഴിയെ ഓടിയാലും ഈ നാട്ടില്‍ എന്നെയും അച്ഛനേയും അറിയാത്തവരായി ആരുമില്ല. കടവും കടപ്പാടുമായി മുട്ടിനും മുറിക്കും തികയ്ക്കാന്‍ നെട്ടോട്ടമോടുന്ന എന്റെ അച്ചന്റെ നെഞ്ചിലെ തീ നാട്ടുകാര്‍ക്കറിയേണ്ടല്ലൊ....ഇനി ഈ നാട്ടുകാര്‍ എത്ര പരദൂഷണം പറഞ്ഞാലും എത്ര പറയും... ഏറിയാല്‍ പത്തുദിവസം. അതേ... പത്തുദിവസം...അങ്ങിനെയാണ് യുദാശ്ലീഹായുടെ പ്രാര്‍ത്ഥനയുടെ പ്രാരംഭത്തില്‍ കൊടുത്തിട്ടുള്ളത്. പത്തുദിവസം മുടങ്ങാതെ അതിലെ പ്രാര്‍ത്ഥനാ വാചകങ്ങള്‍ ഉരുവിടണം. പിന്നെ ഞാനൊരു പോക്കുണ്ട്... സ്‌കൂളിലേക്ക്... വലിയ കേമനൊന്നുമാവണ്ട... എന്നാലും ഈ ദുരിതത്തിന് ഒരു മാറ്റം വരണം. മഴയും നനഞ്ഞ്, എന്നും ഇട്ടത് തന്നെ ഇട്ട്....

ജ്യാമിട്രിബോക്‌ ഇല്ലാതെ ക്ലാസ്സിലേക്ക് വരുന്നവരെ ടീച്ചര്‍ ക്ലാസ്സിന് വെളിയിലേക്ക് പായിക്കും. സ്ഥിരമായി ക്ലാസ്സിനുവെളിയിലുള്ള ആ നില്‍പ്... സഹിക്കൂല. ആദ്യമൊക്കെ സതീഷും, മണിയും, സഹദേവനുമൊക്കെ കൂടെയുണ്ടാവും... പിന്നെ പിന്നെ അവരും വാങ്ങി ജ്യാമിട്രിബോക്സ്സ്. “കാമലി” ന്റെ അല്ലെങ്കിലും പേരിനൊരെണ്ണം കിട്ടും കുറഞ്ഞവിലയക്ക്... ഒടുവില്‍ വെയിലും മഴയും മാറി മാറി മേഞ്ഞുനടക്കുന്ന സ്‌കൂള്‍ഗ്രൗണ്ട് നോക്കി വരാന്തയില്‍ ഞാന്‍ നില്‍ക്കും ദിവസങ്ങളോളം ഒറ്റയ്ക്ക്.

വീട്ടിലേക്ക് ചെന്നുകേറിയ പാടെ ആരുംകാണാതെ വീട്ടിലെ അരിയും സാധനങ്ങളും എടുത്തുവയ്ക്കുന്ന കലവറയ്ക്കകത്തുകയറി (ഞങ്ങളതിനെ നടുമുറി എന്നാ പറയുക) വാതിലടച്ചു. ആദ്യമൊക്കെ പേപ്പര്‍കട്ടിംഗ്‌ നോക്കി വായിച്ചു. പിന്നെ കാണാപാഠമായി... പ്രാര്‍ഥനയ്ക്കിടയില്‍ വരിവരിയായി എന്റെ ആവശ്യങ്ങള്‍ വിശുദ്ധ യുദാശ്ലീഹായോട് അഭ്യര്‍ത്ഥിച്ചു. ദൈവമേ... എനിക്ക് ഒരു വി.കെ.സി. ചപ്പല്‍, ഒരു കുളമ്പൊ കുട, ഒരു സിറ്റിമാന്‍ ഷര്‍ട്ട്, ഒരു പാന്റ്, ഒരു ബാഗ്.... മതി ഇത്രയും മതി...

