2010, ഡിസംബർ 8, ബുധനാഴ്‌ച

നഗരവും എസ്. എന്‍. സുജിത്തിന്റെ ക്യാന്‍വാസും

ഡിസംബര്‍ 7, 2010 മാതൃഭൂമി ദിനപത്രത്തിന്റെ മഹാനഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌ (പൂര്‍ണ്ണരൂപം)ചിത്രങ്ങള്‍ അജിലാല്‍



ഒരു നാടിന്റെ പരമ്പരാഗതമായ സാംസ്‌കാരിക മൂല്യങ്ങള്‍ നഗരജീവിതത്തില്‍ വിനിമയം ചെയ്യപ്പെടുന്നതെങ്ങനെ എന്ന് കണ്ടെത്തുന്നത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറേ ശ്രമകരമായ ഒരു ജോലിയാണ്. വിപണിമൂല്യങ്ങള്‍ക്കനുസരിച്ച്, വിപണി നിശ്ചയിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുന്ന സമകാലിക ച്യുതികളെ കലാകാരന്‍ അടയാളപ്പെടുത്തിവയ്ക്കുന്നു. ഇവിടെ ഒരു ചിത്രകാരന്‍ സമകാലിത ജീവിതത്തെ രേഖപ്പെടുത്തുന്നതിലപ്പുറം ഒരതീത ചിന്തയെ ഉത്പാദിപ്പിക്കാന്‍ യത്‌നിക്കുന്നതുകാണാം. ഇന്ത്യന്‍ ചിത്രകലയിലെ പുതുനിരയില്‍ അതിവേഗം ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ശ്രീ എസ്. എന്‍. സുജിത്ത് ചിത്രകലയുടെ വ്യവസ്ഥാപിതമയ ആഖ്യാനകലകളെ തിരുത്തിക്കുറിച്ചുകൊണ്ട് പുതിയൊരു സംവേദനത്തെ സൃഷ്ടിച്ചെടുക്കുന്നു. നഗരവല്‍ക്കരണത്തേയും (urbanization), പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചും, ജീവിതത്തിന്റെ കൊച്ചുകൊച്ചു ഉത്കണ്ഠകള്‍ക്കൊപ്പം വ്യക്തിയുടെ ആന്തരികജീവതത്തിലെ സൂക്ഷ്മമായ സമസ്യകളേയും സുജിത്ത് വരച്ചിടുന്നു. 2005 ല്‍ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്ട്‌സ് കോളേജില്‍ നിന്ന് ബിരുദവും 2007 ല്‍ ഹൈദരാബാദ് ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്ന് ബിരുദാനന്തര ബരുദവുമായി വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് സ്വയം അലിഞ്ഞുചേര്‍ന്ന സുജിത്തിന്റെ കലാജീവിതത്തെ അദ്ദേഹം സ്വയം വിളിക്കുന്നത് 'നിയോഗം' എന്നാണ്. പാലക്കാട് ജില്ലയിലെ പാരമ്പര്യകലകളുടെ ചൂരും ചെത്തവുംമുള്ള പല്ലശ്ശന എന്ന ഗ്രാമപ്രദേശത്തില്‍ നിന്ന് മേളത്തിന്റേയും ക്ഷേത്രകലകളുടേയും പാരമ്പര്യവിളികളെ സ്വയം കയ്യൊഴിഞ്ഞുകൊണ്ട് വര്‍ണ്ണങ്ങളുടെ ലോകത്തേക്ക് എത്തിപ്പെട്ടത് നിയോഗമല്ലെങ്കില്‍ പിന്നെന്താണ്. ''പട്ടാളത്തിലായിരുന്ന അച്ഛന്റെ അകാലത്തിലുള്ള മരണശേഷം എല്ലാവരുടേയും പ്രതീക്ഷ എന്നിലായിരുന്നു. അച്ഛന്റെ ജോലിക്ക് അപേക്ഷിച്ച് പട്ടാളത്തില്‍ ഒതുങ്ങികൂടുക എന്നതായിരുന്നു എന്റെ മുന്‍പിലുണ്ടായിരുന്ന ഒരെളുപ്പവഴി. ആ വഴിക്കുതന്നെ നീങ്ങി. ടെസ്റ്റ് പാസ്സായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുളളില്‍ തന്നെ എനിക്ക് ആ ജോലി മടുത്തു. ജീവിതത്തെ എന്റെ സര്‍ഗ്ഗാത്മക ഉള്‍വിളികളെ ചട്ടങ്ങളുടേയും നിയന്ത്രണങ്ങളുടേയും കള്ളികളില്‍ അടയിരുത്താന്‍ എനിക്കാവില്ലായിരുന്നു. ആ ജോലിയുപേക്ഷിച്ച് ഞാന്‍ അവിടം വിട്ടു'' കേരളത്തിലെ നാട്ടിന്‍പുറത്തെ ഒരു ശരാശരി ചെറുപ്പക്കാരന്റെ ദിശാബോധംതന്നെയായിരുന്നു അന്ന് സുജിത്തിനേയും നയിച്ചത്. അങ്ങിനെയാണ് ഒരു കൈത്തൊഴില്‍ എന്ന നിലയ്ക്ക് പാലക്കാട് ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡ്രാഫ്റ്റ്മാന്‍ കോഴ്‌സിന് ചേര്‍ന്ന് പടിക്കുന്നത്. ''കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ അളവും വക്രവുമൊപ്പിച്ചുള്ള ജീവിതം വേഗം മടുത്തു. അജിത്ത് കടുംതുരുത്തി എന്ന കലാകാരനുമായുള്ള സൗഹൃദമാണ് പിന്നീട് ഉള്ളിലെ ചിത്രകാരനെ കണ്ടെടുക്കാന്‍ എന്നെ സഹായിച്ചത്.

സുജിത്ത് പറയുന്നു ''ചെറിയ ചെറിയ കൗതുകങ്ങളില്‍ നിന്നാണ് എന്റെ ചിത്രങ്ങള്‍ പിറവിയെടുക്കുന്നത്. എന്റെ തന്നെ ഉത്കണ്ഠകളാണ് കാഴ്ചക്കാരന്റെ ആധികളിലേക്ക് തീപ്പൊരിയാകുന്നത്''

കാന്‍വാസിലേക്ക് ചുരത്തുന്ന കാഴ്ചയുടെ പരിവര്‍ത്തനത്തെപ്പറ്റി അതല്ലെങ്കില്‍ ഒരു ചിത്രകാരന്റെ ആന്തരിക ജീവിതത്തില്‍ നിന്ന് ഒരു ചിത്രമായി പരിണമിക്കുന്നതിന്റെ രാസത്വരകത്തെ എങ്ങിനെ വിലയിരുത്തുന്നു?

ഒരുപാട് ഉത്കണ്ഠകള്‍ ഉണ്ടെനിക്ക് നാട്ടിന്‍പുറത്ത് നിന്ന് പലകാലങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെ ഈ നഗരത്തിലൂടെ നടന്ന് ഇവിടെ എന്റെ സ്റ്റുഡിയോയിലെ ജനാലയ്ക്കരുകില്‍ ഇരിക്കുമ്പോള്‍ എന്നെ ഭരിക്കുന്നത് ഒരു പാട് ഉതകണ്ഠകളാണ്. അതോടൊപ്പം ചെറിയ ചെറിയ കൗതുകങ്ങളുമുണ്ട് ഇതുതന്നെയാണ് എന്റെ ചിത്രങ്ങള്‍ക്കും പറയാനുള്ളത്. എന്റെ ഈ കൗതുകങ്ങളും ഉത്കണ്ഠകളും സൃഷ്ടിക്കുന്ന ത്രിമാനങ്ങളായ സംവേദനത്വത്തിലാണ് എന്റെ ചിത്രങ്ങളുടെ സ്വത്വം.

നഗരവല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തെക്കുറിക്കുന്ന സങ്കേതങ്ങളാണ് സുജിത്തിന്റെ പലചിത്രങ്ങളുടേയും കാതല്‍..

അത് മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതല്ല. നേരത്തെ പറഞ്ഞതുപോലെ എന്റെ ചില കൗതുകങ്ങളില്‍ നിന്നാണ് ഈ മഹാനഗരത്തിന്റെ സങ്കേതങ്ങള്‍ പിറവിയെടുക്കുന്നത്. ഉദാഹരണത്തിന് ഞാന്‍ ഹൈദരാബാദില്‍ എം.എഫ്.എ യ്ക്ക് പഠിക്കുന്ന കാലം ഞാന്‍ താമസിക്കുന്നതിന് അടുത്ത് ഒരു കൊച്ചുഗ്രാമമുണ്ടായിരുന്നു. മാതാപൂര്‍ എന്നായിരുന്നു ആ ഗ്രാമത്തിന്റെ പേര് നഗരവത്ക്കരണത്തിന്റെ ചെറിയ ചെറിയ അംശങ്ങള്‍ ഓരോകാലത്തായി ആ ഗ്രാമത്തില്‍ കടന്നുവരുന്നതിനെ ഞാന്‍ ക്യാമറയില്‍ ഒരു കൗതുകത്തിന് പകര്‍ത്തി വയ്ക്കുമായിരുന്നു. രണ്ടുമൂന്നു വര്‍ഷത്തോളം ഈ ഗ്രമത്തിന്റെ മുഖഛായ മാറുന്ന വിവിധഘട്ടങ്ങളെ ഞാന്‍ എന്റെ സ്റ്റില്‍ ക്യാമറയിലൂടെ ഞാന്‍ അടയാളപ്പെടുത്തി വച്ചു. ഇന്ന് മാതപൂര്‍ ഒരു ഹൈട്ടെക് സിറ്റിയാണ്. ഈ രൂപമാറ്റത്തെ ''Once upon a time it was curio'city” എന്ന പേരില്‍ ഒരു ആര്‍ട്ട് സമ്മിറ്റായി ഞാന്‍ പിന്നിട് അവതരിപ്പിച്ചു.

എന്താണ് ഒരു ചിത്രാകാരന്‍ എന്നുള്ള നിലയ്ക്ക് സുജിത്തിനെ വേറിട്ടു നിര്‍ത്തുന്നത്?.

എന്റെ വ്യതിരിക്തതയെക്കുറിച്ച് ഞാന്‍ പറയേണ്ടതല്ല. എന്റെ ചിത്രം കാണുന്നവരാണ് അത് പറയേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം ശില്പം എന്നുപറയുന്നത് എന്റെ കാഴ്ചയുടെ ആവിഷ്‌ക്കരണമാണ്. ജീവിതത്തിലെ അനവധി കാഴ്ച്ചകള്‍ക്കിടയില്‍ നിന്നാണ് എന്റെമാത്രമായ ഒരു കാഴ്ച്ചയിലേക്ക് ഞാന്‍ എത്തിച്ചേരുന്നത്. സമകാലികമായ ചില പോതു ഇടങ്ങളില്‍ നില്‍ക്കുമ്പോള്‍ പോലും ഒരു നല്ല കലാകാരന് അവന്റേതുമാത്രമായ ചില കണ്ടെത്തലുകള്‍ കാണും. അതാണ് അവന്റെ കലയെ ബഹുസ്വരതകളില്‍ നിന്ന് വേര്‍തിരച്ചു നിര്‍ത്തുന്നതും വ്യത്യസ്ഥനാക്കുന്നതും.

അര്‍ബനൈസേഷന്റെ ആധികളും സാംസ്‌കാരിക മൂല്യശോഷണങ്ങളുമടങ്ങുന്ന ഒരു ആശയസഞ്ചാരം സുജിത്തിന്റെ ഓരോ ചിത്രങ്ങളും സാധിച്ചെടുക്കുന്നുണ്ട്. എങ്ങിനെയാണത് സാധിക്കുന്നത്?. . . .

ഒരു തുടക്കക്കാരന്‍ എന്നുള്ള നിലയില്‍ എനിക്കുണ്ടായിരുന്ന ഒരു വെല്ലുവിളി എന്നു പറയുന്നത് എനിക്കുണ്ടായിരുന്ന ചില പരിമിതികളാണ്. ബോസ് കൃഷ്ണമാചാരി അല്ലെങ്കില്‍ റിയാസ് കോമുവിനെപോലുള്ള അതിപ്രശസ്തരായ ചിത്രകാരന്മാര്‍ ''ഫോട്ടോ റിയലിസത്തിന്റെ'' സാധ്യതകളിലൂടെ പല പ്രമേയങ്ങളേയും അതി ശക്തമായി തന്നെ ആവിഷ്‌ക്കരിക്കുന്നതു ഞാന്‍ കാണുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോറിയലിസം എനിക്ക് വഴങ്ങാത്തതാണ്. അതുകൊണ്ടുതന്നെ എനിക്ക് കംഫര്‍ട്ടബിളായ ഒരു രീതിയില്‍ നിന്നുകൊണ്ട് പലകാര്യങ്ങളും എഫക്ടീവായി പറയുക എന്നതായിരുന്നു എന്റെ മുന്‍പിലുണ്ടായിരുന്ന ഒരു വഴി. ആ വഴിയുലൂടെ മുന്നോട്ടു പോകുമ്പോള്‍ തന്നെ എന്റേതായ പല പുതുമകളേയും ക്യാന്‍വാസിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചു. അത് ഫലം കണ്ടിട്ടുള്ളതായാണ് അനുഭവം. ചില ഒബ്ജക്ട്ടുകള്‍ കൊണ്ടുവരുമ്പോള്‍ ഏറ്റവും ലളിതമെന്നു തോന്നുന്ന പലതിനേയും ആബ്‌സന്റ് ആക്കിക്കൊണ്ടുതന്നെ അതിന്റെ സാന്നിധ്യത്തെ പറയാതെ പറയുന്ന ഒരു രീതി പലചിത്രങ്ങളില്‍ ഞാന്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ''എ പ്ലേസ് കാള്‍ട് സിറ്റി'' എന്ന ചിത്രത്തിന്റെ രണ്ടുവെര്‍ഷനുകള്‍ സൃഷ്ടിക്കുന്നത് അത്തരമൊരു പരീക്ഷണത്തിന്റെ ഭാഗമായാണ്. ഒരു തരം അബ്‌സേര്‍ഡിറ്റി യുടെ തലം ഇതില്‍ തോന്നാമെങ്കിലും കുറേക്കൂടി എഫ്ക്ടീവായി കാര്യങ്ങളെ അവതരിപ്പിക്കാന്‍ ഇതിലൂടെ ആവുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.

വര്‍ണ്ണങ്ങളിലേക്കുള്ള വഴിയിലെ ആദ്യകാല സ്വാധീനങ്ങള്‍ ആരായിരുന്നു?.

ഒരു ശരാശരി വിദ്യര്‍ത്ഥിമാത്രമായിരുന്ന ഞാന്‍ ആദ്യമായി ചിത്രകലയില്‍ കേള്‍ക്കുന്ന പേര്‍ രാജാരവി വര്‍മ്മയുടേതു തന്നെയാണ്. സുഹൃത്ത് അജിത്ത് കടും തുരുത്തിയാണ് ലോക ചിത്രകലയിലെ മാസ്റ്റര്‍മാരുടെ ചിത്രങ്ങളിലൂടെ എന്നെ കൈപിടിച്ചു നടത്തുന്നത്. ടി. കെ. പത്മിനി, കെ.സി.എസ് പണിക്കര്‍ തുടങ്ങിയവരുടെ ചിത്രങ്ങളെ പരിചയപ്പെടുന്നത് അങ്ങിനെയാണ്. കേരളത്തിലെ പ്രഗല്ഭരായ പലരേയും പരിചയപ്പെടുന്നതും സ്വാധീനിക്കുന്നതും ബി.എഫ്.എ യ്ക്ക് പഠിക്കുന്ന സമയത്താണ്. സുരേന്ദ്രന്‍ നായര്‍, എന്‍. എന്‍. റിംസണ്‍, ഷിബു നടേശന്‍, ടി. വി. സന്തോഷ്, ജ്യോതി ബസു, അലക്‌സ് മാത്യൂ, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു അങ്ങിനെ ഒരുപാടുപേര്‍. . . . ഇപ്പോള്‍ ഇവിടെ ഈ മാഹാ നഗരത്തില്‍ വന്നതിനുശേഷം ഇവരില്‍ പലരേയും പരിചയപ്പെടാനും സൗഹൃദം നേടാനുമായി. . . ഇതൊക്കെ സുകൃതമാണ്.

കേരളത്തിനെ സംബന്ധിച്ചിടത്തോളം ഒരു ചിത്രകാരന് വളരാന്‍മാത്രം വളക്കൂറുള്ള ഒരു മണ്ണല്ല ഉള്ളത് എന്ന് പരക്കെ പറയപ്പെടുന്നുണ്ട്. സുജിത്തിനെ സംബന്ധിച്ചിടത്തോളം യാത്ര പ്രതിബന്ധങ്ങള്‍ നിറഞ്ഞതായിരുന്നോ…?

എന്നെസംബന്ധിച്ചിടത്തോളം ഞാന്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണിത് ഇവിടെ എനിക്ക് എന്റെ ഇടം കണ്ടെത്തിയേ മതിയാകൂ എന്ന അവസ്ഥയായിരുന്നു. തൃശ്ശൂര്‍ ബി.എഫി.എ യ്ക്ക് പഠിക്കുന്ന സമയത്താണ് ലളിത കലാ അക്കാഡമിയുടെ സ്റ്റുഡന്‍സ് അവാര്‍ഡ് എനിക്കു കിട്ടുന്നത്. ഫൈനല്‍ ഇയറില്‍ വീണ്ടും പ്രഫഷണല്‍സിനു കൊടുക്കുന്ന അവാര്‍ഡും എനിക്കു കിട്ടി. അക്കാഡമിയുടെ ഈ പ്രോത്സാഹനങ്ങളെ ഊര്‍ജ്ജമാക്കിമാറ്റാന്‍ എനിക്കു കഴിഞ്ഞു. ആത്മാവിശ്വാസമാണ് ഒരു ചിത്രകാരന്റെ കൈമുതല്‍ ഹൃദയത്തില്‍ എവിടെയൊ ഉള്ള ഒരു വലിയ മുറിവിന്റെ വേദനയാണ് അതിന്റെ ചൂടാണ് എന്റെ സര്‍ഗ്ഗാത്മകത. ഈ വേദനയെ വരയ്ക്കുക എന്നതുമാത്രമായിരുന്നു എന്റെ പോംവഴി. അതില്‍ കിട്ടിയ എല്ലാ പിടിവള്ളികളേയും വളരെ പോസിറ്റിവായി ഞാന്‍ ഉപയോഗിച്ചു.

"ആത്മവിശ്വാതക്കുറവാണ് പരേയും ഒരു പ്രത്യേക കള്ളികളിലേക്ക് ചുരുക്കിക്കൊണ്ടുവരുന്നത്" എന്ന് സുജിത്ത് പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം വര്‍ണ്ണങ്ങളുടെ ഈ ഇടവഴികള്‍ ഒരഭയമായിരുന്നു എന്ന് സുജിത്ത് ഇപ്പോള്‍ സ്വയം തിരിച്ചറിയുന്നു.
ഈ രംഗത്തേയ്ക്ക് വന്നതിനുശേഷം സുഹൃത്തുക്കളും തന്റെ സര്‍ഗ്ഗാത്മകതയില്‍ സ്വാധീനിച്ചവരുമായി ഒട്ടേറേപ്പേരുണ്ട്. 'ലളിതകലാ അക്കാഡമിയുടെ സ്റ്റുഡന്‍സ് അവാര്‍ഡിന് ഞാന്‍ അയച്ച ചിത്രത്തില്‍ കുറച്ചു കാക്കകളുടെ ഭാവ വൈവിധ്യങ്ങളെയാണ് അവിഷ്‌ക്കരിച്ചിരുന്നു. അതിനു ശേഷം ഞാന്‍ വരച്ച ചില ചിത്രങ്ങളില്‍ കാക്കകള്‍ പലരീതിയില്‍ വരുന്നുണ്ട്. ഇതുകാരണം ഇന്ന് കേരളത്തിലെത്തിയാല്‍ പലസുഹൃത്തുക്കളും എന്നെ ''കാക്ക സുജിത്ത്'' എന്ന് വിളിക്കും. നാട് വിട്ട് ദേശാടനങ്ങളില്‍ മുഴുകിയതോടെ എന്റെ കാന്‍വാസിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി ആന്തരികജീവിതത്തിലും ദര്‍ശനങ്ങളിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എന്റെ നഗരജീവിതവും പുതിയ വ്യക്തി ബന്ധങ്ങളുമാണ്. സാക്ഷി ഗാലറിയെ പ്രതിനിധീകരിച്ച് ഒരുപാട് ഷോകള്‍ ഇപ്പോള്‍ നടത്തി. ജനുവരിയില്‍ ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ''ആര്‍ട്ട് സബ്മിറ്റ്'' -ല്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.

