2009, നവംബർ 20, വെള്ളിയാഴ്‌ച

എന്‍റെ നിലപാടുകളും പ്രതിഷേധങ്ങളും

(കഴിഞ്ഞ മാസം മുംബൈയില്‍ മധുസൂദനന്‍ നായര്‍ പങ്കെടുത്ത "കവിയും കവിതയും" എന്ന പരിപാടിയുടെ ചോദ്യോത്തര വേദിയില്‍ ഞാന്‍ ചോദിച്ച ഒരു ചോദ്യത്തെ മുംബൈയിലെ ഒരു പ്രസിദ്ധീകരണമായ വൈറ്റ്ലൈന്‍ വാര്‍ത്ത വിവാദമാക്കിയ സാഹചര്യത്തില്‍ അവര്‍ക്ക്‌ ഞാന്‍ "എന്‍റെ നിലാപാടുകളും പ്രതിഷേധങ്ങളും" എന്ന ഒരു കുറിപ്പ്‌ അയച്ചു കൊടുത്തിരുന്നു. അതിന്‍റെ പൂര്‍ണ്ണരൂപമാണ്‌ ഈ പോസ്റ്റ്‌. സ്വന്തം നിലപാടുകളെ തുറന്നവതരിപ്പിക്കുന്നതിന്‌ ബ്ളോഗ്ഗുകള്‍ നല്‍കുന്ന ഈ സ്വാതന്ത്യ്രം ഇവിടെ എന്നെപോലെയുള്ള ഒരു ചെറിയ എഴുത്തുകാരന്‌ അത്താണിയാവുകയാണ്‌. എന്‍റെ പ്രതികരണത്തെ സ്ഥലപരിമിതിയുടെ പേരില്‍ കത്തിവയ്ക്കാന്‍ ഒരു എഡിറ്ററും ഇവിടെയില്ല എന്നത്‌ വലിയ ഒരു ആശ്വാസം ആണ്‌. എല്ലാ മുബൈ നഗരവാസികള്‍ക്കും, സഹൃദയര്‍ക്കും, ബൂലോകത്തെ കവിതാ ആസ്വാദകര്‍ക്കും വേണ്ടി ഞാനീ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.)


ഓരോ സൃഷ്ടിയും ഓരോ നിലപാടുകള്‍ ആണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. നിലവിലുള്ള സൈദ്ധാന്തിക പരിസരങ്ങളോട്‌, ജീവതാവസ്ഥകളോട്‌ അനുകൂലിച്ചുകൊണ്ടോ പ്രതികൂലിച്ചുകൊണ്ടോ ഉള്ള ഒരു മുദ്രാവാക്യം - ഒരു കലാപം - കാലത്തിലേക്ക്‌ സര്‍ഗ്ഗാത്മകമായ ഒരിടപെടല്‍ ഇതാണ്‌ ഒരു രചനകൊണ്ട്‌ ഒരു എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നത്‌ എന്ന് വളരെ ഉപരിപ്ളവമായി ഒരു അഭിപ്രായം പറയാനാകും. എഴുത്ത്‌ സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഒരു നിഷ്കാമ കര്‍മ്മമാണ്‌. എഴുത്തിനെ കവച്ചു വയ്ക്കുന്ന എഴുത്താളന്‍മാരെ സാഹിത്യത്തിന്‌ ആവശ്യമില്ല. എഴുത്തിന്‍റെ ആദ്യ ദശകളില്‍ സ്വീകരിക്കുന്ന നിലപാടുതറകളെ തികഞ്ഞ അവസരവാദത്തിനൊത്ത്‌ മാറ്റുകയും ആത്മരതിയുടെ അനന്ത വിഹായസ്സില്‍ പരിലസിക്കുകയും ചെയ്യുന്നവര്‍ മലയാള സാഹിത്യത്തില്‍ ഒരുപാടുണ്ട്‌. മലയാളത്തിന്‌ കരുത്തുറ്റ രചനകള്‍ സംഭാവന ചെയ്ത മുകുന്ദനും, പലപ്പോഴായി ഒ. വി. വിജയനും തന്‍റെ ആന്തരിക ജീവിതത്തിലും സര്‍ഗ്ഗാത്മക ജീവിതത്തിലും വന്നു ചേര്‍ന്ന പ്രതിസന്ധികളില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. ലബ്ദപ്രതിഷ്ടരായ എഴുത്തുകാരെ വിഗ്രഹവല്‍ക്കരിക്കാന്‍ വിവേകിയായ വായനക്കാര്‍ തയ്യാറല്ല എന്നു വേണം കരുതാന്‍. ഓരോ സൃഷ്ടിയിലും ഒരു പുതിയ വായന തന്‍റെ അവകാശമായി കരുതുന്നവനാണ്‌ വിവേകിയായ വായനക്കാരന്‍. സ്വയം വിഗ്രഹവല്‍ക്കരിച്ചുകൊണ്ട്‌ സ്വന്തം ആത്മ സൌന്ദര്യത്തിന്‍റെ തടവുകാരായി അവനവന്‍റെ ആഖ്യാനകലയുടെ ലാവണ്യങ്ങളില്‍ അഭിരമിക്കുന്ന എഴുത്തുകാര്‍ക്കെതിരെ നിറയൊഴിക്കാന്‍ വിവേകിയായ ഒരു വായനക്കാരന്‍ തയ്യാറാകും. സാഹിത്യ ലോകത്ത്‌ സിനിമാ/ഫാഷന്‍ വ്യവസായത്തിലേതുപോലെ വിഗ്രഹങ്ങള്‍ ഉണ്ടാക്കപ്പെടുന്നതില്‍പരം വലിയ അശ്ളീലം വേറെയില്ല. വിഗ്രഹങ്ങള്‍ ഭക്തരെ സൃഷ്ടിക്കുന്നു. ഭക്തര്‍ ഭക്തിമൂത്ത്‌ അന്ധരായി തീരുന്നു.

ആധുനികതയുടെ കാലത്ത്‌; പ്രധാനമായും എഴുപതുകളിലും എണ്‍പതുകളിലും മലയാള കവിതയ്ക്ക്‌ ജനകീയവും പുതിയതുമായ ഒരു കാവ്യ ഭാവുകത്വം പകര്‍ന്നവരില്‍ അഗ്രഗണ്യരാണ്‌ കടമ്മനിട്ട, ഒ. എന്‍. വി., മധുസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവര്‍. മലയാള സാഹിത്യത്തില്‍ വൈകിയെത്തിയ ഉത്തരാധുനികതയുടെ പുതിയ "പൊടിപ്പുകള്‍" മലയാളത്തില്‍ കണ്ടു തുടങ്ങുന്നതു വരെ ഈ കവികള്‍ അവരുടെ അപ്രമാദിത്വം മലയാള കവിതയെ കരുത്തുറ്റതാക്കി. കാവ്യത്തെ വരേണ്യമായ ഭാഷാ പരിസരങ്ങളില്‍ നിന്നും അതിന്‍റെ ഏറ്റവും പുരാതനമായ നാടോടി - ദ്രാവിഡിയന്‍ ശീലുകളിലേക്ക്‌ തിരിച്ചു കൊണ്ടുവരാനായതിലും അതിനെ സാധാരണക്കാരന്‍റെ ചുണ്ടുകളിലേക്ക്‌ കോര്‍ത്തെടുക്കാനായതിലും ശബ്ദ സൌന്തര്യം കൊണ്ടാടിയ കവികളുടെ പങ്ക്‌ വളരെ വലുതാണ്‌.

