2023, മേയ് 5, വെള്ളിയാഴ്‌ച

സിനിമയെന്നാല്‍ ഇവര്‍ക്ക് പ്രൊപ്പഗണ്ട മാത്രമാണ്

image credit: huffpost.com

ഒരുവന് മറ്റൊരു വ്യക്തിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചോദ്യചെയ്യാന്‍ ജനാധിപത്യ രാജ്യത്ത് സാധ്യമല്ല. ആ വ്യക്തിയുടെ കലയുടെ മെറിറ്റിനെ ചോദ്യചെയ്യുന്നതിനൊ വിമര്‍ശിക്കുന്നതിനൊ പക്ഷെ ഈ രാജ്യത്ത് യാതൊരു തടസവുമില്ല. കേരള സ്റ്റോറി എന്ന പ്രൊപഗണ്ട സിനിമയുടെ മെറിറ്റിനെ, അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ, അതു വിനിമയം ചെയ്യുന്ന വെറുപ്പിനെ, അത് അപനിര്‍മ്മിക്കുന്ന ചരിത്രത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാനും ശക്തമായി എതിര്‍ക്കാനും ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യമുണ്ട്. സിനിമ നിരോധിക്കണമെന്ന് ആര്‍ക്കും ഇവിടെ ആവശ്യപ്പെടാനാകില്ല. അത് ജനാധിപത്യ മര്യാദയ്ക്ക് യോജിച്ചതുമല്ല. പക്ഷെ ഈ സിനിമ ശുദ്ധ അസംബന്ധമാണെന്ന് പറയാന്‍ ഇവിടെ ആരുടേയും അനുവാദത്തിന് കാത്തുനില്‍ക്കേണ്ടതില്ല. 

സിനിമയിലെവിടേയും 32000 യുവതികളെ കേരളത്തില്‍ നിന്ന് മതംമാറ്റി സിറിയയില്‍ കൊണ്ടുപോയി എന്ന് പറയുന്നില്ലത്രെ. പക്ഷെ ഇന്നിറങ്ങിയ സിനിമയെക്കുറിച്ച് ലഭിക്കുന്ന സാധാരണക്കാരില്‍ നിന്നുള്ള റിപ്പോര്‍ട്ട് കണ്ടാല്‍ സഹതാപം തോന്നും. 'നമ്മുടെ ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന ഒരു യാഥാര്‍ത്ഥ്യത്തെയാണ് സിനിമയില്‍ കാണിക്കുന്നത്' എന്നൊക്കെ വളരെ വൈകാരികമായി ആക്രോശിക്കുന്ന ലോല ഹൃദയരായ ചില സിനിമ ആസ്വാദകരുടെ ചില വീഡിയൊകള്‍ സോഷ്യല്‍മീഡിയയില്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഈ സിനിമയില്‍ കാണിച്ചിരിക്കുന്ന സംഭവങ്ങള്‍ സാര്‍വ്വത്രികമായി കേരളത്തില്‍ നടക്കുന്നതാണ് എന്ന രീതിയിലാണ് സാധാരണക്കാര്‍ ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ ധരിക്കുന്നത്. അതുതന്നെയാണ് ഈ സിനിമ സമൂഹത്തില്‍ ചെയ്യുന്ന പ്രധാന ദൂഷ്യവും.

കേരള സ്‌റ്റോറി എന്നു പേരിട്ടുകൊണ്ട് ഒരു വലിയ വിവാദം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യം വെച്ചിരുന്നു. 32000 ത്തിന്റെ കണക്ക് ടീസറിനൊപ്പം അവതരിപ്പിച്ചതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. രണ്ടും അവര്‍ പ്രതീക്ഷിച്ചതിലുമപ്പുറത്തെ വിജയം കണ്ടിരിക്കുന്നു. വലിയ താരങ്ങളൊ മറ്റ് പകിട്ടൊ ഒന്നുമില്ലാത്ത ഒരു സാധാരണ സിനിമയ്ക്ക് അത് അര്‍ഹിക്കുന്നതിലുമപ്പുറത്തെ ഹൈപ്പ് ഉണ്ടാക്കാനുള്ള അവരുടെ തന്ത്രങ്ങള്‍ വിജയം കണ്ടിരിക്കുന്നു. ഈ സിനിമ ലോല ഹൃദയരായ തീവ്ര മത ഭക്തന്മാരില്‍ വലിയ ചലനങ്ങളുണ്ടാക്കും (അല്‍പം വിവരവും വിദ്യാഭ്യാസവുമുള്ളവരെ ഈ സിനിമ ലക്ഷ്യം വയ്ക്കുന്നില്ല). അവര്‍ ഇതര മതത്തോട് കൂടുതല്‍ വെറുപ്പുള്ളവരായി തീരും. സിനിമയില്‍ കാണുന്ന കഥാപാത്രങ്ങളുടെ സഹനങ്ങള്‍ കേരളത്തിലെ വലിയൊരു സമൂഹം ഹിന്ദു സോഹോദരിമാര്‍ നേരിടുന്ന എന്തോ വലിയൊരു ദുരന്തമാണെന്ന് അവര്‍ വിശ്വസിക്കാന്‍ ആരംഭിക്കും. ഇതുതന്നെയാണ് അവര്‍ ആത്യന്തികമായി ലക്ഷ്യം വെച്ചിരുന്നത്. 

കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഉത്തരേന്ത്യക്കാര്‍ ചെയ്യാറുള്ളതുപോലെ തീയേറ്ററടിച്ചു പൊട്ടിക്കാനൊ തെരുവില്‍ തീ കത്തിച്ച് പ്രക്ഷോഭം നടത്താനൊ തയ്യാറായില്ല എന്നത് ആശ്വാസം തരുന്നു. അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ സുദീപ്‌തൊ സെന്‍ എന്ന് പ്രൊപഗണ്ട സിനിമക്കാരന് കിട്ടുമായിരുന്ന മൈലേജ് ഇതിലും വലുതാകുമായിരുന്നു. 

ഓരോ വര്‍ഷവും ഭാരതത്തിലൊട്ടാകെ 7 ലക്ഷത്തിലധികം ആളുകളെ കാണാതാകുന്നുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ 3 മതം മാറ്റക്കേസുകളും, ഇന്ത്യയൊട്ടാകെയുള്ള 100 ല്‍ താഴെ മാത്രം വരുന്ന നിര്‍ബന്ധിത മതം മാറ്റവും സിറിയയിലേയ്ക്ക് കടത്തിയതിന്റെ കണക്കുകളും വളരെ നിസ്സാരമാണ്. പക്ഷെ മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടുകൊണ്ട് ഉണ്ടാക്കിവിടുന്ന ഇത്തരം സിനിമകള്‍ക്ക് സമൂഹത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെ പ്രശ്‌നവല്‍ക്കരിക്കാന്‍ യാതൊരു താല്‍പര്യമുണ്ടാകില്ല.

ഇത്തരം സിനിമകളെ എതിര്‍ക്കുന്നതിനു പകരം ഈ സിനിമ പറയുന്ന, ചെറുതായിക്കോട്ടെ.... ഇതിന്റെ പ്രമേയത്തിലെ യാഥാര്‍ത്ഥ്യങ്ങളെ ഒരു മുന്നറിയിപ്പായി എടുത്തുകൂടെ.... എന്നു ചോദിക്കുന്നവരും നമുക്കിടയിലുണ്ട്. സ്‌നേഹിച്ച് കല്യാണം കഴിക്കുന്നതും നിര്‍ബന്ധിച്ച് മതം മാറ്റുന്നതും മറ്റൊരു രാജ്യത്തേയ്ക്ക് കൊണ്ടുപോയി തീവ്രവാദ പ്രവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. ഒരു സങ്കല്‍പ കഥ എന്നുള്ള നിലയ്ക്കാണെങ്കിലും, ചെറുതെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങളുമായി ഈ സിനിമയ്ക്ക് ഒരു ബന്ധമുണ്ട് എന്നതുകൊണ്ടുമാത്രം ഈ സിനിമയ്ക്ക് അതിന്റെതായ ഒരിടമുണ്ട് എന്ന വാദത്തെ അംഗീകരിക്കാന്‍ സാധിക്കുമൊ? ഏതൊരു കലാസൃഷ്ടിക്കുമുള്ള ഇടമേ ഈ സിനിമയ്ക്കുമുള്ളു. അതിലുമപ്പുറത്തെ ഒരു പ്രാധാന്യം ഇത് അവകാശപ്പെടാനാകില്ല. അങ്ങിനെ അവകാശപ്പെട്ടാല്‍ അത് അനുവദിച്ചുകൊടുക്കേണ്ട കാര്യം നമുക്കില്ല. പക്ഷെ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പച്ചക്കള്ളങ്ങളിലൂടെ നമ്മുടെ രാജ്യത്തിന്റെ സെക്യുലര്‍ ഫാബ്രിക്കിന് എല്‍പ്പിക്കാനിടയുള്ള പരിക്ക് വളരെ വലുതായിരിക്കും എന്നത് പറയാതിരിക്കാനാവില്ല. 

ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു യുവതിയെ സ്‌നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും പിന്നീട് മതം മാറുന്നതുമൊന്നും പത്തിരുപതു വര്‍ഷം മുന്‍പുവരെ കേരള സമൂഹത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായിരുന്നിട്ടില്ല. കേരളത്തില്‍ വളരെ പ്രമാദമായി നടന്ന - മൂന്ന് പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകുകയും സിറിയയിലേയ്ക്ക് കയറ്റിക്കൊണ്ടുപോവുകയും ചെയ്ത സംഭവം നമുക്കിടയില്‍ അതുകൊണ്ടുതന്നെ വലിയ വാര്‍ത്തയായതുമാണ്. എന്നാല്‍ സിനിമയില്‍ കാണിക്കുന്നതുപോലെയുള്ള ക്രൂരതകള്‍ നടക്കുന്ന ഒരു സ്ഥലമാണ് എന്ന രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ ചിത്രീകരിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണ്. അത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്.