നഗരജീവിതത്തിന്റെ തുടക്കത്തില്‍ നേരിടേണ്ടിവന്ന ആശയവിനിമയത്തിലെ പ്രതിബന്ധങ്ങളേയും കൊച്ചു കൊച്ചു വൈഷമ്യങ്ങളേയും സുജിത്ത് തന്റെ ക്യാന്‍വാസിലൂടെ പുതിയ മാനങ്ങള്‍ നല്‍കുന്നു. ഒരു മണ്‍ചട്ടി തലയി പൂഴ്ന്നുപോയ ഒരു നായയുടെ സ്പീട് പാറ്റേണ്‍ വ്യക്തിജീവിതത്തിലെ ചെറിയ ചില ആശയവിനിമയ പ്രശ്‌നങ്ങളെ ചിത്രീകരിക്കുന്നതെങ്കിലും സംവേദന തലത്തില്‍ ചിത്രം ഒരാഗോള പ്രശ്‌നത്തെ കൈകാര്യ ചെയ്യാന്‍ ശ്രമിക്കുന്നതുപോലൊരനുഭവം ആസ്വാദകനുണ്ടാകുന്നു. സുജിത്തിന്റെ മാസ്റ്റര്‍പീസ് വര്‍ക്കുകളിലൊന്നാണ് ''കള്‍ചറല്‍ വെഹിക്കില്‍'' എന്ന ചിത്രം സൂക്ഷമമായ കാഴ്ച ആവശ്യപ്പെടുന്ന ഈ ചിത്രം കാലം വഹിക്കുന്ന ആഗോള സാംസ്‌കാരിക ചിഹ്നങ്ങളെ അടയാളപ്പെടുത്തുന്നു. ഇത്തരം ചിത്രങ്ങള്‍ ഒരു കാഴ്ചക്കാരന്റെ മനസ്സില്‍ ഉത്പാദിപ്പിക്കുന്ന ചിന്താപ്രക്രിയകളാണ് ഒരു ചിത്രകാരന്റെ ജീവിതത്തെ ധന്യമാക്കുന്നത്'' സുജിത്ത് പറയുന്നു. ''എങ്കിലും ഒരു ക്യന്‍വാസും നിറങ്ങളും കൊണ്ട് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്നൊന്നും ഞാന്‍ വ്യാമോഹിക്കുന്നില്ല''. എങ്കിലും കാലത്തിന്റെ തനതായ മുദ്രകളിലെ ഏതൊക്കെയോ ചില അംശങ്ങളെ തന്റെ ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട് എന്ന സുജിത്ത് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

2010, ഡിസംബർ 2, വ്യാഴാഴ്‌ച

മണവാട്ടിയും പുല്ലുപറിയനും വാഴും നാട്

(കുറച്ച് പഴയ ഒരു സബ്ജക്ടാണിത്. നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ മൂന്നുമാസം മുമ്പുണ്ടായ മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ ഒരു മുംബൈ പ്രസിദ്ധീകരണത്തിനുവേണ്ടി എഴുതിയ ലേഖനം ഇവടെ ശേഖരിച്ചു വയ്ക്കുന്നു)

നുരയുന്ന കള്ളിന്റെ മണവും ലഹരിയുമുണ്ട് പാലക്കാടന്‍ കാറ്റിന്. തമിഴ്‌നാട് അതിര്‍ത്തിയിലെ ചിറ്റൂര്‍ താലൂക്കും അതിനു തൊട്ടുകിടക്കുന്ന ആലത്തൂര്‍ താലൂക്കും, പാലക്കാടുമൊക്കെ കള്ളിന്റേയും പേരെടുത്ത കുടിയന്മാരുടേയും നാടാണ്. എന്റെ നാടായ പല്ലശ്ശനയില്‍ മൂവന്തിനേരത്ത് പനയില്‍ നിന്നിറക്കി കിട്ടുന്ന ഒന്നാന്തരം അന്തിക്കള്ളിന്റെ വീര്യം ലിക്കര്‍ഭീമന്‍ വിജയ് മല്യയുടെ മദ്യക്കമ്പനിയായ യൂബി ഗ്രൂപ്പിനു പോലും അസാധ്യം. ഞങ്ങളുടെ നാട്ടിലെ കുടിയന്മാര്‍ തലയെടുപ്പുള്ള യക്ഷിപ്പനങ്കൂട്ടങ്ങളെ ''പനങ്കാവ്'' എന്നാണ് വിളിക്കാറ്, ലഹരി ചുരത്തുന്ന പനകളോടുള്ള നന്ദിയും അടങ്ങാത്ത ഭക്തിയുമാണ് ഇവരെ ഇങ്ങിനെ വിളിപ്പിക്കുന്നത്. ഇരുളുപരക്കുമ്പൊ കാജാ ബീഡിയും ഒരു ചെറുമുട്ടിയില്‍ നിന്ന് രണ്ടു മോന്ത് കള്ളും, കുറേ നാട്ടുവര്‍ത്തമാനവും, ഇതാണ് പാലക്കാട്ടിലെ നമ്മുടെ ഏട്ടന്മാരുടെ ശാന്തസുന്ദരമായ മൂവന്തികള്‍. പല്ലശ്ശന തച്ചങ്കോട്ടില്‍ കാക്കൂര്‍ റോഡരുകില്‍ പാടത്തേക്ക് ഒതുങ്ങിമാറി നില്‍ക്കുന്ന മദാലസയായ ഒരു ഷാപ്പുണ്ട് അതിനെ പല്ലശ്ശനയിലെ കുടിയന്മാര്‍ വിളിക്കുന്ന പേര് ''പൂങ്കാവനം'' എന്നാണ്; ചെറുശ്ശേരിക്കവിതകളില്‍ ആവര്‍ത്തിക്കാറുള്ള ഒരു വാക്കാണ് പൂങ്കാവനം, നമ്മുടെ പുരാണത്തിലെ രാധാകൃഷ്ണ പ്രണയത്തിന്റെ മെയിന്‍ ലൊക്കേഷന്‍. പല്ലശ്ശനക്കാര്‍ക്ക് പൂങ്കാവനം എന്നു കേള്‍ക്കുന്നതുതന്നെ കുളിരുകേറുന്ന ഒരു ലഹരിയാണ്.

പാടത്തും പറമ്പത്തും പണിയെടുക്കുന്ന ആണും പെണ്ണുമടക്കമുള്ള കൂലിപ്പണിക്കാര്‍ മുതല്‍ ചെറുമുതലാളിമാര്‍ വരെ കുടിച്ചു തിമിര്‍ക്കുന്ന സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും അഭയസ്ഥാനം, അതാണ് പൂങ്കാവനം. രാത്രി ഷാപ്പ് അടയ്ക്കുമ്പോള്‍ ഷാപ്പിന്റെ വാതില്‍പ്പൂട്ടില്‍ കുടിയന്മാരെല്ലാ ഒരുമിച്ച് തൊട്ടുഴിഞ്ഞ് കുമ്പിട്ടുതൊഴുത് വിടചൊല്ലുന്ന ഒരാചാരം! വര്‍ഷങ്ങളായി ഇവിടെ നടക്കുന്നു. നാളെ വരാം മദ്യപ്പരദേവതകളെ എന്ന് മനമുരുകി താണുവണങ്ങിയാണ് ഓരോ കുടിയന്മാരും രംഗമൊഴിയുന്നത്. മുംബൈയ് പോലുള്ള വന്‍നഗരങ്ങളിലെ മദ്യവും മദിരാക്ഷിയും വില്‍ക്കുന്ന പബുകളും ബിയര്‍ പാര്‍ലറുകളും ഇതിന്റെ ഏഴയലത്തുപോലും വരില്ല.
പാലക്കാടന്‍ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് കള്ള്. കല്യാണം മുതല്‍ ചാവടിയന്തിരത്തിനും ശ്രാദ്ധമൂട്ടിനും വരെ കള്ള് ഇവിടുത്തകാര്‍ക്ക് നിര്‍ബന്ധമാണ്. പണ്ട് ഈഴവന്റെ പാടവും അവന്റെ കരിങ്കന്നുകളേയും കാക്കുന്ന നാട്ടുദൈവങ്ങളായ ''മുണ്ടിയനും'', ''മല്ലനും'' ആണ്ടിലൊരിക്കല്‍ വച്ചുകൊടുക്കുന്ന ദിവസം പൂജാ ദ്രവ്യങ്ങള്‍ക്കൊപ്പം കള്ള് കൂടി വച്ച് പൂജിച്ചിരുന്നു. കാരണമ്മാര്‍ക്കും (പിതൃക്കള്‍) കുലദൈവങ്ങള്‍ക്കും കള്ള് പ്രിയപ്പെട്ടതാണ്. പൂജയുടെ അന്ന് കുടുംബങ്ങള്‍ ഒത്തുകൂടി കുടിച്ചു മദിക്കും. ഒര്‍മ്മയുടെ വേരുകളില്‍ പുളിച്ച കള്ളിന്റെ മദം പൊട്ടുന്ന ലഹരി അരിച്ചു കയറുന്നു. . . .

ചാരായം നിരോധിച്ചതിന്റന്ന് എന്റെ നാട്ടിലെ തലമൂത്ത കൊണ്‍ഗ്രസ്സുകാര്‍ വരെ മുന്‍ മുഖ്യന്‍ അന്തോണിച്ചേട്ടനെ തെറിവിളിച്ചു. അത് അന്തക്കാലം ഇപ്പോള്‍ ചാരായം നിരോധിച്ചതിന് ആന്റണിച്ചേട്ടന് നന്ദിപറയുകയാണ് ചിറ്റൂരിലേയും നല്ലേപ്പിള്ളിയിലേയും ചെറുപ്പക്കാര്‍. കാരണം ഇന്ന് അവിടുത്തെ യുവതുര്‍ക്കികളില്‍ പലരും ചെറുകിട മദ്യരാജാക്കന്മാരാണ്. ചെറുപ്പക്കാരുടെ ഒരു സൈഡ് ബിസിനസ്സാണ് ചാരായം കടത്ത്. തമിഴ്‌നാടിന്റെ അതിര്‍ത്തി കുറിക്കുന്ന ചിറ്റൂര്‍ ഗോപാലപുരം വഴിക്കൊടുന്ന ഇരുപതോളം റൂട്ട് ബസ്സുകള്‍ വഴി അരയ്ക്കുചുറ്റും ചാരായക്കുപ്പി തിരുകി വെച്ച് അവര്‍ ചാരായ നിരോധനത്തെ അതിജീവിക്കുന്നു. റൂട്ട് ബസ്സില്‍ അധികം ചെക്കിങ്ങ് ഉണ്ടാവില്ല എന്നത് ഇവര്‍ക്ക് തുണയാവുകയാണ്. പിടിച്ചാല്‍ എമാന്മാര്‍ക്ക് ഫിഫ്ട്ടി ഫിഫ്ട്ടി കൊടുത്ത് പയ്യന്‍സ് തടിയൂരും. ഗോപാലപുരത്തു കിട്ടുന്ന ''ഗുണ്ട്'', ''മുട്ടന്‍'' എന്ന വിളിപ്പേരിലറിയപ്പെടുന്ന ചാരായക്കുപ്പികള്‍ ചുളുവിലയ്ക്ക് വാങ്ങി അവര്‍ ചിറ്റൂരും പരിസരത്തും ജീവിക്കുന്ന കൊട്ടുവടിയാശാന്മാരായ ചാരായ സ്‌നേഹികള്‍ക്ക് കൂടിയ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നു. വട്ടച്ചെലവിനുള്ള പണവും വൈകുന്നേരം കമ്പനിയടിക്കാനുള്ള വകുപ്പും ഈ തൊഴില്‍ വഴി ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് കിട്ടുന്നുണ്ട്. വലിയ മുതല്‍മുടക്കില്ല, ഏമാന്മാരും വലുതായി ശല്യം ചെയ്യില്ല ആണ്ടിലൊ സംക്രന്തിക്കൊ വല്ലോം കൊടുത്താല്‍ മതി.

കള്ളുകുടി ഒരു പാപമാണ് എന്ന് പറയാനാവില്ല. പക്ഷെ നല്‍കുന്ന കാശിന് നല്ല കള്ള് വില്‍ക്കുന്നതിനുപകരം കണ്ണും കരളും അടിച്ചുപോകുന്ന തരത്തിലുള്ള വിഷം വില്‍ക്കുന്നത് കൊലച്ചതിയാണ് അനീതിയാണ്. സര്‍ക്കാരിന്റേയും എക്‌സൈസിന്റേയും മൂക്കിനു താഴെയാണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. പാലക്കാട് കിണാശ്ശേരിലെ ഒരു ചെറിയ മിനുങ്ങു വീരനായ ശെല്‍വേട്ടന്‍ പറയുന്നു ''ഇവിടുത്തെ ചെത്തുകാര്‍ ചെത്തുന്ന മരനീരല്ല ഷാപ്പുകളില്‍ വില്‍ക്കുന്നത്. നാട്ടില്‍ കുടിയന്മാര്‍ കൂടിക്കൂടി വരുന്നു, അതിനുമാത്രമുള്ള കള്ള് ഇവിടെ ചെത്തുന്നുമില്ല. അപ്പൊ വ്യാജനുണ്ടാക്കാതെ തരമില്ല''. അപ്പൊ എല്ലാം അറിഞ്ഞുകൊണ്ടാണ് ഡെയ്‌ലി ശെല്‍വേട്ടന്‍ മിനുങ്ങുന്നത്. ബെസ്റ്റ്!!

കൃത്രിമ കള്ളുത്്പാദനം തടയുന്നതിനാണ് ഇരുപതോളം കള്ളുഷാപ്പുകള്‍ മുന്‍ ഗവണ്‍മെന്റെ് നിര്‍ത്തലാക്കിയത് എന്നാല്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റെ ഈ ഷാപ്പുകളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് മദ്യപാനികളോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചു. കുടിയന്മാരെല്ലാം വളരെ സന്തോഷിച്ചു ഒരിക്കലും തുറക്കുകയില്ല എന്നു കരുതിയ പലഷാപ്പുകളും തുറന്നു. വര്‍ദ്ധിച്ചു വരുന്ന കുടിയന്മാര്‍ക്കുവേണ്ടി ചില രാഷ്ട്രിയ ദുര്‍മ്മേദസ്സുകളുടെ ഒത്താശയോടെ വണ്ടിത്താവളത്തെയും കൊഴിഞ്ഞാമ്പാറയിലേയും രഹസ്യത്താവളങ്ങളില്‍ മെത്തനോളും ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത സകലമാന മയക്കുവിദ്യയും ലയിപ്പിച്ച് കൃതൃമകള്ള് ഒരുങ്ങുന്നു. ഇതിന്റെയൊക്കെ ബാക്കിപത്രമാണ് ഇപ്പോള്‍ മലപ്പുറം ജില്ലയിലുണ്ടായിരിക്കുന്ന മദ്യദുരന്തം. എട്ടൊന്‍പതു വര്‍ഷം മുന്‍പ് ഒരു ഒക്‌ടോബര്‍മാസത്തില്‍ പള്ളിവാതുക്കലില്‍ ഉണ്ടായ ദുരന്തത്തിന്റെ പുനരാവര്‍ത്തനമാണ് ഈ ദുരന്തവും.
മദ്യദുരന്തത്തിനുശേഷം പരസ്പരം കുറ്റം ചാര്‍ത്തിയും പഴിപറഞ്ഞും കുംമ്പസരിച്ചും കേരള രാഷ്ട്രിയം വിഴുപ്പലക്കുകയാണ്. കള്ളുകടത്തു വീരനായ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നിയമസഭാ സാമാജികന് മാനസ്സാന്തരമുണ്ടാവാന്‍ മുപ്പതിലധികം ആള്‍ക്കാരുടെ ജീവനെ കാലപൂരിക്കയക്കേണ്ടി വന്നു കഷ്ടം!!!. ഇത്രയും കാലം ഈ വിദ്വാന്‍ കള്ളുകച്ചവടം പാല്‍ക്കച്ചവടത്തെക്കാള്‍ ഉദാത്തമായി കണ്ടയാളാണ്. ഏതൊരു വേദിയിലും തന്റെ കുടുംബത്തിന്റെ കള്ളുവില്‍പനയിലെ പാരമ്പര്യശുദ്ധിയെ ഉദ്‌ഘോഷിച്ചയാളാണ്.
മറ്റുജില്ലകളിലേക്കുള്ള കള്ളൊഴുക്കിന്റെ മഹാധമനികളായ തത്തമംഗലത്തെ പള്ളിമുക്കിലും അണിക്കോട്ടും ഡി. വൈ. എഫ്. ഐ., യൂത്ത്‌കൊണ്‍ഗ്രസ്സ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണിപ്പോള്‍. ജനം ഭീതിയിലാണ് എപ്പോഴും എന്തും സംഭവിക്കാം എന്ന അവസ്ഥ. കേരളത്തെ നടുക്കിയ ദുരന്തം നടന്നത് മലപ്പുറം ജില്ലയിലായിരുന്നെങ്കിലും ചിറ്റൂരില്‍ നിന്നെത്തിയ കള്ളാണ് അവിടെ വിതരണം ചെയ്യപ്പെട്ടിരുന്നത് എന്ന ഒറ്റക്കാരണം കൊണ്ട് പാലക്കാട്ടിലെ കള്ളു വ്യവസായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ഭരണപക്ഷം.

