2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ഇവിടെ ഒരു ഗ്രാമം: പി.എസ്.സി യ്ക്കു പഠിക്കുന്നു

നേരം പുലര്‍ന്നു, ഇളവെയില്‍ മെല്ലെ തിടംവെച്ചു തുടങ്ങുന്നതേയുള്ളു കരിങ്കുളം സ്റ്റോപ്പിലെ സയന്‍സ് അക്കാഡമിക്കുമുന്‍പില്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച ഒരു വയസ്സന്‍ ബസ്സ് വന്നു നില്‍ക്കുന്നു. ഒരു നിമിഷം കൊണ്ട് കരിംങ്കുളം ഗ്രാമം ശബ്ദമുഖരിതമാവുകയാണ്, ഈ കൊച്ചുഗ്രാമം പതുക്കെ പൊതുവിഞ്ജാനവും വഴിക്കണക്കും ഉറക്കെ പറഞ്ഞു പഠിച്ചു തുടങ്ങുകയാണ്.

ഇരുപതിനും മുപ്പത്തിയഞ്ചിനുമിടയ്ക്കു പ്രായമുള്ള യുവതിയുവാക്കളുടെ ഒരു ചെറുപ്രളയം. കാലത്ത് എട്ടുമണിയുടെ പി.എസ്.സി. കോച്ചിംഗ് സെന്ററില്‍ പഠിക്കാനെത്തിയ ആദ്യബാച്ചിന്റെ തിരക്കാണിതെന്ന് ആ ചെറിയ കവലയില്‍ കുറേക്കാലമായി ചായക്കട നടത്തുന്ന ദാസന്‍ സാക്ഷ്യപ്പെടുത്തുന്നു.
''വൈകുന്നേരം നാലര വരെ ഇവിടെ ഇവറ്റങ്ങളുടെ വരവും പോക്കും അതിന്റെ ബഹളോം. . . ഇവരൊക്കെ നാളത്തെ ഗവര്‍മ്മേണ്ട് ജോലിക്കാരാ''
ഒടിഞ്ഞുതൂങ്ങിയ ഇറയത്ത് പതുക്കെപിടിച്ച് തല ഞാത്തിനോക്കിക്കൊണ്ട് ദാസന്‍ കളിപറഞ്ഞു.

ഒരു കാലത്ത് പാലക്കാട് ജില്ലയിലെ എലവഞ്ചേരി പഞ്ചായത്ത് സാക്ഷരതയില്‍ സമീപത്തെ പിന്നോക്ക പ്രദേശമായ ചിറ്റൂരുമായി കൂട്ടുകൂടി ഉഴപ്പി നടന്നിരുന്നു എന്ന് പലരും ഓര്‍ക്കുന്നു. എന്നാലിന്ന് പാലക്കാട്ട് ജില്ലയിലെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജോലിക്കാരെ സംഭാവനചെയ്യുന്ന പഞ്ചായത്ത് എന്ന പെരുമ ഒരു പക്ഷെ എലവഞ്ചേരി പഞ്ചായത്തിനായിരിക്കും. കഴിഞ്ഞ ഒരു ദശകത്തിലേറെയായി അവിടുത്തെ സന്നദ്ധസംഘനകളുടെ ചെറുപഠനകൂട്ടായ്മകള്‍ക്കു കീഴില്‍ യുവതിയുവാക്കളും മദ്യവയസ്സുകഴിഞ്ഞവരും കഠിനാധ്വാനം ചെയ്യുകയാണ്. അവര്‍ക്ക് പങ്കുവയ്ക്കാന്‍ ഒരേ ഒരു സ്വപ്നം മാത്രം ''സ്വീപ്പറായിട്ടായാലും ഒരു സങ്കോടോംല്ല. . . ഒരു സര്‍ക്കാര്‍ ജോലി. . . . അതിനുവേണ്ടിയിട്ടാ ഈ പെടാപാട്'' പല്ലശ്ശനപറമ്പില്‍ വീട്ടില്‍ ഹരിദാസിന്റെ ഭാര്യ സരിത പറയുന്നു. എട്ടും മൂന്നും വയസ്സുള്ള രണ്ടുപെണ്‍മക്കളുടെ അമ്മയാണ് ബി.എ. ബരുദധാരിണിയായ ഈ വീട്ടമ്മ. ദിവസവും കുഞ്ഞുങ്ങളെ സ്‌കൂളില്‍ കൊണ്ടാക്കി എട്ടരയുടെ കരിങ്കുളം ബസ്സിനായി ഓട്ടമാണ്. ''എന്നാണ് ഈ ഓട്ടത്തിനൊരറുതിവരിക. . . അറിയില്ല''. പത്താംക്ലാസ്സും പ്ലസ്ടുവും കഴിഞ്ഞാല്‍ ഒട്ടുമിക്ക ആണ്‍കുട്ടികളും ഉപജീവനത്തിനായി കോയമ്പത്തൂരിലൊ ഇന്ത്യയിലെ മറ്റു നഗരങ്ങളിലൊ ഗള്‍ഫിലേക്കൊ കടക്കും. പിന്നെ ഇവിടുത്തെ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ ബാക്കിയാവുന്നതിലധികവും നാടുവിട്ട് ജീവിക്കാന്‍ പാങ്ങില്ലാത്ത പാവം പെണ്‍കുട്ടികളാണ്.

