2015, ഡിസംബർ 12, ശനിയാഴ്‌ച

നഗരത്തിലെ കാല്‍പ്പനിക ജീവിതം


പത്തു ഫര്‍ലോങ്ങുനടന്നാല്‍ വായനശാല, അരഫര്‍ലോങ്ങു നടന്നാല്‍ അമ്പലം, പോസ്റ്റോഫീസ്, വല്ലപ്പോഴുമൊരിക്കല്‍ ദൂരെ എവിടെനിന്നൊ, ഗ്രാമത്തിലോടുന്ന ഏക മിനിബസ്സിന്റെ ഹോണടി-ഇരമ്പല്‍. ദൂരെ പാടത്തിനുമക്കരെ കാവല്‍പനകളുടെ സന്ധ്യാപഥങ്ങള്‍. ആകാശത്തെവിടെയൊ ഒരു കൂവലടര്‍ത്തിയിട്ടു പോകുന്ന ഒരു വേഴാമ്പല്‍, വട്ടമിട്ടു പറക്കുന്ന ഒരു പരുന്തിന്‍ കരച്ചില്‍... ഇന്നും എത്ര കാല്‍പനികമാണ് ഈ സന്ധ്യകള്‍ എന്ന് കഴിഞ്ഞ അവധിക്കാലത്ത് ഒരു പാലക്കാടന്‍ വൈകുന്നേരത്തില്‍ അതിരുകളില്‍ കാവല്‍പ്പനവരമ്പിന്റെ ചോട്ടില്‍ നിന്ന് നിറങ്ങള്‍ കൊഴിയുന്ന പകലറുതിയില്‍ എന്റെ നാടുകണ്ടപ്പോള്‍ ഞാനിങ്ങനെ ഓര്‍ത്തുപോയി.

നാട്ടിന്‍പുറത്തിനുമാത്രമല്ല നഗരത്തിനുമുണ്ട് കാല്‍പനികമായ ഭംഗികള്‍ എന്ന് കുറെക്കാലം ഈ നഗരത്തില്‍ ജീവിച്ചതിനുശേഷമാണ് എനിക്കു മനസ്സിലായത്. കാക്കയും കുയിലും കരയുന്ന പുലരികളൊ പരന്ന പാടങ്ങളൊ, പച്ചപുതച്ച പുല്‍വരമ്പുകളൊ ഇല്ലെങ്കിലും ഈ നഗരം നാടുപോലെതന്നെ കാല്‍പ്പനികമാണ്. നഗരത്തിന്റെ കാല്‍പ്പനികത മുഴുവന്‍ പണ്ടുമതുലെ ഇവിടെ താമസിച്ചുവരുന്ന 60 കഴിഞ്ഞ മലയാളികളുടെ മുഖത്താണെന്ന് ചിലപ്പോഴൊക്കെ തോന്നും. എഴുപതുകളില്‍ ഈനഗരത്തില്‍ ചേക്കേറിയ പലര്‍ക്കും വീടായി കാറായി, മക്കളൊക്കെ നല്ല നിലയിലായി;
'പെണ്‍മക്കളെ നഗരത്തിലെ തന്നെ മലയാളി ചെറുക്കന്മാര്‍ക്ക് കെട്ടിച്ചുവിട്ടു,  മോനിപ്പൊ പഠിക്കുന്നു... ബി.ഈ കഴിഞ്ഞു എംബി.എ ചെയ്യാ' ഇതൊക്കെ പറയുമ്പോള്‍ അവരുടെ മുഖത്ത് ഒരു വല്ലാത്ത ചാരിതാര്‍ത്ഥ്യം വന്നു നിറയാറുണ്ട്. ചില പഴയ മലയാളികളുടെ മുഖത്ത് കാല്‍പനികമായ ഒരു ജീവിതം നയിക്കുന്നതിന്റെ ഒരു സംതൃപ്തി കാണാം. ഒരാള്‍ പറഞ്ഞു 'മക്കളൊക്കെ കൊത്താനും പെറുക്കാനുമായി.... ആകെമൊത്തം സെറ്റില്‍ടായി, ഇനി ഇത്തിരി സാഹിത്യം, കുറച്ചു സാമൂഹികം, സമയമുണ്ടെങ്കില്‍ സാംസ്‌കാരികം, ഫണ്ടു തരപ്പെടുകയാണെങ്കില്‍ ജീവകാരുണ്യം'. കാല്‍പ്പനികത വഴിഞ്ഞൊഴുകുന്ന ആ മുഖങ്ങള്‍ കാണുമ്പോള്‍, അവരുടെ സംസാരം കേള്‍ക്കുമ്പോള്‍ എന്നെപ്പോലുള്ള ദരിദ്രവാസികള്‍ക്ക്, നാളിതുവരെയായി നഗരത്തില്‍ വേരുപിടിക്കാനാകാത്തവര്‍ക്ക്, എപ്പോഴും വീട്ടോര്‍മ്മയുമായി നരകിക്കുന്നവര്‍ക്ക് വിസ്മയം, ആശ്വാസം.

മുംബൈ സാംസ്‌കാരിക സന്ധ്യകളുടെ ഒരു നഗരമാണ്. എല്ലാ ഞായറാഴ്ച്ചകളിലും എന്തെങ്കിലുമൊക്കെ സാഹിത്യ പരിപാടികള്‍ കാണും. അവിടെയെല്ലാം ഞാന്‍ മേല്‍പ്പറഞ്ഞ നമ്മുടെ കാല്‍പനിക ബുദ്ധിജീവികളെ കാണാം. എഴുപതുകളില്‍ ആസ്വദിച്ച യൗവ്വനത്തിന്റെ സര്‍ഗ്ഗാത്മകയും വായനയുമൊക്കെ വച്ചുവിളമ്പാനും ആഘോഷിക്കാനുമൊക്കെ ഇന്നും നീക്കിയിരുപ്പായി ഒരുപാടു സാഹിത്യ സദസ്സുകള്‍ മുംബൈയിലുണ്ടാകുന്നു. അതിലൊക്കെ ആദ്യംപറഞ്ഞ ചരിതാര്‍ത്ഥ്യരായ വാര്‍ദ്ധക്യംത്തിലേക്കു കടന്ന പഴയ ആ ക്ഷുഭിത യൗവ്വനത്തിന്റെ ഉടമകള്‍ വിഹരിക്കുന്നു. അവരാണ് പുതിയ തലമുറയുടെ സര്‍ഗ്ഗാത്മകതയുടെ മൂല്യത്തെ അളക്കുന്നവര്‍. അവര്‍ കവിതയുടെ റസീപ്പി കുറിച്ച് മൂന്നാം തലമുറയ്ക്കു കൊടുത്തുകൊണ്ടു പറയുന്നു 'കവിതാ ച്ചാല്‍ ഇങ്ങിനെ വേണം', 'കഥയാവണം ച്ചാല്‍.... ദാ ദിങ്ങിനെ എഴുതണം.....' ക്ഷുഭിത യൗവ്വനത്തിന്റെ കാമ്പസ്സ് ഓര്‍മ്മകളില്‍ ജീവിക്കുന്ന അവര്‍ തന്റെ മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍, സ്‌കൂള്‍ ബസ്സില്‍ അയച്ച് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനെ സൗകര്യപൂര്‍വ്വം മറക്കുന്നു. പക്ഷെ സാഹിത്യ സായാഹ്നങ്ങളില്‍മാത്രം അവര്‍ 'പുല്‍പ്പള്ളിയും', 'തലശ്ശേരി'യുമൊക്കെ അയവിറക്കുന്നു.

വേരുപിടിക്കാത്തവര്‍ അനവധിയാണ്, മൂന്നാം തലമുറയില്‍ പലരും നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ നാടുവിട്ടവര്‍. പന്ത്രണ്ടു മണിക്കൂറിലധികം തൊഴില്‍ശാലയില്‍ കഴിയുന്നവര്‍. തിരക്കുപിടിച്ച ലോക്കലില്‍ ചാരിനില്‍ക്കാന്‍ ഇത്തിരി സൗകര്യം കിട്ടിയാല്‍ ആഴ്ച്ചപതിപ്പും, ഇരിക്കാന്‍ ഇടംകിട്ടിയാല്‍ വിസ്തരിച്ചൊരു നോവലും വായിക്കാമല്ലൊ എന്ന് തന്റെ ജീവിതത്തിലെ ഒഴിയാബാധയായ സര്‍ഗ്ഗാത്മക ജീവിതത്തിന് അമൃതേത്തു നടത്തുന്നവര്‍. ഇവര്‍ക്ക് കവിതയെന്നാല്‍ തന്റെ സ്വത്വത്തെ തകര്‍ക്കാതെ നിലനിര്‍ത്താനുള്ള ഒരു തുള്ളിമരുന്നാണ്. വായനയെന്നാല്‍ ശുഷ്‌കിച്ചുകൊണ്ടിരിക്കുന്ന, മരണശയ്യയിലായ തന്റെ ആന്തരിക ജീവിതത്തെ നിലനിര്‍ത്താനുള്ള അരിഷ്ടമാണ്. ഇവിടുത്തെ സാഹിത്യ സാംസ്‌കാരിക സന്ധ്യകളില്‍ അവര്‍ പോകുന്നത് അവനവനെത്തന്നെ തിരഞ്ഞുകൊണ്ടാണ്. ഈയ്യിടെയായി ഇത്തരക്കാര്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്നു എന്നുപറയാന്‍കൂടിയാണ് ഇത്രയുമൊക്കെ പറഞ്ഞത്. മുംബൈ ഇന്നവരെ ഭ്രമിപ്പിക്കുന്നില്ല. ഉയര്‍ന്നുകൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് വിലയും 'ബാച്ചി' വീടുകളുടെ (ബാച്ചിലര്‍മാരുടെ വീടുകള്‍) ദൗര്‍ലഭ്യവുമൊക്കെ അവരെ വല്ലാത്ത അരക്ഷിതാവസ്ഥയിലെത്തിക്കുന്നു. അതോടെ പഴയതുപോലെ ബാച്ചികള്‍ നഗരത്തില്‍ വരുന്നില്ല. പണ്ടൊക്കെ ഒരു കെട്ടിടത്തില്‍ ചുരുങ്ങിയത് മൂന്നു ബാച്ചി ഫ്‌ലാറ്റുകളെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ പണ്ടത്തെ ബാച്ചികളായിരുന്ന വിവാഹിതര്‍ക്ക് കേരളത്തില്‍ നിന്നെത്തിയ ഇന്നത്തെ ബാച്ചീസിനെ കണ്ടുകൂടാ... വീട്ടില്‍ കേറ്റാന്‍ കൊള്ളാത്തവരെന്നാണ് ചിലരെങ്കിലും അവരെക്കുറിച്ചു അപവാദം പറയുന്നത് !

രണ്ടു തലമുറ പിന്നിലുള്ളവര്‍ക്ക് ഈ ഇരമ്പുന്ന നഗരം ഒരു 'കാല്‍പനിക കേരളമാണ്' എന്നാല്‍ തൊണ്ണൂറുകളില്‍ വായിച്ചും എഴുതിയും രണ്ടായിരിത്തി പതിനഞ്ചില്‍ ഈ നഗരത്തിന്റെ പ്രചണ്ഡമായ ജീവിതവേഗങ്ങളില്‍ ഇതിന്റെ പല്‍ചക്രങ്ങളില്‍ കുടുങ്ങിപ്പോയ പിന്‍തലമുറകള്‍ക്ക് എഴുത്ത് ഒരു ബാധയാണ് - ചിലപ്പോഴൊക്കെ വല്ലാത്ത ശാപവും.

പെരുമാള്‍ മുരുകന്‍
ചരിത്രവും ഫിക്ഷനേയും സമന്വയിപ്പിച്ചുകൊണ്ട് പുതിയ ഒരു ഭൂമിക സൃഷ്ടിക്കുന്ന നോവലുകള്‍ മലയാളത്തില്‍ ധാരാളമായി ഉണ്ടാകുന്നു. സേതുവിന്റെ 'മറുപിറവി', എന്‍. എസ്. മാധവന്റെ 'ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍', ടി.ഡി. രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'. ഹിസ്‌റ്റോറിസിസത്തിന്റെ  ഹിസ്‌റ്റോറിക് ഫിക്ഷന്റെ അനന്ത സാധ്യതകളില്‍ ആവോളം അഭിരമിക്കുന്ന എഴുത്തുകാര്‍ പുതിയ ഒരു ഭാവുകത്വം സൃഷ്ടിക്കുന്നുണ്ട് മലയാളത്തില്‍. എന്നാല്‍ അതൊന്നും സമകാലിക ജീവിതത്തിന്റെ കാതലായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടൊ എന്ന ചോദ്യം ബാക്കിയാകുന്നു.

പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ (മാതോരുപാകന്‍) എന്ന നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഈ ചോദ്യം പ്രബലമാകുന്നു. എഴുപതു വര്‍ഷം മുന്‍പ് തിരുച്ചെന്തൂരിലെ ഒരു അര്‍ദ്ധാനാരീശ്വര ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ആചാരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു നോവലാണ് ഇത്. സമകാലിക കുടുംബജീവിതത്തിന്റെ അടിത്തറകളെ വരെ ചോദ്യം ചെയ്യുന്നപ്രശ്‌നവല്‍ക്കരിക്കുന്ന ഒരു ശക്തമായ നോവല്‍. വ്യവസ്ഥാപിത കുടുംബ സമൂഹത്തില്‍ കുട്ടികളില്ലാത്ത കാളി-പൊന്ന ദമ്പതികളുടെ ദാമ്പത്യത്തില്‍ നേരിടേണ്ടി വരുന്ന അപമാനങ്ങളെ അതി ശക്തമായി പെരുമാള്‍ മുരുകന്‍ വരയ്ക്കുന്നു. വ്യവസ്ഥാപിത തമിഴ് ജീവിതത്തില്‍ വന്ധ്യത ഒരു വലിയ ദുരന്തമായി തീരുന്നതിനെ അവതരിപ്പിക്കുന്നുണ്ട് ഈ നോവലില്‍. വൈയ്യക്തിക ജീവിതത്തിലെ പരസ്പര വിശ്വാസത്തേയും സ്‌നേഹത്തേയും വരെ തച്ചുതകര്‍ക്കുന്ന അതി ദാരുണമായ ഘട്ടത്തിലേക്ക് വന്ധ്യത വളര്‍ന്നു വരുന്നു. പക്ഷെ ഈ ദമ്പതികള്‍ അവരുടെ കൈകൊണ്ട് അവരുടെ മണ്ണില്‍ നട്ടുവയ്ക്കുന്ന വിത്തുകള്‍ ഊര്‍ജ്ജിത ശേഷിയോടെ വളരുന്നുണ്ട്. ഒരു കൃഷീവലന്‍ എന്നുള്ള നിലയ്ക്ക് കാളി ഒരു വേറിട്ട വ്യക്തിയാണ്. പക്ഷെ സ്വന്തം ഭാര്യയ്ക്ക് ഒരു കുഞ്ഞിനെ നല്‍കുന്നതില്‍ കാളി പരാജയപ്പെടുന്നു. അവരുടെ ജീവിതത്തിന്റെ പ്രണയത്തെ സ്വരലയത്തെ വ്യവസ്ഥാപിത കുടുംബ നീതികള്‍ പലതരത്തില്‍ കുത്തി നോവിക്കുന്നു. നോവലിന്റെ കേന്ദ്ര പേമേയമായി നിലനില്‍ക്കുന്നത് ഈ വ്യവസ്ഥാപിത കുടുംബമെന്ന സ്ഥാപനത്തിലെ ഈ അനീതികളാണ്. തിരുച്ചെങ്ങോടിലെ ക്ഷേത്രത്തിന്റെ ഉത്സവത്തിലെ പതിനാലാം നാള്‍ രാത്രിയില്‍ കുട്ടികളില്ലാത്ത സ്ത്രീകളെ മലകയറ്റിവിടുന്ന ഒരു ആചാരമുണ്ടായിരുന്നു. അന്ന് രാത്രി ഈ സ്ത്രീകള്‍ക്ക് ഉത്സവത്തിനെത്തുന്ന ഏതു പുരുഷനെ വേണമെങ്കിലും പ്രാപിക്കാനുള്ള അവകാശം, മതവും വ്യവസ്ഥാപിത കുടുംബ സംവിധാനങ്ങളും പൂര്‍ണ്ണമനസ്സോടെ അനുവദിച്ചു കൊടുക്കുന്നു!. അവിടെ അന്നുരാത്രിയെത്തുന്ന ഏതു പുരുഷനും ഈ സ്ത്രീകള്‍ക്ക് ദൈവങ്ങളാണ്. അങ്ങിനെ പതിവ്രതകള്‍ 'ദൈവക്കുഴന്ത'കള്‍ക്ക് ജന്മംകൊടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.

പൊന്ന കാളിയുടെ സമ്മതമുണ്ടെന്ന തെറ്റീദ്ധാരണയുടെ പുറത്താണെങ്കിലും പാതിവ്രത്യത്തെ മുറിച്ചുകടന്ന് തിരുച്ചെന്തൂരിലെ അര്‍ദ്ധനാരീക്ഷേത്രത്തിലെ പതിനാലാം രാവില്‍ മറ്റൊരു പുരുഷനെ തേടിപ്പോകുന്ന ഘട്ടത്തില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റേയും പൂര്‍ണ്ണാനുവാദത്തോടെ 'വ്യഭിചാരം' ആചാരമാകുന്നു. അത്മാര്‍ത്ഥമായി പ്രണയിക്കുകയും സത്യസന്ധമായ ഒരു കുടുംബജീവിതം നയിക്കുകയും ചെയ്ത കാളിയുടെ ജീവിതം വലിയൊരു ചോദ്യച്ചിഹ്നമായി മാറുന്നു.

വ്യഭിചാരംപോലും ഒരു ആചാരമായിരുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് സത്യസന്ധമായി എഴുതിയതിന്റെ പേരില്‍ സാംസ്‌കാരിക ഫാസിസ്റ്റുകളും, വര്‍ഗ്ഗീയ ഫാസിസ്റ്റുകളും പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരനെ വേട്ടയാടി, വെട്ടി വീഴ്ത്തി. ഒടുവില്‍ എഴുത്തില്‍നിന്നുതന്നെ പെരുമാള്‍ മുരുകന് ആത്മഹത്യ ചെയ്യേണ്ടി വന്നു.

ചരിത്രത്തില്‍ കാല്‍പനികമായ ബാന്ധവങ്ങളിലൂടെ അല്ലലില്ലാതെ മലയാളി നോവലിസ്റ്റുകള്‍ ചോദ്യങ്ങള്‍ ചോദിക്കാതെ ജീവിക്കുന്നു. പെരുമാള്‍ മുരുകനെ നോക്കി അവര്‍ സഹതപിക്കുന്നുണ്ടാകും. ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ നാട്ടിലെ എഴുത്തുകാരെ കൊല്ലുന്നു, പലരും വധഭീഷണികളെ അഭിമുഖീകരിക്കുന്നു. ലോക സാഹിത്യചരിത്രത്തില്‍ പെരുമാള്‍ മുരുകന്‍ ഒരു വലിയ രക്തസാക്ഷിയാണ്. എന്നാല്‍ നമ്മള്‍ മലയാളി ബുദ്ധി ജീവികള്‍ക്ക് തമിഴ്‌നാട്ടുകാരെ പുച്ഛമാണ്. ആത്മഹത്യ പാപമാണ് എന്ന് വിശ്വസിക്കാനാണ് നമ്മള്‍ മലയാളി എഴുത്തുകാര്‍ക്ക് ഇഷ്ടം. അവര്‍ ചരിത്രവും ഭാവനയും കൂട്ടിക്കലര്‍ത്തിയ കാല്‍പ്പനികതയുടെ പുതിയൊരു ഭാവുകത്വത്തില്‍ തന്നെത്തന്നെ അനുകരിച്ചുകൊണ്ട് സ്വയം ഭോഗിക്കുന്നു.

ടി.ഡി. രാമകൃഷ്ണന്റെ ഇനിയെന്തു ചെയ്യും
മലയാള നോവല്‍ സാഹിത്യത്തിന് പുതിയൊരു ഭാവുകത്വം പകര്‍ന്നു നല്‍കിയ ഒരു നോവലാണ് ടി.ഡി രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര'. കാലത്തെ മുറിച്ചുകടക്കുന്ന നോവല്‍!. വര്‍ത്തമാനകാല ജീവിതത്തിലെ തിന്മകള്‍ളുടെ അഞ്ചുപതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള അവസ്ഥയെക്കുറിച്ച് ഈ നോവല്‍ ഭീകരമായി ഭാവനചെയ്യുന്നു. കൊന്നും, വ്യഭിചരിച്ചും, ക്രൂരമായി ബലാത്സഗം ചെയ്തും നമ്മള്‍ പരസ്പരം കൊന്നുതിന്നുന്ന, നരമാംസ്യഭോജനമെന്ന അതിഭീകരമായ അവസ്ഥയിലേക്ക് മനുഷ്യന്റെ ക്രൂരത എത്തിച്ചേരുന്നതിനെക്കുറിച്ച് ടി.ഡി.ആര്‍. ഭാവന ചെയ്യുന്നുണ്ട്. അതുകൊണ്ടുമാത്രമല്ല ഈ നോവല്‍ മലയാള നോവല്‍ സാഹിത്യത്തിന് ഒരു ദിശാബോധം നല്‍കുന്നു എന്നു ഞാന്‍ പറയുന്നത്. 'എഴുപതുകളുടെ ചോറു തിന്നു വീര്‍ക്കുന്ന നോവല്‍' എന്ന് ഒരിക്കല്‍ സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവലിനെക്കുറിച്ച് ഇതേ പക്തിയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. സുഭാഷിന്റെ നോവലിന്റെ കാലവും ഭാഷയും എഴുപതുകളുടെ കാല്‍പനികമായ സാഹചര്യത്തെ അതിന്റെ ഭാഷയെ, ഭാവുകത്വത്തെയാണ് അടയാളപ്പെടുത്തുന്നത്. എന്റെ അഭിപ്രായത്തില്‍ ഇട്ടിക്കോരയാണ് വര്‍ത്തമാനകാലത്തോട് നീതി പുലര്‍ത്തുന്ന നോവല്‍. പറഞ്ഞുവരുന്നത് വേറൊരു കാര്യമാണ് ടി.ഡി. രാമകൃഷ്ണന്‍ ഇട്ടിക്കോരയ്ക്കു ശേഷം പുതിയൊരു നോവല്‍ എഴുതിയിട്ടുണ്ട് 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി'. സംഭവം വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ഹൃദയവേദനയാണ് അനുഭവപ്പെട്ടത്. അവനവനെ അനുകരിക്കുന്നതിന്റെ അപകടം!. ഇട്ടിക്കോരയുടെ അതേ പാറ്റേണില്‍ മറ്റൊരു നോവല്‍!. പതിവുപോലെ സെക്‌സും വയലന്‍സുമൊക്കെ കുത്തിനിറച്ചുകൊണ്ടൊരു നോവല്‍. ഈ നോവല്‍ വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സില്‍ ഉയര്‍ന്ന ഒരു സംശയമാണ് 'ടി.ഡി. രാകൃഷ്ണന്‍ ഇനിയെന്തെഴുതും' എന്ന്.
ഒരു എഴുത്തുകാരന്‍ അവനവനെത്തന്നെ അനുകരിക്കുന്ന ഒരു കാലം വരും. അത് എത്ര നീട്ടിക്കൊണ്ടുപോകാമൊ അത്രയും നീട്ടിക്കൊണ്ടുപോകണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ വഷളാവും. ടി.ഡി. രാമകൃഷ്ണന്റെ മനസ്സില്‍ നിന്ന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലെ ഭാഷയെ, സങ്കേതത്തെ, ഭാവുകത്വത്തെ ഇടിച്ചുപൊളിച്ചു കളയാന്‍ കഴിയാതെ വന്നതുകൊണ്ടാണ് അതേ പാറ്റേണില്‍ ഒരു സുഗന്ധി എന്ന ആണ്ടാല്‍ ദേവനായകി ഉണ്ടാകുന്നത്. ഇത് വിവേകിയായ വനയനക്കാര്‍ക്ക് മനസ്സിലാകും. കുറഞ്ഞപക്ഷം ടി.ഡി. രാമകൃഷ്ണനെങ്കിലും തിരിച്ചറിഞ്ഞാല്‍ മതി. എങ്കില്‍ ഏറെ കാലം കഴിഞ്ഞിട്ടായാലും അദ്ദേഹം കുഴിച്ച കുഴിയില്‍ നിന്ന് സ്വയം കയറി വരും. വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ഒരു രാത്രിയുടെ ഓര്‍മ്മയ്ക്ക്
മുംബൈ രാത്രികളിലെ മഞ്ഞവെളിച്ചത്തെക്കുറിച്ച് മുന്‍പ് ഞാനൊരുപാട് എഴുതിയിട്ടുണ്ട്. നഗരത്തിലെ രാത്രിയിലെ ഈ മഞ്ഞവെളിച്ചമാണ് ഈ നഗരത്തിന്റെ സൗന്ദര്യവും അശ്ലീലവും. തല്ലിയാട്ടിയിട്ടും പോകാതെ ഈ നഗരത്തില്‍ ഇരുട്ട് മഞ്ഞച്ച ബള്‍ബുകളുടെ പ്രകാശകൂടാരത്തിനുമേല്‍ ഭാരമായി വീണുകിടക്കും. എത്ര വഴിവിളക്കുകളില്‍ ഒന്നിച്ചു തെളിച്ചാലും ഈ നഗരത്തിന്റെ ചില ഒതുക്കുകളില്‍ ഇരുട്ടു കൂടുകൂട്ടി നില്‍ക്കുന്നത് എനിക്കൊരു ദുരൂഹതയായി തുടരുന്നു. അങ്ങിനെയൊരു ഒതുക്കില്‍വെച്ചാണ് ഒരിക്കല്‍ ഞാനൊരു ബാര്‍ നര്‍ത്തകിയെ പരിചയപ്പെടുന്നത്. നരിമാന്‍ പോയിന്റിലെ സിമന്റ് കൈവരി തീരുന്നയിടത്തെ തിരകള്‍ക്കെതിരെ ഏങ്കോണിച്ചുനില്‍ക്കുന്ന സിമന്റു കല്ലുകളിലൊന്നിലിരുന്നാണ് ഞങ്ങള്‍ ജീവിതം പറഞ്ഞത്. അതിന്റെ ഓര്‍മ്മയ്ക്കാണ് എന്റെ സമാഹരത്തിലെ 'ഉപ്പ്' എന്ന കവിത. വികലാംഗനായ അച്ഛനും അമ്മയും കെട്ടിടങ്ങളിലെ ചവറുകള്‍ അടിച്ചുവാരി വരുമാനമുണ്ടാക്കുന്നു. 5 മക്കളില്‍ രണ്ടാമത്തവള്‍, ചേച്ചി വളരെ വര്‍ഷമായി മുംബൈയുടെ രാത്രി ജീവിതത്തെ സജീവമാക്കുന്നു. പക്ഷെ കുടുംബത്തിലെ പട്ടിണിക്കും പരിവട്ടത്തിനും അതുകൊണ്ട് അറുതിയായില്ല. 'മക്കളില്‍ സുന്ദരിയായ ഞാന്‍ ചേച്ചിയുടെ വഴിയെ നടക്കാന്‍ വിധിക്കപ്പെടുന്നു'. മൂന്നാമത്തേത് ഒരു സഹോദരന്‍, 10 വയസ്സ്. രാവിലെ സ്‌കൂളില്‍പോയതാണ്, രണ്ടുമാസമായി ഒരു വിവരവുമില്ല. പിന്നെയുള്ളത് ഇരട്ടകളായ മൂന്നു വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍. രണ്ടുപേര്‍ക്കും ബുദ്ധിവളര്‍ച്ചയില്ല. ഇപ്പോള്‍ അച്ഛനും അമ്മയുമടക്കം ആറു വയറുകള്‍ കഴിയണം. ജീവിക്കാന്‍ ഇതിലും നല്ല വഴി വേറെയുണ്ടായിരുന്നില്ല.