പൊതു നിരത്തില്‍ നിസ്‌കരിച്ചു എന്നതിന്റെ പേരില്‍ പോലീസ് നടപടിയെടുത്തു എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്ന് നമ്മള്‍ വായിച്ചിട്ടുണ്ട്. പൊതുവിടത്തില്‍ ഒരു യാഥാസ്ഥിതിക മുസല്‍മാന്‍ അല്‍പം സമയം നിസ്‌കരിക്കുന്നതിനെ എന്തോ വലിയ അപരാധമായി വര്‍ഗ്ഗീയമായി വിഘടിച്ചുനില്‍ക്കുന്ന ഹിന്ദു മതസ്ഥരായ ആളുകള്‍ ചിത്രീകരിക്കുന്നു. എന്നാല്‍ മുംബൈ പോലെയുള്ള നഗരങ്ങളില്‍ പൊതു നിരത്തും ജലശ്രോതസ്സുമൊക്കെ ഗണപതി ഘോഷയാത്രകളും പൊട്ടിയ ഗണപതി വിഗ്രഹങ്ങളും കൊണ്ടുനിറയ്ക്കുന്നതില്‍ ഒരു തെറ്റും ഇത്തരക്കാര്‍ കാണുന്നില്ല. മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ഹിന്ദു ഗ്രൂപ്പുകള്‍ നടത്തന്ന ഭജനയെ ചോദ്യചെയ്യാന്‍ ഇവിടെ ആര്‍ക്കും ധൈര്യമില്ല. പക്ഷെ ഒരു മുസല്‍മാന്‍ പൊതുനിരത്തില്‍ അല്‍പനേരം നിസ്‌കരിച്ചാല്‍ പത്രത്തില്‍ വലിയ വാര്‍ത്തയാകുന്നു. പെരുനാളിന് പള്ളിമുറികള്‍ നിറഞ്ഞ് ആള്‍ക്കൂട്ടം പൊതുനിരത്തില്‍ നിന്ന് നിസ്‌കരിച്ചതിന്റെ വീഡിയൊ ഇവിടെ വയറലാണ്. ഇസ്ലാമോഫോബിയയുടെ അതി ഭീകരമായ വെര്‍ഷനുകളാണ് നമ്മുടെ രാജ്യത്ത് നിരന്തരമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 2014 ന്റെ തിരഞ്ഞെടുപ്പിനു മുന്‍പും ശേഷവും വലിയരീതിയിലുള്ള വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിക്കുന്നതിന് സംഘപരിവാര്‍ ശ്രമിച്ചു വരികയാണ്. 

മുസല്‍മാന്‍ എന്നാല്‍ മതം മാറ്റുന്നവനും തീവ്രവാദിയുമാണെന്നും, ഈ രാജ്യത്തെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാന്‍ കച്ചകെട്ടിയിറങ്ങിയവരാണെന്നുമുള്ള ഒരു പൊതുബോധം സൃഷ്ടിക്കുക എന്നതിലപ്പുറം ഇത്തരം സംഘപരിവാര്‍ പടപ്പുകളായ ഇമ്മാതിരി സിനിമകള്‍ക്ക് ഒരു ലക്ഷ്യവുമില്ല.  സിനിമയെന്നാല്‍ ഇവര്‍ക്ക് പ്രൊപ്പഗണ്ട മാത്രമാണ്.



2023, ഏപ്രിൽ 30, ഞായറാഴ്‌ച

സാദത്ത് ഹസന്‍ മന്‍ടോയുടെ കഥകള്‍: വിഭജനകാലത്തെ വിലാപരേഖകള്‍

 -സന്തോഷ് പല്ലശ്ശന


ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തെക്കുറിച്ചുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ ചരിത്ര രേഖകള്‍ക്കും ചുരുക്കം ചില സാക്ഷ്യങ്ങള്‍ക്കുമപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ മാരകമായ മുഖം കാണണമെങ്കില്‍ സാദത്ത് ഹസന്‍ മന്‍ടോയുടെ ചെറുകഥകളിലൂടെത്തന്നെ സഞ്ചരിക്കണം. വിഭജനത്തിന്റെ മുറിവുകളത്രയും സ്വന്തം ഹൃദയത്തിലേറ്റുവാങ്ങിക്കൊണ്ട് മാനസിക നിലതെറ്റിയ, മതനിഷേധിയുടെ, ഒരുന്മാദിയുടെ പരിഹാസ തീക്ഷ്ണമായ നിലവിളിയും വാക്കുകളുടെ കലാപവും പ്രതിഷേധവുമാണ് സാദത്ത് ഹസന്‍ മന്‍ടോയുടെ കഥകള്‍. ചെറുകഥയുടെ ഏതുകാലത്തെ ഭാവുകത്വങ്ങളോടും കിടപിടിക്കുന്ന, എല്ലാ കാലത്തും സംഗതമായ, കാലത്തെ അതിജീവിക്കുന്ന കഥകള്‍ എന്നുതന്നെ സാദത്ത് ഹസന്‍ മന്‍ടോയുടെ കഥകളെ വിശേഷിപ്പിക്കേണ്ടിവരും. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ തകര്‍ന്നുപോയത്, ഉറുദു ഭാഷയില്‍ അന്നു വികസിച്ചു വന്നിരുന്ന പുരോഗമനാശയങ്ങളുടെ പരീക്ഷണ ശാലയാണ്. ഇന്ത്യയെ ഏറെ സ്നേഹിച്ച മന്‍ടൊയുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയൊരു ദുരന്തമായിരുന്നു ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനം, നിവൃത്തികേടുകൊണ്ടുമാത്രം അദ്ദേഹത്തിനു പാക്കിസ്ഥാനിലേക്കു മടങ്ങേണ്ടി വന്നു. അവിടെ വിഷാദ രോഗത്തിനടിമപ്പെടുകയും 1955 ജനുവരിയില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുകയും ചെയ്തു.

അന്നത്തെ പുരോഗമന സാഹിത്യ സംഘത്തില്‍ നിലനിന്നിരുന്ന ഇടതുപക്ഷ പ്രമേയങ്ങളില്‍, അതായത് ചൂഷിതവര്‍ഗ്ഗം എന്ന കള്ളിയില്‍പെടുന്ന തൊഴിലാളികളെക്കുറിച്ചുമാത്രം, ഇടതുപക്ഷ പ്രത്യേയ ശാസ്ത്രത്തിനുവേണ്ടി മാത്രകളൊപ്പിച്ചെഴുതുന്ന എഴുത്തുരീതികളല്ല മന്‍ടൊ തന്റെ എഴുത്തില്‍ പിന്‍തുടര്‍ന്നത്. നഗരത്തിലെ സാധാരണക്കാരായ വേശ്യകളുടേയും കൂട്ടിക്കൊടുപ്പുകാരുടേയും ടോംഗവലിക്കുന്നവരുടേയും, പൗരോഹിത്യത്തിന്റെ അടിമച്ചങ്ങലിയില്‍ ജീവിതം ഹോമിക്കപ്പെട്ട മതജീവികളുടേയും, വിഭജനം ഉണ്ടാക്കിയ സാമൂഹിക അസ്വസ്ഥകളോട് പടവെട്ടി മരിക്കേണ്ടി വന്ന ഇതര സമുദായത്തിലെ മനുഷ്യരെക്കുറിച്ചുമൊക്കെ യാതൊരു പ്രത്യയ ശാസ്ത്ര ബാധ്യതകളുമില്ലാതെ മന്‍ടൊ സാബ് എഴുതിക്കൊണ്ടേയിരുന്നു. വിഭജനത്തിന്റെ നോവും നൊമ്പരവും ദുരന്തങ്ങളും മന്‍ടൊയുടെ പല കഥകളിലും പ്രധാന പ്രമേയമായി. വിഭജനത്തിന്റെ ആഴവും പരപ്പും മുറിവുകളിലെ വേദനയുമറിയണമെങ്കില്‍ സാദത്ത് ഹസന്‍ മന്‍ടൊയുടെ കഥകള്‍ വായിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്.

ഉറുദു ഭാഷയില്‍ നിന്ന് മന്‍ടോയുടെ കഥകള്‍ മലയാളത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത് അന്‍സര്‍ അലിയാണ്. ചിന്ത പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 'സാദത്ത് ഹസന്‍ മന്‍ടോയുടെ തിരഞ്ഞെടുത്ത കഥകള്‍' മലയാള സാഹിത്യത്തിന് തികച്ചും ഒരു മുതല്‍ക്കൂട്ടാണ്. 


അരികു ജീവിതങ്ങളുടെ ഇതിഹാസങ്ങള്‍


വിഭജനത്തിന്റെ കഥകള്‍ എന്നുമാത്രം പറഞ്ഞുകൊണ്ട് സാദത്ത് ഹസന്‍ മന്‍ടൊയുടെ കഥകളെ ടാഗു ചെയ്യുന്നത് ഒരു വലിയ തെറ്റായിരിക്കും. വ്യവസ്ഥാപിത മൂല്യങ്ങളെ ശക്തമായി ചോദ്യം ചെയ്തുകൊണ്ടാണ് സ്വതന്ത്ര്യപൂര്‍വ്വ ഇന്ത്യന്‍ സാഹിത്യരംഗത്ത് മന്‍ടോയുടെ കഥകളുടെ കലാപം ആരംഭിക്കുന്നത്. ഭൂരിഭാഗം കഥകളുടേയും അന്തരീക്ഷത്തില്‍ ഹിന്ദു-മുസ്ലീം വിഭാഗീയതകള്‍ കൊടികുത്തിവാണ ഒരു രാഷ്ട്രീയ സാഹചര്യം കാണാം. മന്‍ടോയുടെ കഥകള്‍ അശ്ലീലതയും മതവിരുദ്ധതയും ആരോപിക്കപ്പെട്ട് പലതവണ കോടതികയറിയിട്ടുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഈ സമാഹാരത്തിലെ ശ്രദ്ധേയമായ കഥയാണ് 'ലൈസന്‍സ്'. മതമൂല്യങ്ങള്‍ക്ക് ഉന്നതസ്ഥാനം കൊടുക്കുന്ന സമൂഹത്തില്‍ വിധവയായ ഒരു സ്ത്രീയ്ക്ക് സ്വന്തം ഉദരപൂരണത്തിന് ടോംഗയോടിച്ച് ജീവിക്കണമെങ്കില്‍, അതിനു സാധിക്കാത്ത സാഹചര്യം അന്നു നിലനിന്നിരുന്നു. സ്ത്രീ പുരുഷന്മാരെപോലെ ടോംഗയോടിക്കുകയൊ....? സമൂഹം അവളെ അതില്‍ നിന്നു ശക്തമായി വിലക്കുകയാണ്. എന്നാല്‍ അതേ സ്ത്രീയെ വേശ്യയായി ജീവിക്കാന്‍ ഒരു തടസവും കൂടാതെ നഗരസഭ ലൈസന്‍സ് അനുവദിക്കുകയും ചെയ്യുന്നു. മന്‍ടൊയുടെ 'ലൈസന്‍സ്' എന്ന കഥയിലെ നെയ്തി എന്ന വിധവയായ സ്ത്രീയെ അന്നത്തെ വ്യവസ്ഥാപിത സമൂഹം എങ്ങിനെയാണ് സ്വീകരിച്ചിരിക്കുക എന്ന് ഇപ്പോള്‍ സങ്കല്‍പ്പിച്ചുനോക്കുക വിസ്മയകരമാണ്.

പൗരോഹിത്യ വര്‍ഗ്ഗം ഒരു സമൂഹത്തിന്റെ പുരോഗമനപരമായ ഒഴുക്കിനെ എത്രമാത്രം തടസപ്പെടുത്തുന്നു എന്ന് മന്‍ടോയുടെ പല കഥകളും ചര്‍ച്ച ചെയ്യുന്നു. ഷാദൗളയുടെ മൂഷിക വൃന്ദം, ദിവ്യന്‍ തുടങ്ങിയ കഥകള്‍ നമുക്കു തരുന്ന സര്‍ഗ്ഗാത്മക കലാപമൂല്യത്തിന് ഒരു കാലത്തും ഇടിവുണ്ടാകുന്നില്ല. 

