2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

സ്വാതന്ത്ര്യത്തിന്റെ കിളിപ്പാട്ടുകള്‍ ഉയര്‍ന്നുവരിക തന്നെ ചെയ്യും

 സന്തോഷ് പല്ലശ്ശന

ട്വിറ്റര്‍ മേധാവിക്ക് ജനാധിപത്യത്തിലെ അഭിപ്രായ സ്വതന്ത്ര്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നുവേണം അനുമാനിക്കാന്‍. അതുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍, നീക്കം ചെയ്യാനായി രണ്ടു തവണകളായി നല്‍കിയ, ആയിരത്തിയഞ്ഞൂറില്‍പ്പരം ട്വിറ്റര്‍ അക്കൗണ്ടുകളുടെ ലിസ്റ്റ് സ്വീകരിച്ചതിനു ശേഷം അതിന്മേല്‍ നടപടിയെടുക്കാന്‍ ട്വിറ്റര്‍ കമ്പനി താമസിച്ചത്. അതിന് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി പറഞ്ഞ കാരണം, ഈ രാജ്യത്തിന്റെ ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമനുസരിച്ച് ഇങ്ങിനെയൊരു നടപടിയെടുക്കാന്‍ സാധിക്കില്ല എന്നാണ്. അതെ, നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ഏതൊരു പ്രതിരോധവും അങ്ങേയറ്റം അപലപനീയമാണ്. നടിയും പാട്ടുകാരിയും സംരംഭകയുമായ റിഹാന എന്ന യുവതിയുടെ ഒരു ചെറിയ കിളിക്കൊഞ്ചലില്‍ ഭാരതത്തിന്റെ സര്‍ക്കാര്‍ ഞെട്ടിവിറച്ചതിനു ശേഷമാണ് സൈബര്‍ പക്ഷികളോട് സര്‍ക്കാരിന് ചതുര്‍ദ്ദിയായത്. റിഹാനയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ടെങ്കിലും ഒരു രാഷ്ട്രത്തേയും ഔദ്യോഗികമായി പ്രതിനിധീകരിക്കാത്ത ഒരു സാധാരണ കലാകാരി മാത്രമാണവര്‍. എന്നിട്ടുകൂടി സര്‍ക്കാര്‍ റിഹാനയ്‌ക്കെതിരെ ഔദ്യോഗിക പ്രസ്ഥാവനയിറക്കി! തുടര്‍ന്ന് ട്വിറ്ററിനെതിരെ പേരെടുത്തുപരാമര്‍ശിക്കാതെ നടത്തിയ നിരന്തരമായ ഭീഷണിക്കു വഴങ്ങിയാണ് സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റിലെ 97 ശതമാനം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന യഥാര്‍ത്ഥ കണക്കുകള്‍ പറയുന്നത് 1435 ട്വിറ്റര്‍ അക്കൗണ്ടുകളുടെ ലിസ്റ്റില്‍ നിന്ന് 1398 അക്കൗണ്ടുകള്‍ വിവിധ ഘട്ടങ്ങളിലായി ട്വിറ്റര്‍ നീക്കം ചെയ്യുകയുണ്ടായി. ആദ്യം ഇന്ത്യാ മഹാരാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റിനെ ഓര്‍മ്മിപ്പിച്ച ട്വിറ്റര്‍ കമ്പനിക്ക് പിന്നീട് ഭരണകൂടത്തിന്റെ ഭീഷണിക്കു മുന്‍പില്‍ വഴങ്ങിക്കൊടുക്കേണ്ടി വന്നു. അതിനു ശേഷം ട്വിറ്റര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റിഹാനയുടെയും ഗ്രെറ്റ തുംബെര്‍ഗിന്റെയും ട്വീറ്റുകള്‍ വന്നതോടെയാണ് 'ഇന്ത്യയെ ഇകഴ്ത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയെക്കുറിച്ച്' സര്‍ക്കാര്‍ ബോധവാന്മാരാകുന്നത്. അതിനു തൊട്ടുമുന്‍പുവരെ കര്‍ഷകരുടെ ശബ്ദത്തെ ലോകത്തിനു മുന്‍പില്‍ നിന്ന് മറച്ചു പിടിക്കാനായി കമ്പിവേലികെട്ടുന്ന തിരക്കിലായിരുന്നു ഭരണകൂടം. ഈ പ്രക്ഷോഭവും ബഹളവുമൊക്കെ മറ്റാരെങ്കിലും കണ്ടാല്‍ നാണക്കേട് സര്‍ക്കാരിനല്ലെ....