പല്ലശ്ശനയിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ചെത്തുതൊഴിലാളി പറയുന്നു ''ഇവിടുത്തെ ഷാപ്പുകളില്‍ വില്‍ക്കപ്പെടുന്ന ''പടയപ്പ'' ''ആനമയക്കി'' എന്നൊക്കെയുള്ള ഓമനപ്പേരിലറിയപ്പെടുന്ന കൃതൃമകള്ളിന് അടിമയാണ് പനകയറ്റക്കാരനായ ഞാന്‍ പോലും. സ്വയം ചെത്തിയ കള്ള് ഷാപ്പുകാരന്റെ കളക്ഷന്‍ ഏജന്റിന് കൊടുത്ത് കാശുവാങ്ങിച്ച് ആ കാശു കൊടുത്ത് ഞാന്‍ ഷാപ്പുകാരന്റെ ഈ ആനമയക്കി വാങ്ങികുടിക്കുന്നു. ഇതു കുടിച്ചില്ലെങ്കില്‍ അന്തിയാവുമ്പോ കയ്യിനും കാലിനും ഒരു വെറയല്‍ വരും''. സര്‍ക്കാര്‍ നടത്തുന്ന ലക്കുകെട്ട മദ്യവ്യവസായത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ പല്ലശ്ശനക്കാരന്‍. ഇതുപോലെ അനേകംപേര്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുണ്ട്്. കള്ളുഷാപ്പുകളില്‍ വില്‍ക്കുന്ന വ്യജനെ കണ്ടാല്‍ കള്ളുചുരത്തുന്ന തെങ്ങുകള്‍ തലതല്ലിക്കരയും അമ്മാതിരി അധര്‍മ്മമാണ് നാട്ടില്‍ നടക്കുന്നത്. ''പടയപ്പ'' എന്നുപേരുള്ള രജനികാന്ത് ചിത്രത്തില്‍ കാറുമായി കഥാനായകന്‍ ആകാശ യുദ്ധം ചെയ്യുന്ന രംഗങ്ങള്‍ ഉണ്ട് ഇതിന്റെ ഊറ്റം ഉള്‍ക്കൊണ്ടുകൊണ്ടാണ് പാലക്കാടന്‍ വ്യാജകള്ളിന് പടയപ്പ എന്ന പേരു വന്നത്. പിന്നെയുമുണ്ട് ഒരുപാട് പേരുകള്‍. തൃശ്ശൂരിലും അതിര്‍ത്തിപ്രദേശങ്ങളിലും ഈ വ്യാജന്‍ അറിയപ്പെടുന്നത് ''മണവാട്ടി'' എന്ന പേരിലാണ് കാരണം എവന്‍ അകത്തു ചെന്നാല്‍ കുടിയന്റെ ശിരസ്സ് പുതുമണവാട്ടിയെപ്പോലെ നാണിച്ച് തലതൂങ്ങികിടക്കും. പിന്നെ ഒരു പേരുള്ളത് ''പുല്ലുപറിയന്‍'' എന്നാണ് കുടികഴിഞ്ഞാല്‍ ടിയാന്‍ നിലത്തു കമഴ്ന്നുകിടന്ന് പുല്ലു കടിച്ചു പറിക്കാന്‍ സാദ്ധ്യതയുണ്ട് അതുകൊണ്ടാണ് പുല്ലുപറിയന്‍ എന്നപേരില്‍ ഈ വ്യാജന്‍ അറിയപ്പെട്ടത്. കൂടാതെ ''ആപ്പ്'', ''വാണം'', തുടങ്ങി ദേശവ്യത്യാസങ്ങള്‍ക്കനുസരിച്ച് പേരുകള്‍ അനവധി. ഇതൊന്നും കൂടാതെയാണ് കുത്തന്നൂരിലും മുപ്പുഴിയിലും ചിതലിയിലെ മലയപ്പോതി മലയുടെ സമീപ പ്രദേശങ്ങളിലും രഹസ്യമായി വാറ്റുന്ന ''കൊട്ടുവടി'' എന്നറിയപ്പെടുന്ന അസ്സല്‍ നാടന്റെ വിലസ്സല്‍. നാട്ടില്‍ നിന്ന് ഇപ്പോള്‍ കിട്ടിയ വിവരം ചില വാറ്റുകാരെ മാസപ്പടിയുടെ നന്ദി മറന്ന് എക്‌സൈസുകാര്‍ പൊക്കി എന്നാണ്. നാലഞ്ചു കന്നാസുകളോടെ പേരിന് ചിലരെ പിടിച്ചകത്തിട്ടിട്ടുണ്ടെന്ന് കേള്‍ക്കുന്നു.

നാടന്‍ വാറ്റൊക്കെ പണ്ട്; ഇപ്പോ ആര്‍ക്കാ വാറ്റാനും വഴറ്റാനുമൊക്കെ നേരം. ചിറ്റൂരും കൊഴിഞ്ഞാമ്പാറയിലുമുള്ള കലക്കു വിദ്വന്മാരുടെ റസിപ്പി പ്രകാരം ഊറ്റിയെടുക്കുന്ന ''കണ്ണമ്പി'' (കുടിച്ചാല്‍ കണ്ണുപോകുന്ന) ഉണ്ടാക്കുന്നതിലാണ് വാറ്റുകാര്‍ക്ക് താല്‍പര്യം ഈ ഐറ്റം കൂടുതല്‍ ലാഭകരമാണ് ഇവര്‍ക്ക്.
''മൂലവെട്ടിയും'', ''ധോണീവാക്കറും'' (ഒലവക്കോട് ധോണിഭാഗത്തുണ്ടാക്കുന്ന നാടന്‍ വാറ്റ്) മദ്യസ്‌നേഹികളുടെ കുടുംബം വാഴുമ്പോള്‍ കല്ലുവാതിക്കലും, വണ്ടൂര്‍ ദുരന്തങ്ങളും തുടര്‍ക്കഥയാവുകയാണ്. ഇപ്പോഴത്തെ ഈ ബഹളങ്ങളൊക്കെ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഒത്താശയോടെ കേരളത്തിലെ കള്ളുഷാപ്പുകളും ബീവറേജു കൊര്‍പ്പറേഷനും വീണ്ടും സജീവമാകും. അന്തിയോളം അധ്വാനിച്ചു കിട്ടുന്ന വേതനത്തിലെ ഒരംശമെടുത്ത് ഒന്നു മദ്യപിച്ച് വല്ലിടത്തും ഒന്നുമയങ്ങാം എന്ന് മോഹിച്ചു വരുന്ന നിരപരാധികളുടെ ജീവനെടുക്കുന്ന ''കലക്കല്‍'' വിദഗ്ദന്മാരുടെ കൈയ്യബദ്ധം ഇനിയും ഇവിടെ ആവര്‍ത്തിക്കും. ഓരോ ദുരന്തങ്ങള്‍ക്കു ശേഷവും പത്രങ്ങള്‍ക്ക് ആഘോഷിക്കാന്‍ മണിച്ചന്മാരുടേയും ദ്രവ്യന്മാരുടെയും സസ്‌പെന്‍സ് പിന്നാമ്പുറക്കഥകള്‍ ഉണ്ടാവും. അടുത്ത മദ്യ ദുരന്തം ഉണ്ടാകും വരെ നമുക്ക് വല്ല നേരംമ്പോക്കും വേണ്ടേ!!

2010, നവംബർ 19, വെള്ളിയാഴ്‌ച

കൈവെട്ടുമ്പോള്‍ വീണവായിക്കുന്നവര്‍

(മുംബൈ പ്രസിദ്ധീകരണമായ വൈറ്റ്‌ലൈന്‍ വാര്‍ത്തയ്ക്ക് വേണ്ടി എഴുതിയ ആഴ്ച വിചാരത്തില്‍ നിന്ന്‌)

''കേരളത്തിന്റെ മാറുന്ന മുഖം''
നവിമുംബൈ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ''കേരളത്തിന്റെ മാറുന്ന മുഖം'' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. കേരളത്തില്‍ നിന്ന് രാഷ്ട്രീയ നിരൂപകനായ ഹമീദ് ചേന്ദമംഗലൂര്‍ പങ്കെടുത്തു. അടുത്തകാലത്ത് മുംബൈയില്‍ അരങ്ങേറിയ പരിപാടികളിലെ വളരെ കാമ്പുള്ള പരിപാടികളില്‍ ഒന്നായിരുന്നു ഈ സെമിനാര്‍. ബുദ്ധിയുടേയും ദര്‍ശനത്തിന്റെയും മാസ്മരിക സൗന്ദര്യമാണ് ഹമീദ് ചേന്ദമംഗലൂര്‍ എന്ന എഴുത്തുകാരനില്‍ കാണാനായത്. തീവ്രവാദത്തിനെതിരായ കക്ഷിരാഷ്ട്രീയാതീതമായ ചിന്തകള്‍ മുംബൈയുടെ രാഷ്ട്രീയ ബോധത്തിന് പുതിയോരു ധിഷണോര്‍ജ്ജം പകര്‍ന്നു തരുന്നതായിരുന്നു.
കേരളത്തിന്റെ കാല്പനികമായ ജീവിതോവസ്ഥകളെ തകിടം മറിക്കുന്ന തീവ്രവാദത്തിന്റേയും മത ഫാസിസത്തിന്റെയും അടിവേരുകളെ വളരെ സമര്‍ത്ഥമായി അന്വഷിക്കുന്നതോടൊപ്പം പുരോഗമന പ്രസ്ഥാനങ്ങളുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തെ ഹമീദ് വളരെ ശക്തമായി വിമര്‍ശിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വളരെക്കാലമായി നമ്മള്‍ കാത്തുസൂക്ഷിച്ചിരുന്ന മതേതര ഇടം കുറഞ്ഞുവരുന്നതിന്റെ വ്യക്തമായ സൂചനകളെ ഹമീദ് ചേന്ദമംഗലൂര്‍ കാണിച്ചുതന്നു.
മതതീവ്രദത്തിനെതിരെയുള്ള ഹമീദ് ചേന്ദമംഗലൂരിന്റെ പോരാട്ടത്തിന് ഏറെ പഴക്കമുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഈയിടെ കേരളത്തില്‍ നടന്ന മദനി സംഭവത്തെക്കുറിച്ച് അതിശക്തമായി പ്രതികരിച്ചയാളാണ് ഹമീദ് ചേന്ദമംഗലൂര്‍. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ പാര്‍ട്ടിഭക്തിയിലധിഷ്ടിതമായ ചതുരത്തിലൂടെയല്ല ഹമീദ് ചേന്ദമംഗലൂര്‍ തീവ്രവാദത്തെ നോക്കിക്കാണുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടുകളുടേയും പരോക്ഷമെങ്കിലും ഓട്ടുബാങ്കിന്റെ ഉറവകളേയും മുന്നില്‍ കണ്ടുകൊണ്ടാണ് പുരോഗമന വാദികള്‍ മതതീവ്രവാദത്തെ എതിര്‍ക്കുന്നത്. അതുകൊണ്ടാണ് മദനിയെപ്പോലെയുള്ളവര്‍ക്കായി ഇടതുപാര്‍ട്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. ഹമീദ് പറയുന്നു ''കാസര്‍ഗോട്ടില്‍ റയാന എന്ന എയ്‌റോനോട്ടിക്കല്‍ എജിനിയറിംഗിനു പഠിക്കുന്ന വിദ്യാസംമ്പന്നയായ ഒരു യുവതി പര്‍ദ ധരിക്കാത്തതിന്റെ പേരില്‍ നിരന്തരമായ വധഭീഷണി നേരിടുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരിക്കുകയും എന്നാല്‍ മദനിയുടെ അറസ്റ്റുണ്ടായപ്പോള്‍ അതിനെ മനുഷ്യാവകാശ ലംഘനമായിക്കണ്ട് ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നതിനു പിന്നില്‍ ഇവിടുത്തെ ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങളുടെ അവസരവാദമാണ് കാണിക്കുന്നത്. കാരണം റയാന എന്ന പാവം പെണ്‍കുട്ടിക്ക് സ്വന്തമായി വോട്ടുബാങ്കില്ല. എന്നാല്‍ മദനിക്ക് അതുണ്ട്. മണിപ്പൂരില്‍ ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമന്നാവശ്യപ്പെട്ട് പത്തുവര്‍ഷമായി നിരാഹാര സമരം നടത്തുന്ന ചാനു ശര്‍മ്മിളയ്ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നവര്‍ കേരളത്തിലെ റയാനയെപ്പോലെയുള്ളവര്‍ക്കുന്നേരെ യാഥാസ്ഥിതക മതസമൂഹം നടത്തുന്ന മനുഷ്യാവകാശ നിഷേധങ്ങള്‍ക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത് ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഇരട്ടാത്താപ്പാണ് കാണിക്കുന്നത്'' ഹമീദ് പറഞ്ഞു.

മതതീവ്രവാദത്തേയും യാഥാസ്ഥിതിക വാദത്തേയും എതിര്‍ക്കുന്നതില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുന്നു. ഇടതു പ്രസ്ഥാനങ്ങളുടെ പ്രത്യയ ശാസ്ത്രപരമായ ഇച്ഛാശക്തി ചോര്‍ന്നുപോയി എന്നതിന്റെ തെളിവാണ് എഴാം ക്ലാസ്സ് പാഠപുസ്തക വിവാദത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയ സംഭവം. സംഘടിത മതങ്ങളുടേയും ജാതി സംഘടനകളുടേയും വെല്ലുവിളിയില്‍ മുട്ടുമടക്കിയ സര്‍ക്കാര്‍ കേരളത്തിലെ മതതീവ്രവാദത്തിന് കൂടുതല്‍ വളം വയ്ച്ചുകൊടുക്കുകയായിരുന്നു. മതം എന്നാല്‍ ഏതൊരു വ്യക്തിയുടേയും സ്വകാര്യതയാണ്. ഏതൊരു മതത്തിനും അതിന്റേതായ ഒരു അചാര വ്യവസ്ഥയും രാഷ്ട്രിയ വ്യവസ്ഥയും ഉണ്ട്. ഹിന്ദു ആയാല്‍ പോരാ ഹിന്ദുയിസത്തെ വളര്‍ത്തണം എന്നത് ഹിന്ദുമതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ സ്ഥാപിക്കാനുള്ള ശ്രമമാണ്. ഹിന്ദു മതം എന്ന ഏറെ വ്യക്തിസ്വകാര്യമായ ആചാര വ്യവസ്ഥ പിന്‍തുടര്‍ന്നാല്‍ പോര മറിച്ച് ഹിന്ദുയിസം എന്ന രാഷ്ട്രീയ വ്യവസ്ഥയെ കുടി സ്ഥാപിച്ചെടുക്കാന്‍ ഓരോ ഹന്ദുവും ഉണരണം എന്ന് പ്രവീണ്‍ തൊഗാഡിയയെപോലുള്ളവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. ഇസ്ലാം എന്ന അചാര വ്യവസ്ഥയുടെ രാഷ്ട്രിയ വ്യവസ്ഥയുടെ പേരാണ് ഇസ്ലാമിസം. സ്വയം ഒരു ഇസ്ലാമായി ജീവിച്ചതുകൊണ്ടുമാത്രം ഒരാള്‍ യാഥാര്‍ത്ഥ മുസ്ലീം ആകുന്നില്ല മറിച്ച് അയാള്‍ ഇസ്ലാമിസം എന്ന രാഷ്ട്രീയ വ്യവസ്ഥയെ സ്ഥാപിച്ചെയുക്കാന്‍ കൂടി പരിശ്രമിക്കുമ്പോഴേ യഥാര്‍ത്ഥ മുസ്‌ളീം ആകുകയുള്ളു. മതത്തിന്റെ രാഷ്ട്രീയ അജണ്ടകളില്‍ നിന്നാണ് തീവ്രവാദം ഉടലെടുക്കുന്നത് എന്ന് ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ കണ്ടെത്തുന്നു. സോവിയറ്റ് യുണിയന്‍ എന്ന ഒരു കാലത്തെ അതി പ്രധാന ശക്തിയെ തകര്‍ക്കാന്‍ വേണ്ടി അമേരിക്ക പ്രത്സാഹിപ്പിച്ച മത തീവ്രവാദമാണ് ഇന്ന് ലോകം മൊത്തം അനുഭവിക്കുന്ന ഇസ്ലാമിക തീവ്രവാദം എന്ന് ഹമീദ് സമര്‍ത്ഥിച്ചു.

വിവരം കെട്ടുപോയ ഒരു സമൂഹം

'ഞങ്ങളെ വിമര്‍ശിക്കരുത് അങ്ങിനെ ചെയ്താല്‍ ഏത് അവയവം ഉപയോഗിച്ചാണോ നിങ്ങള്‍ ഞങ്ങളോട് പ്രതികരിക്കുന്നത് ആ അവയവം ഞങ്ങള്‍ വെട്ടി ദൂരെ എറിയും' എന്ന താക്കീതാണ് തൊടുപുഴ ന്യൂമന്‍ കോളേജിലെ പ്രഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയതിലൂടെ മതതീവ്രവാദികള്‍ ചെയ്തത്. ചരിത്രത്തിലെ ചെറിയ ചില വര്‍ഗ്ഗീയ കലാപങ്ങളെ മാറ്റിനിര്‍ത്തിയാല്‍ നമ്മള്‍ കേരളീയര്‍ ഏറെ സുരക്ഷിതരാണെന്ന് അഹങ്കരിച്ചിരുന്നു. ഈ കൈവെട്ടു സംഭവത്തിലൂടെ മതതീവ്രവാദം അതിന്റെ പരസ്യമായ പൊതുജീവിതത്തിന്റെ പ്രഖ്യാപനമാണ് നടത്തിയത്. മതേതരമായ ഇടങ്ങള്‍ കേരളത്തിന്റെ സമകാലിക ജീവിതത്തില്‍ നിന്ന് ചുരൂങ്ങി ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെ കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കിയ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മദനിയെപ്പോലെയുള്ളവരുടെ ഓട്ടുബാങ്കില്‍ കണ്ണുവച്ച് അയാളുടെ വീട്ടുപടിക്കല്‍ കാവല്‍ കിടക്കുന്നു. മദനി അറസ്റ്റുചെയ്തപ്പോള്‍ മദനിയുടെ ഫോണിലേക്ക് നിന്തരമായി ഫോള്‍ ചെയ്ത കേരളത്തിലെ ബഹുമാനപ്പെട്ട ഒരു മന്ത്രിയെക്കുറിച്ച് കര്‍ണ്ണാടക പോലീസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് അതാരാണെന്ന് വെളിപ്പെടുത്തുകയുണ്ടായില്ല. അതാരാണെന്ന് രാഷ്ട്രീയ ബോധമുള്ള കേരളത്തിലെ ഓരോ മലയാളിക്കും നന്നായി അറിയാം.
തൊടുപുഴ ന്യൂമാന്‍ കോളജ് സംഭവത്തോട് അനുബന്ധിച്ച് കേരള നിയമസഭയില്‍ ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ സി. പി. മുഹമ്മദ് ഉയര്‍ത്തിയ വാദങ്ങള്‍ക്ക് അധികം മാധ്യമ ശ്രദ്ധ കിട്ടാതെ പോയി. അദ്ദേഹം നിയമസഭയില്‍ ചോദിച്ചു 'കര്‍ത്താവിനെന്തിനാ പൊന്‍കുരിശ്, മരക്കുരിശ് പോരേ എന്ന് പൊന്‍കുരിശ് തോമയെക്കൊണ്ട് ചോദിപ്പിച്ച കഥയുടെ കര്‍ത്താവായ വൈക്കം മുഹമ്മദ് ബഷിറന് ഇന്ന് ഇങ്ങിനെ ഒരു കഥയെഴുതാനാവുമായിരുന്നോ, അന്ന് ഇതെഴുതിയതിന്റെ പേരില്‍ ഒരു ക്രിസ്ത്യാനിയും മുസ്ലീമായ ബഷീറിനെ ആക്രമിച്ചില്ല. നിര്‍മ്മാല്യം എന്ന സിനിമയുടെ അവസാന ഭാഗം കണ്ടിട്ട് ആരും ആ സിനിമ എടുത്ത എം.ടിയെയോ ആ രംഗം അഭിനയിച്ച പി.ജെ ആന്റെണിയെയോ ആക്രമിച്ചില്ല. ഇന്ന് അങ്ങിനെ ഒരു സിനിമ എടുക്കാന്‍ കഴിയുമോ? നാടകമെഴുതിയതിന്റെ പേരില്‍ ആരും ചെന്ന് കെ.ടി. മുഹമ്മദിന്റെ കൈവെട്ടിയില്ല. "ഗുരുവായുരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും ഗോപുര വാതില്‍ തുറക്കും ഞാന്‍, ഗോപകുമാരനെ കാണും" എന്ന് യേശുദാസ് പാടിയപ്പോള്‍ ഒരു ക്രസ്ത്യനിയാണോ ഇത് പാടിയതെന്ന് ആരും നോക്കിയില്ല. അമ്പലമുറ്റത്ത് കലാമണ്ഡലം ഹൈദരാലിയുടെ കഥകളി സംഗീതം കേട്ട് ഇത് മുസ്ലീമാണെന്ന് പറഞ്ഞ് ആരും കലിതുള്ളിയുമില്ല. മുപ്പത്തിയഞ്ച്, നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ക്കുണ്ടായിരുന്ന വിവേകത്തിന്റെ നാലയലത്ത് എത്താന്‍ ഇന്നത്തെ മലയാളികള്‍ക്ക് കഴിയുന്നില്ല". മദ്യത്തിന്റെ മയക്കത്തില്‍ മലയാളി പെട്ടുപോയതുപോലെ മതതീവ്രവാദത്തിലും നാം അകപ്പെട്ടിരിക്കുന്നു. എല്ലാം ഉള്‍ക്കൊള്ളാനുള്ള പ്രാപ്തിയുണ്ടായിരുന്ന മലയാള ഭൂമിയെ കലാപഭൂമിയാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്''. എക്‌സൈസ്, സ്റ്റേഷനറി എന്നീ വകുപ്പുകളിന്മേലുള്ള ബഡ്ജറ്റ് ചര്‍ച്ചാവേളയിലാണ് ശ്രീ സി. പി. മുഹമ്മദ് എന്ന കോണ്‍ഗ്രസ്സ് നിയമസഭാ സമാജികന്‍ ഇത്രയും പറഞ്ഞത്.

