2011, മേയ് 29, ഞായറാഴ്‌ച

അന്നൊരു മഴക്കാലത്ത് യൂദാശ്ലീഹാ എന്നെ പറ്റിച്ചു

ഇരുണ്ടുകൂടിയ കരിമേഘങ്ങള്‍ക്കിടയില്‍ ഒരിടിവാളിന്റെ വേരുകള്‍ മിന്നിമാഞ്ഞതും ഞാന്‍ പാടത്തെ നിറഞ്ഞൊഴുകുന്ന കൈത്തോടിലേക്ക് എടുത്തുചാടി. അതിന്റെ പച്ചമണ്ണുകലര്‍ന്ന് തെയിലനിറംപുണ്ട വെള്ളത്തിലേക്ക് ഞാന്‍ ഊളിയിട്ടു. ഹാ....യ്.... മഴയുടെ ഗന്ധം.... മഴ... മഴ... നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഞാറ്റുപാടത്ത് മഴയുടെ സഞ്ചിതതാളം മുറുകി. ചെവികളില്‍ ശിര്‍ര്‍ര്‍...ന്ന് ഒരു ചെത്തം മാത്രം... ഒഴുക്കില്‍
 മലന്ന് കിടക്കുമ്പൊ അടിക്കാറ് വെളുത്ത് മഴ തിമിര്‍ക്കുകയാണ്. അതെ ഇന്നു മുഴുവന്‍ പെയ്യും ഈ മിഥുനമഴ...

മഴയെ പ്രണയിച്ചിരുന്നു, പ്രണയം മഴയായിരുന്നു, പിന്നെയെപ്പോഴൊ മുഖത്ത് പേരറിയാത്ത വികാരങ്ങളുടെ എണ്ണകിനിഞ്ഞുകൊണ്ടേയിരുന്ന കൗമാരത്തിന്റെ, അപകര്‍ഷതാബോധത്തിന്റെ, അടക്കിപ്പിടിച്ച രതിയുടെ, അര്‍ത്ഥമറിയാതെ തോലോലിച്ച കാമനകളുടെ പെയ്ത് തോരാത്ത വികാരമായി മഴ മാറി. മാറ്റിയും മറിച്ചുമിടാന്‍ രണ്ടു നിക്കറും രണ്ടുകുപ്പായവും മാത്രമുള്ളവന്റെ നനയിലിന്, മഴത്തുള്ളിക്ക്, പിന്നീട് കണ്ണീരിന്റെ സ്വാദായി. മഴേ നീ പെയ്യരുതേ എന്ന് പ്രാര്‍ത്ഥിച്ചുപോയി ഒരിക്കല്‍ .
“ഹേയ്... എനിക്ക് കുടയില്ലാതെയല്ല കുട എടുക്കാന്‍ ഒരു മടി... ഇങ്ങിനെ നനയാനാണ് ഇഷ്ടം” എന്നൊക്കെ പുളുപറഞ്ഞ് കവലയിലെ ചേറും ചളിയും പുരണ്ട പുതുനഗരത്തെ പോക്കരുടെ ചെരുപ്പുകടയുടെ കോലായയിലേക്ക് മഴനനയാതിരിക്കാന്‍ കേറിനില്‍ക്കും. മഴക്കാലത്ത് കച്ചോടം കുറഞ്ഞതിന്റേയും പിള്ളേര് ചവുട്ടി കോലായ കേടുവരുത്തുന്നതിന്റേയും അരിശംപൂണ്ട് അയാള്‍ പറയും “നായ്ക്കള്..... കൊടേം വടിംമൊന്നുമില്ലാണ്ടാണോടാ പൊരെന്നറ്ങ്ങ്ണ്”.

മഴേ നിയൊന്നടങ്ങ്..... അരക്കിലോമീറ്റര്‍ നടക്കണം അതും കുട പിടിച്ച് നടന്നുനീങ്ങുന്ന ഒരുകൂട്ടം സഹപാഠികള്‍ക്കിടയിലൂടെ ഈ മഴയും നനഞ്ഞുകൊണ്ട്‌.
വയ്യ..എന്നും കുടമറന്നുവെന്ന് കള്ളംപറയുന്ന എന്റെ പുറംപൂച്ചിനെ കൂട്ടുകാര്‍ പരസ്യമായി കളിയാക്കിത്തുടങ്ങിയിരുന്നു. എന്റെ ദാരിദ്ര്യം അവരറിയണ്ട, എങ്ങിനെയെങ്കിലും ഒരു കുടവേണം. ചോരുന്നതായാലും കുഴപ്പമില്ല... ഇവര്‍ക്കിടയില്‍ മനസ്സിടിയാതെ നടക്കണം...

അന്നൊരു ഞായാറാഴ്ച്ചപത്രത്തിന്റെ ക്ലാസ്സിഫൈഡ് കോളത്തില്‍ ഒരു ചെറു പരസ്യം കണ്ടു. വിശിഷ്ട യുദാശ്ലീഹായ്ക്കുള്ള പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹങ്ങള്‍ സഫലമായ ഒരു വിശ്വാസി നന്ദിപ്രകടിപ്പിച്ചുകൊണ്ട് പ്രാര്‍ത്ഥനമൊത്തമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ദിവസവും ഈ പ്രാര്‍ത്ഥന ഒന്‍പതുപ്രാവശ്യം ചൊല്ലണം. പ്രാര്‍ത്ഥനയുടെകൂടെ അവസാന വാചകത്തിന് തൊട്ടുമുന്‍പ് നമ്മുടെ ആവശ്യങ്ങള്‍ എന്താണൊ അതു ചൊല്ലുക. ദിവസവും രാവിലേയും വൈകീട്ടും പ്രാര്‍ത്ഥിക്കുക ആഗ്രഹങ്ങള്‍ സഫലമാകും. പരസ്യം കണ്ടതോടെ മനസ്സ് വളരെ ആഹ്ലാദിച്ചു. എനിക്ക് ഒരുപാട് ആവശ്യങ്ങളുണ്ട്. വള്ളിപൊട്ടിയ ചെരുപ്പില്‍ സേഫിറ്റിപിന്‍ കുത്തി നിര്‍ത്തിയിരിക്കുകയാണ്. ഇറക്കം കുറഞ്ഞ പാന്റിന്റെ കാലറ്റത്തെ തുന്നല്‍ അഴിച്ചുവിട്ട് കണംങ്കാലു കാണാതെ അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്. രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഒരു മഴവന്നാല്‍ പിടിക്കാന്‍ ഒരു കുടയില്ല. ഇട്ട തുണിനനഞ്ഞാല്‍ ഈ മഴക്കാലത്ത് വെടിക്കില്ല. മാറിയിടാന്‍ പുതിയ നിക്കറൊ പാന്റൊ കുപ്പായമൊ ഇല്ല... ഇതൊക്കെ വാങ്ങിത്തരാന്‍ അച്ഛന്റെ കൈയ്യില്‍ പൈസയില്ല. അച്ഛനോട് ഇപ്പോള്‍ എന്റെ ഒരാവശ്യവും പറയാറില്ല. എന്നാല്‍ ഇതാ ഒരു വഴി തുറന്നുകിട്ടിയിരിക്കുന്നു. ഈ വിശുദ്ധയുദാശ്ലീഹ എനിക്കെന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. ഈ പ്രാര്‍ത്ഥന ദിവസവും രാവിലേയും വൈകുന്നേരവും ഒന്‍പതുപ്രവശ്യം വീതം ചൊല്ലിയാല്‍ മതി. മനസ്സ് വളരെ സന്തോഷിച്ചു... സന്തോഷം കൊണ്ട് എനിക്കു
കരച്ചില്‍ വന്നു. ദൈവം എനിക്കൊരു വഴിതുറന്നുതന്നിരിക്കുന്നു. ഇപ്പോള്‍ അത്യാവശ്യമുള്ളതെന്തൊക്കെ...? മലയാളം നോട്ടുപുസ്തകത്തില്‍ നിന്ന് ഒരു കാലിപ്പേജ് കീറിയെടുത്ത് എഴുതിത്തുടങ്ങി.
ഒന്ന് ഒരു വി.കെ.സി. ചപ്പല്‍,
ഒരു സിറ്റിമാന്‍ ഷര്‍ട്ട്,
ഒരു പാന്റ്,
ഒരു ഹീറോ പേന (ചൈന മേഡ്),
ഒരു കുളംമ്പൊ കുട അത് കുത്തിമടക്കുന്നതാവണം എന്നൊന്നുമില്ല സാദാ വലുപ്പത്തിലുള്ളതായാലും മതി കാരണം വലിയ മോഹങ്ങളൊന്നുമില്ല മാത്രമല്ല പെട്ടെന്നൊരു ദിവസം വലിയ പത്രാസുകാരനായാല്‍ കൂട്ടുകാര്‍ സംശയിക്കില്ലെ...
പിന്നെ പത്രത്തില്‍ വന്ന വിശുദ്ധയുദാശ്ലീഹായുടെ പ്രാര്‍ത്ഥന അവരും കാണാനിടയുണ്ട് അത് മനസ്സില്‍ പുതിയ ഒരു ടെന്‍ഷനായി. അവര്‍ കാണരുത്... ദൈവമേ..... 

ഈ നാശം പിടിച്ച മഴ സ്‌കൂളുവിടുന്ന നേരം നോക്കി വന്നോളും. ആരെ കാണാനാണാവൊ ഈ വരവ്. മഴയത്ത് ഒരോട്ടമാണ് പിള്ളേര് കാണുന്നതിനുമുന്‍പ് വീട്ടിലെത്തും. പിന്നെയുള്ളത് വഴിയിലും കവലയിലുമുള്ള കുറച്ച്‌ ആളുകളാണ്. 'പറമ്പില്‍ വീട്ടിലെ' രാജപ്പേട്ടന്റെ മകന്‍ മഴയത്ത് നനഞ്ഞൊലിച്ചുകൊണ്ട് ഓടുന്നത് നാട്ടുകാര്‍ കാണുന്നുണ്ട് എന്ന അറിവ് എന്റെ മനസ്സിനെ പൊള്ളിക്കുന്നുണ്ടായിരുന്നു. പാരമ്പര്യമായിത്തന്നെ പാടവും പറമ്പുമൊക്കെയുണ്ടായിട്ടും മര്യാദയ്ക്ക് സ്വന്തം കുട്ടിയെ സ്‌കൂളിലേക്ക് വിടാന്‍ അങ്ങേര്‍ക്ക് കഴിയുന്നില്ലേ...
ഒരു കുടപോലും വാങ്ങിക്കൊടുത്തിട്ടില്ല ദാ... കണ്ടില്ലെ നനഞ്ഞുകൊണ്ടോടുന്നത്... എന്നൊക്കെ അച്ഛനെ നാട്ടുകാര്‍ ദൂഷിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷെ എന്തുചെയ്യാം... ഏതു വഴിയെ ഓടിയാലും ഈ നാട്ടില്‍ എന്നെയും അച്ഛനേയും അറിയാത്തവരായി ആരുമില്ല. കടവും കടപ്പാടുമായി മുട്ടിനും മുറിക്കും തികയ്ക്കാന്‍ നെട്ടോട്ടമോടുന്ന എന്റെ അച്ചന്റെ നെഞ്ചിലെ തീ നാട്ടുകാര്‍ക്കറിയേണ്ടല്ലൊ....ഇനി ഈ നാട്ടുകാര്‍ എത്ര പരദൂഷണം പറഞ്ഞാലും എത്ര പറയും... ഏറിയാല്‍ പത്തുദിവസം. അതേ... പത്തുദിവസം...അങ്ങിനെയാണ് യുദാശ്ലീഹായുടെ പ്രാര്‍ത്ഥനയുടെ പ്രാരംഭത്തില്‍ കൊടുത്തിട്ടുള്ളത്. പത്തുദിവസം മുടങ്ങാതെ അതിലെ പ്രാര്‍ത്ഥനാ വാചകങ്ങള്‍ ഉരുവിടണം. പിന്നെ ഞാനൊരു പോക്കുണ്ട്... സ്‌കൂളിലേക്ക്... വലിയ കേമനൊന്നുമാവണ്ട... എന്നാലും ഈ ദുരിതത്തിന് ഒരു മാറ്റം വരണം. മഴയും നനഞ്ഞ്, എന്നും ഇട്ടത് തന്നെ ഇട്ട്....