ഒരു സാഹിത്യ വിദ്യാര്‍ത്ഥി കവിതയുടെ വികാസ പരിണാമങ്ങളെ പഠിക്കേണ്ടത്‌ തികച്ചും ഏകപക്ഷീയമായ ആസ്വാദന ജഠിലതകള്‍ വച്ചു കൊണ്ടാവരുത്‌. നാടോടികളുടെ വായില്‍ നിന്നും പിറവിയെടുത്ത കവിത കൊട്ടാരങ്ങളില്‍ അന്തിയുറങ്ങി, മൂരിശൃഗാരങ്ങള്‍ക്കും സന്ദേശകാവ്യങ്ങള്‍ക്കും, ചന്ദ്രോത്സവങ്ങളുക്കും ശേഷം വീണ്ടും സാധാരണക്കാരന്‍റെ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയ ഈ ചരിത്ര സഞ്ചാരത്തെ ആഴത്തില്‍ പഠിക്കുകയാണ്‌ ഒരു സാഹിത്യ വിദ്യാര്‍ത്ഥി ചെയ്യേണ്ടത്‌. കാലത്തിന്‍റെ മാറിയ മുഖങ്ങളെ അതിനു ചേരുന്ന ആഖ്യാന പരിസരങ്ങളില്‍ നിന്നുകൊണ്ട്‌ കവിതയിലൂടെ അതിശക്തമായി അവതരിപ്പിച്ച സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, അയ്യപ്പപണിക്കര്‍, ആറ്റൂര്‍ തുടങ്ങിയ കവികളെ എന്‍റെയുള്ളിലെ സാഹിത്യ വിദ്യാര്‍ത്ഥി ഇഷ്ടപ്പെടുന്നത്‌ അവര്‍ ആത്മകാമങ്ങളുടെ അധിനിവേശങ്ങളില്‍ സ്വയം തകര്‍ന്നടിഞ്ഞവരല്ല എന്നതുകൊണ്ടാണ്‌. അവരുടെ ഓരോ കൃതിയും ഓരോ പുതിയ വായനാനുഭവങ്ങള്‍ പകര്‍ന്നു തരുന്നു. പുതു തലമുറയിലെ എഴുത്തുകാര്‍ക്ക്‌ ഒരു ദിശാസൂചിയായി അവര്‍ നിലനില്‍ക്കുന്നു. സ്വയം അനുകരിച്ച്‌ തന്നെ തന്നെ വിഗ്രഹവല്‍ക്കരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല എന്നത്‌ എന്നെ അവരുടെ വായനക്കാരനാക്കി നിലനിര്‍ത്തുന്നു. എന്‍റെ ധിഷണോര്‍ജ്ജം, എന്‍റെ ആന്തരിക ജീവിതത്തിനുള്ള മുലപ്പാല്‌ എനിക്ക്‌ അവരുടെ കൃതികളില്‍ നിന്നും കിട്ടുന്നുണ്ട്‌.

എഴുപതുകളുടെ ജനകീയ കവിതകളില്‍ നിന്ന്‌ തൊണ്ണൂറുകളില്‍ എത്തിയപ്പോള്‍ തികച്ചും വേറിട്ടൊരു ആഖ്യാന രീതിയിലേക്ക്‌ കവിത പറിച്ചു നടപ്പെടുകയായിരുന്നു. കവിതയുടെ പുതുവഴികളിലൂടെ ബഹുദൂരം സഞ്ചരിക്കുകയും പുതുകവിതയ്ക്ക്‌ സ്വയം ഒരു ദിശാസൂചിയായി മാറുകയും ചെയ്ത കവികളാണ്‌ പി. പി. രാമചന്ദ്രന്‍, അന്‍വര്‍ അലി, എസ്‌. ജോസഫ്‌, മോഹനകൃഷ്ണന്‍ കാലടി, റഫീക്‌ അഹമ്മദ്‌, ടോണി തുടങ്ങി ഇപ്പോള്‍ നമ്മള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതു നിരയിലെ വിഷ്‌ണുപ്രസാദ്‌, സുനില്‍ കുമാര്‍, അജീഷ്‌ ദാസന്‍ തുടങ്ങിയവരുള്‍പ്പെടുന്ന ഈ പുതുകവിതയുടെ ജീവസ്സുറ്റ നിര നീണ്ടു കിടക്കുന്നു. കവിതയുടെ ഈ മാറ്റത്തെ പഠിക്കുന്നവര്‍ - ഈ മാറ്റത്തെ ഉള്‍ക്കൊള്ളുന്നവര്‍ മാറ്റത്തിന്‍റെ ലാവണ്യ ശാസ്ത്രങ്ങളെ, അതിന്‍റെ അനിവാര്യമായ പ്രപഞ്ച സത്യത്തെ അംഗീക്കുന്നവരാണ്‌.

കവിത ഒരേ സമയം അകത്തോട്ടും പുറത്തോട്ടും സഞ്ചരിക്കുന്ന ഊര്‍ജ്ജമാണ്‌. അതിന്‌ ശബ്ദവും ആത്മാവുമുണ്ട്‌ അതുകൊണ്ടാണ്‌ അകത്തോട്ടും പുറത്തോട്ടും സഞ്ചരിക്കുന്ന ഊര്‍ജ്ജമാണ്‌ കവിത എന്നു പറയുന്നത്‌. ക്രമ ബദ്ധമായ ശബ്ദത്തെ സംഗീതമെന്നും ക്രമബദ്ധമല്ലാത്ത ശബ്ദത്തെ "ഒച്ച" എന്നും ശാസ്ത്രീയമായി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നു. മലയാള ഭാഷാപദങ്ങള്‍ക്ക്‌ ജീവിതത്തിന്‍റെ ഉലയില്‍ നിന്ന്‌ മൂപ്പിച്ചെടുത്ത ഭാവാത്മകതയുണ്ട്‌. ദ്രാവിഡീയന്‍ ജീവിതത്തിന്‍റേയും നാടോടി പാരമ്പര്യത്തിന്‍റേയും ശീലുകള്‍ ഉണ്ട്‌. ഇതില്‍ ശബ്ദത്തെ സന്നിവേശിപ്പിച്ച്‌ നടത്തുന്ന കണ്ഠവിക്ഷോഭങ്ങള്‌ എണ്‍പതുകളില്‍ അനുരണനകവികള്‍ സൃഷ്ടിച്ചു വന്നിരുന്നു. കടമ്മനിട്ട, ഒ. എന്‍. വി., മധൂസൂദനന്‍ നായര്‍ തുടങ്ങിയവര്‍ ഉണ്ടാക്കിയ ജനകീയ കവിതകളില്‍ നിന്നും ഉടലെടുത്ത ഈ ശബ്ദകവികള്‍ മലയാള കവിതയെ ശബ്ദമാലിന്യങ്ങള്‍ കൊണ്ട്‌ നിറച്ചവര്‍ ആയിരുന്നു. മലയാളത്തിലെ അതിശക്തമായ പദസമ്പത്തിനെ ഒരു കൂട്ടം "കാവ്യ മിമിക്രിക്കാര്‍" അനാധമാക്കുകയായിരുന്നു. ഇത്തരം കവികള്‍ കൂട്ടം കൂട്ടമായി ജൂനിയര്‍ മധുസൂദനന്‍ നായര്‍ ചമയുകയും പുതുകവികള്‍ക്കു നേരെ അക്രോശിക്കുകയും ചെയ്യുന്ന സാഹിത്യ വിനോദങ്ങള്‍ക്ക്‌ ഞാന്‍ സാക്ഷിയായിട്ടുണ്ട്‌. കവിത കണ്ഠവിക്ഷോഭങ്ങള്‍ അല്ല എന്നും അറുപതുകള്‍ തൊട്ട്‌ ഇന്നും മലയാളത്തിന്‌ പ്രിയങ്കരരായ ഒ. എന്‍. വി., കടമ്മനിട്ട, മധൂസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവര്‍ കണ്ഠവിക്ഷോഭങ്ങള്‍ കൊണ്ടല്ല ജനകീയ കവികളായത്‌ എന്നും ഞാന്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു.

