2017, ഏപ്രിൽ 16, ഞായറാഴ്‌ച

മനുഷ്യന്റെ രണ്ടു ഭൂപടങ്ങള്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു നട്ടുച്ചയില്‍ ഫിസിക്‌സ് ക്ലാസ്സില്‍ ഉറക്കത്തിലേക്ക് പുതുക്കെ വഴുതിവീണുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ബോധമനസ്സിലേക്ക് രജമ്മ ടീച്ചര്‍ പറഞ്ഞ ചിലവാക്കുകള്‍ ചേക്കേറിയത്. ശബ്ദത്തെക്കുറിച്ചായിരുന്നു അന്നത്തെ ക്ലാസ്സ്. എന്താണ് ശബ്ദം? കമ്പനം എന്നാലെന്ത്, എങ്ങിനെയാണ് ശബ്ദം സഞ്ചരിക്കുന്നത്? അങ്ങിനെ ഒട്ടേറെ ചോദ്യങ്ങള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ടീച്ചര്‍ ഇറക്കിവിടുന്നു. വലിയ കൗതുകമൊന്നും തോന്നിയില്ലെങ്കിലും, എന്താണ് സംഗീതവും ഒച്ചയും തമ്മിലുള്ള വ്യത്യാസം? എന്നൊരു ചോദ്യംകൂടി ടീച്ചര്‍ എടുത്തു പുറത്തിട്ടു. എന്തുകൊണ്ടെന്നറിയില്ല എന്റെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ പതുക്കെ ടീച്ചറിന്റെ വാക്കുകളിലേക്ക് കണ്‍തുറന്നു. ടീച്ചര്‍ പതുക്കെ ഒരു പാട്ടു മൂളി.... അതിനുശേഷം ബാക്ക് ബെഞ്ചിലിരിക്കുന്ന എന്റെ പേരു വിളിച്ച് അലറി...... എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞാന്‍ പകച്ചു നില്‍ക്കവെ ടീച്ചര്‍ പറഞ്ഞു 'ഇപ്പോ മനസ്സിലായോടാ ഉറക്കം തൂങ്ങി ചെറുക്കാ... ശബ്ദവും ഒച്ചയും തമ്മിലുള്ള വ്യത്യാസം?'.
ടീച്ചര്‍ പറഞ്ഞു 'ക്രമമായി ഒഴുകുന്ന ശബ്ദമാണ് സംഗീതം. എന്നാല്‍ ക്രമരഹിതമായി വരുന്ന ശബ്ദമാണ് 'ഒച്ച' '. ഒരുപക്ഷെ ആ വര്‍ഷത്തെ ഫിസിക്‌സ് പരീക്ഷയില്‍ ഞാന്‍ തോറ്റുപോയൊ ഇല്ലയൊ എന്ന് ഞാനോര്‍ക്കുന്നില്ല. എന്നാല്‍ അന്നത്തെ ക്ലാസ്സില്‍ ടീച്ചര്‍ പറഞ്ഞ സംഗീതത്തെക്കുറിച്ചുള്ള, മേല്‍പ്പറഞ്ഞ പ്രസ്ഥാവനയെ ഞാന്‍ പല രീതിയില്‍ ജീവിതവുമായി തട്ടിച്ചു നോക്കുകയുണ്ടായി. ശബ്ദത്തിലെ ക്രമവും ക്രമരാഹിത്യം രണ്ട് വ്യത്യസ്ത മാനങ്ങള്‍ സൃഷ്ടിക്കുന്നത് എന്നെ ഏറെ സ്വാധീനിച്ചു എന്നു പറയാതിരിക്കാനാവില്ല. സംഗീതം മനുഷ്യനെ ആകര്‍ഷിക്കുന്നു. ക്രമരഹിതമായ 'ഒച്ച' മനുഷ്യനെ വികര്‍ഷിക്കുന്നു. ഈ അവസ്ഥയെ ജീവിതത്തിന്റെ പല മാനങ്ങളില്‍ നിന്നു നോക്കുമ്പോള്‍ അതിന് പല അര്‍ത്ഥങ്ങളുണ്ട്. രജമ്മ ടീച്ചര്‍ പറഞ്ഞ ശബ്ദത്തിന്റെ നിര്‍വ്വചനം 'ശബ്ദത്തെ' മാത്രം സംബന്ധിക്കുന്ന ഒന്നല്ല അത് ജീവിതത്തിന്റെ സമസ്ഥമേഖലയേയും സംബന്ധിക്കുന്ന ഒന്നാണ് എന്ന് എനിക്ക് അന്ന് വെറുതെ തോന്നി.
കൗമാരക്കാലമായിരുന്നു അത്. മനസ്സില്‍ പുതിയ ചിന്തകള്‍ ഉടലെടുക്കുന്ന കാലം. ദിവാസ്വപ്‌നങ്ങളിങ്ങനെ ഒന്നിനുപിറകെ ഒന്നായി തലയില്‍ കൂടുകൂട്ടിയ കാലം. ഏകാന്തതയോട് ഭ്രാന്തമായ അഭിനിവേശം തോന്നിത്തുടങ്ങിയ കാലം. ദിവാസ്വപ്‌നങ്ങള്‍ മാത്രമായിരുന്നില്ലത്. ചെറിയ ചില ചിന്തകള്‍ ലോകത്തിന്റെ പരമ കാഷ്ടകളിലൂടെ സഞ്ചരിക്കുമായിരുന്നു. ഉള്ളിലെന്നുമൊരാള്‍ സംസാരിച്ചുകൊണ്ടിരുന്നു. അത് ഞാനാരാധിക്കുന്ന ദൈവമാണെന്ന് ഞാന്‍ വിശ്വസിച്ചു.
അമ്മ പറയുമായിരുന്നു 'ഈ ചെക്കന് ഒന്നിനും ഒരു ശ്രദ്ധയുമില്ല. ഇതിങ്ങിനെതന്നെ ആകുമോ എന്റെപ്പാ...'
മനസ്സില്‍ കനപ്പെട്ട ചിന്തകള്‍ ഇങ്ങിനെ ചുനകുത്തുന്നത് അമ്മയ്ക്കറിയില്ലല്ലൊ.

സംഗീതവും ഒച്ചയും
ജീവിതത്തിന്റെ ക്രമത്തേയും ക്രമരാഹിത്യത്തേയും കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ജലം നീരാവിയായി-ഘനീഭവിച്ച് മേഘങ്ങളായി വീണ്ടും ഘനീഭവിച്ച് മഴയായി അത് മലയുടെ മസ്തകത്തില്‍ പെയ്തിറങ്ങി-അരുവികളും കൈത്തോടുകളും ചേര്‍ന്ന് വന്‍നദിയായി.... ഒഴുകുന്നതിന്റെ സങ്കീര്‍ണ്ണമായ-ക്രമത്തിന്റെ, സംഗീതത്തിന്റെ അനാദിയായ ജൈവസ്വരമാധുരിയെക്കുറിച്ച് ഞാനൊരുപാട് ചിന്തിച്ചു. അതോടൊപ്പം ലോകത്തിലെ ക്രമരാഹിത്യങ്ങളെ 'ഒച്ച'യെക്കുറിച്ച് ഒരുപാട് ആധിപ്പെട്ടു. ശ്രീലങ്കയില്‍ മനുഷ്യക്കുരുതികള്‍ നടക്കുന്ന ഒരു കാഘട്ടമായിരുന്നു അത്. കാട്ടുകള്ളന്‍ വീരപ്പനെ തേടി ദൗത്യസംഘം കാടടക്കി വെടിവെക്കുന്ന കാലം. ടീവിയില്‍ രാമാനന്ദ് സാഗറിന്റെ രാമായണം മെഗാ പരമ്പര കഴിഞ്ഞതിനു ശേഷം മഹാഭാരതം തുടങ്ങിയിരുന്നു. വിശ്വാമിത്രന്‍, സിഗ്മ, സൂപ്പര്‍ സിക്‌സ് അങ്ങിനെ ഞായറാഴ്ച്ച ഉച്ചവരെ പ്രോഗ്രാമുകളാണ്. വീട്ടില്‍ ടീവി ഇല്ലാത്തതുകൊണ്ട് അടുത്തവീട്ടിലാണ് ടീവി കാണല്‍. അന്നത്തെ ഞായാറാഴ്ച്ച ഞാന്‍ ലോകത്തിന്റെ ക്രമത്തേയും ക്രമരാഹിത്യത്തേയും കുറിച്ച് കുലങ്കഷമായ ചിന്തയില്‍ മുഴുകി.
ലോകം മൊത്തം വലിയൊരു ക്രമത്തിലങ്ങിനെ ഒഴുകുകയാണെന്നൊന്നും ഞാന്‍ വിശ്വസിച്ചില്ല. ലോകം ക്രമക്കേടുകളുടേതും കൂടിയാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ചിന്തിച്ചത് പ്രധാനമായും ലോകത്തിന്റെ ക്രമത്തെക്കുറിച്ചും ക്രമരാഹിത്യത്തെക്കുറുച്ചും മാത്രമായിരുന്നില്ല. അങ്ങിനെ ചിന്തിച്ചാല്‍ എവിടെയും എത്തില്ല എന്ന ബോധം എന്നെ മറ്റൊരു വഴിയിലേയ്ക്ക് തിരിച്ചുവിട്ടു. പ്രധാനമായും മനസ്സിലുണ്ടായിരുന്ന ചോദ്യമിതായിരുന്നു 'എങ്ങിനെ ജീവിതത്തിന്റെ ക്രമമുണ്ടാക്കാം? ആരാണ് ജീവിതത്തില്‍ സംഗീതം സൃഷ്ടിക്കുന്നത്? സംഗീതം വെറും ശബ്ദത്തെ സംബന്ധിക്കുന്നതല്ല. അത് ഒരു മനുഷ്യന്റെ ഉള്ളിലെ താളബോധമാണ്. ഒരു കവിയുടെ ഉള്ളില്‍ ഒരു കലാകാരന്റെ ഉള്ളില്‍ അവന്റെ ക്രമരഹിതമായ ബോധരൂപങ്ങളെ ക്രമപ്പെടുത്തുന്ന ഒരു വലിയ ആന്തരിക ശക്തിയുണ്ട്.
നല്ലരീതിയില്‍ ജീവിച്ചുവരുന്ന ഒരു സാധാരണ കുടുംബസ്ഥനെ സങ്കല്‍പ്പിക്കുക-നല്ല ജീവിത ക്രമം പിന്‍തുടര്‍ന്നു വന്നിരുന്ന ആയാളുടെ ജീവിതത്തില്‍ ചില ആകസ്മികതകള്‍ ഉണ്ടാകുന്നു എന്നിരിക്കട്ടെ. അയാള്‍ക്ക് പിന്നീട് എന്തു സംഭവിക്കും? സമ്മര്‍ദ്ദങ്ങള്‍ വന്നുകൂടുന്നതിനനുസരിച്ച് അയാളുടെ ജീവിതക്രമം തെറ്റിപ്പോകാം... അയാള്‍ക്ക് ഭ്രാന്തുതന്നെ പിടിച്ചെന്നുവരാം. ആരാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന സംഗീതത്തിനെ വലിയൊരു ഒച്ചയാക്കി മാറ്റിയത്. ഇനിയെങ്ങിനെ അയാള്‍ സ്വന്തം ജീവിതത്തില്‍ വന്നുചേര്‍ന്ന-അലങ്കോലപ്പെട്ട സ്വജീവിതത്തെ ക്രമപ്പെടുത്തും. അത് അനായാസം സാധിക്കുന്നതാണോ? ജീവിതത്തിന്റെ ഒച്ചയെ സംഗീതത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ അയാള്‍ക്ക് കഴിയുമൊ? അതിന് അനുസന്ധാനമായി എന്താണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവരുന്നത്. ആരാണ് അതിന് അദ്ദേഹത്തെ സഹായിക്കുന്നത്?

