2020, മാർച്ച് 15, ഞായറാഴ്‌ച

മാമ ആഫ്രിക്ക: നീതിയുടെ അതീത യാഥാര്‍ത്ഥ്യങ്ങള്.

ആദിമ മനുഷ്യന്റെ വീട് ആഫ്രിക്കയാണെന്ന് നരവംശ ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ആധുനിക മനുഷ്യന്റെ മുതു-മുത്തശ്ശനായ ഹോമോ സാപ്പിയന്‍സ് ജന്മമെടുക്കുന്നത് 2 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ചാള്‍സ് ഡാര്‍വിന്റെ നീരീക്ഷണങ്ങള്‍ പ്രകാരം മാമ്മലുകളെന്ന ജീവി സഞ്ജയവുമായി മനുഷ്യനുണ്ടെന്നു കരുതുന്ന പൊതു സാദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ വാദങ്ങളെ ദൃഢപ്പെടുത്തുന്നു. നരവംശം ആരംഭിക്കുന്നത് ആഫ്രിക്കന്‍ മണ്ണില്‍ നിന്നാണെന്നത് ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ വൈകാരികമായ ഒരു കാര്യമല്ല. ആഫ്രിക്ക എന്ന രാജ്യത്തെ ഒരു വൈകാരികമായ ഇടമായി അടയാളപ്പെടുത്താന്‍ നമ്മള്‍ തയ്യാറായിട്ടുമില്ല. ആഫ്രിക്ക നമുക്ക് വന്യജീവികളുടെ നാടാണ്. പ്രാകൃതരായ മനുഷ്യരുടെ നാടാണ്. ഇപ്പോഴും ഉണ്ടെന്നു കരുതുന്ന നരഭോജികളുടെ നാടാണ്. അതിലപ്പുറം ആഫ്രിക്ക എന്നത് ആധുനിക രാഷ്ട്രങ്ങളെ സമ്പന്ധിച്ചിടത്തോളം ഇനിയും ഖനനം ചെയ്യപ്പെട്ടിട്ടില്ലാത്ത അളവില്ലാത്ത ഖനിജങ്ങളുടെ നാടാണ്. ഹിംസാത്മകമായ നീതിയെ കറുത്തവന്റെ സ്വത്വമായി ഉദ്‌ഘോഷിക്കപ്പെടുന്ന ഗോത്ര സംസ്‌കാരത്തിന്റെ നാടാണ്. മാനവികതയ്ക്ക് വളരാന്‍ ഇനിയും പാകപ്പെട്ടിട്ടില്ലാത്ത - പുരോഗമനാശയങ്ങള്‍ക്ക്, ഒരു സാമൂഹികരൂപികരണത്തിന് അവസരംകൊടുക്കാത്ത ഹിംസാത്മകമായ, വളരെ പാര്‍ട്രീയാര്‍ക്കലായ വ്യവസ്ഥിതിയുടെ നാടാണ്. സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ അപരിഷ്‌കൃതരായ ഗോത്രജനതയെ ഒറ്റുകൊടുത്തുകൊണ്ട് തങ്ങളുടെ മണ്ണിനടയിലെ അളവില്ലാത്ത ഖനിജങ്ങളെ പാശ്ചാത്യര്‍ക്ക് വിറ്റുവീര്‍ക്കുന്ന 'ചതി' അധികാര നീതിയാക്കിയവരുടെ നാട്. ഈദി അമീന്‍, റോബട്ട് മുഗാബെ, ഗദ്ദാഫി തുടങ്ങിയ ഫാസിസ്റ്റ് ഭരണാധികാരികളുടെ നാട്.
ടി.ഡി. രാമകൃഷ്ണന്‍ 'മാമ ആഫ്രിക്ക' എന്ന നോവലിലൂടെ പറയാന്‍ ശ്രമിക്കുന്ന കഥ ആഫ്രിക്കന്‍ ഗോത്രനീതിയും പുരോഗമന പ്രത്യയ ശാസ്ത്രങ്ങളും പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഉപാപചയങ്ങളുടെ കഥയാണ്. മാനവികതയും നീതിബോധവും ഹിംസാത്മകവുമായ ഒരു ജനതയുമായി എതിരിടുമ്പോള്‍ ഉണ്ടാകുന്ന ആശയസംഘര്‍ഷങ്ങളുടെ കഥയാണ്. വിക്ടോറിയന്‍ സദാചാര ബോധത്തെയും ഇന്ത്യപോലെയുള്ള സനാതന സാംസ്‌കാരിക ബോധത്തെയും ഉടച്ചുകളഞ്ഞുകൊണ്ട്, ചാരിത്ര്യമെന്ന പുരുഷകന്ദ്രീകൃതമായ ആശയത്തെ അവഗണിക്കുന്നതിലൂടെ അതീജീവനത്തിന്റെ വിപ്ലാവാത്കമായ ഒരു പാതയിലൂടെ സഞ്ചരിക്കുന്ന ഒരു അസാധാരണക്കാരിയായ താര വിശ്വനാഥന്‍ എന്ന കഥാപാത്രത്തെ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ടി.ഡി. രാമകൃഷ്ണന്‍ മാമ ആഫ്രിക്കയിലൂടെ.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാഥത്തില്‍ ബ്രീട്ടീഷ് ഈസ്റ്റ് ആഫ്രിക്ക കമ്പനി യുഗാണ്ടയുടെ മൊംബസ മുതല്‍ വിക്ടോറിയ തടാകം വരെ വലിയൊരു റയില്‍വെ ലൈന്‍ നിര്‍മ്മിക്കുന്നു. റയില്‍വെയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യക്കാര്‍ യുഗാണ്ടയിലേയ്ക്ക് കുടിയേറി പാര്‍ക്കുകയും ക്രമേണ അതില്‍ പലരും അവിടെതന്നെ സെറ്റില്‍ ചെയ്യുകയുമുണ്ടായി. കെനിയന്‍ റയില്‍വെയുടെ നിര്‍മ്മാണത്തിനു വേണ്ടി രാജ്യത്തു കുടിയേറിയ കമ്രേഡ് മി. പണിക്കരുടെ കൊച്ചുമകളാണ് പിന്നീട് ഇന്തൊ ആഫ്രിക്കന്‍ എഴുത്തുകാരിയായി അറിയപ്പെട്ട താരാ വിശ്വനാഥന്‍. 1971 ല്‍ പ്രസിഡണ്ട് മില്‍ട്ടണ്‍ ഒബോട്ടയെ ഒരു പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ച് ഈദി അമീന്‍ എന്ന സ്വേച്ഛാധിപതിയായ ഭരണാധികാരിയുടെ കാലത്ത് ഇന്ത്യന്‍ ന്യൂനപക്ഷ സമൂഹത്തെ നിരന്തരമായി വേട്ടയാടുകയും പലരെയും യുഗാണ്ട വിട്ട് മറ്റു പല രാജ്യങ്ങളിലേയ്ക്ക് നാടുകടത്തുകയുമൊക്കെയുണ്ടായി. പക്ഷെ ദുരൂഹമായ ചിലകാരണങ്ങള്‍കൊണ്ടോ, രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടൊ താരയുടെ അച്ഛനായ കൊമ്രേഡ് വിശ്വനാഥനെ യുഗാണ്ടയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള തന്റെ അച്ഛന്‍ സ്ഥാപിച്ച, പാന്‍ ആഫ്രിക്ക എന്ന ആശയത്തിനുവേണ്ടി രൂപം കൊടുത്ത ആഫ്രിക്കന്‍ 'ഉഹ്‌റു' എന്ന പ്രസ്ഥാനത്തിനുവേണ്ടി പിന്നീട് കമ്രേഡ് വിശ്വനാഥന് തന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തുന്നു. പരപ്പനങ്ങാടിയില്‍ നിന്ന് ആഫ്രിക്കയിലെ ഹിംസാത്മകമായ ഗോത്രസംസ്‌കൃതിയുടെ മണ്ണില്‍ ജീവിക്കേണ്ടി വന്നപ്പോഴും മലയാളവും അതിന്റെ സംസ്‌കാരവും പരിപൂര്‍ണ്ണായി പിന്‍തുടര്‍ന്നുവന്നിരുന്ന കൊമ്രേഡ് വിശ്വനാഥപണിക്കര്‍ തന്റെ മകള്‍ താരയേയും ഒരു തനി മലയാളിയായി വളര്‍ത്തിക്കൊണ്ടുവന്നു. രാമായണവും ലളിതാ സഹസ്രനാമവും മനഃപാഠമാക്കിയ, തന്റെ മകള്‍ താരയ്്ക്ക് ആത്മീയതയും മാനവികതയും സന്നിവേശിപ്പിച്ചുകൊണ്ടുള്ള മഹത്തായ ഒരു പുരോഗമന പാതയാണ് വിശ്വനാഥന്‍ കാണിച്ചുകൊടുത്തത്. ലോകത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന അപചയങ്ങളുടെ മൂലകാരണം അത് ആത്മീയമായ മനുഷ്യപുരോഗതിയെ യാതൊരു വീണ്ടുവിചാരവുമില്ലാതെ നിരാകരിച്ചു എന്നതാണ് എന്നാണ് കൊമ്രേഡ് വിശ്വനാഥന്‍ കരുതുന്നത്. എന്നാല്‍, തന്റെ മകള്‍ താരാ വിശ്വനാഥിന് അഭിമുഖീകരിക്കേണ്ടി വന്നത് തന്റെ ഭാരതീയ നൈതിക ബോധവും, കറുത്തവന്റെ ഹിംസാത്മക നീതിബോധവും തമ്മിലുള്ള വലിയൊരു സംഘട്ടനം നിറഞ്ഞ ജീവിതാവസ്ഥകളാണ്. ശരീരത്തിന്റെ പരിശുദ്ധിക്ക് വലിയ വിലകൊടുക്കുന്ന ഭാരതീയ സങ്കല്‍പങ്ങളെ, തകര്‍ത്തെറിയേണ്ട ജീവിത സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന താര വിശ്വനാഥന്റെ എഴുത്തും ജീവിതവും സംഘര്‍ഷങ്ങളുമാണ് ഈ നോവലിന്റെ കാതല്‍. അതോടൊപ്പം ആഫ്രിക്കയെന്ന ഗോത്രസംസ്‌കൃതിയെ, അതിന്റെ നൈതികതയെ, പ്രശ്‌നവത്ക്കരിക്കുകയും ചെയ്യുന്നുണ്ട് ഈ നോവല്‍.

ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ നാളിതുവരെ കണ്ടിട്ടുള്ള രചനകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു നോവലാണ് മാമ ആഫ്രിക്ക എന്ന് തീര്‍ച്ചയായും നമുക്കു പറയാന്‍ കഴിയും. സംഘര്‍ഷങ്ങളും, ലൈംഗീകതയും, ചരിത്രവും, മിത്തും ഇടകലര്‍ന്നുകൊണ്ടുള്ള ഭ്രമാത്മക തലം ടി.ഡി.രാമകൃഷ്ണന്‍ മറ്റെല്ലാ നോവലുകളിലുമെന്നപോലെ ഈ നോവലിലും കാണാമെങ്കിലും ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന വളരെ വിശാലമായ രാഷ്ട്രീയചിന്ത വളരെ ചലനാത്മകമായ ഒന്നാണ്. ആത്മീയവും ഭൗതികവും പ്രത്യയശാസ്ത്രപരവുമായ മാനവിക പുരോഗമനാശയങ്ങളുടെ വലിയ ചിന്താപദ്ധതികളെ വായനക്കാനില്‍ ചലനാത്മകമാക്കാന്‍ ഈ നോവലിനു കഴിയുന്നുണ്ട്. അതിലൊന്നാണ് കറുത്തവന്റെയും വെളുത്തവന്റെയും രാഷ്ട്രീയ വീക്ഷണങ്ങളെകുറിച്ചുള്ള വ്യവസ്ഥാപിത സങ്കല്‍പനങ്ങള്‍. ഈദി അമീന്‍ എന്ന സ്വേച്ഛാധിപതിയായ പട്ടാള ഭരണാധികാരിയുടെതടക്കം മറ്റു പലരുടെയും ലൈംഗീക അതിക്രമങ്ങള്‍ക്ക് താര വിശ്വനാഥ് ഇരയാകുന്നുണ്ട്. ആഫ്രിക്കയുടെ നൈതികബോധവും താരയുടെ ഭാരതീയമായ നൈതികബോധവും തമ്മില്‍ വലിയൊരു സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് ഈ നോവലില്‍. ആഫ്രിക്കയെന്ന ഗോത്ര സംസ്‌കൃതിയില്‍ കമ്മ്യൂണിസത്തിന് സംഭവിക്കുന്ന അപചയങ്ങളുടെ യഥാര്‍ത്ഥ കാര്യകാരണങ്ങളും, ഈ ജനത വംശീയമായി വിഭജിക്കപ്പെട്ട് തുടരുന്നതിന്റെയും, പാശ്ചാത്യരുടെ മനോഭാവങ്ങളുടെയും ബഹുമുഖമായ പ്രശ്‌നങ്ങളും ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു.