ഞങ്ങള്‍ കുറെ സംസാരിച്ചു. ചിലപ്പോഴൊക്കെ അവള്‍ കുനിഞ്ഞിരുന്ന മുഖം മറച്ച് ദീര്‍ഘമായി കരഞ്ഞു. എന്റെയുള്ളിലെ കപട സദചാരി പറഞ്ഞതൊക്കെ പോളിഷായ മറ്റൊരു ജീവിതത്തെക്കുറിച്ചായിരുന്നു. എന്നിട്ടും അവളെന്നെ വെറുത്തില്ല. അവളെന്നെ പ്രണിയിച്ചു തുടങ്ങിയൊ എന്ന് ഞാന്‍ ന്യായമായും സംശയിച്ചു. ഒരഭയംപോലെ അവളെന്നെ മുട്ടിയുരുമ്മിയിരുന്നു. നേരമിരുട്ടുന്നു. അന്ന് അവളെക്കാത്തുനിന്ന, ബാറിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്ന വെളുത്ത ടാറ്റാ സുമൊയെ അവള്‍ തിരസ്‌ക്കരിച്ചു. 'ആജ് മേ നഹി ജാപ്പായേഗാ'. ഞാന്‍തന്നെ കാരണം..... ഒരു പക്ഷെ എന്റെ സദാചാര പ്രസംഗമായിരിക്കാം അവളുടെ മാനസ്സാന്തരത്തിനു കാരണം. അഭയമഭ്യര്‍ത്ഥിക്കുന്ന അവളുടെ കണ്ണുകള്‍ക്കുമുന്‍പില്‍ ഒരു നിമിഷം ഞാന്‍ ഭയന്നുപോയി. പതിവുപോലെ ഞാന്‍ 'വല്യട്ടന്‍' ചമഞ്ഞു. പ്രണയത്തോടടുക്കുമ്പോള്‍ സ്ഥിരം ചെയ്യാറുള്ളപോലെ. എന്നിലെ ഭീരു 'നീയെന്റെ അനുജത്തിയാണെ'ന്ന ശരീരഭാഷ കാണിച്ചു. എന്നിട്ടും അവളുടെ കണ്ണീരില്‍ ഞാനും അവളും ഒരുമിച്ചൊഴുകി. അവളെ കാത്തുനിന്ന ജീപ്പ് വാഹനത്തിരക്കില്‍ ഒഴുകിപ്പോയി. അവളുടെ അന്നംമുടക്കാനല്ലാതെ അവള്‍ക്കൊരു ആശ്വാസമാകാന്‍ എന്റെയീ സദാചാര പ്രസംഗംകൊണ്ടു കഴിഞ്ഞുവൊ?. എനിക്ക് എന്നോടുതന്നെ അവജ്ഞ തോന്നി. ഈ നഗരത്തിന്റെ രാത്രിജീവിതത്തെ സജീവമാക്കുന്നതിന്റെ ഒരു കണ്ണിയാണവള്‍. അവളുടെ ഒരുദിവസത്തെ അപ്പംമുടക്കിയ എന്റെ കപടസദാചാരവും ഇസ്തിരിയിട്ടവാക്കുകളേയും ഞാന്‍ വെറുത്തു. അവള്‍ ഒരു സ്വര്‍ണ്ണമീന്‍ കുഞ്ഞാണ്, ലഹരിയുടെ അക്വേറിയത്തിലെ സ്വര്‍ണ്ണമീന്‍ കുഞ്ഞ്. അവരെ നോക്കി നൊട്ടിനുണഞ്ഞ് നഗരം രാത്രിജീവിതത്തെ സജീവമാക്കുന്നു. അവള്‍ക്ക് ഇന്ന് അതിനു കഴിയില്ല. അതൊരുപക്ഷെ എന്നോടുള്ള പ്രണയമായിരിക്കാം. 'എന്നും വരാറുണ്ടോ ഇവിടെ' എന്ന അവളുടെ ചോദ്യത്തിനുമുന്‍പില്‍ നിന്ന് ഞാന്‍ ബോധപൂര്‍വ്വം ഒഴിഞ്ഞുമാറി. ഇനിയൊരിക്കല്‍കൂടി കണ്ടുമുട്ടാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. കാരണം ഒരിക്കലും ഞാനൊരഭയമാകില്ല, അവള്‍ക്കുമാത്രമല്ല ഞാന്‍ എനിക്കുപോലും.....
ഈ നഗരത്തിലെ ഇരുട്ടുമായികലങ്ങിയൊഴുകുന്ന ഈ മഞ്ഞവെളിച്ചം കാണുമ്പോള്‍ ഞാനിന്നും അവളെ ഓര്‍ക്കാറുണ്ട്. അന്ന് ഞങ്ങള്‍ പിരിയുമ്പോള്‍ അവള്‍ കുറച്ച് അകന്നാണ് നടന്നത്. വിടചൊല്ലുമ്പോള്‍ അവള്‍ ദീര്‍ഘമായ ഒരു ഹസ്തദാനം ചെയ്തു. ഒരു ജന്മത്തിന്റെ പ്രണയം മുഴുവന്‍ ആ മെല്ലിച്ച കൈവിരലുകളിലേയ്ക്കു കുതുപ്പിച്ച് എന്റെ കൈവിരലുകളെ ആലിംഗനം ചെയ്യുകയായിരുന്നു അവള്‍. അവളുടെ സിരകളിലൂടെ ഒരല്‍പനേരേേത്തക്കെങ്കിലും അവളുടെ പ്രണയത്തോടെ മിടിക്കുന്ന ഹൃദയത്തിന്റെ നെറുകയില്‍നിന്നൊഴുകന്ന സ്‌നേഹഗംഗയെ ഞാന്‍ ദൂരെ നിന്നു കണ്ടു.... പിന്നീടിതുവരെ അവളെ ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ ശ്രമിച്ചിട്ടില്ല. കാരണം ഞാനൊരു ഭീരുവാണ്....

ചോദ്യോന്മീലനം
വാലും മൂടുമില്ലാതെ എന്തിനിങ്ങനെ കോളമെഴുതുന്നു?
വാലും മൂടുമില്ലാതെ ശിഥിലമായ ചിന്തകളെ എവിടെയെങ്കിലും തേച്ചു വയ്ക്കണമെന്ന തോന്നലിലാണ് ഈ 'ഉന്മാദോന്മീലനം' ഉണ്ടാകുന്നത്. ഒരു മാസം വായിച്ച പുസ്തകങ്ങള്‍, ചെറുകഥകള്‍, കവിതകള്‍, സിനിമകള്‍, പിന്നെ പത്രമാധ്യമങ്ങള്‍ വായിക്കുമ്പോള്‍ ഭരണകൂടത്തോടു തോന്നുന്ന നീരസങ്ങള്‍ ഇതൊക്കെ പങ്കുവയ്ക്കാന്‍ ഒരിടം. അതു ചിലപ്പോള്‍ സാമ്പാര്‍ പരുവത്തില്‍ ഒരു സംഭവമായെന്നിരിക്കും. ഇതൊന്നും ഞാനായിട്ട് എഴുതുന്നതല്ല. എന്റെ ഉന്മാദം എന്നെക്കൊണ്ട് എഴുതിക്കുന്നതാണ്.

എന്താണ് 'ഉന്മാദോന്മീലനം' പലരും ചോദിക്കുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം?

ഒരു നട്ടപ്രാന്തിന്റെ 'ഇളക്കം' എന്നു മനസ്സിലാക്കിയാല്‍ മതി. മനസ്സില്‍ തോന്നുന്നത് വിളിച്ചുപറയുന്നു. ഉന്മാദം (ഭ്രാന്ത്), ഉന്മീലനം (മിഴിതുറക്കല്‍).

ബാബു കുഴിമറ്റം വലിയ എഴുത്തുകാരനാണൊ?
അദ്ദേഹത്തിന്റെ 'ചത്തവന്റെ സുവിശേഷം' വായിക്കുന്നത് തൊണ്ണൂറുകളിലാണ്. ഏറെ ആഘോഷിക്കപ്പെട്ട കഥകളാണതില്‍. പിന്നീട് ഒന്നരപതിറ്റാണ്ടിനിപ്പുറം അദ്ദേഹത്തെ അടുത്ത കാലത്താണ് കാണുന്നത്. എഴുത്തു നിര്‍ത്തിയതിന്റെ നാല്‍പ്പതാംവാര്‍ഷികം പ്രവാസികളെക്കൊണ്ട് ആഘോഷിപ്പിക്കുന്നു!!

അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നതിനെപറ്റി?
വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ ഒരു എഴുത്തുകാരന്‍ പ്രതിഷേധിക്കുന്നത് അവാര്‍ഡ് തിരിച്ചേല്‍പ്പിച്ചുകൊണ്ട് പ്രതിഷേധിക്കുന്നത് ഒരു സമര രീതിയാണ്. അങ്ങിനെ ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങിനെയാകാം. അത് ശക്തമായ ഒരു സമരമുറയായിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴുള്ള കോലാഹലം. മറ്റു രീതിയില്‍ പ്രതിഷേധിക്കണമെന്നുള്ളവര്‍ക്ക് അങ്ങിനേയുമാകാം. അതൊരു തെറ്റാണ് എന്നരീതിയിലുള്ള അധരവ്യായാമങ്ങളോട് സഹതപിക്കുന്നു.

മുംബൈയിലെ മൈക്കാസുരന്മാരെ നിലയ്ക്കു നിര്‍ത്താന്‍ എന്തുചെയ്യണം?
നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കുട്ടിസഖാക്കന്മാരായി ജീവിക്കേണ്ട ഈ മൈക്കാസുരന്മാര്‍ വിധിവശാല്‍ പ്രവാസിയായി ജീവിക്കേണ്ടി വരുന്നു. മുംബൈയിലെ സാഹിത്യ സായാഹ്നങ്ങളില്‍ മൈക്കുകാണുമ്പോള്‍ അവരുടെ കണ്‍ട്രോളു പോകുന്നു. ഒരു പുസ്തകം പോലും മുഴുവന്‍ വായിച്ചിട്ടില്ലാത്ത മൈക്കാസുരന്മാര്‍ സാഹിത്യത്തിന്റെ കുടല്‍മാല പറിക്കുന്നു. സാഹിത്യ സായാഹ്നങ്ങളെ പ്രസംഗപരിശീല ക്ലബ്ബുകളാക്കി ഇവര്‍ മാറ്റിക്കൊണ്ടിരിക്കുന്നു.

ജീ. മധുസൂധനന്റെ പുതിയ പുസ്തകം ഭാവനയുടെ ജലസ്ഥലികള്‍ ഈ മാസം അവസാനം ഇറങ്ങുന്നു. അദ്ദേഹത്തെ കുറിച്ച്?
ഭാവുകത്വം 21ാം നൂറ്റാണ്ട് എന്ന പുസ്തകം മലയാള വിമര്‍ശന സാഹിത്യത്തിലെ ഒരു നാഴികകല്ലാണ്. പിന്നീട് ഒരു ദീര്‍ഘമൗനത്തിന്റെ കാലഘട്ടമായിരുന്നു. അദ്ദേഹത്തെ ഒന്നു നേരില്‍ കാണാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പൂനയില്‍ ഒരു പരിപാടിയില്‍ വെച്ച് ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു. വീണ്ടും എഴുതാം എന്നദ്ദേഹം സമ്മതിച്ചു. ഞങ്ങള്‍ വായനക്കാരുടെ പ്രാര്‍ത്ഥനയുടെകൂടി ഫലമാണ് ഇറങ്ങാന്‍ പോകുന്ന 'ഭാവനയുടെ ജലസ്ഥലികള്‍' എന്ന പുസ്തകം എന്ന ഞാന്‍ വിശ്വസിക്കുന്നു. നവംബര്‍ 26 ന് സാറ ടീച്ചര്‍ തൃശ്ശൂരില്‍ പ്രകാശനം നിര്‍വ്വഹിക്കും.

മുംബൈ വൈറ്റ്‌ലൈന്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചു വന്നത്‌

2015, നവംബർ 22, ഞായറാഴ്‌ച

ഒരു രാഹുല്‍ പശുപാലനെ വെച്ച് വ്യഭിചരിക്കുന്ന മാധ്യമങ്ങള്‍ക്കും, സാംസ്‌കാരിക ഫാസിസ്റ്റുകള്‍ക്കും ഒരു തുറന്ന കത്ത്

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാദാചാര പോലീസുകാര്‍ സൃഷ്ടിച്ച അരാഷ്ട്രീയാവസ്ഥയില്‍നിന്നുണ്ടായ ഒരു സ്വാഭാവിക പ്രതികരണമായിരുന്നു ചുംബന സമരം. ദിവസവും പത്രംവായിക്കുന്ന, ലോകത്തിലെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ച് നവമാധ്യമങ്ങളിലൂടെയും ജനകീയ മാധ്യമങ്ങളിലൂടേയും അറിയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു പുതിയ തലമുറ ആദ്യമായി ചെയ്ത ഒരു സമരം. ലിംഗ സമത്വത്തിനുവേണ്ടി, വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി, വ്യവസ്ഥാപിത സമൂഹത്തിലെ പൗരോഹിത്യ-സംഘപരിവാര ഫാക്ടറികളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന കപട സദാചാരവാദികകള്‍ക്കെതിരെ സമാധാനപരമായി നടത്തിയ ഒരു സമരം. അതുകൊണ്ടുതന്നെ ഈ സമരം ഭാരതത്തിന്റെ സമരചരിത്രില്‍ ഒരദ്ധ്യായം കൂട്ടിച്ചേര്‍ത്തു.

