2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

കാമനകളുടെ വീട്ടില്‍ പുസ്തകങ്ങള്‍ വിരുന്നുവന്ന കാലം

 മുബൈ വൈറ്റ്‌ലൈന്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചത്‌

വായന ഒരു ജീവിത ചര്യതന്നെയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. തൊണ്ണൂറുകളിലായിരുന്നു അത്. കൊല്ലങ്കോടു പി. സ്മാരക ലൈബ്രറിയിലേയ്ക്ക് എല്ലാ ഞായറാഴ്ച്ചയും സൈക്കിള്‍ചവിട്ടി ചുരക്കാറ്റിലൊഴുകിയ കാലം. ഗായത്രി പുഴപ്പാലത്തിന്റെ കൈവരിയിലിത്തിരിയിരുന്ന് പുഴക്കവിത കുറിച്ച കാലം. തെമ്മല കടന്നുവരുന്ന കാറ്റിന്റെ സുകൃതമുണ്ടങ്ങനെ 'തെമ്മലപ്പുറമാണ് അച്ചോ എന്റെ നാട്... കെട്ടിക്കൊണ്ട് വന്നതാണ് പല്ലശ്ശനയില്... ' എന്നൊരു പൊറാട്ടു നാടകപ്പാട്ട് മൂളിയ കാലം. മുനിയപ്പന്‍കാവിനെ തൊട്ടുതുഴുത്, പെണ്ണുകെട്ടി മാറിത്താമസിക്കുന്ന ചാമിമലച്ചേട്ടന്റെ ചെത്തുകള്ളു മോന്തിയ കാലം. പാല്‍ക്കതിരിട്ട പാടത്തിന്റെ നേര്‍ത്താരയായ വഴിവരമ്പിലൂടെ പുല്‍ത്തിട്ടയിലിടിക്കാതെ നേര്‍വഴി സൈക്കിളോടിച്ച അഭ്യാസക്കാലം. പഴയ പെയിന്റടര്‍ന്നു തുടങ്ങിയ അറ്റ്‌ലസ് സൈക്കിളില്‍ പുസ്തകങ്ങള്‍ക്കുവേണ്ടി തുഴഞ്ഞു, മെലിഞ്ഞ, പഴയ കൗമാരക്കാരനെ ഇപ്പോഴും ചിലപ്പോഴൊക്കെ ഓര്‍ക്കും. എല്ലാ കൗമാരക്കാരനേയുംപ്പോലെ ഞാനും അന്ന് ഒരുപാടു സമസ്യകളുടെ നടുവിലായിരുന്നു. ഭോഗത്തിന്റെയും ആസക്തിയുടേയും പ്രണയത്തിന്റെയും വലിയൊരു സമസ്യയില്‍ ശരീരമെന്ന ജൈവഘടന പലതവണ തകര്‍ന്നുപോയിരുന്നു. സിനിമയുടെ വാള്‍പോസ്റ്ററുകളിലെ ആടു തിന്നതിന്റെ ബാക്കിയായ ഇത്തിരി ഉടലുപോരും; അതില്‍ കിന്നരികള്‍ തുന്നിപ്പിടിപ്പിച്ച്് ദേവകന്യകളാക്കി എന്റെ ആസക്തികള്‍ക്ക് പുതപ്പാക്കിയ കാലം. തകര്‍ന്നുപോകുന്ന പ്രണയത്തിന്റെ, കീറിപ്പോയ ഈരിഴത്തോര്‍ത്തുകൊണ്ട് വീണ്ടും വീണ്ടും വരിഞ്ഞുകെട്ടിയകാലം. ശിരസ്സിലും ഹൃദയത്തിലും രവീന്ദ്രന്റെ സംഗീതം അലയടിച്ച കാലം. 'എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്മരമായേനെ....' എന്ന് നീട്ടിനീട്ടി പാടിയിട്ടും പല പ്രണയിനികള്‍ പലര്‍ക്കായി കഴുത്തുനീട്ടുന്നത് നിസ്സഹായനായി നോക്കിനിന്ന കാലം. അന്നൊരു ദിവസം ഞാന്‍ പറഞ്ഞു 'ഇനിയിങ്ങനെ കല്യാണത്തിന് ബന്ധുപ്പണമെത്തിക്കാന്‍ എന്നെ അയക്കരുത്, എനിക്കു വയ്യ'. ഉള്ളില്‍ കരഞ്ഞുകൊണ്ട് പ്രണയിച്ചവളുടെ കല്യാണത്തിന് പപ്പടവും പായസവും വിളമ്പുന്ന ഈ വൃത്തികെട്ട പണിയുണ്ടല്ലൊ അതിനിനി എന്നെക്കിട്ടില്ല.... കല്യാണത്തിനു പോകുന്ന ജോലി ഞാന്‍ നിര്‍ത്തി.
അങ്ങിനെയൊരു പ്രണയകാലത്തിലാണ്, അങ്ങിനെയൊരു ഭോഗ കാലത്താണ്, അങ്ങിനെയൊരു രതിയുടെ പനിക്കാലത്തിലാണ് ഞാന്‍ ഡി.എച്. ലോറന്‍സിന്റെ ചാറ്റര്‍ലി പ്രഭ്വിയുടെ കാമുകന്‍ വായിക്കുന്നത്. പ്രണയത്തെക്കുറിച്ച്, രതിയെക്കുറിച്ച്, ഒരു ജൈവഘടനയായ എന്റെ തന്നെ കൗമാരത്തിലെത്തിയിരിക്കുന്ന ഈ ശരീരത്തെക്കുറിച്ച് ഒരുള്‍ക്കാഴ്ച്ച പകരുന്നുതന്ന കൃതി. ഭോഗത്തെ ഇത്ര സത്യസന്ധമായി അവതരിപ്പിച്ച ഒരു കൃതി പിന്നീട് ഞാന്‍ വായിച്ചിട്ടില്ല. ഉണക്കിലകള്‍ വകഞ്ഞുമാറ്റി  കാമുഖന്‍ പ്രണയ ധാമമായ ചാറ്റര്‍ലി പ്രഭ്വിയെ പതുക്കെ നിലത്തു കിടത്തി, കറകളഞ്ഞ കാമത്തോടെ അവരുടെ കാമുകന്‍ ഭോഗിക്കുന്ന ഒരു രംഗമുണ്ട് ആ കൃതിയില്‍. വായിച്ചതിനു ശേഷം പുസ്തകം മടക്കിവയ്ക്കുമ്പോള്‍ ഒരോ വായനക്കാരന്റേയും ലൈംഗിക സമസ്യകളെ ഡി.എച്. ലോറന്‍സ് അലക്കി വെളുപ്പിക്കുന്നുണ്ട് ആ നോവലിലൂടെ. അതുകൊണ്ടുതന്നെ ആ കൃതി എന്റെ ബാല്യത്തിലെ വലിയൊരു വായനാനുഭവമായി, ഇന്നും ഓര്‍മ്മയില്‍ നിറയുന്നു...
പുസ്തകങ്ങള്‍ ഓരോ കാലത്തും നമുക്കൊപ്പം കൂട്ടുവരുന്നു. എം.ടി.യുടെ 'നാലുകെട്ടില്‍' മച്ചിന്‍പുറത്ത് കിടന്നുറങ്ങുന്ന അപ്പുവിനുണ്ടാകുന്ന രതിയുടെ ഉദാത്തമായ ചില അനുഭൂതികളെ എംടി എഴുതിയിട്ടുണ്ട്. സ്വന്തം ശരീരത്തിലുണരുന്ന കാമനകളെ ആദരിക്കാന്‍ പഠിപ്പിച്ചത് എം.ടി.യും കാക്കനാടനും, മാധവിക്കുട്ടിയുമൊക്കെയാണ്. എന്നിട്ടുമെപ്പോഴൊക്കെയൊ കൂമന്‍കാവില്‍ വണ്ടിയിറങ്ങിയ രവിയുടെ മനസ്സിനെ വേട്ടയാടുന്ന രതിയുടെ നാഗഫണങ്ങള്‍, പാപബോധങ്ങള്‍ അതിലൊക്കെയപ്പുറം ഖസാക്കിന്റെ ഗ്രഹണകാലങ്ങളില്‍ മൂത്തുസ്ഖലിക്കുന്ന മഴച്ചൂരില്‍ ഒലിച്ചിറങ്ങുന്ന പ്രകൃതിയുടെ ജൈവചോദനകള്‍, സനാതന ബോധങ്ങളെ അട്ടിമറിക്കുന്ന ആസക്തമായ ഉച്ചവെയില്‍ മൗനങ്ങള്‍.... എന്റെ വായനാലോകത്തെ ഇറയത്തെ കെട്ടുവരിയന്‍ പാമ്പായി ഇഴഞ്ഞുകൊണ്ടിരുന്നു.