വഴിതെറ്റിപോകുന്ന ചര്‍ച്ചകള്‍

ഹമീദ് ചേന്ദമംഗലൂര്‍ അവതരിപ്പിച്ച സെമിനാറിനുശേഷം അദ്ദേഹം അവതരിപ്പിച്ച വിഷയത്തില്‍ ചര്‍ച്ച നടന്നു. കേരളപ്പിറവിക്കു ശേഷം 54 വര്‍ഷം കഴിഞ്ഞ് നില്‍ക്കുന്ന ഈ ദശാസന്ധിയില്‍ കേരളത്തിന്റെ മുഖം പഴയതില്‍ നിന്ന് കൂടുതല്‍ സുന്ദരമായോ അതോ വികൃതമായൊ എന്ന് അന്വേഷിക്കകയാണ് ശ്രീ ഹമീദ് ചേന്ദമംഗലൂര്‍ എന്ന് കവി ശ്രീ കെ ഹരിദാസ് ചര്‍ച്ച ഉദ്ഘാടനം ചെയ്യവെ പറഞ്ഞു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ നമ്മള്‍ മുംബൈയിലെ ബുദ്ധിജീവികള്‍ പ്രതീക്ഷ തെറ്റിച്ചില്ല. മുംബൈയിലെ പരക്കെ കണ്ടുവരുന്ന ''പ്രസംഗരോഗത്തിന്റെ'' തുമ്മലും ചീറ്റലും അറുപതുകളില്‍ കേരളം വിട്ടവരുടെ ഫ്യൂഡല്‍ ജീവിതത്തിന്റെ ഒര്‍മ്മയും കൊണ്ട് മുംബൈയിലെ ബുദ്ധിജീവികള്‍ ഹമീദ് ചേന്ദമംഗലൂരിനെ വധിക്കുന്നതുകണ്ടു. കേരളത്തിന്റെ മാറുന്ന മുഖം എന്നാല്‍ നാമമാത്രമായ തീവ്രവാദമൊ നിസ്സാരമായി തള്ളിക്കളയാവുന്ന കൈവെട്ടൊ ഒന്നുമല്ല കാളവണ്ടിയില്‍ നിന്ന് ഫെരാരി കാറിലേക്ക് മാറിയ നമ്മുടെ സാങ്കേതിക സാമ്പത്തിക വളര്‍ച്ചയാണ്! എന്ന് ചില കാല്പനിക ബുദ്ധിജീവികള്‍ സമര്‍ത്ഥിച്ചു!!. സ്വന്തം അയല്‍വീട്ടില്‍ വരെ എത്തിനില്‍ക്കുന്ന തടിയന്റെ വിടന്‍മാരുടെ സാന്നിധ്യത്തെ ഇവരൊന്നും അറിയാതെ പോയതാണോ, അതൊ കണ്ടില്ലെന്നു നടിക്കുന്നതൊ അതൊ ഇവരുടെ ബുദ്ധി മരവിച്ചോ. . . ?

മുംബൈ സാഹിത്യവേദി പ്രതിമാസ ചര്‍ച്ച

ഒരെഴുത്തുകാരന്‍ ഒരു സര്‍ഗ്ഗാത്മക സൃഷ്ടി നടത്തുന്നതിലൂടെ അയാളുടെ വ്യക്തിജീവിതത്തെ പൊതുജീവിതവുമായി കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ എഴുത്തുകാരനും രാഷ്ട്രീയമുണ്ട്. രാഷ്ട്രീയം എന്നാല്‍ 'രാഷ്ട്രത്തെ സംബന്ധിക്കുന്നത്' എന്ന യഥാര്‍ത്ഥ അര്‍ത്ഥത്തിലാണ് ഞാന്‍ ഇവിടെ പ്രയോഗിക്കുന്നത്. രാഷ്ട്രീയം എന്ന വാക്കിന്റെ സമകാലിക ജീവിതത്തിലെ വ്യവഹാരങ്ങള്‍ ഇന്ന് പലതാണ്. ഒരു എഴുത്തുകാരന്റെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല; ആയിക്കൂടായ്കയുമില്ല. കണ്ണൂരിലെ കക്ഷിരാഷ്ട്രീയ സംഘട്ടനങ്ങളിലൂടെ, രക്തം മരവിപ്പിക്കുന്ന അക്രമ സംഭവങ്ങളിലൂടെ സ്വന്തം മകന്‍ നഷ്ടപ്പെടുമ്പോള്‍ ഒരമ്മയുടെ നെഞ്ചിലെ വേദനയുടെ രാഷ്ട്രിയമുണ്ടല്ലൊ, നീതികരിക്കാനാവാത്ത രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ അനാഥമാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ വയറ്റിലെ വിശപ്പിന്റെ രാഷ്ട്രീയമുണ്ടല്ലൊ, അതാണ് എഴുത്തുകാരന്റെ രാഷ്ട്രീയം. അത് അണികളെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി പപ്പോഴും കൊലപാതകികളാക്കി മാറ്റുന്ന കക്ഷിരാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയമല്ല.

കഴിഞ്ഞ നവംബര്‍ 7ന് മുംബൈ സാഹിത്യവേദി ചര്‍ച്ചയില്‍ എഴുത്തുകാരന്റെ രാഷ്ട്രീയത്തെക്കുറിച്ച് കാമ്പില്ലാത്തതെങ്കിലും ചിരിക്കാന്‍ വകയുള്ള പല വാദങ്ങളും അരങ്ങേറുകയുണ്ടായി. വേദിയില്‍ കവിത അവതരിപ്പിച്ച ആശിഷ് എബ്രഹാം ഒരു ഇടതുപക്ഷ സഹയാത്രികനാണ് എന്ന് ഞാന്‍ വേദിയുടെ ബ്ലോഗ്ഗിലെഴുതിയത് പലര്‍ക്കും അത്ര പിടിച്ചില്ല. ഇടതുപക്ഷം എന്നാല്‍ ഒരു ചിന്താപദ്ധതിയാണ്. ഒരു ഇടതുപക്ഷ സാഹയാത്രികനാണ് എന്ന് പറയാന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ ആവശ്യമില്ല. ഒരു കമ്മ്യൂണിസ്റ്റുകാരനാവുക എന്നാല്‍ ഒരു മനുഷ്യനാവുക എന്നതാണ് അര്‍ത്ഥം. ആത്മീയവും ഭൗതികവുമായ വ്യത്യസ്ത അടിത്തറയുള്ള പ്രത്യേയശാസ്ത്രാവബോധവും, രാഷ്ട്രീയാവബോധവുമാണ് ഒരു എഴുത്തുകാരനെ എന്നും എഴുത്തുകാരനാക്കി നിലനിര്‍ത്തുന്നത്. വിവിധരാഷ്ട്രീയ നൈതികതകള്‍ തമ്മില്‍ ആരോഗ്യകരമായ ഏറ്റുമുട്ടലുകള്‍ അനിവാര്യമാണ്. വേദിയില്‍ നിന്ന് വേദിക്കു വെളിയിലേക്കു നീണ്ട രസകരവും നിര്‍ഭാഗ്യകരവുമായ ചര്‍ച്ച സത്യത്തില്‍ ചിലരെയൊര്‍ത്ത് സഹതപിക്കേണ്ട ഗതികേടിലെത്തിച്ചു. എന്തിലും ഏതിലും രാഷ്ട്രീയത്തെ സന്നിവേശിപ്പിക്കുന്നതെന്തിന് എന്ന് പലരും രോക്ഷം കൊള്ളുന്നതു കണ്ടു. ''രാഷ്ട്രീയമെന്നാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതുപോലെ കക്ഷിരാഷ്ട്രീയമല്ല. ഓരോ എഴുത്തുകാരനും അവന്റേതായ രാഷ്ട്രീയം വേണം എന്ന് പത്രപ്രവര്‍ത്തകനും കവിയുമായ ജയന്‍ തനിമയും സഹൃദയനായ വില്‍സന്‍ കുര്യാക്കോസും സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതൊക്കെ വനരോദനമായി മാറുന്നതുംകണ്ടു.

പുതിയ കാവ്യഭാഷയേയും പുതുകവിതയുടെ സങ്കേതങ്ങളേയും സ്വന്തം കവിതകളിലേക്ക് സ്വാംശീകരിക്കാനുള്ള ഒരു ശ്രമം ആശിഷ് എബ്രഹാം കഴിഞ്ഞ സാഹിത്യവേദിയില്‍ അവതരിപ്പിച്ച കവിതകളില്‍ കാണാനായി. പക്ഷെ വേറിട്ട ഒരു ശില്പമികവൊ തനതു ബിംബ മാതൃകകളോ ആശയങ്ങളൊ ആശിഷിന്റെ കവിത പ്രകടിപ്പിക്കുന്നില്ല. എങ്കിലും പ്രതിഭയുടെ പുത്തന്‍ പൊടിപ്പുകള്‍ ആശിഷിന്റെ പലകവിതകളിലും സുവ്യക്തമാണ്. പലകവിതകളും വല്ലാത്തൊരു മരണാഭിമുഖ്യം പ്രകടിപ്പിക്കുന്നതായി വേദി പൊതുവേ വിലയിരുത്തി. പുതുനിരയില്‍നിന്ന് മുമ്പ് പലരും സാഹിത്യവേദിയില്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സാഹിത്യവേദിയില്‍ വരുന്നതിനു മുന്‍പും പിന്‍പും അവരുടെ സര്‍ഗ്ഗാത്മകതയില്‍ വന്നിട്ടുള്ള പ്രകടമായ മാറ്റങ്ങളെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മുംബൈ സാഹിത്യവേദിയുടെ മൂല്യത്തെ നമ്മള്‍ തിരിച്ചറിയുന്നു. ആശിഷിന്റെ കവിതാവതരണം കൊണ്ട് വേദിയെക്കാള്‍ ആശിഷ് എന്ന വളര്‍ന്നു വരുന്ന കവിക്കാണ് ഗുണമുണ്ടായിരിക്കുന്നത്. വേദിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത ഏതാണ്ടെല്ലാവരും കവിതയുടെ നന്മതിന്മകളെ ഭംഗിയായി വിലയിരുത്തി. ആശിഷിലെ കവിക്ക് പുതിയൊരു ദിശാബോധം നല്‍കാന്‍ ഈ ചര്‍ച്ച ഉതകിയിരിക്കുമെന്ന് വിശ്വസിക്കുന്നു.

സാഹിത്യവേദിയുടെ ചര്‍ച്ചകളിലും മുംബൈയുടെ സാംസ്‌കാരിക ജീവിതത്തിലാകമാനവും സജീവ സാന്നിധ്യമായിരുന്ന ചേപ്പാട് സോമനാഥന്‍ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ് നാട്ടിലേക്കു മടങ്ങിയതിനു ശേഷം അദ്ദേഹം ഇല്ലാത്ത ഒരു വേദിയായിരുന്നു കഴിഞ്ഞത്. ചില ആരോഗ്യപ്രശ്‌നങ്ങള്‍കൊണ്ട് നാട്ടില്‍ ചികിത്സയിലായിരുന്നതിനാലാണ് വേദിയില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. വേദിയില്‍ ചര്‍ച്ച നടക്കുമ്പോള്‍ നാട്ടില്‍ നിന്ന് ചേപ്പാടിന്റെ ഫോണ്‍ വന്നു. ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുത്തു എന്തൊക്കെ പറഞ്ഞു. . . . അങ്ങിനെ പലതും അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചറിഞ്ഞു. മനസ്സ് വേദിക്കൊപ്പവും ശരീരം നാട്ടിലുമായി അദ്ദേഹം നാട്ടിലെ വിരസമായ ദിവസങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാവാം. നാട്ടിലേക്ക് ഹാര്‍ദ്ദവമായ ഒരു യാത്രയയപ്പുനടത്താനും അദ്ദേഹത്തോടുള്ള ആദരവു പ്രകടിപ്പിക്കാനും സുഹൃത്തുക്കള്‍ മുമ്പോട്ടു വന്നപ്പോള്‍ അദ്ദേഹം അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. ''എനിക്ക് യാത്രയയപ്പ് തന്ന് മുംബൈയില്‍ നിന്ന് അകറ്റാന്‍ ധൃതിയായല്ലേ.. . .'' ബാലേട്ടന്‍ സ്റ്റൈലില്‍ അദ്ദേഹം പറയുന്നു ''ഞാനിവിടെയൊക്കെത്തന്നെ കാണും. ഇപ്പോള്‍ നടക്കുന്ന ചികിത്സകളൊക്കെ ഫലപ്രാപ്തിയിലെത്തിയാലുടന്‍ ഞാന്‍ മുംബൈയില്‍ തിരിച്ചെത്തും''. ചേപ്പാടിന്റെ അസുഖങ്ങളൊക്കെ എത്രയും പെട്ടെന്നുതന്നെ ഭേദമായി മുംബൈയിലേക്ക് തിരിച്ചെത്തട്ടെ എന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

വൈയ്യക്തികതയുടെ രാഷ്ട്രീയം.

വൈയ്യക്തികതയ്ക്കുപോലും അതിന്റേതായ ഒരു രാഷ്ട്രീയതലം ഉണ്ട്. പല ഡയറിക്കുറിപ്പുകളും അമൂര്‍ത്തമായ ഒരു സാമൂഹികബോധത്തില്‍ നിന്നാണ് ഉടലെടുക്കുന്നത.് ഈ ഡയറിക്കുറിപ്പുകള്‍ ആരെങ്കിലും എന്നെങ്കിലും കണ്ടെടുക്കപ്പെടും എന്ന് ഏതൊരു സ്വകാര്യ ഡയറിയെഴുത്തുകാരനും ആഗ്രഹിക്കുന്നുണ്ടാവണം. അങ്ങിനെയല്ലെങ്കില്‍ സ്വന്തം വൈയ്യക്തികമായ എഴുത്തുകളിലൂടെ, സ്വയം സംവദിക്കുന്നതിലൂടെ പലരും നടത്തുന്നത് സ്വന്തം ദര്‍ശനങ്ങളുടേയും സര്‍ഗ്ഗാത്മകതയുടേയും വിരേചന പ്രക്രിയയാണ്. നല്ലൊരു എഴുത്തുകാരനിലേക്ക് വളരാനുള്ള ആഗ്രഹത്തിന്റേയും നിരാശയുടേയും ഫലമായൊക്കെ ഡയറികളില്‍ മഷിപുരളാം.
അന്തരിച്ച നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരുടെ മകള്‍ കനകശ്രീ നല്ലൊരു കവിയത്രിയായിരുന്നു എന്ന് തിരിച്ചറിയുന്നത് അവര്‍ അകാലത്തില്‍ മരിച്ച് കുറച്ചുനാളുകള്‍ക്ക് ശേഷമാണ്. സ്വന്തം മകളുടെ മനസ്സിലെ സര്‍ഗ്ഗാത്മക ശക്തിയുടെ ആഴം അച്ഛനായ താന്‍ അറിയുമ്പോഴേക്കും സ്വന്തം മകള്‍ തന്നെവിട്ടുപോയിരുന്നു എന്ന് തിക്കുറിശ്ശി പുറത്തിറക്കിയ കനകശ്രീയുടെ കവിതകളുടെ സമാഹാരത്തിന്റെ ആമുഖത്തില്‍ പരിതപിക്കുന്നുണ്ട്. കാലാകാരനായ അച്ഛനും പ്രിയതമനും, ബന്ധുക്കളുമറിയാതെ ഒളിപ്പിച്ചുവച്ച കനകശ്രീയിലെ കവിയത്രിയെ മലയാളം കണ്ടെത്തുമ്പോഴേക്കും അവര്‍ ഈ ലോകത്തോടുതന്നെ വിടപറഞ്ഞിരുന്നു. സ്വന്തം വൈയ്യക്തികജീവിതത്തിനോടുള്ള സത്യസന്ധമായ പ്രതികരണമായിരുന്നു കനകശ്രീയുടെ കവിതകള്‍. ഭര്‍ത്താവിനേയും തന്റെ ഉടലില്‍ പിറവിയെടുത്ത തന്റെ പൊന്നോമനകളേയും കലാകാരനും പ്രതാപിയുമായ തന്റെ പ്രിയ പിതാവിനേയും കനകശ്രീ അതിശയിപ്പിക്കുന്ന കാവ്യഭംഗിയോടെ ആവിഷ്‌ക്കരിച്ചു. അന്നത്തെ സമകാലിക സാഹിചര്യത്തിലെ ഒരു സാധാരണ വീട്ടമ്മയേയും അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളെ അവര്‍ സ്വയം ഉദാത്തവല്‍ക്കരിക്കുന്നതിന്റേയും, ആഘോഷിക്കുന്നതിന്റേയും ഒരു ചിത്രം ആ കവിതകളില്‍ നിന്ന് നമ്മുക്ക് കിട്ടുന്നുണ്ട്. തൊണ്ണൂറുകളില്‍ നന്ദിതയുടെ
കവിതകളേയും മലയാളം കണ്ടെടുക്കുന്നത് ഇതിലും വേദനാജനകമായ ഒരു സാഹചര്യത്തിലാണ്. ഇവരുടെ കവിതകള്‍ സമകാലിക കവിതകളോട് ചേര്‍ത്തുവയ്ക്കാവുന്നവയെന്നൊ അതല്ലെങ്കില്‍ ഇവയൊക്കെ ഉദാത്തമായിരുന്നു എന്നൊ അല്ല ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. വലിയൊരു കാലയളവോളം കണ്ടെടുക്കപ്പെടാതെ പുറംലോകമറിയാതെ വൈയ്യക്തികമായി അനുഷ്ടിച്ചിരുന്ന ഒരു സര്‍ഗ്ഗാത്മക ജീവിതത്തെ സമൂഹം എങ്ങിനെ ഏറ്റുവാങ്ങുന്നു എന്നു കൗതുകത്തോടെ നോക്കിക്കാണുകയാണ്. മരിച്ചവന്റെ മുറിയില്‍ നിന്ന് അവന്‍ ജീവിച്ചതിന്റെ അടയാളങ്ങളെ ആദരവോടെയും വേദനയോടെയും നോക്കിക്കാണുന്ന ഒരു മാനസികാവസ്ഥമാത്രമല്ല ഇത്തരം സാഹിത്യ സൃഷ്ടികള്‍ കൊണ്ടാടപ്പെടുന്നതിന്റെ അടിസ്ഥാനം. മറിച്ച് കഴിവുണ്ടായിട്ടും എന്തുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവര്‍ എത്തിയില്ല എന്ന് വേദനപ്പെടുകയാണ് ഇതിലൂടെ സമൂഹം ചെയ്യുന്നത്.

