2013, ഡിസംബർ 31, ചൊവ്വാഴ്ച

ദൈവത്തിന്റെ കവിത


 ആഴ്ച്ചപ്പാങ്ങ്-8


  
വാക്കുകള്‍ തീരെ ആവശ്യമില്ലാത്ത ഒരു കാവ്യ വ്യവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടൊ?  പകരം വയ്ക്കാനാകാത്ത
ഒരനുഭൂതിയായി കവിതയെ മാറ്റുന്ന ഒരു ലാവണ്യശാസ്ത്രം; അതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കണം. ഒരു കാഴ്ചപോലെ ലളിതമാണത്. ഒരു പൂവുവിരിയുന്നതുപോലെ വളരെ നിശ്ശബ്ദമാണത്. ആകാശത്ത് ഒരു മഴവില്ലു വിരിയുന്നതും പിന്നീടത് ഉടഞ്ഞുപോകുന്നതും നമ്മള്‍ കാണാറില്ലേ... എത്ര നിശ്ശബ്ദമായാണത് സംഭവിക്കുന്നത് അതുപോലൊരു കാവ്യാനുഭുതിയെ നമ്മുക്ക് പുനസൃഷ്ടിക്കാന്‍ ആവണം.


മലയുടെ മസ്തകങ്ങളില്‍ നിന്ന് മഴയുടെ അനേകം നീര്‍ച്ചാലുകള്‍ കൈത്തോടുകളാകുകയും കൈത്തോടുകള്‍ സംഗമിച്ച് മഹാനദിയായി മാറുകയും ചെയ്യുമ്പോള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു ജൈവ ചക്രമുണ്ടല്ലൊ കവിതയും അതുപോലുള്ള ഒരു ജൈവചക്രമാണ്. ജലം നീരാവിയായി ആകാശത്ത് പോവുകയും ഘനിഭവിച്ച് മേഖങ്ങളാവുകയും, വീണ്ടും ഘനീഭവിച്ച് മഴയായി തിരികെ ഭൂമിയിലേക്കുതന്നെ പതിക്കുകയും ചെയ്യുന്നതുപോലെ സമൂഹത്തില്‍ നിന്ന് കവിതയുടെ ബോധരൂപങ്ങള്‍ കവിയുടെ മനസ്സിലേക്കും, പിന്നീടത് കവിതയായി സമൂഹത്തിലേക്കും നിപതിക്കുന്നു. മഴയെ ബ്രഹ്മാണ്ഡത്തിന്റെ അറിവ് എന്നാണ് ഋഷികള്‍ പറഞ്ഞത്. കവിതയും മറ്റൊന്നല്ലതന്നെ.


ദൈവത്തിന്റെ കവിത.
ശബ്ദമില്ലാതെ വിരിഞ്ഞ് സൗന്ദര്യപൂരിതമാക്കുന്ന പൂവിന്റെ ഭാഷ, സഹ്രസ്രാബ്ദങ്ങളുടെ ധ്യാനം മുഴുവന്‍ മനസ്സിലൊളിപ്പിച്ചിട്ടും വീര്‍പ്പുമുട്ടാതെ നില്‍ക്കുന്ന പര്‍വ്വത സമാനമായ പക്വത, ഒരു ചെറിയ മര്‍ദ്ധത്തിനെ വന്‍തിരയായി നെയ്‌തെടുക്കുന്ന കടലിന്റെ മുഴക്കം, അതിനൊക്കെയപ്പുറം കൈവഴികള്‍ ചേര്‍ന്ന് കൈത്തോടുകള്‍ ചേര്‍ന്ന് പരന്നൊഴുകന്ന ഒരു നദിയുടെ നൈരന്തര്യം ഇത് സാധിക്കുന്ന ഒരു കവിതയുണ്ടൊ... അതിലേക്കാവട്ടെ നമ്മുടെ യാത്ര....


അജീര്‍ണ്ണം
വായന തലക്കുപിടിച്ചു നടന്നിരുന്ന കാലത്ത് വിലാസിനിയുടെ 'അവകാശികള്‍'  എന്ന നോവല്‍ വായിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബൃഹത്തായ ഒരു നോവലായിരുന്നല്ലൊ അത്. അദ്യത്തെ വോള്യം പകുതി ആകുമ്പോഴേക്കും കഥാപാത്രങ്ങളും സംഭവങ്ങളുമായി എന്റെ മനസ്സ് ഒരു ചക്കപ്പരുവത്തിലായി. ഇത്രയും വലിയൊരു കൃതിയുടെ ആത്മാവിനെ വരിക്കാനുള്ള മാനസിക വലുപ്പം അന്നെനിക്കുണ്ടായിരുന്നില്ല. വിലാസിനി എന്ന ഇതിഹാസ തുല്യനായ എഴുത്തുകാരന്റെ ലോകത്തെ ഒരു മണല്‍ത്തരിപോലുമാകാനുള്ള യോഗ്യതയില്ലെന്ന തിരിച്ചറവ് എന്നെ വീണ്ടും വീണ്ടും വിനീതനാക്കുന്നു.


കഥാനുഗതിയേയും കഥാപാത്രങ്ങളേയും വരച്ചുകൊണ്ട് മുന്നേറുന്ന ഒരു ക്ലാസിക് ഭാഷ വിലാസിനിയുടെ പ്രത്യേകതയാണ്. എന്നാല്‍ പുതിയ കഥാകൃത്തുക്കള്‍ ആ ടെക്‌നിക് കടം കൊണ്ട് എഴുതി നിറയ്ക്കുന്ന തടിച്ച നോവലുകള്‍ കാണുമ്പോള്‍ ഓക്കാനം വരും. എഴുപതുകളുടെ ചോറ് തിന്ന് തടിച്ചുകൊഴുക്കുന്ന നോവലുകള്‍! ശക്തിയില്ലാതെ വെറുതെ തടിച്ചുകൊഴുക്കുകമാത്രം ചെയ്യപ്പെടുന്ന നോവലുകള്‍! ഇത് അജീര്‍ണ്ണമായി വായനക്കാരന് തോന്നിയാല്‍ കുറ്റം എഴുത്തുകാരന്റേതുമാത്രമാണ്. സുഷ്‌മേഷ് ചന്ദ്രോത്തിന്റ '9' എന്ന നോവലും, സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരാമുഖം' എന്ന നോവലും വായിച്ചപ്പോള്‍ എനിക്ക് ഈ അജീര്‍ണ്ണം നന്നായി ബോധ്യപ്പെട്ടു.


കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കുന്ന ആഖ്യാനത്തിന്റെ അത്ഭുതമാന്ത്രികതയാണ് വിലാസിനിയുടെ നോവലുകളിലേത്. അതിനുശേഷം വന്ന മറ്റൊലികൃതികള്‍ക്ക് ആ സിദ്ധി അവകാശപ്പെടാനാവില്ല. അവനവന്‍ കടന്നുപോകുന്ന കാലത്തിന്റെ ലാവണ്യത്തെ പകര്‍ത്തിവയ്ക്കാന്‍ സ്വന്തമായൊരു ആഖ്യാനവൈഭവമില്ലാത്തവരാണ് വിലാസിനിയിലേക്ക് മടങ്ങിപ്പോകുന്നത്. ഇവരെയൊക്കെ പൊക്കിപ്പിടിച്ചു നടക്കാന്‍ വിധിക്കപ്പെട്ട വായനക്കാര്‍ വായനാ ദാരിദ്ര്യം ബാധിച്ചവരാണ്.


പാവം മുരാകാമി
ഒരുപാട് കാലത്തിന് ശേഷമാണ് രവിയുടെ ഒരു കഥവായിക്കുന്നത്. അദ്ദേഹത്തിന്റെ 'കുതിരാന്‍' എന്ന ചെറുകഥാ സമാഹാരത്തിലെ കഥകളുമായി മല്ലടിച്ചൊരു ഓര്‍മ്മവെച്ചാണ് 'പാവം മുരാകാമി' (മാതൃഭൂമി ഡിംസ. 22) വായിച്ചത്. വായിച്ചുകഴിഞ്ഞപ്പോള്‍ രവി എന്ന എഴുത്തുകാരന്‍ മനസ്സില്‍ നിന്ന് മഞ്ഞുപോലെ ഉരുകിപ്പോയി. ആദ്യമായിട്ടാണ് രവിയുടെ ഒരു കഥ തലപ്പെരുക്കമില്ലാതെ വായിക്കാന്‍ കഴിഞ്ഞത്; ലളിതമാണ് ഈ കഥ. എന്നിട്ടും പഴയ രവിയുടെ ഓര്‍മ്മയില്‍ പുതിയ രവിയുടെ കഥ എന്റെ മുന്നില്‍ ഒന്നുമില്ലായ്മയായി.


നിലവിളിച്ചുഴി
പുതിയ കഥകള്‍, പുതുമയുള്ള കഥകള്‍ എഴുതുന്ന എ.എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ ഇരുപതുവര്‍ഷം പഴക്കമുള്ള നിലവിളിച്ചുഴി (മാതൃഭൂമി ഡിസം. 22) വായിച്ചു. മടക്കിവയ്ക്കുന്നതോടെ മറന്നുപോകുന്ന കഥകള്‍ ഹാഫിസ് മുഹമ്മദ് എഴുതാറില്ല. ഈ കഥയും അതുപോലെതന്നെ. കാല്‍പനികതയില്‍ മുക്കിയ ഒരു കാമുകന്റെ വഞ്ചനയെ ഇത്ര മധുരമായി പറയാതെ പറയുന്ന കഥ. പക്ഷെ ഈ കഥ ഈ കലത്തിന്റേതല്ല. ഒരുപാട് പഴക്കമുണ്ടിതിന്റെ ഭാഷയ്ക്കും ആവിഷ്‌ക്കാരത്തിനും. ആ കുറവ് വിട്ടുകളഞ്ഞാല്‍ കഥ അതിമനോഹരം എന്നുതന്നെ പറയണം.

ഞാനുമെന്റെവാക്കുമീസന്ധ്യയും

നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍
മനുഷ്യപക്ഷത്തുനില്‍ക്കുന്ന ഭാവഗീതങ്ങളെ കവികള്‍ സമൂഹത്തിന് കേള്‍പ്പിച്ചുകൊണ്ടേയിരിക്കണം. പാരമ്പര്യത്തിന്റെ ഏതോ വെണ്‍മേഘത്തിലിരുന്ന് തോരാതെ പെയ്യുകയാണ് നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍. അദ്ദേഹത്തിന്റെ കവിതളുടെ ഭാവാത്മകതയില്‍ അദ്ദേഹത്തിന്റെ ആത്മസൗന്ദര്യകൂടി അടയിരിക്കുന്നു. അങ്ങേയറ്റം ആകര്‍ഷകമാണത്.


ചരിതാര്‍ത്ഥമെന്‍ വാഴ്‌വെ-
ന്നഭിമാനിക്കാന്‍ ജീവ-
ചരിത്രപ്പുറങ്ങളില്‍
ഞാന്‍ വാക്കു കടയുന്നു!


ഒന്നുമില്ലെങ്കില്‍ക്കൂടി
വിശ്വാസ പ്രമാണങ്ങള്‍-
ക്കൊന്നിനും നിറം ചോരാ-
തിരിക്കാന്‍ വിയര്‍ത്തോന്‍ ഞാന്‍!


നിസ്സാരമല്ലക്കാര്യ
മെന്നല്ലോ കായല്‍ക്കാറ്റിന്‍-
നിശ്വാസ സൗരഭ്യം! ഞാനീവരി കുറിക്കുമ്പോള്‍
-നിലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (കലാകൗമുദി ഡിസ. 22)


ഒരു കവിയുടെ ബാക്കിപത്രങ്ങളെ വിനീതമായ അത്മബോധംകൊണ്ട് തുടച്ചുമിനുക്കുകയാണ് കവി. ഇത്ര നിശ്ശബ്ദമായി ഇത്ര ഭാവാത്മകമായി വാക്കുകളുടെ തുള്ളിക്കളിയില്ലാതെ പരിപക്വമായി എഴുതുന്ന ഒരാള്‍. വായിക്കപ്പടേണ്ടതാണ് അദ്ദേഹമെഴുതുന്ന കവിതകള്‍. ആദരിക്കപ്പെടേണ്ടതാണതിലെ ആത്മസൗന്ദര്യം.


ഗോള്‍ഡ് ലോണ്‍
മോഹന്‍ലാലും ഇന്നസെന്റും കാവ്യാമാധവനുമൊക്കെ ജനകീയ നടിനടന്മാരാണ്. 'നിങ്ങളുടെ സ്വര്‍ണ്ണപ്പണ്ടത്തിന്റെ പണയത്തിനുമേല്‍ പലിശയ്ക്ക് പണം തരാ'മെന്ന് ഇവര്‍ ചാനലിലൂടെ പ്രേക്ഷകരോട് പറയുന്നതോടെ എന്റെ മനസ്സില്‍ ഇവര്‍ തികഞ്ഞ അശ്ലീല കോലങ്ങളാകുന്നു. മനസ്സില്‍ ഒരു വഞ്ചനയുടെ വെള്ളിവാള്‍ മിന്നുന്നു. ഞങ്ങളുടെ ദാരിദ്രത്തില്‍ വന്നൊരു വട്ടിപ്പലിശക്കാരന്‍ വന്ന് കുത്തിയാലും വിരോധമില്ല. നിങ്ങളെയൊക്കെ ഞങ്ങളങ്ങനെയല്ലല്ലൊ കണ്ടിട്ടുള്ളത്. എന്നാലും ഇതുവേണ്ടായിരുന്നു എന്ന് ഇവരോട് നേരിട്ട് ചെന്ന് പറയാന്‍ തോന്നുന്നു.


