2012, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

പാഠം ഒന്ന് ''പ്രകൃതി''

എയ്മ -മലയാളി വിഷനുവേണ്ടി തയ്യാറാക്കിയ ഫീച്ചര്‍


'പശു നമുക്ക് പാല്‍ തരുന്നില്ല. പശു അതിന്റെ കുഞ്ഞിന് കരുതിയ പാല്‍ നമ്മള്‍ മനുഷ്യര്‍ കവര്‍ന്നുകുടിക്കുന്നു''
രഞ്ജിമ ഡോളി തന്റെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിങ്ങനെയാണ്. ഒരുലോകം മുഴുവന്‍ ആരോ തീരുമാനിക്കുന്ന ഒരു വ്യവസ്ഥിതിക്കൊപ്പം സഞ്ചരിക്കുമ്പോള്‍ പാലക്കാട് ചിറ്റൂരിനടുത്തുള്ള വേര്‍കോലി എന്ന കൊച്ചുഗ്രാമത്തിലെ സന്തോഷ് കുമാര്‍, രഞ്ജിമ ഡോളി ദമ്പതികള്‍ പ്രകൃതിയുടെ പാഠങ്ങളുള്‍ക്കൊണ്ടുകൊണ്ട് നിലവിലുള്ള വ്യവസ്ഥിതിക്ക് തിരശ്ചീനമായി സഞ്ചരിക്കാന്‍ ശ്രമിക്കുന്നു. സന്തോഷും രഞ്ജിമയും തന്റെ മക്കളെ ചെറുപ്രായംതൊട്ട് പ്രകൃതിയുടെ സൂക്ഷ്മസ്വരങ്ങളെ തിരിച്ചറിയാനായി അവരെ പ്രകൃതിയോട് ഇണക്കിവളര്‍ത്തുന്നു. പാലും പച്ചക്കറിയും വിഷമയമാവുകയും മുജ്ജന്മശാപം പോലെ അത് ഉപഭോഗം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ തലമുറയുടെ നിയോഗങ്ങള്‍ക്ക് തന്റെ മക്കളെ വിട്ടുകൊടുക്കാന്‍ ഈ ദമ്പതികള്‍ തയ്യാറല്ല. ആശുപത്രിയൊ, ആന്റിബയോട്ടിക്‌സൊ ഒന്നുമില്ലാതെ പ്രകൃതിയുടെ ഹരിതലാളനകളേറ്റ് ജീവിക്കുന്ന ഈ കൊച്ചു കുടുംബം ഈ ആധുനിക കാലത്ത് ഒരപൂര്‍വ്വതയാണ്. നളപാചകവും, മസാലക്കൂട്ടും ഫാസ്‌ററു ഫുഡ്ഡും ആന്റീബയയോട്ടിക്സ്സുകളും ഡോക്ടറും ആശുപത്രിയുമില്ലാത്ത ഇവരുടെ ഈ കൊച്ചു ജീവിതത്തെ സമീപവാസികള്‍ വിസ്മയത്തോടെ നോക്കിക്കാണുന്നു. ഈ രണ്ടുമക്കളേയും രഞ്ജിമ പ്രസവിച്ചത് വീട്ടില്‍ തന്നെയാണ്. ഫോളിക്ക് ആസിഡ്ഡും, അയേണ്‍ ഗുളികകളുമൊന്നും കഴിക്കാതെ പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കുമെന്ന് രഞ്ജിമ ഉറപ്പിച്ചു പറയുന്നു. എല്‍.ഐ.സി. ഏജന്റായ സന്തോഷ് നല്ലൊരു കര്‍ഷകനാണ്. രാസവളവും കീടനാശിനികളും തളിച്ച് തൊട്ടടുത്ത വയലുകളില്‍ നൂറുമേനി വിളയിക്കുമ്പോള്‍ സന്തോഷ് തന്റെ അറുപതുപറ നിലത്ത് ഒരു തരത്തിലുമുള്ള കീടനാശികളൊ രാസവളങ്ങളൊ ഉപയോഗിക്കുന്നില്ല. പുരാതനകൃഷിരീതികള്‍ മാത്രം അവലംബിച്ച് സന്തോഷ് സംശുദ്ധമായ ധാന്യങ്ങള്‍ വിളയിച്ചെടുക്കുന്നു. തീവിലകൊടുത്ത് മാര്‍ക്കറ്റില്‍ നിന്ന് ഡീഡീറ്റിയും എന്‍ഡോസള്‍ഫാനും തളിച്ച പച്ചക്കറികള്‍ വാങ്ങിത്തിന്നുന്ന സഹജീവികളെ പ്രകൃതിയുമായി ഇണങ്ങിജീവിക്കാന്‍ പഠിപ്പിക്കുന്നു-പ്രകൃതി ജീവിതം നയിച്ചുകൊണ്ട് എല്ലാവര്‍ക്കും ഒരു മഹനീയ മാതൃകയാകുന്നു.

