2021, ഡിസംബർ 23, വ്യാഴാഴ്‌ച

വല്ലി: വയനാടിന്റെ ആത്മസ്വരം

 - സന്തോഷ് പല്ലശ്ശന


കാടുകണ്ടു മടങ്ങുന്നവര് കാടിനെ കുറിച്ചെഴുതുന്നതുപോലെയല്ല ഉള്ളില് പച്ചമരങ്ങളും കാട്ടാറും പൈയ്ക്കുന്ന കാട്ടുമൃഗങ്ങളുടെ കണ്ണിലെ നിഷ്‌ക്കളങ്കതയും കാട്ടാനച്ചൂരും പേറുന്നവരുടെ ഭാഷ. വയനാട് എന്ന വയല്നാട് നേരിട്ട് തന്റെ കഥ നമ്മോടു പറയുമ്പോള്, കഥ കേള്ക്കുന്ന നമ്മള് കഥ തീരുംവരെ ഘോരവനത്തിന്റെയുള്ളിലെ കല്ലുവയല് എന്ന ഹരിതഗ്രാമത്തിനകത്താണ്. കഥതുടങ്ങിയതുമുതല് കാതില് ചിലുചിലം നിറഞ്ഞുനില്ക്കുന്നതുമുഴുവന് വയനാടിന്റെ പച്ചമരങ്ങളാണ്.
ഷീല ടോമിയുടെ 'വല്ലി' മനസ്സിലൊരു കാടുനടുകയാണ്, കാട്ടിലെ മനുഷ്യരുടേയും, മണ്ണിന്റെയും, മരങ്ങളുടെയും കാട്ടുമൃഗങ്ങളുടെയും വേറിട്ടൊരു ഭാഷ്യമാണ് വല്ലി.
വല്ലി എന്നാല് വള്ളിയെന്നൊ ഭൂമിയെന്നൊ കൂലിയെന്നൊ പല മാനങ്ങളുള്ള ഒരു പദമാണ്. വയനാട്ടിലെ കല്ലുവയലിലേയും മഞ്ചാടിക്കുന്നിലേയും അവിടത്തെ കാടിനും കാട്ടുമക്കള്ക്കും വേണ്ടി പൊരുതി ജീവിക്കുന്ന കുറേ മനുഷ്യരുടെ കഥയാണ് 'വല്ലി'. ദുരയും ആര്ത്തിയും മൂത്ത മനുഷ്യന് കൊള്ളയടിക്കപ്പെട്ട, കാടഴിഞ്ഞുകൊണ്ടിരിക്കുന്ന വയല്നാടിന്റെയും കഥയാണിത്.
കാടിനിണങ്ങി, കാടിന്റെ ആത്മസംഗീതം ആസ്വദിച്ചു ജീവിക്കുന്ന ഒരു കൂട്ടരും, കാടിന്റെ പച്ചയഴിച്ച് ആസുരമായ ജീവിതം നയിക്കുന്നവരും, എന്നീ ദന്ദ്വങ്ങളുടെയൊ അവരുടെ സംഘട്ടനത്തിന്റെയൊ മാത്രം കഥയല്ല ഈ നോവല്. കാടിന്റെ ജൈവതാളം ഹൃദയത്തില് കൊണ്ടുനടക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ആന്തരിക ജീവിതത്തിലൂടെ ഈ നോവല് സഞ്ചരിക്കുന്നുണ്ട്. പാരിസ്ഥിതികമായ പുതിയ ആകുലതകളെ വയനാടന് പരിപ്രേഷ്യത്തില് അവതരിപ്പിക്കുക കൂടിയാണ് ഈ നോവല്. മൂന്നു തലമുറകളിലൂടെ ഷീല ടോമി കഥപറഞ്ഞുപോകുമ്പോള് കൈമോശം വന്ന വല്ലിയുടെ (ഭൂമിയുടെ) ജൈവതാളംവും അടിയൊഴുക്കായി വായനക്കാരനെ തൊടുന്നു.
മണ്ണിനേയും പെണ്ണിനേയും സമൂഹത്തേയും ആദരിക്കുകയും പ്രണയിക്കുകയും ചെയ്ത തൊമ്മിച്ചന്റെയും സാറയുടേയും, സാമൂഹിക രൂപീകരണത്തിനുവേണ്ടി പടവെട്ടി തകര്ന്നുപോയ പപ്പന്റെയും, ഉള്ളില് ഒരു കാടിനേയുംകൊണ്ട് മരുഭൂമിയില് ജീവിച്ചു മരിച്ച സൂസന്റെയും, പിന്നെ ലൂസിയുടേയും ജെയിംസിന്റെയും, ഫെലിക്‌സ് അച്ചന്റെയും
ഉമ്മ
ിണിത്താറയുടേയും, അധിനിവേശത്തിന്റെ ശസ്ത്രങ്ങളില് പിടഞ്ഞുമരിച്ച ബസവന്റെയും പീറ്ററിന്റെയും കാളിയുടേയും ഇസബെല്ലയുടേയും അങ്ങിനെ ഒരുപാടു പേരുടെ കഥയാണ്.
എടുത്തുപറയേണ്ടത് ഈ നോവലിന്റെ സവിശേഷമായ ഭാഷയാണ്, വളരെ ലളിതമാണത്, അതെ സമയം കാടറിഞ്ഞുവായിക്കവേ ഏറെ ഗഹനവും. ഓരോ വാക്കിലും ഓരോ കാടുണ്ട്. കോടമഞ്ഞ് മൂടുന്നതും മായുന്നതും മഴപെയ്യുന്നതും വെയിലുദിക്കുന്നതുമൊക്കെ ഭാഷയില് മിന്നിമായുകയാണ്, വായനക്കാരന് ഈ കുടമാറ്റങ്ങള് അറിയുന്നതേയില്ല... കാടിന്റെ ജീവിതക്കാഴ്ച്ചകള് കണ്ടുകണ്ടങ്ങനെ, കാട്ടാറിന്റെ തെളിഞ്ഞ വെള്ളംപോലെയുള്ള ആഖ്യാനത്തിന്റെ ഈണത്തില് നടന്നുനടന്നങ്ങനെ നീങ്ങുകയാണ് വായനക്കാരന്.
വയനാടന് മലങ്കാടിന്റെ ആത്മാവിനെ ഉള്ളിലാവാഹിച്ച സൂസന് തന്റെ മകള്ക്കെഴുതിയ കത്തുകളിലൂടെ അവരുടെ ഉള്ക്കാട്ടുവഴികളിലൂടെ നടത്തുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. നാളിതുവരെ വായിച്ചിട്ടില്ലാത്ത ജീവിത മുഹൂര്ത്തമെന്നൊ, വേറിട്ടതെന്ന് പറയാന്മാത്രമുള്ള സംഭവങ്ങളൊ ഒന്നുംതന്നെ ഈ നോവലില് ഇല്ല. തൂവല് പൊഴിക്കുന്ന വയനാടന് കാട്ടുംഭംഗികളെക്കുറിച്ചുള്ള ആതികളും നോവുകളും സംഘര്ഷങ്ങളും കഥാപാത്രങ്ങളുടെ മനസ്സിലുണ്ട്, വായനക്കാരനെയും ആ ആതികള് ബാധിക്കും, ആഖ്യാനത്തിന്റെ ഗുണമാണത്. വായനയുടെ ആദ്യ ഘട്ടത്തില് ഭാഷ വഴങ്ങിവരാന് അല്പം പ്രയാസമായിത്തോന്നിയെങ്കിലും വയനാടന് കാടകത്തിന്റെ രൗദ്രതയും സൗമ്യതയുമൊക്കെ ആവാഹിക്കാനുള്ള ആഖ്യാതാവിന്റെ ത്വരയാണിതെന്ന തിരിച്ചറിവുണ്ടായി. പതിയെ കാടും ഭാഷയും കഥാപാത്രങ്ങളും ഒന്നായി മാറി. ഈ നോവലിനെക്കുറിച്ച് എഴുത്തുകാരന് അഷ്ടമൂര്ത്തി ഫേസ്ബുക്കില് നേരത്തെ കുറിച്ചതുപോലെ 'പുസ്തകം തീര്ന്നുപോകരുതേ' എന്നൊരു ആഗ്രഹം മനസ്സില് നിറഞ്ഞു തുളുമ്പി.