താരയുടെ മനസ്സില്‍ രൂപപ്പെടുന്ന ഒരു ദൈവസങ്കല്‍പമാണ് 'മാമാ ആഫ്രിക്ക'. ഓരോ മനുഷ്യനിലും ഇതുപോലുള്ള ചില ദൈവസങ്കല്‍പങ്ങളുമായി നിരന്തരമായ ആത്മസംവാദങ്ങള്‍ നടക്കുന്നുണ്ടാവാം. ഉള്ളിലെ ഈ ആത്മീയ അനുഭൂതിയുടെ വെള്ളിവെളിച്ചത്തില്‍ രൂപപ്പെടുന്ന നൈതിക ബോധത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ മുന്നോട്ടു നടക്കുന്നത്. പക്ഷെ താരയുടെ ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍, താരയുടെ മനസ്സില്‍ നിന്ന് മാമാ ആഫ്രിക്ക അപ്രത്യക്ഷമാകുന്നു. നിയതിയുടെ നൈതികബോധത്തെ വലിയൊരു ചോദ്യചിഹ്നമാക്കുന്ന ജീവിത സന്ദര്‍ഭങ്ങള്‍ താരയുടെ ജീവിതത്തില്‍ വന്നുചേരുകയും ചെയ്യുന്നു. തന്റെ ചാരിത്ര്യവും ശരീരത്തിന്റെ വിശുദ്ധി എന്ന മിഥ്യാബോധവും അതിജീവനത്തിനുവേണ്ടി നഷ്ടപ്പെടുത്തേണ്ടിവന്നപ്പോള്‍ താരാ വിശ്വനാഥ് എന്ന ഇന്തോ-ആഫ്രിക്കന്‍ യുവതിയുടെ ജീവിതം കൂടുതല്‍ വിപ്ലവാത്മകവും സംഘര്‍ഷഭരിതവുമായിത്തീരുന്നു. ഒരുപക്ഷെ ജീവിതത്തിന്റെ ഏതൊക്കെയൊ ഘട്ടത്തില്‍ വിക്ടോറിയന്‍ സാദാചാര ബോധത്തിലൂന്നിയുള്ള നേരിട്ടുള്ള യുദ്ധത്തില്‍ പരാജയപ്പെട്ടവളായി മാറേണ്ടിയിരുന്ന താരയാണ് അഹിംസയും സ്‌നേഹവും ആഗ്രഹിച്ചുകൊണ്ട് ബഹുദൂരം മുന്നോട്ടുതന്നെ പോകുകയും, പിന്നീട് ലോകമറിയുന്ന വലിയൊരു എഴുത്തുകാരിയായി മാറുകയും ചെയ്യുന്നത്! ശരീരത്തിന്റെ വിശുദ്ധിയെക്കാള്‍ അഹിംസയ്ക്കുവേണ്ടിയുള്ള സ്വാത്മ സമര്‍പ്പണമായിരുന്നു താരയുടെ ജീവിതം.

ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവുമാണ് ഈ നോവല്‍. താരാ വിശ്വനാഥിന്റെ സമാഹരിക്കപ്പെട്ട ഏതാനും രചനകളിലൂടെ ഇതല്‍വിരിയുന്നതാണ് ഈ നോവലിലെ സംഭവങ്ങള്‍. അപരമായ കാഴ്ചച്ചപ്പാടുകളിലൂടെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഊന്നിയ വ്യത്യസ്തവും സ്‌ഫോടനാത്മകവുമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ താരാവിശ്വനാഥ് എന്ന കഥാപാത്രത്തിലൂടെ കഴിയുന്നുണ്ട്. അത് അങ്ങേയറ്റം കണ്‍വിന്‍സിങ്ങായി അവതരിപ്പിക്കുന്നു എ്ന്നതിലാണ് ടി.ഡി. രാമകൃഷ്ണന്‍ എ്ന്ന അതുല്യ എഴുത്തുകാരന്റെ മാന്ത്രികത! താരയുടെ ബിറ്റ്വീന്‍ ബ്ലാക്ക് ആന്റ് വൈറ്റ് എന്ന ആത്മകഥയെ ആധാരമാക്കി ഒളീവിയ നാക്കിമേര, താരയുമായി നടത്തുന്ന ഇന്റര്‍വ്യു വായനക്കാരനെ ഭാവനയുടെ അതീത യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നയിക്കുന്നു.

അപാരമായ വായനാക്ഷമതയാണ് ഈ നോവലിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ടി.ഡി. രാമകൃഷ്ണന്റെ മറ്റേതൊരു നോവലിനെക്കാളും റീഡബിലിറ്റി ഈ നോവലില്‍ വളരെ അപാരമാണ്. 432 പേജുള്ള ഈ നോവല്‍ വായിച്ചു കഴിയുമ്പോള്‍ ഓരോ വായനക്കാരനും ആശയങ്ങളുടെ, ചിന്തകളുടെ, വൈകാരികതയുടെ വളരെ സംഘര്‍ഷഭരിതമായ ലോകംചുറ്റി തിരിച്ചെത്തുകയാണ് ചെയ്യുന്നത്.

