2009, സെപ്റ്റംബർ 26, ശനിയാഴ്‌ച

കവിതയുടെ സ്പെഷ്യല്‍ വാര്‍ഡ്‌വായിക്കുംതോറും കൈയ്യില്‍ നിന്ന്‌ കവിത അലിഞ്ഞലിഞ്ഞ്‌ ഇല്ലാതെയാകുന്ന ഒരു അവസ്ഥ അജീഷ്‌ ദാസന്‍റെ "കാന്‍സര്‍ വാര്‍ഡ്‌" എന്ന കവിത സമാഹാരം വായിക്കുമ്പോള്‍ ഉണ്ടാകുന്നു. പഴകിയ പ്രമേയത്തിന്‍റേയും വെട്ടിപരിക്കേല്‍പ്പിക്കപ്പെട്ട കൃതൃമമായ ആഖ്യാനത്തിന്‍റേയും ഉത്തരാധൂനിക ഭാരങ്ങളില്ലാതെ അജിത്‌ ദാസന്‍റെ കവിതകള്‍ വായനക്കാരനെ കടന്നു പോകുന്നു. ആദ്യ വായനയില്‍ തന്നെ ഒരു വായനക്കാരന്‌ അജീഷിന്‍റെ കവിതകളില്‍ നിന്നുളവാകുന്ന ഒരു പ്രധാന അനുഭവം പുതുകവിതയുടെ ഇതുവരെ പരിചയിച്ച ആഖ്യാന പരിസരങ്ങളില്‍ നിന്നു മാറി പുതിയ ഒരു ലോകത്ത്‌ നിന്നുകൊണ്ട്‌ കവിതകള്‍ വായിക്കാനാവുന്നു എന്നതാണ്‌. പുതു കവിതയുടെ സങ്കേതങ്ങളെക്കുറിച്ച പി. പി. രാമചന്ദ്രന്‍ വി. മോഹനകൃഷ്ണന്‍റെ "വയനാട്ടിലെ മഴ" എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ ഇങ്ങിനെ പറയുകയുണ്ടായി.

"അര്‍ത്ഥംവെച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളായി ചുരുങ്ങുമൊ നമ്മുടെ കവിതയിലെ പുതുമകള്‍....? ചരിത്രം രാഷ്ട്രീയം സംസ്കാരം എന്നിവയെ ചൊല്ലിയുള്ള ഉത്കണ്ഠകള്‍ അവ്യക്തമാവാത്ത കേവലം ഭാഷാ നിര്‍മ്മിതികളായി പരിണമിക്കുമൊ അത്‌..."

വി. മോഹനകൃഷ്ണന്‍റെ കവിതാ പുസ്തകത്തിന്‍റെ അവതാരികയിലായതിനാലാവാം ഇതൊരു വലിയ ആശങ്കയായി പി. പി. രാമചന്ദ്രന്‍ അവതരിപ്പിച്ചു കണ്ടില്ല. എന്നാല്‍ പുതിയ കാലത്തില്‍ ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കവിതാ രചന നടത്തുന്ന എല്ലാവരിലും രാമചന്ദ്രന്‍ മാഷിന്‍റെ ഈ വാക്കുകള്‍ തെല്ലൊരു ആശങ്ക നിറക്കുന്നുണ്ട്‌ എന്നത്‌ സത്യമാണ്‌.

ഡീ.സി. ബുക്സ്സ്‌ പ്രസിദ്ധീകരിച്ച മുപ്പത്തിനാലു കവിതകളടങ്ങുന്ന "കാന്‍സര്‍ വാര്‍ഡ്‌" എന്ന അജീഷ്‌ ദാസന്‍റെ കൊച്ചു കവിതാസമാഹാരം നവ കവിതാ സാഹിത്യത്തില്‍ വേറിട്ട വ്യക്തിപരമായ ഒരു സ്വത്വം കാത്തു സൂക്ഷിക്കുന്നു. പി.പി. രാമചന്ദ്രന്‍റെ അഭിപ്രായത്തില്‍ "അര്‍ത്ഥം വെച്ചുകൊണ്ടുള്ള കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക്‌..." അപ്പുറം നില്‍ക്കുന്ന ലളിതവും ഓജസ്സുറ്റതുമായ ഒരു സങ്കേതം അജീഷ്‌ ദാസന്‍ അദ്ദേഹത്തിന്‍റെ കവിതകളില്‍ വികസിപ്പിച്ചിരിക്കുന്നു.

