2013, നവംബർ 25, തിങ്കളാഴ്‌ച

ആഴ്ച്ചപ്പാങ്ങ് - 3: നിരൂപണ സാഹിത്യത്തിലെ ആണ്‍വേശ്യകള്‍

പുസ്തകങ്ങള്‍ ഊര്‍ജ്ജ ശ്രോതസ്സുകളാണെന്നാണ് എം.എന്‍.വിജയന്‍ അഭിപ്രായപ്പെട്ടത്. ഒരു പുസ്തകത്തിന്റെ മുഴുവന്‍ ഊര്‍ജ്ജത്തെയും സ്വാംശീകരിക്കാനാണ് വായനക്കാരന്‍ ഒരു കൃതിയെ സമീപിക്കുന്നത്. എന്നാല്‍ നിരൂപകന്റേത് ഊര്‍ജ്ജം സ്വാംശീകരിക്കല്‍ മാത്രമല്ല, ഒരു കൃതിയില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജ്ജത്തെ സ്വാംശീകരിക്കുന്നതോടൊപ്പം അതിന്റെ ഊര്‍ജ്ജരേണുക്കളില്‍ ഒരു ചെയിന്‍ റിയാക്ഷനിലൂടെ സര്‍ഗ്ഗാത്മക സൗന്ദര്യത്തിന്റേതായ ഒരു വന്‍സ്‌ഫോടനമുണ്ടാക്കുകകൂടി ചെയ്യുന്നു. നിരൂപകന്‍ പുതിയൊരു സൗന്ദര്യത്തെ സൃഷ്ടിക്കുന്നു. എഴുത്തിനെക്കാള്‍ മുകളില്‍ നില്‍ക്കുന്ന ഒരു സംവേദനത്തിന്റെ സര്‍ഗ്ഗാത്മക സൗന്ദര്യത്തെ ലോകത്തിനുമുന്‍പില്‍ അവതരിപ്പിക്കുന്നു. ഒരോ വായനയിലും ഒരോ ഇടിമുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ഇടിമുഴക്കങ്ങളുടെ രക്തശോഭയില്‍ മുങ്ങിക്കുളിച്ചുവേണം ഓരോ എഴുത്തുകാരന്റേയും ജീവിതപ്പുലരികള്‍. കെ. പി. അപ്പന്റേയും. വിജയന്റേയും കാലത്തിനുശേഷം നിരൂപണം എന്ന സാഹിത്യശാഖയുടെ കഥകഴിഞ്ഞു എന്ന തോന്നലാണ് നമുക്കുണ്ടാകുന്നത്. ഒരിക്കല്‍ എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലത്തില്‍ അദ്ദേഹം ഗുപ്തന്‍നായരെ വിമര്‍ശിച്ചത് ഇപ്പോള്‍ ഓര്‍ക്കുന്നു. ഒരു സാഹിത്യകൃതിയുടെ മുഴുവന്‍ സത്തയെ ഊറ്റിയെടുക്കാനുള്ള കഴിവാണ് നിരൂപകന് പ്രഥമമായി വേണ്ടത്. വരിയുടച്ച കാള തന്റെ ഇണയുടെ മുന്‍പില്‍ നിന്ന് ങ്ഹൂ.. ങ്ഹൂ... എന്നുപറയുന്നതുപോലെയാണ് ഗുപ്തന്‍നായര്‍ കൃതികളെ സമീപിക്കുന്നതെന്ന് എം. കൃഷ്ണന്‍ നായര്‍ ഒരിക്കല്‍ സാഹിത്യവാരഫലത്തില്‍ എഴുതിയത്. ഗുപ്തനായരെ ഇവിടെ വിട്ടുകളയുന്നു. അദ്ദേഹം മഹാനായ ഒരു എഴുത്തുകാരനാണെന്നതില്‍ എനിക്ക് സംശമില്ല. പക്ഷെ ഇന്നത്തെ സ്‌പോണ്‍സേഡ് നിരൂപണമെഴുതുന്ന ആണ്‍വേശ്യകളെ എന്തിനോടാണ് ഉപമിക്കേണ്ടത്. ആണ്‍വേശ്യകള്‍ കൃതിയെ നക്കിത്തുവര്‍ത്തുന്നു, അവരുടെ കൈത്തുടയില്‍ കൃതിയുടേയും കര്‍ത്താവിന്റേയും പേര് 'ടാറ്റു'കള്‍ വരച്ചുപിടിപ്പിച്ചിരിക്കും. ഇവരുടേത് നിരൂപണമല്ല, മലയാള നിരൂപണ സാഹിത്യത്തിന്റെ ഇന്നത്തെ അവസ്ഥയോര്‍ത്ത് സങ്കടം തോന്നുന്നു. സമകാലിക ഭാവുകത്വപരിസരങ്ങെളേയും ദാര്‍ശനിക സമസ്യകളെയും കണ്ടെത്താനും അവലോകനം ചെയ്യാനും നല്ല നിരൂപകര്‍ നമുക്കില്ലേ....? എം. കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലത്തിനുശേഷം കലാകൗമുദിയില്‍ വന്നുകൊണ്ടിരുന്ന അക്ഷരജാലകം ഇപ്പോള്‍ കാണാനില്ല. ജാലകങ്ങളില്ലാത്ത കലാകൗമുദിയില്‍ രചനകള്‍ ഇനി ശ്വാസംമുട്ടിമരിക്കും.


സമകാലിക ഭാവുകത്വത്തെക്കുറിച്ച്, നിലവിലെ ലാവണ്യശാസ്ത്രങ്ങളെക്കുറിച്ച് ഒക്കെ സന്ദേഹങ്ങളുണ്ടാവുമ്പോള്‍, സംവേദനത്വത്തെ നവീകരിക്കാനും സജീവമായി നിലനിര്‍ത്താനും ഞാനെപ്പോഴും വായിക്കാനെടുക്കുന്നത് കെ. പി. അപ്പനേയും എം.എന്‍.വിജയനേയുമൊക്കെയാണ്. ബുദ്ധിയേയും നമ്മുടെ സംവേദന ശീലങ്ങളേയും കിളച്ചുമറിക്കാന്‍ അവര്‍ക്ക് കഴിയും. അതുകൂടാതെ ജി. മധുസൂദനന്റെ 'ഭാവുകത്വം 21ാം നൂറ്റാണ്ടില്‍' എന്നൊരു പുസ്തകം ഒരുപാട് പുനര്‍വായനകള്‍ക്ക് വയ്ക്കാറുണ്ട്. അത് വായിച്ച് തിരിച്ച് വയ്ക്കുമ്പോഴൊക്കെ ആകുലപ്പെടാറുള്ളത് സമകാലിക നിരൂപണ സാഹിത്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചോര്‍ത്താണ്. 2006 ല്‍ ജി. മധുസൂദനന്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചതിനുശേഷം പുതിയൊരു പുസ്തകം അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം സജീവ സാഹിത്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായ ഒരു അനുഭവം, വല്ലാത്ത ഒരു നഷ്ടബോധം എന്നിലൂണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം പൂനയില്‍വെച്ച് നടന്ന സാഹിത്യഅക്കാദമിയുടെ ഒരു ശില്‍പാശാലയില്‍ വെച്ച് ജി. മധുസൂദനനെ ഞാന്‍ കണ്ടു. നിരൂപണ രംഗത്തെ ശൂന്യതയെ കുറിച്ച് ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. ഒരു സൗഹൃദ സംഭാഷണമായിരുന്നു അത്. അദ്ദേഹം എന്റെ അഭിപ്രായത്തെ ശരിവെച്ചു. മാത്രമല്ല സജീവമായ എഴുത്തിലേക്കു വരാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നിലെ വായനക്കാരനെ അത് ഏറെ സന്തോഷിപ്പിക്കുന്നു.






അടിവസ്ത്രങ്ങളുടെ വൈവിധ്യം

വിഷ്ണുപ്രസാദിന്റെ ലിംഗവിശപ്പ് എന്ന കവിതയെക്കുറിച്ച് ഫേസ്ബുക്കിലും ബ്ലോഗിലും ലഭ്യമായ എല്ലാ ചര്‍ച്ചകളും വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നിയ ഒരു ആശയമാണ്; കേരളത്തിലെ എല്ലാ മുന്‍നിര കവികളുടേയും അടിവസ്ത്രങ്ങളുടെ ഒരു പ്രദര്‍ശനം കേരളത്തിലെ ഏതെങ്കിലുമൊരു സാംസ്‌കാരിക നഗരത്തില്‍ സംഘടിപ്പിക്കണം. അവരുടെ കവിതകളുടെ പൊതുഭാവാത്മകതപോലെ ഇവരുടെ അടിവസ്ത്രങ്ങളിലും പൊതുവായ ചിലത് കാണാനായേക്കും. ചെമ്മനം ചാക്കോ എന്ന തലമുതിര്‍ന്ന കവിയെ ഇതില്‍ നിന്ന് നമ്മുക്ക് ഒഴിവാക്കാം.
സ്വന്തം വൈയ്യക്തികതയിലേക്ക് കൂടുതല്‍ ചൂഴ്ന്നു ചൂഴ്ന്നുപോകുന്ന ഒരവസ്ഥയാണ് സാഹിത്യാസ്വാദനത്തിലെ ഒരു പ്രധാനഘടകം. എഴുത്തില്‍ വായിച്ചെടുക്കുന്ന കാമവും കലാപവുമൊക്കെ നടക്കുന്നത് യഥാര്‍ത്ഥത്തില്‍ വായനക്കാരന്റെ ഉള്ളിലാണ്. വിഷ്ണുവിന്റെ ലിംഗവിശപ്പ് വായനക്കാരന്റേതുകൂടിയാവുന്നിടത്താണ് ആ കവിതയുടെ വിജയം. എന്നാല്‍ തന്റെ ലിംഗത്തിന്റെ വിശപ്പിനെ സ്വയം അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറില്ലാത്ത ചിലരുണ്ട് അവര്‍ക്കായി മേല്‍പ്പറഞ്ഞ പ്രദര്‍ശനം നമുക്ക് സമര്‍പ്പിക്കാം...