ക്ഷരമില്ലാത്ത ഓര്‍മ്മകള്‍, അക്ഷപ്പിച്ചകള്‍
കൊല്ലങ്കോട് മഹാകവി കുഞ്ഞിരാമന്‍ നായര്‍ സ്മാരക ലൈബ്രറിയില്‍ ഇപ്പോഴും സേതുവേട്ടനാണ് ലൈബ്രേറിയന്‍. പുസ്തകങ്ങള്‍ കേടുവരാതെ തിരിച്ചേല്‍പ്പിക്കണമെന്നതിലും വരിസംഖ്യ തെറ്റാതെ ഈടാക്കുന്നതിലും കണിശക്കാരന്‍. അങ്ങിനെയൊക്കെയാണെങ്കിലും ചില ടൈറ്റിലുകള്‍ ''പ്ലീസ്....എനിക്കുവേണ്ടി ഒന്ന് അണ്ടര്‍ഗ്രൗണ്ടില്‍ സൂക്ഷിക്കണം' എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അദ്ദേഹം ചെയ്യും.
പെണ്ണഴുത്തിന്റെ ആഘോഷക്കാലമായിരുന്നു അത്. സാറാ ജോസഫിന്റെ 'നിലാവറിയുന്നു' എന്ന പുസ്തകത്തിലെ 'അശോക'യും 'ആന്‍മേരിയുടെ കല്യാണ'വുമൊക്കെ ഒരുപാടു ചര്‍ച്ചചെയ്ത കാലം. പി. ഗീതയുടെ 'ദേവദൂതികള്‍ മാഞ്ഞുപോവത്', സാറാ തോമസിന്റെ 'നാര്‍മടിപ്പുടവ', 'പെണ്‍മനസ്സുകള്‍', ഗ്രേസി ടീച്ചറിന്റെ 'രണ്ടു സ്വപ്‌നദര്‍ശികള്‍' എല്ലാ പുസ്തകങ്ങള്‍ക്കും വലിയ ഡിമാന്റായിരുന്നു. പ്രത്യേകിച്ച് പെണ്ണെഴുത്തെന്ന ലേബലില്‍ ഒരുപാടു കഥകള്‍ ഇറങ്ങിയ കാലം. പെണ്ണെഴുത്തെന്നാല്‍ മലയാള സാഹിത്യത്തില്‍ പെണ്ണിനായി ഒരു മുറി പണിയുകയാണ്, അവിടെ അവള്‍ക്കു മാത്രം എഴുതാനും പങ്കുവയ്ക്കാനും കഴിയുന്ന ചിലതുണ്ടത്രെ. ഒരു പുരുഷനും വിശദീകരിക്കാനാകാത്ത പെണ്ണിനുമാത്രം സ്വന്തമായ ചില മേഖലകള്‍ പെണ്ണിനുണ്ടെന്ന് വാദം ശക്തിപ്പെട്ടിരുന്നു. മനോരമ വാരികയില്‍ മാധവിക്കുട്ടിയുടെ 'ഒറ്റയിടപ്പാത' എന്ന പംക്തി അവസാനിച്ചിട്ടേയുണ്ടായിരുന്നുള്ളു. പെണ്ണെഴുത്ത് എന്ന ലേബലിലിറങ്ങുന്ന കഥകള്‍ക്കെതിരെ ഒരു പ്രതിരോധമായി ഞങ്ങളെന്നും ഉപയോഗിച്ചത് മാധവിക്കുട്ടിയുടെ എഴുത്തിനെയാണ്. കൊട്ടിഘോഷിക്കപ്പെട്ട പെണ്ണെഴുത്തിനുമപ്പുറം പെണ്ണിനെ അറിഞ്ഞ കഥകള്‍ എഴുതിയത് മാധവിക്കുട്ടിതന്നെയാണ് എന്ന വാദത്തിനുമുന്‍പില്‍ പലരും സന്ധിയാകുന്നത് ഒരു രസകരമായ കാഴ്ചയായിരുന്നു.
