2013, ഡിസംബർ 16, തിങ്കളാഴ്‌ച

കോങ്കണ്ണന്‍ കാഴ്ച്ചകളും 'കാത്തിരിപ്പിന്റെ' മള്‍ട്ടിഡൈമന്‍ഷനും

 ആഴ്ച്ചപ്പാങ്ങ്-6

എഴുത്തില്‍ സൂക്ഷ്മവും സ്ഥൂലവുമായ രണ്ടുതരം ദര്‍ശനങ്ങളുണ്ട്. ചിലര്‍ ജീവിതത്തിന്റെ, ചിന്തയുടെ ഏറ്റവും സൂക്ഷ്മമായ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. അതില്‍ അടയിരിന്നുകൊണ്ട് ഒരു ചെറു തന്മാത്രയില്‍ നിന്ന് ലോകനിര്‍മ്മിതിയുടെ ഏറ്റവും അടിസ്ഥാന സത്യങ്ങള്‍ വിളിച്ചു പറയാന്‍ ശ്രമിക്കുന്നു. ഇവരുടെ ചിന്തയും, ഭാഷയും, ആവിഷ്‌ക്കാരവുമൊക്കെ സംവേദിക്കുന്നത് ചിലപ്പോള്‍ വായനക്കാരിലെ ഒരു ന്യൂനപക്ഷത്തിന് മാത്രമായിപ്പോയേക്കാം. ആനന്ദ്, ആഷാമേനോന്‍, മേതില്‍ രാധാകൃഷ്ണനുമൊക്കെ പ്രതിനിധീകരിക്കുന്ന എഴുത്തിന്റെ ഈ ഒരു പ്രത്യേക ജനുസ്സിനെ വായിക്കാന്‍ അക്ഷരാഭ്യാസം മാത്രം മതിയാകില്ല. ഒരു ഡിജിറ്റല്‍സൂമ് ക്യാമറയുടെ മൈക്രോസ്‌കോപ്പിക് ലെന്‍സ് ചെയ്യുന്നതുപോലെ ഒരു ചെറിയ ഉറുമ്പിന്റെ മെല്ലിച്ച കൈകാലുകളെ, അതിന്റെ നിറത്തെ, ആ ഉറുമ്പ് വഹിക്കുന്ന വലിയൊരു ലോകത്തെ നമ്മുടെ മുന്‍പില്‍ തുറന്നുവയ്ക്കുന്നു. അതുകൊണ്ട് സാഹിത്യത്തിലെ ഈ ജനുസ്സിനെ വായിക്കാന്‍ സംവേദനത്വത്തിന്റെ മറ്റൊരു ലോകത്തിലേക്ക്, ധ്യാനത്തിന്റെ വേറൊരു ലോകത്തിലേക്ക് നമ്മള്‍ വായനക്കാര്‍ സ്വയം സംക്രമിക്കേണ്ടിയിരിക്കുന്നു. ആനന്ദിന്റെ 'അഭയാര്‍ത്ഥികള്‍', 'മരുഭൂമികള്‍ ഉണ്ടാകുന്നത്', എന്നീ കൃതികള്‍ വായനക്കാരനില്‍ ഇത്തരമൊരു സ്വയം ബോധ്യം ഉത്പാദിപ്പിക്കുന്നുണ്ട്.


എഴുത്തിലെ സൂക്ഷ്മതയുടെ ആന്തരികപ്രകൃതി, എഴുത്തുകാരന്റെ മാനസികഘടന, അയാള്‍ ആവിഷ്‌ക്കാരിക്കാന്‍ ശ്രമിക്കുന്ന ബോധരൂപങ്ങള്‍, ചിന്ത, ഉന്മാദങ്ങള്‍ എല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥമാണ്. ഇതുപോലെതന്നെ എഴുത്തില്‍ ചില സ്ഥൂലമായ ആന്തരിക പ്രകൃതികളുണ്ട്. അത് ബഹുഭൂരിപക്ഷത്തിന് സംവേദിക്കുന്നുണ്ട്. അവിടേയും വാനക്കാരന് വലയൊരു ധ്യാനം ആവശ്യമാണ്. ചില കൃതികളുടെ സാര്‍വ്വലൗകികമായ ദാര്‍ശനിക ലോകത്ത് വായനക്കാരന്‍ ഒരു 'അണു' വായി മാറുന്നു. സ്ഥൂലതയെ പ്രതിനിധാനം ചെയ്യുന്ന എഴുത്തുകാര്‍ ഭൗതിക ജീവിതത്തിലെ, വായനക്കാരന് ഏറെ പരിചിതമായ, പക്ഷെ അവന്‍ തിരിച്ചറിയപ്പെടാതെ പോകുന്ന സത്യങ്ങളെ അവതരിപ്പിക്കുന്നു. ഇത് ഏറെ ശ്രമകരമായ ഒരു സര്‍ഗ്ഗാത്മക ദൗത്യമാണ്. എഴുത്തുകാരന്‍ സ്വയം അകപ്പെട്ടിരിക്കുന്ന ലൗകിക ജീവിതത്തിനകത്ത് നിന്നുകൊണ്ടുവേണം ജീവിതത്തെ സംബന്ധിക്കുന്ന പുതിയ ദര്‍ശനങ്ങള്‍ നടത്താന്‍. ഒരു ഹിമാലയത്തിലിരുന്നുകൊണ്ട് താനുള്‍ക്കൊള്ളുന്ന അതേ ഹിമാലയത്തെ ഒരു ചെറിയ ഫ്രെയിമിലേക്ക് ഒതുക്കേണ്ടിവരും.