നെക്‌സലിസവും, അടിയന്തിരാവസ്ഥയും സൃഷ്ടിച്ച എഴുപതുകളിലെ ക്ഷുഭിതയൗവ്വനങ്ങള്‍ പിന്നീട് പാതിരിമാരും സംഘപരിവാരങ്ങളും മതമേലദ്ധ്യക്ഷരുമായി മാറിയതിനുശേഷം, അവര്‍ കല്യാണം കഴിച്ചു കുറെ കുട്ടികളെയുണ്ടാക്കി, കൂട്ടിലടച്ച തത്തകളെപോലെ കുട്ടികളെ വളര്‍ത്തി. ഫോളിക് ആസിഡു തിന്നും മോസമ്പിജ്യൂസുകുടിച്ചും ഗര്‍ഭകാലത്ത് അവരുടെ ഭാര്യമാര്‍ പിറക്കാന്‍ പോകുന്ന മക്കള്‍ക്കുവേണ്ടി ചെയ്ത തപസ്സുകളില്‍ ചിലതെങ്കിലും ഫലിക്കാതെ പോയില്ല. ആ അമ്മമാര്‍പെറ്റ മക്കളില്‍ ചിലരാണ് പ്രതിഷേധത്തിന്റെ കടുപ്പിച്ച മുദ്രാവാക്യങ്ങളുമായി  ഡല്‍ഹിലെ ജന്തര്‍മന്തറിലും, അവിടുത്തെ രാജവീഥികളിലും കത്തുന്ന തീപ്പന്തങ്ങളായത്. അധികാര സ്ഥാപനങ്ങളെ കിടുകിടാ വിറപ്പിച്ചത്. ഇതുവരെ കളിച്ച കളികളൊക്കെ ഇനികളിക്കുമ്പോള്‍ സൂക്ഷിച്ചുവേണം എന്ന ഭരണകൂടത്തോടു താക്കിതു നല്‍കിയത്. ഒരു പുതിയ തലമുറ, ചോദ്യം ചോദിക്കുന്ന ഒരു തലമുറ, അത് ഒരു ന്യനപക്ഷമാണെങ്കില്‍ കൂടിയും, ഒന്നു നിറഞ്ഞാടിയാല്‍ അതൊരു ഭൂരിപക്ഷമാകാന്‍ ഒരു നിമിഷം മതി എന്ന താക്കിത് മനസ്സിലാക്കാന്‍ തലയില്‍ ആള്‍ത്താമസമുള്ള ഭരണ തന്ത്രജ്ഞന്‍മാര്‍ക്ക് ഇപ്പോള്‍ നന്നായി അറിയാം.

യൂണിഫോമിട്ട് സ്‌കൂള്‍ബസ്സില്‍ കയറ്റി അയച്ച്, ബ്രോയിലര്‍ ചിക്കന്‍ ചുട്ടുകൊടുത്തിട്ടും, കെ.എഫ്.സി. ചിക്കനും, മക്ക്‌ഡൊണാള്‍ഡും വായില്‍ വെച്ചുകൊടുത്തിട്ടും പുതു തലമുറയിലെ ചിലരെങ്കിലും മണ്ണുണ്ണികളായില്ല. അവര്‍ ചെയ്ത സമരം, അവരുടെ പ്രതിഷേധങ്ങള്‍, അവരുടെ സമരരീതികള്‍ ഒരു വലിയ യാഥാസ്ഥിതിക സമൂഹത്തെ അസ്വസ്ഥമാക്കുകതന്നെ ചെയ്തു. അതുകൊണ്ടാണല്ലൊ പെണ്ണുകൂട്ടിക്കൊടുക്കുന്ന രാഹുല്‍ പശുപാലനെ ചുംബന സമരത്തിന്റെ ജീവാത്മാവും പരമാത്മാവുമാണെന്ന് പ്രചരിപ്പിക്കുന്നത്. ഇവിടുത്തെ സ്യൂഡോ സെക്യുലറിസം കളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും, പരമ്പരാഗത ഹിന്ദുത്വ വാദികളും, ലിംഗ സമത്വം എന്ന വാക്കിന്റെ അര്‍ത്ഥംമറിയാത്ത ചില മതമേധാവികള്‍ക്കും ചുംബന സമരക്കാരെ വെട്ടാന്‍ ഒരു പുകവാളെങ്കിലും കിട്ടിയ സന്തോഷത്തിലാണ്.

ചുംബന സമരം മറൈന്‍ ഡ്രൈവില്‍ മാത്രം സംഘടിപ്പിക്കപ്പെട്ട ഒന്നല്ല. അത് ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലും, സൈബര്‍ സ്‌പേസിലും സംഘടിപ്പിക്കപ്പെട്ട ഒരു ആഗോള സമരമാണ്. അപ്പോള്‍ എങ്ങിനെയാണ് മറൈന്‍ ഡ്രൈവില്‍ തന്റെ ഭാര്യയുമായി സമരത്തില്‍ പങ്കുചേര്‍ന്ന രാഹുല്‍ പശുപാലന്‍മാത്രം സമരത്തിന്റെ ജീവാത്മാവാകുന്നത്. ഒരു സമരത്തില്‍ തുടക്കം മുതലെയുള്ള രാഹുലിന്റെ പങ്കാളിത്തത്തെ കുറച്ചുകാണാന്‍ ഇവിടെ ശ്രമിക്കുന്നില്ല. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവും, പ്രത്യേയ ശാസ്ത്രവും, സംസ്‌കാരവുമൊക്കെ എന്താണെന്നൊ എന്താവണമെന്നൊ ഒരു സമരത്തിനുവേണ്ടി ഒത്തുകൂടുന്ന വേളയില്‍ നമുക്കു നിഷ്‌ക്കര്‍ഷിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് ചുംബന സമരംപോലുള്ള ഒരു സ്വാഭാവിക സമരപ്രതിഭാസത്തില്‍, അപരിചിതരായ ഒരു യുവസമൂഹം ഒത്തുകൂടുകയാണ്. അവര്‍ക്ക് പരസ്പരം അറിയില്ല. പക്ഷെ സമരത്തിനുശേഷം പോലീസ് വാനില്‍ ചുംബിച്ച രാഹുലിനേയും ഭാര്യ രശ്മിയേയും പിന്നീട് മാദ്ധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മാദ്ധ്യമങ്ങള്‍ പതിച്ചുനല്‍കിയ സെലിബ്രറ്റി സ്റ്റാറ്റസുമായി രാഹുല്‍ പശുപാലന്‍ വിലസുന്നതിനെ തടയിടാന്‍ ഇവിടെ ഒരു സമര സമിതി നിലനില്‍ക്കുന്നില്ല. അത് ഒരു കേഡര്‍ പാര്‍ട്ടിയല്ല. രാഹുല്‍ പശുപാലനും ഭാര്യയും തന്റെ മനോധര്‍മ്മംപോലെ എന്തൊക്കെയൊ പറയുന്നു. പലതും ചുംബന സമരത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രസ്ഥാവനകളായതുകൊണ്ട് സത്യസന്ധരായ, ചുംബന സമരത്തിന്റെ പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിച്ച, അന്ന് പല സംസ്ഥാനങ്ങളില്‍ സമരത്തിനു ശേഷം പിരിഞ്ഞുപോയ, അസംഘടിതരായ യുവാക്കള്‍ക്ക് രാഹുല്‍ പശുപാലനോട് അസൂയയൊ അമര്‍ഷമൊ തോന്നിയിരുന്നില്ല.

പക്ഷെ മാധ്യമങ്ങള്‍ക്ക് പൂജിച്ചിരുത്താന്‍ വ്യക്തികള്‍ വേണം (താറടിക്കാനും, തല്ലിക്കൊല്ലാനും). അങ്ങിനെ കൈരളി ടീവിയുടെ ജെ.ബി. ജംഗ്ഷനടക്കം മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും രാഹുല്‍ പശുപാലനേയും ഭാര്യ രശ്മി ആര്‍. നായരേയും കെട്ടിയെഴുന്നള്ളിച്ചു. എന്നാല്‍ ഇപ്പോള്‍ സെലിബ്രെറ്റിയാക്കിയവര്‍തന്നെ പൊതുനിരത്തില്‍ അവരുടെ തുണിയഴിക്കുന്നു, തല്ലുന്നു, തെറിവിളിക്കുന്നു. ഇതിന് ചുംബന സമരവുമായി എന്തുബന്ധമാണുള്ളത്? ഇതൊക്കെ മലയാളികള്‍ നിത്യവും കാണുന്നതല്ലെ. പൊക്കുന്നതും താഴത്തുന്നതും പൂഴ്ത്തുന്നതും നിങ്ങള്‍ മാധ്യമങ്ങള്‍ക്കും ഭരണകൂടത്തിനും മാത്രം കഴിയുന്ന കലയല്ലെ.

എന്തൊക്കെ പൂഴ്ത്താനാണ് ഇപ്പോള്‍ ചിലത് പൊക്കിക്കൊണ്ടു വരുന്നത് എന്ന് മലയാളികള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അതൊക്കെ അതിന്റെ മുറയ്ക്കു നടക്കട്ടെ. ചുംബന സമരത്തില്‍ തുടക്കം മുതലെ ഇടപെടുകയും പല ഘട്ടങ്ങളിലും ചുംബന സമരത്തിന്റെ ഔദ്യോഗിക വക്താവായി മാധ്യമങ്ങള്‍ അവരോധിച്ച രാഹുല്‍ പശുപാലന്‍ ചുംബന സമരത്തിന്റെ പ്രത്യോയ ശാസ്ത്രത്തെപ്പറ്റി, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി, അതുണ്ടാകാനുണ്ടായ സാഹചര്യങ്ങളെപറ്റി പറഞ്ഞതൊക്കെ അച്ചട്ടാണ്. അതിലൊന്നും ആര്‍ക്കും ഒരു വിയോജിപ്പുമില്ല. അയാള്‍ ഒരു കമ്മ്യൂണിസ്റ്റായിരുന്നു എന്നതൊ, അയാള്‍ക്ക് ചുംബന സമരത്തെക്കുറിച്ചായാലും, നിലവിലെ സാമൂഹ്യ സദാചാര സാഹചര്യങ്ങളിലെ അസമത്വങ്ങളെക്കുറിച്ചായാലും വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ട് എന്നത് അദ്ദേഹത്തിലെ കുറ്റവാളിയെ സാധൂകരിക്കുന്നില്ല.

പടിച്ചകള്ളന്മാരെ കാണുന്നത് നമ്മള്‍ ആദ്യമായിട്ടല്ല. രാഹുല്‍ പശുപാലനും ഭാര്യയും ഒരുപക്ഷെ പഠിച്ച കള്ളനും കള്ളിയുമായിരിക്കാം. അവര്‍ കുറ്റവാളികളാണെങ്കില്‍ അവര്‍ക്കുള്ള ശിക്ഷ കിട്ടുകതന്നെ വേണം. അതിന് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള നീതിബോധമുള്ളവര്‍തന്നെയാണ് ചുംബനസമരത്തെ അനുകൂലിച്ച ബഹുഭൂരിപക്ഷവും. ചില രാഹുല്‍ പശുപാലന്മാര്‍ എല്ലായിടത്തും കാണും. കേരളാ കോണ്‍ഗ്രസ്സില്‍ പല മാണിമാര്‍, കോണ്‍ഗ്രസ്സിലെ ചാണ്ടിമാര്‍, ലീഗിലെ കുഞ്ഞാലിക്കുട്ടികള്‍, സംഘപരിവാരങ്ങളില്‍ തലച്ചോറു ചീഞ്ഞ ശവങ്ങള്‍. ഈ ശവങ്ങളെ സമൂഹം എന്തിനു ചുമക്കണം. കോഴക്കേസ്സും, സോളാര്‍കേസും, നിയമനതട്ടിപ്പുകേസും ഒക്കെ മൂക്കാനായി ഇത്തിരിപോന്ന ഒരു രാഹുല്‍ പശുപാലനെയും രശ്മിയേയും എത്രകാലം ഇങ്ങിനെ തലയില്‍ മുണ്ടിടീച്ച് കൊണ്ടുനടക്കും എന്ന കാത്തിരുന്നു കാണാം.

ചുംബന സമരത്തെ എതിര്‍ത്തവരോട് പറയാനുള്ളത്.


1. ചുംബന സമരം ചുംബിക്കാന്‍ മുട്ടിനിന്നവര്‍ ഒരു പൊതുവിടത്തില്‍ ഒത്തുകൂടിയതല്ല. ഒരു പൊതു സ്ഥലത്ത് ഒരു സ്ത്രീയും പുരുഷനും എത്ര പ്രണയത്തോടെയാണെങ്കിലും ചുംബിക്കുകയൊ മറ്റു കാമകേളികളില്‍ ഏര്‍പ്പെടുകയൊ ചെയ്യുന്നത് എതിര്‍ക്കപ്പെടേണ്ടതില്ല എന്നു ചിന്തിക്കുന്ന ഒരു നിലപാടല്ല ചുംബന സമരത്തിന്റെ നിലപാട്. ശ്ലീലാശ്ലീലങ്ങളോട്, ലിംഗവിവേചനങ്ങള്‍ക്കപ്പുറമുള്ള ഒരു വ്യക്തമായ കാഴ്ച്ചപ്പാടും നിലപാടും, സനാതനമെന്നു പറയപ്പെടുന്നതിലെ ഉത്തമമായ മൂല്യാവബോധവുമുള്ള ഒരു തലമുറതന്നെയായിരുന്നു ചുംബന സമരത്തിനുവേണ്ടി ഒത്തുകൂടിയത്. ഭാര്യയും ഭര്‍ത്താവും കിടപ്പറയില്‍ ചെയ്യുന്നതൊക്കെ പൊതു നിരത്തില്‍ ചെയ്യാനുള്ള ലൈസന്‍സിനുവേണ്ടിയല്ല യുവാക്കള്‍ ചുംബന സമരം നടത്തിയത്. മറിച്ചാണ് എന്നുള്ള പ്രചരണങ്ങള്‍ നടത്തുന്നവര്‍ ഒരു സംഘപരിവാരത്തോളം വരും. അവരുടെ രോഗാതുരമായ മനസ്സാണ്, സമൂഹത്തിലെ ലിംഗവിവേചനങ്ങളുടെ അടിസ്ഥാനം. ആങ്ങളയ്ക്കും പെങ്ങള്‍ക്കും വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സദാചാര ഇടപെടലുകള്‍ എത്തിച്ചത് അവരുടെ ഈ തീവ്രമായിക്കൊണ്ടിരിക്കുന്ന ലിംഗവിവേചനമാണ്. അതില്‍ ചിലര്‍ ക്രമിനലുകളാണ് എന്നത് ഒരു വലിയ സത്യമാണ്. പലതും പറഞ്ഞ് പെണ്‍കുട്ടികളെ ആണ്‍സുഹൃത്തില്‍ നിന്ന് പറിച്ചെടുത്ത് മാനഭംഗപ്പെടുത്താനുള്ള മാനസികാവസ്ഥവരെയുള്ളവരാണ് ഇക്കൂട്ടരില്‍ പലരും. അവരുടെ സപ്രസ്സുചെയ്യപ്പെട്ട ലൈംഗികതയാണ് സദാചാരമെന്ന മുഖംമൂടിയണിഞ്ഞ് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ കുത്തിനോവിപ്പിക്കുന്നത്.

