2011, മേയ് 29, ഞായറാഴ്‌ച

അന്നൊരു മഴക്കാലത്ത് യൂദാശ്ലീഹാ എന്നെ പറ്റിച്ചു

ഇരുണ്ടുകൂടിയ കരിമേഘങ്ങള്‍ക്കിടയില്‍ ഒരിടിവാളിന്റെ വേരുകള്‍ മിന്നിമാഞ്ഞതും ഞാന്‍ പാടത്തെ നിറഞ്ഞൊഴുകുന്ന കൈത്തോടിലേക്ക് എടുത്തുചാടി. അതിന്റെ പച്ചമണ്ണുകലര്‍ന്ന് തെയിലനിറംപുണ്ട വെള്ളത്തിലേക്ക് ഞാന്‍ ഊളിയിട്ടു. ഹാ....യ്.... മഴയുടെ ഗന്ധം.... മഴ... മഴ... നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഞാറ്റുപാടത്ത് മഴയുടെ സഞ്ചിതതാളം മുറുകി. ചെവികളില്‍ ശിര്‍ര്‍ര്‍...ന്ന് ഒരു ചെത്തം മാത്രം... ഒഴുക്കില്‍
 മലന്ന് കിടക്കുമ്പൊ അടിക്കാറ് വെളുത്ത് മഴ തിമിര്‍ക്കുകയാണ്. അതെ ഇന്നു മുഴുവന്‍ പെയ്യും ഈ മിഥുനമഴ...

മഴയെ പ്രണയിച്ചിരുന്നു, പ്രണയം മഴയായിരുന്നു, പിന്നെയെപ്പോഴൊ മുഖത്ത് പേരറിയാത്ത വികാരങ്ങളുടെ എണ്ണകിനിഞ്ഞുകൊണ്ടേയിരുന്ന കൗമാരത്തിന്റെ, അപകര്‍ഷതാബോധത്തിന്റെ, അടക്കിപ്പിടിച്ച രതിയുടെ, അര്‍ത്ഥമറിയാതെ തോലോലിച്ച കാമനകളുടെ പെയ്ത് തോരാത്ത വികാരമായി മഴ മാറി. മാറ്റിയും മറിച്ചുമിടാന്‍ രണ്ടു നിക്കറും രണ്ടുകുപ്പായവും മാത്രമുള്ളവന്റെ നനയിലിന്, മഴത്തുള്ളിക്ക്, പിന്നീട് കണ്ണീരിന്റെ സ്വാദായി. മഴേ നീ പെയ്യരുതേ എന്ന് പ്രാര്‍ത്ഥിച്ചുപോയി ഒരിക്കല്‍ .
“ഹേയ്... എനിക്ക് കുടയില്ലാതെയല്ല കുട എടുക്കാന്‍ ഒരു മടി... ഇങ്ങിനെ നനയാനാണ് ഇഷ്ടം” എന്നൊക്കെ പുളുപറഞ്ഞ് കവലയിലെ ചേറും ചളിയും പുരണ്ട പുതുനഗരത്തെ പോക്കരുടെ ചെരുപ്പുകടയുടെ കോലായയിലേക്ക് മഴനനയാതിരിക്കാന്‍ കേറിനില്‍ക്കും. മഴക്കാലത്ത് കച്ചോടം കുറഞ്ഞതിന്റേയും പിള്ളേര് ചവുട്ടി കോലായ കേടുവരുത്തുന്നതിന്റേയും അരിശംപൂണ്ട് അയാള്‍ പറയും “നായ്ക്കള്..... കൊടേം വടിംമൊന്നുമില്ലാണ്ടാണോടാ പൊരെന്നറ്ങ്ങ്ണ്”.

മഴേ നിയൊന്നടങ്ങ്..... അരക്കിലോമീറ്റര്‍ നടക്കണം അതും കുട പിടിച്ച് നടന്നുനീങ്ങുന്ന ഒരുകൂട്ടം സഹപാഠികള്‍ക്കിടയിലൂടെ ഈ മഴയും നനഞ്ഞുകൊണ്ട്‌.
വയ്യ..എന്നും കുടമറന്നുവെന്ന് കള്ളംപറയുന്ന എന്റെ പുറംപൂച്ചിനെ കൂട്ടുകാര്‍ പരസ്യമായി കളിയാക്കിത്തുടങ്ങിയിരുന്നു. എന്റെ ദാരിദ്ര്യം അവരറിയണ്ട, എങ്ങിനെയെങ്കിലും ഒരു കുടവേണം. ചോരുന്നതായാലും കുഴപ്പമില്ല... ഇവര്‍ക്കിടയില്‍ മനസ്സിടിയാതെ നടക്കണം...