വളര്‍ത്തുപട്ടികള്‍
പണ്ടൊക്കെ വളര്‍ത്തുപട്ടികളെ പട്ടിപിടുത്തക്കാര്‍ തിരിച്ചറിഞ്ഞിരുന്നത് പട്ടിയുടെ ഉടമകള്‍ പട്ടിയുടെ കഴുത്തിലിടുന്ന ബെല്‍റ്റ് നോക്കിയാണ്. പഞ്ചായത്തൊ മുനിസിപ്പാലിറ്റിയൊ ആണ് ഈ ബെല്‍റ്റ് ഉടമകള്‍ക്ക് കൊടുക്കുന്നത്. അതോടെ ഇവറ്റങ്ങളെ പട്ടിപ്പിടുത്തക്കാര്‍ വിട്ടുകളയുന്നു. കഴുത്തില്‍ ബെല്‍റ്റില്ലാത്ത പട്ടികളെ ഇവര്‍ നിഷ്‌ക്കരുണം കുണുക്കിട്ട് പിടിക്കുന്നു. സമകാലിക സാഹിത്യ മാധ്യമങ്ങളില്‍ നിന്ന് ഇത്തരം ബെല്‍റ്റുകള്‍ കിട്ടും (എല്ലാവര്‍ക്കുമല്ല. അതുകിട്ടാന്‍ ഇത്തിരി വേലത്തരങ്ങളൊക്കെ അറിയണം). ഈ ബെല്‍ട്ടില്ലാത്ത സൃഷ്ടികളെ നിഷ്‌ക്കരുണം കുണുക്കിട്ട് കൊന്ന് ചവറ്റുകുട്ടയില്‍ തള്ളുന്നത് ഒരു പതിവ് കാഴ്ചയാണ്. കഴുത്തില്‍ ബെല്‍റ്റില്ലാത്ത തെരുവുപട്ടികള്‍ സൈബര്‍ലോകത്ത് വംശനാശം നേരിടുകയാണ്. രണ്ടുവര്‍ഷം മുന്‍പുവരെ ബ്ലോഗില്‍ നിറഞ്ഞ് നിന്നിരുന്ന ഈ ജീവികളെ ഇന്ന് അധികം കാണാനില്ല. ആനുകാലികങ്ങളിലെ എഡിറ്റര്‍മാരുടെ കുണുക്കുകളില്‍ പലരും ശ്വാസമുട്ടി മരിച്ചുപോയിരിക്കാം.


കവിതയുടെ റെസിപ്പി
തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ഉണ്ടാക്കുന്ന സാമ്പാറിന്റെ രുചിയില്‍ വ്യത്യാസമുണ്ട്. നല്ല സാമ്പാറേതെന്ന് തിരഞ്ഞെടുത്ത് അതിന്റെ റെസിപ്പി നോക്കി വീണ്ടും വീണ്ടും സാമ്പാറുകള്‍ പുനസൃഷ്ടിക്കുന്നതും കൈമാറുന്നതുമൊക്കെയാണ് പാചകത്തിലെ സംമ്പ്രദായം. സാഹിത്യത്തിലും അങ്ങിനെ ചില റെസിപ്പികള്‍ കിട്ടാനുണ്ട് എന്നുവേണം അനുമാനിക്കാന്‍. ചില നിരൂപകരെങ്കിലും അറിഞ്ഞൊ അറിയാതെയൊ കവിതയുടേയും കഥയുടേയും രുചിക്കൂട്ടുണ്ടാക്കുന്നവരായി മാറുന്നുണ്ട്. പാചകം ചെയ്യുകയും തിന്നുകയും ചെയ്യുന്നപോലെയല്ല സര്‍ഗ്ഗാത്മകത എന്ന് ഇവരൊക്കെ ഓര്‍ത്താല്‍ നന്ന്. സാഹിത്യത്തിന് പുതിയ രുചിക്കൂട്ടുണ്ടാക്കുന്നത് ഒരു സര്‍ഗ്ഗാത്മക നിരൂപകന്റെ വഴിയല്ല. ഉണ്ടാക്കുകയും ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്നതല്ല സാഹിത്യം. എഴുത്തുമാത്രമല്ല വായനയും ഒരു ഉത്പാദനമാണ്. വായന ഒരു 'ഉപ-ഭോഗമല്ല'. ഭോഗം' വായനയല്ല... ഭോഗിക്കുന്നവന്‍ ഒന്നും വായിക്കുന്നില്ല. വായന ഒരു സര്‍ഗ്ഗാത്മക സാഹിത്യപ്രവര്‍ത്തനമാണ്. എഴുത്തിനെക്കാള്‍ മഹത്തരമാണത്. റെസിപ്പി സാഹിത്യം എല്ലാകാലത്തും ഒരു ശാപംപോലെ മലയാള സാഹിത്യത്തില്‍ ഉണ്ടായിട്ടുണ്ട്. കാലത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ വൈവിധ്യവുമായാണ് വായനക്കാരന്റെ രസനയില്‍ കൃതികള്‍ വന്നു നിറയുന്നത്. അതിന് നിയതമായ പാചകവിധികളില്ല. വേറിട്ട കാഴ്ച്ചകളില്ലാത്ത, ഉപരിപ്ലവമായ കാഴ്ച്ചപ്പുറത്ത് പാറിക്കിടക്കുന്ന കവിതകളുടെ രുചികള്‍ ഒന്നായിത്തീരുന്ന ഒരു അനുഭവം ഉണ്ടാകുന്നു. ഈ റെസിപ്പി ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


ദൃശ്യങ്ങളുടെ പെരുമഴയില്‍ ഒരു തുള്ളി സിനിമ
K. U. Mohanan
മുംബൈയിലെ അറിയപ്പെടുന്ന സിനിമാ നിരൂപകന്‍ പി. കെ. സുരേന്ദ്രന്‍ പ്രശസ്ത സിനിമാടോഗ്രാഫര്‍ കെ.യു. മോഹനനുമായി നടത്തിയ മാധ്യമത്തില്‍ പ്രസിദ്ധികരിച്ച അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ കഴിഞ്ഞു. ഒരു സിനിമാടോഗ്രാഫറുടെ ആത്മവ്യഥകളും, സാങ്കേതികവിദ്യയില്‍ വന്നിട്ടുള്ള വിപ്ലവങ്ങള്‍ക്കനുസരിച്ച് സ്വയം പാകപ്പെടന്ന മികവുറ്റ ഒരു കലാകാരനെ കെ.യു.മോഹനനില്‍ കണ്ടു. ബോളിബുഡിലെ തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കുവേണ്ടി ക്യാമറ ചലിപ്പിക്കേണ്ടിവരുമ്പോഴും മണികൗളിനെപോലുള്ള മഹാനായ സിനിമാക്കാരനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച ചലചിത്ര അനുഭവത്തെ സുകൃതംപോലെ മനസ്സില്‍ സൂക്ഷിക്കുകയാണ് ഈ സിനിമാക്കാരന്‍. ഒരു ചലചിത്ര വിദ്യാര്‍ത്ഥി നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു അഭിമുഖമാണിത്. 
'എല്ലാവരുടെ കൈയ്യിലും ക്യാമറയുണ്ട് പക്ഷെ നല്ല ചലചിത്രങ്ങള്‍ ഉണ്ടാകുന്നില്ല. എല്ലാവരുടെ കൈയ്യിലും പേനയും പെന്‍സിലുമുണ്ട് പക്ഷെ നല്ല സാഹിത്യമുണ്ടാക്കാന്‍ പറ്റുന്നില്ല. സിനിമയിലെ നിഗൂഢത ഇന്ന് നിലനില്‍ക്കുന്നില്ല. അതിന്റെ സാങ്കേതികവശങ്ങള്‍ ഇന്ന് രഹസ്യമല്ല. എന്നിട്ടും നല്ല ചലചിത്രങ്ങള്‍ ഉണ്ടാകുന്നില്ല' മോഹനന്‍ അഭിപ്രായപ്പെടുന്നു. ഇവിടെയാണ് എന്താണ് പ്രതിഭ എന്ന തിരിച്ചറിവു നമുക്കുണ്ടാവുന്നത്. 'പെര്‍ഫെക്ഷന്‍ എന്നു പറയുമ്പോള്‍ നാം കമലഹാസന്റെ വിശ്വരൂപമൊ അല്ലെങ്കില്‍ അതുപോലുള്ള ഹോളിവുഡ് സിനികളൊ ആണ് ഉദ്ദേശിക്കുന്നത്. സിനിമയുണ്ടാക്കാന്‍ ഇത്തരം വന്‍ സന്നാഹങ്ങളൊന്നും തന്നെ ആവശ്യമില്ല' മോഹനന്‍ പറയുന്നു..


ദൃശ്യങ്ങളുടെ കാലിടോസ്‌കോപ്പിലൂടെ ഉരുത്തിരിഞ്ഞുവരുന്ന വിസ്മയങ്ങളല്ല ചലചിത്രം അത് ചലചിത്രകാരന്റെ ആത്മാവില്‍ നിന്ന് വരുന്നതാണ്. മുഖ്യധാര ചലചിത്രങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്ന ഒരു പ്രയോഗമുണ്ട് 'മനം മയക്കുന്ന ക്യാമറ'. കാഴ്ച്ചക്കാരന്റെ മനം മയക്കാന്‍ ദൃശ്യങ്ങളെ ടെക്‌നോളജിയുടെ കാലിഡോസ്‌കോപ്പിലിട്ട് ഒന്ന് കുലുക്കിയെടുത്താല്‍ മയങ്ങാത്ത ഏതൊരാളും മയങ്ങും. എന്നാല്‍ അതല്ല ഒരു ചായാഗ്രാഹകന്റെ കടമ എന്ന് മോഹന്‍ പറഞ്ഞുതരുന്നു. കെ.യു. മോഹനനുമായി നടത്തിയ ഈ പ്രൗഢമായ അഭിമുഖത്തിന് പി.കെ. സുരേന്ദ്രന്‍ അഭിനന്ദനമര്‍ഹിക്കുന്നു.