എം.ടി. വാസുദേവന്‍ നായരുടേയും ആനന്ദിന്റേയും കാത്തിരിപ്പ്


സൂക്ഷ്മവും സ്ഥൂലവുമായ എഴുത്തിലെ രണ്ട് വ്യത്യസ്ഥ ആന്തരിക പ്രകൃതികളെ പ്രതിനിധാനം ചെയ്യുന്ന രണ്ട് എഴുത്തുകാരാണ് എം.ടിയും ആനന്ദും. ആനന്ദിന്റെ 'കാത്തിരിപ്പ്' എന്ന ചെറുകഥ (മാതൃഭൂമി ഡിസം. 14) വായിച്ചു. 'കാത്തിരിപ്പ്' എന്ന ജീവിതാവസ്ഥയെ എം.ടി. സര്‍ഗ്ഗാത്മകമായി ഇതിനുമുന്‍പ് വരച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ 'മഞ്ഞ്' എന്ന നോവലിലാണ്. രണ്ടെഴുത്തുകാരനിലേയും വ്യത്യസ്ഥമായ, സൂക്ഷ്മവും സ്ഥൂലവുമായ മാനസികഘടനയില്‍, ദാര്‍ശനിക ഘടനാ വ്യത്യാസങ്ങളില്‍ 'കാത്തിരിപ്പ്' എന്ന അവസ്ഥയെ ആവിഷ്‌ക്കരിക്കുമ്പോഴുണ്ടാകുന്ന വ്യത്യാസത്തെ ഒന്നു തുലനം ചെയ്യേണ്ടതാണ്. അപ്പോഴാണ് എഴുത്തിലെ രണ്ടുതരം ജനുസ്സുകളെ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കുക. എഴുത്തില്‍ രണ്ടുതരം ലോകങ്ങളുണ്ടെന്ന് നമ്മള്‍ അനായാസം ഉള്‍ക്കൊള്ളും.


എം.ടി.യുടെ മഞ്ഞില്‍ വിമല കാത്തിരിക്കുന്നു സുധീര്‍ കുമാര്‍ മിശ്രയെന്ന ഒരിക്കലും തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത തന്റെ കാമുകനെ. നൈനിത്താളിലെ ഗോള്‍ഡന്‍ സൂക്കെന്ന ഹോസ്റ്റലില്‍ ജീവിക്കുന്ന വിമലയുടെ മുന്നിലൂടെ മഞ്ഞുപോലെ ഉരുകിപ്പോകുന്നത് കാലമാണ്. പ്രതീക്ഷയുടെ ചിറകില്‍ അത് വളരെ സാവധാനത്തില്‍ ഉരുകിപ്പോകുന്നു. ഒരിക്കലും സുധീര്‍കുമാര്‍ മിശ്ര തിരിച്ചു വരികയില്ലെന്ന സത്യത്തെ കാത്തിരിപ്പുകൊണ്ട്, പ്രതീക്ഷകൊണ്ട് നിര്‍മ്മല അതിജീവിക്കുന്നു. മഞ്ഞുപോലെ ഉരുകിപ്പോകുന്ന കാലവും, വീണ്ടും വീണ്ടും നിറമടിച്ച് സഞ്ചാരികള്‍ക്കായി കാത്തുകെട്ടിക്കിടക്കുന്ന, സീസണുകളില്‍നിന്ന് സീസണുകളിലേക്ക് ചുവടുവയ്ക്കുന്ന ബോട്ടുകള്‍ക്കൊ, വിമലയുടെയൊ, തന്റെ അച്ഛനെ കാത്തിരിക്കുന്ന ബുദ്ധു എന്ന ചെറുപ്പക്കാരന്റെയൊ, കാത്തിരിപ്പിനെ, പ്രതീക്ഷയെ, കെടുത്താന്‍ സാധിക്കുന്നില്ല. 'കാത്തിരിപ്പ്' അത് ജീവിതംതന്നെയായി മാറുകയാണിവിടെ, ഓര്‍മ്മകള്‍ നൈനത്താളിലെ മലനിരകള്‍പോലെ മഞ്ഞുപൂശിയും ഒഴുക്കിക്കളഞ്ഞും അനുഭൂതിയുടെ മഞ്ഞിന്‍ തണുപ്പും വേദനയുടെ വെയില്‍ച്ചൂടുമായി വിമലയ്ക്കു ചുറ്റും കാവല്‍ നില്‍ക്കുന്നു. കുത്തഴിഞ്ഞുപോയ ഒരു കുടുംബത്തിന്റെ ഓര്‍മ്മകളില്‍ നിന്നും കാലത്തിന്റെ അഴിഞ്ഞുപോകുന്ന മഞ്ഞില്‍നിന്നും സ്വയമൊഴുകിപ്പോകാതെ വിമലയും തന്റെ അച്ഛനെ ഒരിക്കല്‍ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ ബുദ്ധു എന്ന ചെറുപ്പക്കാരനും കാത്തിരിക്കുന്നു. എം.ടി.യുടെ 'മഞ്ഞ്' എന്ന നോവലില്‍ കാത്തിരിപ്പ് ഒരു ജീവിതം തന്നെയാകുന്നു.


