2009, ജൂലൈ 23, വ്യാഴാഴ്‌ച

അധിനിവേശകാലത്തെ സര്‍ഗ്ഗാത്മകതയും പ്രാദേശിക സാംസ്കാരിക മുദ്രകളും

ആധുനിക ഉത്തരാധൂനിക സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കുശേഷം എഴുത്തുകാര്‍ മടങ്ങിയത്‌ സ്വന്തം തടവറകളിലേക്കാണ്‌. പുത്തന്‍ അധിനിവേശം രുപപ്പെടുത്തിയ ജീവിതത്തിലെ ഭീഷണികളെ ഒറ്റയ്ക്കൊറ്റയ്ക്ക്‌ നേരിടുന്നതാണ്‌ ഇന്നത്തെ ഒരു സര്‍ഗ്ഗാത്മക രീതി. അവര്‍ ആത്മാവിന്‍റെ അടച്ചിട്ട മുറികളില്‍ ഇരുന്ന്‌ സ്വന്തം കൃതികളില്‍ രുപപരമായ പരീക്ഷണങ്ങള്‍ നടത്തുന്നു. ഈ പരീക്ഷണങ്ങള്‍ ഒരു പ്രസ്ഥാനത്തിന്‍റെയും പിന്‍തുടര്‍ച്ചയല്ല എന്ന്‌ ചിലകൃതികള്‍ നമ്മെ വിസ്മയിപ്പിക്കും. കാല്‍പ്പനികതയ്ക്കും ആധുനിക ഉത്തരാധുനിക, പുരോഗമന കലാ സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കും ശേഷം സമകാലീന സര്‍ഗ്ഗാത്മക ജീവിതം വിശ്ളദമായ ഒരു അവസ്ഥയിലേക്കു മാറിയിട്ടുണ്ടെന്ന്‌ നാം ഇന്നു തിരിച്ചറിയുന്നു. വരും തലമുറ ഈ കാലഘട്ടത്തെ വിലയിരുത്തുക പോസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ കാലം എന്നായിരിക്കും. അനുനിമിഷം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്ര പരിതസ്ഥിതികളാണ്‌ എന്നെ ഇങ്ങനെ തോന്നിപ്പിച്ചത്‌. സമൂഹത്തിന്‌ സ്വന്തമായി ഒരു ചിന്താപദ്ധതിയും പ്രത്യയ ശാസ്ത്ര പരിതസ്ഥിതിയും നഷ്ടപ്പെടുന്നിടത്ത്‌ എഴുത്തുകാരന്‍ എഴുതുന്ന സാഹിത്യം എങ്ങിനെയുള്ളതായിരിക്കും. അവന്‍ അവണ്റ്റെ തടവറകളില്‍ നിന്ന്‌ സമൂഹത്തോട്‌ സംവദിക്കുന്നത്‌ എന്താണ്‌.

പഴയ പ്രാദേശിക സാംസ്കാരിക മുദ്രകള്‍ ദിനം പ്രതി മണ്‍ മറഞ്ഞു കൊണ്ടിരിക്കുന്നു. ലോകം പുതിയ ഒരു ജീവിത ക്രമത്തിലേക്ക്‌ സംക്രമിച്ചു കഴിഞ്ഞു. നമ്മുടെ സംസാരഭാഷയില്‍ ഉണ്ടായിരുന്ന ചില നാട്ടുശൈലികള്‍; ഉദാഹരണത്തിന്‌ ഇന്ന്‌ തൃശ്ശൂരും കോഴിക്കോടും തിരുവനന്തപുരവും സംസാരിക്കുന്ന പ്രദേശിക ഭാഷാ രീതികള്‍ ഏറെക്കുറെ വിലക്ഷണമായ ചില പുതു മാതൃകകള്‍ തേടുന്നതുകാണാം. ദൂരദര്‍ശനും കേബിള്‍ ടിവിയും പ്രചരിപ്പിക്കുന്ന അധിനിവേശത്തിന്‍റെ പുത്തന്‍ ഭാഷ - അതിലൂടെ നമ്മിലേക്ക്‌ നിറയുന്ന 'പരസ്യ' സംസ്കാരം - പുതിയ ജീവിത രീതികള്‍ ഇവയൊക്കെ അറിഞ്ഞൊ അറിയാതെയൊ നമ്മുടെ ചിന്താ പദ്ധതികളെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്‌.