വേശ്യാവൃത്തിയുടെ കഥകള്‍ പറയുമ്പോള്‍ മന്‍ടൊയുടെ കഥകള്‍ വേറിട്ടൊരു ഭാവുകത്വത്തിലേയ്ക്ക് മാറുന്നു. മുളങ്കാടിന്റെ മറവില്‍, സുഗന്ധി, കറുത്ത സല്‍വാര്‍ തുടങ്ങിയ മനോഹരമായ കഥകള്‍ മന്‍ടൊയുടെ മുംബൈയിലെ ചുവന്ന തെരുവിനടുത്തുള്ള നാഗ്പാടയിലെ ജീവിത കാലത്തെ അടയാളപ്പെടുത്തുന്നു.


വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍

എല്ലാ മനുഷ്യനും, കുന്നോളം ദുരന്തങ്ങളും ജീവഭയവും ചുമന്നു നടന്ന കാലമാണ് ഇന്ത്യയുടെ നാല്‍പതുകളുടെ അന്ത്യം. പക്ഷെ, വിഭജനത്തിന്റെ നോവും നെരിപ്പോടും ആവിഷ്‌ക്കരിക്കുന്ന, സാധാരണക്കാരുടെ വ്യഥകള്‍ പറയുന്ന എഴുത്തുകള്‍ അധികമില്ല എന്നതാണ് എന്റെ പരിമിതമായ അറിവ്. സാദത്ത് ഹസന്‍ മന്‍ടൊ എന്ന എഴുത്തുകാരന്റെ ഹൃദയത്തില്‍ വിഭജനം ഏല്‍പ്പിച്ച മാരകമായ മുറിവ് അതിശക്തമായിരുന്നു എന്ന് അദ്ദേഹത്തിന്റെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. സഹായ് എന്ന കഥയില്‍ മുംതാസ് പറയുന്നു 

''ഒരു ലക്ഷം ഹിന്ദുക്കളും ഒരു ലക്ഷം മുസ്ലീംങ്ങളും കൊല്ലപ്പെട്ടുവെന്ന് പറയരുത്. രണ്ടു ലക്ഷം മനുഷ്യര്‍ മരിച്ചുവെന്നാണ് പറയേണ്ടത്. ഒരു ലക്ഷം ഹിന്ദുക്കളെ തൂത്തെറിഞ്ഞാല്‍ ഹിന്ദുമതം നാമാവശേഷമാകുമെന്ന് മുസ്ലീംങ്ങളും ഒരു ലക്ഷം മുഹമ്മദീയരെ ഉന്മൂലനം ചെയ്താല്‍ ഇസ്ലാം തീര്‍ന്നുവെന്ന് ഹിന്ദുക്കളും കരുതുന്നത് ഭോഷത്തമാണ്. യാഥാര്‍ത്ഥ്യം നമ്മുടെ മുന്നിലുണ്ട്. മതങ്ങള്‍ക്ക് ഒരു പോറല്‍പോലും എല്‍ക്കുന്നില്ല.''

മനുഷ്യന്‍ കരയുമ്പോള്‍ മതങ്ങള്‍ ചിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് മുംതാസ് എന്ന കഥാപാത്രം ആ കഥയില്‍ പറയുന്നത്. മതങ്ങള്‍ക്കുമപ്പുറം മനുഷ്യത്വത്തെ ഉദ്ഘോഷിച്ച, മതത്തിന്റെ നിരര്‍ത്ഥതയെ തുറന്നുകാണിച്ച കഥകള്‍ എന്നുകൂടി മന്‍ടൊയുടെ കഥകളെ വിശേഷിപ്പിക്കാം.

തണുത്തു മരവിച്ച മാംസം എന്ന കഥയില്‍ ഈശര്‍ സിംങ് കലാപത്തെക്കുറിച്ചും ബലാത്സംഗത്തെക്കുറിച്ചും എത്ര ലാഘവത്തോടെയാണ് തന്റെ പ്രിയതമയോടുതന്നെ പറയുന്നത് എന്നു നോക്കുക. മുസ്ലീംങ്ങളെ ആക്രമിക്കുക, അവരുടെ സ്വത്തുക്കള്‍ ആവുന്നത്ര കൊള്ളയടിക്കുക, കണ്ടുകിട്ടുന്ന മുസ്ലീം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുക എന്നതാണ് അന്നത്തെ കലാപ സാഹചര്യത്തില്‍ ജീവിച്ച ഒരു കൂട്ടം സിക്ക് മതസ്ഥരുടെ പൊതുബോധം. മുസ്ലീം വീടുകള്‍ കൊള്ളയടിച്ചുകിട്ടിയ ആഭരണങ്ങള്‍ തന്റെ പ്രിയതമയ്ക്ക് സമ്മാനിക്കുന്ന ഈശര്‍ സിംങിനോട് കുല്‍വന്ത് കൗര്‍ പ്രണയത്തിന്റെ പാരമ്യത്തില്‍ പ്രിയതമനെ ചേര്‍ത്തണയ്ക്കുന്നു. അവരുടെ ദാമ്പത്യത്തിന്റെ പ്രണയ സാന്ദ്രതയില്‍ നില്‍ക്കെ ഈശര്‍ സിംങ് താന്‍ നടത്തിയ ഒരു ബലാത്സംഗത്തെക്കുറിച്ചു പറയുമ്പോള്‍ ഭാര്യയില്‍ അത് ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല! ഇതര മതസ്ഥരെ ആക്രമിക്കുകയും സ്വത്തു തട്ടിപ്പറിക്കുകയും അവരുടെ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നത് മതപരമായ ഒരു വലിയ ദൗത്യമായി കാണുന്ന ഒരു പൊതുബോധം മതത്തിന്റെ മൂല്യബോധം ശിരസ്സില്‍പേറുന്ന പലരും അന്നു കൊണ്ടുനടന്നിരുന്നു എന്നതാണ് ഈ കഥ തരുന്ന ചിത്രം. വിദ്വേഷ ഭരിതമായ മതമൂല്യബോധം അങ്ങേയറ്റം രാക്ഷസീയമായിരുന്നു എന്നു വായിച്ചെടുക്കാന്‍ സാധിക്കുന്ന ഒരു ഡസനിലധികം കഥകള്‍ മന്‍ടോയുടെതായി ഉണ്ട്.

വായനക്കാരനെ മലര്‍ത്തിയടിക്കുന്ന കഥകളാണ് 'അഴിച്ചുമാറ്റ്' എന്ന കഥ. വിഭജനകാലത്ത് സാര്‍വത്രികമായ ഒന്നായിരുന്നു ബലാത്സംഗവും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റതിക്രമങ്ങളും എന്ന് ഈ കഥ വളരെ സ്ഫോടകാത്മകമായ രീതിയില്‍ പറയന്നു. കലാപഭൂമിയില്‍ മരിച്ചുപോയി എന്നു കരുതിയ മകളുടെ ജഡം അച്ഛന്‍ ആശുപത്രിയിലെത്തിക്കുന്നു, ഡോക്ടറുടെ മുന്‍പില്‍ മേശമേല്‍ കിടത്തിയിരിക്കുകയാണ്. പെണ്‍കുട്ടി മരിച്ചുവൊ എന്ന് ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ അല്‍പം വെളിച്ചം മുറിയില്‍ ലഭിക്കുന്നതിനുവേണ്ടി ജനലിലെ കര്‍ട്ടന്‍ നോക്കി ''അഴിച്ചുമാറ്റ്'' എന്ന് ഡോക്ടര്‍ പറയുന്നു. ഇതു പറഞ്ഞയുടനെ മരിച്ചുവെന്നു കരുതിയ പെണ്‍കുട്ടി തികച്ചും യാന്ത്രികമായി തന്റെ ഉടുപ്പ് കാലിനു മേലേകൂടി പൊക്കി പൊക്കിള്‍വരെ ഉയര്‍ത്തുന്നു. മകള്‍ മരിച്ചിട്ടില്ലെന്ന് ആശ്വസിക്കുന്ന അച്ഛന്റെ ആഹ്ലാദത്തില്‍ കഥ തീരുന്നു. പക്ഷെ വായനക്കാരന്റെ മനസ്സില്‍ ആ കഥ തീരുന്നില്ല. ആ കഥയും, കഥ നടന്ന കാലവും വായനക്കാരനിലേല്‍പ്പിക്കുന്ന മുറിവ് ജീവിതകാലം ഉണങ്ങുകയേയില്ല.

ടോബൊ ടേക് സിംങ്, ഗുരുമുഖ് സിംങിന്റെ മരണപത്രം, യസീദ് എന്നിങ്ങനെ ഒരുപാട് മികച്ച കഥകള്‍ വിഭജനത്തിന്റെ നോവും നെരിപ്പോടും വായനക്കാര്‍ക്കു നല്‍കുന്നു. പുസ്തകത്തില്‍ ആനുബന്ധമായി ചേര്‍ത്ത മന്‍ടൊയുടെ ഏറെക്കുറെ സമകാലികനായിരുന്ന ഗുല്‍സാറുമായുള്ള ഒരഭിമുഖം ഏറെ ശ്രദ്ധേയമാണ്. അതില്‍ ഗുല്‍സാര്‍ പറയുന്നത് ''വിഷയ പ്രതിപാദനത്തിന്റെ കാര്യത്തില്‍ മോപ്പസാങ്ങിന്റെ മികവ് നാം അംഗീകരിക്കുന്നു. സാമൂഹ്യ ചിത്രീകരണത്തിലാണ് ചെഖോവിന്റെ വൈശിഷ്ട്യം. നാടകീയ മുഹൂര്‍ത്തങ്ങളുടെ കാര്യത്തില്‍ ഒ. ഹെന്‍ട്രിയെ വെല്ലാന്‍ ആരുമില്ല. മൂന്നും ഒരേയളവില്‍ സമ്മേളിക്കുന്നിടത്താണ് മന്‍ടൊ കഥകളുടെ വിജയം''

ഉറുദു ഭാഷയില്‍ നിന്ന് മലയാളത്തിലേക്കുള്ള അന്‍സര്‍ അലിയുടെ മനോഹരമായ തര്‍ജ്ജമ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. മന്‍ടൊയുടെ കഥകളുടെ ആത്മാവും ആവിഷ്‌കാരത്തിലെ ശക്തിയും തീക്ഷ്ണതയും ഒട്ടും ചോര്‍ന്നുപോകാത്ത രീതിയില്‍ അന്‍സര്‍ അലി ഇതില്‍ മൊഴിമാറ്റം നിര്‍വ്വഹിച്ചിരിക്കുന്നു. ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ബ്ലര്‍ബില്‍ സച്ചിദാനന്ദന്‍ എഴുതിയിരിക്കുന്നു. ''ഇന്ത്യ വിഭജനം എന്ന, ഇന്നും ചോരയുണങ്ങിയിട്ടില്ലാത്ത, നരകീയ ദുരന്തത്തിന്റെയും കാലത്തെ ഇത്രയും സങ്കീര്‍ണ്ണതയിലും ആഴത്തിലും ഭാവപരമായ തീക്ഷ്ണതയിലും രൂപപരമായ പൂര്‍ണ്ണതയിലും ആവിഷ്‌ക്കരിച്ചവര്‍ മന്‍ടോയെപ്പോലെ വേറെ അധികമില്ല. ഈ കഥകളുടെ സുന്ദരമായ പരിഭാഷയിലൂടെ മലയാള സാഹിത്യം ഒന്നുകൂടി സമ്പന്നമായിരിക്കുന്നു''.