ഒന്നും ചെയ്യാനില്ലാത്ത സമയത്ത് മനസ്സ് കൊതിക്കും ഇന്ന് കുറച്ചു പാട്ടുകള്‍ കേള്‍ക്കാം. പാട്ടുകള്‍ കേട്ടുകഴിഞ്ഞപ്പോള്‍ മനസ്സ് കൂടുതള്‍ താളബദ്ധമാകുന്നു, അപ്പോള്‍ തോന്നും ഇന്ന് എഴുതാന്‍ നല്ല മൂഡ് ഉണ്ട് വല്ലതും എഴുതാം.... അങ്ങിനെ അറിയാതെ മറ്റൊരു തലത്തിലേക്ക് പോകുകയായി. അപ്പോഴാണ് നാട്ടില്‍ നിന്ന് അമ്മയൊ ബന്ധുക്കളൊ വിളിച്ച് തികച്ചും അപ്രതീക്ഷിതമായ ചില വാര്‍ത്തകള്‍ തരുന്നത്. പിന്നീടങ്ങോട്ട് അസ്വസ്ഥതകളായി. എഴുത്തുപോയി, അതുവരെ മനസ്സില്‍ തളംകെട്ടി നിന്ന സംഗീതം പോയി... അന്നത്തെ ദിവസം വലിയ 'ഒച്ച'യായി.

മുംബൈ മഹാനഗരം വലിയൊരു ശബ്ദസംസ്‌കാരത്തെ കൊണ്ടുനടക്കുന്ന നഗരമാണ്. അര്‍ദ്ധരാത്രിയായാലും തെരുവുകളില്‍ വലിയ വലിയ ഡോളുകള്‍ കൊട്ടിക്കൊണ്ട് ശബ്ദമുണ്ടാക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന മാറാത്ത ജനത. ഇവിടെ മുംബൈ നഗരത്തിന്റെ അടിസ്ഥാന ജനതയായ കോളികളുടെ സംഗീതത്തെ അടുത്തറിയുമ്പോള്‍ നമ്മുടെ സംഗീതത്തെക്കുറിച്ചുള്ള ചിരകാല വിശ്വാസങ്ങള്‍ തകര്‍ന്നുപോകുന്നു. ഭീകരമായ ശബ്ദത്തിലാണ് ഇവരുടെ എല്ലാ ആഘോഷങ്ങളും. ആഘോഷമെന്നാല്‍ ഇവര്‍ക്ക് ഒച്ചയാണ്. സ്വച്ഛസുന്ദരമായ കേരളത്തില്‍ നിന്നുവന്നവര്‍ക്ക് അവരുടെ സംഗീതം ഒരുപക്ഷെ ഒച്ചയായി അനുഭവപ്പെടാം. പക്ഷെ അഞ്ചൂറ് ഡെസിബലില്‍ അവരുടെ വലിയ പാട്ടുപെട്ടികള്‍ നിലവിളിക്കുന്നു അതിനു ചാരെ നിന്ന് അവര്‍ ആഹ്ലാദ നൃത്തം ചവിട്ടുന്നു! ഇവര്‍ക്ക് ഇതെങ്ങിനെ സാധിക്കുന്നു. ഇവര്‍ സംഗീതബോധമില്ലാത്തവരാണെന്നു കരുതണമൊ?
സംഗീതത്തിന്റെ നിര്‍വ്വചനങ്ങള്‍ തെറ്റിപ്പോകുന്നത് ഇവിടെയാണ്. മുംബയിലെ തെരുവുകളിലൂടെ നടക്കുമ്പോള്‍ പലപ്പോഴും ഞാന്‍ രാജമ്മ ടീച്ചറിനേയും അന്നത്തെ ഫിസിക്‌സ് ക്ലാസ്സും ഓര്‍ക്കാറുണ്ട്. ക്രമരഹിതമായ ശബ്ദം ഇവിടെ സംഗീതമാകുന്നു. ജീവിതത്തിന്റെ ക്രമങ്ങളില്‍ നിന്ന് ക്രമരാഹിത്യങ്ങളിലേക്ക് സ്വയം എടുത്തുചാടുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹം. ഇതേ നഗരത്തില്‍തന്നെയാണ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലങ്കുഴല്‍ വാദനംകേട്ടുകൊണ്ട് ജീവിതക്രമങ്ങളിലേക്ക് കണ്‍തുറക്കുന്ന സംഗീതപ്രേമികളുമുള്ളത്. ഈ വൈരുദ്ധ്യം എന്നെ സംബന്ധിച്ചിടത്തോളം സംഗീതത്തെ മാത്രം സംബന്ധിക്കുന്ന ഒന്നല്ല. പതിവുപോലെ ഇത് ജീവിതത്തിന്റെ സമസ്ഥഭാവങ്ങളേയും സംബന്ധിക്കുന്നതാണെന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. മുംബൈയിലെ കോളി ജനതയുടെ ശബ്ദസംസ്‌കാരവും, മൗനത്തിന്റെ അനാദിയായ അണുവില്‍ നിന്ന് ഉത്ഭവിച്ചതാണ് 'സംഗീതം' എന്നു വിശ്വസിക്കുന്ന വരിഷ്ടജനത എന്ന് സ്വയം അഭിമാനിക്കുന്നവരും മുംബൈയില്‍ ഒരുമിച്ചു ജീവിക്കുന്നു. മനുഷ്യന്റെ രണ്ടു ഭൂപടങ്ങളാണ് ഇവര്‍.
ഞാന്‍ താമസിക്കുന്ന മുംബൈയിലെ ഉപനഗരത്തിലെ തെരുവിലൂടെ ഒരു വിവാഹപ്പാര്‍ട്ടി നടന്നുനീങ്ങുന്നു. വലിയ ഡോളുകള്‍ അടിച്ച് ശബ്ദമുഖരിതമായിരുന്നു തെരുവ്. വധൂവരന്മാരുടെ തൊട്ടുമുന്‍പില്‍ കുറച്ചു സ്ത്രീകള്‍ നൃത്തം വയ്ക്കുന്നു. ഒരു കേരളീയനെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂര്‍വ്വകാഴ്ചയാണ്. സ്ത്രീകള്‍ ഏതൊരാഘോഷത്തിന്റെ പേരിലാണെങ്കിലും പൊതുനിരത്തില്‍ നൃത്തം ചെയ്തുകണ്ടിരുന്നില്ല. നൃത്തം ചെയ്യുന്നവര്‍ക്കിടയില്‍ ഞങ്ങളുടെ അയല്‍പക്കത്ത് വീട്ടുജോലികള്‍ക്കെത്തുന്ന ഒരു പാവം മൗശിയുമുണ്ടായിരുന്നു. മൂന്ന് പെണ്‍മക്കളുള്ള, നല്ലപ്രായത്തില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഒരു സാധു സ്ത്രീ. കാഴ്ചയില്‍ ഒരു നാണം കുണുങ്ങി. അവര്‍ ആ വിവാഹ സംഘത്തില്‍ ഗംഭീരമായി നൃത്തം ചെയ്യുന്നതുകണ്ടു. ഒരു നാണമൊന്നുമില്ല... അല്ലെങ്കില്‍ത്തന്നെ ഇതില്‍ നാണക്കാനെന്തിരിക്കുന്നു! നമ്മള്‍ മലയാളികളുടെ കോംപ്ലക്‌സുകളൊക്കെ ഒരല്‍പസമയം ഉള്‍വലിഞ്ഞുപോകും. എപ്പോഴും ജീവിതത്തിന്റെ ദുരിതങ്ങളെക്കുറിച്ച് പറയുകയും കരയുകയും ചെയ്തിരുന്ന മൗശി. ഇപ്പോള്‍ കരയും എന്നൊരു പ്രതീതി അവര്‍ സംസാരിക്കുമ്പോള്‍ അതു കേള്‍ക്കുന്നവര്‍ക്കു തോന്നും. കണ്ണീരിന്റെ ചെറിയൊരു കാര്‍മേഘം അവരുടെ കണ്ണുകളില്‍ എപ്പോഴും വിങ്ങിനിന്നിരുന്നു. എത്രപെട്ടെന്നാണ് അവര്‍ മറ്റൊരു അവസ്ഥയിലേക്ക് രൂപം മാറിയത്. നല്ലതുതന്നെ... അങ്ങിനെ വേണം മനുഷ്യരായാല്‍. ഇങ്ങിനെ മാറാനുള്ള കഴിവ് എല്ലാ സമൂഹത്തിലേയും സ്ത്രീകള്‍ക്ക് ഉണ്ടെന്നു കരുതുക വയ്യ.
കേരളത്തില്‍ ഭര്‍ത്താവ് മരിച്ച ചിലസ്ത്രീകള്‍ എല്ലാത്തില്‍നിന്നും സ്വാമധേയ ഉള്‍വലിഞ്ഞു ജീവിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു ആഘോഷവേളയില്‍ അല്‍പസമയമെങ്കിലും ഇതുപോലുള്ള ഡോളുകളുടെ സംഗീതത്തില്‍ മതിമറന്ന് അവര്‍ നൃത്തം വയ്ക്കാത്തതെന്തുകൊണ്ടാണ്. എന്തുകൊണ്ടാണ് നമുക്കു തൊട്ടുമുന്‍പിലുള്ള ജീവിതത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളെ നമ്മള്‍ നിര്‍ന്നിമേഷമായി അവഗണിക്കുന്നത്. ഇത് നമ്മുടെ സംഗീതബോധത്തിന്റെ പ്രശ്‌നമാണോ?. നമ്മുടെ സംസ്്കാരത്തിന്റെ പ്രശ്‌നമാണൊ?. സാമൂഹത്തിലെ ചില ദുര്‍നീതികള്‍ നമ്മളെ ഇങ്ങിനെ ആക്കിയതാണൊ?. ഒരുപക്ഷെ 'കുലസ്ത്രീ' കോംപ്ലക്‌സുകള്‍ ഒരു കാരണമാകാം. നമ്മുടെ സംഗീതവും ആഹ്ലാദങ്ങളും ഒരു പ്രത്യേക രീതിയില്‍ മാത്രമുള്ളതാണെന്നൊരു പൊതുബോധം നമ്മളെ ഭരിക്കുന്നുണ്ട്. ഇതിന്റെ ശരിതെറ്റുകള്‍ അവിടെ നില്‍ക്കട്ടെ. ഒച്ചയും ബഹളവും ഇഷ്ടമില്ലാത്തതുകൊണ്ടും 'ഫൈന്‍ ആര്‍ട്ട്‌സ്' മാത്രമെ നമുക്കു ബോധിക്കൂ എന്നതുകൊണ്ടുമാണ് എന്ന് കരുതാന്‍ വയ്യ. നമ്മുടെ സാമൂഹ്യ രീതി നമ്മളെ ഫ്‌ലക്‌സിബില്‍ (Flexible) ആക്കുന്നില്ല എന്നതാണ് സത്യം. നമ്മള്‍ ആഹ്ലാദങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. പക്ഷെ അതിനെ നമ്മുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല. നമ്മുടെ സംഗീതവും നൃത്തവുമൊക്കെ വെള്ളിത്തിരയില്‍ മാത്രം കണ്ട് ശാന്തിയടയുന്നു. പക്ഷെ പുതുതലമുറ ഭൂരിപക്ഷവും അങ്ങിനെയല്ല. യുവതി യുവാക്കള്‍ കുറെകൂടി സോഷ്യല്‍ ആണ്. അവര്‍ ആഹ്ലാദംവരുമ്പോള്‍ നൃത്തം ചെയ്യുന്നു. ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുന്നു. കരച്ചില്‍ വരുമ്പോള്‍ ഉള്ളിലുള്ളതെല്ലാം ഒഴുക്കിക്കളയുന്നു.

ഒച്ച സംഗീതവും, സംഗീതം ഒച്ചയുമാകുന്ന നിമിഷങ്ങളില്‍, ക്രമരഹിതമാകുന്ന സാമൂഹ്യാവസ്ഥകളില്‍, കലാപത്തിന്റെ നാളുകളില്‍, എല്ലാത്തിനും മുകളില്‍ മൗനത്തിന്റെ കാതടപ്പിക്കുന്ന ഏകാന്തതയില്‍ രാജമ്മടീച്ചര്‍ വീണ്ടും കടന്നുവരുന്നു. 'എടാ ബാക്ക് ബഞ്ചിലിരുന്ന് ഉറക്കം തൂങ്ങാതെടാ... ജീവിതമേ നീയെന്ത്?... ഉത്തരം കിട്ടിയൊ.....?' എന്ന് ടീച്ചര്‍ വിളിച്ചു ചോദിക്കുന്നു. കാതടപ്പിക്കുന്ന പെരുമ്പറകളുടെ ഒച്ചയില്‍ എന്റെ കാതുകള്‍ പ്രകമ്പനം കൊള്ളുന്നു.

