ന്റെ അനന്ത പ്രവാഹത്തെ പാലക്കാട്ടിലെ കാറ്റുപിടിക്കുന്ന കരിമ്പനകളിലൂടെ. . . അള്ളാപ്പിച്ചാ മൊല്ലാക്കയിലൂടെ. . . കൈമറിയുന്ന പ്രവാചക ശബ്ദങ്ങളിലൂടെ ഖസാക്കിന്റെ "ബോധരൂപത്തെ" ഒ. വി. വിജയന്‍ നോവല്‍ സാഹിത്യത്തിലൂടെ ഭൌതിക പരിവര്‍ത്തനം നടത്തുകയായിരുന്നു. മനസ്സിലെ അരൂപിയായ ഖസാക്കിനെ, അതിന്റെ തലമുറകളിലൂടെയുള്ള കാലത്തിന്റെ
മഹാ പ്രവാഹത്തെ വരച്ചുവയ്ക്കാനായി ഒ. വി. വിജയന്‍ ആദ്യം തന്നെ മനസ്സിന്റെ ആന്തരികവും ആത്മീയവുമായ സത്തകളെ ഒപ്പിയെടുക്കാന്‍ പരിപക്വവും കെട്ടുറപ്പുമുള്ള ഒരു ഭാഷയെ രൂപപ്പെടുത്തിയിരുന്നു. ഭാഷ പാലക്കാടന്‍ ഗ്രാമങ്ങളുടെ നാവില്‍ വിജയനെ കാത്തുകിടന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ആത്മാവിന്റെ ശബ്ദത്തെ ചിന്തകളുടെ ചെറുതും വലുതുമായ മുഴക്കങ്ങളെ ഭാഷയുടെ ജൈവീക സ്വരങ്ങളിലൂടെ പരിവര്‍ത്തനം ചെയ്യിക്കാനുള്ള കഴിവാണ് ഒ. വി. വിജയനെ മലയാളത്തിലെ എഴുത്തുകാരില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയത്. മനസ്സിന്റെ ഉന്‍മാദത്തേയും സാഹിത്യ ഭാവനയേയും കുറിച്ച് കെ. പി. അപ്പന്‍ എഴുതിയിട്ടുണ്ട്. ഉന്‍മാദത്തിനും സമചിത്തതയ്ക്കുമിടയിലൂടെയുള്ള നൂല്‍പാലത്തിലൂടെ വൈക്കം മുഹമ്മദ് ബഷീര്‍ സഞ്ചരിക്കുന്നതിനെ കണ്ടെത്തുന്ന അദ്ദേഹത്തിന്‍റെ ഒരു ലേഖനമുണ്ട്. ഒരു എഴുത്തുകാരന്‍ സമചിത്തതയില്‍ നിന്ന് ഉന്‍മാദത്തിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുമ്പോള്‍ അയാളുടെ സര്‍ഗ്ഗാത്മകതയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വളരെ അപൂര്‍വ്വമായ വായനാനുഭവത്തെ അദ്ദേഹം പ്രസ്തുതലേഖനത്തില്‍ കണ്ടെത്തുന്നു*. എഴുത്തിന്റെ അടിസ്ഥാനം മനസ്സാണ് അതിന്റെ ഉല്‍പന്നമാണ് എഴുത്ത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മനസ്സിന്റെ ഉന്‍മാദത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കപ്പെടുന്നിടത്ത് യുക്തിഭദ്രതയ്ക്ക് ചിലപ്പോള്‍ യാതൊരു സ്ഥാനവുമുണ്ടായെന്നുവരില്ല. ഇവിടെ അന്വേഷിക്കാന്‍ ശ്രമിക്കുന്നത് മനസ്സിന്റെ അടിത്തട്ടില്‍ പലയിടങ്ങളിലായി മേഞ്ഞുനടക്കുന്ന അരൂപിയായ ചില "ബോധരൂപങ്ങളെ"ക്കുറിച്ചാണ്.