ഏറ്റവും നല്ല അമ്മമാത്രം പോര, അച്ഛനും വേണം.
എന്റെ ചെറുപ്പകാലത്താണ് ഒരോണപ്പതിപ്പില്‍ നിന്ന് അക്ബര്‍ കക്കട്ടിലിന്റെ 'സ്‌ത്രൈണം' എന്ന ലഘു നോവല്‍ ഞാന്‍ വായിക്കുന്നത്. എന്നെ ഏറെ ആകര്‍ഷിച്ച ഒരു നോവലായിരുന്നു അത്. ഒരേ ജന്മത്തില്‍തന്നെ സ്ത്രീയുടേയും പുരുഷന്റേയും ജീവിതം ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഒരു രാജാവിന്റെ കഥപറയുന്ന നോവല്‍. സ്ത്രീ ശരീരത്തെ അതിന്റെ അനുഭൂതി സമൃദ്ധമായ ജൈവപരതയെ മഹത്വവത്ക്കരിക്കുന്ന ഈ നോവല്‍ ഇന്നത്തെ സ്ത്രീപക്ഷവായനയില്‍ ഒരു പക്ഷെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയേക്കാം. കാരണം അതില്‍ ഒരേ സമയം നായകനും നായികയുമാകുന്ന ഭംഗാസുന രാജാവ്‌ (പേര് അതുതന്നെയൊ എന്ന് നിശ്ചയമില്ല) സ്ത്രീയേയും പുരുഷനേയും തമ്മില്‍ തുലനം ചെയ്യുമ്പോള്‍ തനിക്ക് ഒരു പെണ്ണിന്റെ ജീവിതമാണ് അഭികാമ്യമായിട്ടുള്ളത് എന്ന് പറയുന്നു. ലൈംഗികബന്ധത്തില്‍ പുരുഷനേക്കാള്‍ സ്ത്രിയൂടെ ധാരമുറിയാത്ത ഒരു അനുഭൂതിമണ്ഡലത്തിന്റെ ജൈവസാന്നിധ്യത്തെ തണുവു വറ്റാത്ത മഴനിഴല്‍പ്രദേശങ്ങളെ ലോകത്തിനുമുന്‍പില്‍ തുറന്നുവയ്ക്കുന്നുണ്ട് ആ നോവല്‍. അച്ഛനാവുന്നതിനുമുപ്പുറം ഒരു അമ്മയാവുന്നതിന്റെ അനുഭൂതിയെ മഹത്തരമെന്ന് പറയുന്നു ആ നോവലിലെ സ്ത്രീ കഥാപാത്രം!. കാലിക്കറ്റ് സര്‍വ്വകലാശാല ഏറ്റവും നല്ല ഒരു അമ്മയ്ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ സ്ത്രീ സമത്വവാദികള്‍ രോക്ഷം കൊള്ളുന്നതുകണ്ടു. തസ്ലീമ നസ്‌റീന്റെ പ്രതികരണമായിരുന്നു പല പ്രതികരണത്തിന്റേയും ആണിക്കല്ല് എന്ന് കരുതുന്നു. മാതൃത്വത്തെ മഹത്വവത്ക്കരിക്കുന്നതിലൂടെ സ്ത്രീയുടെ വിദ്യഭ്യാസപരവും സാമൂഹികവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യത്തെ അപനിര്‍മ്മിക്കുകയാണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. സ്ത്രീതന്നെ തന്റെ സ്വത്വബോധത്തെ അപനിര്‍മ്മിക്കപ്പെടുന്ന കാഴ്ചയാണ് എനിക്കിതില്‍ കാണാനാവുന്നത്. അതല്ലെങ്കില്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കപ്പെടുന്ന സ്ത്രീസമത്വവാദങ്ങളുടെ പൊള്ളയായ ഒരു പരിച്ഛേദമാണിത്. മാതൃത്വത്തെ അടിച്ചേല്‍പ്പിക്കുകയും അതാണ് മഹത്തരം എന്ന ബോധ്യം സ്ത്രീയില്‍ ഉണ്ടാകുന്നതോടെ അവളുടെ സ്വാതന്ത്ര്യബോധത്തില്‍ പ്രതിലോമകരമായ മാറ്റങ്ങള്‍ ഉണ്ടായിപ്പോകുന്നു എന്ന കണ്ടുപിടുത്തം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഢിത്തങ്ങളിലൊന്നായി ഞാന്‍ കാണുന്നു. മാതൃത്വം ജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു അവസ്ഥയാണ്. പക്ഷെ അത് വളരെ അനിവാര്യമായ ഒന്നാണെന്നൊ അടിച്ചേല്‍പ്പിക്കപ്പെടേണ്ട ഒന്നാണെന്നൊ അര്‍ത്ഥമാക്കേണ്ടതില്ല. ഒരു ലൈംഗിക ബന്ധത്തിനുശേഷം ഉണ്ടാകുന്ന ഒരവസ്ഥയാണ്. മാതൃത്വം ആടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല. കുടുംബവ്യവസ്ഥയില്‍ അത് ഒരു അനിവാര്യതയാണെന്ന് രീതിയിലാണ് കാര്യങ്ങെളെങ്കില്‍പോലും. പണ്ടൊരിക്കല്‍ പള്ളുരുത്തി ബാങ്ക് കവര്‍ച്ചക്കേസില്‍ തെറ്റുകാരനായ മകനെ സമൂഹത്തിന് മുന്നില്‍കൊണ്ട് നിര്‍ത്തിയ ഒരമ്മയെ ഓര്‍ത്തുപോകുന്നു. മൂല്യവത്തായ ഒരു സമൂഹനിര്‍മ്മിതിയില്‍ ഒരു അമ്മയുടെ പങ്കിനെ (ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അച്ഛന്റേതും, ഒരു അദ്ധ്യാപകന്റേതുമൊക്കെ സ്ഥാനം മഹത്തരമാണ്) അതിന്റെ മാഹത്വത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ ഒരു വലിയ സന്ദേശം സമൂഹത്തിന് ലഭിക്കുന്നുണ്ട്. തീര്‍ച്ചയും ഒരു നല്ല അമ്മയ്ക്ക് മാത്രം പുരസ്‌കാരം കൊടുത്താല്‍ പോരെ ഒരു നല്ല അച്ഛനേയും നല്ലൊരു അദ്ധ്യാപകനേയും ഇതോടു ബന്ധപ്പെട്ട് തിരഞ്ഞെടുത്ത് ആദരിക്കണം. ഇതിലൊന്നും സ്ത്രീപുരുഷ സ്ഥിതിസമത്വത്തിന് എതിരായി ഒന്നുമില്ല. നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു സര്‍വ്വകലാശാല ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തതില്‍ ഒരു അനൗചിത്യവുമില്ല. അമ്മയ്ക്ക് അവാര്ഡ്‌കൊടുത്താല്‍ സ്ത്രീയുടെ സ്ഥിതിസമത്വം ഇടിഞ്ഞുവീഴുമെങ്കില്‍ നല്ല അച്ഛനെ തിരഞ്ഞെടുത്താല്‍ നാളെ പുരുഷകേസരികളുടെ സ്വാതന്ത്ര്യബോധം പൊയ്‌പോകുമോ..? ലിംഗപരമായ പ്രത്യേയശാസ്ത്രവബോധങ്ങളും ആവിഷ്‌ക്കരണത്വരയും ഒരു പരിധിവിടുമ്പോള്‍ എത്ര വികലമായ വീക്ഷണങ്ങളേയാണ് ഉത്പാദിപ്പിക്കുന്നത് എന്നതിന്റെ ഒരു നേര്‍സാക്ഷ്യമാണ്  
മിനി സുകുമാരന്‍ എഴുതിയ മാതൃഭൂമി ലേഖനം. ലിംഗപരതയുള്ള ഒരു സംഭവത്തെ കിട്ടാന്‍ ജാഗരൂകരായിരിക്കുകയാണ് സ്ത്രീ സമത്വവാദികള്‍, സ്ത്രീയുടെ സ്വാതന്ത്യബോധത്തെ കൊട്ടിഘോഷിക്കാനെന്നപേരില്‍ 'വിടുവായ്' ലേഖനങ്ങളെഴുതാന്‍.



ആഷാമേനോന്‍
ടി.ഡി. രാമകൃഷ്ണന്റെ ഇട്ടിക്കോര ഓരോ തവണ വായിക്കാനെടുക്കുമ്പോഴും കഥയുടെ ഒന്നാംപേജിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരാന്‍ ഒരു വ്യഗ്രതയാണ്. ആഷാമേനോന്റെ അതി കഠിനമായ അവതാരിക കടന്നുവേണം ടി.ഡി.ആറിന്റെ ലളിതവും ഭ്രമാത്മകവുമായ ഇട്ടിക്കോരയിലെത്താന്‍. ഉരുക്കുപോലുള്ള അവതാരികയില്‍ മുട്ടിടിച്ചുവീഴാതെ എത്രപേര്‍ ഇട്ടിക്കോരയിലെത്തിയെന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. ഇത്ര ലളിതമായ, വച്ചുകെട്ടുകളൊ ഭാഷാ ഗിമ്മിക്കൊ ഇല്ലാത്തൊരു നോവലിന് സത്യസന്ധമല്ലാത്ത വേണ്ടതിലുംകൂടുതല്‍ അക്കാദമിക് ജാഢയുമായി ഒരു അവതാരിക ആ പുസ്തകത്തിന് ഒട്ടും അനുയോജ്യമല്ല. ഒരു കൃതിയെ അവതരിപ്പിക്കല്‍ മാത്രമാണ് അവതാരകന്റെ ജോലി അതിലപ്പുറത്തുള്ള ഏതൊരു കൈക്രിയയും അസ്ഥാനത്തുള്ളതാണ്.


സന്തോഷ് എച്ചിക്കാനം
സന്തോഷിന്റെ പുതിയ കഥ 'കലാതിലകം' മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ വായിച്ചു. അതിലെ തൂപ്പുകാരി സതി യെന്ന എക്‌സ്ട്രാ ഓര്‍ഡിനറി കഥാപാത്രത്തെ ചോദ്യചെയ്യാന്‍ ഒരു വായനക്കാരനും കഴിയില്ല. ഇത്തരം കഥാപാത്രങ്ങളെ കാണാനും പരിചയപ്പെടാനും കഴിയുന്നത് തന്നെ ഭാഗ്യം. അതോടൊപ്പം പാത്രസൃഷ്ടിയിലും അഖ്യാനത്തിലും സന്തോഷ് പ്രദര്‍ശിപ്പിക്കുന്ന കയ്യടക്കവും മിതത്വവും മറ്റു കഥാകൃത്തുക്കള്‍ കണ്ടുപഠിക്കേണ്ടതാണ്. പക്ഷെ ഷര്‍മ്മിള എന്ന സ്റ്റീരിയോടൈപ്പിനെ രക്ഷിക്കാന്‍ സന്തോഷിന് സാധിച്ചില്ല. കഥാപാത്രങ്ങളായി രണ്ടു ഫെമിനിസ്റ്റുകളുണ്ടെങ്കിലും ഇതൊരു ഫെമിനിസ്റ്റ് കഥയല്ല. ഷര്‍മ്മിളയുടെ തിളങ്ങിനില്‍ക്കുന്ന സിന്ദൂരരേഖപോലെ കഥയുടെ സാമ്പ്രദായിക സംവേദനത്തില്‍ നിന്ന് വേറിട്ടൊരു കഥയനുഭവമാക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നില്ല