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

എഴുത്തിന്റെ അരൂപികളായ “ബോധരൂപങ്ങള്‍”

സര്‍ഗ്ഗാത്മകതയുടെ രസതന്ത്രത്തെക്കുറിച്ച്‌ ഉണ്ടായിട്ടുള്ള ശാസ്ത്രീയമായ പല നിരീക്ഷണങ്ങളില്‍ ആധികാരികമായി എടുക്കുന്നത്‌ സിഗ്മണ്ട്‌ ഫ്രോയിഡിനേയാണ്‌. മനസ്സിന്റെ അബോധങ്ങളില്‍ അരൂപിയായി അലഞ്ഞു നടക്കുന്ന എഴുത്തിന്റെ അസംസ്കൃത വസ്തുക്കളായ ബോധരൂപങ്ങളെക്കുറിച്ച്‌ ഫ്രോയിഡ്‌ വ്യക്തമായ ചില ചിത്രങ്ങള്‍ തരുന്നു. ഭൌതിക ജീവിതത്തില്‍ ഒരു ദ്രവ്യത്തെ കാണാനും സ്പര്‍ശിക്കാനും നമ്മുക്ക്‌ കഴിയുന്നതുപോലെ ആന്തരിക ജീവിതത്തില്‍ ബോധത്തിന്റെ അരൂപിയായ ചില ദ്രവ്യങ്ങളെ നമ്മുക്ക്‌ കണ്ടെത്താന്‍ കഴിയും. ഈ ആന്തരിക ദ്രവ്യത്തിന്റെ ഭൌതിക പരിവര്‍ത്തനമാണ്‌ എഴുത്ത്‌. ഒരു "ഖസാക്ക്‌" ഉണ്ടാവുന്നതിനു മുന്‍പ്‌ ഒ. വി. വജയന്റെ ആന്തരിക ജീവിതത്തില്‍ ഖസാക്കിന്റെ "ബോധരൂപങ്ങള്‍" മോചനവും കാത്തുകിടന്നിരിക്കാം. കാലത്തിന്റെ അനന്ത പ്രവാഹത്തെ പാലക്കാട്ടിലെ കാറ്റുപിടിക്കുന്ന കരിമ്പനകളിലൂടെ. . . അള്ളാപ്പിച്ചാ മൊല്ലാക്കയിലൂടെ. . . കൈമറിയുന്ന പ്രവാചക ശബ്ദങ്ങളിലൂടെ ഖസാക്കിന്റെ "ബോധരൂപത്തെ" ഒ. വി. വിജയന്‍ നോവല്‍ സാഹിത്യത്തിലൂടെ ഭൌതിക പരിവര്‍ത്തനം നടത്തുകയായിരുന്നു. മനസ്സിലെ അരൂപിയായ ഖസാക്കിനെ, അതിന്റെ തലമുറകളിലൂടെയുള്ള കാലത്തിന്റെ മഹാ പ്രവാഹത്തെ വരച്ചുവയ്ക്കാനായി ഒ. വി. വിജയന്‍ ആദ്യം തന്നെ മനസ്സിന്റെ ആന്തരികവും ആത്മീയവുമായ സത്തകളെ ഒപ്പിയെടുക്കാന്‍ പരിപക്വവും കെട്ടുറപ്പുമുള്ള ഒരു ഭാഷയെ രൂപപ്പെടുത്തിയിരുന്നു. ഭാഷ പാലക്കാടന്‍ ഗ്രാമങ്ങളുടെ നാവില്‍ വിജയനെ കാത്തുകിടന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ആത്മാവിന്റെ ശബ്ദത്തെ ചിന്തകളുടെ ചെറുതും വലുതുമായ മുഴക്കങ്ങളെ ഭാഷയുടെ ജൈവീക സ്വരങ്ങളിലൂടെ പരിവര്‍ത്തനം ചെയ്യിക്കാനുള്ള കഴിവാണ്‌ ഒ. വി. വിജയനെ മലയാളത്തിലെ എഴുത്തുകാരില്‍ നിന്ന്‌ വേര്‍തിരിച്ചു നിര്‍ത്തിയത്‌. മനസ്സിന്റെ ഉന്‍മാദത്തേയും സാഹിത്യ ഭാവനയേയും കുറിച്ച്‌ കെ. പി. അപ്പന്‍ എഴുതിയിട്ടുണ്ട്‌. ഉന്‍മാദത്തിനും സമചിത്തതയ്ക്കുമിടയിലൂടെയുള്ള നൂല്‍പാലത്തിലൂടെ വൈക്കം മുഹമ്മദ്‌ ബഷീര്‍ സഞ്ചരിക്കുന്നതിനെ കണ്ടെത്തുന്ന അദ്ദേഹത്തിന്‍റെ ഒരു ലേഖനമുണ്ട്‌. ഒരു എഴുത്തുകാരന്‍ സമചിത്തതയില്‍ നിന്ന്‌ ഉന്‍മാദത്തിലേക്കും അവിടെ നിന്ന്‌ തിരിച്ചും യാത്ര ചെയ്യുമ്പോള്‍ അയാളുടെ സര്‍ഗ്ഗാത്മകതയില്‍ നിന്ന്‌ ഉത്പാദിപ്പിക്കപ്പെടുന്ന വളരെ അപൂര്‍വ്വമായ വായനാനുഭവത്തെ അദ്ദേഹം പ്രസ്തുതലേഖനത്തില്‍ കണ്ടെത്തുന്നു*. എഴുത്തിന്റെ അടിസ്ഥാനം മനസ്സാണ്‌ അതിന്റെ ഉല്‍പന്നമാണ്‌ എഴുത്ത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. മനസ്സിന്റെ ഉന്‍മാദത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കപ്പെടുന്നിടത്ത്‌ യുക്തിഭദ്രതയ്ക്ക്‌ ചിലപ്പോള്‍ യാതൊരു സ്ഥാനവുമുണ്ടായെന്നുവരില്ല. ഇവിടെ അന്വേഷിക്കാന്‍ ശ്രമിക്കുന്നത്‌ മനസ്സിന്റെ അടിത്തട്ടില്‍ പലയിടങ്ങളിലായി മേഞ്ഞുനടക്കുന്ന അരൂപിയായ ചില "ബോധരൂപങ്ങളെ"ക്കുറിച്ചാണ്‌.

മനസ്സിലെ "ബോധരൂപങ്ങള്‍"
ബോധരൂപങ്ങള്‍ എന്ന വാക്ക്‌ ഒരു പക്ഷെ പുതിയതായി തോന്നാം. ഈ വാക്കിന്റെ നിലവിലുള്ള വ്യവഹാരങ്ങള്‍ എന്തുതന്നെയായാലും തികച്ചും ആന്തരികമായ ചില സമസ്യകളെ പ്രതിനിധാനം ചെയ്യുന്ന ഈ വാക്കിനു പകരം വയ്ക്കാന്‍ വേറൊന്നെനിക്ക്‌ കിട്ടിയില്ല. വികാരങ്ങളുടേയും ഓര്‍മ്മകളുടേയും അസംഖ്യം ഇമേജുകളുടേയും ആകത്തുകയാണ്‌ മനസ്സ്‌. മനസ്സില്‍ തോന്നുന്നതില്‍ പലതും നമ്മള്‍ നമ്മുടെ ആത്മസുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുണ്ട്‌. സാധാരണ ജീവിതത്തില്‍ നടക്കുന്ന ഈ പ്രക്രിയയല്ല ഒരു സാഹിത്യ സൃഷ്ടിക്ക്‌ ആധാരം. മനസ്സിലുള്ളത്‌ വിളിച്ചു പറയുന്നത്‌ ഒരിക്കലും ഒരു സാഹിത്യ സൃഷ്ടിയായിക്കൊള്ളണമെന്നില്ല. മനസ്സിലെ പൂര്‍ണ്ണകായ ചിത്രങ്ങളെ അതേപടി വെറുതെ അവതരിപ്പിച്ചതുകൊണ്ട്‌ ഒരു നല്ല സാഹിത്യ സൃഷ്ടിയുണ്ടായിക്കൊള്ളണമെന്നില്ല.
ഒരാള്‍ ഹിമാലയം സന്ദര്‍ശിച്ച്‌ തിരികെ വന്നതിനുശേഷം തന്റെ എഴുത്തു മുറിയില്‍ ഇരുന്ന്‌ ഒരു യാത്രാ വിവരണം തയ്യാറാക്കാന്‍ ശ്രമിക്കുന്നു എന്നിരിക്കട്ടെ. താന്‍ കണ്ട കാഴ്ചകളെ എഴുത്തിലൂടെ പുനസൃഷ്ടിക്കുക എന്നത്‌ അയാള്‍ക്ക്‌ അത്ര ശ്രമകരമായ ഒരു കാര്യമായിരിക്കില്ല. മറിച്ച്‌ ഹിമാലയത്തെ കാഴ്ചകള്‍ക്ക്‌ അതീതമായ ഒരു സത്തയായി അവതരിപ്പിക്കാനാണ്‌ അയാള്‍ ശ്രമിക്കുന്നതെങ്കില്‍ തന്റെ യാത്രാനുഭവങ്ങളുടെ പുര്‍ണ്ണ സ്വരൂപത്തിനുമപ്പുറത്തെ അവ്യക്തമായ ചില ബോധരൂപങ്ങളെ അയാള്‍ തന്റെ ആന്തരിക ജീവിതത്തില്‍ സന്ധിക്കേണ്ടതായി വരും. അങ്ങിനെ വരുമ്പോഴാണ്‌ എഴുത്ത്‌ ഏറെ ശ്രമകരമായ ഒരു പ്രക്രിയയായി ഓരോ എഴുത്തുകാരനും അനുഭവപ്പെടുന്നത്‌.

മനസ്സിലെ അരൂപിയായ പക്ഷികളാണ്‌ ബോധരൂപങ്ങള്‍. ഈ പക്ഷികള്‍ക്ക്‌ തൂവലുകളും ആകാശവും കൊടുക്കേണ്ടത്‌ എഴുത്തുകാരന്റെ ബാധ്യതയാണ്‌. ഓരോ എഴുത്തുകാരുടെയും മാനസിക പ്രകൃതികള്‍ വൈവിധ്യം നിറഞ്ഞതായിരിക്കും. ചിലര്‍ അതിസൂക്ഷ്മമായ ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു മറ്റു ചിലര്‍ ചിന്തകളുടെ സ്ഥൂലമായ ലോകത്തില്‍ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നത്‌, അഭയാര്‍ത്ഥികള്‍ തുടങ്ങിയ നോവലുകള്‍ കൈയ്യിലെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ മനസ്സിന്റെ ആന്തരിക ഘടനാ വ്യത്യാസങ്ങള്‍ ബോധ്യമാകും. അതിസൂക്ഷ്മമായ ദര്‍ശനങ്ങളിലൂടെ വിരിയിച്ചെടുക്കുന്ന അല്ലെങ്കില്‍ ഇവിടെ അന്വേഷിക്കുന്നതുപോലെ എഴുത്തുകാരന്റെ മനസ്സില്‍ രൂപപ്പെടുന്ന "ബോധരൂപങ്ങള്‍" എഴുത്തിലൂടെ ഭൌതിക പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ഇത്തരം കൃതികള്‍ മുഖ്യധാരയില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നു. അതു തന്നെയാണ്‌ ആഷാ മേനോന്‍റെ മിക്കവാറുമുള്ള എല്ലാകൃതികളിലും നമ്മുക്ക്‌ കാണാന്‍ കഴിയുന്നത്‌. ഈയിടെ ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ആഷാമേനോനെ വായിക്കാന്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ അദ്ദേഹം തന്നെ വീണ്ടും മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യണമെന്നാണ്‌. ആന്തരിക ജീവിതത്തെ, അതിന്റെ ചിന്താ കുസുമങ്ങളെ, സൈദ്ധാന്തികമായ ധാരണകളെ, അതിനാധാരമായ മൌലികമായ ബോധരൂപങ്ങളെ ഉചിതമായ ഭാഷയിലൂടെ ആവിഷ്ക്കരിച്ച്‌ പുതിയ ഭാവുകത്വ പരിണാമം സൃഷ്ടിച്ച എഴുത്തുകാര്‍ മാലയാളത്തില്‍ ഉണ്ടായിട്ടുണ്ട്‌. എം. എന്‍. വിജയന്‍ തന്റെ എഴുത്തിലൂടെ ഊര്‍ജ്ജം എന്ന ബോധരൂപത്തെ അതിന്റെ ആന്തരിക സത്തയെ വായനക്കാരന്‌ നല്‍കിയ ധിഷണാശാലിയായിരുന്നു. ഒരാള്‍ ഊര്‍ജജം എന്നു പറയുമ്പോള്‍ അത്‌ കേള്‍ക്കുന്ന ആളില്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജത്തെക്കുറിച്ചുള്ള ചിത്രത്തെ, അല്ലെങ്കില്‍ ചലിക്കുന്ന ഒരു വസ്തുവിലൂടെ നമ്മുക്ക്‌ അനുഭവവേദ്യമാകുന്ന ഊര്‍ജ്ജത്തിന്റെ ദ്രവ്യമാനങ്ങളെ എം. എന്‍. വിജയന്‍റെ എഴുത്തുകളിലൂടെ വായനക്കാരന്‌ പകര്‍ന്നുകിട്ടിയിരുന്നു. സ്വപ്നങ്ങളുടേയും ഭാവനയുടേയും മായിക വലയങ്ങളെ മികവുറ്റ ഭാഷായന്ത്രംകൊണ്ട്‌ വരുതിക്കു നിര്‍ത്താന്‍ കൃതഹസ്തരായ എഴുത്തുകാര്‍ക്കുമാത്രമേ കഴിയൂ. ഫിക്ഷനുകളില്‍ പലരും തങ്ങളുടെ ആന്തരിക ജീവിതത്തില്‍ സന്ധിക്കുന്ന സമസ്യകളെ നിയോറിയലിസ്റ്റിക്‌ രീതികളിലൂടെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കാറുണ്ട്‌. എഴുത്തുകാരന്‍ ബോധപുര്‍വ്വം അങ്ങിനെയൊരു സങ്കേതത്തെ തിരഞ്ഞെടുക്കുകയല്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. പുതുനിരയിലെ ആര്‍. ഉണ്ണിയുടെ പലകഥകളിലും എം. ജി. രാധാകൃഷ്ണന്‍റെ ഭൂരിഭാഗം കഥകളിലും ഈ ഒരനുഭവം സ്ഥായിയായി ഉണ്ട്‌. മനസ്സില്‍ രൂപപ്പെടുന്ന ബോധരൂപങ്ങളുടെ അതേ സ്വഭാവത്തെ വാക്കുകളിലേക്ക്‌ ആവാഹിക്കാന്‍ അവര്‍ക്ക്‌ ആവുന്നു.

ഏതൊരു സാഹിത്യ സൃഷ്ടിയുടേയും ആധാരം മനസ്സില്‍ രൂപപ്പെടുന്ന ബോധരൂപങ്ങളാണ്‌. അതിന്റെ ആവിഷ്ക്കാരമാണ്‌ ഓരോ കൃതികളും. മനസ്സില്‍ അരൂപിയായ ബോധരൂപങ്ങള്‍ കൂടാതെ കൃത്യമായ അളവും തൂക്കവുമുള്ള ഇമേജുകളും ഉണ്ടാകും. സമകാലിക സാഹിത്യരചനകള്‍ ഒരെഴുത്തുകാരനെ അമിതമായി സ്വാധീനിക്കുമ്പോഴാണ്‌ ഇത്തരം റെഡിമെയ്ഡ്‌ ഇമേജുകള്‍കൊണ്ട്‌ മനസ്സ്‌ നിറഞ്ഞു കവിയുന്നത്‌. നിത്യജീവിതത്തില്‍ നാം കാണുന്ന പരസ്യങ്ങളും സിനിമകളുമൊക്കെ ഒരുപാട്‌ റെഡിമെയ്ഡ്‌ ഇമേജുകള്‍ മനസ്സില്‍ കുത്തിനിറയ്ക്കുന്നു. ഈ ഇമേജറികളെ നിരത്തിവച്ചുകൊണ്ട്‌ ഒരു സാഹിത്യ സൃഷ്ടി നടത്തുക എന്നത്‌ തികച്ചും അനായാസമായ ഒരു പക്രിയയാണ്‌. രണ്ടുതരം മദ്യത്തെ ഒരു കുപ്പിയില്‍ ലയിപ്പിച്ച്‌ പുതിയ ഒരു മദ്യം ഉണ്ടാക്കുന്നതുപോലെ എളുപ്പം സാധിക്കുന്ന ഇത്തരം കണ്‍കെട്ടു വിദ്യകള്‍ സമകാലിക സാഹിത്യത്തില്‍ എത്രവേണമെങ്കിലും കാണാവുന്നതാണ്‌. കൈ നനയാതെ മീന്‍പിടിക്കുന്ന ഈ തന്ത്രം പയറ്റുന്ന ഒരുപാട്‌ പുതിയ എഴുത്തുകാര്‍ നമ്മുക്കുണ്ട്‌. സച്ചിദാനന്ദന്റെ കാവ്യഭാഷയും കെ. ജി. എസ്സിന്‍റെ നിരീക്ഷണവും, മോഹനകൃഷ്ണന്‍ കാലടിയുടെ ആവിഷ്ക്കരണവും പച്ചയ്ക്ക്‌ കുഴച്ചെടുത്ത്‌ സമകാലിക സംഭവങ്ങളില്‍ മുക്കി ഒന്നു ധ്വനിപ്പിക്കുന്ന ചില ടെക്നിക്കുകള്‍. ഇത്രയും മതി പുതിയ എഴുത്തുകാര്‍ക്ക്‌ ആവശ്യംപോലെ കവിതകളുണ്ടാക്കാന്‍ "കാട്ടിലെ തടി തേവരുടെ ആന". മനസ്സിലെ ബോധരൂപങ്ങളെ കണ്ടെത്തി പഴാക്കുന്ന സമയമുണ്ടെങ്കില്‍ സമകാലികതയിലെ എറ്റവും വലിയ കെ.ജി.എസ്സ്‌ ആകാം എന്നാവും അവരുടെ ചിന്ത. ആന്തരിക ജീവിതമൊ ആന്തരിക യാത്രകളോ ധ്യാനമോ വേണ്ട ബോധരൂപങ്ങളുടെ സങ്കീര്‍ണ്ണതയില്‍ സര്‍ഗ്ഗാത്മക പ്രതിസന്ധികളില്‍ ഉഴലേണ്ടതില്ല. ഇത്തരം "ഗിമ്മിക്കുകള്‍" കൊണ്ട്‌ ഉത്തരാധൂനിക ജീവിതം ശബ്ദമുഖരിതമാവുകയാണ്‌.
സ്വന്തം ബോധരൂപങ്ങളെ അതേപടി വാക്കുകളില്‍ പിടിച്ചിരുത്തുന്ന ഒരു സര്‍ഗ്ഗാത്മക രീതി മേതില്‍ രാധാകൃഷ്ണന്‍ ആവിഷ്ക്കരിച്ചിരുന്നു. പുതിയ ചില സംവേദനരീതികള്‍ ആവശ്യപ്പെടുന്ന ഇത്തരം രചനാ രീതികള്‍ക്ക്‌ വായനക്കാര്‍ കുറവായിരുന്നു. ആനന്ദിനേയും ആഷാമേനോനേയും മേതിലിനേയും വായിക്കുന്നതില്‍പരം വേറൊരു ആത്മ പീഢയില്ലെന്നുവരെ പലരും ചിന്തിച്ചു തുടങ്ങി. ഒരു ന്യൂനപക്ഷത്തിന്‍റെ ധൈഷണിക ജീവിതത്തെ മാത്രം തൃപ്തിപ്പെടുത്തിയതുകൊണ്ട്‌ സാഹിത്യത്തിന്‌ എന്താണ്‌ ഗുണം എന്നൊരു ചിന്ത സാധാരണ വായനക്കാരില്‍ നിലനിന്നിരുന്നു.
ലോകത്തെ എല്ലാ പദാര്‍ത്ഥങ്ങളും മൃദുലമല്ല കഠിനവും മൃദുലവും അദൃശ്യവുമായ ഒരുപാട്‌ സംഗതികള്‍ ലോകത്തുണ്ട്‌. ആശയങ്ങളും അങ്ങിനെതന്നെയാണ്‌. സൂക്ഷമവും സ്തൂലവുമായ പല ഘടനയില്‍ അത്‌ മനുഷ്യന്‍റെ ആന്തരിക ജീവിതത്തില്‍ മേഞ്ഞുനടക്കുന്നു. ചിലപ്പോഴെങ്കിലും നമ്മള്‍ പറയാറില്ലേ "ആലോചിച്ചിട്ട്‌ ഒരു രൂപവുമില്ല" എന്നൊക്കെ. . . എന്തുകൊണ്ടാണത്‌..?. മനസ്സില്‍ നാം കണ്ടുമുട്ടുന്ന അരൂപികളായ സംഗതികളെ ശരിയായ രീതിയില്‍ പിടിച്ചെടുക്കാന്‍ നമ്മുക്ക്‌ കഴിയുന്നില്ല എന്നല്ലെ ഇപ്പറഞ്ഞതിന്‍റെ അര്‍ത്ഥം. മനസ്സിലെ യാതൊരു രൂപവുമില്ലാത്ത ഇത്തരം ജീവിത സത്തകള്‍ക്ക്‌ ഭൌതിക രൂപം കൊടുത്ത്‌ വായനക്കാരന്റെ ധൈഷണിക ജീവിതത്തിന്‌ ഊര്‍ജ്ജം നല്‍കുന്ന ഒരു കൃതിയാക്കിമാറ്റുമ്പോള്‍ ചിലതിന്‌ സുതാര്യത താരതമ്യേന കുറഞ്ഞെന്നു വരാം. വേറിട്ട ഒരു സംവേദനക്ഷമത ആവശ്യപ്പെടുന്ന ഇത്തരം കൃതികള്‍ അതിന്‍റെ സത്വഗുണം കൊണ്ട്‌ കാലത്തെ അതിജീവിക്കും. തികച്ചും സംവേദനക്ഷമമാകുന്ന തരത്തില്‍ ഒരു എഴുത്തുകാരന്‍ തന്റെ മനസ്സിലെ ബോധരൂപങ്ങളെ പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്‌. ഒരിക്കല്‍ പോലും ആഷാമേനോന്‍ ആരീതിയില്‍ ശ്രമിച്ചുകണ്ടിട്ടില്ല. ചില ബോധരൂപങ്ങള്‍ അതിന്റെ ആന്തരിക സ്വഭാവം കൊണ്ട്‌ കൃതികളെ ദുര്‍ഗ്രാഹ്യമാക്കും. അതു തന്നെയാണ്‌ ആനന്ദിന്റെ അഭയാര്‍ത്ഥികള്‍ക്കും ജൈവമനുഷ്യനും സംഭവിച്ചത്‌. ആഷാമേനോന്റെ ആന്തരിക ജീവിതത്തില്‍ വിഹരിക്കുന്ന ബോധരൂപങ്ങള്‍ അത്ര പെട്ടെന്ന്‌ ഭാഷാ യന്ത്രത്തിന്‌ പിടികൊടുക്കുന്നവയല്ല. അതുകൊണ്ടാണ്‌ അദ്ദേഹത്തിന്‍റെ കൃതികള്‍ സാധാരണ സംവേദന ശീലത്തില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നത്‌.