മലയാളിയുടെ അശാസ്ത്രീയമായ ഭക്ഷണരീതികളെ സന്തോഷ് വിമര്‍ശിക്കുന്നു ''ജീവന്‍ നിലനിര്‍ത്താന്‍ ജീവകങ്ങള്‍ ധാരളമുള്ള ഭക്ഷണം കഴിക്കണം. അതിന് പാചകം ചെയ്ത ഭക്ഷണം ഒഴിവാക്കേണ്ടി വരും''. പാചകം ചെയ്യുമ്പോള്‍ ഭക്ഷണത്തില്‍ നിന്ന് ജീവകങ്ങള്‍ നഷ്ടപ്പെടുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ജീവകങ്ങള്‍ അത്യാവശ്യമാണ്. പരിഷ്‌കൃത മനുഷ്യന്‍ എട്ടുനേരത്തിലധികം ഭക്ഷണം കഴിക്കുന്നു. ശാരീരികമായ ആധ്വാനം കൂടുതല്‍ വേണ്ടിവരുന്ന ജോലികള്‍ ചെയ്യുന്ന ഒരാള്‍ ധാരാളം ഭക്ഷണം കഴിച്ചെന്നിരിക്കാം പക്ഷെ താരതമ്യേന അധ്വാനം അധികം വേണ്ടതില്ലാത്ത, ഓഫീസില്‍ ജോലിചെയ്യുന്ന ഒരാള്‍ തന്റെ ഭക്ഷണം കുറയ്ക്കുന്നുണ്ടൊ..? പ്രാതല്‍,  ചായ, 'കടി', ഏതാനും മണിക്കൂറുകള്‍ക്കകം വീണ്ടും ഭക്ഷണം, വീണ്ടും ചായ, വീണ്ടും 'കടി', രാത്രി സ്‌പൈസിയായ ഭക്ഷണം വീണ്ടും... നമ്മുടെ പൂര്‍വ്വികര്‍ക്ക് ഭക്ഷണത്തിന് ഇത്ര നേരങ്ങളില്ലായിരുന്നു'. സന്തോഷ് പറയുന്നു.

ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ മാലിന്യങ്ങള്‍ പുറം തള്ളാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായി വേണം കാണാന്‍. അതുകൊണ്ട് കഴിയുന്നത്ര മാലിന്യങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുക. മാലിന്യങ്ങളെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശരീരത്തിലുണ്ടാകുന്ന രോഗങ്ങളാണ് വയറിളക്കം, പനി, ഛര്‍ദ്ദി, ജലദോഷം തുടങ്ങിയവ. ഇവയെ അടിച്ചമര്‍ത്തുമ്പോഴാണ് വലിയ വലിയ രോഗങ്ങള്‍ ഉണ്ടാകുന്നത്. 'മാലിന്യത്തെ പുറം തള്ളുന്നതിന്റെ ഭാഗമായി ശരീരത്തിലുണ്ടാകുന്ന ജലദോഷത്തെ അലോപ്പതി മരുന്നു കഴിച്ച് അടിച്ചമര്‍ത്തുന്നതിലൂടെ സ്ഥിരമായി നില്‍ക്കുന്ന ഒരു സൈനസ് തലവേദനയുണ്ടാകുന്നു...!, ആസ്മയുണ്ടാക്കാകുന്നു, അലര്‍ജിയുണ്ടാകുന്നു...'  നമ്മുടെ ശരീരത്തിന് നാം നല്‍കുന്ന ഓരോ അടിക്കുമുള്ള തിരിച്ചടികളായി, വലിയ വലിയ രോഗങ്ങളെ ജീവിതം മുഴുവന്‍ നമ്മള്‍ ചുമക്കേണ്ടി വരുന്നു. ജലദോഷത്തിന് ഒരാള്‍ മരുന്നുകഴിക്കുമ്പോള്‍ അയാളുടെ ശരീരത്തിന് മാലിന്യങ്ങളെ പുറംതള്ളാന്‍ മറ്റു വഴികൡാതെ വരുന്നു. ഈ മാലിന്യങ്ങളെ ലെന്‍സിലൊ, സൈനസിലെ ചെറു അറകളിലൊ കരുതിവയ്ക്കുന്നു. പിന്നീടിത് പുതിയ ശ്വാസകോശ രോഗങ്ങളൊ വിട്ടുമാറാത്ത തലവേദനയൊ ആയി ജീവിതകാലം മുഴുവന്‍ അയാളെ പിന്‍തുടരുന്നു.

സന്തോഷും രഞ്ജിമയും രണ്ടുപെണ്‍മക്കളുമടങ്ങുന്ന ഈ കുടുംബവും അവരുടെ പ്രകൃതിജീവിതവും നല്‍കുന്ന സന്ദേശം 'സ്വന്തം ശരീരത്തിന്റെ ജൈവവ്യവസ്ഥയെ തൊട്ടറിയുക എന്നതാണ്'. ശരീരത്തിന്റെ ജൈവനീതികളെ തകിടം മറിക്കുന്ന മരുന്നു കച്ചവടക്കാരുടെ ചൂഷണ വ്യവസ്ഥയ്‌ക്കെതിരെ സൗമ്യമായ ചില കലാപങ്ങളാകുന്നുണ്ട്  ഇവരുടെ ജീവിതം.

സന്തോഷ് പറയുന്നു 'എറണാകുളത്ത് ആയിരം കോടി രൂപയുടെ ആശുപത്രി പണിയുന്നു. ഈ ആയിരം കോടിരൂപയുടെ പലിശ ഇനത്തില്‍ മാത്രം എല്ലാ ചിലവും കഴിഞ്ഞ് ഈ ആശുപത്രി ഏകദേശം നൂറുകോടി മിച്ചം പിടിക്കണമെങ്കില്‍ നിലവിലുള്ള ആരോഗ്യരംഗത്തെ ചൂഷണ വ്യവസ്ഥയുടെ ഭാഗഭക്കാവുകയെ ഇവര്‍ക്ക് നിവൃത്തിയുള്ളു. ഇന്ന് കേരളത്തില്‍ ഏതാണ്ടെല്ലാ കവലയിലും രണ്ടോ അതില്‍കൂടുതലൊ മരുന്നുകടകള്‍ കാണാം. മരുന്നുകച്ചവടക്കാര്‍ക്കറിയാം മലയാളികളുടെ മരുന്നുതീറ്റയെക്കുറിച്ച്. ഉത്പാദിപ്പിക്കപ്പെടുന്ന അലോപ്പതി മരുന്നുകളില്‍ നല്ലൊരു ശതമാനം തിന്നുതീര്‍ക്കുന്നത് നമ്മള്‍ മലയാളികളാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ രോഗങ്ങളും നമ്മള്‍ മലയാളികള്‍ക്കു തന്നെ!.

ഇതുവരെ വൈറസ്സുകള്‍ക്ക് എതിരെ ആരും മരുന്ന് കണ്ടുപിടിച്ചിട്ടില്ല, പക്ഷെ ഇവിടുത്തെ ശുശുരോഗ വിദഗ്ദ്ദര്‍ മുഴുവന്‍ ജീവിക്കുന്നത് ജലദോഷം പോലുള്ള വൈറസ്സ് ജന്യരോഗങ്ങളെ ചികിത്സിച്ചുകൊണ്ടാണ്. സന്തോഷ് പറയുന്നു 'ചികിത്സിക്കരുത് എന്നു പറയുന്നില്ല, ചികിത്സിക്കാന്‍ മരുന്നുണ്ടെങ്കില്‍ ഇവര്‍ ചികിത്സിക്കട്ടെ.