ജ്യാമിട്രിബോക്‌ ഇല്ലാതെ ക്ലാസ്സിലേക്ക് വരുന്നവരെ ടീച്ചര്‍ ക്ലാസ്സിന് വെളിയിലേക്ക് പായിക്കും. സ്ഥിരമായി ക്ലാസ്സിനുവെളിയിലുള്ള ആ നില്‍പ്... സഹിക്കൂല. ആദ്യമൊക്കെ സതീഷും, മണിയും, സഹദേവനുമൊക്കെ കൂടെയുണ്ടാവും... പിന്നെ പിന്നെ അവരും വാങ്ങി ജ്യാമിട്രിബോക്സ്സ്. “കാമലി” ന്റെ അല്ലെങ്കിലും പേരിനൊരെണ്ണം കിട്ടും കുറഞ്ഞവിലയക്ക്... ഒടുവില്‍ വെയിലും മഴയും മാറി മാറി മേഞ്ഞുനടക്കുന്ന സ്‌കൂള്‍ഗ്രൗണ്ട് നോക്കി വരാന്തയില്‍ ഞാന്‍ നില്‍ക്കും ദിവസങ്ങളോളം ഒറ്റയ്ക്ക്.

വീട്ടിലേക്ക് ചെന്നുകേറിയ പാടെ ആരുംകാണാതെ വീട്ടിലെ അരിയും സാധനങ്ങളും എടുത്തുവയ്ക്കുന്ന കലവറയ്ക്കകത്തുകയറി (ഞങ്ങളതിനെ നടുമുറി എന്നാ പറയുക) വാതിലടച്ചു. ആദ്യമൊക്കെ പേപ്പര്‍കട്ടിംഗ്‌ നോക്കി വായിച്ചു. പിന്നെ കാണാപാഠമായി... പ്രാര്‍ഥനയ്ക്കിടയില്‍ വരിവരിയായി എന്റെ ആവശ്യങ്ങള്‍ വിശുദ്ധ യുദാശ്ലീഹായോട് അഭ്യര്‍ത്ഥിച്ചു. ദൈവമേ... എനിക്ക് ഒരു വി.കെ.സി. ചപ്പല്‍, ഒരു കുളമ്പൊ കുട, ഒരു സിറ്റിമാന്‍ ഷര്‍ട്ട്, ഒരു പാന്റ്, ഒരു ബാഗ്.... മതി ഇത്രയും മതി...

പ്രാര്‍ത്ഥന വിചാരിച്ചപോലെയല്ല കഠിനം തന്നെ തെറ്റാതെ വായിച്ചാലെ ഫലമുള്ളു ആദ്യത്തെ അഞ്ചാറു ദിവസം പ്രാര്‍ത്ഥന പലതവണതെറ്റി അപ്പോള്‍ പത്തുതവണയെന്നത് പതിനഞ്ചുതവണയാക്കി. വീണ്ടും തെറ്റുകള്‍ വന്നു. ആവശ്യങ്ങള്‍ക്കിടയ്ക്ക് പഴയതില്‍ നിന്നും വ്യത്യസ്തമായി അറിയാതെ പുതിയ ആവശ്യങ്ങളും വന്നു. കാമെലിന്റെ ജ്യാമിട്രബോക്‌സ്, ലേബര്‍ ഇന്‍ഡ്യ ഗൈഡ്, മാജിക് സ്ലേറ്റ്.... അങ്ങിനെ.... പ്രാര്‍ത്ഥന പത്തുദിവസം എന്നത് ഒരുമാസമാക്കി നീട്ടി... കാത്തിരുന്നു... ദൈവം ഈ സമ്മാനങ്ങള്‍  എങ്ങിനെയാണ് തനിക്ക് കൈമാറുക എന്ന സംശയം എന്നെ വല്ലാതെ ബാധിച്ചു. അതുകൊണ്ട് ആരും കാണാത്ത ഇടങ്ങളിലേക്ക് എന്റെ ഒഴിവുകാലം ചുരുങ്ങി. യുദാശ്ലീഹ ഇത് തരുമ്പോള്‍ അരും കാണരുതല്ലോ... ഞാനൊറ്റയ്ക്കാവുമ്പോഴെ അങ്ങേര് വരാന്‍ തയ്യാറാവുകയുള്ളു. അമ്മ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ ഒറ്റയ്ക്കുള്ള നടപ്പും പുസ്തകം തുറന്നുവച്ച് ഈ സ്വപ്നം കാണലും അമ്മ കാണുന്നുണ്ടായിരുന്നു.

മതി... ഇനിയൊന്നും എനിക്ക് ഒളിച്ചുവയ്ക്കാനില്ല.... ഒരു മഴക്കാലം വിടപറയുന്നു. തരാമെന്നേറ്റ കൊളംബൊകുടയില്ല... അങ്ങേര്‌ടെ പൊടിപോലുമില്ല... വിശുദ്ധ യുദാശ്ലീഹ എന്നെ പറ്റിച്ചിരിക്കുന്നു. വി.കെ.സി ചപ്പലൊ, ഷര്‍ട്ടൊ പാന്റൊ ഒക്കെ പോകട്ടെ സ്വന്തം തലയ്ക്കുപിന്നിലെ തിളങ്ങുന്ന ചന്ദ്രപ്രഭയില്‍ നിന്ന് എന്റെ മുഖത്തേയ്ക്ക് ചെറിയ ഒരു പ്രകാശത്തിന്റെ തൂവലെങ്കിലും പറിച്ചെറിയാമായിരുന്നില്ലേ.... ഞാന്‍ അന്ന് വൈകുന്നേരം തുറന്നുവച്ച പുസ്തകം മുഖത്തോട് ചേര്‍ത്ത് വച്ച് പൊട്ടിക്കരഞ്ഞു... അമ്മ വന്നു.... ചോദിക്കാതെ തന്നെ ഞാനെല്ലാം പറഞ്ഞു... അമ്മയും കരയുന്നുണ്ടായിരുന്നു... അമ്മ എന്റെ കണ്ണീരില്‍ കുതിര്‍ന്ന രണ്ടുകവിളിലും കരഞ്ഞുകൊണ്ട് ഉമ്മവച്ചു.
എന്റെ അമ്മ എന്നെ ചേര്‍ത്തുപിടിച്ച് കരയുന്നതെന്തിനാണ്...
യുദാശ്ലീഹാ അമ്മയേയും ഇതുപലെ പറഞ്ഞു പറ്റിച്ചിരിക്കുമൊ....?!!

2011, ഫെബ്രുവരി 19, ശനിയാഴ്‌ച

പിന്നാക്കം നടന്നെത്താമോ... ആനപ്പിന്നാലെ വരമ്പുകളിലേക്ക്.. ഇരുട്ടായിട്ടും തീരാക്കളികളിലേക്ക്

ബാല്യത്തിലേക്ക്, പിന്നിയ കുപ്പായങ്ങളിലേക്ക്, മുഷിഞ്ഞ
പാഠങ്ങളിലേക്ക് ആനപിന്നാലെ വരമ്പുകളിലേക്ക്... ഒരു തിരിച്ചുപോക്കിനെ വെറുതെ ഓര്‍മ്മിപ്പിക്കുന്ന ആറ്റൂരിന്റെ ഒരുകവിതയുണ്ട്. വെറുതെ ഒരു തിരിഞ്ഞു നടക്കലിനെ കുറിച്ച് ഒര്‍ത്തുപോവുകയല്ല ഇപ്പോള്‍. നമ്മുക്ക് എന്താണ് പറ്റിയത് എന്ന തികച്ചും കനംതൂങ്ങിയ ഒരു ചിന്തയില്‍ നിന്ന് വേദനയോടെ ആറ്റൂരിന്റെ കവിതയിലേക്ക് ഒന്നു കാലുതെന്നിയതാണ്. എനിക്ക് ഏറെ പരിചിതമായ തൊണ്ണൂറുകളിലെ സജീവമായ സാഹിതീയ പരിസരങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക്. ഒരു പക്ഷെ വായന പച്ചപിടിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത് എന്നതുകൊണ്ടാകാം മനസ്സ് ഈ ഇടവേളകളില്‍ പലപ്പോഴും ഒരു തിരച്ചുപോക്ക് നടത്തുന്നത്.


എഴുപുതുകളുടെ ക്ഷുഭിത യൗവ്വനം പ്രസ്ഥാനപരമായ മുന്നേറ്റങ്ങള്‍ക്കൊപ്പിച്ച് തന്റെ വാക്കുകളേയും ചിന്തകളേയും രൂപപ്പെടുത്തിയെടുത്തപ്പോള്‍ ഞാന്‍ അക്ഷരപ്പിച്ച തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സായുധമായ
വാക്കുകളുടെ അമ്ലതീക്ഷണതയെക്കാള്‍ എനിക്ക് പരിചയം നിരായൂധീകിക്കപ്പെട്ടവന്റെ നിരാശയേറിയ ദൈന്യങ്ങളാണ്. എഴുത്തിന്റെയും സര്‍ഗ്ഗാത്മക വായനയുടേയും ചിന്തകളുടേയും നല്ലൊരു കാലം തൊണ്ണൂറുകളായിരുന്നു. തൊണ്ണൂറുകള്‍ പകര്‍ന്നു തന്ന ആന്തരികജീവിതത്തിന്റെ വറ്റാത്ത പച്ചയിലാണ് ഇന്നും എന്റെ സര്‍ഗ്ഗാത്മകജീവിതം ഉണങ്ങാതെ നില്‍ക്കുന്നത്. എന്താണ് എന്നെപോലെയുള്ള ഇന്നത്തെ മൂന്നാം തലമുറയ്ക്ക് തൊണ്ണൂറുകളോട് ഇത്ര മമത. ഏതൊരു സാഹിത്യ ക്യാമ്പുകളിലും ഈ തലമുറ എടുത്തു വയ്ക്കുന്ന ചിന്തയുടെ സ്ഫുലിംഗങ്ങള്‍ തൊണ്ണൂറികളില്‍ നിന്ന് കടംകൊണ്ടവയാണ്. ഇന്നുവരേയും അതങ്ങിനെ തന്നെ ആയിരുന്നു. ഇനി നാളെയും അത് അങ്ങിനെ തന്നെ നില്‍ക്കുമോ..? അറിഞ്ഞുകൂടാ.