അടുത്തിടെ പുറത്തിറങ്ങിയ ബി. രാജീവന്‍റെ "വാക്കുകളും വസ്തുക്കളും" എന്ന പുസ്തകം വായിച്ചപ്പോള്‍ ആഷാമേനോനേയും ആനന്ദിനേയും തല്‍ക്കാലം വെറുതെ വിടാനാണ്‌ തോന്നിയത്‌. കാരണം അവര്‍ക്കൊക്കെ കുറഞ്ഞത്‌ സത്യസന്ധതയെങ്കിലുമുണ്ട്‌. ബി. രാജീവന്‍റെ പല ലേഖനങ്ങളും സത്യസന്ധമല്ല. ഇറക്കുമതിചെയ്ത ആശയങ്ങളെ ഭാഷയിലിട്ട്‌ കലക്കിമറിക്കുകയാണ്‌ ബി. രാജീവന്‍ ചെയ്യുന്നത്‌. അവസാനം ചേറും ചെളിയും പുരണ്ടവാക്കുകളായി സിനോപ്സയും ഗ്രാംഷിയുമോക്കെ നില്‍ക്കുന്നതായിരിക്കും വായനക്കാര്‍ കാണുക. പുസ്തകത്തിലെ ടൈറ്റില്‍ ലേഖനത്തോടാണ്‌ എനിക്കുള്ള വിയോജിപ്പിലേറെയും. ഇവിടെ നാം ചര്‍ച്ച ചെയ്യുന്നതുപോലെ ഒരു സൃഷ്ടിയുടെ ആദിരൂപമായ അരൂപിയായ ബോധരൂപങ്ങളെ സുതാര്യമായി ആവിഷ്ക്കരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതേയില്ല. വിഷയത്തിന്റെ സാന്ദ്രതയെ ചൂഷണം ചെയ്യുന്നതിനു പകരം ബോധപൂര്‍വ്വം അതിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. 'ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമമാണ്‌' എന്നുള്ള പഴഞ്ചന്‍ വാദത്തെ പുതിയ ചില ദര്‍ശനങ്ങളിലൂടെ എതിര്‍ക്കാന്‍ ശ്രമിക്കുകയാണ്‌ ബി. രാജീവന്‍ പ്രസ്തുതലേഖനത്തില്‍. അദ്ദേഹം പറയുന്നു "ഭാഷ ഒരു പ്രവൃത്തിയാണ്‌ (action) നിങ്ങളെ തൂക്കികൊല്ലാന്‍ വിധിക്കുന്നു എന്ന്‌ കോടതി കുറ്റവാളിയോട്‌ പറയുന്നതിലൂടെ വെറുതെ ഒരു സന്ദേശം കൈമാറ്റം ചെയ്യപ്പെടുകയല്ല മറിച്ച്‌ ഭാഷ ക്രിയാത്മകമായ ഒരു പ്രവൃത്തിചെയ്യുകയാണ്‌ എന്ന്‌ അദ്ദേഹം പറയുന്നു. വളരെ ദീര്‍ഘമായ ഈ ലേഖനത്തിന്‍റെ കേന്ദ്രം ഈ ഒരൊറ്റ 'ത്രെഡ്‌' ആണ്‌. ബി. രാജീവന്റെ ഭാഷാ യന്ത്രം അദ്ദേഹത്തിന്റെ വിഷയത്തെ അനാവശ്യമായി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്‌ ചെയ്യുന്നത്‌. സ്വന്തം ഭാഷയില്‍ ബോധപുര്‍വ്വം വരുത്തി തീര്‍ക്കുന്ന ഇത്തരം സങ്കീര്‍ണ്ണതകളെ നെല്ലും പതിരുമായി വേര്‍തിരിച്ചെടുത്തു മനസ്സിലാക്കാന്‍ ഇക്കാലത്ത്‌ വായനക്കാരനെ ആരും പഠിപ്പിക്കേണ്ടതില്ല. ഇതേ പുസ്തകത്തില്‍ കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകളെക്കുറിച്ച്‌ ബി. രാജീവന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ വളരെ സമഗ്രമാണ്‌.

എഴുത്തുകാരന്‍റെ ജലാശയങ്ങള്‍
ജലം + ആശയം = ജലാശയം. ജലാശയമെന്നാല്‍ ആഴവും പരപ്പുമുള്ള പ്രകൃതി ഒരുക്കിയ ജലസങ്കേതം. പര്‍വ്വതങ്ങളുടെ മസ്തകത്തില്‍ പെയ്തൊരു മഴയില്‍ നിന്ന്‌ നീരൊഴുക്കുകളായി തോടുകളായി പുഴകളായി ജലാശയത്തില്‍ ജലം ലയിക്കുന്നു. അതായത്‌ ജലം വലിയ ഒരു രൂപത്തെ പ്രധിനിധീകരിക്കുന്നു. ഈ വലിയ രൂപത്തെ നാം ഇപ്പോള്‍ വിളിക്കുന്നത്‌ ജലാശയം എന്നാണ്‌. ജലാശയം എന്ന രൂപത്തിലേക്ക്‌ എത്തിച്ചേരാന്‍ ജലം ഒരുപാട്‌ രൂപങ്ങളിലൂടെ ഒഴുകിയിരുന്നു. മനസ്സിലെ ബോധരൂപങ്ങള്‍ ഒരു കലാകാരന്റെ സൃഷ്ടി മേഘങ്ങളാണ്‌ അതിനെ മഴയാക്കി നീരോട്ടമാക്കി ജലാശയം എന്ന ജലത്തിന്‍റെ ഏകരൂപത്തിലേക്ക്‌ എന്നതുപോലെ സ്വന്തം കലയെ ആവിഷ്ക്കരിക്കേണ്ടതുണ്ട്‌.


ജലത്തെ ആകാശത്തേക്ക്‌ എറിഞ്ഞ്‌ പിടിച്ചാല്‍ അത്‌ മഴയാവില്ല. സമകാലികതയുടെ പുറമ്പോക്കുകളില്‍ വിഹരിക്കുന്നതിനെ അതേപടി ആവിഷ്ക്കരിക്കുകയോ പുനസൃഷ്ടിക്കുകയോ ചെയ്യുകയല്ല വേണ്ടത്‌. അങ്ങിനെ ചെയ്യുന്നതുകൊണ്ട്‌ ഒരേ അച്ചില്‍ വാര്‍ത്തതുപോലുള്ള സൃഷ്ടികള്‍ വായനക്കാരന്‌ സഹിക്കേണ്ടി വരുന്നു. കാലം സ്വന്തം ഹൃദയത്തില്‍ രൂപ്പെടുത്തുന്ന ബോധരൂപങ്ങളെ സ്വയം കണ്ടെത്തണം. ഒരു ചലചിത്രകാരന്‌ നിലവിലുള്ള ട്രെന്റിനൊപ്പിച്ച് ഒരു സിനിമയെടുക്കാന്‍ പെട്ടെന്നു കഴിഞ്ഞെന്നിരിക്കും പക്ഷെ അദ്ദേഹത്തിന്റെ സ്വന്തം സിനിമ ചെയ്യണമെങ്കില്‍ മനസ്സിലെ ഈ അരൂപികളായ ചിത്രശലഭങ്ങളെ സന്ധിച്ചേ മതിയാകൂ. ലോകത്തില്‍ നമ്മള്‍ ദര്‍ശിക്കുന്ന വൈവിധ്യങ്ങളുടെ ഭാഗമാണ്‌ നമ്മുടെ മനസ്സും അതിലെ ബോധരൂപങ്ങളും. അതിനെ ആവിഷ്ക്കരിക്കാനുള്ള ശ്രമത്തില്‍ പുതിയ ഭാഷയും പൂതിയ സങ്കേതങ്ങളും പിറവിയെടുക്കും. ഈ ജൈവ പ്രക്രിയയിലൂടേ ഭാഷയും ആന്തരിക ജീവിതവും നവീകരിക്കപ്പെടുകയും പുതിയ ഭാവുകത്വപരിണാമങ്ങള്‍ക്ക്‌ സര്‍ഗ്ഗാത്മകതജീവിതം സാക്ഷ്യം വഹിക്കുകയും ചെയ്യും. സമകാലികതയിലെ അഭിരുചികളെ വച്ചുവിളമ്പുന്ന ഗിമ്മിക്കുകള്‍ പോരാ നമ്മുക്ക്‌. തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ സംക്രമിക്കുന്ന - ജീവിതത്തെ, അതിന്‍റെ മൂല്യങ്ങളെ, ശക്തിപ്പെടുത്തുന്ന കാലാതീതമായ കൃതികള്‍ നമ്മള്‍ രചിക്കേണ്ടതുണ്ട്‌ അതിന്‌ നമ്മുടെയുള്ളിലെ അരൂപിയായ പക്ഷികള്‍ക്ക്‌ ചിറകും തൂവലും ആകാശവും കൊടുക്കുക.

* രോഗവും സാഹിത്യ ഭാവനയും-ബഷീറിന്‍റെ ഭ്രാന്തും എന്റെ കിറുക്കുകളും, കെ. പി. അപ്പന്‍.