മധുര മിഠായി
മധുരമുള്ള മിഠായി വായിലിട്ടു നുണയുന്ന ഒരാള്‍ക്ക് അത് അലിഞ്ഞു തീരുന്നതിനുമുന്‍പെ അതിനെ കടിച്ചു പൊട്ടിയ്ക്കാന്‍ തോന്നും. മധുരമുള്ള ഒന്നിനെ അധികനേരം നാവിന് ലാളിച്ചുകൊണ്ടിരിക്കാന്‍ അവില്ല. അപ്പോഴേക്കും പല്ലുകള്‍ അതിനെ ചവച്ചരയ്ക്കും. മധുരമുള്ള, മനോഹരമായ എല്ലാത്തിന്റേയും ഗതി ഇതുതന്നെയാണ്. ഓരോ സൗന്ദര്യത്തിനും മധുരത്തിനും പിന്നില്‍ അതിനെ ചവച്ചരയ്ക്കാനുള്ള പല്ലുകള്‍ കാത്തുനില്‍പ്പുണ്ട്.
നാവ് നുണഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കിട്ടുന്നരുചിയല്ല അതേ മിഠായി ചവയ്ച്ചരയ്ക്കുമ്പോള്‍ കിട്ടുന്ന രുചി.
ഈ മിഠായികളുടെ ഒരു കാര്യം....


സരിതായനം
സരിതാ നായര്‍ മന്ദസ്മിതം തൂകുന്നു. അവളുടെ സീമന്ദരേഖയില്‍ നിന്ന് കേരളം പൊട്ടിയൊലിക്കുന്നു. ഈ ഹരിതകേരളത്തിന് അവളോളം ശരീരവടിവില്ല! അവള്‍ പെണ്‍ വിജയത്തിന്റെ കൊടിയടയാളമാണ്. ഇവിടെ നോക്കൂ... ബിജു രാധാകൃഷ്ണന്‍ എന്നൊരു പേക്കോലം. താടിവടിക്കാതെ മൂടിചീകാതെ, പരാജിതന്റെ, അവഗണിക്കപ്പെട്ടവന്റെ പ്രതീകമായി, കൊതിയടക്കിയവന്റെ പാതി താഴ്്ത്തിക്കെട്ടിയ കൊടിപോലെ ഒരു ക്രിമിനല്‍. രണ്ടു ക്രിമിനലുകളെ കേരളം കൊണ്ടുനാടക്കുന്ന രീതികള്‍ കാണൂ...


ബിജു രാധാകൃഷ്ണാ.. നീയൊരു ക്രിമിനലാണ്, സ്വന്തം ഭാര്യയെ കൊന്നവനാണ്.... തട്ടിപ്പുകാരനാണ്. നിന്റെയൊക്കെ കാലുതല്ലിയൊടിക്കപ്പെടേണ്ടതാണ്. എങ്കിലും നീയിങ്ങനെ അവഗണിക്കപ്പെടുന്നവനായി നില്‍ക്കുമ്പോള്‍, നിന്റെ മുന്നില്‍ ഡിസൈന്‍ സാരിയണിഞ്ഞ് ഒരു സുന്ദരിപിശാചിങ്ങനെ മിന്നുന്നതുകാണുമ്പോള്‍... എന്റെയുള്ളിലെ പുരുഷന് സഹിക്കുന്നില്ല. ഇപ്പോള്‍ ഫെമിനിസം പറഞ്ഞോണ്ട് എന്റെ മുന്നില്‍ വരുന്നവളുമാരെ എനിക്ക് കേറിപ്പിടിക്കാന്‍ തോന്നും... എന്നിലെ പുരുഷന്‍ ഒരു മൃഗമാകുന്നു.. എനിക്ക് എന്നോടുതന്നെ വെറുപ്പു തോന്നുന്നു... സരിതേ നിന്റെ കിടപ്പറകഥകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ ഞാന്‍ ഗൂഢമായി സന്തോഷിക്കുന്നു.... ബിജു രാധാകൃഷ്ണാ നീ നിന്ന നില്‍പില്‍ ഇറയത്തു കേറിത്തൂങ്ങിയാല്‍ നിന്നെ കുറ്റം പറയാന്‍ പറ്റില്ല... നീയൊക്കെ അത്രയ്ക്ക് അനുഭവിക്കുന്നുണ്ട്..... ആണായി പിറന്നാല്‍ ഒരിക്കലും ഒരു പെണ്ണിനൊപ്പം വേണ്ടാതീനം ചെയ്യരുത്. ഇല്ലെങ്കില്‍ ഇങ്ങിനെയൊക്കെയാകും...


ഫേസ്ബുക്ക് കവികളും ബിജു രാധാകൃഷ്ണന്‍മാരെപോലെയാണ്. ഇന്നലെ എഴുതിത്തുടങ്ങിയ സരിതാ നായരുമാര്‍ ലൈക്കുകളുടെ ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടയുമ്പോള്‍.... ബിജു രാധാകൃഷ്ണന്മാരുടെ ഷേവ് ചെയ്യാത്ത കവിതകള്‍ സൈബര്‍കാറ്റിലെ അപ്പൂപ്പന്‍ താടികളാകുന്നു.


കിടപ്പറ
ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതിന്റെ പിന്നിലെ സാമൂഹിക മനശാസ്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. ആധുനിക മനുഷ്യന്റെ ആത്മീയ ദാരിദ്ര്യം അധികരിക്കുന്നതോടെ വിപണികളില്‍ ഏതെടുത്താലും പത്തുരൂപ നിരക്കില്‍ ആള്‍ദൈവങ്ങള്‍ സുലഭമായി. തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും പ്രശസ്തനായിരുന്ന നിത്യാനന്ദ എന്ന കള്ള സന്യാസി ഇന്നത്തെ പ്രത്യേക സാമൂഹിക സാഹചര്യങ്ങളുടെ ഉത്പന്നമാണ്. അദ്ദേഹം കള്ളനൊ കൊള്ളക്കാരനൊ അഭിചാരം ചെയ്യുന്നവനൊ ആരുമായിക്കോട്ടെ. അദ്ദേഹം ചെയ്യുന്ന തിന്മകള്‍ക്ക് തക്കതായ ശിക്ഷകൊടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ നിത്യാനന്ദ എന്ന യുവാവും, ചലചിത്ര നടിയും ശിഷ്യയുമായ രഞ്ജിതയും ഏറെയും വേട്ടയാടപ്പെട്ടത് ലൈംഗീകതയുടെ പേരിലാണ്. നിത്യാനന്ദയും രഞ്ജിതയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റാണൊ?


നിത്യാനന്ദ എന്ന യുവാവ് രഞ്ജിത എന്ന യുവതിയില്‍ ആകൃഷ്ടനാവുകയും ബ്രഹ്മചര്യം വെടിഞ്ഞ് അവര്‍ പരസ്പരം ഭോഗിക്കുകയൊ, അനുരാഗ ബദ്ധരാകുകയൊ ചെയ്യുന്നതില്‍ കുറ്റകരമായി ഞാന്‍ ഒന്നും തന്നെ കാണുന്നില്ല. എന്നാല്‍ അവരുടെ സ്വാകാരതയില്‍ ഒളിക്യാമറ കൊണ്ടുവയ്ക്കുകയും ജനകീയ മാധ്യമങ്ങളിലൂടെ ഈ വ്യക്തികളുടെ കിടപ്പറയിലെ സ്വകാര്യതയെ പൊതു സമൂഹത്തിനു മുന്നില്‍ തുറന്നുവയ്ക്കുകയും ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. അവരുടെ കിടപ്പറ രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച സണ്‍ ടി.വി എന്ന നാലാംകിട അശ്ലീല ചാനല്‍ നിരോധിക്കപ്പെടേണ്ടതാണ്. നിത്യാനന്ദ സ്വാമി “സ്വാമിയൊ” 'ആശാമിയൊ' കൊള്ളക്കാരനൊ ആയിക്കൊട്ടെ അത് വേറേ വിഷയം. പക്ഷെ അദ്ദേഹത്തിന് രഞ്ജിത എന്ന യുവതിയുമായുള്ള ആനുരാഗത്തെ ഏറെ പരിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഗുരുവില്‍ നിന്ന് ദീക്ഷ സ്വീകരിച്ച് സന്യാസിനിയായി മാറിയ രഞ്ജിത എന്റെ മനസ്സില്‍ സമര്‍പ്പണത്തിന്റെ സ്വര്‍ണ്ണമകുടമാണ്. കൈക്കുടന്ന നിലാവ് എന്ന മലയാള ചിത്രമടക്കം ജൈഹിന്ദ്, എന്‍ ആസൈ മച്ചാന്‍, അമൈതിപടൈ... അങ്ങിനെ ഒരുപാട് ചിത്രങ്ങള്‍..ആ നടിയെ എനിക്ക് മറക്കാന്‍ പറ്റില്ല. കേരളത്തില്‍ ലൈംഗിക വിവാദങ്ങളില്ലാത്ത 60 കഴിഞ്ഞ സ്വാമിനിമാര്‍ ഉണ്ട് അവരുമൊക്കെ ചെയ്യുന്നത് മണി ലോണ്ടറിങ്ങ് (MONEY LAUNDERING) തന്നെ. അവരുടെ കച്ചോടം പൊട്ടിക്കാന്‍ ഒളികാമറ ആരും വയ്ക്കില്ല. അവരൊന്നും നിത്യാനന്ദയെപോലെ രഞ്ജിതയെപ്പോലെ ഗ്ലാമറുള്ളവരല്ല. ലൈംഗികതയുടെ മേമ്പൊടിയില്ലെങ്കില്‍ വാര്‍ത്ത വിറ്റുപോകില്ലല്ലൊ ല്ലേ....


ചോദ്യം ഉത്തരം
ആഴ്ച്ചപ്പാങ്ങ് ചിലപ്പോഴൊക്കെ സാഹിത്യബാഹ്യമായിപ്പോകുന്നുണ്ടല്ലോ?
സാഹിത്യം എന്ന് പറയുന്നത് താലിബാനൊ വല്ലോം ആണോ. അത് സാര്‍വ്വലൗകികമായ ഒന്നല്ലേ.... നിരൂപണം സാഹിത്യത്തില്‍മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് നീരീക്ഷണങ്ങളുടെ, കണ്ടെത്തലുകളുടെ, വെളിപാടുകളുടെ ആവിഷ്‌ക്കരണമാണ്. മാര്‍ക്കറ്റിലെത്തുന്നതിനുമുന്‍പേതന്നെ ചില സാഹിത്യ ഫ്‌ളേവറുകള്‍ നിരൂപകന്റെ കൈയ്യിലെത്തും. ഒറിജിനലും ഡ്യൂപ്ലിക്കറ്റും ഒരു നിരൂപകന് കണ്ടാല്‍ തിരിച്ചറിയും. അതു സാഹിത്യത്തിലായാലും മറ്റേത് മേഖലയിലായാലും.


നിങ്ങള്‍ ഒറിജിനലാണൊ?
ഞാന്‍ ഡ്യൂപഌക്കേറ്റാണ്. ഈ ആഴ്ച്ചപ്പാങ്ങിന്റെ രൂപവും ഭാവവും ഡ്യൂപ്‌ലിക്കേറ്റാണ്‌. പക്ഷെ ഇതിലെ നിരീക്ഷണങ്ങള്‍ ഒറിജിനല്‍ ആണ്. ഞാന്‍ എന്ന ജൈവഘടനയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചില ജൈവ നിരീക്ഷണങ്ങള്‍. അത് എത്രത്തോളം മെച്ചമുള്ളതാണ്, വേറിട്ടതാണൊ.. അതൊ നേരംമ്പോക്കാണൊ എന്നൊക്കെ പറയേണ്ടത് നിങ്ങള്‍ വായനക്കാരല്ലേ....

ആഴ്ച്ചപ്പാങ്ങ് വായിക്കുന്നവര്‍ക്കും വായിക്കാത്തവര്‍ക്കം എന്റെ പുതുവത്സാരാശംസകള്‍...

2013, ഡിസംബർ 23, തിങ്കളാഴ്‌ച

വാക്കുകളുടെ തിരോധാനം


ആഴ്ച്ചപ്പാങ്ങ്-7

 

തീരദേശങ്ങളിലെ എല്‍.പി. സ്‌കൂളില്‍ നിന്ന് മുക്കുവക്കുട്ടികളുടെ കൊഴിഞ്ഞുപോക്കുപോലെ വാക്കുകള്‍ ഭാഷയില്‍നിന്ന് കൊഴിഞ്ഞുപോകുന്നു. ഈ തിരോഭവിക്കപ്പെടുന്ന വാക്കുകള്‍ക്ക് പിന്നീട് എന്തുസംഭവിക്കുന്നു എന്ന് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. വാക്കുകള്‍ക്ക് വരുന്ന തേയ്മാനങ്ങളെക്കുറിച്ച്, മാറുന്ന തലയിലെഴുത്തിനെക്കുറിച്ച്, യേശു യൂദാസായിമാറുന്നതിനെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നതേയില്ല. ഓരോ വാക്കും കൊഴിഞ്ഞുപോകുമ്പോള്‍ കൊഴിഞ്ഞുപോകുന്നത് ഒരു ജീവിതം തന്നെയാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സഞ്ചിപോലെയാവുന്നു ചിലവാക്കുകള്‍. ചില വാക്കുകളെ നമ്മള്‍ മാറി മാറി വ്യഭിചരിക്കുന്നു.