പെണ്ണെഴുത്തും, എക്കൊ ഫെമനിസവും, ആഗോളികരണവും, വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സ്വപ്നനൈരാശ്യങ്ങളുും, തൊണ്ണൂറുകളുടെ സര്‍ഗ്ഗാത്മക പരിസരങ്ങളെ നിര്‍ണ്ണയിച്ചു എന്ന് ഞാന്‍ കരുതുന്നു. എഴുപതുകള്‍ക്ക് പ്രത്യയശാസ്ത്രങ്ങളും പ്രതിലോമ-സായുധവിപ്ലവ പ്രസ്ഥാനങ്ങളും പ്രസ്ഥാനപരമായ ഒരു ഊര്‍ജ്ജം പകര്‍ന്നുകൊടുത്തിരുന്നുവെങ്കില്‍ തൊണ്ണൂറുകള്‍ നിരവധി സാമൂഹിക സാഹചര്യങ്ങളുടെ സങ്കലനം കൊണ്ട് സജീവമായി നിലനിന്നു. എനിക്ക് തോന്നുന്നത് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നമ്മെ നയിക്കാന്‍ ഒരു സര്‍ഗ്ഗാത്മക പ്രസ്ഥാനങ്ങളുമില്ല എന്നതാണ്. നമ്മുടെ എഴുത്തുമുറി വിട്ട് പുറത്തുപോകുമ്പോള്‍ നമ്മള്‍ ആരുമല്ലാതാകുന്നു. നമ്മുക്ക് ഒന്നു ചെയ്യാനില്ലാതെ വരുന്നു. എങ്ങോട്ടു നടക്കണം എന്നതിനുമപ്പുറം എന്തിനു നടക്കണം എന്ന അദൃശ്യമായ ദുരന്തത്തിനകത്താണ് ഇന്നത്തെ എഴുത്തുകാര്‍. ലളിതമായി പറഞ്ഞാല്‍ നമ്മുക്കൊരു ഉദ്ദേശ്യവുമില്ല; പ്രസ്ഥാനപരമായ ഒരു ഊര്‍ജ്ജം തൊണ്ണൂറുകള്‍ക്കുണ്ടായിരുന്നില്ല എന്നത് സത്യം തന്നെ എന്നിരുന്നാലും എഴുത്തുകാരന്റെ ആന്തരിക ജീവിതത്തെ സജീവമായി നിലനിര്‍ത്തുന്ന എന്തൊക്കെയൊ ചിലത് അന്ന് നിലനിന്നിരുന്നു. ഇന്നില്ലാത്തും അതു തന്നെ. ബഹുസ്വരതകള്‍ക്കിടയില്‍ നിന്ന് തന്റെ വാക്കുകളെ വേറിട്ട് അടയാളപ്പെടുത്തേണ്ടതെങ്ങിനെയെന്ന പരീക്ഷണത്തിന്റെ ലബോറട്ടറിയാണ് ഇന്നത്തെ ഒരോ എഴുത്തുമുറിയും. നേരെ ചൊവ്വെ പറഞ്ഞാല്‍ അവനവന്റെ ആത്മകാമങ്ങളാണ് ഒരെഴുത്തുകാരനെ എഴുത്തുകാരനായി നിലനിര്‍ത്തുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിട്ടുകഴിഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍ തൃപ്തി തോന്നുന്നില്ല. ഒര്‍മ്മകളില്‍ നിറച്ചും തൊണ്ണൂറുകളുടെ ശീത സായന്തനങ്ങള്‍ കോരി നിറച്ച ഫ്രെയിമുകളാണ്. ഇരുപതാം നൂറ്റാനണ്ടിന്റെ അവസാന ദശകത്തിലേയും ഇരുപത്തൊന്നിന്റെ ആദ്യ ദശകത്തിലേയും സര്‍ഗ്ഗാത്മക പരിസരങ്ങളെ ഒരു താരതമ്യപഠനത്തിനെടുക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ജീവിത വ്യതിയാനങ്ങളുടേയും മാനവവികാസത്തിന്റേയും ചരിത്രംകൂടിയാകുമത്. ലാന്റ് ലൈന്‍ ഫോണില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ വരെ ചുവടുമാറ്റിയത് ഈ കാലയളവിലാണ്. നഗരത്തിലെ വളരെ ചുരുക്കം സൈബര്‍ കഫെകളിലൂടെ വളരെ ചെറിയ ഒരു സൈബര്‍ ജീവിതം നയിച്ചിരുന്ന തൊണ്ണൂറുകളില്‍ നിന്ന് നാം മുഴുവന്‍ സമയ സൈബര്‍ ജീവികളായി മാറി. വിവരസാങ്കേതിക വിദ്യയില്‍ വലിയ മുന്നേറ്റങ്ങളുണ്ടായി എന്നിട്ടും എറ്റവും അടുത്ത ആത്മാര്‍ത്ഥ സുഹൃത്തുമായി നമ്മുടെ അകലം ഒരിഞ്ചുപോലും കുറഞ്ഞിട്ടുമില്ല പക്ഷെ കോടിക്കണക്കിന് ജിഗാബൈറ്റിന്റെ ഡാറ്റകള്‍ ശബ്ദംത്തിലൂടേയും അല്ലാതേയും നാം നിക്ഷേപിച്ചു കഴിഞ്ഞു. എന്നിട്ടും സൗഹൃദങ്ങളുടെ ആഴം കൂടിയതേയില്ല. പുസ്തകങ്ങളില്‍ നിന്ന് ബ്ലോഗ്ഗഗ്രിഗേറ്ററിലേക്ക് വായനയെ ചുവടുമാറ്റിച്ചുകൊണ്ട് വായനയുടെ പുതിയ ഒരു ജനുസ്സ് രൂപപ്പെടുന്നത് ഈ അടുത്തകാലത്താണ്.

എനിക്ക് തോന്നുന്നത്‌ ഈ മൂന്നാം തലമുറയുടെ വായനയുടെ വസന്തകാലം ഒരുപക്ഷെ തൊണ്ണൂറകള്‍ തന്നെ ആയിരുന്നിരിക്കും. അന്നും ഉപഭോഗ ചാപല്യങ്ങള്‍ ഉണ്ടായിരുന്നു അന്നും ഇവിടെ പുസ്തകങ്ങള്‍ മരിക്കുന്നതിനെക്കുറിച്ച് മുറവിളികൂട്ടിയിരുന്നു പക്ഷെ അന്ന് ഒരോ ശരാശരിമലയാളിയുടെയും ആന്തരിക ജീവിതത്തെ നിലനിര്‍ത്താന്‍ കെല്പുള്ള സാഹിതീയ സാഹചര്യം നിലനിന്നിരുന്നു. പെണ്ണെഴുത്തിലൂടേയും ഇന്നത്തെ പുതകവിത എന്ന് പറയുന്ന സങ്കേതത്തിന്റെ മൂലരൂപമായ ഉത്തരാധുനിക കാവ്യസങ്കേതങ്ങള്‍ അന്ന് പൂവിട്ട് കായ്ച്ച് പഴുത്ത നിന്നിരുന്നു.

ആകാശവാണിയിലൂടെ ഇടത്തരക്കാര്‍ക്കിടയില്‍ ചെറുതല്ലാത്ത തോതില്‍ ഒരു ശബ്ദസംസ്‌കാരവും അന്ന് നിലനിന്നിരുന്നു എന്ന് ഞാന്‍ ഇന്നോര്‍ക്കുന്നു. ''ആകാശവാണി തൃശ്ശൂര്‍ നിലയം വയലും വീടും പരിപാടിയിലേക്ക് സ്വാഗതം'' എന്ന് അനൗണ്‍സ് ചെയ്യുമ്പോള്‍ നാടുവിട്ടുകൊണ്ടിരുന്ന വയലേലകളെ മലയാളിയുടെ മനസ്സില്‍ സജീവമായി നിലനിര്‍ത്തപ്പെട്ടിരുന്നു. അറുപതുകള്‍ മുതല്‍ മലയാളിയുടെ ജീവിതത്തില്‍ പകരം വയ്ക്കാനാവാത്ത ശബ്ദസംസ്‌കാരത്തിന്റെ പ്രക്ഷേപകരായിരുന്നു ആകാശവാണി. പിന്നെ പുതുക്കെ പുതക്കെ മലയാളി തന്റെ റേഡിയോവിനെ തട്ടിന്‍പുറത്തേയ്ക്ക് എറിയുന്നത് തൊണ്ണൂറുകളുടെ അവസാനത്തോടെയാണ്. ശബ്ദരേഖകള്‍ എന്റെ ഭാവനയുടെ പരാഗ കോശങ്ങളായിരുന്നു. ''ഭാനുമതി ഞാനൊന്ന് പുറത്തുപോയി വരാം ഹോ.. എന്തൊരു വെയില്.. . . ആ കുടയിങ്ങോട്ടെടുക്ക്'' എന്ന ഡയലോഗ് റേഡിയൊ നാടകത്തിലൂടെ ഞാന്‍ കേള്‍ക്കുമ്പോള്‍ ഞാനും ഒരു പൊരിവെയിലത്തു വന്നു നില്‍ക്കുമായിരുന്നു ഭാവനയുടെ....

വീട്ടുജോലിയും പുറംമ്പണിയും മുടങ്ങാതെ, ഗനതരംഗിണിയും, വിദ്യാഭ്യാസ രംഗവും കേട്ട് ആസ്വദിച്ചിരുന്നു അമ്മ. കാലത്ത് ഒന്‍പതെകാലുവരെയുള്ള ചലചിത്ര ഗാനപരിപാടി കഴിഞ്ഞിട്ടും സ്‌കൂളിലേക്ക് പോകാത്ത എന്നെ അമ്മ ശകാരിക്കുമ്പോള്‍ അകാശവാണിയുടെ സമയനിഷ്ഠയോടൊത്തുള്ള അമ്മയുടെ വിശ്വാസം നിറഞ്ഞ ജീവിതത്തെ എനിക്ക് കാണാമായിരുന്നു. ആ വിശ്വാസം ഇന്ന് അമ്മയ്ക്കില്ല റിയാലിറ്റിഷോയ്ക്കിടയില്‍ എപ്പോള്‍ വേണമെങ്കിലും കേറിവരാവുന്ന ഒരു ഫ്‌ളാഷ് ന്യൂസിന്റെ ഞെട്ടിപ്പിക്കാവുന്ന ഭീതി അമ്മയുടെ ജീവിതത്തിലുണ്ട്. ബിഗ്‌ബോസിന്റെ വീട്ടില്‍ സെലിബ്രറ്റികള്‍ മുറ്റംമടിക്കുന്നതും തുണികഴുകുന്നതും നോക്കി നമ്മള്‍ ഇരിക്കുകയാണിപ്പോള്‍ നമ്മുടെ ജീവിതം നമ്മുടെയൊക്കെ സ്വീകരണ മുറിയില്‍ കെട്ടിക്കിടക്കുകയാണ്..