സൈകതം വെബ് മാസികയില്‍ പ്രസിദ്ധീകരിച്ചത്‌

2010, മേയ് 22, ശനിയാഴ്‌ച

ഫ്രാന്‍സിസ്‌ ഇട്ടിക്കോര

-->
-->
-->
നിലവിലുള്ള സങ്കേതങ്ങളുമായി ഐക്യം പ്രാപിക്കുകയും കാലം തുറന്നു തരുന്ന വെളിച്ചങ്ങള്‍ നിര്‍ണ്ണയിക്കുന്ന ദിശാബോധത്തിനൊപ്പം മാത്രം സഞ്ചരിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത സര്‍ഗ്ഗാത്മക രീതികള്‍ ഇനി തകര്‍ക്കപ്പെടുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സമകാലിക പരിതോവസ്ഥകളോടുള്ള പൊരുത്തപ്പെടലുകളെ ഇത്തിരി അശ്ളീലച്ചുവയോടെ പറഞ്ഞാല്‍ സര്‍ഗ്ഗാത്മക ശയനം എന്നു വിളിക്കാം. സൌന്ദര്യത്തെ രൂപപ്പെടുത്തുന്നതിനു പകരം നിലവിലുള്ള സൌന്ദര്യത്തോടൊപ്പം ശയിക്കുന്ന സര്‍ഗ്ഗാത്മക കാമനകളെ മറികടന്നാണ്‌ ടി. ഡി. രാമകൃഷ്ണന്‍റെ "ഫ്രാന്‍സിസ്‌ ഇട്ടിക്കോര" എന്ന നോവല്‍ വായനക്കാരന്‍റെ കൈയ്യില്‍ എത്തുന്നത്‌. Historical Fiction ന്‍റെ അനന്ത സാധ്യതകളിലേക്ക്‌ സഞ്ചരിക്കുന്ന നോവലാണ്‌ "ഫ്രാന്‍സിസ്‌ ഇട്ടിക്കോര". ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്‌. ചരിത്രത്തിന്‍റെ തീരെ അപ്രസക്തമായ ചില ഏടുകളെ സമകാലിക സംഭവങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട്‌ ടി.ഡി. രാമകൃഷ്ണന്‍ അനുവാചകനെ വിസ്മയിപ്പിക്കുന്നു. രേഖീയമല്ലാത്ത ചരിത്രത്തിന്‍റെ അബോധതലങ്ങളിലെ അവ്യക്തമായ ചില ഇടങ്ങളില്‍ നിന്നുകൊണ്ട്‌ ഈ നോവല്‍ പുതിയ ചില ആഖ്യാനമാതൃകകള്‍ നല്‍കുന്നു. ഇതിന്‍റെ സങ്കേതങ്ങള്‍ Science Fiction നെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്‌. കൃതൃമ ജീവകോശങ്ങള്‍ വംശാഭിവൃദ്ധി നടത്തുകയും അത്‌ ഭീമാകാരമായി മനുഷ്യനു നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള Science Fiction സിനിമകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്‌. ശാസ്ത്രം മനുഷ്യനെ ഒരു പരിധിയില്‍ കവിഞ്ഞ്‌ ആവേശിക്കുമ്പോള്‍ സ്വാഭാവികമായി ഉടലെടുക്കുന്ന സങ്കല്‍പങ്ങളാണ്‌ ഇത്തരം സിനിമകളുടെ ആധാരം. വലിയ ഉറുമ്പും, ഓന്തും, സഹസ്രബ്ദങ്ങള്‍ക്കു മുന്‍പ്‌ ഭൂമുഖത്തുണ്ടായിരുന്ന ദിനോസോറുകളും പുതിയ രീതില്‍ പുനസൃഷ്ടിക്കുന്നു. ഇത്തരം Science Fiction സിനിമകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ പലപ്പോഴും ഏകമാനങ്ങളായിരിക്കും. കാഴ്ചയുടെ സാധ്യതകളെ ചൂഷണം ചെയ്യുക എന്നതില്‍ കവിഞ്ഞ്‌ വലിയ ഉദ്ദേശ്യങ്ങളൊന്നും ഇത്തരം സൃഷ്ടികളില്‍ കാണാനാവില്ല. മലയാളത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള Historical Fiction കളില്‍ നിന്ന്‌ മൌലികതകൊണ്ട്‌ ഈ നോവല്‍ വേറിട്ടു നില്‍ക്കുന്നു.
കേരളത്തിലെ കൊച്ചി നഗരത്തിലെ വളരെ ആധൂനികമായ ഒരു നക്ഷത്ര വേശ്യാലയം നടത്തുന്ന മൂന്ന്‌ ചെറുപ്പക്കാരികളുടെ ജീവിതത്തിലൂടെയാണ്‌ ഈ നോവല്‍ സമകാലിക മലയാള ജീവിതവുമായി ചരിത്രത്തെ ബന്ധിപ്പിച്ചു തുടങ്ങുന്നത്‌. കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരുടെ കുലദൈവമായ കുരുമുളകു കച്ചവടക്കാരനായിരുന്ന ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ഫ്ളോറന്‍സിലുള്ള കൈവഴിയിലെ കോരക്കുടുംബത്തിലെ പുതിയ അംഗമായ സേവ്യര്‍ ഫെര്‍ണാണ്ടോ ഇട്ടിക്കോര പാപത്തിന്‍റെ ഉത്താരാധുനിക മുഖമായി അവതരിപ്പിക്കപ്പെടുന്നു. നരമാംസ്യ ഭോജനത്തിലൂടെ പാപത്തിന്‍റെ പുതിയ സങ്കേതങ്ങളെ അനുവാചകന്‍ തിരിച്ചറിയുന്നത്‌ ഈ മനുഷ്യനിലൂടെയാണ്‌. എന്തിനേയും കുറഞ്ഞ വിലയ്ക്ക്‌ വാങ്ങി കൂടുതല്‍ വിലയ്ക്ക്‌ വില്‍ക്കുക എന്ന ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ വിശുദ്ധ ശാസനകളുടെ ആധൂനിക മുഖം ഈയാളിലൂടെ ഏറെ ഭീകരമാകുന്നു. എത്ര വേണമെങ്കിലും പാപങ്ങള്‍ ചെയ്തു കൂട്ടാം മാന്യതയുടെ ഒരു മറ വേണമെന്നു മാത്രം. മത്സ്യം മത്സ്യത്തെ തന്നെ ഭുജിക്കുന്നതുപോലെ മാന്യനായ മനുഷ്യന്‍ നരമാംസ്യഭോജനം നടത്തുന്നതിന്‌ വന്നു ചേരുന്ന മാന്യതയുടെ മുഖം ഏറെ ഭീമത്സമായി ഇവിടെ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. ഇറാക്ക്‌ എന്ന രാജ്യത്തെ നശിപ്പിക്കാന്‍ അമേരിക്ക കൈക്കൊണ്ട "സാല്‍വദോര്‍ ഒപ്ഷന്‍" (Salvadore Option) എന്ന അതി ക്രൂരമായ യുദ്ധനീതിയുടെ ! കാലത്ത്‌ അമേരിക്കന്‍ പട്ടാളത്തിലെ ഒരംഗമായിരുന്നു സേവ്യര്‍ ഇട്ടിക്കോര. ഇറാക്കിലെ ഫലൂജയില്‍ വച്ച്‌ ഒരു സാധു ഇറാക്കി യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലചെയ്യുന്നു. ആ സംഭവത്തോടെ ഇട്ടിക്കോരയുടെ മനസ്സില്‍ എവിടെയോ ഒളിഞ്ഞിരിപ്പുള്ള മനുഷ്യത്വം കോരയുടെ ലൈഗികാസക്തികളെ മരവിപ്പിക്കുകയാണ്‌. ലോകത്തെ എന്തും വില്‍ക്കുക വിറ്റ്‌ ലാഭമുണ്ടാക്കുക സ്വന്തം സുഖത്തിന്‌ ഉപഭോഗം ചെയ്യപ്പെടുക എന്ന "നവ കോര" സിദ്ധാന്തം അയാളെ എത്തിച്ചത്‌ നരമാംസ ഭോജനത്തിലാണ്‌. ഹിംസയുടെ ലോകത്തേക്കു തന്നത്താന്‍ പ്രതിസ്ഥാപിക്കുകയാണ്‌ കോരയുടെ ലക്ഷ്യം. കോരയുടെ പിന്‍മുറക്കാരായ കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാര്‍ നോവലില്‍ ഇടപെടുന്നത്‌ തിന്‍മയുടെ നന്‍മയായ പുതിയ വിശുദ്ധ സുവിശേഷങ്ങളെ പിന്‍തുടര്‍ന്നുകൊണ്ടാണ്‌. അവര്‍ വിശ്വസിക്കുന്ന കോരപ്പാപ്പന്‍റെ സുവിശേഷമിങ്ങനെ.
"പതിനെട്ടാം കൂറ്റുകാരുടെ തൊഴിലും ജീവിതവും കച്ചവടമാണ്‌. ജീവിക്കാന്‍ വേണ്ടി നമ്മള്‍ കച്ചവടം ചെയ്യുന്നു. എന്നു പറയുന്നതിനേക്കാള്‍ കച്ചവടം ചെയ്യാന്‍ വേണ്ടി ജീവിക്കുന്നു എന്നു പറയുന്നതാണ്‌ ശരി. കച്ചവടത്തിന്‍റെ നീതിയാണ്‌ നമമുടെ നീതി നേരിട്ട്‌ അധ്വാനിക്കേണ്ടി വരുന്ന മറ്റ്‌ ജോലികളിലേര്‍പ്പെട്ട്‌ ഒരിക്കലും സമയം പാഴാക്കരുത്‌. മറ്റുള്ളവരുടെ അധ്വാനഫലത്തെ ബുദ്ധി ഉപയോഗിച്ച്‌ സ്വന്തമാക്കാന്‍ ശ്രമിക്കുക. എന്തും വില കുറച്ച്‌ വാങ്ങി കൂടിയ വിലയ്ക്ക്‌ വില്‍ക്കുക. അതില്‍ കിട്ടുന്ന ലാഭത്തില്‍ മാത്രമായിരിക്കുണം നമ്മുടെ നോട്ടം. മുളകും പൊന്നും പെണ്ണുമെല്ലാം വാങ്ങാനും വില്‍ക്കാനുമുള്ള ചരക്കുകള്‍ തന്നെയാണ്‌. കച്ചവടത്തില്‍ ലാഭമുണ്ടാക്കാന്‍ വേണ്ടി പ്രയോഗിക്കുന്ന തന്ത്രങ്ങളെല്ലാം നമ്മുക്ക്‌ ശരിയാണ്‌. പ്രലോഭിപ്പിക്കുകയോ നുണ പറയുകയോ ചതിക്കുകയോ കൊല്ലുകയോ എന്തു വേണമെങ്കിലും ചെയ്യാം.
-ഫ്രാന്‍സിസ്‌ ഇട്ടിക്കോര, പേജ്‌ 244
കോരപ്പണം പോലെതന്നെ പ്രധാനപ്പെട്ടതാണ്‌ കോരപ്പെണ്ണും. ഒരു പതിനെട്ടാം കൂറ്റുകാരി വയസ്സറിയിച്ചാല്‍ അടുത്ത ക്രിസ്മസ്‌ രാത്രി അവളെ എനിക്ക്‌ സമര്‍പ്പിച്ച്‌ കോരപ്പെണ്ണാക്കണം. അതിന്‌ ഹൈപേഷ്യയെ ക്രൂശിച്ചതിനെ അനുസ്മരിപ്പിക്കുന്ന ചില ചടങ്ങുകള്‍ ഉണ്ട്‌. രാത്രി നിലവറയിലാക്കി അടച്ച്‌ കഴിഞ്ഞാല്‍ പുലരും വരെ നിലവറ തുറക്കരുത്‌. അകത്ത്‌ എന്തൊക്കെയാണ്‌ നടന്നതെന്ന്‌ ചോദിക്കാനോ പറയാനോ പാടില്ല. പതിനെട്ടാം കൂറ്റുകാരിയല്ലാത്ത പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടു വന്നാല്‍ ഇതേ ചടങ്ങുകള്‍ കഴിച്ച്‌ അവളെ പതിനെട്ടാ കൂറ്റുകാരിയാക്കണം.
-ഫ്രാന്‍സിസ്‌ ഇട്ടിക്കോര, പേജ്‌ 245
ഹൈപ്പേഷ്യ അറിവിന്‍റെ തീക്ഷ്ണ സൌന്ദര്യംയൌവനം
അലക്സാന്‍ട്രിയയില്‍ എ.ഡി. 350 നും 370 നും ഇടയക്കുള്ള കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അതി സുന്ദരിയും സ്വതന്ത്ര ചിന്തകയുമായിരുന്ന ഒരു ഗണിതാധ്യാപികയായിരുന്നു ഹൈപ്പേഷ്യ. സ്ത്രീ സ്വാതന്ത്യ്രത്തിന്‍റെ ഏറ്റവും പൌരാണികമായ മുഖം എന്ന്‌ വിശേഷിപ്പിക്കാവുന്ന ഹൈപ്പേഷ്യ നോവലില്‍ ഏറ്റവും സൌന്തര്യമുള്ള ഏടാണ്‌. ഏറെയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത ഹൈപ്പേഷ്യയുടെ വിശുദ്ധ ചരിത്രത്തെ ടി. ഡി. രാമകൃഷ്ണന്‍ ഈ നോവലില്‍ അതി സമര്‍ത്ഥമായി ഉപയോഗിച്ചു കാണുന്നു. ആരെയും മുട്ടുകുത്തിക്കുന്ന ലൈഗികതയും ശരീരത്തിന്‍റെ ദിവ്യനുപാതവുമുള്ള ഹൈപ്പേഷ്യ പ്രണയത്തിന്‍റെ ഉത്തരാധൂനിക സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. നന്‍മയുടേയും യുക്തിയുടേയും വിശുദ്ധി കൂടിയാണ്‌ ഹൈപ്പേഷ്യ.
ലോകമാനവ ചരിത്രത്തില്‍ ക്രൈസ്തവമത സ്വാധീനത്തേയും, ചരിത്രത്തിലെ ക്രിസ്തീയ മതത്തിന്‍റെ ആധികാരികതയേയും ടി. ഡി. രാമകൃഷ്ണന്‍ ഹൈപ്പേഷ്യയെ അവതരിപ്പിച്ചുകൊണ്ട്‌ തകര്‍ക്കുകയാണ്‌. മാനവന്‍റെ ചരിത്രം രൂപ്പെടുത്തിയത്‌ മതങ്ങളല്ല മറിച്ച്‌ ലോകത്ത്‌ ന്യൂനപക്ഷമായിരുന്ന ക്രൈസ്തവ സമൂഹം അറിവും യുക്തിയും പകര്‍ന്നു തരുന്ന ബൌദ്ധിക വികാസങ്ങള്‍ക്കനുസരിച്ച്‌ പുരോഗമിച്ചിരുന്ന കാലത്തെ തകര്‍ക്കുകയും ബുദ്ധിജീവി വര്‍ഗ്ഗത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു എന്ന്‌ അനുമാനിക്കുന്നു. എ.ഡി. 410 ഹൈപ്പേഷ്യയുടെ അവസാന കാലഘട്ടത്തെ ഒരേടില്‍ പറയുന്നതിങ്ങനെ.
"അക്കാലത്ത്‌ ദുഖവെള്ളിയാഴ്ച അലക്സാട്രിയയില്‍ ഒഴിവു ദിവസമല്ല. ക്രിസ്തുമത വിശ്വാസികള്‍ സമൂഹത്തില്‍ ശക്തരായിരുന്നെങ്കിലും ഭൂരിപക്ഷമായിരുന്നില്ല. മാത്രമല്ല ഹൈപ്പേഷ്യയെ പോലുള്ള ചിന്തകരും ശാസ്ത്രജ്ഞരുമടങ്ങിയ സര്‍വ്വകലാശാലയിലെ ബുദ്ധിജീവികളെ അവിശ്വാസികളും പാഗനുകളുമായി (അക്രൈസ്തവ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍) ചിത്രീകരിച്ച്‌ അവര്‍ നടത്തുന്ന ശാസ്ത്ര പരീക്ഷണങ്ങള്‍ ദൈവ നിഷേധവും ചെകുത്താന്‍ സേവയുമാണെന്ന്‌ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സര്‍വ്വകലാശാലയുടെ പ്രശസ്തിയെയോ ഹൈപ്പേഷ്യയെയോ ബാധിച്ചില്ല. എല്ലാ വര്‍ഷവും വിദേശ വിദ്യാര്‍ത്ഥികള്‍ അലക്സാന്‍ട്രിയയില്‍ എത്തി.
- The true story of hypatia, Iebella Swan, Page 79
വളരെ വലിയ സമയ മുദ്രയായ ഒരു ബൃഹദ്‌ ചരിത്രത്തിലെ കണ്ണെത്താ ദൂരത്ത്‌ നിന്ന്‌ ഹൈപ്പേഷ്യയെ കൊണ്ടു വരുമ്പോള്‍ ഇവിടെ കാലം കീഴ്മേല്‍ മറിയുന്ന ഒരു അനുഭവമുണ്ടാകുന്നു. ഇന്നും ഇന്നലേകളും കുഴഞ്ഞു മറിയുകയാണ്‌. ചരിത്രത്തിലെ കുഴമറിഞ്ഞു കിടക്കുന്ന ഫാസിസ്റ്റ്‌ ആഖ്യാനങ്ങളെ പിന്‍തള്ളിക്കൊണ്ട്‌ ഹൈപ്പേഷ്യയെ പോലുള്ള ശക്തി സൌന്ദര്യങ്ങളെ എടുത്ത്‌ ഇന്ന്‌ ഭാവനചെയ്യുന്നതില്‍ ചെറുതല്ലാത്ത ഒരു സുഖമുണ്ട്‌. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ഹൈപ്പേഷ്യ മരണമടയുന്നത്‌ മതഭ്രാന്തന്‍മാരുടെ നഗ്നമായ അക്രമണത്തിലാണ്‌. അതി ദയനീയമായ രീതിയില്‍ ഹൈപ്പേഷ്യ കൊലചെയ്യപ്പെടുകയായിരുന്നു.
നോവലിന്‍റെ പിന്നീട്‌ കടന്നു വരുന്നു ശിഷ്യ പരമ്പര നീങ്ങുന്നത്‌ വിശുദ്ധ! അപഥ സഞ്ചാരങ്ങളിലേക്കാണ്‌. ഗണിത ശാസ്ത്ര ഗവേഷക ഹഷിമോട്ടോ മൊറിഗാമി ഹൈപ്പേഷ്യന്‍ ജീവിതത്തെ അനുധാവനം ചെയ്യുന്നവളെങ്കിലും കഥാന്ത്യത്തില്‍ സേവ്യര്‍ ഇട്ടിക്കോരയ്ക്കൊപ്പം നരമാംസ്യാസ്വാദനം നടത്തുന്നു. കാലത്തിന്‍റെ, അറിവിന്‍റെ, നന്‍മയുടെ ഈ മലക്കം മറിച്ചിലിനെ നാം കാണാതിരുന്നുകൂടാ. വരും കാലത്തിന്‍റെ കൈയ്യില്‍ തിന്നുകയും സ്വയം തിന്നപ്പെടുകയും ചെയ്യാവുന്ന ദുരന്തങ്ങളേയും മൂല്യച്യതികളേയും ആദര്‍ശവല്‍ക്കരിക്കപ്പെട്ടേക്കാം. ചക്രവര്‍ത്തിയും കാമുഖനുമായ ഒറേസ്റ്റസ്സിനൊപ്പം മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയെ ചുട്ടുകൊല്ലുകയായിരുന്നു. ഒരു പ്രതിരോധത്തിനു പോലും ത്രാണിയില്ലാതെ ഹൈപ്പേഷ്യക്ക്‌ ചെയ്യാത്ത കുറ്റം ഏറ്റു പറയേണ്ടി വന്നു. "പരിശുദ്ധനായ കര്‍ത്താവേ കരുണമയനായ യേശുവേ, അലക്സാന്‍ട്രിയയിലെ പൌരന്‍മാരെ, നിങ്ങള്‍ക്കു മുന്നില്‍ എന്‍റെ കുറ്റങ്ങള്‍ സമ്മതിക്കുന്നു. ഞാന്‍ വേശ്യയാണ്‌, ദുര്‍മന്ത്രവാദിയാണ്‌. പാപിയാണ്‌. ഈ തെറ്റുകള്‍ പൊറുത്ത്‌ എന്‍റെ ശിഷ്ടജീവിതമെനിക്ക്‌ തിരിച്ചു തരേണമേ. . . . "
മതഭ്രാന്തന്‍മാര്‍ ഹൈപ്പേഷ്യയുടെ അഷ്ടഭുജ ഭവനമായ ജ്യോമട്രിക്കയും, അവരുടെ അമൂല്യമായ ഗണിത ശാസ്ത്ര കുറിപ്പുകളും ("പാപ്പിറസ്‌" ചുരുളുകള്‍) കത്തിച്ചു കളഞ്ഞു. ഈ ഒരു രേഖീയമായ ഹൈപ്പേഷ്യന്‍ ചരിത്ര സൂചനകളില്‍ നിന്ന്‌ നോവലിസ്റ്റ്‌ ടി. ഡി. രാമകൃഷ്ണന്‍ വായനക്കാരന്‌ ചരിത്രത്തില്‍ രമിക്കാന്‍ പുതിയ ചില ഇടങ്ങള്‍ ഉണ്ടാക്കുകയാണ്‌.
സമകാലിക മലയാള ജീവിതം
ഒളിഞ്ഞു നോട്ടങ്ങളുടേയും അടക്കിപ്പിടിച്ച രതിയുടേയും, പെണ്‍വാണിഭങ്ങളുടേയും സമകാലിക സാഹചര്യത്തെ അതിന്‍റെ വരുംകാല പരിണിതികളെ ഭാവനചെയ്യുന്നത്‌ The School എന്ന നക്ഷത്ര വേശ്യാലയത്തിലൂടെയാണ്‌. സമൂഹത്തിന്‍റെ മുഖ്യധാരയില്‍ ലൈഗികത നടത്തുന്ന പുതുപുത്തന്‍ വ്യവഹാരങ്ങളെ യാഥാര്‍ത്ഥമായി ആവിഷ്ക്കരിച്ചിട്ടുണ്ട്‌ ഈ നോവലില്‍. വേശ്യാലയങ്ങള്‍ അയല്‍പക്കത്ത്‌ നിലനില്‍ക്കുമ്പോഴും തകര്‍ക്കപ്പെടുമ്പോഴും കേരള സമൂഹം ആഘോഷിക്കുകയാണ്‌. മലയാളിയുടെ അമര്‍ത്തിവച്ച കാമനകളുടെ ഇന്ധനം മാത്രമാണ്‌ ഇത്തരം The School -ന്‍റെ നിലനില്‍പ്പും തകര്‍ച്ചയും. മലയാളി രണ്ടും ആഘോഷിക്കുന്നു. മുറിക്കുള്ളില്‍ രഹസ്യമായും ഒരു സെക്സ്‌ റാക്കറ്റ്‌ തകര്‍ക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ പരസ്യമായും മലയാളി രതിക്രീഡ ചെയ്യുന്നു. ദ സ്കൂളിലെ അന്തേവാസികളായ രേഖ, രശ്മി, ബന്ദു എന്നീ യുവതികള്‍ നരഭോജിയായ കോര കൂടുംബാഗം ഇട്ടിക്കോരയെ കൊച്ചിയലേക്ക്‌ ക്ഷണിക്കുന്നു. തന്‍റെ പിതാമഹനായ ഫ്രാന്‍സിസ്‌ ഇട്ടിക്കോരയുടെ ജന്‍മനാട്‌ കാണാനും തനിക്ക്‌ നഷ്ടപ്പെട്ട ലൈഗികശേഷി വീണ്ടെടുക്കാനുമാണ്‌ കോര കൊച്ചിയിലേക്ക്‌ വരുന്നത്‌. കോരയെ പോലെയുള്ള അതിസമ്പന്നനായ അഥിതിയെ തൃപ്തിപ്പെടുത്താന്‍ ഈ മൂന്നു പേരും വളരെ പ്രൊഫഷണലായി കോരകുടുംബത്തെക്കുറിച്ചും പ്രധാനമായി കുന്നംങ്കുളത്തെ പതിനെട്ടാം കൂറ്റുകാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നു. വേശ്യാ വൃത്തിയുടെ വരും കാല പരിണിതികളായല്ല; സമകാലിക മലയാള ജീവിതത്തിന്‍റെ തന്നെ പരിച്ഛേദമല്ലേ ഇവര്‍ മൂന്നുപേരും എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. എഴുത്തുകാരനും, രാഷ്ട്രീയക്കാരനും, സമൂഹത്തിലെ ഉയര്‍ന്ന വ്യക്തികളും അടങ്ങുന്ന ഇവരുടെ ലൈഗിക ചേരി ഈ നോവലിന്‍റെ നായക സ്ഥാനത്ത്‌ നില്‍ക്കുന്നു. ഇതേ വേശ്യാലയം തകര്‍ക്കപ്പെടുമ്പോള്‍ ഇതിലെ രേഖ എന്ന യുവതിയെ കേരള ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യ ഭോഗം ചെയ്യുന്നു. ഹൈപ്പേഷ്യയുടെ ശിഷ്യ പരമ്പരയിലെ അംഗമായ വിദേശ യുവതി മൊറിഗാമി സെക്സിനെപ്പറ്റി പറയുന്നതിങ്ങനെ. "Sex is having a magnificient effect in the formation of one’s political and philosophical attitudes”
ഈ നോവലിന്‍റെ അവതാരികയില്‍ ആഷാ മേനോന്‍ പറയുന്നത്‌,
"ധര്‍മ്മ പുരാണത്തിനു ശേഷം ഇത്രയും ഭീകരമായി നരമാംസ്യാസ്വാദനം ഒരു കൃതിയിലും സംഭവിച്ചിട്ടില്ല. അനന്തതവരെ ചെല്ലുന്ന ഗണിത സൂത്രങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യ ചേതന ഇവ്വിധം നിര്‍ദയമായ രസ കേളികളില്‍ ഏര്‍പ്പെടുന്നത്‌ വെറും വൈരുധ്യത്തിന്‍റെ മാത്രം കഥയല്ല. ആപത്കരമായ ഒരു വിപരിണാമത്തിന്‍റെ ദുസ്സൂചനകൂടിയാണത്‌"
ഫാസിസത്തിനെതിരെ തന്‍റെ വിമര്‍ശനത്തില്‍ ജുഗുപ്സയും മനുഷ്യ മലത്തിന്‍റെ ദുര്‍ഗന്ധത്തേയും സ്വാശീകരിച്ചെടുത്ത്‌ പുതിയ കലാപം നടത്തുകയായിരുന്നു ഒ. വി. വിജയന്‍ ചെയ്തത്‌. മനുഷ്യന്‍റെ അടങ്ങാത്ത കാമനകളുടെ, തൃഷ്ണകളുടെ, ആധുനികലോകത്ത്‌ മാന്യതയുടെ മൂഖംമൂടിക്കു പിന്നില്‍ നിന്ന്‌ നരമാംസ്യഭോജനം നടത്തുന്നതിന്‍റെ, ലോകത്തിന്‍റെ സ്പന്ദനങ്ങളില്‍ നിന്നകന്ന്‌ ഗണിതം സമ്പത്ത്‌ കൈയ്യാളുന്നവന്‍റെ അടിമയാകുന്നതിനെ, ഇതുവരെ വിഭാവനം ചെയതിട്ടില്ലാത്ത തിന്‍മയുടെ രൂപമാറ്റങ്ങളെ ടി. ഡി. രാമകൃഷണന്‍ ഈ നോവലിലൂടെ അവതരിപ്പിക്കുന്നു.
ഒ. വി. വിജയന്‍റെ രചന വൈശിഷ്ട്യമായ ക്ളാസ്സിക്കല്‍ ശൈലിയും പഴയ ഗ്രാമ്യതയുടെ വായ്‌വര്‍ത്തമാനങ്ങളുടെ ആത്മാവും നമ്മള്‍ വായനക്കാര്‍ തൊട്ടറിഞ്ഞതാണ്‌. ടി. ഡി. രാമകൃഷ്ണന്‍റെ നോവലിലെ മുഖ്യ പോരായ്മ ഭാഷയുടെ ഭൂമിശാസ്ത്രവ്യത്യാസങ്ങളെ അറിയാതെപോയതാണ്‌. കോരയ്ക്കും ഇയ്യാലെ കോതയ്ക്കും ഒരേ ഭാഷാ ശൈലിയാണ്‌ രാമകൃഷ്ണന്‍ ആവിഷ്ക്കരിക്കുന്നത്‌. ഭാഷയുടെ യുക്തി ഭദ്രത ഒ. വി. വിജയന്‍ എന്നും വളരെ ഭംഗിയായി കാത്തു സൂക്ഷിച്ചിരുന്നു.
മാര്‍ക്യൂസിന്‍റെ നോവലുകളുടെ തര്‍ജ്ജമ വായിക്കുന്ന ഒരു സുഖവും ഉദ്വോഗഭരിതമായ ഒരന്തരീക്ഷവും ഈ നോവലില്‍ കാണാം. ഏറേക്കാലത്തിനു ശേഷം മലയാള നോവല്‍ വീണ്ടും പഴയ കലാപം പുനരാരംഭിക്കുകയാണ്‌. ഏറെ പ്രതീക്ഷയോടെ നമ്മുക്ക്‌ കാത്തിരിക്കാം.