ഒരു ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് 'ഓണം' എന്നു പറഞ്ഞാല്‍ എന്റെ മനസ്സില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുമായിരുന്നു. ഒരുപാട് തൂക്കമുള്ള ഒരു പദമായിരുന്നു എനിക്കത്. ഓണത്തിന്റന്ന് കൂട്ടുകാരുമൊത്ത് 'പൂവേപൊലി പൂവേ...' എന്ന് വിളിച്ച് പൂക്കളിറുത്ത് - പൂക്കളമൊരുക്കി. കളിമണ്ണ് ശേഖരിച്ചുകൊണ്ടുവന്ന് കുഴച്ച് മാവേലിയുണ്ടാക്കി. അന്ന് കൊയ്ത്തും മെതിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്നതൊന്നുമില്ല; പക്ഷെ ഈ കാലത്ത് 'ഓണം' എന്ന അതേ വാക്ക് നമ്മുക്കിടയില്‍ ജീവിക്കുന്നുണ്ട്; പഴയ കനമില്ല, സൗന്ദര്യമില്ല. ഇന്നെനിക്ക് ഓണമെന്നാല്‍ ടി.വി.യിലെ സ്‌പെഷ്യല്‍ പ്രോഗ്രാമാണ്, ഹോട്ടലിലെ ഇന്‍സ്റ്റന്റ് ഓണ സദ്യയാണ്, പുതിയ സിനിമകളുടെ റിലീസിങ്ങ് കാലമാണ്. നോക്കൂ, വെറും ഇരുപതുവര്‍ഷങ്ങള്‍കൊണ്ട് 'ഓണം' എന്ന പദത്തിന് വന്ന മൂല്യശോഷണം. ഓണം ഇന്നൊരോണമേയല്ലാതായിരിക്കുന്നു. വാക്കുകള്‍ നമ്മുടെ കണ്‍മുന്നില്‍ നിന്ന് തിരോഭവിക്കുന്നു, അംഗംഭംഗം സംഭവിക്കുന്നു, കാലത്തിന്റെ മണ്ണൊലിപ്പില്‍ ജീവിതത്തിന്റെ വേരുകള്‍ അനാവൃതമാക്കപ്പെടുന്നു. മൂല്യശോഷണം വന്ന ഉറുപ്പികയായി പലതും വിനിമയം ചെയ്യപ്പെടാതെ ഓരോ ഭാഷയുടേയും പുറംമ്പോക്കുകളില്‍ വെറുതെ കിടക്കുന്നു.
രാഷ്ട്രത്തെ സംമ്പന്ധിക്കുന്നത് എന്നര്‍ത്ഥം വരുന്ന രാഷ്ട്രീയം എന്ന പദത്തെ നോക്കുക. ഇന്ന് ഏത് സാമൂഹ്യവിരുദ്ധനും പറയുന്നു ഞാനൊരു രാഷ്ട്രീയക്കാരനാണെന്ന്! മാഫിയകള്‍ നാട് ഭരിക്കുന്നു. അവര്‍ പറയുന്നു ഞങ്ങള്‍ രാഷ്്ട്രീയം 'കളിക്കുകയാണ്' എന്ന്. ചിലര്‍ പറയുന്നു ഞാങ്ങള്‍ രാഷ്ട്രീയത്തില്‍ 'ഇറങ്ങാന്‍' പോവുകയാണെന്ന്. അങ്ങനെ രാഷ്ട്രീയം ഇറക്കത്തില്‍ ഉള്ള 'കുറഞ്ഞ' ഒരിടമായി മാറുന്നു. ചിലര്‍ ചോദിക്കുന്നു 'നിങ്ങള്‍ക്ക് രാഷ്ട്രീയമറിയാമോ? കുതികാല്‍വെട്ട്, കുതിരക്കച്ചവടം, ഇതൊക്കെ അറിഞ്ഞാലെ രാഷ്ട്രീയത്തില്‍ നിലനില്‍പ്പുള്ളു! രാഷ്ട്രീയം' എന്ന പദത്തില്‍ നിന്ന് അതിന്റെ ആത്മാവ് പടിയിറങ്ങിപ്പോയി.
'അഹിംസ' എന്നൊരു വാക്കിനെ ആരെങ്കിലും എവിടെയെങ്കിലുംവച്ചു കാണാറുണ്ടൊ? അതല്ലെ ആറുപതിറ്റാണ്ടുമുന്‍പ് വെടിയേറ്റുമരിച്ചത്...  'സത്യം' കോടതിഗുമസ്തനായതുകൊണ്ട് അല്ലലില്ലാതെ ജീവിച്ചുപോകുന്നു. മമ്മിമാരുടെ വരവോടെ അമ്മമാരെ നടതള്ളി, ഇപ്പോള്‍ വൃദ്ധസദനങ്ങളിലായി ജീവിതം. 'പ്രണയം' വാണിഭങ്ങളിലെ തുരുപ്പ് ശീട്ടാണ്. അതുകൊണ്ടിപ്പോള്‍ വിലയില്ലെങ്കിലും വിറ്റുപോകുന്ന ഒരു ചരക്കാണ്. വയല്‍, വിത, കൊയ്ത്ത്, മഴ, ഞാറ്റുവേല....... എനിക്കു വയ്യ.. വാക്കുകള്‍ തിരോഭവിച്ചുകൊണ്ടേയിരിക്കുന്നു... വാക്കുകളുടെ 'ലാപത്താ'
ഇലകളെല്ലാം കൊഴിഞ്ഞുപോയി, ഒരസ്തികൂടമായി കൈകള്‍ മേലോട്ടുയര്‍ത്തി ഒരു മരം 'എന്നെ നീയൊന്നുകൊണ്ടുപോകണേ ദൈവമേ'യെന്ന് പ്രാര്‍ത്ഥിക്കുംമ്പോലെ എന്റെ ഭാഷ എന്റെ സ്വപ്‌നങ്ങളില്‍, എന്റെ എഴുത്തുമുറികളില്‍, ഒരു നിലവിളിയായി നിറയുന്നു. നമ്മള്‍ നമ്മുടെ ഭാഷയ്ക്ക് ശ്രേഷ്ഠ പദവി വായ്ക്കരിയായി നാഴികള്‍നിറച്ചുവയ്ക്കുന്നു, വിളക്കുകള്‍ തേച്ചുമിനുക്കി വയ്ക്കുന്നു.
വാക്കുകള്‍ കായ്ക്കുന്നിടം
വാക്കുകള്‍ ഉണ്ടായത് ജീവിതത്തില്‍ നിന്നാണ്. ജീവിതത്തില്‍ നിന്ന് മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ വാക്കുകള്‍ തിരോഭവിക്കുന്നു. കൊയ്ത്തും മെതിയുമില്ലാത്ത കാലത്തെ പുതിയ തലമുറയ്ക്ക് ഇനിയെന്ത് ഓണം. 'മുത്തിയും ചോഴിയും' എന്നൊരു ഓഎന്‍വി കവിതയുണ്ട്. ഒരു മുത്തി തിരുവാതിര കുളിച്ച്, ഓണസദ്യയൊരുക്കി, വിഷുക്കണിയൊരുക്കി കര്‍മ്മനിരതമാകുന്നു. ചോഴി മരണ ദൂതനാണ്. ചോഴി വന്നു വിളിക്കുമ്പോള്‍ മുത്തി, നില്‍ക്കു ചോഴി, ഈ മുറുക്കാനൊന്നു ഇടിച്ചോട്ടെ, നില്‍ക്കൂ ചോഴീ, ഇതൊന്നു വായിലിട്ടു ചവയ്ക്കട്ടെ എന്ന് ചോഴിയെ തിരിച്ചയക്കുന്നു.

'മക്കളേ'യെന്നു വിളിക്കുമ്പോള്‍
അക്കരള്‍ വാത്സല്യപ്പാലാഴി
'മക്കളേ' യാവിളി കേള്‍ക്കെ, ചോഴിയും
ഒക്കെ മറന്നു പിന്‍വാങ്ങുന്നു.
മുത്തി തന്റെ ജീവിതത്തെ സജീവമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചു. ചോഴിയും ആ കര്‍മ്മ നിരതമായ ജീവിതത്തെ കണ്ട് അസൂയപ്പെടുന്നു. ഒരു മുത്തി മരിക്കുമ്പോള്‍ വാക്കുകള്‍, ഉത്സവങ്ങള്‍, ഒറ്റമൂലികള്‍ എന്നിവയടുങ്ങുന്ന ഒരു മഹദ്ഗ്രന്ഥത്തെ കാലം കൊത്തിപ്പറിക്കുന്നു. ഒരു ജീവിതം മാഞ്ഞുപോകുന്നു. കാലാന്തരം നടതള്ളപ്പെട്ട ഒരു ഭാഷയായില്‍ മുത്തി ഒരോര്‍മ്മപോലുമല്ലാതാവുന്നു.
ഭാഷയും ജീവിതവും
ഭാഷ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ട് ഭാഷയെമാത്രമാക്കി നമ്മള്‍ക്ക് ശ്രേഷ്ഠമാക്കിയെടുക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ മൂല്യം ക്ഷയിക്കുന്നതോടെ ഭാഷയും ക്ഷയിക്കും.


തോണിപ്പാട്ട് ഉണ്ടാക്കിയത് രാമപുരത്ത് വാര്യരല്ല; തോണിക്കാരനാണ്. പങ്കായവും പുഴയുടെ ഒഴുക്കും മനുഷ്യന്റെ അധ്വാനവും അവന്റെ സംഗീത ബോധവും വിയര്‍പ്പും കൂടിക്കലര്‍ന്ന് രൂപം കൊണ്ട ഒരു ജൈവസംഗീതമാണ് തോണിപ്പാട്ട്. പുഴയുടെ ഓളങ്ങളില്‍ ഉരഞ്ഞതിന്റെ മിനുസമാണ് ആ സംഗീതത്തിനുള്ളത്. എല്ലാ നാടന്‍പാട്ടുകളും ഉണ്ടാക്കിയത് ഏതെങ്കിലും വരേണ്യ കവിപുംഗവനല്ല. അത് പാടത്തും പറമ്പത്തും പണിയെടുത്തിരുന്ന പണിയാളരാണ്. മനുഷ്യനും പ്രകൃതിയും ചേര്‍ന്നുള്ള ജൈവീകമായ കര്‍മ്മ നൈരന്തര്യത്തില്‍ നിന്നാണ് വാക്കുകള്‍ ഉണ്ടായതും അത് നിലനിന്നതും. എന്നാല്‍ ഇന്ന് ഭാഷ നേരിടുന്ന വെല്ലുവിളിയും ഈ ജൈവനൈരന്തര്യത്തിന്റെ തകര്‍ച്ചയാണ്. മനുഷ്യന്റെ പരിധിയില്ലാത്ത ഭൗതികാവശ്യങ്ങളും, കാമനകളും, വിപണിവത്കൃതമായ മൂല്യബോധവും ഭാഷയെ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അധിനിവേശങ്ങളും, അര്‍ത്ഥരഹിതമായ-ഭൗതികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാസങ്ങളും ഭാഷയെ ഒരു വെങ്കലഭാഷയാക്കി മാറ്റി.
ഭാഷയെ മാത്രമായി സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. സംസാരിക്കാന്‍ ആളുകളുണ്ടായില്ലെങ്കില്‍ ഷെല്‍ഫിലെ ഭാഷാ നിഘണ്ടുക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയും. വാക്കുകളുടെ തിരോധാനത്തെ തടയിടാന്‍ ഓര്‍ഡിനന്‍സുകള്‍ക്ക് കഴിയില്ല. ഭാഷ, പ്രകൃതിയും മനുഷ്യനും ഇടകലര്‍ന്ന ജൈവവ്യവസ്ഥയില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ഒന്നാണ്. വിപണിയില്‍ സാധനങ്ങള്‍ക്ക് വിലപേശാന്‍ മാത്രമാണ് നമ്മുക്ക് ഇപ്പോള്‍ ഭാഷ ആവശ്യമായിട്ടുള്ളത്. സ്വയം വില്‍പനച്ചരക്കായി മാറുന്നവര്‍ക്കിടയില്‍, അറവിന് തെളിക്കപ്പെടുന്ന രണ്ട് അറവുമാടുകള്‍ക്കിടയില്‍, സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു കാപ്പിപ്പൊടിപാക്കറ്റുകള്‍ക്കിടയില്‍ എന്ത് ആശയവിനിമായമാണ്.... ഭാരിച്ച എന്ത് പങ്കുവയ്ക്കാനാണ്. ഒരു ഭാഷയുടെ ആവശ്യകതയെന്താണ്.
ഭാഷ സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനു പകരം മലയാളിയുടെ ജീവിതത്തെ, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വത്വത്തെ, സംസ്‌കാരത്തെ തിരിച്ചുപിടിക്കുക. വിതയേയും കൊയ്ത്തിനേയും തിരിച്ചുപിടിക്കുക. നമ്മുടെ വിപുലമായ ഒരു കാര്‍ഷിക സംസ്‌കാരിത്തില്‍ നിന്ന് പറിവികൊണ്ടതാണിതുകള്‍. ചാനല്‍ സംസ്‌ക്കാരം ഇവിടെ ഒന്നും സൃഷ്ടിച്ചില്ല; കുറച്ച് മാലിന്യങ്ങളല്ലാതെ. ലക്ഷ്യബോധവും ദിശാബോധവും മൂല്യബോധവുമുണ്ടാകുമ്പോള്‍ ഭാഷാബോധവും ഒരു മലയാളിയുടേതായ ആത്മബോധവും താനെ വന്നുചേരും. വയലും നീര്‍ത്തടങ്ങളും ജൈവവൈവിധ്യങ്ങളും മണ്ണിട്ടുമൂടി നിരപ്പാക്കി വിമാനങ്ങളെ വിരുന്നിനു വിളിക്കുകയാണ് സര്‍ക്കാര്‍. നിയോ കോളൊണിയലിസത്തിന്റെ വേറൊരു സങ്കേതമാണ് ടൂറിസം. ഭാഷയിന്മേലുള്ള അധിനിവേശങ്ങള്‍ ഇനിയുണ്ടാകുന്നത് ഇതുപോലുള്ള രൂപങ്ങളിലാണ്. നമ്മുടെ വിരുന്നുകാര്‍ നമ്മുടെ മനസ്സറിയുന്നവരാണ്, നമ്മുടെ വീടറിയുന്നവരാണ്. നമ്മള്‍ അവര്‍ക്ക് കൊടുക്കുകമാത്രമാണ്. അവരില്‍ നിന്ന് ഒന്നും സ്വീകരിക്കുന്നില്ല, സ്‌നേഹമസൃണമായ മധുരങ്ങളല്ലാതെ.
മധുരപ്പത്തിരി ചുട്ട്, വെറ്റയടയ്ക്ക ഇടിച്ചുവെച്ച്് മനസ്സില്‍ പ്രണയവുമായി വിരുന്നുവിളിച്ച മലയാളിപ്പെണ്‍കൊടി നമ്മുക്കുണ്ടായിരുന്നു. നമ്മള്‍ കൊതിക്കുന്നത് അധിനിവേശങ്ങളല്ല സഹവര്‍ത്തിത്വമാണ്. നമ്മളെ നയിക്കുന്നത് സഹജാവബോധമാണ്.


