ആഴ്ച്ചപ്പാങ്ങ് -9
എഴുത്തിനെക്കുറിച്ചുള്ള, നോവല്‍ രചനയുടെ പുരോഗമനപരമെന്ന് സ്വയം ധരിച്ചുവെച്ചിരുന്ന മുന്‍ധാരണകളെ ഇടിച്ചുനിരപ്പാക്കിയ ഒരു നോവലാണ് എനിക്ക് ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി'. ഞാന്‍ ജീവിക്കുന്ന കാലത്തിന്റെ ചൂരും ചെത്തവും ഭാവുകുത്വങ്ങളും വായിക്കാനും അനുഭവിക്കാനും ആവിഷ്‌ക്കരിക്കപ്പെടാനുമുള്ള ആഗ്രഹങ്ങള്‍ മാത്രമാണ് നോവല്‍ കഥ-സാഹിത്യങ്ങള്‍ വായിക്കുമ്പോള്‍ എന്നെ ഭരിച്ചിരുന്നത്. അന്ധകാരനഴി വായിച്ചു തീര്‍ന്നപ്പോള്‍ എന്റെ നിലപാടില്‍ ചില അടിസ്ഥാനപരമായ മാറ്റത്തിന് ഞാന്‍ സ്വയം സന്നദ്ധനാവുകയാണ്.
അറുപതുകളിലേയും എഴുപതുകളിലേയും രാഷ്ട്രീയ ജീവിതത്തിലെ നെക്‌സല്‍ വിപ്ലവങ്ങളേയും യുവത്വത്തിലെ വിപ്ലവബോധവും അതിന്റെ പരിണാമങ്ങളും അടയാളപ്പെടുത്തുന്ന ഒരു സാദാ നോവലായി അന്ധകാരനഴിയെ ഒതുക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമായിരിക്കും. വര്‍ത്തമാനത്തില്‍ നിന്ന് ചരിത്രത്തിലേക്കും തിരിച്ചുമുള്ള സര്‍ഗ്ഗാത്മക സഞ്ചാരങ്ങള്‍ നടത്തുന്ന ഇ. സന്തോഷ് കുമാര്‍ എന്ന എഴുത്തുകാരന്റെ പവന സഞ്ചാരങ്ങളെ, ചരിത്ര ദൗത്യങ്ങളെ, വിവേകിയായ വായനക്കാരന്‍ തരിച്ചറിയുക തന്നെ ചെയ്യും. അജിതയുടെ 'ഓര്‍മ്മക്കുറിപ്പുകള്‍' വായിച്ച് പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടുമൊരു നെക്‌സല്‍ ചരിത്രത്തെ അതിന്റെ പാളിച്ചകളെ പ്രത്യേയശാസ്ത്ര വിവക്ഷകളെ, വിഭ്രംശങ്ങളെ, വ്യതിയാനങ്ങളെ, നിരാശകളെ വീണ്ടുമൊരിക്കല്‍ അടയാളപ്പെടുത്തപ്പെടുന്നതിന്റെ മൗഢ്യമാണ് നോവല്‍ വായിച്ചു തുടങ്ങുമ്പോള്‍ എന്നെ ഭരിച്ചിരുന്നത്. പക്ഷെ നോവലിലെ മുഖ്യ കഥാപാത്രമായ ശിവന്‍ അകപ്പെടുന്ന തുരുത്ത് വായനക്കാരന്റേയും തുരുത്തായി മാറുന്നു. വിഭ്രമാത്മകമായ ഇരുട്ടിന്റെ ആവിഷ്‌ക്കാരത്തില്‍ വായനക്കാരനും തടവിലാക്കപ്പെടുന്നു. പ്രത്യയശാസ്ത്ര ബോധങ്ങളുടെ ജൈവ വൃക്ഷങ്ങളുടെ മേല്‍ ആഞ്ഞുവീഴുന്ന ഈര്‍ച്ചവാളായി തുരുത്തിലെ ഇരുട്ട് നോവലിലുടനീളം നിറയുന്നു.