പോസ്റ്റ്‌ കൊളോണിയലിസം എന്നു പറയുന്നതുപോലെ പോസ്റ്റു മാര്‍ക്സിസം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ ചരിത്ര പുസ്തകത്തിലെ ഇനിയൊരു ലാണ്റ്റ്‌ മാര്‍ക്ക്‌ ആയിരിക്കും. മാനവികതാ വാദത്തിലൂടെ നാം ഉണ്ടാക്കിയ വിപ്ളവ പ്രസ്ഥാനങ്ങള്‍ വൈദേശികാധിപത്യത്തിന്‍റെ അടിച്ചു തളിക്കാരായി മാറിയിരിക്കുന്ന ഈ അവസ്ഥയില്‍. അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന ജന സമൂഹത്തെ നിയന്ത്രിക്കാന്‍ പുതിയ യന്ത്രങ്ങള്‍ ഘടിപ്പിക്കേണ്ടതായി വന്നു. ജൈവീകമായ മനുഷ്യധ്വാനത്തിലധിഷ്ടിതമായ ജീവിതക്രമങ്ങള്‍ പലതും അപ്രത്യക്ഷമായി. കടത്തുതോണിക്കാരനും, കാളവണ്ടിക്കാരനും, കളിമണ്‍പാത്രക്കാരനും പഴയ കാലത്തിണ്റ്റെ മങ്ങിയ മുദ്രകളാണ്‌. മാനവികതാനിഷേധത്തിന്‍റെതെങ്കിലും പുതിയ യാന്ത്രിക ജീവിതത്തെ നമ്മളെല്ലാവരും സത്യത്തില്‍ വളരെ ഇഷ്ടപ്പെടുന്നു. സമയലാഭവും പുതിയ ജീവിതവേഗങ്ങളും നമ്മള്‍ അവശ്യപ്പെടുന്നു, അതിനൊത്ത സാങ്കേതിക വികാസങ്ങള്‍ക്കായി ദാഹിക്കുന്നു. ഇതോടൊപ്പം സമകാലിക ജീവിതത്തില്‍ കൂടിക്കൂടിവരുന്ന അരക്ഷിതാവസ്തയുടെ ഫലമായി നാം നമ്മുടെ തുരുത്തുകളില്‍ ഒതുങ്ങിക്കൂടി. ഞാന്‍, എന്‍റെ വീട്‌, ഭാര്യ, ടിവി, എന്‍റെ കുട്ടി, അവന്‍റെ പ്രോഗ്രസ്സ്‌ കാര്‍ഡ്‌; ഇതിനുമപ്പുറം ഒരു ചിന്തയ്ക്കും നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ലാതായി.