ജുഹുവില്‍ ഒരു രാത്രി
അഞ്ചാം തരത്തിലൊ ആറിലൊ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു മലയാള പാഠപുസ്തകത്തില്‍ എസ്.കെ. പൊറ്റക്കാടിന്റെ ജുഹുവിലെ ഒരു രാത്രിയെക്കുറിച്ച് ഒരു പാഠമുണ്ട്. മുംബൈയിലെ പ്രശസ്തമായ ബീച്ചാണ് ജുഹു. പഞ്ചനക്ഷത്രഹോട്ടലുകളും സുഖവാസ കേന്ദ്രങ്ങളുമുള്ള മുംബൈയുടെ ജുഹുവിനെക്കുറിച്ച്, അവിടുത്തെ പഞ്ചാരമണലിനെക്കുറിച്ച്, മലര്‍ന്ന് കിടക്കുന്ന വിദേശികളെക്കുറിച്ചൊക്കെ അതില്‍ എസ്.കെ. പൊറ്റക്കാട് പറയുന്നതോര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവാസിയായതിനുശേഷം ഒരു സായാഹ്നം ചിലവിടാന്‍ ജുഹുവിലേക്ക് തിരിക്കുമ്പോള്‍ പൊറ്റക്കാടിന്റെ ജുഹുരാത്രിയാണ് ഓര്‍ത്തത്. പക്ഷെ എന്നെ കാത്തിരുന്നത് പൊറ്റക്കാടിനവേണ്ടി കടല്‍വിരിച്ച പഞ്ചാരമണലായിരുന്നില്ല. കടല്‍ കറുപ്പിനേക്കാള്‍ കറുത്തുപോയിരിക്കുന്നു. ഓരോ തിരിയിലും ഒരു നൂറ്റാണ്ടിന്റെ മാലിന്യവുമായി തിരകള്‍ വന്നുംപോയുമിരുന്നു.  തിരയില്‍ കാല്‍പദം വയ്ക്കാന്‍ പോലും ഞാനറച്ചുപോയി.... കടല്‍തീണ്ടിയ കാറ്റിനുപോലും വഴുവഴുപ്പുള്ളതുപോലെ തോന്നി. ദേഹംമാസകലം ചളിമൂടിയതുപോലെ ഒരു പ്രതീതി. പൊറ്റക്കാട് മരിച്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറം അദ്ദേഹം തൊട്ടുകടന്നുപോയ ഹരിതാഭമായിരുന്ന ഒരോ ഭൂഖണ്ഡങ്ങളുടേയും അവസ്ഥ ഇതായിരിക്കുമൊ? എന്നോര്‍ത്ത് ഞാന്‍ വ്യസനിച്ചു.

2013, നവംബർ 18, തിങ്കളാഴ്‌ച

ഓര്‍മ്മയുടെ ഷെല്‍ഫില്‍ മെഴുകുപുരണ്ട ഭാവുകത്വങ്ങള്‍....

ഭാവുകത്വം എന്ന പദം ആദ്യമായി ഞാന്‍ പരിചയപ്പെടുന്നത് മലയാള സിനിമയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ഞാന്‍ ജീവിക്കുന്ന ജീവിത്തെ അതിന്റെ ഞാന്‍പോലുമറിയാത്ത സാന്ദ്രതകളെ, സാധ്യതകളെ എനിക്കു കഴിയുന്നതിലുമധികം സര്‍ഗ്ഗാത്മകമായി തിരശ്ശീലയിലൂടെ ഞാന്‍ ഏറ്റുവാങ്ങുന്നു. അതിനെ ഞാന്‍ ജീവിതത്തിലേക്ക് അനുകരിക്കുന്നു. ആ സിനിമയിലെ പാട്ടുകളും സംഭാഷണങ്ങളും എന്റെ ജീവിതത്തിന്റെതന്നെ ഭാഗമാകുന്നു. അതിലെ നടന്റെ അവസ്തകളും എന്റേതും പലകാലങ്ങളില്‍ ഒന്നാകുന്നു. അവന്‍ പറയുന്ന തമാശകളും ചിരിയും കരച്ചിലും ഏന്റേതുകൂടിയാകുന്നു. ഭരതനും പത്മരാജനും ലോഹിതദാസും ആവിഷ്‌ക്കരിച്ച ഭാവുകത്വത്തില്‍ യേശുദാസും ചിത്രയും രവീന്ദ്രനും പൂരിപ്പിച്ച സംഗീതത്തില്‍, ആകാശവാണിയുടെ ഗാനതരംഗിണിയും, യുവവാണിയും, വയലുംവീടും പരിപാടികളും സമയാസമയങ്ങളില്‍ അനുഭവിപ്പിച്ച ശബ്ദസംസ്‌കാരത്തില്‍ ജീവസ്സാര്‍ന്ന ഒരു ഭാവുകത്വത്തെ ഞാന്‍ അനുഭവിച്ച് ആസ്വദിച്ച് വളര്‍ന്നു വന്നു.

മുണ്ടകന്‍ കൊയ്‌തൊഴിഞ്ഞ പാലക്കാടന്‍ വയലേലയില്‍ ഒരു പൊങ്കല്‍ദിനരാത്രിയില്‍ ദൂരെ മൈക്ക് സെറ്റില്‍ നിന്ന് ഒഴുകി വരുന്ന 'വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു'എന്ന പാട്ടുകേട്ട് രാത്രി വയല്‍വരമ്പത്ത് മലര്‍ന്നുകിടന്ന് പൊട്ടിക്കരഞ്ഞുപോയ ഒരു പതിനാറുകാരന്‍ ചെക്കനെ ഞാനിന്ന് ഓര്‍ത്തെടുക്കുന്നു. വീട്ടില്‍ നിന്ന് എന്തിനൊ അച്ഛന്റെ കൈയ്യില്‍ നിന്ന് പതിവിലും കൂടുതല്‍ കിട്ടിയതിന്റെ സങ്കടത്തോടെ കിടക്കുമ്പോഴാണ് ശ്രീ കെ. ജെ. യേശുദാസിന്റെ ഗാനവൈഭവം എന്നെ വികാരനൗകയിലേറ്റിയത്. ഇപ്പോഴും ആ ഗാനം കേള്‍ക്കുമ്പോള്‍ അന്നത്തെ പൊങ്കല്‍രാത്രി എനിക്കോര്‍മ്മവരും കരച്ചില്‍ വരും.... പലപ്പോഴും കരഞ്ഞുപോകും..... അമരം എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ ഭാവുത്വത്തില്‍ അതിന്റെ ശോകമധുരമായ വിലാപ സ്വരത്തില്‍ എന്നിലെ പതിനാറുകാരന്‍ ഇപ്പോഴും ജീവിക്കുന്നു. ഇതാണ് ഭാവുകത്വത്തിന്റെ ശക്തി. ഒരു പക്ഷെ ജീവിതവുമായി ഒത്തുപോകുന്ന അതിന്റെ അവിസ്മരണീയമായ ഏടുകളെ വരുകാലജീവിതത്തിലേക്ക് പിന്‍ചെയ്ത് തരുന്ന ഒരു ഭാവുകത്വ സിദ്ധി പിന്നീട് അധികം ഉണ്ടായില്ല.


സിനിമ കഴിഞ്ഞാല്‍ ചെറുകഥകളും കവിതകളും കുത്തിക്കെട്ടി വരുന്ന ഓണപ്പതിപ്പുകള്‍ എന്നെ ഏറെ സ്വാധീനിച്ചിരുന്നു. അതൊക്കെ തകര്‍ക്കപ്പെടുകയും ഒരു ഭാവുകത്വരാഹിത്യത്തിന്റേതായ ഒരു അലക്ഷ്യവും അരുചികരവുമായ ഒരു സാഹിതീയ ജീവിതം പലപ്പോഴും ഒരു നിര്‍വ്വേദാവസ്ഥയെ പ്രദാനം ചെയ്യുകയും ചെയ്തു.



സര്‍വ്വത്ര-സര്‍വ്വതന്ത്ര-പൊതുഭാവുകതോന്മുഖ കവിതകള്‍....

പുതുകവിത പ്രതിനിധാനം ചെയ്യുന്നത് ഒരു പൊതുഭാവുകത്വത്തെയാണ്. ആര്‍ക്കും പെട്ടെന്ന് ഒരു കവിത തട്ടിക്കൂട്ടാന്‍ പരുവത്തില്‍ ആര്‍ക്കും കൈയ്യേറാന്‍ പാകത്തില്‍ കവിതയില്‍ ഒരു പൊതു സങ്കേതം നിലനില്‍ക്കുന്നുണ്ട്. വിസ്മയത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍, ബാല്യകൗതുകത്തിനും പരിപക്വതയ്ക്കുമിടയില്‍, ഭാഷയുടെ വരമൊഴിപ്രകൃതികളെ പാടെ അട്ടിമറിച്ചുകൊണ്ട് വായ് വര്‍ത്തമാനങ്ങളുടെ ശീലില്‍ പ്രയോഗിക്കപ്പെടുന്ന നിഷ്‌ക്കളങ്കമെന്ന് തോന്നിക്കുന്ന  ഫലിതം നിറച്ച വരിമുറികളില്‍.......
ഈ കവിതകളില്‍ മൗലികമായ കാവ്യാംശങ്ങളെ അന്വേഷിക്കുന്നത് പാഴ് വേലയാണ്. ഇതിന്റെ അപ്പനാരാണെന്ന് അന്വേഷിക്കാതിരിക്കുന്നതാവും താങ്കള്‍ക്ക് നല്ലത്. റെയില്‍വേ സ്റ്റേഷന്‍പോലെ, ബസ്സ്റ്റാന്റുപോലെ ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന ഒരു പൊതുസ്ഥലംപോലെ ഇതൊരു പൊതു ഭാവുകത്വത്തിന്റെ ഉത്പന്നമാണ്. എല്ലാകാലത്തും ഇങ്ങിനെയൊരു പൊതുഭാവുകത്വം നിലനിന്നിരുന്നു. പദകേളി നടത്തിയ കവിതയുടെ വൃത്തബന്തിതമായ ഒരു കാലംപോലെ, വെടിവെട്ടങ്ങള്‍ക്കുവേണ്ടി കൊഴുപ്പിച്ചെഴുതിയ ചന്ദ്രോത്സവ കവിതകള്‍പോലെ ഏതൊരു പുതുകവിയ്ക്കും ആദ്യംകേറി (വേണമെങ്കില്‍ ജീവിതകാലം മുഴുവന്‍) നിരങ്ങാവുന്ന ഒരു പൊതുഭാവുകത്വം ഇതാണ്... ഇതാവണോ പുതുകവിത എന്നറിയപ്പെടുന്ന ഏറെ പുതിയതല്ലത്ത പുതുകവിതയുടെ ഭാവുകത്വം.