പണ്ട് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനായി വന്നപ്പോള്‍ അദ്ദേഹം സഞ്ചരിക്കുന്ന വഴിയില്‍ വശങ്ങളിലുള്ള, മുഷിഞ്ഞു ദരിദ്രമായ ചേരികളെ പ്രസിഡണ്ട് ട്രംപിന്റെ കാഴ്ചയില്‍ നിന്ന് മറച്ചുപിടിക്കാന്‍ ഇതിലും വലിയ മതിലുകെട്ടിയ ഭരണകൂടമാണ് നമ്മുടെ ഇന്ത്യന്‍ ഭരണകൂടം. അതുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു സാധാരണ സംഭവം മാത്രമാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ടുതന്നെ പലതും കുഴിച്ചുമൂടാന്‍, മറച്ചു പിടിക്കാന്‍, ഭാരതത്തിന്റെ സോഷ്യൊ പൊളിറ്റിക് മെമ്മറിയെ തകര്‍ത്തുകളയാന്‍ വിലക്കെടുത്ത മാധ്യമങ്ങളെക്കൊണ്ട് ഒരുപാട് മോശപ്പെട്ട കളികള്‍ കളിപ്പിച്ചുകൊണ്ടിരിക്കുകയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. നോവിക്കുന്ന രാഷ്ട്രീയ വിഢിത്തങ്ങളേയും രാഷ്ട്രീയ ദുരന്തങ്ങളേയും, മറവിയുടെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്താന്‍ കഴിയുന്ന ഒരു അപൂര്‍വ്വ ജനതയായി ഇന്ത്യക്കാര്‍ മാറിക്കൊണ്ടിരിക്കുന്നു കാഴ്ച്ച അങ്ങേയറ്റം പരിതാപകരമാണ്.
പക്ഷെ കര്‍ഷക സമരത്തെ സംബന്ധിച്ചിടത്തോളം, സര്‍ക്കാര്‍ ലോകത്തിന്റെ ദൃഷ്ടിയില്‍ നിന്ന് എത്രമാത്രം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുവൊ അതിന്റെ പതിന്മടങ്ങ് ശക്തിയോടെ കര്‍ഷക പ്രക്ഷോഭം ലോകത്തിന്റെ ശ്രദ്ധയിലേയ്ക്ക് എത്തിച്ചേരുകയാണുണ്ടായത്. ലോബിയിംങ്ങ് ഏജന്‍സികളെ വെച്ച് ലോക നേതാവാകാനുള്ള പ്രധാനമന്ത്രിയുടെ പ്രയത്‌നങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് ലോക ജനത ഒന്നടങ്കം കര്‍ഷകപ്രക്ഷോഭത്തെ മുന്‍നിര്‍ത്തി പ്രതികരിക്കുന്നത്! അത് നരേന്ദ്രമോദി സര്‍ക്കാരിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. ലോകത്ത് നടക്കുന്ന ഏതൊരു മനുഷ്യാവകാശ ലംഘനത്തിനെതിരേയും പ്രതികരിക്കാന്‍ ഇന്ന് ഓരോ ലോക മനുഷ്യനും പ്രതിജ്ഞാബദ്ധമാണ്. അത് ഓരോ ആധൂനിക മനുഷ്യന്റെയും പ്രത്യേകതയാണ്. ലോകത്തെ ഒരു നെല്ലിക്കയുടെ വലുപ്പത്തില്‍ കൈപ്പിടിയിലൊതുക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാലത്ത് ഈ സര്‍ക്കാര്‍ എന്താണ് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നത്? ആരുടെ വായാണ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത്? ഒരുപാട് 'കിളികള്‍' ചിലച്ചുതുടങ്ങിയപ്പോള്‍, ഇന്ത്യന്‍ ഭരണകൂടം കൂട്ടിലിട്ട് വളര്‍ത്തുന്ന ചില സെലിബ്രെറ്റി കിളികള്‍ (സോള്‍ഡ്ബ്രിറ്റി എന്നും പറയാം) ആരോ പഠിപ്പിച്ചപോലെ ഒരേ സ്വരത്തിലും ഈണത്തിലും മറുമൊഴി ചൊല്ലി സ്വയം ഇളിഭ്യരായി മാറുന്നതും നമ്മള്‍ കണ്ടു.
രാജ് ദീപ് സര്‍ദേശായിയുടെ പുതിയ പുസ്തകമായ 2019: How Modi Won India എന്ന പുസ്തകത്തില്‍ നരേന്ദ്ര മോദി എന്ന ബ്രാന്റിനെ എങ്ങിനെയാണ് ഉയര്‍ത്തിക്കൊണ്ടുവന്നത് എന്നു വ്യക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് കോടികള്‍ വിലമതിക്കുന്ന ഒരു പതിറ്റാണ്ടിന്റെ കാംപെയ്ന്‍ ആണ്. നിരന്തരമായ പി.ആര്‍. വര്‍ക്കിലൂടെ വെറും മിഥ്യമാത്രമായ ഒരു പ്രതീക്ഷയെ ജനങ്ങള്‍ക്കുമുന്‍പില്‍ പുതിയ കെട്ടിലും മട്ടിലും വില്‍ക്കുക എന്ന തന്ത്രമാണ് വിജയം കണ്ടത്. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി രാജ്യത്ത് ആവിഷ്‌ക്കരിച്ച ക്ഷേമരാഷ്ട്ര പദ്ധതികളില്‍ മുക്കാലും തകര്‍ന്നു തരിപ്പണമായിട്ടും ഇപ്പോഴും ഒരു ബ്രാന്റായി നിലനില്‍ക്കുന്നത് കോടികള്‍ പൊടിച്ചുള്ള പി.ആര്‍. വര്‍ക്കിന്റെ മാത്രം ബലത്തിലാണ് എന്നത് സുവ്യക്തമാണ്.



