2012, ജനുവരി 10, ചൊവ്വാഴ്ച

മധ്യവര്‍ഗ്ഗ ജീവിതത്തിലെ അരാഷ്ട്രീയ സ്വാധീനങ്ങള്‍

പല്ല്‌ഞെരിച്ചുകൊണ്ടല്ലാതെ രാവിലെ ദിനപത്രം വായിക്കാനാവാത്ത വളരെ അസ്വസ്ഥമായ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഇവിടുത്തെ മധ്യവര്‍ഗ്ഗത്തിന്റെ നിസംഗതയെക്കുറിച്ച്, അതിന്റെ ആഴ ത്തില്‍ വേരോടിക്കൊണ്ടിരിക്കുന്ന അരാഷ്ട്രീയ സ്വാഭാവങ്ങളെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യ ത്തെക്കുറിച്ച് ഒരു ഭക്തിപ്രഭാഷണം നടത്തിക്കൊണ്ട് ജനാധിപത്യത്തിലെ നിര്‍ണ്ണായകശക്തിയായ മധ്യവര്‍ഗ്ഗ സമുദായത്തെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമായിരിക്കും.  സമകാലിക രാഷ്ട്രീയ ജിവിതത്തിന്റെ അപ ചയങ്ങളെ ആഴത്തില്‍ വിലയിരുത്തിക്കൊണ്ടുവേണം പുതിയ അരാഷ്ട്രീയവത്കരണത്തിന്റെ തായ് വേരുകളെ കണ്ടെത്താന്‍. അരാഷ്ട്രീയത മധ്യവര്‍ഗ്ഗത്തിനിടയില്‍ വേരുപിടിക്കുന്ന ഒരു സവിശേഷ സാഹചര്യം ഇന്ന് രൂപ പ്പെട്ടുകൊണ്ടിരിക്കുന്നു. അരാഷ്ട്രീയത മധ്യവര്‍ഗ്ഗത്തിന്റെ ഒരു പൊതുസ്വാഭാവമാവുകയാണ്. പെട്ടെന്നുള്ള പ്രതികരണമെന്നുള്ള നിലയ്ക്ക് അരാഷ്ട്രീയ വാദം വേറിട്ട ഒരു രാഷ്ട്രീയബോധമാണെന്ന് വേണമങ്കില്‍ വ്യാഖ്യാനി ക്കാമെങ്കിലും ബലപ്പെട്ടുവരുന്ന അരാഷ്ട്രീയതയുടെ വേരുകള്‍ പുതിയ ചില ദുരന്തങ്ങളിലേക്കാവും നമ്മളെ കൊണ്ടു ചെന്നെത്തിക്കുക. സമൂഹത്തില്‍ രൂപപ്പെടുന്ന രാഷ്ട്രീയ നിരാസത്തിന്റെ കാര്യകാരണങ്ങളെ കണ്ടെ ത്തുന്ന സൂക്ഷ്മമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
 
വിവരസാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുകയറ്റവും അതിലൂടെ തുറക്കപ്പെട്ട പുതിയ തൊഴില്‍ മേഖലകളും, സാര്‍വ്വത്രികമായിക്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യാഭ്യാസവും വളരെ സമ്പന്നമായ ഒരു തൊഴില്‍ മേഖല മധ്യവര്‍ഗ്ഗത്തിനായി തുറന്നുകൊടുത്തു. പ്രത്യക്ഷത്തില്‍ വളരെ സുരക്ഷിതമെന്ന് തൊന്നുന്ന കോര്‍പ്പറേറ്റ് ചട്ടക്കൂടിനകത്തെ മാര്‍ദ്ദവമുള്ള ജീവിതം പുതിയ രാഷ്ട്രീയ നിരാസങ്ങളിലേക്ക് സാമൂഹ്യമനശ്ശാസ്ത്രത്തെ ഒരു പരിധി വരെ കൊണ്ടുചെന്നെത്തിച്ചു എന്ന് കരുതാം. മധ്യവര്‍ഗ്ഗജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പ ത്തിക സ്വാധീനങ്ങള്‍ അവരെ കൂടുതല്‍ ജനാധിപത്യ വിരോധികളാക്കി. രാഷ്ട്രീയ മൂല്യങ്ങളോടും രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടും ചെറുതല്ലാത്ത ഒരു അവജ്ഞ ഇന്ന് ഇവര്‍ക്കിടയില്‍ ഉടലെടുക്കുന്നു ണ്ടെന്ന് വളരെ ഉപരിപ്ളവമായ നീരീക്ഷണങ്ങളില്‍ നിന്നുപോലും സുവ്യക്തമാണ്. മൂല്യവിദ്യാഭ്യാസത്തിനും ഭാഷാ സാംസ്‌കാരിക സ്വത്വബോധത്തിനുമപ്പുറം നമ്മുക്ക് ആവശ്യം സഞ്ചാര സ്വാതന്ത്ര്യവും വിശാലമായ റോഡും വിമാനത്താവളങ്ങളും സ്വകാര്യമൂലധനത്തിന്റെ സ്വതന്ത്ര വ്യാപനവുമാണ് മുഖ്യമെന്ന് ഇവര്‍ കരുതാന്‍ തുടങ്ങിയിരിക്കുന്നു. മൂല്യാധിഷ്ഠിതമായ രാഷ്ട്രീയ ബോധത്തിനുമപ്പുറം ആഴത്തിലുള്ള ജാതിബോധമാണ് ഇവരുടെ പ്രവര്‍ത്തനപരതയെ തിരികെടാതെ നിലനിര്‍ത്തുന്നത്.
 
അരാഷ്ട്രീയ വാദത്തെ കേവലം കക്ഷി രാഷ്ട്രീയ നിരാസമായി മാത്രം കാണാന്‍ ആവുകയില്ല. അത് അറിഞ്ഞൊ അറിയാതെയൊ നിഷ്‌ക്രിയതയുടെ എക്കല്‍മണ്‍കൂനകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ട്. മൂല്യരാഷ്ട്രീയത്തിനെ തിരെ ഒരു തരം അവജ്ഞയെ അര്‍ബുദം പോലെ വളര്‍ത്തുന്നുണ്ട്. പുതിയ അരാഷ്ട്രീയതയെക്കുറിച്ച് സമകാ ലിക കേരള സമൂഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട് ചര്‍ച്ച ചെയ്യുന്നതാവും കൂടുതല്‍ ഗുണകരം. ദേശീയമായ ഏതൊരു രാഷ്ട്രീയ പ്രക്ഷോഭങ്ങളും ആറിത്തണുത്ത രൂപത്തിലാണ് കേരളത്തിലെത്തുക.
 
വൈകിയ വേളയില്‍ നമ്മള്‍ നയിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അതുകൊണ്ടുതന്നെ അരാഷ്ട്രീയവാദികള്‍ കുറിക്കുകൊള്ളന്ന തരത്തില്‍ വിമര്‍ശിക്കുന്നു. “ബന്തുകളുടേയും ഹര്‍ത്താലുകളുടേയും സ്വന്തം നാട്” എന്ന് പറഞ്ഞു കൊണ്ട് തണുത്ത റമ്മില്‍ സോഡയൊഴിച്ച് അകത്താക്കുന്ന ലാഘവത്തോടെ കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങളെ വിലകുറച്ച് കാണാന്‍ നമ്മിലെ അരാഷ്ട്രീയവാദികള്‍ പഠിച്ചുകഴിഞ്ഞു. സഞ്ചരിക്കാന്‍ കാറും ഷോ പ്പിംഗ് മോളും റിയാലിറ്റി ഷോയുമായി കഴിഞ്ഞുകൂടുന്ന പുതിയ മധ്യവര്‍ഗ്ഗ ജീവിതത്തിന് രാഷ്ട്രീയം ഒരു ടിന്റുമോന്‍ ജോക്കായി മാറുക എന്നത് ഇതിന്റെ ഒരു സ്വാഭാവിക പരിണിതി മാത്രമാണ്. ഓരോ വീടും അറിഞ്ഞൊ അറി യാതെയൊ ഒരോ തുരുത്തുകളായി മാറിയതിലും, പുതിയ പൊങ്ങച്ച സംസ്‌കാരത്തിലേക്ക് മധ്യവര്‍ഗ്ഗ സമൂഹ ത്തെ തള്ളിവിട്ടതിലും വലിയ ഒരു പങ്ക് ഇവിടുത്തെ ജനാധിപത്യ സ്ഥാപങ്ങള്‍ക്കുതന്നെയാണ്.
 
പൊതുതിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും നിര്‍ണ്ണായകമാകുന്നത് മധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ മനശാസ്ത്രമാണ്. ഒരുപാട് കാലമായി ജനാധിപത്യത്തിന്റെ ഭാഗധേയങ്ങളെ പലപ്പോഴും നിര്‍ണ്ണയിച്ചുവന്നതും ഇതേമധ്യ വര്‍ഗ്ഗത്തിന്റെ ഇലാസ്തികതയാണ്. സമരങ്ങളോടും സത്യാഗ്രഹങ്ങളോടും പുറംതിരിഞ്ഞു നടക്കുകയും ബന്ദും ഹര്‍ത്താലും മുന്‍കൂട്ടിതീരുമാനിച്ച രീതിക്ക് ആഘോഷങ്ങളാക്കി മാറ്റുകയും ഇടതില്‍നിന്ന് വലതിലേക്കും വലതില്‍ നിന്ന് ഇടതിലേക്കും കേരളത്തിന്റെ രാഷ്ട്രീയഭാവിയെ കുട്ടിക്കരണം മറിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ മുഖ്യശക്തി ഇവരാണ്. “എന്താണ് ഇവരുടെ ഉള്ളിലിരുപ്പ്” എന്നറിയാനാണ് ഒരോ രാഷ്ട്രീയക്കാരനും കിണഞ്ഞു പരിശ്രമിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യസംവിധാനങ്ങളുടെ നിര്‍ണ്ണായകശക്തിയായ ഈ ജനസമൂഹമാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ലോകജനതയ്ക്ക് ഇത്രയ്ക്ക് സ്വീകാര്യമാക്കിയത്. സ്വന്തം യുക്തിബോധത്തിനനുസരിച്ച് ജനാധിപത്യപരമായി പ്രതികരിക്കുന്നതുകൊണ്ടാണ് ഇവറ്റകളെ കക്ഷിരാഷ്ട്രീയക്കാര്‍ പേടിക്കുന്നത്.
 
അതുകൊണ്ടുതന്നെ ഒരു ജനാധിപത്യ പ്രക്രിയയില്‍ ആരോഗ്യകരമായ ഒരു മധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ ചിന്ത കള്‍ക്ക് വളരെ പ്രധാന്യമുണ്ട്. തന്നെ ആരു ഭരിക്കണമെന്ന് നിശബ്ദമായി ജനാധിപത്യരീതിയില്‍ പ്രതികരി ച്ചിരുന്ന ഇവര്‍ 'എങ്ങിനെയെങ്കിലും നാലുകാശുണ്ടാക്കാണം' എന്ന ചിന്തയിലേയ്ക്ക് കൂപ്പുകുത്തിയതോടെ അരാ ഷ്ട്രീയ വാദം പലരൂപങ്ങളില്‍ ഭാവങ്ങളില്‍ ഇവരില്‍ വേരുപിടിക്കാന്‍ തുടങ്ങി.  മധ്യവര്‍ഗ്ഗസമൂഹത്തെ അപേക്ഷിച്ച് സമൂഹത്തിന്റെ അടിത്തട്ടുകളില്‍ കഴിയുന്നവര്‍ക്കിടയില്‍ അരാഷ്ട്രിയവത്ക്കരണം ഏറെ ആപേ ക്ഷികമാണ്. രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജീവിതത്തില്‍ ഗുണകരമായ സ്വാധീനങ്ങള്‍ ചെലുത്താത്തി ടത്തോളം കാലം ദരിദ്രസമൂഹം വിധിവശാല്‍ അരാഷ്ട്രീവാദികളാവുന്നു. പക്ഷെ ഈ അരാഷ്ട്രീയ വാദം മധ്യവര്‍ഗ്ഗം കൊണ്ടുനടക്കുന്ന അവജ്ഞയുടെ രാഷ്ട്രീയമല്ല. പാര്‍ശ്വവര്‍ക്കരിക്കപ്പെടുന്നതിന്റെ പ്രതിഷേധം മാത്രമാണ്.
 
അരാഷ്ട്രീയ വാദത്തിനെതിരെ റവ. മാര്‍ട്ടിന്‍ നിമോറിന്റെ ഒരു കവിത First they come... വളരെ പ്രശസ്തമാണ്.
 
“ആദ്യം കമ്മ്യൂണിസ്റ്റുകളെ തേടി നാസികള്‍ വന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല കാരണം ഞാനൊരു കമ്മ്യൂണി സ്റ്റുകാരന്‍ ആയിരുന്നില്ല. പിന്നെ ജൂതരെ തേടി അവര്‍ വന്നു അപ്പോഴും ഞാന്‍ സംസാരിച്ചില്ല കാരണം ഞാന്‍ ജൂതനായിരുന്നില്ല. തൊഴിലാളി നേതാവിനേയും, കത്തോലിക്കനേയും തേടിവന്നപ്പോഴൊന്നും ഞാന്‍ അവരോട് സംസാരിക്കാന്‍ പോയതേയില്ല. ഒടുവില്‍ അവര്‍ എന്നെത്തന്നെ തേടി വന്നു... അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല”.
 
ആദ്യകാലത്ത് ഹിറ്റ്‌ലറിന്റെ അടുത്ത ആളായിരുന്ന നിമോര്‍ പിന്നീട് നാസികളുടെ വിമര്‍ശകനാവുകയും ഒരു സമൂഹത്തിന്റെ രാഷ്ട്രീയബോധത്തിലും സ്വാതന്ത്ര്യബോധത്തിലും തന്റെ ചിന്തയുടെ സ്വാധീനം ചെലുത്തുകയും ചെയ്തു. നിമോറിന്റെ ഈ കവിത രാഷ്ട്രീയജീവിതത്തിന്റെ ആവശ്യകതയെക്കുറിച്ചാണ്. മനുഷ്യന്‍ ജീവിക്കുന്ന സമൂഹമെന്ന ആവാസ വ്യവസ്ഥയുടെ നൈതികതയെ ഈ കവിത ഓര്‍മ്മിപ്പിക്കുന്നു. സമകാലിക ജീവിതം സമൂഹത്തിലെ ഈ നൈതികതയ്ക്ക് വിരുദ്ധമായ ജീവിതം നയിക്കുന്നത് അപകടകരമാണ്. ഞാന്‍ എന്റെ വീട് എന്റെ കുടുംബം എന്ന സ്വാര്‍ത്ഥതയിലേക്ക് ചുരുങ്ങിപോകുന്നത് സമകാലിക ജീവിതത്തിന്റെ ഒരു സവിശേ ഷതയാണ്. സ്വന്തം കുടുംബം എന്ന സ്ഥാപനത്തിലേക്ക് മധ്യവര്‍ഗ്ഗ ചിന്ത ചുരുങ്ങുമ്പോള്‍ത്തന്നെ ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയില്‍ തന്റെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുന്നതിലൂടെ ഒരു രാഷ്ട്രീയ ജീവിത ത്തിലേക്ക് ഇവര്‍ ചിലപ്പോഴെങ്കിലും ഉണരാറുണ്ടായിരുന്നു. വെറുമൊരു “വോട്ട്” ചെയ്യുന്നതിലൂടെ ഇവര്‍ നടത്തിയിരുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ഇന്ന് ഇല്ലാതാവുകയാണോ. തൊണ്ണൂറുശതമാനം പോളിഗ് നടന്നാലും ഒരു വലിയ ശതമാനം അരാഷ്ട്രീയവാദം മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ തന്നെയാണ് എന്ന് നിശ്ചയമായും കരുതണം. ഇത് പറയുന്നത് ഇന്നത്തെ പുതുതലമുറയുടേയും അവരെ വാര്‍ത്തെടുക്കുന്ന നാലാം തലമുറയുടേയും സാമൂഹ്യമനശ്ശാസ്ത്രം പൊതുവെ വെളിപ്പെട്ടുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. ഒരു വോട്ട് ചെയ്താല്‍ അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ഇവറ്റകളുടെ ശല്യം തീര്‍ന്നു എന്ന് ചിന്തിക്കുന്ന ജാനാധിപത്യത്തിലെ ഒരു പുതിയ ജനു സ്സായി നമ്മള്‍ മാറുകയാണ്. സമകാലിക രാഷ്ട്രീയ പരിതോവസ്ഥകളോടുള്ള നമ്മുടെ നിസംഗ്ഗതകള്‍ ഇത് വ്യക്തമാക്കുന്നു. നിമോറിന്റെ കവിതയിൽ പറയുന്ന നിസംഗ്ഗത ഒരു മാറാരോഗം പോലെ നമ്മളില്‍ സംക്രമിക്കുകയാണ്. അടുത്ത കാലത്ത് അഴിമതികള്‍ക്കെതിരെ നടന്ന ലോക് പാല്‍ ബില്ലിനുവേണ്ടിയുള്ള  കക്ഷിരാഷ്ട്രീയേതരമായ യഥാര്‍ത്ഥരാഷ്ട്രീയ സമരങ്ങളോട് വളരെ തണുപ്പന്‍ മട്ടില്‍ പ്രതികരിച്ചതിലൂടെ കേരളം അത് തെളിയിച്ചു കഴിഞ്ഞു. കക്ഷിരാഷ്ട്രീയേതരമായി നടക്കുന്ന രാഷ്ട്രീസമരങ്ങളെ അരാഷ്ട്രീയമെന്നും ജനാധിപത്യ വിരുദ്ധമെന്നും വിളിച്ച് ആക്രോശിച്ച നമ്മുടെ നാട്ടിലെ പാര്‍ട്ടി നേതാക്കളുടെ നീതിബോധത്തെക്കുറിച്ചും ജനാധി പത്യബോധത്തെക്കുറിച്ചും ഒരു ചര്‍ച്ചപോലും നമ്മള്‍ നടത്തിയില്ല. രാഷ്ട്രീയത്തെ ഒരു റിയാലിറ്റിഷോയുടെ നിലവാരത്തിലേയ്ക്ക് ഇടിച്ചു താഴ്ത്തിയത് നമ്മുടെ ഈ നിസംഗ്ഗതയാണ്.
 