സൂക്ഷ്മമായ ആന്തരിക ഘടനയെ, ദര്‍ശനത്തെ അതിലെ ബഹുമാനങ്ങളായ വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ആനന്ദ് തന്റെ 'കാത്തിരിപ്പ്' എന്ന ചെറുകഥയില്‍ കാത്തിരിപ്പിന് താത്ത്വികമായ വേറൊരു മാനം നല്‍കാന്‍ ശ്രമിക്കുന്നു. അനിശ്ചിതമായ ലക്ഷ്യവുമായി അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഒരു ജനതയുടെ കാത്തിരിപ്പിലേക്കാണ് ആനന്ദ് സഞ്ചരിക്കുന്നത്. 'കാത്തിരിപ്പ്' എന്ന അവസ്ഥയുടെ ഏറ്റവും സൂക്ഷ്മമായ അവസ്ഥയില്‍ ഇരുന്നുകൊണ്ടാണ് ഒരു ഫിലോസഫിയെ കണ്ടെടുക്കാന്‍ ശ്രമിക്കുന്നു. എന്തിലേക്കൊ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന, ഭ്രമണം ചെയ്യുന്ന, ഋതുഭേദങ്ങളെയും പരിവര്‍ത്തനങ്ങളേയും സൃഷ്ടിക്കുന്ന, ചലനാത്മകമായ ഈ ഭൂമിയില്‍ നമ്മള്‍ മനുഷ്യര്‍ പലപ്പോഴും അനിശ്ചിതമായ ലക്ഷ്യത്തിനുവേണ്ടി കാത്തിരിക്കേണ്ടി വരുന്നു. ആനന്ദ് എന്ന കഥാകാരന്‍ 'കാത്തിരിപ്പ്' എന്ന അവസ്ഥയില്‍ കൈവെക്കുന്നതോടെ അതിന് സൂക്ഷ്മമായ ഒരുൂപാട് മാനങ്ങള്‍ കൈവരുന്നു. പക്ഷെ പലയിടത്തും അതൊരു കീറാമുട്ടിയായി മാറിപ്പോകുന്നിടത്ത് വായനക്കാരന്‍ കഥയെ കൈവിടുന്നു. കാത്തിരിപ്പിന് കൊണ്ടുവരാന്‍ ആനന്ദ് ശ്രമിക്കുന്ന മള്‍ട്ടി ഡയമെന്‍ഷന്‍ വായനക്കാരന്റെ മനസ്സില്‍ നിന്ന് പ്രകീര്‍ണ്ണനങ്ങളായി പിന്നീട് ആര്‍ക്കുമില്ലാതെ മാഞ്ഞുപോകുന്നു.


ചെറുകഥയുടെ രൂപപരമായ വ്യവസ്ഥാപിത രീതികളെ പിന്‍തുടരുന്ന എഴുത്തുകാരനല്ല ആനന്ദ്. അദ്ദേഹത്തിന്റെ കഥാനായകന്മാരായി വരുന്നത് പലപ്പോഴും ഫിലോസഫിയാണ്. ആനന്ദിന്റെ ഗഹനമായ ചിന്തകള്‍ പരീക്ഷിക്കപ്പെടുന്ന ഗിനിപ്പന്നികളായി ചില മനുഷ്യകഥാപാത്രങ്ങള്‍ മാറിപ്പോകുന്ന കാഴ്ച്ചയും ചിലപ്പോള്‍ കാണേണ്ടിവരാറുണ്ട്. പക്ഷെ 'കാത്തിരിപ്പ്' എന്ന ചെറുകഥ പലയിടങ്ങളിലും ചിതറിപ്പോകുന്ന കാഴ്ചയുടെ, ദര്‍ശനത്തിന്റെ, ആവിഷ്‌ക്കാരത്തിന്റെ, സൗന്ദര്യബോധത്തിന്റെ, കോങ്കണ്ണായി മാറുന്നു.


സൂക്ഷ്മതയെക്കുറിച്ച് രണ്ട് വാക്ക്
ഒരു ഉറുമ്പ് ഒരു വലിയ പാറയിലൂടെ സഞ്ചരിക്കുന്നു. ഉറുമ്പിന് പാറ നോക്കെത്താ ദൂരം കിടക്കുന്ന വലിയൊരു ലോകമാണ്. ഒരു പേന്‍ തലയിലൂടെ സഞ്ചരിക്കുന്നു; തല പേനിന് ഒരു ഘോര വനമാണ്. ചിതല്‍പ്പുറ്റുകള്‍ ചോണനുറുമ്പിന് റോമാനഗരമാണ്. സൂക്ഷ്മതയിലും കണ്ടെടുക്കപ്പെടുന്ന ആവാസവ്യവസ്ഥകളെ, ഒരു വലിയ ലോകത്തെ, ജീവിത സത്യങ്ങളെ ചില എഴുത്തുകാര്‍ കണ്ടെടുക്കുന്നു. അവര്‍ എഴുത്തില്‍ ആന്തരികമായി ഒരു സൂക്ഷ്മ പ്രകൃതിയെ പ്രതിനിധാനം ചെയ്യുന്നവരാണ്. ആനന്ദ് എന്ന മഹാനായ എഴുത്തുകാരന്‍ സൂക്ഷ്മ ചിന്തയുടെ ലോകത്തിലെ രാജകുമാരനാണ്.

