
വികസനത്തെ സംമ്പന്ധിക്കുന്ന ഏതൊരു വാദവും വ്യവസ്ഥാപിതമായ ചില വാക്ക്പയറ്റുകളായി എങ്ങുമെത്താതെ നില്‍ക്കുകയാണിപ്പോള്‍ കേരളത്തില്‍. ഏതൊരു വികസന മാതൃകകളെ പ്രഖ്യാപിക്കുമ്പോഴും ചിലര്‍ പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിച്ച് വഴിമുടക്കുന്നുവെന്ന് ''ഗുജറാത്തിനു പഠിക്കുന്ന'' അഭിനവ ടെക്‌നോക്രാറ്റുകളുടെ വാദങ്ങള്‍ക്കാണ് ഇനിയുള്ള കാലത്ത് കേരളത്തില്‍ മുന്‍തൂക്കം. വികസനം വരുന്നൂ. . . വഴിമാറി നില്‍ക്കൂ! . . . എന്ന 'ധാര്‍ഷ്ട്യം' നാം പ്രയോഗിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. വികസനം എന്നതിന്റെ നിര്‍വചനം തന്നെ അപനിര്‍മ്മിക്കപ്പെടുന്ന ഈ കാലത്തില്‍ ഈ ധാര്‍ഷ്ട്യത്തിനെതിരെ എങ്ങിനെയാണ് ഒരു പ്രധിരോധത്തെ വികസിപ്പിക്കേണ്ടത്. 120 കോടി ഇന്ത്യക്കാര്‍ക്കുമുന്‍പില്‍ ശകുനം മുടക്കികളായി നില്‍ക്കുന്നവര്‍ക്കെന്ത് പ്രതിരോധം. അല്ലേ?.
ഇവിടെ പരിശോധിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യം വികസനം കാരണം കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിലനിശ്ചിയക്കുന്നത് എന്നതും, നിശ്ചയിക്കപ്പെടുന്ന വിലയ്ക്ക് അവര്‍ക്ക് ഇതുവരെ തുടര്‍ന്നു വന്നിരുന്ന ജീവിതം അതേ നിലയില്‍ പുനരാരംഭിക്കാന്‍ ആവുമൊ എന്നതുമാണ്. 1894-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ ''ലാന്റ് അക്വിസിഷന്‍ ആക്ട്-1894'' -ന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായുള്ള ഭൂമി സര്‍ക്കാര്‍ കണ്ടെത്തുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അതിനുള്ള നഷ്ടപരിഹാരത്തിനര്‍ഹതയുണ്ടെങ്കില്‍ ഭൂമിയുടെ അന്നത്തെ മാര്‍ക്കറ്റ് വിലതന്നെ നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എക്‌സ്പ്രസ്സ് ഹൈവെ വികസനത്തില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലനല്‍കാന്‍ കേന്ദ്രം സമ്മതം മൂളിയെന്നതില്‍ പുതിയതായി ഒന്നുമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം കുടിയൊഴിയുന്നവര്‍ക്ക് ഭൂമിയുടെ മാര്‍ക്കറ്റ് വില തന്നെ കൊടുക്കണം എന്നത് ഇതേ നിയമത്തില്‍ തന്നെ ഉള്ളതാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വാഗ്ദാനം ചെയ്യപ്പെട്ട നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാരന്റെ ഔദാര്യമല്ല. ''മാര്‍ക്കറ്റ് വില'' എന്നതിന്റെ സാങ്കേതിക നിര്‍വചനം നിയമസംവിധാനത്തെ സംബന്ധിച്ചിടത്തോളം ഇത്തിരി കടുപ്പമുള്ളതാണ്. സ്ഥലമെടുക്കുന്ന പ്രദേശത്തിന്റെ പരിസരത്ത് അവസാനമായി നടത്തിയ സ്ഥലമിടപാടില്‍ കാണിച്ചിട്ടുള്ള വിലയാണ് അക്വയര്‍ ചെയ്യുന്ന സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില. ഇക്കാലത്ത് സ്റ്റാമ്പ്ഡ്യൂട്ടി വെട്ടിക്കുന്നതിനായി ആരും ആധാരത്തില്‍ യഥാര്‍ത്ഥ വില കാണിക്കാറില്ല. അങ്ങിനെ നോക്കുമ്പോള്‍ ഇത്തരം വികസന പദ്ധതിയുടെ ഭാഗമായി വഴിയാധാരമാകുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ന്യായമായ നഷ്ടപരിഹാരം ഒരിക്കലും കിട്ടില്ല.