വാല്‍ക്കഷ്ണം: മുംബൈയിലെ ഡോളുകളുടെ 500 ഡെസിബല്‍ ഒച്ചയില്‍ ആളുകള്‍ നൃത്തം ചെയ്യുന്നതു കാണുമ്പോള്‍ എന്റെ ഉള്ളിലെ ടിപ്പിക്കല്‍ മലയാളിക്ക് ഇപ്പോഴും ദഹിക്കുന്നില്ല. അപ്പോള്‍ ബിസ്മില്ലാ ഖാനെക്കുറിച്ചും ഹരിപ്രസാദ് ചൗരസ്യക്കുറിച്ചുമൊക്കെ പറഞ്ഞ് തര്‍ക്കിക്കും. നിങ്ങള്‍ മഹാരാഷ്ട്രക്കാര്‍ക്ക് സംഗീതബോധമില്ലെന്ന് തര്‍ക്കിച്ചു ജയിക്കാനാണ് ശ്രമം. അതിനു ശേഷം 'പ്രമമെന്നാല്‍ എന്താണുപെണ്ണെ...' എന്ന പാട്ടുവെച്ച് മുറിയടച്ചിരുന്ന് നൃത്തം ചെയ്യും. ഉള്ളില്‍ ഒച്ചയും പുറത്ത് സംഗീതത്തിന്റെ മേമ്പൊടിയുമായി നമ്മളിങ്ങനെ ജീവിതത്തിന്റെ ആഹ്ലാദങ്ങളെ കൊന്നുകളയുന്നു. നമ്മള്‍ ടിപ്പിക്കല്‍ മലയാളികള്‍തന്നെ....

2017, മാർച്ച് 28, ചൊവ്വാഴ്ച

ഉന്മാദത്തിന്റെ ഒരു വിചിത്ര പുസ്തകം

നോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം. പക്ഷേ അതിന്റെ അഴകളവുകളിപ്പോള്‍ എഴുത്തുകാരനെക്കാള്‍ വായനക്കാരനാണ് നിശ്ചയം! രചനയുടെ ദിശാസൂചിയെക്കാള്‍ വായനയുടെ ദിശാസൂചിയാണ് അവന്‍ ഓരോ പുസ്തകം അടച്ചുവയ്ക്കുമ്പോഴും സ്വയം തേടുന്നത്. ഇതല്ല വേറൊന്നാണ് ഇനിവേണ്ടത് എന്ന ദൃഢനിശ്ചയത്തോടെ നിലവിലുള്ള വിഗ്രഹങ്ങളെ അവന്‍ എറിഞ്ഞുടയ്ക്കുന്നു. നോവല്‍ വരയ്ക്കുന്ന സ്ഥലഭാവനകളില്‍ ഞാനെവിടെയാണെന്ന് ഓരോ വായനക്കാരനും വരികള്‍ക്കിടയിലൂടെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാന്‍ അഭിമുഖീകരിക്കുന്ന ഈ കാലത്തെ, അകപ്പെട്ടിരിക്കുന്ന ഈ ജീവിതത്തെ, അതിന്റെ സമസ്യകളെ അവന്‍ വായിക്കുന്ന പുസ്തകത്തില്‍ കണ്ടെത്താന്‍ ശ്രമിക്കും. അതിലൂടെ കാല്പനികമായ സംവേദന ശീലങ്ങളെ തകര്‍ത്തുകളയാനുള്ള ശ്രമമാണ് വായനക്കാരന്‍ നടത്തുന്നത്. പക്ഷേ ചില വായനകള്‍ അവനവനിലെ നഷ്ടപ്പെട്ട ഭാവനയുടെ ലോകത്തെ, ഉന്മാദത്തെ, അകളങ്കമായ അസംബന്ധ സ്വപ്‌നങ്ങളെ, ലക്കും ലഗാനവുമില്ലാത്തെ മാനസ സഞ്ചാരങ്ങളെ തിരിച്ചുപിടിക്കാനുള്ളതാണ്.
ആധുനകതയ്ക്കു ശേഷം ചെറുകഥയുടെ അലകും പിടിയും മാറിയപ്പോള്‍ മാരകമായ രാഷ്ട്രീയ പരിത:സ്ഥിതികളോട് ശക്തമായി പ്രതികരിക്കുന്ന കഥകളെഴുതി ശ്രദ്ധ നേടിയ ഇന്ദു മേനോന്‍ ആദ്യമായെഴുതിയ നോവലാണ് ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. ഇന്ദു മേനോന്‍ കപ്പലിനെക്കുറിച്ച് എഴുതിയ ഈ പുസ്തകത്തിനെ ‘വിചിത്ര’ പുസ്തകം എന്നുതന്നെയാണ് അവര്‍ വിശേഷിപ്പിക്കുന്നത്. തീര്‍ച്ചയായും ഇതൊരു ‘ചരിത്ര’ പുസ്തകം അല്ല. പൂര്‍ണമായി ഭാവനയുടെയും, ഉന്മാദത്തിന്റെയും ലക്കും ലഗാനവുമില്ലാത്ത ഒഴുക്കിനൊപ്പം ഇന്ദു മേനോന്‍ ഒഴുകിപ്പോവുകയാണ്. മാരിക്കൊ ദ്വീപിനടുത്തുള്ള കടല്‍ശ്മശാനത്തില്‍ ‘മുങ്ങിച്ചത്ത’ ജനറല്‍ ആല്‍ബെര്‍ട്ടൊ മേയര്‍ എന്ന ഒരു നിധിക്കപ്പലിനെ അന്വേഷിച്ചുപോകുന്ന കൃഷ്ണചന്ദ്രന്റെയും, ജീവിതവും പ്രണയവും രക്തബന്ധങ്ങളും മറന്ന് ധനാസക്തികളില്‍ മയങ്ങി കടല്‍ കാത്തുവച്ച ചെങ്കുഴിയില്‍ മുങ്ങിമരിച്ചവരുടെയും, ജന്മാന്തരങ്ങളോളം പ്രണയത്തിന്റെ അമൃതം തേടി അലയുന്നവരുടെയും കഥയാണ് ഈ നോവല്‍. രതിയുടെ വന്യമായ ആഘോഷങ്ങള്‍കൊണ്ട് നോവലെഴുത്തെന്ന കലയില്‍, ഭാവനയുടെ സകലമാന സാധ്യതകളേയും ചൂഷണം ചെയ്യാന്‍ ഇന്ദു മേനോന്‍ ‘മരിച്ചു’ പണിയെടുക്കുന്നുണ്ട് ഈ നോവലില്‍.
സ്ത്രീയുടേതുപോലെത്തന്നെ, പുരുഷന്റെ രതിയെയും അവന്റെ അടങ്ങാത്ത ആത്മകാമനകളെയും അനാവരണം ചെയ്യാന്‍ ഇന്ദു മേനോന്‍ തന്റെ ലിംഗ സ്വത്വത്തെ തകര്‍ത്തുകളയുകയും, പെണ്ണെന്നുള്ള നിലയില്‍ ഒരു എഴുത്തുകാരിയുടെ ജൈവീകമായ പരിമിതികളെ അതിലംഘിക്കുകയും ചെയ്യുന്നു. സ്ത്രീ പുരുഷ ബന്ധങ്ങളെ സര്‍പ്പകാമനകളുടെ ഭയാത്മകമായ മാരകവന്യതയാക്കി, വായനക്കാരനെ ഒരു മായിക തലത്തിലേക്ക് കൊണ്ടുപോകുന്നു.
ഭാവനയുടെ സെപിയാ ചിത്രങ്ങള്‍
ബാല്യകാലത്തെ ചില ഏകാന്തതയില്‍, ആകാശത്ത് തിങ്ങിക്കൂടി നില്‍ക്കുന്ന വെളുത്ത മേഘങ്ങളില്‍ നോക്കിനില്‍ക്കവെ, അതു പതുക്കെ ഭീമാകാരന്മാരായ വെളുത്ത കുതിരകളും വെണ്ണക്കല്‍ കൊട്ടാരങ്ങളും മാലാഖമാരുമായി രൂപം മാറാറുണ്ട്. ഭാവനയുടെ ബാല്യകുതൂഹലങ്ങള്‍ കുട്ടിക്കാലം കഴിയുന്നതോടെ പലര്‍ക്കും എവിടെവച്ചോ നഷ്ടപ്പെടുന്നു. ദിവാസ്വപ്‌നങ്ങളില്‍ സ്വയം നഷ്ടപ്പെട്ടുപോയിരുന്ന ചില കാലങ്ങളില്‍ മനസ്സിന്റെ വെള്ളിത്തിരയില്‍ വന്നും പോയുമിരുന്ന ചില ചിത്രങ്ങള്‍; ആ ചിത്രങ്ങള്‍ പക്ഷേ ഇന്ദു മേനോന്‍ എന്ന എഴുത്തുകാരിയില്‍ സജീവമായിത്തന്നെ ഇന്നും നിലനില്‍ക്കുന്നു എന്നുവേണം കരുതാന്‍. ഒരു കുന്നോളം നിധി കയറ്റി, വളരെ ദൂരെ മാരിക്കൊ ദ്വീപിനടുത്തുള്ള കടലിലെ ഒരു ചെക്കുത്താന്‍ ചെങ്കുഴിയില്‍ അകപ്പെട്ടുപോയ ജനറല്‍ ആല്‍ബെര്‍ട്ടോ മേയര്‍ എന്ന കപ്പല്‍ ഒരു മിത്തുപോലെ ഈ നോവലിന്റെ നെറുകയില്‍ നില്‍ക്കുന്നു. ഈ നോവലിലെ കപ്പല്‍, മരണത്തിന്റെ പ്രതീകമാണ്. ധനാസക്തിക്കു മുന്‍പില്‍ പ്രണയത്തെയും ജീവിതത്തെയും ബലികഴിക്കുന്നവര്‍, ജന്മപരമ്പരകളിലൂടെ ഈ കപ്പലിന്റെ ആകര്‍ഷണ വലയത്തിലൂടെ, കടലിലെ ചെക്കുത്താന്‍ ചെങ്കുഴിയില്‍ പതിക്കുന്നു. കടല്‍ അതിന്റെ കാണാക്കയങ്ങളും അജ്ഞാത ദ്വീപും മനുഷ്യരും കാലത്തിന്റെ മഞ്ഞക്കടലാസും ഓര്‍മക്കുറിപ്പുകളും രതിയുമൊക്കെ ഭാവനയുടെ മായക്കയങ്ങളില്‍ ചുറ്റിത്തിരിയുന്നു.
ഭാഷയുടെ കയ്യൊതുക്കംകൊണ്ട് രതിവര്‍ണനകളെ ഉദാത്തമായൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ എഴുത്തുകാരിക്കു കഴിയുന്നുണ്ട്. നോവലിന്റെ ആരംഭത്തില്‍ സരസ്വതി എന്ന കഥാപാത്രം മേപ്പാങ്കുന്നിന്റെ നെറുകയിലെ ഒരു പൊന്തക്കാട്ടില്‍ സ്വന്തം അച്ഛന്‍ ചെറിയമ്മയെ അതിവന്യമായ രീതിയില്‍ വേഴ്ച നടത്തുന്നതു കാണുന്നു. പിന്നീട് രതിയുടെ ആഴക്കയങ്ങളില്‍ നിന്ന് അച്ഛന്‍ എഴുന്നേല്‍ക്കുന്നത് ഇണയെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള തയ്യാറെടുപ്പുമായാണ്. വേഴ്ചയ്ക്കു ശേഷം ഇണയെ ഉന്മൂലനം ചെയ്യാനും മടിക്കാത്ത, മനുഷ്യന്റെ മൃഗീയവാസനകളുടെ മാരകമായ സാധ്യതകളെ അവതരിപ്പിച്ചുകൊണ്ട് നോവല്‍ വായനക്കാരനെ തുടക്കത്തില്‍ത്തന്നെ അമ്പരപ്പിക്കുന്നുണ്ട്.