എല്ലാവരും വി.ഐ.പികള്‍
പണ്ട് മരുന്ന് കഴിച്ച് ശീലിച്ചവന്‍ മാത്രമായിരുന്നു വി.ഐ.പി കള്‍. കാരണം അവന് മാത്രമാണ് ഷുഗറും, കൊളസ്‌ട്രോളും പോലുള്ള സകല വി.ഐ.പി. രോഗങ്ങളും വന്നിരുന്നത്. പക്ഷെ ഈ അവസ്ഥ മാറി ഇന്ന് എല്ലാവരും വി.ഐ.പികളാണ്.  പാടത്ത് പണിയെടുക്കുന്നവനെവരെ ഇന്നത്തെ വി.ഐ.പി. രോഗങ്ങള്‍ ആക്രമിക്കപ്പെടുന്നതിന്റെ പിന്നിലെ ഭീകരതയ്ക്ക് കാരണം അലോപ്പതി മരുന്നുകള്‍ വേണ്ടതിനും വേണ്ടാത്തതിനുമായി വാരി വലിച്ചു തിന്നുന്ന പുതിയ ശീലങ്ങള്‍ കൂടുന്നതുകൊണ്ടാണ് എന്ന് സന്തോഷും രഞ്ജിമയും ഒരുപോലെ അഭിപ്രായപ്പെടുന്നു.

അലോപ്പതി വേണ്ടെന്നാണോ..?
അലോപ്പതി വേണ്ടെന്നല്ല 'സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യനെരക്ഷിക്കാനുള്ളതാണ്. സാങ്കേതിക വിദ്യയുടെ വികാസം ഒരു ചൂഷണ വ്യവസ്ഥിതിയുടെ ഭാഗമല്ല. സ്വന്തം ശരീരത്തിലെ ജൈവ വ്യവസ്ഥയെ തിരിച്ചറിഞ്ഞുകൊണ്ട് ജീവിക്കുമ്പോഴും അലോപതി പോലുള്ള മേഖലകള്‍ ഉണ്ടാകുന്ന സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളുടെ ഗുണഭോക്താവാന്‍ മനുഷ്യന്‍ ശ്രമിക്കേണ്ടതാണ്. ഒരു അപകടം ഉണ്ടായാല്‍ അലോപ്പതിയിലുള്ള പല ചികിത്സകളും ഫലപ്രദമാണ്'.