ബോധരൂപങ്ങള്‍ എന്ന വാക്ക് ഒരു പക്ഷെ പുതിയതായി തോന്നാം. ഈ വാക്കിന്റെ നിലവിലുള്ള വ്യവഹാരങ്ങള്‍ എന്തുതന്നെയായാലും തികച്ചും ആന്തരികമായ ചില സമസ്യകളെ പ്രതിനിധാനം ചെയ്യുന്ന ഈ വാക്കിനു പകരം വയ്ക്കാന്‍ വേറൊന്നെനിക്ക് കിട്ടിയില്ല. വികാരങ്ങളുടേയും ഓര്‍മ്മകളുടേയും അസംഖ്യം ഇമേജുകളുടേയും ആകത്തുകയാണ് മനസ്സ്. മനസ്സില്‍ തോന്നുന്നതില്‍ പലതും നമ്മള്‍ നമ്മുടെ ആത്മസുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുണ്ട്. സാധാരണ ജീവിതത്തില്‍ നടക്കുന്ന ഈ പ്രക്രിയയല്ല ഒരു സാഹിത്യ സൃഷ്ടിക്ക് ആധാരം. മനസ്സിലുള്ളത് വിളിച്ചു പറയുന്നത് ഒരിക്കലും ഒരു സാഹിത്യ സൃഷ്ടിയായിക്കൊള്ളണമെന്നില്ല. മനസ്സിലെ പൂര്‍ണ്ണകായ ചിത്രങ്ങളെ അതേപടി വെറുതെ അവതരിപ്പിച്ചതുകൊണ്ട് ഒരു നല്ല സാഹിത്യ സൃഷ്ടിയുണ്ടായിക്കൊള്ളണമെന്നില്ല. 
ചിലര്‍ അതിസൂക്ഷ്മമായ ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു മറ്റു ചിലര്‍ ചിന്തകളുടെ സ്ഥൂലമായ ലോകത്തില്‍ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ആനന്ദിന്റെ മരുഭൂമികള്‍ ഉണ്ടാകുന്നത്, അഭയാര്‍ത്ഥികള്‍ തുടങ്ങിയ നോവലുകള്‍ കൈയ്യിലെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ മനസ്സിന്റെ ആന്തരിക ഘടനാ വ്യത്യാസങ്ങള്‍ ബോധ്യമാകും. അതിസൂക്ഷ്മമായ ദര്‍ശനങ്ങളിലൂടെ വിരിയിച്ചെടുക്കുന്ന അല്ലെങ്കില്‍ ഇവിടെ അന്വേഷിക്കുന്നതുപോലെ എഴുത്തുകാരന്റെ മനസ്സില്‍ രൂപപ്പെടുന്ന "ബോധരൂപങ്ങള്‍" എഴുത്തിലൂടെ ഭൌതിക പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ഇത്തരം കൃതികള്‍ മുഖ്യധാരയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു. അതു തന്നെയാണ് ആഷാ മേനോന്‍റെ മിക്കവാറുമുള്ള എല്ലാകൃതികളിലും നമ്മുക്ക് കാണാന്‍ കഴിയുന്നത്.
ഈയിടെ ഒരു സുഹൃത്ത് പറഞ്ഞത് ആഷാമേനോനെ വായിക്കാന്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ അദ്ദേഹം തന്നെ വീണ്ടും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണമെന്നാണ്. ആന്തരിക ജീവിതത്തെ, അതിന്റെ ചിന്താ കുസുമങ്ങളെ, സൈദ്ധാന്തികമായ ധാരണകളെ, അതിനാധാരമായ മൌലികമായ ബോധരൂപങ്ങളെ ഉചിതമായ ഭാഷയിലൂടെ ആവിഷ്ക്കരിച്ച് പുതിയ ഭാവുകത്വ പരിണാമം സൃഷ്ടിച്ച എഴുത്തുകാര്‍ മാലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എം. എന്‍. വിജയന്‍ തന്റെ എഴുത്തിലൂടെ ഊര്‍ജ്ജം എന്ന ബോധരൂപത്തെ അതിന്റെ ആന്തരിക സത്തയെ വായനക്കാരന് നല്‍കിയ ധിഷണാശാലിയായിരുന്നു. ഒരാള്‍ ഊര്‍ജജം എന്നു പറയുമ്പോള്‍ അത് കേള്‍ക്കുന്ന ആളില്‍ ഉണ്ടാക്കുന്ന ഊര്‍ജ്ജത്തെക്കുറിച്ചുള്ള ചിത്രത്തെ, അല്ലെങ്കില്‍ ചലിക്കുന്ന ഒരു വസ്തുവിലൂടെ നമ്മുക്ക് അനുഭവവേദ്യമാകുന്ന ഊര്‍ജ്ജത്തിന്റെ ദ്രവ്യമാനങ്ങളെ എം. എന്‍. വിജയന്‍റെ എഴുത്തുകളിലൂടെ വായനക്കാരന് പകര്‍ന്നുകിട്ടിയിരുന്നു. സ്വപ്നങ്ങളുടേയും ഭാവനയുടേയും മായിക വലയങ്ങളെ മികവുറ്റ ഭാഷായന്ത്രംകൊണ്ട് വരുതിക്കു നിര്‍ത്താന്‍ കൃതഹസ്തരായ എഴുത്തുകാര്‍ക്കുമാത്രമേ കഴിയൂ. ഫിക്ഷനുകളില്‍ പലരും തങ്ങളുടെ ആന്തരിക ജീവിതത്തില്‍ സന്ധിക്കുന്ന സമസ്യകളെ നിയോറിയലിസ്റ്റിക് രീതികളിലൂടെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കാറുണ്ട്. എഴുത്തുകാരന്‍ ബോധപുര്‍വ്വം അങ്ങിനെയൊരു സങ്കേതത്തെ തിരഞ്ഞെടുക്കുകയല്ല എന്നാണ് എനിക്ക് തോന്നുന്നത്. പുതുനിരയിലെ ആര്‍. ഉണ്ണിയുടെ പലകഥകളിലും എം. ജി. രാധാകൃഷ്ണന്‍റെ ഭൂരിഭാഗം കഥകളിലും ഈ ഒരനുഭവം സ്ഥായിയായി ഉണ്ട്. മനസ്സില്‍ രൂപപ്പെടുന്ന ബോധരൂപങ്ങളുടെ അതേ സ്വഭാവത്തെ വാക്കുകളിലേക്ക് ആവാഹിക്കാന്‍ അവര്‍ക്ക് ആവുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ബി. രാജീവന്‍റെ "വാക്കുകളും വസ്തുക്കളും" എന്ന പുസ്തകം വായിച്ചപ്പോള്‍ ആഷാമേനോനേയും ആനന്ദിനേയും തല്‍ക്കാലം വെറുതെ വിടാനാണ് തോന്നിയത്. കാരണം അവര്‍ക്കൊക്കെ കുറഞ്ഞത് സത്യസന്ധതയെങ്കിലുമുണ്ട്. ബി. രാജീവന്‍റെ പല ലേഖനങ്ങളും സത്യസന്ധമല്ല. ഇറക്കുമതിചെയ്ത ആശയങ്ങളെ ഭാഷയിലിട്ട് കലക്കിമറിക്കുകയാണ് ബി. രാജീവന്‍ ചെയ്യുന്നത്. അവസാനം ചേറും ചെളിയും പുരണ്ടവാക്കുകളായി സിനോപ്സയും ഗ്രാംഷിയുമോക്കെ നില്‍ക്കുന്നതായിരിക്കും വായനക്കാര്‍ കാണുക. പുസ്തകത്തിലെ ടൈറ്റില്‍ ലേഖനത്തോടാണ് എനിക്കുള്ള വിയോജിപ്പിലേറെയും. ഇവിടെ നാം ചര്‍ച്ച ചെയ്യുന്നതുപോലെ ഒരു സൃഷ്ടിയുടെ ആദിരൂപമായ അരൂപിയായ ബോധരൂപങ്ങളെ സുതാര്യമായി ആവിഷ്ക്കരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതേയില്ല. വിഷയത്തിന്റെ സാന്ദ്രതയെ ചൂഷണം ചെയ്യുന്നതിനു പകരം ബോധപൂര്‍വ്വം അതിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. 'ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമമാണ്' എന്നുള്ള പഴഞ്ചന്‍ വാദത്തെ പുതിയ ചില ദര്‍ശനങ്ങളിലൂടെ എതിര്‍ക്കാന്‍ ശ്രമിക്കുകയാണ് ബി. രാജീവന്‍ പ്രസ്തുതലേഖനത്തില്‍. അദ്ദേഹം പറയുന്നു "ഭാഷ ഒരു പ്രവൃത്തിയാണ് (action) നിങ്ങളെ തൂക്കികൊല്ലാന്‍ വിധിക്കുന്നു എന്ന് കോടതി കുറ്റവാളിയോട് പറയുന്നതിലൂടെ വെറുതെ ഒരു സന്ദേശം കൈമാറ്റം ചെയ്യപ്പെടുകയല്ല മറിച്ച് ഭാഷ ക്രിയാത്മകമായ ഒരു പ്രവൃത്തിചെയ്യുകയാണ് എന്ന് അദ്ദേഹം പറയുന്നു. വളരെ ദീര്‍ഘമായ ഈ ലേഖനത്തിന്‍റെ കേന്ദ്രം ഈ ഒരൊറ്റ 'ത്രെഡ്' ആണ്. ബി. രാജീവന്റെ ഭാഷാ യന്ത്രം അദ്ദേഹത്തിന്റെ വിഷയത്തെ അനാവശ്യമായി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. സ്വന്തം ഭാഷയില്‍ ബോധപുര്‍വ്വം വരുത്തി തീര്‍ക്കുന്ന ഇത്തരം സങ്കീര്‍ണ്ണതകളെ നെല്ലും പതിരുമായി വേര്‍തിരിച്ചെടുത്തു മനസ്സിലാക്കാന്‍ ഇക്കാലത്ത് വായനക്കാരനെ ആരും പഠിപ്പിക്കേണ്ടതില്ല. ഇതേ പുസ്തകത്തില്‍ കെ. ജി. ശങ്കരപ്പിള്ളയുടെ കവിതകളെക്കുറിച്ച് ബി. രാജീവന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ വളരെ സമഗ്രമാണ്.