ജലസ്ഥലികളുടെ പുതു ഭൂപടംതന്നെ ഈ നോവലിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന്റെ മനോവ്യാപാരങ്ങള്‍ക്കപ്പുറം കടക്കുന്ന രതിയുടെയും പ്രണയപാപങ്ങളുടെയും ധാനാസക്തികളുടെയും ആഭിചാരങ്ങളുടെയും ഭ്രമാത്മകലോകം സൃഷ്ടിച്ചുകൊണ്ട് ഇന്ദു മേനോന്‍ ഭാവനയുടെ ആരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍ ഒരുപക്ഷേ നൈസര്‍ഗിക ഭാവനമാത്രം കൊണ്ട് സൃഷ്ടിക്കാവുന്ന ഒന്നല്ല. അത് ചെറുപ്പം മുതലേ കേട്ടു പരിചയിച്ച അപസര്‍പ്പകകഥകളും കടല്‍ എന്ന അപാരതയുമായി ബന്ധപ്പെട്ട നാവികരുടെ കഥകളില്‍നിന്നും മിത്തുകളില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത ഒന്നാണ്. കപ്പലിന്റെ സാങ്കേതികമായ വിശദാംശങ്ങളിലേക്കൊന്നും എഴുത്തുകാരി പോകുന്നില്ല. ഭീമാകാരനായ ഒരു തടിക്കപ്പല്‍ എന്നേ പറയുന്നുള്ളു. അത് മാരിക്കൊ ദ്വീപിനടുത്തുള്ള കടലിലെ വാരിക്കുഴികള്‍ക്കരികെയെത്തുന്ന പല കപ്പല്‍ നാവികര്‍ക്കു മുന്‍പില്‍ കള്ളിയങ്കാട്ട് നീലിയെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒരു ചുടല യക്ഷിയാണ്. ഒരു മനുഷ്യന്റെ പ്രേതത്തിന്റെ എല്ലാ ഭാവങ്ങളുമോടെ ഒരു ‘കപ്പല്‍പ്രേത’ത്തെ എഴുത്തുകാരി സൃഷ്ടിക്കുന്നു. സ്വന്തം ഭാവനയെ ഒരു കാലിഡോസ്‌കോപ്പിലിട്ടുകൊണ്ട് ഒരു മായാപ്രപഞ്ചത്തെ സൃഷ്ടിക്കാനുള്ള യത്‌നമാണിത്. കുട്ടിക്കഥകളിലെ മന്ത്രവാദകഥകളില്‍ നിന്ന് വികസിപ്പിച്ചെടുത്ത, കഥാപാത്രങ്ങളായ പാസ്‌ക്വലും, ക്ലോദും, റെക്‌സുമൊക്കെ ഏതോ സ്‌പെഷ്യല്‍ എഫക്ട് സിനിമയില്‍ നിന്ന് ഇറങ്ങിവന്നവരായി മാത്രമേ തോന്നൂ. അതിരുകളില്ലാത്ത ഭാവനയില്‍, ഭാഷയുടെ അനന്ത സാധ്യതകളെ മുഴുവന്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ആദ്യ ഇരുനൂറു പേജുകള്‍ വായനക്കാരനെ വല്ലാതെ രസിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതി, കണ്ടുപരിചയിച്ച പ്രേതകഥകളിലെ കൃത്രിമ കഥാപാത്രങ്ങളെക്കൊണ്ട് നോവലില്‍ തെല്ല് മാലിന്യം നിറയുന്നുണ്ട്. എങ്കിലും വില്‍സ്മിത്ത് പ്രഭുവിനെപ്പോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ഇന്ദു മേനോനെ പോലെ ഒരെഴുത്തുകാരിക്കു മാത്രമേ കഴിയൂ എന്ന് വായനക്കാരനെകൊണ്ട് അംഗീകരിപ്പിക്കാനും ആകുന്നു! ‘പ്രേമത്തെക്കുറിച്ചൊരു വിചിത്ര പുസ്തകം’ എന്ന നാല്പതാമധ്യായം നിലാവുകൊണ്ട് മേഘങ്ങളിലെഴുതിയതാണെന്നേ തോന്നൂ.
ഭാവനയുടെ വിചിത്രലോകത്ത് ചുമരിലെ പെയിന്റടര്‍ന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ടിരിക്കെ അത് കുതിരകളും ആള്‍ക്കൂട്ടവും ആനക്കൂട്ടവുമായി മാറിയിരുന്ന ബാല്യകൗതുകങ്ങള്‍ പിന്നീട് ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വളരുന്നു. അത് കാഴ്ചയുടെയും കേള്‍വിയുടെയും അനുഭവത്തിന്റെയും സങ്കലിതമായ ഉന്മാദത്തിലേക്ക് വളരുന്നു. പനിക്കിടക്കയിലെ മാനസിക വ്യാപാരങ്ങള്‍പോലെ, മനസ്സിന്റെ തിരശ്ശീലയില്‍ വലിയ വലിയ ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡന്‍ ചലച്ചിത്രങ്ങള്‍ ഉടലെടുക്കുന്നു. ഇതൊക്കെ എഴുതിവയ്ക്കുക…. ഇതിനെയൊക്കെ ഭാഷയിലേക്കാവാഹിക്കുക അത്ര എളുപ്പമല്ല. അതിനുള്ള ശ്രമമാണ് ഇന്ദുമേനോന്‍ നടത്തുന്നത്. ഇന്ദു മേനോന്‍ പറയുന്നു: ”എന്റെ നട്ടപ്പിരാന്തുകള്‍, എന്റെ പ്രേമം, എന്റെ ഭയം, എന്റെ വിഷാദം, എന്റെ ഉന്മാദം, എന്റെ ഏകാന്തത എല്ലാംകൂടി കുഴമാന്തി ഇത് എന്റെ ഉള്ളിലെത്തുമ്പോള്‍ ഞാനല്ലാതെ മറ്റൊന്നും ഇതിലില്ലെന്ന് എനിക്കു മനസ്സിലാകുന്നു. ജനിച്ചും ജീവിച്ചും പ്രേമിച്ചും ഭ്രാന്തുണര്‍ന്നും അലഞ്ഞും വിശന്നും ചത്തും കൊന്നും ഞാന്‍ എന്നെ എഴുതിത്തീര്‍ത്ത പുസ്തകം. ഇത് എന്നെക്കുറിച്ചൊരു വിചിത്ര പുസ്തകമായിത്തന്നെ തീരുന്നു”.
(പേജ് 18, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം)
സ്വപ്‌നങ്ങളില്‍ പൂണ്ടുപോയ നോവല്‍
പതിനാറാം നൂറ്റാണ്ടിലെങ്ങൊ ചാലിയം കോട്ടയുടെ മുഖപ്പില്‍ പണി ചെയ്യാന്‍ വന്ന ജുവാന്‍ ടെര്‍ച്ച്വല്‍ ഡിക്കോത്ത എന്ന എഞ്ചിനീയര്‍ വലിയപുരയ്ക്കല്‍ കുടുംബത്തിലെ കുഞ്ഞിത്തറുവായിക്കോയയെ കാണാന്‍ വന്നത് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭീമാകാരന്‍ കപ്പല്‍ നിര്‍മിക്കുന്നതിനുവേണ്ടിയാണ്. സൗദി അറേബ്യയിലെ രത്‌നവ്യാപാരി ഷെയ്ഖ് ഹൈദര്‍ ഹുസൈന്റെ നിര്‍ദേശപ്രകാരമാണ് ജുവാന്‍ കുഞ്ഞിത്തറുവായിക്കോയയെ കാണുന്നത്. കൊമറാഡോ എന്ന ദ്വീപില്‍ നിന്ന് കുഴിച്ചെടുക്കുന്ന സ്വര്‍ണ അയിര് നിറച്ചുകൊണ്ടുവരാന്‍ ഒരു ഭീമന്‍ കപ്പല്‍ വലിയപുരയ്ക്കലെ പാണ്ടികശാലയില്‍ വച്ചു പണിയണം. കലാപം നടത്തിയതിന്റെ പേരില്‍ കൊമറാഡോയിലേക്ക് നാടുകടത്തപ്പെട്ട ജുവാന്റെ അച്ഛന്‍ ടെക്ച്വര്‍ ഡിക്കോത്തയാണ് ഈ നിധി കണ്ടെത്തുന്നത്. ഈ സ്വര്‍ണ അയിരിന്റെ വലിയ ശേഖരം മുഴുവന്‍ എത്തിക്കേണ്ടിടത്തെത്തിച്ചുകൊണ്ട് അളവില്ലാത്ത സമ്പത്തിന്റെ ഉടമയാകാന്‍ നിശ്ചയിച്ച ജുവാന്റെ പദ്ധതിയില്‍ വലിയപുരയ്ക്കലെ വംശപരമ്പരയിലെ ജീവിതങ്ങളില്‍ പലതും ഹോമിക്കേണ്ടി വന്നു. ഭ്രാന്തുവന്നവര്‍ ആണിതറച്ചുകയറ്റുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ ഈ കപ്പലിനുവേണ്ടി അറുത്തുമാറ്റപ്പെട്ടു. ഭ്രാന്തായ മരത്തിന്റെ പ്രേതങ്ങള്‍ അതോടെ ആ കപ്പലിന്റെ ഭാഗമായി. ഒരുന്മാദക്കപ്പല്‍ രൂപംകൊള്ളുകയായിരുന്നു. കൊമറാഡോയില്‍ നൂറുകണക്കിന് ഖനിത്തൊഴിലാളികളുടെ മരണത്തിനും ക്രൂരമായ കൊലപാതകങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കൊടും ക്രൂരതകള്‍ക്കുമൊക്കെ സാക്ഷിയാകേണ്ടിവന്ന ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍ ഉന്മാദിയായ ഒരു മിത്തായി നോവലിനാകെ മായികമായ പ്രേതപ്രകാശം നല്‍കുന്നു. കുഞ്ഞിത്തറുവായിക്കോയയും ജുവാനും അയാളുടെ ഭാര്യ ആന്റനീറ്റയും അവരുടെ ജാരന്‍ കപ്പിത്താനായ രവിവര്‍മനുമടക്കം നാല്പത്തിരണ്ടുപേര്‍ ചെക്കുത്താന്‍ ചെങ്കുഴിയുടെ ആഴത്തിലേക്ക് പതിക്കുന്നു. ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പലിലെ നിധിതേടിപ്പോയ കുഞ്ഞിത്തറുവായിക്കോയ മുതല്‍ പ്രണയത്തിന്റെ അമൃതം തേടിപ്പോകുന്ന ഈ നോവലിലെ ഓരോ കഥാപാത്രവും പ്രണയ-പാപങ്ങളുടെ ചുഴിയില്‍ അകപ്പെട്ടുകൊണ്ട് മാരിക്കൊ ദ്വീപിലെ ‘മരണ നിഘണ്ടു’വില്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കുന്നു. പ്രണയ-പാപങ്ങളുടെ നിത്യസ്മാരകമായി, പ്രണയിക്കുന്നവരെ വേര്‍പെടുത്തുന്ന ശക്തികള്‍ക്കെതിരെ, ഉന്മാദിയായ ഒരു കൊടുംങ്കാറ്റായി ചെങ്കടല്‍ച്ചുഴിക്കു മുകളില്‍ കപ്പല്‍യാത്രക്കാരുടെ പേടിസ്വപ്‌നമായി ജനറല്‍ ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പല്‍പ്രേതം മാറുകയാണ്. ജീവിതം എത്രമേല്‍ സുരക്ഷിതവും പ്രേമസുരഭിലവുമായിരുന്നിട്ടും വലിയപുരയ്ക്കലെ കുഞ്ഞിത്തറുവായിക്കോയയുടെ പിന്മുറക്കാര്‍ വീണ്ടും നിധിക്കപ്പലിന്റെ ഉള്‍വിളി കേള്‍ക്കാനാവാതെ ദുരന്തത്തിലേക്കുതന്നെ നടന്നടുക്കുന്നു. കുഞ്ഞിത്തറുവായിയുടെ വംശപരമ്പരയിലെ അവസാനത്തെ കണ്ണിയായ യുസുഫും ആല്‍ബര്‍ട്ടൊ മേയര്‍ എന്ന കപ്പലിലെ കടലില്‍ മുങ്ങിപ്പോയ നിധി കണ്ടെടുക്കുക എന്ന നിയോഗത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ, പ്രണയിച്ച പെണ്ണിനെ വരെ ത്യജിച്ചുകൊണ്ട് പോകാന്‍ തയ്യാറാകുന്നു. യാത്ര പുറപ്പെടും മുന്‍പുതന്നെ വിധിയുടെ ചെക്കുത്താന്‍ ചെങ്കുഴിയില്‍ യൂസുഫും പതിക്കുന്നു. കപ്പലിന്റെ അവകാശ രേഖകളും ഭൂപടങ്ങളും ദൗത്യവും സുഹൃത്തായ കൃഷ്ണചന്ദ്രനെ ഏല്‍പ്പിക്കുന്നു. ആല്‍ബര്‍ട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രവിവര്‍മന്റെ പുനര്‍ജന്മമാണ് താനെന്ന് കൃഷ്ണചന്ദ്രന്‍ തിരിച്ചറിയുന്നു. പതിനാറാം നൂറ്റാണ്ടില്‍, ആല്‍ബര്‍ട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രവിവര്‍മന്‍ കപ്പലുടമ ജുവാന്‍ ഡിക്കോത്തയുടെ ഭാര്യയായ ആന്റനീറ്റയുമായി പ്രണയത്തിലാകുന്നു. സ്ത്രീകളോട് ക്രൂരമായി പെരുമാറുന്ന കാമഭ്രാന്തനായ ജുവാനില്‍ നിന്ന് ഒളിച്ചോടി രവിവര്‍മനുമായി പ്രണയത്തിന്റെ കാണാക്കയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്ന ആന്റനീറ്റയെയും രവിവര്‍മനെയും അതിക്രൂരമായി ജുവാന്‍ വധിക്കുന്നു. പ്രണയത്തിന്റെ അമൃതം തേടി ഉരുകുന്ന ആന്റനീറ്റ ജന്മാന്തരങ്ങള്‍ തോറും രവിവര്‍മനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നാലു തലമുറകള്‍ക്കിപ്പുറം കൃഷ്ണചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്റെ നിയോഗവും പൂര്‍വജന്മ പ്രണയത്തിലേക്ക് സ്വയം നഷ്ടപ്പെടുക എന്നതായിരുന്നു.