ലിംഗവിശപ്പും കവിതയും

ഭൗതിക സുഖങ്ങളുടെ, നൈമിഷികമായ ക്രീഢാരസങ്ങളുടെ, അര്‍ത്ഥശൂന്യതയെ ജീവിതംകൊണ്ട് തിരിച്ചറിഞ്ഞ ഭര്‍തൃഹരി എല്ലാവിധ സുഖഭോഗങ്ങളില്‍ നിന്നും വിടുതല്‍നേടി “വൈരാഗ്യവസ്ഥ” എന്നറിയപ്പെടുന്ന ദൈവത്തിന് ഏറ്റവും സമീപസ്ഥമെന്ന് അദ്ദേഹം കരുതുന്ന ആത്മീയ അനുഭൂതിയെക്കുറിച്ച് ''വൈരാഗ്യശതകം'' എന്നൊരു കൃതി രചിച്ചിട്ടുണ്ട്. ഞാനിവിടെ പറയാന്‍ ശ്രമിക്കുന്നത് ഭര്‍തൃഹരി പരാമര്‍ശിക്കുന്ന 'വൈരാഗ്യം' എന്ന ആത്മീയതയുടെ പരമമായ അവസ്ഥയെക്കുറിച്ചല്ല. ധനസുഖം അധികാരസുഖം ലൈഗിക സുഖം എന്നിവ ഒരു മനുഷ്യന്റെ പരമമായ ആനന്ദത്തിനെ എങ്ങിനെ നശിപ്പിക്കുന്ന എന്ന് അദ്ദേഹം വൈരാഗ്യശതകത്തില്‍ പറയുന്നു. കൊട്ടാരങ്ങളില്‍ അന്തിയുറങ്ങി ദേവദാസികളുടെ ശരീരവര്‍ണ്ണനം നടത്തുന്ന കവിപുംഗവന്‍മാരെകുറിച്ച് വൈരാഗ്യശതകത്തില്‍ പറയുന്നുണ്ട്.


സ്തനൗ മാംസഗ്രന്ഥീ കനകകലശാവിത്യുപമിതൗ
മുഖം ശ്ലേഷ്മാഗാരം തദപി ച ശശാങ്കേന തുലിതം
സ്രവന്‍മൂത്രക്ലിന്നം കരിവരശിരസ്പര്‍ദ്ധി ജഘനം
മുഹൂര്‍നിന്ദ്യം രൂപം കവിജനവിശേഷൈര്‍ഗുരുകൃതം


ഈ ശ്ലോകത്തിന് എം. ആര്‍. നാരായണപ്പിള്ള നല്‍കിയിരിക്കുന്ന വ്യാഖ്യാമിങ്ങിനെ:
മാംസംകൊണ്ടു നിറയപ്പെട്ടിരിക്കുന്ന മുലകള്‍ സ്വര്‍ണ്ണക്കുടങ്ങളോടും, കഫം, ഉമിനീര്‍ മുതലായ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്ന മുഖം ചന്ദ്രനോടും ഒഴുകിക്കൊണ്ടിരിക്കുന്ന മൂത്രത്താല്‍ നിറയപ്പെട്ടിരിക്കുന്ന പൃഷ്ഠഭാഗം ഗജശ്രേഷ്ഠന്റെ മസ്തകങ്ങളോടുമാണ് ഉപമിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഉപമകളെക്കൊണ്ട് കവികള്‍ വളരെയധികം പ്രശംസിച്ചിട്ടുള്ള സ്ത്രീരൂപം എത്രയും നിന്ദ്യമായിട്ടുള്ളതാകുന്നു.

കേവല സൗന്ദര്യത്തേയും കവിതയില്‍ പ്രയോഗിക്കപ്പെടുന്ന കാവ്യസൗന്ദര്യയുക്തിയേയും ഒറ്റനോട്ടത്തില്‍ ഭര്‍തൃഹരി അട്ടിമറിക്കപ്പെടുന്നതായി അനുഭവപ്പെടുന്നു. പക്ഷെ ഈ സൗന്ദര്യത്തേയും കാമനകളേയും നിരാകരിക്കപ്പെടുന്നിടത്തെ വൈരാഗ്യവസ്ഥ സര്‍ഗ്ഗാത്മകല്ലെന്ന് പറഞ്ഞുകൊണ്ട് നമുക്ക് ഭര്‍തൃഹരിയെ നിരാകരിക്കാം. എന്നാല്‍ എന്ത് യുക്തിയുപയോഗിച്ചാലും അടുത്തകാലത്ത് നവ മാധ്യമമായ ഫേസ്ബുക്കിലൂടെ സഹൃദയ ശ്രദ്ധയാകര്‍ഷിച്ച വിഷ്ണുപ്രസാദിന്റെ 'ലിംഗവിശപ്പ്' എന്ന കവിതയെ തമസ്‌ക്കരിക്കാന്‍ അവില്ല. ഈ കവിത മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലൊന്നായ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലിംഗത്തിന്റെ വിശപ്പിനോളം ഇതുവരെ ഒരു വിശപ്പും ഉണ്ടായിട്ടില്ലെന്ന് സത്യസന്ധമായ ഒരു സ്റ്റേറ്റ്‌മെന്റ് കാവ്യാത്മകുന്നതിനു പിന്നിലെ ജൈവസത്യം തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. അതുകൊണ്ടാവണം ചെമ്മനം ചാക്കൊയെപ്പോലുള്ള തലമുതിര്‍ന്ന കവികള്‍ വിഷ്ണുപ്രസാദിനെ പുലഭ്യം പറഞ്ഞത്. “എന്ത് എഴുതപ്പെടണം എന്ത് എഴുതപ്പെടരുത് എന്നിങ്ങനെയുള്ള ഒരു സാമാന്യരീതിയും കവിതയുടെ സര്‍ഗ്ഗാത്മകലോകത്ത് നിലവിലില്ല” എന്ന് വാദിക്കപ്പെടുന്നിടത്താണ് 'ലിംഗവിശപ്പ' എന്ന കവിത ജീവിക്കുന്നത്. ആത്മാവിന്റെ നഗ്നതയാണ് പലപ്പോഴും കവിതയുടെ പരമമായ സത്യം. ഏറ്റവും ചുരുങ്ങിയ വാക്കുകളിലൂടെ ആത്മാവ് ഉടലഴിച്ചിടുന്ന സര്‍ഗ്ഗമാന്ത്രികത മലയാളിക്ക് പരിചയപ്പെടുത്തിയത് മാധവിക്കുട്ടിയാണ്. വിഷ്ണുപ്രസാദിന്റെ കവിതയുടെ ചര്‍ച്ചയില്‍ പലരും മാധവിക്കുട്ടിയെ വലിച്ചിഴക്കുന്നതും കണ്ടു. ആ കവിതയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കവയത്രി കവിതാബാലകൃഷ്ണന്‍മാത്രമാണ് സത്യസന്ധമായ ഒരു പ്രതികരണം എഴുതിക്കണ്ടത്. ലിംഗത്തിന്റെ വിശപ്പിനെക്കുറിച്ചുള്ള തുറന്നെഴുത്ത് എന്നതിലുപരി അതിന്റെ പൂരുഷകേന്ദ്രീകതമായ, മനുഷ്യത്വരഹിതമായ വൈകൃത ഭാവത്തെ സത്യസന്ധമായ ഒരു ആസ്വാദനത്തിന്റെ തലത്തില്‍ നിന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. നഗ്നതയാണ് സത്യം വസ്ത്രം കാപഠ്യമാണെന്ന പ്രത്യയശാസ്ത്രബോധം പുതുകവിത വായിക്കുന്നവര്‍ക്ക് അത്യാവശ്യമാണ്. ഹാസ്യത്തിന്റെ ഉപരിപ്ലവമായ ലോകത്ത് വാക്കുകളുടെ അച്ചുനിരത്തിക്കളിക്കുന്ന ചെമ്മന്നം ചാക്കോയെപ്പോലുള്ളവരുടെ വിമര്‍ശ്ശനങ്ങളെക്കാള്‍ കവിതാ ബാലകൃഷ്ണന്റെതുപോലെയുള്ള സത്യസന്ധമായ നരീക്ഷണത്തിന് പുതുകവിതയുടെ ലോകത്ത് ഏറെ പ്രസക്തിയുണ്ട്.


ഭര്‍തൃഹരിയുടെ 'വൈരാഗ്യവും ചെമ്മനം ചാക്കോയുടെ കപട സദാചാരവും വിഷ്ണുപ്രസാദിന്റെ ആത്മാവിന്റെ സത്യസന്ധയും കവിതയുടെ പോക്കിലെ വിവിധ ഘട്ടങ്ങളാണ്. പക്ഷെ കവിതാ ബാലകൃഷ്ണന്റെ നിരീക്ഷണത്തിലാണ് എഴുത്തിന്റെ ശരിയായ ആത്മാവ് കുടികൊള്ളുന്നത്. ഹിജടയുടെ നഗ്നതയും സുന്ദരിയായ ഒരു പെണ്ണിന്റേയും നഗ്നതയും തമ്മില്‍ എന്ത് അന്തരമാണുള്ളത്. സത്യസന്ധമായി പറഞ്ഞാല്‍ രണ്ടും നഗ്നതതന്നെ.... ഉടലിനെ തുളച്ച് പുറത്ത് ചാടുന്ന ആത്മാവിന്റെ നഗ്നതയാണ് വായനക്കാരന്റെ രസനയില്‍ അമൃതേത്താകുന്നത്. ഒരു ബലാത്സംഗിയുടെ ആത്മഗതത്തെ വിഷ്ണുപ്രസാദ് തുറന്നുപറയുമ്പോഴുള്ള അമ്പരപ്പാണ്  ആ കവിതവായിക്കുമ്പോള്‍ എന്നെ ഭരിച്ചത്. ഉള്ളിലെ മൃഗത്തെ കണ്ടെത്തിയതുകൊണ്ടൊ അത് എഴുതി അത്മാവിനു പുറത്ത് തൂക്കിയിട്ടതുകൊണ്ടൊ ആ കവിത ഉത്പാദിപ്പിക്കുന്ന മനുഷ്യത്വരാഹിത്യത്തെ, പുരുഷകേന്ദ്രീകൃതമായ അധകൃത സ്വഭാവത്തെ വിമര്‍ശിക്കാതിരിക്കാനാവില്ല. പക്ഷെ കവിത എന്ന നിലയില്‍ അത് നിലനിര്‍ത്തുന്ന സ്വത്വത്തെ, അതിന്റെ സാധ്യതകളെ ചോദ്യചെയ്തുകൊണ്ടുള്ള ഏതൊരു വിമര്‍ശനത്തേയും തികഞ്ഞ് അശ്ലീലമെന്നെ ഞാന്‍ വിളിക്കൂ.ലിംഗവിശപ്പ് എന്ന കവിതയിലും എത്രയൊ മനോഹരമാണ് വിഷ്ണുവിന്റെതന്നെ 'ലിംഗരാജ്' എന്ന കവിത. ഉടല്‍ അടിമറിച്ചിടുന്നതാണ് ലിംഗവിശപ്പെങ്കില്‍, അലക്കിതേച്ച് ഇസ്തിരിയിട്ട സമൂഹമത്തിന്റെ അരക്കെട്ടിലെ കുടഞ്ഞെഴെന്നേല്‍ക്കുന്ന മൃഗകാമനകളെ ലിംഗരാജ് വരയ്ക്കുന്നു. ഒരേ സമയം കവിയുടെ വൈയ്യക്തികതയെ തികഞ്ഞ സാമൂഹ്യബോധത്തോടെ പുനരുല്‍പ്പാദിപ്പിച്ചതാണ് ലിംഗരാജ് എന്ന കവിതയ്ക്ക് ബഹുമുഖത്വം പ്രധാനം ചെയ്യുന്നത്. പുതുകവിത തേടുന്ന, തുറന്നുവയ്ക്കുന്ന സത്യസന്ധതയുടെ,  രണ്ടറ്റങ്ങളാണ് 'ലിംഗ വിശപ്പും' 'ലിംഗരാജ്' ഉം.