നോട്ടു നിരോധനവും, ജിഎസ്ടിയും പോലുള്ള പദ്ധതികള്‍ പാടെ പരാജയപ്പെട്ടു. നോട്ടുനിരോധനം ഈ നൂറ്റാണ്ടു കണ്ടതില്‍വെച്ച് ഏറ്റവും വലിയ പരാജയമായി. നരേന്ദ്രമോദിയുടെ സ്തുതി പാഠകര്‍ക്കുപോലും നോട്ടുനിരോധനത്തെ ന്യായീകരിക്കാനാകാതെ ഇരുട്ടത്തു തപ്പേണ്ട ഗതിയുണ്ടായി. എന്നിട്ടും നരേന്ദ്രമോദി എന്ന ബ്രാന്റിന് ഒരിളക്കവും സംഭവിച്ചില്ല എന്നത് 2019 ലെ പാര്‍ലമെന്റ് ഇലക്ഷന്‍ തെളിവാണ്. ഒരു പരീക്ഷപോലും പാസാകാത്ത ഒരു കുട്ടിക്ക് പാസ്സ് സര്‍ട്ടിഫിക്കറ്റ് നമ്മള്‍ വീണ്ടും വീണ്ടും കൊടുക്കുന്നതെങ്ങിനെയാണ്? പ്രമോഷന്‍ കൊടുക്കുന്നതെങ്ങിനെയാണ്? ഇന്ത്യന്‍ വോട്ട് പൊളിറ്റിക്‌സിന്റെ സെന്‍സിബിലിറ്റിയ്ക്ക് കാര്യമായ പ്രശ്‌നമുണ്ടെന്നുതന്നെ കരുതണോ?

നരേന്ദ്രമോദി എന്ന ബ്രാന്റ് നിലനില്‍ക്കുന്നതെങ്ങിനെയാണ്?
ബിസ്സിനസ്സ് ടുഡെ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ പറയുന്നത്, നരേന്ദ്രമോദി എന്ന രാഷ്ട്രീയ നേതാവിന്റെ ബ്രാന്റ് വാല്യു 336 കോടി രൂപയാണ് എന്നാണ്. ട്വിറ്ററിന്റെ ട്രെന്റിങ്ങ് ചാര്‍ട്ടില്‍ മോദി ടോപ്പറായി തുടരുന്നു എന്ന് പറയപ്പെടുന്നു. ഗൂഗിളിന്റെ ട്രെന്‍ഡിങ്ങിലും മറ്റേതൊരു രാഷ്ട്രീയക്കാരനേക്കാളും ബഹുദൂരം മുന്നിലാണ് മോദി. എന്താണ് നരേന്ദ്ര മോദി എന്ന ബ്രാന്റിന്റെ പ്രത്യേകത? പി.ആര്‍. കമ്പനികള്‍ മാത്രം വിചാരിച്ചാല്‍ ഇങ്ങിനെയൊരു ബ്രാന്റിനെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമൊ? അതാണ് ഇനി പരിശോധിക്കാന്‍ പോകുന്നത്.
സൂട്ട് ബൂട്ടില്‍ നിന്ന് ഗരിബോം കാ നേതാ എന്ന പരിവേഷം എങ്ങിനെയുണ്ടായി എന്നു നോക്കാം. സര്‍ദേശായിയുടെ പുസ്തകം തന്നെയെടുത്താല്‍ അതില്‍ മൂന്നാം അദ്ധ്യായത്തില്‍ ഒരു പരാമര്‍ശമുണ്ട്. അഹമദാബാദിലെ ഒരു ട്രെന്‍ഡിംങ്ങായ ഫാഷന്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഷോറൂമില്‍ ചൂടപ്പം പോലെ വില്‍ക്കുന്ന ഒരു ഐറ്റമാണ് 'മോദി കുര്‍ത്തയും' ഓവര്‍കോട്ടും. ഇതിനു മുന്‍പ് ഒരു രാഷ്ട്രീയ നേതാവിന്റെയുംപേരില്‍ ഇങ്ങിനെയൊരു ഒരു സ്റ്റൈല്‍ ബ്രാന്റ് വന്നിട്ടില്ലത്രെ. ഗാന്ധിത്തൊപ്പിയും വട്ടക്കണ്ണടയും ഒരിക്കലും ഒരു കമേഴ്‌സ്യല്‍ ബ്രാന്റല്ല. പക്ഷെ നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ ഓരോ സ്‌റ്റൈല്‍ ബ്രാന്റിനും മാര്‍ക്കറ്റുണ്ട്.