ബി. രാജീവന്റെ ക്രൂരകൃത്യങ്ങള്‍
എത്ര കനപ്പെട്ട ചിന്തയാണെങ്കിലും അവനവന് തന്നെ ഒരു ക്ലാരിറ്റിയില്ലാത്ത കാര്യത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് എഴുത്തുകാരന്‍ വായനക്കാരനോട് ചെയ്യുന്ന ഒരു ദ്രോഹമാണ്. അവതരിപ്പിക്കുന്ന പ്രമേയത്തെ, ചിന്തയെ കൂടുതല്‍ ക്ലാരിറ്റി ഉണ്ടാക്കിയെടുക്കുന്നതിനു പകരം അതിനെ ഒരു കീറാമുട്ടിയാക്കിയെടുക്കുന്ന എഴുത്തുകാര്‍ക്കെതിരെ വായനക്കാരന്‍ വേണ്ടിവന്നാല്‍ നിറയയൊഴിക്കണം. തനിക്കുതന്നെ നിശ്ചയമില്ലാത്ത എടുത്താല്‍ പൊന്താത്ത ഫിലോസഫിയെ വെച്ച് യമണ്ടന്‍ ലേഖനം തന്നെ ചില എഴുത്തുകാര്‍ എഴുതി നിറയ്ക്കും. അതിന് അവര്‍ ഉപയോഗിക്കുന്നത് വളരെ വിലക്ഷണമായ ഒരു ഭാഷായന്ത്രമാണ്. കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (ഡിസം. 1, 2013) വന്ന ബി. രാജിവന്റെ ലേഖനം ഒന്നു വായിച്ചു നോക്കുക. അദ്ദേഹത്തിന്റെ വാക്കുകളും വസ്തുക്കളും എന്ന പുസ്തകത്തിലെ ടൈറ്റില്‍ ലേഖനം വായിച്ചപ്പോഴും ഈ പ്രശ്‌നം എനിക്ക് ബോധ്യപ്പെട്ടതാണ്. കഠിനമായ ാെരു സംഭവത്തെ അതികഠിനമാക്കിമാറ്റുന്ന ബി. രാജീവന്റെ ഭാഷായന്ത്രം അസഹനീയമാണ്. അതുകൊണ്ട് കുറച്ച് ബുദ്ധിജീവി നാട്യങ്ങള്‍ നടത്താമെന്നല്ലാതെ വായനക്കാരന് ഇത്തരം എഴുത്തുകള്‍കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് രാജീവന്‍ കരുതേണ്ടതില്ല. രാജീവന്റെ എല്ലാ ലേഖനത്തിനും ഈ പ്രശ്‌നങ്ങളില്ല. ഓ. വി. വിജയനെക്കുറിച്ച് 'യുഗത്തിന്റെ ധര്‍മ്മസംങ്കടം ഏറ്റെടുത്ത മഹാകവി' എ്ന്നും കെ.ജി.എസ്സിന്റെ കവിതയെക്കുറിച്ച് 'പുതിയ ഒരുണ്മയുടെ സംസ്ഥാപനം' എന്നുമൊക്കെ മനോഹരമായ ലേഖനങ്ങളെഴുതിയ ബി. രാജീവനെ നമുക്കറിയാം. ബി. രാജീവനെന്ന മഹാ ചിന്തകന്റെ മനസ്സിലെ ക്ലാരിറ്റിയുള്ള ചിന്തകള്‍ അദ്ദേഹം മനോഹമായിത്തന്നെ പറയുന്നു. ചില കാര്യങ്ങള്‍ക്ക് അദ്ദേഹത്തിനുതന്നെ ഒരു ക്ലാരിറ്റിയില്ല അപ്പോള്‍ അദ്ദേഹത്തിന്റെ കാലഹരണപ്പെട്ട ഭാഷയന്ത്രത്തിനകത്ത് പാകമാകത്ത ഫിലോസഫിയേയും ഗ്രാംഷിയെപ്പോലെയുള്ള വലിയ വലിയ എഴുത്തുകാരേയുംമൊക്കെയിട്ട് കൊന്ന് കൊലവിളിച്ച് ബുദ്ധിജീവി നാടനവൈഭവം കാണിക്കും. ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞതിന് ബുദ്ധിജീവി.... ബുദ്ധിജീവി എന്ന് എന്നെയും വിളിച്ച് ആരെങ്കിലും അപമാനിക്കുമൊ എന്ന പ്രാണഭയത്താല്‍ ഞാന്‍ ഓടി രക്ഷപ്പെടുന്നു.




കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്
എല്ലാത്തിനും ഒരു പരിധിയുണ്ട്. അതിപ്പോള്‍ ഭയങ്കര സത്യസന്ധതയായാലും ഒരു പരിധിയില്‍കൂടുതല്‍ സഹിക്കാന്‍ നമ്മള്‍ക്ക് കഴിയില്ല. അതുകൊണ്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനെ നോക്കി കേരളം പറയുന്നു. 'സത്യസന്ധതയൊക്കെ കൊള്ളാം പക്ഷെ ഹെല്‍മെറ്റില്ലാതെ പോകുന്ന മാന്യന്‍മാരെ ഇതിന്റെ പേരില്‍ ഉപദ്രവിക്കരുത്. ഞങ്ങളൊക്കെ നിലവിലുള്ള കെടുകാര്യസ്ഥതയെ, അഴിമതിയെ വിമര്‍ശിക്കുന്ന പ്രബുദ്ധപക്ഷത്തുള്ളവരാണ്. അതിന്റെ ഗുണഭോക്താവാണ് നിങ്ങളും നിങ്ങളിലെ നീതിമാനും, ഇപ്പോള്‍ ചാര്‍ത്തിക്കിട്ടിയിരിക്കുന്ന ഹീറോ പരിവേഷവും. എന്നുവെച്ച് എല്ലാത്തിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ച്ചയുമില്ലേ.. ഹേ...'


ഇന്ത്യയിലെ മൂന്നാംലിഗംചേരികള്‍
സമൂഹത്തില്‍ ഒരു മൂന്നാംലിംഗം (Third Gender) ഉണ്ട് എന്ന സത്യത്തെ വീണ്ടും ഇന്ത്യയിലെ നീതിപീഠം നിഷേധിക്കുകയാണ്. സെക്ഷന്‍ ഐ.പി.സി. 377 എന്ന കൊളോണിയല്‍കാലത്ത് ബ്രിട്ടന്‍ കൊണ്ടുവന്ന നിയമം ഇന്ത്യവീണ്ടും പിന്‍തുടരാന്‍ തീരുമാനിച്ചു. എന്നാല്‍ ലണ്ടനില്‍ 1967 ല്‍ സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലെന്ന്  ( The Sexual Offences Act, citation 1967 c. 60) കണ്ടെത്തി സ്വവര്‍ഗ്ഗരതിയെ അംഗീകരിച്ചു. ലണ്ടനിലെ പട്ടാളക്കാര്‍ക്ക് മാത്രം ഈ നിയമം ബാധമല്ലത്രെ. പതിനെട്ട് വയസ്സ് തികഞ്ഞ ഏതൊരു സിവിലിയനും ഉഭയസമ്മതപ്രകാരം സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെടാം.


മൂന്നാം ലിംഗത്തിന്റെ തീരെ ചറുതല്ലാത്ത ഒരു സമൂഹം ഇന്ത്യയില്‍ അവഗണിക്കപ്പെടുന്നു. ഇവര്‍കൂടി അടങ്ങുമ്പോഴെ ഒരു സമൂഹം എന്ന വാക്കിന് പൂര്‍ണ്ണതയുള്ളു. അര്‍ദ്ധനാരീശ്വര സങ്കല്‍പമടങ്ങുന്ന ആര്‍ഷഭാരത സംസ്‌കാരത്തില്‍ ഒരു വലിയ വൈരുദ്ധ്യമെന്നൊണം ഒരു ജനസമൂഹം മുംബൈ, ഡല്‍ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളെ ചേരികളില്‍ രണ്ടാം നമ്പര്‍ ജോലികള്‍ ചെയ്ത്, പ്രാന്തവത്ക്കരിക്കപ്പെട്ടവരായി ട്രെയിനിലും, ബസ്സിലുമൊക്കെ സഞ്ചരിക്കുന്നവരെ അപമാനപ്പെടുത്താന്‍ ശ്രമിച്ചും യാചിച്ചും പിടിച്ചു പറിച്ചും ജീവിക്കുന്നു. അവരെ മനുഷ്യരായി ഭരണകൂടവും കോടതിയും അംഗീകരിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അവരുടെ ലൈംഗികതയെ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നത്. ഒരു മൂന്നാം ലിംഗ ചേരിയിലുള്ള മനുഷ്യന്റെ ജൈവചോദന, അതിന് എന്തൊക്കെ വ്യതിരിക്തതകള്‍ ഉണ്ടെങ്കില്‍പോലും എങ്ങിനെയാണ് പ്രകൃതി വിരുദ്ധമാകുന്ന്?. ഈ മൂന്നാം ലിംഗചേരിയുടെ ലൈംഗികതയെമാത്രമല്ല അവരുടെ സമൂഹത്തെ കര്‍മ്മമണ്ടലത്തെ ഒക്കെ വിശകലനം ചെയ്യണം. അവരുടെ ഇച്ഛാശക്തിയെ, സര്‍ഗ്ഗാത്മതയെ സമൂഹം കണ്ടെടുക്കണം. സ്ത്രീയും പുരുഷനുമടങ്ങുന്ന ഈ സമൂഹത്തില്‍ ഒരു മൂന്നാംലിഗ ചേരികൂടി അടങ്ങുമ്പോഴെ സമൂഹം എന്ന വാക്ക് പൂര്‍ണ്ണമാകുകയുള്ളു.

