2014, ജനുവരി 29, ബുധനാഴ്‌ച

മേഘങ്ങളില്‍ നട്ടുപിടിപ്പിച്ച മഴകള്‍...



ആഴ്ച്ചപ്പാങ്ങ്-10


മരക്കവിതകള്‍, പുഴക്കവിതകള്‍, കാട്ടുകവിതകള്‍, ജലക്കവിതകള്‍ അങ്ങിനെ എന്തുമാത്രം കവിതകള്‍ പുതുകവിതയില്‍ ഉണ്ടാകുന്നു. എല്ലാം അതുതാനല്ലയോ ഇത് എന്ന പരുവത്തില്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. പാരിസ്ഥിതിക ബോധം അത്യാവശ്യമാണ് ഒരു കവിക്ക്. ഒരു കൂട്ടം കവികളെങ്കിലും അഭിരമിക്കുന്ന പരിസ്ഥിതി കവിതയിലെ Green Aesthetisc ല്‍ ആണ്. ഭാഷയില്‍തന്നെ ഒരു വലിയ പരിസ്ഥിതിയുണ്ട്. പുഴയും മലയും പൂവും കായും വന്മരങ്ങളും  പക്ഷികളുമൊക്കെ പലതരം ബിംബങ്ങളായി ഭാഷയില്‍, അനുവാചക ബോധങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള പാരിസ്ഥിതിയെ കാണാതെതന്നെ ഒരു പാരിസ്ഥിതിക അവബോധമില്ലാതെതന്നെ ഒരു Green peotry എഴുതാന്‍ കഴിയുമെന്നായിരിക്കുന്നു. അയ്യപ്പണിക്കരുടെ കാടും, സുഗതകുമാരിയുടെ നാടും, മോഹനകൃഷ്ണന്റെ മഴയും, ടോണിയുടെ മരവും, എസ് ജോസഫിന്റെ മലയുമൊക്കെ ഉത്പാദിപ്പിക്കുന്ന ഒരു പരിസ്ഥിതി-വായനയുടെ ഹാംഗോവര്‍-പച്ചവറ്റാത്ത സ്വപ്‌നങ്ങള്‍-വാക്കുകള്‍-അനുരണനങ്ങള്‍. കാടുകാണാക്കവിതകള്‍ എഴുതാന്‍ യുവകവികള്‍ക്ക് പ്രചോദനമാകുന്നു.


പുരുഷന്മാര്‍ എന്ന കെണിപ്പക്ഷികള്‍
ഈയിടെയായി ഫെമിനിസ്റ്റുകളെ കാണുമ്പോള്‍ അയാള്‍ക്ക് രതിമൂര്‍ച്ചയുണ്ടാകുന്നു. ഫെമിനിസ്റ്റുകഥകള്‍ മാത്രം തിരഞ്ഞുപിടിച്ചു വായിക്കുന്നു. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ കാണാനിഷ്ടപ്പെടുന്നു. ഭാര്യയെക്കൂടി ഇതൊക്കെ വായിക്കാനും കാണാനും നിര്‍ബന്ധിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അയാള്‍ വാചാലനാവുന്നു. രണ്ടു ഫെമിനിസ്റ്റുകളെ വീട്ടില്‍ വിളിച്ച് തന്റെ ഭാര്യയോടൊപ്പം നാലൊ അഞ്ചൊ ദിവസം താമസിപ്പിച്ചാലെന്തെന്ന് അയാള്‍ ചിന്തിക്കുന്നു. കാരണം മറ്റൊന്നുല്ല...., ഭാര്യ എപ്പോഴും പരിഭവവും കണ്ണീരുംകൊണ്ട് അയാളെ നനയ്ക്കുന്നു. അവള്‍ എപ്പോഴും ശരീരത്തിന്റെ പരിമിതിയെക്കുറിച്ചും സ്ത്രീയുടെ ജന്മവിധിയെക്കുറിച്ചും ബലഹീനതയെക്കുറിച്ചും സംസാരിക്കുന്നു. മാസമുറയില്‍ ഉണ്ടാകുന്ന വയറ്റുവേദനയെക്കുറിച്ചു പറയുന്നു. അയാള്‍ക്ക് ദേഷ്യം വന്നാല്‍ ഒന്ന് പിണങ്ങാനുള്ള സ്വാതന്ത്ര്യമില്ല.
'എയ്.... എന്തിനാ പിണങ്ങണേ.. പിണങ്ങിയാല്‍ എനിക്ക് താങ്ങാനാവില്ല... ഞാന്‍ കരഞ്ഞ് കരഞ്ഞ് മരിക്കും' അവള്‍ ചിറാപുഞ്ചിയാകുന്നു.
ഒന്നുപിണങ്ങുമ്പോഴേക്കും അവള്‍ വാടിയ മുല്ലപ്പൂപോലെയാവുന്നു.
ക്ഷമകെടുന്ന നേരത്ത് ഒന്ന് ചീത്ത വിളിച്ചാല്‍ കണ്ണീര്‍ പുഴയില്‍ അയാളെ മുക്കിക്കൊല്ലുന്നു.
'ഇതെന്തൊരു കെണിയാണ്. ഇതെന്തൊരു പീഢനമാണ്' അയാള്‍ കരയുന്നു.
ഒഴുകുന്ന കണ്ണീരുപോലെ ചലനാത്മകമാണ് അവളുടെ പരിഭവങ്ങള്‍. കണ്ണുതുറുപ്പിച്ച് രൂക്ഷമായൊന്നുനോക്കിയാല്‍ അവള്‍ കരയും, സ്‌നേഹം വന്നാലും സന്തോഷം വന്നാലും അവള്‍ കരയും. എപ്പോഴും ഗതകാല ഓര്‍മ്മകളെ അവള്‍ കണ്ണിരൊഴിച്ച് നനക്കും.അബോധമായി കുളിമുറിയില്‍ മറന്നുവയ്ക്കുന്ന തീണ്ടാരിത്തുണിപോലെയാണ് അവളുടെ ജീവിതരേഖകള്‍. തൊട്ടതിനും പിടിച്ചതിനും നിര്‍ത്താതെ തുള്ളിവീഴ്ത്തുന്ന വര്‍ഷകാലത്തെ പവിഴമുല്ല മരമാണവള്‍. നനഞ്ഞുകുതിര്‍ന്ന പവിഴമുല്ലകള്‍ അയാളുടെ വഴിനീളെ ചിതറിക്കിടക്കുന്നു. ഒരുപൂവിലെങ്കിലും ചവിട്ടാതെ ആയാള്‍ക്ക്‌ കടന്നുപോകാന്‍ സാധ്യമല്ലാതായിരിക്കുന്നു. അവളുടെ കണ്ണീര്‍ മഴയില്‍ നനഞ്ഞ് നനഞ്ഞ് അയാള്‍ക്കിപ്പോള്‍ വിട്ടുമാറാത്ത ജലദോഷമായി.


ഹോ ഇതെന്തൊരു കെണിയാണ്. ഈ നാട്ടില്‍ സാറാജോസഫും, അജിതയും, ഗീതയും, വനിതാ കമ്മീഷനും ഒരു കോപ്പും ഒണ്ടാക്കിയിട്ടില്ല. ഇവിടെ ആത്മാര്‍ത്ഥതയുള്ള ഫെമിനിസ്റ്റുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ പുരുഷന്‍മാര്‍ ഇങ്ങിനെ കെണിപക്ഷികളാവുമായിരുന്നില്ല. ഇനിമുതല്‍ വിവാഹ പരസ്യങ്ങളില്‍ 'അഞ്ചടി ഉയരം, വെളുത്ത നിറം, സുന്ദരിയും ഫെമിനിസ്റ്റുമായ യുവതിക്ക് വരന്മാരെ ആവശ്യമുണ്ട്'എന്ന് കൊടുക്കണം. അപ്പോള്‍ അബലയായ ഈ ജനുസ്സിനെ വെറെ തിരിച്ചറിയാമല്ലോ... വരാന്‍പോകുന്നത് കെണിയാണൊ ഫെമിനിസ്റ്റാണൊ എന്ന് തിരിച്ചറിയാനുള്ള മിനിമം സ്വാതന്ത്ര്യം ഒരു പുരുഷനില്ലേ... പറയൂ...?
ടിയാനെ നോക്കി ആരും മെയില്‍ ഷോവനിസ്റ്റ് എന്ന് വിളിക്കല്ലെ. മനസ്സില്‍ അടക്കിപ്പിടിച്ച സങ്കടങ്ങള്‍ അയാള്‍ വെളിപ്പെടുത്തിയെന്നെയുള്ളു.


