2016, ഏപ്രിൽ 17, ഞായറാഴ്‌ച

ഫാസിസത്തിന്റെ ഇന്ത്യന്‍ വെര്‍ഷന്‍ 'മേക്ക് ഇന്‍ ഇന്ത്യ' യിലൂടെ

കാലം തിരിഞ്ഞുകടിക്കുകയാണ്. ഉടുക്കാത്തവന്റെ തലേക്കെട്ടുപോലെ നമ്മളെ പരിഹസിക്കുകയാണ്. പതിമൂന്നാം നൂറ്റാണ്ടിലെ അനാചാരങ്ങളെ നമ്മള്‍ ആശ്ലേഷിച്ചു തുടങ്ങിയിരിക്കുന്നു. ജാതിബോധവും മതബോധവും മുഖ്യധാരയില്‍ വന്ന് പ്രബലമാകുന്നു. 'മേക്ക് ഇന്‍ ഇന്ത്യ' വഴി ഫാസിസത്തിന്റെ ഏറ്റവും പുതിയ പ്രോഡക്ട് നരേന്ദ്രമോഡി അവതരിപ്പിച്ചുകഴിഞ്ഞു. രാജ്യസ്‌നേഹത്തിന്റെ ഫ്്‌ളേവറില്‍ ഭംഗിയായി പായ്ക്കു ചെയ്ത് ഈ ഉത്പന്നം അതിവേഗം വിപണി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. പ്രൈംടൈമില്‍ ചാനല്‍ ശ്വാനന്മാര്‍ ടിആര്‍പി കൂട്ടാന്‍ രാജ്യസ്‌നേഹം കുരച്ചുകൊണ്ടിരിക്കുന്നു. ഭരണഘടനാ സ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിക്കുന്നവന്റെ തലയ്ക്ക് വിലയിടുന്നു. പുരോഗമന ചിന്തകള്‍ ഇനി വേണ്ട, അതു പറയുന്നവരൊക്കെ രാജ്യദ്രോഹികളാണെന്ന് വന്നിരിക്കുന്നു. ജെഎന്‍യു കാമ്പസ്സിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ നേരിട്ട പോലീസ് നടപടിയും ഭരണത്തിലിരിക്കുന്ന സാംസ്‌കാരിക പോലീസുകാരുടെ സമീപനവും തെളിയിക്കുന്നത് അതാണ്. അതോടൊപ്പം അഖണ്ഡഭാരതം എന്നതിനായി നിലകൊള്ളേണ്ടത് ഓരോ പൗരന്റേയും ഭരണഘടനപരമായ കര്‍ത്തവ്യമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ആവശ്യമാണ്. നമ്മുടേത് അയവുള്ള ഒരു ഭരണഘടനയാണ്. അത് ഈ രാജ്യത്ത് വിമത സ്വരം കേള്‍പ്പിക്കാനുള്ള സ്വാതന്ത്ര്യംപോലും നല്‍കുന്നുണ്ട്. മറ്റൊരു രാജ്യത്തുമില്ലാത്ത വളരെ ജനാധിപത്യപരമായ ഒരു മൂല്യമാണ് നമ്മുടെ ഭരണഘടന നമ്മുക്ക് പ്രദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അഫ്‌സല്‍ ഗുരുവിനെപ്പോലെയുള്ള ഒരു തീവ്രവാദിയുടെ ക്യാപ്പിറ്റല്‍ പനിഷ്‌മെന്റ് ഒരു 'ജുഡീഷ്യല്‍ കില്ലിങ്ങ്' ആണെന്ന് പറയുന്നതും ഒരു തരത്തില്‍ സ്വാതന്ത്ര്യം തന്നെ. പക്ഷെ അഫ്‌സല്‍ ഗുരുതന്നെ ഒരു സ്വാകാര്യ ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ താന്‍ ഒരു കുറ്റവാളിയാണെന്നും നമ്മുടെ ജനാധിപത്യത്തിന്റെ മഹനീയ ക്ഷേത്രമായ പാര്‍ലമെന്റ് ആക്രമിച്ച രീതിയൊക്കെ വിശദമായി പറയുന്നുണ്ട്. അഫ്‌സല്‍ ഗുരു ഒരു തീവ്രവാദിയാണെന്ന് വിശ്വസിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും തെളിവുകള്‍ ആവശ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. മുംബൈ ഭീകരാക്രമണ കേസില്‍ പടിക്കപ്പെട്ട അജ്മല്‍ കസബിനെ തൂക്കിക്കൊന്നപ്പോള്‍പോലും കുറ്റവാളിയുടെ മനുഷ്യാവകാശത്തെപ്പറ്റി ഇവിടെ പലരും ചര്‍ച്ചചെയ്തിരുന്നു. അഫ്‌സലിന്റെ വധ ശിക്ഷ നടപ്പാക്കി ദിവസങ്ങള്‍ക്കു ശേഷമാണ് വീട്ടുകാരെ അറിയിച്ചത് എന്നതിനേയും നമ്മള്‍ മനുഷ്യത്വത്തിന്റെ പേരില്‍ അപലപിച്ചു. ഇതൊക്കെ ഇന്ത്യയില്‍ സാധ്യമാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം, സ്വാതന്ത്ര്യം. ഈ രാജ്യത്തെ മറ്റൊരു താലിബാനാക്കാനാണ് ഇപ്പോള്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. വിമത സ്വരമുയര്‍ത്തുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവറയ്ക്കകത്താക്കുക. ഞങ്ങള്‍ പറയും അതാണ് രാജനീതി എന്ന ധാര്‍ഷ്ട്യം. ജെ.എന്‍.യു.വില്‍ കണ്ണയ്യ നടത്തിയ പ്രസംഗം നമ്മളൊക്കെ കേട്ടതാണ്. രാജ്യദ്രോഹപരമായ ഒരു പ്രസ്ഥാവനപോലും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല. അടിമുടി അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ കാമ്പസ്സുകളില്‍ നിന്ന് ഇതുപോലെ ചിന്തിക്കുന്ന ചെറുപ്പക്കാര്‍ ഉയര്‍ന്നുവരിക എന്നത് ഇനി അസാധ്യമായൊരു സംഗതിയാണെന്ന് എനിക്കു തോന്നുന്നു. പക്ഷെ ഇന്ത്യയെ പതിമൂന്നാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്ന സംഘപരിവാര്‍ ഹിന്ദുത്വ അജണ്ടകളെ ചെറുത്തുതോല്‍പ്പിക്കാന്‍ പുതു തലമുറയില്‍ നിന്ന് നവ ഇടതുപക്ഷ പോരാളികള്‍ ഉയര്‍ന്നുവരുന്നു എന്നത് ആശാവഹമാണ്. ഇപ്പോള്‍ സംഘപരിവാര്‍ ഉയര്‍ത്തുന്നത് ഫാസിസത്തിന്റെ പുതു 'മോഡി'യാണ്. ഞങ്ങള്‍ മാത്രമാണ് രാജ്യസ്‌നേഹികള്‍ എന്നുപറയുമ്പോഴും സ്വന്തം രാജ്യത്തിലെ ജനാധിപത്യത്തിന്റെ അന്തസത്തയേയും പാരമ്പര്യത്തേയും ഹിന്ദുമത പ്രീണനത്തിനുവേണ്ടി നശിപ്പിക്കുകയാണ്. ബീഫു തിന്നുവനെ തല്ലിക്കൊല്ലുന്നു, ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ സംഘടിതമായി നേരിടുന്നു. അടിയന്തിരാവസ്ഥയെക്കാളും ഭീകരമായ ഒന്നിലേക്കാണൊ നമ്മള്‍ പോകുന്നത്?
മത സാഹോദര്യത്തിന്റെ സന്തുലതമായ സാഹചര്യങ്ങളെ തകര്‍ക്കുന്നതിനേയും ജനാധിപത്യത്തെ പുഴുക്കുത്താക്കി നശിപ്പിക്കുന്നതിനെയും നമ്മള്‍ കാണാതിരുന്നുകൂടാ. വര്‍ഷങ്ങളോളം സെക്യുലറിസത്തെ വ്യഭിചരിച്ച, നൂറുകണക്കിന് സിക്കുകാരെ കലാപത്തിലൂടെ കൊന്നുതള്ളിയ കോണ്‍ഗ്രസ്സും, രാമജന്മഭൂമിയുടെ പേരില്‍ മദ്ധ്യേന്ത്യയിലും ഉത്തരേന്ത്യയിലും, ഗോദ്രയുടെ പേരില്‍ ഗുജറാത്തിലും കാലപങ്ങള്‍ നയിച്ച സംഘപരിവാരങ്ങളും ജനാധിപത്യത്തെ കശാപ്പു ചെയ്തവരാണ്. പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കുവേണ്ടി ജാതി മത സ്പര്‍ദ്ദകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വ്യത്യസ്തരല്ല. നായക്കാട്ടം നാലാക്കി മുറിച്ചിട്ട് ഇതില്‍ ഏതാണ് നല്ലത് എന്നു ചോദിച്ചാല്‍ നമ്മള്‍ എന്തുത്തരം നല്‍കും. അതാണ് ഇന്ത്യിലെ രാഷ്ട്രീയ കക്ഷികള്‍ എന്നായിരിക്കുന്നു!
'മതമില്ലാത്ത ജീവനെ' ജാതിയുടെ ചാപ്പകുത്തുന്ന ഇടമായി മാറ്റിയതിന് ഇവിടുത്തെ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദികളാണ്. ഇന്ത്യന്‍ വിദ്യാഭ്യാസത്തെ എല്ലാതരത്തിലുള്ള സ്വാധീനങ്ങളില്‍ നിന്നും മോചിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതനിരപേക്ഷത പഠിപ്പിക്കുന്ന, ജനാധിപത്യ സംസ്‌കാരം പഠിപ്പിക്കുന്ന, സ്വതന്ത്ര ചിന്തയെ പരിപോഷിപ്പിക്കുന്ന ഒരിടമാക്കി നിലനിര്‍ത്താന്‍ ഇവിടുത്തെ ഭരണകൂടം തയ്യാറാകുമൊ. അങ്ങിനെ ചെയ്താല്‍ പൊള്ളയായ രാഷ്ട്രീയ വിഗ്രഹങ്ങളെ നോക്കി അനുകൂല മുദ്രാവാക്യം വിളിക്കാനും പൂവാരിയെറിയാനും പിന്നെ ആരും ഉണ്ടായി എന്നുവരില്ല. ചോദ്യം ചോദിക്കാനും ഉത്തരങ്ങള്‍ക്കുവേണ്ടി സര്‍ഗ്ഗാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ന്നുവരുന്നതിനെ പേടിക്കുന്ന ചിലര്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തുണ്ട്. ഫാസ്റ്റുഫുഡ്ഡും ഐഫോണും കൊടുത്ത് യൂണിഫോമിടീച്ച് സ്‌കൂള്‍ ബസ്സില്‍ കയറ്റിയയച്ചിട്ടും ഈ തലമുറയിലെ ചിലരെങ്കിലും മന്ദബുദ്ധികളായില്ല. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവ് കന്നയ്യയെപ്പോലെ ചില വിപ്ലവകാരികള്‍ മുഷ്ടിചുരുട്ടി അധികാരദുഷിപ്പുകളെ ചോദ്യം ചെയ്യുന്നു. അതിന്റെ അമ്പരപ്പാണ് സംഘപരിവാര്‍ ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. 'സംഘിവത്ക്കരിച്ച രാജ്യസ്‌നേഹമെന്ന രാസായുധമുപയോഗിച്ച് എത്രകാലം ഈ സര്‍ക്കാര്‍ ഇവരെ നേരിടും... കാത്തിരുന്നു കാണാം....
കര്‍മ്മയോഗവും ആത്മീയതയും
മലതുരക്കുന്ന ഒരു വൃദ്ധന്റെ ഒരു പഴയ സെന്‍ കഥയുണ്ട്. കഠിനമായ വന്‍മല കയറിയിറങ്ങി കാട്ടുവഴികളിലൂടെ ദൂരെയുള്ള തീര്‍ത്ഥാനടകേന്ദ്രത്തിലേക്ക് അവശരായി യാത്രചെയ്യുന്ന തീര്‍ത്ഥാടകര്‍ക്കായി ഒരു തുരങ്കം പണിയാന്‍ സ്വയം നിശ്ചയിച്ച് ഇറങ്ങിപ്പുറപ്പെടുന്ന ഒരു വൃദ്ധന്‍. ഇത്രയും വലിയൊരു പര്‍വ്വതത്തിനുള്ളിലൂടെ ഒരു തുരങ്കം നിര്‍മ്മിക്കാനായി രാവും പകലും അദ്ധ്വാനിക്കുന്ന വൃദ്ധനെക്കണ്ട് വഴിയാത്രക്കാര്‍ പരിഹസിച്ചു. 'ഈ തുരങ്കം പത്തടിയെങ്കിലും ഏത്തുമ്പോഴേക്കും ഈ വൃദ്ധന്‍ മരിച്ചുപോകും' പലരും വൃദ്ധനെ വിഢിക്കിഴവനായി കരുതി പരിഹസിച്ചു. ഒരു മഹാധ്യാനംപോലെ വലിയ കട്ടപ്പാരയും ചുറ്റികയുംകൊണ്ടുള്ള ഓരോ ഇടിയിലും തകര്‍ന്നുവീഴുന്ന പാറക്കഷ്ണങ്ങള്‍ കാണ്‍കെ വൃദ്ധന്റെ ആത്മീയത മൂര്‍ഛിച്ചു വന്നു. തന്റെ പൂര്‍വ്വപാപങ്ങളില്‍ നിന്ന് മുക്തിതേടി തന്റെ ജീവിത സായാഹ്നത്തില്‍ സമൂഹ നന്മയ്ക്കുവേണ്ടി ഒരു തുരങ്കമുണ്ടാക്കാന്‍ പുറപ്പെട്ട ഈ പടുവൃദ്ധന്‍ സത്യത്തില്‍ വിഢിയായിരുന്നില്ല. അദ്ദേഹത്തിന്റെ ആദ്ധ്വാനത്തിലും അര്‍പ്പണത്തിലും കൗതുകം തോന്നി ഒരു യുവാവ് അദ്ദേഹത്തിന്റെ അടുത്തേക്കു ചെല്ലുന്നു. ജരാനരകള്‍ ബാധിച്ച് പ്രായാധിക്യംകൊണ്ട് ക്ഷീണിച്ച്് മരിക്കാറായ താങ്കള്‍ ഒരു മനുഷ്യായുസ്സുകൊണ്ട് അസ്സാധ്യമായ ഈ ഒരു വലിയ ദൗത്യം എറ്റെടുത്തു ചെയ്യുന്നത് എന്തിനാണെന്ന് യുവാവ് ചോദിക്കുന്നു. അതിന് വൃദ്ധന്റെ മറുപടി 'ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ തന്റെ ഈ ചുറ്റിക ഏറ്റുവാങ്ങാന്‍ തക്കതായ, കരുത്തുറ്റ കരങ്ങള്‍ ഞാന്‍ മരിക്കുന്നതിനുമുന്നെ വന്നുചേരുമെന്ന ശുഭപ്രതീക്ഷയാണ് തന്നെ തളരാതെ നിലനിര്‍ത്തുന്നത്' എന്നാണ്. വൃദ്ധന്റെ കര്‍മ്മോപാസനയിലൂടെ ആര്‍ജ്ജിച്ചെടുത്ത ആത്മീയത കണ്ട് ആദരവും ബഹുമാനവും തോന്നിയ യുവാവ് വൃദ്ധനൊപ്പം ചേരുകയും, വൃദ്ധന്റെ മരണശേഷവും ഒറ്റയ്ക്ക് ലക്ഷ്യപ്രാപ്തിക്കുവേണ്ടി പ്രയത്‌നിച്ചുകൊണ്ടിരുന്നു എന്നതാണ് സെന്‍കഥയുടെ രത്‌നച്ചുരുക്കം.
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍ - എന്ന് വൈലോപ്പിള്ളി പാടുന്നതും ഈയൊരു കര്‍മ്മ ബന്ധങ്ങളുടെ തുടര്‍ച്ചയെ ആവാഹിച്ചുകൊണ്ടാണ്. കവാബത്ത യാസുനാറിയുടെ 'മലയുടെ ശബ്ദം' എന്ന ജാപ്പനിസ് നോവലും ഇതുപോലൊരു പ്രമേയത്തിലൂടെ കടന്നുപോകുന്നുണ്ട്. സ്വന്തം കര്‍മ്മമാണ് നമ്മുടെ ആത്മീയത. എന്നും അതിരാവിലെ ഏഴുന്നേറ്റ് പശുക്കളെ കറന്ന് പാലുമായി പല്ലശ്ശനയിലെ ഒരു പാല്‍സൊസൈറ്റിയില്‍ വെയില്‍പൂക്കുന്നതിനുമുന്നെ പോയിവന്നിരുന്ന എന്റെ മുത്തച്ഛനില്‍ നിന്നു തുടങ്ങുന്ന കര്‍മ്മ പാശങ്ങളിലെ ആത്മീയത, ജീവിത പാഠങ്ങള്‍ ഞാന്‍ വീണ്ടും വീണ്ടും ഓര്‍ത്തുപോകുന്നു. നമ്മുടെ കര്‍മ്മങ്ങളും ബന്ധങ്ങളുമൊക്കെ ഇപ്പോള്‍ ഓഫീസിലെ ഏട്ടുമണിക്കൂറില്‍, ഇന്‍ അന്റ് ഓട്ട് പഞ്ചിന്റെ ഇടവേളകളില്‍ നേരംകൊല്ലികളായി തീര്‍ന്നിരിക്കുന്നു.