ഹിമാലയ രാഗങ്ങള്‍

ആത്മാവും പ്രകൃതിയും ഒന്നായ് ഒഴുകിച്ചേരുന്നിടത്താണ് ഒരു തീര്‍ത്ഥാടനം വേറിട്ടൊരു അനുഭുതിയാവുന്നത്. അലൗകികമായ, ആത്മീയ അനുഭൂതിയുടെ പരകോടിയിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന ഒരു സാഹിത്യ സൃഷ്ടിയാണ് എം.ജി. രാധാകൃഷ്ണന്റെ 'ഹിമാലയ രാഗങ്ങള്‍' എന്ന പുസ്തകം. കൈലാസത്തിന്റെ ഹിമകുണ്ഡങ്ങളില്‍ നിന്ന് സുഫുടചെയ്‌തെടുത്ത വാക്കുകളിലൂടെ ഹിമശൈലങ്ങളിലെ പുരന്തരയാത്രകളിലൂടെ മിനുസംവന്ന ആഖ്യാനമിഴിവോടെ ആത്മീയ വെളിച്ചത്തോടെ എഴുതപ്പെട്ട ഒരു സര്‍ഗ്ഗസൃഷ്ടി. വായിക്കുന്നത് നാസ്തികനാണെങ്കിലും മനസ്സ് കേദാരനാഥന്റെ മണ്ണിലെ മഞ്ഞിന്റെ പ്രാര്‍ത്ഥനകളെ ഹൃദയത്തില്‍ ജ്വലിപ്പിക്കും. ഗ്രീന്‍ ബുക്‌സ്. 103 പേജ് വില: 90 രൂപ.


പദ്മനാഭന്‍
പ്ദ്മനാഭന്‍ ഇനിയും കഥകളെഴുതണം. സമകാലിക ജീവിതത്തേയും അതിന്റെ ഭാവുകത്വത്തെയും കണ്ടെത്തി ആവിഷ്‌ക്കരിക്കണം. തന്റെ ആത്മസൗന്ദര്യ തിരികെടാതെ സദാ സൗന്ദര്യപ്രകാശ പുരിതമാകുന്നുവെന്ന് ലോകത്തെ അറിയിക്കണം.
പഴയകാല കഥകള്‍ വായിച്ച് എന്നിലെ വായനക്കാരന്‍ തൊട്ടറിഞ്ഞ പദ്മനാഭന്‍ എന്ന കഥാകൃത്തിന്റെ ആത്മസൗന്ദര്യത്തിന്റെ സ്‌നാപ്പുകള്‍ പഴയ കഥകളോടൊപ്പംതന്നെ ഞാന്‍ പിന്‍ചെയ്തുവച്ചിരിക്കുകയാണ്. എന്നാല്‍ യേശു യുദാസായതുപോലെ പദ്മനാഭന്‍ എന്ന വലിയ കഥാകൃത്ത് 'ഞാനാണ് ഏറ്റവും വലിയ കഥാകൃത്തെന്ന്' ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടെയിരിക്കുമ്പോള്‍ പദ്മനാഭന്‍ തന്നെ എഴുതി സംസ്‌ക്കരിച്ചെടുത്ത വായനക്കാരന്റെ മനസ്സിനുമുന്നില്‍ മാനസികച്ചുരുക്കംവന്ന വമ്പുപറച്ചിലുകാരന്‍ വെറുമൊരു പപ്പേട്ടനായി പദ്മനാഭന്‍ എന്ന മഹാനായ ചെറുകഥാകൃത്ത് ചുരുങ്ങിപ്പോകുന്നു.


കോമഡി
ഏഷ്യനെറ്റ് തുറന്നാല്‍ ഇപ്പോള്‍ കോമഡി എന്നപേരില്‍ നടക്കുന്ന വളിപ്പുകളാണ്. ജഗദീഷും, റിമിടോമിയും, ബാബുരാജും, എം.ജി ശ്രീകുമാറും വളിപ്പുകളുടെ ബ്രാന്‍ഡ് അംമ്പാസിഡര്‍മാരായി അവരോധിക്കപ്പെട്ടിരിക്കുന്നു. പ്രൈമ് ടൈമിന്റെ അന്‍പതുശതമാനവും ഇപ്പോള്‍ കോമഡിഷോ ആണ്. കൈകൊട്ടാന്‍ ഒരു പത്തുമുപ്പതെണ്ണത്തെക്കൂടി ഗാലറിയില്‍ വിളിച്ചുവരുത്തി ഇരുത്തിയിരിക്കുന്നതുകാണാം. വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന ഏല്ലാ വളുപ്പുകള്‍ക്കും കീകൊടുത്ത യന്ത്രപ്പാവകണക്കെ ഇവറ്റകള്‍ കൈയ്യടിക്കുന്നു. ഇനി സീരിയലിനും വേണം കണ്ണീര്‍ത്തൊഴിലാളികള്‍.... നായികയുടെ കൂടെക്കരയാന്‍.

കരയണൊ ചിരിക്കണൊ എന്നറിയാതെ പ്രേക്ഷകന്‍....

2013, നവംബർ 11, തിങ്കളാഴ്‌ച

നിങ്ങളെന്നെ വീണ്ടും “അണ്‍പാര്‍ലമെന്ററിയാക്കി”