116 വര്‍ഷം മുന്‍പ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ഈ നിയമത്തില്‍ പലഘട്ടങ്ങളിലായി നാമമാത്രമായ ഭേദഗതികളെ വരുത്തിയിട്ടുള്ളു. അതുകൊണ്ടുതന്നെ കാലഹരണപ്പെട്ട ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ക്കൊപ്പിച്ച് സ്വന്തം കിടപ്പാടം വിട്ടുകൊടുക്കാന്‍ ആരും തയ്യാറാകില്ല.
വികസനത്തിന്റെ ആരും കാണാത്ത പിന്നാമ്പുറങ്ങള്‍
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വല്ലാര്‍പാടം പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ പോകുകയാണ്. എന്നാല്‍ ഇതേ പദ്ധതിയുടെ പേരില്‍ വഴിയാധാരമായ 326 ദരിദ്ര കുടുംബങ്ങള്‍ ഇപ്പോഴും താല്ക്കാലിക ഷെഡ്ഡുകളില്‍ കഴിയുകയാണ്. ഇതിനെക്കുറിച്ച് എഴുതാനും അവരുടെ പ്രശ്‌നങ്ങളെ കാണാനും ആരുണ്ടിവിടെ?. ഇതേ പദ്ധതിയുടെ റോഡ് വികസനവുമായി ബന്ധപ്പെട്ട് 2009 ഫ്രെബ്രുവരിയില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കളത്തിങ്കലിന്റെ വീടും വളപ്പുമടങ്ങുന്ന രണ്ടരയേക്കര്‍ സ്ഥലം ഇടിച്ചു നിരപ്പാക്കി ''ആ പദ്ധതിയില്‍ വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങളില്‍ രണ്ടു കുടുംബങ്ങള്‍ക്കുമാത്രമാണ് വീടുവച്ചു താമസിക്കാന്‍ കഴിഞ്ഞത്. മൂലമ്പള്ളി പാക്കേജില്‍ പത്ത് മാസത്തേയ്ക്ക് 5000 രൂപ വീതം വീട്ടു വാടക ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ വീടും സ്ഥലവും ഒന്നുമില്ലാത്ത തൊഴില്‍ നഷ്ടപ്പെട്ട ഇവര്‍ക്ക് ആരാണ് ഒരു വീട് വാടകയ്ക്ക് കൊടുക്കുക? വെയിലത്തും മഴയത്തും സ്ത്രീകളും കുഞ്ഞുങ്ങളും പ്രായമായവരും ഒക്കെ ഷെഡ്ഡില്‍ തന്നെ കഴിയുകയാണ്'' ഫ്രാന്‍സിസ് പറയുന്നു.
ഇത് വികസനത്തിന്റെ ഇരകളായവരുടെ തീരെ ചെറിയ ചിത്രം മാത്രമാണ്. ഇവരുടെ മുറിവുകള്‍ ഉണങ്ങുമെന്ന് പറഞ്ഞ് നമുക്ക് കണ്ണുചിമ്മാം, പക്ഷെ ഇതിന് ഒരു മറുപുറം കൂടിയുണ്ട്. ഇവിടെ വരുന്ന വികസനം എന്ന മധുരത്തിന്റെ പിന്നിലെ കയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നാമറിയണം.
ഇതെന്ത് വികസനം?