പൂര്‍വ്വഭാരങ്ങളില്ലാതെ....
പൂര്‍വ്വഭാരങ്ങളില്ലാത്ത ഒരു തലമുറയാണ് വളര്‍ന്നുവരുന്നത്. ചരിത്രഭാരങ്ങളില്ലാത്ത കഥകള്‍, കവിതകള്‍, സിനിമകള്‍... ഇതുകൊണ്ട് എന്താണ് ഒരു കുഴപ്പം എന്ന് സ്വയം ചോദിച്ചാല്‍ കുഴപ്പമുണ്ട് എന്നാണ് എന്റെ ഉത്തരം. എല്ലാം എന്തിന്റെയെങ്കിലും തുടര്‍ച്ചയാകണം എന്ന് എന്തിനാണ് ഇത്ര നിര്‍ബന്ധം? എന്ന് നിങ്ങള്‍ ചോദിച്ചോളൂ.... ഞാന്‍ ഈ ലോകത്തിന്റെ 'തുടര്‍ച്ച'യാണ് എന്ന ബോധത്തെ എത്രവലുതായാലും എനിക്കു നിഷേധിക്കാന്‍ കഴിയില്ല. ഈയിടെ അന്തരിച്ച മഹാകവി ഒ.എന്‍.വി കുറുപ്പ് വൈലൊപ്പിള്ളിയുടെ എഴുത്തിന്റെ ഒരു തുടര്‍ച്ചയാണ്. വൈലോപ്പിള്ളിക്കവിതയുടെ കാവ്യപാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തുനിന്ന് എഴുതി മറയുമ്പോഴും ഒ.എന്‍.വി. കാവ്യലോകത്ത് മൗലികമായ ഒരു മുദ്ര ഉണ്ടാക്കി. ഒ.എന്‍.വിയുടെ കവിതയില്‍ വൈലൊപ്പിള്ളിമാത്രമല്ല ആശാനും ജീ ശങ്കരക്കുറുപ്പും ഇടശ്ശേരിയുമുണ്ട്. അതോടൊപ്പംതന്നെ ഒ.എന്‍.വി. മലയാളത്തിലെ ഒരു കാവ്യ സംസ്‌കാരത്തിന്റെ പേരാണ് എന്ന സത്യത്തെ അംഗീകരിക്കാതിരിക്കാനുമാവില്ല. 'മൃതിയുടെ കറുത്ത വിഷപുഷ്പം പടര്‍ന്നതിന്‍ നിഴലില്‍ നാളെ നീ മരവിക്കെ, ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെ അവശേഷിക്കയില്ല, ആരും, ഈ ഞാനും, ഇതുനിനക്കായ് കുറിച്ചിടുന്നു.' എന്ന് ഭൂമിക്കു ചരമഗീതമെഴുതി വച്ച് കാവ്യലോകത്തിന്റെ സിംഹാസനംവിട്ടു പറന്നുപോയ സ്‌നേഹപ്പക്ഷിക്ക് എന്റെ ആദരം.
പാരമ്പര്യനിഷേധം ചിലഘട്ടങ്ങളില്‍ ആവശ്യമാണ്. അപ്പോഴും ഈ ഞാന്‍ ഒരു 'തുടര്‍ച്ച'യാണ് എന്ന ആത്മബോധത്തിന് ഇളക്കം തട്ടരുത്. സ്വന്തം രചനയില്‍ എന്നും പുതു വഴി വെട്ടുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്ന എനിക്കിഷ്ടപ്പെട്ട ഒരു കവിസുഹൃത്തിന് ഞാന്‍ കൊടുത്തൊരു ഉപദേശമുണ്ട്. 'സഹൃദയ ശ്രദ്ധയാകര്‍ഷിക്കുന്നതിനുവേണ്ടി സ്വന്തം രചനയില്‍ രൂപപരമായ ഏത് വിപ്ലവങ്ങളും കൊണ്ടുവരാം. തലതരിച്ചെഴുതാം. വാനയനക്കാരെ വെള്ളംകുടിപ്പിക്കാം, ഇന്നുവരെ കാവ്യലോകം കണ്ടിട്ടുള്ള എല്ലാ മാതൃകകളേയും തച്ചു തകര്‍ക്കാം, ഞാണില്ലാതെ ഞാണിന്മേല്‍ നടക്കുകയുമാകാം. കാവ്യലോകത്ത് സ്വന്തം വഴിവെട്ടിയവന്‍ എന്ന് നിങ്ങളെ ഞാനടക്കം പലരും വിശേഷിപ്പിച്ചേക്കാം. പക്ഷെ നിങ്ങള്‍ വെട്ടിയ വഴിയില്‍ നിങ്ങള്‍മാത്രം നടക്കുകയാണെങ്കില്‍, അതിനെ 'വഴി' എന്നുവിളിക്കാന്‍ ആകില്ല. നിങ്ങള്‍ക്കു ശേഷം ഒരു തലമുറയെ അതിലൂടെ നടക്കാന്‍ പ്രേരിപ്പിക്കുന്നതാവണം നിങ്ങളുടെ വഴി. നിങ്ങള്‍ക്കു ശേഷം ആരും നടക്കാത്ത വഴി അധികം വൈകാതെ പുല്ലും കൊടിത്തൂവയും മൂടും. അങ്ങിനെയാവരുത്' എന്ന് ഞാന്‍ ഉപദേശിച്ചു. അദ്ദേഹത്തിന്റെ വഴിയില്‍ അദ്ദേഹംപോലും ഇപ്പോള്‍ നടക്കുന്നുണ്ടൊ എന്നറിയില്ല...
നിത്യചൈതന്യയതി
നിത്യചൈതന്യയതി ഒരു ദാര്‍ശനികനായിരുന്നു. മതങ്ങളുടെ വിശുദ്ധിയും വിഴുപ്പും ഒരുപോലെ തിരിച്ചറിയുകയും തന്റെ പ്രബോധനങ്ങളില്‍ മതനിരപേക്ഷമായ ആത്മീയ ജീവിതത്തെ ഉദ്‌ഘോഷിച്ച മഹാ സന്യാസി. അദ്ദേഹത്തിന്റെ 'ദൈവത്തിന്റെ പൂന്തോട്ടം' എന്ന കൃതി അദ്ദേഹത്തിന്റെ അപ്രകാശിതമായ ലേഖനങ്ങളുടെ സമാഹാരമാണ്. ജീവിതം, ഗുരു, ദര്‍ശനം, ദൈവം, മതം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ തന്റെ സ്വതന്ത്രചിന്തയിലൂടെ എക്കാലത്തും നിലനില്‍ക്കാവുന്ന ദാര്‍ശനിക നിലപാടുകള്‍ വ്യക്തമാക്കുന്നു. യതി പറയുന്നു 'മിക്കയാളുകള്‍ക്കും അവരവരുടെ മതം നല്ലതാണെന്നോ ചീത്തയാണെന്നോ മാത്രമെ അറിയാവു. എന്നാല്‍ എനിക്കാകട്ടെ, റോമന്‍ കത്തോലിക്ക സഭ മുതല്‍ പഴയ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിവരെയുള്ള മതങ്ങളുടെയെല്ലാം ചൂഷണ സമ്പ്രദായം ഒരുപോലെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇതുവരെയുണ്ടായ മതങ്ങളെയെല്ലാം തച്ചുടച്ചു കളഞ്ഞിട്ട് പുതിയ ഒരു സംസ്‌കാരം ഉണ്ടാക്കാം എന്നുപറയുന്നത് സഹാറ മരുഭൂമിയും ഗോബി മരുഭൂമിയും അറേബ്യന്‍ മണല്‍ക്കാടും രാജസ്ഥാന്‍ മരുഭൂമിയും മാറ്റിക്കളഞ്ഞിട്ട് പുതിയ ഒരു മരുഭൂമി ഉണ്ടാക്കാമെന്നു പറയുന്നപോലെയേ എനിക്കു തോന്നുകയുള്ളു'.
മതരഹിതമായ സമൂഹം യതിക്ക് സങ്കല്‍പങ്ങള്‍ക്കുമപ്പുറമായിരുന്നു. പക്ഷെ മതം ചൂഷണോപാധിയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഞാന്‍ ഹിന്ദുവാണ്, മുസ്ലീമാണ്, ക്രിസ്ത്യാനിയാണ് എന്നുവിളിച്ചുപറയുന്നവന്‍ യഥാര്‍ത്ഥത്തില്‍ മതത്തിന്റെ അന്തസത്ത മനസ്സിലാക്കാത്തവനാണ്. മതവും രാഷ്ട്രീയവും ഇടകലര്‍ന്നുകിടക്കുന്ന അവിശുദ്ധമായ ചൂഷണ വ്യവസ്ഥകളെ യതി അപലപിക്കുന്നുണ്ട് ഈ കൃതിയില്‍.
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള നിരോധനത്തെക്കുറിച്ച് യതി പറയുന്നതിങ്ങനെ 'സ്വപ്‌ന സ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയില്‍ ചെല്ലുന്നതിന് പോലീസ് പരിശോധന വേണ്ടായെങ്കില്‍, നമ്മെയൊക്കെയും പെറ്റുവളര്‍ത്തിത്തന്ന സ്ത്രീക്ക് ഏതോ ദോഷമുണ്ടെന്നു കരുതുന്നവര്‍ക്കു മനോരോഗമാണ്. ശബരിമലയ്ക്കു പോകുന്ന അയ്യപ്പന്മാര്‍ എല്ലാം പെണ്ണുപെറ്റുണ്ടാ യിട്ടുള്ളവര്‍തന്നെയാണ്'.
വൈദികകാലം മുതല്‍ ഇങ്ങോട്ട് സ്ത്രീയോടു കാണിച്ചുപോരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നേക്കുമായി നമ്മുടെ നാട്ടില്‍നിന്നു തുടച്ചുമാറ്റേണ്ട കാലമായി എന്ന പ്രസ്ഥാവനയ്ക്ക് അടിവരയിടുന്നു.
മതബോധത്തിന്റെ അഴുക്കും മെഴുക്കും അലക്കിവെളുപ്പിക്കുന്നതാണ് യതിയുടെ ചിന്തകളും ദര്‍ശനങ്ങളും. വിമോചന ദൈവശാസ്ത്ര ത്തെക്കുറിച്ചും കറകളഞ്ഞ വിശ്വാസത്തെക്കുറിച്ചും യതി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ എക്കാലത്തും പുനര്‍വ്വായനകള്‍ അര്‍ഹിക്കുന്നതാണ്.
ഏഴു വിഭാഗങ്ങളിലായി 52 ലേഖനങ്ങള്‍ സമാഹരിച്ചിരിക്കുന്നത് സുള്‍ഫിക്കര്‍ ആണ്. ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും മറ്റു പല വിഷയങ്ങളെക്കുറിച്ചും പുതിയൊരു ഉള്‍ക്കാഴ്ച്ച നല്‍കുന്ന പുസ്തകം.
കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം
താഴ്‌വാരങ്ങളില്‍ തിങ്ങിക്കൂടി നില്‍ക്കുന്ന വെളുത്ത മേഘങ്ങളെ നോക്കിനില്‍ക്കെ അത് പതുക്കെ ഭീമാകാരന്മാരായ വെളുത്ത കുതിരകളും വെണ്ണക്കല്‍ കൊട്ടാരങ്ങളും മാലാഖമാരുമായി രൂപംമാറുന്ന ഭാവനയുടെ ബാല്യകുതൂഹലങ്ങള്‍ കുട്ടിക്കാലം കഴിയുന്നതോടെ പലര്‍ക്കും എവിടെവെച്ചൊ നഷ്ടപ്പെടുന്നു. ദിവാസ്വപ്‌നങ്ങളില്‍ സ്വയം നഷ്ടപ്പെട്ടുപോയിരുന്ന കാലങ്ങളില്‍ മനസ്സിലെ വെള്ളിത്തരിയില്‍ വന്നുപോയ ചിത്രങ്ങള്‍. ലക്കും ലഗാനവുമില്ലാത്ത സ്വപ്‌നങ്ങളെ, മായിക ഭാവനകളെ, ഭാഷയില്‍ ആവാഹിക്കുക അസാധ്യമാണെന്നു തോന്നിയിരുന്നു. എത്ര എഴുതിയിട്ടും സ്വപ്‌നങ്ങളുടെ വിചിത്രമായ നിലാവിന്റെ വിളറിയ ഒരു ചിത്രംപോലും വാഗ്മയങ്ങള്‍കൊണ്ട് വരയ്ക്കാന്‍ കഴിഞ്ഞിരിക്കില്ല പലര്‍ക്കും. എന്നാല്‍ ഇന്ദു മേനോന്‍ എന്ന കഥാകാരിക്ക് അത് സാധിക്കും. ഒരു മൗലിക മുദ്ര ഈ എഴുത്തുകാരി എഴുതുന്ന ഓരോ വരിയിലുമുണ്ട്.
ഇന്ദു മേനോന്റെ 'കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം' ബെല്ലും ബ്രേക്കുമില്ലാത്ത ഭാവനയുടെ സെപിയാ ചിത്രങ്ങളാണ്. വ്യക്തമായ ഒരു പദ്ധതിയുമില്ലാതെ ഭാവനയുടെ വഴിയെ ഒഴുകിപ്പോകുന്ന ഒരു നോവലാണിത്. മാരിക്കൊ ദ്വീപിനടുത്തുള്ള കടല്‍ശ്മശാനത്തില്‍ 'മുങ്ങിച്ചത്ത' ആല്‍ബെര്‍ട്ടൊ മേയര്‍ എന്ന ഒരു നിധിക്കപ്പലിനെ അന്വേഷിച്ചുപോകുന്ന കൃഷ്ണചന്ദ്രന്റേയും, പ്രണയം മറന്ന് പ്രലോഭനങ്ങളുടെ ധനാസക്തിയകളിലേക്ക് സ്വയം ഒഴുകിപ്പോയി മുങ്ങിമരിച്ചവരുടെയും കഥയാണ് ഈ നോവല്‍. ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്നത് ഭാവനയുടെ രാഷ്ട്രീയമാണ് എഴുത്തിന്റെ സ്വാതന്ത്ര്യമാണ്. ദ്വീപുകള്‍ കടലെടുക്കപ്പെടുന്നത് പ്രണയത്തിന്റെ ലയവും താളവും മുറിയുമ്പോഴാണെന്ന് നോവല്‍ ഒടുവില്‍ പറയാതെ പറയുന്നുണ്ടെങ്കിലും ഈ നോവല്‍ വെറുമൊരു പ്രണയപുസ്തകമല്ല. ഒരു സന്ദേശ കഥയുമല്ല. മായികമായ സ്വപ്‌നങ്ങളുടെ ലോകത്ത് സ്വയം ഒഴുകിപ്പോയ ഒരു ഉന്മാദിയുടെ മാനസിക രേഖകളാണ്. അതില്‍ രതിയുണ്ട്, പ്രണയമുണ്ട്, എഴുത്തിലെ ലിംഗഭേദങ്ങളെ വ്യവസ്ഥാപിത പെണ്ണെഴുത്തിന്റെ സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്ന ബഹുമാനങ്ങളുണ്ട്. ത്രിലിംഗനായ വിന്‍സ്മിത്ത് പ്രഭുവും, രവിവര്‍മ്മനെന്ന കപ്പിത്താനുമൊക്കെ ഇന്ദുമേനോന്‍ എന്ന പെണ്‍കഥാകാരിയെക്കുറിച്ചുള്ള ലിംഗപമായ അതിരുകളെ മായ്ച്ചുകളയുന്നു. നോവലിലെ 'പ്രേമത്തെക്കുറിച്ചൊരു വിചിത്ര പുസ്തകം' എന്നു പേരിട്ട നാല്‍പ്പതാം അദ്ധ്യായം മാത്രം മതി ഇന്ദുമേനോന്‍ എന്ന എഴുത്തുകാരിയുടെ കൃതഹസ്തയെ തിരിച്ചറിയാന്‍.
ഇന്ദു മേനോന്റെ ആദ്യ നോവലാണിത്. ഈ എഴുത്തുകാരിക്ക് നോവലിന്റെ കാന്‍വാസ് എന്നാല്‍ വ്യക്തമായ വലുപ്പവും ഭുജങ്ങളുമുള്ള ഒരു ദീര്‍ഘചതുരമല്ല അത് അതിരുകളില്ലാത്ത ആകാശമാണ്. നോവലിന്റെ അവസാനത്തില്‍ കൃഷ്ണ ചന്ദ്രനും ആന്റനീറ്റയും പ്രേമത്തിന്റെ കടല്‍ച്ചുഴിയില്‍ ഒഴുകിനടക്കുമ്പോഴും നോവല്‍ അവസാനിക്കുന്നില്ല. വായനക്കാരന്‍ ഒരു സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നുപോകുന്നു എന്നുമാത്രം.
ആല്‍ബെര്‍ട്ടൊ മേയര്‍ എന്ന തടിക്കപ്പലും അതിനുള്ളിലെ സ്വര്‍ണ്ണ മണലും മാരിക്കൊ ദ്വീപും പ്രണയത്തിന്റെ അമൃതംതേടിയുരുകുന്ന കഥാപാത്രങ്ങളും കടലും കപ്പലും കാഴ്ച്ചയുടെ വിചിത്രവും ഭ്രമാത്മകവുമായ, അപരിചിതമായ ഭാവനയുടെ വലിയൊരു ലോകംതന്നെ സൃഷ്ടിക്കുന്നു. മലയാളത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് വ്യത്യസ്തമായ രതിയുടെ വന്യമായ കാഴ്ച്ചയാകുന്നുണ്ട് ഈ നോവല്‍. പുതിയ എഴുത്തുകാര്‍ക്കായി ഇന്ദുമേനോന്‍ ഭാഷയുടെ അതിരുകളില്ലാത്ത ഭാവനയുടെ ഒരു മേഘജാലകം തുറന്നുവയ്ക്കുന്നു.
ചോദ്യം - ഉത്തരം
സരിതാ നായരെ സിനിമയിലെടുക്കുന്ന അഭിനവ സിനിമാക്കാരെക്കുറിച്ച് എന്താണ് അഭിപ്രായം?