മനുഷ്യന്‍ ആത്യന്തികമായി ഒരു സാമൂഹിക ജീവിയാണ്. സാമൂഹികമായ ജീവി എന്നുപറയുമ്പോള്‍ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഗോത്രത്തിനും വര്‍ഗ്ഗത്തിനും അതീതമായ ഈ ആവാസ വ്യവസ്ഥയുമായി ബന്ധ പ്പെട്ടുകിടക്കുന്ന ജീവി. ഒരു തേനീച്ചക്കൂട്ടിലെ ഒരു തേനീച്ചയുടെ ജീവിതം പോലെയല്ല അത്. മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായതിനുപിന്നില്‍ ഒരുപാട് പ്രകൃതിപാഠങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും ഈ പ്രകൃതിപാഠങ്ങളെ പ്പോലും അതിലംഘിക്കുന്നതരത്തില്‍ അവനവന്റേതായ ഒരു സര്‍ഗ്ഗാത്മകമായ സാമൂഹിക ജീവതത്തിന് ഒരോമനുഷ്യനും ജീവന്‍ കൊടുക്കുന്നു. അതുകൊണ്ടാണ് മനുഷ്യന്റെ ജീവിതം ഒരു തേനീച്ചയുടെ ജീവിതം പോലെ അല്ലാതെ വരുന്നത്. തേന്‍ ശേഖരിക്കുകയും കാവലിരിക്കുകയും മാത്രം ചെയ്യുന്ന ഒരു പ്രക്രിയയിലൂടെ യല്ല അവന്റെ സര്‍ഗ്ഗാത്മക സാമൂഹിക ജീവിതം കടന്നുപോകുന്നത്. ഒരു കൂടുംമ്പമെന്ന സ്ഥാപനത്തെ തീറ്റിപ്പോറ്റി സംരക്ഷിച്ചു നിര്‍ത്തുമ്പോള്‍ത്തന്നെ ഒരോ മനുഷ്യനും ചിലപ്പോഴെങ്കിലും അവന്റെ ജീവിത നൈരന്തര്യങ്ങളുടെ ചട്ടക്കൂടു പൊട്ടിച്ചെറിഞ്ഞ് ഒരു സാമൂഹ്യജീവിയും ഒരു ജനാധിപത്യവിശ്വാസിയുമായി പരിണിമിക്കുന്നുണ്ട്. മധ്യവര്‍ഗ്ഗം പ്രകടിപ്പിക്കുന്ന രാഷ്ട്രീബോധവും ജനാധിപത്യബോധവും ഇന്ത്യാമാഹാരാജ്യം ഒരുപാട് പ്രാവശ്യം തൊട്ടറിഞ്ഞിട്ടുള്ളതാണ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയപാര്‍ട്ടി നേരിട്ട പൊതുവിചാരണമുതല്‍ ഒരു കാക്കത്തൊള്ളായിരം അനുഭവങ്ങള്‍ മധ്യവര്‍ഗ്ഗവുമായി ബന്ധപ്പെട്ട് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്കുണ്ട്.
 
ഒരാള്‍ പ്രത്യക്ഷത്തില്‍ ഒരു രാഷ്ട്രീയ ജീവി ആയില്ലെങ്കിലും ഇവിടുത്തെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തു കൊണ്ട് വെറുതെ ഒരു വോട്ട് രേഖപ്പെടുത്തുന്നതിലൂടെ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഒരു “മേധ” യായി അവന്‍ മാറുന്നു. ഇവിടുത്തെ ജനാധിപത്യ പ്രക്രിയയില്‍ ഒരംഗമാവുക എന്നതിലൂടെ അവന്‍ രാഷ്ട്രീയവല്‍ക്കരി ക്കപ്പെടുന്നുണ്ട്. ഈ ഒരു ഗുണമാണ് മധ്യവര്‍ഗ്ഗത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. വല്ലാ ത്തൊരു രാഷ്ട്രീയ നിരാസം ഇവര്‍ക്കിടയില്‍ വേരുപിടിക്കുന്നു എന്നത് ഒരു സത്യമാണ്.
 
അരാഷ്ട്രീയ വാദത്തിന്റെ രാഷ്ട്രീയവും സൈബര്‍ ജീവിതവും
 
സാഹിത്യത്തിലും സിനിമയിലും അരാഷ്ട്രീയ വാദത്തിന് നമ്മള്‍ പലപ്പോഴും വളരെ കാല്‍പനികമായ അര്‍ത്ഥ മാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. കള്ളുഷാപ്പിലിരുന്ന് ചുണ്ടില്‍ പുകയുന്ന ബീഡിയുമായി വ്യവസ്ഥിതിയോട് കല ഹിക്കുന്ന നായക വേഷങ്ങള്‍ പ്രേഷകമനസ്സുകളെ ത്രസിപ്പിക്കാറുണ്ട്. ഈ ജനുസ്സില്‍പ്പെട്ട സിനിമാ നായക ന്മാരെ നമ്മള്‍ ആരാജകവാദികളെന്നും പതിയെ പലപ്പോഴായി അരാഷ്ട്രീയ വാദികളെന്നും വിളിക്കുന്നു. കവി അയ്യപ്പന്‍ ഒരു അരാഷ്ട്രീയ വാദിയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് വളരെ മൃദുവായി, വളരെ കാവ്യാത്മകമായി, അരാഷ്ട്രീയവാദത്തെ കാല്‍പനികമായ ഒരു ബിംബമാക്കി നമ്മള്‍ ഉടച്ചു വാര്‍ക്കുന്നു. സമൂഹത്തിലെ ഏറ്റവും മലീമസമായ അടിത്തട്ടില്‍ കഴിയേണ്ടിവന്ന അമേരിക്കന്‍ എഴുത്തുകാരന്‍ ബുക്കോവ്‌സ്‌കിയും ജീവിതത്തിലെ അരാജകത്വത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. പക്ഷെ സമകാലിക ജീവിതത്തിലെ അരാഷ്ട്രീയ വല്‍കൃതമായ മധ്യവര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ മൂല്യനിരാസങ്ങളുടെ കാരണങ്ങളെ ഇങ്ങിനെ കാല്‍പനികമായ അര്‍ത്ഥത്തില്‍ കാണാനാവില്ല. തികഞ്ഞ അരാജകത്വത്തിലും അരാഷ്ട്രീയതയിലും നില്‍ക്കുമ്പോഴും സാഹിത്യകാരന്മാര്‍ സ്വന്തം സര്‍ഗ്ഗാത്മകതയിലൂടെ അവരെ  സ്വയം രാഷ്ട്രീയവല്‍ക്കരിക്കുന്നുണ്ട്.
 
