2020, ജനുവരി 22, ബുധനാഴ്‌ച

ചപ്പാക്ക്‌

ആസിഡ് ആക്രമത്തിനിരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആധാരമാക്കി ദീപിക പദുകോൺ അഭിനയിച്ച chhapaak കണ്ടു. 
സംഭവങ്ങളോടും സമകാലിക അവസ്ഥകളോടും ധീരമായി പ്രതികരിക്കുന്നു - യാതൊരു കൃത്രിമ വൈകാരികതയൊ, അതി നാടകീയതയൊ ഇല്ലാത്ത സത്യസന്ധമായ സിനിമ. ഒട്ടും അതിഭാവുകത്വമൊ അനാവശ്യ ഗിമ്മിക്കുകളൊ കാണിക്കാതെ തികച്ചും റിയലിസ്റ്റിക് അയി ദീപികാ പദുകോൺ തന്റെ കഥാപാത്രത്തെ മികച്ചതാക്കി.
ഇതേ പ്രമേയത്തിൽ മലയാളത്തിലിറങ്ങിയ " ഉയരെ " എന്ന ചിത്രത്തിൽ ഇരയുടെയും വേട്ടക്കാരന്റെയും മനസ്സിനെ ആഴത്തിൽ അപഗ്രഥിക്കുണ്ട് . എന്നാൽ 'ചപാക് ' ഇരയുടെ സമൂഹ്യബോധത്തിലൂടെ സഞ്ചരിക്കുന്നു. സിനിമ നമ്മുടെ സിസ്സംഗത മുഖമുദ്രയാക്കിയ നീതി പീഢങ്ങളെ പ്രതിസ്ഥാനത്തു നിർത്തുന്നു. ഇനിയും ഇതുപോലുള്ള ആക്രമണങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജാഗ്രത്താകുന്നു.
സാമൂഹ്യ ബോധമുള്ള ഓരോ ഇന്ത്യക്കാരനും കാണേണ്ട സിനിമ.
സംവിധായിക മേഘ്ന ഗുൽസ റിന് ഒരു ബിഗ് സല്യൂട്ട്. ഒരോ സീനിലും ഈ സംവിധായിക കാണിക്കുന്ന സൂക്ഷ്മത അവരുടെ 'തൽവാർ' എന്ന ചിത്രത്തിൽ ബോധ്യപ്പെട്ടതാണ്.
ഒരു പാട് പ്രതിഭയുള്ള പുതുമുഖങ്ങൾ, പുതിയ സമീപനം
ബോളിവുഡിന് പുതിയൊരു ചുവടുമാറ്റത്തിന്റെ മുന്നുരയായി മാറുന്ന സിനിമ.
#chhapaak
#deepikapadukon
#supportchapak