അമ്മയുടെ മുലപ്പാലുകൊണ്ട് പായസമുണ്ടാക്കി ടിന്നിലാക്കി വില്‍ക്കാന്‍ കെല്‍പ്പുള്ള സിനിമക്കാരുണ്ട് നമ്മുടെ നാട്ടില്‍. സരിതാ നായരുടെ നെഗറ്റീവ് പബ്ലിസിറ്റി വില്‍ക്കാന്‍ നടക്കുന്നവര്‍, കൈയ്യില്‍ സ്വന്തമായി ഒരു കോപ്പുമില്ലാത്തവരാണ് അവര്‍. എല്ലാ സരിതാ നായരുമാരും മുന്നോട്ടു വരണം.
ഉമ്മന്‍ ചാണ്ടിയുടെ ഭരണമെങ്ങിനെ?
ഉമ്മന്‍ ചാണ്ടി 5 വര്‍ഷം ഭരിച്ചതോടെ കേരളത്തിന്റെ രാഷ്ട്രീയ സദാചാരം, രാഷ്ട്രീയ സംസ്‌കാരം എന്നിവ ഏതോ കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നു എന്നതിന് ഒരു 'തെളിവും' ഇല്ലാതായി. 'കേരള മോഡല്‍' എന്നാല്‍ കേരളത്തിലെ മോഡലുകള്‍ (ബിക്കിനി) എന്നായി. ഭൂപരിഷ്‌ക്കരണം എന്നാല്‍ ഭൂമി മണ്ണിട്ട് നികത്തി പരിഷ്‌ക്കരിക്കുക എന്നായിട്ടുണ്ട്. പെണ്‍കുട്ടികളോട് ആരാകാനാണ് ഇഷ്ടം എന്നൊക്കെ ചോദിച്ചാല്‍ ചിലപ്പോള്‍ സരിത നായര്‍ ആകണമെന്ന ഉത്തരം കിട്ടിയാലും അത്ഭുതപ്പെടേണ്ടതില്ല.
അച്യുതാനന്ദനും പിണറായി വിജയനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നു എന്നുകേള്‍ക്കുന്നു?
പരസ്പരം മത്സരിച്ചതുപോരാതെ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നു!. ഇതോടെ രണ്ടിലൊന്നിന്റെ കഥ തീരും. അധികം വൈകാതെ സെക്രട്ടറി പഥം കൊടിയേരിക്ക് മടുത്തു തുടങ്ങും. മുഖ്യമന്ത്രിയാകാന്‍ കുപ്പായം ഇസ്തിരിയിട്ടു വെച്ചത് അടുത്തകാലത്തൊന്നും എടുക്കേണ്ടി വരില്ല. അയലോത്തെ രമേശന്റെ ഗതിതന്നെ... പിണറായി ഈയിടെ ചിരിക്കുന്നത് ഇതോര്‍ത്തിട്ടാണ്. ഹ.. ഹ.. ഹ..
വി.എം. സുധീരന്‍ ആളെങ്ങിനെ?
കള്ളന്മാര്‍ക്ക് കഞ്ഞിവെച്ചുകൊടുക്കുന്ന വി.എം.സുധീരന്റെ കപട ആദര്‍ശമെന്ന വിഴുപ്പ് കോണ്‍ഗ്രസ്സുകര്‍മാത്രമല്ല കേരള ജനതമൊത്തം ചുമന്നുകൊണ്ടിരിക്കുകയാണ്. എ.കെ. ആന്റണിയെ സഹിച്ച കേരളീയര്‍ക്ക് ഇതുവെറും ശിശു ആണ്. ശരിതന്നെ. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം. കേരളത്തിലെ ബാറുകള്‍ ഇനി തുറന്നാലും അടച്ചാലും അധികം വൈകാതെ വി.എം. സുധീരന്റെ കടപൂട്ടും.
എഴുത്തുകാരന്‍ ജയമോഹനെ നേരില്‍ കണ്ടു സംസാരിച്ചിരുന്നല്ലൊ എന്താണ് അഭിപ്രായം?
ടി.ഡി. രാമകൃഷ്ണന്‍ ഒരു പതിറ്റാണ്ടിനപ്പുറം നിലനില്‍ക്കില്ലെന്ന് പറഞ്ഞ ജയമോഹന്‍ സ്വന്തം കൃതികള്‍ കാലാതിവര്‍ത്തിയാകുമെന്ന് ഗീര്‍വ്വാണം മുഴക്കിയത് വായിച്ചിരുന്നു. നേരില്‍ക്കണ്ടപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇട്ടിക്കോരയുടെ തമിഴ് പതിപ്പിനെ തമിഴ് വായനക്കാര്‍ തള്ളിക്കളഞ്ഞിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇതിന്റെ വെളിച്ചത്തില്‍ മാത്രം ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോരയെ വിമര്‍ശിക്കാനാവില്ലെന്ന് ഞാന്‍ വാദിച്ചു. നേരം വെളുത്തതും മൊബൈല്‍ ഫോണിലേക്ക് മിഴിതുറക്കുന്ന പുതിയ കാലത്തിന്റെ ഭാവുകത്വത്തെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്ന ഒരു നോവലാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. തിന്മ സമീപഭാവിയില്‍ നരമാംസ്യ ഭോജനത്തിലെത്തുന്നതിനെ ആ നോവല്‍ ഭാവന ചെയ്യുന്നുണ്ട്. ഇതാണ് നോവലിന്റെ മര്‍മ്മം. ബീഫു തിന്നവനെ തല്ലിക്കൊല്ലുന്ന കാലവുമായി ഈ നോവലിനെ ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു ചെറിയ വാനക്കാരനാണെങ്കിലും എനിക്കു പറയാന്‍ കഴിയും ഞാന്‍ ഈ നോവല്‍ വായിക്കുമ്പോള്‍ ചുരുങ്ങിയത് 50 വര്‍ഷത്തിനപ്പുറത്തെ കാലത്തെ സ്പര്‍ശിക്കുന്നു എന്ന്. ഇപ്പറഞ്ഞത് ജയമോഹനോട് പറഞ്ഞപ്പോള്‍ അദ്ദേഹം കാര്യമായി ഒന്നും പറഞ്ഞില്ല. ഒരുപക്ഷെ മാതൃഭൂമി എഡിറ്റു ചെയ്തപ്പോള്‍ ജയമോഹന്റെ മുന അറിയാതെ ടി.ഡി.യുടെ നേര്‍ക്കു തിരിഞ്ഞതാകാനും സാധ്യതയുണ്ട്. പരക്കെ പറയപ്പെടുന്നതുപോലുള്ള ഒരു വിമര്‍ശനം ജയമോഹന് ടി.ഡി.യോടില്ലെന്നാണ് എനിക്ക് അദ്ദേഹത്തോടു സംസാരിച്ചപ്പോള്‍ ബോധ്യപ്പെട്ടത്. തമിഴ് നോവല്‍ സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ചും മിത്തുകളെ പുനരാവിഷ്‌ക്കരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ നോവലിനെക്കുറിച്ചും അദ്ദേഹം വാചാലനായി. തമിഴില്‍ എഴുതി ജീവിക്കുന്ന ആളല്ലെ. അവിടത്തുകാരുടെ കൈയ്യടി കിട്ടാന്‍ വേണ്ടി വല്ലതും പറയുന്നതായിരിക്കും. പക്ഷെ തമിഴന്മാര്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പു വായിക്കില്ലല്ലൊ..... ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല...