എഴുപതുകളിലും എണ്‍പതുകളിലും കൊണ്ടാടപ്പെട്ട കവിതകള്‍ക്ക്‌ ഇന്നും ആസ്വാധകരുണ്ട്‌ എന്ന സത്യത്തെ എനിക്ക്‌ നിഷേധിക്കാനാവില്ല. സാധാരണക്കാരന്‍റെ കവിതാസ്വാദനത്തെ പരിപോഷിപ്പിക്കുകയും അതോടൊപ്പം കാവ്യലോകത്ത്‌ സ്വന്തം വഴി വെട്ടുകയും ചെയ്ത ജനകീയ കവികള്‍ എന്നും വായിക്കപ്പെടും സംശയമില്ല. കഴിഞ്ഞ മാസം മധുസൂദനന്‍ നായര്‍ "കവിയും കവിതയും" എന്ന സാംസ്കാരിക പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ട രണ്ടു കവിതകളെ മുന്‍നിര്‍ത്തി ഞാന്‍ രണ്ടു ചോദ്യങ്ങള്‍ അദ്ദേഹത്തോട്‌ ചോദിക്കുകയുണ്ടായി. എന്‍റെ ഒരു ചോദ്യം

“കവിയരങ്ങുകളിലൂടെ ഉയര്‍ന്നുവന്ന താങ്കളുടെ കവിതകളില്‍ ദ്രാവിഡിയന്‍ പദ സ്വാധീനം ഏറെയായിരുന്നു. അവിടെ നിന്നും സംസ്കൃത പദങ്ങളുടേയും ഹൈന്ദവ ബിംബങ്ങളുടേയും അതിപ്രസരത്തോടെ ഇന്ന്‌ അവതരിപ്പിക്കപ്പെട്ട താങ്കളുടെ പുതിയ കവിതയിലെ ഈ ആഖ്യാനപരമായ മാറ്റത്തെ എങ്ങിനെ സ്വയം നോക്കികാണുന്നു” എന്നായിരുന്നു.

ഒരു ജനകീയ കവിയോട്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടക്കകാരനായ ഒരുവന്‌ എങ്ങിനെ ധൈര്യം വന്നു എന്ന ഫാസിസ്റ്റ്‌ മനോഭാവം മുംബൈയിലെ സാഹിത്യ മാധ്യമരംഗത്ത്‌ ഉണ്ടാവും എന്ന്‌ ആ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ കരുതിയിരുന്നില്ല. മറ്റൊരു ചോദ്യം 'ഏറെ വിവാദമുണ്ടാക്കിയ ശബ്ദമലിനീകരണത്തെ കുറിച്ചുള്ളതായിരുന്നു.

"പുതുകവിത ഏറെ നിശബ്ദമായ ആഖ്യാന പരിസരങ്ങളെ ആവിഷ്ക്കരിക്കുമ്പോള്‍ അതായത്‌, ഒരു പൂവ്‌ വിടര്‍ന്ന്‌ കൊഴിഞ്ഞുപോകുന്ന, ഒരു മഴവില്ല്‌ വന്ന്‌ ഉടഞ്ഞുപോകുന്ന കാഴ്ച്ചയുടെ യഥാര്‍ത്ഥമായ ആഖ്യാനത്തെ കവിതയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. പലപ്പോഴും ശബ്ദത്തിന്‍റെ സൌകുമാര്യമുള്ള താങ്കളുടെ കവിതകളിലെ ശബ്ദം പരിധികള്‍ ഭേദിച്ച്‌ അത്‌ മുഖരിതമാക്കുന്ന ഒരു അനുഭവം ഉണ്ട്‌. അറിഞ്ഞോ അറിയാതെയോ കവിതയെ അപ്രസക്തമാക്കുന്ന - നിസ്സാരവ്ല്‍ക്കരിക്കുന്ന ഒരു തലത്തിലേക്ക്‌ ഈ ശബ്ദാനുഭവം എത്തിച്ചേരുന്നില്ലേ ' എന്നു ചോദിക്കുകയുണ്ടായി.

വിഗ്രഹങ്ങള്‍ ഉണ്ടാക്കി ആരാധിക്കാനും ആരാധിച്ചാരധിച്ച്‌ ആന്ധ്യം ബാധിച്ച ഒരു മനസ്സില്‍ നിന്ന്‌ ഇങ്ങിനെ ഒരു ചോദ്യം വരികയില്ല എന്ന്‌ ഞാന്‍ അഭിമാനത്തോടെ തിരിച്ചറിയുന്നു. ഇതിലെ ഒരു പ്രധാനകാര്യം ഈ ആരോപണം എല്ലാ ജനകീയകവികളും നേരിടേണ്ടിവന്നിട്ടുണ്ട്‌ എന്നതാണ്‌. പുതുകവിതയിലെ പുതിയ ആഖ്യാന പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്‌ ഈ ഒരു ചോദ്യവും അതുണ്ടാക്കിയ അന്വേഷണ ത്വരയും മൂലമായിരുന്നു. കവിത തികച്ചു സത്യസന്ധമായിരിക്കുക - വെച്ചുകെട്ടും ആടയാഭരണങ്ങളുമില്ലാതെ എഴുതുക എന്ന ഒരു ആവിഷ്ക്കരണരീതി വളര്‍ന്നു വന്നു. ഉറക്കെ ചൊല്ലപ്പെട്ടില്ലെങ്കിലും പെരുവഴിയില്‍ കിടന്നാലും വരികള്‍ ഒറ്റവായനയില്‍ തന്നെ കരിമരുന്നുപോലെ, ഏെറുപടക്കം പോലെ, മനസ്സിലേക്കു കയറിപറ്റുന്ന ഭാവാത്മകത പുതുകവിതയില്‍ പിന്നീട്‌ ആവിഷ്ക്കരിക്കപ്പെട്ടു തുടങ്ങി. ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ സച്ചിദാനന്ദന്‍ എഴുതിയ "സാക്ഷ്യങ്ങള്‍" എന്ന കവിത ഒരു ചെറിയ ഉദാഹരണമാണ്‌.

കവിത എഴുതിയാല്‍ മാത്രം പോരാ അത്‌ കവി ട്യൂണ്‍ ചെയ്ത്‌ റിക്കോര്‍ഡ്‌ ചെയ്തു വിടുകയും വേണം എന്ന അത്യന്താധുനിക പരിപ്രേക്ഷ്യം കവിതയ്ക്ക്‌ ഭൂഷണമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. മധുസൂദനന്‍ നായരുടെ കവിതകള്‍ അദ്ദേഹത്തിന്‍റെ ആലാപന ശ്രുതികൊണ്ടുമാത്രമല്ല അതിന്‍റെ കാവ്യഗുണം കോണ്ടുകൂടി മുന്നിട്ടു നില്‍ക്കുന്നവയാണ്‌ എന്ന് മറ്റാരേയും പോലെ ഞാനും വിശ്വസിക്കുന്നുണ്ട്‌. പക്ഷെ അദ്ദേഹത്തിന്‍റെ അനുരണനകവികള്‍ മലയാള കവിതാ സാഹിത്യത്തില്‍ സൃഷ്ടിക്കുന്ന ശബ്ദമാലിന്യം വിലക്ഷണമായ കാവ്യമാതൃകകളാണ്‌ എന്ന് അഭിപ്രായപ്പെടാന്‍ ആരെ ഭയക്കണം. ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, ബാലചന്ദ്രന്‍ വടക്കേടത്ത്‌, എം. അച്ച്യുതന്‍, വിഷ്ണു നാരായണന്‍ നമ്പൂതിരി, ആത്മാരാമന്‍, പി. ടി. നരേന്ദ്രമേനോന്‍, തുടങ്ങി അന്‍പതോളം സാഹിത്യാകാരന്‍മാര്‍ പങ്കെടുത്ത ഒരു സാഹിത്യ ക്യാമ്പില്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്ത ഒരു ഓര്‍മ്മയുടെ ആഘോഷമായിരുന്നു ഞാന്‍ മധുസൂദനന്‍ നായരോടും നടത്തിയത്‌. ആ വലിയ കവിയോട്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒ. എന്‍. വി. കുറുപ്പിനെ ഇറക്കുമതി ചെയ്യേണ്ടിവരും എന്ന യുക്തിയോട്‌ എനിക്ക്‌ യോജിക്കാനാവില്ല. എന്‍റെ ചോദ്യത്തിന്‌ ഏറെ നീണ്ട ഒരു ഉത്തരം തന്‍റെ കയ്യിലുണ്ടെന്നും വചനത്തിന്‍റെ ശക്തി സാന്ദ്രതയെക്കുറിച്ച്‌ നീണ്ട ഒരു പ്രഭാഷണത്തിന്‌ ഇവിടെ സമയം പോരാത്തതുകൊണ്ട്‌ പരിപാടിക്കുശേഷം നേരിട്ടു സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടി അവസാനിച്ചതിനു ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ട്‌ സംസാരിച്ചു. തിരുവനന്തപുരത്തേക്ക്‌ എപ്പോള്‍ വന്നാലും തന്നെ വിളിക്കണമെന്നും ദീര്‍ഘമായി സംസാരിക്കാമെന്നും പിതൃവാത്സല്യത്തോടെ എന്നോട്‌ പറഞ്ഞു. ആ വാക്കുകളാണ്‌ എന്നെപ്പോലുള്ള ഒരു സാഹിത്യ വിദ്യാര്‍ത്ഥിയുടെ ഊര്‍ജ്ജം - സാന്ത്വനം. അടുത്ത കാലത്തായി ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടു സാറിനോട്‌ നെറ്റിലൂടെ ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഒരു പരിധിവിടുന്ന ആത്മകാമത്തിന്‍റെ അനന്തര ഫലമായി കവിതയില്‍ നടക്കുന്ന നിസ്സാരവല്‍ക്കരണത്തെ കുറിച്ച്‌ എന്നോട്‌ പറയുകയും എന്‍റെ അഭിപ്രായങ്ങളോട്‌ യോജിപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കവിതയെ ജനകീയവല്‍ക്കരിക്കുന്നതില്‍ ഒരു വലിയ പങ്ക്‌ അദ്ദേഹത്തിനും ഉണ്ടായിരുന്നല്ലൊ.