2.    ഒരു ജ്യോഷ്ഠന്റെ ജാഗ്രത്തും ഒരു കപട സദാചാരക്കാരന്റെ ധാര്‍ഷ്ട്യവും രണ്ടും രണ്ടാണ്. അസമയത്ത് ഒരു പുരുഷന്റെ കൂടെ ഒരു പെണ്‍കുട്ടി തികച്ചും സംശയാസ്പദമായി കാണപ്പെടുന്ന സാഹചര്യങ്ങള്‍ ആരുടെ ജീവിതത്തിലും ഉണ്ടായേക്കാം. അവിടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാതെ ജാഗ്രത്തും, ജനാധിപത്യപരവുമായ ഇടപെടലുകളാണ് ആവശ്യം. 'നീയൊക്കെ എന്തു ബിസ്സിനസ്സിനാടി ഇറങ്ങിയിരിക്കുന്നത്. അവനു മാത്രെ കൊടുക്കുള്ളോ.... മ്മളെയൊന്നും പിടിച്ചില്ലെ' എന്ന മട്ടില്‍ ഇടപെടുന്നവരില്‍ കൂടുതലും മധ്യവയസ്സുകഴിഞ്ഞ ചിലരാണ് ഇതില്‍ ചില പോലീസ് എമാന്മാരും പെടും. ഇത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റങ്ങളാണ് ഹിമ ശങ്കറിനെപോലെയുള്ള സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു കലാകാരിക്ക് നേരിടേണ്ടിവന്നത്.

3. കോഴിക്കോട് ഡൗണ്‍ ഡൗണ്‍ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ചുംബന സമരത്തിന് പെട്ടെന്നുള്ള ഒരു കാരണമായിരുന്നിരിക്കാം. അതിന്റെ പിന്നിലെ ന്യായാന്യായങ്ങള്‍ എന്തുതന്നെയായിരുന്നാലും അതൊന്നും ചുംബന സമരത്തിന്റെ പ്രത്യേയ ശാസ്ത്രത്തെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുന്നില്ല. പ്രണയിതാക്കള്‍ക്ക് ചുംബിച്ചു കുഴയാനുള്ള ഇടങ്ങളാക്കി നമ്മുടെ പൊതു ഇടങ്ങളെ പ്രഖ്യാപിക്കണെന്ന ആവശ്യമല്ല ചുംബന സമരത്തിന്റേത്. എന്നാല്‍ അന്യന്റെ ജീവിതത്തിലേക്ക്, അവന്റെ പ്രണയത്തിലേക്ക്, അവന്റെ സ്വാകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനും, അതിക്രമിച്ചു കയറാനുമുള്ള അരാജകത്വത്തെ ഒരു തരത്തിലും അംഗീകരിച്ചുകൊടുക്കാന്‍ ആവില്ല. ഇവിടെ സ്വാകാര്യത എന്നതുകൊണ്ടുദ്ദേശിക്കുന്നത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന സ്വാകാര്യതയല്ല. സ്വാതന്ത്ര്യമെന്നാല്‍ എന്തു ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല. ഭരണഘടന ഒരു പൗരനു നല്‍കുന്ന മിനിമം സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഇവിടെ സമരം ചെയ്യേണ്ടി വന്നത് എന്നതാണ് ദുഃഖകരം.

4.    പ്രണയത്തെക്കുറിച്ചും, ലൈംഗികതയെക്കുറിച്ചും, സദാചാരത്തെക്കുറിച്ചും, ശ്ലീലാശ്ലീലത്തെക്കുറിച്ചും വ്യക്തമായ ഒരു കാഴ്ച്ചപ്പാടുള്ള ഒരു തലമുറതന്നെയാണ് നമ്മുടെ ലക്ഷ്യം. പക്ഷെ അത് വ്യവസ്ഥാപിതമായ ചില കടപ സദാചാരബോധങ്ങളോട് സന്ധിചെയ്തുകൊണ്ട് രൂപപ്പെടുത്തിയെടുക്കേണ്ട ഒന്നല്ല. മലപ്പുറത്തൊരു വനിതാ സ്ഥാനാര്‍ത്ഥിയുടെ പടം പോസ്റ്ററില്‍ അടിക്കുന്നതിനു പകരം ഭര്‍ത്താവിന്റെ പടം അടിച്ചാല്‍ മതി എന്നു ചിന്തിക്കുന്ന പൗരോഹിത്യ സദാചാരബോധത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. 'നിന്റെ ആങ്ങളയൊ പെങ്ങളൊ മറ്റൊരുത്തനെ ചുംബിച്ചാല്‍ നീ അംഗീകരിക്കുമോടാ' എന്നാണ് ചില സംഘികള്‍ ചോദിക്കുന്നത്. അവര്‍ക്കുള്ള മറുപടി, അവര്‍ക്കും ചുംബിക്കാനുള്ള അവസമുണ്ടാകട്ടെ എന്നുള്ള പ്രാര്‍ത്ഥനായാണ്. പ്രണയിക്കുന്നവര്‍ പരസ്പരം ചെയ്യുന്നതാണ് ചുംബനം. 'പാര്‍ക്കുകള്‍ നിറയെ പൊതു വാഹനങ്ങളുടെ ഇരിപ്പിടങ്ങളെ നിറയെ പ്രണയിതാക്കള്‍ ഇങ്ങിനെ ചുംബിച്ചുമുങ്ങിയാല്‍ നമ്മളെന്തു ചെയ്യുമെടാ...?' എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയാല്‍ അവരെക്കുറിച്ച് സഹതപിക്കാന്‍ മാത്രമെ കഴിയു. ലോകത്തിന്റെ സദാചാരംമുഴുവന്‍ ഈ യാഥാസ്ഥിതികര്‍ തങ്ങളുടെ ഹൃദയത്തിലാണ് വഹിക്കുന്നത് എന്നുതോന്നും ചോദിക്കുന്നതു കേട്ടാല്‍. അവരാണ് വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ ഭാര്യയുടെ അവിഹിതത്തെക്കുറിച്ച് പറയുന്നത്. 'നിന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടി കിടക്കുന്നതു കണ്ടാല്‍ നീ സഹിക്വോടാ ചുംബന സമരക്കാരാ' എന്നു ചോദിക്കുന്നവരുണ്ട്. കുറഞ്ഞപക്ഷം മറ്റൊരു പുരുഷനെ തേടിപോകുന്ന ഭാര്യയുടെ വികാരത്തെ, അവര്‍ വിശ്വാസ വഞ്ചന കാണിച്ചിട്ടുണ്ടെങ്കില്‍പോലും ബഹുമാനിക്കുക എന്നതാണ് അഭികാമ്യമായിട്ടുള്ളത്. ദാമ്പത്യത്തില്‍ നിലനില്‍ക്കേണ്ട പരസ്പര വിശ്വാസത്തേയും അര്‍പ്പണത്തേയും ഇവിടെ ആരും നിഷേധിക്കുന്നില്ല. പക്ഷെ സ്വന്തം ഭാര്യ വേറൊരുത്തനെ തേടിപ്പോകുന്ന ഒരു ഘട്ടത്തെ മാനുഷ്യത്വപരമായി നേരിടാനുള്ള മൂല്യബോധം ആര്‍ക്കായാലും വേണം. മേല്‍പ്പറഞ്ഞ സദാചാര പുസ്തകം ഹൃദയത്തില്‍ ചുമക്കുന്നവര്‍ ഇത്തരം ഘട്ടത്തില്‍ കറിക്കത്തിയെടുത്ത് ഭാര്യയേയും കാമുകനേയും തുണ്ടം തുണ്ടമാക്കിക്കളയും. അത്തരം അനവധി കേസുകള്‍ നമ്മള്‍ നിത്യേന പത്രത്തില്‍ വായിക്കുന്നുണ്ടല്ലൊ. അഭിമാന കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് ഇത്തരം ഒരു മാനസികാവസ്ഥയിലാണ്. വിട്ടുവീഴ്ച്ചകളില്ലാതെ പുരുഷകേന്ദ്രീകൃതമായ, ഒരു സദാചാര സങ്കല്‍പ്പങ്ങളിലാണ് ഇത്തരം വയലന്‍സുകള്‍ കുടിയിരിക്കുന്നത്. ഒരു കീഴ്ജാതിക്കാരനെ സ്‌നേഹിച്ചതിന്റെ പേരില്‍ കുടുംബത്തെ മുഴുവന്‍ കൊന്നുതള്ളിയ കഥകള്‍ നമ്മുക്കു മുന്‍പിലുണ്ട്. ഇജ്ജാതി മാനസികാവസ്ഥയുടെ വിളനിലമായി നമ്മുടെ നാട് മാറേണ്ടതുണ്ടൊ?

5.    എന്റെ പെങ്ങള്‍ വഴിതെറ്റിനടക്കുന്നുണ്ടെങ്കില്‍ നേരെ നടത്തേണ്ടത് എന്റെ ചുമതലയാണ്. സമൂഹത്തിന്റെ ഉത്തരവാദിത്തം എന്നത് വഴിതെറ്റാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതുതന്നെയാണ്. കണ്ണില്‍ കണ്ട ആണിനേയും പെണ്ണിനേയും തടഞ്ഞുനിര്‍ത്തി അവിഹിതത്തെക്കുറിച്ചു ചോദിക്കുന്നത് അണ്‍പാര്‍ലമെന്ററി നടപടിയാണ്. മുണ്ട് തുടയ്ക്കു മകുളില്‍ കയറ്റിക്കുത്തിയ ചേട്ടന്മാര്‍ ബിക്കിനിയെക്കുറിച്ചു സംസാരിക്കുന്ന തമാശ നമ്മുടെ നാട്ടിലല്ലാതെ വേറെ എവിടേയും കാണില്ല.

സംഘികളും ഇതര മതമേലധ്യക്ഷന്മാരും സാമൂഹ്യവിരുന്ധരും മാധ്യമങ്ങളും ഇപ്പോള്‍ ഒറ്റക്കെട്ടാവാന്‍ കാരണമെന്ത്?

സോഷ്യല്‍ മീഡിയ വല്ലാതെ വളര്‍ന്നു. അതിനെ നല്ലരീതിയിലും ചീത്തരീതിയിലും ഉപയോഗിക്കുന്നവരുണ്ട്. എന്തൊക്കെ കുറ്റങ്ങള്‍ പറഞ്ഞാലും മറ്റുമാധ്യമങ്ങള്‍ക്കില്ലാത്ത ഒരു വലിയ ഗുണം ആ നവ മാധ്യമത്തിനുണ്ട്. അടുത്ത കാലത്താണ് നെസ്ലെയുടെ മാഗി നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്നത്. പിന്നീട് കോടതി മാഗിക്ക് ക്ലീന്‍ ചിറ്റ് കൊടുക്കുകയും ഇപ്പോള്‍ സര്‍ക്കാര്‍ അതിനെതിരെ അപ്പീലിന് പോകുകയും ചെയ്യുന്നു. ഇതിനുമൊക്കെ മുന്‍പ് വിഷംനിറച്ച മാഗിയെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ പലരും ശ്രമിച്ചത് സോഷ്യല്‍ മീഡിയവഴിയാണ്. കേരളത്തില്‍ മുന്‍ നിര ബ്രാന്റ് ആയ നിറപറയുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് നിരോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ അനുപമ തീരുമാനിച്ചപ്പോള്‍ കേരളത്തിലെ പല മുഖ്യധാര മാധ്യമങ്ങളും ആ വാര്‍ത്ത തമസ്‌ക്കരിച്ചുകൊണ്ട് 'ഞങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കുന്നവരാണ്' എന്ന തെളിയിച്ചു. ഇങ്ങിനെ അനവധി ഉദാഹരണങ്ങളുണ്ട്. നവമാധ്യങ്ങളേയും അതിലൂടെ രൂപപ്പെടുന്ന ഏതൊരു കൂട്ടായ്മയേയും, പ്രതിഷേധ സമരത്തേയും താറടിക്കാനും തമസ്‌ക്കരിക്കാനും ഈ 'മുക്കിയ' ധാരകള്‍ മുന്‍പന്തിയില്‍ത്തന്നെയുണ്ട്. ഇപ്പോള്‍ രാഹുല്‍ പശുപാലന്റേയും രശ്മി ആര്‍. നായരുടേയും പെണ്‍വാണിഫത്തെ ഇത്രമേല്‍ പ്രൊജക്ടുചെയ്യുന്നതിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത് അവരുടെ നിലനില്‍പ്പിന്റെ പ്രത്യേയ ശാസ്ത്രമാണ് എന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാവും.