ജനാധിപത്യവും പൗരസ്വാതന്ത്ര്യവും മാധ്യമഭീകരതയുടെ തടവില്‍


വര്‍ത്തമാനകാല ഭാരതത്തിന്റെ പുരോഗമന ചിന്തകളെ മുളയിലെ നുള്ളിയെറിയാന്‍ സംഘടിത മതങ്ങളും മാധ്യമ മുതലാളികളും അതീവ ജാഗ്രത്തായിരിക്കുകയാണ്. നവോത്ഥാനകാല ഭാരതം തൂത്തെറിഞ്ഞ ജീര്‍ണ്ണിച്ച ദുരാചാര ശവങ്ങള്‍ പതുക്കെപതുക്കെ പൊതു ധാരിയില്‍ പൊന്തിവരുന്നു. അതിന്റെ നാറ്റം അസ്സഹനീയമായിരിക്കുന്നു. ജനാധിപത്യ ഇന്ത്യുടെ സ്വാത്രന്ത്ര്യത്തേയും രാജ്യസ്‌നേഹത്തേയും ഫാസിസ്റ്റുകള്‍ പുനര്‍നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍ രാജ്യസ്‌നേഹ തുളുമ്പുന്ന സൂക്തങ്ങള്‍ എഴുതുന്നു. രാഷ്ട്രപിതാവിന്റെ ഘാതകരെ താലോലിച്ചവര്‍, ത്രിവര്‍ണ്ണ പതാകയല്ല കാവിക്കൊടിയാണ് ഇന്ത്യയ്ക്കാവശ്യംമെന്നു വാദിച്ചവര്‍, ഇന്ത്യുടെ ഉജ്ജ്വലമായ വിജയപതാകയ്ക്കു കീഴില്‍നിന്ന് രാജ്യസ്‌നേഹത്തിന്റെ പുതിയ തിട്ടൂരങ്ങളിറക്കുന്നു. രാജ്യത്തെ വെട്ടിമുറിക്കാന്‍ കഠിന പ്രയത്‌നം നടത്തിയവര്‍, വര്‍ണ്ണ വ്യവസ്ഥയേയും മനുസ്മൃതിയേയും ആദരിക്കുന്നവര്‍, അഖണ്ഡഭാരതത്തെക്കുറിച്ച് കവലപ്രസംഗം നടത്തുന്നു. ഭേഷ് ബലേഭേഷ്.... അന്യന്റെ തീന്‍മുറിയില്‍ അതിക്രമിച്ചു കേറി കൊലവിളി നടത്തുന്നവര്‍ സ്വാതന്ത്ര്യത്തേയും സമത്വത്തേയും നിര്‍വചിക്കുന്നു ഇതില്‍പരം വലിയ തമാശയെന്തുള്ളു....

ഈ അശാന്തിയുടെ കാലത്താണ് ജെഎന്‍.യു കാമ്പസ്സിനകത്തുനിന്ന് വിപ്ലവത്തിന്റെ ശംഖൊലിയുണരുന്നത്. യൂണിഫോമിടിയിച്ച് സ്‌കൂള്‍ ബസ്സിലയച്ചിട്ടും, വേണ്ടതൊക്കെ ടീസ്പൂണില്‍ വായക്കകാത്താക്കി കൊടുത്തിട്ടും, വെയിലും മഴയും കൊള്ളിക്കാതെ വളര്‍ത്തിയിട്ടും ഈ പുതു തലമുറയിലെ കുറച്ചുപേരെങ്കിലും മന്ദബുദ്ധികളായില്ല എന്നതില്‍ നമ്മുക്കഭിമാനിക്കാം. മന്ദബുദ്ധികളുടെ ഒരു സമൂഹത്തെ വാര്‍ത്തെടുക്കലാണല്ലൊ ഇവിടുത്തെ മാധ്യമ മേലാളന്മാരുടേയും വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടേയും ലക്ഷ്യം. പുരോഗമന ചിന്തയുടെ ഒരു പുതു നാമ്പുപോലും എവിടെയെങ്കിലും മുളയ്ക്കുന്നത് ഇത്തരക്കാരെ അസ്വസ്ഥരാക്കുന്നു.

ഇതിന്റെ തെളിവാണ് കണ്ണയ്യ എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ അറസ്റ്റ്. ഇന്ത്യയില്‍ കഴിഞ്ഞ കുറേകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാധ്യമ ഭീകരതയെ തുറന്നുകാണിക്കാന്‍ ജെഎന്‍യു സംഭവം ഒരു നിമിത്തമായി. തുറന്ന രാഷ്ട്രീയ സംവാദങ്ങളിലൂടെ, ആശയ സമരങ്ങളിലൂടെ ഇടതുപക്ഷ ചിന്തകളെ ഏതിര്‍ത്തു തോല്‍പ്പിക്കുക എന്നത് അസാധ്യമാണെന്ന് സംഘപരിവാര്‍ കക്ഷികള്‍ക്കു ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് വ്യാജവീഡിയോകളുണ്ടാക്കി ചുണകെട്ട രീതിയിലുള്ള ഒളിയുദ്ധമാണ് അവര്‍ നടത്തുന്നത്. അവര്‍ പോലിസിനേയും നിയമസംവിധാനങ്ങളേയും ദുരൂപയോഗം ചെയ്യുന്നു, വക്കീല്‍കോട്ടിട്ട ചില ചെന്നായകളെ ഉപയോഗിച്ച് കണ്ണയ്യ എന്ന ചെറുപ്പക്കാരനെ തല്ലിക്കുന്നു. സംഘികള്‍ മൂഢ സ്വര്‍ഗ്ഗത്തിലിരുന്ന് നമ്മുടെ രാജ്യത്തെ പുരോഗമന ചിന്തകളെ ഇല്ലാതാക്കാമെന്നും ജനാധിപത്യ മൂല്യങ്ങളെ നിരന്തരമായി വെല്ലുവിളിക്കാമെന്നും വ്യാമോഹിക്കുന്നു. ചില അര്‍ണാബു ഗോസ്വാമിമാരും സുധീര്‍ ചൗധരിമാരും ചാനലുകളില്‍ കുരയ്ക്കുന്നത് ഇതിനുവേണ്ടിയാണ്. ഫാസിസപോലെതന്നെ മാധ്യമ ഭീകരതയും ഇന്ത്യുടെ ഒരു ശാപമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കാലത്തിന്റെ ചുമരെഴുത്തുകള്‍ വായിക്കാതെ മധ്യവര്‍ഗ്ഗ ആലസ്യങ്ങളില്‍ മയങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉറക്കം മതിയാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം സമാഗതമായിരിക്കുന്നു. ഫാസിസത്തേക്കാള്‍ ഭീകരമാണ് മാധ്യമ ഭീകരത 'മീഡിയ ജിങ്കോയിസം'. അതുകൊണ്ടുതന്നെ നമ്മുടെ ആദ്യത്തെ യുദ്ധം കുലംങ്കുത്തികള്‍ക്കെതിരെയാകണം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് സന്യാസികളായി മാറിയ പേടിത്തൂറികളെ രാജ്യത്തിലെ ജനങ്ങള്‍ പിന്നെ നേരിട്ടുകൊള്ളും.

സീ ന്യൂസും മാധ്യമ ഭീകരതയും
സീ ന്യൂസിന്റെ ഉടമയും എസ്സല്‍ ഗ്രൂപ്പ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയുമായി സുഭാഷ് ചന്ദ്ര പുതിയൊരു മാധ്യമ വ്യഭിചാര രീതി അനുവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്നതിനു തെളിവാണ് അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങള്‍. ജെഎന്‍യുടെ പേരില്‍ വ്യജ വീഡിയൊ എയര്‍ ചെയ്യുന്നതിനുമുന്‍പുതന്നെ സീ ന്യൂസിന്റെ സംഘ്പരിവാര്‍ ബാന്ധവത്തെക്കുറിച്ച് രാഷ്ടീയ നിരീക്ഷകര്‍ക്ക് അറിവുള്ളതാണ്. ഗോവധ നിരോധവുമായി ബന്ധപ്പെട്ടും ദാദ്രി സംഭവവുമായി ബന്ധപ്പെട്ടും ചാനല്‍ സ്വീകരിച്ച നിലപാടുകള്‍ സീ ന്യൂസിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്നു. വിവാദ വീഡിയൊ സംപ്രേഷണം കഴിഞ്ഞ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന ബോധ്യപ്പെട്ടപ്പോള്‍ സി ന്യൂസിന്റെ ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര ചാനലില്‍ വിശദീകരണവുമായി എത്തി. 'സീ ന്യൂസിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞുകളഞ്ഞു!.  സുഭാഷ് ചന്ദ്രയുടെ രാഷ്ട്രീയ ചിന്തയെന്ത് എന്നത് ഇവിടെ പ്രസക്തമല്ല മാത്രവുമല്ല പക്ഷം പിടിക്കുന്ന മാധ്യമ നിലപാടിനേയും ആര്‍ക്കും വിമര്‍ശിക്കാനാവില്ല. പക്ഷെ വ്യാജവീഡിയകള്‍ ഉണ്ടാക്കി സത്യത്തെ വളച്ചൊടിക്കുന്നത് നീതികരിക്കാന്‍ പറ്റില്ല. രാജ്യത്തുയരുന്ന പുരോഗമന ചിന്തകള്‍ക്ക് ഏറ്റവും ഹീനമായ രീതിയില്‍ തുരങ്കം വയ്ക്കുന്നതും കണ്ടുനില്‍ക്കാന്‍ ആവുന്നതല്ല. സംഘപരിവാര്‍ നിലപാടുകള്‍ ഒരു ചാനലിന് സ്വീകരിക്കുകയൊ സ്വീകരിക്കാതിരിക്കുകയൊ ചെയ്യാം. അവര്‍ക്കു തോന്നുന്ന ശരിയുടെ പക്ഷത്തു നില്‍ക്കാം. പക്ഷെ സംവാദങ്ങള്‍ക്കു പകരം വ്യാജ വീഡിയൊകളുണ്ടാക്കി രാജ്യത്തിന്റെ ധൈഷണിക സാഹചര്യങ്ങളെ തുരങ്കംവയ്ക്കുന്നത് മാധ്യമ പ്രവര്‍ത്തനമല്ല, മാധ്യമ വ്യഭിചാരമാണ്.

