2009, ജൂൺ 30, ചൊവ്വാഴ്ച

സമകാലീന ബ്ളോഗ്ഗെഴുത്തും ചില ചിന്തകളും

എഴുത്ത്‌ ചിലര്‍ക്ക്‌ അവനവനെത്തന്നെയുള്ള പകര്‍ത്തിവയ്ക്കലാണ്‌. സ്വന്തം ആന്തരിക വിചാരങ്ങളെ, വിഹ്വലതകളെ മറയില്ലാതെയുള്ള പകര്‍ത്തി വയ്ക്കല്‍. മറ്റു ചിലര്‍ക്ക്‌ അന്വേഷണങ്ങളാണ്‌ എഴുത്ത്‌ - സ്വന്തം ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സങ്കീര്‍ണ്ണതകളുടെ പൊരുളുതേടി സംവാദാത്മകമായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ സ്വന്തം ധൈഷണികതയുടെ ചുഴലികളിലും മലരികളിലും അവര്‍ അഭിരമിക്കുന്നു.

ബ്ളോഗ്ഗെഴുത്തിലെ നന്‍മതിന്‍മകളെ നിഷ്പക്ഷമായി വിലയിരുത്തുന്ന ഒരു സംവേദന ലോകം നമ്മള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്‌. എഴുത്തിനെ ഉത്തേജിപ്പിക്കുന്ന വായനയും, വായനയെ ഉത്തേജിപ്പിക്കുന്ന എഴുത്തും നിരന്തരമായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക്‌ വിധേയപ്പെടുന്നത്‌ കാണാം. അതി പുരാതനമായ ഈ കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍ഭാഗ്യവശാല്‍ സമകാലീന മലയാള ബ്ളോഗ്ഗെഴുത്തില്‍ കാണാന്‍ പ്രയാസമായിരിക്കും. ബ്ളോഗ്ഗെഴുത്തിണ്റ്റെ ജന്‍മസിദ്ധമായ പരമിതികളാണ്‌ ഇതിന്‍റെ പ്രധാനമായ ഒരു കാരണം. തിരമൊഴികളില്‍ വായിക്കാനുള്ള ബുദ്ധിമുട്ട്‌ അതിദീര്‍ഘമായ ഒരു ആസ്വാദനത്തിന്‌ വിലങ്ങാകുന്നു. ബൂലോകത്തിലെ ഏതോകോണില്‍ യഥാര്‍ത്ഥ ഊരോ, പേരോ വെളിപ്പെടുത്താതെ ആവിഷ്ക്കരിക്കപ്പെടുന്ന കുറിമാനങ്ങളും മിന്നാമിന്നിക്കവിതകളും കഥകളും ജല കുമിളകള്‍ പോലെ ഹ്രസ്വവാഴ്‌വിന്നുടമകളായി മാറുന്നു. വ്യക്തിഹത്യയും അശ്ളീല പ്രചരണങ്ങളും ഒട്ടും വിരളമല്ലാതെ മലയാള ബ്ളോഗെഴുത്തിണ്റ്റെ കൂടെത്തന്നെയുണ്ട്‌.

സമകാലീന മലയാള ബ്ളോഗ്ഗെഴുത്ത്‌

മലയാള ബ്ളോഗെഴുത്ത്‌ അതിന്‍റെ ശൈശവദശ ഇനിയും പിന്നിട്ടിട്ടില്ല എന്നുതന്നെ പറയാം, ബ്ളോഗ്ഗെന്ന മാധ്യമത്തിന്‍റെ ശക്തിയേയും അതിന്‍റെ പ്രസരണ ശേഷിയേയും ചുഷണം ചെയ്തുകൊണ്ട്‌ ബ്ളോഗ്ഗിനെ പുതിയൊരു സര്‍ഗ്ഗാത്മകോപാധിയാക്കി ഇനിയും മാറ്റിയിട്ടില്ല എന്നു തന്നെയാണ്‌ എനിക്കു തോന്നുന്നത്‌. അതല്ലെങ്കില്‍ ശബ്ദ ബാഹുല്യങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ സ്വത്വം നഷ്ടപ്പെട്ട്‌ പൊട്ടിപ്പൊളിഞ്ഞ ചില യുണീക്കോട്‌ അക്ഷരപ്പെയ്ത്തുകളായി ബ്ളോഗ്ഗെഴുത്ത്‌ മാറുന്നു. ചിരി വിതറുന്ന കുറിപ്പുകള്‍ പോസ്റ്റു ചെയ്തുകൊണ്ട്‌ വിശാലമനസ്കന്‍ (സജീഷ്‌ എടത്താടന്‍) ശ്രദ്ധിക്കപ്പെട്ടതോടെയാണ്‌ മലയാളം ബ്ളോഗ്ഗെഴുത്തിനെ ജനം ശ്രദ്ധിച്ചു തുടങ്ങിയത്‌.