2014 വരെ നിലനിന്നിരുന്ന ശൂന്യത സംഘപരിവാര്‍ എന്ന സംഘടന പൂരിപ്പിച്ചത് നാളിതുവരെ ലോക രാഷ്ട്രീയം കണ്ടിട്ടില്ലത്ത ഒരു രാഷ്ട്രീയ മിഥ്യകൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല. സ്റ്റീരിയോ ടൈപ്പ് രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയില്‍ നിന്ന് മാറി, കെട്ടിലും മട്ടിലും പുതിയൊരു ഉത്പന്നമായാണ് ഇന്ത്യയുടെ രാഷ്ട്രീയ ചന്തയില്‍ നരേന്ദ മോദി എന്ന ഉത്പന്നത്തെ സംഘപരിവാര്‍ വില്‍പ്പനയ്ക്ക് വെച്ചത്.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അവതരണത്തിലും പ്രയോഗത്തിലും അതുവരെ ഉണ്ടായിരുന്ന ഒരു വലിയ പോരായ്മ എന്നു പറയുന്നത്, ഹിന്ദുത്വ രാഷ്ട്രീയം പാര്‍ലമെന്റിന്റെ അല്ലെങ്കില്‍ നിയമസഭയുടെ പടി വരെ മാത്രമാണ് എന്നതാണ്. അതൊരിക്കലും ഒരുകാലത്തും അധികാരത്തിലിരിക്കുന്ന ഒരു ബി.ജെ.പി. ക്കാരനായ നേതാവിന് ഒരു അള്‍ട്ടിമേറ്റ് ചോയ്‌സ് ആയിരുന്നില്ല എന്നതാണ് സത്യം. വലിയൊരു സാമുദായിക ധ്രുവീകരണം നടത്തിക്കൊണ്ട് ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത വലിയൊരളവ് ജനങ്ങളെ കബളിപ്പിച്ച് കൂടെ നിര്‍ത്താം എന്ന ആത്മവിശ്വാസത്തില്‍ കവിഞ്ഞൊരു രാഷ്ട്രീയ പ്രത്യയ ശാസ്ത്ര അടിത്തറ അതുവരെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്്ട്രിയത്തിനുണ്ടായിരുന്നില്ല എന്നതാണ് സത്യം. ചെറിയൊരു ഉദാഹരണം പറഞ്ഞാല്‍, ഇതിനു മുന്‍പുണ്ടായിരുന്ന സംഘപരിവാര്‍ ഭരണകൂടം അടല്‍ ബിഹാരി ബാജ്പായിയുടേതായിരുന്നു. ഇന്ത്യ എന്ന ബഹുസ്വരതയുടെ എറ്റവും ഉന്നതമായ പദവിയില്‍ ഇരിക്കുമ്പോള്‍ സംഘപരിവാര ഹിന്ദുത്വം തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. സംഘപരിവാറിന്റതന്നെ രാഷ്ട്രീയ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ ഒരു പൊളിറ്റിക്കല്‍ കറക്ട്‌നസ്സിന്റെ പ്രശ്‌നം അവര്‍ നേരിട്ടിരുന്നു (പൊളിറ്റിക്കല്‍ കറക്ടനസ്സ് എന്ന പദത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തിലല്ല ഇവിടെ വിവക്ഷിക്കുന്നത്). ദേശിയ വാദംകൊണ്ടുമാത്രം എല്ലാവരാലും അംഗീകരിക്കുന്ന ഒരു ദീര്‍ഘകാല രാഷ്ട്രീയ ശരി ഉത്പാദിപ്പിക്കാന്‍ സാധിക്കില്ല എന്ന ബോധ്യം അവര്‍ക്ക് അന്നുണ്ടായിരുന്നു എന്നുവേണം കരുതാന്‍.
ബാജ്‌പേയി യുഗം അവസാനിക്കുന്നിടത്തുതന്നെ ലാല്‍ കൃഷ്ണ അദ്വാനിയുടെ റാഡിക്കല്‍ ഹിന്ദുത്വവും അന്ത്യംകുറിച്ചു എന്നുതന്നെ കരുതാം.
പിന്നീട് ഒരു പതിറ്റാണ് ഇന്ത്യകണ്ടത് തീര്‍ത്തും യാതൊരു തംരംഗവുമില്ലാത്ത ഒരു വലതുപക്ഷ രാഷ്ട്രീയ കാലാവസ്ഥയായിരുന്നു. മന്‍മോഹന്‍ സിംഗ് എന്ന ബ്യൂറോക്രാറ്റ് വ്യക്തിപരമായി ഒരു ചലനങ്ങളുമുണ്ടാക്കിയില്ലെങ്കിലും അദ്ദേഹത്തിന്റെ 10 വര്‍ഷം വലിയൊരു മുല്ലപ്പൂ വിപ്ലവത്തിനുള്ള മണ്ണൊരുക്കുന്നുണ്ടായിരുന്നു. സാങ്കേതിക രംഗത്തുണ്ടായ കുതിച്ചു ചാട്ടം നടത്തുമ്പോള്‍തന്നെ രാഷ്ട്രീ-വിദ്യാഭ്യാസ രംഗം അങ്ങേയറ്റം മലീമസമായി തുടര്‍ന്നു. മാത്രവുമല്ല അങ്ങേയറ്റം അരാഷ്ട്രീയമായ ഒരു സമൂഹത്തെ അതി സാങ്കേതിക വിദ്യ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ടായിരുന്നു എന്ന സത്യം ആരും കാണാതെ പോയി.
നെഹ്‌റു മരിക്കുന്നതുവരെ പത്തി വിടര്‍ത്തിയാടാന്‍ കഴിയാതിരുന്ന ആര്‍.എസ്.എസ്. രാഷ്ട്രീയം പിന്നീട് മെല്ലെ മാളത്തില്‍ നിന്ന് പുറത്തു വന്നെങ്കിലും ഹിന്ദുക്കള്‍പോലും അതിനെ ഒരു രാഷ്ട്രീയ സംഞ്ജയായിപ്പോലും കണ്ടിരുന്നില്ല എന്നതാണ് സത്യം. തീവ്ര ഹിന്ദുത്വത്തിന്റെ രാഷ്ട്രീയംകൊണ്ട് എത്താവുന്ന ദൂരം പൂര്‍വ്വ നിശ്ചിതമായിരുന്നു.