പുതു കവികളില്‍ പ്രശസ്തരായ എസ്‌. ജോസഫ്‌, മോഹനകൃഷ്ണന്‍ കാലടി തുടങ്ങി പ്രമുഖരായ പല കവികളേയും വായിക്കുമ്പോള്‍ ചില പൊതുവായ സാദൃശ്യങ്ങള്‍ കാണാനാവും വളര്‍ന്നു വരുന്ന യുവ കവികള്‍ക്ക്‌ അനുകരക്കാനാവുന്ന ഒരു ഭാഷാ സങ്കേതം നവകവിതയില്‍ ഇന്ന്‌ സാര്‍വ്വത്രികമാണ്‌. എന്നാല്‍ അജീഷ്‌ ദാസന്‍റെ കവിത ഈ സാര്‍വ്വത്രികമായ ഭാഷാ സങ്കേതങ്ങളുമായി ഒരിക്കലും കൂട്ടികെട്ടാനാവാത്ത തരത്തില്‍ തികച്ചും വൈയ്യക്തികമെന്നു വിശേഷിപ്പിക്കാവുന്ന വളരെ ലളിതമായ ഒരു ആഖ്യാന തന്ത്രം കൈക്കൊണ്ടിരിക്കുന്നു.

"ഒരു മഴത്തുള്ളി
മറ്റേത്തുള്ളിയോടു ചെയ്യുന്നതു കണ്ടാല്‍
സഹിക്കുകേല ദൈവമേ....

ഇന്നലെ സന്ധ്യയ്ക്ക്‌
റബ്ബര്‍ത്തോട്ടത്തിലൂടെ
വീട്ടിലേക്കു വരുമ്പോള്‍
ഹൊ!
റബ്ബര്‍ മരത്തോടു ചേര്‍ത്തു നിര്‍ത്തി
ഒരു തുള്ളി
മറ്റേതിനെ ആഞ്ഞുമ്മവെക്കുന്നു.
പാവം മറ്റേത്തുള്ളി,
തള്ളി മറിച്ചിട്ട്‌
കുതറിയോടുന്നതിനിടയില്‍
പുല്ലില്‍ വീണൂപോയിട്ടും
വിട്ടില്ല.
പുല്ലില്‍ മറിച്ചിട്ട്‌
തുടകള്‍ കവച്ചു കിടത്തി
ആഞ്ഞാഞ്ഞുമ്മവെക്കുന്നു.
എന്‍റെ ദൈവമേആഞ്ഞാഞ്ഞാഞ്ഞുമ്മ വെക്കുന്നു.

ഇതെല്ലാം കണ്ടുകൊണ്ടുള്ള
റബ്ബര്‍ മരത്തിന്‍റെ
ആ നില്‍പ്പു കണ്ടാല്‍
ഒട്ടും സഹിക്കുകേല, ദൈവമേ....
--- രണ്ടു തുള്ളികള്‍

വായ്‌വര്‍ത്തമാനത്തിന്‍റെ രീതി ശാസ്ത്രങ്ങള്‍ക്കും അതീതമായി ഒരു അദൃശ്യമായ ഊര്‍ജ്ജം ഈ വരികളില്‍ വമ്മുക്ക്‌ വായിച്ചെടുക്കാനാവും. കാവിതാ വായനയുടെ യാതൊരു ജാഢകളും മുന്‍വിധികളുമില്ലാതെ വേണം ഈ കവിതകള്‍ വായിച്ചു പോകാന്‍. ഈ സമാഹാരത്തിലെ മിക്ക കവിതകളും അജീഷിന്‍റെ കൈയ്യൊപ്പുള്ള നവ കവിതയ്ക്ക്‌ തികച്ചും അപരിചിതമായ ഒരു ആഖ്യാന ലോകമാണ്‌.

തീരത്ത്‌ അഴുകിയ
ഒരു ശവം.

പൊടുന്നനേ,

ആളുകളെ വകഞ്ഞു മാറ്റി
അവന്‍റെ തലക്കല്‍ പിടിച്ച്‌
കുട്ടികള്‍:
"അച്ഛാ... !"

പൊടുന്നനെ,

മണലു വകഞ്ഞുമാറ്റി
അവന്‍റെ കാല്‍ക്കല്‍ പിടിച്ച്‌
തിരകള്‍:
"മകനേ.... !"
____ പ്രിയപ്പെട്ട ഇരേ...ചുമ്മാ മണിയടിച്ച്‌
ഓറങ്ങിക്കെടന്നവരെ മുഴുവന്‍
വിളിച്ചെണീപ്പിച്ചിട്ട്‌
അച്ചനിവിടിരുന്ന്കരയുവാന്നോ.
ഇതെന്നാ എടപാടാ എന്‍റച്ചോ ?
ദെണ്ണം കോണ്ടാന്നേല്‍
രണ്ടെണ്ണം വീശിയേച്ച്‌
എവിടെയെങ്കിലും
മാറിക്കെടന്ന് ഒറങ്ങാനുള്ളതിന്‌
ചുമ്മാ....