ഷീല ടോമി

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ നോവല് നിര്വ്വചിക്കുന്നുണ്ട്. നോവലിലെ ലൂക്കയും ജോപ്പനുമൊക്കെ കാടിനെ കീഴ്‌പ്പെടുത്താന് ശ്രമിച്ചവരായിരുന്നു. എന്നാല് തൊമ്മിച്ചനും സാറയും സൂസനും ലൂസിയും ടെസയുമൊക്കെ കാടിന്റെ ആത്മവറിഞ്ഞവരായിരുന്നു. അവരുടെ പ്രണയം പിടിച്ചടക്കലായിരുന്നില്ല, തുറന്നുവിടലിന്റേതായിരുന്നു. പ്രകൃതിയുടെയും അതിലെ മനുഷ്യരുടേയും പ്രണയവും ജീവിതവും ഒരേ താളത്തിലാകണം, നിസ്വാര്ത്ഥമായിരിക്കണം എന്നവര്ക്കറിയാമായിരുന്നു.
വയനാടന് കാടുകളില് പിടിച്ചടക്കുന്ന റിസോര്ട്ട് കൃഷിക്കാരുടെ ആര്ത്തിയില് വയനാട് എന്ന വല്ലി (ഭൂമി) കൊടുക്കുന്ന വല്ലി (കൂലി/ശിക്ഷ)യാണ് കണക്കുകൂട്ടലുകള് തെറ്റിച്ചെത്തുന്ന പ്രളയങ്ങളെന്ന് തൊമ്മിച്ചനും ടെസയുമൊക്കെ വിലയിരുത്തുന്നുണ്ട്. പക്ഷെ ദുരമൂത്ത വലിയൊരു ശതമാനും ലൂക്കമാരും ജോപ്പന്മാരും കാടിന്റെ ജൈവതാളത്തെയും കാട്ടുമക്കളുടെ ജീവിതങ്ങളേയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.
മലയാളത്തില് ആഘോഷിക്കപ്പെടുന്ന പുതുനോവലുകളുടെ ഗണത്തില് ഈ നോവല് പെടുന്നില്ല. ഈ നോവല് നാളിതുവരെ നമ്മള് വായിച്ചിട്ടുള്ള കാടെഴുത്തിന് വേറിട്ടൊരു ദിശാസൂചിയാണ്, അതുകൊണ്ടുതന്നെ ഈ നോവല് പതിവുനോവലുകളുടെ കൂട്ടത്തിലല്ല ആഘോഷിക്കേണ്ടത് എന്നുതോന്നുന്നു. മൗലികമായ ഒരു കൈയ്യൊപ്പു പതിഞ്ഞ ഭാഷയാണ് ഈ നോവലിനെ മറ്റു നോവലുകളില് വേര്തിരിച്ചു നിര്ത്തുന്നത്. മൗലികമായ ഭാഷ എന്നു പറയുമ്പോള് പ്രത്യക്ഷത്തില് അങ്ങനെ തോന്നില്ല, ഇതിന്റെ ഭാഷയില് നിന്നല്പം അടര്ത്തിയെടുത്തുനോക്കിയും വിലയിരുത്താനാവില്ല. ലളിതവും സൗമ്യവും വേറിട്ടതുമാണ് ഇതിന്റെ ഭാഷയെന്നു ഞാന് പറയുന്നത് അതിന്റെ സമഗ്രതയിലാണ്. കാടിന്റെ ആഖ്യാനത്തെ ഭാഷയില് അതിഭംഗിയായി ആവാഹിച്ചിരുത്തിയ ഷീല ടോമിയെന്ന എഴുത്തുകാരിയും അവരുടെ ഈ നോവലും ഏറെക്കാലം നിലനില്ക്കും... ഏറെ വായിക്കപ്പെട്ടുകൊണ്ടിരിക്കും എന്നുമാത്രം പറഞ്ഞുകൊണ്ട് നിര്ത്തുന്നു.