ശബ്ദബാഹുല്യങ്ങള്‍ക്കിടയില്‍ തന്‍റെ സ്വന്തം സ്വരത്തെ സമൂഹത്തില്‍ വേറിട്ട്‌ ആലേഖനം ചെയ്യപ്പെടണം എന്ന മോഹം അദമ്യമായ അതിമോഹമാകുമ്പോഴാണ്‌ എഴുത്തുകാര്‍ അതിസാങ്കേതികതയില്‍ ചാലിച്ച കൃതികള്‍ സമൂഹത്തില്‍ അവതരിപ്പിക്കുന്നത്‌. ഇതുപോലുള്ള സാഹിത്യമാലിന്യങ്ങള്‍ സമൂഹത്തില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്‌. സംസ്കൃത പദങ്ങളുടെ ആധിക്യംകൊണ്ട്‌ മണിപ്രവാളകാലത്തും സൌന്ദര്യപദങ്ങളുടെ ആധിക്യം കൊണ്ട്‌ വൃത്താധിപത്യം കവിതയില്‍ നിലനിന്ന കാലത്തും കാവ്യമാലിന്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരുന്നിരുന്നു. ഉത്തരാധൂനികകാലത്ത്‌ സാഹിത്യത്തില്‍ മാലിന്യങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും കൃതഹസ്തരായ മുന്‍നിരകവികളുടെ കരുത്തുറ്റ രചനകള്‍കൊണ്ട്‌ പുതുകവിത അതിന്‍റെ യഥാര്‍ത്ഥ ധാര ഇടമുറിയാതെ കാക്കുന്നു. ശബ്ദമുഖരിതമല്ലെങ്കിലും പുതുകവിത അതിന്‍റെ ഇടം മലയാളത്തിലും സമൂഹമനസ്സിലും കാത്തുസൂക്ഷിക്കുന്നുണ്ട്‌ എന്നു ഞാന്‍ വിശ്വസിക്കുന്നു.

കവിത എഴുതപ്പെടേണ്ടതും പാടപ്പെടേണ്ടതും മാത്രമല്ല ആകാശത്ത്‌ ഒരു മഴയൊരുങ്ങുമ്പോള്‍, പാടം പച്ചപുതയ്ക്കുമ്പോള്‍, പര്‍വ്വതങ്ങളുടെ മസ്തകത്തില്‍ നിന്ന് ഒരു നദി പിറവിയെടുക്കുമ്പോള്‍ ഒരു കവിത അവിടെ സംഭവിക്കുന്നുണ്ട്‌. പ്രകൃതിയുടെ ഈ ആഖ്യാനത്തെയാണ്‌ പി കുഞ്ഞിരാമന്‍ നായരും, നെരൂദയും, കീറ്റ്സും ഒക്കെ സ്വാംശീകരിക്കാന്‍ ശ്രമിച്ചത്‌. നിശബ്ദതയില്‍ നിന്ന് ശബ്ദായമാനമായ ഒരു അവസ്ഥയിലേക്കും, "ശബ്ദങ്ങളുടെ രാജരഥ്യകള്‍ പിന്നിട്ട്‌ ഞാനെത്തി. ഇന്നിവിടെയെന്‍ ചിന്തകള്‍ ചേക്കേറുന്നു" എന്ന് ഒ. എന്‍. വി പാടിയതുപോലെ ശബ്ദത്തില്‍ നിന്നും ആത്മാവിന്‍റെ നിശംബ്ദ സംഗീതത്തിലേക്കും കവിത സഞ്ചരിക്കുന്നു. കവിതയെ വിശാലമായ ഒരര്‍ത്ഥത്തില്‍ സമീപിക്കാനാവാത്ത ഒരു ജനക്കൂട്ടമാണ്‌ "ജനകീയം" എന്നു തെറ്റീധരിക്കപ്പെടുന്ന ഭക്തിയുടെ ആന്ധ്യം ബാധിച്ചവര്‍ എന്നെപോലുള്ളവരുടെ ചോദ്യങ്ങളെ കൂവിയിരുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞ ലക്കം വൈറ്റ്‌ ലൈനില്‍ എനിക്കെതിരെ ഒളിയമ്പെയ്ത വിനയനോട്‌ പറയാനുള്ളത്‌ ചോദ്യങ്ങള്‍ ഉണ്ടാക്കപ്പെടുകയല്ല. ഓരോ ഉത്തരങ്ങള്‍ക്കും മുന്നെ ആദ്യം ഉരുവപ്പെടുന്നത്‌ ചോദ്യങ്ങളാണ്‌ എന്നും അത്‌ ഞാന്‍ ചോദിച്ചില്ലെങ്കില്‍ വരും തലമുറ ആ ചോദ്യങ്ങള്‍ ഏെറ്റുപിടിക്കും എന്നുമാണ്‌. ചിന്തയുടേയും വായനയുടേയും പാപ്പരത്തവുമാണ്‌ വിനയനെ ഇതുപോലുള്ള നിലവാരം കുറഞ്ഞ റിപ്പോര്‍ട്ടുകള്‍ എഴുതിക്കുന്നത്‌.