ശോഭന
നാട്ടില്‍ കൈച്ചില്ലകള്‍ അധികമില്ലാത്ത ഒരു കൊന്നമരമുണ്ട്. അതുകൊണ്ടുതന്നെ അതില്‍ കയറി പൂപ്പറിക്കുക എളുപ്പമല്ല. വലിയ ഉയരംവരെ ഒറ്റത്തടിയാണ്. മുകളില്‍ ധാരാളം ചില്ലകളുണ്ട്. മേടമാസത്തില്‍ ആ ചില്ലകളില്‍ കൊന്നകള്‍ വിരിയുന്നു. ഒരാള്‍ക്കും ഒരു പൂപോലും പറിക്കാനാകാത്ത ഉയരത്തില്‍ പൊന്നിന്റെ വര്‍ണ്ണ ശോഭയുമായി പാടത്തിനു നടുവില്‍ നില്‍ക്കുന്ന ആ കൊന്നമരം എന്നെ കൊതിപ്പിച്ചു. ഒരു നര്‍ത്തകിയെപ്പോലെ വശ്യമുദ്രയുമായി ഒറ്റമരമായി അത് നിന്നു. ദൂരെനിന്ന് നോക്കുമ്പോള്‍ നര്‍ത്തകിയും അഭിനേത്രിയുമായ ശോഭനയെപ്പോലെ തോന്നും. പൊന്നുപോലൊരു പെണ്ണ്. എന്റെ ഹൃദയത്തില്‍ പൂത്തുനില്‍ക്കുന്ന കാമനകളുടെ മുഖത്തുനോക്കി ആ മരം ശോഭനയെപ്പോലെ ഇടത്തുന്നിന്ന് വലത്തോട്ട് നീണ്ടു നീണ്ടുപോകുന്ന പുഞ്ചിരിയുടെ വെള്ളിവാള്‍ മിന്നിക്കും. ആ മിന്നലില്‍ എന്റെ ശരീരത്തിലൂടെ ഒരു വിദ്യുത് പ്രവാഹമുണ്ടാകുന്നു. ഞാന്‍ ആ മരത്തിലേക്ക് വലിഞ്ഞു കയറും. പാതിവഴിയെത്തുമ്പോള്‍ മിനുസമുള്ള തായ്ത്തടിയില്‍ അള്ളിപ്പിടിക്കാനാകാതെ ഞാന്‍ ഉരുതി വീഴും. വീണ്ടും വീണ്ടും കയറും താഴേക്കു തന്നെ ഉരുതി വീഴും. വിഷുക്കണിക്ക് ഒരു പൂക്കുലപോലും കൊടുക്കാതെ മേടം വിടപറയുമ്പോള്‍ പൂക്കള്‍ കൊഴിഞ്ഞുപോകും. ആര്‍ക്കുമില്ലാതെ വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന കൊന്നമരത്തെ നോക്കി എന്റെ കൗമാരം നിശ്ശബ്ദമായി കരയും. ശോഭന എനിക്ക് കൈയെത്താ ദൂരത്തെ കൊന്നപ്പൂക്കളാണ്. മുകളില്‍ മാത്രം ചില്ലകളുള്ള നീണ്ടു കൊലുന്നനെയുള്ള ഒരു കൊന്നപ്പൂമരം.

മുംബൈയിലെ ചെറുകഥയുടെ 'കുല'പതികള്‍
മുംബൈയിലെ മഹാന്മാരായ കഥാകൃത്തുക്കളെ ആരും ദയവുചെയ്ത് വിമര്‍ശിക്കരുത്. അവര്‍ അസ്വസ്ഥരാണ്. അവരും ഈ ലോകത്തിനുവേണ്ടിയാണ് എഴുതുന്നത്. എന്നിട്ടും ലോകത്തിന്റെ സൗന്ദര്യബോധമൊ വ്യവസ്ഥിതിയൊ മാറുന്നില്ല എന്ന് പരിതപിക്കുകയാണവര്‍. ഈയിടെ വി.ആര്‍.സുധീഷ് എന്നൊരു പീക്കിരി കഥാകൃത്ത് മുംബൈയില്‍ നടന്ന ഒരു ചെറുകഥാ ശില്‍പശാലയില്‍ പ്രസംഗിക്കുകയുണ്ടായി. രചനാപരമായി വലിയ ഔന്നിത്യം പ്രകടിപ്പിക്കാത്ത ഇവരുടെ കഥകള്‍ 50 വര്‍ഷം പിന്നിലുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു!. പരിപാടിയുടെ തലേദിവസം മുതല്‍ സംഘാടകര്‍ ഈ കഥാകൃത്തിന് മദ്യമൊഴിച്ചുകൊടുത്ത് കൈകഴച്ചുകൊണ്ടിരിക്കുകയായിരുന്നു. അടിച്ചു പൂസായ വി.ആര്‍.സുധീഷ് ഒരു കഥയും കേള്‍ക്കാതെയാണ് ഇങ്ങിനെയൊരു അഭിപ്രായം പറഞ്ഞത് എന്ന് പറഞ്ഞ് നമ്മുടെ മുബൈ കഥാകൃത്തുക്കള്‍ മുഷ്ടിചുരുട്ടി വി.ആര്‍.സുധീഷിനുനേരെ ചീറിയടുത്തു. 'ലേലു അല്ലു... ലേലു അല്ലൂ... അഴിച്ചുവിട്....' എന്ന് ഉറക്കെ സുധീഷ് കരഞ്ഞു.
'കാരണമ്മാര്‍ ചെയ്ത സുകൃതം ഒന്നുകൊണ്ടുമാത്രമാണ് അദ്ദേഹം ചുള്ളിയൊടിയാതെ ജീവനുംകൊണ്ട് രക്ഷപ്പെട്ടത്' എന്നാണ് കഥകളെഴുതി കഥകളെഴുതി സിക്‌സ്പാക്ക് മസിലുള്ള ഒരു മുംബൈ കഥാകൃത്ത് പറഞ്ഞത്.