പുസ്തകം: വല്ലി (നോവല്)
ഷീല ടോമി
പ്രസാധകര്: ഡി.സി. ബുക്ക്‌സ് കോട്ടയം
പേജ്: 383
വില: 399 ക.

ബുധിനി ചോദിക്കുന്നു ''രാജ്യമോ ഏതാണെന്റെ രാജ്യം''

 

✍️-സന്തോഷ് പല്ലശ്ശന
'ബുധിനി' നോവലിന്റെ വായനാനുഭവം

ദേശം നഷ്ടപ്പെട്ട ജനതയുടെ ജീവിതമാണ് ഏറ്റവും യാതനാഭരിതമായത്. വംശീയ കലാപങ്ങളിലൂടെ പടിയിറക്കപ്പെട്ട്, അഭയാര്ത്ഥികളായവരുടെ വാര്ത്തകള് നമ്മള് നിരന്തരം വായിക്കുന്നുണ്ട്. എന്നാല് നവ രാഷ്ട്രനിര്മ്മാണത്തിന്റെ ഭാഗമായി ഭൂപടത്തില് നിന്നുതന്നെ തുടച്ചുനീക്കപ്പെട്ടവരുടെ ചരിത്രം ആരും എഴുതിയിട്ടില്ല. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയല്ലെ... വികസനത്തിനുവേണ്ടിയല്ലെ... എന്നൊക്കെ ഒരുപാട് ന്യായങ്ങള് പറഞ്ഞാണ് ഭരണകൂടം ഒരു വലിയ ജനസമൂഹത്തെ പിഴുതെറിയുന്നത്. എന്നാല് ആരാണ് വികസനത്തിന്റെ യഥാര്ത്ഥ ഗുണഭോക്താക്കള്? രാജ്യഭൂപടത്തില് നിന്ന് ഒരു ദേശത്തേയും ജീവിതത്തേയും മായ്ച്ചു കളഞ്ഞതിനു ശേഷം അവിടെ നിന്നു പടിയിറക്കപ്പെട്ട, നിസ്വജനങ്ങള്ക്ക് പിന്നീടെന്തു സംഭവിക്കുന്നു എന്ന് ഭരണകൂടം ചിന്തിക്കാറില്ല. നഗരത്തിന്റെ മാലിന്യം പേറുന്ന പുറമ്പോക്കുകളിലും കല്ക്കരി ഖനികളിലും കരിപടര്ന്ന ജീവിതമായി ആവര് കത്തിത്തീരുന്നു.
ദേശവും സംസ്‌കാരവും നഷ്ടപ്പെട്ടവരുടെ കഥ എന്നതിലുപരി സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന് ചരിത്രയാഥാര്ത്ഥ്യങ്ങളുമായി ഇഴപിരിക്കാനാകാത്ത ബന്ധമുണ്ട്. നോവലിലെ ബുധിനി മേജാന് എന്ന പതിനഞ്ചുകാരി വീടും നാടും നഷ്ടപ്പെട്ടവളും വേട്ടയാടപ്പെട്ടവരുടെ വേട്ടമൃഗവുമാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ടിറ്റ് ജവഹര്ലാല് നെഹ്‌റുവിന്റെ സാന്താള് ഗോത്രത്തില് പെട്ട ഭാര്യയാണവള്! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല് സമൂഹത്തിന്റെ പേട്രിയാര്ക്കിയന് ആചാരങ്ങളുടെ ഇര. ചരിത്രവും ഭാവനയും ഇടകലരുന്ന ബുധിനിയില് തീക്ഷ്ണമായ ജീവിത മുഹൂര്ത്തങ്ങളുണ്ട്. നമ്മള് നേടിയെന്ന് അഹങ്കരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അര്ത്ഥരാഹിത്യവും, ഒരു ജനാധിപത്യ രാജ്യമെന്ന് വമ്പുപറയുമ്പോള്ത്തന്നെ താഴെത്തട്ടിലുള്ള ജനങ്ങളോട് ഭരണകൂടം പുലര്ത്തുന്ന ജനാധിപത്യ വിരുദ്ധതയുമൊക്കെ ഈ നോവല് ആഴത്തില് ചര്ച്ച ചെയ്യുന്നു.