പുസ്തകം: സാദത്ത് ഹസന്‍ മന്‍ടൊയുടെ തിരഞ്ഞെടുത്ത കഥകള്‍

മൊഴിമാറ്റം: അന്‍സര്‍ അലി

പ്രസാധകര്‍: ചിന്ത പബ്ലിക്കേഷന്‍, തിരുവനന്തപുരം

പേജ്: 320

വില: 340 ക.


പ്രണയത്തിന്റെ നൈതികതയിലേയ്ക്ക് ഒരു ഒതപ്പ്

 -സന്തോഷ് പല്ലശ്ശന

പച്ചഞരമ്പുപടര്‍ന്നു നില്‍ക്കുന്ന കറകളഞ്ഞ മാനവികതയാണ് സാറ ജോസഫിന്റെ നോവലിന്റെ കാന്‍വാസ്. സാറ ടീച്ചറിന്റെ കഥാപാത്രങ്ങളൊരോന്നും ഭൂമിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും മതങ്ങളും, മതാത്മകസാമൂഹ്യ നീതിയും മനുഷ്യനും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷങ്ങളേയും ബന്ധങ്ങളേയും വൈരുദ്ധ്യങ്ങളേയും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. സാറ ടീച്ചറിന്റെ 'ഒതപ്പ്' എന്ന നോവലിലെ മാര്‍ഗ്ഗലീത്ത എന്ന കന്യാസ്ത്രീ മതാത്മക സദാചാരബോധത്തേയും മതത്തിന്റെ കടപട നൈതികതയെയും ചോദ്യം ചെയ്തുകൊണ്ടു ജീവിക്കുന്നവളാണ്. നേരിട്ടു ചേദ്യങ്ങള്‍ ചോദിക്കുകയല്ല, അവര്‍ പ്രണയത്തിനൊത്ത് ജീവിക്കുകയാണ്, അത് മതാത്മക സമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. സ്വന്തം ശരീരത്തിന്റെ, മനസാക്ഷിയുടെ നൈതികതയിലൂടെ ജീസസിനെ പ്രണയിച്ചവളാണ് മാര്‍ഗലീത്ത. മതത്തിന്റെ നൈതികതയ്‌ക്കൊപ്പം ജീവിക്കാന്‍ കൊതിച്ചവള്‍തന്നെയായിരുന്നു മാര്‍ഗലീത്ത. പക്ഷെ അവളുടെ ശരീരത്തിന്റെ ജൈവചോദനകളേയും പ്രണയത്തിന്റെ ഉള്‍വിളികളേയും അടക്കിനിര്‍ത്തിക്കൊണ്ട് തിരുവസ്ത്രത്തിനകത്തെ ഒരു തടവുകാരിയായി മാറാന്‍ അവള്‍ ആഗ്രഹിച്ചില്ല. തന്റെ പ്രണയത്തെ തുറുന്നുവിടാനും അതിലൂടെ മനുഷ്യനെ സേവിക്കാനും ആഗ്രഹിച്ചു. എന്നാല്‍ അവളെ പ്രലോഭിപ്പിച്ച റോയ് ഫ്രാന്‍സിസ് കരീക്കന് മതത്തിന്റെ തടവറയില്‍ നിന്ന് സ്വയം മോചിപ്പിക്കാന്‍ സാധിക്കാതെ അസ്വസ്ഥനായി ജീവിതാസ്തമയംവരെ ഭീരുവായി ജീവിക്കേണ്ടി വരുന്നു.

റബേക്ക, അഗസ്റ്റിന്‍, എന്നീ കഥാപാത്രങ്ങളിലും സാറാ ടീച്ചര്‍ എന്ന നോവലിസ്റ്റിന്റെ വേറിട്ടൊരു സൃഷ്ടി വൈഭവമുണ്ട്. പ്രണയത്തേയും മാനവസ്‌നേഹത്തേയും മതബോധത്തേയും ശരീരത്തേയും അതിന്റെ ചോദനകളേയും വളരെ കൃത്യമായി സാറ ടീച്ചര്‍ മാര്‍ഗലീത്തയിലൂടെ പുതിയ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കുകയാണ്. സഭാവിശ്വാസികളേയും മതബോധത്തിന്റെ കപട നൈതികതയില്‍ തളച്ചിടപ്പെട്ടവരെയും ഈ നോവല്‍ തീര്‍ച്ചയായും പ്രകോപിപ്പിക്കുകതന്നെ ചെയ്യും. 

പുസ്തകം: ഒതപ്പ് 

സാറ ജോസഫ്

പ്രസാധകര്‍: കറന്റു ബുക്‌സ്, തൃശ്ശൂര്‍

പേജ്: 230

വില: 140 ക.


കണ്ടുകണ്ടറിഞ്ഞ ജീവിതത്തിന്റെ ഏടുകള്‍

 -സന്തോഷ് പല്ലശ്ശന


വിലപ്പേശലുകളുടെ ഒച്ചകള്‍കൊണ്ട് മുഖരിതമാകുന്ന ഒരു കമ്പോളത്തില്‍ ഇരുന്നുകൊണ്ട് അവിടെ വിനിമയം ചെയ്യപ്പെടുന്ന തേഞ്ഞുപൊട്ടിയ ഭാഷയുടെ വൈരൂപ്യത്തെക്കറിച്ചോര്‍ത്ത് നിങ്ങള്‍ എപ്പോഴെങ്കിലും വ്യാകുലപെട്ടിട്ടുണ്ടൊ?

എപ്പോഴാണ്, നമ്മുടെ ഭാഷ ഇത്രമേല്‍ മധുരമോ.... ഇത്ര മനോഹരമോ... എന്നു നിങ്ങള്‍ ചിന്തിക്കാറുള്ളത്. നമ്മുടെ ചുറ്റും ജീവിക്കുന്നവരുടെ കഥകള്‍ വളരെ മനോഹരമായ ഭാഷയില്‍ നമ്മുടെ എഴുത്തുകാര്‍ നമ്മുക്കു പറഞ്ഞുതരുമ്പോഴല്ലേ....

മലയാള സാഹിത്യത്തിലെ സമുന്നതരായ ചില എഴുത്തുകാരുടെ രചനകള്‍ നമ്മുടെ 'ചന്ത' ജീവിതത്തില്‍ നിന്ന് നമ്മളെ അല്‍പം സമയത്തേക്കെങ്കിലും മോചിപ്പിക്കുന്നുണ്ട്. എന്റെ ഭാഷ ഇത്രമേല്‍ മനോഹരവും സുഗന്ധപൂരിതവുമാണല്ലൊ എന്നൊക്കെ ഒരു വായനക്കാരനെ ചിന്തിപ്പിക്കുന്ന എഴുത്തുകളാണ് ഒ.വി. വിജയനും, എന്‍. പി. മുഹമ്മദും, എന്‍. മോഹനനും, മാധവിക്കുട്ടിയുമൊക്കെ നമുക്കു തന്നു കടന്നുപോയിട്ടുള്ളത്. കെ. പി. അപ്പന്റെ ലേഖനങ്ങളില്‍ ഭാഷയുടെ ആത്മസൗന്ദര്യം നമ്മള്‍ ദര്‍ശിച്ചിട്ടുണ്ട്. 

പച്ച വിരിച്ച നിശബ്ദതയുടെ മലയടിവാരത്തിലൂടെ ആടുകളെയും തെളിച്ചുകൊണ്ട് പോകുന്ന ഇടയന്റെ കാഴ്ചപോലെ, പോക്കുവെയിലില്‍ കായല്‍പ്പരപ്പില്‍ പാറിപ്പാറി തത്തുന്ന ഒറ്റത്തോണിപോലെ, കാടിന്റെ നെറുകയിലേയ്ക്ക് കൊക്കില്‍ നിന്നടത്തിയിടുന്ന, മലമുഴക്കി വേഴാമ്പലിന്റെ ഒരു കൂവല്‍പോലെ കാഴ്ചയുടെ മൗന-മുഗ്ധമായ സൗന്ദര്യം ഭാഷയിലേയ്ക്ക് ആവാഹിക്കാന്‍ കഴിയുന്ന അപൂര്‍വ്വം എഴുത്തുകാരെങ്കിലും നമ്മുടെ മലയാള ഭാഷയിലും ഉണ്ടായിട്ടുണ്ട്.


ഒരു നോവല്‍ രചനയില്‍ വായനക്കാരനെ ആമഗ്നനാക്കുന്നതിനു പിന്നില്‍ അതിന്റെ ഭാഷാ സുഗന്ധത്തിനാണ് പ്രധാനമായ പങ്കുള്ളത്. 'സാഹിത്യം മനോവ്യാപാരങ്ങളുടെ കലയാണ്' എന്നാണ് നമ്മള്‍ പൊതുവെ പറയാറുള്ളത്. ഒരു കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളുടെ ജൈവതാളത്തെ ആവിഷ്‌ക്കരിക്കാന്‍ പത്തരമാറ്റിന്റെ വിശുദ്ധിയുള്ള ഭാഷ അനിവാര്യമാണ്. യു. കെ. കുമാരന്റെ രചനകളെ വായിപ്പിക്കുന്നതില്‍ മര്‍മ്മമായി നില്‍ക്കുന്നത് അദ്ദേഹത്തിന്റെ ആഖ്യാന വിശുദ്ധിയാണ്. മനുഷ്യ മനസ്സിന്റെ ചിന്തകളുടെ താളവും റിഥവും പിടിച്ചെടുക്കാനുള്ള മാന്ത്രിക സിദ്ധി യു. കെ. കുമാരനുണ്ട്. 'തക്ഷന്‍ കുന്നു സ്വരൂപം' എന്ന നോവലില്‍ അത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ആ നോവലിനെക്കാള്‍ ആഖ്യാനപരമായി ഒരുപടി മുന്നില്‍ നില്‍ക്കുന്ന ഒരു രചനയാണ് അദ്ദേഹത്തിന്റെ 'കണ്ടുകണ്ടിരിക്കെ' എന്ന ഏറ്റവും പുതിയ നോവല്‍.