മുംബൈ ആനുകാലികങ്ങളില്‍ സജീവ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ്‌ ശ്രീ മേഘനാദന്‍. മുംബൈ ജീവിതത്തിലെ തിരക്കുകളില്‍ നിന്നുകൊണ്ട്‌ മുടങ്ങാതെ സാമാന്യം ദീര്‍ഘമായ കോളങ്ങള്‍ എഴുതുന്ന മേഘനാദനെ ആദരവോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാറുണ്ട്‌. പക്ഷെ എഴുത്തില്‍ അദ്ദേഹം പലപ്പോഴും പ്രകടിപ്പിച്ചു കാണുന്ന നിലപാടുകളോട്‌ എനിക്ക്‌ പലപ്പോഴും വിയോജിപ്പുകള്‍ ഉണ്ടാവാറുണ്ട്‌. എം. വി. ദേവന്‍, എം. ടി. വാസുദേവന്‍ നായര്‍ എന്നിവര്‍ക്കിടയിലുണ്ടായ സൌന്ദര്യപ്പിണക്കത്തെ ഒരിക്കല്‍ മേഘനാദന്‍ വിശേഷിപ്പിച്ചത്‌ എം. വി. ദേവന്‍ എം. ടിയെ കടിക്കുന്നു എന്നാണ്‌. ഒരു പക്ഷെ ആദ്യമായി ഞാന്‍ വായിച്ച മേഘനാദന്‍റെ ലേഖനവും അതാണെന്നാണ്‌ ഓര്‍മ്മ. മുബൈ സാഹിത്യം ചവറുകളെ ഉല്‍പാദിപ്പിക്കുന്നു എന്ന്‌ അടുത്തിടെ കഥാകാരി മാനസി അഭിപ്രായപ്പെടുകയുണ്ടായി. മേഘനാദന്‍റെ വൈറ്റ്‌ ലൈന്‍ ലേഖനവുമായി ഈ അഭിപ്രായത്തെ കൂട്ടിവായിക്കാവുന്നതാണ്‌. എഴുപതുകളില്‍ മലയാള സാഹിത്യത്തിലെ ഡല്‍ഹി സാന്നിധ്യത്തെ ഉപരിപ്ളവമായ പ്രസ്ഥാവനകളിലൂടെ നിസ്സാരവല്‍ക്കരിക്കാനാവില്ല. മുബൈയില്‍ ഇനിയും നല്ലൊരു സാഹിതീയ ജീവിത സാഹചര്യം രൂപപ്പെട്ടിട്ടില്ല. ഫ്യൂഡലിസത്തിന്‍റെ കാലത്ത്‌ മുംബൈയിലേക്ക്‌ കുടിയേറിപാര്‍ത്ത സാഹിത്യ സ്നേഹികളുടെ മനസ്സില്‍ ഇപ്പോഴും പഴയ ഫ്യൂഡല്‍ സ്വഭാവവും കാല്‍പനികതയും കവിതാസാഹിത്യത്തിലെ വൃത്തവാദവും ഒളിമങ്ങാതെ നിലനില്‍ക്കുന്നു. അതിന്‍റെ ഉദാഹരണമാണ്‌ കഴിഞ്ഞ മാസം നവി മുംബയ്‌ കേരളീയസമാജത്തിന്‍റെ "കവിയും കവിതയും" എന്ന മധൂസൂദനന്‍ നായര്‍ പങ്കെടുത്ത പരിപാടിക്കു ശേഷം കണ്ടത്‌. പരസ്പരം പുറം ചൊറിഞ്ഞ്‌ മുംബൈ സാഹിത്യത്തെ വളര്‍ത്താനാവില്ല എന്നാണ്‌ എന്‍റെ വിനീതമായ അഭിപ്രായം. മുംബൈയിലെ ആനുകാലികങ്ങളില്‍ സ്ഥിരമായി കോളമെഴുതുന്ന ആള്‍ എന്ന നിലയ്ക്ക്‌ ശക്തമായ നിരൂപണ പ്രക്രിയയിലൂടെ മുബൈ സാഹിത്യത്തെ വളര്‍ത്തിക്കൊണ്ടുവരാവുന്നതേയുള്ളു. നാല്‍പത്തിമൂന്നു വര്‍ഷമായി നടന്നു വരുന്ന മുംബൈ സാഹിത്യ വേദിയെക്കുറിച്ച്‌ ഇപ്പോള്‍ മേഘനാദനും മുന്‍പ്‌ പലരും നടത്തിക്കണ്ട അഭിപ്രായപ്രകടനത്തെ നിര്‍ഭാഗ്യകരമെന്നെ പറയാനാവൂ. മുബൈ സാഹിത്യവേദി ആര്‍ക്കും ഒരു ഊന്നുവടിയോ എസ്റ്റാബ്ളിഷ്മെന്‍റിനുള്ള ഇടമോ അല്ല. സ്വന്തം സാഹിത്യ കൃതിയെ ഒരു പൊതു സമൂഹത്തിന്‌ മുന്‍പില്‍ കൊണ്ട്‌ വന്ന്‌ വായിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഒരു സൌഹൃദവേദിമാത്രമാണ്‌ സാഹിത്യവേദി അതിനെ ഒരു പ്രസ്ഥാനമായി കാണുന്നതുകൊണ്ടുള്ള കുഴപ്പമാണ്‌ മേഘനാദന്‍റെ സാഹിത്യവേദിയെക്കുറിച്ചുള്ള പരാമര്‍ശം. റിയാലിറ്റി ഷോകള്‍ കണ്ട്‌ ശീലിച്ചവരുടെ മാധ്യമചൊരുക്കാണ്‌ കെ. ഹരിദാസിനെ പോലെയുള്ള ഒരു ധിഷണാ ശാലിയെക്കുറിച്ച്‌ വിനയന്‍ എഴുതിയ ലേഖനം. പാടാനറിയാത്തവന്‍ കവിത ചൊല്ലരുത്‌ എന്ന്‌ പറയുന്ന മൂന്നാംകിട ഫാസിസം അല്ലെങ്കില്‍ മധുസൂദനന്‍ നായരുടെ ആലപനഗരിമയില്‍ അതിന്‍റെ ആസ്വാദനപരമായ അന്യവല്‍ക്കരണങ്ങളില്‍ നിന്നും കവിതയേയും ഈണത്തേയും വേറിട്ട്‌ മനസ്സിലാക്കാനാവാതെ പോയവന്‍റെ മോഹാലസ്യം.

*ഈ ലേഖനത്തില്‍ വന്ന ചില തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തന്ന ശ്രീ കണ്ണന്‍ തട്ടയിലിനോട്‌ എന്‍റെ കടപ്പാട്‌ അറിയിക്കുന്നു.

25 അഭിപ്രായങ്ങൾ:

  1. പല്ലശ്ശന,

    ഈ വിഷയവും ഒരുപാട് ചര്‍ച്ച ചെയ്തു എവിടെയും എത്താത്ത പതിവ് കാവ്യ ചര്‍ച്ചകളുടെ ബാക്കി തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ പ്രസ്തുത കവിയോടുള്ള ഒരു ചോദ്യോത്തര പരിപാടിയില്‍ മേലെ പറഞ്ഞ പോലെ തന്നെ ഒറ്റപ്പെട്ടു പോയ ഒരാളാണ് ഞാന്‍. ഈ പീക്കിരി പയ്യന് ഇവിടെന്താ കാര്യം എന്ന് പലരും ചോദിച്ചതുമാണ്. പക്ഷെ അതെ വേദിയില്‍ തന്നെ (മാതൃഭൂമി യുവ കവിതാ ക്യാമ്പ്- 1998-99, ചൈതന്യ, കോട്ടയം.) അദ്ദേഹം പോലും സമ്മതിച്ചതാണ്, ആലാപന ഭംഗി വരുത്താന്‍ പ്രത്യേകിച്ച് ചെര്ച്ചയോന്നും ഇല്ലാത്ത വാക്കുകളെ ചിലപ്പോള്‍ കടമെടുക്കേണ്ടി വരുമെന്ന്. അപ്പോള്‍ പ്രശ്നം അദ്ദേഹത്തിന്റെതല്ല. ആ കാലഘട്ടത്തിന്റെ ശൈലികളെ അന്ധമായി ആരാധിക്കുന്ന ഒരു കൂട്ടത്തിന്റെതാണ്. എന്റര്‍ട്ടൈനെര്‍ സിനിമകളും കലാമൂല്യമുള്ള സിനിമകളും ഈ രണ്ടിനും ഇടയ്ക്ക് കിടക്കുന്ന സിനിമകളും തമ്മിലുള്ള വ്യത്യാസം തന്നെയാണ് നമുക്ക് ഇവിടെയും വായിക്കാനാവുക.
    എനിക്ക് തോന്നുന്നു, ഇതിനു നല്ല ഉദാഹരനമാവും റഫീക്ക് അഹമ്മദിന്റെ കവിതകളും മധുസൂദനന്‍ നായരുടെ കവിതകളും തമ്മില്‍ ചേര്‍ത്തു വായിക്കുന്നത്. ചര്‍ച്ച തുടരട്ടെ..

    പിന്‍ കുറിപ്പ് : ഞങ്ങളുടെ നാട്ടില്‍ ഒരു അപ്പുക്കുട്ടി ഉണ്ട്. നല്ല കക്കൂസ് വീട്ടില്‍ ഉണ്ടെങ്കിലും പറമ്പിലോ റോഡിന്റെ അരികിലോ ഇരുന്നു കാര്യം സാധിക്കുന്നത് മാത്രമാണ് പരിപൂര്‍ണ്ണമായ, ആനന്ദ പ്രദമായ കാര്യം എന്ന് അയാള്‍ ഇന്നും എല്ലാരോടും വാദിക്കും..
    :)

    മറുപടിഇല്ലാതാക്കൂ
  2. Santhosh, oru chinthakan koodiyaanu. Niroopana
    saahithyatthodum vishakalana saahithyatthodum
    chaayvundaennu thonnunnu. Eniyum vishakalanam
    nadakkattae.