മലായള നോവല്‍ സാഹിത്യത്തില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത പുതുവഴികളിലൂടെതന്നെയാണ് ടി.ഡി. രാമകൃഷ്ണന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ടി.ഡി. രാമകൃഷ്ണന്‍ ഓരോ നോവല്‍ എഴുതിക്കഴിയുമ്പോഴും അടുത്ത നോവലില്‍ ഇയ്യാള്‍ എന്തത്ഭുതമായിരിക്കും കാണിക്കാന്‍ പോകുന്നത്.... ഇതോടെ ഈ മാജിക്ക് അവസാനിക്കുമൊ? എന്ന് കരുതുമ്പോഴാണ് മറ്റൊരു വെടിക്കെട്ട് നോവലുമായി ടി.ഡി. രാമകൃഷ്ണന്‍ നമ്മളെ വിസ്മയിപ്പിക്കുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കും ആണ്ടാള്‍ ദേവനായകിക്കും ശേഷം ടി.ഡി. രാമകൃഷ്ണന്‍ വായനക്കാരനെ വീണ്ടും വിസ്മയിപ്പിക്കുകയാണ്. പുതിയ എന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാലഘട്ടത്തില്‍ ചരിത്രവും, വിജ്ഞാനവും, മിത്തുകളുമൊക്കെ ആര്‍ക്കും പ്രാപ്യമായ സംഗതിയാണ്. നമ്മുടെ കൈയ്യിലെ ഇന്റര്‍നെറ്റുതന്നെയാണ് ടി.ഡി. രാമകൃഷ്ണന്റെ കമ്പ്യൂട്ടറിലുമുള്ളത്. നമ്മള്‍ മനസ്സിലാക്കിയ ചരിത്രവും വര്‍ത്തമാനവും തന്നെയാണ് ടി.ഡി. രാമകൃഷ്ണനും മനസ്സിലാക്കി വെച്ചിരിക്കുന്നത്. പക്ഷെ ടി.ഡി. രാമകൃഷ്ണന്‍ ചരിത്രത്തെയും വര്‍ത്തമാനത്തെയും മിത്തുകളെയും പുനരാവിഷ്‌ക്കരിക്കുമ്പോള്‍ മലയാളം നാളിതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വെറിട്ടൊരു വായനയ്ക്കുള്ള വിഭവമായി മാറുന്നു. എഴുപതുകളുടെ ചോറുതിന്നു വീര്‍ക്കുന്ന കാല്‍പ്പനിക നോവല്‍ സങ്കല്‍പ്പനങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് ആര്‍ക്കും അത്ര എളുപ്പത്തില്‍ നടക്കാന്‍ സാധിക്കാത്ത വളരെ മാരകമായ ഒരു സര്‍ഗ്ഗാത്മക നോവലെഴുത്തിന്റെ ദിശാസൂചിയായി മാറുന്നു, ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ എഴുത്തിന്റെ വഴി.


മാമ ആഫ്രിക്ക
ടി.ഡി. രാമകൃഷ്ണന്‍
ഡി.സി. ബുക്‌സ്, കോട്ടയം
432 പേജ്
430 ക.