പറഞ്ഞുവന്നത് തൊണ്ണൂറുകളുടെ സര്‍ഗ്ഗാത്മകതയെക്കുറിച്ചാണ്. പക്ഷെ അറിയാതെ വഴുതി വീണത് തൊണ്ണൂറുകളുടെ ഏറെ സര്‍ഗ്ഗാത്മകമായിരുന്ന ജീവിതത്തിലേക്കാണ്. പക്ഷെ ഒന്ന് മറ്റൊന്നിനോട് പൂരകമാണ്. ഞാന്‍ ഇന്നും കേള്‍ക്കുന്ന സംഗീതം രവീന്ദ്രന്‍ മാഷും യേശുദാസും സൃഷ്ടിച്ചെടുത്ത സെമിക്ലാസ്സിക്കല്‍ സിനിമാ ഗാനങ്ങളാണ്. ഓരോ ചലചിത്രഗാനത്തിലും അത് കേള്‍ക്കുന്നയാളുടെ ജീവതം അടയിരിക്കുന്നു, അത് വല്ലാതെ ഗൃഹാതുരത്വം ജനിപ്പിക്കുന്ന ഓര്‍മ്മകളിലേക്കുള്ള മടങ്ങിപ്പോക്കായി മാറും. ''വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു'' എന്ന പാട്ട് കുംഭമാസത്തില്‍ പൊങ്കലിന്റന്ന് കൊയ്‌തൊഴിഞ്ഞ പാടത്ത് മലര്‍ന്ന് കിടന്നുകൊണ്ട് കാവിലെ മൈക്ക് സെറ്റിലൂടെ ഞാന്‍ കേട്ടിരുന്നു. ഇന്നും ആ പാട്ട് ആ പഴയ പതിനാലുകാരനിലേക്ക്, അവന്റെ ഏതോ ഒരു പൊങ്കല്‍ രാത്രിയിലേക്ക് അതിലെ നിലാവ് വീണ വഴി വരമ്പത്തേയ്ക്ക് കൊണ്ടു നിര്‍ത്തുന്നു.

സ്വന്തം സര്‍ഗ്ഗാത്മത വറ്റിയതുകൊണ്ടാണ് വര്‍ത്തമാനകാലത്തെ പഴിപറഞ്ഞുകൊണ്ട് ഗതകാല മധുരത്തിന്റെ നൊട്ടകള്‍ വായിലിട്ടുകൊണ്ടിക്കുന്നത് എന്ന് നിങ്ങള്‍ ഒരുപക്ഷെ കളിയാക്കുമായിരിക്കും. പക്ഷെ സത്യമതല്ല കുറേക്കുടി ഗൗരവമായ കാലഘട്ടങ്ങളെക്കുറിച്ചുള്ളു താരതമ്യ പഠനത്തിന് മനസ്സ് തയ്യാറെടുക്കുകയാണ്. അതിനെക്കുറിച്ച് ഗൗരവമായി ചന്തിച്ചു തുടങ്ങി. വീണ്ടും തൊണ്ണൂറിന്റെ പുസ്തകങ്ങളിലേക്ക് ഒരു മടങ്ങിപോക്ക് - ഒരു തീര്‍ത്ഥാടനം. എന്താണ് നമ്മുക്കിന്ന് നഷ്ടപ്പെട്ടത്, എന്താണ് ഇന്ന് നമ്മളെ മുന്നോട്ട് നയിക്കുന്നത്. എന്തിനാണ് ഇന്ന് നാം എഴുതുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കൃതികളില്‍ പഴയ ചൂരുകള്‍ ഉറവെടുക്കാത്തത് എന്നിങ്ങനെ പല ചോദ്യങ്ങളില്‍ നിന്നാണ് ഈ ഒരു കുറിപ്പ് ഉടലെടുക്കുന്നത്. ഒരു വലിയ അന്വേഷണത്തിനു മുന്‍പുള്ള ചെറിയ ഒരുടവേള...

മുറികിക്കൊണ്ടിരുക്കുന്ന കുലക്കയറില്‍ വഴുക്കി നിന്നുകൊണ്ട് ഒരു പെന്റുലത്തിന്റെ സമയചിഹ്നങ്ങളിലേക്ക് പതിയെ ഊര്‍ന്ന് വീഴുന്നതിനെ ഭീതിയൊടെ സങ്കല്‍പിക്കുന്ന ഒരു ഭ്രാന്തന്റെ ചിതറിയ ചില മതിഭ്രമങ്ങള്‍.

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

ഇവിടെ ഒരു ഗ്രാമം: പി.എസ്.സി യ്ക്കു പഠിക്കുന്നു

നേരം പുലര്‍ന്നു, ഇളവെയില്‍ മെല്ലെ തിടംവെച്ചു തുടങ്ങുന്നതേയുള്ളു കരിങ്കുളം സ്റ്റോപ്പിലെ സയന്‍സ് അക്കാഡമിക്കുമുന്‍പില്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച ഒരു വയസ്സന്‍ ബസ്സ് വന്നു നില്‍ക്കുന്നു. ഒരു നിമിഷം കൊണ്ട് കരിംങ്കുളം ഗ്രാമം ശബ്ദമുഖരിതമാവുകയാണ്, ഈ കൊച്ചുഗ്രാമം പതുക്കെ പൊതുവിഞ്ജാനവും വഴിക്കണക്കും ഉറക്കെ പറഞ്ഞു പഠിച്ചു തുടങ്ങുകയാണ്.

ഇരുപതിനും മുപ്പത്തിയഞ്ചിനുമിടയ്ക്കു പ്രായമുള്ള യുവതിയുവാക്കളുടെ ഒരു ചെറുപ്രളയം. കാലത്ത് എട്ടുമണിയുടെ പി.എസ്.സി. കോച്ചിംഗ് സെന്ററില്‍ പഠിക്കാനെത്തിയ ആദ്യബാച്ചിന്റെ തിരക്കാണിതെന്ന് ആ ചെറിയ കവലയില്‍ കുറേക്കാലമായി ചായക്കട നടത്തുന്ന ദാസന്‍ സാക്ഷ്യപ്പെടുത്തുന്നു.
''വൈകുന്നേരം നാലര വരെ ഇവിടെ ഇവറ്റങ്ങളുടെ വരവും പോക്കും അതിന്റെ ബഹളോം. . . ഇവരൊക്കെ നാളത്തെ ഗവര്‍മ്മേണ്ട് ജോലിക്കാരാ''
ഒടിഞ്ഞുതൂങ്ങിയ ഇറയത്ത് പതുക്കെപിടിച്ച് തല ഞാത്തിനോക്കിക്കൊണ്ട് ദാസന്‍ കളിപറഞ്ഞു.

ഒരു കാലത്ത് പാലക്കാട് ജില്ലയിലെ എലവഞ്ചേരി പഞ്ചായത്ത് സാക്ഷരതയില്‍ സമീപത്തെ പിന്നോക്ക പ്രദേശമായ ചിറ്റൂരുമായി കൂട്ടുകൂടി ഉഴപ്പി നടന്നിരുന്നു എന്ന് പലരും ഓര്‍ക്കുന്നു. എന്നാലിന്ന് പാലക്കാട്ട് ജില്ലയിലെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജോലിക്കാരെ സംഭാവനചെയ്യുന്ന പഞ്ചായത്ത് എന്ന പെരുമ ഒരു പക്ഷെ എലവഞ്ചേരി പഞ്ചായത്തിനായിരിക്കും. കഴിഞ്ഞ ഒരു ദശകത്തിലേറെയായി അവിടുത്തെ സന്നദ്ധസംഘനകളുടെ ചെറുപഠനകൂട്ടായ്മകള്‍ക്കു കീഴില്‍ യുവതിയുവാക്കളും മദ്യവയസ്സുകഴിഞ്ഞവരും കഠിനാധ്വാനം ചെയ്യുകയാണ്. അവര്‍ക്ക് പങ്കുവയ്ക്കാന്‍ ഒരേ ഒരു സ്വപ്നം മാത്രം ''സ്വീപ്പറായിട്ടായാലും ഒരു സങ്കോടോംല്ല. . . ഒരു സര്‍ക്കാര്‍ ജോലി. . . . അതിനുവേണ്ടിയിട്ടാ ഈ പെടാപാട്'' പല്ലശ്ശനപറമ്പില്‍ വീട്ടില്‍ ഹരിദാസിന്റെ ഭാര്യ സരിത പറയുന്നു. എട്ടും മൂന്നും വയസ്സുള്ള രണ്ടുപെണ്‍മക്കളുടെ അമ്മയാണ് ബി.എ. ബരുദധാരിണിയായ ഈ വീട്ടമ്മ. ദിവസവും കുഞ്ഞുങ്ങളെ സ്‌കൂളില്‍ കൊണ്ടാക്കി എട്ടരയുടെ കരിങ്കുളം ബസ്സിനായി ഓട്ടമാണ്. ''എന്നാണ് ഈ ഓട്ടത്തിനൊരറുതിവരിക. . . അറിയില്ല''. പത്താംക്ലാസ്സും പ്ലസ്ടുവും കഴിഞ്ഞാല്‍ ഒട്ടുമിക്ക ആണ്‍കുട്ടികളും ഉപജീവനത്തിനായി കോയമ്പത്തൂരിലൊ ഇന്ത്യയിലെ മറ്റു നഗരങ്ങളിലൊ ഗള്‍ഫിലേക്കൊ കടക്കും. പിന്നെ ഇവിടുത്തെ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ ബാക്കിയാവുന്നതിലധികവും നാടുവിട്ട് ജീവിക്കാന്‍ പാങ്ങില്ലാത്ത പാവം പെണ്‍കുട്ടികളാണ്.

''കരിങ്കുളത്തും പരിസരത്തുമായി നടക്കുന്ന ചെറുതും വലുതുമായ കോച്ചിംഗ് സെന്ററുകളില്‍ കൂടുതലും പെണ്‍കുട്ടികളാണ് പഠിക്കുന്നത്'' കരിങ്കുളം സയന്‍സ് സെന്ററിലെ വിദ്യാര്‍ത്ഥിയായ പ്രിയ പറയുന്നു. എലപ്പുള്ളി നോമ്പിക്കോട് എന്ന കുഗ്രാമത്തില്‍ നിന്ന് ദിവസവും മൂപ്പത്തിയഞ്ച് കിലോമീറ്റര്‍ യാത്രചെയ്താണ് പ്രിയ കരിങ്കുളത്തെ സയന്‍സ് സെന്ററില്‍ എത്തുന്നത്. സാമ്പത്തികമായി വളരെ പരാധീനതകള്‍ അനുഭവിക്കുന്ന കുടുംബത്തിലെ അംഗമായ പ്രിയ ബി.എഡ് കാരിയാണ്. ''കടംവാങ്ങിയും വീടു പണയപ്പെടുത്തിയും ഉണ്ടാക്കിയ കാശുകൊണ്ടാണ് എന്നെ അമ്മ ബി.എഡ്. ന് പഠിപ്പിച്ചത്. കൂടെ പഠിച്ചവരൊക്കെ ആറും എഴും ലക്ഷം വരെ കോഴകൊടുത്ത് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ കയറിപ്പറ്റി. എനിക്കുവേണമെങ്കില്‍ കഞ്ചിക്കോട്ടിലെ വല്ല ചെറുകിട തുണിമില്ലുകളില്‍ പണിക്കുപോകാമായിരുന്നു. ഇത്രയും പഠിച്ചത് കൂലിപ്പണി ചെയ്യാനല്ലായിരുന്നല്ലൊ''. പ്രിയയുടെ കണ്ണില്‍ നനവു പടരുന്നു. കഠിനമായി പഠിച്ച് കഴിഞ്ഞ എല്‍.ഡി.സി.യുടെ റാങ്കുലിസ്റ്റില്‍ കയറിപ്പറ്റിയ പ്രിയ നിയമനം കാത്ത് കുറേക്കാലം സര്‍ക്കാരിന്റെ കനിവും കാത്തിരുന്നു. നിരാശയായിരുന്നു ഫലം. ഇനിവരുന്ന ജൂണ്‍ 25 ന് നടക്കാന്‍ പോകുന്ന എല്‍.ഡി.സി പുതിയ പി.എസ്.സി പരീക്ഷയ്ക്ക് വീണ്ടും തയ്യാറെടുക്കുകയാണ് പ്രിയ. ഇരുപത്തിയാറ് വയസ്സുള്ള പ്രിയ വിവാഹം പോലും വേണ്ടെന്ന് വച്ച് സര്‍ക്കാര്‍ ജോലിയെന്ന തന്റെ സ്വപ്നത്തെ പിന്‍തുടരുകയാണ് ഊണും ഉറക്കവുമില്ലാതെ.