രാഷ്ട്രിയ വിമര്‍ശനത്തേയും വ്യവസ്ഥിതിയ്ക്ക് തിരശ്ചീനമായി സഞ്ചരിക്കുന്നതിനേയും അതിന്റെ പിന്നിലെ മൂല്യ ബോധത്തേയും അരാഷ്ട്രീയമെന്നൊ അരാജകവാദമെന്നൊ വിളിക്കാനാവില്ല. പ്രത്യക്ഷത്തില്‍ അരാഷ്ട്രീയ വാദിക്ക് അവന്റേതായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. കലുഷമായ സമകാലിക പരിതോവസ്ഥയോടും ജനാധി പത്യ ധ്വംസനങ്ങളോടുമുള്ള പെട്ടെന്നുള്ള പ്രതികരണം എന്നുള്ള നിലയ്ക്കാണ് ഒരു വലിയ ജനസമൂഹം അരാ ഷ്ട്രീയ വാദികളാവുന്നത്. രാഷ്ട്രീയക്കാരുടെ അഴിമതിയാണ് വലിയൊരളവോളം ജനങ്ങളെ അരാഷ്ട്രീയവാദിക ളാക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പ്രതികരണങ്ങളെ വളരെ സ്വാഭാവികമായ ഒന്നാണെന്ന് പറയേ ണ്ടിവരുന്നു. അതോടൊപ്പം തന്നെ ഇതിനെ ഒരു സാധാരണ പൗരന്റെ നിസ്സഹായവസ്ഥയായും കാണാവുന്ന താണ്. ഒരു തരം നിരാശയില്‍ നിന്നാണ് ഈ നിരാസങ്ങള്‍ ഉണ്ടാകുന്നത്.
 
അരാഷ്ട്രീയവാദം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് ജനാധിപത്യത്തോട് കാണിക്കുന്ന വിമര്‍ശാനാത്മ കമായ നിരാസങ്ങളല്ല. സാമ്പത്തികമായി ചില സുരക്ഷിത ഇടങ്ങളില്‍ നിന്നുകൊണ്ട് സമൂഹത്തോട് നടത്തു ന്ന കുറ്റകരമായ നിസംഗതകളാണ് അരാഷ്ട്രീയവാദം. ഇത് വളരെ ആപത്കരമാണ്. വിപണിവല്‍കൃതമായ ഒരു സാമൂഹ്യ പശ്ചാത്തലത്തില്‍ യുവതയുടെ സാമൂഹിക മനശാസ്ത്രത്തിന് അപകടകരമായ വലിയ മാറ്റങ്ങളുണ്ടായി. തിന്നാനും കുടിക്കാനും സഞ്ചരിക്കാനും ഉന്മാദിക്കാനുമുള്ള പൊതു ഇടങ്ങള്‍മാത്രമാണ് വീടിന് വെളിയിലുള്ള ലോകമെന്ന് വിശ്വസിക്കുന്ന പുതിയ തലമുറയ്ക്ക് രാഷ്ട്രീയ വിരക്തിയുണ്ടാവുക സ്വാഭാവികം മാത്രം. അധിനിവേശ മുലധനത്തിന്റെ പരിണത ഫലമായി ഉരുവം കൊണ്ട പുത്തന്‍ കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ഭാഗമാവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പുതിയ തലമുറ കക്ഷിരാഷ്ട്രീയാതീതമായ ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു.
 
രാജ്യത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ഇവിടുത്തെ കോര്‍പ്പറേറ്റുകളാണ് മറിച്ച് ഈ ജനാധിപത്യ വ്യവ സ്ഥിതിയെ വ്യഭിചരിച്ചുകൊണ്ടിരിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകരല്ല എന്ന് അവര്‍ വാദിക്കുന്നു. ഇതാണ് അരാഷ്ട്രീയ വാദത്തിന്റെ പുതിയ രാഷ്ട്രീയം. അറിവും പണവുമുള്ളവന്‍മാത്രം അതീജീവക്കുന്ന പുതിയ ലോകത്ത് ന്യൂനപക്ഷ സംരക്ഷണം, ദളിത് സംവരണം തുടങ്ങിയ ആശയങ്ങള്‍ക്ക് ഒരുപ്രധാന്യവും ഇല്ലാതെ പോകുന്നത് ഇന്നത്തെക്കാലത്ത് വളരെ സ്വാഭാവികം മാത്രം. ഇങ്ങിനെയൊക്കെയാണെങ്കിലും ജാനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ടിതമല്ലെങ്കിലും വ്യക്തമായ ഒരു രാഷ്ട്രീയബോധം ഇവര്‍ക്കിടയില്‍ ഉണ്ടാവുന്നുണ്ട്. ജനാധിപത്യബാഹ്യമായി പ്രവര്‍ത്തിക്കുന്ന എന്‍ .ജി. ഓ. കളും സോഷ്യല്‍ ഫോറങ്ങളും ഇവരുടെ ദിശാ ബോധ ത്തെ നിര്‍ണ്ണയിക്കുന്നു. അധിനിവേശം എങ്ങിനെയാണ് ഇന്ത്യപോലുള്ള ഒരു ജനാധിപത്യപ്രക്രിയയില്‍ പ്രവര്‍ ത്തിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു അവബോധം ഇവര്‍ക്കില്ല. എങ്കിലും യുവതലമുറയില്‍ ഒരു ന്യൂനപക്ഷം ചെറുതെങ്കിലും നല്ലൊരു മൂല്യബോധത്തിന് ഉടമകളാണ്. നിലവിലുള്ള വ്യവസ്ഥിതിയോട് കലഹി ക്കുന്നതിന്റെ കാല്‍പനികമായ അരാഷ്ട്രീയ ബോധത്തിനുപ്പുറം ജനാധിപത്യനിഷേധങ്ങളാണ് വലിയൊരളവില്‍ കണ്ടുവരുന്നത്. ഈജിപ്തിലും ലിബിയയിലും കണ്ടത് ജനാധിപത്യത്തിനുവേണ്ടിയുള്ള അഭിവാഞ്ജയല്ല മറിച്ച് അപകടകരമായ അരാഷ്ട്രീയബോധത്തില്‍ നിന്നുകൊണ്ട് നയിക്കപ്പെട്ട ഒരു സൈബര്‍ ആക്രമണമാണ്. സ്വോച്ഛാധിപത്യത്തെ ഉടച്ചുകളഞ്ഞ് ഒരു ജനാധിധിപത്യ പ്രകൃയയിലേക്ക് സ്വയം രൂപാന്തരം പ്രാപിക്കുന്ന തിന്റെ ഭാഗമായി ഉണ്ടാകുന്ന ജനകീയമുന്നേറ്റങ്ങള്‍ക്ക് ദേശിയമായ ചില മൂല്യബോധം അത്യാവശ്യമാണ്. അത് ദശാബ്ദങ്ങള്‍കൊണ്ട് രൂപപ്പെടുന്ന ഒന്നാണ്. ഈജിപ്തിലും ലിബിയയിലും ഇത്തരം മൂല്യങ്ങള്‍ സ്വാഭാവികമായ രീതിയില്‍ വികസിച്ചുവന്നില്ല. വികസിതരാജ്യങ്ങളുടെ രഹസ്യ അജണ്ടകള്‍ പരോക്ഷമായി ഇവിടങ്ങളില്‍ നിറവേറ്റപ്പെടുന്നത് ഈ രാജ്യങ്ങളിലെ ജനങ്ങള്‍ സൗകര്യപൂര്‍വ്വം മറക്കുകയായിരുന്നു. ഒരു മൂക്കാല്‍ നൂറ്റാണ്ടു കാലം അനുഭവിച്ച അടിമത്തത്തിന്റെ രോക്ഷം സ്വാഭാവികമായി കത്തിപടര്‍ന്നതിന്റെ ഫലമായാണ് ഇന്ത്യ സ്വതന്ത്രമായത്. ഇന്ത്യയില്‍ ഉണ്ടായ വളരെ ജൈവികമായി മൂല്യവികാസം ലിബിയന്‍ ജനതയ്ക്കിടയില്‍ ഉണ്ടാ യില്ല അല്ലെങ്കില്‍ ഉണ്ടാകാന്‍ അധിനിവേശ ശക്തികള്‍ അനുവദിച്ചില്ല. വൈദേശിക ശക്തികളുടെ സ്‌പോണ്‍സേഡ് പ്രോഗ്രാമായി ലിബിയന്‍ മുന്നേറ്റങ്ങള്‍ അധപതിക്കുകയാണുണ്ടായത്.
 