അന്നൊരു ഞായാറാഴ്ച്ചപത്രത്തിന്റെ ക്ലാസ്സിഫൈഡ് കോളത്തില്‍ ഒരു ചെറു പരസ്യം കണ്ടു. വിശിഷ്ട യുദാശ്ലീഹായ്ക്കുള്ള പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹങ്ങള്‍ സഫലമായ ഒരു വിശ്വാസി നന്ദിപ്രകടിപ്പിച്ചുകൊണ്ട് പ്രാര്‍ത്ഥനമൊത്തമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ദിവസവും ഈ പ്രാര്‍ത്ഥന ഒന്‍പതുപ്രാവശ്യം ചൊല്ലണം. പ്രാര്‍ത്ഥനയുടെകൂടെ അവസാന വാചകത്തിന് തൊട്ടുമുന്‍പ് നമ്മുടെ ആവശ്യങ്ങള്‍ എന്താണൊ അതു ചൊല്ലുക. ദിവസവും രാവിലേയും വൈകീട്ടും പ്രാര്‍ത്ഥിക്കുക ആഗ്രഹങ്ങള്‍ സഫലമാകും. പരസ്യം കണ്ടതോടെ മനസ്സ് വളരെ ആഹ്ലാദിച്ചു. എനിക്ക് ഒരുപാട് ആവശ്യങ്ങളുണ്ട്. വള്ളിപൊട്ടിയ ചെരുപ്പില്‍ സേഫിറ്റിപിന്‍ കുത്തി നിര്‍ത്തിയിരിക്കുകയാണ്. ഇറക്കം കുറഞ്ഞ പാന്റിന്റെ കാലറ്റത്തെ തുന്നല്‍ അഴിച്ചുവിട്ട് കണംങ്കാലു കാണാതെ അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്. രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഒരു മഴവന്നാല്‍ പിടിക്കാന്‍ ഒരു കുടയില്ല. ഇട്ട തുണിനനഞ്ഞാല്‍ ഈ മഴക്കാലത്ത് വെടിക്കില്ല. മാറിയിടാന്‍ പുതിയ നിക്കറൊ പാന്റൊ കുപ്പായമൊ ഇല്ല... ഇതൊക്കെ വാങ്ങിത്തരാന്‍ അച്ഛന്റെ കൈയ്യില്‍ പൈസയില്ല. അച്ഛനോട് ഇപ്പോള്‍ എന്റെ ഒരാവശ്യവും പറയാറില്ല. എന്നാല്‍ ഇതാ ഒരു വഴി തുറന്നുകിട്ടിയിരിക്കുന്നു. ഈ വിശുദ്ധയുദാശ്ലീഹ എനിക്കെന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. ഈ പ്രാര്‍ത്ഥന ദിവസവും രാവിലേയും വൈകുന്നേരവും ഒന്‍പതുപ്രവശ്യം വീതം ചൊല്ലിയാല്‍ മതി. മനസ്സ് വളരെ സന്തോഷിച്ചു... സന്തോഷം കൊണ്ട് എനിക്കു
കരച്ചില്‍ വന്നു. ദൈവം എനിക്കൊരു വഴിതുറന്നുതന്നിരിക്കുന്നു. ഇപ്പോള്‍ അത്യാവശ്യമുള്ളതെന്തൊക്കെ...? മലയാളം നോട്ടുപുസ്തകത്തില്‍ നിന്ന് ഒരു കാലിപ്പേജ് കീറിയെടുത്ത് എഴുതിത്തുടങ്ങി.
ഒന്ന് ഒരു വി.കെ.സി. ചപ്പല്‍,
ഒരു സിറ്റിമാന്‍ ഷര്‍ട്ട്,
ഒരു പാന്റ്,
ഒരു ഹീറോ പേന (ചൈന മേഡ്),
ഒരു കുളംമ്പൊ കുട അത് കുത്തിമടക്കുന്നതാവണം എന്നൊന്നുമില്ല സാദാ വലുപ്പത്തിലുള്ളതായാലും മതി കാരണം വലിയ മോഹങ്ങളൊന്നുമില്ല മാത്രമല്ല പെട്ടെന്നൊരു ദിവസം വലിയ പത്രാസുകാരനായാല്‍ കൂട്ടുകാര്‍ സംശയിക്കില്ലെ...
പിന്നെ പത്രത്തില്‍ വന്ന വിശുദ്ധയുദാശ്ലീഹായുടെ പ്രാര്‍ത്ഥന അവരും കാണാനിടയുണ്ട് അത് മനസ്സില്‍ പുതിയ ഒരു ടെന്‍ഷനായി. അവര്‍ കാണരുത്... ദൈവമേ..... 