എലവഞ്ചേരി പഞ്ചായത്തിലെ ചെറുതും വലുതുമായ പി.എസ്.സി കോച്ചിംഗ് സെന്ററുകളില്‍ പഠനം സൗജന്യമാണ്. നെന്മാറ ഫോറസ്റ്റ് റേഞ്ച് ഓഫിസറായ അരവിന്ദന്‍ എന്ന അരവിയേട്ടനാണ്‌ കരിംങ്കുളത്തെ കോച്ചിംഗ് സെന്ററിന്റെ സാരഥി. ഇതുപോലത്തെ ഉദ്യോഗാര്‍ത്ഥികളുടെ പഠനക്കൂട്ടായ്മയിലൂടെ പഠിച്ചുകൊണ്ടാണ് അരവിന്ദനും സര്‍ക്കാര്‍ ജോലി സംമ്പാദിക്കുന്നത്. ഈ കൂട്ടായ്മയോടും അതിന്റെ നന്മയോടുമുള്ള അരവിയുടെ ആദരവും നന്ദിയുമാണ് കരിംങ്കുളം സയന്‍സ് അക്കാഡമിയെ ഇന്ന് നിലനിര്‍ത്തുന്നത്. എലവഞ്ചേരി ശ്രാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ കൂട്ടായ്മ നിലനില്‍ക്കുന്നതെങ്കിലും ഇതിന്റെ നടത്തിപ്പിനുള്ള ചിലവ് കണ്ടെത്തുന്നത് വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമങ്ങളിലൂടെയാണ്. മാസത്തിലൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ പരിഷത്തിന്റെ ശ്രാസ്ത്ര ഗ്രന്ഥങ്ങളും സയന്‍സ് ഡിക്ഷണറികളും ഓഫിസുകള്‍തോറും കയറിയിറങ്ങി വില്‍പനനടത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പിനുള്ള പൈസ അവര്‍ തന്നെ സ്വരൂപിക്കുന്നു. സയന്‍സ് അക്കാഡമിക്ക് വാടകയ്ക്കാണെങ്കിലും ഒരു ചെറിയ ക്ലാസ്സ്മുറിയെങ്കിലുമുണ്ട് എന്നാല്‍ കരിങ്കുളത്തെ യൂറിക്ക സയന്‍സ് കോര്‍ണ്ണര്‍ എന്ന സന്നദ്ധ പിസ്ഥിതി സംഘടനനടത്തുന്ന ക്ലാസ്സുകള്‍ വിശാലമായ മാങ്കൂട്ടത്തിന്റെ തണലിലാണ്. നാനൂറോളം വിദ്യാര്‍ത്ഥികള്‍ പലബാച്ചുകളിലായി അവിടെ പഠിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ കുട്ടികളെ മാത്രം ഉള്‍ക്കൊള്ളിക്കാന്‍ യുറീക്കയുടെ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഇവിടെ സയന്‍സ് അക്കാഡമിയും യൂറിക്ക സയന്‍സ് കോര്‍ണ്ണറുമടക്കം ഇവിടെ പരാമര്‍ശിക്കന്‍ വിട്ടുപോയ ചെറുതും വലുതുമായ ഒട്ടേറെ പഠനകൂട്ടായ്മകള്‍ രാവും പകലും പഠിക്കുകയാണ്. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളിലെ 'കറക്കിക്കുത്തി' ലൂടെ ഭാഗ്യത്തിന്റെ ടിക്കറ്റില്‍ സര്‍ക്കാര്‍ജോലിയില്‍ കയറിപ്പറ്റാനാവില്ല എന്ന് ഇവര്‍ക്കിന്ന് അറിയാം. എന്നാല്‍ ഇന്നലെവരെ ഇവരറിയാതെ പോയ ഒന്നുണ്ട് പണത്തിനുമുകളില്‍ പരുന്തും പറക്കില്ലെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന സര്‍ക്കാര്‍ നിയമനമാഫിയകളുടെ അണിയറനാടകങ്ങളും മുടിയാട്ടങ്ങളും.

സ്വപ്നങ്ങളുടെ ശവപ്പറമ്പുകള്‍. . . .

ഇവിടെ പറയാന്‍ പോകുന്നത് വ്യവസ്ഥിതിയെ ആവോളം വ്യഭിചരിക്കുന്ന അഭിലാഷ് പിള്ളമാരുടേയും ജെ. പി. മാരുടേയും പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന നാറിയകഥകളല്ല. തന്റെ മക്കള്‍ക്ക് ചുളുവില്‍ സര്‍ക്കാര്‍ജോലിയൊപ്പിച്ച് അഭിലാഷ് പിള്ളയ്ക്ക് കൂട്ടിക്കൊടുപ്പിനിറങ്ങിത്തിരിച്ച കൃഷ്ണന്‍കുട്ടി ചെട്ടിയാരെക്കുറിച്ചുമല്ല. രാത്രിയെ പകലാക്കി ഇല്ലായ്മകളെപ്പോലും കരുത്താക്കി അധ്വാനിച്ച് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടും സര്‍ക്കാര്‍ ജോലി ഒരു കിട്ടാക്കനിയായി മാറിയ ഹതഭാഗ്യരെക്കുറിച്ചാണ്. കിട്ടിയജോലി സര്‍ക്കാരിന്റേയും വ്യവസ്ഥിതിയുടേയും പിടപ്പുകേടുകൊണ്ട് നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എങ്കില്‍ പാലക്കാട്ടെ അത്തിക്കോട്ടിലെ മുപ്പത്തിയഞ്ചുകാരിയായ ഹേമാംബിക എന്ന യുവതിയുടെ കഥ അത്തരത്തിലുള്ള ഒന്നാണ്. അദ്ധ്യപകരുടെ തസ്ഥികയ്ക്കുവേണ്ടിയുള്ള 400 പേരടങ്ങുന്ന റാങ്ക്‌ലിസ്റ്റിലെ 124 -ാം മതുകരിയായിരുന്നു ഹേമാംബിക. പരീക്ഷ എഴുതുമ്പോള്‍ ഹേമാംബികയ്ക്ക് 34 വയസ്സായിരുന്നു. വ്യാജനിയമനങ്ങളുടെ ഫലമായിട്ടായിരിക്കാം അല്ലെങ്കില്‍ തിണ്ണമിടുക്കുള്ളവരുടെ കടന്നുകയറ്റം കാരണമാവാം ഹേമാംബികയെതേടി സര്‍ക്കാരിന്റെ നിയമനഅറിയപ്പ് വന്നതേയില്ല. ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ടാണ് റാങ്കുലിസ്റ്റില്‍ കയറിപ്പറ്റിയത്. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. നീങ്ങിയും നിരങ്ങിയും സര്‍ക്കാര്‍കാര്യം മുറപോലെ നടത്തിവന്നപ്പോഴേക്കും മൂന്നുവര്‍ഷം കഴിഞ്ഞുപോയിരുന്നു. ഇതിനടുത്തായി വരാനിരുന്ന പി.എസ്.സി. ക്ലാര്‍ക്ക് പരീക്ഷ എഴുതാന്‍ ഹേമാംബികയ്ക്ക് കഴിയുമായിരുന്നില്ല കാരണം അപ്പോഴേക്കും ഹേമാംബികയ്ക്ക് 35 വയസ്സ് കഴിയും. രണ്ടും കല്പ്പിച്ച് അവര്‍ ഹൈക്കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്തു. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ ഹേമാംബികയ്ക്ക് നീതി ലഭിച്ചു എന്ന് നമ്മുക്കു വേണമെങ്കില്‍ ആശ്വസിക്കാം പക്ഷെ 124 -ാം റാങ്കുകാരിയായിരുന്നു ഹേമാംബിക; അതേ ലിസ്റ്റിലെ ബാക്കിവരുന്ന നൂറുകണക്കിന് ഹതഭാഗ്യരുടെ ചോരയും വിയര്‍പ്പും ആവിയായിപോയി!. അവര്‍ക്ക് നീതി കൊടുക്കാന്‍ ഏതുകോടതിയുണ്ടിവിടെ?

ഇത്തരം കാട്ടുനീതി വര്‍ഷങ്ങളായി നടക്കുന്ന കേരളത്തിലാണ് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മേല്‍പ്പറഞ്ഞ പഠനകൂട്ടായ്മകളിലൂടെ പ്രതീക്ഷ കൈവെടിയാതെ പഠിക്കുന്നത്. കൊടുവായൂര്‍ പഞ്ചായത്തില്‍ ഒരു കോച്ചിംഗ്ക്ലാസ്സ് നടത്തുന്ന അന്‍വര്‍ പറയുന്നു ''ക്ലാസ്സുകള്‍ നല്ലരീതിയില്‍ നടന്നുവരുന്നതിനിടയിലാണ് വ്യാജനിയമനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പ്രത്രങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളില്‍ വല്ലാത്ത നിരാശയുണ്ടാക്കി. ഇവരെ എന്തുപറഞ്ഞാണ് അശ്വസിപ്പിക്കേണ്ടത് എന്നാണ് ഞങ്ങള്‍ അദ്ധ്യാപകര്‍ക്കറിയാത്തത്''. വെറും നോക്കുകുത്തിയുടെ ധര്‍മ്മംപോലും അനുഷ്ഠിക്കാത്ത പി.എസ്.സി യുടേയും സര്‍ക്കാരിന്റേയും അനാസ്ഥയെ മനംനൊന്തു ശപിക്കുകയാണ് ഇവിടെ കുറേ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. അന്‍വറിന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. സയന്‍സ് അക്കാഡമിയും യൂറീക്ക സയന്‍സ് കോര്‍ണ്ണറുമൊക്കെ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കുമ്പോള്‍ അന്‍വര്‍ വളരെ ചെറിയൊരു തുക ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ''നിറവല്ലങ്ങള്‍'' പോലെ റാങ്കുലിസ്റ്റുകള്‍ അതേപടി അവശേഷിക്കുമ്പോള്‍ അഭിലാഷ് പിള്ളയെപ്പോലുള്ളവര്‍ പഴുതകളിലൂടെ വ്യാജന്മാരെ കുത്തിക്കയറ്റുന്നു. ''ആരെയാണ് കുറ്റം പറയേണ്ടത്. . . അറിയില്ല. വളരെ ലളിതമായ കീഴ്‌വഴക്കങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ വ്യാജനിയനമങ്ങള്‍ക്ക് വഴിവച്ചത്'' അന്‍വര്‍ പറയുന്നു.