രണ്ടു പതിറ്റാണ്ടിലധികം നീണ്ടുപോയ തന്റെ ദീര്‍ഘമായ പത്രപ്രവര്‍ത്തന ജീവിതത്തില്‍ കടന്നുപോകേണ്ടി വന്നിട്ടുള്ള വൈകാരികവും സന്നിഗ്ദവുമായ ജീവിത ഘട്ടങ്ങളേയും, സുഹൃത്തുക്കളുടെ ജീവിതത്തിലേയ്ക്കുള്ള ഇടപെടലുകളുമൊക്കെയാണ് നോവലിലെ പ്രതിപാദ്യ വിഷയം. സാഹിത്യവും-പത്രപ്രവര്‍ത്തനവുമെന്ന, ഭാഷയിലുള്ള രണ്ടു കര്‍മ്മ മേഖലകള്‍ തമ്മിലുള്ള വൈരുദ്ധ്യവും സംഘാതങ്ങളുമൊക്കെ യു. കെ. കുമാരന്‍ വളരെ മനോഹരമായി പറഞ്ഞു പോകുന്നത്.

അക്ഷരങ്ങള്‍ ഒരു സംസ്‌കാരത്തിന്റെ മഹത്തായ വിനിമയോപാധികളാണ്. ചിന്തിക്കുന്ന മനുഷ്യന്റെ ധൈഷണികവും സൗന്ദര്യപരവുമായ വിശപ്പുകളെ അടക്കി നിര്‍ത്തുന്നതും അതിലൂടെ മാനവികതയുടെ സ്വത്വം നിലനിര്‍ത്തുകയും ചെയ്യുന്ന ലിറ്റററി ജേര്‍ണ്ണലിസത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ദേവദാസ് എന്ന മനുഷ്യന്റെ ജീവിതത്തിലൂടെയാണ് ആത്മസ്വരകൊണ്ടുള്ള ആഖ്യാന സൗന്ദര്യത്തിന്റെ വിശുദ്ധിയോടെ ഈ നോവല്‍ അതിന്റെ യാത്ര പുറപ്പെടുന്നത്. ദേവദാസ് എന്ന ദരിദ്രനായ ഒരു സാധാരണ ലെറ്റര്‍പ്രസ്സ് ഉടമയുടെ, ഒരു സാഹിത്യ മാസിക തുടങ്ങുക എന്ന സ്വപ്‌നത്തിനൊപ്പം സഞ്ചരിക്കാനുള്ള നോവലിസ്റ്റിന്റെ തീരുമാനത്തെ ഒരു വായനക്കാരന് ആദരവോടെയല്ലാതെ കാണാന്‍ സാധിക്കില്ല. നോവലിസ്റ്റിന്റെ ആന്തരിക വിശുദ്ധിയും അതേ വിശുദ്ധിയുടെ ശാന്തമായി ഒഴുകുന്ന ആഖ്യാന കലയുമാണ് നോവലിന്റെ അവസാനം വരെ വായനക്കാരനെ കൈപിടിക്കുന്നത്. 

ജെയിസും, ശ്രീദേവിയും ചിത്രലേഖയും ബെറ്റിയുമൊക്കെ 'ഞാന്‍' എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്നു. നോവല്‍ മുഴുവന്‍ വായിച്ചു തീര്‍ന്നിട്ടും വായനക്കാരന്റെ സ്‌നേഹവും പാശവുമൊക്കെ ചുറ്റിപ്പറ്റി നില്‍ക്കുന്നത്, ഒരു സാഹിത്യ മാസിക നടത്തിക്കൊണ്ടുപോകവെ ഇടവഴിയില്‍ ജീവന്‍ വെടിഞ്ഞ ദേവദാസില്‍ തന്നെയാണ്. കടം കേറി മുടിയാറായിട്ടും മനസ്സുകളിലെ അക്ഷരവിശപ്പകറ്റാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച ഒരു സാഹിത്യ മാസികയുടെ എഡിറ്ററെയാണ് യു. കെ. കുമാരന്‍ വായനക്കാരന്റെ ഹൃദയത്തിലേയ്ക്ക് ഇറക്കി നിര്‍ത്തുന്നത്.

ജീവിതത്തോടും സമൂഹത്തോടുമുള്ള സത്യസന്ധമായ ഇടപെടലാണ് ദേവദാസ് എന്ന എഡിറ്ററില്‍ കാണാന്‍ സാധിക്കുന്നത്. സാംസ്‌കാരിക സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അക്ഷര ദീപം പിടിച്ചു മുന്നേ നടക്കാന്‍ ആഗ്രഹിച്ച ദേവദാസ് കടക്കെണിയില്‍പ്പെട്ട്, വിതരണത്തിനായി തന്റെ സൈക്കിളിന്റെ കാര്യറില്‍ കെട്ടിവച്ച മാസികകളുമായി റോഡില്‍ അജ്ഞാത വാഹനമിടിച്ചു മരിക്കുകയാണ്. സത്യത്തില്‍ നോവലിന്റെ വൈകാരികവും, ആകസ്മികവുമായ ഒരു അവസാനം അവിടെ സംഭവിച്ചു കഴിഞ്ഞിരുന്നു. പിന്നീട് ജെയിംസും ശ്രീദേവിയുമൊക്കെ അല്‍പം സ്റ്റീരിയൊ ടൈപ്പ് പ്രണയത്തിന്റെ അനുഭവത്തിലേയ്ക്ക് കൊണ്ടുപോകുന്നു. അതോടൊപ്പം കേരളത്തിലെ മലയാളം പത്രപ്രവര്‍ത്തന രംഗത്തെ സംഘര്‍ഷങ്ങളുമൊക്കെ നോവലിനെ പിന്നെയും കുറച്ചധികം ദൂരം മുന്നോട്ടു നയിക്കുന്നു. ദേവദാസിന്റെ തിരോധാനത്തോടെ വായനയില്‍ അതുവരെയുണ്ടായിരുന്ന ഒരു വൈകാരിക തീവ്രത ചാരമാകുന്നു എന്നതാണ് സത്യം. പിന്നീട് നോവലില്‍ കടന്നുവരുന്ന ജീവിത സംഘര്‍ഷങ്ങളൊന്നും കാര്യമായി വായനക്കാരനെ സ്പര്‍ശിക്കുന്നതല്ല. ജെയിംസ് എന്ന പ്രതിഭാ ധനനായ നോവലിസ്‌റ്റോ അയാളുടെ കുത്തഴിഞ്ഞ ജീവിതം പിന്നീടു നടത്തുന്ന വേട്ടയാടലുകളോ അത്ര തീവ്രമായി ഒരു വിദ്യുത് തരംഗമായി വായനക്കാരനെ ആശ്ലേഷിക്കുന്നില്ല. യു. കെ. കുമാരന്റെ ആഖ്യാന വിശുദ്ധിയുടെ മാന്ത്രികതയൊന്നുകൊണ്ടുമാത്രമാണ് പിന്നീട് ഈ നോവല്‍ വായന മുന്നോട്ടു കൊണ്ടുപോകുന്നത്.

കേരള രാഷ്ട്രീയത്തിലെ മൂല്യ വ്യതിയാനങ്ങളും പത്രപ്രവര്‍ത്തന രംഗത്തെ ധാര്‍മ്മിക ച്യുതികളുമൊക്കെ ആഴത്തില്‍ അടയാളപ്പെടുത്താന്‍ ഈ നോവലിലെ പ്രധാന കഥാപാത്രത്തിന്റെ അനുഭവ തീവ്രതയുടെ അഭാവം വലിയൊരു തടസമാകുന്നു. ഇടയ്ക്ക് ഒരു ശ്രുതിഭംഗം പോലെ കോവിഡ് മഹാമാരിയോട് സാമ്യം തോന്നുന്ന തരത്തില്‍ ലോകം നേരിട്ട പുതിയ വെല്ലുവിളികളെക്കുറിച്ചുള്ള ചില സൂചനകള്‍ കടന്നു വരുന്നുണ്ടെങ്കിലും 21 ാം നൂറ്റാണ്ടിലെ മനുഷ്യന്റെ രാഷ്ട്രീയ സാമൂഹിക പരിസരങ്ങളെ അടയാളപ്പെടുത്താനുള്ള യാതൊരു ശ്രമവും നടത്തുന്നില്ല.

പെണ്‍വാണിഭവും മത രാഷ്ട്രീയവും, രാഷ്ട്രീയ കൊലപാതകങ്ങളുമൊക്കെ ഈ നോവലില്‍ കടന്നുവരുന്നുണ്ടെങ്കിലും അതിനെ ഒരു പരിധയില്‍ കവിഞ്ഞ് ഒരു അസ്വസ്ഥ ജനകമായ സംവാദത്തിലേയ്ക്ക് വായനക്കാരനെ കൊണ്ടുപോകുന്നില്ല. 

മുന്‍പ് പ്രസ്ഥാവിച്ചപോലെ തക്ഷന്‍ കുന്നു സ്വരൂപത്തിന്റേതിനേക്കാള്‍ ആഖ്യാനപരമായി മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും, തക്ഷന്‍കുന്നിലെ നൂറോളം കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്ന കാലത്തിന്റെ ഭാവഭേദങ്ങള്‍ ഈ നോവലില്‍ പ്രകടമല്ല. പേജറുകളില്‍ നിന്ന് സെല്ലുലാര്‍ ഫോണിലേയ്ക്ക് മാറുന്ന കാലഭേദങ്ങള്‍ അത്ര നിസ്സാരമായ ഒന്നല്ല. 

കര്‍മ്മ ശ്രേഷ്ഠനായ, അക്കാദമിക് ആയ, സാഹിത്യാഭിരുചിയുള്ള, ഒരു പത്രപ്രവര്‍ത്തകന്റെ ജീവിത രേഖയായി ഈ നോവല്‍ ഇനിയും വായിക്കപ്പെടുകതന്നെ ചെയ്യും. ഒരു നല്ല നോവല്‍ വായിക്കുമ്പോള്‍ ഭാഷാപരമായും ദര്‍ശനത്തിലും സൗന്ദര്യ ബോധത്തിലുമൊക്കെ വലിയ രീതിയില്‍ വായനക്കാരനെ സ്വാധീനിച്ചെന്നിരിക്കും. യു. കെ. കുമാരന്റെ 'കണ്ടുകണ്ടിരിക്കെ' ഈ നിലയിലൊക്കെ അര്‍ത്ഥവത്തായ ഒരു കൃതിതന്നെയാണ്. നമ്മുടെ ഭാഷ എത്ര സുന്ദരമാണ് എന്ന് പേര്‍ത്തും പേര്‍ത്തും ഓര്‍മ്മപ്പെടുത്തുന്ന ഒരു ആഖ്യാന സുഖംതന്നെയാണ് യു. കെ. കുമാരന്റെ എഴുത്തുകളോട് ഒരു വായനക്കാരനെ ആഭിമുഖ്യമുള്ളവനാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ നോവലിനെ വായനയ്ക്കു ശേഷവും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാന്‍ തോന്നിയത്.


പുസ്തകം: കണ്ടുകണ്ടിരിക്കെ (നോവല്‍)

യു. കെ. കുമാരന്‍

പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്

പേജുകള്‍: 327

വില: 375 ക.