അടൂര്‍ ഗോപാലകൃഷ്ണന്‍
അടൂര്‍ കുറച്ചുകാലത്തിനുശേഷം കലാകൗമുദിയില്‍ തന്റെ ചലിചിത്രമേളകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമൊക്കെ കലാകൗമുദിയില്‍ എഴുതിയിരിക്കുന്നു. അടുര്‍ എന്ന ചലചിത്രകാരന്റെ ചലചിത്രസപര്യയുടെ ഒരു രേഖാചിത്രം നമുക്ക് അതില്‍നിന്ന്‌ കിട്ടുന്നു. ജോണ്‍ എബ്രഹാമുമായുള്ള അടൂരിന്റെ അനുഭവവിവരണം ഏറെ ഹൃദ്യമായി. അതിലധികം ശോകഭരിതവും....
 

ചോദ്യം ഉത്തരം:
സിനിമാ നടികളെക്കുറിച്ച് എന്താണ് അഭിപ്രായം?
നല്ല സുന്ദരികളായ ചലചിത്ര നടികളുണ്ട്. അവരോട് ആരാധന തോന്നാറുണ്ട്. ഏറെ ഗ്രാമീണമായ ചില കഥാപത്രങ്ങളെ അവര്‍ അവതരിപ്പിച്ചുകാണുമ്പോള്‍ ആരാധന വീണ്ടും വളരും. മനസ്സുകൊണ്ട് പൂവിട്ട് പൂജിക്കും. പിന്നീട് വല്ല സ്വര്‍ണ്ണക്കള്ളക്കടത്തിലൊ, സോളാര്‍, ചിട്ടി, മണിചെയിന്‍ തുടങ്ങിയ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടൊ അവരുടെ ഫോട്ടൊ പത്രത്തില്‍ അടിച്ചുവരുമ്പോഴാണ് ദുര്‍മ്മേദസ്സു വന്ന അവരുടെ മാറിടത്തെക്കുറിച്ചും നിതംബത്തെക്കുറിച്ചും ഞാന്‍ ഓര്‍ത്തുപോകുന്നത്.


ഏത് പുസ്തകമാണിപ്പോള്‍ വായിക്കുന്നത്?
ഇ. സന്തോഷ്‌കുമാറിന്റെ 'അന്തകാരനഴി'. രസിച്ചുവായിക്കുന്നു. അതുവായിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവല്‍ അഞ്ചാം പതിപ്പൊക്കെ പിന്നിട്ടു എന്നൊക്കെ വലിയ വായിലെ വര്‍ത്തമാനങ്ങള്‍ സോഷ്യല്‍മീഡിയയിലും മറ്റും വായിക്കുന്നത്. എഴുതിയാല്‍പോര നന്നായി മാര്‍ക്കറ്റ് ചെയ്യുകകൂടി വേണം എന്ന വിപണിവത്കൃതമായ സാഹിത്യത്തിന്റെ അപ്പോസ്തലനാണ് സുഭാഷ് ചന്ദ്രന്‍. ആധുനികതയ്ക്ക് സ്വന്തപ്പെട്ട ഒരു ക്ലാസിക്ക് ഭാഷയേയും കഥാകഥന ശൈലിയേയും ചെറിയ ചില മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുകമാത്രമാണ് 'മനുഷ്യന് ഒരു ആമുഖം' എന്ന സാധാ നോവലില്‍ സുഭാഷ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആ നിലയ്ക്ക് നോക്കുമ്പോള്‍ ഇ. സന്തോഷ് കുമാറിന്റെ 'അന്തകാരനഴി' അതിലും മഹത്തായ ഒരു വായനാനുഭവം പകര്‍ന്നു തരുന്നു. നെക്‌സലിസത്തെക്കുറിച്ചുപറയുമ്പോഴും ആവിഷക്കരണത്തിലെ പുതുമകൊണ്ട്  കഥയുടെ കാലത്തേയും കാലപ്പഴക്കത്തേയും ചെടിപ്പുകളേയും സന്തോഷ് അതിജീവിക്കുന്നു. 'വായിപ്പിക്കുന്ന പുസ്തകം'. പക്ഷെ സോഷ്യല്‍മീഡിയയിലൊന്നും ഈ നോവലിനെക്കുറിച്ച് ഒന്നും എഴുതിക്കണ്ടില്ല. ഈ നൂറ്റാണ്ടിന്റെ നോവലായി എനിക്ക് തോന്നിയിട്ടുള്ളത് ടി. ഡി. രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര' യും ഒരു പരിധിവരെ ബെന്യാമിന്‍ ന്റെ ' ആടുജീവിത'വുമാണ്.