ഇപ്പോ വ്യാജനിയമനങ്ങളുടേയും വ്യാജരേഖകള്‍ ഒപ്പിച്ച് ഉദ്യോഗക്കയറ്റം കിട്ടിയവരുടേയും വാര്‍ത്തകള്‍ നമ്മുക്ക് വാര്‍ത്തകളേയല്ലാതായിരിക്കുന്നു. ഇനിയും പരക്കെ പിടിക്കപ്പെട്ടാല്‍ ഗവണ്‍മെന്റ് ഓഫിസുകള്‍ പാതിയും വ്യാജന്മാരുടെ സങ്കേതമാണ് എന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേള്‍ക്കേണ്ട ഗതികേടുവരുമോ? . . . സയന്‍സ് അക്കാഡമിയിലെ വിദ്യാര്‍ത്ഥിയും ക്ലാസ്സ് കോര്‍ഡിനേറ്ററുമായ ദിലീപ് പറയുന്നു
''ഇനിയും കുത്തിപ്പൊക്കി കൂടുതല്‍ നാറാമെന്നല്ലാതെ ഇതുകൊണ്ടൊന്നും ഒരു ഗുണവുമില്ല. ഇനിയെങ്കിലും ഞങ്ങളുടെ ചോരയ്ക്കും വിയര്‍പ്പിനും സ്വപ്നങ്ങള്‍ക്കും ഒരത്താണി കിട്ടുമൊ?''
ഉത്തരം
പറയേണ്ടവര്‍ പരസ്പരം പഴിചാരി കണ്ണില്‍ പൊടിയിട്ട് ഒളിച്ചുകളിച്ചുകൊണ്ടേയിരിക്കുകയാണ് -

ഒരു
ഗ്രാമം പിന്നേയും പ്രതീക്ഷ കൈവിടാതെ പഠിച്ചുകൊണ്ടും. . . .



മുംബൈ പത്രമായ വൈറ്റ്‌ലൈന്‍ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചു വന്നതാണ് ഈ ഫീച്ചര്‍.
ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ പലതും യഥാര്‍ത്ഥമല്ല. ചിത്രങ്ങളില്‍ ഒരെണ്ണത്തിന് ഗൂഗിളിനോട് കടപ്പാട്.

നോട്ട്: കേരളത്തിലെ വിവാദമായ വ്യാജനിയമനങ്ങളുമായി ഇവിടെ പരാമര്‍ശിച്ച പഠനകൂട്ടായ്മകളെ കൂട്ടിക്കുഴയ്ക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്നറിയിച്ച സയന്‍സ് അക്കാഡമിയുടേയും, യൂറീക്ക സയന്‍സ് കോര്‍ണ്ണറിന്റേയും സാരഥികളോട് നീതി പുലര്‍ത്തിയിട്ടുണ്ട് എന്നു തന്നെ വിശ്വസിക്കുന്നു.

എന്റെ ഈ എളിയ പ്രവര്‍ത്തനത്തോട്‌ സഹകരിച്ച സുമനസ്സുകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.


2011, ഫെബ്രുവരി 5, ശനിയാഴ്‌ച

എക്‌സ്പ്രസ്സ്‌ ഹൈവേ : ഈ രാജപാതകള്‍ ആര്‍ക്കുവേണ്ടി

സഞ്ചരിക്കാന്‍ വെറും റോഡുകള്‍ പോര നമുക്ക്, രാജപാതകള്‍ വേണം!. നമ്മുടെ ജീവിതവേഗങ്ങള്‍ക്കിണങ്ങുന്ന സ്ഫടികം പോലെ തിളങ്ങുന്ന രാജപാതകള്‍. റോഡുകള്‍ ഒരു രാജ്യത്തിന്റ ജീവനാടികളാണ്. ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് സുഖമമായി സഞ്ചരിക്കാനും ചരക്കുനീക്കം നടത്താനും ഉതകുന്ന പാതകള്‍ക്കുമപ്പുറം ദൂരങ്ങളെ പ്രണയിക്കുന്ന, ആഡംബര കാറുകളുടെ ചടുലവേഗങ്ങളെ അണയാതെ കാക്കുന്ന എക്‌സ്പ്രസ്സ് ഹൈവേകളാണ് ഇന്നു നമ്മുടെ സ്വപ്നം. അതിനുവേണ്ട അന്വേഷണങ്ങളും ചര്‍ച്ചകളും ഏതാണ്ടൊരന്ത്യത്തിലേയ്ക്ക് അടുക്കുകയാണിപ്പോള്‍. എക്സ്സ്പ്രസ്സ് ഹൈവേ പദ്ധതിയെ ജനവിരുദ്ധം എന്നു പറഞ്ഞ് എതിര്‍ത്തിരുന്ന ഇടതുപക്ഷം കേന്ദ്രവുമായി എതാണ്ടൊരു സമവായത്തിലെത്തിക്കഴിഞ്ഞു. ഇതേ പ്രശ്‌നത്തെ ചൊല്ലി വാദങ്ങളും പ്രതിവാദങ്ങളുമായി നമ്മുടെ സാംസ്‌കാരിക മണ്ഡലം ഒരിക്കല്‍ ചൂടുപിടിച്ചിരുന്നതാണ്. അന്ന് ആ ചര്‍ച്ചകള്‍ ഏറ്റെടുത്തവര്‍ തന്നെ ബോധംപൂര്‍വ്വം അവസാനിപ്പിച്ചുകൊണ്ട് കാര്യങ്ങളെ ഞെട്ടിപ്പിക്കുന്ന ഒരന്ത്യത്തിലേക്കെത്തിച്ചിരിക്കുന്നു. വികസനത്തിന് ഇനി മാനുഷികമൂല്യങ്ങള്‍ വേണ്ട എന്ന പുതിയ ലോകനീതിയുടെ പിന്നാലെ തന്നെയാണ് നമ്മുടെ കൊച്ചുകേരളവും നീങ്ങുന്നത്.
വികസനത്തെ സംമ്പന്ധിക്കുന്ന ഏതൊരു വാദവും വ്യവസ്ഥാപിതമായ ചില വാക്ക്പയറ്റുകളായി എങ്ങുമെത്താതെ നില്‍ക്കുകയാണിപ്പോള്‍ കേരളത്തില്‍. ഏതൊരു വികസന മാതൃകകളെ പ്രഖ്യാപിക്കുമ്പോഴും ചിലര്‍ പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിച്ച് വഴിമുടക്കുന്നുവെന്ന് ''ഗുജറാത്തിനു പഠിക്കുന്ന'' അഭിനവ ടെക്‌നോക്രാറ്റുകളുടെ വാദങ്ങള്‍ക്കാണ് ഇനിയുള്ള കാലത്ത് കേരളത്തില്‍ മുന്‍തൂക്കം. വികസനം വരുന്നൂ. . . വഴിമാറി നില്‍ക്കൂ! . . . എന്ന 'ധാര്‍ഷ്ട്യം' നാം പ്രയോഗിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. വികസനം എന്നതിന്റെ നിര്‍വചനം തന്നെ അപനിര്‍മ്മിക്കപ്പെടുന്ന ഈ കാലത്തില്‍ ഈ ധാര്‍ഷ്ട്യത്തിനെതിരെ എങ്ങിനെയാണ് ഒരു പ്രധിരോധത്തെ വികസിപ്പിക്കേണ്ടത്. 120 കോടി ഇന്ത്യക്കാര്‍ക്കുമുന്‍പില്‍ ശകുനം മുടക്കികളായി നില്‍ക്കുന്നവര്‍ക്കെന്ത് പ്രതിരോധം. അല്ലേ?.

ഇവിടെ പരിശോധിക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യം വികസനം കാരണം കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിലനിശ്ചിയക്കുന്നത് എന്നതും, നിശ്ചയിക്കപ്പെടുന്ന വിലയ്ക്ക് അവര്‍ക്ക് ഇതുവരെ തുടര്‍ന്നു വന്നിരുന്ന ജീവിതം അതേ നിലയില്‍ പുനരാരംഭിക്കാന്‍ ആവുമൊ എന്നതുമാണ്. 1894-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ ''ലാന്റ് അക്വിസിഷന്‍ ആക്ട്-1894'' -ന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ പൊതു ആവശ്യങ്ങള്‍ക്കായുള്ള ഭൂമി സര്‍ക്കാര്‍ കണ്ടെത്തുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അതിനുള്ള നഷ്ടപരിഹാരത്തിനര്‍ഹതയുണ്ടെങ്കില്‍ ഭൂമിയുടെ അന്നത്തെ മാര്‍ക്കറ്റ് വിലതന്നെ നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എക്‌സ്പ്രസ്സ് ഹൈവെ വികസനത്തില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലനല്‍കാന്‍ കേന്ദ്രം സമ്മതം മൂളിയെന്നതില്‍ പുതിയതായി ഒന്നുമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം കുടിയൊഴിയുന്നവര്‍ക്ക് ഭൂമിയുടെ മാര്‍ക്കറ്റ് വില തന്നെ കൊടുക്കണം എന്നത് ഇതേ നിയമത്തില്‍ തന്നെ ഉള്ളതാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വാഗ്ദാനം ചെയ്യപ്പെട്ട നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാരന്റെ ഔദാര്യമല്ല. ''മാര്‍ക്കറ്റ് വില'' എന്നതിന്റെ സാങ്കേതിക നിര്‍വചനം നിയമസംവിധാനത്തെ സംബന്ധിച്ചിടത്തോളം ഇത്തിരി കടുപ്പമുള്ളതാണ്. സ്ഥലമെടുക്കുന്ന പ്രദേശത്തിന്റെ പരിസരത്ത് അവസാനമായി നടത്തിയ സ്ഥലമിടപാടില്‍ കാണിച്ചിട്ടുള്ള വിലയാണ് അക്വയര്‍ ചെയ്യുന്ന സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില. ഇക്കാലത്ത് സ്റ്റാമ്പ്ഡ്യൂട്ടി വെട്ടിക്കുന്നതിനായി ആരും ആധാരത്തില്‍ യഥാര്‍ത്ഥ വില കാണിക്കാറില്ല. അങ്ങിനെ നോക്കുമ്പോള്‍ ഇത്തരം വികസന പദ്ധതിയുടെ ഭാഗമായി വഴിയാധാരമാകുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ന്യായമായ നഷ്ടപരിഹാരം ഒരിക്കലും കിട്ടില്ല.
116 വര്‍ഷം മുന്‍പ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ഈ നിയമത്തില്‍ പലഘട്ടങ്ങളിലായി നാമമാത്രമായ ഭേദഗതികളെ വരുത്തിയിട്ടുള്ളു. അതുകൊണ്ടുതന്നെ കാലഹരണപ്പെട്ട ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ക്കൊപ്പിച്ച് സ്വന്തം കിടപ്പാടം വിട്ടുകൊടുക്കാന്‍ ആരും തയ്യാറാകില്ല.