__________ദുഃഖവെള്ളിയാഴ്ച

ലളിത പദങ്ങളിലൂടെ അസാധാരണമായ രീതിയില്‍ ഭിംബങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ട്‌ മരണത്തിന്‍റേയും രോഗത്തിന്‍റേയും മനുഷ്യാവസ്ഥകളിലെ വിറങ്കലിച്ച നിമിഷങ്ങളെ അയത്ന ലളിതമായി അജീഷ്‌ "കാന്‍സര്‍ വാര്‍ഡ്‌" എന്ന കവിതയില്‍ വരച്ചു വയ്ക്കുന്നു.

കട്ടിലില്‍ പിടയുന്ന ആ-
അമ്മയെ കാണാന്‍ വയ്യാഞ്ഞാവാം
ഒരു മകന്‍
ജനാലയ്ക്കരികില്‍ വന്ന്
പുറത്തേക്കു നോക്കി
കണ്ണുകളടച്ച്‌
വിതുമ്പുന്നത്‌.

_______കാന്‍സര്‍ വാര്‍ഡ്‌

അജീഷ്‌ വായനക്കാരനെ സ്വന്തം സല്‍ക്കാരമുറിയിലേക്ക്‌ കൊണ്ടുപോയി കുശലം പറഞ്ഞ്‌ വിട്ടയക്കുന്നതുപോലെ ഒരനുഭവം ഈ പുസ്തകത്തില്‍ നിന്ന്‌ ഉണ്ടാകുന്നു. ഈ പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോള്‍ എന്നെ പുതിയൊരു ചിന്താ കുഴപ്പത്തിലേക്ക്‌ ചില കാര്യങ്ങള്‍ നയിക്കുകയുണ്ടായി. ഇതുവരെ പരിചയിച്ചിട്ടില്ലാത്ത കാവ്യ പരിസ്ഥിതിയില്‍ നിന്ന്‌ പുസ്തകം അടച്ചു വയ്ക്കുമ്പോള്‍ ഒരു സംശയം ബാക്കിനില്‍ക്കുന്നു. പുസ്ത്കത്തിന്‍റെ ചട്ടയിലെ പിന്‍കുറിയില്‍ പറഞ്ഞിരിക്കുന്നതിങ്ങനെ

"വൈകാരിക പാരമ്യത്തിന്‍റേയും ഭാവലയങ്ങളുടേയും ദര്‍ശന ഗരിമകളുടേയും അതുല്യാവിഷ്ക്കാരമായി കവിതയെ കാണുന്നില്ല ഇവിടെ. ലക്ഷണമൊത്തവെയെന്ന്‌ സാമാന്യ ലോകം വ്യവഹരിക്കുന്നതിനെയെല്ലാം വിലക്ഷണമാക്കി നിര്‍മ്മിക്കുകയാണ്‌ ഇവിടെ ഓരോ കവിതയും. അതില്‍ ആത്മ പരിഹാസവും പരപരിഹാസവും കാവ്യ പരിഹാസവുമുണ്ട്‌. പുതിയ കവിതയ്ക്ക്‌ ഒരു ദിശാ സൂചി കൂടി".

പുതിയ കവിതയ്ക്ക്‌ ഒരു ദിശാ സൂചി കൂടി....?? അജീഷിന്‍റെ വ്യക്തി സത്തയോട്‌ - ആദ്ദേഹത്തിന്‍റെ വാമൊഴി വഴക്കത്തിന്‍റെ ശൈലിന്യാസങ്ങളോട്‌, ചേര്‍ന്നു നില്‍ക്കുന്ന ഈ കവിതകളെ ആര്‍ക്കാണ്‌ ഒരു ദിശാസൂചിയായി കണക്കാക്കാനാവുക. ഈ കവിതകള്‍ നവ കവിതയുടെ ദിശാ സൂചിയല്ല മറിച്ച്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു കാവ്യ പ്രതിഭാസമാണ്‌. ഒരനുകരണത്തിനും വഴങ്ങിക്കൊടുക്കാത്ത വായ്മൊഴി വഴക്കത്തിന്‍റെ - ആത്മാവിന്‍റെ ശബ്ദങ്ങള്‍ നാട്ടു ഭാഷയിലെഴുതി വച്ച ഒരാളുടെ വായ വര്‍ത്തമാനങ്ങളാണ്‌ ഈ പുസ്തകത്തിലെ കവിതകള്‍
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.