ആധുനികതാ പ്രസ്ഥാനമാണ്‌ പ്രദേശികമായ ജീവിതത്തിണ്റ്റെ പച്ചപ്പും തനതു മുദ്രകളും കൂടുതലായി കൃതികളില്‍ പ്രദര്‍ശിപ്പിച്ചത്‌. ഖസാക്കിന്‍റെ ഇതിഹാസവും, ബഷീര്‍, എന്‍. പി., മാധവിക്കുട്ടി, എം. ടി. തുടങ്ങിയവരുടെ കഥകളില്‍ ഇതു വായിച്ചെടുക്കാവുന്നതാണ്‌. സി. രാധാകൃഷ്ണനും, ആനന്ദുമാണ്‌ ഇതില്‍ നിന്ന്‌ കുറച്ചു വേറിട്ട ചില മുദ്രകളെ ആവിഷ്ക്കരിച്ചത്‌. എങ്കിലും മാനവികമൂല്യങ്ങളുടെ സമ്പന്നതകൊണ്ടും വൈകാരിക ജീവിത മഹൂര്‍ത്തങ്ങള്‍ കൊണ്ടും അവരുടെ കൃതികള്‍ മികച്ചു നിന്നു. പ്രത്യേകിച്ച്‌ സി. രാധാകൃഷ്ണന്‍റെ നോവലുകള്‍ കലുഷമായ ജീവിത പരിതോവസ്തകളെ ഗംഭീരമായി വരച്ചുകാട്ടി. ആനന്ദിന്‍റെ ഓരൊ വാക്കുകള്‍ക്കും അളവറ്റ തൂക്കം ഉണ്ടായിരുന്നു. എന്‍റെ അറിവു ശരിയാണെങ്കില്‍ ആനന്ദ്‌ ആധുനികതാ പ്രത്ഥാനത്തിന്‍റെ അവസാന പകുതിയലൊ മറ്റൊ ആണ്‌ അറിയപ്പെട്ടുതുടങ്ങിയത്‌.

വളരെ പ്രാദേശികമായ ഒരു ജീവിത പരിചയമൊ ഗോത്ര സാംസ്കാരിക മുദ്രകളൊ പുതിയ എഴുത്തുകാര്‍ക്ക്‌ ഇന്ന്‌ തികച്ചും അന്യമാണ്‌. പ്രത്യേയ ശാസ്ത്ര പരിസരങ്ങളും സാഹിത്യ പ്രസ്ഥാനങ്ങളും തകര്‍ന്നടിഞ്ഞ ഈ വര്‍ത്തമാനത്തില്‍ അധിനിവേശ മൂലധനത്തിന്‍റെ അടിവേരുകള്‍ ചികയുന്നത്‌ പഴയ തലമുറയില്‍പ്പെട്ട ഇടതുപക്ഷതീവ്രവാദ എഴുത്തുകാരുടെ ജോലിയാണ്‌ എന്ന്‌ പുതു തലമുറയിലെ എഴുത്തുകാര്‍ വിശ്വസിക്കുന്നു. എന്‍റെ അഭിപ്രായത്തില്‍ എം. എന്‍. വിജയന്‍ ആണ്‌ ഈ പഴയ തലമുറയിലെ അവസാനത്തെ കണ്ണി. പുതിയ സാമ്രജ്യത്വ മൂലധനത്തിന്‍റെ പ്രസരണശേഷിയും നമ്മുടെ സാസ്കാരിക ജീവിതപരിസരങ്ങളില്‍ അതു നിറയ്ക്കുന്ന മാലിന്യങ്ങളേയും വിജയന്‍മാഷ്‌ കാണിച്ചു തന്നു. സാംസ്കാരികപരമായ അധിനിവേഷശത്തിനെതിരെ മലയാള മനസ്സിനെ ജാഗരൂകമാക്കുക എന്നതായിരുു വിജയന്‍ മാഷിന്‍റെ ചിന്താ പദ്ധതിയുടെ ലക്ഷ്യം.