വികസനത്തിന്റെ ആരും കാണാത്ത പിന്നാമ്പുറങ്ങള്‍
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വല്ലാര്‍പാടം പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ പോകുകയാണ്. എന്നാല്‍ ഇതേ പദ്ധതിയുടെ പേരില്‍ വഴിയാധാരമായ 326 ദരിദ്ര കുടുംബങ്ങള്‍ ഇപ്പോഴും താല്ക്കാലിക ഷെഡ്ഡുകളില്‍ കഴിയുകയാണ്. ഇതിനെക്കുറിച്ച് എഴുതാനും അവരുടെ പ്രശ്‌നങ്ങളെ കാണാനും ആരുണ്ടിവിടെ?. ഇതേ പദ്ധതിയുടെ റോഡ് വികസനവുമായി ബന്ധപ്പെട്ട് 2009 ഫ്രെബ്രുവരിയില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കളത്തിങ്കലിന്റെ വീടും വളപ്പുമടങ്ങുന്ന രണ്ടരയേക്കര്‍ സ്ഥലം ഇടിച്ചു നിരപ്പാക്കി ''ആ പദ്ധതിയില്‍ വഴിയാധാരമാക്കപ്പെട്ട കുടുംബങ്ങളില്‍ രണ്ടു കുടുംബങ്ങള്‍ക്കുമാത്രമാണ് വീടുവച്ചു താമസിക്കാന്‍ കഴിഞ്ഞത്. മൂലമ്പള്ളി പാക്കേജില്‍ പത്ത് മാസത്തേയ്ക്ക് 5000 രൂപ വീതം വീട്ടു വാടക ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ വീടും സ്ഥലവും ഒന്നുമില്ലാത്ത തൊഴില്‍ നഷ്ടപ്പെട്ട ഇവര്‍ക്ക് ആരാണ് ഒരു വീട് വാടകയ്ക്ക് കൊടുക്കുക? വെയിലത്തും മഴയത്തും സ്ത്രീകളും കുഞ്ഞുങ്ങളും പ്രായമായവരും ഒക്കെ ഷെഡ്ഡില്‍ തന്നെ കഴിയുകയാണ്'' ഫ്രാന്‍സിസ് പറയുന്നു.
ഇത് വികസനത്തിന്റെ ഇരകളായവരുടെ തീരെ ചെറിയ ചിത്രം മാത്രമാണ്. ഇവരുടെ മുറിവുകള്‍ ഉണങ്ങുമെന്ന് പറഞ്ഞ് നമുക്ക് കണ്ണുചിമ്മാം, പക്ഷെ ഇതിന് ഒരു മറുപുറം കൂടിയുണ്ട്. ഇവിടെ വരുന്ന വികസനം എന്ന മധുരത്തിന്റെ പിന്നിലെ കയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നാമറിയണം.

ഇതെന്ത് വികസനം?
കേരളത്തിലായാലും തമിഴ്‌നാട്ടിലായാലും നരേന്ദ്രമോഡി ഭരിക്കുന്ന ഗുജറാത്തിലായാലും അതാതിടത്തെ സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനം നടപ്പിലാക്കുന്നത് മുഴുവനായും ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നല്ല. അഴിമതിയുടേയും അനീതിയുടേയും കൂത്തരങ്ങായ നമ്മുടെ ഭരണസംവിധാനത്തിന്റെ ചോരുന്ന ഖജനാവില്‍ രാജ്യത്തിന്റെ വികസനത്തിന് പണമെവിടെ. റോഡും പാലവുമൊക്കെ ബി.ഒ.ടി അടിസ്ഥാനത്തിലാണ് ഇന്ന് പരക്കെ നിര്‍മ്മിക്കപ്പെടുന്നത് എന്നു കാണാം. ''ബില്‍ഡ് ഓപ്പറേറ്റ് അന്‍ഡ് ട്രാന്‍സ്ഫര്‍'' ഇതാണ് ബി.ഒ.ടി. യുടെ പൂര്‍ണ്ണരൂപം. വന്‍മുതല്‍മുടക്കുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ വലിയ ബി.ഒ.ടി ഇന്‍ഫ്രസ്ട്രക്ച്ചര്‍ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ വിളിക്കുന്നു. നിര്‍മ്മാണത്തിനു ശേഷം മുടക്കുമുതല്‍ തിരിച്ചു പിടിക്കുന്നതിനായി ടോള്‍ പിരിക്കുന്നതിനായി ബി.ഒ.ടി. കമ്പനികള്‍ക്ക് അവസരം നല്‍കുന്നു. ടോള്‍ പിരിവ് കമ്മീഷന്‍ ചെയ്തതിന്റന്നു മുതല്‍ മുപ്പതു വര്‍ഷത്തേയ്ക്കാണ്, എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായേക്കാം. ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോഡുകളിലൊ പാലങ്ങളിലൊ ഇതുവരെ ടോള്‍ പിരിവ് അവസാനിപ്പിച്ച് പൊതു ഉടമസ്ഥതിയിലേക്ക് കൈമാറ്റം ചെയ്തതായി അറിവില്ല. മുംബൈ വര്‍ളി സീലിങ്ക് പോലെയുള്ള ആയിരം കോടിയിലധികം വരുന്ന വന്‍ സംരംഭങ്ങളില്‍ ജനം ജീവിതകാലം മുഴുവന്‍ ടോള്‍ കൊടുക്കേണ്ടിവരുമെന്ന്് ചുരുക്കം!. ബി.ഒ.ടി കമ്പനികള്‍ ഓരോ വര്‍ഷവും ടോള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. എക്‌സ്പ്രസ്സ് ഹൈവെ എന്നല്ല ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഏതൊരു നിര്‍മ്മിതിയും പൊതു ഉടമസ്ഥതിയിലേക്ക് എത്തിച്ചേരില്ല. ചുരുക്കി പറഞ്ഞാല്‍ ബി.ഒ.ടി സംവിധാനം വ്യാപകമാകുന്നതോടെ ടോള്‍ കൊടുക്കാതെ നമ്മുക്ക് ഒരിടത്തും പോകാന്‍ കഴിയില്ല എന്ന സ്ഥിതി വരും. സര്‍ക്കാരും ടെക്‌നോക്രറ്റുകളുമടങ്ങുന്ന ബി.ഒ.ടി വ്യവസ്ഥയുടെ അപ്പോസ്ഥലന്മാര്‍ ഇതിനെ 'വികസനം വികസനം' എന്നു വിളിക്കുന്നു. ഇവരാണ് ''നരേന്ദ്രമോഡിയുടെ സങ്കര സന്തതികള്‍'' ഇവരാണ് മിടുക്കന്മാര്‍!! അല്ലാത്തവര്‍ വികസന വിരുദ്ധരായ മൂരാച്ചികള്‍. . .!!

ഇടതും വലതും മാറി മാറി ഭരിച്ചിട്ടും നല്ലൊരു നഗരസംവിധാനമോ അതുമല്ലെങ്കില്‍ ഭക്ഷ്യ സ്വയംപര്യാപ്തതയോ കാര്‍ഷികാഭിവൃദ്ധിയൊ നമ്മുക്കുണ്ടായിട്ടില്ല എന്ന് സാമ്പത്തിക വിദഗ്ദര്‍ കേരളത്തെ പഴിപറയുന്നു. ഇവര്‍ നമ്മുടെ കൊച്ചു നഗരങ്ങളെ താരതമ്യം ചെയ്യുന്നത് വികസിത രാജ്യങ്ങളിലെ വന്‍ നഗരങ്ങളുമായാണ്. നഗരാധിഷ്ഠിതമായ അറ്റാദായം (സിറ്റി ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ്) ലോകത്തിലെ വന്‍നഗരങ്ങളായ ടോക്യോ, ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് കേരളത്തിലെ വികസനസങ്കല്പങ്ങളെ പൊളിച്ചെഴുതണമെന്നുള്ള വാദങ്ങള്‍ ഇവിടെ ഉണ്ടാകുന്നു. ''പിങ്ക്'' പത്രങ്ങള്‍ മാത്രം വായിക്കുകയും ഓഹരികമ്പോളത്തിന്റെ വൈകാരികമായ നിമ്‌ന്നോന്നതങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരാള്‍ കൊച്ചിനഗരത്തെപ്പറ്റിപറയുന്നതിങ്ങനെ ''ജപ്പാനിലെ പ്രധാനഗരമായ ടോക്യൊ യിലെ ജി.ഡി.പി 1479 ബില്ല്യണ്‍ യൂസ് ഡോളര്‍ ആണ്. ന്യുയോര്‍ക്കിലേതാവട്ടെ 1406 ബില്ല്യണ്‍ ഡോളര്‍, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുബൈ നഗരത്തിന്റേതാവട്ടെ വെറും 209 ബില്യണ്‍ യൂസ് ഡോളര്‍ മാത്രം. ഇന്ത്യയുടെ ഡല്‍ഹി, കല്‍ക്കട്ട, ബാംഗ്‌ളൂര്‍, ചെന്നൈ, എന്നീ വന്‍നഗരങ്ങളുടെ ജി.ഡി.പി യാഥാക്രമം $167, $104, $ 69, $ 66 എന്നിങ്ങനെയാണ് എന്നാല്‍ നമ്മുടെ കൊച്ചുകേരളത്തിലെ കൊച്ചി നഗരത്തിന്റെ ജി.ഡി.പി വെറും 37 ബില്യണ്‍ ഡോളര്‍ മാത്രം'' ഐ.ഡി.ബി.ഐ ബാങ്കിന്റെ മുന്‍ എക്‌സിക്യുട്ടിവ് ഡയറക്ടറായിരുന്ന കെ.എക്‌സ്.എമ്. ജോണ്‍ പറയുന്നു (ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ്, 12, ഡിസംബര്‍ 2010). വികസനത്തിനുവേണ്ടിയുള്ള വാദങ്ങള്‍ ഇങ്ങിനെ വഴിവിട്ട് ബി-സ്‌കൂള്‍ സിലബസിന്റെ ഹാംഗോവറിലാണ് നീങ്ങുന്നത്.