നെഹ്‌റു എന്ന ഒരു ദികു (അന്യ വംശജന്) വേട്ടതിന്റെ പേരില് സ്വന്തം ഗോത്രത്തില് നിന്നും ദേശത്തില് നിന്നും അടിച്ചോടിക്കപ്പെട്ടവളാണ് ബുധിനി. വികസനത്തിന്റെ പേരില് രാജ്യത്തിന്റെ ഭൂപടത്തില് നിന്നുതന്നെ അടിച്ചോടിക്കപ്പെട്ടവളാണ് ബുധിനി എന്ന സാന്താള് പെണ്കുട്ടി. 'ബംഗാളിന്റെ കണ്ണീര്' എന്നറിയപ്പെടുന്ന ദാമോദര് നദിയുടെ തീരമാണ് അവളുടെ കൊച്ചുഗ്രാമമായ കര്ബോന. ബോംഗകള് (മരിച്ചുപോയവരുടെ ആത്മാവ്) കുടിയിരിക്കുന്ന മരങ്ങളേയും കാടിനേയും കാട്ടുമൃഗങ്ങളേയും സ്‌നേഹിക്കുന്ന സാധാരണ പെണ്കുട്ടിയായിരുന്നു ബുധിനി.
ബ്രിട്ടീഷുകാര്ക്കെതിരേയും അവരുടെ റാന്മൂളികളായ ഫ്യൂഡല് പ്രഭുക്കള്ക്കെതിരേയും ധീരമായ ചെറുത്തുനിന്ന മഹത്തായ പാരമ്പര്യമുണ്ട് സാന്താള് ഗോത്രത്തിന്. അവര്ക്ക് തനതായ കലയും സംസ്‌കാരവും ജീവിത രീതികളുമുണ്ട്. ദാമോദര് നദി ചിലപ്പോഴൊക്കെ അവരുടെ കൃഷിയിടങ്ങള് മുക്കിക്കളയുമെങ്കിലും പ്രകൃതിയുമായി മല്ലിട്ടുകൊണ്ട് കാടിനും നദിക്കുമിണങ്ങി ജീവിക്കുന്ന ഒരു ജനതയായിരുന്നു സാന്താളുകള്. അവരുടെ ജീവിതമാണ് പ്രധാനമന്ത്രി പണ്ടിറ്റ് ജവഹര്ലാല് നെഹ്‌റു മാറ്റിമറിച്ചത്. ഒന്നാം പഞ്ചവത്സര പദ്ധതിയില് വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്ക്ക് നഷ്ടപരിഹാരത്തിനായി നീക്കിവെച്ച തുക വെറും 4 ശതമാനം മാത്രമായിരുന്നു. നെഹ്‌റു പടുത്തുയര്ത്തി എന്നു പറയപ്പെടുന്ന ഏതാണ്ടെല്ലാ പദ്ധതിയിലും ഈ അപര്യാപ്തമായ 4 ശതമാനത്തിന്റെ കള്ളക്കണക്കുണ്ട്. നവരാജ്യ നിര്മ്മാണത്തിന്റെ ഫലമായി വീടും നാടും നഷ്ടപ്പെട്ട ഒരാള്ക്കും ഒരു രൂപപോലും ലഭിച്ചില്ല എന്നുമാത്രമല്ല രാജ്യമില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. കര്ബോനയിലേയും സമാന അനുഭവമുള്ള മറ്റുഗ്രാമങ്ങളിലേയും ജനങ്ങളുടെ മാത്രം കഥയല്ലിത്. താഴെത്തട്ടിലുള്ള ജനതയാണെങ്കില്, വികസനത്തിന്റെ പേരില് ഏതു നിമിഷവും പടിയിറക്കപ്പെടാവുന്ന ഒരു സാഹചര്യം ഇന്നും നിലനില്ക്കുന്നുണ്ട് എന്ന തിരിച്ചറിവുകൂടി നമ്മുക്കുണ്ടാക്കുന്നുണ്ട് ഈ നോവല്.
''ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളാണ് അണക്കെട്ടുകള്'' എന്ന പ്രഖ്യാപനത്തോടെയാണ് ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ടിറ്റ് ജവഹര്ലാല് നെഹ്‌റു, ബംഗാളിന്റെ കണ്ണീരെന്നറിയപ്പെടുന്ന ദാമോദര് നദിയില് നിര്മ്മിച്ച പാഞ്ചേത്ത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിനെത്തുന്നത്. അണക്കെട്ട് ഉദ്ഘാടനം ചെയ്യാന് യോഗ്യരായവര് അതു നിര്മ്മിച്ച തൊഴിലാളികള്തന്നെയാണ് എന്നു പറഞ്ഞുകൊണ്ട് അണക്കെട്ട് നിര്മ്മാണ തൊഴിലാളിയായിരുന്ന 15 വയസ്സുള്ള ബുധിനിയെയാണ് നെഹ്‌റു അതിനു നിയോഗിക്കുന്നത്. മുഖ്യാഥിതിയായ നെഹ്‌റു എന്ന ബ്രാഹ്‌മണനായ ദികുവിന്റെ കഴുത്തില് ബുധിനി മാലയിട്ടതോടെ സാന്താള് ഗോത്രം അവളെ ബിത്‌ലാഹ ചോല്ലി (ഭ്രഷ്ട് കല്പ്പിച്ചു), അവള്ക്കു മുന്പില് പുരുഷന്മാര് ആഭാസ നൃത്തം ചവിട്ടി, കല്ലെറിഞ്ഞോടിച്ചു. അവളുടെയും മറ്റൊരുപാടുപേരുടേയും യാതനാഭരിതമായ പ്രയാണങ്ങളുടെ കഥകൂടിയാണ് ബുധിനി എന്ന നോവല്.
പാഞ്ചേത് അണക്കെട്ടു വന്നതോടെ അവിടുത്തെ ഗ്രാമങ്ങളും മാഞ്ഞുപോയി. കര്ബോനയടക്കം എല്ലാ ഗ്രാമങ്ങളും വെള്ളത്തിനടയിലായി. അണക്കെട്ട് വരുന്നതിനു മുന്പ് ഗോര്മാന് (ഗവണ്മെന്റ്) നടത്തിയ വൈദ്യുതി തരാം, ജോലി തരാം എന്ന വാഗ്ദാനങ്ങളൊക്കെ പാഴ് വാഗ്ദാനങ്ങളായി. ദാമോദര് വാലി കോര്പ്പറേഷനിലെ ബ്യൂറോക്രസി ഗ്രാമീണരെയൊന്നാകെ പേപ്പട്ടിയെപ്പോലെ ഒാടിച്ചുവിട്ടു എന്നതാണ് യാഥാര്ത്ഥ്യം. ഭരണകൂടവും ബ്യൂറോക്രസിയും എത്ര സമര്ത്ഥമായാണ് ഒരു വലിയ ജനതയുടെ ശബ്ദത്തെ, ജീവിതത്തെ, ജനാധിപത്യ അവകാശങ്ങളെ തമസ്‌ക്കരിച്ചത് എന്ന് സാറാ ജോസഫിന്റെ ബുധിനി നമ്മോടു പറയുന്നു.
അങ്ങേയറ്റത്തെ ഭരണകൂട അനീതി നേരിടേണ്ടി വന്ന ജനതയുടെ പ്രതിനിയാണ് ബുധിനി എന്ന പെണ്കുട്ടി. ജീവിതത്തിന്റെ ഏറ്റവും വലിയ കഠിന പഥങ്ങളിലൂടെ സഞ്ചരിച്ച ബുധിനി ഇന്നും ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നുണ്ട്! സാറാ ജോസഫ് യഥാര്ത്ഥത്തിലും നോവലില് രൂപി മുര്മുവിലൂടേയും ബുധിനിയെ കണ്ടുമുട്ടുന്നുണ്ട്.