പുസ്തക രൂപത്തിലിറങ്ങിയ കൊടകര പുരാണത്തിനുശേഷമാണ്‌ സമകാലീന മലയാള മാധ്യമങ്ങള്‍ ബ്ളോഗ്ഗെഴുത്തിണ്റ്റെ അനന്ത സാധ്യതകളെക്കുറച്ച്‌ ചര്‍ച്ച ചെയ്തു തുടങ്ങിയത്‌. സമകാലീന മലയാളം ബ്ളോഗ്ഗെഴുത്ത്‌ മലയാള ഭാഷയുടെ സാഹിത്യ ലോകത്തിന്‌ ഇനിയും സ്വന്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഓന്നാണ്‌. അതിനു പ്രധാന കാരണം ബ്ളോഗ്ഗെന്ന മാധ്യമത്തിണ്റ്റെ പരമിതികളെ മറികടക്കാന്‍ നമ്മുക്കിനിയും കഴിയാതെ പോയതുകൊണ്ടാണ്‌. രാഷ്ട്രീയവും, മതവും കൈകാര്യം ചെയ്യപ്പെടുന്ന ബ്ളോഗ്ഗുകളില്‍ നടക്കുന്ന ദുഷ്പ്രചരണങ്ങളും വ്യക്തിഹത്യകളും ചെളിവാരിയെറിയലും ഒഴിച്ചു നിര്‍ത്തിയാല്‍ ബ്ളോഗ്ഗെഴുത്ത്‌ ഏറെക്കുറെ ശാന്തമാണ്‌. ഗൌരവതരമായ ബ്ളോഗ്ഗുവായന നടക്കുന്നില്ല എന്നു തന്നെ പറയാം. പരസ്പരം മുഖസ്തുതികള്‍കൊണ്ട്‌ കാലം കഴിക്കുന്ന ബ്ളോഗ്ഗു വായനയില്‍ നട്ടെല്ലുള്ള ഒരു സംവേദനത്വവും വിമര്‍ശന പ്രതിവിമര്‍ശന സംസ്കാരവും വളര്‍ന്നു വരേണ്ടതുണ്ട്‌. ഏറെ സന്തോഷകരമായ ഒരു കാര്യം ഇവിടെ രൂപപ്പെടു ഹൃദ്യമായ കൂട്ടായ്മകളാണ്‌. അടുത്തകാലത്ത്‌ തൊടുപുഴയിലും, യു. എ. യി. യിലും നടന്ന കൂട്ടായ്മകള്‍ ഉദാഹരണം. ഇത്തരം കൂട്ടായ്മകള്‍ക്ക്‌ ഗൌരവതരമായ ഒരുപാടു ലക്ഷ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. ബ്ളോഗ്ഗെഴുത്തിണ്റ്റെ ഭുമിശാസ്ത്രത്തിനും അപ്പുറത്തുനില്‍ക്കു ഈ കൂടിക്കാഴ്ച്ചകളും പങ്കുവയ്ക്കലുകളും ബ്ളോഗ്ഗെഴുത്തിന്‍റെ സാങ്കേതിക പരിമിതികളെ മറികടക്കേണ്ടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചാവേദിയാക്കി മാറ്റണം. ഈ മീറ്റുകളില്‍ രുപപ്പെടുന്ന സൌഹൃദങ്ങള്‍ ഒരിക്കലും ബ്ളോഗ്ഗു വായനയെ സ്വാധീനിക്കരുത്‌. നല്ലത്‌ നന്നെന്നും നിലവാരമില്ലാത്ത രചനകളെ അതിണ്റ്റെ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ നടത്താനും സൌഹൃദങ്ങള്‍ വിലങ്ങുതടിയാകരുത്‌. സമകാലിക മലയാളം ബ്ളോഗ്ഗെഴുത്ത്‌ കമണ്റ്റുബോര്‍ഡിലെ പുറം ചൊറിയലാണെന്നുള്ള ദുഷ്പ്രചരണങ്ങളില്‍ നിന്നും നമ്മുക്ക്‌ നമ്മുടെ ബ്ളോഗ്ഗെഴുത്തിനെ മോചിപ്പിക്കേണ്ടതുണ്ട്‌.