ഒരു മൗസ്‌ക്ളിക്കുകൊണ്ട് രാജ്യത്തിന്റെ വിപ്ളവപ്രസ്ഥാനങ്ങളില്‍ വെയിലുകൊള്ളാതെതന്നെ ഭാഗഭാക്കാവാം എന്ന പുതുതലമുറയിലെ സൈബര്‍ വിപ്ളവബോധങ്ങളില്‍നിന്നാണ് ഈജിപ്തിലും ലിബിയയിലും നടന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിക്കുന്നത്. വലിയൊരളവോളം അരാഷ്ട്രീവാദവും രൂപപ്പെടുന്നത് ഇതുപോലുള്ള സൈബര്‍ ജീവിതത്തില്‍ നിന്നാണ്. അമേരിക്കന്‍ സഖ്യശക്തിയുടെ ശക്തമായ സാമ്പത്തിക സൈന്നിക പിന്‍ബലമുണ്ടായതുകൊണ്ടാണ് വെറും മാസങ്ങള്‍ മാത്രം നിലനിന്ന പോരാട്ടത്തിലൂടെ ഗദ്ദാഫി ഭരണകൂടത്തെ നിലംപരിശാക്കാന്‍ ലിബിയന്‍ വിമതര്‍ക്ക് കഴിഞ്ഞത്. ജനാധിപത്യം ആഗ്രഹിക്കുന്ന ഒരു സമൂഹം അതിന്റെ വിപ്ളവ സമരങ്ങളെ കൂടുതല്‍ ജനാധിപത്യപരമാക്കേണ്ടതുണ്ട്. ലിബിയയുടെ ചരിത്രത്തില്‍ ഗദ്ദാഫിയുടെ പതനം ഒരിക്കലും ഒരു ജനകീയമുന്നേറ്റത്തിലുപരി സംഖ്യകക്ഷികളുടെ സാഹായത്തോടെ നടത്തിയ കീഴടക്കലൊ അട്ടിമറിയായൊ ആയിട്ടായിരിക്കും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക. ജനാധിപത്യത്തിന്റെ പേരില്‍ അധിനിവേശരാജ്യങ്ങളുടെ ചിലവില്‍ നടന്ന ജനകീയമുന്നേറ്റങ്ങള്‍ ജനാധിപത്യ ത്തിനുവേണ്ടിയുള്ള അരാഷ്ട്രീയ മുന്നേറ്റങ്ങളായിരുന്നു എന്നുവേണം കരുതാന്‍. ഇത്തരം രാജ്യങ്ങളില്‍ ജനാധി പത്യത്തിന് അതിന്റെ പൂര്‍ണ്ണ സൗന്തര്യത്തോടെ വിടര്‍ന്ന് വിലസിക്കാന്‍ കഴിയില്ല. കാരണം അധിനിവേശ ത്തിന്റെ പരോക്ഷസാന്നിധ്യങ്ങള്‍ ഈ രാജ്യങ്ങളെ കൂടുതല്‍ രോഗതുരമാക്കിക്കൊണ്ടിരിക്കും. ഇറാക്കും അഫ്ഖാനി സ്ഥാനും അരാഷ്ട്രീയവാദത്തിന്റെ വിലയായി വരും തലമുറയുടെ രാഷ്ട്രീയഭാവിയെത്തന്നെ കുരുതികൊടുത്തു കഴിഞ്ഞു.
 
അരാഷ്ട്രീയവാദത്തിന്റെ പുതിയമുഖങ്ങള്‍
 
'ഞങ്ങള്‍ ജീവിക്കുന്നത് ഞങ്ങളുടെ കാശുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇവിടെ ആരുഭരിച്ചാലും ഇല്ലെ ങ്കിലും ഞങ്ങള്‍ക്കത് ഒരു വിഷയമേയല്ല എന്ന കുറ്റകരമായ അരാഷ്ട്രീയവാദം ഇവിടെ വേരുപിടിക്കുന്നുണ്ട്. ഞങ്ങള്‍ നികുതിയിനത്തില്‍ നല്ലൊരു തുക സര്‍ക്കാരിനുകൊടുക്കുന്നുണ്ട് എന്നിട്ടും സഞ്ചരിക്കാന്‍ ഇവിടുത്തെ പാലങ്ങളിലും റോഡുകളിലും ഞങ്ങള്‍ക്ക് ടോള്‍കൊടുക്കേണ്ടിവരുന്നു. വോട്ടുചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയബോധമായി നിങ്ങള്‍ എന്തുകൊണ്ടാണ് കാണാന്‍ ശ്രമിക്കുന്നില്ല' എന്നിങ്ങിനെ അനവധി ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നു. ഒറ്റനോട്ടത്തില്‍ വളരെ ന്യായമായി തോന്നാമെങ്കിലും. വളരെ കുറ്റകരമായ ഒരു സാമൂഹ്യവ്യവസ്ഥതിയിലേയ്ക്കും. പരിവര്‍ത്തോനോത്സുകമല്ലാത്ത ഒരു സാമൂഹ്യമനശ്ശാസ്ത്രത്തെത്തന്നെ സൃഷ്ടി ക്കാവുന്ന ഒരു ആള്‍ക്കൂട്ടമായി നമ്മുടെ സമൂഹം അധപതിക്കുന്നതിന്റേയും സൂചനകളായാണ് ഈ ന്യായവാദ ങ്ങളെ കാണേണ്ടത്.
 
ഇവിടെ തൊഴിലവസരങ്ങളും ഉന്നത വിദ്യാഭ്യസത്തിനുള്ള സൗകര്യങ്ങളും കുറഞ്ഞുപോയതും കോയമ്പത്തൂരും മൈസൂരുമുള്ള സ്വാശ്രയകോളേജുകളിലേക്ക് ഉപരിപഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ചേക്കേറേണ്ടിവന്നതും ഇവിടുത്തെ ജനാധിപത്യ സംവിധാനങ്ങളുടെ പരാജയമായി പുതുതലമുറ കാണുന്നു. അതിന് അവരെകുറ്റം പറയാനാവില്ല. പക്ഷെ വലിയ ഒരു ജനസമൂഹം തന്നെ അയുക്തികവും കുറ്റകരവുമായ നിഷ്‌ക്രിയതയിലേക്ക് ചുവടുമാറുകയും ഈ വലിയ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കാതെ ഒരു നോക്കുകുത്തിയുടെ ധര്‍മ്മം പോലു മനുഷ്ടിക്കാതെ സ്വന്തം തുരുത്തുകളിലേക്ക് ഉള്‍വലിയുകയും ചെയ്യുന്നതിന് എന്താണ് പ്രതിവിധി. ചിലരെങ്കിലും മൗസ്‌ക്ളിക്കുകളിലൂടെ വലിയ വലിയ അരാഷ്ട്രീയ മുന്നേറ്റങ്ങള്‍ നടത്താമെന്ന് വ്യാമോഹിക്കുന്നവരാണ്. അടുത്തിടെ അഴിമതിക്കെതിരെ നടന്ന അണ്ണാഹസാരെയുടെ സമരങ്ങള്‍ക്ക് വലിയൊരളവ് പിന്തുണ ലഭിച്ചത് സൈബര്‍ ലോകത്ത് നിന്നാണ്. വെയിലുകൊള്ളാതെ, ലീവെടുക്കാതെ, ഫേസ് ബുക്കില്‍ ഒരു ഫോളോവര്‍ ആവുന്നതിലൂടെ, ഒരു “ലൈക്ക്” ബട്ടണില്‍ ക്ളിക്ക് ചെയ്യുന്നതിലൂടെ താനും ഒരു വലിയ വിപ്ളവകാരിയായി എന്ന് പലരും സ്വയം വിശ്വസിപ്പിക്കുന്നു. അടുത്തിടെ സ്വാശ്രയകൊളജുകളുമായി ബന്ധപ്പെട്ട് നടന്ന സമര ത്തില്‍ ഒരു സമരക്കാരന്റെ മുണ്ടുരിഞ്ഞുപോയത് ഫേസ്ബുക്കില്‍ വലിയ ആഘോഷമായിരുന്നു. ഒരു പൊതുപ്രവര്‍ ത്തകന്‍ പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പൊരിവെയിലത്ത് ലാത്തിയടിയേറ്റ് ചോരപൊട്ടി ഉടുമുണ്ടുപോയി നിലവിളിക്കുന്നത് കാണുമ്പോള്‍ ടിന്റുമൊന്‍ ജോക്കിന്റെ നിലവാരത്തേയ്ക്ക് ഒരു രാഷ്ട്രീയക്കാരന്റെ ജീവിതത്തെ കാണാന്‍ പുതുതലമുറ തയ്യാറാവുന്നു.
 