പുല്ലാനിക്കപ്പുറം അന്ധകാരനഴി
![]() | |
E. Santhosh Kumar |
അപ്രസക്തമായ കാലം
ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട നെക്‌സലിസമൊ, പ്രത്യയശാസ്ത്രങ്ങളൊ, ഇടതുപക്ഷ ചിന്തകരൊ, എന്തിന് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ യാതൊരുവിധ അടയാള വാക്യങ്ങളൊ ഈ നോവലില്‍ ഇല്ല. 'സാഖാവേ..' എന്ന് കഥാപാത്രങ്ങള്‍ പരസ്പരം വിളിക്കുന്നതല്ലാതെ. അറുപതുകളിലെ നെക്‌സല്‍ ഓപ്പറേഷനുമായുള്ള ചില നാമമാത്രമായ സാദൃശ്യങ്ങള്‍ ഈ നോവലില്‍ കണ്ടേക്കാം. അത് ഒഴിച്ചുനിര്‍ത്തിയാല്‍ ഈ നോവല്‍ ജീവിക്കുന്നത് പതിറ്റാണ്ടുകള്‍ക്കു മുന്‍പുള്ള ഒരു കാലത്തില്ല; മറിച്ച് മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ കഴിവുള്ള മാറ്റമില്ലാത്ത യാഥാര്‍ത്ഥ്യമായി നോവലിലെ തുരുത്തിനെ ഒരു കേന്ദ്ര കഥാപാത്രമായി നോവലിസ്റ്റ് നിലനിര്‍ത്തുന്നു. വര്‍ഷങ്ങളേയും തീയതികളേയും എന്തിന് ചരിത്രത്തിന്റെ തന്നെ വിപ്ലവ സമരങ്ങളുടെ ഈടുവെപ്പുകളെപോലും ഈ നോവല്‍ തള്ളിക്കളഞ്ഞുകൊണ്ട് നോവല്‍ രചനയുടെ കാലഗണനയെ അപ്രസക്തമാക്കുന്നു. കാലം അപ്രസക്തമാകുന്നതോടെ 'തുരുത്ത്' സമകാലിക ജീവിതത്തിലെ ഒരു സജീവ സാധ്യതയായി മാറുന്നു.
ചിതറിപ്പോയ കൈപ്പത്തികള്‍, ജീവിതങ്ങള്‍
ഇന്ത്യയുടെ നെക്‌സല്‍ ചരിത്രത്തില്‍ കൈപ്പത്തിയില്ലാത്ത ഒരുപാട് കൈയ്യുകളുണ്ട്. ഈ നോവലിലും അങ്ങിനെയൊരു കൈ കടന്നുവരുന്നുണ്ട്. നെക്‌സലിസത്തിന്റെ ചരിത്രത്തെ വിറ്റു ജീവിക്കുന്നവരും, വിപ്ലവാവേശങ്ങള്‍ വെടിഞ്ഞ് പ്രതിവിപ്ലവങ്ങളില്‍ അഭയം പ്രാപിച്ചവരെക്കുറിച്ചൊക്കെ ചില സൂചനകള്‍ നോവലില്‍ കടന്നുവരുന്നുണ്ട്. പക്ഷെ ഈ നോവല്‍ അത്തരം വിപ്ലവകാരികളുടെ കഥയല്ല. നെക്‌സലിസം നടന്നുപോയ വഴികളില്‍ അതിന്റെ വിഷദംശനമേറ്റ് (വിഷം എന്നത് ഇവിടെ നെഗറ്റീവ് അര്‍ത്ഥത്തിലല്ല) തകര്‍ന്നുപോയ ശ്രീനിവാസന്റെ കുടുംബം, ഭാസ്‌കരക്കുറുപ്പ്, വിശ്വനാഥന്‍, കോളജ് വിദ്യാര്‍ത്ഥികള്‍, ചിത്രാഭാനു...അങ്ങിനെ ഒരുപാട് ജീവിതങ്ങള്‍. ഇതിലെ വിപ്ലവകാരികള്‍ നടത്തുന്ന പാളിപ്പോയ നെക്‌സല്‍ ഓപ്പറേഷനുകള്‍ ചരിത്രവുമായി സാദൃശ്യപ്പെടുന്നുണ്ട്. പക്ഷെ ഇതുകൊണ്ടുമാത്രം ഈ നോവിലിന്റെ കാലത്തെക്കുറിച്ചൊരു നിര്‍ണ്ണയം സാധ്യമല്ല. കാലാതീതമായ, വിപ്ലവചിന്തകള്‍ക്കുമീതെ തൂങ്ങിക്കടക്കുന്ന ഒരു സാധ്യതയായി ഈ തുരുത്ത് മാറുന്നതോടെ നോവലിന്റെ കാലം അപ്രസക്തമാകുന്നു. നോവല്‍ വായിച്ചു തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന പഴയ സബ്‌ജെക്ടെന്ന മൗഢ്യം അതോടെ വിട്ടുമാറുന്നു.