ഈ അടുത്ത കാലത്താണ് ജനാധിപത്യം എന്നുവച്ചാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് എന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നത് !. ഇത്രകാലം ഈ ജനാധിപത്യ ഇന്ത്യയില്‍ ജീവിച്ചിട്ടും ഒരാളും എന്നെ പറഞ്ഞു പഠിപ്പിച്ചിട്ടില്ലാത്ത ഒരു കാര്യം, ഞാന്‍ സ്വയമേവ കണ്ടെത്തി എന്നതില്‍ ഇന്ന് ഞാന്‍ അഭിമാനിക്കുന്നു. ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ജീയോട് എനിക്കിപ്പോള്‍ സഹതാപം തോന്നുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അസ്ഥിവാരവും തൂണും വാര്‍പ്പും കെട്ടി അപ്പനായി മാറിയ അദ്ദേഹത്തോട് ഇക്കണ്ടകാലവും ഞാന്‍ ചെയ്തത്, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത ചെയ്തുകൊണ്ടിരിക്കുന്നത് എന്തൊരു മഹാപരാധമാണ് എന്ന് ഞാന്‍ ചിന്തിച്ചുപോകുന്നു. ഈയിടെ നഗരത്തിലെ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കവെ ഒരു അനുഭവമുണ്ടായി. യാത്രക്കാര്‍ നിറഞ്ഞ് കവിഞ്ഞ ട്രെയിന്‍ പായുകയാണ്. വണ്ടിയുടെ വാതില്‍ക്കലെ തിരക്കില്‍ ശകടം എന്നെ പുറത്തേക്ക് വിരേചനം ചെയ്തു കളയുമൊ എന്ന് ഭയന്ന് വല്ലപാടും വാതില്‍ക്കല്‍ നിന്ന് അകത്തേയ്ക്ക് കയറിപ്പാറ്റാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. ലോക്കല്‍ ട്രയിനിലെ ഉന്തും തള്ളുമേല്‍ക്കുമ്പോഴാണ് ഇന്ത്യയെന്ന ഈ മൂന്നാം ലോക രാജ്യത്ത് ജനിച്ചു പോയതിന്റെ നിര്‍ഭാഗ്യമോര്‍ത്ത് ഞാന്‍ കരഞ്ഞുപോകുന്നത്! അപ്പോഴൊക്കെ നമ്മുടെ പ്രധാന്‍മന്ത്രി ശ്രീ മന്‍മോഹന്‍ സിങ് ജിയേയും പെണ്‍പ്രധാനമന്ത്രി സോണിയാ ഗന്ധിജിയേയും തന്തയ്ക്ക് വിളിക്കുന്നത് എന്റെ ഒരു ശീലമായിരുന്നു. കാല്‍പാദത്തിലേല്‍ക്കുന്ന സഹയാത്രികരുടെ ഓരോ ചവിട്ടിലും “അണ്‍പാര്‍ലമെന്ററി” പദങ്ങള്‍ എന്റെ വായിലും മനസ്സിലും വന്ന് പൊലിക്കും. കോമണ്‍വെല്‍ത്ത്, ടൂജി, കല്‍ക്കരി കുംഭകോണം തുടങ്ങിയ കാക്കത്തൊള്ളായിരം കുംഭകോണങ്ങള്‍ വഴി രാജ്യത്തിന്റെ കോടികള്‍ കട്ടുമുടിച്ച നരാധമന്മാരെ ഞാന്‍ ശപിക്കും. ആവശ്യത്തിന് ട്രെയിനുകളില്ല, ട്രാക്കുകളില്ല ഖജനാവില്‍ പൈസയില്ല..... മന്‍മോഹന്‍ സിങ്ങിനേയും സോണിയാമ്മായിയേയും ലോക്കല്‍ ട്രെയിനിന്റെ തിരക്കില്‍ ഒരു മൂലക്കിട്ട് ചവിട്ടിക്കൂട്ടാന്‍ തോന്നിപ്പോകും. വായില്‍ നേരത്തെ പറഞ്ഞതുപോലുള്ള അണ്‍പാര്‍ലമെന്ററി തെറികള്‍ വന്ന് നിറയും.
വാതില്‍ക്കല്‍ ഒരു മറാത്തിപ്പയ്യന്‍ സാംസങ്ങിന്റെ പുതിയ മോഡല്‍ ഫോണുകളെക്കുറിച്ച് സഹയാത്രികരായ സ്ഥിരം യാത്രസുഹൃത്തുക്കളോട് വാചാലരാകുന്നു. പറയുന്നത് മൊബൈലിനെക്കുറിച്ചാണെങ്കിലും സ്ഥാനത്തും അസ്ഥാനത്തും അമ്മപെങ്ങന്മാരെക്കുറിച്ചുള്ള തെറിപദങ്ങള്‍ ഒഴുകി നിറയുന്നു. സത്യത്തില്‍ ഇവന്‍ ആരെയാണ് തെറിപറയുന്നത്? “അരെ... ക്യാ... മൊബൈല്‍ ഹേ... ബെഹന്‍ ചോദ്, ബാപ് രേ.... ക്യാ.. ക്യാ ഫങ്ങ്ഷന്‍സ് ഹേ.... ബോഹന്‍ ചോദ്.... ക്യാമറാ ദേഖോ..... ഉസ്‌കി മാ..കാ..” അങ്ങിനെ പോകുന്നു. ഒരു മിനുട്ടിനുള്ളില്‍ അവന്‍ പറയുന്ന തെറികളുടെ എണ്ണമെടുക്കാന്‍ ഞാന്‍ ഒരു വൃഥാ ശ്രമം നടത്തി. ഇതിനിടയ്ക്ക് “കോന്‍ മുജേ ധക്കാ ദിയാരേ....? തേരി മാ..കി” എന്നൊരുത്തന്‍ ആര്‍ക്കോ നേരെ ആക്രോശിക്കുന്നതുകേട്ടു.
ആഹാ... ഹാ... എന്തൊരു ജനാധിപത്യ ഇന്ത്യാ... “അണ്‍പാര്‍ലമെന്ററി” പദങ്ങളുടെ പൊടിപൂരം. ഒരുത്തനെ ഉന്താതെ തള്ളാതെ തല്ലുകൂടാതെ ഒരു പബ്ലിക് വെഹിക്കിളില്‍ യാത്രചെയ്യാന്‍ ആവില്ല. നന്ന്... വളരെ നന്ന്... ഇത്തരം ഒരായിരം അനുഭവങ്ങളുടെ നടുവില്‍ ഞാന്‍ സ്വയം ഒരു ജനാധിപത്യവിരുന്ധനായി ഇങ്ങിനെ ഈ മഹാനഗരത്തില്‍ ജീവിക്കുമ്പോഴാണ് എനിക്ക് ഈ കുറിപ്പില്‍ ആദ്യം സൂചിപ്പിച്ചതുപോലുള്ള ഒരു ജനാധിപത്യആത്മബോധം ഉണ്ടായത്...!
ജനാധിപത്യം എന്നാല്‍ പൊതുതിരഞ്ഞെടുപ്പൊ അഞ്ചുവര്‍ഷത്തേക്ക് അടിമത്തത്തിന്റെ തീറെഴുതിക്കൊടുക്കലൊ ഗാന്ധിക്കുടുംബത്തിന്റെ പ്രത്യുല്‍പാദനശേഷി നശിക്കുംവരെ നട്ടെല്ല് തിരിച്ച് യാഥാസ്ഥാനത്ത് ഉറപ്പിച്ചുവയ്ക്കാന്‍ അനുവാദമില്ലാത്ത കോണ്‍ഗ്രസ്സുകാരുടെ ബനാന സംസ്‌കാരത്തിന്റെയൊ പേരല്ല. ജനാധിപത്യത്തിന് ഒരു ജനകീയ ഭരണക്രമം മാത്രമല്ല ആ ഭരണക്രമത്തിനു കീഴില്‍ അചഞ്ചലമായിരിക്കേണ്ട ഒരു ജനാധിപത്യ പൗരബോധം എന്നൊന്നുണ്ട്. ആ പൗരബോധം ജനങ്ങളില്‍ ഉണ്ടാകണമെങ്കില്‍ നമ്മുടെ പൊതുവിടങ്ങള്‍ അതായത് നമ്മുടെ പാതകള്‍, പൊതു വാഹനങ്ങള്‍ മറ്റ് പൊതു സേവന സംവിധാനങ്ങള്‍ ജാനാധിപത്യരാജ്യത്തിന് ഉതകുന്നതാക്കേണ്ടതുണ്ട്. റോഡ് എന്റെ തറവാട്ടുസ്വത്തല്ല എന്ന ബോധം വാഹനമോടിക്കുന്ന ഒരാള്‍ക്ക് വേണം... അതേ വേണം... ഒരു ജനാധിപത്യ ക്രമത്തില്‍ ഒരു പൊതുവഴിയിലൂടെ എങ്ങിനെ വാഹനമോടിക്കണം എന്ന് ഒരു പൗരന്‍ അറിഞ്ഞിരിക്കണം. ഒരു പൊതുവാഹനത്തില്‍ യാത്രചെയ്യുമ്പോള്‍ സഹയാത്രികരോട് എങ്ങിനെ പെരുമാറണം; എല്ലാത്തിനും ചില മര്യാദാപാഠങ്ങള്‍ ഉണ്ട്; ഉണ്ടാകണം. ഈ ഒരു ആത്മബോധത്തോടുകൂടി, ജനാധിപത്യപൗരബോധത്തോടുകൂടി ഒരിക്കല്‍ നഗരത്തിലെ ഏറ്റവും തിരക്കുകൂടിയ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ എന്നെ തകിടം മറിച്ചുകൊണ്ട് “മനുഷ്യപ്പുറ്റ്*” മായി ഒരു ലോക്കല്‍ ട്രെയിന്‍ വന്നുനില്‍ക്കുന്നു. ഈ വണ്ടിപിടിച്ച് സഹയാത്രികരെ ഉന്തിത്തള്ളി സഹയാത്രികരുടെ കാലിലൊക്കെ ചവിട്ടി എന്റെ വിയര്‍പ്പ് അവര്‍ക്ക് കൊടുത്ത് അവരുടെ വിയര്‍പ്പ് ഞാനേറ്റുവാങ്ങി, സയാത്രികര്‍ ഇനി വല്ല ന്യൂ ജനറേഷന്‍ മുംബൈ മാണൂസ് വല്ലോമാണെങ്കില്‍ അവന്റെ വായിലെ “മാ...ബാപ് കീ” എന്ന അണ്‍പാര്‍ലമെന്ററി തെറിവിളികള്‍കേട്ട് ഈ ട്രെയിന്‍ യാത്ര ചെയ്യുന്നത് അത്ര ജനാധിപത്യപരമാവില്ല എന്നതുകൊണ്ട് ആദ്യം വന്ന ട്രെയിന്‍ പണ്ടെന്നത്തെയും എന്നതുപോലെ ഇടിച്ചുകയറാന്‍ ഞാന്‍ ഒരുങ്ങിയതേയില്ല.  തിരക്കില്‍ “ഇടിച്ച്” കേറുന്നത് അങ്ങേയറ്റത്തെ അണ്‍പാര്‍ലമെന്ററിയാണ് (ജനാധിപത്യവിരുദ്ധം എന്ന് തനിമലയാളം പറയുമ്പോള്‍ ഒരു സുഖം കിട്ടുന്നില്ല അതുകൊണ്ടാണ് അടിയ്ക്കടി ഇങ്ങിനെ അണ്‍പാര്‍ലമെന്ററി പ്രയോഗം നടത്തുന്നത്). അടുത്ത വണ്ടി വന്നു അത് മനുഷ്യപ്പുറ്റൊ അതൊ അറവുവണ്ടിയോ..... വണ്ടികള്‍ മനുഷ്യപുറ്റുകളുമായി പലതുവന്നുപോയി. നേരം വൈകിയാള്‍ വീട്ടിലെ കെട്ടിയോള്‍ അണ്‍പാര്‍ലമെന്ററിയായി ഇനി വല്ലതും പറഞ്ഞാല്‍ കേള്‍ക്കേണ്ടി വരും. വീട്ടില്‍ ചെന്ന് ചെയ്തു തീര്‍ക്കാന്‍ ഓഫീസിലെ ചില അസൈന്‍മെന്റുകള്‍ ഉണ്ട്. പ്രൊജക്ട് സമയത്തിന് തീര്‍ത്തിലെങ്കില്‍ ബോസും സഹപ്രവര്‍ത്തകരും തനി അണ്‍പാര്‍ലമെന്ററിയാകും. സമയം വൈകിക്കൊണ്ടിരിക്കുന്നു. തിരക്കൊഴിയുന്നുമില്ല. ഇതാ വീണ്ടും മനുഷ്യരെ കുത്തിനിറച്ചൊരു വണ്ടി വന്ന് സ്റ്റേഷനില്‍ വന്ന് വിരേചിക്കുന്നു. ഒരു തൃശ്ശൂര്‍പൂരത്തിനുള്ള ആളുകള്‍ കേറാനായി ഉന്തും തള്ളും. ടൂജി... കോമണ്‍വെല്‍ത്ത്....കല്‍ക്കരി....മന്‍മോഹന്‍സിങ്ങ് സോണിയാഗാന്ധി.... എല്ലാവര്‍ക്കും ചെര്‍ത്തി ഒരു അണ്‍പാര്‍ലമെന്ററി സ്‌തോത്രം ചൊല്ലി ജനക്കൂട്ടത്തെ തള്ളിമാറ്റി ട്രെയിനിന്റെ വാതില്‍ക്കലേക്ക് ഒറ്റപാച്ചില്‍..
“കോന്‍ രസ്താമേ കടാഹേ രേ.... തേരി മാ....കീ.......”
ശേഷം എന്നത്തേയും പോലെ ഞാനൊരു മൂന്നാംലോക ഇന്ത്യന്‍-മുംബൈ നഗരവാസിയായി. പതിവുപോലെ ഇന്ദ്രപ്രസ്തത്തിലുള്ളവര്‍ക്ക് എന്റെ സ്‌പെഷല്‍ ആണ്‍പാര്‍ലമെന്ററി സ്‌ത്രോത്രം പാടി. എനിക്കിതൊക്കെയല്ലെ ചെയ്യാന്‍ പറ്റൂ...

*പുതുകവിതയിലെ ശ്രദ്ധേയനായ യുവകവി ശ്രീ ടി.എ. ശശിയുടെ ഒരു കവിതയില്‍ മുംബൈ ലോക്കലിലെ മനുഷ്യത്തിരക്കിനെ മനുഷ്യപ്പുറ്റുകള്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്.