സ്വന്തം ശരീരത്തിലെ ജൈവവ്യവസ്ഥയെ അറിഞ്ഞു ജീവിക്കണമെന്ന് ഉപദേശിക്കുമ്പോള്‍ പ്രധാനമായും ഉയരുന്ന ഒരു ചോദ്യം  'മനുഷ്യന്‍ ഒരപകടത്തില്‍പെടുമ്പോള്‍ അലോപ്പതിയിലുള്ളതുപോലെ ഫലപ്രദമായ ചികിത്സകള്‍ പ്രകൃതിചികിത്സകളില്‍ കാണാനാവില്ല എന്തുകൊണ്ടാണത്'. സന്തോഷ് പറയുന്നു ''ശരീരം എന്നും ജീവനെസംരക്ഷിക്കാനാണ് ശ്രമിക്കുന്നത്... അത് ഏതപകടത്തില്‍പ്പെടുമ്പോഴും ശരീരം ഇത് ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ കൈയ്യെല്ല് പൊട്ടിയെന്നിരിക്കട്ടെ അത് നിങ്ങള്‍ നിവര്‍ത്തി വച്ചില്ലെങ്കിലും അതേ അവസ്ഥയില്‍ത്തന്നെ അത് കൂടിച്ചേരുന്നു. അവിടെ നിങ്ങളുടെ കൈയ്യിന് ഒരു വളവ് ഉണ്ടായെന്ന് വരാം. പരിഷ്‌കൃത മനുഷ്യന് വളഞ്ഞ കൈകൊണ്ട് ജീവിക്കാനാവില്ല. അതുകൊണ്ടുതന്നെ അലോപതിയിലെ സാങ്കേതികത്തികവ് നമ്മുക്ക് ഗുണകരമാവുന്നു. പ്രാണന്‍ സ്വന്തം ധര്‍മ്മം നിര്‍വ്വഹിക്കുന്നുണ്ട് എന്നുനിങ്ങള്‍ വിശ്വസിച്ചെ മതിയാകൂ... ഒരു നായയുടെ എല്ലൊടിഞ്ഞാല്‍ നായയ്ക്ക് ഒരു അലോപ്പതിയുടേയും സഹായമില്ലാതെ തന്നെ പത്തൊ പന്ത്രണ്ടൊ ദിവസം കഴിഞ്ഞാല്‍ എഴുന്നേറ്റ് നടക്കാന്‍ ആവുന്നു. അവിടെ പ്രാണന്‍ അതിന്റെ ധര്‍മ്മം ചെയ്യുന്നതുകൊണ്ടാണ് അങ്ങിനെസംഭവിക്കുന്നത്. ഞങ്ങളിതെ പറയുന്നുള്ളു അലോപ്പതിയും പുതിയലോകത്തിലെ സാങ്കേതിക വികാസങ്ങളും ഒരിക്കലും നിരാകരിക്കപ്പെടേണ്ടവയൊ അതിന്റെ നന്മകളെ കണ്ടില്ലെന്ന് നടിക്കേണ്ടവയൊ അല്ല. പക്ഷെ നമ്മുക്കു ചുറ്റും രൂപപ്പെട്ടു വരുന്ന ചൂഷണ വ്യവസ്ഥകളില്‍ നിന്ന് നമ്മള്‍ മോചനം പ്രാപിക്കണം. അതിന് പ്രകൃതിയേയും അതിന്റെ ജൈവ നീതികളേയും തിരിച്ചറിഞ്ഞേ മതിയാകൂ.

എന്തിനും ഏതിനും മരുന്ന്
അയേണ്‍ ടാബ്ലറ്റ് കഴിക്കുന്ന ഒരാളുടെ വായില്‍ മെറ്റല്‍ വാടയുണ്ടാകുന്നു എന്തുകൊണ്ട്? ശരീരത്തിന് ആവശ്യമില്ലാത്ത വളരെ രാസീയമായ അയേണ്‍ ശരീരം തിരസ്‌കരിക്കുന്നതുകൊണ്ടാണത് സംഭവിക്കുന്നത്. സ്ഥിരമായി അയേണ്‍ ടാബ്ലറ്റ് കഴിക്കുന്ന ഒരു ഗര്‍ഭിണിയുടെ ചര്‍മ്മം കറുത്തുപോകുന്നത് ശരീരം പ്രതികരിക്കുന്നതുകൊണ്ടാണ്. എന്നിട്ടും ഡോക്ടര്‍ ഗര്‍ഭിണികള്‍ക്ക് അയേണ്‍ ടാബ്ലറ്റ് കൊടുക്കുന്നത് എന്തുകൊണ്ടാണ്... ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, നമ്മള്‍ വിശ്വസിക്കുന്ന നമ്മുടെ കുടുംബ ഡോക്ടറും ഒരു ചൂഷണ വ്യവസ്ഥിതിയുടെ ഭാഗമാണ് എന്നാണ്.  ശരീരത്തിന് അയേണ്‍ ആവശ്യമാണ് പക്ഷെ അത് ശരീരത്തിന് ലഭിക്കുന്നത് മരുന്നുകച്ചവടക്കാര്‍ ഉണ്ടാക്കുന്ന അയേണ്‍ ടാബ്ലറ്റില്‍ നിന്നല്ല. ഇത്തിരി മുരങ്ങയിലയൊ ചീരയൊ ആഴ്ച്ചയിലൊരു ദിവസം കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ അയേണ്‍ ധാരാളം ലഭിക്കുന്നു. പച്ചക്കറിയില്‍ നിന്ന് കിട്ടുന്ന അയേണാണ് ശരീരം ആഗിരണം ചെയ്യുന്നത്. നിങ്ങളുടെ ഡോക്ടര്‍ തരുന്ന അയേണ്‍ ടാബ്ലറ്റിനരുകില്‍ ഒരു കാന്തം വച്ചു നോക്കു അപ്പോളറിയാം കളി... സന്തോഷ് പറഞ്ഞുനിര്‍ത്തുന്നു.