ഇടതും വലതും മാറി മാറി ഭരിച്ചിട്ടും നല്ലൊരു നഗരസംവിധാനമോ അതുമല്ലെങ്കില്‍ ഭക്ഷ്യ സ്വയംപര്യാപ്തതയോ കാര്‍ഷികാഭിവൃദ്ധിയൊ നമ്മുക്കുണ്ടായിട്ടില്ല എന്ന് സാമ്പത്തിക വിദഗ്ദര്‍ കേരളത്തെ പഴിപറയുന്നു. ഇവര്‍ നമ്മുടെ കൊച്ചു നഗരങ്ങളെ താരതമ്യം ചെയ്യുന്നത് വികസിത രാജ്യങ്ങളിലെ വന്‍ നഗരങ്ങളുമായാണ്. നഗരാധിഷ്ഠിതമായ അറ്റാദായം (സിറ്റി ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ്) ലോകത്തിലെ വന്‍നഗരങ്ങളായ ടോക്യോ, ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് കേരളത്തിലെ വികസനസങ്കല്പങ്ങളെ പൊളിച്ചെഴുതണമെന്നുള്ള വാദങ്ങള്‍ ഇവിടെ ഉണ്ടാകുന്നു. ''പിങ്ക്'' പത്രങ്ങള്‍ മാത്രം വായിക്കുകയും ഓഹരികമ്പോളത്തിന്റെ വൈകാരികമായ നിമ്‌ന്നോന്നതങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരാള്‍ കൊച്ചിനഗരത്തെപ്പറ്റിപറയുന്നതിങ്ങനെ ''ജപ്പാനിലെ പ്രധാനഗരമായ ടോക്യൊ യിലെ ജി.ഡി.പി 1479 ബില്ല്യണ്‍ യൂസ് ഡോളര്‍ ആണ്. ന്യുയോര്‍ക്കിലേതാവട്ടെ 1406 ബില്ല്യണ്‍ ഡോളര്‍, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുബൈ നഗരത്തിന്റേതാവട്ടെ വെറും 209 ബില്യണ്‍ യൂസ് ഡോളര്‍ മാത്രം. ഇന്ത്യയുടെ ഡല്‍ഹി, കല്‍ക്കട്ട, ബാംഗ്‌ളൂര്‍, ചെന്നൈ, എന്നീ വന്‍നഗരങ്ങളുടെ ജി.ഡി.പി യാഥാക്രമം $167, $104, $ 69, $ 66 എന്നിങ്ങനെയാണ് എന്നാല്‍ നമ്മുടെ കൊച്ചുകേരളത്തിലെ കൊച്ചി നഗരത്തിന്റെ ജി.ഡി.പി വെറും 37 ബില്യണ്‍ ഡോളര്‍ മാത്രം'' ഐ.ഡി.ബി.ഐ ബാങ്കിന്റെ മുന്‍ എക്‌സിക്യുട്ടിവ് ഡയറക്ടറായിരുന്ന കെ.എക്‌സ്.എമ്. ജോണ്‍ പറയുന്നു (ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ്, 12, ഡിസംബര്‍ 2010). വികസനത്തിനുവേണ്ടിയുള്ള വാദങ്ങള്‍ ഇങ്ങിനെ വഴിവിട്ട് ബി-സ്‌കൂള്‍ സിലബസിന്റെ ഹാംഗോവറിലാണ് നീങ്ങുന്നത്.
എക്‌സ്പ്രസ്സ് ഹൈവേ ആര്‍ക്കുവേണ്ടി?