പ്രാര്‍ത്ഥന വിചാരിച്ചപോലെയല്ല കഠിനം തന്നെ തെറ്റാതെ വായിച്ചാലെ ഫലമുള്ളു ആദ്യത്തെ അഞ്ചാറു ദിവസം പ്രാര്‍ത്ഥന പലതവണതെറ്റി അപ്പോള്‍ പത്തുതവണയെന്നത് പതിനഞ്ചുതവണയാക്കി. വീണ്ടും തെറ്റുകള്‍ വന്നു. ആവശ്യങ്ങള്‍ക്കിടയ്ക്ക് പഴയതില്‍ നിന്നും വ്യത്യസ്തമായി അറിയാതെ പുതിയ ആവശ്യങ്ങളും വന്നു. കാമെലിന്റെ ജ്യാമിട്രബോക്‌സ്, ലേബര്‍ ഇന്‍ഡ്യ ഗൈഡ്, മാജിക് സ്ലേറ്റ്.... അങ്ങിനെ.... പ്രാര്‍ത്ഥന പത്തുദിവസം എന്നത് ഒരുമാസമാക്കി നീട്ടി... കാത്തിരുന്നു... ദൈവം ഈ സമ്മാനങ്ങള്‍  എങ്ങിനെയാണ് തനിക്ക് കൈമാറുക എന്ന സംശയം എന്നെ വല്ലാതെ ബാധിച്ചു. അതുകൊണ്ട് ആരും കാണാത്ത ഇടങ്ങളിലേക്ക് എന്റെ ഒഴിവുകാലം ചുരുങ്ങി. യുദാശ്ലീഹ ഇത് തരുമ്പോള്‍ അരും കാണരുതല്ലോ... ഞാനൊറ്റയ്ക്കാവുമ്പോഴെ അങ്ങേര് വരാന്‍ തയ്യാറാവുകയുള്ളു. അമ്മ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ ഒറ്റയ്ക്കുള്ള നടപ്പും പുസ്തകം തുറന്നുവച്ച് ഈ സ്വപ്നം കാണലും അമ്മ കാണുന്നുണ്ടായിരുന്നു.

മതി... ഇനിയൊന്നും എനിക്ക് ഒളിച്ചുവയ്ക്കാനില്ല.... ഒരു മഴക്കാലം വിടപറയുന്നു. തരാമെന്നേറ്റ കൊളംബൊകുടയില്ല... അങ്ങേര്‌ടെ പൊടിപോലുമില്ല... വിശുദ്ധ യുദാശ്ലീഹ എന്നെ പറ്റിച്ചിരിക്കുന്നു. വി.കെ.സി ചപ്പലൊ, ഷര്‍ട്ടൊ പാന്റൊ ഒക്കെ പോകട്ടെ സ്വന്തം തലയ്ക്കുപിന്നിലെ തിളങ്ങുന്ന ചന്ദ്രപ്രഭയില്‍ നിന്ന് എന്റെ മുഖത്തേയ്ക്ക് ചെറിയ ഒരു പ്രകാശത്തിന്റെ തൂവലെങ്കിലും പറിച്ചെറിയാമായിരുന്നില്ലേ.... ഞാന്‍ അന്ന് വൈകുന്നേരം തുറന്നുവച്ച പുസ്തകം മുഖത്തോട് ചേര്‍ത്ത് വച്ച് പൊട്ടിക്കരഞ്ഞു... അമ്മ വന്നു.... ചോദിക്കാതെ തന്നെ ഞാനെല്ലാം പറഞ്ഞു... അമ്മയും കരയുന്നുണ്ടായിരുന്നു... അമ്മ എന്റെ കണ്ണീരില്‍ കുതിര്‍ന്ന രണ്ടുകവിളിലും കരഞ്ഞുകൊണ്ട് ഉമ്മവച്ചു.
എന്റെ അമ്മ എന്നെ ചേര്‍ത്തുപിടിച്ച് കരയുന്നതെന്തിനാണ്...
യുദാശ്ലീഹാ അമ്മയേയും ഇതുപലെ പറഞ്ഞു പറ്റിച്ചിരിക്കുമൊ....?!!
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.