''കരിങ്കുളത്തും പരിസരത്തുമായി നടക്കുന്ന ചെറുതും വലുതുമായ കോച്ചിംഗ് സെന്ററുകളില്‍ കൂടുതലും പെണ്‍കുട്ടികളാണ് പഠിക്കുന്നത്'' കരിങ്കുളം സയന്‍സ് സെന്ററിലെ വിദ്യാര്‍ത്ഥിയായ പ്രിയ പറയുന്നു. എലപ്പുള്ളി നോമ്പിക്കോട് എന്ന കുഗ്രാമത്തില്‍ നിന്ന് ദിവസവും മൂപ്പത്തിയഞ്ച് കിലോമീറ്റര്‍ യാത്രചെയ്താണ് പ്രിയ കരിങ്കുളത്തെ സയന്‍സ് സെന്ററില്‍ എത്തുന്നത്. സാമ്പത്തികമായി വളരെ പരാധീനതകള്‍ അനുഭവിക്കുന്ന കുടുംബത്തിലെ അംഗമായ പ്രിയ ബി.എഡ് കാരിയാണ്. ''കടംവാങ്ങിയും വീടു പണയപ്പെടുത്തിയും ഉണ്ടാക്കിയ കാശുകൊണ്ടാണ് എന്നെ അമ്മ ബി.എഡ്. ന് പഠിപ്പിച്ചത്. കൂടെ പഠിച്ചവരൊക്കെ ആറും എഴും ലക്ഷം വരെ കോഴകൊടുത്ത് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ കയറിപ്പറ്റി. എനിക്കുവേണമെങ്കില്‍ കഞ്ചിക്കോട്ടിലെ വല്ല ചെറുകിട തുണിമില്ലുകളില്‍ പണിക്കുപോകാമായിരുന്നു. ഇത്രയും പഠിച്ചത് കൂലിപ്പണി ചെയ്യാനല്ലായിരുന്നല്ലൊ''. പ്രിയയുടെ കണ്ണില്‍ നനവു പടരുന്നു. കഠിനമായി പഠിച്ച് കഴിഞ്ഞ എല്‍.ഡി.സി.യുടെ റാങ്കുലിസ്റ്റില്‍ കയറിപ്പറ്റിയ പ്രിയ നിയമനം കാത്ത് കുറേക്കാലം സര്‍ക്കാരിന്റെ കനിവും കാത്തിരുന്നു. നിരാശയായിരുന്നു ഫലം. ഇനിവരുന്ന ജൂണ്‍ 25 ന് നടക്കാന്‍ പോകുന്ന എല്‍.ഡി.സി പുതിയ പി.എസ്.സി പരീക്ഷയ്ക്ക് വീണ്ടും തയ്യാറെടുക്കുകയാണ് പ്രിയ. ഇരുപത്തിയാറ് വയസ്സുള്ള പ്രിയ വിവാഹം പോലും വേണ്ടെന്ന് വച്ച് സര്‍ക്കാര്‍ ജോലിയെന്ന തന്റെ സ്വപ്നത്തെ പിന്‍തുടരുകയാണ് ഊണും ഉറക്കവുമില്ലാതെ.