അസ്തമയത്തിനു നേരെ നടക്കുന്നവര്‍

-സന്തോഷ് പല്ലശ്ശന


അവനവനെക്കുറിച്ച് മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്ന് അപകര്‍ഷത്തിലമര്‍ന്ന കൗമാരവും, ആര് എന്നെക്കുറിച്ച് എന്തുവിചാരിച്ചാലും എനിക്കെന്താണ്... എന്നു നിഷേധം പറഞ്ഞ യൗവ്വനവും, പിന്നീട്, തന്നെക്കുറിച്ച് ചിന്തിക്കാനും തന്നെ ശുശ്രൂഷിക്കാനും ആരുമില്ലല്ലൊ എന്ന് വേദനിക്കുന്ന, എന്നും പരാതിയും പരിഭവങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്ന വാര്‍ദ്ധക്യത്തിലെത്തുന്നതോടെ മനുഷ്യ ജീവിതത്തിന്റെ കാലപ്പകര്‍ച്ചകളുടെ ഒരു വൃത്തം പൂര്‍ത്തീകരിക്കപ്പെടുന്നു. 

ജീവിതത്തിന്റെ ഈ കാലപ്പകര്‍ച്ചകളേയും അതിന്റെ അസ്തമയത്തെയും ദൂരക്കാഴ്ചയോടെ മാറി നിന്ന് നോക്കിക്കാണുന്നവര്‍ വളരെ ചുരുക്കമായിരിക്കും. യൗവ്വനത്തിന്റെ പളുങ്കു കൊട്ടാരം തര്‍കര്‍ന്നുവീണതിന്റെ ഞെട്ടലും പരിഭവങ്ങളും പലരുടേയും മാനസിക ഘടനയെ സങ്കീര്‍ണ്ണമാക്കുന്നു. നാളിതുവരെ കുടുംബത്തിലും തൊഴിലിടത്തിലും തനിക്കുണ്ടായിരുന്ന ആജ്ഞാശക്തിയെ ലോകം അവഗണിക്കുന്നുവൊ എന്ന തോന്നല്‍ വൃദ്ധരായവരെ തകര്‍ത്തു കളയുന്നു. അപൂര്‍വ്വം ചിലര്‍ ശാഠ്യങ്ങള്‍ നിറഞ്ഞ രണ്ടാം ബാല്യത്തിലേയ്ക്ക് പ്രവേശിക്കുന്നു.


'നോവലിസ്റ്റ് ബാലകൃഷ്ണന്‍' എന്ന് മുംബൈയിലെ മലയാളികള്‍ ആദരപൂര്‍വ്വം വിളിക്കുന്ന അവരുടെ സ്വന്തം എഴുത്തുകാരനായ ബാലകൃഷ്ണന്റെ ഏറ്റവും പുതിയ നോവലാണ് 'അസ്തമയത്തിനുനേരെ നടക്കുന്നവര്‍'. വാര്‍ദ്ധക്യമെന്ന അനിവാര്യമായ മനുഷ്യാവസ്ഥയുടെ മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങളിലേക്കുള്ള വളരെ സര്‍ഗ്ഗാത്മകമായ ഇടപെടലാണ് ഈ നോവലിലൂടെ ബാലകൃഷ്ണന്‍ നടത്തുന്നത്. അക്കൗണ്ട് ജനറല്‍ ഓഫീസിലെ സെക്ഷന്‍ മേധാവിയായിരുന്ന കര്‍ക്കശക്കാരനായ പരശു രാമയ്യരുടെ റിട്ടയര്‍മെന്റ് ജീവിതത്തിലൂടെ, എഴുത്തുകാരന്‍ മനുഷ്യജീവിതത്തിന്റെ വാര്‍ദ്ധക്യമെന്ന അവസ്ഥയിലെ ചില സമസ്യകളെ പൂരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പരശു രാമയ്യര്‍ എന്ന പിച്ചു അയ്യരിലൂടെ ഒരു പറ്റം സമാനഹൃദയരായ കഥാപാത്രങ്ങളും നോവലിനെ ചലനാത്മകമാക്കുന്നുണ്ട്. നോവലിന്റെ അവതാരികയില്‍ സി. രാധാകൃഷ്ണന്‍ പറഞ്ഞ 'മനുഷ്യ ഹൃദയജ്ഞാന'മാണ് ഈ നോവലിന്റെ പ്രകാശം. ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ മനുഷ്യഹൃദയ ജ്ഞാനത്തിന്റെ പ്രകാശമാണ് ഈ നോവലിനെ മനോഹരമാക്കുന്നത്. ജീവിതാസ്തമയത്തെ ഒട്ടൊരു ദൂരക്കാഴ്ചയോടെ കാണുന്ന പിച്ചു അയ്യരില്‍ ആ മനുഷ്യഹൃദയ ജ്ഞാനമുണ്ട്. വാര്‍ദ്ധക്യത്തിന്റെ വിഹ്വലമായ അവസ്ഥകളെ, ആദ്യമൊന്നു പതറിപ്പോകുന്നുവെങ്കിലും വളരെ പാകതയോടെ, വലിയ പരിഭവങ്ങളില്ലാതെ പിച്ചു അയ്യര്‍ നോക്കിക്കാണുന്നു. തന്റെ ചാപല്യങ്ങളെ നിന്ത്രിച്ചു നിര്‍ത്തുന്നു. മക്കളേയും മരുമക്കളേയുമൊക്കെ വിവിധ വിതാനങ്ങളില്‍ നിന്നു കണ്ടും ചിന്തിച്ചും അവനവനെ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നു. ആത്മസംവാദങ്ങളുമായി മുന്നോട്ടു നടക്കുന്നു. 

ഗതകാല ജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തലും, കുറ്റബോധവും, പത്തിമടങ്ങാത്ത അഹംബോധവും ഇനിയും ആറിയിട്ടില്ലാത്ത യൗവ്വനതീക്ഷ്ണതയുടെ പൊട്ടും പൊടിയുമൊക്കെ വാര്‍ദ്ധക്യമെന്ന മനുഷ്യകാലത്തെ സംഘര്‍ഷ ഭരിതമാക്കുന്നു. മകന്റെയൊ മരുമകളുടെയൊ ചെറിയൊരു വാക്യപ്പിശകുമതി വീട്ടിലെ രണ്ടാം ഇന്നിംഗ്‌സുകാരന് വേദനിക്കാന്‍. കൃഷ്ണമൂര്‍ത്തിയും ഖാനോല്‍ക്കറും മേനോനും ചൗധരിയും ശടഗോപനുമൊക്കെച്ചേര്‍ന്ന് സൃഷ്ടിക്കുന്ന വാര്‍ദ്ധക്യത്തിന്റെ കാലിടോസ്‌കോപ്പ് ദൃശ്യങ്ങള്‍ വായനക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ഉള്‍ക്കാഴ്ച, അത് ജീവിതകാലം മുഴുവന്‍ വെളിച്ചമാകുന്ന ഒന്നായിരിക്കും. കാരണം മറ്റൊന്നുമല്ല, വാര്‍ദ്ധക്യത്തെ ഉത്തരാധുനിക സമൂഹം ശരിയായ അവബോധത്തോടെയല്ല അഡ്രസ്സ് ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ. വൃദ്ധസദനങ്ങളെയും മറ്റും ഉത്തരാധുനിക മൂല്യച്യുതിയുടെ ഉദാഹരണമായൊക്കെ ഉയര്‍ത്തിക്കാട്ടുകയും എഴുതുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്ന നമ്മള്‍, പക്ഷെ വാര്‍ദ്ധക്യത്തിന്റെ പ്രശ്‌നത്തെ കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ നോക്കിക്കാണാന്‍ ശ്രമിച്ചിട്ടുണ്ടൊ? അവര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ; ഒരുപക്ഷെ അതിനകത്തിരിക്കുന്ന മനുഷ്യനുപോലും ചിലപ്പോള്‍ നിര്‍വ്വചിക്കാനാവാത്ത മാനസികാവസ്ഥ; അതിനെക്കുറിച്ച് വിശാലമായ ഒരു കാഴ്ചപ്പാടോടെ കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ട്. അപ്പോള്‍ ഇത്രകാലം മൂല്യച്യുതികള്‍ എന്നു നമ്മള്‍ പുച്ഛിച്ചുതള്ളിയതൊക്കെ കാലത്തിന്റെ ചില അനിവാര്യതകളായിരുന്നു എന്നു നമുക്കു മനസ്സിലാകും. പുതിയകാലത്തിന്റെ ഓണ്‍ഡ് ഏജ് ഹോമുകളെ എങ്ങിനെ പരിഷ്‌ക്കരിക്കാമെന്നും എത്രത്തോളം മാനവികമായ കാഴ്ചപ്പാടുകള്‍ അതിലേയ്ക്കു കൊണ്ടുവരാമെന്നും നമുക്കു മനസ്സിലാകും. 

പരശു അയ്യര്‍ ജീവിതത്തെ റീഫ്രഷു ചെയ്യാന്‍ ആഗ്രഹിച്ചു. അയാള്‍ കുറച്ചു ദിവത്തേയ്ക്ക് ഒരിടവേളയെടുക്കുന്നതിടത്താണ് നോവല്‍ അവസാനിക്കുന്നത്. പരശു അയ്യരുടെ മനുഷ്യഹൃദയജ്ഞാനമാണ് ഈ നോവലില്‍ വായനക്കാരനും പകര്‍ന്നുകിട്ടുന്ന അമൂല്യമായ ജ്ഞാനം. ടി.വി. കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവല്‍ മേല്‍പ്പറഞ്ഞ ഉത്തരാധുനിക ജീവിതത്തിന്റെ പരിപ്രേഷ്യത്തില്‍ എഴുതപ്പെട്ട ഒരു കൃതിയായിരുന്നു. എന്നാല്‍ ഈ നോവലിന്റെ സമീപനം കുറച്ചുകൂടി വിശാലവും സൗമ്യവുമാണ്, അതുതന്നെയാണ് ഇതിന്റെ സൗന്ദര്യവും.

നഗരത്തിന്റെ മുഖവും ഫര്‍ണ്ണസുമടക്കം ഒരുപാടു മികച്ച കൃതികളിലൂടെ മലയാള സാഹിത്യ രംഗത്ത് സൗമ്യവും ശാന്തവുമായ, സ്വന്തമായ ഒരിടമുണ്ടാക്കിയ എഴുത്തുകാരനാണ് ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആലഭാരങ്ങളില്ലാത്ത ലളിതമായ ആഖ്യാനമാണ് ഈ നോവലിനെ വായിപ്പിക്കുന്ന ഒരു സുപ്രധാന ഘടകം. കൈകാര്യം ചെയ്യുന്ന പ്രമേയത്തില്‍ നല്ലൊരു കൈയ്യൊതുക്കവും ഏകാഗ്രതയും അദ്ദേഹം കാണിക്കുന്നുണ്ട്. ജീവിതത്തിന് ഒരു വലിയ ഉള്‍ക്കാഴ്ച്ച നല്‍കുന്ന ഒരു ചെറിയ-വലിയ നോവല്‍ എന്ന് ഈ പുസ്തകത്തെക്കുറിച്ച് അടിവരയിട്ടു പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു.