സരസ്വതി, മിട്ടായി, ഏത്തല, ഉമ്മു, ഭാഗ്യലക്ഷ്മി, മിലി തുടങ്ങി മലയാള നോവലില്‍ ഇതുവരെ കാണാത്ത മായികമായ ഉന്മാദ സൗന്ദര്യത്തോടെ ഒരുപിടി സ്ത്രീകഥാപാത്രങ്ങള്‍ ഈ നോവലില്‍ നിറയുന്നുണ്ട്. സ്വ്പനങ്ങളുടേയും ഭാവനയുടേയും അതിപ്രസരത്തില്‍ പൊങ്ങുതടികളായി ഈ കഥാപാത്രങ്ങള്‍ ഒഴുകിനടക്കുന്നു എന്നു പറയുന്നതാവും കുറെക്കൂടി എളുപ്പം. മാരകമായ ഇവരുടെ രതിയും പ്രണയവും വിരഹവുമാണ് വായനക്കാരന് അനുഭൂതി പകരുന്ന ലവണവും ലാവണ്യവും. ഈ നോവലില്‍ നിന്ന് ഭാവനയുടെ സെപിയാ ചിത്രങ്ങളും രതിയുടെ വന്യതയും അര്‍ത്ഥകാമനകളുടെ അനിവാര്യ ദുരന്തങ്ങളും മാഞ്ഞുപോയാല്‍ ഒരുപക്ഷേ ഈ നോവല്‍ ശൂന്യതയുടെ വിചിത്ര പുസ്തകമായിപ്പോയേനെ.
ലിംഗസ്വത്വത്തിന്റെ പരകായപ്രവേശം
സ്വന്തം ലിംഗസ്വത്വത്തെ തമസ്‌കരിക്കുകയും ഒരു സ്ത്രീ എഴുത്തുകാരിക്ക് അസാധ്യമെന്നു തോന്നാവുന്ന പുരുഷ ലിംഗത്തിന്റെ ആസക്തിവിശേഷങ്ങളിലൂടെ പതറാതെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട് ഇന്ദു മേനോന്‍. പുരുഷപക്ഷ ലൈംഗികത ആവിഷ്‌കരിക്കുമ്പോള്‍ പ്രത്യേകിച്ചും. സ്ത്രീപുരുഷ വേഴ്ചകളുടെ മുകളിലെ മൂന്നാംകണ്ണായി എഴുത്തുകാരി നിലകൊള്ളുന്നു. നോക്കിനില്‍ക്കെ വന്യമായി അതിരുകള്‍ ഭേദിച്ചുപോകുന്ന ഒരനുഭവം. രതിയെ ഉദാത്തമായ അനുഭവമാക്കുന്നതില്‍ നോവലിനു മുതല്‍ക്കൂട്ടാവുന്നത് അതിന്റെ ഭാഷതന്നെയാണ്. അല്ലെങ്കില്‍ ത്രിലിംഗനായ വിന്‍സ്മിത്തിനെപോലൊരു കഥാപാത്രം മലയാള നോവല്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തെറിക്കഥാപാത്രമായിപ്പോയേനേ. വിന്‍സ്മിത്തിന്റെ ലൈംഗിക സ്വത്വത്തെയും അപകര്‍ഷതാബോധത്തെയും ആസക്തി വിശേഷങ്ങളെയും പാളിപ്പോകാതെ എഴുതാനാകുന്നത് പുരുഷപക്ഷ ലൈംഗികതയുടെ ആഴവും പരപ്പും നോവലിസ്റ്റ് അത്രമേല്‍ സ്വായത്തമാക്കിയതുകൊണ്ടുമാത്രമാണ്. മൂന്ന് ലിംഗമുള്ള കഥാപാത്രം ഒരുപക്ഷേ നോവലിസ്റ്റ് ബോധപൂര്‍വം സൃഷ്ടിച്ചതാണ് എന്നുതന്നെ കരുതാവുന്നതാണ്. നാല്പതോളം സ്ത്രീകളെ കല്യാണം കഴിച്ചെങ്കിലും വിന്‍സ്മിത്ത് പ്രഭുവിന് ഭാര്യമാരില്‍ ഒരാളെപ്പോലും തൃപ്തിപ്പെടുത്താനാവാതെ എല്ലാ ആദ്യരാത്രികളും പരാജയപ്പെട്ടെങ്കിലും വൈദ്യോപദേശപ്രകാരം ഒരു വേശ്യയെ കല്യാണം കഴിക്കേണ്ടിവരുന്നു. പുരുഷന്റെ അമിതാസക്തികളുടെ ബലിക്കല്ലായി മാറാന്‍ ഉത്തമയായ പെണ്ണ് ഒരു വേശ്യയാണെന്ന് ഈ വിചിത്ര പുസ്തകം പറയുന്നു. മിലി എന്ന വേശ്യസ്ത്രീ നല്‍കുന്ന ആദരവില്‍ വിന്‍സ്മിത്തിന്റെ മൂന്നു ലിംഗങ്ങളും ലൈംഗികാവേശത്തിരയില്‍ അഭിമാനത്തോടെ ഉദ്ധരിക്കപ്പെടുന്നു. പുരുഷന്റെ ലൈംഗികമായ ആന്തരിക ജീവിതത്തെ അനാവരണം ചെയ്യാന്‍ നോവലിസ്റ്റ് അസാധരാണമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഒരശ്ലീലമായിപ്പോകാതെ കഥാഗതിയുമായി ഇതിനെ സമര്‍ത്ഥമായി ബന്ധിപ്പിക്കുന്നുണ്ട്.
കാല്പനികമായ രതിക്കാലത്തെ സര്‍പ്പരതിയുടെ വന്യതയിലേക്ക് കൊണ്ടുവരാന്‍ ഇന്ദു മേനോന്‍ ഉപയോഗിക്കുന്ന ഭാഷ അമ്പരപ്പിക്കുന്നതാണ്. ”കടല്‍ ശംഖുപോലെ തെളിവാര്‍ന്നതും അഴകാര്‍ന്നതുമായ അവളുടെ കഴുത്തില്‍ വിടര്‍ന്ന കാക്കപ്പുള്ളിക്കുമേല്‍ ഓരോ തവണ ചുണ്ടമര്‍ത്തുമ്പോഴും അയാള്‍ക്കു പൂത്തിലഞ്ഞിമണം കിട്ടി, മൃദുവുടലിന്റെ സുഖകരമായ പിടച്ചില്‍ കിട്ടി, അവയില്‍ ചെമ്പുനിറത്തില്‍ വളര്‍ന്നിരുന്ന കുട്ടിരോമങ്ങള്‍ ഉണര്‍ന്നെണീറ്റ് അയാളുടെ ശരീരത്തില്‍ ഇടയ്ക്കിടെ ഇട്ട ഇക്കിളിയും അയാള്‍ക്കു കിട്ടി. കഴുത്തായിരുന്നു അവളുടെ ശരീരത്തിലെ ഏറ്റവും ലജ്ജാകരമായ ഇടം. അവിടെ സ്പര്‍ശിക്കുന്ന മാത്രയില്‍ ജ്വരബാധിതയെപ്പോലെ അവള്‍ വിറച്ചു. മുലക്കണ്ണുകള്‍ അതിലജ്ജയാല്‍ കൂമ്പി. രോമങ്ങള്‍ ഭ്രാന്തിപ്പശുവെപ്പോലെ ചാടിയെണീറ്റ് കൊമ്പുയര്‍ത്തി. കണ്ണുകള്‍ പാതി പൂട്ടിയ കുടപോലെ അര്‍ദ്ധമയക്കമാണ്ടു. ചുണ്ടുകള്‍ അടിയിതള്‍ അലസമായി വിടര്‍ന്ന ചുവന്ന പനിനീര്‍മൊട്ടിനെപ്പോലെ, തുപ്പല്‍കുഴഞ്ഞ് നിലാവെട്ടത്ത് തിളങ്ങി. കറുത്തമുടി ഓരോ ചുരുളിലും രഹസ്യഗന്ധിയായ സുഗന്ധദ്രവ്യമൊളുപ്പിച്ചു വച്ചതുപോലെ കട്ടിലില്‍ പരന്നു കിടന്നു” (പേജ് 128, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം). റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററും ഭാഗ്യലക്ഷ്മിയുമായുള്ള വേഴ്ചയുടെ രാത്രിയെ ഇരുട്ടിനെ മോഹനിലാവില്‍ കുഴച്ചുകൊണ്ട് പുതിയൊരു രതിക്കൂട്ടൊരുക്കുന്നു ഇന്ദു മേനോന്‍.
വിചിത്രമാകുന്ന നോവല്‍ ശില്‍പം
നിശ്ചിത വലിപ്പമുള്ള കാന്‍വാസില്‍ അളവൊപ്പിച്ചു വരയ്ക്കുന്ന ഒരു കൃതിയല്ല ഇന്ദു മേനോന്റെ ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. നോവല്‍ സാഹിത്യത്തിന്റെ പുതുഭാവുകത്വങ്ങളെ പിന്തുടരുകയോ പൊളിച്ചടുക്കുകയോ ചെയ്യാതെ ഒരുന്മാദിയുടെ മാനസ സഞ്ചാരങ്ങളെ അതേപടി കുറിച്ചുവയ്ക്കുക എന്നതുമാത്രമാണ് തന്റെ ദൗത്യം എന്ന് ഇന്ദു മേനോന്‍ വിശ്വസിക്കുന്നു. വായനക്കാരന്‍ 423-ാം പേജില്‍ വച്ച് ആന്റനീറ്റയുടെയും രവിവര്‍മന്റെയും പ്രണയ സഞ്ചാരച്ചുഴിയില്‍ നിന്ന് ഉണരുക മാത്രമാണ് ചെയ്യുന്നത്. പക്ഷേ നോവല്‍ അവിടെ അവസാനിക്കുന്നില്ല. അത് ഒരുന്മാദരേഖയായി നീണ്ടുനീണ്ടുപോകുന്നു. എഴുത്തുകാരിയുടെ ഉന്മാദത്തിന്റെ ഒരു ചീന്ത് മാത്രമാണ് ഈ വിചിത്ര പുസ്തകം. അതുകൊണ്ടുതന്നെ ഈ നോവല്‍ അടുത്തകാലത്തിറങ്ങിയ നോവലുകള്‍ക്കൊപ്പം വയ്ക്കാനാവില്ല. നോവലിന്റെ പൊതുഭാവുകത്വങ്ങളുമായി ഇതിനെ കൂട്ടിക്കുഴയ്ക്കാനുമാകില്ല.