ഈ നാശം പിടിച്ച മഴ സ്‌കൂളുവിടുന്ന നേരം നോക്കി വന്നോളും. ആരെ കാണാനാണാവൊ ഈ വരവ്. മഴയത്ത് ഒരോട്ടമാണ് പിള്ളേര് കാണുന്നതിനുമുന്‍പ് വീട്ടിലെത്തും. പിന്നെയുള്ളത് വഴിയിലും കവലയിലുമുള്ള കുറച്ച്‌ ആളുകളാണ്. 'പറമ്പില്‍ വീട്ടിലെ' രാജപ്പേട്ടന്റെ മകന്‍ മഴയത്ത് നനഞ്ഞൊലിച്ചുകൊണ്ട് ഓടുന്നത് നാട്ടുകാര്‍ കാണുന്നുണ്ട് എന്ന അറിവ് എന്റെ മനസ്സിനെ പൊള്ളിക്കുന്നുണ്ടായിരുന്നു. പാരമ്പര്യമായിത്തന്നെ പാടവും പറമ്പുമൊക്കെയുണ്ടായിട്ടും മര്യാദയ്ക്ക് സ്വന്തം കുട്ടിയെ സ്‌കൂളിലേക്ക് വിടാന്‍ അങ്ങേര്‍ക്ക് കഴിയുന്നില്ലേ...
ഒരു കുടപോലും വാങ്ങിക്കൊടുത്തിട്ടില്ല ദാ... കണ്ടില്ലെ നനഞ്ഞുകൊണ്ടോടുന്നത്... എന്നൊക്കെ അച്ഛനെ നാട്ടുകാര്‍ ദൂഷിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷെ എന്തുചെയ്യാം... ഏതു വഴിയെ ഓടിയാലും ഈ നാട്ടില്‍ എന്നെയും അച്ഛനേയും അറിയാത്തവരായി ആരുമില്ല. കടവും കടപ്പാടുമായി മുട്ടിനും മുറിക്കും തികയ്ക്കാന്‍ നെട്ടോട്ടമോടുന്ന എന്റെ അച്ചന്റെ നെഞ്ചിലെ തീ നാട്ടുകാര്‍ക്കറിയേണ്ടല്ലൊ....ഇനി ഈ നാട്ടുകാര്‍ എത്ര പരദൂഷണം പറഞ്ഞാലും എത്ര പറയും... ഏറിയാല്‍ പത്തുദിവസം. അതേ... പത്തുദിവസം...അങ്ങിനെയാണ് യുദാശ്ലീഹായുടെ പ്രാര്‍ത്ഥനയുടെ പ്രാരംഭത്തില്‍ കൊടുത്തിട്ടുള്ളത്. പത്തുദിവസം മുടങ്ങാതെ അതിലെ പ്രാര്‍ത്ഥനാ വാചകങ്ങള്‍ ഉരുവിടണം. പിന്നെ ഞാനൊരു പോക്കുണ്ട്... സ്‌കൂളിലേക്ക്... വലിയ കേമനൊന്നുമാവണ്ട... എന്നാലും ഈ ദുരിതത്തിന് ഒരു മാറ്റം വരണം. മഴയും നനഞ്ഞ്, എന്നും ഇട്ടത് തന്നെ ഇട്ട്....

ജ്യാമിട്രിബോക്‌ ഇല്ലാതെ ക്ലാസ്സിലേക്ക് വരുന്നവരെ ടീച്ചര്‍ ക്ലാസ്സിന് വെളിയിലേക്ക് പായിക്കും. സ്ഥിരമായി ക്ലാസ്സിനുവെളിയിലുള്ള ആ നില്‍പ്... സഹിക്കൂല. ആദ്യമൊക്കെ സതീഷും, മണിയും, സഹദേവനുമൊക്കെ കൂടെയുണ്ടാവും... പിന്നെ പിന്നെ അവരും വാങ്ങി ജ്യാമിട്രിബോക്സ്സ്. “കാമലി” ന്റെ അല്ലെങ്കിലും പേരിനൊരെണ്ണം കിട്ടും കുറഞ്ഞവിലയക്ക്... ഒടുവില്‍ വെയിലും മഴയും മാറി മാറി മേഞ്ഞുനടക്കുന്ന സ്‌കൂള്‍ഗ്രൗണ്ട് നോക്കി വരാന്തയില്‍ ഞാന്‍ നില്‍ക്കും ദിവസങ്ങളോളം ഒറ്റയ്ക്ക്.