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ പല്ലശന,
    നിലവിലുള്ള സാഹിത്യ വിചാരങ്ങളോട് രമ്യപ്പെടാത്ത ഒരു പുറം കാഴ്ച താങ്കള്‍ നില നിര്‍ത്തുന്നു.
    കസേരയില്‍ മടങ്ങിയിരുന്നു കവിത കേള്‍ക്കാനല്ല മറിച്ച് ഒരു സാഹിത്യ വിദ്യാര്‍ഥിയുടെ സംശയങ്ങള്‍ രേഖപ്പെടുതുവനാണ് താങ്കള്‍ ഒരുമ്പെട്ടത്.സാഹിത്യത്തെ അടുത്തറിയുകയും ഇടപെടുകയും ചെയ്യുന്ന ചിലര്‍ അവിടെ താങ്കളെ അവഹേളിച്ചു എന്നത് ക്ഷമിയ്ക്കതക്കതല്ല.എങ്കിലെന്ത് കവിതയില്‍ വാക്കിന്റെ തേര് പയിയ്ക്കുന്ന കവി താങ്കളെ തിരിച്ചറിഞ്ഞു!!കേട്ടത് പുതു കവിതയുടെ മുഴങ്ങുന്ന ശബ്ദമാണെന്നും അതിനു ഇടവേളകള്‍ ഉണ്ടായിരിയ്ക്കുകയില്ലെന്നും തിരിച്ചറിഞ്ഞത് കൊണ്ടാണ് കവി താങ്കളെ ക്ഷണിയ്ക്കുന്നത് അദ്ദേഹത്തിന്റെ കസേരയ്ക്കു മുന്‍വശം.
    തുടരുക....

    മറുപടിഇല്ലാതാക്കൂ
  4. priya suhrthe ...........

    ni paranjathu 100% sariyaa.. karanam innu kavinal kavitha ezuthi padiyale aku eyenna vijarichirikunathu . ninnrunalum adunika kavithale vimarsikan thakka arivo vivaramo enikkilla.

    മറുപടിഇല്ലാതാക്കൂ
  5. ആഹ..ആഹഹ..
    ഉന്നം തെറ്റാതെ നിറയൊഴിച്ചിരിക്കുന്നു.വൃത്തമെവിടെ,താളമെവിടെ,എന്ന് തിരയുന്നവരും യഥാര്‍ഥ കവിത എന്തെന്ന് എത്ര വായിച്ചാലും തിരിയാത്തവരും
    ഈ ലേഖനം ഒരു വട്ടം വായിക്കേണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ
  6. സന്തോഷേട്ടാ,
    താങ്കളുടെ നിരീക്ഷണങ്ങളെ കൌതുകത്തോടെ വായിച്ചു എന്നല്ലാതെ...അതില്‍ നിന്നും ഒന്നും നിര്‍വചികാനുള്ള പാകത എനിക്കില്ല.
    എങ്കിലും കുറെ ഒക്കെ മനസിലാക്കി.

    മറുപടിഇല്ലാതാക്കൂ
  7. കണ്ണനുണ്ണി പറഞ്ഞതുപോലെ, അഭിപ്രായം പറയാനുള്ള അറിവൊന്നും എനിക്കില്ല ഇക്കാര്യത്തില്‍.

    “ സ്വന്തം നിലപാടുകളെ തുറന്നവതരിപ്പിക്കുന്നതിന്‌ ബ്ളോഗ്ഗുകള്‍ നല്‍കുന്ന ഈ സ്വാതന്ത്യ്രം ഇവിടെ എന്നെപോലെയുള്ള ഒരു ചെറിയ എഴുത്തുകാരന്‌ അത്താണിയാവുകയാണ്‌. എന്‍റെ പ്രതികരണത്തെ സ്ഥലപരിമിതിയുടെ പേരില്‍ കത്തിവയ്ക്കാന്‍ ഒരു എഡിറ്ററും ഇവിടെയില്ല എന്നത്‌ വലിയ ഒരു ആശ്വാസം ആണ്‌.“

    തീര്‍ച്ചയായും.

    മറുപടിഇല്ലാതാക്കൂ
  8. സന്തോഷ് കവിതയെ കാലത്തോട് ചേര്‍ത്തുവച്ച് വായിക്കുന്നു. ഏതു കലാപ്രവര്‍ത്തനവും അതാതു കാലത്തോടും,അതാതുകാലത്തെ ജന ഹൃദയത്തോടും സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട്. സന്തോഷ് അത് മനസ്സിലാക്കുന്നു എന്നതുതന്നെയാണ് കവിതയെ അഭിമുഖീകരിക്കാനും കവികളെ മാലിന്യത്തിന്റെ അളവിനാല്‍ രേഖപ്പെടുത്താനും ധൈര്യപ്പെടുന്നത്.

    സന്തോഷിന്റെ “കവിതയിലെ മാലിന്യം” എന്ന പ്രയോഗത്തേക്കാള്‍ ചിത്രകാരന്‍ വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നത് “കവിതയിലെ കാപട്യം”(കവിയിലെ കാപട്യം,കലയിലെ കാപട്യം)അഥവ സത്യസന്ധതയില്ലായ്മ എന്നതാകുന്നു.മാലിന്യം സഹിക്കാം. പക്ഷേ കാപട്യം സഹിക്കാവുന്നതല്ല. അത് കവിയുടെ സത്യസന്ധമല്ലാത്ത രാഷ്ട്രീയത്തില്‍ നിന്നും ഉറവയെടുക്കുന്ന സമൂഹത്തോട് ചെയ്യുന്ന അനീതിതന്നെയാണ്.

    ചിത്രകാരന്റെ സ്നേഹാശംസകള്‍ സുഹൃത്തേ.

    മറുപടിഇല്ലാതാക്കൂ
  9. ലേഖനം നന്നായി..അവസാനഭാഗങ്ങളിൽ പക്ഷേ പറഞ്ഞുവന്ന ഒന്നിന്റേയും തുടർച്ച കിട്ടിയില്ല.
    കവിത എഴുതിയാൽ മാത്രം പോരാ അത് ട്യൂൺ ചെയ്ത് പുറത്തുവിടണം എന്ന അത്യന്താധുനിക കവിതയുടെ പരിപ്രേക്ഷ്യം....! അങ്ങനെയൊക്കെ ഉണ്ടോ?
    ധാരാളം അക്ഷര തെറ്റുകളും കണ്ടു.സൌന്ധര്യം എന്നും സൌന്തര്യമെന്നും അധമ്മ്യമെന്നുമൊക്കെ...തിരുത്തരുതോ..

    മറുപടിഇല്ലാതാക്കൂ
  10. പ്രൊമിത്യൂസ്‌: സാഹിത്യകാരന്‍ ഐക്കണ്‍ ആയി മാറപ്പെടുമ്പോള്‍ അവര്‍ ചില സുരക്ഷിത ഇടങ്ങളില്‍ അറിയാതുറങ്ങിപോകും . അവിടെ ചെറിയ ചെറിയ കലാപങ്ങള്‍ ആവശ്യമാണ്‌. പ്രൊമിത്യൂസിനു നന്ദി

    ഷൈജു: എന്നെ ആരും അവഹേളിക്കുകയുണ്ടായില്ല മുബൈയിലെ ചില ചെറു പ്രസിദ്ദീകരണങ്ങള്‍ നിലവാരം കുറഞ്ഞ ഭാഷയില്‍ കൂവിയിരുത്താന്‍ നോക്കിയെന്നു മാത്രം. ഷൈജു വിനു നന്ദി.