പണ്ടൊരിക്കല്‍ ഇതുപോലൊരു കഥാശില്‍പ്പശാലയില്‍ പന്ത്രണ്ടോളം കഥകള്‍ അവതരിപ്പിക്കപ്പെട്ടതിനുശേഷം ചര്‍ച്ച ഉദ്ഘാടനം ചെയ്യാനുള്ള ദൗര്‍ഭാഗ്യം എനിക്കുണ്ടായി. അന്ന് ഞാന്‍ മദ്യപിച്ചിരുന്നില്ല. ഞാനൊരു പീക്കിരി 'കപി' മാത്രം ആയതുകൊണ്ടാവാം എനിക്ക് വലിയ പരിഗണനയൊന്നും കിട്ടിയില്ല. ഹോ.. അതിന്റെയൊന്നും അവശ്യവുമില്ലതാനും. സംഘാടകര്‍ സുധീഷിനെപ്പോലെയുള്ള ബ്ലാക്ക് ബെല്‍ട്ട് എടുത്തവരെമാത്രമെ മദ്യസേവയ്ക്ക് ക്ഷണിക്കു. ഉള്ളതു പറയാമല്ലൊ സുധീഷ് വളരെ ബുദ്ധിമാനാണ്. അദ്ദേഹം ഒരു കഥപോലും കേട്ടില്ല. കേട്ടിരുന്നേല്‍ അദ്ദേഹത്തെ ആമ്പുലന്‍സില്‍ കേരളത്തിലേക്ക് എമ്പാം ചെയ്ത് വിടേണ്ടി വന്നേനെ. എന്നാല്‍ ഞാന്‍ ഒരു കഥപോലും വിടാതെ, ഒരു വാക്കുപോലും വിടാതെ സൗമ്യമായി മുഴുവന്‍ കഥയും കേട്ടു. അവതരിപ്പിക്കപ്പെട്ട എല്ലാകഥകളെക്കുറിച്ചും എന്റെ അഭിപ്രായം പറഞ്ഞു. എന്റെ അഭിപ്രായം എന്റേതുമാത്രമാണ്. നല്ലത്, ചീത്ത എന്നൊക്കെ വേര്‍തിരിക്കുന്നത് ഒരു വിമര്‍ശകന്റെ പണിയല്ല. തരം തിരിക്കുന്നത് വിമര്‍ശനം അല്ല. അത്് ഒരു ഫ്യൂഡല്‍ മാനസികാവസ്ഥയുടെ ഉത്പന്നമാണ്. എന്റെ അറിവിന്റേയും സംവേദനക്ഷമതയുടേയും പരിമിതിയില്‍ ഒതുങ്ങിനിന്നുകൊണ്ട് കഥകളെ ഞാന്‍ 'വിലയിരുത്തി' സംസാരിച്ചു. മുംബൈയിലെ ചില തലമുതിര്‍ന്ന കഥാകൃത്തുക്കളെ ഞാന്‍ ഒന്ന് 'ഇരുത്തി' എന്ന ആരോപണം അപ്പോള്‍ത്തന്നെ ഉയര്‍ന്നു. കാരണമ്മാര്‍ ചെയ്ത പുണ്യംകൊണ്ട്‌ എനിക്ക് അന്ന് അടികിട്ടിയില്ല. ഒളിഞ്ഞും തെളിഞ്ഞും എന്നെ പുലയാട്ടു വിളിക്കുന്നത് പിന്നീട് ഞാന്‍ കണ്ടു (എന്തിന് അടുത്തകാലത്ത് ഊമക്കത്തുവരെ കിട്ടി!). എനിക്ക് വാശിയായി. അന്ന് ഞാന്‍ അവിടെ നടത്തിയ വിലയിരുത്തലുകളെ ക്രോഡീകരിച്ച് 'മുംബൈ; ചെറുകഥയുടെ ശവപ്പറമ്പ്'' എന്നൊരു ലേഖനമെഴുതി ഇവിടെ പ്രചാരത്തിലുള്ള ഒരു ടാബ്ലോയ്ഡില്‍ പ്രസിദ്ധീകരിച്ചു. ഇതല്‍പം കടന്നുപോയില്ലേ എന്നായി എന്റെ ചില അഭ്യുദയ കാംക്ഷികള്‍. കഥകളെക്കുറിച്ച് സത്യസന്ധമായി ഒരു വിലയിരുത്തല്‍ നടത്തുന്നതില്‍ പേടിക്കാനെന്തുള്ളു. അത് എന്റെ അവകാശവുമാണ്. ഇതെന്താ വെള്ളരിക്കാപ്പട്ടണമൊ.... എന്ന് ഞാന്‍.
എന്നെ പുലയാട്ടു വിളിച്ചുകൊണ്ട് മുംബൈയിലെ ഒരു തലനരച്ച കഥാകൃത്ത് എഴുതിയ ഒരു കത്ത് ഇതേ ടാബ്ലോയിഡില്‍ പിന്നീട് പ്രസിദ്ധീകരിച്ചു വന്നു. എനിക്ക് ഗുഹ്യരോഗവും എയിഡ്‌സും ഗൊണേറിയയുമൊക്കെയുള്ളതുകൊണ്ടാണ് തന്റെ കഥകളുടെ നന്മകാണാതെ പോയത്... ഇന്നലത്തെ മഴയില്‍ പൊടിച്ച വിത്താണ് നീ... ഞാനൊക്കെ മുംബൈയിലെ സാഹിത്യത്തില്‍ മുങ്ങിപ്പൊങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി എന്നൊക്കെയായി....
പിന്നീട് രണ്ടുവര്‍ഷത്തിനു ശേഷം കഴിഞ്ഞമാസം ഇതേ കഥാകൃത്തിനെ നേരിട്ടു കണ്ടപ്പോള്‍ കഴിഞ്ഞ മാസം മുംബൈയില്‍ അരങ്ങേറിയ ചെറുകഥാ ശില്‍പശാലയേയും വി.ആര്‍.സുധീഷിന്റെ പ്രസ്ഥാവനയേയും കുറിച്ച് അദ്ദേഹം പറഞ്ഞു.
'ഞങ്ങളവതരിപ്പിച്ച ഒരു കഥപോലും കേള്‍ക്കാതെ മദ്യത്തില്‍ മദോന്മത്തനായി മുംബൈക്കാരുടെ കഥകളെ 50 വര്‍ഷം പിന്നോട്ടടിപ്പിച്ച ആ ഡാഷ് മോനെ വെറുതെവിട്ടത് ഞങ്ങള്‍ കാണിച്ച ദയയാണ്' എന്ന് പറഞ്ഞു. ഞാന്‍ തലയാട്ടി... 'ഹൂം... ഒരു കഥപോലും മര്യാദയ്ക്ക് കേള്‍ക്കാതെ മുഴുവന്‍ കഥകളെക്കുറിച്ച് അടിച്ചാക്ഷേപിക്കുകയൊ....? അതും ഒരു പൊതു പരിപാടിയില്‍ മദ്യപിച്ച് ലക്കു ലഗാനുവമില്ലാതേ...! എന്താ... ല്ലേ...' ഞാനിതു പറഞ്ഞപ്പോള്‍ നമ്മുടെ മുംബൈ കഥകളുടെ 'കുല'പതിയുടെ മുഖം പ്രസന്നമായി. അടുത്ത നിമിഷം ഞാന്‍ വേറൊന്നുകൂടി പറഞ്ഞു 'ഒറ്റത്തുള്ളി മദ്യം സേവിക്കാതെ പണ്ടൊരിക്കല്‍ ഇതുപോലുള്ള ഒരു സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട എല്ലാ കഥകളെക്കുറിച്ചും സത്യസന്ധമായി മറുപടിപറഞ്ഞ എന്നെപ്പോലും നിങ്ങള്‍ വെറുതെ വിട്ടിട്ടില്ല. പിന്നെയാണ് മദ്യപിച്ച് നാലുകാലില്‍ നില്‍ക്കുന്ന വി. ആര്‍. സുധീഷ്!.
സുധീഷ് വലിയൊരു കഥാകൃത്താണ്. അറിയപ്പെടുന്ന എഴുത്തുകാരനാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ദേഹോപദ്രവം ചെയ്യാതെ വിടാനുള്ള സന്മനസ്സ് നിങ്ങള്‍ കാണിച്ചു. നിങ്ങളുടെ മഹാമനസ്‌കത...! വാഴത്തപ്പെടേണ്ടതാണ്. എന്തിന് നിങ്ങളുടെ കഥകളെ വിമര്‍ശിച്ച വെറും പീക്കിരിപയ്യനായ എന്നെപ്പോലും നിങ്ങള്‍ വെറുതെവിട്ടു!. വെറും ചില ചെറിയ പുലയാട്ടുവിളിയില്‍ ശക്ഷ പരിമിതപ്പെടുത്തി...
നിങ്ങള്‍ കരുണയുള്ളവരാണ്..! പുലയാട്ടുവിളി നിങ്ങളുടെ സാഹിത്യത്തില്‍ പതിവുള്ളതല്ലെ... ? അതുകൊണ്ട് അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല ട്ടോ... എന്തു പുലയാട്ട് എഴുതിക്കൊടുത്താലും മുംബൈയില്‍ പ്രസിദ്ധീകരിക്കാന്‍ ആളുണ്ട്. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ നമ്മുടെ കഥയുടെ കുലപതി നിശ്ശബ്ദനായി.