*     *     *     *     *     *     *     *     *     *     *     *     *     *     *     *      *
ഒരു പേരിലെന്തിനിരിക്കുന്നു
സര്‍വ്വരുടേയും ക്ഷേമം പരിപാലിക്കപ്പെടന്ന ഒരു സമൂഹം 'സര്‍വ്വോദയ സമൂഹം' അത് സാക്ഷാത്ക്കരിക്കുക എന്നത് ഗാന്ധിജി ആഗ്രഹിച്ചിരുന്നു. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ രൂപമാണ് 'സര്‍വ്വോദയ സമൂഹം'. ഭൗതികാഗ്രഹങ്ങള്‍ പരിമിതപ്പെടുത്തി, സാമ്പത്തിക സമത്ത്വത്തെയും രാഷ്ട്രീയസാമ്പത്തിക വികേന്ദ്രീകരണത്തേയും ആധാരമാക്കി നിലവിലുള്ള സമൂഹത്തെ പുനസംഘടിപ്പിച്ചാല്‍ 'സര്‍വ്വോദയ' സമൂഹം കൈവരിക്കാമെന്ന് ഗാന്ധിജി ഉദ്‌ഭോദിപ്പിച്ചു. അതുകൊണ്ടിപ്പോള്‍ എവിടേയും 'സര്‍വ്വോദയ' എന്ന പേരുകേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഗാന്ധിയെ ഓര്‍മ്മവരും. ഞാന്‍ താമസിക്കുന്ന മുംബൈ നഗരത്തിലെ കല്യാണ്‍ നഗരിയില്‍ ഒരു വലിയ ഷോപ്പിങ്ങ് മാളിന്റെ പേര് 'സര്‍വ്വോദയ മാള്‍' എന്നാണ്!. ഭൗതികാഗ്രഹങ്ങളെ പരിമിതപ്പെടുത്തി സാമ്പത്തിക സമത്വം സൃഷ്ടിക്കാന്‍ പ്രയത്‌നിച്ച ഗാന്ധിയുടെ ഒരു സ്വപ്‌നത്തിന്റെ പേരായിരുന്ന 'സര്‍വ്വോദയ'ഇവിടെ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങല്‍ വില്‍ക്കുന്ന റീട്ടെയില്‍ ചെയിനിന്റെ പേരാണ്. എന്റെ സുഹൃത്തും കഥാകൃത്തുമായ ശ്രീ സുരേഷ് വര്‍മ്മയുടെ 'ഗാന്ധി ചിക്കന്‍സ്' എന്ന കഥയും ഇതോടൊപ്പം ഓര്‍ത്തുപോകുന്നു. അഹിംസാവദിയും സസ്യസ്യഭുക്കുമായ ഗാന്ധിയെ, മാംസ്യവിപണയില്‍ വില്‍ക്കുന്ന കഥയാണത്.
കേരളത്തിലെ മദ്യശാലകള്ക്ക് ദൈവപ്പേരുകള്‍ ഉപയോഗിച്ചു കണ്ടിട്ടില്ല. “കൊടുങ്ങല്ലൂര്‍ ഭഗവതി ബാര്‍” എന്നൊക്കെ ആരെങ്കിലും മദ്യശാലക്ക് പേരുവച്ചാല്‍ നമ്മുടെ മതവികാരം വ്രണപ്പെട്ടുപോകും. എന്നാല്‍ അടുത്ത കാലത്ത്‌ ഗോവ സന്ദര്‍ശിച്ചപ്പോള്‍ അവിടെ ബാറുകള്‍ക്ക് 'വേളാങ്കണ്ണിമാതാവ്, ജീസസ് ക്രൈസ്റ്റ്, ക്രിസ്തുരാജ്, എന്നൊക്കെയുള്ള ദൈവപ്പേരുകളിട്ടുകണ്ടു. ടൂറിസ്റ്റുകളെ ആശ്രയിച്ചു ജീവിക്കുന്ന ഒരു സംസ്ഥാനമാണ് ഗോവ. ടൂറിസ്റ്റുകളാണ് അവരുടെ അന്നം മാത്രവുമല്ല ഒരു പോര്‍ച്ചുഗീസ് പാരമ്പര്യം ഇപ്പോഴും അവരെ വിട്ടുപോയിട്ടില്ല. മദ്യഷാപ്പിന് മുന്‍പില്‍ ആരെങ്കിലും വന്ന് സത്യാഗ്രഹമിരിക്കുമെന്ന് അവര്‍ സ്വപ്‌നത്തില്‍പോലും കരുതുന്നില്ല. നാഴികയ്ക്ക് നാല്‍പതുവട്ടം വ്രണപ്പെടുന്ന വികാരവുമായി കേരളത്തിലും മറ്റ് സംസ്ഥാങ്ങളിലും ജീവിക്കുന്ന ഇന്ത്യക്കാര്‍ ജീസസ്സ് ക്രൈസ്റ്റിന്റെ ബാറില്‍പോയി മദ്യപിക്കുന്നു. ഇതിനെയാണ് 'നിന്റെ രാജ്യം വരേണമേ' എന്നുപറയുന്നത്. അല്ലേ....
ഭൂപടത്തിലില്ലാത്തത്‌
ലൂയിസ് പീറ്റര്‍
മലയാള കവിതയില്‍ ലൂയിസ് പീറ്റര്‍ എന്നൊരു പേര് ഞാനിതിനു മുന്‍പ് കേട്ടിട്ടില്ല. മലയാള കവിതയെ അറിയാനും പഠിക്കാനും ശ്രമിക്കുന്ന സാഹിത്യവിദ്യാര്‍ത്ഥിയാണെന്നൊക്കെ വിനയം പൊതിഞ്ഞ വീമ്പുപറയുമെങ്കിലും എന്റെ വായനയുടെ വെളിമ്പുറത്തുപോലും എത്തിപ്പെട്ടിട്ടില്ലാത്ത ഒരു പേരാണ് ലൂയിസ് പീറ്റര്‍. ഒരു നിമിത്തം പോലെ എന്റെ നിരൂപക ജാഢയിലേക്ക്, കവിയെന്ന ഒട്ടക്കാലണയായ ആത്മബോധത്തിലേക്ക് ഒരേറുപടക്കംപോലെ ലൂയിസിന്റെ വരികള്‍ വന്നുപതിക്കുന്നു.
'ഭൂപടം
ഒരു നുണയാണ്.
എന്റെ കണ്ണൂനീര്‍പ്പുഴകളോ,
കരളെരിഞ്ഞു തീര്‍ന്ന കനല്‍വഴികളോ,
അതിലില്ല.
ഉച്ച സൂര്യന്‍ തിന്നു പോയ
എന്റെ നിഴലോ,
വ്യഥ കടലായിരമ്പിയ
എന്റെ പ്രിയസഖിയോ,
ഇല്ല.
ഭൂമി ഒരു സത്യമായിരിക്കേ
ഭൂപടം മാത്രമെന്തിനാണിങ്ങനെ
നുണയായ് പോകുന്നത്?
ഇന്നലെ വന്നിരുന്നു
ഓര്‍മക്കുറിപ്പുകളുടെ ഓര്‍മ്മയില്‍ പോലുമില്ലാത്തെരാള്‍
നിസ്വത കൊണ്ടു ഭാണ്ഡം നിറച്ചവന്‍
എങ്കിലും ഏതിളങ്കാറ്റിനേക്കാളും
സുഗന്ധ വാഹി.
എന്നോടു ചോദിച്ചതൊന്നും ഞാന്‍ നല്‍കിയില്ല
ഒഴിഞ്ഞൊരു ചഷകം പോലവന്‍ ഇറങ്ങി പ്പോയ്
ഞാനൊരു കാത്തുവയ്പ്പാണ്.
ഇനിയൊരു നാള്‍ അവനെന്നില്‍ വരുമ്പോള്‍
കവര്‍ന്നു പോകേണ്ടൊരു ഭണ്ഡാരം'

-ലൂയിസ് പീറ്റര്‍
(എന്റെ പക്കലുള്ളതില്‍ ചിലത്)
ഭൂപടത്തിലൊതുങ്ങാത്തതാണ് ഈ കവിയുടെ സങ്കടം. ഒരു ഭൗമശാസ്ത്രഞ്ജനും കാണാനാവാതെ പോകുന്നതാണ് ഇതുപോലുള്ള പുറംമ്പോക്കില്‍ വളരുന്ന കീഴാര്‍നെല്ലികള്‍. ആരൊക്കെയൊ കുത്തിവരയ്ക്കുന്ന ഭൂമിയുടെ ജാതകത്തിലെ രാശികള്‍ക്കുമപ്പുറം മനുഷ്യത്വകൊണ്ടുമാത്രം കണ്ടെത്താവുന്ന ജീവിത വ്യഥയായി, കാവ്യഭൂപടത്തിന് വെളിയില്‍ ഓരവല്‍ക്കരിക്കപ്പെട്ടൊരു ഉച്ചവെയിലായി, മലയാള കവിതയില്‍ മരിക്കാത്ത അയ്യപ്പന്റെ അനാഥത്വത്തിന്റെ യാതഭാഗങ്ങളായി, വാര്‍ന്നുപോയിട്ടില്ലാത്ത അമ്പേറ്റകണ്ണിലെ കാവ്യരക്തമായി.... ലൂയിസ്....

'ചിതയിലിരുന്ന് അഗ്‌നി ഭക്ഷിക്കുക
പുഴകളില്‍ ചിതാഭസ്മമായ് മുങ്ങുക
കടലുകള്‍ താണ്ടിയക്കരെച്ചെന്ന്
ഈ കരയുടെ പച്ചകള്‍ കാണുക
ഒരു ജീവവൃക്ഷബീജം കൊത്തി
ഇക്കരെയ്ക്കു തിരികെ പറക്കുക
നട്ടു നനച്ചു വളര്‍ത്തി
താഴ്ന്ന ചില്ലയില്‍ കൂടൊന്നു വയ്ക്കുക
മുട്ടയിട്ടു കുലം പൊലിപ്പിച്ച്
ഉണ്ണികള്‍ക്കാകാശമേകുക
കൂടഴിച്ചു ചിതയായടുക്കി
ചിതയിലിരുന്നഗ്‌നി ഭക്ഷിക്കുക'

-ലൂയിസ് പീറ്റര്‍
ജഠരേ ശയനം  

സോഷ്യല്‍ മീഡിയ ചെയ്തുതരുന്ന നന്മകളിലൊന്നാണ് ലൂയിസ് പീറ്ററെപ്പോലെയുള്ള കുപ്പയിലെ മാണിക്യം. ഇസങ്ങളും പ്രസ്ഥാനങ്ങളും മാറിയപ്പോള്‍ കവിതയുടെ അലകും പിടിയും മാറി. ജീവിതം മാറിയപ്പോള്‍ എഴുത്തില്‍ പുതിയ ജന്മിത്വത്തിന് ആരംഭമായി. ഉച്ചവെയിലത്ത് വന്നുകേറുന്നവന്റെ പെടലിക്ക് തല്ലുന്ന ധാര്‍ഷ്ട്യം കവികുല നന്മയായി. ലൂയിസിനെ കവിതയുടെ നടുമുറ്റത്തിട്ട് ഒരു ജന്മിക്കവി തല്ലിയവാര്‍ത്ത കേട്ടപ്പോള്‍ സങ്കടം തോന്നി. ഇസങ്ങള്‍ മാറിയിരിക്കാം പക്ഷെ മനുഷ്യപക്ഷത്തുള്ള കവിതയുടെ ഇസത്തിന് മാറ്റമൊന്നുമില്ല. ഈ ഇസത്തെ പണ്ടെ തിരസ്‌ക്കരിച്ചവരുടെ വെളുത്ത വസ്ത്രത്തില്‍ ഇനിയും കറുത്ത കാക്കകള്‍ കാഷ്ടിക്കും. ഈ കാക്കകളെ വെടിവെയ്ക്കാന്‍ ഇവര്‍ കൈയ്യില്‍ ഒരു തോക്ക് കരുതേണ്ടിവരും. അനാഥനെപ്പോലെ ജീവിച്ച് അനാഥനായി മരിച്ചുപോയ അയ്യപ്പന്റെ അതേ യാതനദിയില്‍, കവിതയുടെ കൈത്തോണിയില്‍ തുഴഞ്ഞുപോകുന്ന ലൂയിസ് പീറ്ററിനെ കാണുമ്പോള്‍ നിങ്ങള്‍ എ. അയ്യപ്പന്റെ ഉള്ളംകൈയ്യില്‍ കൊടുക്കാന്‍ വിട്ടുപോയ മുത്തം ലൂയിസിന് കൊടുക്കണം. ഈ കവിയെ കണ്ടെടുത്ത കവി സതീഷ് എടക്കുടിക്കും, കഥാ കൃത്ത് ഗണേഷ് പന്നിയത്തിനും എന്റെ നല്ല നമസ്‌ക്കാരം.