പുസ്തകം: അസ്തമയത്തിനു നേരെ നടക്കുന്നവര്‍

രചയിതാവ്: ബാലകൃഷ്ണന്‍

പ്രസാധകര്‍: ചിന്ത പബ്ലിഷേര്‍സ്, തിരുവനന്തപുരം

പേജ്: 112

വില: 140 ക.


അസമത്വങ്ങളെ ജനാധിപത്യംകൊണ്ട് പൊരുതി തോല്‍പ്പിച്ചവന്റെ കഥ

-സന്തോഷ് പല്ലശ്ശന

 ജനാധിപത്യത്തിന്റെ മുന്നണിപ്പോരാളിയായ ഡോ. ബി. ആര്‍. അംബേദ്ക്കറെക്കുറിച്ച് നിരവധി ജീവചരിത്രങ്ങള്‍ ലഭ്യമാണെങ്കിലും ധനഞ്ജയ് കീറിന്റെ 'Dr. Ambedkar: Life and Mission' എന്ന ഗ്രന്ഥത്തിന് മറ്റേതൊരു ജീവചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നും വേറിട്ട ഒരുപാട് സവിശേഷതകളുണ്ട്. അംബേദ്ക്കറിന്റെ രാഷ്ട്രീയ ജീവിതത്തേയും കീഴാളരുടെ സാമൂഹികാംഗീകാരത്തിനും പുരോഗതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളേയും വളരെ വസ്തുതാപരമായി അടയാളപ്പെടുത്തിയിരിക്കുന്ന ഒരു പുസ്തകമാണിത്. അംബേദ്ക്കറുടെ മഹദ് സത്യാഗ്രഹ കാലഘട്ടത്തെക്കുറിച്ച്; സമ്മേളന കാലഘട്ടത്തിലെ ഓരോ ദിവസങ്ങളിലേയും അംബേദ്ക്കറുടെ പ്രഭാഷണങ്ങളെക്കുറിച്ചും കീഴാള ജനതയെ അണിനിരത്തിക്കൊണ്ട് ചരിത്രത്തിലാദ്യമായി നടത്തിയ സമൂഹിക സമ്മേളനത്തിനെതിരെ ജാതി ഹിന്ദുക്കളില്‍ നിന്ന് നേരിടേണ്ടി വന്ന എതിര്‍പ്പുകളോട് അംബേദ്ക്കര്‍ നടത്തിയ പ്രതിരോധങ്ങളെക്കുറിച്ചും ധനഞ്ജയ് കീര്‍ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് ഈ പുസ്തകത്തില്‍. മഹാഡ് മുനിസിപ്പാലിറ്റിയുടെ കീഴില്‍ പൊതു ഉടമസ്ഥതയിലുള്ള ചൗദാര്‍ വാട്ടര്‍ ടാങ്കില്‍ നിന്ന് അസ്പര്‍ശ്യര്‍ക്കുമാത്രം വെള്ളമെടുക്കാന്‍ അവകാശമില്ലായിരുന്നു. മഹദ് സത്യാഗ്രഹത്തിന്റെ ഭാഗമായി വാട്ടര്‍ ടാങ്കിനും ചുറ്റും അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ തടിച്ചുകൂടിയ കീഴാള ജനത ടാങ്കില്‍ നിന്ന് വെള്ളംകോരിക്കുടിച്ചുകൊണ്ട് ജാതി ഹിന്ദുക്കള്‍ക്ക് ഒരു ഗംഭീര താക്കീതു നല്‍കുന്നുണ്ട്. എന്നാല്‍, ചൗദാര്‍ ടാങ്കിലെ വെള്ളം കീഴാളനായ അംബേദ്കറും കൂട്ടരും സ്പര്‍ശിച്ച് അശുദ്ധമാക്കി എന്നാരോപിച്ചുകൊണ്ട് സവര്‍ണ്ണ ജാതി ഹിന്ദുക്കള്‍ ടാങ്ക് ശുദ്ധീകരിക്കാനായി ഗോമുത്രവും ചാണകവും കലക്കി, പിന്നീട് ടാങ്ക് പരിപൂര്‍ണ്ണമായി ഉപയോഗ ശൂന്യമാക്കിയതായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അന്ന് അംബേദ്കര്‍ ജാതി-ഹിന്ദുക്കളുടെ ഭരണഘടനയായ മനുസ്മൃതിക്ക് പരസ്യമായി കൊടുത്ത അഗ്‌നി പിന്നീട് ഒരുപാടു വര്‍ഷം ആളിക്കത്തി എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ധനഞ്ജയ് കീര്‍

ഗാന്ധിയുമായി അംബേദ്കറിനുണ്ടായിരുന്ന ആശയപരമായ വിയോജിപ്പുകളുടെ കാര്യകാരണങ്ങളും, ഗാന്ധിയുമായി അംബേദ്കര്‍ നടത്തിയ സംവാദങ്ങളുമെല്ലാം വളരെ കൃത്യമായിത്തന്നെ ധനഞ്ജയ് കീര്‍ രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാം വട്ടമേശ സമ്മേളനത്തിന് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1931 ആഗസ്റ്റ് മാസം 14 ന് ബോംബെയിലെ മണിഭവനില്‍ വെച്ചാണ് അംബേദ്കറും ഗാന്ധിയും ആദ്യമായി കൂടിക്കാഴ്ച നടത്തുന്നത്. അന്ന് അംബേദ്കറിന് 106 ഡിഗ്രി പനിയുണ്ടായിരുന്നു. എന്നാല്‍ അംബദേക്കറിന്റെ വാക്കുകള്‍ക്ക് അതിനുമപ്പുറം ഒരഗ്‌നിപര്‍വതത്തിന്റെ തിളനിലയായിരുന്നു എന്നുതന്നെ പറയേണ്ടിവരും. 

'അസ്പര്‍ശ്യരുടെ ഉന്നമനത്തിനുവേണ്ടി കോണ്‍ഗ്രസ്സ് ഇരുപതു ലക്ഷം രൂപയോളം ചിലവിട്ടു' എന്നുപറഞ്ഞുകൊണ്ടാണ് ഗാന്ധി സംഭാഷണം ആരംഭിക്കുന്നതെങ്കിലും അംബേദ്ക്കറിന്റെ അതി നിശിതമായ വിമര്‍ശന ശരങ്ങള്‍ക്കുമുന്‍പില്‍ ഗാന്ധി നിഷ്പ്രഭാനാവുകതന്നെ ചെയ്യുന്നുണ്ട്. 

'നിങ്ങള്‍ ധാരാളം ധനം അസ്പര്‍ശ്യരുടെ ജീവിതത്തെ ഉയര്‍ത്തുന്നതിനായി ചിലവാക്കിയിരിക്കാം. പക്ഷെ മി. ഗാന്ധി, ആ പണമെല്ലാം പാഴായിപ്പോയി' എന്നുപറഞ്ഞുകൊണ്ടാണ് അംബേദ്കര്‍ ഗാന്ധിയുടെ ഹരിജന പ്രേമത്തിന്റെ മുനയോടിച്ചുതുടങ്ങുന്നത്. ഒരു സവര്‍ണ്ണ ജാതി-ഹിന്ദുവായ ഗാന്ധിയുടെ ഹരിജന പ്രേമത്തിന് ഒരു സാധാരണ ചാരിറ്റി പ്രവര്‍ത്തനത്തില്‍ കവിഞ്ഞ പ്രധാന്യം അംബേദ്കര്‍ നല്‍കുന്നില്ല. പട്ടിയ്ക്കും പൂച്ചയ്ക്കും പോലും കിട്ടുന്ന വില അസ്പര്‍ശ്യന് ഹിന്ദു സമൂഹം നല്‍കുന്നില്ല - അയിത്താചരണം നിയമംമൂലം നിരോധിച്ചുകൊണ്ടല്ലാതെ അസ്പര്‍ശ്യരുടെ ജീവിതത്തില്‍ ഒരു മാറ്റം സാധ്യമല്ല എന്നുതന്നെ അസന്നിഗ്ധമായി അംബേദ്കര്‍ പ്രസ്ഥാവിക്കുന്നു. ഒരു ദേശംതന്നെയില്ലാത്ത കീഴാള ജനത എന്തിനുവേണ്ടിയാണ് ദേശീയ സമരത്തിനിറങ്ങേണ്ടത് എന്ന് അംബേദ്കര്‍ ഈ അവസരത്തില്‍ ഗാന്ധിയോട് ചോദിക്കുന്നുണ്ട്.

എന്തൊക്കെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാലും തന്റെ ജനതയെ ചതിക്കാന്‍ താന്‍ തയ്യാറല്ല; എന്നുമാത്രമല്ല അവരുടെ പുരോഗതിക്കുവേണ്ടി ബ്രിട്ടുഷുകാരുമായി സന്ധിചെയ്യണമെന്നുണ്ടെങ്കില്‍ അതിനും താനൊരുക്കമാണ് എന്നുതന്നെയാണ് അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്. വൈസ്റോയിയുടെ ലേബര്‍ കൗണ്‍സിലില്‍ അംഗമാകുന്നതും, കോണ്‍ഗ്രസ്സിന്റെ ഏതിര്‍പ്പുകളെ പുല്ലുപോലെ തള്ളിക്കളഞ്ഞ് ലണ്ടനില്‍ വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതും ഇന്ത്യയ്ക്ക് ഡൊമിനിയന്‍ ഭരണഘടന പദവി നല്‍കാനുള്ള ബ്രീട്ടീഷ് തീരുമാനങ്ങള്‍ക്ക് തന്റെ അറിവും അധ്വാനവും നല്‍കി വെള്ളക്കാരുടെ കൂട്ടത്തിലൊരുവനായി അവരെ പ്രതിനിധീകരിച്ചതും തന്റെ ജനതയ്ക്കുവേണ്ടിത്തന്നെയാണ്.

കീഴാള ജനതയ്ക്കുവേണ്ടിയുള്ള പ്രത്യേക ഇലക്ടോറല്‍ എന്ന അവകാശത്തിനുവേണ്ടിയുള്ള അംബേദ്ക്കറിന്റെ പോരാട്ടങ്ങള്‍ ഗാന്ധിയുടെ പിടിവാശിക്കുമുന്‍പില്‍ ഒരേയൊരു ഘട്ടത്തില്‍ തോറ്റുകൊടുക്കേണ്ടിവന്നതിനെക്കുറിച്ച് വിശദമായി ധനഞ്ജയ് കീര്‍ ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. വിഭജനത്തെക്കുറിച്ച് അംബേദ്കറിനുണ്ടായിരുന്ന നിലപാടും, പിന്നീട് സംഭവിച്ച വ്യതിയാനങ്ങളും ഏതൊരു വായനക്കാരേയും വിസ്മയിപ്പിക്കുന്നതായിരുന്നു. ഇതേ വ്യതിയാനങ്ങള്‍ അദ്ദേഹത്തിന്റെ മതേതര ഇന്ത്യയെക്കുറിച്ചും ഉണ്ടായിട്ടുണ്ട്. പക്ഷെ മാനവികതയോടൊപ്പം നില്‍ക്കുന്ന ആത്യന്തിക ശരിയിലേയ്ക്ക് വളരെ വേഗംതന്നെ അംബേദ്കര്‍ എന്ന ധിഷണശാലിയായ മനുഷ്യന്‍ അതിവേഗം എത്തിച്ചേരുന്നുമുണ്ട്. കാശ്മീര്‍ വിഷയത്തില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളേയും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളേയും വിഭജിച്ച് ഈ വിഷയത്തിന് ഒരു പരിഹാരം കാണുക എന്നുപോലും അംബേദ്കര്‍ പറയുന്നുണ്ട്. 