എന്നോടുള്ള ദേഷ്യം തീര്‍ക്കാന്‍ വേറൊരു യുവകഥാകൃത്ത് ഒരു ഡമ്മി ലേഖകനെ സ്വയം സൃഷ്ടിച്ച് അഭിമുഖ സ്വയംഭോഗം നടത്തി. കഥയെ വിമര്‍ശിച്ചതിന് എന്നെ 'സന്തോഷ് പണ്ടിറ്റ്' എന്നു ഒരു അപരനാമധേയം നടത്തിക്കൊണ്ട് തന്റെ രോക്ഷത്തിന്റെ വിഷരേതസ്സിനെ സ്ഖലിപ്പിച്ചെടുത്തു. അവിടെ അവതരിപ്പിക്കപ്പെട്ടതില്‍ തമ്മില്‍ഭേദപ്പെട്ട കഥ ഇദ്ദേഹത്തിന്റേതായിരുന്നു. നല്ല കഥകള്‍ഒരുപാട് ഇദ്ദേഹം എഴുതിയിട്ടുണ്ട്. പക്ഷെ സഹിഷ്ണുത മരുന്നിനുപോലുമില്ല. അഭിനന്ദനത്തിന്റെ വാഴക്കുലമാത്രം കാണിക്കയായി കണ്ടിട്ടുള്ള രാജവംശത്തില്‍ നിന്നുള്ള ആളായതുകൊണ്ട് 'കൊല' ഇഷ്ടാണ്... 'കുല' ചെയ്യാന്‍ വന്നപ്പോള്‍ വിരണ്ടുപോയി... വീട്ടില്‍ ചെന്ന് കണ്ണാടി നോക്കി കത്തിയും താടിയും കളിച്ചു. മറ്റെ 'കുല'പതിയെക്കാള്‍ എന്നെ വിഷമിപ്പിച്ചത് ഈ യുവകഥാകൃത്തിന്റെ ഈ അസഹിഷ്ണുതയാണ്. ഞാന്‍ പറഞ്ഞത് എന്റെമാത്രം അഭിപ്രായമാണ്. കഥയെ നല്ലത് പറഞ്ഞ് നന്നാക്കാനൊ ചീത്തവിളിച്ചു ചീത്തയാക്കാനൊ ഒരു വിമര്‍ശകനും കഴിയില്ല.
ഓരോ എഴുത്തും സമൂഹത്തിലേക്കുള്ള ഓരോ ഇടപെടലാണ്. സര്‍ഗ്ഗാത്മക സഹവര്‍ത്തിത്വമാണ്. ലാവണ്യശാസ്ത്രങ്ങളെ ഉള്‍ക്കൊണ്ടും സര്‍ഗ്ഗാത്മകമായി പരിഷ്‌ക്കരിച്ചും ഉടച്ചുവാര്‍ത്തും പുലരുന്ന സാഹിതീയ ജീവിതം വിമര്‍ശനങ്ങളും പ്രതിവിമര്‍ശനങ്ങളുമടങ്ങുന്നതാണ്. നല്ലൊരു സഹജാവബോധത്തില്‍ നിന്നാണ് നല്ലൊരു സാഹിത്യ സംസ്‌കാരം ഉണ്ടാകുന്നത്.

അഷിത
അഷിതയുടെ 'ചിത്രശലഭങ്ങള്‍ക്ക് ഒരുമ്മ' (മാധ്യമം വാരിക) നോവിന്റെ, ആധിയുടെ, നനഞ്ഞ സ്പര്‍ശമാകുന്നു. കൂടുവിട്ടു പറന്നുപോകുന്ന ശലഭജന്മങ്ങളാകുന്ന പെണ്‍കുട്ടികളെക്കുറിച്ച് ആദിപ്പെടുത്തുന്ന ഓര്‍മ്മപ്പെടുത്തലാവുന്നുണ്ട് അഷിതയുടെ ഈ ചെറുകഥ.

സി.എസ്.ചന്ദ്രിക
സി.എസ്. ചന്ദ്രികയുടെ പാല്‍ക്കൂണ്‍ (കഥ, മാതൃഭൂമി, ലക്കം 43) വേറിട്ടൊരു ശ്രമമാണ്. കുടപിച്ചുനില്‍ക്കുന്ന വെളുത്ത വിവിധമായ കൂണുകള്‍ പെണ്‍ജീവിതത്തിന്റെ വിവിധ മുദ്രകളാവുകയാണ്‌ ഈ കഥയില്‍. അടച്ചുറപ്പില്ലാതെ ആവിഷ്‌ക്കരണ ത്വരയില്ലാതെ പരത്തിപ്പറഞ്ഞുപോകുന്ന ഒരു കഥയാണിത്. അതുകൊണ്ടുതന്നെ നല്ലൊരു കഥയനുഭവം സമ്മാനിക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നില്ല.

ധന്യാ രാജ്
കൊന്നുതിന്നാനായി കോഴികളെ നമ്മള്‍ വളര്‍ത്തുന്നു. നല്ല കഴുത്തു നീളവും ഊര്‍ജ്ജവും ഓജസ്സുമുള്ള കോഴികളെ ഓരോ ആഘോഷങ്ങളിലും പിടിച്ച് തിന്നുന്നു. ധന്യാരാജ് അതുപോലെയാണ്. ഈ കഥാകാരിയുടെ ഉച്ചഭ്രാന്തുകള്‍ സൃഷ്ടിക്കുന്ന ബ്രോയിലര്‍ കോഴികളിലൊന്നിനെ മാതൃഭൂമിയുടെ കടയില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്നു. 'അധോലകങ്ങള്‍' എന്ന കഥയില്‍ (മാതൃഭൂമി ലക്കം 12) തന്റെ സ്വന്തം കഥാപാത്രമായ സേല്‍സ് ഗേളിനെ പിടിച്ചു തിന്നുന്നു. കെ. ഷിരിഫ് മൂന്ന് ചിത്രങ്ങള്‍ വരച്ചിട്ടും മുഖ്യ കഥാപാത്രമായ ജാനകിയുടെ മുഖത്തെ മൂപ്പര്‍ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മുഖമില്ലാത്ത.. എന്തിന് ഒരു ഉടല്‍പോലുമില്ലാത്ത ബോഗസ് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന എഴുത്തുകാരിയുടെ 'മൊഗം' അറ്റ്‌ലീസ്റ്റ് ഒന്ന് പ്രിന്റ് ചെയ്യണം. ഒന്നു കണ്ടിരിക്കാന്‍ മാത്രം. ഇനി എവിടെയെങ്കിലും വെച്ച് കണ്ടാല്‍ ഓടാല്ലോ…