കവി കാളിദാസനെക്കുറിച്ച് രണ്ടുവാക്ക്...
ഒ.എന്‍.വിക്കുറുപ്പിന്റെ 'ഉജ്ജയിനി' എന്ന കൃതിയില്‍ സത്രത്തില്‍ വെച്ച് ഒരു രംഗമുണ്ട്. പല ദേശങ്ങള്‍ സഞ്ചരിച്ച് ക്ഷീണിതനായി കാളിദാസന്‍ രാത്രിയില്‍ നഗരത്തിലെ ഒരു സത്രത്തില്‍ വന്ന് കയറുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അരണ്ടവെളിച്ചത്തില്‍ രണ്ട് ബ്രാഹ്മണര്‍ ഒരു മഹത്തായ കാവ്യത്തെക്കുറിച്ച് സംസാരിക്കുന്നു. തങ്ങളുടെ ഹൃദയം കവര്‍ന്ന, ത്രികാലങ്ങളിലും മഹിമയുള്ള, പേരറിയാത്ത മഹാനായ ഒരു കവിവരനാല്‍ വിരചിതമായ കാവ്യത്തെക്കുറിച്ച് വാതോരാതെ ഒരാള്‍ മറ്റൊരാളോട് സംസാരിക്കുന്നു. ആ കവ്യം താനാണ് എഴുതിയതെന്ന് അവരോട് അരികെ ചെന്ന് പറയാതെ കാളിദാസന്‍ നിശ്ശബ്ദനായി എല്ലാം കേട്ടുകൊണ്ട് കിടക്കുന്നു. മനസ്സ് ചാരിതാര്‍ത്ഥ്യപ്പെടുന്നു. അച്ചടിയും, പ്രസാധക സംഘങ്ങളും, ഫേസ് ബുക്കുമൊന്നുമില്ലാതിരുന്ന കാലത്ത് ഒരു മഹത്തായ കാവ്യം പല കൈ പകര്‍ത്തിയെഴുതി സഹൃദയശ്രദ്ധയാകാര്‍ഷിച്ചത് കാണുക. നല്ല സൃഷ്ടികളുടെ സാന്ദ്രത വളരെ വലുതാണ്. ഇന്നത്തെ കവികളുടെ കവിത കവിയ്ക്കടിയിലും കവിയുടെ പേര് കവിതയ്ക്ക് മുകളിലുമാണ്. എന്ത് ചവറെഴുതുന്നവനും ഇന്ന് പേരുണ്ട്. കവിതയെ കവച്ചുവയ്ക്കുന്ന എഴുത്തുകാര്‍ കവിതകള്‍ സൃഷ്ടിക്കുന്നതിനെക്കാള്‍ വായനക്കാരെ 'സൃഷ്ടി' ക്കാന്‍ വെമ്പല്‍കൊള്ളുന്നു. എന്നുവച്ചാല്‍ വായനക്കാരന്‍ എഴുത്തുകാരന്റെ ഒരു 'സൃഷ്ടി' യാണെന്ന് ചുരുക്കം. അങ്ങനെ ഒരു സൃഷ്ടികര്‍മ്മം പൂര്‍ത്തിയായാല്‍ പിന്നെ എന്ത് ചവറും വായനക്കാരന്‍ എന്നറിയപ്പെടുന്ന ഇതേ കവി സൃഷ്ടിച്ച ഗിനിപ്പന്നികളുടെ മേല്‍ പ്രയോഗിക്കപ്പെടും. ഒരു കവിക്ക് ഒരു പി.ആര്‍. ഏജന്‍സി, ഒരു ഈര്‍ക്കില്‍ കവിക്കൂട്ടം, അതില്‍ ഒന്നൊ രണ്ടൊ ന്യൂജനറേഷന്‍ സീനിയര്‍ക്കവി, നാല് എഡിറ്റര്‍മാര്‍, പിന്നെ ബാര്‍, ടീ സ്റ്റാള്‍...... ഞാന്‍ കാടുകയറിപ്പോകുന്നുണ്ടെങ്കില്‍ ക്ഷമിക്കണം.

കൗമാരം എങ്ങിനെയായിരുന്നു?
ആന്തരിക ചോദകളില്‍, ലൈംഗീക സമസ്യകളില്‍, പ്രേമപ്പനിയില്‍, പകല്‍സ്വപ്‌നങ്ങളില്‍, അപകര്‍ഷതാബോധത്തില്‍, പാപബോധങ്ങളില്‍ സ്വയമൊഴുകിപ്പോയ ഒരു കുഞ്ഞു ഓടയായിരുന്നു കൗമാരം. കുഴിഞ്ഞ കണ്ണും മെല്ലിച്ച തോളെല്ലുമായി പഴയ ചിത്രങ്ങളിലിരുന്ന് അതെന്നെ ഇപ്പോഴും ഭയപ്പെടുത്തുന്നു.


അപ്പോള്‍ യൗവ്വനമൊ?
കൗമാരത്തില്‍ വിട്ടുപോയത് പൂരിപ്പിക്കുവാനുള്ള ഉത്തരങ്ങളുണ്ട് കൈയ്യില്‍. പക്ഷെ.... പരീക്ഷ കഴിഞ്ഞു. ലൈംഗീക ദാരിദ്ര്യം തീര്‍ന്നു. പകരം വേറെ ചില ദാരിദ്ര്യം വന്നു.