ആരാഷ്ട്രീയമായ രാഷ്ട്രീയ ചിന്ത ചൂടുപിടിക്കുന്നത് അണ്ണാ ഹജാരെയെ പോലെയുള്ള നേതാക്കന്മാരുടെ ഗാന്ധിയന്‍ ചുവടുപിടിച്ചുകൊണ്ടുള്ള (എന്ന് അവര്‍ അവകാശപ്പെടുന്നു) സമര പരിപാടികളില്‍കൂടിയായിരുന്നു. ജന്തര്‍ മന്തറിലെ സമരത്തിന്റെ തല്‍സമയം ടൈംസ് നൗ പോലെയുള്ള മാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ വന്നുകൊണ്ടിരുന്നു. നരേന്ദ്ര മോദി എന്ന ബ്രാന്റിന്റെ നിര്‍മ്മിതിയില്‍ ഈ സമരം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാം സ്വാതന്ത്ര്യ സമരം എന്ന പേരില്‍ നടന്ന ഈ സമരം ഇന്ത്യന്‍ യുവതയുടെ മനസ്സില്‍ വലിയൊരു രാഷ്ട്രീയ വിരക്തി കുത്തിനിറയ്ക്കുകയും, നിലവിലുള്ള കോണ്‍ഗ്രസ്സ് വ്യവസ്ഥിതിക്കെതിരെ പറഞ്ഞറിയിക്കാനാവാത്ത ഒരു വെറുപ്പ് ഉത്പാദിപ്പിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ വ്യക്തിത്വം മന്‍മോഹന്‍ സിംഗ് എന്ന ബ്യൂറോക്രാറ്റിന് ഇല്ലാതെ പോയി. സംഘ്പരിവാര്‍ സ്‌പോണ്‍സേഡ് ആയ ജന്തര്‍മന്തര്‍ സമരത്തെ പൊളിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോണ്‍ഗ്രസ്സ് പ്രകടിപ്പിച്ചില്ല എന്നുമാത്രമല്ല, അനുദിനം ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന സംഘടനാ കെട്ടുറപ്പിന്റെ വലിയൊരു പരാധീനത അവരെ വേട്ടയാടുന്നുണ്ടായിരുന്നു. ഈ ഒരു രാഷ്ട്രീയ കാലാവസ്ഥയില്‍ മറ്റൊരു മതേതര ബദല്‍ ഇല്ലാ എന്ന അവസ്ഥാന്തരത്തിലാണ് നരേന്ദ്ര മോദിയുടെ നിയോ-ഹിന്ദുയിസം കടന്നുവരുന്നത്. നിയോ-ഹിന്ദുയിസം എന്ന വാക്ക് സ്വാമി വിവേകാന്ദനുമായി ബന്ധപ്പെട്ടാണ് നാം ഇതിനു മുന്‍പ് കേട്ടിട്ടുള്ളത്. എന്നാല്‍ വിവേകാന്ദന്റെ ഹിന്ദുവും നരേന്ദ്ര മോദിയുടെ ഹിന്ദുവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എല്ലാ മതസാരങ്ങളും ഉള്‍ക്കൊള്ളുന്ന അദ്വൈതമാണ് ഹിന്ദുത്വത്തിന്റെ ഫിലോസഫി എന്നാണ് വിവേകാന്ദന്‍ പറയാന്‍ ശ്രമിച്ചത്. എന്നാല്‍ നരേന്ദ്രമോദിയുടെ നിയോ-ഹിന്ദുയിസം പറയുന്നത് രാഷ്ട്രീയ അദ്വൈതത്തെക്കുറിച്ചാണ്. ബഹുസ്വരമായ ഈ ഇന്ത്യാ മഹാരാജ്യത്തെ ഭരിക്കുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയതയാണെങ്കിലും, വികസനമെന്ന മഹാമന്ത്രം ഒരുമിച്ചു ഭജിക്കുമ്പോള്‍ നമ്മളെല്ലാവരും ഒന്നാണെന്ന് പറയുന്നതാണ് നരേന്ദ്ര മോദിയുടെ നിയോ-ഹിന്ദുയിസം.

മോദിയുടെ വികസനം എന്ന മിഥ്യ
മന്‍മോഹന്‍ സിംങ്ങ് വിടപറയുമ്പോള്‍ മൂന്ന് പൊതു സമസ്യകളാണ് പ്രധാനമായി ഇന്ത്യക്കാരുടെ മനസ്സിലുണ്ടായിരുന്നത്.

ഒന്ന്: മതേതര ഇന്ത്യയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചവര്‍തന്നെ കൂടുതല്‍ കൂടുതല്‍ വര്‍ഗ്ഗീയവത്ക്കരിച്ച് ചിദ്രമാക്കിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ബദലുകളില്ലാതായിരിക്കുന്നു.

രണ്ട്: മതേതരത്വം ന്യൂനപക്ഷ പ്രീണനമാകുകയും, ഭൂരിപക്ഷം നിരന്തരമായി വഞ്ചിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമുണ്ടാകുമ്പോള്‍ ഈ ജനാധിപത്യത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയത ഇനി ഇത്തിരി സഹിച്ചാല്‍ത്തന്നെ എന്താണ് കുഴപ്പം. രാജ്യത്ത് സ്ഥിരതയുള്ള ഗവണ്‍മെന്റുണ്ടായാല്‍ത്തന്നെ കാര്യങ്ങള്‍കുറേയൊക്കെ മെച്ചപ്പെടില്ലെ?