എലവഞ്ചേരി പഞ്ചായത്തിലെ ചെറുതും വലുതുമായ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ പഠനം സൗജന്യമാണ്. നെന്മാറ ഫോറസ്റ്റ് റേഞ്ച് ഓഫിസറായ അരവിന്ദന്‍ എന്ന അരവിയേട്ടനാണ്‌ കരിംങ്കുളത്തെ കോച്ചിംഗ് സെന്ററിന്റെ സാരഥി. ഇതുപോലത്തെ ഉദ്യോഗാര്‍ത്ഥികളുടെ പഠനക്കൂട്ടായ്മയിലൂടെ പഠിച്ചുകൊണ്ടാണ് അരവിന്ദനും സര്‍ക്കാര്‍ ജോലി സംമ്പാദിക്കുന്നത്. ഈ കൂട്ടായ്മയോടും അതിന്റെ നന്മയോടുമുള്ള അരവിയുടെ ആദരവും നന്ദിയുമാണ് കരിംങ്കുളം സയന്‍സ് അക്കാഡമിയെ ഇന്ന് നിലനിര്‍ത്തുന്നത്. എലവഞ്ചേരി ശ്രാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ കൂട്ടായ്മ നിലനില്‍ക്കുന്നതെങ്കിലും ഇതിന്റെ നടത്തിപ്പിനുള്ള ചിലവ് കണ്ടെത്തുന്നത് വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമങ്ങളിലൂടെയാണ്. മാസത്തിലൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ പരിഷത്തിന്റെ ശ്രാസ്ത്ര ഗ്രന്ഥങ്ങളും സയന്‍സ് ഡിക്ഷണറികളും ഓഫിസുകള്‍തോറും കയറിയിറങ്ങി വില്‍പനനടത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പിനുള്ള പൈസ അവര്‍ തന്നെ സ്വരൂപിക്കുന്നു. സയന്‍സ് അക്കാഡമിക്ക് വാടകയ്ക്കാണെങ്കിലും ഒരു ചെറിയ ക്ലാസ്സ്മുറിയെങ്കിലുമുണ്ട് എന്നാല്‍ കരിങ്കുളത്തെ യൂറിക്ക സയന്‍സ് കോര്‍ണ്ണര്‍ എന്ന സന്നദ്ധ പിസ്ഥിതി സംഘടനനടത്തുന്ന ക്ലാസ്സുകള്‍ വിശാലമായ മാങ്കൂട്ടത്തിന്റെ തണലിലാണ്. നാനൂറോളം വിദ്യാര്‍ത്ഥികള്‍ പലബാച്ചുകളിലായി അവിടെ പഠിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ കുട്ടികളെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ യുറീക്കയുടെ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഇവിടെ സയന്‍സ് അക്കാഡമിയും യൂറിക്ക സയന്‍സ് കോര്‍ണ്ണറുമടക്കം ഇവിടെ പരാമര്‍ശിക്കന്‍ വിട്ടുപോയ ചെറുതും വലുതുമായ ഒട്ടേറെ പഠനകൂട്ടായ്മകള്‍ രാവും പകലും പഠിക്കുകയാണ്. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളിലെ 'കറക്കിക്കുത്തി' ലൂടെ ഭാഗ്യത്തിന്റെ ടിക്കറ്റില്‍ സര്‍ക്കാര്‍ജോലിയില്‍ കയറിപ്പറ്റാനാവില്ല എന്ന് ഇവര്‍ക്കിന്ന് അറിയാം. എന്നാല്‍ ഇന്നലെവരെ ഇവരറിയാതെ പോയ ഒന്നുണ്ട് പണത്തിനുമുകളില്‍ പരുന്തും പറക്കില്ലെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന സര്‍ക്കാര്‍ നിയമനമാഫിയകളുടെ അണിയറനാടകങ്ങളും മുടിയാട്ടങ്ങളും.

സ്വപ്നങ്ങളുടെ ശവപ്പറമ്പുകള്‍. . . .