നോവല്‍ വര്‍ത്തമാനവും ഭാവിയും
ചരിത്രത്തിന്റെ പുറമ്പോക്കുഭൂമിയില്‍ പുല്ലു തിന്നു വളരുന്ന തടിച്ചുകൊഴുത്ത പശുവാണ് മലയാള നോവല്‍. ചരിത്രംതന്നെ വലിയൊരു ഫിക്ഷനായി നില്‍ക്കുമ്പോള്‍ നോവലെഴുത്ത് അനായാസമാകുന്നു എന്നൊരു ഗുണമുണ്ട്. തീയതികളും അക്കങ്ങളും നിരത്തി തടിച്ചുകൊഴുക്കുന്ന ചരിത്ര നോവലുകള്‍ (ഒധലളമറധഡടഫ എധഡളധമഭ) ചരിത്രത്തെ കൂടുതല്‍ ദുര്‍മ്മേദസ്സു നിറയ്ക്കുന്നുവെന്നല്ലാതെ പല നോവലുകളും വര്‍ത്തമാനത്തിന്റെ കെടുതികള്‍ക്കെതിരെ നിലവിളിക്കുന്നില്ല. ഫിക്ഷന്റെ സാധ്യതകളെ ചില എഴുത്തുകാര്‍ ഫലപ്രദമായി വനിയോഗിക്കുന്നുണ്ടെങ്കില്‍കൂടിയും ഹിസ്‌റ്റോറിക്കല്‍ ഫിക്ഷന്റെ ഇട്ടാവട്ടങ്ങളില്‍ പുല്ലു തിന്നുന്ന നോവലുകള്‍ നോവലെഴുത്തിന്റെ ദിശാസൂചികള്‍ക്കുമേല്‍ സ്വന്തം മുഖമുള്ള വാള്‍പോസ്റ്ററുകള്‍ പതിപ്പിച്ച് ശ്രദ്ധനേടുന്നു. നോവലെഴുത്തിനു മുന്നോടിയായി പഴയ പത്രക്കെട്ടുകള്‍ തപ്പിയെടുക്കാന്‍ ഇന്നത്തെ നോവലിസ്റ്റുകള്‍ തട്ടിന്‍പുറത്തു കയറുന്നു, ഗൂഗിള്‍ ചെയ്യുന്നു. നോവലെഴുത്ത് ചരിത്രവസ്തുതകള്‍ നിരത്തുന്ന, രൂപപരമായി പുതിയ സങ്കേതങ്ങള്‍ അവതരിപ്പിക്കുന്ന ഒന്നാണ് എന്ന സങ്കല്പങ്ങള്‍ ഇനിയും തകര്‍ക്കപ്പെടേണ്ടിയിരിക്കുന്നു. ഇതിനിടയ്ക്കാണ് ഭാവനയുടെയും ഉന്മാദത്തിന്റെയും തിരയെഴുത്തായി ഒരു നോവല്‍ ഇന്ദുമേനോന്‍ എഴുതുന്നത്. വൈയക്തിക ഭാവനാലോകത്തിന്റെ സ്വതന്ത്രമായ തുറന്നെഴുത്താണ് ഈ നോവല്‍. അതുകൊണ്ടുതന്നെ ഭാവനാരഹിതവും ചരിത്രവിരേചനവുമായ നോവലുകള്‍ക്കിടയ്ക്ക് ഈ ഉന്മാദിയായ എഴുത്തുകാരി സ്വന്തം ഭാവനയുടെ രാഷ്ട്രീയം അതിശക്തമായി ഉറപ്പിക്കുന്നുണ്ട് എന്നുതന്നെവേണം കരുതാന്‍.

ഉഷ്ണരാശി: എഴുതപ്പെടാതെ പോയ ജീവിതങ്ങളുടെ വീണ്ടെടുക്കല്‍


എഴുതപ്പെട്ട വിപ്ലവചരിത്രങ്ങളുടെ സ്ഥൂലമായ കമാനങ്ങളില്‍ വാര്‍ത്തുവെച്ച ചോരതുടിക്കുന്ന പേരുകള്‍ പുന്നപ്ര-വയലാര്‍ സമര ചരിത്രം പഠിക്കുന്നവര്‍ക്ക് പെട്ടെന്ന് കണ്ടെത്താനായേക്കും. പക്ഷെ പതിനായിരങ്ങളാണ് സര്‍ സി.പിയുടെ പട്ടാളത്തിനുനേരെ വാരിക്കുന്തങ്ങളുമായി പടവെട്ടിയത്. കീഴാളത്തൊഴിലാളികളുടെ അസ്ഥികളുറങ്ങിക്കിടക്കുന്ന മൊറാഴ, തലശ്ശേരി, മട്ടന്നൂര്‍, കയ്യൂര്‍, കൊച്ചി മുഴുക്കൈ, പുന്നപ്ര, കാട്ടൂര്‍, വയലാര്‍, ഒളതല, മേനാശേരി, കരിവെള്ളൂര്‍, കാവുമ്പായി, ഓഞ്ചിയം തുടങ്ങിയ ഗ്രാമങ്ങളുടെ മണ്ണിനടിയിലേക്ക് ഏതു ചരിത്രമാണ് ഇത്രമാത്രം ഉദ്ഘനനങ്ങള്‍ ചെയ്തിരിക്കുക?. രക്തംപുരണ്ട മണല്‍ത്തരികളുടെ സമരചരിത്രം കാലാന്തരത്തില്‍ സമരനേതാക്കളുടെ ഓര്‍മ്മപ്പുസ്തകങ്ങളിലൂടെ ഇതള്‍വരിയുന്നു; തൊഴിലാളി വിപ്ലവങ്ങള്‍ നയിച്ച മുന്നണിപ്പോരാൡളുടെ ചരിത്രം പിന്നീട് വിപ്ലവത്തിന്റെ ചരിത്രമായി മാറുന്നതും നമ്മള്‍ കാണുന്നു. എന്തുകൊണ്ടോ ഈ ചരിത്രങ്ങളിലൊന്നും പട്ടിണിപ്പാവങ്ങളായ പുലയക്കിടാത്തിമാരായ കൈത്തറ പാപ്പിയേയും കൊച്ചുപാറുവിനേയും മണ്ണാന്തറയിലെ മാരയേയുമൊക്കെ ഒരു പക്ഷെ കാണാനായേക്കില്ല. അവര്‍ തലമുറകളുടെ വായ്‌മൊഴികളിലും വിപ്ലവചരിതങ്ങളിലുംമാത്രം ഒതുങ്ങിപ്പോയേക്കാം. ഈ ധീരസഖാക്കളുടെ രക്തസാക്ഷിത്വം പ്രാദേശികമായ വായ്‌മൊഴിക്കഥകളില്‍ മാത്രമായി ചുരുങ്ങിപ്പോവുക എന്നത് കാലത്തിന്റെ വികൃതിയാവാം. ചിലപ്പോള്‍ ഏതെങ്കിലുമൊക്കെ ചരിത്രങ്ങളില്‍ ഇവരൊക്കെ മിന്നിമറയുന്നുമുണ്ടാകാം. പക്ഷെ ഏതു ചരിത്രത്തിനാകും അവരുടെ സഹനത്തിന്റെ പ്രതിരോധത്തിന്റെ ആത്മാവിലേയ്ക്ക് വൈകാരികമായി കടന്നുചെല്ലുവാന്‍? പുന്നപ്ര-വയലാര്‍ സമരത്തിന്റെ തീച്ചൂളയെ ആളിക്കത്തിക്കാന്‍ സ്വയമെടുത്തുചാടിയ ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ആത്മാവിലേക്കൊരു ചരിത്രയാത്ര അത് സാധ്യമാണൊ?

കെ.വി. മോഹന്‍കുമാര്‍ എന്ന നോവലിസ്റ്റിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ എന്ന നോവല്‍ പുന്നപ്ര-വയലാര്‍ സമരത്തിന്റെ ചോരകലങ്ങിയ കാലജലത്തിലെ വന്മീനുകള്‍ക്കൊപ്പം ചെറുമീനുകളേയും വിട്ടുകളയുന്നില്ല. തിരുവിതാംകൂറിന്റെ ഭാഷയിലൂടെ, കീഴാളജീവിതത്തിലൂടെ കാലം പുനസൃഷ്ടിക്കപ്പെടുന്നു. ചരിത്രം വെറുതെ അക്കവും തീയതിയുമിട്ട് പറയുകയല്ല കെ.വി. മോഹന്‍കുമാര്‍ ചെയ്യുന്നത്; ഫിക്ഷന്റെ എല്ലാ സാധ്യതയും ഉപയോഗിച്ചുകൊണ്ട് സ്വതന്ത്രപൂര്‍വ്വ കാര്‍ഷികകേരളത്തിന്റെ, ജന്മിത്തം കൊടികുത്തിവാണ ചൂഷണ കേരളത്തിന്റെ, മണ്ണില്‍ പണിയെടുക്കുന്നവനെ അതേ മണ്ണില്‍ നിഷ്‌ക്കരുണം കൊന്നുകുഴിച്ചുമൂടിയ ജന്മികള്‍ വാണ നെറികെട്ടകാലത്തിന്റെ പുലരികളേയും നട്ടുച്ചകളേയും സായന്തനങ്ങളേയും കെ. വി. മോഹന്‍കുമാര്‍ വരച്ചുവയ്ക്കുന്നു. ഫിക്ഷനും റിയലിസവും ഇഴപിരിഞ്ഞുകിടക്കുമ്പോള്‍ എഴുതപ്പെട്ട പുന്നപ്ര വയലാര്‍ ചരിത്രങ്ങളുടെ ഒരുപാട് മുകളിലത്തെ നിരയില്‍ ഒരുപുസ്തകംകൂടി കാലത്തിന്റെ ഇടുവെയ്പ്പായി മാറുന്നു. അതാണ് ‘ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം’.
പുന്നപ്ര വയലാര്‍ സമരത്തിലാകെ രണ്ടായിരത്തിയഞ്ഞൂറോളം പേര്‍ മരിച്ചുപോയെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി ചരിത്രകാരന്‍ റോബിന്‍ ജെഫ്രി എഴുതിയിരിക്കുന്നതിനെക്കുറിച്ച് നോവലില്‍ പറയുന്നുണ്ട്. പക്ഷെ മരണം വെറും അഞ്ഞൂറായി ചുരുക്കിയ ചരിത്രങ്ങളും നമ്മുടെ മുന്‍പിലുണ്ട്. തോക്കുമായി പത്മവ്യൂഹം ചമച്ച സര്‍ സി.പി.യുടെ പട്ടാളത്തെ വാരിക്കുന്തങ്ങള്‍കൊണ്ട് നേരിട്ട നിസ്വരായ 7000 ത്തോളം തൊഴിലാളികളുടെ മൃതശരീരങ്ങളെ കഴുകും പരുന്തും കടിച്ചുപറിച്ച കഥകള്‍ അറിയണമെങ്കില്‍ പുന്നപ്രയിലേയും വയലാറിലേയും പച്ചമണ്ണില്‍ കാലിലെ പെരുവിരല്‍കൊണ്ടൊന്നു തോണ്ടിയാല്‍ മതി. രക്തംചിന്തിമരിച്ച സമരസഖാക്കളുടെ എല്ലിന്‍കഷ്ണങ്ങള്‍ വാരിക്കുന്തങ്ങള്‍പോലെ ഉയര്‍ന്നുവരും. സ്‌പോണ്‍സേഡ് ചരിത്രങ്ങള്‍കൊണ്ട് ഈ ഗ്രാമത്തിലെ മണ്ണില്‍ എഴുതപ്പെട്ട ജൈവചരിത്രങ്ങളെ അട്ടിമറിക്കാനാവില്ലതന്നെ. ജൈവീകമായ കുട്ടനാടന്‍ കാറ്റിന്റെ സാന്ദ്രതയോടെ, കരപ്പുറത്തിന്റെ ഇതിഹാസത്തെ കെ.വി. മോഹന്‍കുമാര്‍ ഈ നോവലില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു.