ഇനിയും ചുംബന സമരങ്ങളൊ അതുപോലുള്ള സമരങ്ങളൊ ഉണ്ടാകും.


അന്യന്റെ റഫറിജറേറ്ററില്‍ എന്തുഭക്ഷണമാണ് വെച്ചിരിക്കുന്നത് എന്ന് അതിക്രമിച്ചു കയറിനോക്കുകയും, ബീഫാണെങ്കില്‍ അപ്പോള്‍തന്നെ അയല്‍ക്കാരനെ കൂട്ടംചേര്‍ന്ന തല്ലിക്കൊല്ലുകയും ചെയ്യുന്ന ഫാസിസത്തിന്റെ ഏറ്റവും അപകടകരമായ ഒരു കാലത്തെ നമ്മള്‍ അഭിമുഖീകരിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനെ പത്തോളം ആര്‍.ടി.ഐ. ആക്ടിവിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അന്ധവിശ്വാസത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ യുക്തിവാദിയും എഴുത്തുകാരനുമായ നരേന്ദ്ര ധാബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടത് ഈ ഫാസിസം ഇന്ത്യയില്‍ എത്രമാത്രം വേരുപിടിച്ചുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഒരു ഹിന്ദു മുന്നേറ്റം ഉണ്ടാക്കിയെന്നതിന്റെ പേരില്‍ കപട രാജ്യസ്‌നേഹികള്‍ ചരിത്രത്തില്‍ നിന്ന് ശിവാജി മഹാരാജാവിനെ വലിയ സംഭവമായി ആവിഷ്‌ക്കരിക്കുന്നതിനെതിരെ വസ്തുതാപരമായ ചരിത്ര സത്യങ്ങള്‍ നിരത്തിയതിന്റെ പേരിലാണ് ഗോവിന്ദ് ഫന്‍സാരെ കൊലചെയ്യപ്പെടുന്നത്. ഗവേഷകനും കന്നട എഴുത്തുകാരനുമായ ഡോ. എം. എം. കല്‍ബുര്‍ഗ്ഗി കൊലചെയ്യപ്പെട്ടിട്ട് അധികം നാളുകള്‍ ആയിട്ടില്ല. ഗിരീഷ് കര്‍ണാടിനെതിരേയും ഫാസിസത്തിന്റെ കൊലക്കത്തി നീണ്ടുകൊണ്ടിരിക്കുന്നു. തന്റെ എഴുത്തുമുറിയിലിരുന്നു പടനയിച്ച മഹാന്മാരായ എഴുത്തുകാര്‍ക്ക് ഈ ഗതിയാണെങ്കില്‍ മറൈന്‍ഡ്രൈവില്‍ ചുംബിച്ച പീക്കരി ചെക്കന്മാരെയും പെണ്‍കുട്ടികളേയും ഫാസിസ്റ്റുകള്‍ വെറുതെ വിടുമെന്നു കരുതുന്നുണ്ടൊ.
അതിന്റെ ഭാഗമായാണ് രാഹുല്‍ പശുപാലനെപോലുള്ള ക്രിമിനലുകളെയും അവര്‍ ചെയ്ത പാപങ്ങളേയും ചുംബന സമരത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ നോക്കുന്നത്. അവരോട് പറയാനുള്ളത് 'നിങ്ങള്‍ നിങ്ങളുടെ മാധ്യമങ്ങളില്‍ കെട്ടിയെഴുന്നള്ളിച്ച ശവങ്ങളെ കുഴിച്ചുമൂടാനുള്ള ബാധ്യത നിങ്ങള്‍ക്കുമാത്രമാണ്' എന്നാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ പശുപാലനും ഭാര്യയും ശിക്ഷിക്കപ്പെടുക തന്നെവേണം. കേരളത്തിലെ പല കേസുകളേയും മുക്കിയും പൊക്കിയും മാത്രം ശീലമുള്ള മധ്യമ വേശ്യകള്‍ ഈ കേസിനേയും ആവശ്യംകഴിയുമ്പോള്‍ കുഴിച്ചുമൂടാനാണ് പരിപാടിയെങ്കില്‍ ഇനിയൊമൊരു മറൈന്‍ഡ്രൈവ് സമരം മറ്റൊരു രൂപത്തില്‍ ഭാവത്തില്‍ നിങ്ങള്‍ക്കു നേരിടേണ്ടി വരും.

2015, ഏപ്രിൽ 19, ഞായറാഴ്‌ച

പൊരിവെയില്‍പ്പെയ്ത്തില്‍.... ഉഷ്ണയാമങ്ങളില്‍... ചില തോന്ന്യോന്മീലനങ്ങള്‍....

ഉന്മാദോന്മീലനം - 1


എന്റെ രക്തവും മാംസ്യവും എന്റെതല്ല. അത് ഈ നഗരത്തിനും അപ്പുറത്തുള്ള പച്ചപുതച്ച പാടങ്ങളുടേതാണ്. എന്റെ നഗ്നത മറയ്ക്കുന്ന ഈ വസ്ത്രങ്ങള്‍ എന്റെതല്ല അത് ഉത്തരേന്ത്യയിലെ പരുത്തി വയലുകളിലേതിന്റെയൊ സ്വന്തമാണ്. എന്റെ ഭാഷ, ഓര്‍മ്മകള്‍, അനുഭവങ്ങള്‍ ഒന്നുമെന്റെതല്ല അത് ഈ കാലത്തിന്റെയാണ്, അതിന്റെ വംശപരമ്പരകളുടെതാണ്, മാനവ സമുദായത്തിന്റെ മൊത്തം സ്വന്തമാണ്. ഞാന്‍ ഈ ലോകത്തിന്റെ വലിയ തുടര്‍ച്ചയുടെ ഒരു ചെറിയ തന്മാത്രമാത്രമാണ്. ഞാന്‍ സംസാരിക്കുന്ന ഭാഷ, സര്‍ഗ്ഗാത്മകത, ചിന്തകള്‍ ഒന്നും എന്റെതല്ല. ഞാന്‍ ഈ ദേശമെന്ന, ഭാഷ നദിയെന്ന, ആവാസവ്യവസ്ഥയുടെ കാല സഞ്ചരണത്തിലെ ഒരു തുടര്‍ച്ച മാത്രമാണ് (Existance). ഞാന്‍ സംസാരിക്കുന്ന ഭാഷ ഞാന്‍ ഉണ്ടാക്കിയതല്ല. ഞാന്‍ സംസാരിച്ചു തുടങ്ങുന്നതിനുമുന്‍പ് ഇതേ ഭാഷ ഒരുപാടുപേര്‍ സംസാരിച്ചിരുന്നു. എനിക്കും എന്റെ ഈ തലമുറയ്ക്കും ശേഷം എന്റെ കൈയ്യിലെ പന്തങ്ങള്‍ ഇനി വരുന്ന തലമുറ ഏറ്റുവാങ്ങും. അവരിലൂടെ കാലവും ദേശവും ഭാഷയും സംസ്‌കാരവും അതുകളുടെ പ്രയാണവും തുടര്‍ന്നുകൊണ്ടേയിരിക്കും.

കെ. ആര്‍. മീരയെഴുതിയ ആരാച്ചാര്‍ എന്ന നോവല്‍ ജോഷി ജോസഫിന്റെ വണ്‍ ഡേ ഫ്രം എ ഹാങ്ങ്മാന്‍സ് ലൈഫ് (One Day from a Hangman's Life) എന്ന സിനിമയുടെ നിഴലാണ് എന്ന് പി.എം. ഷുക്കൂര്‍ എഴുതിക്കണ്ടു. ആ സിനിമ മാത്രമല്ല മറ്റു പല കൃതികളേയും ആരാച്ചാര്‍ എന്ന നോവലിനോടു ബന്ധപ്പെടുത്തി അദ്ദേഹം പറയുന്നുണ്ട്. ആരാച്ചാര്‍ ഒരു മോഷണ കൃതിയാണെന്ന ഒരു പൊതുബോധം സൃഷ്ടിക്കുന്ന തരത്തില്‍ വാദങ്ങളും പ്രതിവാദങ്ങളും നടക്കുന്നതായി അടുത്ത കാലത്ത് സോഷ്യല്‍മീഡിയയിലും മറ്റുചില ചെറു പ്രസിദ്ധീകരണങ്ങളിലും കാണാനിടയായി. പലതും ജോഷി ജോസഫിന്റെ ചലച്ചിത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. എന്നാല്‍ ജോഷി ജോസഫ് എന്ന ചലച്ചിത്രകാരന്‍ എവിടേയും പറഞ്ഞുകണ്ടില്ല തന്റെ സിനിമയുടെ കോപ്പിയാണ് കെ. ആര്‍. മീരയുടെ ആരാച്ചാര്‍ എന്ന്. മറിച്ച് ജോഷി ജോസഫിന്റെ സിനിമ അവസാനിക്കുന്നിടത്ത് അടൂരിന്റെ നിഴല്‍ക്കൂത്ത് എന്ന ചലച്ചിത്രത്തോടൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സ്വാധീനമാണ് ഈ ചലച്ചിത്ര ശ്രമത്തിനു പിന്നിലെന്ന് സ്മരിക്കുന്നുണ്ട്. ഒരു പക്ഷെ ഈ ഒരു സംസ്‌കാരം മാത്രമാണ് ആരാച്ചാര്‍ എന്ന നോവല്‍ വായനക്കാര്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുമ്പോള്‍ കെ. ആര്‍. മീര ചെയ്യാതിരുന്നത്. ജോഷി ജോസഫിന്റെ സിനിമയിലെ യഥാര്‍ത്ഥ ആരാച്ചാരും അദ്ദേഹത്തിന്റെ മാനറിസങ്ങളും തന്റെ നോവലിലെ ഫോണിഭൂഷണ്‍ ഗൃഥാ മല്ലിക് എന്ന കഥാപാത്രത്തില്‍ അടങ്ങിയിരിക്കുന്നു എന്ന ഒരു ചെറിയ സൂചന-അടിക്കുറിപ്പ് നോവലില്‍ എവിടെയും കാണാനാകില്ല. അതുകൊണ്ടുമാത്രം ഈ നോവല്‍ ഒരു മോഷണ കൃതിയാണെന്ന് പി.എം.ഷുക്കൂര്‍ പറയുന്നതിനെ വെള്ളംതൊടാതെ വിഴുങ്ങാനാവില്ല. അടിക്കുറിപ്പുകളോടെയാണ് പ്രസ്തുത നോവല്‍ പ്രസാധകരായ ഡി.സി. ക്ക് കൊടുത്തത് എന്ന് മീര പറയുന്നു. അവര്‍ ആ അടിക്കുറിപ്പുകള്‍ നിരാകരിക്കുകയായിരുന്നു എന്ന് മീര. അതോടെ ആ വിവാദവും തീരുന്നു.

ഭരണകൂട ഭീകരതയും പുരുഷകേന്ദ്രീകൃതമായ കുടുംബ സംവിധാനങ്ങളേയുമൊക്കെ തൂക്കിലേറ്റുന്ന ചേതന ഗൃതാ മല്ലിക് എന്ന അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു നോവലാണ് ആരാച്ചാര്‍. നിരൂപണത്തിന്റെ വീറും മുനയും അസ്തമിക്കുമ്പോള്‍ പി.എം.ഷുക്കൂറിനെപ്പോലെ ചിലര്‍ ആത്മകാമം തീര്‍ക്കുന്നത് മേല്‍പ്പറഞ്ഞതുപോലുള്ള ചില അധരവ്യായാമങ്ങളിലൂടെയാണ്. പണ്ടൊരു നമ്പൂതിരി ആദ്യമായി ഒരു ട്രെയ്‌നുകണ്ടപ്പോള്‍ പഞ്ഞുത്രെ 'വെറുമൊരു യന്ത്രം കൊണ്ടോടുന്ന വണ്ടിയാ'. ആരാച്ചാര്‍ എന്ന കൃതിയിലെ ചേതനയും ഫോണി ഭൂഷണും മീരയുടെ കൈയ്യൊപ്പുള്ള കഥാപാത്രങ്ങളാണ്. അത് ഏതു മണ്ണില്‍ ആരൊഴിച്ച വെള്ളത്തില്‍ വളര്‍ന്നുവെന്നതിനെക്കാള്‍ ഒരു ചരിത്രദൗത്യപോലെ പടര്‍ന്നു പന്തലിച്ചു എന്നുള്ളതിലാണ് കാര്യം. കുടുംബ ചരിത്രത്തിന്റെ വെള്ളപ്പൊക്കത്തില്‍ ചേതന കുറച്ചൊക്കെ വായനക്കാരനെ വെള്ളംകുടിപ്പിക്കുന്നുണ്ടെങ്കിലും സ്വന്തം പ്രണയത്തെ, പുരുഷാധിപത്യത്തെ, ഭരണകൂട ഭീകരതയെ ഇതുപോലെ തൂക്കിലെറ്റുന്ന ഒരു സ്ത്രീകഥാപാത്രം മലയാളം സാഹിത്യത്തില്‍ ഇന്നോളം പിറന്നിട്ടില്ല.