എങ്ങിനെയാണ്‌ നമ്മുടെ ദ്രാവിഡീയന്‍ ഗോത്ര സംസ്ക്കാരത്തിലെ സാംസ്കാരിക മുദ്രകള്‍ നമ്മുക്ക്‌ നഷ്ടപ്പെട്ടത്‌ എതിനെക്കുറിച്ചുള്ള അന്വേഷണം മുന്‍പു പലരും നടത്തിയിട്ടുള്ളതാണ്‌. വലതു പക്ഷ ചിന്തകള്‍ ഈ ച്യുതികളെ ഒരനിവാര്യതയായി കാണുന്നു. കടുത്ത മാനവികതാ വാദത്തിലൂന്നിയ യാന്ത്രിക നിര്‍വ്യാപന സമരങ്ങളെ അവര്‍ തികഞ്ഞ പിന്‍തിരിപ്പന്‍മാരുടെ സമരമായി മുദ്ര കുത്തുന്നു. പുതിയ ഇടതു പക്ഷ ചിന്തകള്‍ ഈ പ്രശ്നത്തിനുമേല്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചതായി ഈയിടെ കണ്ടിരുന്നു. സാങ്കേതിക പുരോഗതികളെ തടയിടാതെ തന്നെ അതിനിവേശത്തിണ്റ്റെ പുതിയ ചൂഷണ രീതികളെ തിരഞ്ഞു പിടിച്ച്‌ അക്രമിക്കുന്നു അവര്‍. മനുഷ്യനെ തികച്ചും അപ്രസക്തനാക്കുന്ന വൈറ്റ്‌ കോളര്‍ മേഖലയിലെ ചൂഷണ രീതികള്‍ക്കുനേരെ പുതിയ ഇടതുപക്ഷ ചിന്തകള്‍ നിരന്തര സംഘട്ടനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്‌.

മതാചാരങ്ങളുടേയും ക്ഷേത്രകലകളുടേയും കാല്‍പനിക പരിസരങ്ങള്‍ വിട്ട്‌ സിനിമാറ്റിക്‌ ഡാന്‍സിന്‍റെയും റിയാലിറ്റിഷോകളുടേയും ലോകത്തില്‍ നിന്നുകൊണ്ടുള്ള സര്‍ഗ്ഗാത്മക ജീവിതത്തില്‍ നാം രൂപപ്പെടുത്തുന്ന സാഹിത്യം തികച്ചും വേറിട്ടു നില്‍ക്കുന്നതൊ ഒരു സാഹിത്യ പ്രസ്ഥാനത്തിന്‍റേയും പിന്‍തുടര്‍ച്ചക്കാരല്ലാതാവുകയൊ ചെയ്യുന്നത്‌ സ്വാഭാവികമാണ്‌. പുതിയ ജീവിത പരിതസ്ഥിതികളുടെ അര്‍ത്ഥ രാഹിത്യത്തേയും മൂല്യച്യുതികളേയും കുറിച്ചുള്ള നിശബ്ദ നിലവിളികളാണ്‌ പുതിയ എഴുത്തുകള്‍. സക്കറിയ, എന്‍. എസ്‌. മാധവന്‍, സന്തോഷ്‌ എച്ചിക്കാനം, സുഷ്മേഷ്‌ ചന്ദ്രോത്ത്‌, തുടങ്ങി പലരും അറ്റുപോയ പ്രാദേശിക സംസ്കാരത്തിന്‍റെ കണ്ണികളേയും നിലവിലുള്ള സംസ്കാര രാഹിത്യത്തേയും തന്‍റെ കൃതികളിലൂടെ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. കെ. ജി. ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, പുതുനിരയിലെ പി. പി. രാമചന്ദ്രന്‍, എസ്‌. ജോസഫ്‌, മോഹന കൃഷ്ണന്‍ കാലടി, വീരാന്‍കുട്ടി, സെബാസ്റ്റ്യന്‍, ടി. കെ. സന്തോഷ്‌ കുമാര്‍, ടി. പി. വിനോദ്‌, പി. കെ. പ്രമോദ്‌, ശ്രീഹരി, കൂഴൂറ്‍ വില്‍സണന്‍ തുടങ്ങിയ കവികളും തികച്ചും പ്രദേശികമായ ഇത്തരം സംര്‍ഗ്ഗത്മക പരിസരത്ത്‌ ജീവിക്കുന്നവരാണ്‌.