2010, ജനുവരി 5, ചൊവ്വാഴ്ച

ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു കിളിവാതില്‍


സ്വന്തം നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ടവന്‍റേയും പെണ്‍ ജീവിതത്തിന്‍റേ അസ്വാതന്ത്ര്യങ്ങളേയും ലളിതവും എന്നാല്‍ തീവ്രവുമായി ആവിഷ്ക്കരിക്കുന്ന ഒരു ചിത്രാകാരനാണ്‌ ശ്രീ ഗായത്രി ഗുരുവായൂര്‍‍. ഓരോ ചിത്രവും ഓരോ കിളിവാതിലുകളാണ്‌ ഗായത്രിക്ക്‌. ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ, (marginalised) അനുദിനം തകര്‍ന്നു കൊണ്ടിരിക്കുന്ന കേരളീയ ജീവിതത്തിണ്റ്റെ മൂല്യനിരാസങ്ങളിലേക്ക്‌ കാഴ്ച്ചക്കാരന്‍റേ, ബോധത്തെ ആനയിക്കുന്ന ചെറിയ - വലിയ കിളിവാതിലുകള്‍. കഴിഞ്ഞ ഡിസംബര്‍ 8 മുതല്‍ 14 വരെ മുംബൈ നെഹ്‌റു സെണ്റ്ററില്‍ നടന്ന ഗായത്രിയുടെ സോളോ എക്സിബിഷന്‍ കണ്ടു മടങ്ങുമ്പോള്‍ കുറെ ബിംബങ്ങള്‍ മനസ്സില്‍ അസ്വസ്ഥമായ സമകാലിക ജീവിതത്തിന്‍റേ ദുരന്തചിത്രങ്ങളായി തിടം വയ്ക്കാനാരംഭിച്ചിരുന്നു.

ഒറ്റക്കാഴ്ച്ചയില്‍ തന്നെ അതിവേഗം സംവേദിക്കുന്ന ലളിതവും ഭാവാത്മകവുമായ ആശയ സഞ്ചാരം ഗായത്രിയുടെ ഏകദേശം എല്ലാചിത്രങ്ങളും സാധിക്കുന്നുണ്ട്‌. ഓരവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതരേഖ എന്ന്‌ പേരുകൊടുക്കപ്പെട്ട പ്രദര്‍ശനത്തില്‍ മിക്ക ചിത്രങ്ങളും ദളിത്‌ വാഴ്‌വിന്‍റേ പുതിയ ഭീഷണികളെ പ്രശ്നവല്‍ക്കരിക്കുന്നു.

"ജന്‍മം കൊണ്ടും അല്ലാതേയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തെ ഞാന്‍ അടയാളപ്പെടുത്തുന്നു. എന്‍റെ ചിത്രങ്ങള്‍ പണം കൊടത്ത്‌ വാങ്ങിക്കുന്നത്‌ ഉപരി വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്‌. അടച്ചമര്‍ത്തപ്പെട്ടവന്‍റെ ജീവിതത്തെ പണക്കാരന്‍റെ സല്‍ക്കാരമുറിയുടെ ചുമരില്‍ ഞാന്‍ തൂക്കിയിടുന്നു. ഒരു ചിത്രകാരന്‍ അവന്‍റെ സര്‍ഗ്ഗാത്മക കലാപം തുടരുന്നതിങ്ങിനെയാണ്‌" - ഗായത്രി അഭിപ്രായപ്പെട്ടു.

ഗായത്രിയുടെ ചെറിയ കാന്‍വാസില്‍ വരക്കപ്പെട്ട ഒരു ചിത്രത്തില്‍ വില്‍ക്കപ്പെടാതെ കൂട്ടിയിട്ടിരിക്കുന്ന മണ്‍പാത്രങ്ങളിലൊന്നില്‍ അടയിരിക്കുന്ന ഒരു പെണ്‍ പക്ഷി ഒരേ സമയം നിശബ്ദവും സുന്ദരവുമായ ഒരു ഇടിമുഴക്കമായി മാറുന്നത്‌ കാണാം, ദളിതന്‍റെ സമകാലിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ഇതുപോലുള്ള കുറെ സങ്കടചിത്രങ്ങള്‍ ഗായത്രിയുടേതായി ഉണ്ട്‌. മറ്റൊരു ചിത്രത്തില്‍ മുള്‍ച്ചെടികള്‍ക്കിടയിലൂടെ ഒരു കൊച്ചു ബാലികയുടെ മുഖം, നിഴലിച്ചുകാണുന്ന ഭയവും നിഷ്ക്കളങ്കതയും മുറ്റിയ ഭാവം - അവളുടെ കണ്ണിലെ വറ്റാതെ ബാക്കിയായ പ്രകാശം - ഈ ഒരൊറ്റ ചിത്രം മതി ചിത്രകലയുടെ ഏെതുതരം സങ്കേതങ്ങള്‍ ഉപയോഗച്ചുകൊണ്ടാണ്‌ സമകാലിക ജീവിതത്തെ ഗായത്രി അടയാളപ്പെടുത്തുന്നത്‌ എന്ന്‌ മനസ്സിലാക്കാന്‍.

മൂന്നുപതിറ്റാണ്ടുകളായി നീണ്ടുകിടക്കുന്ന നിറങ്ങളുമായി കൂടികലര്‍ന്ന തന്‍റെ ജീവിതത്തിന്‍റെ വെളിച്ചത്തില്‍ നിന്നുകൊണ്ട്‌ കേരളത്തിലെ സര്‍ഗ്ഗാത്മകമായ പരിസരങ്ങളേയും അതിന്‍റെ ഫ്യൂഡല്‍ നിലപാടുകളേയും കുറിച്ച്‌ ഗായത്രി മനസ്സു തുറന്നു.
'പാരമ്പര്യമാത്രനിഷ്ഠമായ രചനാമാതൃകകളെ അന്ധമായി പിന്‍തുടര്‍ന്നു വന്നിരുന്ന ആര്‍ട്ടീസ്റ്റ്‌ നമ്പൂതിരിയെപോലുള്ളവരെ കേരളം വാഴ്ത്തുന്നതു കാണാം. ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരി തന്‍റെ ദീര്‍ഘമായ സര്‍ഗ്ഗ സപര്യയില്‍ കുറെ ക്ളീഷെകള്‍ സൃഷ്ടിക്കുകയായിരുന്നു. പതിനായിരക്കണക്കിന്‌ കഥാപാത്രങ്ങളെ അദ്ദേഹം വരച്ചു പുതുമകള്‍ അവകാശപ്പെടാനില്ലാത്ത ഒരേതരത്തിലുള്ള ചിത്രങ്ങള്‍ ആയിരുന്നു പലതും. എം. ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിലെ ഭീമനാണ്‌ നമ്പൂതിരി വരച്ച എറ്റവും നല്ല ഒരേയൊരു സൃഷ്ടി. നമ്പൂതിരിയെക്കുറിച്ച്‌ മാധ്യമം ആഴ്ച്ചപതിപ്പില്‍ താനെഴുതിയ ലേഖനത്തിന്‌ കേരളത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ ഒരുപാടു വിമര്‍ശനങ്ങള്‍ ഉണ്ടായി - ഗായത്രി പറഞ്ഞു. എറ്റവും കുറച്ചു ചിത്രങ്ങള്‍ വരച്ച എം. വി. ദേവനാണ്‌ കേരളത്തിലെ എറ്റവും വലിയ ചിത്രാകാരന്‍. ഗായത്രി കേരളത്തിന്‍റെ ചിത്രകലയിലെ ഫ്യൂഡല്‍ മേധാവിത്വങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചു.


"കേരളത്തിലെ മണ്ണ്‌ ഒരു ചിത്രകാരന്‌ വളരാന്‍മാത്രം വളക്കൂറില്ലാത്തതാണ്‌. ഉത്തരേന്ത്യക്കാരുടെ "കളര്‍ സെന്‍സ്‌" കേരളത്തില്‍ കാണാന്‍ വിഷമമാണ്‌" വിഗ്രഹവല്‍ക്കരിക്കപ്പെട്ടവരുടെ ശുഷ്കമായ സൃഷ്ടികളെ ഒരു കൂട്ടം അന്ധമായി വാഴ്ത്തുന്നതുകാണാം. സ്ത്രീ ശരീരത്തെ ജലഘടികാരത്തോട്‌ ബന്ധപ്പെടുത്തുന്ന പഴയ ഒരു ശൈലിയുണ്ട്‌ ചിത്രകലാരംഗത്തും മറ്റും. ജലഘടികാരത്തിന്‍റെ നടു വശം സ്ത്രീയുടെ അരക്കെട്ടും അതുകഴിഞ്ഞുള്ള ഭാഗം പെണ്ണിന്‍റെ നിതംബവും എന്ന പാരമ്പര്യാധിഷ്ഠിതമായ സ്ത്രീയെക്കുറിച്ചുള്ള രചനാ സങ്കല്‍പങ്ങളും ചോള ചേര കാലഘട്ടത്തിലെ സാംസ്കാരിക ബിംബങ്ങളേയും അനുകരിക്കുക മാത്രമാണ്‌ നമ്പൂതിരി ചെയ്തത്‌".

"വളര്‍ന്നു വരുന്ന യുവ ചിത്രകാരന്‍മാരെ നമ്പൂതിരിയെ പോലെ മുതിര്‍ന്ന വരക്കാരന്‍ ഒരു പരിധിയില്‍ കൂടുതല്‍ ഒന്നും പഠിപ്പിക്കുന്നില്ല". ഗായത്രി തന്‍റെ നിലപാടുകള്‍ തുറന്നടിച്ചു.

സുന്ദരമായ പുഷ്പ വല്ലികള്‍കൊണ്ട്‌ ചുറ്റിവരിയപ്പെട്ട പെണ്‍ കഥാപാത്രങ്ങള്‍ ഗായത്രിയുടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഒട്ടുമിക്ക ചിത്രങ്ങളിലും കാണാനായി. "സ്ത്രീയെ പുരുഷന്‍ മയക്കുന്നത്‌ മനോഹര പദങ്ങളും അലങ്കാരളും കൊണ്ടാണ്‌. അതിലൂടെ തന്ത്രപരമായി പുരുഷന്‍ സ്ത്രിയെ കീഴടക്കുന്നു. അവളെ വീടുകള്‍ക്കുള്ളില്‍ തളച്ചിടുന്നു" ഗായത്രി പറഞ്ഞു. ഇടത്തരക്കാരന്‍റേയും താഴേക്കിടയിലുള്ളവന്‍റേയും ജീവിതത്തിലെ കുടുംബ വൃക്ഷത്തിന്‍റെ ഉണങ്ങിയ ചില്ലകള്‍ സമകാലിക സമൂഹത്തില്‍ ഒരസ്വസ്ഥതയായി ഗായത്രി തന്‍റെ ചിത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരേ ചിത്രത്തില്‍ തന്നെ ബഹുമഖമായ ആഖ്യാനങ്ങളാണ്‌ ഗായത്രിയുടെ ചിത്രങ്ങളുടെ ഒരു പ്രധാനപ്പെട്ട പ്രത്യേകത. "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതരേഖ" എന്ന് പേരു നല്‍കപ്പെട്ട പ്രദര്‍ശനത്തിലെ എല്ലാ ചിത്രങ്ങളും ഏറെ ഗ്രമീണമായ ജീവിതത്തെ സത്യസന്ധമായി അടയാളപ്പെടുത്തുന്നു. ചിത്രകലയുമായി പുലബന്ധം പോലുമില്ലാത്ത ശരാശരിക്കാരനായ ഒരു ആസ്വാദകനുമായി പോലും സംവേദിക്കുന്ന ഗായത്രിയുടെ ചിത്രങ്ങള്‍ ഒരേ സമയം ലളിതവും എന്നാല്‍ പലകാഴ്ച്ചകളില്‍ പുതിയ ചില അര്‍ത്ഥങ്ങളിലേക്ക്‌ വഴിപിരിയുന്ന കാഴ്ച്ചയുടെ സങ്കീര്‍ണ്ണതയുമാണ്‌.



"ആധുനികതയുടെ കാലത്ത്‌ കുറെയധികം ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക്‌ ദുര്‍ഗ്രഹ്യമായി അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട്‌ കുറെയേറെ ആള്‍ക്കാര്‍ ചിത്രകലയില്‍ നിന്ന്‌ അകന്നു പോകുവാനിടയായി" ഗായത്രി അഭിപ്രായപ്പെട്ടു.

'ചിത്രകലയില്‍ പക്ഷെ ആധുനികത കൊണ്ടുവന്ന ആശയ പരമായ ആഴം ഉത്തരാധൂനികകാലത്ത്‌ പ്രത്യേകിച്ച്‌ ആഗോളീകരണത്തിന്‍റെ ഇക്കാലത്ത്‌ കാണാനാവുകയില്ല. ആധുനികതയെയും അതിന്‍റെ സൈദ്ധാന്തികതയേയും തച്ചുതകര്‍ക്കേണ്ടിയുരുന്നത്‌ ആഗോളീകരണത്തിന്‍റെ വക്താക്കളുടെ ആവശ്യമായിരുന്നു. ഉത്തരാധുനിക ജീവിതത്തിണ്റ്റെ മൂല്യ നിരാസങ്ങളില്‍ അസ്വസ്ഥനാണ്‌ ഗായത്രി. പോതുവെ ആശങ്കകളില്ലാത്ത ഒരു ജനസമൂഹമാണ്‌ ഞങ്ങള്‍ എന്ന്‌ യുവ കവി ശ്രീ പി. രാമന്‍ തന്‍റെ "കനം" എന്ന കവിതാസമാഹാരത്തിണ്റ്റെ ആമുഖത്തില്‍ പറയുന്നണ്ട്‌. കമ്പോളീകരിക്കപ്പെട്ട ഈ ലോകത്ത്‌ ഒരു കലാകാരന്‍ വിട്ടു വീഴ്ച്ചകള്‍ ഇല്ലാത്ത ഒരു സര്‍ഗ്ഗാത്മക ജീവിതം നയിക്കണം. തന്‍റെ കാല ശേഷവും തണ്റ്റെ ചിത്രങ്ങള്‍ നിലനില്‍ക്കും. തന്നെ വരും കാലം വിലയിരുത്തുന്നത്‌ തണ്റ്റെ ചിത്രങ്ങളിലൂടെയാണ്‌. അതുകൊണ്ടുതന്നെയാണ്‌ താന്‍ വിട്ടുവീഴ്ച്ചകള്‍ക്ക്‌ തയ്യാറാല്ല' - ഗായത്രി പറഞ്ഞു.


ഒരു ചെണ്ടക്കാരന്‍ ഒരു തെങ്ങുതടിപ്പാലത്തിലൂടെ ഒരു തോടു മുറിച്ചു കടക്കുകയാണ്‌ ഗായത്രിയുടെ ഒരു ചിത്രത്തില്‍. അക്കരെ പച്ചപുതച്ച ഒരു ഹരിത ഭൂമി. അതിലേക്ക്‌ ചെണ്ടയും തൂക്കി വീതികൂറഞ്ഞ തെങ്ങുതടിപ്പാലത്തിലൂടെ ആശങ്കകളില്ലാതെ നടന്നു നീങ്ങുന്നു. അതെ..., ഗായത്രി എന്ന ചിത്രകാരനും സമകാലികതയെ അടയാളപ്പെടുത്തുതിങ്ങനെയാണ്‌. ഒരു നൂല്‍പ്പാലത്തിലൂടെ പുതിയ പ്രത്യാശകളിലേക്ക്‌. കാലൊന്നു തെറ്റിയാല്‍ മുങ്ങിതാഴുമെന്നറിയാമെങ്കിലും ആശങ്കകളില്ലാതെ കാറും കോളും നിറഞ്ഞ അശാന്തകാലത്തില്‍ വരകൊണ്ട്‌ ഒരതിജീവനം. അതുകൊണ്ടു തന്നെയാവണം ഗായത്രിയുടെ മിക്ക ചിത്രത്തിലും പ്രത്യാശയിലേക്ക്‌ പറക്കാന്‍ ചിറകുവിരിക്കുന്ന ഒരു പക്ഷിയെ കാണുന്നത്‌


ചിത്രങ്ങള്‍ ജി. ആര്‍. കവിയൂര്‍

മുംബൈ പ്രസിദ്ധീകരണമായ വൈറ്റ്ലൈന്‍വാര്‍ത്തയില്‍ വന്നത്‌
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.