ഏതാണ്ടിതേകാലത്താണ് മനോരമയുടെ ഓണപ്പതിപ്പില്‍ മാനസിയുടെ കഥ ഞാനാദ്യമായി വായിക്കുന്നത്. അന്നുമുതല്‍തന്നെ മാനസി എന്ന എഴുത്തുകാരിയുടെ ഭാഷയും രചനാ രീതിയും എന്ന വല്ലാതെ ആകര്‍ഷിച്ചിരുന്നു. സ്ത്രീപുരഷ ബന്ധങ്ങളുടെ രസതന്ത്രങ്ങളെക്കുറിച്ച്, പ്രണയത്തെക്കുറിച്ചും സ്ത്രീയുടെ ആന്തരിക സമസ്യകളെക്കുറിച്ചുമൊക്കെ ഏറെ സാന്ദ്രമായ ഭാഷയില്‍ അവര്‍ അവതരിപ്പിച്ചിരുന്നു. ഏതാണ്ട് അതേ കാലത്താണ് കെ. ഗോവിന്ദന്‍ എന്നൊരു കഥാകൃത്ത് എം.ടി. വാസുദേവന്‍ നായരുടെ മുഖക്കുറിപ്പോടെ അദ്ദേഹത്തിന്റെ ആദ്യ കഥാ സമാഹാരം പുറത്തിറങ്ങുന്നതും സഹൃദയ ശ്രദ്ധ ആകര്‍ഷിക്കുന്നതും. മുലപ്പാലിന്റെ മധുരംപോലെയുള്ള ഭാഷാ ഗുണങ്ങളാണ് ഇവരുടെ കഥകളിലൊക്കെ ഞാന്‍ കണ്ടത്. 'വാക്ക്' അതെങ്ങിനെ പ്രയോഗിക്കണം. എങ്ങിനെ ചുരുങ്ങിയ ചില വാക്കുകളിലൂടെ കഥാപാത്രങ്ങളുടെ ആന്തരിക വ്യാപരങ്ങളെ ആവിഷ്‌ക്കരിക്കണം എന്നൊക്കെയുള്ള സാങ്കേതിക പാഠങ്ങള്‍ പഠിക്കുന്നത് തൊണ്ണൂറുകളിലെ ഈ പെണ്‍കഥകളിലൂടെയാണ്. സാറ ടീച്ചറിന്റെ 'സ്‌കൂട്ടര്‍' പോലുള്ള ചെറുകഥകള്‍ ഇന്നും വായിക്കാന്‍ കൊതിക്കുന്നവയാണ്.
രണ്ടായിരത്തിന്റെ ആദ്യ ദശകം മുതലിങ്ങോട്ടാണ് സന്തോഷ് എച്ചിക്കാനം, സുസ്‌മേഷ് ചന്ദ്രോത്ത്, സുഭാഷ് ചന്ദ്രന്‍, വത്സലന്‍ വാതുശ്ശേരി, അര്‍ഷാദ് ബത്തേരി, അഷിത തുടങ്ങിയവരുടെ കഥകള്‍ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്.
ഭാഷാപോഷിണിയിലൊ മാതൃഭൂമിയിലൊ വരുന്ന ഒരു കഥ ആഴ്ചകളോളം അന്തരീക്ഷത്തില്‍ ചില ഒാളങ്ങള്‍ സൃഷ്ടിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്.  അഷിതയുടെ 'ഇതാലൊ കാല്‍വിനൊ തൃശ്ശൂര്‍ ബസില്‍' എന്ന കഥ അതിന്റെ ഭാവുകത്വപരമായ സവിശേഷത സാങ്കേതിക പുതുമ, അതിനൊപ്പം വയ്ക്കാവുന്ന കഥകള്‍ക്ക് പിന്നെയും ഏറെക്കാലം വേണ്ടിവന്നു.
സന്തോഷ് എച്ചിക്കാനത്തിന്റെ ദിനോസോറിന്റെ മുട്ട, പന്തിഭോജനം പോലുള്ള കഥകളും മറ്റും ആഘോഷിക്കുന്നത് മുംബൈയില്‍ എത്തിയതിനു ശേഷമാണ്.
മുംബൈ പക്ഷെ വായന അനാഥമാക്കി കുറച്ചു കാലത്തേക്കെങ്കിലും. പുസ്തകങ്ങള്‍ ശേഖരിക്കാനും സൂക്ഷിക്കാനും ഒരു ചെറിയ കൂരയില്ലാത്ത മുംബൈയിലെ ഏതൊരു 'ബാച്ചി'യും അനുഭവിക്കുന്ന വേദനയും അപമാനവും എന്നെയും വലിയൊരളവില്‍ ബാധിച്ചിരുന്നു. ഇപ്പോള്‍ പുസ്തകങ്ങളുടെ സുകൃതമുണ്ണുമ്പോഴും പഴയ പനിക്കാലം ഓര്‍ക്കാതിരിക്കാനാവില്ല.