കടലാസെന്ന കടല്‍ത്തീരത്ത്
പൂര്‍വ്വനിശ്ചിതമായ ഒരെഴുത്താവില്ല പലപ്പോഴുമെന്റേത്. എഴുതി വരുമ്പോള്‍ അനാവരണം ചെയ്യപ്പെടുന്ന, പൂരിപ്പിക്കപ്പെടുന്ന ഒരുപാടു സമസ്യകളുണ്ട്. എഴുത്തില്‍ ആകസ്മികമായി കടന്നുവരുന്ന സ്‌ഫോടനങ്ങളുണ്ട്. ചിന്തിച്ചുറപ്പിച്ച് എഴുതുന്നതിലുമപ്പുറം എഴുത്തും ചിന്തയും ഒരുമിച്ചുനടക്കുമ്പോള്‍ കിട്ടുന്ന അനുഭൂതി ഏറെ വിചിത്രമാണ്. എന്റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. എല്ലാവരും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. പലരും മനസ്സ് ശൂന്യമാകുമ്പോള്‍ എഴുത്തുമുറിയിലേക്കുതന്നെ തിരിഞ്ഞുനോക്കാറില്ല. പക്ഷെ ഞാനങ്ങിനെയല്ല. മുമ്പിലുള്ള ശൂന്യതയെ മറികടക്കാന്‍ എഴുത്ത് എനിക്കൊരു മാധ്യമമാകാറുണ്ട്. എഴുതിവരുമ്പോഴാണ് എനിക്കു പല ആശയങ്ങളുടേയും മുകുളങ്ങള്‍ ഇതള്‍ വിരിക്കുന്നത്. മനസ്സു ശൂന്യമാകുമ്പോള്‍ കടല്‍ക്കരയില്‍ ഇരുന്നു കാറ്റുകൊള്ളുന്നതുപോലെ, ഏകാന്തതയില്‍ ഇത്തിരി നേരം പാര്‍ക്കിലൊ പകല്‍ച്ചെരുവിലൊ ചെന്നിരിക്കുന്നതുപോലെ പേനയെടുത്ത് ചിന്തകളുടെ ആകസ്മികമായ ഇതള്‍നീര്‍ത്തലുകളെ ഞാന്‍ പ്രണയിക്കുന്നു, ആസ്വദിക്കുന്നു.
പലരും എഴുത്തില്‍ നിന്ന് അകന്നുപോകാനുള്ള ഒരു കാരണം 'മനസ്സ് ശൂന്യമാണ്' എന്ന ആത്മബോധം നിമിത്തമാണ്. അത് ഒരു ഭീതിയായി നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കും. ശൂന്യതാബോധം വെളുത്ത കടലാസിനു മുന്‍പില്‍ ഒരു പേനയുമായി എഴുതാനിരിക്കുമ്പോള്‍ നമ്മുടെ ആത്മവിശ്വാസത്തെ പിടിച്ചുലയ്ക്കും. എന്നാല്‍ എന്റെ കാര്യത്തില്‍, ഒരു ലക്ഷ്യവുമില്ലാത്ത ഒരു ധൈഷണിക പ്രക്രിയയാണ് എഴുത്ത്!!! ഇന്നതെഴുതണം എന്ന പൂര്‍വ്വ നിശ്ചിതമായ ഒരു ചിന്താബലത്തില്‍ ഞാന്‍ കടലാസിനുമുന്‍പില്‍ ഇരിക്കാറില്ല (കവിതയുടെ കാര്യത്തില്‍ അങ്ങിനെയല്ല). ഒരു കടല്‍ക്കരയില്‍ ഇരുന്ന് നമ്മള്‍ ചിലതൊക്കെ ചിന്തിച്ചു കൂട്ടുന്നു എന്നിരിക്കട്ടെ. നമ്മള്‍ ചിന്തിക്കുന്നത് ഒരു പക്ഷെ ജീവിതത്തിന്റെ അപാരതയെക്കുറിച്ചാവും. ഓരോ തിരകളും നമ്മോടു പറയുന്നത് ഗതകാലത്തിന്റെ ജീവിതമുഹൂര്‍ത്തങ്ങളെക്കുറിച്ചാവും. തിരകള്‍ ഓര്‍മ്മകളുടെ മായ്ക്കുന്ന മണ്ണെഴുത്തുകളില്‍, വരച്ചും മായ്ച്ചും മണലില്‍ തീര്‍ക്കുന്ന തീരശ്ശീലകളില്‍ നമ്മള്‍ പുതിയ ചില ജീവിതോന്മേഷങ്ങള്‍ കണ്ടെത്തിയെന്നിരിക്കും. വെളുത്ത കടലാസും ഒരു കടല്‍പോലെയാണ്. അതില്‍ തിരകളും കടല്‍ക്കാറ്റുമുണ്ട്. അത് ആത്മസംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നു, ശൂന്യതകളെ അതിലംഘിക്കാന്‍ നമ്മളെ പ്രാപ്തരാക്കുന്നു.

ഒരു കത്തുപോലും എഴുതാത്ത മലയാളികള്‍ ഇന്നും സ്വയം പ്രവാസി എന്നു വിളിക്കുന്നു. പേനയെടുത്ത് ഒരു വരിപോലും സ്വന്തം അമ്മലയ്‌ക്കൊ കൂട്ടുകാര്‍ക്കൊ എഴുതിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. നാലു ജനലുകളുള്ള നീല ഇന്‍ലന്റുകള്‍ ഇന്ന് ഓര്‍മ്മയായി. തപാല്‍ക്കാരനിലൂടെ കൈമാറിയിരുന്ന സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ആത്മബന്ധങ്ങളുടെ ഓര്‍മ്മകള്‍പോലും അസ്ഥമിച്ചിരിക്കുന്നു. പഴയൊരു ഫയലില്‍ സൂക്ഷിച്ചുവെച്ച അമ്മയുടെ കത്തുകള്‍ എന്റെ എഴുത്തിന്റെ ഇന്ദ്രിയങ്ങളെ അസ്വസ്ഥമാക്കുന്നു.

നിയമസഭയുടെ പരിപാവനതയും വേശ്യയുടെ ചാരിത്രപ്രസംഗവും
സി.പി.എം. ഒരു കേഡര്‍ പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ കോഴമാണി നിയമസഭയില്‍ ബജറ്റവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം അഴിഞ്ഞാടിയതില്‍ ഒരു തെറ്റുമില്ലെന്ന് ഞാന്‍ കരുതുന്നു. കാലങ്ങളായി കേരള ബജറ്റു തൂക്കിവിറ്റ് തടിച്ചുകൊഴുക്കുന്ന ഒരു മന്ത്രിക്കെതിരെ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ സി.പി.എം. എന്ന പാര്‍ട്ടിയെ പിന്നെന്തിനു കൊള്ളാം. ബജറ്റു പ്രസംഗം തടയാന്‍ ശ്രമിച്ച പ്രതിപക്ഷത്തിനെതിരെ വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം നിയമസഭയുടെ പരിപാവനതയെ നശിപ്പിച്ചു, അന്തസ്സു നശിപ്പിച്ചു എന്നിവയൊക്കെയാണ്. സരിതമാരുടേയും റുക്‌സാനമാരുടേയും അടിയുടുപ്പലക്കുന്ന വലതുപക്ഷ രാഷ്ട്രീയക്കാര്‍ കേരളം ഭരിച്ചുതുടങ്ങിയതോടെ നിയമസഭയുടെ അന്തസ്സിനും പരിപാവനതയ്ക്കും എന്നേ കളങ്കം സംഭവിച്ചു കഴിഞ്ഞു. അച്ചുമ്മാമയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'മാണിയെന്തോ പുലമ്പി' അതിനുശേഷം ഭരണപക്ഷം ഒന്നിച്ച് ഉണ്ട തിന്നു. അത് ജയിലിലെ പഴയ ഗോതമ്പുണ്ടയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ പ്രതീകാത്മക തീറ്റയായിരുന്നു. മാണി ബജറ്റവതരിപ്പിക്കുമ്പോള്‍ ജനം തോല്‍ക്കുകയായിരുന്നു എന്നു മനസ്സിലാക്കാന്‍ നമ്മുടെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. അവര്‍ നിയമസഭയുടെ പരിപാവനതയെക്കുറിച്ചു പ്രസംഗിക്കുന്നു. ഈ അനുഷ്ഠാനപരതയെക്കുറിച്ച് പ്രസംഗിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. വേശ്യ ചാരിത്ര്യത്തെക്കുറിച്ചു പ്രസംഗിക്കുന്നതുപോലെ, 'അയ്യോ...നിയമസഭ മ്മ്‌ടെ അമ്പലമല്ലെ... അതിനെ അശുദ്ധാക്കിയില്ലേ.... ഇനിയെന്തു ചെയ്യും ന്റെ ബദരീങ്ങളെ...' എന്നൊക്കെ ചില മാധ്യമ വേശ്യകള്‍ വിളിച്ചു കൂവുന്നതുകാണുമ്പോള്‍ തുപ്പാന്‍ തോന്നുന്നു. ഒരു കളങ്കിതനായ മന്ത്രിയെ മറച്ചുപിടിക്കാന്‍വേണ്ടിയാണ് കേരളത്തിലെ 'മുക്കിയ' ധാര മാധ്യമങ്ങള്‍ നിയമസഭയുടെ പരിപാവനതയെ ഉദ്‌ഘോഷിക്കുന്നതെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. 'അഴിമതി ഞങ്ങളുടെ ജന്മാവകാശമാണ്, അതിന്റെ പേരില്‍ ഞങ്ങളുടെ മന്ത്രി മാണിയെ തടയുന്നത് തെറ്റാണ്' എന്ന സന്ദേശമാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കു നല്‍കുന്നത്. ബജറ്റ് അവതരണം ഗവര്‍ണ്ണര്‍ അംഗീകരിച്ചതോടെ കോഴമാണി ജയിച്ചു, ജനം തോറ്റു.

സമരങ്ങള്‍ വിറ്റ് പാര്‍ട്ടി കസേരയുറപ്പിക്കുന്ന വിദ്യ അഭ്യസിച്ചു തുടങ്ങിയതില്‍പ്പിന്നെ സിപിഎമ്മില്‍ നിന്ന് നല്ലൊരു സമരം കേരള ജനത കണ്ടിട്ടില്ല. ഉണ്ടായതു മുഴുവന്‍ സമരാഭാസങ്ങളായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് നിയമ സഭയെ ഇളക്കിമറിച്ച് ഉന്തുതള്ളും 'കടിയും' വലിയുമുണ്ടായത്. അനഭിമതരെ വെട്ടിനിരത്തി രക്തസാക്ഷികളുണ്ടാക്കുന്നവര്‍ എന്ന പേരുദോഷം ഇത്തരം ധര്‍മ്മ സമരങ്ങളിലൂടെ ഇടതുപക്ഷം മാറ്റിയെടുക്കുമൊ എന്നറിയില്ല. ഒടുവില്‍, മാണി അഴിമതിക്കാരനാണെന്നു മനസ്സിലാക്കാന്‍ ബിജു രമേശെന്ന കള്ളുകച്ചവടക്കാരന്‍ വേണ്ടിവന്നു എന്നതോര്‍ത്തുവേണമെങ്കില്‍ ഇനി സിപിഎമ്മിന് നാണിക്കാം. മാണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നല്ലൊ ഇതേ പാര്‍ട്ടിയിലെ ചിലര്‍ പണ്ട് ചരടുവലി നടത്തിയത്.

ജമീല പ്രകാശത്തെയടക്കം പല വനിതാ എം.എല്‍.എ മാരേയും ലൈംഗിക ഉദ്ദേശ്യത്തോടെ ഭരണപക്ഷം എതിരിട്ടത് എന്നൊരു ആരോപണം പ്രതിപക്ഷം നടത്തുന്നതിനോട് ഈയുള്ളവന് യോജിക്കാന്‍ കഴിഞ്ഞില്ല. തങ്ങള്‍ നടത്തുന്നത് ഒരു ധര്‍മ്മ സമരമാണ്. നിയമസഭ കോഴമാണിമാരുടെ കറപിടിച്ച അടിയുടുപ്പുകള്‍ അലക്കാനുള്ള ഇടമല്ല എന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് എതിര്‍ക്കുന്നവരെ കടിച്ചുകുടയാനുള്ള ആര്‍ജ്ജവമാണ് പ്രതിപക്ഷം കാണിക്കേണ്ടത്. അതാണ് ഇടതുപക്ഷത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. സസ്‌പെന്‍ഷനല്ല, തൂക്കുകയര്‍ കിട്ടിയാലും ഉപേക്ഷിക്കരുതാത്ത സമരവീര്യം; അതിനാണ് ജനം സിപിഎമ്മിനെ ഉറ്റുനോക്കുന്നത്. അല്ലാതെ തടിതപ്പാന്‍ വേണ്ടി വനിതാ എമ്മല്ലെമാരുടെ സ്ത്രീത്വത്തെ ആയുധമാക്കുന്നത് ഒരു വിപ്ലവപാര്‍ട്ടിക്ക് ഭൂഷണമല്ല.

എരുമച്ചിരി
നല്ല ചെറുകഥകള്‍ക്ക് ക്ഷാമമുണ്ടൊ എന്ന് തോന്നിപ്പോകും കലാകൗമുദിയില്‍ അടിച്ചുവരുന്ന കഥകള്‍ വായിച്ചാല്‍. അശ്വതി ശശികുമാറിന്റെ 'എരുമച്ചിരി' (മാര്‍ച്ച് 01, ലക്കം 2060) വായിച്ചപ്പോള്‍ കഥയുടെ കാലന്റെ പോത്തിന്‍ കുളമ്പടി കേട്ടു. ഒരു പശ്ചാത്തലമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ബാക്കിയൊക്കെ പേനതന്നെയെഴുതിക്കോളും എന്ന മൂഢ വിശ്വാസമാണ് കഥാകരിയെ ഭരിക്കുന്നത് എന്നു തോന്നുന്നു.  ആ കഥയില്‍ അവതരിപ്പിക്കപ്പെടുന്ന പാല്‍ക്കാരിയായ ശാന്തയെ ഈ എഴുത്തുകാരി വഴിയാധാരമാക്കിയതിന് ആ പാവപിടിച്ച ശാന്തയുടെ വെകിളിപിടിച്ച എരുമകള്‍ കുത്തിക്കൊന്ന് കണക്കുതീര്‍ക്കട്ടെ എന്ന് ആശിക്കുന്നു. കലാകൗമുദിയുടെ കഥാ സെക്ഷന് ആദരാഞ്ജലികള്‍.