കീഴാളന്റെ ഇതിഹാസം
എഴുതപ്പെടാതെപോയ പ്രാദേശിക ജീവിതങ്ങളിലൂടെയുള്ള ഇതിഹാസമാനമായ ഒരു യാത്രയാണ് ‘ഉഷ്ണരാശി’ എന്ന നോവല്‍. 570 പേജുകളിലായി നീണ്ടു കിടക്കുന്ന ഈ ബൃഹദ്‌നോവല്‍ ആവേശത്തോടെമാത്രമെ ഏതൊരു കേരളീയനും വായിച്ചുതീര്‍ക്കാനാവൂ. സത്യസന്ധനായ കമ്മ്യൂണിസ്റ്റു നേതാവായ സത്യദാസിന്റെ മകള്‍ അപരാജിതയുടെ പേനയിലൂടെ നോവല്‍ ഇതള്‍വിരിയുന്നു. പല കാലങ്ങളിലായി പി. കൃഷ്ണപ്പിള്ളയും, ഇ.എം.എസും, എ.കെ. ജിയും, കെ. ദാമോദരനും, ടിവി തോമസും, ആര്‍ സുഗതനും, പി.കെ. ചന്ദ്രാനന്ദനും, വി.എസ്. അച്യുതാനന്ദനും, കെ.വി. പത്രോസും, സൈമണ്‍ ആശാനും, സി.കെ. കുമാരപ്പണിക്കരുമടക്കം പുന്നപ്ര വയലാര്‍ സമരചരിത്രത്തിന്റെ തുടിക്കുന്ന താളുകളിലെ നൂറുകണക്കിന് സമരനായകന്മാര്‍ ഈ നോവലിലുടനീളം ജീവിക്കുന്നു.
പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് ഭ്രാന്തിയാക്കി മാറ്റപ്പെട്ട കൈത്തറ പാപ്പിയും, മണ്ണാന്തറയിലെ മാരയും, കൊച്ചുപാറുവും, ജന്മികള്‍ പോറ്റിവളര്‍ത്തിയ ഗുണ്ടകള്‍ തെങ്ങില്‍കെട്ടിയടിച്ച പാക്കരന്മാരും, ചെത്തുകാരന്‍ ദാനവന്റെ കൊച്ചുപുലയപ്പെണ്ണ് കൊച്ചുതങ്കയും, കൊച്ചുനീലാണ്ടന്റെ പെണ്ണ് കുഞ്ഞുനീലിയും, പ്രഭാകരനും അനഘാശയനും, ശേഖരനും കൊച്ചുകുഞ്ഞാശാനും, രാഘവനുമടക്കം ഒരുപാടു ചരിത്ര കഥാപാത്രങ്ങള്‍ നിറയ്ക്കുന്ന ഊര്‍ജ്ജമാണ് ഈ ബൃഹദ്‌നോവലിലൂടെ വായനക്കാരനെ സഞ്ചരിപ്പിക്കുന്നത്. ഭരണകൂട ഭീകരതയുടെ പുതിയ പാഠങ്ങള്‍ ബ്രീട്ടീഷുകാരെപ്പോലും പഠിപ്പിച്ച സി.പി. രാമസ്വാമി അയ്യര്‍ക്കൊപ്പം വഞ്ചിരാജ കുലശേഖര കിരീടപതി മന്നേ സുല്‍ത്താന്‍ ഷംഷര്‍ ജംഗ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് എന്ന ‘പാവ’ രാജാവിന്റെ സിംഹാസനവും അദൃശ്യമായ ഒരു ഭീതിയായി നോവലിന്റെ പല താളിലും വന്നു നിറയുന്നു.
കീഴാളനെ തല്ലാനും കൊല്ലാനും അവന്റെ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്താനും വേണ്ടുവോളം അധികാരമുണ്ടായിരുന്ന ഭൂപ്രഭുക്കള്‍ക്കെതിരെ തിരുവിതാംകൂറിലെ ഒരു സംഘം കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് പുന്നപ്ര വയലാര്‍ സമരങ്ങളുടെ തുടക്കം. അടിയാളന്‍ വേട്ടുകൊണ്ടുവന്ന പെണ്ണിനെ സ്വന്തം കിടപ്പറയിലെത്തിക്കാന്‍ അധികാരമുണ്ടായിരുന്ന ജന്മികളോട് പടപൊരുതിക്കൊണ്ടാണ് ദാനവന്റെ മൂന്നുമാസം ഗര്‍ഭിണിയായ കൊച്ചുതങ്കയും, നീലാണ്ടന്റെ കുഞ്ഞുനീലിയും കൈത്തറ പാപ്പിയും മാരയുമൊക്കെ രക്തസാക്ഷികളായത്. കാല്‍പ്പനികമായ ഫ്യൂഡല്‍ ചിഹ്നങ്ങളില്‍ അഭിരമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയൊ വായിക്കാതെപോകുന്ന തുടിക്കുന്ന താളുകളെയാണ് കെ.വി. മോഹന്‍കുമാര്‍ നമുക്കുമുന്‍പില്‍ നോവല്‍ രൂപത്തില്‍ കൊണ്ടുവരുന്നത്. ജന്മിമാരും സര്‍ സി.പി.യുടെ പട്ടാളക്കാരും വിപ്ലവത്തെ നേരിട്ടത് തോക്കും ബലാത്സംഗങ്ങള്‍കൊണ്ടുമായിരുന്നു. കീഴാളക്കിടാത്തിമാരുടെ മാനത്തിനും ജീവനും ഒരു വിലയും കല്‍പ്പിക്കപ്പെടാതിരുന്ന കാലം. വെട്ടയ്ക്കല്‍ കോച്ചയെപ്പോലുള്ള, അന്തപ്പനെപ്പോലെയുള്ള അതി ക്രൂരന്മാരായ ഫ്യൂഡല്‍ പ്രഭുക്കന്മാരെ വളര്‍ത്തിക്കൊണ്ടുവരികയും, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളെ നിഷ്‌ക്കരുണം പിച്ചിച്ചീന്തുകയും ചെയ്യപ്പെടുന്ന ഒരു സാഹചര്യത്തെ കൂടുതല്‍ രൂക്ഷമാക്കി നിലനിര്‍ത്താനാണ് ദിവാന്‍ സര്‍ സി.പി. ശ്രമിച്ചത്. തിരുവിതാംകൂറിലെ ജന്മിമാരും ഗുണ്ടാപോലീസുകാരും പട്ടാളക്കാരും അവര്‍ക്കൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ ചൂടും തീയും ഞങ്ങളുടേതുമാത്രമെന്ന് അവകാശപ്പെടുന്ന സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഒറ്റുകാരും ഒത്തുചേര്‍ന്നപ്പോള്‍ മനുഷ്യക്കുരുതിയാല്‍ തിരുവിതാംകൂറിലെ ആകാശത്ത് രക്തചന്ദ്രനുദിച്ചു. നിലനില്‍പ്പിനുവേണ്ടി നിസ്വരില്‍ നിസ്വരായ തൊഴിലാളി സഖാക്കളുടെ വാരിക്കുന്തങ്ങള്‍ക്കുള്ള പ്രതിരോധങ്ങള്‍ക്ക് ദിവാന്‍ സര്‍ സിപി യുടെ പട്ടാളവും പോലീസും മറുപടി പറഞ്ഞത് തോക്കിന്‍കുഴല്‍കൊണ്ടാണ്. ചങ്കിലെ ചോരകൊടുത്ത് വിജയത്തിനായി ഒത്തൊരുമിച്ചുനിന്ന സഖാക്കളുടെ സായുധസമരത്തില്‍ അന്തിമ വിജയം കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനായിരുന്നു. 
”അച്യുതാന്ദന്‍ സഖാവ് ചക്രപാണിയുടെ അരികത്തേക്കു വരുന്നു. ‘ലാല്‍ സലാം സഖാക്കളേ, ലാല്‍സലാം… മരിക്കാനും തയ്യാറയല്ലേ നിങ്ങളെല്ലാം വന്നത്?’
‘മരിക്കാനും ഞങ്ങ തയ്യാറാണ്’, സമരസഖാക്കള്‍ ആര്‍ത്തു വിളിച്ചു.
പിരിഞ്ഞു പോകാന്‍ വന്നവരല്ല ഞങ്ങളാരും’, സഖാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ദിവാന്റെ ദുര്‍വാഴ്ചയ്ക്കറുതി വരുത്താന്‍ രണ്ടു കല്‍പിച്ചു കൂട്ടി വന്നവരാണ് ഞങ്ങാ.’ (പേജ് 448).
ചരിത്രത്തിലെ പുള്ളിക്കുത്തുകള്‍
തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളിയൂണിയനിലെ തൊഴിലാളികള്‍ ഒന്നടങ്കം അവരുടെ അവകാശങ്ങള്‍ക്കും, ജന്മികളുടെ ചൂഷണങ്ങള്‍ക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പുകളില്‍ നിന്ന് തുടങ്ങിയ സമരത്തീയാണ് വെറും കുറഞ്ഞകാലം കൊണ്ട് പുന്നപ്ര-വയലാല്‍ സമരമെന്ന കൊടുംങ്കാറ്റിന് വഴിമരുന്നായത്. കുട്ടനാട്ടിലെ വെറുമൊരു തൊഴിലാളി സമരം, സമഗ്രമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമായിമാറിയതെങ്ങിനെ എന്നതിലൂടെ ഒരു ചരിത്ര സഞ്ചാരംകൂടിയാകുന്നു ഉഷ്ണരാശിയെന്ന ഈ നോവല്‍. അതോടൊപ്പം സ്റ്റേറ്റ് കോണ്‍ഗ്രസ്സും, സ്വാതന്ത്ര്യത്തിന് വിഘാതമായി നില്‍ക്കുന്ന ഗവണ്‍മെന്റും ഫ്യൂഡല്‍ പ്രഭുക്കളും ഗൂഢാലോചന നടത്തി ഈ നാടിനെ വഞ്ചിച്ചതിന്റെ രഹസ്യങ്ങളും ഈ നോവല്‍ പലയിടങ്ങളിലായി പങ്കുവയ്ക്കുന്നുണ്ട്. 
സമരത്തിന്റെ തുടക്കത്തില്‍ സര്‍ സി.പി.യുടെ രഹസ്യപ്പോലീസായിരുന്ന കുമാരന്‍ വൈദ്യര്‍ക്ക് മാനസ്സാന്തരം വരികയും സമരത്തോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. പട്ടാളക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് മാനസികനില തെറ്റിയ കൈത്തറ പാപ്പിയെന്ന കീഴാള യുവതിയെ അവളുടെ സമ്മതമില്ലാതെ മാനഭംഗപ്പെടുത്തി, വിണ്ടും മറുകണ്ടം ചാടിയ ഡ്യൂപ്ലിക്കേറ്റ് സഖാക്കളുടെ വര്‍ഗ്ഗവഞ്ചനയുടെ കഥയും ഈ നോവല്‍ പറയുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സുകാരനും എസ്.എന്‍.ഡി.പിക്കാരനുമായിരുന്ന ആര്‍. ശങ്കറിനെ ചേര്‍ത്തലയിലേയ്ക്ക് അയച്ചത് സമരത്തില്‍ ചാവുന്ന ഈഴവരുടെ കണക്കെടുക്കാനായിരുന്നു. 