എന്നാല്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ ഇതില്‍ നിന്നൊക്കെ വേറിട്ടൊരു ജനാധിപത്യ പോരാളിയെ അംബേദ്കറില്‍ കാണാന്‍ കഴിയുന്നതാണ്. 

ഇന്ത്യന്‍ ജനതയെ സാംസ്‌കാരികമായി ഏകീകരിക്കാന്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ എന്തുകൊണ്ടൊ അംബേദ്കര്‍ ആഗ്രഹിച്ചിരുന്നു. ഒരുപക്ഷെ കുറച്ചുകാലം കൂടി ജീവിച്ചിരുന്നുവേങ്കില്‍ അംബേദ്കറിന്റെ ഈ നിലപാടില്‍, ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്ധ്യത്തിന് ഉതകുന്നരീതിയിലുള്ള ഒരു വ്യതിയാനം ഉണ്ടാകുമായിരുന്നു എന്നു കരുതാവുന്നതാണ്. 

ഹിന്ദുകോഡ് ബില്ലിനുവേണ്ടി തിളച്ചുമറിഞ്ഞ അംബേദ്കര്‍, ആ ബില്ല് നിയമമാക്കുന്നതിന് യാതൊരു ഇച്ഛാശക്തിയുമില്ലാത്ത വിധം ദുര്‍ബലനായി കാണപ്പെട്ട നെഹ്റുവടക്കമുള്ള പാര്‍ലമെന്റേറിയന്‍മാരുടെ മുഖത്തേയ്ക്ക് തന്റെ കാബിനറ്റ് മന്ത്രിപദവി വലിച്ചെറിഞ്ഞ് പുറത്തു വരുന്ന അംബേദ്കറിനേയും നമുക്കു കാണാന്‍ കഴിഞ്ഞു. 

നൈതികബോധത്തിന്റെ ആധിക്യത്തില്‍ പിടിനിലയില്ലാത്ത ക്ഷോഭത്തില്‍ സ്വയം നഷ്ടപ്പെട്ട അംബേദ്കറെ മറ്റു പലരേയുമെന്നപോലെ ധനഞ്ജയ് കീറും വരച്ചു വെച്ചിട്ടുണ്ട്. ഒരിക്കല്‍ ദാദറിലെ സമ്മേളനത്തില്‍ തന്റെ സ്വന്തം പ്രവര്‍ത്തകരോട് 'ബില്‍ഡിങ്ങ് ഫണ്ടിന്റെ കണക്ക് തനിക്ക് ഇപ്പോള്‍ കാണണം' എന്ന് പ്രസംഗവേദിയില്‍ നിന്നുകൊണ്ട് പരസ്യമായി പറയുന്നുണ്ട് മുതിര്‍ന്ന, പാവപ്പെട്ടവരുടെ മിശിഹയായ ഇതേ അംബേദ്കര്‍. ഇതേ ക്ഷോഭംതന്നെയാണ് ഒരു ഘട്ടത്തില്‍ താനെഴുതിയ ഭരണഘടന കത്തിയ്ക്കാന്‍ താന്‍തന്നെ മുന്‍പിലുണ്ടാകുമെന്നു പ്രസ്ഥാവിച്ചതും. 

ധനഞ്ജയ് കീര്‍ അംബേദ്കര്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹവുമായി നേരിട്ട് സംവദിച്ചിട്ടുള്ള ഒരു എഴുത്തുകാരന്‍ കൂടിയാണ്. അംബേദ്കറന്റെ ജീവചരിത്രം കൂടാതെ സവര്‍ക്കറിന്റെയും ലോകമാന്യ തിലകന്റെയും ഷാഹു മാഹാരാജിന്റെയും ജീവിചരിത്രങ്ങള്‍ ധനഞ്ജയ് കീര്‍ എഴുതിയിട്ടുണ്ട്. സവര്‍ക്കര്‍ എന്ന നിരിശ്വരവാദിയെ ഹിന്ദുമത പരിഷ്‌ക്കരണ വാദിയായി ചിലയിടങ്ങളിലെങ്കിലും ഈ പുസ്തകത്തില്‍ കാണാം. അംബേദ്കറുമായി സവര്‍ക്കര്‍ക്കുണ്ടായിരുന്ന ബന്ധം കേട്ടുകേള്‍വിയല്ല. ഒരു തികഞ്ഞ ഹിന്ദുത്വവാദിയായിരുന്ന സവര്‍ക്കര്‍ ഒരു മനുവാദിയായിരുന്നില്ല എന്നതുകൊണ്ടായിരിക്കാം അംബേദ്കറും സവര്‍ക്കറും ഏറെക്കുറെ തരക്കേടില്ലാത്ത ബന്ധത്തിലായിരുന്നു എന്നു മനസ്സിലാക്കാം. ഒരു സമ്മേളവുമായി ബന്ധപ്പെട്ട രത്നഗിരിയില്‍ലെത്തിയ അംബേദ്കര്‍ സവര്‍ക്കറുമായി കൂടിക്കഴ്ച നടത്തിയതിന്റെ ചില സൂചകളും പുസ്തകത്തില്‍ കാണാം. 

അംബേദ്കര്‍ മരിക്കുന്നതിന് ഏതാനം ദിവസങ്ങള്‍ക്കു മുന്‍പ് ബുദ്ധമതത്തിലേയ്ക്കുള്ള മഹാപരിവര്‍ത്തനത്തെ സവര്‍ക്കര്‍ നിശിതമായി വിമര്‍ശിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. 

കീഴാളന് മനുഷ്യനെന്ന പരിഗണന ലഭിക്കാനും അവന്റെ ജീവിത നിലവാരം ഉയര്‍ത്താനുമായി, മനുസ്മൃതിയുടെ മാലിന്യങ്ങള്‍ തലയില്‍ പേറിനടക്കുന്ന ജാതി-ഹിന്ദുക്കളെ പൊരുതി തോല്‍പ്പിക്കാനും, ജനാധിപത്യമെന്ന ഏറ്റവും ആധുനികമായ മാനവിക മൂല്യത്തെ ഇന്ത്യയില്‍ നട്ടുവളര്‍ത്താനും ശ്രമിച്ച-അതിനുവേണ്ടി പോരാടിയ വിജ്ഞാനദാഹിയായ ഒരു ദളിത് ആക്ടിവിസ്റ്റ് എന്ന് അംബേദകറുടെ ജീവിതത്തെ വിലയിരുത്താമെന്നു തോന്നുന്നു. അംബേദകര്‍ക്ക് എല്ലാ മനുഷ്യരേയും പോലെ ജീവിതത്തില്‍ ഒരുപാട് ശരികള്‍ക്കൊപ്പം ചെറിയ ചില തെറ്റുകള്‍ പല ഘട്ടങ്ങളിലായി സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ വിജ്ഞാന തൃഷ്ണയുടെ ചെങ്കനലില്‍ നിന്ന് നീതിയെന്ന സുവര്‍ണ്ണ ലോഹത്തിന്റെ മാറ്റ് അദ്ദേഹം കൂടുതല്‍ പത്തരമാറ്റുള്ളതാക്കിമാറ്റിക്കൊണ്ടുമിരുന്നു. ഗാന്ധിയിലും ഈ ഗുണം കാണാമെന്നു തോന്നുന്നു. യംങ്ങ് ഇന്ത്യയില്‍ ആദ്യകാലത്ത് ഗാന്ധി എഴുതിയിരുന്ന പല പിന്‍തിരിപ്പന്‍ ലേഖനങ്ങളിലെ അഭിപ്രായങ്ങളും പിന്നീട് അദ്ദേഹത്തിന്റെ അന്ത്യ നാളുകളില്‍ അദ്ദേഹം മാറ്റിയതായി കാണപ്പെട്ടിട്ടുണ്ട്.


വിഭജനത്തെ അനുകൂലിച്ച സമയത്ത് അംബേദ്കര്‍ വിചാരിച്ചിരുന്നത്, പരസ്പരം പോരടിക്കുന്ന രണ്ടു സമുദായങ്ങള്‍ ഒരു രാജ്യത്തെ സമാധാനത്തിലും സമൃദ്ധിയിലും പുരോഗതിയിലും എത്തിക്കാന്‍ മത സ്പര്‍ദ്ധകള്‍ ഒരു വിലങ്ങുതടിയാകുമെന്നാണ്. എന്നാല്‍ ഈ നിലപാടില്‍ കാതലായ മാറ്റം അദ്ദേഹം അദ്ദേഹത്തിന്റെ വിപുലമായിക്കൊണ്ടിരുന്ന അറിവിന്റെയും ധൈഷണിക ശക്തിയുടേയും ബലത്തില്‍ പിന്നീട് തിരുത്തി. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒരു ന്യൂനപക്ഷ വികാരങ്ങള്‍ക്ക് ഒരു രാജ്യത്ത് എക്കാലവും നിലനില്‍ക്കുക അസാധ്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ജനാധിപത്യമെന്ന സങ്കല്‍പം പ്രവര്‍ത്തിക്കുന്നത് ഭൂരിപക്ഷ ഹിതത്തിനുസരിച്ചല്ല. വിവിദ്ധ്യത്തെ ഉള്‍ക്കൊള്ളുന്ന ഒരു ഇന്‍ക്ലൂസീവ്‌നസ്സിലാണ് അതിന്റെ മഹത്വമിരിക്കുന്നത്. ഇന്ത്യയ്ക്ക് ഒരു ഭരണഘടന രചിക്കുന്നതിലൂടെ ആ വലിയ ജീവിതം അതിന്റെ പരമോന്നതവും ശാശ്വതവുമായ ഒരു തലത്തിലേയ്ക്ക് ഉയരുകയായിരുന്നു എന്ന് ധനഞ്ജയ് കീര്‍ രേഖപ്പെടുത്തുന്നു. 

വായിക്കാനും സൂക്ഷിച്ചു വയ്ക്കാനും ഏതുകാലത്തും റഫറന്‍സായും ഉപയോഗിക്കാവുന്ന ഒരു ജീവചരിത്ര ഗ്രന്ധമാണ് ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ഈ പുസ്തകം

പുസ്തകം: Dr. Ambedkar: Life and Mission

ഗ്രന്ഥകര്‍ത്താവ്: ധനഞ്ജയ് കീര്‍

പ്രസാധകര്‍: പോപ്പുലര്‍ പ്രകാശന്‍, മുംബൈ

പേജുകള്‍: 532

പുതിയ പതിപ്പിന്റെ വില: 424 ക.


Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.