ചെറായി മീറ്റ്‌, ചില ചിന്തകള്‍

മലയാളത്തിണ്റ്റെ സമകാലീനതയെ അടയാളപ്പെടുത്തുമ്പോള്‍ നാം മുഖ്യമായി എടുക്കുന്നത്‌ ആനുകാലിക പ്രസിദ്ധീകരണങ്ങളും മറ്റു പത്രമാദ്ധ്യമങ്ങളുമാണ്‌. സമകാലീനതയെക്കുറിച്ചുള്ള പഠന സാമഗ്രികളില്‍ മലയാളം ബ്ളോഗ്ഗെഴുത്തിനും അര്‍ഹമായ സ്ഥാനം ലഭിക്കേണ്ടതുണ്ട്‌. മതഭ്രാന്തന്‍മാരുടേയും കക്ഷിരാഷ്ട്രീയക്കാരുടേയും വ്യക്തിഹത്യക്കും ചെളിവാരിയെറിയലിനുമുള്ള ഒരു ഇടമായി മലയാള ബ്ളോഗ്ഗെഴുത്തിനെ തെറ്റീധരിക്കപ്പെടുതിനു മുന്‍പെ മലയാളം ബ്ളോഗ്ഗെഴുത്തിനെ ഭാഷയുടെ സുഗന്ധം പരത്തുന്ന സര്‍ഗ്ഗാത്മക എഴുത്താക്കി തിരിച്ചു പിടിക്കേണ്ടതുണ്ട്‌. ഈ വരുന്ന ചെറായി മീറ്റില്‍ നാം പ്രധാനമായി ചര്‍ച്ച ചെയ്യേണ്ട വിഷയം ബ്ളോഗ്ഗെഴുത്തിലെ സാങ്കേതിക പരാധീനത പരിഹരിക്കപ്പെടേണ്ടതിനെക്കുറിച്ചും സമകാലിക ബ്ളോഗ്ഗെഴുത്തില്‍ നമ്മള്‍ പാലിക്കേണ്ടുന്ന നിലവാരത്തേയും വളര്‍ത്തിയെടുക്കേണ്ടതായ നട്ടെല്ലുള്ള ഒരു വിമര്‍ശന സംസ്കാരത്തെക്കുറിച്ചുമായാല്‍ നന്നെന്നാണ്‌ എണ്റ്റെ അഭിപ്രായം.

നമ്മള്‍ ഭാഗ്യവാന്‍മാരാണ്‌ ചെറായി മീറ്റിണ്റ്റെ അണിയറക്കാരെപ്പോലുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരുണ്ട്‌ നമ്മുക്ക്‌. ഒത്തുചേരാനുള്ള മനസ്സും സ്നേഹവും വേണ്ടുവോളമുണ്ട്‌ - കാത്തുസൂക്ഷിക്കുക ഈ ആവേശം അവസരങ്ങള്‍ ഇനിയും ഉണ്ടാകും. കൂടൂതല്‍ സത്യസന്ധമായി വിമര്‍ശിച്ചും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയും നാം എഴുതുക. ശക്തമായ സമകാലീന മലയാള ജീവിതത്തില്‍ ബ്ളോഗ്ഗെഴുത്ത്‌ സമയകാലങ്ങളുടെ അതി ശക്തമായ സര്‍ഗ്ഗത്മക മുദ്രകളായി ചരിത്രം നമ്മെ വായിക്കപ്പെടുമാറാകട്ടെ. എല്ലാ ബ്ളോഗ്ഗെഴുത്തുകാര്‍ക്കും നന്‍മവരുവാന്‍ ആഗ്രഹിച്ചു കൊണ്ട്‌. . . . വിട.


സംവാദം തുടരുക

2009, ജൂൺ 1, തിങ്കളാഴ്‌ച

നീര്‍മാതളത്തിണ്റ്റെ കൂട്ടുകാരി ഒര്‍മ്മയായി....

നൃത്തത്തിനൊടുവില്‍ ചിലങ്കകള്‍ ആര്‍ക്കോ വലിച്ചെറിഞ്ഞുകൊടുത്ത്‌ പൊടുന്നനെ മൌനത്തിലേക്കും പിന്നെ മരണത്തിണ്റ്റെ നിതാന്തമായ ഇരുട്ടിലേക്കും മറയുകയായിരുന്നു മലയാളത്തിണ്റ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാ സുരയ്യ. നൃത്തവേദിയില്‍ ഇരുളൂ പടരുകയാണ്‌....കൂരാകൂരിരുട്ട്‌....