സൂസന്നയുടെ പുസ്തകച്ചിത

ഒരു പ്രഭാഷണത്തില്‍ സജയ് കെ.വി. പറഞ്ഞു 'വായിക്കുക-വലിയൊരു വായനക്കാരനാകുക-'വായനക്കാരന്‍' ഒരു വലിയ പദവിയാണ്'.
എനിക്ക് ഓരോ വായനയും ഓരോ സഞ്ചാരങ്ങളാണ്. ലഗേജുകളുടെ ഭാരമില്ലാതെ, കര്‍മ്മബന്ധങ്ങളുടെ കെട്ടുപാടുകളില്ലാതെ അവനൊ അവളൊ ഇല്ലാതെ, ഉപാസനകളും അനുഷ്ഠാനങ്ങളുമില്ലാതെ അവനവനിലേയ്ക്കുതന്നെയുള്ള ഒരു തീര്‍ത്ഥയാത്ര. സംഘര്‍ഷങ്ങളും സംവാദങ്ങളും ഉന്മാദങ്ങളുമല്ലാതെ വേറൊന്നുമില്ല കൂട്ടിന്.
വായിക്കാതിരിക്കുമ്പോള്‍ ജീവിതം ചലന രഹിതമായി തോന്നുന്നു. വായനയുടെ പാരമ്യത്തിലെത്തുമ്പോള്‍ വായന ഒരു ദുശ്ശീലംകൂടിയായി മാറുന്നു.
മലയുടെ മസ്തകത്തില്‍ നിന്ന് മഴയുടെ നീരൊഴുക്കിനൊപ്പം യാത്ര പുറപ്പെട്ട ഒരു കല്ല് നദിയിലെത്തുകയും, ഒഴുക്കിലുരഞ്ഞുകൊണ്ട് സമുദ്രത്തിലെത്തുകയും ചെയ്യുമ്പോള്‍ 'കല്ലുടലി'ന് ഉണ്ടാകുന്ന മിനുസമുണ്ടല്ലൊ.... അതാണ് വായനയുടെ ഏക നേട്ടം. ഏതു ജീവിത സംഘാതങ്ങളിലും ഒരൊഴുക്കുതടിപോലെ സ്വയം നിന്നുകൊടുക്കാനുള്ള ആത്മീയ ശക്തി.... മഹാമലയുടെ നിസ്സംഗത, നദിയുടെ നൈരന്തര്യം, ഒരുവാക്കുപോലും എഴുതിയില്ലെങ്കിലും എന്തിനോവേണ്ടി തിളയ്ക്കാതെ ശാന്തമായി ഉറങ്ങുന്ന ഷെല്‍ഫിലെ ഒരു പുസ്തകം പോലെ ഉറങ്ങാനുള്ള ആത്മീയ ശക്തി. അതിനപ്പുറം.... അതിലപ്പുറം ഒന്നുമില്ല. ഒരു വായനക്കാരന്‍ ഇതില്‍ക്കൂടുതല്‍ ഒന്നും ആഗ്രഹിക്കരുത്. പുസ്തകങ്ങള്‍ ലോകത്തെ വെട്ടിപ്പിടിക്കാനുള്ളതല്ല. അത് അവനവനെ അറിയാനുള്ളതാണ്.... അവനവനിലൂടെ ലോകത്തെ വെറുതെ കാണാനും....
ഓരോ വായനയും ജീവിക്കലാണ്. വായന ഒരു ജീവിത നിയോഗമാണ്.
അജയ് പി മങ്ങാട്ടിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവല്‍ ഒരു ഭീകര വായക്കാരനായ നോവലിസ്റ്റിന്റെ കേവല ഉന്മാദങ്ങള്‍ മാത്രമാണ്. ഒരു ഉന്മാദിയായ വായനക്കാരന്റെ സ്വപ്‌നാടനങ്ങളെ, ഭ്രമാത്മകതകളെ, ഇളവെയിലിലെ നിഴല്‍ വഴികളെ, വിസ്മൃതിയില്‍ നിന്ന് വല്ലപ്പോഴുമൊക്കെ കയറിവരുന്ന നിഴല്‍നാടകങ്ങളെ, പലതുമായി കുഴമറിഞ്ഞ് മറ്റൊന്നായി വന്നു മുന്നില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ, ആര് സൃഷ്ടിച്ചെന്നും; ഇതിന്റെ പിതാവാരെന്നുമറിയാതെ ഭൂതകാലം നഷ്ടപ്പെട്ട നൂറുകണക്കിന് കഥാപാത്രങ്ങളെ ഒരു നോവലില്‍ പിടിച്ചുവയ്ക്കുകമാത്രമാണ് അജയ് പി. മങ്ങാട് ചെയ്തത്.