2020, മാർച്ച് 1, ഞായറാഴ്‌ച

പ്രഫ. ടി. ജെ. ജോസഫിന്റെ അറുത്തു മാറ്റാനാവാത്ത ഓര്‍മ്മകള്‍

ഓരോ മനുഷ്യനും ഓരോ ഇതിഹാസങ്ങളാണ് എന്ന് ഒരിക്കലൊരിടത്ത് ഒഎന്വി എഴുതിയിട്ടുണ്ട്. എനിക്കും പലപ്പോഴും അങ്ങിനെ തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ട്. സഹജനെ ആഴത്തിലറിയുമ്പോള് ഒരു വന്കടലിന് നടുവില് പെട്ട് ആടിയുലയുഞ്ഞ അനുഭവങ്ങള് ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാ ഇതിഹാസങ്ങളും സമൂഹത്തിന്റെ വഴിവിളക്കാകുന്നുമില്ല. പല ഐതിഹാസികതകളും ആരാലുമറിയപ്പെടാതെ ആറടി മണ്ണില് അലിഞ്ഞു ചേരുകയാണല്ലൊ ചെയ്യുക.
എനിക്ക് പ്രൊഫ. ടി.ജെ. ജോസഫ് ആരായിരുന്നു? അദ്ദേഹത്തിന്റെ പുസ്തകത്തില് പ്രതിപാതിച്ച ആക്‌സമികതകള് നടന്നില്ലായിരുന്നുവെങ്കില് അദ്ദേഹത്തെ ഞാന് അറിയുകപോലുമില്ലായിരുന്നു. ഇനി പരിചയക്കാരനാണെങ്കില്ത്തന്നെ ആരാകുമായിരുന്നു എനിക്ക് ടി.ജെ. ജോസഫ്? ഒരു സാധാരണ കോളജ് വാദ്ധ്യാര്, ആമിയുടെയും മിഥുന്റെയും അപ്പച്ചന്, സലോമിയുടെ ഗൗരവക്കാരനായ ഭര്ത്താവ്, എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയില് പോകുന്ന ഒരു സത്യക്രിസ്ത്യാനി. ഇതിനപ്പുറം ഈ ഇതിഹാസത്തെ ഈ മലയാള മണ്ണ് അറിയുമായിരുന്നൊ...?
2010 മാര്ച്ച് 19 ന് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ബികോം ഒന്നാം വര്ഷ വിദ്യാര്ത്ഥികളുടെ രണ്ടാം സെമസ്റ്റര് മലയാളം പരീക്ഷയ്ക്ക് ചിഹ്നകത്തെ സമ്പന്ധിക്കുന്ന ഒരു ചോദ്യം തയ്യാറാക്കുമ്പോള് ഈ മനുഷ്യന്, ഭ്രാന്തിന്റെ കൊമ്പില് തൂങ്ങിയാടുന്ന-താന് ജീവിക്കുന്ന സമൂഹമെന്ന വൈതാളിക രൂപത്തെ തെല്ലും സംശയിച്ചിരുന്നില്ല? ശരിയായിരിക്കാം; സാഹിത്യത്തില് പിശാചും പരുഷ വാക്കുകളും, വൈരുദ്ധ്യങ്ങളും ജുഗുപ്‌സയുമൊക്കെ കഥാപാത്രമാകുക സ്വാഭാവികമാണ്. അതുകൊണ്ടാണ് അദ്ദേഹം തയ്യാറാക്കിയ ചോദ്യഭാഗത്തിലെ ഭ്രാന്തന് എന്ന കഥാപാത്രത്തിന് ഒരു പേരുനല്കണമെന്നു തോന്നിയതും അത് താന് പകര്ത്തിയ ചോദ്യഭാഗമെഴുതിയ പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'മുഹമ്മദ്' എന്ന പേര് സ്വീകരിച്ചതും. അടുത്തവീട്ടിലെ ശവനെ നമ്മള് പട്ടിശവന് എന്ന് വിളിക്കാറുണ്ടല്ലൊ ചെറ്റത്തരം കാണിക്കുന്ന രാമനെ ചെറ്റ രാമന് എന്നും വിളിച്ചാല് തെറ്റില്ല. കാര്യമൊക്കെ ശരിതന്നെ പക്ഷെ പലപ്പോഴും അതി മാരകമായ രീതിയില് ഒരു യുക്തിയുമില്ലാതെ തിരിഞ്ഞു കടിക്കാന് സാധ്യതയുള്ള ഒരു ക്രൂര ജന്തുവാണ് സമൂഹമെന്ന് പ്രൊഫ. ടി.ജെ. ജോസഫ് ചിന്തിച്ചില്ല...!! ഈ പ്രബുദ്ധ സമൂഹത്തെ ജോസഫ് മാഷ് കണ്ണടച്ചു വിശ്വസിച്ചു?! ജീന്സിട്ടതിന്റെ പേരില്, തലയിലെ തട്ടം അല്പമൊന്നു മാറിപ്പോയതിന്റെ പേരില്, ആര്ത്തവത്തിന്റെ പേരില്, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കാലഹരണപ്പെട്ട ആചാരങ്ങളുടെ പേരില് നിരന്തരം കൊല്ലും കൊലപാതകങ്ങളും നടത്തുന്ന ഈ സമൂഹത്തിന്റെ പ്രബുദ്ധതയെകുറിച്ച് ജോസഫ് മാഷ് തെല്ലും സംശയിച്ചില്ല?!
തയ്യാറാക്കിയ ഈ ചോദ്യം 32 വിദ്യാര്ത്ഥികളടങ്ങുന്ന ഒരു ചെറു സമൂഹത്തിന് സമര്പ്പിക്കപ്പെട്ടതോടെ ടി.ജെ. ജോസഫ് എന്ന മനുഷ്യന് തന്റെ ജീവിതേതിഹാസത്തെ താനറിയാതെ ഒരു വലിയ സമൂഹത്തിനു മുന്പിലേയ്ക്ക് കയറൂരിവിടുകയായിരുന്നു.
ഭ്രാന്തന് എന്ന കഥാപാത്രത്തിന് 'മുഹമ്മദ്' എന്ന നാമകരണം ചെയ്തതിന്റെ പേരില്, ജീവിതത്തില് നാളിതുവരെ ഒരു സഹജീവിയെപോലും നോവിക്കാതെ ജീവിച്ചു വന്ന മനുഷ്യന് ഇരുട്ടില് പാത്തും പതുങ്ങിയും ജീവിക്കേണ്ടി വന്നു. ഒളിവില് കഴിഞ്ഞു. ജയിലില് കിടന്നു. പോലീസിന്റെയും സമൂഹത്തിന്റെ ആട്ടും തുപ്പുമേറ്റു.... നമ്മളെല്ലാമടങ്ങുന്ന ഈ സമൂഹം പ്രൊഫ. ടി. ജെ. ജോസഫിനെ 'മണ്ടന്' എന്ന് വിളിച്ചു പരിഹസിച്ചു. 'ഇദ്ദേഹത്തനറിയില്ല... ഭ്രാന്തനെ നിങ്ങള് മുഹമ്മദാക്കിയിട്ടുണ്ടെങ്കില് ഈ മുഹമ്മദിനെ പ്രവാചനകാക്കാനുള്ള ഭാവന ഈ സമൂഹത്തിനുണ്ട്. അതിന്റെ പേരില് താങ്കളെ വെട്ടി തുണ്ടമാക്കാനുള്ള കാട്ടാള ബുദ്ധിയും!'
2010 ജൂലൈ നാലിന് ഈ സാധാരണക്കാരനായ പ്രൊഫ. ടി. ജെ. ജോസഫിനെ നമ്മുടെ സമൂഹം തിരഞ്ഞെടുത്തു. കൈകാലുകള് വെട്ടി തുണ്ടം മാക്കി. പക്ഷെ ജോസഫ് മാഷ് പൊരുതി.... അതി മാരകമായ ഈ സമൂഹത്തോട് ഇഞ്ചിഞ്ചോടിഞ്ച് പൊരുതി... മുഹമ്മദിനെയും ജീസസ്സിനെയും പോക്കറ്റിലിട്ടു നടക്കുന്ന മതമേധാവിത്വത്തോടുപൊരുതി. അത് പ്രത്യക്ഷ സമരങ്ങളായിരുന്നില്ല. മറിച്ച് നീതിമാനായ ഒരു മനുഷ്യന്റെ ജീവിതസമരമായിരുന്നു. തന്റെ ജീവിതത്തിലെ ആകസ്മികതകള് തന്റെ ജീവിതത്തിലെ സാധാരണക്കാരന്റെ ഉള്ളടക്കത്തെ അസാധാരണമാക്കുകയും അതിനെ വലിയൊരു ജീവിതേതിഹാസമാക്കി സമൂഹത്തിന് തിരിച്ചുകൊടുക്കുകയും ചെയ്യാനുള്ള ഒരു ചരിത്ര ദൗത്യം പിന്നീട് പ്രൊഫ. ടി.ജെ. ജോസഫിന് ചെയ്യാനുണ്ടായിരുന്നു. ആ ഇതിഹാസമാണ് അദ്ദേഹം എഴുതിയ ആത്മകഥ 'അറ്റുപോകാത്ത ഓര്മ്മകള്'.