വിക്ടര്‍ ലീനസ്

ഞാന്‍ എന്നത് ഒരു ഏകകമാണ്. അതിലിരുന്നുകൊണ്ട് അവനവനെത്തന്നെ കേള്‍പ്പിച്ചുകൊണ്ടിരുന്ന ആത്മഭാഷണത്തിന്റെ കവിഞ്ഞൊഴുകലായി അപ്പൂപ്പന്‍താടിപോലെ ഭാരമില്ലാതെ അലച്ചിലുകളായി, എഴുപതുകളുടെ യുവതയുടെ വീര്‍പ്പുമുട്ടലായി ആധുനികതയെ വായിക്കുമ്പോള്‍ എനിക്കു തോന്നിയിട്ടുണ്ട്. വിക്ടര്‍ ലീനസ് എന്ന എഴുത്തുകാരന്റെ 12 കഥകളടങ്ങുന്ന 'വിക്ടര്‍ ലീനസിന്റെ കഥകള്‍' (സമ്പൂര്‍ണ്ണം) വായിക്കുമ്പോള്‍ നമ്മള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ ഇടിച്ചു തകരുന്നു.

'നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം' എന്ന കഥയില്‍ വിക്ടര്‍ നമ്മുടെ കണ്ണില്‍ കളങ്കിതയായ കൂട്ടുകാരിയോടു പറയുന്നു 'ജീവിതം നമ്മുടെ മേല്‍ തേച്ചുവിടുന്നതൊന്നും കറയും കളങ്കവുമായി എനിക്കു തോന്നിയിട്ടില്ല'.
രണ്ടു മൂന്നൊ കഥകളില്‍ നിരന്തരം കടന്നുവരുന്ന ലീല എന്ന ലൈംഗികതൊഴിലാളി വിക്ടറിന്റെയും വായനക്കാരന്റെയും ആത്മസുഹൃത്താകുന്നത് ഈ കാഴ്ച്ചപ്പാടിലാണ്. '53ലൊരു പകല്‍', 'നീണ്ട നിശബ്ദതയ്ക്കു ശേഷം', 'യാത്രാമൊഴി', 'വിട' വായിച്ചു മടക്കിവച്ചാലും കൂടെ പോരുന്ന കഥകള്‍...

മാതൃഭൂമി കഥകളുടെ വിധിനിര്‍ണ്ണയിച്ചിരുന്ന ഒരു കാലത്ത് വിക്ടര്‍ ലീനസ്സിന്റെ ആദ്യ കഥ 'മഴമേഘങ്ങളുടെ നിഴലില്‍' പ്രസിദ്ധീകരിച്ചുകണ്ട് വിക്ടര്‍ നിര്‍വൃതിയടയുമ്പോഴേക്കും ജീവിതം വിക്ടറിനെ ഏറെക്കുറെ കൈവിട്ടു കഴിഞ്ഞിരുന്നു. വായനയോടുള്ള അടങ്ങാത്ത ആസക്തിയില്‍, സ്വന്തം സര്‍ഗ്ഗാത്മകതയെ വിക്ടര്‍ എവിടെയൊ സ്വയം പാര്‍ശ്വവത്ക്കരിക്കുകയായിരുന്നു എന്നു തോന്നുന്നു. 1991ല്‍ ആകസ്മികമായി മരണമടഞ്ഞതിനു ശേഷമാണ് അദ്ദേഹത്തിന്റെ 'യാത്രമൊഴി' എന്ന അറംപറ്റിപ്പോയ കഥ മാതൃഭൂമി പ്രസിദ്ധീകരിക്കുന്നത്. വേദനയോടെയല്ലാതെ ആ പുസ്തകത്തെ മടക്കിവയ്ക്കാന്‍ ഒരു വായനക്കാരനുമാകില്ല.

വിക്ടര്‍ ലീനസ്സിന്റെ ജീവിതവും കഥകളും ഒരോ അക്ഷരസ്‌നേഹിയുടേയും മനസ്സില്‍ ഉണങ്ങാത്ത മുറിവാണ്. അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ മലയാള ചെറുകഥയുടെ രൂപവും ഭാവവും മാറ്റിമറിക്കുന്ന കഥകള്‍ പിന്നെയും എഴുതിയേനെ...

വിക്ടറിന്റെ കഥയേയും ജീവിതത്തേയും വിലയിരുത്താന്‍ ഞാന്‍ അശക്തനാണ്.