നോവലില്‍ ആര്‍ ശങ്കറിന്റെ സൂചനയിങ്ങനെ 
”അതക്ക ശരി. ഇപ്പ സര്‍ സീപ്പിട ആളാണയ്യാള്. വല്ല വെടിവയ്പ്പും ഒണ്ടായാ നുമ്മട ആള്‍ക്കാരണല്ലാ ചത്തു വീഴണത്? ആ വീണ്ടുവിചാരത്തിന്റെ പൊറത്താണ് യോഗം അയ്യാളെ ഇങ്ങാട്ടയച്ചത്. ഇന്നലെ വൈകീട്ട് പൊന്നാം വെളീലും കളവങ്കോടത്തും വന്നിരുന്നേ. കൂട്ടത്തില്‍ വേറെയും രണ്ടുമൂന്നാള്‍ക്കാരൊണ്ടായിരുന്നു. എന്നിട്ട് കടക്കരപ്പള്ളീ കുടിയൊഴിപ്പിച്ച പാട്ടിലേക്ക് തീട്ടക്കണ്ണുകൊണ്ടുപോലും നോക്കിയില്ല. ങാ, വയലാറ്റ് എം.കെ. കൃഷ്ണന്റെ വീട്ടീ വന്നിരുന്ന് ചായേം കുടിച്ചേച്ച് വെടിവെട്ടോം കഴിഞ്ഞേച്ചാ പോയേ”. 
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ഒരു രാജ്യമെന്ന നിലയില്‍ തിരുവിതാംകൂര്‍ സി.പി.ക്കുകീഴില്‍ അമേരിക്കന്‍ മോഡല്‍ സ്വേച്ഛാധിപത്യഭരണവുമായി നിലനില്‍ക്കും എന്ന നയത്തെ ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്ന മുദ്രാവാക്യം വിളികളുമായി ധീരസഖാക്കള്‍ നടത്തിയ സ്വാതന്ത്ര്യ സമരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുടിക്കുന്ന ഇതിഹാസമാണ്. ഈ നോവല്‍ മുന്‍പോട്ടുവയ്ക്കുന്ന വലിയൊരു സത്യവും ചിന്തയും ഇതുകൂടിയാണ്. നോവല്‍ എഴുതുന്ന കഥാപാത്രമായ അപരാജിത സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ വഞ്ചനയെക്കുറിച്ച് ശ്രീകണ്ഠന്‍ നായരുടെ നോവലിലെ ആമുഖം വായിക്കുന്നുണ്ട് ;
‘പരിപാവനമായ സ്റ്റേറ്റ് കോണ്‍ഗ്രസ്സേ, നീയിതാ വഞ്ചിക്കപ്പെട്ടിരിക്കുന്നു. നിന്റെ അരുമ സന്താനങ്ങളായ നെയ്യാറ്റിങ്കര രാഘവനും ചെങ്ങന്നൂര്‍ ജോര്‍ജ്ജും വെടിയുണ്ടയ്ക്കു വിരിമാറു കാട്ടിയ കൊച്ചപ്പിള്ളയും കൊച്ചു കൃഷ്ണനും കഴുമരമേറി. നിന്റെ മാനം കാക്കാന്‍ പാണ്ടിനാട്ടിലെ ശിവരാജ പാണ്ഡ്യന്‍ കൊല്ലം ലോക്കപ്പിലെ വെറും തറയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ചു. അടര്‍ക്കളത്തില്‍ അനേകായിരം രക്തസാക്ഷികള്‍ ആത്മാര്‍പ്പണം ചെയ്തു. കെ.കെ. കുഞ്ചുപിള്ള ക്ഷയരോഗം പിടിച്ചു മരിച്ചു. കണ്ണന്തോടത്തു ജനാര്‍ദ്ദനന്‍ നായര്‍ പുത്രമിത്രാദികളെ കണ്ട് ആശ്വസിക്കാന്‍ ഇടയാകാതെ കല്‍ക്കത്തയിലെ പാഴ്മണലില്‍ ലയിച്ചു. ഈ മഹാത്യാഗങ്ങളില്‍ നിന്നും ഉത്ഭവിച്ച ധാര്‍മ്മിക ശക്തി ഇതാ ഈ ധൂര്‍ത്തന്മാര്‍ വിറ്റു കാശുമാറുന്നു. വേണാടേ, നിന്റെ ജീവ രക്തം അധികാര ദാഹം പൂണ്ട ഇവര്‍ ഊറ്റിക്കുടിക്കുന്നു…’
അധികാരത്തിനുവേണ്ടി ദിവാന്‍ സി.പി. രാമസ്വാമി അയ്യരുമായി പലതരത്തിലുള്ള ബന്ധവങ്ങളിലും ഏര്‍പ്പെട്ടിരുന്ന സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെക്കുറിച്ച് നോവലില്‍ കടന്നുവരുന്നുണ്ട്.
അധികാര പ്രമത്തത ബാധിച്ച ചില സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ അടച്ചിട്ട മുറികളിലിരുന്ന് സര്‍ സീപ്പിയുമായി രഹസ്യ ധാരണകള്‍ പങ്കിടുമ്പോള്‍ രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനും അമേരിക്കന്‍ മോഡലിനുമെതിരെ സായുധ കലാപത്തിനു കാഹളം മുഴക്കുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍.’ (പേജ് 553)
‘വലതു പക്ഷ നിലപാടില്‍ നിന്നെഴുതേണ്ടി വരുമ്പോള്‍ അടയ്ക്കാമരം മുളയായെന്നു വരും. പുന്നപ്ര-വയലാര്‍ പോരാളികളുടെ മാറിടം തുളച്ചു പാഞ്ഞ വെടിയുണ്ടകള്‍ ദിവാന്‍ വാഴ്ചയുടെ ആണിക്കല്ല് തകര്‍ത്തു എന്നതല്ലെ സത്യം?’ (പേജ് 553)
ഇന്ത്യസ്വാതന്ത്ര സമര ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ച് നോവലില്‍ വാസുദേവന്‍ മാഷ് പറയുന്നതിങ്ങനെ;
‘ഇന്ത്യ സ്വാതന്ത്രമാകുന്നതിന്റെ തലേ നാളുകള്‍…. ഇന്ത്യ കണ്ട ബ്രിട്ടീഷ് വിരുദ്ധവും വിപ്ലവകരവുമായ ജന മുന്നേറ്റങ്ങളുടെ മുന്‍പന്തിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ബോംബേയിലെ നാവിക കലാപം. ബംഗാളിലെ തേഭാഗാ സമരം, ഡെറ്റിന്യൂ കലാപം, ഗോള്‍ഡന്‍ റോക്കിലെ റെയില്‍വേ തൊഴിലാളി സമരം, വോര്‍ളിയിലെ കര്‍ഷക സമരം, കോണ്‍പൂരിലും കോയമ്പത്തൂരിലും ബോംബെയിലും കല്‍ക്കട്ടയിലും നടന്ന തുണിമില്‍ തൊഴിലാളികളുടെ പണിമുടക്കം, ബിഹാറിലെ ആദിവാസി കര്‍ഷക സമരം, തെലുങ്കാന സമരം, പുന്നപ്ര-വയലാര്‍ സമരം….’ വലതുപക്ഷ ചരിത്രങ്ങള്‍ എത്രമേല്‍ തമസ്‌ക്കരിച്ചാലും ചരിത്രത്തിന്റെ ഈ തുടിക്കുന്ന താളുകളില്ലെങ്കില്‍ ‘സ്വാതന്ത്ര്യമെന്ന’ അദ്ധ്യായമെഴുതാന്‍ ഇന്ത്യയ്ക്ക് കഴിയുമായിരുന്നില്ല.
വര്‍ഗ്ഗ ശത്രുവില്‍ നിന്ന് വര്‍ഗ്ഗ വഞ്ചനയ്‌ക്കെതിരെ
കെ.വി. മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി’ പുന്നപ്ര-വയലാര്‍ സമരത്തിന്റെ ചരിത്രകഥമാത്രമല്ല. അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സംഭവിച്ച സമകലാക പ്രതിസന്ധികളെക്കുറിച്ചുപോലും സര്‍ഗ്ഗാത്മകമായി വിലയിരുത്തുന്നുണ്ട്. സഖാവ് സത്യദാസിന്റെ മകളായ അപരാജിതയില്‍കൂടി ഇതള്‍വിരിയുന്ന നോവലില്‍ ചെഗുവേരയുടെ അദൃശ്യസാന്നിദ്ധ്യം ഉടനീളം നിലനില്‍ക്കുന്നുണ്ട്. ചെയുടെ മുഖമുള്ള നിരഞ്ജന്‍ പ്രസ്ഥാനത്തില്‍ നിന്നും കുതറിമാറി സായുധ സമരത്തിലേക്കു പോയ ഒരു യുവാവാണ്. പണ്ട് പ്രസ്ഥാനം അടരാടിയത് വര്‍ഗ്ഗശത്രുക്കള്‍ക്കെതിരെയാണെങ്കില്‍ ഇന്ന് പോരാടുന്നത് ‘വര്‍ഗ്ഗ വഞ്ചകര്‍’ക്കെതിരെയാണ്. 
കോര്‍പ്പറേറ്റുകള്‍ക്കെതിരെ പടപൊരുതിയ സത്യദാസ് എന്ന അപരാജിതയുടെ അച്ഛന് സംഭവിച്ചതെന്താണ്. പൊളോണിയം എന്ന വിഷദ്രാവകം ശരീരത്തില്‍ കുത്തിക്കേറ്റിയാണ് കോര്‍പ്പറേറ്റുകള്‍ സത്യദാസിനെ കൊലചെയ്തത്. അന്ന് സര്‍ സിപി.യായിരുന്നു പ്രസ്ഥാനത്തിന്റെ ശത്രുവെങ്കില്‍ ഇന്ന് ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റിലെ തന്നെ വര്‍ഗ്ഗവഞ്ചകരുമാണ് ശത്രുക്കള്‍. അപരാജിതയുടെ വാക്കുകളില്‍ ”വിപ്ലവം പുതിയ കുപ്പികളില്‍. പോലീസ് പതിവ് വേട്ടക്കാരന്റെ റോളിലും”.

ചരിത്രത്തെ അഗാധമാക്കുന്ന നോവല്‍
ചരിത്രം വസ്തുതകള്‍ മാത്രമല്ല അവാസ്തവങ്ങളുടെ കൂടി സങ്കലനമാണ്. ചിലപ്പോള്‍ അത് അക്കങ്ങളും തീയതികളും മാത്രമായി മാറുന്നു. ചരിത്രത്തിലെ സംഭവങ്ങളിലും, യുദ്ധങ്ങളിലും, പ്രതിരോധങ്ങളിലും പലപ്പോഴും മനുഷ്യജീവിത്തിന്റെ ഭാവാത്മകമായ അംശങ്ങള്‍ കൈമോശംവരുന്നു. അതിന് ആരേയും കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ഉഷ്ണരാശിപോലുള്ള ചരിത്ര നോവലുകള്‍ കാലത്തെ പുനഃസൃഷ്ടിക്കുന്നു. അതോടൊപ്പം എഴുത്തിന്റെ സാധ്യതകളും സാന്ദ്രതയും പുനര്‍നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. എഴുത്ത് ഒരു ചരിത്രദൗത്യമാകുന്നത് അപ്പോഴാണ്. ”ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം” നോവല്‍ വായിച്ചുകഴിഞ്ഞ് അടച്ചുവയ്ക്കുമ്പോള്‍, കരപ്പുറത്തിന്റെ ഇതിഹാസമെന്നത് ലോക സ്വാതന്ത്ര്യചരിത്രത്തിന്റെ ഏറ്റവും തിളങ്ങുന്നൊരു ഇതിഹാസമാണെന്നുള്ള അനുവാചകന്റെ തിരിച്ചറിവിലാണ് കെ.വി. മോഹന്‍കുമാറിന്റെ ഈ ചരിത്രദൗത്യം സാര്‍ത്ഥമാകുന്നത്. തിരുവിതാംകൂറിന്റെ മാത്രമല്ല ഇന്ത്യയിലെ അങ്ങോളമിങ്ങോളം ഉണ്ടായിട്ടുള്ള സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പിടഞ്ഞുമരിച്ച ധീര സഖാക്കളുടെ ജീവിക്കുന്ന സ്മരണയ്ക്കുമുന്‍പില്‍ കെ.വി. മോഹന്‍കുമാറിന്റെ ഈ ചരിത്രദൗത്യം അശ്രൂപൂജയാകുന്നു. അതോടൊപ്പം നോവല്‍ സാഹിത്യശാഖയ്ക്ക് നല്ലൊരു ദിശാസൂചിയുമാകുന്നുണ്ട് ഈ നോവല്‍.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.