തന്റെ രാണാങ്കണത്തില് തന്നൊടൊപ്പം തോളോടു തോള് ചേര്ന്നു പൊരുതിയ പ്രിയ പത്‌നി സലോമിയെ ജോസഫ് മാഷിന് നഷ്ടപ്പെട്ടു. അദ്ദേഹം വിശ്വസിച്ച തിരുസഭ അവരെ കൊന്നു. തന്റെ കാല്പനികമായ ജീവിതം നഷ്ടപ്പെട്ടു, വിദ്യാര്ത്ഥികളും കലാലയവും നഷ്ടപ്പെട്ടു, തൊഴില് നഷ്ടപ്പെട്ടു, അംഗംഭംഗം വന്നു.... പക്ഷെ അദ്ദേഹം പൊരുതി... പൊരുതിക്കൊണ്ടിരിക്കുന്നു. പ്രൊഫ. ടി.ജെ. ജോസഫ് എന്ന മനുഷ്യനെ മലയാള സാഹിത്യം ഏറ്റെടുത്തിരിക്കുന്നു.
അറ്റുപോകാത്ത ഓര്മ്മകള് എന്ന പുസ്തകം നാളിതുവരെ ഉണ്ടായിട്ടുള്ള ആത്മകഥകളുടെ ഗണത്തില് നിന്ന് വളരെ വ്യതിരിക്തമായി നില്ക്കുന്ന ഒന്നാണ്. അമ്പരപ്പോടെ അതിലധികം വിലാപത്തോടെ, വിയര്ത്തുകുളിച്ചുകൊണ്ടല്ലാതെ, ഭീതിപൂണ്ട്-വിറച്ചുകൊണ്ടല്ലാതെ... ഒടുവിലിത്തിരി സമാശ്വാസത്തിന്റെ ആനന്ദാനുഭൂതിയോടെയല്ലാതെ വായിച്ചവസാനിപ്പിക്കാനാവില്ല ഈ പുസ്തകം. ഈ പുസ്തകം തരുന്ന ആത്മീയ വെളിച്ചത്തിന് ഒരു വലിയ ജീവിതത്തിന്റെ കനം ഉണ്ട്.
ആരാണ് പ്രൊഫ. ടി.ജെ. ജോശഫിനെ ആക്രമിച്ചത്? പ്രവാചക നിന്ദ ആരോപിച്ചുകൊണ്ട് ആരോ എവിടെയൊ ഇരുന്ന് കല്പ്പിച്ചതനുസരിച്ച് ഇറങ്ങിപ്പുറപ്പെട്ട ചിന്താ ശേഷയില്ലാത്ത കുറെ മൃഗങ്ങളാണോ? സലോമിയെ വിഷാദ രോഗിയാക്കി കൊന്നുതള്ളിയ കോതമംഗലം രൂപതയും, സഹപ്രവര്ത്തകനെ തള്ളിപ്പറഞ്ഞ് അദ്ധ്യാപക സമൂഹവും, ചാട്ടുളിപോലുള്ള വാക്കുകള് കൊണ്ട് നിരവധി അവസരങ്ങളില് കുത്തി നോവിച്ച സര്ക്കാരും, നീതി പാലകരും, ന്യായാധിപന്മാരും, മതസംഘടനകളും, ഈ സമൂഹത്തിന്റെ പരിച്ഛേദമല്ല. മറിച്ച് ഒരു സമൂഹംതന്നെയാണ് - ഈ സമൂഹം മുഴുവനും കുറ്റക്കാരാണ്.
'ഒരു മീന് മുറിച്ചാല് എത്ര കഷ്ണം?' എന്ന് ചോദിച്ച ഭ്രാന്തന് മുഹമ്മദിന്റെ ചോദ്യത്തിനുള്ള പടച്ചോന്റെ മറുപടി മൂന്നു മുറിയാണെടാ നായിന്റെ മോനെ എന്നായിരുന്നല്ലൊ. ഈ സമൂഹം ഭ്രാന്തിന്റെ മൂന്നല്ല-മൂന്നൂറു മുറിയാണ്.... ഭ്രാന്തിന്റെ, ക്രൂരതയുടെ, നിര്ദ്ദയമായ കഷ്ണങ്ങളാണ് എന്ന തിരിച്ചറിവിന്റെ വേദനയോടെയാണ് നമ്മള് വായനക്കാര് ഈ പുസ്തകം വായിച്ചു മടക്കിവെയ്ക്കുക.
പ്രൊഫ. ടി. ജെ. ജോസഫ് എന്ന അദ്ധ്യാപകന്റെ രക്തവും മാംസ്യവും മാത്രമല്ല ഈ പുസ്തകം. ഒരു മനുഷ്യന് എന്തായിരിക്കണമെന്നതിന്റെ യഥാര്ത്ഥ ദൃഷ്ടാന്തമാണ് ഈ ജീവിത പുസ്തകം. ഒരിക്കല് തൊടുപുഴയിലേയ്ക്കുള്ള യാത്രയില്, ബസില് ഡ്രൈവറിനടുത്തുള്ള മുന്സീറ്റിലിരുന്ന സഹയാത്രികയായ ഒരമ്മച്ചി ഛര്ദ്ദിക്കാന് മുട്ടി ഓടി പിന് സീറ്റിലിരുന്ന ജോസഫ് മാഷിന്റെ അടുത്തേക്കു വന്നു പുറത്തേക്ക് തലിയിട്ട് ഛര്ദ്ദിക്കാനുള്ള ശ്രമത്തില് മാഷിന്റെ മേല് ഛര്ദ്ദിയഭിഷേകം നടത്തുന്നു. മാഷ് ആ ഛര്ദ്ദിയഭിഷേകമത്രയും ക്ഷമയോടെ ഏറ്റുവാങ്ങി. ഇത്രയധികം യാത്രക്കാരുണ്ടായിട്ടും ഈ ഛര്ദ്ദില് വന്നുവീണത് തന്റെ മാത്രം ദേഹത്താണ്. ഇന്നത്തെ താരം-ഭാഗ്യവാന് താനാണെന്ന് മാഷിന്റെ നര്മ്മ മധുരമായ ബുദ്ധി ചിന്തിക്കുന്നു! ആകസ്മികതകളെ ധീരമായി എതിരേറ്റവനാണ് ജോസഫ് മാഷ്. കൊക്കിന്റെ വായിലകപ്പെട്ട തവളയായി മാറുമ്പോഴും 'Don't Ever Give Up' എന്ന മനോഭാവത്തോടെ ജീവിതത്തെ നേരിട്ട ജോസഫ് മാഷ് സ്വന്തം ജീവിതത്തിന്റെ ഇതിഹാസകാരനാണ്. തന്റെ വിധികള്ക്ക് സ്വയമെറിഞ്ഞുകൊടുത്തുകൊണ്ട് തന്റെ ജീവിതേതിഹാസം സൃഷ്ടിച്ച മനുഷ്യന്-യോദ്ധാവ്.
പ്രൊഫ. ടി. ജെ. ജോസഫിന്റെ അറ്റുപോകാത്ത ഓര്മ്മകളെ ആര്ക്കും അറുത്തുമാറ്റാന് സാധിക്കില്ല. ഈ ജീവിതേതിഹാസത്തെ മലയാള സാഹിത്യം ഏറ്റെടുത്തു കഴിഞ്ഞു. ഈ പുസ്തകം ഉയര്ത്തുന്ന സൗമ്യമായ കൊടുങ്ങാറ്റിനു മുന്പില്, ഉയര്ത്തുന്ന ചോദ്യങ്ങള്ക്കു മുന്പില് സമൂഹം കൂച്ചുവിലങ്ങിട്ടു നില്ക്കുന്നു.
വായിച്ചു തീരുമ്പോള് ഈ പുസ്തകത്തെ, എന്നിലെ വായനക്കാരന് ഹൃദയത്തോടു ചേര്ത്തു വയ്ക്കുന്നു. വായനക്കിടയില് പലപ്പോഴും കരഞ്ഞു, ഭയന്നു, സ്വപ്‌നങ്ങളില്പോലും ഇതിലെ അക്ഷരങ്ങള് കടന്നുവന്നു... വേട്ടയാടിക്കൊണ്ടിരുന്നു...
ഇത് അക്ഷരങ്ങളുടെ വിജയമാണ്. നീതിയുടെ വിജയമാണ്. ഇത്തരം ചില വിജയങ്ങള് ഭൂമുഖത്ത് സംഭവിക്കുന്നതുകൊണ്ടാണ് ഈ ഭൂമി ഈ നിലയ്‌ക്കെങ്കിലും അതിന്റെ അചുതണ്ടില് തിരിഞ്ഞുകൊണ്ടിരിക്കുന്നത്.
പുസ്തകം: അറ്റുപോകാത്ത ഓര്മ്മകള് (ആത്മകഥ)
പ്രൊഫ. ടി. ജെ. ജോസഫ്
ഡി. സി. ബുക്‌സ്
വില 450 ക.