ഷഫിള്‍ ചെയ്ത അദ്ധ്യായങ്ങള്‍
പോലീസ് ക്യാമ്പുകളിലെ ഭീകരമായ പീഢനങ്ങളുടെ പ്രത്യേക്ഷ വിവരങ്ങളൊ നെക്‌സല്‍ ഓപ്പറേഷനുകളൊ, പ്രത്യയ ശാസ്ത്ര സമസ്യകളൊ ഈ നോവലില്‍ കടന്നുവരുന്നില്ല. അനായാസം എഴുതി നിറയ്ക്കാവുന്ന, നെക്‌സലിസ്റ്റുകളുടെ അനുഭവ സാക്ഷ്യങ്ങളേയും, ഉന്മൂലന സിദ്ധാന്തങ്ങളുടെ പരിണാമത്തേയുമൊക്കെ പ്രമേയവത്ക്കരിച്ച് കാക്കത്തൊള്ളായിരം നോവലുകള്‍ ഇതിനുമുന്‍പുണ്ടായിട്ടുണ്ട്. കഥാപ്രതങ്ങള്‍ നെക്‌സലുകളാണെങ്കിലും ഈ കഥ ഒരു നെക്‌സലിസത്തിന്റെ കഥയല്ല. തീവ്രമായ വിപ്ലാശയങ്ങളുടെ തീച്ചിറകുകളുടെ സഞ്ചാരപഥത്തെ ഈ നോവല്‍ നാമമാത്രമായി അടയാളപ്പെടുത്തുന്നുണ്ടാവാം. ശ്രീനിവാസനും ഭാര്യ ശകുന്തളയും മകന്‍ ശശിയുമടങ്ങുന്ന ഒരു കൊച്ചു കുടുംബം വിപ്ലവത്തിന്റെ വഴിയില്‍ വഴിയാധാരമാക്കപ്പെടുന്ന ഒരു കഥകൂടി ഈ നോവലില്‍ കടന്നുവരുന്നുണ്ട്. പാളിപ്പോകുന്ന ഓപ്പറേഷനുകള്‍ക്കു മുന്നില്‍ വിപ്ലവം വിദൂരമായ ഒരു സ്വപ്‌നമായിത്തന്നെ നിലനില്‍ക്കുന്നു. ഇതിലെ ചെറുപ്പക്കാരുടെ മനസ്സിലെ വിപ്ലവത്തിന്റെ തീയില്‍ ശ്രീനിവാസനെ പോലുള്ള കാല്‍പ്പനിക കവികള്‍ ഒരു ഈയാംപാറ്റകണക്ക് വീണടിയാന്‍ വിധിക്കപ്പെടുന്നു. എന്നിട്ടും സമൂഹം ശിവനെന്ന തീപന്തത്തെ ഓരോ കൈമാറി സംരക്ഷിക്കുന്നു. ചിത്രാഭാനുവും, രമണിയും, പോളും, വിശ്വനാഥനും, ഭവദാസന്‍ വക്കീലും, കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമൊക്കെ അടങ്ങുന്ന സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നല്ല മനുഷ്യരിലൂടെ വിപ്ലവത്തിന്റെ തീപ്പന്തം പല കൈമറിയുന്നു. ഈ തീപ്പന്തം കൈയ്യിലെടുത്തവരൊക്കെ ഒന്നൊന്നായി ഭരണകൂടത്തിന്റെ അല്ലെങ്കില്‍ അത് രൂപപ്പെടുത്തിയിരിക്കുന്ന ബൂര്‍ഷ്വാ ഘടനയുടെ അടിമത്വ-അധിനിവേശ തുരുത്തുകളില്‍ വീണടിയുന്നു. നെക്‌സലിസത്തെ അതി ക്രൂരമായി അടിച്ചമര്‍ത്താന്‍ യത്‌നിച്ച പങ്കജാക്ഷന്‍ മാറിയകാലത്ത് ഉന്നത പോലീസുകാരനായി ജീവിക്കുന്നു. വിപ്ലവകാരികളോട് മനുഷ്യത്വം കാണിച്ച ഭാസ്‌ക്കരക്കുറുപ്പ് വാര്‍ദ്ധക്യകാലത്ത് സര്‍വ്വീസില്‍ നിന്ന് പെന്‍ഷന്‍ പറ്റാനാകാതെ മനസ്സില്‍ പിടയുന്ന ഒരുപാട് സത്യങ്ങളുമായി മല്ലിട്ട് കോടതി വരാന്തകളില്‍ തളര്‍ന്നിരിക്കുന്നു.