ലേഡീസ് ഓണ്‍ളി അവതാരിക...
രശ്മി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണന്‍ തന്റെ ആത്കഥാംശമുള്ള ഒരു നോവല്‍ രചനയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. ബിജുവിന്റെ നോവല്‍ പൂര്‍ത്തിയാകുന്നതോടെ ടയറുപൊട്ടിക്കിടക്കുന്ന മലയാള നോവല്‍ സാഹിത്യത്തിന് ഒരു നവജീവന്‍ ഉണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാവില്ല. അഥവാ നോവല്‍ കേമമാണെങ്കിലും ഇവിടെ ആരെങ്കിലും ഒരു അവതാരികയെഴുതിക്കൊടുത്ത് സഹായിക്കും എന്നു കരുതേണ്ട്തില്ല. പക്ഷെ നോവലെഴുതുന്നത് സരിതാ നായരൊ വല്ലോം ആയിരുന്നെങ്കില്‍ ഇവിടെ അവതാരികയെഴുത്തു തൊഴിലാളികള്‍ അവര്‍ക്കുവേണ്ടി എഴുതാന്‍ വരിനിന്നേനെ... അടുത്തിടെ ഒരു പുസ്തകത്തിന് അവതാരിക ചോദിച്ച് ഒരു പ്രശസ്ത കവിയുടെ അടുത്തു ചെന്നപ്പോള്‍, 'നാല്‍പ്പതും അമ്പതും പുസ്തകങ്ങള്‍ കെട്ടിക്കിടക്കുകയാണെന്നൊക്കെ' പള്ളുപറഞ്ഞ ഒരെഴുത്തുകാരന്‍ ഇന്നലെയെഴുതിക്കൊണ്ടുവന്ന പല സുന്ദരി-പെണ്‍പുസ്തകങ്ങള്‍ക്കൊക്കെ അവതാരികയെഴുതി ചൂടാറാതെ പ്രസിദ്ധീകരിക്കാന്‍ കൊടുത്തതുകണ്ടു. പെണ്ണുങ്ങള്‍ക്കുമാത്രം അവതരികയെഴുതിക്കൊടുക്കാന്‍ പ്രത്യേകം സമയംകണ്ടെത്തുന്ന ആ എഴുത്തുകാരന്റെ അക്ഷരകാമം പ്രശംസനീയം തന്നെ...? സരിതാ നായര്‍ ഒരു നോവല്‍ എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടൊ എന്നറിയില്ല.. അഥവാ എഴുതുന്നുണ്ടെങ്കില്‍ ഒരു അവതാരികയ്ക്കുവേണ്ടി കാത്തിരുന്നു മുഷിയേണ്ടി വരില്ല. എഴുതുന്തോറും അവസരത്തിനൊത്ത് ചുരുങ്ങിപ്പോകുന്ന സരിതയുടെ 24 പേജുള്ള മൊഴിപോലെ എഴുതാന്‍പോകുന്ന നോവലും ലോപിച്ചു ലോപിച്ചുപോകുമെന്നുള്ളതുകൊണ്ട്‌ അടുത്തകാലത്തൊന്നും അവതാരികയെഴുത്തു തൊഴിലാളികള്‍ക്ക് ചാന്‍സ് ഒത്തുകിട്ടുമെന്ന് എനിക്കു തോന്നുന്നില്ല.



ചോദ്യം ഉത്തരം
ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം?
ആനന്ദിന്റെ സ്ഥാനം തെറ്റിയ വസ്തു. 1929-ലെ അമേരിക്കയിലെ മാന്ദ്യവും പാരിസ്ഥിതിക പ്രശ്‌നങ്ങളും പുതിയൊരു പാരിസ്ഥിതിക അവബോധത്തിന്റെ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു പുസ്തകമാണത്. പൊടിക്കാറ്റ് (dust bowl) ഇതില്‍ വലിയ പ്രകൃതി ദുരന്തത്തിന്റെ ഭീകര മുഖമായി എടുത്തു കാണിക്കുന്നു. ഏതാനും വ്യാപാരികളുടെ ലാഭത്തിനുവേണ്ടി സമൃദ്ധമായിരുന്ന കൃഷിസ്ഥലങ്ങളേയും ജൈവ ജീവിതങ്ങളേയും നാടുകടത്തിയതിന്റെ ഫലമായാണ് അമേരിക്കയില്‍ മുപ്പതുകളില്‍ വീശിയടിച്ച പൊടുക്കാറ്റുണ്ടായത്.
പുതിയൊരു വീക്ഷണകോണിലൂടെ വേറിട്ടൊരു പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്ന ഒരു പുസ്തകമാണിത്. പറയുന്നത് ചരിത്രമാണെങ്കിലും പുതിയൊരു ഹിസ്റ്റീരിയൊഗ്രഫി ഈ പുസ്തകത്തിന്റെ ഊര്‍ജ്ജമാകുന്നു. ആനന്ദ് ഏതൊരു കാര്യം പറയുമ്പോഴും; അത് ചരിത്രമായിക്കോട്ടെ ഏതെടുത്താലും പത്തുരൂപയ്ക്കുകിട്ടുന്ന ഒരു 'സീതാസാദ' ഐറ്റമായിക്കോട്ടെ ആനന്ദ് അതില്‍ സ്വന്തം മുദ്ര പിതിപ്പിച്ചിരിക്കും. ഈ പുസ്തകവും മറ്റൊന്നല്ല. ചിലപ്പോഴൊക്കെ വായനക്കാര്‍ക്ക് ഇത് വിരക്തിയുണ്ടാക്കുന്നുണ്ട്. ലളിതമായതിനെ സങ്കീര്‍ണ്ണമാക്കിയിട്ട് എഴുത്തുകാരനൊ വാനക്കാരനൊ യാതൊരു ഗുണവും ഇല്ല.


ഈ ആനന്ദിന് കാര്യമായ വല്ല തകരാറുമുണ്ടൊ?
അദ്ദേഹം കേരളത്തിലെ വീട്ടമ്മമാര്‍ വനിതാ മാഗസിനുകളില്‍ എഴുതുന്ന റസിപ്പികള്‍ വായിക്കണം. എത്ര സുതാര്യമാണത്. പച്ചവെള്ളം ചൂടാക്കുന്നതിന്റെ റസിപ്പി ആനന്ദാണ് എഴുതുന്നതെങ്കില്‍ അദ്ദേഹത്തിന്റെ സൂക്ഷ്മ ദാര്‍ശനിക വിലാസംകൊണ്ട് നൂറ് പേജിന്റെ ഒരു പുസ്തകത്തിലേക്കുള്ള ഒരു വിലയ പ്രസാധക സാധ്യതയായി നമ്മുടെ പച്ചവെള്ളം ചൂടാക്കുന്ന വിഷയം മാറും. തിളയ്ക്കുന്ന ജലം, തീ, പ്രവര്‍ത്തനം, തിളയ്ക്കുമ്പോള്‍ വരുന്ന ജലമാറ്റം, സാന്ദ്രത, തീയുടെ വൈവിധ്യങ്ങള്‍ക്കനുസരിച്ച് തിളയില്‍ വരുന്ന മാറ്റങ്ങള്‍.... എല്ലാം അതി തീക്ഷ്ണമായ മൗലികതയിലൂടെ... അടച്ചുറപ്പുള്ള ഭാഷയിലൂടെ... ആനന്ദ് റസിപ്പി എഴുതിത്തുടങ്ങിയാല്‍ നിര്‍ത്തിക്കാന്‍ വലിയ പാടാണ്. കേരളത്തിലെ വനിതാ മാഗസിനുകള്‍ പൂട്ടിപ്പോകും....