ഇന്നത്തെ തലമുറയ്ക്ക് സ്വന്തം ഭാവിയെക്കുറിച്ച് വ്യക്തമായ ബോധമുണ്ട്. എന്തുപഠിക്കണം എവിടെ പഠിക്കണം ഏതുമേഖലയില്‍ പ്രവര്‍ത്തിക്കണം എങ്ങിനെ പണമുണ്ടാക്കണം തുടങ്ങി സ്വന്തം ജീവിതത്തെ സംബന്ധി ക്കുന്ന എല്ലാകാര്യങ്ങളിലും ഭൂരിഭാഗത്തിനും വ്യക്തമായ ധാരണകള്‍ ഉണ്ട്. പക്ഷെ സമൂഹത്തിന്റെ പൊതു ബോധവുമായി കൂടിച്ചേരുന്ന മൂല്യബോധം ഇവര്‍ക്ക് കഷ്ടിയാണ്. അധിനിവേശ മുലധനം യുവതലമുറയുടെ പൊതുബോധത്തെമുഴുവനായി ഹൈജാക്കുചെയ്യുന്ന ദയനീയമായ കാഴ്ചയാണ് കാണാനാവുന്നത്. സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഇവിടെ വലിയൊരു എന്‍ . ജി. ഓ സംസ്‌കാരം വളര്‍ന്നുവന്നത്. ജനാധിപത്യപരമായ വികസന അജണ്ടകള്‍ക്കുനേരെ ഈ എന്‍ .ജി.യോ കളെ ഉപയോഗിച്ചുകൊണ്ട് സാമ്രാജ്യ ത്വശക്തികള്‍ പുതിയ അരാഷ്ട്രീയതയുടെ വിത്തുകള്‍ വിതയ്ക്കുന്നു. 

കക്ഷിരാഷ്ട്രീയത്തിന്റെ മൂല്യപരമായ അപചയങ്ങള്‍

കഴിഞ്ഞ നാല് പതിറ്റാണ്ടോളം ഇന്ത്യഭരിച്ച ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഇന്ന് ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് ഘോര ഘോരം  ജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ കിണഞ്ഞുപരിശ്രമിക്കുകയും ജനാധിപത്യരീതിയില്‍ നടത്തപ്പെടുന്ന ജനകീയ മുന്നേറ്റങ്ങളെ അരാഷ്ട്രീയ വാദത്തിന്റെ ലേബലൊട്ടിച്ച് താറടിച്ച് കാണിക്കുകയും ചെയ്യുന്ന ജനാധി പത്യത്തിന്റെ വളരെ സവിശേഷമായ ഒരു പ്രതിസന്ധിയിലാണ് നാം ജീവിക്കുന്നത്. ഈ സമകാലിക സാഹച ര്യത്തിലാണ് അരാഷ്ട്രീയ വാദത്തെക്കുറിച്ച് നമ്മള്‍ ചര്‍ച്ചചെയ്യുന്നത്. സത്യത്തില്‍ ഈ അരാഷ്ട്രീയ വാദം ഒരു കുറ്റമാണോ...? അരാഷ്ട്രീയ വാദത്തിനും അതിന്റേതായ സാധൂകരണം ലഭിക്കുന്ന തരത്തില്‍ ഇവിടുത്തെ രാഷ്ട്രീ നേതൃത്വം മൂല്യപരമായി അധപതിക്കുമ്പോള്‍ മധ്യവര്‍ഗ്ഗസമുദായത്തിന്റെ രാഷ്ട്രീയ നിരാസങ്ങള്‍ക്ക് പ്രാധാന്യം കൈവരുന്നു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളോട് പടപൊരുതി സമഗ്രമായ ഒരു പരിവര്‍ത്തനത്തിന് പരി ശ്രമിക്കുന്നതിനുപകരം യുവതലമുറ രാഷ്ട്രീയത്തെ നിരാകരിച്ചുകൊണ്ട് നിമോറിന്റെ കവിതയിലെ നിസംഗത എടുത്തണിയുന്നു. എല്ലാഅര്‍ത്ഥത്തിലും കുറ്റമറ്റ ഒരു ഭരണസംവിധാനമല്ല ജനാധിപത്യം എന്നുപറയുന്നത്. ജനാധിപത്യം നിരന്തരമായ തിരുത്തലുകളിലൂടേയാണ് അതിന്റെ യഥാര്‍ത്ഥ സ്വത്വത്തെ നിലനിര്‍ത്തുന്നത്. അതുകൊണ്ട്തന്നെ ജനകീയ മുന്നേറ്റങ്ങള്‍ ജനാധിപത്യപ്രകൃയയില്‍ നിര്‍ണ്ണായകമാണ്. അടുത്തകാലത്ത് നടന്ന് ചില കക്ഷിരാഷ്ട്രീയാതീതമായി നടത്തപ്പെട്ട പൊതു ജനമുന്നേറ്റങ്ങളെ ജനാധിപത്യവിരുദ്ധം എന്ന് അരോപിച്ചുകൊണ്ട് നിലവിലുള്ള ഭരിക്കുന്ന സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ തക്കംപാര്‍ക്കുകയുണ്ടായി. ഒറ്റക്കക്ഷി ഭരണത്തിന്റെ അഹംങ്കാരത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ സ്വേച്ഛാധിപതികളായി അധപതിക്കുമ്പോള്‍ ഇവിടെ ഉണ്ടാകുന്ന പൊതുജനമുന്നേറ്റങ്ങള്‍ അത് ഒരു രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്‍തുണ നേടാതെയാണെങ്കില്‍ പോലും അത് രാഷ്ട്രീയമായ പ്രതികരണമാണ്. ആ നിലയ്ക്ക് അണ്ണാഹസാരെയുടെ നിരാഹാരസമരം തികഞ്ഞ രാഷ്ട്രീയ സമരമാണ്. അഴിമതിയുടെ ദുര്‍മ്മേദസ്സുവന്ന കക്ഷിരാഷ്ട്രീയ സമരക്കാര്‍ എന്തുതന്നെ ദുരാരോപണങ്ങള്‍ നടത്തിയാലും അണ്ണാഹസാരെയുടെ സമരത്തിന്റെ ജനാകീയമുഖത്തെ കരിവാരിത്തേയ്ക്കുക സാധ്യമല്ല. ഒരു പൊതു തിരഞ്ഞെടുപ്പ് ഉണ്ടാകുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ്സിന് ഇത് വ്യക്തമാവുകതന്നെ ചെയ്യും. നിലവിലുള്ള ദുര്‍വ്യവ്യവസ്ഥിതികളോട് ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെ പടപൊരുതുന്നതെന്തും രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

കക്ഷിരാഷ്ട്രീയത്തിന്റെ കോര്‍പ്പറേറ്റ് ബാന്ധവം
കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിലേറെയായി ഇന്ത്യഭരിച്ച ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഒരു കോര്‍പ്പറേറ്റ് സ്ഥാപനംപോലെ തികച്ചും ജനാധിപത്യത്തിന് ഏതിരായ രീതിയില്‍ പ്രവര്‍ത്തിക്കുകയും പൊതുവെ ജനാധിപത്യത്തിന്റെ കാവല്‍ ക്കാരായി സ്വയം അവരോധിക്കുകയും ചെയ്യുന്നതിന്റെ യുക്തിരാഹിത്യത്തില്‍ നിന്നു തുടങ്ങണം പുതുതലമുറയുടെ അരാഷ്ട്രീയ രോഗത്തിന്റെ അടിവേരുകള്‍ക്കുവേണ്ടിയുള്ള അന്വേഷണം. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പകല്‍ക്കൊള്ളയായ “ടുജി” അഴിമതിയുടെ പശ്ചാത്തലത്തില്‍ ലോക്പാല്‍ ബില്‍ പാസാക്കുന്നതിനു വേണ്ടി നടന്ന ജനകീയ സമരത്തോട് ഭരിക്കുന്ന സര്‍ക്കാര്‍ സമീപിച്ച രീതിയില്‍നിന്ന് ഇന്ത്യന്‍ ജനാധിപത്യ ത്തിന്റെ സമകാലിക പ്രതിസന്ധികളെക്കുറിച്ച് ചില ധാരണകള്‍ നമ്മുക്ക് കിട്ടുന്നു. ജനാധിപത്യം എന്നാല്‍ വോട്ട് ചെയ്യാന്‍ മാത്രമുള്ള അവകാശം മാത്രമാണെന്നും വേട്ട് ചെയ്തുകഴിഞ്ഞാല്‍ അടുത്ത അഞ്ചുവര്‍ഷം എന്ത് കൊള്ളാരുതായ്മയും കണ്ട് നിശബ്ദം സഹിച്ചിരിക്കണം എന്ന ജനാധിപത്യത്തിന്റെ പുതിയ അപനിര്‍മ്മിതിയാ ണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ബാബാറാംദേവിന്റേയും, അണ്ണാഹസാരെയുടേയും സമരങ്ങളോട് കാണിച്ച സര്‍ക്കാറിന്റെ ജനാധിപത്യവരുദ്ധ നിലപാടുകളെക്കുറിച്ച് പ്രതികരിച്ച ബുദ്ധിജീവികളെ അരാഷ്ട്രീയവാദികള്‍ എന്ന് വിളിച്ച് ഇവിടുത്തെ രാഷ്ട്രീനേതാക്കള്‍ അപഹസിക്കുകയുണ്ടായി.
 