സത്യത്തില്‍ ഉന്മൂലന സിദ്ധാന്തം ഉന്മൂലനം ചെയ്തത് ആരെയാണ്. അതു കടന്നുപോയ വഴികളിലൂടനീളം കാല്‍പനിക മനുഷ്യര്‍ പിഴുതെറിയപ്പെട്ടു. ഒടുവില്‍ ശിവനെന്ന വിപ്ലവകാരിക്ക് സംഭവിച്ച ദുരന്തം നോക്കു... പുല്ലാനിയിലെ പുഴയ്ക്കപ്പുറമുള്ള ഇരുട്ടുമൂടിയ തുരുത്ത് വിപ്ലവമുക്തിക്കുള്ള ധ്യാനകേന്ദ്രമായി നിലനില്‍ക്കുന്നു. വാച്ചുറിപ്പേറുകാരന്‍ അച്ചുവിന്റെ സ്ഥാനത്ത് ജെ എന്നൊരാള്‍ വീണ്ടും പുതിയ സഖാക്കളെ തുരുത്തിലെത്തിക്കുന്നു. തുരുത്ത് കാലത്തിന്റെ ഹിമഗര്‍ത്തമായി വിപ്ലവകാരികളുടെ മരവിച്ച ശരീരങ്ങളെ കാത്തുവയ്ക്കുന്നു.
ഉപസംഹാരം
ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി' ആവിഷ്‌ക്കുരിക്കുന്ന ഭാവുകത്വം പുതിയ കാലത്തിന്റെതല്ല എന്നാല്‍ അത് ഏതെങ്കിലും ചിരപരിചിതമായ ഭാവുകത്വങ്ങളെ അന്ധമായി പകര്‍ത്തിവയ്ക്കുന്നില്ല. ഉന്മൂലന സിദ്ധാന്തത്തിന്റെ പരിപ്രേക്ഷ്യങ്ങളെ ആവിഷ്‌ക്കരിക്കുന്നതിന് ഇ. സന്തോഷ്‌കുമാര്‍ പുതിയൊരു ഭാവുകത്വത്തെതന്നെ സൃഷ്ടിക്കുന്നു. വിപ്ലവാശയങ്ങളെ മരവിപ്പിച്ചു നിര്‍ത്തുന്ന ഒരു തുരുത്തിനെ ഇ. സന്തോഷ് കുമാര്‍ വായനക്കാരനു മുന്‍പില്‍ കൊണ്ടുവന്നു നിര്‍ത്തുമ്പോള്‍ അതിലെ ഇരുട്ടിന്റെ നിറം മലയാളി വായനക്കാര്‍ക്ക് ചിരപരിചിതമായ നിറമല്ല. സന്തോഷ് ഇരുട്ടിനെ മറ്റൊരു നിറഭേദമായി അവരിപ്പിക്കുന്നു. തുരുത്ത് സമകാലീന ജീവിതത്തിലെ സാധ്യതയയൊ യാഥാര്‍ത്ഥ്യമൊ ആയി നിലനിര്‍ത്തപ്പെടുന്നു.