ഇവിടെ പറയാന്‍ പോകുന്നത് വ്യവസ്ഥിതിയെ ആവോളം വ്യഭിചരിക്കുന്ന അഭിലാഷ് പിള്ളമാരുടേയും ജെ. പി. മാരുടേയും പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന നാറിയകഥകളല്ല. തന്റെ മക്കള്‍ക്ക് ചുളുവില്‍ സര്‍ക്കാര്‍ജോലിയൊപ്പിച്ച് അഭിലാഷ് പിള്ളയ്ക്ക് കൂട്ടിക്കൊടുപ്പിനിറങ്ങിത്തിരിച്ച കൃഷ്ണന്‍കുട്ടി ചെട്ടിയാരെക്കുറിച്ചുമല്ല. രാത്രിയെ പകലാക്കി ഇല്ലായ്മകളെപ്പോലും കരുത്താക്കി അധ്വാനിച്ച് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും സര്‍ക്കാര്‍ ജോലി ഒരു കിട്ടാക്കനിയായി മാറിയ ഹതഭാഗ്യരെക്കുറിച്ചാണ്. കിട്ടിയജോലി സര്‍ക്കാരിന്റേയും വ്യവസ്ഥിതിയുടേയും പിടപ്പുകേടുകൊണ്ട് നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എങ്കില്‍ പാലക്കാട്ടെ അത്തിക്കോട്ടിലെ മുപ്പത്തിയഞ്ചുകാരിയായ ഹേമാംബിക എന്ന യുവതിയുടെ കഥ അത്തരത്തിലുള്ള ഒന്നാണ്. അദ്ധ്യപകരുടെ തസ്ഥികയ്ക്കുവേണ്ടിയുള്ള 400 പേരടങ്ങുന്ന റാങ്ക്‌ലിസ്റ്റിലെ 124 -ാം മതുകരിയായിരുന്നു ഹേമാംബിക. പരീക്ഷ എഴുതുമ്പോള്‍ ഹേമാംബികയ്ക്ക് 34 വയസ്സായിരുന്നു. വ്യാജനിയമനങ്ങളുടെ ഫലമായിട്ടായിരിക്കാം അല്ലെങ്കില്‍ തിണ്ണമിടുക്കുള്ളവരുടെ കടന്നുകയറ്റം കാരണമാവാം ഹേമാംബികയെതേടി സര്‍ക്കാരിന്റെ നിയമനഅറിയപ്പ് വന്നതേയില്ല. ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ടാണ് റാങ്കുലിസ്റ്റില്‍ കയറിപ്പറ്റിയത്. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. നീങ്ങിയും നിരങ്ങിയും സര്‍ക്കാര്‍കാര്യം മുറപോലെ നടത്തിവന്നപ്പോഴേക്കും മൂന്നുവര്‍ഷം കഴിഞ്ഞുപോയിരുന്നു. ഇതിനടുത്തായി വരാനിരുന്ന പി.എസ്.സി. ക്ലാര്‍ക്ക് പരീക്ഷ എഴുതാന്‍ ഹേമാംബികയ്ക്ക് കഴിയുമായിരുന്നില്ല കാരണം അപ്പോഴേക്കും ഹേമാംബികയ്ക്ക് 35 വയസ്സ് കഴിയും. രണ്ടും കല്പ്പിച്ച് അവര്‍ ഹൈക്കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തു. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഹേമാംബികയ്ക്ക് നീതി ലഭിച്ചു എന്ന് നമ്മുക്കു വേണമെങ്കില്‍ ആശ്വസിക്കാം പക്ഷെ 124 -ാം റാങ്കുകാരിയായിരുന്നു ഹേമാംബിക; അതേ ലിസ്റ്റിലെ ബാക്കിവരുന്ന നൂറുകണക്കിന് ഹതഭാഗ്യരുടെ ചോരയും വിയര്‍പ്പും ആവിയായിപോയി!. അവര്‍ക്ക് നീതി കൊടുക്കാന്‍ ഏതുകോടതിയുണ്ടിവിടെ?