ഇന്നത്തെ അഥിതി അതീത ശക്തി

ഒരു നോവലിനെക്കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളുമായി ഒത്തുപോകുന്ന ഒരു കൃതിയല്ല കെ.പി. നിര്‍മ്മല്‍ കുമാറിന്റെ 'ഇന്നത്തെ അഥിതി അതീത ശക്തി'. മഹാഭാരതത്തെ സമകാലിക രാഷ്ട്രീയ ജീവിതത്തിന്റെ ഭാവുകത്വങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്ന ഒരു നോവല്‍. ഭാരത കഥാപാത്രങ്ങളിലൂടെ ഉദ്‌ഘോഷിക്കപ്പെടുന്ന സനാതന ധര്‍മ്മബോധവും, ലൈംഗിക ജീവിതവുംമൊക്കെ കെ.പി. നിര്‍മ്മല്‍ കുമാറിന്റെ കൃതഹസ്തതയില്‍ പുനഃസൃഷ്ടിക്കപ്പെടുമ്പോള്‍ അതിനൊരു പുതിയ മാനം കൈവരുന്നു.
സ്വത്തും അധികാരവും ഭോഗവും കേന്ദ്രസ്ഥാനത്തുനില്‍ക്കുന്ന സമകാലിക രാഷ്ട്രീയവും അതിന്റെ അരമനയിലും അടുക്കളയിലും വിടുവേല ചെയ്യുന്ന മാധ്യപ്രവര്‍ത്തനത്തെയും വായനക്കാരനെക്കൊണ്ട് വിചാരണ ചെയ്യിക്കാന്‍ പോന്ന ഒരു അതീത ശക്തിയായി ഈ നോവല്‍ നിറയുന്നു.
മഹാഭാരതത്തിന്റെ എല്ലാ പുനഃരാവിഷ്‌ക്കാരങ്ങളിലുമെന്ന പോലെ കൗരവരുടേയും പാണ്ഡവരുടേയും ധര്‍മ്മാധര്‍മ്മങ്ങള്‍ നേരിട്ടല്ലെങ്കിലും ഇവിടെയും വിചാരണ ചെയ്യപ്പെടുന്നുണ്ട്.
സാധാരണ നിലയ്ക്ക് വി.കെ.എന്‍. ഫലിതങ്ങളിലൂടെ ഇതള്‍വിരിയേണ്ട ഒരു ഭാവ പശ്ചാത്തലത്തെ നിര്‍മ്മല്‍കുമാര്‍ തന്റെ മൗലിക സിദ്ധിയിലൂടെ വേറിട്ടൊരു വായനാനുഭവം തന്നെ പകര്‍ന്നുകൊടുക്കുന്നുണ്ട് വായനക്കാരന്. എടുത്തു പറയേണ്ടത് അതിന്റെ ഭാഷയാണ്. അത് ഒരു കഥാപാത്രങ്ങളേയും ബോധപൂര്‍വ്വം ആക്രമിക്കുന്നില്ല. മറിച്ച് ഓരോ കഥാപാത്രങ്ങളേയും ആവിഷ്‌ക്കരിക്കുന്നത് അതിന്റെ നിര്‍മ്മമമായ സ്വാഭാവികതയിലൂടെയാണ്. ധര്‍മ്മവും നീതിയും വെള്ളയും മഞ്ഞയുപോലെ വേറിട്ടു കിടക്കുന്നില്ല എന്ന ആത്മബോധം ഇതിഹാസത്തെക്കുറിച്ചുള്ള എല്ലാ അവബോധങ്ങളേയും ഒന്നുകൂടെ തകര്‍ത്തെറിയുന്നു.
ഭാരത കഥാപാത്രങ്ങളുടെ ലൈംഗിക അരാജകത്വത്തിലേക്കും വ്യവസ്ഥാപിതമെന്നു നമ്മള്‍ കരുതുന്ന അവ്യവസ്ഥതികളിലേക്കും വെളിച്ച വീശുന്ന നോവലിലെ കാലം ഇരുപത്തൊന്നാം നൂറ്റാണ്ടായിട്ടും കഥാപാത്രങ്ങലുടെ മനശ്ശാസ്ത്ര പരിസരങ്ങളിലും, ലൈംഗികതയിലും പറയത്തക്ക ഒരു വ്യത്യാസവുമില്ലായെന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. ഒരു പക്ഷെ ഈ കണ്ടെത്തലാണ് ഈ നോവലിന്റെ മര്‍മ്മം എന്ന് എനിക്കു തോന്നുന്നു.

ജനിതകങ്ങളില്‍
അച്ഛന്‍ ചന്തയില്‍ നിന്ന് പച്ചക്കറിയും ഉപ്പും മുളകും പരിപ്പും നാളികേരവുമൊക്കെ വാങ്ങിക്കൊണ്ടുവന്ന് അമ്മയെ ഏല്‍പ്പിക്കുന്നു. അമ്മ പച്ചക്കറികള്‍ ചെറുതായി നുറുക്കി പരിപ്പു വേവിച്ച് തേങ്ങയരച്ച് പാരമ്പര്യത്തിന്റെ സുകൃതരസമന്ത്രങ്ങളുരുക്കഴിച്ച് കറിയുണ്ടാക്കി അതിന് സാമ്പാര്‍ എന്നൊരു പേരു കൊടുക്കുന്നു. അച്ചന്‍ വാങ്ങിയ പച്ചക്കറിയും മറ്റുസാധനങ്ങളുമുപയോഗിച്ച് അമ്മ സ്വാദിഷ്ടമായ ഒരു അഴകൊഴമ്പന്‍ സാമ്പാറുണ്ടാക്കുന്നു!. അമ്മയുടെ സാമ്പാര്‍ ഒരാവിഷ്‌ക്കാരമാണ്. വെറുതെ കുറെ പച്ചക്കറി വെള്ളത്തില്‍ മുറിച്ചിട്ടാല്‍ സാമ്പാറാവില്ല. അതിന്റെ രുചിപാകങ്ങളറിഞ്ഞുവേണം സാമ്പാറുണ്ടാക്കാന്‍. ഒരു ധ്യാനംപോലെ അമ്മ അതു ചെയ്യുന്നു.
സി. പി. കൃഷ്ണകുമാറിന്റെ ''ജനിതകങ്ങളില്‍' എന്ന നോവല്‍ വായിച്ചു തീരുമ്പോള്‍ മേല്‍പ്പറഞ്ഞ അമ്മയുടെ കരവിരുത് നമ്മുക്ക് അനുഭവപ്പെടുന്നില്ല. കഥപറയാന്‍ മാത്രമാണ് അദ്ദേഹത്തിന് ഭാഷ. അതിനപ്പുറം ശില്‍പപരമായ നിര്‍മ്മാണ പടുത്വം അദ്ദേഹത്തിന്റെ നോവലുകളില്‍ കാണുക അസാധ്യമാണ്. ഭേദപ്പെട്ട കഥകള്‍ എഴുതിയിട്ടുള്ള കൃഷ്ണകുമാറിന്റെ 'ജനിതകങ്ങളില്‍' എന്ന നോവല്‍ എന്നെ നിരാശപ്പെടുത്തുന്നു. മുന്‍ നോവലുകളില്‍ നിന്ന് പുതിയ നോവലിന് നല്ല റീഡബിലിറ്റിയുണ്ട് എന്ന നന്മ കാണാതിരിക്കുന്നില്ല.