ചൂഷണവും ആരോഗ്യമേഖലയും
'ഞങ്ങള്‍ അയൊടൈസ്ട് ഉപ്പിനെതിരെ സമരം ചെയ്തിട്ടുണ്ട്' മഹാത്മഗാന്ധി നയിച്ച ഉപ്പുസത്യാഗ്രഹത്തിനു ശേഷം അടുത്തകാലത്ത് ഉപ്പിന്റെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ളകള്‍ക്കെതിരെ രഞ്ജിമ ഡോളി തന്റെ രണ്ടുപെണ്‍മക്കളുമായി നടത്തിയ സമരത്തെ രണ്ടാം ഉപ്പുസത്യാഗ്രഹം എന്നാണ് എഴുത്തുകാരന്‍ സുകുമാര്‍ അഴിക്കോട് വിശേഷിപ്പിച്ചത്. രഞ്ജിമ പറയുന്നു. തൈറോയ്ട് പ്രശ്‌നത്തിന്റെ പേരിലാണ് ഇവിടെ അയോടൈസ്ട് ഉപ്പിനുവേണ്ടി നിയനിര്‍മ്മാണം വരെ നടത്തിയത്. ഇന്ന് മാര്‍ക്കറ്റില്‍ വാങ്ങിക്കാന്‍ കിട്ടുന്ന എല്ലാ ഉപ്പും അയൊടൈസ്ട് ഉപ്പാണ്. അതുകൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടായത്? നമ്മുടെ തൈറോയ്ഡ് രോഗങ്ങള്‍ കുറഞ്ഞുവൊ...? ഇന്ന് ജനങ്ങളില്‍ തൈറോയ്ഡ് പ്രശ്‌നം അഭൂതപൂര്‍വ്വമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിനെചികിത്സിക്കാനും ഡൈഗ്നസ്സ് ചെയ്യാനും വലിയ വലിയ ശൃംഗലകള്‍ തന്നെ നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇത് സംഘടിതമായ വലിയൊരു ചതിയാണ്. കൃത്രിമ അയടൈസ്ട് ഉപ്പ് തൈറോയ്ട് പ്രശ്‌നം ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ടെസ്റ്റുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ റീട്ടെയില്‍ മാഫിയകളും മരുന്നു മാഫിയകളും ചേര്‍ന്ന് കച്ചവടം കൊഴുപ്പിക്കുകയാണ്. 
ഡൈബറ്റിക് ചികിത്സയക്ക് ഇന്ന് ആരോഗ്യരംഗത്ത് ഒരു വിങ് തന്നെ രൂപപ്പെട്ടുകഴിഞ്ഞു. ഈ വിങ്ങുകള്‍ക്ക് ഇനി ഭാവിയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ രോഗികളെ സൃഷ്ടിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്നതാണ് യാഥാര്‍ത്ഥ്യം!.