സുധീര്‍ ചൗധരിയും സീ ന്യൂസും
കണ്ണയ്യയെപോലെ, ചിന്തിക്കുന്ന, ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച്, ഭരണഘടനയെക്കുറിച്ച് അതു നല്‍കുന്ന അപരിമിതമായ സ്വാതന്ത്ര്യത്തെക്കുറിച്ച്, ആവിഷ്‌ക്കരണ സാധ്യതെക്കുറിച്ച് വ്യക്തമായ അവബോധമുള്ള ഒരു ചെറുപ്പക്കാരനെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതിന്റെ പിന്നില്‍ ചില മാധ്യമ ഭീകരരുടെ കറുത്ത കരങ്ങളുണ്ട് എന്നത് നിസ്തര്‍ക്കമാണ്.
അവരുടെ നേരിട്ടുള്ള പങ്കിനെക്കുറിച്ച് നമ്മള്‍ക്ക്് എന്തെങ്കിലും ഇപ്പോള്‍  പറയുക സാധ്യമല്ല. പ്രശ്‌നം കോടതിയുടെ പരിഗണനയിലാണ്. പക്ഷെ സീ ന്യൂസിന്റെ സി.ഇ.ഒ ആയ സുധീര്‍ ചൗധരിയുടെ പൂര്‍വ്വ ചരിത്രം നോക്കിയാല്‍ നമ്മുടെ സംശയത്തിന്റെ മുള്‍മുന സ്വാഭാവികമായി അദ്ദേഹത്തിന് നേരെ തിരിയും. കണ്ണയ്യയെപോലെയൊരു ദേശസ്‌നേഹിയായ ചെറുപ്പക്കാരന്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇതില്‍ നിന്ന് തടിയൂരിയത് മഹാഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് എന്നുപറയേണ്ടി വരും. ഇത്രയൊക്കെ പറയാന്‍ ആരാണ് ഈ സുധീര്‍ ചൗധരി? 2012 ല്‍ കോണ്‍ഗ്രസ്സ് എംപി.യും വ്യാവസായിക പ്രമുഖനുമായ നവീന്‍ ജിന്‍ഡാലില്‍ നിന്ന് നൂറു കോടി തട്ടിയ കേസില്‍ ഇപ്പോഴും വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നയാള്‍. ഇതുകൂടാതെ ജനങ്ങളെയും കോടതിയേയും തെറ്റീദ്ധരിപ്പിക്കുന്നതിനായി സിഎജിയുടെ വ്യാജ രേഖകളുണ്ടാക്കി ജിന്‍ഡാലിനെതിരെ സ്വന്തം ചാനലിലൂടെ പ്രചരിപ്പിച്ചു എന്നൊരു ആരോപണംകൂടി അദ്ദേഹത്തിനെതിരെയുണ്ടായി.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച 2013 ലെ ഡല്‍ഹി കൂട്ടബലാത്സംഗകേസില്‍ സംഭവ ദിവസം ഇരയുടെ കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിന്റെ അഭിമുഖം സീ ന്യൂസിലൂടെ പ്രക്ഷേപണം ചെയ്തുകൊണ്ട് ഇരയുടെ വ്യക്തിപരമായ വിവരങ്ങള്‍ അന്യായമായി പ്രക്ഷേപണം ചെയ്ത് നിര്‍ഭയ എന്ന് ബഹുമാനപൂര്‍വ്വം ഇന്ത്യക്കാര്‍ വിളിച്ചിരുന്ന ഡല്‍ഹി പെണ്‍കുട്ടിയെ അപമാനിക്കുകയുണ്ടായി. ഇതിനൊക്കെയപ്പുറം സുധീര്‍ ചൗധരിയുടെ മാധ്യമ വ്യഭിചാരത്തിന് മറ്റൊരു നിരപരാധികൂടി ഇരയായിട്ടുണ്ട്. സുധീര്‍ സീ ന്യൂസില്‍ എത്തുന്നതിനു മുന്‍പ് ലൈവ് ചാനലില്‍ ജോലിചെയ്യുമ്പോഴായിരുന്നു അത്. ഡല്‍ഹിയിലെ ഒരു പാവപ്പെട്ട അദ്ധ്യാപിക ഉമ ഖുറാന യെ ഒരു വ്യാജ സ്റ്റിഗ് ഓപ്പറേഷനില്‍ കുടുക്കി ഒരു വ്യഭിചാര ശാലയുടെ നടത്തിപ്പുകാരിയായി ചിത്രീകരിക്കുകയും വിദ്യാര്‍ത്ഥികളെ വ്യഭിചാരത്തിന് പ്രേരിപ്പിക്കുന്നവളായി പ്രചരിപ്പിക്കുകയും ചെയ്തു. ഡല്‍ഹി പോലിസിന്റെ അന്വേഷണത്തില്‍ ഉമ ഖുറാന നിരപരാധിയാണെന്ന് തെളിഞ്ഞു. പിന്നീട് സുധീര്‍ ചൗധരിയും വ്യാജ സ്റ്റിഗ് ഓപ്പറേഷന്റെ 'സംവിധായകനും' കേസ് ഒതുക്കി തീര്‍ത്ത് തടി രക്ഷപ്പെടുത്തി.

ജെ.എന്‍.യു സംഭവത്തിനുശേഷം സീ ന്യൂസില്‍ നിന്ന് രാജിവെച്ച വിശ്വ ദീപക് എഴുതിയ തുറന്ന കത്ത് സീ ന്യൂസ് ചാനലിന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ നടത്തിയ ദുഷിച്ച മാധ്യമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശ്വദീപക് ആ കത്തില്‍ തുറന്നെഴുതിയിട്ടുണ്ട്. ലോകത്തിനു മുന്‍പില്‍ സീ ന്യൂസ് 'ഛി' നൂസ് ആകുമ്പോള്‍ മനസ്സാക്ഷിക്കുത്തു സഹിക്കാനാവാതെ വിശ്വ ദീപക് എന്ന പത്രപ്രവര്‍ത്തകന്‍ തന്റെ ജോലി രാജിവെച്ചു പുറത്തുപോയി. വിശ്വ ദീപക് ഇന്ത്യയിലെ മാധ്യമ ഭീകരതയുടെ ഒരു ഇരയാണ്.

കോര്‍പ്പറേറ്റുകള്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളാകുമ്പോള്‍ ബിസിനസ്സ് താല്‍പര്യങ്ങള്‍ കടന്നുവരിക സ്വാഭാവികം. മാധ്യമ പ്രവര്‍ത്തനം തന്നെ ഒരു ബിസിനസ്സ് ആണെന്നുവരുമ്പോള്‍ പ്രത്യേകിച്ചും. സുഭാഷ് ചന്ദ്രയേയും സുധീര്‍ ചൗധരിയെയും പോലുള്ളവര്‍ സ്വന്തം ബിസിനസ്സ് സാമ്രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി, ഭരിക്കുന്ന സര്‍ക്കാരിനെ പ്രീണിപ്പിക്കുന്നതിനായി മാധ്യമവ്യഭിചാരം നടത്തുന്നു. സ്വന്തമായി ഒരു മാധ്യമവും കുറച്ച് രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ ഇന്ത്യാമാഹാരാജ്യത്ത് എന്ത് ചെറ്റത്തരവും നടത്താം. 

മാധ്യമ വിചാരണയും മാധ്യമ അധര്‍മ്മവും
ചാനല്‍ സ്റ്റുഡിയൊകള്‍ കോടതിമുറികളാകുന്നതാണ് ഇന്ന് നാം കാണുന്നത്. രാത്രിയായാല്‍ ന്യൂസ് ചാനലുകളിലെ ആക്രോശങ്ങളാണ് ഇന്ന് പല വീടിന്റേയും സ്വീകരണമുറികളെ ശബ്ദമുഖരിതമാക്കുന്നത്. വിധിക്കാനുള്ള അവകാശമില്ലെങ്കിലും അവര്‍ ജഡ്ജിമാരെപോലെ പെരുമാറുന്നു. ആരുഷി കൊലക്കേസിനെ പോലീസ് അന്വേഷണത്തേയും സിബിഐ അന്വേഷണത്തേയും വഴിതിരിച്ചു വിട്ടതിലെ ഒന്നാം പ്രതി മാധ്യമങ്ങളായിരുന്നു. ഇപ്പോള്‍ മോദി തരംഗത്തിനു ശേഷം രാജ്യത്തിന്റെ മതേതര സംന്തുലനാവസ്ഥയെത്തന്നെ തകര്‍ക്കുന്ന വര്‍ഗ്ഗീയ വിഷം ചേര്‍ത്ത വാര്‍ത്തകള്‍ വിളമ്പുന്ന ഈ മാധ്യമ പ്രവര്‍ത്തകര്‍ രാജ്യസ്‌നേഹത്തിന്റെ പുതിയ അപ്പോസ്തലന്മാരാകുന്ന കഴ്ച്ച പരിഹാസ്യമാണ്.
സ്വാതന്ത്യ ലബ്ദിക്കു മുന്നെ മാധ്യമപ്രവര്‍ത്തമെന്നാല്‍ ഒരു വിപ്ലവ പ്രവര്‍ത്തനമായിരുന്നു. രാജ്യത്തിന്റെ പുരോഗമനധാരയില്‍ അനീതികള്‍ക്കെതരെ നിലകൊണ്ട ഒരു അനിഷേധ്യ ശക്തിയായിരുന്നു മാധ്യമങ്ങള്‍. അത് ഇന്ത്യന്‍ ഭരണഘടനയുടെ നാലാം തൂണായി നിലകൊണ്ടിരുന്നു. മാധ്യമങ്ങളെന്നാല്‍ ഇന്റല്വക്ച്വല്‍സിന്റെ ഒരു സങ്കേതമായിരുന്നു എന്ന സ്ഥിതി മാറി. 'പാട്രിയോടിക് ഗെയിസ്' കളിക്കുന്ന ഒരിടമായി അടുത്തകാലത്ത് പല മാധ്യമങ്ങളും മാറിയിരിക്കുന്നു. കച്ചവട - രാഷ്ട്രീയ താല്‍പര്യങ്ങളല്ലാതെ ഇതിന് രാജ്യസ്‌നേഹവുമായി പുലബന്ധംപോലുമില്ലെന്ന് ആര്‍ക്കാണറിയാത്തത്.
രാജ്യത്തിന്റെ നവോദ്ധാനത്തിന്റെ ഭാഗമായിരുന്ന വിപ്ലവ സമരങ്ങള്‍ക്കൊപ്പം പോരാടി വളര്‍ന്നുവന്ന പത്രങ്ങളും പത്രാധിപന്മാരും ഇന്നു നമ്മുക്കില്ല. ഉള്ളത് കച്ചവട മാധ്യമ ധര്‍മ്മത്തിന്റെ കരിക്കുലത്തില്‍ തളിര്‍ത്ത് ടൈയുംകോട്ടുമിട്ട ഇംഗ്ലീഷ് 'കിളി'കളാണ്. അവര്‍ ആടിനെ പട്ടിയും, കാണ്ടാമൃഗത്തെ കലമാനുമാക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് മാധ്യമ പ്രവര്‍ത്തനം എന്നാല്‍ കണ്‍കെട്ടു വിദ്യയാണെന്നു വന്നിരിക്കുന്നു.
ടൈസ് നൗവിന്റെ ന്യൂസ് ഹവറില്‍ ജെഎന്‍യു സമരത്തിലെ പ്രമുഖരിലൊരാളായ ഒമര്‍ ഖാലീദിനോട് ആങ്കറും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമി രാജ്യസ്‌നേഹം കുരയ്ക്കുന്നതുകണ്ടു. എത്ര വലിയ തീവ്രവാദിയാണ് സ്‌റ്റോഡിയോവില്‍ ഇരിക്കുന്നതെങ്കിലും കുറഞ്ഞപക്ഷം ഒരു രണ്ടുമിനിറ്റ് അവരുടെ ഭാഗം കേള്‍ക്കാനുള്ള ദയ അവതാരകന്‍ കാണിക്കേണ്ടതല്ലെ?. അണ്‍ണാബ് ഗോസ്വാമി എന്ന ടൈസ് നൗവിന്റെ ജീവാത്മാവും പരമാത്മാവുമായ മീഡിയ ടൈക്കൂണ്‍ ചാനല്‍ സ്റ്റുഡിയൊവിനെ കോടതിമുറിയും, ചിലപ്പോഴൊക്കെ പോലീസ് സ്‌റ്റേഷനും, മറ്റുചിലപ്പോള്‍ മീന്‍ചന്തയുമാക്കിമാറ്റുന്നു. കേള്‍ക്കുന്നതിലു മതികം പറയുന്നതില്‍മാത്രം ആനന്ദം കണ്ടെത്തുന്ന അര്‍ണാബ് ഗോസ്വാമി നടത്തുന്ന മാധ്യമ 'സ്വയംഭോഗം' അതിന്റെ എല്ലാ പരിധികളേയും ലംഘിച്ചുതുടങ്ങിയതിന്റെ തെളിവാണ് ജെഎന്‍യു വിവാദത്തില്‍ അദ്ദേഹത്തിന്റെ ന്യൂസ് ഹവറുകളില്‍ അദ്ദേഹം എടുത്ത നിലപാടുകള്‍.

ഓക്‌സ്‌ഫോര്‍ഡ് യൂണിവാഴ്‌സ്റ്റിയില്‍ നിന്ന് ജേണ്‍ണലിസം പഠിച്ച് കല്‍ക്കട്ടയിലെ ടെലഗ്രാഫ്് പത്രത്തില്‍ നിന്ന് പയറ്റിത്തുടങ്ങിയ അര്‍ണാബ് ഗോസ്വാമി ഇന്ന് ടൈമ്‌സ് നൗ വിന്റെ മൗത്ത് പീസ് ആണ്. ഇന്ത്യകണ്ട് വന്‍കിട സ്‌കാമുകള്‍ പൊളിച്ചടുക്കിയത് അദ്ദേഹമാണ് എന്നത് പക്ഷെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന തോന്ന്യവാസത്തെ സാധൂകരിക്കുന്നില്ല. കുടുംബപരമായി ബി.ജെ.പി. സ്വാധീനമുണ്ടെങ്കിലും സ്റ്റിയുഡിയോവിലെ അദ്ദേഹത്തിന്റെ സമീപനങ്ങളില്‍ അതു പ്രതിഫലിച്ചു കാണാറില്ലായിരുന്നു. പക്ഷെ ജെഎന്‍യു വിഷയത്തില്‍ തീവ്ര രാജ്യസ്‌നേഹത്തിന്റെ വക്താവായി അര്‍ണാബ് ഗോസ്വാമി സ്വയം അവരോധിക്കപ്പെട്ടു.