    അന്ദവല്ലി ചന്ദ്രന്‍, പി.എസ്‌. ആര്‍. നാദ്‌ നന്ദി

    മറുപടിഇല്ലാതാക്കൂ
  11. സൂപ്പര്‍ ബ്ളോഗ്ഗര്‍, കണ്ണനുണ്ണി, എഴുത്തുകാരി നന്ദി

    മറുപടിഇല്ലാതാക്കൂ
  12. പ്രിയപ്പെട്ട ചിത്രകാരന്‍ മധുസൂദന്‍ നായര്‍ തന്നെ ആ പരിപാടിയില്‍ വളരെ ശക്തി സാന്ദ്രമായ ഭാഷയില്‍ ഒരു എഴുത്തുകാരന്‍ അവന്‍ പലപ്പോഴും അവന്‍റെ ആത്മകാമം ഒന്നുകൊണ്ടുമാത്രം സൃഷ്ടിക്കുന്ന ഗിമ്മിക്കുകളെ കുറിച്ചു പറയുകയുണ്ടായി. തന്‍റേ സ്വരത്തെ വേറിട്ട്‌ അവതരിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ അവന്‍ അറിഞ്ഞൊ അറിയാതെയൊ കവിതയെ നിസ്സാരവല്‍ക്കരിക്കുന്നു. ചിത്രകാരന്‍റേ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധകാപട്യം (മാലിന്യം). വായനക്കാരന്‍ ഈ മാലിന്യങ്ങള്‍ക്കിടയില്‍ നിന്നു നല്ല സൃഷ്ടികളെ കണ്ടെത്താനാവതെ കുഴഞ്ഞുപോകുന്ന ഒരു അവസ്ഥയിലെത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  13. സനാതന്‍ തെറ്റുകള്‍ ചൂണ്ടികാണിച്ചു തന്നതില്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍2009, നവംബർ 21 9:17 PM

    kashttam!! parasparam puram chorinju rasikkunna kure viddikalude koottayma.. a criminal waste of time !!

    മറുപടിഇല്ലാതാക്കൂ
  15. അജ്ഞാതന്‍2009, നവംബർ 21 9:19 PM

    പരസ്പരം പുറം ചൊരിഞ്ഞു രസിക്കുന്ന ഈ പുളിച്ച ഏര്‍പ്പാട് നിര്‍ത്തി, പണിയെടുത്തു ജീവിക്കാന്‍ നോക്കെടായ്..

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതനു നന്ദി..... അരോടാണ്‌ ഈ നിര്‍ദ്ദേശം എന്നു വ്യക്തമായില്ല എന്നോടാണെങ്കില്‍ ഞാന്‍ ജീവിക്കുന്നത്‌ നല്ലോണം അധ്വാനിച്ചു തന്നെയാണ്‌. ആ ഉപദേശം എന്നോടല്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. ഈ പോസ്റ്റില്‍ പറയുന്ന പ്രസ്തുത പരിപാടിയില്‍ മലയാളത്തിന്‍റേ പ്രമുഖ കഥാകാരി മാനസി പങ്കെടുത്തിരുന്നു. മാനസി സാഹിത്യ അക്കാഡമി അവാര്‍ഡു ജേതാവും മുബൈയില്‍ ജീവിക്കുന്ന മലായാളത്തിന്‍റെ പ്രമുഖ കഥാകാരികളില്‍ ഒരാളുമാണ്‌. അവര്‍ ഈ പോസ്റ്റിനെക്കുറിച്ചുള്ള അവരുടെ പ്രതികരണം എനിക്ക്‌ മെയില്‍ ചെയ്തു തരികയുണ്ടായി. ഒരു സംവാദത്തിനു വേണ്ടി അവരുടെ അഭിപ്രായം ചുവടെ ചേര്‍ക്കുന്നു.

    ഞാന്‍ വായിച്ചു,
    വളരെ പ്രസക്തമായ ആശയങ്ങള്‍ വളരെ ശക്തിയായി അവതരിപ്പിക്കുന്ന കവിയാണ്‌ മധുസുദനന്‍ നായര്‍. വാക്കുകളുടെ അതിപ്രസരം, പ്രത്യേകിച്ചും നാം സാധാരണയായി ഉപയോഗിക്കാത്ത സംസ്കൃതപദങ്ങള്‍ ധാരാളമായി ഉപയോഗിക്കുമ്പോള്‍ - അതു താത്വികമായി തെറ്റല്ല - വാക്കുകളുടെ തള്ളിച്ചയില്‍ കവിതയുടെ രസം മുങ്ങിപ്പോകുന്നുവോ എന്ന്‌ തോന്നാം. കവിതാ വായനയില്‍ ഇത്‌ ഒരു അലോസരം ചിലപ്പോഴെങ്കിലും ഉണ്ടാക്കുന്നു എന്ന്‌ എനിക്ക്‌ തോന്നിയിട്ടുണ്ട്‌ താനും. അതിനെ പക്ഷെ ശബ്ദമലിനീകരണമെന്നു വിളിക്കാമൊ ? അതല്ല ശരിയായ വാക്ക്‌. ഒരു ഇംപാക്ട്‌ ഉണ്ടാക്കാന്‍ വേണ്ടി ചോദിച്ചതാണോ ? മധുസൂദനന്‍ നായരോട്‌ ചോദിച്ചു എന്നതില്‍ ഒരു തെറ്റുമില്ല. ആരോടായാലും തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ നേരിട്ടു പറയണം. അതിനാണു ഇത്തരം വേദികള്‍. കാമ്പുള്ള ചോദ്യങ്ങള്‍ ഇല്ലെങ്കില്‍ വേദികള്‍ സജീവമാകില്ല. സാര്‍ഥകവും ആവില്ല. വരും തലമുറകളുടെ അവകാശവും ധര്‍മ്മവുമാണ്‌ ഇത്തരം ചോദ്യങ്ങളിലൂടെ സംവേദന ക്ഷമമായ സാഹിത്യാന്തരീക്ഷം സൃഷ്ടിക്കുക എന്നതും. എന്നാല്‍ എപ്പോഴും പ്രതിപക്ഷ ബഹുമാനത്തോടെ പ്രതികരിക്കുകയാണ്‌ നമ്മുടെ ഓരോരുത്തരുടേയും ചുമതല. ശബ്ദ മലിനീകരണം എന്ന്‌ ഉപയോഗിക്കുമ്പോള്‍ അത്‌ അതിന്‍റെ പൂര്‍ണ്ണാര്‍ഥത്ഥത്തില്‍ ന്യായീകരിക്കാന്‍ സന്തോഷിനു കഴിയണം. കഴിയുമെങ്കില്‍ ചോദ്യം അസ്ഥാനത്താവില്ല. തുടക്കക്കാര്‍, ചെറുപ്പക്കാര്‍ എന്നൊക്കെയുള്ള വകഭേദത്തില്‍ എനിക്ക്‌ വിശ്വാസമില്ല. അതിനാല്‍ ഇനിയും ചോദിക്കുക. ഇത്തരം ചോദ്യങ്ങള്‍ അതായത്‌ വ്യക്തിപരമല്ലാതെ, സാഹിതീപരമായ ഇടപെടലുകള്‍ ഇല്ലാതെ പോകുന്നതാണ്‌ ഇവിടുത്തെ സാഹിത്യ ചര്‍ച്ചകളുടെ ശുഷ്കമായ പരിണിതിക്കു കാരണം. ചോദ്യം ചോദിക്കാന്‍ നല്ല വായന വേണം സമകാലീന സാഹിത്യം എവിടെ നില്‍ക്കുന്നു എന്നറിയണം. ഇതൊന്നും ഇല്ലാതെ, താനെഴുതുന്നതല്ലാതെ ഒന്നും വായിക്കാത്ത വരാണ്‌ പുറം തട്ടലുകള്‍ക്കുവേണ്ടി അരമണിക്കൂറില്‍ സൃഷ്ടികള്‍ പടച്ചു വിടുന്നത്‌. വിമര്‍ശനങ്ങള്‍ അത്തരക്കാര്‍ക്ക്‌ വ്യക്തിപരമായ ആക്രമണമായേ തോന്നു. ഇവിടുത്തെ ഒരു മുഖ്യ എഴുത്തു തൊഴിലാളി ഒരിക്കല്‍ എന്നോടുപറയുകയുണ്ടായി മലയാളം പുസ്തകങ്ങള്‍ പോട്ടെ, ഒരു വിധ വാരിക-മാസികയും വായിക്കാറില്ലെന്ന്‌.... നമ്മുടെ ഇവിടുത്തെ പല വേദികളിലും, വാറോലകളിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന, സമയം വെറുതെ കളഞ്ഞല്ലോ എന്ന്‌ തോന്നിക്കാനിടയാക്കുന്ന കൃതികള്‍ വായിച്ചു വായിച്ചുണ്ടായ മടുപ്പില്‍ നിന്നാണ്‌ അത്തരമൊരു പ്രതികരണം എന്നില്‍ നിന്നുണ്ടായത്‌. സംവേദനം സാധ്യമേയല്ല ഇത്തരക്കാരോട്‌. അഭിപ്രായം പറഞ്ഞില്ലെങ്കിലോ ഞാന്‍ അഹംകാരിയാവും ഇവിടെ ജീവിക്കുന്ന നമ്മുക്ക്‌, സാര്‍ഥകമായ നൂറുനൂറു പരിപാടികള്‍ അത്തരം കാര്യങ്ങളില്‍ താല്‍പര്യമുണ്ടെങ്കില്‍ ആ സമയം കൊണ്ട്‌ കാണുകയോ കേള്‍ക്കുകയോ ചെയ്യാം. എനിക്ക്‌ താല്‍പര്യമുണ്ട്‌ താനും. അതിനാല്‍ ചോദ്യങ്ങള്‍, തെറ്റാണെങ്കില്‍പ്പോലും ചോദിക്കുക. വളര്‍ച്ചയുടെ അനിവാര്യ ഭാഗമാണത്‌.
    എന്ന് മാനസി