തുപ്പല്‍പ്പൊട്ട്
പ്രമോദ് രാമന്റെ കഥകളുടെ ആഖ്യാനം വായനക്ഷമതയുള്ളതാണ്. അതുകൊണ്ടുതന്നെ പ്രമോദിന്റെ 'തുപ്പല്‍പ്പൊട്ട്' (മാതൃഭൂമി ലക്കം 50) മുഴുവനും വായിച്ചു. ഉള്ളിതൊലിച്ച പോലെ ആയിപ്പോയി കഥ തീര്‍ന്നപ്പോള്‍. എന്നാലും ആ് കഥയിലെ പ്രധാന കഥാപാത്രമായ പത്മാസനന്‍ നായര്‍ വായനക്കാനെ അനുഭവിപ്പിക്കുന്നതില്‍ വിജയിച്ചു. അതുകൊണ്ടുമാത്രം ആയില്ലല്ലോ.... ഈ കഥയിലെ രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കാതെ പോയതുകൊണ്ടാണ് ഈ കഥ പരാജയപ്പെടുന്നത്. സംഘികളുടെ മനശാസ്ത്രവും ഒരു പാവം നായരുടെ മനപ്രായസവും ഒരുപോലെ സന്നിവേശിക്കുന്ന ജീവിത ചിത്രം പ്രമോദ് രാമന്‍ ലളിതമായി തുപ്പല്‍പൊട്ടനിലൂടെ അവതരിപ്പിക്കുന്നു.

മനോജ് മേനോന്‍
ഉത്തരാധുനികമെന്നൊ അത്യന്താധൂനികമന്നൊ ഉള്ള വര്‍ഗ്ഗീകരണങ്ങള്‍ക്ക് അപ്പുറത്തു നില്‍ക്കുന്ന കവിതകളാണ് മനോജ് മേനോന്റേത്. പുതിയ ലക്കം കാക്ക ത്രൈമാസികയിലെ മനോജ് മേനോന്റെ 'ചോപ്പന്‍' എന്ന കവിത ലളിതവും എന്നാല്‍ അതിന്റെ രാഷ്ട്രീയം കൊണ്ട് തീവ്രവുമായ ഒരു കവിതയാണ്. അര്‍ത്ഥം വെച്ചുള്ള മധുരതരമായ, പറച്ചിലുകളാണ് പുതുകവിത എന്നൊരു പൊതുബോധത്തിലേക്ക് ഒരു ഇടക്കാലത്തേക്കെങ്കിലും നമ്മുടെ കാവ്യബോധങ്ങള്‍ ചുരുങ്ങിപ്പോയിരുന്നു. അതിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ പോലും മനോജ് തന്റെ ലളിതമായ ക്രാഫ്റ്റിലൂടെ ഗഹനമായ പ്രമേയങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികള്‍, മരിച്ചവര്‍ കൊണ്ടുപോകുന്നത്, മരവിധി എന്നീ കവിതകള്‍ ഉദാഹരണം. അതുകൊണ്ടുതന്നെ രാഷ്ട്രീയം കൊണ്ട് അദ്ദേഹത്തിന്റെ ഒരു പറ്റം കവിതകള്‍ പുതു കവിതകളുട പൊതു ധാരയില്‍ നിന്ന് വേറിട്ടു നിന്നിരുന്നു. ബിംബങ്ങളിലും ക്രാഫ്റ്റിലുമൊക്കെ ചിലപ്പോള്‍ ക്ലീഷെകള്‍ സംഭവിക്കുമെങ്കിലും ചെറിയ ഇടവേളകളില്‍ രാഷ്ട്രീയമായി സംവേദിക്കുന്ന കവിതകള്‍കൊണ്ട് മനോജ് മലയാള കവിതയില്‍ തന്റെ സ്വന്തം ഇടം അടയാളപ്പെടുത്തുന്നു. മനോജിന്റെ 'ചോപ്പന്' അഭിവാദ്യങ്ങള്‍.

കണക്കൂര്‍ സുരേഷ് കുമാര്‍
കണക്കൂര്‍ സുരേഷ് കുമാറിന്റെ 'എഗ്ഗിറ്റേറിയന്‍' (സൈകതം ബുക്‌സ്) നോവല്‍ വായിച്ചു. സുരേഷിന്റെ ശൈലീഗുണം കൊണ്ടാവണം ഒറ്റയിരുപ്പിന് 80 പേജുകള്‍ വായിച്ചു തീര്‍ത്തു. ഉപരിപ്ലവമായ ചില ചിന്തകളുടെ വാലില്‍ തൂങ്ങിക്കിടക്കുന്ന ഈ നോവല്‍ ഗൗരവമുള്ള ഒരു വായന സാധ്യമാക്കുന്നില്ല. അദ്ദേഹത്തിന്റെ ചെറുകഥളില്‍ കാണാറുള്ള കൈയ്യൊതുക്കം ഈ നോവലില്‍ കാണാനാവില്ല. രുചികളിലൂടെ വിരിയുന്ന ആത്മബന്ധങ്ങളേയും റിയാലിറ്റി ഷോകളുടെ അര്‍ത്ഥശൂന്യതയുമൊക്കെ പറയുന്ന നോവല്‍ ഒരു ടീവി സീരിയല്‍പോലെ അനുഭവപ്പെടുന്നു. നോവല്‍ എന്ന മാധ്യമത്തിന്റെ ശക്തിയെ, അത് നിര്‍വ്വഹിക്കേണ്ടുന്ന ചരിത്ര ദൗത്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് കുറച്ചുകൂടി ഗൗരവമായ ഇടപെടലാവട്ടെ അദ്ദേഹത്തിന്റെ അടുത്ത നോവല്‍ എന്ന് ആശംസിക്കുന്നു.

ബോട്ട് പീപ്പ്
പ്രേമന്‍ ഇല്ലത്തിന് സ്വന്തമായ ഒരു ഭാഷയും ആഖ്യാനപാഠവവുമുണ്ട്. മുംബൈയിലെ മുഖ്യധാരയില്‍ സ്വയം അവരോധിക്കപ്പെട്ട പല കഥാ കൃത്തുക്കള്‍ക്കും ഇല്ലാത്ത ഒരു ഗുണമാണിത്. മ്യാന്‍മറില്‍ നിന്ന് പുതിയ അഭയകേന്ദ്രങ്ങള്‍ തേടി കടല്‍ യാത്രകള്‍ നടത്തി ഒടുവില്‍ എവിടേയും എത്തിപ്പെടാനാകാതെ കടലിന്റെ തന്നെ ഭാഗമാകേണ്ടി വരുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കഥപറയുന്ന പ്രേമന്‍ ഇല്ലത്തിന്റെ 'ബോട്ട് പീപ്പ്' എന്ന ചെറുകഥ കാക്ക ത്രൈമാസികയുടെ പുതിയ ലക്കത്തില്‍ വായിച്ചു. സമകാലിക ദുരന്തങ്ങളിലേക്ക് അനുവാചക ശ്രദ്ധ പതിപ്പിക്കുന്ന ഇക്കഥ അതിന്റെ ചരിത്ര ദൗത്യം പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുന്നു.

...ചോദ്യോന്മീലനം....

റിവ്യു എഴുതിയാല്‍ നിരൂപണമാകുമോ?
വിമര്‍ശന കലയെ കുറിച്ച് എന്‍. കെ. ദാമോദരന്റെ അഭിപ്രായത്തെ കെ. പി. അപ്പന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട് അതിങ്ങിനെയാണ് 'കലാസൃഷ്ടിയുടെ അനുഭവങ്ങളിലേക്ക് പോയി വീഴുന്ന അഗാധമായ ഒരു സംവേദനതലം വിമര്‍ശകന് ഉണ്ടായിരിക്കണം. അതില്ലാത്തവര്‍ നിരൂപണത്തിന് ഇറങ്ങിയാല്‍ നിരൂപണം ഉടല്‍കൊല്ലി വൈദ്യന്റെ പെട്ടിക്കടയാകും. ചെരിപ്പ് തലയില്‍ വെച്ചാല്‍ തൊപ്പിയാകത്തതുപോലെ സിദ്ധാന്തം പറഞ്ഞുകൊണ്ടിരുന്നാല്‍ വിമര്‍ശനം ഉണ്ടാകുകയില്ല. അത്തരം കൊസ്രാക്കൊള്ളികള്‍ കുറച്ചുകാലം വെറുതേ ചാടിക്കളിച്ചതിനുശേഷം സ്ഥലമൊഴിയും. അവിടെ സിന്ദൂരവും പൂക്കളും പ്രത്യക്ഷപ്പെടും. അങ്ങനെ തെരുവിന്റെ ചരിത്രം വിമര്‍ശനത്തിന്റെ ചരിത്രത്തിനു രൂപമാകും'.
ആ നിലയ്ക്ക്‌നോക്കുമ്പോള്‍ സമകാലിക മലയാള സാഹിത്യത്തില്‍ ഒരു നിരൂപകനെയില്ല. സ്വന്തം ചെരിപ്പെടുത്ത് തലയില്‍ വെച്ച് കിരീടമെന്ന നാട്യത്തിലിരിക്കുന്ന സ്‌പോണ്‍സേഡ് നിരൂപകരാണ് ഇവിടെയെങ്ങുമുള്ളത്. എം.എന്‍. വിജയനും, കെ.പി. അപ്പനും മലയാളസാഹിത്യത്തില്‍ കൊണ്ടുന്നവന്ന ഒരു സംവേദന സംസ്‌കാരം നമ്മുക്കു കൈമോശം വന്നിരിക്കുന്നു. പകരം കുറെ സ്‌പോണ്‍സേഡ് പുസ്തക നിരൂപണങ്ങളാണ്. കൂലിയെഴുത്തിന്റെ പരിധിയില്‍പെടുന്ന ഈ കൈക്രിയയെ നിരൂപണം എന്നു വിളിക്കാനാവില്ല. മലയാളത്തിലെ പല പ്രമുഖ നിരൂപകരും റിവ്യൂ എഴുത്തില്‍മാത്രമായി ഒതുങ്ങിപോകുന്നതുകണ്ടപ്പോള്‍ വീണ്ടും അപ്പന്‍ സാര്‍ പറഞ്ഞതുതന്നെ ഓര്‍മ്മ വരുന്നു 'സ്ഥിരമായി റിവ്യു എഴുതുന്നവന്‍ ചെറുപ്പത്തിലെ മരിക്കുന്നു. അവര്‍ സാഹിത്യത്തില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്നില്ല. അതിനാല്‍ ഗ്രന്ഥനിരൂപകര്‍ പെട്ടെന്നു മരിക്കുന്നു'. അപ്പന്‍ സാറിന്റെ 'ഗ്രന്ഥ നിരൂപകന്‍ പെട്ടെന്നു മരിക്കുന്നു' എന്ന ലേഖനം അതിനെക്കുറിച്ചാണ്.

നല്ല സാഹിത്യകൃതികള്‍ ഉണ്ടാകാത്ത കാലത്ത് നിരൂപണത്തിന് എന്തു പ്രസക്തി? നിരൂപണം രണ്ടാമതല്ലെ വരൂ?
കൃതികളെ മാത്രം പഠിച്ചെഴുതുന്നതല്ല നിരൂപണം. ലോകത്ത് ഒരു വരിപോലും ആരും എഴുതാതിരുന്നാലും ക്വിന്റല്‍കണക്കിന് നിരൂപണ സാഹിത്യം സൃഷ്ടിക്കാന്‍ ഒരു പ്രയാസവുമില്ല. കാരണം, നിരൂപണം സാഹിത്യത്തിലെ ഉപോത്പന്നമല്ല. നിരൂപണത്തിന് സ്വതന്ത്രമായ ഒരു സ്വത്വമുണ്ട്. നിരൂപണം സര്‍ഗ്ഗാത്മകമായ ദര്‍ശനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. രൂപരഹിതമായ സര്‍ഗ്ഗാത്മകതയുടെ രാസത്വരകങ്ങളെ, ബോധരൂപങ്ങളെ കണ്ടെത്തുന്നു.  നിരൂപണത്തിന് സ്വന്ത്രമായ ഒരു നിലനില്‍പ്പുണ്ട്. അതുകൊണ്ടുതന്നെ നിങ്ങള്‍ കരുതുംപോലെ അത് എഴുത്തുകാര്‍ സൃഷ്ടിക്കുന്ന ഭാവുകത്വങ്ങളിലെ കുടികിടപ്പുകാരല്ല. ഒരു നിരൂപകന്‍ സൃഷ്ടിക്കുന്ന സൗന്ദര്യം ദര്‍ശനത്തിന്റെ സൗന്ദര്യമാണ്. ദൈവത്തിന്റെ മരണം രേഖപ്പെടുത്തുന്നതും, ചിതറിപ്പോകുന്ന കാഴ്ച്ചകളെക്കുറിച്ചു വറയുന്നതും, കണ്ണടകള്‍ മാറ്റിഘടിപ്പിക്കുന്നതും ഇവരാണ്.

കൗമാരം എങ്ങിനെയായിരുന്നു?
ആന്തരിക ചോദകളില്‍, ലൈംഗീക സമസ്യകളില്‍, പ്രേമപ്പനിയില്‍, പകല്‍സ്വപ്‌നങ്ങളില്‍, അപകര്‍ഷതാബോധത്തില്‍, പാപബോധങ്ങളില്‍ സ്വയമൊഴുകിപ്പോയ ഒരു കുഞ്ഞു ഓടയായിരുന്നു കൗമാരം. കുഴിഞ്ഞ കണ്ണും മെല്ലിച്ച തോളെല്ലുമായി പഴയ ചിത്രങ്ങളിലിരുന്ന് അതെന്നെ ഇപ്പോഴും ഭയപ്പെടുത്തുന്നു.

അപ്പോള്‍ യൗവ്വനമൊ?
കൗമാരത്തില്‍ വിട്ടുപോയത് പൂരിപ്പിക്കുവാനുള്ള ഉത്തരങ്ങളുണ്ട് കൈയ്യില്‍. പക്ഷെ.... പരീക്ഷ കഴിഞ്ഞു. ലൈംഗീക ദാരിദ്ര്യം തീര്‍ന്നു. പകരം വേറെ ചില ദാരിദ്ര്യം വന്നു.

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.