2020, ജനുവരി 22, ബുധനാഴ്‌ച

ചപ്പാക്ക്‌

ആസിഡ് ആക്രമത്തിനിരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആധാരമാക്കി ദീപിക പദുകോൺ അഭിനയിച്ച chhapaak കണ്ടു. 
സംഭവങ്ങളോടും സമകാലിക അവസ്ഥകളോടും ധീരമായി പ്രതികരിക്കുന്നു - യാതൊരു കൃത്രിമ വൈകാരികതയൊ, അതി നാടകീയതയൊ ഇല്ലാത്ത സത്യസന്ധമായ സിനിമ. ഒട്ടും അതിഭാവുകത്വമൊ അനാവശ്യ ഗിമ്മിക്കുകളൊ കാണിക്കാതെ തികച്ചും റിയലിസ്റ്റിക് അയി ദീപികാ പദുകോൺ തന്റെ കഥാപാത്രത്തെ മികച്ചതാക്കി.
ഇതേ പ്രമേയത്തിൽ മലയാളത്തിലിറങ്ങിയ " ഉയരെ " എന്ന ചിത്രത്തിൽ ഇരയുടെയും വേട്ടക്കാരന്റെയും മനസ്സിനെ ആഴത്തിൽ അപഗ്രഥിക്കുണ്ട് . എന്നാൽ 'ചപാക് ' ഇരയുടെ സമൂഹ്യബോധത്തിലൂടെ സഞ്ചരിക്കുന്നു. സിനിമ നമ്മുടെ സിസ്സംഗത മുഖമുദ്രയാക്കിയ നീതി പീഢങ്ങളെ പ്രതിസ്ഥാനത്തു നിർത്തുന്നു. ഇനിയും ഇതുപോലുള്ള ആക്രമണങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജാഗ്രത്താകുന്നു.
സാമൂഹ്യ ബോധമുള്ള ഓരോ ഇന്ത്യക്കാരനും കാണേണ്ട സിനിമ.
സംവിധായിക മേഘ്ന ഗുൽസ റിന് ഒരു ബിഗ് സല്യൂട്ട്. ഒരോ സീനിലും ഈ സംവിധായിക കാണിക്കുന്ന സൂക്ഷ്മത അവരുടെ 'തൽവാർ' എന്ന ചിത്രത്തിൽ ബോധ്യപ്പെട്ടതാണ്.
ഒരു പാട് പ്രതിഭയുള്ള പുതുമുഖങ്ങൾ, പുതിയ സമീപനം
ബോളിവുഡിന് പുതിയൊരു ചുവടുമാറ്റത്തിന്റെ മുന്നുരയായി മാറുന്ന സിനിമ.
#chhapaak
#deepikapadukon
#supportchapak