സി. എന്‍. കരുണാകരന്‍
വരയും വര്‍ണ്ണങ്ങളും സംസ്‌കാരത്തിന്റെ കൊടിയടയാളമാകുന്നത് അതിശയകരമാണ്. ഇതിഹാസങ്ങളുമായുള്ള സഹവര്‍ത്തിത്വവും, സാഹിതീയമായ ജീവിതവും, ഗന്ധര്‍വ്വതുല്യമായ താളബോധവും ഉണ്ടാകുമ്പോഴാണ് ഒരു ചിത്രകാരന്‍ ജനതയുടെ സാംസ്‌കാരിക പൈതൃകത്തില്‍ കണ്ണിചേര്‍ക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച്ച അന്തരിച്ച സി. എന്‍. കരുണാകരന്‍ പാരമ്പര്യത്തിന്റെ ഊര്‍ജ്ജവും ഓജസ്സും കൈമുതലാക്കിയ വര്‍ണ്ണങ്ങളുടെ രാജാവായിരുന്നു. ഇഴചേര്‍ത്തുകെട്ടിയ അദ്ദേഹത്തിന്റെ പുരാണ കഥാപാത്രങ്ങളെ കാലം കൈയ്യില്‍ കൊണ്ടുനടക്കും. സി.എന്‍. കരുണാകരന്റെ വിയോഗത്തോടെ വര്‍ണ്ണങ്ങളുടെ ക്ലാസിക് ശൈനിന്യസങ്ങള്‍ നിലയ്ച്ചുപോവുകയാണ്. ഒരു തീരാനഷ്ടം. സി. എന്‍. കരുണാകരന് ആത്മാവിന് നിത്യശാന്തിനേരുന്നു.മഞ്ജു വാര്യര്‍
മഞ്ജു മനസ്സില്‍ മറഞ്ഞുപോയ വയല്‍മൂടിയ ഒരു ഗ്രാമമാണ്. മണ്ണിട്ടുമൂടിയ ഒരു കൈത്തോടാണ്, തിരോഭവിച്ച പുലരി മഞ്ഞില്‍ കുളിച്ച തൊട്ടാവാടിയും കറുകയും നിറഞ്ഞൊരു വഴിവരമ്പാണ്. അതിലൂടെ കാലുതണുത്ത്‌ അമ്പലത്തിലേക്കു നടന്നുപോയൊരോര്‍മ്മയാണ്. കോളജില്‍ നിന്ന് വീട്ടിലേക്കും തിരിച്ചുമുള്ള വണ്ടിക്കൂലിയായി കൈയ്യില്‍ മുപ്പതും മുപ്പതും അറുപതു പൈസ മാത്രമെയുള്ളുവെങ്കിലും അത്‌ സൂക്ഷിച്ച വലിയ മണിപ്പേഴ്‌സില്‍, യുവജനോത്സവ വേദിയില്‍ ചിലങ്കയിട്ടു നില്‍ക്കുന്ന നിറം മങ്ങിയ അവളുടെ പഴയൊരു ന്യൂസ് പേപ്പര്‍ കട്ടിങ്ങാണ്. നഗ്മയും ശരത്കൂമാറും, രംഭയും കാര്‍ത്തികും നിറഞ്ഞോടുന്ന തിയറ്ററുകളില്‍ തറടിക്കറ്റില്‍ പടം കാണുമ്പോഴും കാമനകളിലേക്ക് വഴുതിപ്പോകാതെ നല്ല മുഖ്യധാര മലയാള സിനിമയുമായി എന്നെ കൂട്ടിപ്പിടിച്ച ദേവതയാണ്. പാതി കടന്നപ്പോഴേക്കും  കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തില്‍ വറ്റിപ്പോയ ഒരു പുഴയാണ്.
ഇപ്പോള്‍ കട്ടിക്കണ്ണവെച്ച് ചലചിത്രോത്സവങ്ങളില്‍ 'ബു.ജി.'കള്‍ക്കൊപ്പം നില്‍ക്കുമ്പോഴും, ഷീടാക്‌സിയുടെ അംമ്പാസിഡറായി പത്രങ്ങളില്‍ നിറയുമ്പോഴും, കല്യാണ്‍ ജ്വല്ലറിയിലെ വയറ്റുക്കാരി മോഡലാകുമ്പോഴും, ചക്കുളത്തമ്മയുടെ കാവിലെ ദേവിയാകുമ്പോഴും എന്റെ മനസ്സില്‍ നിന്ന് തിരോഭവിച്ച എന്റെ ആ ഗ്രാമത്തെ എനിക്ക് തിരിച്ചുപിടിക്കാന്‍ ആവുന്നില്ല.
മഞ്ജു ഇപ്പോള്‍ എനിക്കാരാണ്. എന്റെ ക്ലാസ്സ്മുറിയിലെ പെണ്‍പിള്ളാരിക്കുന്ന വശത്തെ മൂന്നാംബെഞ്ചിലെ ബീനാ കെ.യായിരുന്നു?. അവളുടെ കല്യാണം കഴിഞ്ഞു. എത്രയെങ്കിലും പെറ്റിട്ടുണ്ടാകും. എനിക്കു... വയ്യ എനിക്കു കരച്ചില്‍ വരുന്നു… ഞാന്‍ നിര്‍ത്തുന്നു....


കാവ്യമേള, ചൈനീസ് എംമ്പസി
നല്ലകഥയില്‍ എഴുത്തുകാരന്‍ തന്നെ ചിലപ്പോള്‍ ചില മാലിന്യങ്ങള്‍ നിക്ഷേപിക്കും. പുതുമയ്ക്ക് വേണ്ടിയാകുമ്പോള്‍ മാലിന്യങ്ങളെ വിവേചിച്ചറിയാനുള്ള എഴുത്തുകാരന്റെ കഴിവ് നഷ്ടപ്പെടും. എന്നിരുന്നാലും എസ്. ഹരീഷിന്റെ കഥ (മാതൃഭൂമി ആഴ്ച്ചപതിപ്പ്, ഡിസം. 15) കാവ്യമേള വായിക്കപ്പെടേണ്ട ഒരു കഥയാണ്. അതില്‍ അന്ധനായ സുര്‍ദാസ് പറയുന്നു 'അവളെ ഞാനാണ് വിട്ടത്. ഒന്ന് വൃത്തികെട്ട ഒരു വിയര്‍പ്പുമണം. രണ്ട്. എനിക്ക് ചെയ്തുതരുന്നതിനൊക്കെ അവള്‍ കണക്കുസൂക്ഷിക്കുന്നുണ്ട്. കര്‍ത്താവിനെ കാണിക്കാന്‍. യേശുവും ബൈബിളുമില്ലാതിരുന്നെങ്കില്‍ അവള്‍ ആര്‍ക്കും ഒരുപകാരോം ചെയ്യില്ലായിരുന്നു'.
ഹരീഷിന്റെ കൈയ്യില്‍ നിന്ന് നല്ല കഥകള്‍ തീര്‍ച്ചയായും നമ്മുക്ക് പ്രതീക്ഷിക്കാം. കഥയുടെ മര്‍മ്മമറിയാവുന്ന ഒരു കഥാകൃത്ത്.
ഷാനവാസ് കോനാത്ത് മാധ്യമത്തില്‍ എഴുതിയ 'ചൈനീസ് എംമ്പസി' എന്ന കഥ പ്രവാസത്തെ, അപ്രതീക്ഷിതമായി വന്നുചേരുന്ന ചില പ്രതിരോധങ്ങളെ, രസകരമായ ഭാഷയില്‍ എഴുതുന്നു. കേരളത്തിന്റെ ദുരിതപൂര്‍ണ്ണമെങ്കിലും കാല്‍പനികമായ ജീവിതം നയിക്കുന്ന ഒരാള്‍ പ്രവാസ ജീവിതത്തില്‍ എത്ര വിധേയത്വമുണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ മാലിന്യങ്ങളെ ഏറ്റുവാങ്ങുന്നില്ല. മലപ്പുറത്തിന്റെ നര്‍മ്മം തുളുമ്പുന്ന ഭാഷയില്‍. ചെറുകഥയുടെ വേറൊരു ജനുസ്സ്.

ചോദ്യം ഉത്തരം:
എത്രവേണമെങ്കിലും പണം മുടക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമുണ്ടാക്കാന്‍ കഴിയുമൊ?
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം നിര്‍വ്വഹിച്ച 'ഗോലിയോം കീ രാസ്‌ലീല രാം-ലീല' എന്ന കാശുവാരിപ്പടം കണ്ടു. ഓലക്കൊട്ടകകളില്‍ നന്ന് ഇന്ത്യന്‍ സിനിമ മള്‍ട്ടിപ്ലസ്സുകളിലേക്ക് ചേക്കേറിയപ്പോള്‍ സിനിമയുടെ രുചിക്കൂട്ടുകല്‍ വീണ്ടും മാറി. കാശ് വാരിക്കോരി ചെലവിടാന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. മുടക്കാന്‍ പണമുണ്ടായതുകൊണ്ട് കാര്യമില്ല. അത് എങ്ങിനെ മുടക്കണമെന്നറിയണം. പക്ഷെ മലയാളത്തിലെ ബിഗ്ബഡ്ജറ്റ് പടംപിടുത്തക്കാര്‍ക്ക് അറിയാത്തൊരു കാര്യവും ഇതാണ്. വര്‍ണ്ണവിസ്മയങ്ങളില്‍, സ്ത്രീപുരുഷന്മാരുടെ ശരീരാഘോഷങ്ങളുടെ വശ്യമനോഹാരിതയില്‍, സംഗീതത്തില്‍, പുതിയ പ്രേക്ഷകര്‍ക്കുവേണ്ടി പൊലിപ്പിച്ചെടുത്ത ഒരു തട്ടുപൊളിപ്പന്‍ സിനിമ അതാണ് രാം-ലീല. ദ്വയാര്‍ത്ഥപദങ്ങളുടെ ഒരു ഘോഷയാത്രതന്നെയുണ്ട് ഈ ചിത്രത്തില്‍. സ്പൂണറിസമൊക്കെ ഉപരിവര്‍ഗ്ഗകുടുംബത്തിന്റെ തീന്‍മേശക്കരുകിലെ നേരംമ്പോക്കുകളായി മാറിയതോടെ മുഖ്യധാര സിനിമയിലും ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ എത്രവേണമെങ്കിലും ആകാമെന്നായി. ഈ ചിത്രത്തിലെ കലാസംവിധാനവും ചായാഗ്രഹണവും ഏറെ മികച്ചതാണ്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതും സഞ്ജയ് ലീലാ ബന്‍സാലിയാണ്. ശ്രേയ ഘോഷാലും അദിതി പോളും പാടിയ രണ്ട് പട്ടുകള്‍ നല്ലതാണ്. ദീപിക പദുകോണിന്റേയും രണ്‍വീര്‍ സിങ്ങിന്റേയും അഭിനയം എടുത്തുപറയേണ്ടതുതന്നെ. ഹിന്ദിസിനമയിലെ കാലവും കോലവും ഇങ്ങിനെ ആയിപ്പോയതില്‍ ആരെ കുറ്റം പറയാന്‍. നമ്മള്‍ മലയാളികളും മോശക്കാരല്ലല്ലൊ... തെറിവിളിയും ശരീരാഘോഷവും ന്യൂജനറേഷന്‍ ലേബലൊട്ടിച്ചുവരുന്നുവെന്നുമാത്രം.