മഹാരാഷ്ട്രയിലും കര്‍ണ്ണാടകത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കോര്‍പ്പറേറ്റ് ബാന്ധവത്തെക്കുറിച്ച് വ്യക്തമായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ജനനായകന്മാരുടെ പേരില്‍ കോടികളുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ച് വിക്കീലീക്‌സ് വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. അനുദിനം സ്വകാര്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നാടിന്റെ സമ്പദ് വ്യവസ്ഥയില്‍ സാര്‍ക്കാരിനുണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവരുന്നത് ജാനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. കള്ളപ്പണം അയല്‍ രാജ്യങ്ങളിലെ വമ്പന്‍ ബാങ്കുകളില്‍ സുരക്ഷിതമാക്കി വയ്ക്കുകയും ഇവിടുത്തെ കോര്‍പ്പറേറ്റ് മുതലാളിമാരുടെ ചെരുപ്പുനക്കുകയും ചെയ്യുന്ന പുതിയ രാഷ്ട്രീയനേതാക്കന്മാരുടെ ജനാധിപത്യസ്‌നേഹത്തെ പുതിയതലമുറ വളരെ അവജ്ഞയോടെയാണ് നോക്കിക്കാ ണുന്നത്. ഒന്നും ചെയ്യാതെ പൊതുമുതല്‍ കട്ടുമുടിക്കുന്ന ഈ രാഷ്ട്രീയക്കാരായ ജനാധിപത്യ വ്യഭിചാരികളെക്കാള്‍ എന്തുകൊണ്ടും മെച്ചം സാമ്പത്തികമായി ശക്തരായ കോര്‍പ്പറേറ്റുകളും പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള എന്‍.ജി.യോകളും ആണ് എന്ന് പുതുതലമുറ വിശ്വസിക്കുന്നു. ഈ ഒരു വിശ്വാസമാണ് യുവതല മുറയെ ഒരു പരിധിവരെ അരാഷ്ട്രീയ വാദികളാക്കുന്നത്. ഒരു ടാബ്ലറ്റ് പി.സി യിലൂടെ, ഐപോടിലൂടെ, ഒരു ജനതയുടെ ജീവിത വീക്ഷണത്തില്‍ വരെ സ്വാധീനിക്കുന്ന നവ സാങ്കേതിക വിദ്യകള്‍ക്ക് ഒരു പക്ഷെ ഇവിടുത്തെ വിപ്ളാവാദര്‍ശങ്ങളെക്കാള്‍ മുന്‍തുക്കമുണ്ടെന്ന് പുതുതലമുറ കരുതുന്നു.
 
രാഷ്ട്രീയ സമരങ്ങള്‍ പലപ്പോഴും പ്രതിപക്ഷത്തിന്റെ ക്രിയാത്മക വിമര്‍ശങ്ങള്‍ക്കുമുപരി പ്രതികാരപരമായ അധികാരമോഹങ്ങളിലഥിഷ്ടിതമായ സ്വാര്‍ത്ഥ സമരങ്ങളായി അധപതിക്കുന്നതും ഒരു തലമുറ കണ്ടുവളരുക യാണ്. അതുകൊണ്ടാണ് കേരളത്തിലെ സമകാലിക രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്ന്‌കൊണ്ട് മധ്യവര്‍ഗ്ഗത്തിലെ ഭൂരിഭാഗം കുട്ടികളും “ഹര്‍ത്താല്‍ ” കേരളത്തിന്റെ ഒരു ദേശിയ ആഘോഷമാണ് എന്ന് തമാശ പറഞ്ഞ് രസി ക്കുന്നത്. ഭരണകൂടങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങളോട് ചെയ്യുന്ന ഇരട്ടത്താപ്പ് നയം രാജ്യത്തിന്റെ ഇച്ഛാശക്തിക്ക് തന്നെ പോറലേല്‍പിക്കുന്ന ഒന്നാണ്.

അരാഷ്ട്രീയവാദം ഒരു പ്രതികരണമാണ്?
സമകാലിക ജീവിതത്തിലെ അരാഷ്ട്രീയപ്രവണതകളുടെ പൊതുവായ സ്വഭാവം “നിഷേധം” ആണ്. വളരെ കുറ്റകരമായ രീതിയില്‍ പ്രയോഗിക്കപ്പെടുന്ന, അപനിര്‍മ്മിക്കപ്പെടുന്ന ജനാധിപത്യ പ്രക്രിയയെ നിഷേധിക്കു കയും വിട്ടുനില്‍ക്കുകയും ചെയ്യുന്ന സാമൂഹ്യാവസ്ഥയെ കുറ്റപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ നിലവി ലുള്ള രാഷ്ട്രീയ സാഹചര്യങ്ങളോട് പെട്ടെന്നുള്ള ഒരു പ്രതികരണമായി ഇതിനെക്കാണാം. അതുകൊണ്ടുതന്നെ ഈ പ്രതികരണത്തെ അരാഷ്ട്രീയവാദം എന്ന് പറയാനാവില്ല. പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യുന്ന അരാഷ്ട്രീയം ഒരു പ്രതികരണത്തിന്റെ നൈതികതയല്ല. അത് മാറിവരുന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ കുറ്റകരമായ നിസം ഗതയാണ്. അധിനിവേശ മൂലധനത്തിന്റെ പ്രവര്‍ത്തനഫലമായി ഇവിടെ രൂപപ്പെടുന്ന ജീവിതത്തിന്റെ അരാഷ്ട്രീയ ശൈലികളുടെ സ്വാധീനത്തെ സംബന്ധിക്കുന്നതാണ്.
 
രാഷ്ട്രീയമായി, മൂല്യപരമായി, സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു തലമുറ നമ്മുടെ രാജ്യത്ത് വളര്‍ന്നുവരുന്നതില്‍ കൂടുതല്‍ ആകുലപ്പെടുന്നത് അവിടുത്തെ കോര്‍പ്പറേറ്റുകളാണ്. ധൈഷണിക നിലവാരമുള്ള ഒരു തലമുറ ഇവിടെ വളര്‍ന്നുവന്നാല്‍ വേരുപിടിക്കാന്‍ എളുപ്പമല്ല എന്ന് നമ്മുടെ കോര്‍പ്പറേറ്റുകള്‍ക്ക് അറിയാം. അതു കൊണ്ട് തന്നെ അവരുടെ വിപണിയുടെ പ്രത്യയശാസ്ത്രം എന്നുപറയുന്നത് മധ്യവര്‍ഗ്ഗമെന്നൊ ഉപരിവര്‍ഗ്ഗ മെന്നൊ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്നൊ വ്യത്യാസമില്ലാതെ  ഏറ്റവും വിലകുറഞ്ഞ ഉപഭോഗ ചാപല്യ ങ്ങളെ കുത്തിവയ്ക്കുക എന്നതാണ്. സുഖിക്കുകയും ആര്‍ഭാടങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരു യുവതലമുറ ഇവിടെ വളര്‍ന്ന് വരേണ്ടത് അവരുടെ ആവശ്യമാണ്. ചിന്തിക്കുന്ന, യാഥാര്‍ത്ഥ്യബോധമുള്ള ഒരു തലമുറയിലേ ക്ക് തന്റെ ഉല്‍പന്നങ്ങളെ വില്‍പനയ്ക്ക് വയ്ച്ചാല്‍ പരാജയമായിരിക്കും നേരിടേണ്ടിവരിക എന്ന് ഇവിടുത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അറിയാം. കോര്‍പ്പറേറ്റുകള്‍ക്ക് മുന്‍പില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന രാഷ്ട്രീയനേതാക്കള്‍ ജനാധി പത്യത്തെ സത്യത്തില്‍ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയബോധമില്ലാത്ത ഉപഭോഗ ചാപല്യങ്ങളുള്ള രാഷ്ട്രീയ മൂല്യവിചാരങ്ങളില്ലാത്ത ഒരു തലമുറ ഇവിടെ വളര്‍ന്ന് വരുന്നതില്‍ അവര്‍ക്ക് അധികളൊന്നുമില്ല. അഞ്ചുവര്‍ഷത്തെ അധികാരം കഴിയുന്നതിനുള്ളില്‍ പരമാവധി സ്വത്ത് സമാഹരിക്കുക എന്നതില്‍ കവിഞ്ഞ് അവരുടെ രാഷ്ട്രീയബോധത്തിന് ഒരു മൂല്യവിചാരങ്ങളുമില്ല എന്നതാണ് നമ്മുടെ ദുരന്തം.
 