എക്‌സ്പ്രസ്സ് ഹൈവേ ആര്‍ക്കുവേണ്ടി?
കേരളം പുലരുന്നതെങ്ങിനെ എന്നന്വേഷിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. കേരളത്തെ പോലെ മാനവശേഷിയുടെ നല്ലൊരു ശതമാനം അന്യനാട്ടില്‍ കഴിയുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയില്‍ ഇല്ല. സംസ്ഥാനത്തിലെ ക്രയശേഷിയുടെ മുക്കാല്‍പങ്കും പ്രവാസികളുടെ പണമാണ്. ഉത്പാദന മേഖലയില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ഈ സമൂഹം ഉപഭോഗത്തില്‍ മുന്‍പന്തിയിലാണ്. ഉത്പാദന വിതരണ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനാണ് നാം എക്‌സ്പ്രസ്സ് ഹൈവേപോലുള്ള പദ്ധതികള്‍ക്ക് വേണ്ടി മുറവിളികൂട്ടുന്നതെങ്കില്‍ നാം നില്‍ക്കുന്നത് തെറ്റായ ഇടത്തിലാണ്. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനുവേണ്ടി റോഡുകളുടെ പരമാവധി വീതി 35 മീറ്റര്‍ മതിയാകുമെന്നിരിക്കെ 45 മീറ്റര്‍ വീതിയില്‍ പുതിയ പാതയ്ക്ക് വേണ്ടി കേന്ദ്രവുമായി ഇവിടുത്തെ സര്‍ക്കാരും പുരോഗമനപ്രസ്ഥാനങ്ങളും ഒത്തുതീര്‍പ്പിലെത്തുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് സമൂഹത്തിലെ വളരെ ന്യൂനപക്ഷമായ കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ താല്‍പര്യങ്ങളാണ്. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനമല്ല അവരുടെ ലക്ഷ്യം മറിച്ച് 120 കിലോമീറ്റര്‍ വേഗതയില്‍ സുഗമമായി അവരുടെ ആഡംബരകാറുകളില്‍ ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്കും അവിടെനിന്ന് തിരിച്ചും യാത്രചെയ്യാനുള്ള സൗകര്യമാണ്. ഇതിനുവേണ്ടി നാം നല്‍കുന്ന വിലയാണ് പാവങ്ങളുടെ കിടപ്പാടവും കൃഷിസ്ഥലവും അടങ്ങുന്ന 3218 എക്കര്‍ ഭൂമി!.
കേരളത്തിലെ ദേശിയപാതകളായ 47 ന്റേയും 17 ന്റേയും മൊത്തം 840 കിലോമീറ്റര്‍ ദൂരം 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന്റെ വിവാദത്തിലെ മുഖ്യ കേന്ദ്രം കുടിയിറക്കപ്പെടുന്ന പന്ത്രണ്ട് ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ പുനരധിവാസത്തെ സംബന്ധിക്കുന്നതും 3218 ഏക്കര്‍ വരുന്ന കൃഷിയിടങ്ങളും തണ്ണീര്‍ത്തടങ്ങളുമടങ്ങുന്ന നഷ്ടങ്ങളെക്കുറിച്ചുമാണ്. എന്നാല്‍ ഇതില്‍ സാധ്യമായ പരിഹാരം കണ്ട് പദ്ധതി തുടങ്ങിയാല്‍ത്തന്നെ നമ്മള്‍ കേരളീയര്‍ ആകമാനം ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകുമെന്ന് വല്ല ഉറപ്പുമുണ്ടൊ? വല്ലാര്‍പാടവും വിഴിഞ്ഞവും യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കം വര്‍ദ്ധിക്കും; അപ്പോള്‍ നമ്മുക്ക് ഇപ്പോഴുള്ള ഗതാഗത സംവിധാനം അപര്യാപ്തമാകും. ശരിതന്നെ അതിന് 35 മീറ്റര്‍ വീതിയില്‍ നാലുവരിപാത പര്യാപ്തമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ ഒക്‌ടോബര്‍ മാസത്തില്‍ മലയാളം വാരിക പ്രസിദ്ധീകരിച്ച ജി. നിര്‍മ്മലയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ നിരീക്ഷിക്കുന്നു. ''നാല്പത്തിയഞ്ച് മീറ്ററില്‍ ഭൂമിയെടുത്താലും മുപ്പത് മീറ്ററില്‍ ഭൂമിയെടുത്താലും പ്രധാന റോഡിന്റെ വീതി പതിനാല് മീറ്ററാണ്. അപ്പോള്‍ പിന്നെ എന്തിനാണ് നാല്പത്തിയഞ്ച് മീറ്റര്‍? ഉദ്ദേശ്യം മറ്റു ചിലതാണ്. ബി.ഒ.ടിക്കാരുടെ ടോള്‍പിരിവ് സുഗമമാക്കുക, പ്രാദേശിക യാത്രക്കാരേയും വാഹനങ്ങളേയും സര്‍വീസ് റോഡിലേക്ക് ഒതുക്കുക. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരെ സഹായിക്കുക''. ഇതാണ് സത്യം - റിയലെസ്റ്റേറ്റ് ലോബികള്‍ ഐ.എക്‌സ്.എമ് ജോണിനെ പോലുള്ളവരുടെ സഹായത്തോടെ ബി-സ്‌കൂള്‍ സ്ലാങ്ങില്‍ ലോകത്തിലെ വന്‍നഗരങ്ങളുടെ ജി.ഡി.പി.യും ഇന്ത്യയിലെ വന്‍നഗരങ്ങളുടെ വികസനമാതൃകകളുമൊക്കെ നിരത്തി കേരളമിപ്പോള്‍ 'ഉഗാണ്ടയിലാണ്' എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

ജി നിര്‍മ്മലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു ''മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയല്‍ യാത്ര ചെയ്യുന്ന ആഡംബര വാഹനങ്ങള്‍ക്കും ദീര്‍ഘദൂര യാത്രികര്‍ക്കും മാത്രമുള്ളതാണ് ഈ പാത. ഈ പ്രധാന പാതയ്ക്കരുവശത്തും അഞ്ചര മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുണ്ട്. ഇവിടെ വേഗത മണിക്കൂറില്‍ നാല്പത് കിലോമീറ്ററാക്കി ചുരുക്കിയിട്ടുണ്ട്. ഈ സര്‍വ്വീസ് റോഡാണ് ഹ്രസ്വദൂരയാത്രികര്‍ക്കും പ്രദേശിക ജനതയ്ക്കുമായി നീക്കിവച്ചിരിക്കുന്നത്. ബസും ബൈക്കും ഓട്ടോറിക്ഷയുമൊക്കെ ഇതുവഴിയാണ് പോകേണ്ടത്. ഹ്രസ്വദൂരയാത്രികരും തദ്ദേശിയരും പ്രധാനറോഡിലേക്ക് കയറുന്നതും റോഡ് മുറിച്ചു കടക്കുന്നതും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഓച്ചിറ മുതല്‍ ചേര്‍ത്തല വരെ 86 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ പ്രധാന പാതയിലേക്കുള്ള വാഹന പ്രവേശനം ഏഴ് ഇടങ്ങളില്‍ മാത്രമാണ്. കാല്‍നടക്കാര്‍ക്ക് മുറിച്ചു കടക്കാനുള്ള അനുവാദം ഈ 86 കിലോമീറ്റര്‍റിനുള്ളില്‍ രണ്ടിടത്ത് മാത്രമാണ്! എന്നു വച്ചാല്‍ ഇന്നലെ വരെയും കാലത്തെണീറ്റ് കുളിച്ച് റോഡിനപ്പുറമുള്ള കോവിലിലോ പള്ളിയിലോ പോയിരുന്നവര്‍ക്ക് ഇനി മുതല്‍ അത് നടക്കില്ല എന്നര്‍ത്ഥം. ദൈവങ്ങളെ തൊഴണമെങ്കില്‍ തലേന്ന് തന്നെ ഏതെങ്കിലും ബന്ധുവീട്ടില്‍ പോയി കിടക്കണം. അല്ലെങ്കില്‍ കിലോമീറ്റര്‍ സഞ്ചരിച്ച് റോഡ് മുറിച്ചു കടക്കണം''.

കുണ്ടും കുഴിയുമായി ജനകീയ റോഡുകള്‍
സമൂഹത്തിലെ എല്ലാത്തട്ടിലുമുള്ള ജനങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാനത്തിലെ ചെറുതും വലുതുമായ ജനകീയ റോഡുകളുടെ സ്ഥിതി അതിദയനീയമാണ്. സമയത്തിന് അറ്റകുറ്റപ്പണി നടത്തുകയോ തുടങ്ങിയ പണികള്‍ സമയത്തിന് പൂര്‍ത്തീകരിക്കുകയൊ ചെയ്യാതെ സംസ്ഥാനത്തിലെ ഇട റോഡുകള്‍ ജീവച്ഛവമായി കിടക്കുന്നു. കൈക്കൂലിയുടേയും പകല്‍ക്കൊള്ളയുടേയും കൂത്തരങ്ങായ വെള്ളാനകളെ ജനം തീറ്റിപോറ്റുകയാണ്. ഇതു മറച്ചുപിടിക്കാനാണ് വികസനമെന്നപേരില്‍ ബി.ഒ.ടി റോഡുകള്‍ കൊണ്ടുവന്ന് മുഖം മിനുക്കുന്നത്. കേരളത്തിന്റെ ഉത്പാദന-വിതരണ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് നല്ലതും കാര്യക്ഷമവുമായ റോഡുകള്‍ ആവശ്യമാണ് എന്നുള്ളത് നമ്മുക്ക് എവര്‍ക്കും ബോധ്യമുള്ള സംഗതി തന്നെ. എന്നാല്‍ കേരളത്തിലെ ദൈനദിന ജീവിതത്തെ കൂടുതലും ബാധിക്കുന്നത് പ്രധാനറോഡുകളും ഇടറോഡുകളുമടങ്ങുന്ന ഗതാഗത സംവിധാനത്തിന്റെ ശോചനീയാവസ്ഥയാണ്. എന്‍ എച്ച് 47 എക്‌സ്പ്രസ്സ് ഹൈവെ ആവുന്നതോടെ ഇതേ ഹൈവെയുടെ പാരലല്‍ ലിങ്കുറൊഡുകളില്‍ വാഹനത്തിരക്ക് കൂടാനാണ് സാധ്യത. അറിഞ്ഞിടത്തോളം ചരക്കുവാഹനങ്ങളും ടൗണ്‍ബസ്സുകളും മുച്ചക്രവാഹനങ്ങളും ഈ പാരലല്‍ റോഡുകളിലൂടെ വേണം സര്‍വീസ് നടത്താന്‍. 40 കിലോമീറ്റര്‍ വേഗത നിജപ്പെടുത്തിയ ഈ റോഡുകളാവും നമ്മുടെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും അഭയം. അതോടെ ഇവിടെ വാഹനങ്ങളുടെ ബാഹുല്യം പുതിയ തലവേദനകള്‍ സൃഷ്ടിച്ചേക്കാം. രാജപാതകളുടെ ആര്‍ഭാടങ്ങള്‍ക്കുമപ്പുറം നമ്മുടെ ആവശ്യങ്ങളെ കണ്ടും പഠിച്ചും ശാസ്ത്രീയമായ രീതിയില്‍ നമ്മുടെ ഗതാഗത സംവിധാനത്തെ പരിഷ്‌കരിക്കാനുള്ള തികച്ചും ജനാധിപത്യപരമായ ഒരു സംവിധാനം നമുക്കുവേണം.

പിന്‍കുറി

നമ്മുക്ക് വികസനം വേണം അത് ബി.ഒ.ടി കമ്പനികള്‍ക്ക് നാടിനെ തീറെഴുതികൊടുത്തുകൊണ്ടാവരുത്. ചാണിനും മുഴത്തിനും ചുങ്കം കൊടുത്ത് ജീവിക്കേണ്ട ഗതികേട് വരും തലമുറയ്ക്ക് നമ്മള്‍ ഉണ്ടാക്കരുത്. ഒരു നാടിന്റെ ജൈവവൈവിധ്യങ്ങളേയും ജീവിത പരിസരങ്ങളേയും ഉള്‍ക്കൊണ്ടുകൊണ്ട് അനുയോജ്യമായ വികസനപദ്ധതികള്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ഇച്ഛാശക്തി നമ്മുക്കുണ്ടാവേണ്ടതുണ്ട്. രാജപാതകളല്ല പ്രജാപാതകളാണ് നമ്മുക്കിന്നാവശ്യം. നാം നടന്ന വഴികള്‍ നമ്മുടേതാണ്. . . നമ്മുടേതുമാത്രം.



കടപ്പാട്
ജി. നിര്‍മ്മല, മലയാളം വാരിക റിപ്പോര്‍ട്ട്, ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ്, മാതൃഭൂമി, മലയാള മനോരമ (പത്ര റിപ്പോര്‍ട്ടുകള്‍)
ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്.

നോട്ട്: വായിച്ചും കേട്ടും അറിഞ്ഞ കാര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങളോട് പ്രഖ്യാപിക്കുന്ന ഐക്യദാര്‍ഢ്യം മാത്രമാണ് ഈ ലേഖനം. വസ്തുതകള്‍ ഒരു പക്ഷെ ഇതിനുമപ്പുറം പലതുമാകാം. കൂടുതല്‍ അറിയാനും പഠിക്കാനും ചര്‍ച്ച ചെയ്യാനുമായി ഇതിവിടെ പോസ്റ്റുന്നു. തെറ്റുകള്‍ തിരുത്തി മുന്നോട്ട് കൈപിടിക്കേണ്ടത് ബഹുമാന്യ വായനക്കാരാണ്.
Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.