നിങ്ങള്‍ക്ക് ശത്രുക്കളാരെങ്കിലുമുണ്ടൊ?
ചോട്ടാ ഭീം എന്നൊരുത്തന്‍ എന്റെ ശത്രുവാണിപ്പോള്‍. അവന്‍ കാരണം എന്റെ മൂന്നുവയസ്സുകാരന്‍ മകന്‍ ലഡ്ഡുതിന്നുന്നപോലെ ആംഗ്യകാണിച്ച് എന്റെ പുറത്തും മറ്റ് മര്‍മ്മപ്രദേശങ്ങളിലും കൈമടക്കി ഇടിക്കുന്നു. സാരോപദേശ കഥകള്‍ കേട്ടും കണ്ടും വളരേണ്ട ഈ പ്രായത്തില്‍ ചോട്ടഭീമിനെപ്പോലെ ഒരു വയലന്റ് ആനിമേഷന്‍ കഥാപാത്രം സ്വാധീനച്ചതോടെ അവനില്‍ വന്ന മാറ്റം അസഹനീയമാണ്. കുട്ടികളില്‍ അക്രമവാസനയുണ്ടാക്കുന്ന ഇത്തരം ആനിമേഷന്‍ വൃത്തികേടുകള്‍ നിരോധിക്കണം. എന്റെ വീട്ടില്‍ മാത്രം നിരോധിച്ചാല്‍ ഇല്ലാതായിപ്പോകുന്നതല്ല ചിലകാര്യങ്ങള്‍ അതുകൊണ്ട് പറഞ്ഞുപോയതാണ്…

2013, ഡിസംബർ 16, തിങ്കളാഴ്‌ച

കോങ്കണ്ണന്‍ കാഴ്ച്ചകളും 'കാത്തിരിപ്പിന്റെ' മള്‍ട്ടിഡൈമന്‍ഷനും

 ആഴ്ച്ചപ്പാങ്ങ്-6

എഴുത്തില്‍ സൂക്ഷ്മവും സ്ഥൂലവുമായ രണ്ടുതരം ദര്‍ശനങ്ങളുണ്ട്. ചിലര്‍ ജീവിതത്തിന്റെ, ചിന്തയുടെ ഏറ്റവും സൂക്ഷ്മമായ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. അതില്‍ അടയിരിന്നുകൊണ്ട് ഒരു ചെറു തന്മാത്രയില്‍ നിന്ന് ലോകനിര്‍മ്മിതിയുടെ ഏറ്റവും അടിസ്ഥാന സത്യങ്ങള്‍ വിളിച്ചു പറയാന്‍ ശ്രമിക്കുന്നു. ഇവരുടെ ചിന്തയും, ഭാഷയും, ആവിഷ്‌ക്കാരവുമൊക്കെ സംവേദിക്കുന്നത് ചിലപ്പോള്‍ വായനക്കാരിലെ ഒരു ന്യൂനപക്ഷത്തിന് മാത്രമായിപ്പോയേക്കാം. ആനന്ദ്, ആഷാമേനോന്‍, മേതില്‍ രാധാകൃഷ്ണനുമൊക്കെ പ്രതിനിധീകരിക്കുന്ന എഴുത്തിന്റെ ഈ ഒരു പ്രത്യേക ജനുസ്സിനെ വായിക്കാന്‍ അക്ഷരാഭ്യാസം മാത്രം മതിയാകില്ല. ഒരു ഡിജിറ്റല്‍സൂമ് ക്യാമറയുടെ മൈക്രോസ്‌കോപ്പിക് ലെന്‍സ് ചെയ്യുന്നതുപോലെ ഒരു ചെറിയ ഉറുമ്പിന്റെ മെല്ലിച്ച കൈകാലുകളെ, അതിന്റെ നിറത്തെ, ആ ഉറുമ്പ് വഹിക്കുന്ന വലിയൊരു ലോകത്തെ നമ്മുടെ മുന്‍പില്‍ തുറന്നുവയ്ക്കുന്നു. അതുകൊണ്ട് സാഹിത്യത്തിലെ ഈ ജനുസ്സിനെ വായിക്കാന്‍ സംവേദനത്വത്തിന്റെ മറ്റൊരു ലോകത്തിലേക്ക്, ധ്യാനത്തിന്റെ വേറൊരു ലോകത്തിലേക്ക് നമ്മള്‍ വായനക്കാര്‍ സ്വയം സംക്രമിക്കേണ്ടിയിരിക്കുന്നു. ആനന്ദിന്റെ 'അഭയാര്‍ത്ഥികള്‍', 'മരുഭൂമികള്‍ ഉണ്ടാകുന്നത്', എന്നീ കൃതികള്‍ വായനക്കാരനില്‍ ഇത്തരമൊരു സ്വയം ബോധ്യം ഉത്പാദിപ്പിക്കുന്നുണ്ട്.


എഴുത്തിലെ സൂക്ഷ്മതയുടെ ആന്തരികപ്രകൃതി, എഴുത്തുകാരന്റെ മാനസികഘടന, അയാള്‍ ആവിഷ്‌ക്കാരിക്കാന്‍ ശ്രമിക്കുന്ന ബോധരൂപങ്ങള്‍, ചിന്ത, ഉന്മാദങ്ങള്‍ എല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥമാണ്. ഇതുപോലെതന്നെ എഴുത്തില്‍ ചില സ്ഥൂലമായ ആന്തരിക പ്രകൃതികളുണ്ട്. അത് ബഹുഭൂരിപക്ഷത്തിന് സംവേദിക്കുന്നുണ്ട്. അവിടേയും വാനക്കാരന് വലയൊരു ധ്യാനം ആവശ്യമാണ്. ചില കൃതികളുടെ സാര്‍വ്വലൗകികമായ ദാര്‍ശനിക ലോകത്ത് വായനക്കാരന്‍ ഒരു 'അണു' വായി മാറുന്നു. സ്ഥൂലതയെ പ്രതിനിധാനം ചെയ്യുന്ന എഴുത്തുകാര്‍ ഭൗതിക ജീവിതത്തിലെ, വായനക്കാരന് ഏറെ പരിചിതമായ, പക്ഷെ അവന്‍ തിരിച്ചറിയപ്പെടാതെ പോകുന്ന സത്യങ്ങളെ അവതരിപ്പിക്കുന്നു. ഇത് ഏറെ ശ്രമകരമായ ഒരു സര്‍ഗ്ഗാത്മക ദൗത്യമാണ്. എഴുത്തുകാരന്‍ സ്വയം അകപ്പെട്ടിരിക്കുന്ന ലൗകിക ജീവിതത്തിനകത്ത് നിന്നുകൊണ്ടുവേണം ജീവിതത്തെ സംബന്ധിക്കുന്ന പുതിയ ദര്‍ശനങ്ങള്‍ നടത്താന്‍. ഒരു ഹിമാലയത്തിലിരുന്നുകൊണ്ട് താനുള്‍ക്കൊള്ളുന്ന അതേ ഹിമാലയത്തെ ഒരു ചെറിയ ഫ്രെയിമിലേക്ക് ഒതുക്കേണ്ടിവരും.


എം.ടി. വാസുദേവന്‍ നായരുടേയും ആനന്ദിന്റേയും കാത്തിരിപ്പ്


സൂക്ഷ്മവും സ്ഥൂലവുമായ എഴുത്തിലെ രണ്ട് വ്യത്യസ്ഥ ആന്തരിക പ്രകൃതികളെ പ്രതിനിധാനം ചെയ്യുന്ന രണ്ട് എഴുത്തുകാരാണ് എം.ടിയും ആനന്ദും. ആനന്ദിന്റെ 'കാത്തിരിപ്പ്' എന്ന ചെറുകഥ (മാതൃഭൂമി ഡിസം. 14) വായിച്ചു. 'കാത്തിരിപ്പ്' എന്ന ജീവിതാവസ്ഥയെ എം.ടി. സര്‍ഗ്ഗാത്മകമായി ഇതിനുമുന്‍പ് വരച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ 'മഞ്ഞ്' എന്ന നോവലിലാണ്. രണ്ടെഴുത്തുകാരനിലേയും വ്യത്യസ്ഥമായ, സൂക്ഷ്മവും സ്ഥൂലവുമായ മാനസികഘടനയില്‍, ദാര്‍ശനിക ഘടനാ വ്യത്യാസങ്ങളില്‍ 'കാത്തിരിപ്പ്' എന്ന അവസ്ഥയെ ആവിഷ്‌ക്കരിക്കുമ്പോഴുണ്ടാകുന്ന വ്യത്യാസത്തെ ഒന്നു തുലനം ചെയ്യേണ്ടതാണ്. അപ്പോഴാണ് എഴുത്തിലെ രണ്ടുതരം ജനുസ്സുകളെ കൂടുതല്‍ അടുത്തറിയാന്‍ സാധിക്കുക. എഴുത്തില്‍ രണ്ടുതരം ലോകങ്ങളുണ്ടെന്ന് നമ്മള്‍ അനായാസം ഉള്‍ക്കൊള്ളും.


എം.ടി.യുടെ മഞ്ഞില്‍ വിമല കാത്തിരിക്കുന്നു സുധീര്‍ കുമാര്‍ മിശ്രയെന്ന ഒരിക്കലും തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത തന്റെ കാമുകനെ. നൈനിത്താളിലെ ഗോള്‍ഡന്‍ സൂക്കെന്ന ഹോസ്റ്റലില്‍ ജീവിക്കുന്ന വിമലയുടെ മുന്നിലൂടെ മഞ്ഞുപോലെ ഉരുകിപ്പോകുന്നത് കാലമാണ്. പ്രതീക്ഷയുടെ ചിറകില്‍ അത് വളരെ സാവധാനത്തില്‍ ഉരുകിപ്പോകുന്നു. ഒരിക്കലും സുധീര്‍കുമാര്‍ മിശ്ര തിരിച്ചു വരികയില്ലെന്ന സത്യത്തെ കാത്തിരിപ്പുകൊണ്ട്, പ്രതീക്ഷകൊണ്ട് നിര്‍മ്മല അതിജീവിക്കുന്നു. മഞ്ഞുപോലെ ഉരുകിപ്പോകുന്ന കാലവും, വീണ്ടും വീണ്ടും നിറമടിച്ച് സഞ്ചാരികള്‍ക്കായി കാത്തുകെട്ടിക്കിടക്കുന്ന, സീസണുകളില്‍നിന്ന് സീസണുകളിലേക്ക് ചുവടുവയ്ക്കുന്ന ബോട്ടുകള്‍ക്കൊ, വിമലയുടെയൊ, തന്റെ അച്ഛനെ കാത്തിരിക്കുന്ന ബുദ്ധു എന്ന ചെറുപ്പക്കാരന്റെയൊ, കാത്തിരിപ്പിനെ, പ്രതീക്ഷയെ, കെടുത്താന്‍ സാധിക്കുന്നില്ല. 'കാത്തിരിപ്പ്' അത് ജീവിതംതന്നെയായി മാറുകയാണിവിടെ, ഓര്‍മ്മകള്‍ നൈനത്താളിലെ മലനിരകള്‍പോലെ മഞ്ഞുപൂശിയും ഒഴുക്കിക്കളഞ്ഞും അനുഭൂതിയുടെ മഞ്ഞിന്‍ തണുപ്പും വേദനയുടെ വെയില്‍ച്ചൂടുമായി വിമലയ്ക്കു ചുറ്റും കാവല്‍ നില്‍ക്കുന്നു. കുത്തഴിഞ്ഞുപോയ ഒരു കുടുംബത്തിന്റെ ഓര്‍മ്മകളില്‍ നിന്നും കാലത്തിന്റെ അഴിഞ്ഞുപോകുന്ന മഞ്ഞില്‍നിന്നും സ്വയമൊഴുകിപ്പോകാതെ വിമലയും തന്റെ അച്ഛനെ ഒരിക്കല്‍ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ ബുദ്ധു എന്ന ചെറുപ്പക്കാരനും കാത്തിരിക്കുന്നു. എം.ടി.യുടെ 'മഞ്ഞ്' എന്ന നോവലില്‍ കാത്തിരിപ്പ് ഒരു ജീവിതം തന്നെയാകുന്നു.


സൂക്ഷ്മമായ ആന്തരിക ഘടനയെ, ദര്‍ശനത്തെ അതിലെ ബഹുമാനങ്ങളായ വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ആനന്ദ് തന്റെ 'കാത്തിരിപ്പ്' എന്ന ചെറുകഥയില്‍ കാത്തിരിപ്പിന് താത്ത്വികമായ വേറൊരു മാനം നല്‍കാന്‍ ശ്രമിക്കുന്നു. അനിശ്ചിതമായ ലക്ഷ്യവുമായി അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഒരു ജനതയുടെ കാത്തിരിപ്പിലേക്കാണ് ആനന്ദ് സഞ്ചരിക്കുന്നത്. 'കാത്തിരിപ്പ്' എന്ന അവസ്ഥയുടെ ഏറ്റവും സൂക്ഷ്മമായ അവസ്ഥയില്‍ ഇരുന്നുകൊണ്ടാണ് ഒരു ഫിലോസഫിയെ കണ്ടെടുക്കാന്‍ ശ്രമിക്കുന്നു. എന്തിലേക്കൊ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന, ഭ്രമണം ചെയ്യുന്ന, ഋതുഭേദങ്ങളെയും പരിവര്‍ത്തനങ്ങളേയും സൃഷ്ടിക്കുന്ന, ചലനാത്മകമായ ഈ ഭൂമിയില്‍ നമ്മള്‍ മനുഷ്യര്‍ പലപ്പോഴും അനിശ്ചിതമായ ലക്ഷ്യത്തിനുവേണ്ടി കാത്തിരിക്കേണ്ടി വരുന്നു. ആനന്ദ് എന്ന കഥാകാരന്‍ 'കാത്തിരിപ്പ്' എന്ന അവസ്ഥയില്‍ കൈവെക്കുന്നതോടെ അതിന് സൂക്ഷ്മമായ ഒരുൂപാട് മാനങ്ങള്‍ കൈവരുന്നു. പക്ഷെ പലയിടത്തും അതൊരു കീറാമുട്ടിയായി മാറിപ്പോകുന്നിടത്ത് വായനക്കാരന്‍ കഥയെ കൈവിടുന്നു. കാത്തിരിപ്പിന് കൊണ്ടുവരാന്‍ ആനന്ദ് ശ്രമിക്കുന്ന മള്‍ട്ടി ഡയമെന്‍ഷന്‍ വായനക്കാരന്റെ മനസ്സില്‍ നിന്ന് പ്രകീര്‍ണ്ണനങ്ങളായി പിന്നീട് ആര്‍ക്കുമില്ലാതെ മാഞ്ഞുപോകുന്നു.