വൈദേശിക മൂലധന അധിനിവേശത്തിന്‍റെ ഫലമായി നമ്മുടെ പ്രദേശികമായ സാംസ്ക്കാരിക മുദ്രകള്‍ നമ്മുടെ സമകാലിക ജീവിതത്തില്‍ നിന്നും സര്‍ഗ്ഗാത്മകതയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നു പറഞ്ഞുവല്ലൊ എന്തിനു വേണ്ടിയാണ്‌ ഈ പ്രാദേശിക മുദ്രകള്‍ നാം സംരക്ഷിക്കേണ്ടത്‌. നാട്ടുഭാഷയും തികച്ചും ഗ്രാമ്യമായ തിരുശേഷിപ്പുകളും എന്തിനുവേണ്ടി സംരക്ഷിക്കപ്പെടണം. കാലത്തിണ്റ്റെ ഗതാനുഗിതികളെ സൂക്ഷമമായി വിലയിരുത്തുമ്പോള്‍ ചരിത്രത്തില്‍ നമ്മുടെ തനതായ പല ചിഹ്നങ്ങളേയും വലിച്ചെറിഞ്ഞുതന്നെയാണ്‌ നാമിവിടെ എത്തിയിട്ടുള്ളത്‌ എന്ന്‌ മനസ്സിലാവും.

കാലം പലതും നമ്മില്‍ നിന്ന്‌ ഒഴുക്കിക്കളയുന്നു എന്ന സത്യം മനസ്സിലാക്കുമ്പോള്‍ത്തന്നെ വരും തലമുറക്ക്‌ നാം ജീവിക്കുന്ന സമകാലികതയെ അടയാളപ്പെടുത്താന്‍ എന്തു സാംസ്കാരിക മുദ്രയാണ്‌ നമ്മുടെ കൈവശമുള്ളത്‌. ഗജമേളയും കഥകളിയും കളിച്ച്‌ ഒരു ചാണ്‍വയറിന്‌ വിദേശ ടൂറിസ്റ്റുകളുടെ മുന്‍പില്‍ കൈ നീട്ടുന്ന നമ്മള്‍ ഒരര്‍ത്ഥത്തില്‍ ഒരു കലാശക്കൊട്ടുതന്നെയാണ്‌ നടത്തുന്നത്‌. ചരിത്ര വിദ്യാര്‍ത്ഥി ചരിത്രം പഠിക്കുമ്പോള്‍ ഒരു ഉയര്‍ന്ന വിതാനത്തിലായിരിക്കും നില്‍ക്കുക പുകമൂടിയ കാഴ്ചകളില്‍ ഉയര്‍ന്നു കാണുന്ന പഴയ സ്മാരകങ്ങള്‍ കണ്ടെടുക്കാന്‍ അവര്‍ക്ക്‌ പ്രയാസം കണ്ടേക്കില്ല. കാലത്തെ അടയാളപ്പെടുത്താന്‍ അവര്‍ ഇതിഹാസങ്ങളും പുരാണങ്ങളും വിഖ്യാതമായ വാസ്തുകലകളും, വിപ്ളവങ്ങളും, ചോരവീണ വിപ്ളവസമരങ്ങളും ഉപയോഗിക്കുന്നു. പക്ഷെ ഇന്നത്തെ സമകാലീന ജീവിതത്തെ ഇതിണ്റ്റെ മുന്നും പിന്നുമടങ്ങുന്ന കാലത്തിണ്റ്റെ ഈ ചീളിനെ ഇതിന്‍റെ വിലകെട്ട ഉപഭോഗജീവിതത്തെ വരും തലമുറ എങ്ങിനെ അടയാളപ്പെടുത്തും. ചിലപ്പോള്‍ അവര്‍ ഈ കാലത്തെ അടയാളപ്പെടുത്തുക സമീപ ഭാവിയില്‍ വീണ്ടും ഉണ്ടായേക്കാവുന്ന ആണവദുരന്തങ്ങളെക്കൊണ്ടൊ ഇപ്പോള്‍ നടക്കുന്ന ഭീകരാക്രമങ്ങളോ കൊണ്ടായിരിക്കും, പാരമ്പര്യത്തിന്‍റെ എല്ലാ സത്തകളും ധൂര്‍ത്തടിച്ച ഒരു ജനത എന്ന്‌ അവര്‍ നമ്മെ വിലയിരുത്തുമായിരിക്കും.