ജലത്തെ ആകാശത്തേക്ക് എറിഞ്ഞ് പിടിച്ചാല്‍ അത് മഴയാവില്ല. സമകാലികതയുടെ പുറമ്പോക്കുകളില്‍ വിഹരിക്കുന്നതിനെ അതേപടി ആവിഷ്ക്കരിക്കുകയോ പുനസൃഷ്ടിക്കുകയോ ചെയ്യുകയല്ല വേണ്ടത്. അങ്ങിനെ ചെയ്യുന്നതുകൊണ്ട് ഒരേ അച്ചില്‍ വാര്‍ത്തതുപോലുള്ള സൃഷ്ടികള്‍ വായനക്കാരന് സഹിക്കേണ്ടി വരുന്നു. കാലം സ്വന്തം ഹൃദയത്തില്‍ രൂപ്പെടുത്തുന്ന ബോധരൂപങ്ങളെ സ്വയം കണ്ടെത്തണം. ഒരു ചലചിത്രകാരന് നിലവിലുള്ള ട്രെന്റിനൊപ്പിച്ച് ഒരു സിനിമയെടുക്കാന്‍ പെട്ടെന്നു കഴിഞ്ഞെന്നിരിക്കും പക്ഷെ അദ്ദേഹത്തിന്റെ സ്വന്തം സിനിമ ചെയ്യണമെങ്കില്‍ മനസ്സിലെ ഈ അരൂപികളായ ചിത്രശലഭങ്ങളെ സന്ധിച്ചേ മതിയാകൂ. ലോകത്തില്‍ നമ്മള്‍ ദര്‍ശിക്കുന്ന വൈവിധ്യങ്ങളുടെ ഭാഗമാണ് നമ്മുടെ മനസ്സും അതിലെ ബോധരൂപങ്ങളും. അതിനെ ആവിഷ്ക്കരിക്കാനുള്ള ശ്രമത്തില്‍ പുതിയ ഭാഷയും പൂതിയ സങ്കേതങ്ങളും പിറവിയെടുക്കും. ഈ ജൈവ പ്രക്രിയയിലൂടേ ഭാഷയും ആന്തരിക ജീവിതവും നവീകരിക്കപ്പെടുകയും പുതിയ ഭാവുകത്വപരിണാമങ്ങള്‍ക്ക് സര്‍ഗ്ഗാത്മകതജീവിതം സാക്ഷ്യം വഹിക്കുകയും ചെയ്യും. സമകാലികതയിലെ അഭിരുചികളെ വച്ചുവിളമ്പുന്ന ഗിമ്മിക്കുകള്‍ പോരാ നമ്മുക്ക്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് സംക്രമിക്കുന്ന - ജീവിതത്തെ, അതിന്‍റെ മൂല്യങ്ങളെ, ശക്തിപ്പെടുത്തുന്ന കാലാതീതമായ കൃതികള്‍ നമ്മള്‍ രചിക്കേണ്ടതുണ്ട് അതിന് നമ്മുടെയുള്ളിലെ അരൂപിയായ പക്ഷികള്‍ക്ക് ചിറകും തൂവലും ആകാശവും കൊടുക്കുക. * രോഗവും സാഹിത്യ ഭാവനയും-ബഷീറിന്‍റെ ഭ്രാന്തും എന്റെ കിറുക്കുകളും, കെ. പി. അപ്പന്‍.
സൈകതം വെബ് മാസികയില്‍ പ്രസിദ്ധീകരിച്ചത്