വീട്ടിലേക്ക് ചെന്നുകേറിയ പാടെ ആരുംകാണാതെ വീട്ടിലെ അരിയും സാധനങ്ങളും എടുത്തുവയ്ക്കുന്ന കലവറയ്ക്കകത്തുകയറി (ഞങ്ങളതിനെ നടുമുറി എന്നാ പറയുക) വാതിലടച്ചു. ആദ്യമൊക്കെ പേപ്പര്‍കട്ടിംഗ്‌ നോക്കി വായിച്ചു. പിന്നെ കാണാപാഠമായി... പ്രാര്‍ഥനയ്ക്കിടയില്‍ വരിവരിയായി എന്റെ ആവശ്യങ്ങള്‍ വിശുദ്ധ യുദാശ്ലീഹായോട് അഭ്യര്‍ത്ഥിച്ചു. ദൈവമേ... എനിക്ക് ഒരു വി.കെ.സി. ചപ്പല്‍, ഒരു കുളമ്പൊ കുട, ഒരു സിറ്റിമാന്‍ ഷര്‍ട്ട്, ഒരു പാന്റ്, ഒരു ബാഗ്.... മതി ഇത്രയും മതി...

പ്രാര്‍ത്ഥന വിചാരിച്ചപോലെയല്ല കഠിനം തന്നെ തെറ്റാതെ വായിച്ചാലെ ഫലമുള്ളു ആദ്യത്തെ അഞ്ചാറു ദിവസം പ്രാര്‍ത്ഥന പലതവണതെറ്റി അപ്പോള്‍ പത്തുതവണയെന്നത് പതിനഞ്ചുതവണയാക്കി. വീണ്ടും തെറ്റുകള്‍ വന്നു. ആവശ്യങ്ങള്‍ക്കിടയ്ക്ക് പഴയതില്‍ നിന്നും വ്യത്യസ്തമായി അറിയാതെ പുതിയ ആവശ്യങ്ങളും വന്നു. കാമെലിന്റെ ജ്യാമിട്രബോക്‌സ്, ലേബര്‍ ഇന്‍ഡ്യ ഗൈഡ്, മാജിക് സ്ലേറ്റ്.... അങ്ങിനെ.... പ്രാര്‍ത്ഥന പത്തുദിവസം എന്നത് ഒരുമാസമാക്കി നീട്ടി... കാത്തിരുന്നു... ദൈവം ഈ സമ്മാനങ്ങള്‍  എങ്ങിനെയാണ് തനിക്ക് കൈമാറുക എന്ന സംശയം എന്നെ വല്ലാതെ ബാധിച്ചു. അതുകൊണ്ട് ആരും കാണാത്ത ഇടങ്ങളിലേക്ക് എന്റെ ഒഴിവുകാലം ചുരുങ്ങി. യുദാശ്ലീഹ ഇത് തരുമ്പോള്‍ അരും കാണരുതല്ലോ... ഞാനൊറ്റയ്ക്കാവുമ്പോഴെ അങ്ങേര് വരാന്‍ തയ്യാറാവുകയുള്ളു. അമ്മ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ ഒറ്റയ്ക്കുള്ള നടപ്പും പുസ്തകം തുറന്നുവച്ച് ഈ സ്വപ്നം കാണലും അമ്മ കാണുന്നുണ്ടായിരുന്നു.

മതി... ഇനിയൊന്നും എനിക്ക് ഒളിച്ചുവയ്ക്കാനില്ല.... ഒരു മഴക്കാലം വിടപറയുന്നു. തരാമെന്നേറ്റ കൊളംബൊകുടയില്ല... അങ്ങേര്‌ടെ പൊടിപോലുമില്ല... വിശുദ്ധ യുദാശ്ലീഹ എന്നെ പറ്റിച്ചിരിക്കുന്നു. വി.കെ.സി ചപ്പലൊ, ഷര്‍ട്ടൊ പാന്റൊ ഒക്കെ പോകട്ടെ സ്വന്തം തലയ്ക്കുപിന്നിലെ തിളങ്ങുന്ന ചന്ദ്രപ്രഭയില്‍ നിന്ന് എന്റെ മുഖത്തേയ്ക്ക് ചെറിയ ഒരു പ്രകാശത്തിന്റെ തൂവലെങ്കിലും പറിച്ചെറിയാമായിരുന്നില്ലേ.... ഞാന്‍ അന്ന് വൈകുന്നേരം തുറന്നുവച്ച പുസ്തകം മുഖത്തോട് ചേര്‍ത്ത് വച്ച് പൊട്ടിക്കരഞ്ഞു... അമ്മ വന്നു.... ചോദിക്കാതെ തന്നെ ഞാനെല്ലാം പറഞ്ഞു... അമ്മയും കരയുന്നുണ്ടായിരുന്നു... അമ്മ എന്റെ കണ്ണീരില്‍ കുതിര്‍ന്ന രണ്ടുകവിളിലും കരഞ്ഞുകൊണ്ട് ഉമ്മവച്ചു.
എന്റെ അമ്മ എന്നെ ചേര്‍ത്തുപിടിച്ച് കരയുന്നതെന്തിനാണ്...
യുദാശ്ലീഹാ അമ്മയേയും ഇതുപലെ പറഞ്ഞു പറ്റിച്ചിരിക്കുമൊ....?!!
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.