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍2009, നവംബർ 24 3:46 PM

    edaa santhoshe,
    "kadhayariyathe" aattam kaanunnavarude kausala mikavil neeyum chennu veenoda mone! samayam kalayathe randu kavitha kurikkan nokkeda kutta....
    snehathode,
    sajeevettan
    (navi mumbai)

    മറുപടിഇല്ലാതാക്കൂ
  19. പ്രിയ സുഹൃത്തുക്കളെ,
    ഇന്നലെ വൈറ്റ്‌ ലൈന്‍ വാര്‍ത്തയുടെ പുതിയ ലക്കം കിട്ടി അതില്‍ മുകളില്‍ കൊടുത്ത ലേഖനത്തിനെ കൈയ്യും കാലും വെട്ടി വായകെട്ടിയ നിലയില്‍ കുളുപ്പിച്ചു കിടത്തിയിരിക്കുന്നതു കണ്ടു. ലേഖനത്തില്‍ വിനയനെക്കുറിച്ചുള്ള എന്‍റെ പരാമര്‍ശങ്ങളില്‍ പലതും വെട്ടിക്കളയപ്പെട്ടിരുന്നു. എന്‍റെ നിലപാടുകള്‍ എന്ന സെക്ഷനിലെ പലതും വെട്ടിമാറ്റി; പല്ലു ഞെരിച്ചുകൊണ്ടല്ലാതെ വൈറ്റ്ലൈന്‍ മടക്കിവയ്ക്കാനാവില്ല അതല്ല രസം !! എന്‍റെ ഈ ചെറിയ ലേഖനത്തിന്‌ വിനയന്‍റെ ഒരു ഫുള്‍ പേജ്‌ മറുപടിയും കൊടുത്തിരിക്കുന്നു അപ്പോള്‍ സ്ഥല പരിമിതി എന്നത്‌ വെറും ഉമ്മാക്കിയായിരുന്നു എന്നു വ്യക്തം. മറ്റൊരു കാര്യം ആയാളുടെ മറുപടിയിലെ പലകാര്യങ്ങളും എന്‍റെ പ്രതികരണത്തിലെ വെട്ടിമാറ്റപ്പെട്ട ഭാഗത്തെ കുറിച്ചുള്ളവയായിരുന്നു. വിനയന്‍റെ വായനയുടേയും ചിന്തയുടേയും പാപ്പരത്തം എന്നു പറയുന്ന വാചകം പൂര്‍ണ്ണമായും വെട്ടിമാറ്റിയിട്ടുണ്ട്‌. അങ്ങിനെ എന്‍റെ പ്രതിരോധങ്ങളെ വെട്ടി നിശ്ചലമാക്കിയതിനു ശേഷമാണ്‌ അയാള്‍ സ്വന്തം മറുപടിയും ഭേദ്യം ചെയ്യലും പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.. ഹാ കഷ്ടം!!!. സ്വന്തം കൈയ്യില്‍ ഒരു പത്രം ഉണ്ടെങ്കില്‍ എന്തുമാവാം എന്ന്‌ ഫാസിസ്റ്റു ചിന്താരീതി വൈറ്റ്‌ ലൈന്‍ പയറ്റി തുടങ്ങി എന്നതു വ്യക്തം.

    മുബൈയില്‍ മനോരമയും മാതൃഭൂമിയും കലാകൌമുദിയും ഒക്കെ കഴിഞ്ഞാല്‍ കെട്ടിലും മട്ടിലും തുടക്കത്തില്‍ തന്നെ മികവു കാട്ടിതുടങ്ങിയിരുന്ന ഒരു പത്രത്തിന്‍റെ ഭാഗത്തു നിന്ന്‌ ഇത്രക്ക്‌ മോശമായ പെരുമാറ്റം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സ്ഥല പരിമിതിയുണ്ടെങ്കില്‍ അവര്‍ക്ക്‌ ഇങ്ങിനെ കൈയ്യും കാലും വെട്ടി പ്രസിദ്ധീകരിക്കുന്നതിനു പകരം ചവറ്റുകുട്ടയില്‍ എറിയാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  20. സന്തോഷ്‌...

    സ്വന്തം അഭിപ്രായം ഋജുവായി, തീക്ഷണമായി അവതരിപ്പിച്ചിരിക്കുന്നു.

    ആരെ ഭയക്കണം!
    മുന്നോട്ട്!

    മറുപടിഇല്ലാതാക്കൂ
  21. സന്തോഷ്‌, താങ്കള്‍ നല്ല് കവി മാത്രമല്ല. നല്ല ഒരു വായനക്കാരനും കവിതയിലെ വിവിധ വഴികളെ കൃത്യമായി പിന്തുടരുന്ന ആളുമാണെന്ന് മനസ്സിലായി.

    ഇത്‌ മുംബൈയുടെ, പ്രശ്നമല്ല തന്നെ. ദില്ലിയിലും ചെന്നൈയിലും മറ്റു പലയിടങ്ങളിലും കണ്ടുവരുന്നതാണ്‌. ഇന്ത്യയിലെ മറ്റു നഗരങ്ങളില്‍ ഏറെ നാളായി പ്രവാസജീവിതം നയിക്കുന്നവരില്‍ ഇത്തിരി കൂടുതലാണെന്ന് മാത്രം. ഗള്‍ഫ്‌ രാജ്യങ്ങള്‍ ഇതിനൊരപവാദമാണ്‌. അതിന്‌ ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്‌ താനും. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  22. പ്രിയപ്പെട്ട ജയന്‍ ഏവൂര്‍, സുരേഷേട്ടന്‍, ഉമേഷ്‌ പീലിക്കോട്‌, തലശ്ശേരി ചേട്ടന്‍ എല്ലാവര്‍ക്കും എന്‍റെ നന്ദി

    മറുപടിഇല്ലാതാക്കൂ
  23. രാജ്യഭക്തികൊണ്ട് രാജാവ് നഗ്നനാണെന്നുപറയുവാൻ ഏവർക്കും പേടിയാണല്ലൊ..
    ഇതുപോലെയുള്ള ചോദ്യങ്ങളും,അതിനുകിട്ടുന്ന ഉത്തരങ്ങളും,പിന്നീടുണ്ടാകുന്ന സംവാദങ്ങളുമാണ്..മാറ്റത്തിന്റെ കഹളങ്ങൾ ഉണ്ടക്കുന്നത്..
    പേടിക്കണ്ട സന്തോഷ് ആരെന്തൊക്കെ ചിത്രീകരിച്ചാലും ഞങ്ങളെപ്പോലെയുള്ള ആസ്വാദകർ നിങ്ങളുടെയൊപ്പം തന്നെയുണ്ട് കേട്ടൊ..

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...
Related Posts Plugin for WordPress, Blogger...

ജനപ്രിയ പോസ്റ്റുകള്‍‌

© കോപ്പിയടി നിയമം

ഇവിടെ കാണുന്ന പൊട്ടിയ വാക്കും, ചട്ടിയും കലവും , ചോരയും ചലവുമൊക്കെ എനിക്കവകാശപ്പെട്ടതാണ്‌. ഞാന്‍ ചത്തതിന്റെ പിറ്റേ കാലം ഈ ബ്ളോഗ്ഗില്‍ കാണുന്നതൊക്കെ ആരു വേണേലും എടുത്തോളിന്‍.