ഇത്തരം ഒരു പ്രതിസന്ധിയിലാണ് ചിന്താശേഷിയും, കര്‍മ്മശേഷിയുമുള്ള, സര്‍ഗ്ഗാത്മകതയുള്ള, വലിയ ഒരു തലമുറ അരാഷ്ട്രീയം പറയുന്നത്. അധിനിവേശ മൂലധനം എന്‍ . ജി. ഓ കളുടെ രൂപത്തില്‍ അരാഷ്ട്രീയവാദം പടര്‍ത്തുമ്പോള്‍ സ്വന്തം രാജ്യത്തിന്റെ ജനാധിപത്യസത്തകളെ ഉള്‍ക്കൊള്ളാനാവാതെ ഒരു തലമുറ രാഷ്ട്രീയ മായി നിസംഗതയുടെ മൂടുപടമണിയുന്നത് ജനാധിപത്യം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്.
 
വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യംപോലെ തന്നെ അത് ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മള്‍ പല പ്പോഴും തര്‍ക്കിക്കാറുണ്ട്. വോട്ട് ചെയ്തതിനുശേഷം അടുത്ത അഞ്ചുവര്‍ഷം ഭരണവര്‍ഗ്ഗത്തിന്റെ എല്ലാ കൊള്ളരുതായ്മകളേയും നിശ്ശബ്ദമായി സഹിക്കേണ്ടിവരുന്ന നിര്‍ഭാഗ്യത്തെക്കാള്‍ എത്രയൊ അശ്വാസകരമാണ് നിലവാരം കുറഞ്ഞ ഈ ജനാധിപത്യ പ്രകൃയയില്‍ പങ്കെടുക്കാതിരിക്കുന്നത് എന്ന് ചിലരെങ്കിലും ചിന്തിക്കുന്നു. ഇത്തരക്കാരെ അരാഷ്ട്രീയവാദികള്‍ എന്ന് വിളിക്കാമോ..? അടിസ്ഥാനപരമായി അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. ഒരു ജനാധിപത്യ പ്രക്രിയയില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന വളരെ പ്രധാമായി ഒരു പ്രതിസന്ധിയാണ് തിരഞ്ഞെടുക്കാന്‍ യോഗ്യമായ ഒന്ന് ഇല്ലാതെ വരുന്നത്. അതിലും വലിയ പ്രതിസന്ധിയാണ് തിരഞ്ഞെടുക്കപ്പെട്ടത് വളരെ പ്രതിലോമകരമായി പ്രവര്‍ത്തിക്കുയും അതിനെ അഞ്ചു വര്‍ഷം സഹിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ. ഈ പ്രതിസന്ധികളോടുള്ള പെട്ടെന്നുള്ള പ്രതികരണ മെന്നുള്ള നിലയ്ക്ക് സ്വന്തം സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കാനുള്ള അവകാശം നമ്മുക്കുണ്ട്. ജനാധി പത്യപ്രക്രിയയില്‍ നിന്ന് ഇങ്ങിനെ വിട്ടുനില്‍ക്കുന്ന സ്വാഭാവിക പ്രതികരണത്തെ പലരും അരാഷ്ട്രീയ വാദം എന്ന് വിളിച്ചുകേള്‍ക്കാറുണ്ട്. സത്യത്തില്‍ ഇത് അരാഷ്ട്രീയ വാദമല്ല മറിച്ച് നല്ലൊരു രാഷ്ട്രീയ സാഹചര്യം സ്വന്തം രാജ്യത്ത് രൂപ്പെടാത്തതിലുള്ള നിരാശയാണ് ഇതിലൂടെ സമ്മതിദായകന്‍ പ്രകടിപ്പിക്കുന്നത്. ഇത് നമ്മുടെ ജനാധിപത്യത്തിലെ വലിയ ഒരു പോരായ്മയാണ്. മൂല്യരാഷ്ട്രീയത്തില്‍ വന്ന അപചയത്തിന്റെ ഫലമായാണ് ഇങ്ങിനെ ഒരവസ്ഥാവിശേഷം ഉണ്ടാകുന്നത്.
 
ജനാധിപത്യത്തെ തിരിച്ചുപിടിക്കുക
 
സമകാലിക ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ജനാധിപത്യസംവിധാനത്തിലെ മൂല്യപരമായ അപ നിര്‍മ്മിതിയാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഏതൊരു ജനകീയ സമരങ്ങളേയും അരാഷ്ട്രീയ വാദത്തിന്റെ ചാപ്പകുത്തി ഭ്രഷ്ട്കല്‍പിക്കുന്നതാണ് ഇന്നത്തെ ഒരു രീതി. അഴിമതി സ്ഥാപനവല്‍ക്കരിക്ക പ്പെടുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ജനകീയമുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കാന്‍ ഇങ്ങിനെ ദുരുദ്ദേശപരമായ, അടിസ്ഥാമില്ലാത്ത (dogmatic) വിമര്‍ശനങ്ങളിലൂടേയും ജനാധിപത്യപരമാല്ലാത്ത അടിച്ചമര്‍ത്തലുകളി ലൂടേയും സ്വന്തം കസേരയുറപ്പിക്കാന്‍ യത്‌നിക്കുന്നു. ജനാധിപത്യത്തിന്റെ ഈ പരസ്യവ്യഭിചാരം കക്ഷി രാഷ്ട്രീയ പ്രഭുക്കള്‍ നടത്തുമ്പോള്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ചിന്തിക്കാന്‍ ശേഷിയുള്ള പ്രബുദ്ധ രായ ഒരു മധ്യവര്‍ഗ്ഗസമൂഹം സൗകര്യപൂര്‍വ്വം നിസംഗതയുടെ, അരാഷ്ട്രീയതയുടെ മുഖംമൂടി ധരിക്കുന്നു. രണ്ടും ജനാധിപത്യത്തിന് അപകടമാണ് ഒരിടത്ത് കപടരാഷ്ട്രീയബോധവും മറ്റിടത്ത് അപകടകരമായ അരാഷട്രീയ വാദവും. ഇത് വല്ലാത്തൊരു പ്രതിസന്ധിയാണ്. വ്യക്തമായ ജനാധിപത്യബോധത്തോടെ വേണ്ടിവന്നാല്‍ കക്ഷിരാഷ്ട്രീയാതീതമായ ജനകീയ മുന്നേറ്റങ്ങള്‍ നമുക്ക് ആവശ്യമാണ്. രാജ്യത്തെ കാര്‍ന്നുതിന്നുന്ന സ്ഥാപന വല്‍ക്കരിക്കപ്പെട്ട അഴിമതിക്കെതിരേയും സംഘടിത മതരാഷ്ട്രീയത്തിനെതിരേയും വലിയ വലിയ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഈ ജനകീയ മുന്നേറ്റങ്ങളിലൂടെ ജനാധിപത്യത്തില്‍ കറവീഴ്ത്തുന്ന കക്ഷിരാഷ്ട്രീയ ദുര്‍മ്മേദസ്സുകളെ അസ്ഥിരപ്പെടുത്താന്‍ കഴിയും. ഇതിലൂടെ നല്ലൊരു ജനാധിപത്യ പ്രക്രിയ യിലേക്ക് നമ്മുടെ രാജ്യത്തെ പരിവര്‍ത്തനപ്പെടുത്താന്‍ കഴിയും. അടുത്തിടെ അണ്ണാഹസാരെയുടെ നേതൃത്വ ത്തില്‍ നടന്ന ജനകീയ സമരം ഇത്തരത്തില്‍പ്പെടുന്ന ഒന്നാണ്.
 
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.