സൈക്കിള്‍
ഒരു സൈക്കിള്‍ കടയില്‍ നമ്മള്‍ നില്‍ക്കുകയാണ്. ചുമരില്‍ ചക്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്നു. ബെല്‍ ബ്രേക്ക്, മല്‍ഗാര്‍ഡ് എല്ലാ വേറെ വേറെയായി കൂട്ടിയിട്ടിരിക്കുന്നു. സൈക്കിള്‍ മെക്കാനിക്ക് പണിയായുധങ്ങളെടുത്ത് എല്ലാം യധാവിഥി ഘടിപ്പിച്ചു തുടങ്ങുന്നു. ഒരു മണിക്കുറിനുള്ളില്‍ കണ്‍മുന്‍പില്‍ പ്രവര്‍ത്തന സാധ്യമായ ഒരു സൈക്കിള്‍ ഇതള്‍ വിരിയുന്നു!. ഒരു മണിക്കൂര്‍ മുന്‍പ് ഇതേ സൈക്കളിള്‍ മറ്റു പലതായി ഇവിടെത്തന്നെയുണ്ടായിരുന്നു. ഇപ്പോഴാണ് അത് സൈക്കിളായത്. സൈക്കിള്‍ ഒരു യന്ത്രമായി പരിണമിച്ചിരിക്കുന്നു. ഇപ്പോള്‍ അതിനൊരു അസ്തിത്വമുണ്ട്. ഇപ്പോള്‍ സൈക്കിള്‍ ഉപോയഗിച്ച് നമുക്ക് സഞ്ചരിക്കാവുന്നതാണ്.
ഒരു സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള സങ്കേതങ്ങള്‍ ഇവിടെത്തന്നെയുണ്ട്. അതിനെ യഥാവിഥി ഘടിപ്പിക്കുക മാത്രമാണ് ഒരു കലാകാരന്‍ ചെയ്യുന്നത്. ഒരാള്‍ നടക്കുന്നതിലും വേഗത്തില്‍ ഒരു സൈക്കിളില്‍ നീങ്ങുന്നു. ഇവിടെ സൈക്കിളിന്റെ സ്ഥാനത്ത് ഒരു സമൂഹത്തെ ചലനാത്മകമാക്കുന്നത് കലയും സാഹിത്യവുമാണ്. മുംബൈയില്‍ വലിയ വലിയ നാടക കൂട്ടായ്മകള്‍ വേണം. അത് സമൂഹത്തെ ചലനാത്മകമാക്കുന്നു. മുംബൈയുടെ ആന്തരിക ജീവിതത്തെ ചലനാത്മകമായി നിലനിര്‍ത്തിയ കലാകാരനായിരുന്നു ശ്രീ വിളപ്പില്‍ മധു. അദ്ദേഹത്തിന്റെ ചിതയിലെ തീകൊണ്ട് ഇവിടെ ഇനിയും ഒരുപാട് നല്ല നാടകങ്ങളുടെ തിരി തെളിയണം. അതാണ് അദ്ദേഹത്തോട് ചെയ്യാനുള്ള ഏറ്റവും വലിയ ആദരവ്.

ചോദ്യം ഉത്തരം

ചിരിയും ഇളിയും തമ്മിലുള്ള വ്യത്യാസമെന്ത്?
ഈ വിഷയത്തില്‍ പി. പി. രാമചന്ദ്രന്റെ ഒരു കവിതതന്നെയുണ്ട്. സിനിമാ നടന്‍ ജദീഷിന്റെ കോമഡി സ്റ്റാര്‍ കാണുമ്പോഴാണ് ചിരി ഇളിയാകുന്നതിനെക്കുറിച്ച് ഓര്‍മ്മ വരുന്നത്. മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഈ ഹാസ്യ നടന്‍ വളിപ്പുകള്‍ക്ക് തോറ്റംപാടുന്നതു കാണുമ്പോള്‍ ചിരി ഇളിയാകുന്ന ഭീകര കാഴ്ച്ച മലയാളികള്‍ കാണുന്നു. എന്തുകണ്ടാലും ഇളിക്കാനും കൈയ്യടിക്കാനും കുലിക്ക് കുറച്ച് കാണികളേയും കൊണ്ടിരുത്തിയിരിക്കും.