ആരൊക്കെയാണ് ഇന്ത്യയുടെ ജവാന്മാര്‍

മഞ്ഞുമലകളില്‍ രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന ജവാന്മാര്‍ ഓരോ ഇന്ത്യക്കാരന്റേയും ആദരവ് അര്‍ഹിക്കുന്നവരാണ്. പക്ഷെ രാജ്യസ്‌നേഹമുള്ള, രാജ്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറുള്ള എല്ലാവരും ജവാന്മാരാകുന്നില്ല. ഒരാള്‍ പട്ടാളക്കാരനാകുന്നത് രാജ്യംസ്‌നേഹം കൊണ്ടാവണമെന്നില്ല. പട്ടാളത്തെ സേവിക്കല്‍ ചിലര്‍ക്കെങ്കിലും ഒരു തൊഴിലാണ്. രാജ്യത്തിനുവേണ്ടി മരിക്കാന്‍ തയ്യാറുള്ള എല്ലാ പൗരന്മാര്‍ക്കും ആര്‍മിയില്‍ ചേരാനുള്ള അവസരം ഉണ്ടാകുന്നില്ല. കാരണം അതിന് ചില തൊഴില്‍പരമായ മാനദണ്ഡങ്ങളുണ്ട്. രാജ്യത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാനായി മുന്നോട്ടുവരുന്നവരെ വേണം പട്ടാളത്തില്‍ ചേര്‍ക്കേണ്ടത് പക്ഷെ മറ്റു പല കാരണങ്ങള്‍കൊണ്ട് അങ്ങിനെയൊരു സംവിധാനം നമുക്കില്ല.
മണിപ്പൂരില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി, സ്വന്തം പെണ്‍മക്കളുടെ മാനത്തിനുവേണ്ടി സ്വന്തം നാട്ടില്‍ നിന്ന് പട്ടാളത്തെ പിന്‍വലിക്കണെന്നാവശ്യപ്പെട്ടുകൊണ്ട് കുറച്ച് അമ്മമാര്‍ നഗ്നസമരം നടത്തിയത് നമ്മുടെ നാട്ടിലാണ്. ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനായാണ് കണ്ണയ്യ എന്ന യോദ്ധാവ് സമരം ചെയ്തത്. അദ്ദേഹവും ഇന്ത്യയുടെ ഒരു ജവാനാണ്. ഒരു പട്ടാളക്കാരന്‍ അതിര്‍ത്തിയില്‍ ജീവന്മരണ പോരാട്ടം നടത്തുന്നതിനെ നമ്മള്‍ ആദരിക്കുന്നതുപോലെ, ഇന്ത്യയ്ക്കകത്തെ നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി പോരാടുന്ന വിപ്ലവകാരികളും ആദരവര്‍ഹിക്കുന്നു. രണ്ടും ജീവന്മരണ പോരാട്ടമാണ്. രണ്ടും യുദ്ധമാണ്. ഈ രണ്ടു യുദ്ധങ്ങളിലും മരണം ഏതു സമയത്തും കടന്നുവരാം. ഒരു ഫാസിസ്റ്റ് ഭരണത്തിന്‍ കീഴില്‍ കണ്ണയ്യയെപോലെയുള്ള നവ യോദ്ധാക്കള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന പോരാട്ടം ദീരോദാത്തമാണ്. ഇതാണ് അര്‍ണാബ് ഗോസ്വാമിമാര്‍ക്കും, സുധീര്‍ ചൗധരിമാര്‍ക്കും മനസ്സിലാകാത്തത്.

ശത്രുക്കള്‍ അതിര്‍ത്തിക്കപ്പുറത്തുമാത്രമല്ല. രാജ്യത്തിനകത്തും ശത്രുക്കളുണ്ട്. ജന്മാവകാശമായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളേയും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റുകള്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. അവര്‍ക്കെതിരെയുള്ള സമരവും യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധമാണ്. പക്ഷെ അതിര്‍ത്തി കാക്കുന്ന ഒരു ജാവനെപ്പോലെയൊ പലപ്പോഴും അതിനപ്പുറമൊ ഒരു ജീവന്മരപോരാട്ടമായി മാറുന്നുണ്ട് കണ്ണയ്യയെപോലെയുള്ള ചെറുപ്പക്കാരുടെ പോരാട്ടങ്ങള്‍. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഈ നാടുണര്‍ന്നില്ലായിരുന്നുവെങ്കില്‍ കണ്ണയ്യ എന്ന ചെറുപ്പക്കാരനെ നമ്മുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു. ഫാസിസ്റ്റുകള്‍ക്ക് ഓശാന പാടുന്ന മാധ്യമ ഭീകരന്മാര്‍ക്കിടയിലും പ്രതീക്ഷയുടെ പച്ചത്തുരുത്തുകളായി നല്ല പത്രമാധ്യമങ്ങളും നമുക്കുണ്ട്. ഇന്ത്യയിലെ പല പത്രങ്ങളും ഇത്തരം ഫാസിസ്റ്റുവാഴ്ച്ചയ്‌ക്കെതിരെ എഡിറ്റോറിയലുകള്‍ എഴുതി. കല്‍ക്കത്തയിലെ ടെലഗ്രാഫ് പത്രം 'ആസാദി' എന്ന വലിയ തലക്കെട്ടോടെയാണ് കണ്ണയ്യയുടെ ഇടക്കാല ജാമ്യത്തെ ആഘോഷിച്ചത്. അടിന്തിരാവസ്ഥയ്ക്ക് ഏതാണ് സമാനമായ കാലമാണ് സംജാതമായിരിക്കുന്നത്. ചില മാധ്യമ രാജാക്കന്മാരെ കൈയ്യിലെടുത്തുകൊണ്ടാണ് ഫാസിസ്റ്റുകള്‍ തങ്ങളുടെ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന വ്യത്യാസം മാത്രം. കല്‍ബുര്‍ഗിയും ദാബോല്‍ക്കറും, പന്‍സാരേയുമൊക്കെ ചിന്തിയ ചോരയില്‍ നിന്ന് വിപ്ലവാവേശത്തിന്റെ പുതുപൂക്കള്‍ വിരിയണം. ഈ ഫാസിസത്തെ ചെറുത്തു തോല്‍പ്പിച്ചില്ലെങ്കില്‍ അധികം വൈകാതെ ഇന്ത്യ ഒരു താലിബാനായി മാറും.

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

കാമനകളുടെ വീട്ടില്‍ പുസ്തകങ്ങള്‍ വിരുന്നുവന്ന കാലം

 മുബൈ വൈറ്റ്‌ലൈന്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്‌

വായന ഒരു ജീവിത ചര്യതന്നെയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. തൊണ്ണൂറുകളിലായിരുന്നു അത്. കൊല്ലങ്കോടു പി. സ്മാരക ലൈബ്രറിയിലേയ്ക്ക് എല്ലാ ഞായറാഴ്ച്ചയും സൈക്കിള്‍ചവിട്ടി ചുരക്കാറ്റിലൊഴുകിയ കാലം. ഗായത്രി പുഴപ്പാലത്തിന്റെ കൈവരിയിലിത്തിരിയിരുന്ന് പുഴക്കവിത കുറിച്ച കാലം. തെമ്മല കടന്നുവരുന്ന കാറ്റിന്റെ സുകൃതമുണ്ടങ്ങനെ 'തെമ്മലപ്പുറമാണ് അച്ചോ എന്റെ നാട്... കെട്ടിക്കൊണ്ട് വന്നതാണ് പല്ലശ്ശനയില്... ' എന്നൊരു പൊറാട്ടു നാടകപ്പാട്ട് മൂളിയ കാലം. മുനിയപ്പന്‍കാവിനെ തൊട്ടുതുഴുത്, പെണ്ണുകെട്ടി മാറിത്താമസിക്കുന്ന ചാമിമലച്ചേട്ടന്റെ ചെത്തുകള്ളു മോന്തിയ കാലം. പാല്‍ക്കതിരിട്ട പാടത്തിന്റെ നേര്‍ത്താരയായ വഴിവരമ്പിലൂടെ പുല്‍ത്തിട്ടയിലിടിക്കാതെ നേര്‍വഴി സൈക്കിളോടിച്ച അഭ്യാസക്കാലം. പഴയ പെയിന്റടര്‍ന്നു തുടങ്ങിയ അറ്റ്‌ലസ് സൈക്കിളില്‍ പുസ്തകങ്ങള്‍ക്കുവേണ്ടി തുഴഞ്ഞു, മെലിഞ്ഞ, പഴയ കൗമാരക്കാരനെ ഇപ്പോഴും ചിലപ്പോഴൊക്കെ ഓര്‍ക്കും. എല്ലാ കൗമാരക്കാരനേയുംപ്പോലെ ഞാനും അന്ന് ഒരുപാടു സമസ്യകളുടെ നടുവിലായിരുന്നു. ഭോഗത്തിന്റെയും ആസക്തിയുടേയും പ്രണയത്തിന്റെയും വലിയൊരു സമസ്യയില്‍ ശരീരമെന്ന ജൈവഘടന പലതവണ തകര്‍ന്നുപോയിരുന്നു. സിനിമയുടെ വാള്‍പോസ്റ്ററുകളിലെ ആടു തിന്നതിന്റെ ബാക്കിയായ ഇത്തിരി ഉടലുപോരും; അതില്‍ കിന്നരികള്‍ തുന്നിപ്പിടിപ്പിച്ച്് ദേവകന്യകളാക്കി എന്റെ ആസക്തികള്‍ക്ക് പുതപ്പാക്കിയ കാലം. തകര്‍ന്നുപോകുന്ന പ്രണയത്തിന്റെ, കീറിപ്പോയ ഈരിഴത്തോര്‍ത്തുകൊണ്ട് വീണ്ടും വീണ്ടും വരിഞ്ഞുകെട്ടിയകാലം. ശിരസ്സിലും ഹൃദയത്തിലും രവീന്ദ്രന്റെ സംഗീതം അലയടിച്ച കാലം. 'എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്മരമായേനെ....' എന്ന് നീട്ടിനീട്ടി പാടിയിട്ടും പല പ്രണയിനികള്‍ പലര്‍ക്കായി കഴുത്തുനീട്ടുന്നത് നിസ്സഹായനായി നോക്കിനിന്ന കാലം. അന്നൊരു ദിവസം ഞാന്‍ പറഞ്ഞു 'ഇനിയിങ്ങനെ കല്യാണത്തിന് ബന്ധുപ്പണമെത്തിക്കാന്‍ എന്നെ അയക്കരുത്, എനിക്കു വയ്യ'. ഉള്ളില്‍ കരഞ്ഞുകൊണ്ട് പ്രണയിച്ചവളുടെ കല്യാണത്തിന് പപ്പടവും പായസവും വിളമ്പുന്ന ഈ വൃത്തികെട്ട പണിയുണ്ടല്ലൊ അതിനിനി എന്നെക്കിട്ടില്ല.... കല്യാണത്തിനു പോകുന്ന ജോലി ഞാന്‍ നിര്‍ത്തി.
അങ്ങിനെയൊരു പ്രണയകാലത്തിലാണ്, അങ്ങിനെയൊരു ഭോഗ കാലത്താണ്, അങ്ങിനെയൊരു രതിയുടെ പനിക്കാലത്തിലാണ് ഞാന്‍ ഡി.എച്. ലോറന്‍സിന്റെ ചാറ്റര്‍ലി പ്രഭ്വിയുടെ കാമുകന്‍ വായിക്കുന്നത്. പ്രണയത്തെക്കുറിച്ച്, രതിയെക്കുറിച്ച്, ഒരു ജൈവഘടനയായ എന്റെ തന്നെ കൗമാരത്തിലെത്തിയിരിക്കുന്ന ഈ ശരീരത്തെക്കുറിച്ച് ഒരുള്‍ക്കാഴ്ച്ച പകരുന്നുതന്ന കൃതി. ഭോഗത്തെ ഇത്ര സത്യസന്ധമായി അവതരിപ്പിച്ച ഒരു കൃതി പിന്നീട് ഞാന്‍ വായിച്ചിട്ടില്ല. ഉണക്കിലകള്‍ വകഞ്ഞുമാറ്റി  കാമുഖന്‍ പ്രണയ ധാമമായ ചാറ്റര്‍ലി പ്രഭ്വിയെ പതുക്കെ നിലത്തു കിടത്തി, കറകളഞ്ഞ കാമത്തോടെ അവരുടെ കാമുകന്‍ ഭോഗിക്കുന്ന ഒരു രംഗമുണ്ട് ആ കൃതിയില്‍. വായിച്ചതിനു ശേഷം പുസ്തകം മടക്കിവയ്ക്കുമ്പോള്‍ ഒരോ വായനക്കാരന്റേയും ലൈംഗിക സമസ്യകളെ ഡി.എച്. ലോറന്‍സ് അലക്കി വെളുപ്പിക്കുന്നുണ്ട് ആ നോവലിലൂടെ. അതുകൊണ്ടുതന്നെ ആ കൃതി എന്റെ ബാല്യത്തിലെ വലിയൊരു വായനാനുഭവമായി, ഇന്നും ഓര്‍മ്മയില്‍ നിറയുന്നു...
പുസ്തകങ്ങള്‍ ഓരോ കാലത്തും നമുക്കൊപ്പം കൂട്ടുവരുന്നു. എം.ടി.യുടെ 'നാലുകെട്ടില്‍' മച്ചിന്‍പുറത്ത് കിടന്നുറങ്ങുന്ന അപ്പുവിനുണ്ടാകുന്ന രതിയുടെ ഉദാത്തമായ ചില അനുഭൂതികളെ എംടി എഴുതിയിട്ടുണ്ട്. സ്വന്തം ശരീരത്തിലുണരുന്ന കാമനകളെ ആദരിക്കാന്‍ പഠിപ്പിച്ചത് എം.ടി.യും കാക്കനാടനും, മാധവിക്കുട്ടിയുമൊക്കെയാണ്. എന്നിട്ടുമെപ്പോഴൊക്കെയൊ കൂമന്‍കാവില്‍ വണ്ടിയിറങ്ങിയ രവിയുടെ മനസ്സിനെ വേട്ടയാടുന്ന രതിയുടെ നാഗഫണങ്ങള്‍, പാപബോധങ്ങള്‍ അതിലൊക്കെയപ്പുറം ഖസാക്കിന്റെ ഗ്രഹണകാലങ്ങളില്‍ മൂത്തുസ്ഖലിക്കുന്ന മഴച്ചൂരില്‍ ഒലിച്ചിറങ്ങുന്ന പ്രകൃതിയുടെ ജൈവചോദനകള്‍, സനാതന ബോധങ്ങളെ അട്ടിമറിക്കുന്ന ആസക്തമായ ഉച്ചവെയില്‍ മൗനങ്ങള്‍.... എന്റെ വായനാലോകത്തെ ഇറയത്തെ കെട്ടുവരിയന്‍ പാമ്പായി ഇഴഞ്ഞുകൊണ്ടിരുന്നു.