കേരളത്തിലെ നഴ്‌സുമാരുടെ വൈരൂപ്യത്തെക്കുറിച്ച് കുമാര്‍ വിശ്വാസ് നടത്തിയ പരാമര്‍ശം ഈ വൈകിയവേളയില്‍ നമ്മളെ ചൊടിപ്പിക്കുന്നു. കുമാര്‍ വിശ്വാസ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി കുമാറിന് കത്തെഴുതി. മലയാളികള്‍ക്കിടയില്‍ തമിഴനും, ഉത്തരേന്ത്യക്കാരന്റെ ഇടയില്‍ മദ്രാസിയും (അതില്‍ തമിഴനും മലയാളിയും ഉള്‍പ്പെടും), വിദേശികളെപോലെ തോന്നിക്കുന്ന പാര്‍സികള്‍ക്കിടയില്‍ ഉത്തരേന്ത്യക്കാരനും, ഇറ്റലി, അമേരിക്ക തുടങ്ങിയ വെളുത്ത കാക്കകള്‍ക്കു മുന്നില്‍ ഇന്ത്യക്കാരനും ഇത്തരം വംശീയ അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടെയിരിക്കുന്നു. ഞാന്‍ ജീവിക്കുന്ന മുംബൈയില്‍ ട്രയിനിലും, ഓഫീസിലും, മറ്റ്് പൊതുസ്ഥലങ്ങളിലും ഇതിലും ക്രൂരമായ വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. 'കറുത്ത തമിഴത്തികളുടെ നിതംബത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഒരു മലയാള നടന്‍ പുലിവാലുപിടിച്ചതും ഓര്‍ത്തുപോകുന്നു. ഓരോ മലയാളിയും അന്തിക്ക് പെഗ്ഗില്‍ സോഡിയൊഴിക്കുമ്പോള്‍ പറയുന്ന കാര്യമെ വിശ്വാസും പറഞ്ഞുള്ളു. പക്ഷെ ഈ ഏഭ്യന്‍ ഒരു കവിസമ്മേളനത്തിലാണ് ഈ വളിപ്പ് എഴുന്നള്ളിച്ചത്. ഔചിത്യം വേണ്ടെ... ഔചിത്യം.... കേരളത്തിലെ എഴുത്തുകാരെ കണ്ട്പഠിക്ക്.


മന്ത്രിമാരുടെ ഉദ്ഘടാനം മഹാമഹം നിരോധിക്കണം
ജനിച്ച അന്നുമുതലുള്ള ഒരു സംശയമാണ്. എന്താണ് ഈ 'ഉദ്ഘാടനം' എന്ന പദത്തിന്റെ അര്‍ത്ഥം. വിശിഷ്ടനെന്ന് സമൂഹം കല്‍പ്പിക്കുന്ന ആരെങ്കിലും വന്ന് ഉദ്ഘാടനം ചെയ്താലെ ഏതൊരു കാര്യത്തിനും ഫലസിദ്ധിയുണ്ടാവുകയുള്ളോ..?. മന്ത്രിമാരുടെ ഡേറ്റിന് വേണ്ടി കാത്തുകെട്ടിക്കിടക്കുന്ന പാലങ്ങളും തോടുകളും കക്കൂസുകളുടേയും അവിഞ്ഞ കഥകള്‍ നമ്മള്‍ പത്രങ്ങളില്‍ വായിക്കുമ്പോള്‍ എനിക്ക് കലി വരുന്നു. ഉദ്ഘാടന മഹാമഹത്തിന്റെ കാര്യത്തില്‍ പ്രത്യയ ശാസ്ത്രങ്ങളുടെ മൊത്തക്കച്ചവടക്കാരായ കമ്മ്യൂണിസ്റ്റുകാരെന്നൊ കോണ്‍ഗ്രസ്സുകാരെന്നൊ ഒരു വ്യത്യാസവുമില്ല. എല്ലാവരും നാടമുറിക്കാന്‍ വെമ്പി നടക്കുകയാണ്. ഇവരൊന്നും ഉദ്ഘാടനം ചെയ്തില്ലെങ്കില്‍ പാലം പൊളിയുമൊ. പൊളിയാനുള്ളതാണെങ്കില്‍ ഉദ്ഘാടനം ചെയ്താലും പൊളിയില്ലേ... ജനാധിപത്യ ഇന്ത്യയില്‍ നിരോധിക്കപ്പെടേണ്ട ഒരു അന്ധവിശ്വാസമാണ് ഉദ്ഘാടനം. ഈ ഉദ്ഘാടന മഹാമഹങ്ങള്‍ നിരോധിച്ചാല്‍ ജനപ്രതിനിധികള്‍ക്ക് അത്രയും സമയം സമയം ഓഫീസില്‍ എസിയില്‍ കിടന്നുറങ്ങാം. കൊച്ചിമൂതല്‍ ഗോകര്‍ണ്ണവരെ ബീക്കണ്‍ലൈറ്റിട്ടുള്ള ഓടിനടന്നുള്ള ഉദ്ഘാടന മഹാമഹങ്ങള്‍ ഇല്ലാതാവുന്നതിലൂടെ കുറച്ച് പെട്രോള്‍ ലാഭിക്കാം. ജനത്തിന് മന്ത്രമാരുടെ കൊതുകടി പ്രസംഗങ്ങള്‍ക്ക് ശമനവുമാകും.


2014, ജനുവരി 12, ഞായറാഴ്‌ച

അന്ധകാരനഴി: ഇരുട്ടിന്റെ വേറിട്ട വാഗ്മയം


ആഴ്ച്ചപ്പാങ്ങ് -9

എഴുത്തിനെക്കുറിച്ചുള്ള, നോവല്‍ രചനയുടെ പുരോഗമനപരമെന്ന് സ്വയം ധരിച്ചുവെച്ചിരുന്ന മുന്‍ധാരണകളെ ഇടിച്ചുനിരപ്പാക്കിയ ഒരു നോവലാണ് എനിക്ക് ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി'. ഞാന്‍ ജീവിക്കുന്ന കാലത്തിന്റെ ചൂരും ചെത്തവും ഭാവുകുത്വങ്ങളും വായിക്കാനും അനുഭവിക്കാനും ആവിഷ്‌ക്കരിക്കപ്പെടാനുമുള്ള ആഗ്രഹങ്ങള്‍ മാത്രമാണ് നോവല്‍ കഥ-സാഹിത്യങ്ങള്‍ വായിക്കുമ്പോള്‍ എന്നെ ഭരിച്ചിരുന്നത്. അന്ധകാരനഴി വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ നിലപാടില്‍ ചില അടിസ്ഥാനപരമായ മാറ്റത്തിന് ഞാന്‍ സ്വയം സന്നദ്ധനാവുകയാണ്.

അറുപതുകളിലേയും എഴുപതുകളിലേയും രാഷ്ട്രീയ ജീവിതത്തിലെ നെക്‌സല്‍ വിപ്ലവങ്ങളേയും യുവത്വത്തിലെ വിപ്ലവബോധവും അതിന്റെ പരിണാമങ്ങളും അടയാളപ്പെടുത്തുന്ന ഒരു സാദാ നോവലായി അന്ധകാരനഴിയെ ഒതുക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമായിരിക്കും. വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്കും തിരിച്ചുമുള്ള സര്‍ഗ്ഗാത്മക സഞ്ചാരങ്ങള്‍ നടത്തുന്ന ഇ. സന്തോഷ് കുമാര്‍ എന്ന എഴുത്തുകാരന്റെ പവന സഞ്ചാരങ്ങളെ, ചരിത്ര ദൗത്യങ്ങളെ, വിവേകിയായ വായനക്കാരന്‍ തരിച്ചറിയുക തന്നെ ചെയ്യും. അജിതയുടെ 'ഓര്‍മ്മക്കുറിപ്പുകള്‍' വായിച്ച് പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടുമൊരു നെക്‌സല്‍ ചരിത്രത്തെ അതിന്റെ പാളിച്ചകളെ പ്രത്യേയശാസ്ത്ര വിവക്ഷകളെ, വിഭ്രംശങ്ങളെ, വ്യതിയാനങ്ങളെ, നിരാശകളെ വീണ്ടുമൊരിക്കല്‍ അടയാളപ്പെടുത്തപ്പെടുന്നതിന്റെ മൗഢ്യമാണ് നോവല്‍ വായിച്ചു തുടങ്ങുമ്പോള്‍ എന്നെ ഭരിച്ചിരുന്നത്. പക്ഷെ നോവലിലെ മുഖ്യ കഥാപാത്രമായ ശിവന്‍ അകപ്പെടുന്ന തുരുത്ത് വായനക്കാരന്റേയും തുരുത്തായി മാറുന്നു. വിഭ്രമാത്മകമായ ഇരുട്ടിന്റെ ആവിഷ്‌ക്കാരത്തില്‍ വായനക്കാരനും തടവിലാക്കപ്പെടുന്നു. പ്രത്യയശാസ്ത്ര ബോധങ്ങളുടെ ജൈവ വൃക്ഷങ്ങളുടെ മേല്‍ ആഞ്ഞുവീഴുന്ന ഈര്‍ച്ചവാളായി തുരുത്തിലെ ഇരുട്ട് നോവലിലുടനീളം നിറയുന്നു.