ബ്ലോഗിലിങ്ങനെ ആഴ്ച്ചപ്പാങ്ങെഴുതിയതുകൊണ്ട് ആര്‍ക്കെന്തുപ്രയോജനം?
ഇതൊരു ചരിത്രദൗത്യമാണെന്ന് വേണമെങ്കില്‍ ഒരു ഭംഗിവാക്ക് പറയാം. പക്ഷെ എനിക്കുപോലും ഒരു ഗുണവും ചെയ്യാത്ത കാലത്ത് ഞാനിത് നിര്‍ത്തും.
 ********************************
എങ്കിലും സന്ധ്യേ....
മലയാളിയുടെ കൈയ്യില്‍ എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും രോക്ഷങ്ങളുമുണ്ട്. എപ്പോള്‍ എന്തിനെതിരെ പ്രതികരിക്കേണ്ടി വരും എന്ന് പ്രവചിക്കാന്‍ പറ്റില്ല. പലപ്പോഴും മനസ്സിലെ പ്രതികരണത്തെ മനസ്സില്‍ത്തന്നെ ശ്വാസംമുട്ടിച്ചു കൊല്ലുകയാണ് ബഹുഭൂരിപക്ഷവും. എന്തിനാണ് വഴിയെപോയ വയ്യാവേലി തലയിലെടുത്ത് വയ്ക്കുന്നത് എന്നതാണ് സാക്ഷര മലയാളിയുടെ ജീവിത പ്രത്യയ ശാസ്ത്രം. എന്നാല്‍ ഒരു വീട്ടമ്മ തന്റെ കൈയ്യില്‍ കുറച്ചുകാലമായി കൊണ്ടുനടന്ന പ്രതികരണത്തെ അപ്രതീക്ഷിതമായി 5 ലക്ഷത്തിന് വില്‍ക്കാന്‍കഴിഞ്ഞ സന്തോഷത്തിലാണ്. അതോടെ ഈ വീട്ടമ്മ മലയാളിയൂടെ അസൂയാപാത്രമായി മാറിയിരിക്കുകയാണ്.
സ്വതവെ തലവെട്ട് രാഷ്ട്രീയത്തിന്റെ വക്താക്കളായ സി.പി.എമ്മുകാര്‍ ഒരു വീട്ടമ്മ ചിലയ്ക്കുന്നത് ഒട്ടൊരു വാത്സല്യത്തോടെ നോക്കിപ്പോയിരിക്കാം. മാത്രവുമല്ല മാധ്യമങ്ങള്‍ കണ്ണുംതുറന്നുപിടിച്ചിരിക്കുമ്പോള്‍, ഒരു സമരരംഗത്ത് അതേ നിവൃത്തിയുള്ളു. ഒരു വീട്ടമ്മയ്ക്ക് പകരം ഒരു 'വീട്ടച്ച'നായിരുന്നു പ്രതികരണം വില്‍ക്കാന്‍ ശ്രമിച്ചതെങ്കില്‍ ചിറ്റിലപ്പള്ളി അച്ചായന്റെ കൈയ്യിന്ന് നയാപ്പൈസ കിട്ടില്ല എന്നുമാത്രമല്ല ഉഴിച്ചിലിനും പിഴിച്ചിലിനുമായി എണ്ണയ്ക്കുള്ള പൈസയ്ക്ക് വേറെ വഴിനോക്കേണ്ടി വന്നേനെ.

സമരാഭാസത്തിന്റെ രണ്ടാംഭാഗം ഒരു വീട്ടമ്മ വന്ന് കൂവിത്തോല്‍പ്പിച്ചതിന്റെ കലിതീര്‍ക്കാന്‍ സഖാക്കന്മാര്‍ ഇനി കുറ്റാലത്തുപോയി ഉച്ചിയില്‍ ജലചികിത്സ നടത്തേണ്ടിവരും; തല അല്‍പ്പം തണുക്കട്ടെ. പക്ഷെ, എങ്കിലും സന്ധ്യ... നിന്റെ പ്രതികരണത്തിന് ഒരു അഴകിയ രാവണന്‍ അഞ്ചുലക്ഷം രൂപ വിലയിട്ടപ്പോള്‍ കണ്ണ് മഞ്ഞളിച്ചുപോയല്ലെ... കുറ്റം പറയാന്‍ പറ്റില്ല. ഉയര്‍ന്നുകൊണ്ടിരിക്കുന്ന വീട്ടുചിലവ്, മക്കളുടെ സ്‌കൂള്‍ഫീസ്, ഹെല്‍മെറ്റില്ലാതെ ഓടുന്ന വണ്ടിയിലെ പെട്രോള്‍. ജീവിതച്ചിലവിങ്ങനെ ഉയരുന്നതോര്‍ത്താല്‍ നമ്മളെന്തും വിറ്റുപോകും. ആനപ്പിണ്ടം കിട്ടിയാലും ഫൂട്ട്‌ബോളാക്കിയടിക്കുന്ന മാധ്യമങ്ങള്‍ക്കിനി കുറച്ചുകാലം കളിക്കാനൊരു തമാശയായി. പിണറായി വിജയന്‍ ചെമ്പുനീക്കിയപോലുള്ള ശബ്ദത്തില്‍ നടത്തുന്ന മാധ്യമാധിക്ഷേപങ്ങള്‍ക്കും അഹങ്കാരത്തിനും കൊടുക്കാന്‍ കിട്ടിയ നല്ലൊരു കൊട്ടായി. ഇതൊക്കെ കണ്ടോണ്ടിരിക്കുന്ന നമ്മളെന്തിനായി....




Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.