ക്ഷരമില്ലാത്ത ഓര്‍മ്മകള്‍, അക്ഷപ്പിച്ചകള്‍
കൊല്ലങ്കോട് മഹാകവി കുഞ്ഞിരാമന്‍ നായര്‍ സ്മാരക ലൈബ്രറിയില്‍ ഇപ്പോഴും സേതുവേട്ടനാണ് ലൈബ്രേറിയന്‍. പുസ്തകങ്ങള്‍ കേടുവരാതെ തിരിച്ചേല്‍പ്പിക്കണമെന്നതിലും വരിസംഖ്യ തെറ്റാതെ ഈടാക്കുന്നതിലും കണിശക്കാരന്‍. അങ്ങിനെയൊക്കെയാണെങ്കിലും ചില ടൈറ്റിലുകള്‍ ''പ്ലീസ്....എനിക്കുവേണ്ടി ഒന്ന് അണ്ടര്‍ഗ്രൗണ്ടില്‍ സൂക്ഷിക്കണം' എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അദ്ദേഹം ചെയ്യും.
പെണ്ണഴുത്തിന്റെ ആഘോഷക്കാലമായിരുന്നു അത്. സാറാ ജോസഫിന്റെ 'നിലാവറിയുന്നു' എന്ന പുസ്തകത്തിലെ 'അശോക'യും 'ആന്‍മേരിയുടെ കല്യാണ'വുമൊക്കെ ഒരുപാടു ചര്‍ച്ചചെയ്ത കാലം. പി. ഗീതയുടെ 'ദേവദൂതികള്‍ മാഞ്ഞുപോവത്', സാറാ തോമസിന്റെ 'നാര്‍മടിപ്പുടവ', 'പെണ്‍മനസ്സുകള്‍', ഗ്രേസി ടീച്ചറിന്റെ 'രണ്ടു സ്വപ്‌നദര്‍ശികള്‍' എല്ലാ പുസ്തകങ്ങള്‍ക്കും വലിയ ഡിമാന്റായിരുന്നു. പ്രത്യേകിച്ച് പെണ്ണെഴുത്തെന്ന ലേബലില്‍ ഒരുപാടു കഥകള്‍ ഇറങ്ങിയ കാലം. പെണ്ണെഴുത്തെന്നാല്‍ മലയാള സാഹിത്യത്തില്‍ പെണ്ണിനായി ഒരു മുറി പണിയുകയാണ്, അവിടെ അവള്‍ക്കു മാത്രം എഴുതാനും പങ്കുവയ്ക്കാനും കഴിയുന്ന ചിലതുണ്ടത്രെ. ഒരു പുരുഷനും വിശദീകരിക്കാനാകാത്ത പെണ്ണിനുമാത്രം സ്വന്തമായ ചില മേഖലകള്‍ പെണ്ണിനുണ്ടെന്ന് വാദം ശക്തിപ്പെട്ടിരുന്നു. മനോരമ വാരികയില്‍ മാധവിക്കുട്ടിയുടെ 'ഒറ്റയിടപ്പാത' എന്ന പംക്തി അവസാനിച്ചിട്ടേയുണ്ടായിരുന്നുള്ളു. പെണ്ണെഴുത്ത് എന്ന ലേബലിലിറങ്ങുന്ന കഥകള്‍ക്കെതിരെ ഒരു പ്രതിരോധമായി ഞങ്ങളെന്നും ഉപയോഗിച്ചത് മാധവിക്കുട്ടിയുടെ എഴുത്തിനെയാണ്. കൊട്ടിഘോഷിക്കപ്പെട്ട പെണ്ണെഴുത്തിനുമപ്പുറം പെണ്ണിനെ അറിഞ്ഞ കഥകള്‍ എഴുതിയത് മാധവിക്കുട്ടിതന്നെയാണ് എന്ന വാദത്തിനുമുന്‍പില്‍ പലരും സന്ധിയാകുന്നത് ഒരു രസകരമായ കാഴ്ചയായിരുന്നു.
ഏതാണ്ടിതേകാലത്താണ് മനോരമയുടെ ഓണപ്പതിപ്പില്‍ മാനസിയുടെ കഥ ഞാനാദ്യമായി വായിക്കുന്നത്. അന്നുമുതല്‍തന്നെ മാനസി എന്ന എഴുത്തുകാരിയുടെ ഭാഷയും രചനാ രീതിയും എന്ന വല്ലാതെ ആകര്‍ഷിച്ചിരുന്നു. സ്ത്രീപുരഷ ബന്ധങ്ങളുടെ രസതന്ത്രങ്ങളെക്കുറിച്ച്, പ്രണയത്തെക്കുറിച്ചും സ്ത്രീയുടെ ആന്തരിക സമസ്യകളെക്കുറിച്ചുമൊക്കെ ഏറെ സാന്ദ്രമായ ഭാഷയില്‍ അവര്‍ അവതരിപ്പിച്ചിരുന്നു. ഏതാണ്ട് അതേ കാലത്താണ് കെ. ഗോവിന്ദന്‍ എന്നൊരു കഥാകൃത്ത് എം.ടി. വാസുദേവന്‍ നായരുടെ മുഖക്കുറിപ്പോടെ അദ്ദേഹത്തിന്റെ ആദ്യ കഥാ സമാഹാരം പുറത്തിറങ്ങുന്നതും സഹൃദയ ശ്രദ്ധ ആകര്‍ഷിക്കുന്നതും. മുലപ്പാലിന്റെ മധുരംപോലെയുള്ള ഭാഷാ ഗുണങ്ങളാണ് ഇവരുടെ കഥകളിലൊക്കെ ഞാന്‍ കണ്ടത്. 'വാക്ക്' അതെങ്ങിനെ പ്രയോഗിക്കണം. എങ്ങിനെ ചുരുങ്ങിയ ചില വാക്കുകളിലൂടെ കഥാപാത്രങ്ങളുടെ ആന്തരിക വ്യാപരങ്ങളെ ആവിഷ്‌ക്കരിക്കണം എന്നൊക്കെയുള്ള സാങ്കേതിക പാഠങ്ങള്‍ പഠിക്കുന്നത് തൊണ്ണൂറുകളിലെ ഈ പെണ്‍കഥകളിലൂടെയാണ്. സാറ ടീച്ചറിന്റെ 'സ്‌കൂട്ടര്‍' പോലുള്ള ചെറുകഥകള്‍ ഇന്നും വായിക്കാന്‍ കൊതിക്കുന്നവയാണ്.
രണ്ടായിരത്തിന്റെ ആദ്യ ദശകം മുതലിങ്ങോട്ടാണ് സന്തോഷ് എച്ചിക്കാനം, സുസ്‌മേഷ് ചന്ദ്രോത്ത്, സുഭാഷ് ചന്ദ്രന്‍, വത്സലന്‍ വാതുശ്ശേരി, അര്‍ഷാദ് ബത്തേരി, അഷിത തുടങ്ങിയവരുടെ കഥകള്‍ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
ഭാഷാപോഷിണിയിലൊ മാതൃഭൂമിയിലൊ വരുന്ന ഒരു കഥ ആഴ്ചകളോളം അന്തരീക്ഷത്തില്‍ ചില ഒാളങ്ങള്‍ സൃഷ്ടിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.  അഷിതയുടെ 'ഇതാലൊ കാല്‍വിനൊ തൃശ്ശൂര്‍ ബസില്‍' എന്ന കഥ അതിന്റെ ഭാവുകത്വപരമായ സവിശേഷത സാങ്കേതിക പുതുമ, അതിനൊപ്പം വയ്ക്കാവുന്ന കഥകള്‍ക്ക് പിന്നെയും ഏറെക്കാലം വേണ്ടിവന്നു.
സന്തോഷ് എച്ചിക്കാനത്തിന്റെ ദിനോസോറിന്റെ മുട്ട, പന്തിഭോജനം പോലുള്ള കഥകളും മറ്റും ആഘോഷിക്കുന്നത് മുംബൈയില്‍ എത്തിയതിനു ശേഷമാണ്.
മുംബൈ പക്ഷെ വായന അനാഥമാക്കി കുറച്ചു കാലത്തേക്കെങ്കിലും. പുസ്തകങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനും ഒരു ചെറിയ കൂരയില്ലാത്ത മുംബൈയിലെ ഏതൊരു 'ബാച്ചി'യും അനുഭവിക്കുന്ന വേദനയും അപമാനവും എന്നെയും വലിയൊരളവില്‍ ബാധിച്ചിരുന്നു. ഇപ്പോള്‍ പുസ്തകങ്ങളുടെ സുകൃതമുണ്ണുമ്പോഴും പഴയ പനിക്കാലം ഓര്‍ക്കാതിരിക്കാനാവില്ല.

വിക്ടര്‍ ലീനസ്

ഞാന്‍ എന്നത് ഒരു ഏകകമാണ്. അതിലിരുന്നുകൊണ്ട് അവനവനെത്തന്നെ കേള്‍പ്പിച്ചുകൊണ്ടിരുന്ന ആത്മഭാഷണത്തിന്റെ കവിഞ്ഞൊഴുകലായി അപ്പൂപ്പന്‍താടിപോലെ ഭാരമില്ലാതെ അലച്ചിലുകളായി, എഴുപതുകളുടെ യുവതയുടെ വീര്‍പ്പുമുട്ടലായി ആധുനികതയെ വായിക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. വിക്ടര്‍ ലീനസ് എന്ന എഴുത്തുകാരന്റെ 12 കഥകളടങ്ങുന്ന 'വിക്ടര്‍ ലീനസിന്റെ കഥകള്‍' (സമ്പൂര്‍ണ്ണം) വായിക്കുമ്പോള്‍ നമ്മള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ ഇടിച്ചു തകരുന്നു.

'നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം' എന്ന കഥയില്‍ വിക്ടര്‍ നമ്മുടെ കണ്ണില്‍ കളങ്കിതയായ കൂട്ടുകാരിയോടു പറയുന്നു 'ജീവിതം നമ്മുടെ മേല്‍ തേച്ചുവിടുന്നതൊന്നും കറയും കളങ്കവുമായി എനിക്കു തോന്നിയിട്ടില്ല'.
രണ്ടു മൂന്നൊ കഥകളില്‍ നിരന്തരം കടന്നുവരുന്ന ലീല എന്ന ലൈംഗികതൊഴിലാളി വിക്ടറിന്റെയും വായനക്കാരന്റെയും ആത്മസുഹൃത്താകുന്നത് ഈ കാഴ്ച്ചപ്പാടിലാണ്. '53ലൊരു പകല്‍', 'നീണ്ട നിശബ്ദതയ്ക്കു ശേഷം', 'യാത്രാമൊഴി', 'വിട' വായിച്ചു മടക്കിവച്ചാലും കൂടെ പോരുന്ന കഥകള്‍...

മാതൃഭൂമി കഥകളുടെ വിധിനിര്‍ണ്ണയിച്ചിരുന്ന ഒരു കാലത്ത് വിക്ടര്‍ ലീനസ്സിന്റെ ആദ്യ കഥ 'മഴമേഘങ്ങളുടെ നിഴലില്‍' പ്രസിദ്ധീകരിച്ചുകണ്ട് വിക്ടര്‍ നിര്‍വൃതിയടയുമ്പോഴേക്കും ജീവിതം വിക്ടറിനെ ഏറെക്കുറെ കൈവിട്ടു കഴിഞ്ഞിരുന്നു. വായനയോടുള്ള അടങ്ങാത്ത ആസക്തിയില്‍, സ്വന്തം സര്‍ഗ്ഗാത്മകതയെ വിക്ടര്‍ എവിടെയൊ സ്വയം പാര്‍ശ്വവത്ക്കരിക്കുകയായിരുന്നു എന്നു തോന്നുന്നു. 1991ല്‍ ആകസ്മികമായി മരണമടഞ്ഞതിനു ശേഷമാണ് അദ്ദേഹത്തിന്റെ 'യാത്രമൊഴി' എന്ന അറംപറ്റിപ്പോയ കഥ മാതൃഭൂമി പ്രസിദ്ധീകരിക്കുന്നത്. വേദനയോടെയല്ലാതെ ആ പുസ്തകത്തെ മടക്കിവയ്ക്കാന്‍ ഒരു വായനക്കാരനുമാകില്ല.

വിക്ടര്‍ ലീനസ്സിന്റെ ജീവിതവും കഥകളും ഒരോ അക്ഷരസ്‌നേഹിയുടേയും മനസ്സില്‍ ഉണങ്ങാത്ത മുറിവാണ്. അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ മലയാള ചെറുകഥയുടെ രൂപവും ഭാവവും മാറ്റിമറിക്കുന്ന കഥകള്‍ പിന്നെയും എഴുതിയേനെ...

വിക്ടറിന്റെ കഥയേയും ജീവിതത്തേയും വിലയിരുത്താന്‍ ഞാന്‍ അശക്തനാണ്.