പുല്ലാനിക്കപ്പുറം അന്ധകാരനഴി
E. Santhosh Kumar
ഈ നോവലിലെ തുരുത്ത് ചരിത്രത്തിന്റെ തന്നെ ഇരുട്ടുവീണ ഒരിടമാണ്. എല്ലാ കാലത്തും ചില ഒതുക്കുകളില്‍ അഴിഞ്ഞുലഞ്ഞ ഗഹനമായ ഇരുട്ടിന്റെ ദുര്‍ഗ്രഹമായ തുരുത്തുകളെ കാലം കരുതിവയ്ക്കുന്നുണ്ട്. വിപ്ലവാഭിലാഷങ്ങളെ, ശിവനെപോലുള്ളവരെ, കരടിച്ചാച്ചനെ, രമണിയെ അതില്‍ അടക്കം ചെയ്യുന്നു. സമൂഹത്തിലെ വിപ്ലവബോധങ്ങള്‍ക്കുനേരെ തുറന്നുവെച്ച ഇരുട്ടിന്റെ വായയായി തുരുത്ത് ഈ നോവലില്‍ ദുരൂഹതയായി, ഭ്രമാത്മകതയായി നിലനില്‍ക്കുന്നു. ഇരുട്ടിന്റെ ഷെയ്ടുകളിലൂടെ വരച്ചുവരുന്തോറും കൂടുതല്‍ കൂടുതല്‍ ഇരുട്ടുമൂടുന്ന തുരുത്ത് ഒരു അന്ധകാര ചിത്രമാകുന്നു. നോവലിന്റെ അവസാനം വരേയും ഈ തുരുത്തിനെ ഒരു സാധ്യതയായല്ല ഭീതിപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യമായാണ് നോവലിസ്റ്റ് നിലനിര്‍ത്തുന്നത്. പുല്ലാനിയില്‍ നിന്ന് പുഴയ്ക്കപ്പുറം നോവലിസ്റ്റ് സൃഷ്ടിച്ചെടുത്ത ഈ തുരുത്ത് ഒരു അലിഖിത സര്‍വ്വകാല യാഥാര്‍ത്ഥ്യമായി നിലനിര്‍ത്തുന്നു. അതുകൊണ്ട് 'അന്ധകാരനഴി' യിലെ തുരുത്ത് പ്രത്യശാസ്ത്ര-ധൈഷണിക ലോകത്തെ ചിരസ്ഥലിയാണ്.

അപ്രസക്തമായ കാലം
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട നെക്‌സലിസമൊ, പ്രത്യയശാസ്ത്രങ്ങളൊ, ഇടതുപക്ഷ ചിന്തകരൊ, എന്തിന് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ യാതൊരുവിധ അടയാള വാക്യങ്ങളൊ ഈ നോവലില്‍ ഇല്ല. 'സാഖാവേ..' എന്ന് കഥാപാത്രങ്ങള്‍ പരസ്പരം വിളിക്കുന്നതല്ലാതെ. അറുപതുകളിലെ നെക്‌സല്‍ ഓപ്പറേഷനുമായുള്ള ചില നാമമാത്രമായ സാദൃശ്യങ്ങള്‍ ഈ നോവലില്‍ കണ്ടേക്കാം. അത് ഒഴിച്ചുനിര്‍ത്തിയാല്‍ ഈ നോവല്‍ ജീവിക്കുന്നത് പതിറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ഒരു കാലത്തില്ല; മറിച്ച് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ കഴിവുള്ള മാറ്റമില്ലാത്ത യാഥാര്‍ത്ഥ്യമായി നോവലിലെ തുരുത്തിനെ ഒരു കേന്ദ്ര കഥാപാത്രമായി നോവലിസ്റ്റ് നിലനിര്‍ത്തുന്നു. വര്‍ഷങ്ങളേയും തീയതികളേയും എന്തിന് ചരിത്രത്തിന്റെ തന്നെ വിപ്ലവ സമരങ്ങളുടെ ഈടുവെപ്പുകളെപോലും ഈ നോവല്‍ തള്ളിക്കളഞ്ഞുകൊണ്ട് നോവല്‍ രചനയുടെ കാലഗണനയെ അപ്രസക്തമാക്കുന്നു. കാലം അപ്രസക്തമാകുന്നതോടെ 'തുരുത്ത്' സമകാലിക ജീവിതത്തിലെ ഒരു സജീവ സാധ്യതയായി മാറുന്നു.

ചിതറിപ്പോയ കൈപ്പത്തികള്‍, ജീവിതങ്ങള്‍

ഇന്ത്യയുടെ നെക്‌സല്‍ ചരിത്രത്തില്‍ കൈപ്പത്തിയില്ലാത്ത ഒരുപാട് കൈയ്യുകളുണ്ട്. ഈ നോവലിലും അങ്ങിനെയൊരു കൈ കടന്നുവരുന്നുണ്ട്. നെക്‌സലിസത്തിന്റെ ചരിത്രത്തെ വിറ്റു ജീവിക്കുന്നവരും, വിപ്ലവാവേശങ്ങള്‍ വെടിഞ്ഞ് പ്രതിവിപ്ലവങ്ങളില്‍ അഭയം പ്രാപിച്ചവരെക്കുറിച്ചൊക്കെ ചില സൂചനകള്‍ നോവലില്‍ കടന്നുവരുന്നുണ്ട്. പക്ഷെ ഈ നോവല്‍ അത്തരം വിപ്ലവകാരികളുടെ കഥയല്ല. നെക്‌സലിസം നടന്നുപോയ വഴികളില്‍ അതിന്റെ വിഷദംശനമേറ്റ് (വിഷം എന്നത് ഇവിടെ നെഗറ്റീവ് അര്‍ത്ഥത്തിലല്ല) തകര്‍ന്നുപോയ ശ്രീനിവാസന്റെ കുടുംബം, ഭാസ്‌കരക്കുറുപ്പ്, വിശ്വനാഥന്‍, കോളജ് വിദ്യാര്‍ത്ഥികള്‍, ചിത്രാഭാനു...അങ്ങിനെ ഒരുപാട് ജീവിതങ്ങള്‍. ഇതിലെ വിപ്ലവകാരികള്‍ നടത്തുന്ന പാളിപ്പോയ നെക്‌സല്‍ ഓപ്പറേഷനുകള്‍ ചരിത്രവുമായി സാദൃശ്യപ്പെടുന്നുണ്ട്. പക്ഷെ ഇതുകൊണ്ടുമാത്രം ഈ നോവിലിന്റെ കാലത്തെക്കുറിച്ചൊരു നിര്‍ണ്ണയം സാധ്യമല്ല. കാലാതീതമായ, വിപ്ലവചിന്തകള്‍ക്കുമീതെ തൂങ്ങിക്കടക്കുന്ന ഒരു സാധ്യതയായി ഈ തുരുത്ത് മാറുന്നതോടെ നോവലിന്റെ കാലം അപ്രസക്തമാകുന്നു. നോവല്‍ വായിച്ചു തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന പഴയ സബ്‌ജെക്ടെന്ന മൗഢ്യം അതോടെ വിട്ടുമാറുന്നു.