നല്ല എഴുത്തുകാര്‍ നല്ല പ്രാസംഗികരായിരിക്കണമെന്നില്ല എന്തുപറയുന്നു?

എം.എന്‍.വിജയന്റെ എഴുത്തും പ്രസംഗവും ഒരുപോലെയായിരുന്നു. അഴീക്കോട് മാഷ് വാക്കുകള്‍കൊണ്ട് ചില മാജിക്കൊക്കെ കാണിക്കും പക്ഷെ അത് പകര്‍ത്തിയെഴുതുമ്പോള്‍ അതേ ശക്തി കിട്ടില്ല. എഴുത്തും പ്രസംഗവും ഒരുപോലെ ചെയ്യുന്ന പ്രതിഭകള്‍ വളരെ ചുരുക്കം മാത്രമെയുള്ളു. സുനില്‍ പി. ഇളയിടത്തിന്റെയും, ചുള്ളിക്കാട്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ രണ്ടിടത്തും തിളങ്ങുന്നവരാണ്. ഒരു കാലത്ത് സീരിയല്‍ നോവലുകളിലൂടെ എന്റെ ഹൃദയം കവര്‍ന്ന സി. രാധാകൃഷ്ണനെ നേരില്‍ കാണാന്‍ മോഹിച്ചിരുന്നു. മുംബൈയില്‍ ഒരു സാഹിത്യ സായാഹ്നത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം കണ്ടപ്പോള്‍ അമ്പരന്നുപോയി. അദ്ദേഹത്തിന്റെ എഴുത്തുപോലെയല്ല..! ഒരു സാധു മനുഷ്യന്‍. എത്ര മന്ത്രസ്ഥായിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. അദ്യാവസാനം വരെ അങ്ങിനെതന്നെ. എന്നാലും അദ്ദേഹത്തെ ഇഷ്ടം. ആദരവ്

നല്ല എഴുത്തുകാരൊക്കെ നല്ല പ്രാസംഗികരാകണെന്ന് ഒരു നിര്‍ബന്ധവുമില്ല. ശരിയല്ലേ?
എം.ജി. രാധാകൃഷ്ണന്‍ എന്ന നമ്മുടെ പ്രിയപ്പെട്ട എംജി ആശാന്‍ നല്ലൊരു എഴുത്തുകാരനാണ് എന്നാല്‍ അദ്ദേഹം എപ്പോഴും പൊതുവേദികളില്‍ നിന്ന് ദൂരെ മാറി നിന്നു. മുംബൈക്കാരുടെ സ്വന്തം എഴുത്തുകാരനായ നോവലിസ്റ്റു ബാലകൃഷ്ണനും സൗമ്യമായി സംസാരിക്കുന്നയാളാണ്. നല്ല കവിതകളെഴുതുന്ന പി.ബി. ഋഷികേശനും, ടി.കെ. മുരളീധരനും, മണിരാജും വേദികളില്‍ നിന്ന് ഒരുപാടകന്നു നില്‍ക്കുന്നു. എന്നാല്‍ പേന കൈകൊണ്ടു തൊടാത്ത ചിലരെങ്കിലും ബോംബേയിലുണ്ട്. പ്രസംഗമാണ് അവരുടെ സാഹിത്യ ജീവിതം. മുംബൈയില്‍ സാഹിത്യ സായാഹ്നങ്ങളില്ലാതാവുന്ന കാലത്ത് അവര്‍ക്കു വംശനാശം വരും.

നല്ല എഴുത്തുകള്‍ ഉണ്ടാകാന്‍ എന്തുചെയ്യണം. മുംബൈയില്‍ സാധാരണ നടക്കാറുള്ള സാഹിത്യ ചര്‍ച്ചകള്‍ക്ക് ഒരു ബദല്‍ നിര്‍ദ്ദേശിക്കാമൊ?
എഴുതുന്നവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വായനയേയും ആസ്വാദനത്തേയും സംബന്ധിക്കുന്ന കളരികള്‍ വേണം. ഭാഷയിലെ ഉത്തമ കൃതികളെക്കുറിച്ചുള്ള സര്‍ഗ്ഗാത്മക സംവാദങ്ങള്‍ നടക്കണം. ഭാഷയുടെ നന്മകള്‍ സ്വന്തം രചനയിലേക്ക് സംക്രമിപ്പിക്കുന്നതിലേക്കു നയിക്കുന്ന ശില്‍പശാലകളാണ് നമുക്കാവശ്യം.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.