ഇന്നത്തെ അഥിതി അതീത ശക്തി

ഒരു നോവലിനെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളുമായി ഒത്തുപോകുന്ന ഒരു കൃതിയല്ല കെ.പി. നിര്‍മ്മല്‍ കുമാറിന്റെ 'ഇന്നത്തെ അഥിതി അതീത ശക്തി'. മഹാഭാരതത്തെ സമകാലിക രാഷ്ട്രീയ ജീവിതത്തിന്റെ ഭാവുകത്വങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്ന ഒരു നോവല്‍. ഭാരത കഥാപാത്രങ്ങളിലൂടെ ഉദ്‌ഘോഷിക്കപ്പെടുന്ന സനാതന ധര്‍മ്മബോധവും, ലൈംഗിക ജീവിതവുംമൊക്കെ കെ.പി. നിര്‍മ്മല്‍ കുമാറിന്റെ കൃതഹസ്തതയില്‍ പുനഃസൃഷ്ടിക്കപ്പെടുമ്പോള്‍ അതിനൊരു പുതിയ മാനം കൈവരുന്നു.
സ്വത്തും അധികാരവും ഭോഗവും കേന്ദ്രസ്ഥാനത്തുനില്‍ക്കുന്ന സമകാലിക രാഷ്ട്രീയവും അതിന്റെ അരമനയിലും അടുക്കളയിലും വിടുവേല ചെയ്യുന്ന മാധ്യപ്രവര്‍ത്തനത്തെയും വായനക്കാരനെക്കൊണ്ട് വിചാരണ ചെയ്യിക്കാന്‍ പോന്ന ഒരു അതീത ശക്തിയായി ഈ നോവല്‍ നിറയുന്നു.
മഹാഭാരതത്തിന്റെ എല്ലാ പുനഃരാവിഷ്‌ക്കാരങ്ങളിലുമെന്ന പോലെ കൗരവരുടേയും പാണ്ഡവരുടേയും ധര്‍മ്മാധര്‍മ്മങ്ങള്‍ നേരിട്ടല്ലെങ്കിലും ഇവിടെയും വിചാരണ ചെയ്യപ്പെടുന്നുണ്ട്.
സാധാരണ നിലയ്ക്ക് വി.കെ.എന്‍. ഫലിതങ്ങളിലൂടെ ഇതള്‍വിരിയേണ്ട ഒരു ഭാവ പശ്ചാത്തലത്തെ നിര്‍മ്മല്‍കുമാര്‍ തന്റെ മൗലിക സിദ്ധിയിലൂടെ വേറിട്ടൊരു വായനാനുഭവം തന്നെ പകര്‍ന്നുകൊടുക്കുന്നുണ്ട് വായനക്കാരന്. എടുത്തു പറയേണ്ടത് അതിന്റെ ഭാഷയാണ്. അത് ഒരു കഥാപാത്രങ്ങളേയും ബോധപൂര്‍വ്വം ആക്രമിക്കുന്നില്ല. മറിച്ച് ഓരോ കഥാപാത്രങ്ങളേയും ആവിഷ്‌ക്കരിക്കുന്നത് അതിന്റെ നിര്‍മ്മമമായ സ്വാഭാവികതയിലൂടെയാണ്. ധര്‍മ്മവും നീതിയും വെള്ളയും മഞ്ഞയുപോലെ വേറിട്ടു കിടക്കുന്നില്ല എന്ന ആത്മബോധം ഇതിഹാസത്തെക്കുറിച്ചുള്ള എല്ലാ അവബോധങ്ങളേയും ഒന്നുകൂടെ തകര്‍ത്തെറിയുന്നു.
ഭാരത കഥാപാത്രങ്ങളുടെ ലൈംഗിക അരാജകത്വത്തിലേക്കും വ്യവസ്ഥാപിതമെന്നു നമ്മള്‍ കരുതുന്ന അവ്യവസ്ഥതികളിലേക്കും വെളിച്ച വീശുന്ന നോവലിലെ കാലം ഇരുപത്തൊന്നാം നൂറ്റാണ്ടായിട്ടും കഥാപാത്രങ്ങലുടെ മനശ്ശാസ്ത്ര പരിസരങ്ങളിലും, ലൈംഗികതയിലും പറയത്തക്ക ഒരു വ്യത്യാസവുമില്ലായെന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. ഒരു പക്ഷെ ഈ കണ്ടെത്തലാണ് ഈ നോവലിന്റെ മര്‍മ്മം എന്ന് എനിക്കു തോന്നുന്നു.

ജനിതകങ്ങളില്‍
അച്ഛന്‍ ചന്തയില്‍ നിന്ന് പച്ചക്കറിയും ഉപ്പും മുളകും പരിപ്പും നാളികേരവുമൊക്കെ വാങ്ങിക്കൊണ്ടുവന്ന് അമ്മയെ ഏല്‍പ്പിക്കുന്നു. അമ്മ പച്ചക്കറികള്‍ ചെറുതായി നുറുക്കി പരിപ്പു വേവിച്ച് തേങ്ങയരച്ച് പാരമ്പര്യത്തിന്റെ സുകൃതരസമന്ത്രങ്ങളുരുക്കഴിച്ച് കറിയുണ്ടാക്കി അതിന് സാമ്പാര്‍ എന്നൊരു പേരു കൊടുക്കുന്നു. അച്ചന്‍ വാങ്ങിയ പച്ചക്കറിയും മറ്റുസാധനങ്ങളുമുപയോഗിച്ച് അമ്മ സ്വാദിഷ്ടമായ ഒരു അഴകൊഴമ്പന്‍ സാമ്പാറുണ്ടാക്കുന്നു!. അമ്മയുടെ സാമ്പാര്‍ ഒരാവിഷ്‌ക്കാരമാണ്. വെറുതെ കുറെ പച്ചക്കറി വെള്ളത്തില്‍ മുറിച്ചിട്ടാല്‍ സാമ്പാറാവില്ല. അതിന്റെ രുചിപാകങ്ങളറിഞ്ഞുവേണം സാമ്പാറുണ്ടാക്കാന്‍. ഒരു ധ്യാനംപോലെ അമ്മ അതു ചെയ്യുന്നു.
സി. പി. കൃഷ്ണകുമാറിന്റെ ''ജനിതകങ്ങളില്‍' എന്ന നോവല്‍ വായിച്ചു തീരുമ്പോള്‍ മേല്‍പ്പറഞ്ഞ അമ്മയുടെ കരവിരുത് നമ്മുക്ക് അനുഭവപ്പെടുന്നില്ല. കഥപറയാന്‍ മാത്രമാണ് അദ്ദേഹത്തിന് ഭാഷ. അതിനപ്പുറം ശില്‍പപരമായ നിര്‍മ്മാണ പടുത്വം അദ്ദേഹത്തിന്റെ നോവലുകളില്‍ കാണുക അസാധ്യമാണ്. ഭേദപ്പെട്ട കഥകള്‍ എഴുതിയിട്ടുള്ള കൃഷ്ണകുമാറിന്റെ 'ജനിതകങ്ങളില്‍' എന്ന നോവല്‍ എന്നെ നിരാശപ്പെടുത്തുന്നു. മുന്‍ നോവലുകളില്‍ നിന്ന് പുതിയ നോവലിന് നല്ല റീഡബിലിറ്റിയുണ്ട് എന്ന നന്മ കാണാതിരിക്കുന്നില്ല.

സൈക്കിള്‍
ഒരു സൈക്കിള്‍ കടയില്‍ നമ്മള്‍ നില്‍ക്കുകയാണ്. ചുമരില്‍ ചക്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. ബെല്‍ ബ്രേക്ക്, മല്‍ഗാര്‍ഡ് എല്ലാ വേറെ വേറെയായി കൂട്ടിയിട്ടിരിക്കുന്നു. സൈക്കിള്‍ മെക്കാനിക്ക് പണിയായുധങ്ങളെടുത്ത് എല്ലാം യധാവിഥി ഘടിപ്പിച്ചു തുടങ്ങുന്നു. ഒരു മണിക്കുറിനുള്ളില്‍ കണ്‍മുന്‍പില്‍ പ്രവര്‍ത്തന സാധ്യമായ ഒരു സൈക്കിള്‍ ഇതള്‍ വിരിയുന്നു!. ഒരു മണിക്കൂര്‍ മുന്‍പ് ഇതേ സൈക്കളിള്‍ മറ്റു പലതായി ഇവിടെത്തന്നെയുണ്ടായിരുന്നു. ഇപ്പോഴാണ് അത് സൈക്കിളായത്. സൈക്കിള്‍ ഒരു യന്ത്രമായി പരിണമിച്ചിരിക്കുന്നു. ഇപ്പോള്‍ അതിനൊരു അസ്തിത്വമുണ്ട്. ഇപ്പോള്‍ സൈക്കിള്‍ ഉപോയഗിച്ച് നമുക്ക് സഞ്ചരിക്കാവുന്നതാണ്.
ഒരു സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള സങ്കേതങ്ങള്‍ ഇവിടെത്തന്നെയുണ്ട്. അതിനെ യഥാവിഥി ഘടിപ്പിക്കുക മാത്രമാണ് ഒരു കലാകാരന്‍ ചെയ്യുന്നത്. ഒരാള്‍ നടക്കുന്നതിലും വേഗത്തില്‍ ഒരു സൈക്കിളില്‍ നീങ്ങുന്നു. ഇവിടെ സൈക്കിളിന്റെ സ്ഥാനത്ത് ഒരു സമൂഹത്തെ ചലനാത്മകമാക്കുന്നത് കലയും സാഹിത്യവുമാണ്. മുംബൈയില്‍ വലിയ വലിയ നാടക കൂട്ടായ്മകള്‍ വേണം. അത് സമൂഹത്തെ ചലനാത്മകമാക്കുന്നു. മുംബൈയുടെ ആന്തരിക ജീവിതത്തെ ചലനാത്മകമായി നിലനിര്‍ത്തിയ കലാകാരനായിരുന്നു ശ്രീ വിളപ്പില്‍ മധു. അദ്ദേഹത്തിന്റെ ചിതയിലെ തീകൊണ്ട് ഇവിടെ ഇനിയും ഒരുപാട് നല്ല നാടകങ്ങളുടെ തിരി തെളിയണം. അതാണ് അദ്ദേഹത്തോട് ചെയ്യാനുള്ള ഏറ്റവും വലിയ ആദരവ്.

ചോദ്യം ഉത്തരം

ചിരിയും ഇളിയും തമ്മിലുള്ള വ്യത്യാസമെന്ത്?
ഈ വിഷയത്തില്‍ പി. പി. രാമചന്ദ്രന്റെ ഒരു കവിതതന്നെയുണ്ട്. സിനിമാ നടന്‍ ജദീഷിന്റെ കോമഡി സ്റ്റാര്‍ കാണുമ്പോഴാണ് ചിരി ഇളിയാകുന്നതിനെക്കുറിച്ച് ഓര്‍മ്മ വരുന്നത്. മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഈ ഹാസ്യ നടന്‍ വളിപ്പുകള്‍ക്ക് തോറ്റംപാടുന്നതു കാണുമ്പോള്‍ ചിരി ഇളിയാകുന്ന ഭീകര കാഴ്ച്ച മലയാളികള്‍ കാണുന്നു. എന്തുകണ്ടാലും ഇളിക്കാനും കൈയ്യടിക്കാനും കുലിക്ക് കുറച്ച് കാണികളേയും കൊണ്ടിരുത്തിയിരിക്കും.

നല്ല എഴുത്തുകാര്‍ നല്ല പ്രാസംഗികരായിരിക്കണമെന്നില്ല എന്തുപറയുന്നു?

എം.എന്‍.വിജയന്റെ എഴുത്തും പ്രസംഗവും ഒരുപോലെയായിരുന്നു. അഴീക്കോട് മാഷ് വാക്കുകള്‍കൊണ്ട് ചില മാജിക്കൊക്കെ കാണിക്കും പക്ഷെ അത് പകര്‍ത്തിയെഴുതുമ്പോള്‍ അതേ ശക്തി കിട്ടില്ല. എഴുത്തും പ്രസംഗവും ഒരുപോലെ ചെയ്യുന്ന പ്രതിഭകള്‍ വളരെ ചുരുക്കം മാത്രമെയുള്ളു. സുനില്‍ പി. ഇളയിടത്തിന്റെയും, ചുള്ളിക്കാട്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ രണ്ടിടത്തും തിളങ്ങുന്നവരാണ്. ഒരു കാലത്ത് സീരിയല്‍ നോവലുകളിലൂടെ എന്റെ ഹൃദയം കവര്‍ന്ന സി. രാധാകൃഷ്ണനെ നേരില്‍ കാണാന്‍ മോഹിച്ചിരുന്നു. മുംബൈയില്‍ ഒരു സാഹിത്യ സായാഹ്നത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടപ്പോള്‍ അമ്പരന്നുപോയി. അദ്ദേഹത്തിന്റെ എഴുത്തുപോലെയല്ല..! ഒരു സാധു മനുഷ്യന്‍. എത്ര മന്ത്രസ്ഥായിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്യാവസാനം വരെ അങ്ങിനെതന്നെ. എന്നാലും അദ്ദേഹത്തെ ഇഷ്ടം. ആദരവ്

നല്ല എഴുത്തുകാരൊക്കെ നല്ല പ്രാസംഗികരാകണെന്ന് ഒരു നിര്‍ബന്ധവുമില്ല. ശരിയല്ലേ?
എം.ജി. രാധാകൃഷ്ണന്‍ എന്ന നമ്മുടെ പ്രിയപ്പെട്ട എംജി ആശാന്‍ നല്ലൊരു എഴുത്തുകാരനാണ് എന്നാല്‍ അദ്ദേഹം എപ്പോഴും പൊതുവേദികളില്‍ നിന്ന് ദൂരെ മാറി നിന്നു. മുംബൈക്കാരുടെ സ്വന്തം എഴുത്തുകാരനായ നോവലിസ്റ്റു ബാലകൃഷ്ണനും സൗമ്യമായി സംസാരിക്കുന്നയാളാണ്. നല്ല കവിതകളെഴുതുന്ന പി.ബി. ഋഷികേശനും, ടി.കെ. മുരളീധരനും, മണിരാജും വേദികളില്‍ നിന്ന് ഒരുപാടകന്നു നില്‍ക്കുന്നു. എന്നാല്‍ പേന കൈകൊണ്ടു തൊടാത്ത ചിലരെങ്കിലും ബോംബേയിലുണ്ട്. പ്രസംഗമാണ് അവരുടെ സാഹിത്യ ജീവിതം. മുംബൈയില്‍ സാഹിത്യ സായാഹ്നങ്ങളില്ലാതാവുന്ന കാലത്ത് അവര്‍ക്കു വംശനാശം വരും.

നല്ല എഴുത്തുകള്‍ ഉണ്ടാകാന്‍ എന്തുചെയ്യണം. മുംബൈയില്‍ സാധാരണ നടക്കാറുള്ള സാഹിത്യ ചര്‍ച്ചകള്‍ക്ക് ഒരു ബദല്‍ നിര്‍ദ്ദേശിക്കാമൊ?
എഴുതുന്നവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വായനയേയും ആസ്വാദനത്തേയും സംബന്ധിക്കുന്ന കളരികള്‍ വേണം. ഭാഷയിലെ ഉത്തമ കൃതികളെക്കുറിച്ചുള്ള സര്‍ഗ്ഗാത്മക സംവാദങ്ങള്‍ നടക്കണം. ഭാഷയുടെ നന്മകള്‍ സ്വന്തം രചനയിലേക്ക് സംക്രമിപ്പിക്കുന്നതിലേക്കു നയിക്കുന്ന ശില്‍പശാലകളാണ് നമുക്കാവശ്യം.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.