ഇത്തരം കാട്ടുനീതി വര്‍ഷങ്ങളായി നടക്കുന്ന കേരളത്തിലാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മേല്‍പ്പറഞ്ഞ പഠനകൂട്ടായ്മകളിലൂടെ പ്രതീക്ഷ കൈവെടിയാതെ പഠിക്കുന്നത്. കൊടുവായൂര്‍ പഞ്ചായത്തില്‍ ഒരു കോച്ചിംഗ്ക്ലാസ്സ് നടത്തുന്ന അന്‍വര്‍ പറയുന്നു ''ക്ലാസ്സുകള്‍ നല്ലരീതിയില്‍ നടന്നുവരുന്നതിനിടയിലാണ് വ്യാജനിയമനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പ്രത്രങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളില്‍ വല്ലാത്ത നിരാശയുണ്ടാക്കി. ഇവരെ എന്തുപറഞ്ഞാണ് അശ്വസിപ്പിക്കേണ്ടത് എന്നാണ് ഞങ്ങള്‍ അദ്ധ്യാപകര്‍ക്കറിയാത്തത്''. വെറും നോക്കുകുത്തിയുടെ ധര്‍മ്മംപോലും അനുഷ്ഠിക്കാത്ത പി.എസ്.സി യുടേയും സര്‍ക്കാരിന്റേയും അനാസ്ഥയെ മനംനൊന്തു ശപിക്കുകയാണ് ഇവിടെ കുറേ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. അന്‍വറിന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. സയന്‍സ് അക്കാഡമിയും യൂറീക്ക സയന്‍സ് കോര്‍ണ്ണറുമൊക്കെ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കുമ്പോള്‍ അന്‍വര്‍ വളരെ ചെറിയൊരു തുക ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ''നിറവല്ലങ്ങള്‍'' പോലെ റാങ്കുലിസ്റ്റുകള്‍ അതേപടി അവശേഷിക്കുമ്പോള്‍ അഭിലാഷ് പിള്ളയെപ്പോലുള്ളവര്‍ പഴുതകളിലൂടെ വ്യാജന്മാരെ കുത്തിക്കയറ്റുന്നു. ''ആരെയാണ് കുറ്റം പറയേണ്ടത്. . . അറിയില്ല. വളരെ ലളിതമായ കീഴ്‌വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ വ്യാജനിയനമങ്ങള്‍ക്ക് വഴിവച്ചത്'' അന്‍വര്‍ പറയുന്നു.

ഇപ്പോ വ്യാജനിയമനങ്ങളുടേയും വ്യാജരേഖകള്‍ ഒപ്പിച്ച് ഉദ്യോഗക്കയറ്റം കിട്ടിയവരുടേയും വാര്‍ത്തകള്‍ നമ്മുക്ക് വാര്‍ത്തകളേയല്ലാതായിരിക്കുന്നു. ഇനിയും പരക്കെ പിടിക്കപ്പെട്ടാല്‍ ഗവണ്‍മെന്റ് ഓഫിസുകള്‍ പാതിയും വ്യാജന്മാരുടെ സങ്കേതമാണ് എന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേള്‍ക്കേണ്ട ഗതികേടുവരുമോ? . . . സയന്‍സ് അക്കാഡമിയിലെ വിദ്യാര്‍ത്ഥിയും ക്ലാസ്സ് കോര്‍ഡിനേറ്ററുമായ ദിലീപ് പറയുന്നു
''ഇനിയും കുത്തിപ്പൊക്കി കൂടുതല്‍ നാറാമെന്നല്ലാതെ ഇതുകൊണ്ടൊന്നും ഒരു ഗുണവുമില്ല. ഇനിയെങ്കിലും ഞങ്ങളുടെ ചോരയ്ക്കും വിയര്‍പ്പിനും സ്വപ്നങ്ങള്‍ക്കും ഒരത്താണി കിട്ടുമൊ?''
ഉത്തരം
പറയേണ്ടവര്‍ പരസ്പരം പഴിചാരി കണ്ണില്‍ പൊടിയിട്ട് ഒളിച്ചുകളിച്ചുകൊണ്ടേയിരിക്കുകയാണ് -

ഒരു
ഗ്രാമം പിന്നേയും പ്രതീക്ഷ കൈവിടാതെ പഠിച്ചുകൊണ്ടും. . . .



മുംബൈ പത്രമായ വൈറ്റ്‌ലൈന്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചു വന്നതാണ് ഈ ഫീച്ചര്‍.
ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ പലതും യഥാര്‍ത്ഥമല്ല. ചിത്രങ്ങളില്‍ ഒരെണ്ണത്തിന് ഗൂഗിളിനോട് കടപ്പാട്.

നോട്ട്: കേരളത്തിലെ വിവാദമായ വ്യാജനിയമനങ്ങളുമായി ഇവിടെ പരാമര്‍ശിച്ച പഠനകൂട്ടായ്മകളെ കൂട്ടിക്കുഴയ്ക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്നറിയിച്ച സയന്‍സ് അക്കാഡമിയുടേയും, യൂറീക്ക സയന്‍സ് കോര്‍ണ്ണറിന്റേയും സാരഥികളോട് നീതി പുലര്‍ത്തിയിട്ടുണ്ട് എന്നു തന്നെ വിശ്വസിക്കുന്നു.

എന്റെ ഈ എളിയ പ്രവര്‍ത്തനത്തോട്‌ സഹകരിച്ച സുമനസ്സുകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.


Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.