പ്രദേശികവും ദേശീയവുമായ സാംസ്കാരികമുദ്രകള്‍ മനുഷ്യന്‍റെ ജൈവീകമായ കൂട്ടായ്മകളില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. കൊയ്ത്തൊഴിഞ്ഞ പാടത്ത്‌ കൊച്ചു പന്തല്‍ കെട്ടിയുണ്ടാക്കി കീഴാളര്‍ പൊറാട്ടു നാടകവും, കരകാട്ടവും നടത്തി വിനോദിക്കുമായിരുന്നു. ചെറുമനും, ചക്കിലിയനും, തമ്പിരാനും കഥാപാത്രമായ പാലക്കാടന്‍ പുറട്ടുനാടകം അന്നത്തെ കൂട്ടായ്മയുടെ ജൈവപ്രതിഭാസമായിരുന്നു എന്ന്‌ എന്‍റെ പാലക്കാടന്‍ ജീവിതാനുഭവം പറഞ്ഞു തിരുന്നു. പുത്തന്‍ അധിനിവേശത്തിന്‍റെ ഈ അശാന്ത വര്‍ത്തമാനത്തില്‍ നാം ഒറ്റയ്ക്കൊറ്റയ്ക്കാണ്‌, നമ്മള്‍ നമ്മുടെ തുരുത്തുകളില്‍ ഒറ്റയ്ക്കൊറ്റയ്ക്കിരുന്നു പ്രതികരിക്കുന്നു. പ്രദേശിക മുദ്രകളെന്നല്ല ഒരു മുദ്രകളുമില്ലാതെ രൂപപരമായ പരീക്ഷണങ്ങളില്‍ നിന്നുകൊണ്ട്‌ നാം നമ്മുടെ സര്‍ഗ്ഗാത്മകതയില്‍ പുതിയ 'ഗിമ്മിക്ക്‌' സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുക്ക്‌ ഒരു പ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും സ്വാധീനിക്കേണ്ട കാര്യമില്ല. അരാഷ്ട്രിയ വാദം ഒരു ഫാഷനായി കൂടെക്കൊണ്ടു നടക്കുന്നു പലരും.

വിജയന്‍മാഷ്‌ തുടങ്ങിവച്ച യുദ്ധം നമ്മുക്ക്‌ തുടരണം. എം. ടി. യുടേയും മാധവിക്കുട്ടിയുടേയും ഭാഷാ സുഗന്ധം നമ്മുടെ വാക്കുകളിലും നിറച്ചു വയ്ക്കണം. സാഹിത്യത്തില്‍ പ്രസ്ഥാനങ്ങളും ചിന്താപദ്ധതികളും ശക്തിപ്പെടണം. അടച്ചുപൂട്ടിയ മുറികളില്‍ നിന്നും പുറത്തു കടക്കണം. അധിനിവേശത്തിണ്റ്റെ പരസ്യകോലങ്ങള്‍ ആവരുത്‌ നമ്മള്‍. നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള ദുഖമല്ല ഈ അശാന്ത വര്‍ത്തമാനത്തില്‍ അതിജീവനത്തിനൊപ്പം വീണ്ടെടുക്കലിനായുള്ള പോരാട്ടമാണ്‌ ആവശ്യം.



കെ. എസ്‌. രവികുമാറിന്‍റെ പുസ്തകത്തോടും ("ആഖ്യനത്തിന്‍റേ അടരുകള്‍") എം. എന്‍. വിജയന്‍റെ ലേഖനങ്ങളോടും കടപ്പാട്‌


Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.