എഴുത്ത്‌ മുലപ്പാലുപോലെ വായനക്കാരന്‌ ചുരന്നു കൊടുക്കുംബോള്‍ മാത്രമെ ഒരു എഴുത്തുകാരന്‍ യഥാര്‍ത്ഥ എഴുത്തുകാരനാകൂ എന്ന്‌ മാധവിക്കുട്ടി ഒരു തലമുറയെ പഠിപ്പിച്ചു. സര്‍ഗ്ഗാത്മകതയില്‍ തണ്റ്റെ ജീവിതത്തെ അങ്ങേയറ്റത്തെ സത്യസന്ധതയോടെ സന്നിവേശിപ്പിച്ചിരുന്നു അവര്‍. മാധവിക്കുട്ടി തണ്റ്റെ എഴുത്തു തുടങ്ങുന്നത്‌ സ്വന്തം പെണ്ണുടലിണ്റ്റെ ജൈവചോദനകളുടെ സങ്കീര്‍ണ്ണതകളുടെ പൊരുളുതേടിക്കോണ്ടാണ്‌. ഉടല്‍ വെറും ജൈവഘടനമത്രമായിരുന്നില്ല മാധവിക്കുട്ടിക്ക്‌ മറിച്ച്‌ ഒടുങ്ങാത്ത പ്രണയത്തിണ്റ്റേയും കാമനകളുടേയും സ്ഫോടനങ്ങളുടെ ഒളിയിടമായിരുന്നു. എഴുത്തിലൂടെ സ്വന്തം വൈയക്തികതകളെ അതിശക്തമായി സാമൂഹ്യവല്‍ക്ക്ക്കരിച്ചു.

ഉടലില്‍ രണ്ടു മതങ്ങളെ പുതപ്പിച്ച്‌ മതങ്ങളൂടെ നന്‍മതിന്‍മകളെ നിഷ്കളങ്കമായി വിളിച്ചു പറഞ്ഞു. രജാവ്‌ നഗ്നനാണ്‌ എന്നുവിളിച്ചു പറഞ്ഞ ഒരു കൊച്ചുകുട്ടിയുടെ മനസ്സായിരുന്നു മാധവിക്കുട്ടിക്ക്‌ അപ്പോള്‍.
നല്ല എഴുത്തുകാര്‍ വെറും വായനക്കാരെ സൃഷ്ടിക്കുന്നവരല്ല മറിച്ച്‌ എഴുത്തുകാരായ ഒരു യുവതയെ വാര്‍ത്തെടുക്കുന്നവരാണ്‌. മാധവിക്കുട്ടി ഒരു തലമുറയെ പേനപിടിക്കാന്‍ പഠിപ്പിച്ചു. സ്വന്തം ഹൃദയത്തിണ്റ്റെയും മനസ്സിണ്റ്റെയും ബുദ്ധിയുടേയും സത്യസന്ധമായ ആവിഷ്ക്കാരമണ്‌ യഥാര്‍ത്ഥമായ എഴുത്ത്‌ എന്ന്‌ ഞങ്ങളെ പോലുള്ള പുതുതലമുറയിലുള്ളവര്‍ക്ക്‌ സ്വന്തം അമ്മയുടെ സ്ഥാനത്തു നിന്നു പറഞ്ഞു തന്നു.

കരഞ്ഞും കലഹിച്ചും പ്രണയിച്ചും കൊതിതീരാതെ മലയാളസാഹിത്യത്തിണ്റ്റെ നൃത്തവേദിയെ അനാദമാക്കി തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു നില്‍ക്കുംബോള്‍ മാധവിക്കുട്ടിയുടെ ചിലബുകളണിഞ്ഞവര്‍ നൃത്തം തിമിര്‍ക്കുകയാണ്‌.
നമ്മുടെ മലയാളത്തിന്‌ മുലപ്പലിണ്റ്റെ രുചിയറിച്ച കെ. പി. അപ്പനും ഒ. വി. വിജയനും ശേഷം ഇപ്പോള്‍ നമ്മുടെ മാധവിക്കുട്ടിയും കാലയവനികയില്‍ മറയുംബോല്‍ നമ്മള്‍ വീണ്ടും വീണ്ടും അനാദരാക്കപ്പെടുകയാണ്‌....
അമ്മേ പ്രണാമം....


മാധവിക്കുട്ടിയുടെ ഭൌതിക ശരീരം മുംബൈ കേരളാ ഹൌസിലേക്കു കൊണ്ടുവന്നപ്പോള്‍.....


Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.