നോവല്‍ സാഹിത്യത്തെക്കുറിച്ചുള്ള രൂഢമൂലമായ ലാവണ്യബോധവുമായി ഈ നോവലിനെ ഒരിക്കലും ആരും സമീപിക്കാതിരിക്കുക. എഴുത്തിന്റെയും ആവിഷ്‌ക്കാരത്തിന്റെയും വ്യവസ്ഥാപിത രീതികളില്‍ നിന്ന് വഴിമാറി സഞ്ചിരിക്കുന്ന ഒരു കൃതിയാണിത്. ഇതിന് കാലമൊ, ഇതിവൃത്തമൊ, സഞ്ചാര പഥങ്ങളൊ ഇല്ല. ഉള്ളത് എഴുത്തുകാരന്‍ സൃഷ്ടിച്ചതും വായനാവഴിയില്‍ പലപ്പോഴായി കണ്ടുമുട്ടിയതുമായ കഥാപാത്രങ്ങളും കുറേ വിസ്മയങ്ങളും, അതിലധികം കുഴമറിഞ്ഞ ഉന്മാദങ്ങളും മാത്രമാണ്. ഉന്മാദത്തിന്റെ സെപിയ ചിത്രങ്ങളില്‍ നിറയെ കാടും മലകളും ചുരങ്ങളും മാത്രം. എല്ലാ കഥാപാത്രങ്ങളും ഭീകര വായനക്കാരാണ്! എല്ലാവരുടെ കണ്ണിലും ഏകാന്തതകളുടെ ആഴങ്ങളില്‍ കാണുന്ന ധൈഷണിക നീലിമയുണ്ട്.
അലി, സൂസന്ന, അഭി, അമുദ, നീലകണ്ഠന്‍ പരമാര, കാര്‍മേഖം, പശുപതി, സരസ, വെള്ളത്തൂവല്‍ ചന്ദ്രന്‍, ജല, ആറുമുഖന്‍ എന്നിവരൊക്കെ അജയ് മങ്ങാടിന്റെ സൃഷ്ടികളായി കരുതാനാവില്ല. വായനാവഴിയില്‍ ലഹരി മുത്ത് 'പാമ്പായി' കിടന്നപ്പോള്‍ അനുവാദം പോലും ചോദിക്കാതെ, മനസ്സിലേയ്ക്ക് ഇറങ്ങിവന്ന ഉപബോധലോകത്തിലെ മനുഷ്യരാണ്. ഈ കഥാപാത്രങ്ങള്‍ക്ക് അജയ് പി. മങ്ങാട്ട് എന്ന പ്രതാധിപനായ, വജ്ര-അമേയ, എന്നീ പെണ്‍മക്കളുടെ പിതാവുമായൊ ഒരു ബന്ധവുമില്ല. അജയ് പി. മങ്ങാട്ട് എന്ന ഉന്മാദിയായ വാനക്കാന്‍ ഒരു ദിവസം തന്റെ വായനോന്മാദങ്ങളുടെ ബോധരൂപങ്ങള്‍ക്ക് അക്ഷരച്ചിറകുകൊടുത്തു; അത്രമാത്രം. അതുകൊണ്ടുതന്നെ ഈ പുസ്തകം വായനയുടെ വഴിയില്‍ സഞ്ചരിക്കുന്നവരുടെ പുസ്തകമാണ്.
അയ്യായിരത്തില്‍പരം പുസ്തകങ്ങള്‍ കത്തിച്ചു കളയുന്ന സൂസന്ന ഉന്മാദിയായ അനുവാചകനെ ഒട്ടും ഞെട്ടിക്കുന്നില്ല. സൂസന്ന ഒരുക്കിയ പുസ്തകച്ചിത സത്യത്തില്‍ ഒരോ വായനക്കാരന്റെയും മനസ്സിലുണ്ട്. ഓരോ വായനക്കാരനും സ്വയം ദഹിക്കുന്നത് അവനവന്റെ അക്ഷരച്ചിതയിലാണ്.
'ഓര്‍മ്മ' ഓരോ വായനക്കാന്റെയും സെമിത്തേരിയാണ്. ഓരോ കല്ലറകള്‍ക്കു മുകളിലും കുരിശടികളില്‍ ഇങ്ങിനെ എഴുതിവെച്ചിരിക്കും കാഫ്ക, ദസ്തയേവ്‌സ്‌കി, അര്‍തര്‍ കോനന്‍, ഡോയല്‍, ബോര്‍ഹസ്, റില്‍കെ, നെരൂദ, തകഴി, കാരൂര്‍, എ.ടി. വാസുദേവന്‍, ആനന്ദ്... അങ്ങിനെ അങ്ങിനെ...
ഓരോ വായനാന്ത്യവും പൊട്ടിയ അമിട്ടു കുറ്റിയുടെ അവശിഷ്ടങ്ങളും, പൊഴിഞ്ഞുവീണ ഷൂക്കിയും വളപ്പൊട്ടുകളും പെറുക്കിയെടുക്കാനായി വിശാലമായിക്കിടക്കുന്ന, പൂരംകഴിഞ്ഞ പൂരപ്പറമ്പാണ്.
രണ്ടു കണ്ണുകള്‍ അസ്തമിക്കുന്നതോടെ വായനക്കാരന്‍ മരിക്കുന്നു. അക്ഷരങ്ങള്‍ ഒരുക്കിയ ചിതയില്‍ അവന്‍ സ്വയം ഒരുപിടി ചാരമാകുന്നു.
സൂസന്ന എനിക്ക് ഒരു കഥാപാത്രമല്ല...
അവള്‍ ഞാനാണ്...
ഞാനാണ്...
അവളുടെ ഗ്രന്ഥപ്പുര എന്റെയും ചിതയാണ്....

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.