മൂന്ന്: അന്തരീക്ഷത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന കള്ളപ്പണക്കഥകളും സ്വിസ് ബാങ്കും വഞ്ചനയുടെ ചാനല്‍ക്കഥകളും പറയുന്നത് 6 പതിറ്റാണ്ടിലധികം കാലം ഈ രാജ്യം കൊള്ളയടിക്കപ്പെട്ടതിന്റെ കഥകളല്ലേ....? മതേതരത്വത്തെക്കാളും വലുതാണ് രാജ്യത്തിന്റെ സുസ്ഥിരതയും സാമ്പത്തിക ഭദ്രതയും.

ഈ ചിന്തകളെ മിഥ്യകളാണ് എന്ന് വിളിക്കാന്‍ എന്തായാലും ആരും തയ്യാറല്ല. ചിന്തകളുടെ അടിസ്ഥാനപരമായ അന്തസത്തയെ ഒരിക്കലും വിലകുറച്ചു കാണാനുമാകില്ല. പക്ഷെ ഈ ചിന്തകള്‍ മുന്നും കെട്ടിപ്പൊക്കിയിരിക്കുന്നത് വലിയൊരു രാഷ്ട്രീയ മിഥ്യയിലാണ് എന്നതാണ് അതിന്റെ പ്രത്യേകത. 6 പതിറ്റാണ്ട് ഇന്ത്യ മഹാരാജ്യത്തെ കട്ടുമുടിച്ച കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിന്റെ കഥയാണ് ഇതില്‍ ഏറ്റവും സുപ്പര്‍ മെഗാഹിറ്റ് കഥ. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍, ചരിത്രഭാരങ്ങളില്ലാത്ത അരാഷ്ട്രീയ സമൂഹത്തില്‍ ഇത്തരം കഥകള്‍ വളരെ വേഗം വേരുപിടിക്കുമെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി സംഘപരിവാറിനുണ്ടായിരുന്നു എന്നുവേണം കരുതാന്‍. ഈ കലാവസ്ഥയെ അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. അതിന്റെ നേട്ടം അവര്‍ കൊയ്യുകയും ചെയ്തു.
ഇതിലെ ആദ്യത്തെ കുറ്റവാളി, ഇത്രകാലം സ്യൂഡോ സെക്കുലര്‍ രാഷ്ട്രീയം കളിച്ച കോണ്‍ഗ്രസ്സുകാര്‍തന്നെയാണ്. അവര്‍ക്ക് ശക്തമായ പ്രത്യയ ശാസ്ത്ര അടിത്തറയില്ലാതെ പോയി എന്നതാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം. അതുണ്ടായിരുന്നുവെങ്കില്‍ 10 ാം ജന്‍പഥിന്റെ മുന്നില്‍ രാഷ്ട്രീയ ഭിക്ഷാംദേഹികളായി കോണ്‍ഗ്രസ്സുകള്‍ കെട്ടിക്കിടക്കില്ലായിരുന്നു. ജനാധിപത്യ രാജ്യത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി എത്രത്തോളം ജനാധിപത്യപരമായിരിക്കണം എന്ന അടിസ്ഥാന ആശയം പോലും ഒരു കോണ്‍ഗ്രസ്സുകാരനും ബോധ്യപ്പെട്ടില്ല? ഒരു വശത്ത് കോണ്‍ഗ്രസ്സ് അടക്കമുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളകിക്കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു വശത്ത് തൊഴിലധിഷ്ടിത വിദ്യാഭ്യാസം അങ്ങേയറ്റം അരാഷ്ട്രീയ വത്ക്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സാമ്പത്തിക അസമത്വവും, തൊഴില്‍ രാഹിത്യവും കൊടുംമ്പിരികൊണ്ടിരിക്കുന്ന കാലത്തിലാണ് വിലക്കെടുത്ത മാധ്യമങ്ങള്‍ നിരന്തരമായി ചരിത്രത്തെ അപനിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതും, 6 പതിറ്റാണ്ടിന്റെ കൊള്ളയുടെ കഥകള്‍ വിളമ്പുന്നതും. നിര്‍ഭയ കേസും, കൂട്ടിലടച്ച സിബിഐയും, കാട്ടൂണ്‍ നിരോധനവുമൊക്കെ അന്തരീക്ഷത്തില്‍ മുഴങ്ങിനില്‍ക്കുമ്പോള്‍ത്തന്നെയാണ് ഗുജറാത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മൂക്കിനു താഴെ നരേന്ദ്ര മോദി എന്ന രാഷ്ട്രീയ മനുഷ്യന്‍ തന്റെ ശരീരത്തില്‍ പുരണ്ട ഗുജറാത്ത് കലാപത്തിന്റെ സകല മാലിന്യങ്ങളും തുടച്ചു കളഞ്ഞത്. മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റിന് ഇതൊന്നും തടയിടാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല, ആദ്യത്തെ അഞ്ചുവര്‍ഷത്തില്‍ ഉണ്ടാക്കിയ വികസന നേട്ടങ്ങള്‍ മുഴുന്‍ മാധ്യമ സിന്റിക്കേറ്റുകളുടെ സമര്‍ത്ഥമായ ദുഷ്പ്രചരണത്തില്‍ ഒലിച്ചുപോയി. 2 ജി കുംഭകോണവും, കോള്‍ ഗേറ്റുമൊക്കെ അതിലെ ചില ബലൂണ്‍ വിവാദങ്ങളായിരന്നു. പാര്‍ട്ടി അദ്ധ്യക്ഷയുടെ നൂല്‍പ്പാവമാത്രമാണ് താന്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിന്ന് മോചനം നേടാനുള്ള തത്രപ്പാടിലായിരുന്നു അദ്ദേഹം. അദ്ദേഹം കഴിവുറ്റ സാമ്പത്തിക ശാസ്ത്രജ്ഞനൊക്കെയായിരിക്കാം. പക്ഷെ തനിക്കുചുറ്റും വന്നുമൂടുന്ന രാഷ്ട്രീയ പുകമറകളെ പ്രതിരോധിക്കാനുള്ള വാക്‌സാമര്‍ത്ഥ്യം അദ്ദേഹത്തിനില്ലാതെപോയി.