''ബുധിനി മാ, നമ്മുടെ രാജ്യം നിങ്ങളോടു തെറ്റാണ് ചെയ്തത്. അത് തിരുത്താന്...'' എന്ന് രൂപി മുര്മു ഒരു ചോദ്യം പാതിയില് നിര്ത്തുമ്പോള് ബുധിനി പറയുന്ന മറുപടിയാണ് നോവലിലെ അവസാന വാചകം.
''രാജ്യമോ ഏതാണ് എന്റെ രാജ്യം?''.
ദേശീയത (Nationalism) ഉദ്‌ഘോഷിക്കുന്നവരോര്ക്കുക. നവ രാഷ്ട്ര നിര്മ്മാണത്തില് ഈ സ്വന്തം ദേശത്തില് നിന്ന് പടിയിറക്കപ്പെട്ട് ദേശരഹിതരായി അസ്ഥമിച്ചുപോയവരെ നിങ്ങള് നിങ്ങളുടെ ദേശീയതയില് എവിടെയാണ് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. ദേശം നഷ്ടപ്പെട്ടവരുടെ ചോരയൊഴിച്ച ചാന്തുകുഴച്ചാണ് ഈ രാഷ്ട്രനിര്മ്മാണം നടത്തിയിരിക്കുന്നത്. അങ്ങേയറ്റത്തെ ജനാധിപത്യവരുദ്ധതയും അനീതിയും നമ്മളിപ്പോഴും താഴെത്തട്ടിലുള്ളവരോട് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആര്ക്കുവേണ്ടി? ആരാണ് വികസനത്തിന്റെ യഥാര്ത്ഥ ഗുണഭോക്താക്കള്? എന്തിന്റെ പേരിലാണെങ്കിലും പടിയിറക്കപ്പെടുന്നവരുടെ ജനാധിപത്യ അവകാശം തമസ്‌ക്കരിക്കപ്പെടന്നതെന്തേ...? സാറാ ജോസഫിന്റെ ബുധിനി വായനക്കാരെ സംഘര്ഷ ഭരിതമാക്കുന്നു.

മലയാള നോവല് സാഹിത്യത്തിന് എക്കാലത്തും സൂക്ഷിച്ചുവയ്ക്കാനും അഭിമാനിക്കാനും അഹങ്കാരത്തോടെ ഏതൊരു ഭാഷക്കാര്ക്കുമുന്പില് വയ്ക്കാനും സാധിക്കുന്ന ഒരു നോവലാണ് ബുധിനി. അതില് ബുധിനി മാത്രമല്ല ജഗ്ദീപ് മുര്മു, സോമനാഥ് ഹേംബ്രോം, റോബോന് മാജി, ദത്താജി അങ്ങിനെ യഥാര്ത്ഥ്യവും ഭാവനയും കുഴച്ചുണ്ടാക്കിയ ഒട്ടേറെ കഥാപാത്രങ്ങള് ഈ നോവലിനെ സംഘര്ഷ ഭരിതമാക്കുന്നുണ്ട്. ബുധിനിയെയും തന്റെ ഗോത്രത്തിന്റെ തന്നെയും അടിവേരുകള് തേടിപ്പോകുന്ന രൂപി മുര്മു എന്ന സാന്താളി ഗോത്രത്തില്പ്പെട്ട പത്രപ്രവര്ത്തകയും സുചിത്ര എന്ന മലയാളി ഫോട്ടോഗ്രാഫറും നടത്തുന്ന യാത്രയിലൂടെയാണ് ബുധിനി വായനക്കാര്ക്കുമുന്പില് വിടരുന്നത്. ആഖ്യാനത്തിലും സാങ്കേതത്തിലും സാറാ ജോസഫ് പുതുവഴികളാണ് ഈ നോവലില് അവംലംബിച്ചിരിക്കുന്നത്.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.