ചെറുകഥയുടെ രൂപപരമായ വ്യവസ്ഥാപിത രീതികളെ പിന്‍തുടരുന്ന എഴുത്തുകാരനല്ല ആനന്ദ്. അദ്ദേഹത്തിന്റെ കഥാനായകന്മാരായി വരുന്നത് പലപ്പോഴും ഫിലോസഫിയാണ്. ആനന്ദിന്റെ ഗഹനമായ ചിന്തകള്‍ പരീക്ഷിക്കപ്പെടുന്ന ഗിനിപ്പന്നികളായി ചില മനുഷ്യകഥാപാത്രങ്ങള്‍ മാറിപ്പോകുന്ന കാഴ്ച്ചയും ചിലപ്പോള്‍ കാണേണ്ടിവരാറുണ്ട്. പക്ഷെ 'കാത്തിരിപ്പ്' എന്ന ചെറുകഥ പലയിടങ്ങളിലും ചിതറിപ്പോകുന്ന കാഴ്ചയുടെ, ദര്‍ശനത്തിന്റെ, ആവിഷ്‌ക്കാരത്തിന്റെ, സൗന്ദര്യബോധത്തിന്റെ, കോങ്കണ്ണായി മാറുന്നു.


സൂക്ഷ്മതയെക്കുറിച്ച് രണ്ട് വാക്ക്
ഒരു ഉറുമ്പ് ഒരു വലിയ പാറയിലൂടെ സഞ്ചരിക്കുന്നു. ഉറുമ്പിന് പാറ നോക്കെത്താ ദൂരം കിടക്കുന്ന വലിയൊരു ലോകമാണ്. ഒരു പേന്‍ തലയിലൂടെ സഞ്ചരിക്കുന്നു; തല പേനിന് ഒരു ഘോര വനമാണ്. ചിതല്‍പ്പുറ്റുകള്‍ ചോണനുറുമ്പിന് റോമാനഗരമാണ്. സൂക്ഷ്മതയിലും കണ്ടെടുക്കപ്പെടുന്ന ആവാസവ്യവസ്ഥകളെ, ഒരു വലിയ ലോകത്തെ, ജീവിത സത്യങ്ങളെ ചില എഴുത്തുകാര്‍ കണ്ടെടുക്കുന്നു. അവര്‍ എഴുത്തില്‍ ആന്തരികമായി ഒരു സൂക്ഷ്മ പ്രകൃതിയെ പ്രതിനിധാനം ചെയ്യുന്നവരാണ്. ആനന്ദ് എന്ന മഹാനായ എഴുത്തുകാരന്‍ സൂക്ഷ്മ ചിന്തയുടെ ലോകത്തിലെ രാജകുമാരനാണ്.

ബി. രാജീവന്റെ ക്രൂരകൃത്യങ്ങള്‍
എത്ര കനപ്പെട്ട ചിന്തയാണെങ്കിലും അവനവന് തന്നെ ഒരു ക്ലാരിറ്റിയില്ലാത്ത കാര്യത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് എഴുത്തുകാരന്‍ വായനക്കാരനോട് ചെയ്യുന്ന ഒരു ദ്രോഹമാണ്. അവതരിപ്പിക്കുന്ന പ്രമേയത്തെ, ചിന്തയെ കൂടുതല്‍ ക്ലാരിറ്റി ഉണ്ടാക്കിയെടുക്കുന്നതിനു പകരം അതിനെ ഒരു കീറാമുട്ടിയാക്കിയെടുക്കുന്ന എഴുത്തുകാര്‍ക്കെതിരെ വായനക്കാരന്‍ വേണ്ടിവന്നാല്‍ നിറയയൊഴിക്കണം. തനിക്കുതന്നെ നിശ്ചയമില്ലാത്ത എടുത്താല്‍ പൊന്താത്ത ഫിലോസഫിയെ വെച്ച് യമണ്ടന്‍ ലേഖനം തന്നെ ചില എഴുത്തുകാര്‍ എഴുതി നിറയ്ക്കും. അതിന് അവര്‍ ഉപയോഗിക്കുന്നത് വളരെ വിലക്ഷണമായ ഒരു ഭാഷായന്ത്രമാണ്. കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (ഡിസം. 1, 2013) വന്ന ബി. രാജിവന്റെ ലേഖനം ഒന്നു വായിച്ചു നോക്കുക. അദ്ദേഹത്തിന്റെ വാക്കുകളും വസ്തുക്കളും എന്ന പുസ്തകത്തിലെ ടൈറ്റില്‍ ലേഖനം വായിച്ചപ്പോഴും ഈ പ്രശ്‌നം എനിക്ക് ബോധ്യപ്പെട്ടതാണ്. കഠിനമായ ാെരു സംഭവത്തെ അതികഠിനമാക്കിമാറ്റുന്ന ബി. രാജീവന്റെ ഭാഷായന്ത്രം അസഹനീയമാണ്. അതുകൊണ്ട് കുറച്ച് ബുദ്ധിജീവി നാട്യങ്ങള്‍ നടത്താമെന്നല്ലാതെ വായനക്കാരന് ഇത്തരം എഴുത്തുകള്‍കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് രാജീവന്‍ കരുതേണ്ടതില്ല. രാജീവന്റെ എല്ലാ ലേഖനത്തിനും ഈ പ്രശ്‌നങ്ങളില്ല. ഓ. വി. വിജയനെക്കുറിച്ച് 'യുഗത്തിന്റെ ധര്‍മ്മസംങ്കടം ഏറ്റെടുത്ത മഹാകവി' എ്ന്നും കെ.ജി.എസ്സിന്റെ കവിതയെക്കുറിച്ച് 'പുതിയ ഒരുണ്മയുടെ സംസ്ഥാപനം' എന്നുമൊക്കെ മനോഹരമായ ലേഖനങ്ങളെഴുതിയ ബി. രാജീവനെ നമുക്കറിയാം. ബി. രാജീവനെന്ന മഹാ ചിന്തകന്റെ മനസ്സിലെ ക്ലാരിറ്റിയുള്ള ചിന്തകള്‍ അദ്ദേഹം മനോഹമായിത്തന്നെ പറയുന്നു. ചില കാര്യങ്ങള്‍ക്ക് അദ്ദേഹത്തിനുതന്നെ ഒരു ക്ലാരിറ്റിയില്ല അപ്പോള്‍ അദ്ദേഹത്തിന്റെ കാലഹരണപ്പെട്ട ഭാഷയന്ത്രത്തിനകത്ത് പാകമാകത്ത ഫിലോസഫിയേയും ഗ്രാംഷിയെപ്പോലെയുള്ള വലിയ വലിയ എഴുത്തുകാരേയുംമൊക്കെയിട്ട് കൊന്ന് കൊലവിളിച്ച് ബുദ്ധിജീവി നാടനവൈഭവം കാണിക്കും. ഇദ്ദേഹത്തെക്കുറിച്ച് പറഞ്ഞതിന് ബുദ്ധിജീവി.... ബുദ്ധിജീവി എന്ന് എന്നെയും വിളിച്ച് ആരെങ്കിലും അപമാനിക്കുമൊ എന്ന പ്രാണഭയത്താല്‍ ഞാന്‍ ഓടി രക്ഷപ്പെടുന്നു.
കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്
എല്ലാത്തിനും ഒരു പരിധിയുണ്ട്. അതിപ്പോള്‍ ഭയങ്കര സത്യസന്ധതയായാലും ഒരു പരിധിയില്‍കൂടുതല്‍ സഹിക്കാന്‍ നമ്മള്‍ക്ക് കഴിയില്ല. അതുകൊണ്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനെ നോക്കി കേരളം പറയുന്നു. 'സത്യസന്ധതയൊക്കെ കൊള്ളാം പക്ഷെ ഹെല്‍മെറ്റില്ലാതെ പോകുന്ന മാന്യന്‍മാരെ ഇതിന്റെ പേരില്‍ ഉപദ്രവിക്കരുത്. ഞങ്ങളൊക്കെ നിലവിലുള്ള കെടുകാര്യസ്ഥതയെ, അഴിമതിയെ വിമര്‍ശിക്കുന്ന പ്രബുദ്ധപക്ഷത്തുള്ളവരാണ്. അതിന്റെ ഗുണഭോക്താവാണ് നിങ്ങളും നിങ്ങളിലെ നീതിമാനും, ഇപ്പോള്‍ ചാര്‍ത്തിക്കിട്ടിയിരിക്കുന്ന ഹീറോ പരിവേഷവും. എന്നുവെച്ച് എല്ലാത്തിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ച്ചയുമില്ലേ.. ഹേ...'


ഇന്ത്യയിലെ മൂന്നാംലിഗംചേരികള്‍
സമൂഹത്തില്‍ ഒരു മൂന്നാംലിംഗം (Third Gender) ഉണ്ട് എന്ന സത്യത്തെ വീണ്ടും ഇന്ത്യയിലെ നീതിപീഠം നിഷേധിക്കുകയാണ്. സെക്ഷന്‍ ഐ.പി.സി. 377 എന്ന കൊളോണിയല്‍കാലത്ത് ബ്രിട്ടന്‍ കൊണ്ടുവന്ന നിയമം ഇന്ത്യവീണ്ടും പിന്‍തുടരാന്‍ തീരുമാനിച്ചു. എന്നാല്‍ ലണ്ടനില്‍ 1967 ല്‍ സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലെന്ന്  ( The Sexual Offences Act, citation 1967 c. 60) കണ്ടെത്തി സ്വവര്‍ഗ്ഗരതിയെ അംഗീകരിച്ചു. ലണ്ടനിലെ പട്ടാളക്കാര്‍ക്ക് മാത്രം ഈ നിയമം ബാധമല്ലത്രെ. പതിനെട്ട് വയസ്സ് തികഞ്ഞ ഏതൊരു സിവിലിയനും ഉഭയസമ്മതപ്രകാരം സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെടാം.


മൂന്നാം ലിംഗത്തിന്റെ തീരെ ചറുതല്ലാത്ത ഒരു സമൂഹം ഇന്ത്യയില്‍ അവഗണിക്കപ്പെടുന്നു. ഇവര്‍കൂടി അടങ്ങുമ്പോഴെ ഒരു സമൂഹം എന്ന വാക്കിന് പൂര്‍ണ്ണതയുള്ളു. അര്‍ദ്ധനാരീശ്വര സങ്കല്‍പമടങ്ങുന്ന ആര്‍ഷഭാരത സംസ്‌കാരത്തില്‍ ഒരു വലിയ വൈരുദ്ധ്യമെന്നൊണം ഒരു ജനസമൂഹം മുംബൈ, ഡല്‍ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളെ ചേരികളില്‍ രണ്ടാം നമ്പര്‍ ജോലികള്‍ ചെയ്ത്, പ്രാന്തവത്ക്കരിക്കപ്പെട്ടവരായി ട്രെയിനിലും, ബസ്സിലുമൊക്കെ സഞ്ചരിക്കുന്നവരെ അപമാനപ്പെടുത്താന്‍ ശ്രമിച്ചും യാചിച്ചും പിടിച്ചു പറിച്ചും ജീവിക്കുന്നു. അവരെ മനുഷ്യരായി ഭരണകൂടവും കോടതിയും അംഗീകരിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അവരുടെ ലൈംഗികതയെ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നത്. ഒരു മൂന്നാം ലിംഗ ചേരിയിലുള്ള മനുഷ്യന്റെ ജൈവചോദന, അതിന് എന്തൊക്കെ വ്യതിരിക്തതകള്‍ ഉണ്ടെങ്കില്‍പോലും എങ്ങിനെയാണ് പ്രകൃതി വിരുദ്ധമാകുന്ന്?. ഈ മൂന്നാം ലിംഗചേരിയുടെ ലൈംഗികതയെമാത്രമല്ല അവരുടെ സമൂഹത്തെ കര്‍മ്മമണ്ടലത്തെ ഒക്കെ വിശകലനം ചെയ്യണം. അവരുടെ ഇച്ഛാശക്തിയെ, സര്‍ഗ്ഗാത്മതയെ സമൂഹം കണ്ടെടുക്കണം. സ്ത്രീയും പുരുഷനുമടങ്ങുന്ന ഈ സമൂഹത്തില്‍ ഒരു മൂന്നാംലിഗ ചേരികൂടി അടങ്ങുമ്പോഴെ സമൂഹം എന്ന വാക്ക് പൂര്‍ണ്ണമാകുകയുള്ളു.

അടൂര്‍ ഗോപാലകൃഷ്ണന്‍
അടൂര്‍ കുറച്ചുകാലത്തിനുശേഷം കലാകൗമുദിയില്‍ തന്റെ ചലിചിത്രമേളകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമൊക്കെ കലാകൗമുദിയില്‍ എഴുതിയിരിക്കുന്നു. അടുര്‍ എന്ന ചലചിത്രകാരന്റെ ചലചിത്രസപര്യയുടെ ഒരു രേഖാചിത്രം നമുക്ക് അതില്‍നിന്ന്‌ കിട്ടുന്നു. ജോണ്‍ എബ്രഹാമുമായുള്ള അടൂരിന്റെ അനുഭവവിവരണം ഏറെ ഹൃദ്യമായി. അതിലധികം ശോകഭരിതവും....
 

ചോദ്യം ഉത്തരം:
സിനിമാ നടികളെക്കുറിച്ച് എന്താണ് അഭിപ്രായം?
നല്ല സുന്ദരികളായ ചലചിത്ര നടികളുണ്ട്. അവരോട് ആരാധന തോന്നാറുണ്ട്. ഏറെ ഗ്രാമീണമായ ചില കഥാപത്രങ്ങളെ അവര്‍ അവതരിപ്പിച്ചുകാണുമ്പോള്‍ ആരാധന വീണ്ടും വളരും. മനസ്സുകൊണ്ട് പൂവിട്ട് പൂജിക്കും. പിന്നീട് വല്ല സ്വര്‍ണ്ണക്കള്ളക്കടത്തിലൊ, സോളാര്‍, ചിട്ടി, മണിചെയിന്‍ തുടങ്ങിയ തട്ടിപ്പുകേസുമായി ബന്ധപ്പെട്ടൊ അവരുടെ ഫോട്ടൊ പത്രത്തില്‍ അടിച്ചുവരുമ്പോഴാണ് ദുര്‍മ്മേദസ്സു വന്ന അവരുടെ മാറിടത്തെക്കുറിച്ചും നിതംബത്തെക്കുറിച്ചും ഞാന്‍ ഓര്‍ത്തുപോകുന്നത്.