ജീവന്റെ നിലനില്‍പിന് ജീവനുള്ള വെള്ളം വേണം
മരുന്നു മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും അറിഞ്ഞോ അറിയാതെയൊ ഭാഗഭാക്കാവുന്നു എന്നതാണ് സത്യം. അതിന്റെ ഭാഗമായാണ് തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ജനങ്ങളെ ഉപദേശിക്കുന്നത്. സന്തോഷ് പറയുന്നു ''ജീവന്‍ നിലനില്‍ക്കണമെങ്കില്‍ ജീവനുള്ള വെള്ളം തന്നെ കുടിക്കണം''. തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു മീനിനെപിടിച്ചിട്ടാല്‍ അത് ജീവിക്കില്ല എന്നത് തന്നെ തിളപ്പിച്ചാറിയ വെള്ളത്തിന് ജീവന്‍ നിലനിര്‍ത്താനുള്ള കഴിവില്ല എന്നാണ് തെളിയിക്കുന്നത്. തിളപ്പിച്ചാറിയ വെള്ളം കുടിച്ചാല്‍ പൂര്‍ണ്ണമായ ഫലം കിട്ടില്ല എന്നുവേണം മനസ്സിലാക്കാന്‍. നഗരങ്ങളില്‍ ജീവിക്കുന്നവര്‍ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഒരു പരിധിവരെ ഉള്‍ക്കൊള്ളാം പക്ഷെ നാട്ടിന്‍ പുറത്ത് കിണറിലെ വെള്ളം പലപ്പോഴും സുരക്ഷിതമാണ്. നഗരങ്ങളിലെ വെള്ളത്തിനുള്ള പ്രശ്‌നം ക്ലോറിനേഷനാണ്. പക്ഷെ വെള്ളം തിളപ്പിച്ചതുകൊണ്ട് ക്ലോറിനേഷന്‍ പ്രശ്‌നം ഒരു പരിധിവരെ മാത്രമെ ഇല്ലാതാവുന്നുള്ളു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിസ്ഥിതിയുടെ ദൂഷ്യങ്ങള്‍ നമ്മള്‍ അനുഭവിക്കേണ്ടി വന്നേക്കാം.

നാം നമ്മളെ തിരിച്ചുപിടിക്കുക
സന്തോഷും, രഞ്ജിമയും സമകാലിക പരിതസ്ഥിതികളേയും അതിന്റെ പരിമിതികളേയും നിഷേധിക്കുന്നില്ല. പക്ഷെ അവര്‍ പറയുന്നു 'ആരോഗ്യരംഗത്ത് നടക്കുന്ന പകല്‍ക്കൊള്ളകളെ തിരിച്ചറിഞ്ഞ് വിവേകപൂര്‍വ്വം ജീവിക്കാനുള്ള അറിവ് നമുക്ക് ഉണ്ടായെ മതിയാവൂ''. ജീവിതത്തേയും അതിന്റെ ആന്തരിക സമസ്ഥിതിയേയും തിരിച്ചറിയുമ്പോള്‍ത്തന്നെ ഓരോരുത്തരും സ്വന്തം ശരീരം ഒരു ജൈവീകതയെന്നും, അതിന് ഒരു ജൈവ നീതിയുണ്ടെന്നും അത് തകരാതെ നോക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണെന്നുമുള്ള തിരിച്ചറിവെങ്കിലും വണം''.
ആയുര്‍വേദവും അലോപ്പതിയുമൊക്ക പലപ്പോഴും മാഫിയകള്‍ക്ക് ചുഷണോപാദികള്‍ മാത്രമാണ്. പലപ്പോഴും നമ്മള്‍ സാധാരണ ജനങ്ങള്‍ക്ക് അവരെ നിരാകരിച്ചുകൊണ്ട് ജീവിക്കാന്‍ സാധിക്കാത്ത ഒരു സാഹചര്യമുണ്ട്. എന്നാല്‍ ഇവിടെ സന്തോഷും രഞ്ജിമയും അവരുടെ രണ്ടുപെണ്‍മക്കളുമടങ്ങുന്ന ഈ കുടുംബം അവരുടെ ജീവിതം കൊണ്ട് ഈ സമൂഹത്തിനു നല്‍കുന്നത് സൗമ്യവും തീവ്രവുമായ വലിയൊരു സന്ദേശമാണ്. ജീവനകലയെന്ന പേരില്‍ ജീവിക്കാന്‍ മറന്നവരെ ജീവിതം പഠിപ്പിക്കുന്ന വലിയൊരു വ്യവസായം തന്നെ നമ്മുടെ നാട്ടില്‍ തഴച്ചുവളരുമ്പോള്‍ ഇവിടെ ഒരു കുടുംബം ജീവിതത്തിന്റെ ജൈവ പ്രകാശമായി, അറിവായി, സാന്ത്വനമായി വന്ന് നിറയുന്നു.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.