ഷഫിള്‍ ചെയ്ത അദ്ധ്യായങ്ങള്‍
പോലീസ് ക്യാമ്പുകളിലെ ഭീകരമായ പീഢനങ്ങളുടെ പ്രത്യേക്ഷ വിവരങ്ങളൊ നെക്‌സല്‍ ഓപ്പറേഷനുകളൊ, പ്രത്യയ ശാസ്ത്ര സമസ്യകളൊ ഈ നോവലില്‍ കടന്നുവരുന്നില്ല. അനായാസം എഴുതി നിറയ്ക്കാവുന്ന, നെക്‌സലിസ്റ്റുകളുടെ അനുഭവ സാക്ഷ്യങ്ങളേയും, ഉന്മൂലന സിദ്ധാന്തങ്ങളുടെ പരിണാമത്തേയുമൊക്കെ പ്രമേയവത്ക്കരിച്ച് കാക്കത്തൊള്ളായിരം നോവലുകള്‍ ഇതിനുമുന്‍പുണ്ടായിട്ടുണ്ട്. കഥാപ്രതങ്ങള്‍ നെക്‌സലുകളാണെങ്കിലും ഈ കഥ ഒരു നെക്‌സലിസത്തിന്റെ കഥയല്ല. തീവ്രമായ വിപ്ലാശയങ്ങളുടെ തീച്ചിറകുകളുടെ സഞ്ചാരപഥത്തെ ഈ നോവല്‍ നാമമാത്രമായി അടയാളപ്പെടുത്തുന്നുണ്ടാവാം. ശ്രീനിവാസനും ഭാര്യ ശകുന്തളയും മകന്‍ ശശിയുമടങ്ങുന്ന ഒരു കൊച്ചു കുടുംബം വിപ്ലവത്തിന്റെ വഴിയില്‍ വഴിയാധാരമാക്കപ്പെടുന്ന ഒരു കഥകൂടി ഈ നോവലില്‍ കടന്നുവരുന്നുണ്ട്. പാളിപ്പോകുന്ന ഓപ്പറേഷനുകള്‍ക്കു മുന്നില്‍ വിപ്ലവം വിദൂരമായ ഒരു സ്വപ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. ഇതിലെ ചെറുപ്പക്കാരുടെ മനസ്സിലെ വിപ്ലവത്തിന്റെ തീയില്‍ ശ്രീനിവാസനെ പോലുള്ള കാല്‍പ്പനിക കവികള്‍ ഒരു ഈയാംപാറ്റകണക്ക് വീണടിയാന്‍ വിധിക്കപ്പെടുന്നു. എന്നിട്ടും സമൂഹം ശിവനെന്ന തീപന്തത്തെ ഓരോ കൈമാറി സംരക്ഷിക്കുന്നു. ചിത്രാഭാനുവും, രമണിയും, പോളും, വിശ്വനാഥനും, ഭവദാസന്‍ വക്കീലും, കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമൊക്കെ അടങ്ങുന്ന സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നല്ല മനുഷ്യരിലൂടെ വിപ്ലവത്തിന്റെ തീപ്പന്തം പല കൈമറിയുന്നു. ഈ തീപ്പന്തം കൈയ്യിലെടുത്തവരൊക്കെ ഒന്നൊന്നായി ഭരണകൂടത്തിന്റെ അല്ലെങ്കില്‍ അത് രൂപപ്പെടുത്തിയിരിക്കുന്ന ബൂര്‍ഷ്വാ ഘടനയുടെ അടിമത്വ-അധിനിവേശ തുരുത്തുകളില്‍ വീണടിയുന്നു. നെക്‌സലിസത്തെ അതി ക്രൂരമായി അടിച്ചമര്‍ത്താന്‍ യത്‌നിച്ച പങ്കജാക്ഷന്‍ മാറിയകാലത്ത് ഉന്നത പോലീസുകാരനായി ജീവിക്കുന്നു. വിപ്ലവകാരികളോട് മനുഷ്യത്വം കാണിച്ച ഭാസ്‌ക്കരക്കുറുപ്പ് വാര്‍ദ്ധക്യകാലത്ത് സര്‍വ്വീസില്‍ നിന്ന് പെന്‍ഷന്‍ പറ്റാനാകാതെ മനസ്സില്‍ പിടയുന്ന ഒരുപാട് സത്യങ്ങളുമായി മല്ലിട്ട് കോടതി വരാന്തകളില്‍ തളര്‍ന്നിരിക്കുന്നു.

സത്യത്തില്‍ ഉന്മൂലന സിദ്ധാന്തം ഉന്മൂലനം ചെയ്തത് ആരെയാണ്. അതു കടന്നുപോയ വഴികളിലൂടനീളം കാല്‍പനിക മനുഷ്യര്‍ പിഴുതെറിയപ്പെട്ടു. ഒടുവില്‍ ശിവനെന്ന വിപ്ലവകാരിക്ക് സംഭവിച്ച ദുരന്തം നോക്കു... പുല്ലാനിയിലെ പുഴയ്ക്കപ്പുറമുള്ള ഇരുട്ടുമൂടിയ തുരുത്ത് വിപ്ലവമുക്തിക്കുള്ള ധ്യാനകേന്ദ്രമായി നിലനില്‍ക്കുന്നു. വാച്ചുറിപ്പേറുകാരന്‍ അച്ചുവിന്റെ സ്ഥാനത്ത് ജെ എന്നൊരാള്‍ വീണ്ടും പുതിയ സഖാക്കളെ തുരുത്തിലെത്തിക്കുന്നു. തുരുത്ത് കാലത്തിന്റെ ഹിമഗര്‍ത്തമായി വിപ്ലവകാരികളുടെ മരവിച്ച ശരീരങ്ങളെ കാത്തുവയ്ക്കുന്നു.

ഉപസംഹാരം
ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി' ആവിഷ്‌ക്കുരിക്കുന്ന ഭാവുകത്വം പുതിയ കാലത്തിന്റെതല്ല എന്നാല്‍ അത് ഏതെങ്കിലും ചിരപരിചിതമായ ഭാവുകത്വങ്ങളെ അന്ധമായി പകര്‍ത്തിവയ്ക്കുന്നില്ല. ഉന്മൂലന സിദ്ധാന്തത്തിന്റെ പരിപ്രേക്ഷ്യങ്ങളെ ആവിഷ്‌ക്കരിക്കുന്നതിന് ഇ. സന്തോഷ്‌കുമാര്‍ പുതിയൊരു ഭാവുകത്വത്തെതന്നെ സൃഷ്ടിക്കുന്നു. വിപ്ലവാശയങ്ങളെ മരവിപ്പിച്ചു നിര്‍ത്തുന്ന ഒരു തുരുത്തിനെ ഇ. സന്തോഷ് കുമാര്‍ വായനക്കാരനു മുന്‍പില്‍ കൊണ്ടുവന്നു നിര്‍ത്തുമ്പോള്‍ അതിലെ ഇരുട്ടിന്റെ നിറം മലയാളി വായനക്കാര്‍ക്ക് ചിരപരിചിതമായ നിറമല്ല. സന്തോഷ് ഇരുട്ടിനെ മറ്റൊരു നിറഭേദമായി അവരിപ്പിക്കുന്നു. തുരുത്ത് സമകാലീന ജീവിതത്തിലെ സാധ്യതയയൊ യാഥാര്‍ത്ഥ്യമൊ ആയി നിലനിര്‍ത്തപ്പെടുന്നു.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.