അവിടെയാണ് നരേന്ദമോദി എന്ന പ്രഭാഷകന്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തത് എന്ന് നിസ്സംശയം പറയാം. ഒരു വലിയ ഇന്റല്വക്ച്വലിനെ തറപറ്റിച്ച ഒരു വാഗ്മിയുടെ വിജയം! ആദ്യമെ പറഞ്ഞല്ലൊ ഇതൊരു മാര്‍ക്കറ്റിങ്ങ് തന്ത്രത്തിന്റെ ഭാഗമാണെന്ന്. അതാണെന്ന് സമര്‍ത്ഥിക്കുമ്പോഴും ചില കാര്യങ്ങള്‍ ശത്രുക്കള്‍ക്കുപോലും അംഗീകരിക്കാതിരിക്കാനാവില്ല. അത് നരേന്ദ്രമോദി എന്ന മനുഷ്യന്റെ വാക്ചാതുരിയേയും സാധാരണക്കാരനെ കൈയ്യിലെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വ്യക്തി വിശേഷവുമാണ്. ഒരുപക്ഷെ എന്തുതരം പി.ആര്‍. വര്‍ക്ക് നടത്തിയാലും ഇത്തരം അടിസ്ഥാന കഴിവുകളില്ലാത്ത ഒരാളാണ് നരേന്ദ്രമോദിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇത്രമാത്രം വലിയൊരു വിജയം നേടാന്‍ സംഘപരിവാറിന് കഴിയുമായിരുന്നില്ല എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
തീര്‍ച്ചയായും ഒരു ചോദ്യം ഈ അവസരത്തില്‍ ഉയര്‍ന്നുവരാം. ഇത്രയും കഴിവുകളുള്ള ഒരു മനുഷ്യന് ഇത്തിരി പി.ആര്‍. വര്‍ക്കൊക്കെ കൊടുത്ത് ഒരു വലിയ നേതാവാക്കുന്നതില്‍ എന്താണ് തെറ്റ്? മോദി എന്ന് വാഗ്മിയെ, കരിസ്മാറ്റിക് വ്യക്തിത്വത്തെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യസ്ഥാനത്തെത്തിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ നരേന്ദ്രമോദി ഒരു ക്രോണി കാപ്പിറ്റലിസ്റ്റ് ഉല്‍പ്പന്നമാണ്. ഗുജറാത്തില്‍ നരേന്ദ്രമോദി ഉയര്‍ത്തിയ വികസനമെന്ന മുദ്രാവാക്യത്തിന്റെ ശക്തിയില്‍ അദ്ദേഹത്തിന്റെ പൂര്‍വ്വകാല ചരിത്രം ഭസ്മമായിപ്പോകുന്ന വിചിത്രമായ കാഴ്ച കണ്ട കോര്‍പ്പറേറ്റുകള്‍ ഇന്ത്യയെന്ന മാര്‍ക്കറ്റിനെ എക്കാലവും തങ്ങളുടെ കാല്‍ക്കീഴില്‍ത്തന്നെ നിലനിര്‍ത്താന്‍ നരേന്ദ്ര മോദി എന്ന രാഷ്ട്രീയക്കാരനെ ഒരു തുറുപ്പു ചീട്ടായി ഇറക്കുകയായിരുന്നു.
ചെറിയൊരു സമീപകാല ഉദാഹരണം പറയാം. 2019 പാല്‍ലമെന്റ് ഇലക്ഷന്‍ കാലത്ത് കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ കള്ളപ്പണം നിക്ഷേപിക്കുന്ന ഇലക്ടോറല്‍ ബോണ്ട് എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന സംവിധാനത്തിലൂടെ ബി.ജെ.പി. ക്ക് കിട്ടിയത് 2410 കോടി രൂപയാണ്. അതായത് മൊത്തം ഇലക്ടോറല്‍ ബോണ്ട് തുകയുടെ 60 ശതമാനം. ഇന്ത്യന്‍ ജനാധിപത്യത്തെ മോദി എന്ന രാഷ്ട്രീയ ദലാളിലൂടെ വിലക്കെടുക്കുകയാണ് ഈ വലിയ സാമ്പത്തിക ഇടപാടിലൂടെ സത്യത്തില്‍ നടക്കുന്നത്. നോട്ടു നിരോധനവും, കാര്‍ഷിക നിയമങ്ങളുമൊക്കെ കോര്‍പ്പറേറ്റുകളുടെ സംഗീതത്തിനനുസരിച്ചുള്ള നരേന്ദ്ര മോദിയുടെ കോര്‍പ്പറേറ്റ് നൃത്തമാണെന്ന് മനസ്സിലാക്കാന്‍ ഇതില്‍കൂടുതല്‍ എന്തു തെളിവാണ് ആവശ്യം.