2013, നവംബർ 9, ശനിയാഴ്‌ച

എനിക്കിനി എല്ലാ തിങ്കളാഴ്ചയും “ആഴ്ച്ചപാങ്ങ്”


തൊണ്ണുറുകള്‍ നല്ലൊരു കാലമായിരുന്നു. എഴുതാന്‍ പഠിപ്പിച്ചതും, പഠിച്ചതൊന്നും ഒന്നുമല്ല എന്ന് വീണ്ടും വീണ്ടും എന്നെ തിരുത്തിയും വിരല്‍ തന്ന് നടക്കാന്‍ പഠിപ്പിച്ചത് തൊണ്ണൂറുകള്‍ ആയിരുന്നു. അത് പരിചയപ്പെടുത്തിയ ഭാവുകത്വത്തിനോളം നല്ലത് പിന്നീടധികം കാണാനായിട്ടില്ല.
ഓര്‍ക്കാന്‍ സുഖമുള്ള ഗൃഹാതുരതകളുമായി തൊണ്ണൂറുകള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. എല്ലാ അഴ്ചയും വായിച്ചുതീര്‍ത്ത ഒരു കെട്ട് പുസ്തകങ്ങളുമായി കൊല്ലങ്കോട് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക
ലൈബ്രറിയിലേക്കുള്ള അന്നത്തെ 16 കാരന്റെ സൈക്കിള്‍ യാത്ര ഇന്ന് ഓര്‍മ്മയിലെ പൂക്കാലമാണ്, ഉഴുതുമറിച്ച മണ്ണിന്റെ വെകിളിയില്‍ വേരുറച്ച ഞാറ്റടികളുടെ ഇളംപച്ചപോലെ ചെറുകാറ്റിലും ജീവന്‍ തിരയടി
ക്കുമായിരുന്നു. കാമനകളുടെ കൂടാരമായിരുന്നു മനസ്സ്. ഭോഗാസ്‌കത്മായിരുന്നു അത്്. സ്ഖലിക്കുന്ന കാമനകളില്‍ നിന്ന് പ്രണയത്തെ വേറിട്ട് അടയാളപ്പെടുത്തുന്ന കര്‍മ്മം ഏറെ ദുഷ്‌ക്കരമായിരുന്നു. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ, വൈകാരിക സമസ്യകളെ ഉള്‍ക്കൊള്ളാനാവാതെ 'മ' പ്രസിദ്ധീകരത്തില്‍ വന്നിരുന്ന മാത്യു വെല്ലൂരിന്റെ ലൈംഗികപംക്തി പാഠപുസ്തകത്തില്‍ ഒളിച്ചുവെച്ചു വായിച്ചൊരു കാലം. ശാന്തയും കാട്ടാളനും നാവിലും ഞരമ്പിലും ചേക്കേറിയ കാലം, നെല്ലിന്‍തണ്ടുമണക്കുന്ന വഴികളില്‍ കവിതയുടെ പുല്‍നാമ്പുതേടി നടന്ന കാലം.

പ്രവാസവും ജീവിത പ്രാരാബ്ദങ്ങളും എഴുത്തിനേയും വായനയേയും ശുഷ്‌കമാക്കി. 'ആനമെലിഞ്ഞാല്‍...' എന്ന് സ്വയം അഹംങ്കരിച്ച് ഈ മഹാനഗരത്തിലെ പല സര്‍വ്വാണി സദ്യകള്‍ക്കും പോകാറുണ്ടായിരുന്നില്ല. പക്ഷെ താന്‍ മെലിഞ്ഞുകൊണ്ടിരിക്കുന്നു എന്ന സ്വയം ബോധ്യം എന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞു. എങ്കിലും ധാരാളം വായിക്കുകയും കുറച്ചുമാത്രം എഴുതുകയും ചെയ്തുകൊണ്ട് ചെറുതെങ്കിലും ഒരു സാഹിതീയ ജീവിതം അനുഷ്ടിക്കാന്‍ പലപ്പോഴും എനിക്കു കഴിഞ്ഞു. രണ്ടു വര്‍ഷം മുന്‍പുവരെ നിലനിന്നിരുന്ന ബ്ലോഗ്ഗുകളുടെ ഒരു വസന്തകാലമുണ്ടായിരുന്നല്ലൊ അപ്പോഴായിരുന്നു അത്. ജീവതം, പ്രാരാബ്ദങ്ങള്‍, കുട്ടികുടുംബ പാരാധീനതകള്‍ വീണ്ടും എന്റെ വായനയെ വീണ്ടും പിന്നോട്ട് വലിച്ചു. എന്നാലിപ്പോള്‍ വീണ്ടും പുസ്തകങ്ങളുടെ ലോകത്തേക്ക് വീണ്ടും ഞാന്‍ തിരിച്ചെത്തുകയാണ്. ഹൃദയത്തിന്റെ സത്യസന്ധതകൊണ്ടാണ് കുറെക്കാലമായി 'തിരമൊഴികള്‍' എന്ന എന്റെ ഈ ബ്ലോഗ്ഗില്‍ ഞാന്‍ എഴുതാതിരുന്നത്. എന്തുകൊണ്ടൊ ഒന്നും എഴുതാന്‍ തോന്നിയില്ല. പുസ്തകങ്ങളില്‍ നിന്ന് അകന്നുപോയത്, ഒന്നും എഴുതാതിരുന്നതിന് ഒരു കാരണമാകാം. മനസ്സ് വേറെയേതൊ ലോകത്തായിരുന്നു കുറേക്കാലം. മാസം ഇ.സി.എസ്. വഴി കട്ടുചെയ്തുപോകുന്ന ഭവനവായ്പയിലെ നാലക്കമുള്ള ഇ.എം.ഐ. എന്ന കമ്പിപ്പാരകൊണ്ടുള്ള അടിയും, യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വീട്ടുചിലവുകളും, രോഗങ്ങളും, ഉഴക്കേറിയതിന്റെ കൊച്ചുകൊച്ചു വീട്ടു വഴക്കുകളും എന്നെ വേറെയേതൊ ഒരു ലോകത്തേക്ക് എടുത്തെറിയുകയായിരുന്നു എന്നതാണ് സത്യം.

എഴുത്ത് ഒരു ആത്മസംവാദമാണ് എന്ന് ഞാന്‍ കരുതുന്നു. കേവലം അറിവിന്റെ പ്രകാശനമല്ല അത് ആത്മാവിന്റെ, ചിന്തയുടെ, മനസ്സിന്റെ പ്രസാദാത്മകതയുടെ സൗമ്യമായ പ്രക്ഷേപണംകൂടിയാണ്. അത് അവനവനെത്തന്നെയുള്ള വീണ്ടെടുക്കലാണ്. ഈ ചിന്തയാണ് വീണ്ടും എന്നെ ബ്ലോഗ്ഗെഴുത്തിലേക്ക് നയിക്കുന്നത്. ഈ അത്മസംവാദം എന്ന് പറയുമ്പോള്‍ തീര്‍ത്തും ഒരു ഡയറിക്കുറിപ്പുപോലെ ഏറെ സ്വകാര്യമാകേണ്ടതാണ് എന്ന് കരുതുന്നതില്‍ തെറ്റില്ല. പക്ഷെ ഇവിടെ ഞാനിനി എഴുതാന്‍ പോകുന്ന കുറിപ്പുകള്‍ എന്റെ തന്നെ സാര്‍ഗ്ഗാത്മക ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമത്തിന്റെ ഭാഗമായുള്ളതാണ് എന്ന് വരുമ്പോള്‍ തീര്‍ച്ചയായും അത് സ്വകാര്യമല്ല. അതുകൊണ്ടാണ് “തിരമൊഴികള്‍” എന്ന എന്റെ ഈ ബ്ലോഗ്ഗിലൂടെ ഞാന്‍ സ്വയം വെളിച്ചപ്പെടാന്‍ ആഗ്രഹിക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലും “ആഴ്ച്ചപാങ്ങ്” എന്നപേരില്‍ ഇനി എന്റെ കുറിപ്പുകള്‍ കണ്ടുതുടങ്ങും. ഇവിടെ പ്രസിദ്ധീകരിക്കുന്ന കുറിപ്പുകള്‍ എന്റെ ആത്മസംതൃപ്തിക്കായി എഴുതുന്ന ഒരു “കൈക്രിയ”യാണ്. ഒട്ടും ആത്മകാമങ്ങളില്ലാതെ എഴുതുന്നതാണെന്ന് എന്റെ ചങ്ങ് തുറന്ന് കാണിച്ചുകൊണ്ട് ഞാന്‍ പറയുന്നു. അഭിനവ നിരൂപകനൊ എഴുത്തിനെ കവച്ചുവയ്ക്കുന്ന എഴുത്താളനൊ ആകാന്‍ ഞാന്‍ സത്യമായും ശ്രമിക്കുന്നതല്ല. പത്രംവായിച്ച് വാര്‍ത്താ വിശകലനം ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ല. ലോകത്തെ മാറ്റിമറിക്കാന്‍ ആരുടേയും ക്വട്ടേഷന്‍ ഞാന്‍ എടുത്തിട്ടില്ല. സത്യത്തില്‍ അതിനുള്ള കഴിവ് എനിക്കില്ല. 
സമകാലിക സംഭവങ്ങളെ വിലയിരുത്തുന്നതൊ സാഹിത്യ ഗീര്‍വാണങ്ങളൊ ഒന്നും ഞാന്‍ എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. മനസ്സ് അടുക്കും ചിട്ടയുമായി വയ്ക്കാനും ചിതറിപ്പോകുന്ന കാഴ്ചകള്‍ക്ക് അടുക്കും ചിട്ടയുമുണ്ടാക്കുവാനുമായി ഞാന്‍ സ്വയം പരിശീലിക്കുന്ന ഒരു “സര്‍ഗ്ഗാത്മക യോഗാഭ്യാസം” അത്രയെ ഉള്ളു.
ആത്മഹത്യാ മുനമ്പില്‍ നിന്ന് ഞാനെന്റെ ജീവിതത്തെ സ്വയം തിരികെനടത്തുന്നത് ഇങ്ങിനെ ചില മെയ്യഭ്യാസങ്ങളിലൂടെയാണ്.
''ആഴ്ചപാങ്ങ്'' വായിക്കുക... യാതൊരു ഗുണവും അതുകൊണ്ട് നിങ്ങള്‍ക്കുണ്ടാവാന്‍ പോകുന്നില്ല.... പക്ഷെ എനിക്ക് എഴുതിയെ പറ്റൂ.... വായിച്ച് എന്തെങ്കിലും അഭിപ്രായം എഴുതണമെന്ന് എനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ല. ഇനി എന്തെങ്കിലും പറയാന്‍ തോന്നുന്നുണ്ടെങ്കില്‍ പറഞ്ഞോളു നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ...

''ആഴ്ചപ്പാങ്ങ്'' ഇനി എല്ലാ തിങ്കളാഴ്ചയും...
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.