കേരളത്തിലെ ദേശിയപാതകളായ 47 ന്റേയും 17 ന്റേയും മൊത്തം 840 കിലോമീറ്റര്‍ ദൂരം 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന്റെ വിവാദത്തിലെ മുഖ്യ കേന്ദ്രം കുടിയിറക്കപ്പെടുന്ന പന്ത്രണ്ട് ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ പുനരധിവാസത്തെ സംബന്ധിക്കുന്നതും 3218 ഏക്കര്‍ വരുന്ന കൃഷിയിടങ്ങളും തണ്ണീര്‍ത്തടങ്ങളുമടങ്ങുന്ന നഷ്ടങ്ങളെക്കുറിച്ചുമാണ്. എന്നാല്‍ ഇതില്‍ സാധ്യമായ പരിഹാരം കണ്ട് പദ്ധതി തുടങ്ങിയാല്‍ത്തന്നെ നമ്മള്‍ കേരളീയര്‍ ആകമാനം ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകുമെന്ന് വല്ല ഉറപ്പുമുണ്ടൊ? വല്ലാര്‍പാടവും വിഴിഞ്ഞവും യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കം വര്‍ദ്ധിക്കും; അപ്പോള്‍ നമ്മുക്ക് ഇപ്പോഴുള്ള ഗതാഗത സംവിധാനം അപര്യാപ്തമാകും. ശരിതന്നെ അതിന് 35 മീറ്റര്‍ വീതിയില്‍ നാലുവരിപാത പര്യാപ്തമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ ഒക്‌ടോബര്‍ മാസത്തില്‍ മലയാളം വാരിക പ്രസിദ്ധീകരിച്ച ജി. നിര്‍മ്മലയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ നിരീക്ഷിക്കുന്നു. ''നാല്പത്തിയഞ്ച് മീറ്ററില്‍ ഭൂമിയെടുത്താലും മുപ്പത് മീറ്ററില്‍ ഭൂമിയെടുത്താലും പ്രധാന റോഡിന്റെ വീതി പതിനാല് മീറ്ററാണ്. അപ്പോള്‍ പിന്നെ എന്തിനാണ് നാല്പത്തിയഞ്ച് മീറ്റര്‍? ഉദ്ദേശ്യം മറ്റു ചിലതാണ്. ബി.ഒ.ടിക്കാരുടെ ടോള്‍പിരിവ് സുഗമമാക്കുക, പ്രാദേശിക യാത്രക്കാരേയും വാഹനങ്ങളേയും സര്‍വീസ് റോഡിലേക്ക് ഒതുക്കുക. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരെ സഹായിക്കുക''. ഇതാണ് സത്യം - റിയലെസ്റ്റേറ്റ് ലോബികള്‍ ഐ.എക്‌സ്.എമ് ജോണിനെ പോലുള്ളവരുടെ സഹായത്തോടെ ബി-സ്‌കൂള്‍ സ്ലാങ്ങില്‍ ലോകത്തിലെ വന്‍നഗരങ്ങളുടെ ജി.ഡി.പി.യും ഇന്ത്യയിലെ വന്‍നഗരങ്ങളുടെ വികസനമാതൃകകളുമൊക്കെ നിരത്തി കേരളമിപ്പോള്‍ 'ഉഗാണ്ടയിലാണ്' എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

കുണ്ടും കുഴിയുമായി ജനകീയ റോഡുകള്‍

പിന്‍കുറി
നമ്മുക്ക് വികസനം വേണം അത് ബി.ഒ.ടി കമ്പനികള്‍ക്ക് നാടിനെ തീറെഴുതികൊടുത്തുകൊണ്ടാവരുത്. ചാണിനും മുഴത്തിനും ചുങ്കം കൊടുത്ത് ജീവിക്കേണ്ട ഗതികേട് വരും തലമുറയ്ക്ക് നമ്മള്‍ ഉണ്ടാക്കരുത്. ഒരു നാടിന്റെ ജൈവവൈവിധ്യങ്ങളേയും ജീവിത പരിസരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് അനുയോജ്യമായ വികസനപദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇച്ഛാശക്തി നമ്മുക്കുണ്ടാവേണ്ടതുണ്ട്. രാജപാതകളല്ല പ്രജാപാതകളാണ് നമ്മുക്കിന്നാവശ്യം. നാം നടന്ന വഴികള്‍ നമ്മുടേതാണ്. . . നമ്മുടേതുമാത്രം.
കടപ്പാട്
ജി. നിര്‍മ്മല, മലയാളം വാരിക റിപ്പോര്‍ട്ട്, ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ്, മാതൃഭൂമി, മലയാള മനോരമ (പത്ര റിപ്പോര്‍ട്ടുകള്‍)
ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്.
നോട്ട്: വായിച്ചും കേട്ടും അറിഞ്ഞ കാര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളോട് പ്രഖ്യാപിക്കുന്ന ഐക്യദാര്‍ഢ്യം മാത്രമാണ് ഈ ലേഖനം. വസ്തുതകള്‍ ഒരു പക്ഷെ ഇതിനുമപ്പുറം പലതുമാകാം. കൂടുതല്‍ അറിയാനും പഠിക്കാനും ചര്‍ച്ച ചെയ്യാനുമായി ഇതിവിടെ പോസ്റ്റുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് കൈപിടിക്കേണ്ടത് ബഹുമാന്യ വായനക്കാരാണ്.