ഏത് പുസ്തകമാണിപ്പോള്‍ വായിക്കുന്നത്?
ഇ. സന്തോഷ്‌കുമാറിന്റെ 'അന്തകാരനഴി'. രസിച്ചുവായിക്കുന്നു. അതുവായിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന നോവല്‍ അഞ്ചാം പതിപ്പൊക്കെ പിന്നിട്ടു എന്നൊക്കെ വലിയ വായിലെ വര്‍ത്തമാനങ്ങള്‍ സോഷ്യല്‍മീഡിയയിലും മറ്റും വായിക്കുന്നത്. എഴുതിയാല്‍പോര നന്നായി മാര്‍ക്കറ്റ് ചെയ്യുകകൂടി വേണം എന്ന വിപണിവത്കൃതമായ സാഹിത്യത്തിന്റെ അപ്പോസ്തലനാണ് സുഭാഷ് ചന്ദ്രന്‍. ആധുനികതയ്ക്ക് സ്വന്തപ്പെട്ട ഒരു ക്ലാസിക്ക് ഭാഷയേയും കഥാകഥന ശൈലിയേയും ചെറിയ ചില മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുകമാത്രമാണ് 'മനുഷ്യന് ഒരു ആമുഖം' എന്ന സാധാ നോവലില്‍ സുഭാഷ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആ നിലയ്ക്ക് നോക്കുമ്പോള്‍ ഇ. സന്തോഷ് കുമാറിന്റെ 'അന്തകാരനഴി' അതിലും മഹത്തായ ഒരു വായനാനുഭവം പകര്‍ന്നു തരുന്നു. നെക്‌സലിസത്തെക്കുറിച്ചുപറയുമ്പോഴും ആവിഷക്കരണത്തിലെ പുതുമകൊണ്ട്  കഥയുടെ കാലത്തേയും കാലപ്പഴക്കത്തേയും ചെടിപ്പുകളേയും സന്തോഷ് അതിജീവിക്കുന്നു. 'വായിപ്പിക്കുന്ന പുസ്തകം'. പക്ഷെ സോഷ്യല്‍മീഡിയയിലൊന്നും ഈ നോവലിനെക്കുറിച്ച് ഒന്നും എഴുതിക്കണ്ടില്ല. ഈ നൂറ്റാണ്ടിന്റെ നോവലായി എനിക്ക് തോന്നിയിട്ടുള്ളത് ടി. ഡി. രാമകൃഷ്ണന്റെ 'ഫ്രാന്‍സിസ് ഇട്ടിക്കോര' യും ഒരു പരിധിവരെ ബെന്യാമിന്‍ ന്റെ ' ആടുജീവിത'വുമാണ്.


കവി കാളിദാസനെക്കുറിച്ച് രണ്ടുവാക്ക്...
ഒ.എന്‍.വിക്കുറുപ്പിന്റെ 'ഉജ്ജയിനി' എന്ന കൃതിയില്‍ സത്രത്തില്‍ വെച്ച് ഒരു രംഗമുണ്ട്. പല ദേശങ്ങള്‍ സഞ്ചരിച്ച് ക്ഷീണിതനായി കാളിദാസന്‍ രാത്രിയില്‍ നഗരത്തിലെ ഒരു സത്രത്തില്‍ വന്ന് കയറുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അരണ്ടവെളിച്ചത്തില്‍ രണ്ട് ബ്രാഹ്മണര്‍ ഒരു മഹത്തായ കാവ്യത്തെക്കുറിച്ച് സംസാരിക്കുന്നു. തങ്ങളുടെ ഹൃദയം കവര്‍ന്ന, ത്രികാലങ്ങളിലും മഹിമയുള്ള, പേരറിയാത്ത മഹാനായ ഒരു കവിവരനാല്‍ വിരചിതമായ കാവ്യത്തെക്കുറിച്ച് വാതോരാതെ ഒരാള്‍ മറ്റൊരാളോട് സംസാരിക്കുന്നു. ആ കവ്യം താനാണ് എഴുതിയതെന്ന് അവരോട് അരികെ ചെന്ന് പറയാതെ കാളിദാസന്‍ നിശ്ശബ്ദനായി എല്ലാം കേട്ടുകൊണ്ട് കിടക്കുന്നു. മനസ്സ് ചാരിതാര്‍ത്ഥ്യപ്പെടുന്നു. അച്ചടിയും, പ്രസാധക സംഘങ്ങളും, ഫേസ് ബുക്കുമൊന്നുമില്ലാതിരുന്ന കാലത്ത് ഒരു മഹത്തായ കാവ്യം പല കൈ പകര്‍ത്തിയെഴുതി സഹൃദയശ്രദ്ധയാകാര്‍ഷിച്ചത് കാണുക. നല്ല സൃഷ്ടികളുടെ സാന്ദ്രത വളരെ വലുതാണ്. ഇന്നത്തെ കവികളുടെ കവിത കവിയ്ക്കടിയിലും കവിയുടെ പേര് കവിതയ്ക്ക് മുകളിലുമാണ്. എന്ത് ചവറെഴുതുന്നവനും ഇന്ന് പേരുണ്ട്. കവിതയെ കവച്ചുവയ്ക്കുന്ന എഴുത്തുകാര്‍ കവിതകള്‍ സൃഷ്ടിക്കുന്നതിനെക്കാള്‍ വായനക്കാരെ 'സൃഷ്ടി' ക്കാന്‍ വെമ്പല്‍കൊള്ളുന്നു. എന്നുവച്ചാല്‍ വായനക്കാരന്‍ എഴുത്തുകാരന്റെ ഒരു 'സൃഷ്ടി' യാണെന്ന് ചുരുക്കം. അങ്ങനെ ഒരു സൃഷ്ടികര്‍മ്മം പൂര്‍ത്തിയായാല്‍ പിന്നെ എന്ത് ചവറും വായനക്കാരന്‍ എന്നറിയപ്പെടുന്ന ഇതേ കവി സൃഷ്ടിച്ച ഗിനിപ്പന്നികളുടെ മേല്‍ പ്രയോഗിക്കപ്പെടും. ഒരു കവിക്ക് ഒരു പി.ആര്‍. ഏജന്‍സി, ഒരു ഈര്‍ക്കില്‍ കവിക്കൂട്ടം, അതില്‍ ഒന്നൊ രണ്ടൊ ന്യൂജനറേഷന്‍ സീനിയര്‍ക്കവി, നാല് എഡിറ്റര്‍മാര്‍, പിന്നെ ബാര്‍, ടീ സ്റ്റാള്‍...... ഞാന്‍ കാടുകയറിപ്പോകുന്നുണ്ടെങ്കില്‍ ക്ഷമിക്കണം.

കൗമാരം എങ്ങിനെയായിരുന്നു?
ആന്തരിക ചോദകളില്‍, ലൈംഗീക സമസ്യകളില്‍, പ്രേമപ്പനിയില്‍, പകല്‍സ്വപ്‌നങ്ങളില്‍, അപകര്‍ഷതാബോധത്തില്‍, പാപബോധങ്ങളില്‍ സ്വയമൊഴുകിപ്പോയ ഒരു കുഞ്ഞു ഓടയായിരുന്നു കൗമാരം. കുഴിഞ്ഞ കണ്ണും മെല്ലിച്ച തോളെല്ലുമായി പഴയ ചിത്രങ്ങളിലിരുന്ന് അതെന്നെ ഇപ്പോഴും ഭയപ്പെടുത്തുന്നു.


അപ്പോള്‍ യൗവ്വനമൊ?
കൗമാരത്തില്‍ വിട്ടുപോയത് പൂരിപ്പിക്കുവാനുള്ള ഉത്തരങ്ങളുണ്ട് കൈയ്യില്‍. പക്ഷെ.... പരീക്ഷ കഴിഞ്ഞു. ലൈംഗീക ദാരിദ്ര്യം തീര്‍ന്നു. പകരം വേറെ ചില ദാരിദ്ര്യം വന്നു.


ബ്ലോഗിലിങ്ങനെ ആഴ്ച്ചപ്പാങ്ങെഴുതിയതുകൊണ്ട് ആര്‍ക്കെന്തുപ്രയോജനം?
ഇതൊരു ചരിത്രദൗത്യമാണെന്ന് വേണമെങ്കില്‍ ഒരു ഭംഗിവാക്ക് പറയാം. പക്ഷെ എനിക്കുപോലും ഒരു ഗുണവും ചെയ്യാത്ത കാലത്ത് ഞാനിത് നിര്‍ത്തും.
 ********************************
എങ്കിലും സന്ധ്യേ....
മലയാളിയുടെ കൈയ്യില്‍ എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും രോക്ഷങ്ങളുമുണ്ട്. എപ്പോള്‍ എന്തിനെതിരെ പ്രതികരിക്കേണ്ടി വരും എന്ന് പ്രവചിക്കാന്‍ പറ്റില്ല. പലപ്പോഴും മനസ്സിലെ പ്രതികരണത്തെ മനസ്സില്‍ത്തന്നെ ശ്വാസംമുട്ടിച്ചു കൊല്ലുകയാണ് ബഹുഭൂരിപക്ഷവും. എന്തിനാണ് വഴിയെപോയ വയ്യാവേലി തലയിലെടുത്ത് വയ്ക്കുന്നത് എന്നതാണ് സാക്ഷര മലയാളിയുടെ ജീവിത പ്രത്യയ ശാസ്ത്രം. എന്നാല്‍ ഒരു വീട്ടമ്മ തന്റെ കൈയ്യില്‍ കുറച്ചുകാലമായി കൊണ്ടുനടന്ന പ്രതികരണത്തെ അപ്രതീക്ഷിതമായി 5 ലക്ഷത്തിന് വില്‍ക്കാന്‍കഴിഞ്ഞ സന്തോഷത്തിലാണ്. അതോടെ ഈ വീട്ടമ്മ മലയാളിയൂടെ അസൂയാപാത്രമായി മാറിയിരിക്കുകയാണ്.
സ്വതവെ തലവെട്ട് രാഷ്ട്രീയത്തിന്റെ വക്താക്കളായ സി.പി.എമ്മുകാര്‍ ഒരു വീട്ടമ്മ ചിലയ്ക്കുന്നത് ഒട്ടൊരു വാത്സല്യത്തോടെ നോക്കിപ്പോയിരിക്കാം. മാത്രവുമല്ല മാധ്യമങ്ങള്‍ കണ്ണുംതുറന്നുപിടിച്ചിരിക്കുമ്പോള്‍, ഒരു സമരരംഗത്ത് അതേ നിവൃത്തിയുള്ളു. ഒരു വീട്ടമ്മയ്ക്ക് പകരം ഒരു 'വീട്ടച്ച'നായിരുന്നു പ്രതികരണം വില്‍ക്കാന്‍ ശ്രമിച്ചതെങ്കില്‍ ചിറ്റിലപ്പള്ളി അച്ചായന്റെ കൈയ്യിന്ന് നയാപ്പൈസ കിട്ടില്ല എന്നുമാത്രമല്ല ഉഴിച്ചിലിനും പിഴിച്ചിലിനുമായി എണ്ണയ്ക്കുള്ള പൈസയ്ക്ക് വേറെ വഴിനോക്കേണ്ടി വന്നേനെ.

സമരാഭാസത്തിന്റെ രണ്ടാംഭാഗം ഒരു വീട്ടമ്മ വന്ന് കൂവിത്തോല്‍പ്പിച്ചതിന്റെ കലിതീര്‍ക്കാന്‍ സഖാക്കന്മാര്‍ ഇനി കുറ്റാലത്തുപോയി ഉച്ചിയില്‍ ജലചികിത്സ നടത്തേണ്ടിവരും; തല അല്‍പ്പം തണുക്കട്ടെ. പക്ഷെ, എങ്കിലും സന്ധ്യ... നിന്റെ പ്രതികരണത്തിന് ഒരു അഴകിയ രാവണന്‍ അഞ്ചുലക്ഷം രൂപ വിലയിട്ടപ്പോള്‍ കണ്ണ് മഞ്ഞളിച്ചുപോയല്ലെ... കുറ്റം പറയാന്‍ പറ്റില്ല. ഉയര്‍ന്നുകൊണ്ടിരിക്കുന്ന വീട്ടുചിലവ്, മക്കളുടെ സ്‌കൂള്‍ഫീസ്, ഹെല്‍മെറ്റില്ലാതെ ഓടുന്ന വണ്ടിയിലെ പെട്രോള്‍. ജീവിതച്ചിലവിങ്ങനെ ഉയരുന്നതോര്‍ത്താല്‍ നമ്മളെന്തും വിറ്റുപോകും. ആനപ്പിണ്ടം കിട്ടിയാലും ഫൂട്ട്‌ബോളാക്കിയടിക്കുന്ന മാധ്യമങ്ങള്‍ക്കിനി കുറച്ചുകാലം കളിക്കാനൊരു തമാശയായി. പിണറായി വിജയന്‍ ചെമ്പുനീക്കിയപോലുള്ള ശബ്ദത്തില്‍ നടത്തുന്ന മാധ്യമാധിക്ഷേപങ്ങള്‍ക്കും അഹങ്കാരത്തിനും കൊടുക്കാന്‍ കിട്ടിയ നല്ലൊരു കൊട്ടായി. ഇതൊക്കെ കണ്ടോണ്ടിരിക്കുന്ന നമ്മളെന്തിനായി....
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.