സൂസന്നയുടെ പുസ്തകച്ചിത

ഒരു പ്രഭാഷണത്തില്‍ സജയ് കെ.വി. പറഞ്ഞു 'വായിക്കുക-വലിയൊരു വായനക്കാരനാകുക-'വായനക്കാരന്‍' ഒരു വലിയ പദവിയാണ്'.
എനിക്ക് ഓരോ വായനയും ഓരോ സഞ്ചാരങ്ങളാണ്. ലഗേജുകളുടെ ഭാരമില്ലാതെ, കര്‍മ്മബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതെ അവനൊ അവളൊ ഇല്ലാതെ, ഉപാസനകളും അനുഷ്ഠാനങ്ങളുമില്ലാതെ അവനവനിലേയ്ക്കുതന്നെയുള്ള ഒരു തീര്‍ത്ഥയാത്ര. സംഘര്‍ഷങ്ങളും സംവാദങ്ങളും ഉന്മാദങ്ങളുമല്ലാതെ വേറൊന്നുമില്ല കൂട്ടിന്.
വായിക്കാതിരിക്കുമ്പോള്‍ ജീവിതം ചലന രഹിതമായി തോന്നുന്നു. വായനയുടെ പാരമ്യത്തിലെത്തുമ്പോള്‍ വായന ഒരു ദുശ്ശീലംകൂടിയായി മാറുന്നു.
മലയുടെ മസ്തകത്തില്‍ നിന്ന് മഴയുടെ നീരൊഴുക്കിനൊപ്പം യാത്ര പുറപ്പെട്ട ഒരു കല്ല് നദിയിലെത്തുകയും, ഒഴുക്കിലുരഞ്ഞുകൊണ്ട് സമുദ്രത്തിലെത്തുകയും ചെയ്യുമ്പോള്‍ 'കല്ലുടലി'ന് ഉണ്ടാകുന്ന മിനുസമുണ്ടല്ലൊ.... അതാണ് വായനയുടെ ഏക നേട്ടം. ഏതു ജീവിത സംഘാതങ്ങളിലും ഒരൊഴുക്കുതടിപോലെ സ്വയം നിന്നുകൊടുക്കാനുള്ള ആത്മീയ ശക്തി.... മഹാമലയുടെ നിസ്സംഗത, നദിയുടെ നൈരന്തര്യം, ഒരുവാക്കുപോലും എഴുതിയില്ലെങ്കിലും എന്തിനോവേണ്ടി തിളയ്ക്കാതെ ശാന്തമായി ഉറങ്ങുന്ന ഷെല്‍ഫിലെ ഒരു പുസ്തകം പോലെ ഉറങ്ങാനുള്ള ആത്മീയ ശക്തി. അതിനപ്പുറം.... അതിലപ്പുറം ഒന്നുമില്ല. ഒരു വായനക്കാരന്‍ ഇതില്‍ക്കൂടുതല്‍ ഒന്നും ആഗ്രഹിക്കരുത്. പുസ്തകങ്ങള്‍ ലോകത്തെ വെട്ടിപ്പിടിക്കാനുള്ളതല്ല. അത് അവനവനെ അറിയാനുള്ളതാണ്.... അവനവനിലൂടെ ലോകത്തെ വെറുതെ കാണാനും....
ഓരോ വായനയും ജീവിക്കലാണ്. വായന ഒരു ജീവിത നിയോഗമാണ്.
അജയ് പി മങ്ങാട്ടിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവല്‍ ഒരു ഭീകര വായക്കാരനായ നോവലിസ്റ്റിന്റെ കേവല ഉന്മാദങ്ങള്‍ മാത്രമാണ്. ഒരു ഉന്മാദിയായ വായനക്കാരന്റെ സ്വപ്‌നാടനങ്ങളെ, ഭ്രമാത്മകതകളെ, ഇളവെയിലിലെ നിഴല്‍ വഴികളെ, വിസ്മൃതിയില്‍ നിന്ന് വല്ലപ്പോഴുമൊക്കെ കയറിവരുന്ന നിഴല്‍നാടകങ്ങളെ, പലതുമായി കുഴമറിഞ്ഞ് മറ്റൊന്നായി വന്നു മുന്നില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ, ആര് സൃഷ്ടിച്ചെന്നും; ഇതിന്റെ പിതാവാരെന്നുമറിയാതെ ഭൂതകാലം നഷ്ടപ്പെട്ട നൂറുകണക്കിന് കഥാപാത്രങ്ങളെ ഒരു നോവലില്‍ പിടിച്ചുവയ്ക്കുകമാത്രമാണ് അജയ് പി. മങ്ങാട് ചെയ്തത്.
നോവല്‍ സാഹിത്യത്തെക്കുറിച്ചുള്ള രൂഢമൂലമായ ലാവണ്യബോധവുമായി ഈ നോവലിനെ ഒരിക്കലും ആരും സമീപിക്കാതിരിക്കുക. എഴുത്തിന്റെയും ആവിഷ്‌ക്കാരത്തിന്റെയും വ്യവസ്ഥാപിത രീതികളില്‍ നിന്ന് വഴിമാറി സഞ്ചിരിക്കുന്ന ഒരു കൃതിയാണിത്. ഇതിന് കാലമൊ, ഇതിവൃത്തമൊ, സഞ്ചാര പഥങ്ങളൊ ഇല്ല. ഉള്ളത് എഴുത്തുകാരന്‍ സൃഷ്ടിച്ചതും വായനാവഴിയില്‍ പലപ്പോഴായി കണ്ടുമുട്ടിയതുമായ കഥാപാത്രങ്ങളും കുറേ വിസ്മയങ്ങളും, അതിലധികം കുഴമറിഞ്ഞ ഉന്മാദങ്ങളും മാത്രമാണ്. ഉന്മാദത്തിന്റെ സെപിയ ചിത്രങ്ങളില്‍ നിറയെ കാടും മലകളും ചുരങ്ങളും മാത്രം. എല്ലാ കഥാപാത്രങ്ങളും ഭീകര വായനക്കാരാണ്! എല്ലാവരുടെ കണ്ണിലും ഏകാന്തതകളുടെ ആഴങ്ങളില്‍ കാണുന്ന ധൈഷണിക നീലിമയുണ്ട്.
അലി, സൂസന്ന, അഭി, അമുദ, നീലകണ്ഠന്‍ പരമാര, കാര്‍മേഖം, പശുപതി, സരസ, വെള്ളത്തൂവല്‍ ചന്ദ്രന്‍, ജല, ആറുമുഖന്‍ എന്നിവരൊക്കെ അജയ് മങ്ങാടിന്റെ സൃഷ്ടികളായി കരുതാനാവില്ല. വായനാവഴിയില്‍ ലഹരി മുത്ത് 'പാമ്പായി' കിടന്നപ്പോള്‍ അനുവാദം പോലും ചോദിക്കാതെ, മനസ്സിലേയ്ക്ക് ഇറങ്ങിവന്ന ഉപബോധലോകത്തിലെ മനുഷ്യരാണ്. ഈ കഥാപാത്രങ്ങള്‍ക്ക് അജയ് പി. മങ്ങാട്ട് എന്ന പ്രതാധിപനായ, വജ്ര-അമേയ, എന്നീ പെണ്‍മക്കളുടെ പിതാവുമായൊ ഒരു ബന്ധവുമില്ല. അജയ് പി. മങ്ങാട്ട് എന്ന ഉന്മാദിയായ വാനക്കാന്‍ ഒരു ദിവസം തന്റെ വായനോന്മാദങ്ങളുടെ ബോധരൂപങ്ങള്‍ക്ക് അക്ഷരച്ചിറകുകൊടുത്തു; അത്രമാത്രം. അതുകൊണ്ടുതന്നെ ഈ പുസ്തകം വായനയുടെ വഴിയില്‍ സഞ്ചരിക്കുന്നവരുടെ പുസ്തകമാണ്.
അയ്യായിരത്തില്‍പരം പുസ്തകങ്ങള്‍ കത്തിച്ചു കളയുന്ന സൂസന്ന ഉന്മാദിയായ അനുവാചകനെ ഒട്ടും ഞെട്ടിക്കുന്നില്ല. സൂസന്ന ഒരുക്കിയ പുസ്തകച്ചിത സത്യത്തില്‍ ഒരോ വായനക്കാരന്റെയും മനസ്സിലുണ്ട്. ഓരോ വായനക്കാരനും സ്വയം ദഹിക്കുന്നത് അവനവന്റെ അക്ഷരച്ചിതയിലാണ്.
'ഓര്‍മ്മ' ഓരോ വായനക്കാന്റെയും സെമിത്തേരിയാണ്. ഓരോ കല്ലറകള്‍ക്കു മുകളിലും കുരിശടികളില്‍ ഇങ്ങിനെ എഴുതിവെച്ചിരിക്കും കാഫ്ക, ദസ്തയേവ്‌സ്‌കി, അര്‍തര്‍ കോനന്‍, ഡോയല്‍, ബോര്‍ഹസ്, റില്‍കെ, നെരൂദ, തകഴി, കാരൂര്‍, എ.ടി. വാസുദേവന്‍, ആനന്ദ്... അങ്ങിനെ അങ്ങിനെ...
ഓരോ വായനാന്ത്യവും പൊട്ടിയ അമിട്ടു കുറ്റിയുടെ അവശിഷ്ടങ്ങളും, പൊഴിഞ്ഞുവീണ ഷൂക്കിയും വളപ്പൊട്ടുകളും പെറുക്കിയെടുക്കാനായി വിശാലമായിക്കിടക്കുന്ന, പൂരംകഴിഞ്ഞ പൂരപ്പറമ്പാണ്.
രണ്ടു കണ്ണുകള്‍ അസ്തമിക്കുന്നതോടെ വായനക്കാരന്‍ മരിക്കുന്നു. അക്ഷരങ്ങള്‍ ഒരുക്കിയ ചിതയില്‍ അവന്‍ സ്വയം ഒരുപിടി ചാരമാകുന്നു.
സൂസന്ന എനിക്ക് ഒരു കഥാപാത്രമല്ല...
അവള്‍ ഞാനാണ്...
ഞാനാണ്...
അവളുടെ ഗ്രന്ഥപ്പുര എന്റെയും ചിതയാണ്....

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.