തകര്‍ന്നു പോയ നാലാം എസ്‌റ്റേറ്റ്
ഇലക്ടോറല്‍ ബോണ്ടുകളടക്കം ജനാധിപത്യത്തെ വിറ്റുതുലയ്ക്കുന്ന പ്രവണതകളെ ജനസമക്ഷം കൊണ്ടുവരേണ്ട മാധ്യമങ്ങള്‍ ഇന്ന് സംഘപരിവാറിന്റെ കുഴലൂത്തുകാരാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി സഹസ്രകോടികള്‍ പരസ്യമായി മാധ്യമങ്ങള്‍ക്കു കൊടുക്കുമ്പോള്‍ അതുവേണ്ടെന്നു വെച്ച് സര്‍ക്കാരിന്റെ ശത്രുക്കളായി നിന്നാല്‍ ഇവിടെ ജീവിച്ചു പോവുക പ്രയാസമായിരിക്കും. മാത്രവുമല്ല മാധ്യമ പ്രവര്‍ത്തനം എന്നുപറയുന്നത് പല കമ്പനികള്‍ക്കും സെക്കന്ററി ബിസിനസ്സുമാത്രമാണ്. അവരുടെ പ്രധാന വരുമാന സ്രോതസ്സ് എന്നുപറയുന്നത് സര്‍ക്കാര്‍ പേട്രണായി വരുന്ന പലതരം ബിസ്സിനസ്സുകളാണ്. സര്‍ക്കാരിനെ പിണക്കിയാല്‍ കൈയ്യിലുള്ള മാധ്യമ ബിസിനസ്സു മാത്രമല്ല സകല ബിസിനസ്സും പൂട്ടിപ്പോകും എന്നതുകൊണ്ട് 


സര്‍ക്കാരിനെതിരെ നിലകൊള്ളുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.
ജനാധിപത്യം നാളിതുവരെ നേരിട്ടതില്‍വെച്ച് ഏറ്റവും സവിശേഷമായ ഒരു ഭീഷണിയാണ് ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നത്.  ഇതുവരെ വേഗപ്പൂട്ടിട്ടു പൂട്ടാന്‍ കഴിയാതിരുന്ന ഒരു മേഖല സൈബര്‍മാധ്യമരംഗം മാത്രമാണ്. നരേന്ദ്രമോദി എന്ന ബ്രാന്റിനെ വികസിപ്പിച്ചുകൊണ്ടുവരാന്‍ സംഘപിരവാര്‍ ഉപയോഗിച്ച സൈബര്‍ സ്‌പേസ് ഇന്ന് ഏറെക്കുറെ നരേന്ദ്രമോദിക്കെതിരെയാണ് എന്നൊരു തോന്നല്‍ പൊതുവെ ഉണ്ടായിട്ടുണ്ട്. അതിന്റെ ബാക്കിപത്രമാണ് ട്വിറ്ററടക്കം പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമെതിരെ സര്‍ക്കാര്‍ വാളോങ്ങുന്നത്. അതുകൂടി കുട്ടിച്ചോറാക്കിക്കഴിഞ്ഞാല്‍ ഇനി നമുക്ക് സ്വന്തം തടവറകളിലേയ്ക്കു മടങ്ങാം. എല്ലാ പൊതുവിടങ്ങളും നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംവാദങ്ങളെല്ലാം നിലയ്ക്കാന്‍ പോകുന്നു. ജനാധിപത്യ അവകാശങ്ങളില്‍ വിലങ്ങു വീഴാന്‍ പോകുന്നു. പത്രമാധ്യമങ്ങള്‍, സൈബര്‍ മാധ്യമങ്ങള്‍, പൊതു സംവാദ വേദികള്‍, സമര വേദികള്‍ എല്ലാം ഒരു വലിയ ബ്രാന്റിന്റെ നിലനില്‍പ്പിനു വേണ്ടി പൂട്ടിക്കെട്ടാന്‍ പോകുന്നു. പശുവിന്റെ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചവര്‍, ഈ നാട്ടിലെ പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചവര്‍, വിവാദ കാര്‍ഷിക നിയമത്തിനെതിരെ പ്രതികരിച്ചവര്‍ ഇന്ത്യയിലെ ഈ നവ ജനാധിപത്യ പരിതസ്ഥിതിയിലെ അപൂര്‍വ്വ ജനുസ്സുകളാണ്. എല്ലാ സംവാദ മേഖലകളും അടച്ചുവെച്ച് അഭിപ്രായം പറയുന്നവനെ തടവിലിടുമ്പോള്‍ ദൂരെ ദൂരെ എവിടെ നിന്നെങ്കിലും ഒരു 'കിളിക്കൊഞ്ചല്‍' സ്വാതന്ത്ര്യത്തിന്റെ ചെറിയ പാട്ടുകളുമായി നമ്മുടെ രാജ്യത്തേയ്ക്കു വരും... അതിന്റെ ചെറു സൂചനകളാണ് റിഹാനയും ഗ്രെറ്റ തുംമ്പര്‍ഗ്ഗും നമുക്കു തന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.